2019, ജനുവരി 23, ബുധനാഴ്‌ച

കേരളോത്സവം എന്തിന് ?

(2017 ൽ വാഷിംഗ്ടൺ ഡി സിയിൽ വച്ച് നടത്തിയ 'കേരളോത്സവം' എന്ന പരിപാടിയുടെ സുവനീറിന്‌ വേണ്ടി എഴുതിയത്)

വൈവിധ്യം പ്രകൃതിയുടെ താളമാണ്. ആ വൈവിധ്യം പരമമായി ഉൾക്കൊണ്ടുകൊണ്ട് കാലചക്രം തിരിക്കാനുള്ള ഏകാത്മകമായ ഒരു താളം കണ്ടെത്താൻ മാനവരാശിക്കേ കഴിയൂ. 'പറയി പെറ്റ് പന്തിരുകുലം' എന്ന കഥയിലെ യുക്തിയെ മനസ്സിലേറ്റി, നാനാജാതിമതസ്ഥർ 'മാവേലി'യെന്ന ബിംബത്തെ നെഞ്ചോട് ചേർത്ത് 'മാനുഷരെല്ലാരുമൊന്നുപോലെ' എന്ന് പാടി പെരുമ പുലർത്തുന്ന ദേശം; 'അതിഥി ദേവോ ഭവഃ' എന്ന് ഉരുവിട്ടുകൊണ്ട് അറബികൾക്കും ജൂതന്മാർക്കും യൂറോപ്യന്മാർക്കും ആതിഥ്യമരുളിയ കൊച്ചു ദേശം; 'വസുദൈവ കുടുംബകം' എന്ന തത്വത്തിനെ ഹൃദയം കൊണ്ട് സ്വാർത്ഥകമാക്കിയ ജനത നിവസിക്കുന്ന പ്രദേശം; 'നാനാത്വത്തിൽ ഏകത്വം' എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി ജീവിക്കുവാൻ നമ്മെ ഉദ്‌ഘോഷിച്ച ഭാരതദേശത്തിൻറെ തെക്കേയറ്റത്ത്, അറബിക്കടലിന് സമാന്തരമായി, 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന ഓമനപ്പേരിലറിയപ്പെടുന്ന കേരളം, മേൽപറഞ്ഞ ഏകാത്മകതാളത്തിന്റെ വിത്തുകോശഭണ്ഡാരമാണ്. ഒരേ തരത്തിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തെക്കാൾ പലതരത്തിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തിനാണ് ഭംഗി കൂടുതലുള്ളത് എന്ന യുക്തി കൈരളിയെ സംബന്ധിച്ചടുത്തോളം വളരെ അന്വർത്ഥമാണ്. കിഴക്ക് ഭാഗത്തെ വന്മലയായ സഹ്യന്റെയും പടിഞ്ഞാറ് ഭാഗത്തെ ആഴിയായ അറബിക്കടലിന്റെയും ഇടയിൽ നദികളുടെയും വയലേലകളുടെയും ഇമ്പമാർന്ന സംഗീതം പ്രതിധ്വനിപ്പിച്ച് മരതകശോഭ പരത്തുന്ന കൈരളിയുടെ മന്ത്രമായ മലയാളം മുഴങ്ങാത്ത പ്രദേശം ഈ ഭൂഗോളത്തിലില്ലെന്ന് തന്നെ പറയാം.

പ്രവാസം ഒരു മലയാളിയെ സംബന്ധിച്ചടുത്തോളം വളരെ പരിചിതമായ ഒരവസ്ഥയാണ്. നമ്മൾ ഇന്ന് ജീവിക്കുന്ന, ഭൂമിയുടെ പശ്ചിമാർദ്ധഗോളത്തിന്റെ ഉത്തരഭാഗത്ത് സ്ഥിതി ചെയ്യുന്ന അമേരിക്കൻ ഐക്യനാടുകളിലും മലയാളികൾ, വളരെ മികവുറ്റ രീതിയിൽ അവന്റെ പ്രവാസ ജീവിതം നയിക്കുന്നുണ്ട്. പണ്ട് മികച്ച ജീവിത സാഹചര്യങ്ങൾ തേടി കുടിയേറ്റം ലാക്കാക്കിയുള്ള പ്രവാസമായിരുന്നെങ്കിൽ, ഇന്നത് മുന്തിയ വിദ്യാഭ്യാസമോ ജോലിയോ മുന്നിൽകണ്ടുള്ള പ്രവാസമാണ്. പേർഷ്യൻ-ഗൾഫ് മേഖലകളിൽ നിന്ന് വിഭിന്നമായി, ഇവിടെ വന്ന ഓരോ പ്രവാസിയും, ഉദ്ദേശിച്ചുറപ്പിച്ചോ അല്ലെങ്കിൽ അവന്റെ പുതിയ തലമുറ ഇവിടെ ഉണ്ടാകുമ്പോൾ സ്വാഭാവികമായോ കുടിയിരുന്ന് പോകുന്നുണ്ടെങ്കിലും, മലയാളി അവന്റെ സ്വത്വം കൈമോശം വരാതെ കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നുള്ളത് ശ്ലാഘനീയമാണ്. ഈ സ്വത്വം കാത്തുസൂക്ഷിക്കുന്നതിൽ ഓരോ പ്രദേശത്തെയും മലയാളി പ്രവാസികൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള മലയാളി സംഘടനകൾ മികച്ച പങ്ക് വഹിക്കുന്നുണ്ട്.  ജാതികൾ തിരിഞ്ഞും മതങ്ങൾ തിരിഞ്ഞും മലയാളി സംഘടനകൾ  ഉണ്ടെങ്കിലും, ഇതിനെല്ലാം മേലെയായി, ജാതിമത ചിന്തകളില്ലാതെ സാർവ്വജനികമായി, മലയാളിയെന്ന സ്വത്വബോധത്തിൽ ഉറച്ച് നിന്നുകൊണ്ട് പ്രവർത്തിക്കുന്ന മലയാളി സംഘടനകൾ തീർച്ചയായും പ്രവാസി മലയാളികൾക്ക്, തദ്വാരാ കേരളത്തിന് തന്നെ അഭിമാനിക്കാവുന്ന തിലകക്കുറികളാണ്.

ആദ്യത്തെ മലയാളി അമേരിക്കൻ ഐക്യനാടുകളിൽ എത്തിയതിന് ശേഷം ഒന്നോ രണ്ടോ പുതുതലമുറകൾ ഇവിടെ ഉദയം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. പുതിയ തലമുറകൾ അനുസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ പഴയ തലമുറകളുമായി ഉണ്ടാകുന്ന ബന്ധത്തിലെ ചില കണ്ണികൾ അറ്റുപോകുന്നത് സ്വാഭാവികമാണ്, പ്രത്യേകിച്ച് പ്രവാസികൾക്ക്. കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും പുതുതലമുറകളിലേക്ക് പകർന്ന് നൽകുന്നതിന് കേരളോത്സവം പോലുള്ള സാംസ്കാരിക സംരഭങ്ങൾക്ക് വളരെയധികം പങ്ക് വഹിക്കാൻ കഴിയും. കേരളത്തിന്റെ തനതായ കലകളും വാസ്തുശില്പ നിർമ്മാണവിദ്യകളും ഭാഷയും കൃഷിയും ചരിത്രവും പാരമ്പര്യവും സംസ്കാരവുമെല്ലാം വിവിധരൂപങ്ങളിലായി സംക്ഷിപ്തരൂപത്തിൽ സമ്മേളിപ്പിച്ച് ഒരുക്കപ്പെടുന്ന കേരളോത്സവം വെറും ഒരു ദൃശ്യവിരുന്നിന്‌ ഉപരിയായി പഴയ തലമുറയെ അനുസ്മരിക്കാനും അറിയാനും മനസ്സിലാക്കാനുമുള്ള സന്ദർഭം കൂടിയാണ്.

കേരളോത്സവം അതിന്റേതായ അർത്ഥത്തിലെടുത്താൽ ഘടനാപരമായി സങ്കീർണ്ണമാണെന്ന് മനസ്സിലാക്കാം. അതുകൊണ്ട് തന്നെ എല്ലാവർഷവും ഇത്തരം സംരംഭങ്ങൾ നടത്താൻ പ്രായോഗികബുദ്ധിമുട്ടുകൾ സ്വാഭാവികമാണ്. എന്നിരുന്നാലും  പത്തു വർഷത്തിലൊരിക്കലെങ്കിലും കേരളോത്സവം നടത്താൻ അമേരിക്കൻ ഐക്യനാടുകളുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡി സി പ്രദേശത്തുള്ള മലയാളികൾ കാണിക്കുന്ന താല്പര്യം ആവേശം ജനിപ്പിക്കുന്നതാണ്. ഇത്തരം സംരഭങ്ങൾക്ക് ചുക്കാൻ പിടിക്കാൻ വാഷിംഗ്ടൺ ഡി സി സമീപപ്രദേശങ്ങളിലെ പ്രമുഖ മലയാളി സംഘടനകളായ 'കൈരളി ഓഫ് ബാൾട്ടിമോർ', കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ടൺ (KCSMW)', 'കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ  വാഷിംഗ്ടൺ (KAGW)' എന്നിവ ഒത്തൊരുമയോടെ, അക്ഷീണം നടത്തുന്ന ശ്രമങ്ങൾക്ക് നമുക്ക് കരുത്ത് പകരാം. ഇത്തരം സംരഭങ്ങളിലൂടെ നമുക്കും നമ്മുടെ പുതുതലമുറകൾക്കും ദൃശ്യവിജ്ഞാനവിരുന്നുകൾ ആസ്വദിക്കുന്നതിനൊപ്പം കേരളത്തിന്റെ സാംസ്കാരികമായ ഐക്യം ഊട്ടിയുറപ്പിക്കുകയും ചെയ്യാം.

***

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ