2022, ജൂൺ 16, വ്യാഴാഴ്‌ച

പക്ഷിശാപം

(Picture Courtesy: Google)

'നീ തുലഞ്ഞ് പോകട്ടെ' എന്ന് ആരെങ്കിലും നമ്മളെ ഗതികെട്ട് ശപിക്കുമ്പോൾ, ഒരു വേളയെങ്കിലും പകച്ച് പോകാതെയിരിക്കുന്നവർ, എത്ര ധൈര്യവാന്മാരായിരുന്നാലും, വളരെ ചുരുക്കമായിരിക്കും. ഒരു നന്മ ചെയ്യാനാണ് പോയതെങ്കിലും, ആശീർവാദത്തിന് പകരം ശാപം കിട്ടുകയെന്നൊക്കെപ്പറഞ്ഞാൽ എങ്ങനെ സങ്കടപ്പെടാതിരിക്കും? 

നന്മകൾ ചെയ്ത് മനഃശ്ശാന്തി നേടുന്നതിന് പകരം, അംഗബലം കൂട്ടി സ്വർഗ്ഗം നേടാൻ ശ്രമിക്കുന്ന ഈ ലോകത്തിന്റെ ഗതിക്ക് വിപരീതമായി, ചില നല്ല കാര്യങ്ങൾ, പരപ്രേരണ കൂടാതെ ചെയ്യാൻ ശ്രമിക്കുന്നയാളാണ് നമ്മുടെ കക്ഷി. നിങ്ങൾക്കായാളെ ഇഷ്ടമുള്ള പേര് വിളിക്കാം.

പ്രവർത്തി ദിവസങ്ങളിലെ എല്ലാ പ്രഭാതങ്ങളിലും, മകളെ പള്ളിക്കൂടത്തിലേക്ക് യാത്രയാക്കാൻ, അയാൾ വാതിൽക്കലേക്ക് വന്നു നിൽക്കും. ബാക്ക്പാക്കും പുറത്ത് തൂക്കി, മകൾ ഒരു വളവ് തിരിഞ്ഞ് കണ്ണിൽ നിന്നും മറയുന്നത് വരെ, അയാൾ വാതിലും തുറന്ന് വച്ച്, വീടിന്റെ മുൻ വാതിലിന്റെ മുന്നിലായിത്തന്നെ നിൽക്കും. മകൾ വളവ് തിരിയുമ്പോൾ രണ്ടു പേരും കൈ വീശും, പിന്നെ മുൻവാതിലടച്ച് തിരിച്ച് അകത്തേക്ക് കയറും; അതൊരു ശീലമാണ്. 

അങ്ങനെയൊരു ദിവസം പതിവ് പോലെ, ഏപ്രിൽ മാസാവസാനത്തിലെ ഒരു പ്രഭാതത്തിൽ, മകളെ യാത്രയാക്കി അകത്തേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ്, തോട്ടത്തിലെ ചില ഇളകിയ അതിരുകല്ലുകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. അവ വീണ്ടും യഥാസ്ഥാനത്ത് വെച്ചുകൊണ്ടിരിക്കേ, പൂന്തോട്ടത്തിലെ ചില കളകൾ പൂച്ചെടികളുടെ സ്ഥാനം അപഹരിച്ചേക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. അതിരുകല്ലുകൾ അവയവയുടെ സ്ഥാനങ്ങളിൽ വീണ്ടും പ്രതിഷ്ഠിച്ച ശേഷം, കള പറിക്കുന്നതിലായി പിന്നെ അദ്ദേഹത്തിന്റെ ശ്രദ്ധ. അത്തരം അവിചാരിതമായുണ്ടായ ചില പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കേ, നേർ എതിർവശത്തുള്ള വീട്ടിന്റെ മേൽക്കൂരയിൽ നിന്ന് രണ്ട് കിളികളുടെ നിർത്താതെയുള്ള ശബ്ദം അദ്ദേഹത്തിനെ ഒന്നലോസരപ്പെടുത്താതിരുന്നില്ല. അത് കിളിക്കൊഞ്ചലൊന്നും ആയിരുന്നില്ലെന്നും, അത് കിളികളുടെ ഭാഷയിലെ തെറികളാണെന്നും, ഇക്കാലയളവിൽ കിളികളുടെ ഭാഷ ഇത്തിരിയെങ്കിലും മനസ്സിലാക്കിയതിൽ നിന്ന് അദ്ദേഹത്തിന് മനസ്സിലായി. അപ്പോഴാണ്, കുറച്ച് നേരം മുന്നേ നടന്ന ആ കിളികളുടെ ചില ശ്രമങ്ങൾ അദ്ദേഹത്തിന് ഓർമ്മ വന്നത്. മകളെ യാത്രയാക്കാനുള്ള, കൈ വീശി സ്നേഹാധിക്യം കാണിക്കാനുള്ള ബദ്ധപ്പാടിനിടയിൽ കിളികളെ ശ്രദ്ധിച്ചില്ലെന്ന് മാത്രം. സ്വന്തം മക്കളുടെ ക്ഷേമം നോക്കുന്നതിനിടയിൽ, മറ്റുള്ളവരുടെ മക്കൾ നമ്മളാൽ കഷ്ടപ്പെടുന്നുണ്ടോയെന്നെങ്കിലും നോക്കാൻ ആർക്കാണ് നേരം?

കക്ഷിയുടെ വീടിന്റെ മുൻവശത്തെ വാതിലിന് മുന്നിൽ ഇരുവശങ്ങളിലുമായി 'ലെയ്‌ലാൻഡ് സൈപ്രസ്' ഇനത്തിൽ പെട്ട രണ്ട് ക്രിസ്മസ് മരങ്ങൾ ഉണ്ട്. അതിൽ ഇടത് ഭാഗത്തുള്ള മരത്തിൽ, എല്ലാ വർഷവും ഒരു കിളി ദമ്പതികൾ കൂട് കെട്ടി, മുട്ടയിട്ട്, അതിന് കാവലിരുന്ന്, മുട്ട വിരിയിച്ച്, കിളിക്കുഞ്ഞുങ്ങളെ വളർത്തി, കുഞ്ഞുങ്ങളെ നീലാകാശത്തിലേക്ക് പറത്തിവിടുന്ന നിമിഷം വരെ താമസിക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു. ഏകദേശം, ഫെബ്രുവരി-മാർച്ച് മാസത്തിൽ തുടങ്ങുന്ന ആ യജ്‌ഞം, തീരുന്നത് മെയ് മാസത്തിലാണ്. 

ആ കിളിദമ്പതികളാണ്, അപ്പുറത്തെ വീടിന്റെ മേൽക്കൂരയിൽ കിടന്ന് ക്ഷോഭിക്കുന്നത്. ഒരു കൂട് കുറേ വർഷങ്ങളായി ആ മരത്തിൽ ഇരിക്കുന്നത് കൊണ്ട്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആ കൂടിന്റെ അറ്റകുറ്റപ്പണികൾ മാത്രമാണ് മുട്ടയിടുന്നതിന് മുന്നേ ഇപ്പോൾ നടക്കാറുള്ളത്. എല്ലാ വർഷവും പുതിയ കൂട് വേണമെന്ന ശാഠ്യമൊന്നും ആ ദമ്പതികൾക്ക് ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ആ സ്ഥിരം കൂട്ടിൽ, ഇത്തവണയും അറ്റകുറ്റപ്പണികൾക്ക് ശേഷം മുട്ടയിട്ട് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനിടയിലെ ഒരു സുപ്രഭാതത്തിലാണ്, കക്ഷി ഇപ്പോൾ ആ മരച്ചുവട്ടിൽ നിൽക്കുന്നത്. 

കുറച്ച് ദിവസങ്ങളായി, മകളെ പള്ളിക്കൂടത്തിലേക്ക് യാത്രയാക്കുന്ന സമയത്ത്, ഈ കിളികൾ ഇങ്ങനെ ശബ്ദിക്കുന്നുണ്ട്. ഇടയ്ക്കിടെ  മരത്തിന് തൊട്ടപ്പുറത്തെ ചെറി മരത്തിൽ വരികയും, 'കേറി വീട്ടിന്റെ അകത്തോട്ട് പോടാ' എന്ന്  ക്ഷോഭിച്ചതിന് ശേഷം, പേടിയോടെ വീണ്ടും അപ്പുറത്തെ വീടിന്റെ മേൽക്കൂരയിലേക്ക് പറക്കുകയും ചെയ്യുന്നത്, അയാൾ വാതിലടച്ച് അകത്തോട്ട് പോകുന്നത് വരെ തുടരുകയും ചെയ്യും. അദ്ദേഹം, അകത്തോട്ട് കയറിയാൽ മാത്രമേ, കിളികൾ പേടികൂടാതെ സ്വന്തം കൂട്ടിലേക്ക് കയറുകയുള്ളൂ. ഈ കാര്യം കക്ഷിക്ക് അറിയാമെങ്കിലും, സ്വന്തം മകളോടുള്ള സ്നേഹം കൂടുതലായതിനാൽ, പക്ഷികൾ ഒരു പത്ത് മിനുട്ടോളം വിഷമിച്ചാലും കുഴപ്പമില്ലെന്ന ചിന്തയാണ് അദ്ദേഹത്തെ നയിക്കാറുള്ളത്. പക്ഷികളെ അദ്ദേഹം ഉപദ്രവിക്കുന്നൊന്നുമില്ലല്ലോ. പക്ഷിക്ക് മക്കളുള്ളത് പോലെ തന്നെയല്ലേ അദ്ദേഹത്തിനും ഒരു മകളുള്ളത്. പക്ഷിമനഃശ്ശാസ്ത്രവും മനുഷ്യമനഃശ്ശാസ്ത്രവും ഒരേപോലെയല്ലെന്ന് അദ്ദേഹത്തിന് അറിയാമെങ്കിലും കുറച്ച് നേരത്തേക്കെങ്കിലും പക്ഷിക്ക് ഒന്ന് സഹിച്ചൂടേയെന്നാണ് അദ്ദേഹം ചിന്തിച്ചിരുന്നത്. അതിന് ശേഷമുള്ള സമയം മുഴുവനും ആ പക്ഷികളെ ആരും ഉപ്ടദ്രവിക്കാൻ പോകുന്നില്ലല്ലോ. വെറും ഒരഞ്ചോ പത്തോ മിനുട്ട് നേരത്തേക്ക് പക്ഷിക്കും സഹകരിക്കാം.

പക്ഷികളുടെ കൊക്കിൽ എന്തോ ഉണ്ട്. നോക്കിയപ്പോൾ കൂടുണ്ടാക്കാനുള്ള നാരുകളൊന്നുമല്ല. എന്തോ, മണ്ണിര പോലെയുള്ള ജീവിയാണ്, ഒരു കിളിയുടെ ചുണ്ടിൽ ഉള്ളത്. മറ്റേതിന്റെ ചുണ്ടിൽ, വേറെന്തോ ഒരു സാധനമാണ് ഇരിക്കുന്നത്. അന്നേ ദിവസം വരെ കുഞ്ഞുങ്ങളുടെ കരച്ചിലൊന്നും കേട്ടിട്ടില്ലാത്തത് കാരണം, മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായെന്ന് അപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്. എന്ന് വച്ചാൽ, സ്വന്തം കുഞ്ഞുങ്ങൾക്ക് പ്രാതൽ കൊടുക്കാനുള്ള കിളികളുടെ ശ്രമമാണ് അദ്ദേഹം ആ മരത്തിന് നേരെ താഴെ നിന്ന്, മകളെ യാത്രയാക്കാനെന്ന പേരിൽ, മുടക്കിക്കൊണ്ടിരിക്കുന്നത്.

ഇനിയും പക്ഷികളെ ഉപദ്രവിക്കേണ്ടെന്ന് അദ്ദേഹംതീരുമാനിച്ചു, വീടിനകത്തേക്ക് കയറി വാതിലടച്ച്, പക്ഷികൾക്ക് അവയുടെ സ്വൈരവിഹാരം നടത്താൻ പശ്ചാത്തലം തയ്യാറാക്കാൻ തയ്യാറെടുക്കുമ്പോഴാണ്, അവിചാരിതമായി അയാളൊരു ശബ്ദം കേട്ടത്. വെള്ളം നിറച്ച എന്തോ കനമുള്ള ഒന്ന്, താഴെ വീണ് ഉടയുന്നത് പോലുള്ള ഒരു ശബ്ദം. ശബ്ദം കേട്ട ഭാഗത്തേക്ക്, ഡ്രൈവ് വേയുടെ ഒരറ്റത്തുള്ള ഉറച്ച തറയിൽ നോക്കിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ഒരു പറക്കമുറ്റാത്ത, കണ്ണ് പോലും തുറക്കാത്ത ഒരു കിളിക്കുഞ്ഞ് താഴെ വീണിരിക്കുന്നു. ഒന്ന് ഇളകാൻ പോലും വയ്യാത്ത തരത്തിൽ അതിന്റെ തല ഉടഞ്ഞ് പോയത് പോലെ അദ്ദേഹത്തിന്  തോന്നിച്ചു. 

ധൃതിയിൽ ആ കിളിക്കുഞ്ഞിനെ അദ്ദേഹം സ്വന്തം കൈയ്യിൽ  കോരിയെടുത്തു. തികഞ്ഞ അവധാനതയോടെ അതിനെ തിരിച്ചും മറിച്ചും നോക്കി. ഹൃദയമിടിപ്പ് ഉണ്ടോയെന്ന് നോക്കാൻ കാതോർത്തു. ആ കുഞ്ഞ് ശരീരത്തിന് നല്ല ചൂടുണ്ടെന്നുള്ളതല്ലാതെ മറ്റ് അനക്കങ്ങളൊന്നും തന്നെ അദ്ദേഹത്തിന് ഗ്രഹിക്കാൻ കഴിഞ്ഞില്ല. ചലനമറ്റ ഹൃദയത്തെ ചലിപ്പിക്കാൻ CPR കൊടുക്കുന്നത് പോലെ, വിരൽ കൊണ്ട്, ഒരു വിരൽത്തുമ്പ് പോലും വെക്കാൻ വലുപ്പമില്ലാത്ത അതിന്റെ നെഞ്ചത്ത് സാവധാനം അദ്ദേഹം തടവി. അങ്ങനെ തടവിയത് കൊണ്ടാണോ എന്നറിയില്ല, ആ കുഞ്ഞ് കിളി, പതുക്കെ അതിന്റെ ശരീരം ഒന്നിളക്കി. എന്ത് ചെയ്യണമെന്ന് കുറച്ച് നേരം അദ്ദേഹം ശങ്കിച്ച് നിന്നെങ്കിലും, കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്ന യാഥാർത്ഥ്യം അദ്ദേഹം പതുക്കെ മനസ്സിലാക്കിയിരുന്നു. ഇനി ആകെ ചെയ്യാനുള്ളത് ആ കുഞ്ഞിനെ വീണ്ടും തിരിച്ച് കൂട്ടിലേക്ക് വെക്കുക എന്നുള്ളതാണ്. 

ഇതിനിടയിൽ, ഈ രംഗങ്ങൾ കണ്ട പക്ഷിദമ്പതികൾ, ബഹളത്തിന്റെ തീവ്രത കൂട്ടിയിരുന്നു. അവ കൂടുതൽ ധൈര്യം സംഭരിച്ചത് പോലെ അദ്ദേഹത്തിന്റെയടുത്തേക്ക് കൂടുതലായി പറന്നടുക്കാൻ ശ്രമിക്കുകയും, ഭയത്താൽ തിരിച്ച് പറക്കുകയും ചെയ്തുകൊണ്ടിരുന്നു. അവയുടെ ശബ്ദത്തിന്റെ നിലവാരം, ഭയത്തിൽ നിന്ന് സങ്കടം കലർന്ന ആക്ഷേപത്തിലേക്ക് പോകുന്നത് പോലെ അദ്ദേഹത്തിന് തോന്നി. 

അദ്ദേഹം ആ പക്ഷിക്കുഞ്ഞിനെ ഒരു കൈയ്യിൽ പിടിച്ച് കൊണ്ട്, മറ്റേക്കൈ കൊണ്ട്, ക്രിസ്മസ് മരത്തിന്റെ ശാഖകലും ഇലകളും വകഞ്ഞ് മാറ്റി കൂട് കണ്ടുപിടിക്കാനുള്ള ഒരു ശ്രമം നടത്തി. ഒരു ഏണിയുടെ സഹായമില്ലാതെ ആ കുഞ്ഞിനെ കൂട്ടിലേക്ക് കരുതലോടെ തിരിച്ച് വെക്കാൻ സാധിക്കില്ല എന്ന കാര്യം അപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്.

കുഞ്ഞിനെ നിലത്ത് വെക്കാതെ, ഒരു കൈയ്യിൽ പിടിച്ച് കൊണ്ട് തന്നെ അദ്ദേഹം ഗരാജ് വാതിൽ തുറന്നു. ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഒരു 5 step ഏണി ഒരു കൈ കൊണ്ട് തൂക്കി പുറത്ത് കൊണ്ടുവന്ന്, കൂടിരിക്കുന്ന മരത്തിന്റെ അടിവശത്ത് നിവർത്തി വച്ചു. ഒരു കൈയ്യിൽ കുഞ്ഞിനേയും പിടിച്ച് കൊണ്ട്, അദ്ദേഹം പതുക്കെ ആ ഏണിയിൽ കയറാൻ തുടങ്ങി. 

ഏണി കൊണ്ടുവെക്കുന്നത് കണ്ടതും അദ്ദേഹം മരത്തിൽ കയറാൻ തുടങ്ങിയത് കണ്ടതുമൊക്കെയായപ്പോൾ, അലമുറയിട്ട് കൊണ്ടിരുന്ന പക്ഷി ദമ്പതികൾ, അവയുടെ കൊക്കിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ കളഞ്ഞ്, വലിയ വായിൽ കരയാൻ തുടങ്ങി. ചെറിയ പക്ഷികളാണെങ്കിലും, അവ അദ്ദേഹത്തെ ആക്രമിച്ചേക്കുമോ എന്ന ഭയപ്പാട് അദ്ദേഹത്തിനുണ്ടായി. വീണുകിടന്നിരുന്ന കുഞ്ഞിനെ രക്ഷിക്കാനാണ് അദ്ദേഹം പാടുപെടുന്നതെങ്കിലും, എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ അദ്ദേഹം തന്നെയാണെന്നാണ് അവ പരസ്പരം വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായി. അതാലോചിച്ച് അദ്ദേഹത്തിന് സങ്കടവും വന്നു. ഒരു തെറ്റും ചെയ്യാതെ, സഹായിക്കുന്നതിനാണോ ഈ ബഹളം വെക്കുന്നതെന്ന് പക്ഷികളുടെ ഭാഷയിൽ തിരിച്ച് പറയാൻ അദ്ദേഹം ശ്രമിച്ചു.

പക്ഷികളുണ്ടാക്കുന്ന ബഹളമൊന്നും വകവെക്കാതെ, അദ്ദേഹം ഏണിയിൽ കയറി, മരത്തിന്റെ ചില്ലയുടെ അറ്റം വകഞ്ഞ് മാറ്റി കൂട്ടിലേക്ക് കൈയ്യിലിരുന്ന പക്ഷികുഞ്ഞിനെ പതുക്കെ തിരിച്ച് വെക്കാൻ ശ്രമിച്ചു. അപ്പോഴാണ് അദ്ദേഹം വീണ്ടുമൊന്ന് ഞെട്ടിയത്. അതിലുണ്ടായിരുന്ന വേറൊരു കിളിക്കുഞ്ഞ്, നീങ്ങി നിരങ്ങി കൂടിന്റെ വശങ്ങളിലെ ചെറിയ ഉയർച്ച താണ്ടി ഏകദേശം വീഴാറായ അവസ്ഥയിലെങ്ങനെ നിൽക്കുകയാണ്. 

അദ്ദേഹത്തിന്റെ കൈ കൂട്ടിലേക്ക് നീങ്ങിയപ്പോഴേക്കും, അമ്മപ്പക്ഷിയും അച്ഛൻ പക്ഷിയും അദ്ദേഹത്തിന്റെ തലക്ക് മുകളിലൂടെ വട്ടമിട്ട് ഊഴം വച്ച് പറക്കാൻ തുടങ്ങി. അവയുടെ ശബ്ദത്തിന് ആക്രമണ വിളംബരത്തിന്റെ സ്വരമുണ്ടായിരുന്നു. 'കേറിക്കേറി മുറത്തിൽ കേറി കൊത്താൻ തുടങ്ങിയോ' എന്നൊക്കെയായിരിന്നു അവ വിളിച്ച് കരഞ്ഞുകൊണ്ടിരുന്നത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ ശരീര വലുപ്പവും, അവയുടെ ശരീരവലുപ്പവും തുലനം ചെയ്ത് ഭയപ്പെട്ടത് കൊണ്ടാവാം അവ ആക്രമണത്തിന് തുനിഞ്ഞില്ല.

എന്നാലും, ഒരു ജീവൻ രക്ഷിക്കാനുള്ള ഒരു യജ്‌ഞം നടത്തേണ്ടതുള്ളതിനാൽ,  അദ്ദേഹം മറ്റ് കാര്യങ്ങളൊന്നും ചിന്തിക്കാതെ, കൈയ്യിലുള്ള പക്ഷിക്കുഞ്ഞിനെ പതുക്കെ കൂട്ടിനകത്തേക്ക് വച്ചു. ആ കുഞ്ഞ് ഇനി ജീവിക്കുമോ എന്നൊന്നും അറിയില്ലെങ്കിലും, അദ്ദേഹം മനസാ ആ കുഞ്ഞ് ജീവനോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ആഗ്രഹിച്ചു. തുടർന്ന്, ഒട്ടും സമയം വൈകാതെ, താഴേക്ക് വീഴാൻ പോയ കുഞ്ഞിനേയും പതുക്കെ കൂട്ടിനുള്ളിലേക്ക്, അതിന്റെ മദ്ധ്യത്തിലായി എടുത്ത് വച്ചു. വീഴാൻ പോയ കുഞ്ഞിനെ ഒരു പോറലുമില്ലാതെ രക്ഷിച്ച സന്തോഷത്തോടെ, വീണ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞേക്കുമെന്ന വിശ്വാസത്തോടെ, ഒരു ദീർഘമായ നെടുവീർപ്പ് പുറപ്പെടുവിച്ച് കൊണ്ട്, അദ്ദേഹം ഏണിയിൽ നിന്ന് പതുക്കെ താഴേക്കിറങ്ങി. മാതാപിതാക്കളായ പക്ഷികൾ അദ്ദേഹത്തിന്റെ തലയിൽ ആഞ്ഞ് കൊത്തിയേക്കുമോ എന്ന ഭയപ്പാട് അപ്പോഴും സൃഷ്ടിച്ച് കൊണ്ടിരിക്കുന്നുണ്ട്. 

എന്തായാലും, പരിപൂർണ്ണമായ സംതൃപ്തിയോടെ, ഏണി തിരിച്ച് ഗാരേജിനുള്ളിലെ ചുവരിൽ വീണ്ടും തൂക്കിയിട്ടിട്ട്, അദ്ദേഹം ഗാരേജ് അടച്ചു. പിന്നെ, ഒട്ടും സമയം കളയാതെ, വേഗത്തിൽത്തന്നെ അകത്ത് കയറി മുൻവാതിലടച്ചു. വീടിനുള്ളിലേക്ക് കയറുമ്പോഴും, താഴെ വീണ പക്ഷിക്കുഞ്ഞിന് അപായമൊന്നും സംഭവിക്കരുതേ എന്ന ആഗ്രഹം മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 

അടുക്കളയിലെത്തിയ ശേഷം, ഒരു ചായയും ഉണ്ടാക്കി, കുടിക്കാനായി അദ്ദേഹം ഒരു സോഫായിലിരുന്നു. കഴിഞ്ഞ കുറേ നിമിഷങ്ങളിൽ നടന്ന കാര്യങ്ങൾ,  പ്രത്യേകം പ്രത്യേകം ഫ്രെയിമുകളായി അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. കിളികളായ മക്കൾക്ക് ഭക്ഷണം കൊണ്ടുവന്ന മാതാപിതാക്കളുടെ കരച്ചിലും, താഴെ വീണ് ചലനം നിലച്ച കിളിക്കുഞ്ഞിന്റെ കിടപ്പും, വീഴാൻ പോയ കുഞ്ഞിനെ വീഴാതെ രക്ഷിച്ചതും എല്ലാം അദ്ദേഹത്തിന്റെ മനസ്സിൽക്കൂടെ വീണ്ടുമൊരു കാഴ്ചാപ്രവാഹം തന്നെയുണ്ടാക്കി. എങ്ങനെയായിരിക്കാം ആ കിളിക്കുഞ്ഞ് താഴെ വീണത്? മറ്റേ കിളിക്കുഞ്ഞും ആ കൂടിന്റെ വക്കത്ത് വീഴാറായത് പോലെ വന്നു നിൽക്കാൻ കാരണമെന്താണ്? അദ്ദേഹം ഗഹനമായ ചിന്തയിലാണ്ടു.

വീടിന്റെ മുൻവശത്ത് നടന്ന ഓരോ കാര്യങ്ങളും, ഒരു ടിവിയിൽ വീഡിയോ കാണുന്നതിനിടെ കൂടുതൽ മനസ്സിലാക്കാനെന്നത് പോലെ, അദ്ദേഹം, അദ്ദേഹത്തിന്റെ മനസ്സിൽ ഫോർവേഡും റിവേഴ്സും ചെയ്ത് കണ്ടു കൊണ്ടിരുന്നു. ആ കാഴ്ചക്കിടയിലാണ് അദ്ദേഹത്തിന് ചില കാര്യങ്ങളെ സംബന്ധിച്ച് ബോധോദയമുണ്ടായത്.

ആ പക്ഷിക്കുഞ്ഞ് താഴെ വീഴാനുള്ള ഒരേയൊരു കാരണക്കാരൻ അദ്ദേഹം മാത്രമാണ്. ആ പക്ഷികൾ വിളിച്ച് പറഞ്ഞിരുന്നത് സത്യമാണ്. ആ സ്വയം മനസ്സിലാക്കൽ, അദ്ദേഹത്തിന്റെയുള്ളിൽ വല്ലാത്തൊരു ഞെട്ടലുണ്ടാക്കി. ആ പാപഭാരം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെയുലച്ചു കളഞ്ഞു.

അദ്ദേഹം ആലോചിച്ചത് ഇങ്ങനെയായിരുന്നു. മകളെ സ്‌കൂളിലേക്ക് യാത്രയാക്കാനും, പൂന്തോട്ടത്തിലെ കള പറിക്കാനും, പൂന്തോട്ടത്തിന്റെ ഇളകിയ അതിരുകല്ലുകൾ ശരിക്ക് എടുത്തുവെക്കാനുമൊക്കെയായി ഏകദേശം കാൽ മണിക്കൂറോളം അദ്ദേഹം ആ കിളിക്കൂടിന് താഴെ ആ ദിവസം ചിലവഴിച്ച് കാണും. അത്രയും നേരം ആ കിളിക്കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് അവയുടെ മക്കളെ പരിചരിക്കാനും ഭക്ഷണം കൊടുക്കാനുമായിട്ടില്ല. സാധാരണ രാവിലെകളിൽ മകളെ യാത്രയാക്കുന്നു സമയങ്ങളിൽ, അത്രയും സമയം ആ മരത്തിന് ചുവട്ടിൽ ചിലവഴിക്കുക പതിവുള്ളതല്ല. ഏറിയാൽ മൂന്നോ നാലോ മിനുട്ട്. അത്രമാത്രം. അവിചാരിതമായി, കള പറിക്കാനും, പൂന്തോട്ടത്തിന്റെ ഇളകിയ അതിരുകല്ലുകൾ ശരിക്ക് എടുത്തുവെക്കാനുമൊക്കെയായിതുനിഞ്ഞ് പോയതുകൊണ്ടാണ് ഇത്തവണ സമയം കൂടിപ്പോയത്.

പതിനഞ്ചോളം മിനുട്ടുകൾ, അദ്ദേഹം ആ മരത്തിന് കീഴെ ഉണ്ടായതിനാൽ, കിളികൾക്ക്, അവയുടെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് ഭക്ഷണവുമായി പോകാൻ പേടിയായിരുന്നു. പല തവണ അവ ശ്രമിച്ചതാണ്. പക്ഷേ കാര്യം നടന്നില്ല. അവ ബഹളം വച്ചതാണ്. പക്ഷേ, അയാൾ ഗൗനിച്ചില്ല. ഉദ്ദേശിച്ച സ്വന്തം കാര്യങ്ങളെല്ലാം ഉദ്ദേശിച്ച സമയത്ത് തന്നെ ഭംഗിയായി നടത്തുന്ന കാര്യത്തിൽ അദ്ദേഹം എല്ലായ്‌പോഴും ബദ്ധശ്രദ്ധനാണ്. ആർക്കും ഒരു തരത്തിലുമുള്ള ഉപദ്രവങ്ങൾ ഉണ്ടാക്കരുതെന്ന് മാത്രം. പക്ഷേ ഈയൊരു കാര്യത്തിൽ, അദ്ദേഹത്തിന്റെ കണക്ക് കൂട്ടൽ പിഴച്ചിരിക്കുന്നു.

അമ്മക്കിളിയുടെയും അച്ഛൻ കിളിയുടെയും ശബ്ദം കേട്ടിരുന്ന കുഞ്ഞുകിളികൾ ആദ്യം സന്തോഷിച്ചിരിക്കണം. പക്ഷേ, കുറേ നേരമായിട്ടും അവരുടെ ശബ്ദം കേൾക്കുന്നതല്ലാതെ, കൂടിനകത്തേക്ക് അവർ വരുന്നത് കാണാത്തത് കൊണ്ട്, ആ കുഞ്ഞുങ്ങളും പേടിച്ച് കാണണം. പക്ഷിക്കുഞ്ഞുങ്ങൾക്ക് ഭയങ്കര വിശപ്പാണെന്ന് കേട്ടിട്ടുണ്ട്. ഓരോ മൂന്ന് നാല് മിനുട്ടിലും അവയ്ക്ക് ഭക്ഷണം കിട്ടിക്കൊണ്ടിരിക്കണം. അതേ വേഗതയിൽ അവ സ്വന്തം കൂട്ടിൽ വിസർജ്ജനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ അവസ്ഥയിൽ, മാതാപിതാക്കളായ വലിയ കിളികൾക്ക് ഉത്തരവാദിത്തം വളരെയേറെയാണ്. ഇടക്കിടക്ക് ഭക്ഷണം എത്തിക്കണം, ഇടയ്ക്കിടെ കൂട്ടിലെ മാലിന്യങ്ങൾ പുറത്തേക്ക് തട്ടിയിട്ട് വൃത്തിയാക്കണം. ഇത്തരം കാര്യങ്ങളൊന്നും നേരത്തേ ഓർമ്മ വരാത്തതിൽ, അദ്ദേഹം സ്വയം കുണ്ഠിതപ്പെട്ടു.

ശബ്ദം കേൾക്കുന്നതല്ലാതെ, കുറേനേരമായിട്ടും മാതാപിതാക്കൾ വരാതായപ്പോൾ, കണ്ണ് പോലും തുറക്കാൻ പ്രായമാകാത്ത ആ പക്ഷിക്കുഞ്ഞുങ്ങൾ, ശബ്ദം കേട്ട ദിശയിലേക്ക് കൂട്ടിൽ നിന്ന് നിരങ്ങി നീങ്ങിക്കാണും. ആ നിരങ്ങലിനിടയിലായിരിക്കണം, അതിലൊരു കുഞ്ഞ്  താഴേക്ക് നിലം പതിച്ചത്. രണ്ടാമത്തെ കുഞ്ഞും അതുപോലെ  വീണുപോകാൻ മാത്രം പാകത്തിലായിരുന്നല്ലോ നിന്നിരുന്നത്. ചിലപ്പോൾ ഇത്തരത്തിൽ നിരങ്ങുന്ന കുഞ്ഞുങ്ങളെ, അമ്മക്കിളികൾ ഇടയ്ക്കിടെ വന്ന് വീണ്ടും അവയുടെ യഥാസ്ഥാനങ്ങളിൽ നീക്കി വച്ച് അവയെ അപായത്തിൽ നിന്നും രക്ഷിക്കുന്നുമുണ്ടാകാം. എന്നാൽ, ഇന്നേ ദിവസം, മനപ്പൂർവ്വമല്ലെങ്കിലും, അമ്മക്കിളികളെ പതിനഞ്ച് മിനുട്ടുകളോളം ഒന്നിനും അദ്ദേഹം അനുവദിച്ചിരുന്നില്ലല്ലോ. 

ചെയ്തുപോയ കുറ്റത്തെക്കുറിച്ച് അദ്ദേഹത്തിന് തികച്ചുംബോദ്ധ്യമുണ്ടായി. താഴെ വീണ കിളിക്കുഞ്ഞ് ഇനി ജീവിച്ചിരിക്കുമോ എന്ന കാര്യത്ത്തിൽ അദ്ദേഹത്തിന് ആധിയായി. ആ കുഞ്ഞിന്റെ ആരോഗ്യം എങ്ങനെയുണ്ടെന്ന് നോക്കാൻ, വീണ്ടും ഏണി വച്ച് ആ കൂട്ടിലേക്ക് എത്തി നോക്കണമെന്നുണ്ടെങ്കിലും, ആ സാഹസത്തിന് മുതിരാൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. അമ്മക്കിളികളെ ഇനിയും വേദനിപ്പിച്ച് കൂടാ. 

സോഫയിൽ നിന്ന് എഴുന്നേറ്റ്, അദ്ദേഹം ജനാലയിലൂടെ പുറത്തേക്ക് വീക്ഷിച്ചു. അച്ഛനമ്മമാരായ സ്നേഹനിധികളായ കിളികൾ, അവയുടെ കൂട്ടിലേക്ക് വരികയും പോവുകയും ചെയ്യുന്നത് സാധാരണ പോലെത്തന്നെയാണോ എന്നദ്ദേഹം നിരീക്ഷിച്ചു. അതെ, അവ ഇടക്കിടെയെന്നോണം, വരുന്നുണ്ട്, പിന്നെ പോകുന്നുണ്ട്. കൂട്ടിലെ സാഹചര്യങ്ങൾ പഴയത് പോലെ സതോഷപ്രദമായിക്കാണുമെന്ന് അദ്ദേഹത്തിന് തോന്നി, അഥവാ അങ്ങനെയാവണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.

പിറ്റേന്ന്, മകൾ സ്‌കൂളിലേക്ക് പോകാൻ സമയമായപ്പോൾ, അദ്ദേഹം വാതിൽ തുറന്ന് പുറത്തേക്ക് കടക്കാൻ തയ്യാറായില്ല. പുറത്ത് കടന്ന് കൈ വീശിക്കാണിക്കുന്നത് മകൾക്കൊരു ശീലമായിപ്പോയതിനാൽ, മകൾക്ക് ആദ്യം അതൊരത്ഭുതമായിത്തോന്നി. പിന്നെ അതൊരു സങ്കടമായി, പിന്നെ അതദ്ദേഹത്തിന്റെ സ്നേഹക്കുറവായി അവൾ കാണാൻ തുടങ്ങിയപ്പോൾ, തലേന്ന് കാലത്ത് മുൻവശത്തെ മരച്ചുവട്ടിൽ നടന്ന കാര്യങ്ങൾ അദ്ദേഹം മകളോട് ചുരുക്കി വിവരിച്ചു കൊടുത്തു.

കാര്യങ്ങൾ സശ്രദ്ധം കേട്ട മകൾ, അവളുടെ പരിഭവങ്ങൾ അവൾ തന്നെയറിയാതെ നീങ്ങിയെന്നോണം, വാതിൽ പതുക്കെത്തുറന്ന്, മരത്തിന്റെ മുകളിലേക്ക്, കൂടിരിക്കുന്ന ഭാഗത്തേക്ക് നോക്കി. കിളികളോടുള്ള അവളുടെ സ്നേഹം അവളുടെ കണ്ണുകളിൽ മുഴുവനായി  ആവാഹിച്ചെടുത്തത് പോലെ തോന്നിച്ചു.

വാതിൽ തുറന്നുപിടിച്ച് കിളികളെ ശല്യപ്പെടുത്തേണ്ടെന്ന് പറഞ്ഞപ്പോൾ, അവൾ അക്ഷരം പ്രതി അനുസരിച്ചു. കാര്യങ്ങളുടെ കിടപ്പ് അവൾക്ക് പെട്ടന്ന് മനസ്സിലായിരിക്കുന്നു. ഇനി സ്‌കൂളിലേക്ക് പോകാൻ വാതിൽ തുറന്നാൽ, വേഗത്തിൽ നടന്ന്  പോകണമെന്ന് മകളോട് പറഞ്ഞപ്പോൾ, അവൾ തലയാട്ടി.

അങ്ങനെ അന്ന് ആദ്യമായി, മകൾ അകത്ത് നിന്ന അച്ഛന് കൈ വീശി, സ്‌കൂളിലേക്ക് യാത്രയായി. മരത്തിന്റെ ചുവട്ടിൽ നിന്ന് വേഗം മാറാൻ അവൾ ശ്രമിച്ചത് ആ അച്ഛനെ സന്തോഷിപ്പിച്ചു. 

തുടർന്നുള്ള രണ്ട് മൂന്ന് ദിവസങ്ങൾ അങ്ങനെത്തന്നെ കടന്നു പോയി. കിളികളെ ഒരു തരത്തിലും ഉപദ്രവിക്കാൻ ആരും തുനിഞ്ഞില്ല. താഴെ വീണ കിളിക്കുഞ്ഞിന്റെ ആരോഗ്യം എങ്ങനെയുണ്ടായിരിക്കുമെന്ന എന്ന ആശങ്ക  ഉണ്ടായിരുന്നെങ്കിലും, ഒരു നുഴഞ്ഞ് കയറ്റക്കാരനെപ്പോലെ കൂട്ടിലേക്ക് എത്തിനോക്കാൻ അദ്ദേഹം താല്പര്യപ്പെട്ടില്ല.

അങ്ങനെ ഒരു വെള്ളിയാഴ്ച എത്തി. ആരോ 'വാതിൽമണി' അടിക്കുന്ന ശബ്ദം കേട്ട്, ടിയാൻ വാതിൽ തുറന്നു. പോസ്റ്റുമാനാണ്. ഒരു പാർസൽ വന്നിരിക്കുന്നു. ആ പാർസൽ ഒപ്പിട്ട് സ്വീകരിച്ച് പോസ്റ്റ്മാനെ ,യാത്രയാക്കുന്ന സമയത്ത്, അദ്ദേഹം വെറുതെ, പുറത്തുള്ള മരത്തിന്റെ കൂടിരിക്കുന്ന ഭാഗത്തേക്ക് നോക്കി. അപ്പോഴത്തെ കാഴ്ച വീണ്ടും ഹൃദയഭേദകമായിരുന്നു. മുൻ ദിവസം താഴെ വീണ കിളിക്കുഞ്ഞാവണം, കൂടിന്റെ താഴെയുള്ള ഒരു ശിഖരത്തിൽ തലകീഴായി തൂങ്ങി തങ്ങിക്കിടക്കുന്നു. തല മരവിക്കുന്നത് പോലെ തോന്നിയതിനാൽ, അറിയാതെ കൈകൾ രണ്ടും അദ്ദേഹത്തിന്റെ തലയിലേറിയിരുന്നു.

മറ്റൊന്നും ചിന്തിക്കാതെ, പാഴ്സലും താഴെ വച്ച്, അദ്ദേഹം നേരെ മരത്തിന്റെ കീഴെച്ചെന്നു. അതെ, ആ കിളിക്കുഞ്ഞ് മരിച്ചിരിക്കുന്നു. അതിന്റെ മേലെ ചില പ്രാണികൾ വന്നിരിക്കുന്നുണ്ട്. ഈ മരണത്തിന് അദ്ദേഹം മാത്രമാണ് ഉത്തരവാദിയെന്ന ചിന്ത അദ്ദേഹത്തെ വല്ലാതെയലട്ടി. മരിച്ചെന്ന് ഉറപ്പായതിന് ശേഷം, അതിന്റെ അച്ഛനമ്മമാർ തന്നെ അതിനെ കൂട്ടിൽ നിന്ന് താഴെ തള്ളിയിട്ടതായിരിക്കണം. മറ്റേ കുഞ്ഞിന്റെ അവസ്ഥ എന്തായിരിക്കുമെന്നറിയാൻ അദ്ദേഹത്തിന് വല്ലാത്ത ആകാംക്ഷയായി.  വേഗത്തിൽ ഗരാജ് വാതിൽ തുറന്ന് പഴയ ഏണി എടുത്ത് കൊണ്ട് വന്ന് വളരെ വേഗത്തിൽ ഏണി കയറി കൂട്ടിലേക്ക് നോക്കി. ഭാഗ്യം, രണ്ടാമത്തേക്കുഞ്ഞ്  ജീവിച്ചിരിപ്പുണ്ട്. അതിന്റെ കണ്ണ് തുറന്നിരിക്കുന്നു. അമ്മക്കിളിയാണ് വന്നതെന്ന് വിചാരിച്ച്, അത് അതിന്റെ വാ വലിയ വായിൽ തുറന്ന് പിടിച്ചിരിക്കുന്നു. 

അപ്പഴേക്കും കിളിദമ്പതികൾ വലിയ ശബ്ദമുണ്ടാക്കി അദ്ദേഹത്തിന്റെ തലക്ക് മുകളിലൂടെ വട്ടമിട്ട് പറക്കാൻ തുടങ്ങിയിരുന്നു. ഇനിയും പണ്ടത്തെപ്പോലെ അവിടെക്കിടന്ന്  കൂടുതൽ സമയം ചിലവഴിച്ച്, കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാൻ അദ്ദേഹത്തിന് ഒരു താല്പര്യവുമുണ്ടായിരുന്നില്ല. എന്തായാലും ഒരു കുഞ്ഞ് മരിച്ചു. ഇനി അടുത്ത കുഞ്ഞിനേയും അതുപോലെ അറിയാതെ ബലി കൊടുത്തു പോകുമോ എന്ന ഭയം അദ്ദേഹത്തെ പേടിപ്പെടുത്തി. 

പിന്നെ ഒട്ടും അമാന്തിച്ചില്ല. താഴേക്ക് വേഗം ഇറങ്ങി ഏണി ഉള്ളിലെടുത്ത് വച്ച് വാതിലടക്കണം. അതിനിടയിൽ, തൂങ്ങി നിൽക്കുന്ന കുഞ്ഞിനെ എല്ലാ ബഹുമാനത്തോടെയും സംസ്കരിക്കണം. ഇതൊക്കെ ചിന്തിച്ച്, അദ്ദേഹം വേഗത്തിൽ താഴേക്ക് ഇറങ്ങുകയായിരുന്നു. ആ വേഗത്തിന് കുറച്ച് വേഗം കൂടിപ്പോയിക്കാണണം, അദ്ദേഹത്തിന് ഏണിയുടെ ഒരു സ്റ്റെപ്പ് മിസ്സായി.  പക്ഷിദമ്പതികളുടെ 'നീ തുലഞ്ഞ് പോകട്ടെ' എന്ന പക്ഷിശാപം കൊണ്ടായിരിക്കണം, കുറച്ച് നേരത്തേക്ക്, ആ പകൽ നേരത്തിലും, കുറേ നക്ഷത്രങ്ങൾ മാത്രമേ അദ്ദേഹത്തിന് കാണുന്നുണ്ടായിരുന്നുള്ളൂ.

അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത്, കാക്കകൾ ആക്രമിച്ചതിന്റെ ഫലമായി തെങ്ങിൻ മുകളിലെ കൂട്ടിൽ നിന്ന് താഴെ വീണ അണ്ണാൻ കുഞ്ഞിനെ രക്ഷിച്ചതും, വീടിന് മുൻവശത്തെ ഇലഞ്ഞിമരത്തിലെ പൊത്തിലുണ്ടായിരുന്ന തത്തക്കൂട്ടിലേക്ക് മുട്ടകൾ തിന്നാൻ കയറിയ ചേരപ്പാമ്പിനെ ഓടിച്ച് വിട്ടതുമെല്ലാം അദ്ദേഹത്തിന് ഓരോന്നായി ഓർമ്മ വന്നു.

സ്ഥലകാലബോധം വന്ന മാത്രയിൽത്തന്നെ, ചോര വരുന്ന കാലുമായാണെങ്കിലും, പെട്ടന്ന്  തന്നെ അകത്ത് കയറി വാതിലടച്ചത് കൊണ്ട്, രണ്ടാമത്തെ കിളിക്കുഞ്ഞിന് വേഗത്തിൽത്തന്നെ ഭക്ഷണം കിട്ടി എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആശ്വാസം. വീണ്ടുമൊരു പക്ഷിശാപം താങ്ങാൻ അദ്ദേഹത്തിന് പറ്റില്ലായിരുന്നു. അപ്പോൾ ചിലച്ച് കൊണ്ടിരുന്ന പക്ഷി ദമ്പതികൾ പറയുന്നത്, താഴെ പറയും പ്രകാരമാണെന്നായിരുന്നു അദ്ദേഹത്തിന് മനസ്സിലായത്:

"അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നസുഖമായൊരിക്കലും വരാ!" ജാഗ്രതൈ !!
(ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകത്തിലെ ഒരു വരി എനിക്ക് വേണ്ട രീതിയിൽ പരിഷ്കരിച്ചതാണ്)

***