2023, ഡിസംബർ 18, തിങ്കളാഴ്‌ച

ചട്ടിക്കട്ട്

'ഇതെന്താടാ, ചട്ടിക്കട്ടാണോ' എന്നത്, വളരെ ചെറുപ്പത്തിൽ എനിക്ക് അരിശവും സങ്കടവും ഒരേ സമയത്ത് വരുന്ന ഒരു ഡയലോഗായിരുന്നു. ഏകദേശം രണ്ട് മാസങ്ങൾ കൂടുമ്പോൾ ഈ ഡയലോഗ് കൂട്ടുകാരുടെ ഇടയിൽ നിന്നും കുടുംബക്കാരുടെ ഇടയിൽ നിന്നും ആവർത്തിച്ച് കേൾക്കേണ്ടിയും വന്നിരുന്നു. 

മൂന്നാം ക്‌ളാസ്സ് വരെ അച്ഛാച്ഛനായിരുന്നു ഞങ്ങളുടെ വീട്ടിലെ ആൺപിള്ളാരുടെ മുടിവെട്ട് കോൺട്രാക്ട് ഏറ്റെടുത്തിരുന്നത്. എല്ലാദിവസവും ഞങ്ങളുടെ മുടിവളർച്ച കൃത്യമായി തിട്ടപ്പെടുത്തിക്കൊണ്ടിരുന്ന അച്ഛാച്ഛൻ, 'വാടാ... നമുക്ക് കുടുമ മുറിച്ച് വരാം...' എന്നും പറഞ്ഞ്, ഏതെങ്കിലും ഒരു ശനിയാഴ്ചയായിരിക്കും ഞങ്ങളെ കൂട്ടത്തോടെ വേറ്റുമ്മലിലെ ഭാസ്കരേട്ടന്റെ ബാർബർ ഷാപ്പിലേക്ക് തെളിച്ച് കൊണ്ടുപോവുക. അവിടെയെത്തിയാൽ ഞങ്ങൾക്ക് 'ബച്ചൻ കട്ടും' 'സ്റ്റെപ്പ് കട്ടും' ഒക്കെവേണമെന്ന് പറഞ്ഞ് കരഞ്ഞാലും നിലത്ത് കിടന്ന് ഉരുണ്ടാലും അച്ഛാച്ഛനും ഭാസ്കരേട്ടനും നിശ്ചയിച്ചുറപ്പിച്ചതേ നടക്കാറുള്ളൂ. അതാണ് 'ചട്ടിക്കട്ട്'!

ഭാസ്കരേട്ടന്റെ അടുത്ത്, ഒരു ഞണ്ടിന്റെ ആകൃതിയിലുള്ള ഒരു പഴഞ്ചൻ ട്രിമ്മർ ഉണ്ട്. അദ്ദേഹം അതുവച്ച് ഒരു പിടി പിടിക്കും. ആ ട്രിമ്മർ തലയിലൂടെ ഓടുമ്പോൾ ശരീരം ആകമാനം വിറയ്ക്കുന്ന തരത്തിലുള്ള ഉരു ഇക്കിളി അനുഭവപ്പെടും. ഇക്കിളി വന്ന് ചിരിച്ചുകൊണ്ട് നമ്മൾ തലയനക്കുമ്പോൾ, ഭാസ്കരേട്ടൻ നമ്മുടെ കഴുത്തിന് മുറുക്കിപ്പിടിക്കും. തലയുടെ ഉച്ചിയിൽ മാത്രം ഇത്തിരി മുടി ബാക്കിവച്ച്, ബാക്കിഭാഗമൊക്കെ ഏകദേശം മൂർന്നു കഴിഞ്ഞ നെൽപ്പാടം പോലെ തരിശാക്കി വെക്കുന്നതായിരുന്നു ഭാസ്കരേട്ടന്റെ സ്റ്റൈൽ! ഏറിയാൽ ഒരാൾക്ക് ഒരഞ്ച് മിനുട്ട്.. അത്രവേഗത്തിൽ അദ്ദേഹം കാര്യം സാധിക്കും. ട്രിമ്മർ നമ്മളെ ഇക്കിളിപ്പെടുത്തി ചിരിപ്പിക്കുമെങ്കിലും, ഞാനും മച്ചുനനും അനിയനും ഒക്കെ കൂട്ടായി കരഞ്ഞു കൊണ്ടാവും അവിടെ നിന്ന് ഇറങ്ങുക. ആകെയൊരാശ്വാസം, അതിന് തൊട്ടടുത്ത വാസുവേട്ടന്റെ ചായക്കടയിൽ നിന്ന് എന്തെങ്കിലും ഒരു പലഹാരം വാങ്ങിച്ച് തരും എന്നതാണ്. എന്നാലും, സ്‌കൂളിൽ പോയാൽ ഞങ്ങൾക്ക് ഞങ്ങളുടെ തല തന്നെ കൂട്ടുകാരുടെ മുന്നിൽ പ്രദർശിപ്പിക്കേണ്ടതുണ്ടല്ലോ! മറ്റുള്ള കുട്ടികളൊക്കെ പുതിയ രീതിയിലും ഭംഗിയിലും മുടിവെട്ടി വരുമ്പോൾ, ഞങ്ങൾ, കറുകറുത്ത മീൻചട്ടി, തലയിൽ കമഴ്ത്തി വച്ചത്പോലെയായിരുന്നു, മുടി കുറച്ച് വളരുന്നത് വരെയെങ്കിലും നടന്നിരുന്നത്.

നാലാം ക്ലാസ്സിൽ എരുവട്ടിയിലെ തറവാട് വീട്ടിലേക്ക് താമസം മാറ്റിയപ്പോൾ മുതൽ, ഞങ്ങളുടെ മുടിവെട്ട് കരാർ അച്ഛൻ ഏറ്റെടുത്തു. അത് പ്രശ്നം കൂടുതൽ വഷളാക്കുകയേ ചെയ്തുള്ളൂ. വീട്ടിൽ മര്യാദക്കുള്ള ഒരു കണ്ണാടി പോലും ഉണ്ടായിരുന്നില്ല. എന്നാലും ചുമരിൽ തൂക്കിയ ഒരു പൊട്ടിയ കണ്ണാടിയും നാട്ടിലെ ഒരു കൊല്ലന്റെ മൂശയിൽ ഉണ്ടാക്കിയ ഒരു യമണ്ടൻ കത്രികയും ചീപ്പുമെടുത്ത്, പറമ്പിലെ ഏതെങ്കിലും ഒരു തെങ്ങിൻ തടത്തിന്റെ കരക്ക് ഒരു പലകൈയെടുത്തിട്ട് അച്ഛൻ ഇരിക്കും. എന്നിട്ട് ഞങ്ങളെ ഓരോരുത്തരായിട്ട് അവിടേക്ക് വിളിക്കും. ജയിൽപ്പുള്ളികൾ പോലീസുകാരന്റെ മുന്നിലേക്ക് പോകുന്നത് പോലെ, അച്ഛന്റെ മുന്നിൽ ഞങ്ങൾ ഇരുന്ന് കൊടുക്കും. അച്ഛൻ കത്രികയെടുത്ത് എന്തൊക്കെയോ ചെയ്യും. കുറേ മുടി താഴെപ്പോകും. 'കഴിഞ്ഞു, എഴുന്നേറ്റ് പോയി കുളിച്ചോളൂ...' എന്ന് പറയുന്നതിന് മുന്നേ ഞങ്ങളുടെ മുഖം കണ്ണാടിയിൽ കാണിച്ച് തരും. അപ്പോൾ ഞങ്ങളുടെ ഓരോരുത്തരുടെയും കണ്ണിൽ നിന്ന് കണ്ണീർ കുടുകുടാ താഴെ വീഴും! വല്ല പെരുച്ചാഴിയോ മറ്റോ ഞങ്ങളുടെ മുടി കരണ്ട് തിന്നത് പോലെ, അവിടെയും ഇവിടെയുമായി കയറ്റിറക്കങ്ങളും കുഴികളുമൊക്കെയായി ഒരു വ്യവസ്ഥയും ഇല്ലാതെയായിരിക്കും ആ നിഷ്ഠൂരമായ കർമ്മം നടന്നിട്ടുണ്ടാവുക. ഭാസ്കരേട്ടൻ എത്രയോ ഭേദമായിരുന്നു എന്ന് ഞങ്ങൾക്ക് അപ്പോഴായിരുന്നു മനസ്സിലായത്. 

നാലാം ക്ലാസ്സിൽ നിന്നും ഏഴാം ക്ലാസ്സിലായിട്ടും ഈ ആചാരം തെറ്റിക്കാൻ അച്ഛൻ കൂട്ടാക്കിയില്ല. അമ്മയെക്കൊണ്ട് ശുപാർശ ചെയ്യിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല. ഒരു ദിവസം മുടിവെട്ടിയതിന് ശേഷമുള്ള എന്റെ തലയുടെ കോലം കണ്ട് ഞാൻ അലറിക്കരഞ്ഞു. അനിയനും അപ്പുറത്ത് കരഞ്ഞുകൊണ്ട് ഇരിപ്പുണ്ട്. ഞാൻ അവസാനത്തെ ആളായതിനാൽ എന്റെ മുടിവെട്ടിയതിന് ശേഷം ഒരു ബീഡിയും കത്തിച്ച് പിടിച്ച്, പശുവിനെയും അഴിച്ച് അച്ഛൻ വയലിലേക്ക് ഇറങ്ങിയിരുന്നു. പൊട്ടിയ കണ്ണാടിയിൽ എന്റെ കോലം കണ്ട് സഹികെട്ട ഞാൻ, എന്തൊക്കെയോ പുലമ്പുന്നതിനിടയിൽ, അന്ന് എനിക്കറിയുന്ന ഒരു വലിയ പുലഭ്യവാക്ക്, അച്ഛനെതിരെ പ്രയോഗിച്ചു. അനിയൻ അടുത്തുണ്ടായിരുന്നത് എന്റെ വികാരത്തള്ളിച്ചയിൽ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അപ്പോൾത്തന്നെ അവൻ അതിന്റെ മേലെ ചാടിപ്പിടിച്ചു. 'അച്ഛൻ വന്നാൽ ഞാനന്നേരം തന്നെ പറഞ്ഞുകൊടുക്കും...' എന്ന് പറഞ്ഞ് അവൻ എന്നെ ഭീഷണിപ്പെടുത്തി. ഒടുവിൽ ഒരുവിധം അവന്റെ കാല് പിടിച്ചാണ് ഞാനന്ന് രക്ഷപ്പെട്ടത്. എന്ത് തന്നെയായാലും, എന്റെ അച്ഛനായിരുന്നു ഞാനേറ്റവും വെറുത്തുപോയ ബാർബർ! 

കാലം പോകപ്പോകെ, അച്ഛനെപ്പേടിച്ച് ഞങ്ങൾ അമ്മയെക്കൊണ്ട് മുടിവെട്ടിക്കാൻ തുടങ്ങി. തീർച്ചയായും, അച്ഛനേക്കാൾ നല്ല ബാർബർ അമ്മയായിരുന്നു. ചുരുങ്ങിയത്, ഒരു സംഭാഷണത്തിന്റെ സാഹചര്യം അവിടെ ഉണ്ടായിരുന്നു. പതുക്കെപ്പതുക്കെ, അച്ഛൻ മുടിവെട്ട് ഉദ്യമത്തിൽ നിന്നും പിന്മാറിത്തുടങ്ങി. ബാർബറുടെ കടയിൽപ്പോയി മുടി വെട്ടാൻ പൈസ തരാത്തത് കൊണ്ട്, അമ്മ തന്നെയായിരുന്നു ആശ്രയം. ഏകദേശം ഒൻപതാം ക്ലാസ്സിലായപ്പോൾ, അമ്മയുടെ മുടിവെട്ടിനും ഭംഗി തോന്നാതിരുന്നപ്പോഴാണ്, ഞാനാദ്യമായി സ്വയം മുടിവെട്ട് പരിശീലിക്കുന്നത്. രണ്ട് കണ്ണാടിക്കഷണങ്ങൾ രണ്ട് മരങ്ങളുടെ ഇടയിൽ, എന്റെ ഉയരത്തിന്റെ കണക്കിൽ വച്ച്, ചരിഞ്ഞും മറിഞ്ഞും നോക്കിയുള്ള ആ മുടിവെട്ട് ഒരുവിധം വളരെ ബുദ്ധിമുട്ടുള്ള ഏർപ്പാടായിരുന്നെങ്കിലും, ആ ശിരോവിദ്യ രണ്ടുമൂന്ന് തവണത്തെ മുടിവെട്ടുകൊണ്ട്, എന്നെ തൃപ്തിപ്പെടുത്തും വിധം ഞാൻ പഠിച്ചെടുത്തു.

പ്രീഡിഗ്രിക്ക് ചേർന്നപ്പോൾ മുതലാണ്, പലതരം സമ്മർദ്ദങ്ങൾക്കൊടുവിൽ, ബാർബർ ഷാപ്പിൽ നിന്ന് മുടിവെട്ടാൻ ഹെഡാപ്പീസിൽ നിന്ന് അനുമതി കിട്ടിയത്. രണ്ട് മാസം കൂടുമ്പോൾ പോലും ആ തുക അനുവദിച്ച് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു എന്ന് മാത്രം. അത്തരം സന്ദർഭങ്ങളിൽ അച്ഛന്റെ കീശയിൽ നിന്നും, അമ്മ പാലുൽപ്പന്നങ്ങൾ വിറ്റ് കിട്ടിയ പണം സൂക്ഷിക്കുന്ന ചെറിയ മരപ്പെട്ടിയിൽ നിന്നും നടത്തുന്ന ചെറിയ മോഷണങ്ങൾ വലിയ അനുഗ്രഹമായിരുന്നു. ചില സമയങ്ങളിൽ മുടി വെട്ടാതെ നടന്ന് പ്രതിഷേധിക്കലൊക്കെ പതിവായിരുന്നെങ്കിലും, മുഖസൗന്ദര്യം വാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

വിദ്യാഭ്യാസം മതിയാക്കി ജീവിതാഭ്യാസം തുടങ്ങാൻ മുംബൈയിലേക്ക് ചേക്കേറിയപ്പോൾ മുടിവെട്ട് കൂടുതൽ പണച്ചിലവുള്ളതായി മാറി. അപ്പോൾ വഴിയരികിൽ നിന്ന് തുച്ഛമായ കൂലിക്ക് മുടി വെട്ടിത്തരുന്ന ബാർബർമാരായിരുന്നു തുണക്കെത്തിയത്. ആ സമയത്തൊന്നും സ്വയം മുടിവെട്ട് നടത്താൻ ഒരു ഘടകവും പ്രേരിപ്പിച്ചിരുന്നില്ല. ജോലിയിൽ ഒരു സ്ഥിരതയൊക്കെ കൈവരിച്ച ശേഷമാണ് വീണ്ടും ബാർബർ ഷാപ്പിൽ കയറിത്തുടങ്ങിയത്.

കാലങ്ങൾ കടന്നുപോയി. ജോലി സംബന്ധമായി ലണ്ടനിൽ പോയപ്പോഴാണ്, വീണ്ടും 'സ്വയം മുടിവെട്ട്' പരീക്ഷിക്കാൻ പരിസരങ്ങൾ വീണ്ടും സന്ദർഭമൊരുക്കിയത്. ആദ്യത്തെ നാലഞ്ച് മാസങ്ങൾ കുഴപ്പമില്ലാതെ പോയെങ്കിലും പിന്നീട് കടുത്ത സാമ്പത്തികമാന്ദ്യം വന്നു ഭവിച്ചത് ജോലിയെയും ജീവിതത്തെയും കാര്യമായി ബാധിച്ചു. ജോലി നഷ്ടപ്പെട്ട അവസ്ഥയിൽ ചിലവ് ചുരുക്കൽ പ്രാവർത്തികമാക്കാൻ തുടങ്ങിയപ്പോഴാണ് വീണ്ടും സ്വയം കത്രികയെടുത്തത്. ഒന്നുരണ്ട് മണിക്കൂർ സമയമെടുക്കുമെങ്കിലും അഞ്ച് പൗണ്ടോളം ലാഭിക്കാൻ പറ്റുമെന്നത് വലയ കാര്യയമായിരുന്നു.

എന്റെ സ്വയം മുടിവെട്ട് മോശമല്ലാത്ത ഒരു ഏർപ്പാടായിരുന്നു എന്ന് മനസ്സിലായാക്കിയ എന്റെ സഹമുറിയന്മാരാണ് വേറൊരാശയം മുന്നിൽ വച്ചത്. സാമ്പത്തികമാന്ദ്യം അവരെയും പിടികൂടിയിരിക്കുകയാണല്ലോ. അങ്ങയാവുമ്പോ അവരുടെ തലമുടി കൂടി ഞാൻ വെട്ടിക്കൊടുത്താൽ അവർക്ക് ഒരു സഹായമാവും. ഒടുവിൽ അവരുടെ അഭ്യർത്ഥനകൾ സ്വീകരിച്ച്, ഞാനാദ്യമായി സ്വയം തൊഴിൽ കണ്ടെത്തി. ഒരു മുടിവെട്ടിന് ഒരു പൗണ്ട് മാത്രം! അങ്ങനെ മൂന്ന് നാല് മാസങ്ങളോളം അവരുടെ മുടിവെട്ട് നടത്തിയ വകയിൽ ഏകദേശം ഇരുപത് പൗണ്ടോളം ആ സാമ്പത്തികമാന്ദ്യകാലത്തും ഞാൻ സമ്പാദിച്ചു. 

പിന്നീടാണ് ജോലിസംബന്ധമായി അമേരിക്കൻ ഐക്യനാടുകളിൽ എത്തിപ്പെടുന്നത്. ഫ്ലോറിഡയുടെ തലസ്ഥാനമായ 'ടാലാഹാസീ' എന്ന പട്ടണത്തിനായിരുന്നു എന്റെ അധിഭാരം താങ്ങേണ്ടി വന്നത്. അമേരിക്കയിൽ എത്തിയപ്പോഴാണ് ബാർബർഷാപ്പിൽ പോയി മുടിവെട്ടുക എന്നത് എന്റെ ശൈലിക്ക് ഒട്ടും ചേർന്ന ഏർപ്പാടാടല്ല എന്ന കാര്യം മനസ്സിലായത്. ഒട്ടുമിക്ക ബാർബർ ഷാപ്പുകളിലും കയറിയിറങ്ങിയ ഞാ ആകെ വശംകെട്ടു. ഞാൻ എന്തൊക്കെ നിർദ്ദേശങ്ങൾ നൽകിയാലും, അത് ആൺ ബാർബറായാലുംപെൺ ബാർബറായാലും, അവർ, അവർക്കിഷ്ടമുള്ളത് പോലെയേ വെട്ടിത്തരുമായിരുന്നുള്ളൂ. ഞാൻ പറഞ്ഞത് അവർക്ക്‌ മനസ്സിലാവാഞ്ഞിട്ടോ  എന്താണെന്നറിയില്ല, അവർ, അവരുടെ കൈയ്യിലുള്ള ട്രിമ്മർ കൊണ്ട് തലയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കുറെ നേരം ഉന്തിയിട്ട്, ഒടുവിൽ Done എന്ന് പറയും. കത്രിക എന്ന സാധനം തന്നെ അവർ കൈ കൊണ്ട് തൊടുന്നത് വളരെ വിരളമാണ്. ഈ ട്രിമ്മർ കൊണ്ട് തലയിലൂടെ ഉന്തുക എന്ന പരിപാടി എനിക്കും ചെയ്യാൻ അറിയാലോ. പിന്നെന്തിനാണ് ഇവന്മാരുടെ മുന്നിൽ കുനിഞ്ഞിരിക്കുന്നത് എന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ്, അടുത്തുള്ള ബാർബർ ഷാപ്പിലെ ഒരു മെക്സിക്കൻ പെണ്ണിന് ഞാൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലാവാൻ തുടങ്ങിയത്. അങ്ങനെ കുറേക്കാലം അവളുടെ കരവലയങ്ങൾക്കുള്ളിൽ എന്റെ തല വച്ചുകൊടുത്ത്, മുടിവെട്ടുന്ന സമയങ്ങളിൽ ഞാൻ മനോരാജ്യങ്ങളിൽ മുഴുകി.

ഫ്ലോറിഡയിൽ നിന്ന് മാറി വാഷിംഗ്ടൺ ഡിസി പ്രദേശത്ത് എത്തിച്ചേർന്ന ശേഷം, ഞാൻ ശരിക്കും ആ മെക്സിക്കൻ പെണ്ണിനെ മിസ്സ് ചെയ്യാൻ തുടങ്ങിയിരുന്നു. അങ്ങനെയൊരു പെണ്ണിനെ ഞാൻ താമസിക്കുന്ന സ്ഥലത്തിന്റെ നാലുപാടുമുള്ള ബാർബർഷാപ്പുകളിൽ പരതിയെങ്കിലും ആരെയും കിട്ടിയില്ല. എന്റെ തലമുടി വെട്ടേണ്ട നിർദ്ദേശങ്ങൾ മനസ്സിലാകുന്ന ആരെയും കാലം എന്റെ മുന്നിൽ എത്തിച്ചുമില്ല. അങ്ങനെയാണ് വീണ്ടും സ്വയം മുടിവെട്ട് ആരംഭിച്ചത്. കെട്ട്യോൾടെയും കുട്ട്യോൾടെയും മുടിത്തുമ്പുകൾ ഇടയ്ക്കിടെ വെട്ടി ഞാനെന്റെ പരിശീലനം തുടർന്നു. ആയിടക്ക് അമേരിക്കൻ സന്ദർശനത്തിനെത്തിയ എന്റെ പിതാവിന്റെയും ഭാര്യാപിതാവിന്റെയും തലമുടി വെട്ടിക്കൊടുത്ത് ഞാൻ അവരുടെ പ്രശംസ നേടിയെടുത്തു. ഓരോമാസവും ബാർബർ ഷാപ്പിൽ പോയി മുടിവെട്ടിയാൽ ചിലവാകുന്ന തുക ഏകദേശം ഇരുപത് ഡോളർ ആണെന്ന് കണക്കാക്കി, അത് മാസാമാസം കൊടുക്കുന്ന അമ്പത് ഡോളർ ചാരിറ്റി കണക്കിലേക്ക് വരവ് വച്ചു.

ഡിസിയിൽ എത്തിയതിന് ശേഷമുള്ള എന്റെ സ്വയം മുടിവെട്ട് മുടങ്ങാതെ തുടർന്നിട്ട് ഇപ്പോൾ പതിനേഴ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. നാട്ടിൽ പോയാൽ മാത്രമാണ്, പ്രിയപ്പെട്ട സുഹൃത്ത് കൃഷ്ണന്റെ ആറാം മൈലിലെ ബാർബർ ഷാപ്പിൽ കയറി ഇപ്പോൾ മുടിവെട്ടാറുള്ളത്. അങ്ങനെ അജയ്യമായി എന്റെ സ്വയം മുടിവെട്ട് പുരോഗമിക്കേയാണ്, മുടിവെട്ട് വിദ്യയിൽ, ജീവിതത്തിൽ ആദ്യമായി ഒരു കൈയ്യബദ്ധം ഇന്നലെ പിണഞ്ഞത്. മുടിവെട്ടാനുള്ള ഒരുക്കങ്ങളെല്ലാം ബാത്റൂമിൽ പൂർത്തിയാക്കി ട്രിമ്മറെടുത്ത് വലത് ചെവിക്ക് മുകളിലൂടെ ഓടിച്ചതിന് ശേഷം, താഴേക്ക് വീണ മുടിയുടെ അളവ് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇത്രയധികം മുടി എങ്ങനെയാണ് താഴെ വീണത് എന്നാലോചിച്ച് വീണ്ടും കണ്ണാടിയിൽ നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. സാധാരണ ഞാൻ മുടി വെട്ടാൻ തുടങ്ങുന്നത്, മൂന്നാം നമ്പർ ക്ലിപ്പ് ട്രിമ്മറിന്മേൽ കുടിക്കിവച്ചിട്ടാണ്. പക്ഷേ ഇത്തവണ, ക്ലിപ്പ് കുടുക്കിവെക്കാൻ ഞാൻ മറന്നുപോയിരിക്കുന്നു. എങ്ങനെയാണ് ഈ അബദ്ധം സംഭവിച്ചതെന്ന് ഒരു പിടിയും ഇല്ല. കണ്ണട ധരിക്കാൻ തുടങ്ങിയതിന് ശേഷം മുടിമുറിക്കൽ പണിക്ക് കഷ്ടത ഏറിയിട്ടുണ്ടെങ്കിലും, മുടിവെട്ട് സമയത്ത് വേറെന്തോ വേണ്ടാതീനം ആലോചിച്ച് കാണണം. മുരുമുരുപ്പുള്ള നാക്കു കൊണ്ട് പുലി നക്കിയത് പോലെ വലിയ വീതിയിൽ ഒരു ഭാഗത്ത് മുടി പോയിക്കഴിഞ്ഞാൽപ്പിന്നെ വേറെന്ത് ചെയ്യാനാണ്! അതേപോലെ മറുഭാഗത്തും ചെയ്യുക! പിന്നെ അതിനനുസരിച്ച് ബാക്കി ഭാഗം ക്രമീകരിക്കുക! അങ്ങനെ ക്രമീകരിച്ച് ക്രമീകരിച്ച് ഞാനൊരു സ്റ്റൈൽ കണ്ടെത്തി. ആ ക്രമീകരണം അവിചാരിതമായി അവസാനിച്ചത്  പണ്ടത്തെ ഭാസ്കരേട്ടന്റെ മുടിവെട്ടിന്റെ സ്റ്റൈലിലായിരുന്നു. അതെന്റെ മനസ്സിനെ വേറ്റുമ്മലിൽ പണ്ടുണ്ടായിരുന്ന ഭാസ്കരേട്ടന്റെ ബാർബർഷാപ്പിലെത്തിച്ചു! 

ഞാൻ പണ്ട് വെറുത്തിരുന്ന 'ചട്ടിക്കട്ടു' മായി കുളിമുറിയിൽ നിന്ന് പുറത്തിറങ്ങിയ എന്നെക്കണ്ട കെട്ട്യോളും കുട്ട്യോളും ആർത്ത് ചിരിച്ചു.  കെട്ട്യോൾ എന്നോട് ചോദിക്കുവാ: 'ഇതെന്താ... എന്ത് പറ്റി...? തലയിൽ ഇപ്പോ ഒരു കരിഞ്ചട്ടി കമഴ്ത്തി വച്ചത് പോലുണ്ടല്ലോ...'! അവൾ അങ്ങനെയേ പറയൂ... എന്റെ മുടിവെട്ടിനെക്കുറിച്ച് അവൾക്ക് പരിഹാസമാണ്. കാരണം, ഞാൻ അവളെക്കൊണ്ട് മുടിവെട്ടുന്ന സമയത്ത് ഒരു സഹായവും സ്വീകരിക്കാറില്ല. പണ്ടൊരുതവണ കഴുത്തിന് മുകളിലെ മുടി ഒരു നേർവരയിൽ ക്രമീകരിക്കാൻ പറഞ്ഞിട്ട്, വളഞ്ഞ വര വരച്ചത് മുതൽ ഞാനവളെ ഇപ്പോൾ മുടിവെട്ടിൽ സഹകരിപ്പിക്കാറേയില്ല. അതിന്റെ ഒരു ചൊരുക്ക് അവൾക്കെന്നോടുണ്ട്. അവൾ എന്തെങ്കിലും തെറ്റ് എന്റെ തലയിൽ കാണിച്ചാൽ എനിക്കത് സഹിക്കൂല്ല! ഇതിപ്പോ ഞാൻ തന്നെ വരുത്തിവച്ച വിനയല്ലേ... അതെനിക്ക് സഹിച്ചേപറ്റൂ... വീണിടത്ത് തന്നെയുരുണ്ടുരുണ്ട്, ഒന്നും മിണ്ടാതെ പൊട്ടനെപ്പോലെ ചിരിക്കുക തന്നെ!!

അടിക്കുറിപ്പ്: തലക്ക് പിന്നിൽ കാണുന്ന ചെറിയ ചെറിയ വെള്ളപ്പൊട്ടുകൾ പോലുള്ള മുടിയില്ലാ ഭാഗങ്ങൾ, എന്റെ മുടിവെട്ട് കൊണ്ടുണ്ടായതല്ല. പണ്ട് ചിക്കൻ പോക്സ് വന്നതിന്റെ ഭാഗമായി മുടി നഷ്ടപ്പെട്ടതാണ്! 

***

2023, നവംബർ 26, ഞായറാഴ്‌ച

കർമ്മ


(മുകളിലെ വീഡിയോ പ്രവർത്തിക്കുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബിൽ നിന്ന് പ്ളേ ചെയ്യുവാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.)

ഈ വീഡിയോ തുടങ്ങി 7:15 മിനുട്ട് തൊട്ടാണ് കവിത ആരംഭിക്കുന്നത്.

അനുതാപനഷ്ടം തിരിച്ചറിയുന്നുവോ...?
തിരിഞ്ഞൊരു നോട്ടം കരണീയമല്ലയോ...?

അഹങ്കാരപാതയിൽ ധിക്കാരപാശത്തിൽ അഭിരമിച്ചാടിയ ജീവിതം കണ്ടു ഞാൻ...
പിന്നിട്ട നാളുകളൊട്ടുമേയോർക്കാതെ കപടലോകത്തിന്റെ മായയിൽ മുങ്ങി ഞാൻ...
ആർത്തിയിൽ മമസൗഖ്യം മാത്രമായ് കാണവേ... സർവ്വാതീതമായ് മാനസം പുളയവേ...
ധാർഷ്ട്യദുരാഗ്രഹരസങ്ങളാൽ മദിക്കവേ... അന്യന്റെ മുന്നിലായ് ആളായ് ചമയവേ...

വീണുപോയ് ഞാനിന്ന് ജീവിതാന്ത്യത്തിലായ്
തളർന്നുപോയ് മനമിന്ന് ഭൂതാത്മചിന്തയാൽ

മുഴങ്ങുന്നു കാതിലായ് പഴമൊഴിയെങ്ങുമേ... 'വിതച്ചത് കൊയ്യും', 'വിതച്ചത് കൊയ്യും'
ഇന്നീ കിടപ്പിലെന്നുള്ളം വിതുമ്പുന്നു... മാനസം മെഴുകണം ദീനാനുകമ്പയാൽ...
ഇഹലോകവാസമാം സ്വർഗ്ഗീയ രംഗത്തിലന്യനെക്കൂടിക്കരുതി ജീവിക്കണം...
സ്വയംകൃതകർമ്മത്തിലന്യനെക്കരുതണം... സൽക്കർമ്മങ്ങളാൽ 'കർമ്മ'യെ നേരിടാം...
സൽക്കർമ്മങ്ങളാൽ 'കർമ്മ'യെ നേരിടാം...

കേൾക്കുക മാളോരേ ഈ പതിതന്റെ വാക്കുകൾ
അനുതാപനഷ്ടമുണ്ടാവാതെ നോക്കണേ...
ജീവിതയാത്രയിൽ അപരന്ന് തുണയാകണേ...


[സുഹൃത്ത് സാജു കുമാറിന്റെ ആവശ്യപ്രകാരമാണ് ഈയൊരു കവിത എഴുതിയിട്ടുള്ളത്. സാജു കുമാർ ഈ വർഷം (2023 ഒക്ടോബർ) പുറത്തിറക്കിയ അദ്ദേഹത്തിന്റെ 'കർമ്മ' എന്ന് നാമകരണം ചെയ്യപ്പെട്ട ഒരു 8 മിനുട്ട് ഹ്രസ്വ ചലച്ചിത്രത്തിന് വേണ്ടിയായിരുന്നു അത്. ഈ ചലച്ചിത്രത്തിന്റെ സംവിധാനം, അഭിനയം, ക്യാമറ, എഡിറ്റിങ് തുടങ്ങി സകലമാന ജോലികളും സജുകുമാർ ഒറ്റക്കാണ് നിർവ്വഹിച്ചിരിക്കുന്നത്.

ഒരു വൃദ്ധന്, അദ്ദേഹത്തിന്റെ അവസാനകാലത്ത് സ്വന്തം മക്കളാൽത്തന്നെ സഹിക്കാൻ കഴിയുന്നതിലപ്പുറം അവഗണന നേരിട്ടപ്പോൾ, അദ്ദേഹം, അദ്ദേഹത്തിൻറെ തന്നെ കഴിഞ്ഞകാല ജീവിതത്തിലേക്ക്, പ്രായം കുറഞ്ഞ സമയത്ത് അദ്ദേഹം ചെയ്തുകൂട്ടിയ അരുതാത്ത ചെയ്തികളുടെ ചിന്തകളിലേക്ക് നയിക്കപ്പെടുന്നതാണ് കഥയുടെ പ്രമേയം. ആ ചിന്തകളുടെ സംക്ഷിപ്ത രൂപമാണ് ഈ കവിത. സമയത്തിന്റെ ചട്ടക്കൂടുള്ളതിനാൽ എല്ലാ വരികളും ചലച്ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല. വിമൽ വേണുഗോപാൽ ആണ് ഈ കവിതക്ക് ശബ്ദം കൊടുത്തിരിക്കുന്നത്.]



2023, സെപ്റ്റംബർ 26, ചൊവ്വാഴ്ച

റാക്കൂൺ ഹണ്ടിങ്


സമയം ഏകദേശം രാത്രി പത്തരയായിക്കാണും… പതിവുള്ള അഞ്ചര മൈൽ നടത്തവും ഓട്ടവും കഴിഞ്ഞ് വീട്ടിനടുത്തുള്ള ‘ടാൾ സീഡാർസ്’ റോഡിന്റെ വശത്ത് കൂടിയുള്ള ട്രെയിലിലൂടെ പതുക്കെ നടക്കുകയായിരുന്നു... ഇനി വീടെത്താൻ അഞ്ചാറ് മിനുട്ടുകൾ മാത്രമേ ബാക്കിയുള്ളൂ... അതിനിടയിൽ ട്രെയിലിനരികിലുള്ള ‘പുള്ളപ്പ്’ ബാറുകളിന്മേൽ ഒരഭ്യാസവും കൂടി ബാക്കിയുണ്ട്... ഓട്ടം കഴിഞ്ഞതിനാൽ, രണ്ട് കാൽമുട്ടുകളിന്മേലും സ്ട്രാപ്പ് ചെയ്ത് ഇട്ടിരുന്ന knee caps അഴിച്ചെടുത്തു… ഇനിയും ഓടാൻ പ്ലാനില്ലാത്തത് കൊണ്ടും സംഭവം ഇത്തിരി tight ആണെന്നതിനാലും pull up കസറത്തുകൾക്കിടയിൽ അതൊരു അധികപ്പറ്റാകുമെന്നതിനാലുമാണ് knee caps അഴിച്ചു കളഞ്ഞത്… ഒന്നരയടി നീളമുള്ള രണ്ട് സ്ട്രാപ്പുകളും അവയുടെ knee cap hole നിടയിലൂടെ വിരലിട്ട് പിടിച്ച്, കിതച്ചുകൊണ്ട് ആട്ടിയാട്ടി നടക്കുകയായിരുന്നു… ഇരുട്ടായതിനാൽ പാട്ട്‌ പാടാനുള്ള mood ഉണ്ടായിരുന്നില്ല... മാത്രവുമല്ല കിതപ്പിനിടയിൽ പാട്ട് പാടിയാൽ താളവും തെറ്റുമല്ലോ…
പതുക്കെ ഏതോ കാടൻ ചിന്തകളിലേക്ക് വഴുതാൻ തുടങ്ങിയപ്പോഴാണ് പിന്നിൽ നിന്ന് ഫ്ലാഷ് ലൈറ്റുകൾ വരുന്നതായി ശ്രദ്ധിച്ചത്... ഉടനെ നടത്തം നിർത്തി തിരിഞ്ഞ് നോക്കി... അതെ, പോലീസ് വണ്ടിയാണ്... ഞാൻ തന്നെയാണ് target എന്നും മനസ്സിലായി... ഞാൻ വടി പോലെ നിന്ന് പോലീസ് വണ്ടിയെ തുറിച്ച് നോക്കി… അന്തം വിട്ട് നിൽക്കുകയാണ് ഞാൻ... രാത്രിയിൽ ഓടുന്നത് കുറ്റമായത് കൊണ്ടാവുമോ? ഓടുമ്പോൾ ഫ്‌ളാഷ് ലൈറ്റ് എടുക്കാത്തതായിരിക്കുമോ പ്രശ്നം? കാനഡാ-ഇന്ത്യാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഞാനൊരു indian looking ആയത് കൊണ്ടാവുമോ? പലതരം സംശയങ്ങൾ മനസ്സിലൂടെ ഓടിക്കളിച്ചു... പതുക്കെ അതീന്ന് സർവ്വാഭരണവിഭൂഷിതനായി ഒരു പോലീസുകാരൻ ഇറങ്ങി വന്നു... എന്റെ ഇടത് ഭാഗത്തൂടെ അദ്ദേഹം എന്നെ സമീപിക്കുകയാണ്… അരയിൽ തൂങ്ങുന്ന തോക്ക് എനിക്ക് വ്യക്തമായിക്കാണാം.…
“Hey man… which animal you did hunt and kill today?”
“What… me… killing… animal…?”
എനിക്കൊന്നും മനസ്സിലായില്ല...
“Yeah Yeah… what’s in your right hand…?”
എന്റെ ഇടതുഭാഗത്തുള്ള അദ്ദേഹം എന്റെ വലതു കൈ വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാനെന്റെ വലത് കയ്യിലേക്ക് നോക്കി... രണ്ട് മൂന്ന് സെക്കന്റുകളുടെ ഇടവേളയിൽ ഞാൻ സ്വയമറിയാതെ ഉച്ചത്തിൽ ചിരിച്ച് പോയി... എന്റെ ചിരികണ്ട പോലീസുകാരൻ വണ്ടറടിച്ച് നിന്ന് എന്നെയൊന്ന് കൂർപ്പിച്ച് നോക്കി...
“Sir… I got this animal dead when I hunt online and bought it…”
ഞാനെന്റെ വലത് കൈ ഉയർത്തി, തൂങ്ങിയാടുന്ന knee strap പോലീസുവണ്ടിയുടെ action light അപാരതയിൽ അദ്ദേഹത്തെ കാണിച്ചു…
“Whats this… oh… oh… oh… maaaan… was it a knee strap… ha… ha… haa… I thought it was a racoon and it’s tail is hanging in your hand… ”
പോലീസുകാരൻ ചിരിക്കാൻ പാടില്ലെന്ന്‌ ആരാ പറഞ്ഞത്? അദ്ദേഹം ആർത്താർത്ത് ചിരിക്കുകയായിരുന്നു...
“Maaan… it seems I hunted myself down… haaa… haa… this is crazy… I‘m crazy… haa ha…”
“Yeah… I am just done with my daily running… haa… ha…”
ഞാനും അദ്ദേഹത്തിൻറെ കൂടെ ചിരിച്ചു... എന്നാലും അധികം സംസാരിക്കാൻ പോയില്ല...
“Sorry maan… really sorry… you can go… go… hunt a deer today… haaa… haa…”
പൊലീസുകാരൻ തിരിച്ച് വണ്ടിയിലേക്ക് നടന്നു... എന്റെ കൈയ്യിലെ ചത്ത റാക്കൂണിനേയും ആട്ടിക്കൊണ്ട് ഞാനും എന്റെ വഴിക്ക് തിരിച്ചു...
‘ഓടിക്കിതച്ച് വരുമ്പോൾ വേട്ടയാടരുത് സാറേ…’ ഞാൻ മനസ്സിൽ പറഞ്ഞ് ചിരിച്ചു.
ഗുണപാഠം: രാത്രിയിൽ knee strap അഴിച്ച് തൂക്കിയാട്ടി നടക്കരുത്... പോലീസ് പിടിക്കും 😬
***

കരിങ്കോഴി, തെണ്ടിപ്പട്ടി, ഹിപ്പോക്രസി


നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം. മുപ്പത് വർഷങ്ങൾ മുന്നേ പുതുക്കിപ്പണിഞ്ഞതെങ്കിലും ഇന്നും പഴമ മണക്കുന്ന, ആധുനിക മോടികളൊന്നുമില്ലാത്ത ഞങ്ങളുടെ തറവാട് വീടിന്റെ വടക്ക് ഭാഗത്തെ കുട്ടി ഇറയത്ത് അമ്മയുടെയും രണ്ടനുജന്മാരുടെയും കൂടെ സൊറ പറഞ്ഞിരിക്കുകയായിരുന്നു... കെട്ട്യോളും കുട്ട്യോളും കെട്ട്യോളുടെ വീട്ടിലേക്ക് പോയതിനാൽ കസിന്സിന്റെയൊക്കെ കൂടെ അതുവരെയുണ്ടായിരുന്ന കുട്ടി ബഹളങ്ങളൊക്കെ തൽക്കാലത്തേക്ക് ശമിച്ചിരിക്കുന്ന സമയം...

ഇളയ അനുജൻ, ഇപ്പോൾ നാട്ടിൽത്തന്നെ കൃഷിയും റബ്ബർ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ്... അവൻ ആറേഴ് കോഴികളെയും വളർത്തുന്നുണ്ട്...
പുറത്ത് മഴ തിമർത്ത് പെയ്യുകയാണ്. അപ്പോഴാണ് കോഴിക്കൂട്ടങ്ങൾ ഒന്നടങ്കം മഴ നനയാതിരിക്കാൻ വടക്കുഭാഗത്തെ മുറ്റത്തിന് മുകളിലായിട്ട് ഇട്ടിരിക്കുന്ന ടിൻ ഷീറ്റ് പന്തലിന്റെ അടിയിലേക്ക് ഓടിയിരമ്പിയെത്തിയത്. എത്തിയ ഉടനെ അതിലൊരു കറുമ്പിക്കോഴി നല്ല വലുപ്പത്തിൽ അത്യാവശ്യം ജലാംശത്തോടുകൂടി പരത്തിയൊന്ന് വിസർജ്ജിച്ചു.
“എല്ല കോയേ… നിനക്ക് കിട്ടിയാലൊന്നും പഠിക്കൂല്ലേ… ഫ... പോ... പോ… മുരളി അടുത്തുള്ളതൊന്നും നിങ്ങള് കാണ്ന്നില്ലേ…?” അടുത്തിരുന്ന അമ്മ ആ കറുമ്പിക്കോഴിയടക്കം എല്ലാ കോഴികളെയും അവിടുന്ന് ആട്ടിയോടിക്കാൻ ശ്രമിച്ചു...
ഓടിപ്പറന്ന് പുറത്തേക്ക് പോകുന്നതിനിടയിൽ വേറൊരു കോഴിയും വളരെ അയഞ്ഞ രീതിയിൽ വളരെ ധൃതിപ്പെട്ട് വിസർജ്ജിച്ച് കളഞ്ഞു... മറ്റു കോഴികൾ വേഗം തന്നെ പുറത്തേക്ക് കുതിച്ചെങ്കിലും വിസർജ്ജിച്ച കോഴി വളരെ പതുക്കെ, ഇത്തിരി എന്തിയേന്തിയാണ് പുറത്തേക്ക് പോകാൻ ശ്രമിച്ചത്…
“ഓ... ഇതാന്നോ കഴിഞ്ഞ വർഷം മുരളി വടിയെടുത്തെറിഞ്ഞ് കാലൊടിച്ച കോയി...?” ഞാനെന്റെ സംശയം തീർക്കാൻ ശ്രമിച്ചു.
“ആ… അത് തന്നെ അത് തന്നേ…” അമ്മ എന്റെ സംശയം തീർത്ത് തന്നു.
കഴിഞ്ഞ വർഷം നാട്ടിൽ വന്നപ്പോഴായിരുന്നു അത് സംഭവിച്ചത്. ഇതേ പോലെ മുറ്റത്ത് കയറിത്തൂറിയ ആ കറുമ്പിപ്പിടയെ ഒരു വാരിക്കഷ്ണം എടുത്തെറിഞ്ഞ് മുരളി അതിന്റെ കാലൊടിച്ച് കളഞ്ഞത് അപ്പഴായിരുന്നു. എത്രയോ ദിവസങ്ങളിലെ അവന്റെ പരിശ്രമത്തിന് ഫലമുണ്ടായ ദിവസമായിരുന്നു അത്.
“ഒരൊറ്റ ചെടി ഈട്യള് ഈടെ വെച്ചേക്കൂല്ല… എല്ലത്തിന്റെയും ചോട് ചിള്ളിപ്പറിച്ച് നശിപ്പിച്ച് കളയും… പോരാത്തേന് തൂറുന്നത് ഈ മിറ്റത്തും…” ഇങ്ങനെ പിറുപിറുത്തോണ്ടായിരുന്നു അവന്റെ അന്നത്തെ ഏറ്.
അതിന് ശേഷം ഒന്നൊന്നര ആഴ്ച നടക്കാൻ വയ്യാഞ്ഞ കോഴിയെ ഒന്ന് രണ്ട് തവണ സ്‌കൂട്ടറിൽ എടുത്ത് കൊണ്ട് പോയി ഡോക്ടറെ കാണിച്ചാണ് അതിനെ സുഖപ്പെടുത്തിയത്... പട്ടാളക്കാരനായ എന്റെ നേരെ താഴെയുള്ള അനുജൻ അന്ന് നാട്ടിലില്ലാഞ്ഞത് കൊണ്ട് മാത്രം അന്നാ കറുമ്പിക്കോഴി അത്താഴക്കറിയാകാതെ രക്ഷപ്പെട്ടതാണ്. ഈ കോഴികളുടെ കൂടെ വളരെ രാജകീയമായി വിലസി വിരാജിച്ചിരുന്ന ഒരേയൊരു പൂവനെ ഞാൻ നാട്ടിൽ വരുന്നതിന് രണ്ട്‌ മാസങ്ങൾ മുന്നേയാണ് അവൻ കത്തിക്കിരയാക്കി ഭക്ഷണധർമ്മം കാത്ത് സംരക്ഷിച്ചത്.
അന്നത്തെ ചികിത്സ കാരണമായിരിക്കണം, ഈ കറുമ്പിപ്പിടയുടെ ഇടതുകാലിൽ ഇപ്പോൾ വലിയൊരു മുഴ പോലെയുള്ള ഒരു തടിപ്പുണ്ട്.
കുറഞ്ഞും കൂടിയുമിരുന്ന മഴ വീണ്ടും കൂടിയപ്പോൾ മുരളി അകത്തേക്ക് കയറാൻ വെമ്പിയ കോഴികളെ ഉന്നം വെക്കാൻ ശ്രമിച്ചു.
“എന്തിനാടാ നീ ഇങ്ങനെ ഈ കോഴികളെ ഉപദ്രവിക്കുന്നത്...? ഒന്നും അല്ലെങ്കിലും നിങ്ങളെല്ലാരും ഇതിന്റെ മുട്ട തിന്നുന്നതല്ലേ...”
“അല്ല പിന്നെ... ഞാനീ കോയ്യളെ എന്റെ കെടക്കേല് പിടിച്ച് കെടത്താം…” അവൻ ചിരിച്ച് കൊണ്ട് രോഷം പൂണ്ടു.
“ഒന്നുകില് ഇവറ്റകളെ കൂട്ടിലടച്ച് പോറ്റ്… അല്ലെങ്കിൽ ഈ കോഴിക്ക്രിഷിയേ വേണ്ടാന്ന് വെക്ക്… അല്ലാണ്ട് ഇവയെ നിന്റെ ഭാഷയും സംസ്ക്കാരോം പഠിപ്പിക്കാൻ പറ്റ്വോ…?” ഞാനും തമാശയെന്നോണം ചിരിച്ചോണ്ട് പറഞ്ഞു.
“ഇങ്ങള് മിണ്ടാണ്ട് നിക്കപ്പാ... കോഴി മിറ്റത്ത് തൂറിയാൽ ഞാനെറിയും...” മുരളി നയം വ്യക്തമാക്കി. അതിനിടയിൽ അമ്മ കോഴി വിസർജ്ജ്യങ്ങൾ കോരിക്കളഞ്ഞ് വെള്ളമൊഴിച്ച് വൃത്തിയാക്കിയിരുന്നു.
ശരിയാണ്, പണ്ട് കുട്ടിക്കാലത്ത് ഞാനും ഈ കോഴികളെ പല കാരണങ്ങളാലും കല്ലെറിഞ്ഞിട്ടുണ്ട്. തരം കിട്ടിയാൽ വാഴകളും തെങ്ങിൻ തൈയ്യും പച്ചക്കറികളും മുച്ചൂടും തിന്ന് കളയുന്ന എന്റെ വെള്ളച്ചിയെയും ചോക്കച്ചിയെയും (എന്റെ കുട്ടിക്കാലത്തെ കൂട്ടുകാരായിരുന്ന പശുക്കൾ) ഞാൻ അതികഠിനമായി അടിച്ചിട്ടുണ്ട്. അടികൊണ്ടടികൊണ്ട് ഒടുവിൽ പലതവണ വെള്ളച്ചി എന്റെ മുന്നിൽ അക്ഷരാർത്ഥത്തിൽ മുട്ടുമടക്കി നമസ്കരിച്ചിട്ടുണ്ട്. പശുക്കളെ മേക്കുമ്പോൾ വാഴയും മറ്റും പശു തിന്ന് കളഞ്ഞതിന് അച്ഛന്റെ അടുത്ത് നിന്ന് ഞങ്ങൾക്ക് കിട്ടുന്ന ശകാരത്തിനും തല്ലിനും ഞാനും നേരെ താഴെയുള്ള അനുജനും അരിശം തീർക്കുന്നത് ആ പാവങ്ങളുടെ മേലെയായിരുന്നു.
കോഴികൾ വെറും കോഴികളാണെന്നും പശുക്കൾ വെറും പശുക്കളാണെന്നും അവ മനുഷ്യരല്ലെന്നും അവർക്ക് മനുഷ്യരെപ്പോലെ ചിന്തിക്കാൻ കഴിയില്ലെന്നും അവയ്ക്ക് മനുഷ്യരുടെ ഭാഷ മനസ്സിലാകില്ലെന്നും അവയെ സംബന്ധിച്ചടുത്തോളം അവയ്ക്ക് തിന്നാൻ പറ്റുന്നതൊക്കെ അവയുടെ ഭക്ഷണങ്ങളാണെന്നും മൃഗങ്ങളെ എത്ര മെരുക്കിയാലും അതിനൊക്കെ ഒരതിരുണ്ടെന്നും മൃഗങ്ങളുടെ അന്തഃരംഗം മനസ്സിലാക്കുവാൻ മനുഷ്യരുടെ രംഗബോധത്തിന് പരിമിതികളുടെന്നും മനുഷ്യൻ വെറും സ്വാർത്ഥതല്പരനാണെന്നും ഈ ഭൂമിയും പ്രകൃതിയും അവർക്കും അവകാശപ്പെട്ടതാണെന്നൊക്കെ ഞാൻ മനസ്സിലാക്കിയത് വളരെക്കഴിഞ്ഞാണ്.
എന്തായാലും ഈ ഫിലോസഫികളൊക്കെ പറഞ്ഞുകൊണ്ടുള്ള ഒരു പ്രസംഗത്തിന് എന്റെ വീടിന്റെ വടക്കേപ്പുറം പാകമായിട്ടില്ലെന്ന കാര്യം മനസ്സിലാക്കിയത് കൊണ്ട് അവിടെ കേൾവിക്കാരോ കൈമുട്ടലുകളോ കൂക്കിവിളികളോ ഉണ്ടായില്ല.
അതേ സമയം മഴ കുറച്ചൊന്ന് കുറഞ്ഞു. കോഴികൾ തൊടിയിലേക്കിറങ്ങി വീണ്ടും ചിള്ളിപ്പറിക്കാൻ തുടങ്ങി. ഞങ്ങൾ വേറെ പല കാര്യങ്ങളും പറഞ്ഞുകൊണ്ട് അവിടെത്തന്നെ തുടർന്നു.
അപ്പോഴാണ് അലറിവിളിച്ചുകൊണ്ട് കോഴികൾ ഓരോന്നായി ഓടിയും പറന്നും മുറ്റത്തേക്കോടിക്കിതച്ചെത്താൻ തുടങ്ങിയത്. ആകപ്പാടെ കോഴികളുടെ ബഹളം. എന്താണെന്ന് നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്.
ഏതോ ഒരു ഒറ്റയാനായ നാടൻ വേട്ടപ്പട്ടി, അല്ല തെണ്ടിപ്പട്ടി, അവന്റെ വേട്ടക്കിറങ്ങിയതാണ്. ഉച്ചഭക്ഷണം എവിടെ നിന്നും തരപ്പെടാഞ്ഞത് കൊണ്ടാവാം അവൻ ഇത്തിരി വാശിയിലായിരുന്നു. കോഴികളുടെ പേടിച്ചരണ്ട ബഹളം കേട്ടതും കണ്ടതും കൊണ്ട് ബഹളമുണ്ടാക്കിയ ഞങ്ങൾ ബഹളമുണ്ടാക്കിയിട്ടും അവൻ തിരിഞ്ഞോടാൻ തയ്യാറായില്ല. ചിതറിയോടിയതിനിടയിൽ ഒറ്റപ്പെട്ട് പോയ കോഴികളെ തിരഞ്ഞ് പിടിച്ച് പിടിക്കാൻ ശ്രമിക്കുകയായിരുന്നു അവൻ. ഒരു വേള അവന്റെ ധൈര്യത്തിൽ ഇത്തിരി മതിപ്പ് തോന്നിപ്പോവുകയും ചെയ്തു.
പക്ഷേ അബലകളായ കോഴികളുടെ കൂട്ടക്കരച്ചിൽ ആ ധീരനായ വേട്ടക്കാരനോടുള്ള മതിപ്പൊക്കെ ഇല്ലാതാക്കാൻ പോന്നവയായിരുന്നു. മുട്ട തരുന്ന കോഴികളോടുള്ള പ്രതിപത്തി, ആ പട്ടിയോടുള്ള വെറുപ്പായി പരിണമിച്ചു. അമ്മയും മുരളിയും കൂടെ ഞാനും അവനെ തുരത്താനുള്ള പലതരം ഏർപ്പാടുകളിൽ വ്യാപൃതരായി.
എന്ത് ചെയ്തിട്ടും സുല്ലിട്ട് തിരിഞ്ഞോടാൻ തയ്യാറാകാഞ്ഞ അവനെ എങ്ങനെ തുരത്തും എന്നാലോചിച്ച് ബഹളം വെച്ചുകൊണ്ടിരിക്കുമ്പോഴാണ് മുറ്റത്തിന്റെ അതിരിൽ ഒരു കല്ല് കണ്ടത്.
ചില സമയങ്ങളിൽ വളരെ അവിചാരിതമായി ചില കാര്യങ്ങൾ കൃത്യമായി സംഭവിക്കും. അവന്റെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെയുള്ള ഓട്ടത്തിനിടയിൽ, കല്ലെടുത്ത് എറിഞ്ഞ എന്റെ ഏറ് കൊണ്ടത് കൃത്യമായി അവന്റെ പിൻകാലിൽ എവിടെയോ ആണ്.
“ബ്യാ….ഔ… ബ്യാ….ഔ…” ആ ഏറുകിട്ടിയപ്പോൾ അവൻ കരഞ്ഞുകൊണ്ട് അതിവേഗം തിരിഞ്ഞുനോക്കാതെ തിരിഞ്ഞോടി.
കോഴികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനിടയിൽ തെരുവ് പട്ടിയുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തെക്കുറിച്ച് ഞാൻ മറന്നുപോയോ? കോഴിയുടെ കാലെറിഞ്ഞൊടിച്ച മുരളിയുടെ പ്രവർത്തിയെ തിരുത്താൻ മനസ്സിൽ പ്രസംഗിച്ച ഞാൻ, ഭക്ഷണം തേടിയിറങ്ങിയ വേട്ടപ്പട്ടിയുടെ കാലിൽ എറിഞ്ഞതിനെ ‘ഹിപ്പോക്രസി’ എന്നായിരിക്കാം, ഓടിപ്പോവുമ്പോൾ ആ പട്ടി വിളിച്ച് പറഞ്ഞുകൊണ്ടിരുന്നത്! അതിന്റെ കാലൊടിഞ്ഞിട്ടുണ്ടാവുമോ ആവോ? 🙁
***

ട്രെയിനിലെ ഇഡ്ഡ്ലിവട


യുഎസ്സിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ വിമാനമിറങ്ങിയത് ബാങ്ക്ലൂരായിരുന്നു. അളിയൻറെ കുടുംബവും കസിന്റെ കുടുംബവും ബാംഗ്ലൂരിൽ താമസിക്കുന്നത് ഒരേ ഫ്‌ളാറ്റിലാണ്. അവരുടെ കൂടെ രണ്ട് ദിവസങ്ങൾ ചിലവഴിച്ച ശേഷം, ഇന്നലെ രാത്രി, ബാംഗ്ലൂർ മജസ്റ്റിക്കിൽ നിന്ന് കണ്ണൂരിലേക്ക് ട്രയിൻ കയറി… ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ വല്ലാത്ത വിശപ്പ്... വഴിയിൽ നിന്ന് വല്ലതും വാങ്ങിക്കഴിക്കാനാണെങ്കിൽ വല്ലാത്ത പേടിയും... വണ്ടി മംഗളൂരു ജംക്ഷനിൽ എത്തിയിട്ടേ ഉള്ളൂ... മുഖമൊക്കെ ഒന്ന് കഴുകി തിരിച്ച് വീണ്ടും വന്ന് കിടക്കാമെന്ന് വിചാരിച്ച് എസി കമ്പാർട്ട്മെന്റിന്റെ വാതിൽ തള്ളി ഉള്ളിൽ കയറിയപ്പോഴാണ് കാറ്ററിങ് യൂനിഫോം പോലുള്ള വസ്ത്രമണിഞ്ഞ് ഒരു മദ്ധ്യവയസ്കൻ, എന്തോ ഭക്ഷണ ട്രേയുമായി എതിരേ വന്നത്... സാധാരണ ഇത്തരം ആളുകൾ വിളിച്ച് കൂവുന്നത് പോലെ ഒന്നും അദ്ദേഹം വിളിച്ചു കൂവുന്നുണ്ടായിരുന്നില്ല. എന്റെ അടുത്തെത്തിയതും അദ്ദേഹം ഒരമ്പത് രൂപായുടെ നോട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു:
“സാർ, ഇത് തൊട്ടടുത്ത ബ്ലോക്കിൽ നിന്ന് വീണ് കിട്ടിയതാണ്... എന്നോട് ചവിട്ടിപ്പോയി... അവിടെ ആരെങ്കിലും വന്നാൽ കൊടുത്തേക്കണേ...”

സത്യത്തിൽ അവിടെ ഉണ്ടായിരുന്നവർ മംഗളൂരുവിൽ ഇറങ്ങിയിരുന്നു... ഞാനാക്കാര്യം അദ്ദേഹത്തോട് പറഞ്ഞു... പൈസ അദ്ദേഹത്തോട് തന്നെ എടുത്തോളാനും പറഞ്ഞു... അല്ലെങ്കിൽ വേറെ ആർക്കെങ്കിലും ഉപകാരപ്പെടുന്ന രീതിയിൽ ചിലവാക്കിക്കൊള്ളാനും ഉപദേശിച്ചു…

“വേണ്ട സാർ ആ പണം എനിക്ക് വേണ്ട... അത് സാറ് സാറിന്റെ ഇഷ്ടം പോലെ ചെയ്യൂ..” എത്ര നിർബന്ധിച്ചിട്ടും അയാളത് വാങ്ങാൻ കൂട്ടാക്കിയില്ല...

“ഈ ട്രേയിൽ എന്താണ്?” ആകെ രണ്ട് സെറ്റ് ഭക്ഷണപ്പൊതി മാത്രമേ അതിലുണ്ടായിരുന്നുള്ളൂ...
 
“ഇത് ഇഡ്ഡ്ലിവടയാണ് സാർ... വേണോ...? നല്ല ഇഡ്ഡ്ലിയാണ്…”
 
“എത്രയാ വില?”

“നാല്പത്തഞ്ച് സാർ… ഒരു വടയും മൂന്ന് ഇഡ്ഡ്ലിയും പിന്നെ സാമ്പാർ ചട്ണിയും...”

“ഒരു പൊതി തന്നേക്കൂ...” വടയും മറ്റും ട്രയിനിൽ നിന്ന് ഒട്ടും വാങ്ങിക്കഴിക്കരുതെന്ന അളിയന്റെ ഉപദേശം ഞാൻ കുഴിച്ച് മൂടി.

കീശയിൽ തപ്പിയപ്പോൾ കിട്ടിയത് രണ്ടിരുപതിന്റെയും ഒരു പത്തിന്റെയും നോട്ടുകൾ... അത് കൊടുത്തപ്പോൾ ബാക്കി തരാൻ അഞ്ച് രൂപ അദ്ദേഹത്തിന്റെ കൈയിലില്ല... പകരം അദ്ദേഹം പത്ത് രൂപ എന്റെ കൈയ്യിൽ വച്ച് തന്നു...
 
“ചില്ലറയില്ല സാർ... കുഴപ്പമില്ല... നാൽപ്പത് മതി...”

ഞാനാ പത്ത് രൂപ അദ്ദേഹത്തെക്കൊണ്ട് തിരിച്ച് വാങ്ങിപ്പിച്ചു... അദ്ദേഹത്തെ ഒന്ന് തോളോട് ചേർത്തു… അപ്പഴേക്കും വണ്ടി പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങിയിരുന്നു... അദ്ദേഹം ധൃതിയിൽ പുറത്തേക്കിറങ്ങി...

ഇഡ്ഡ്ലിവടയുടെ ട്രേ തുറന്ന് ഞാനും ഒപ്പമുണ്ടായിരുന്ന മൂത്ത മകളും അതിലെ വിഭവങ്ങൾ രുചിയോടെ പങ്കിട്ടു... ആ പാവം സാധു മനുഷ്യനെ അറിയാതെ മനസുകൊണ്ട് നമിച്ചപ്പോൾ കണ്ണുകളിൽ അറിയാതെയൊരു നനവ് അനുഭവപ്പെട്ടു... മാസാമാസം ചെയ്യുന്ന ചാരിറ്റി സംഭാവനയിലേക്ക് അദ്ദേഹം തന്ന അമ്പത് രൂപ ചേർത്തപ്പോഴാണ് അദ്ദേഹത്തിന്റെ പേര് ചോദിക്കാനോ, അദ്ദേഹത്തിന്റെ കുപ്പായത്തിൽ പിൻ ചെയ്തിരുന്ന നെയിം പ്ളേറ്റിലെ പേര് വായിക്കാനോ മറന്ന് പോയ കാര്യം ഓർത്തത്... അല്ലെങ്കിലും പേരിലെന്തിരിക്കുന്നു... അല്ലേ… ഞാനെങ്ങനെ അദ്ദേഹത്തെ മറക്കും...

(ഇതെഴുതിത്തീരുമ്പഴേക്കും ട്രെയിൻ കാസർകോടെത്തിച്ചേർന്നിരുന്നു !)

***

2023, ജൂൺ 12, തിങ്കളാഴ്‌ച

പരനാരീഫോൺ

"തെക്ക്-കിഴക്കോട്ട് നോക്കിയാൽ ഈ ലോകവും അതിൽ നടക്കുന്ന പല കാര്യങ്ങളും വളരെ ഗൗരവമുള്ളതാണെന്ന് തോന്നാം. എന്നാൽ നേരെ തിരിഞ്ഞ് വടക്ക്-പടിഞ്ഞാറോട്ട് നോക്കിയാൽ അതേ ലോകവും ലോകകാര്യങ്ങളും വളരെ രസകരമായ രീതിയിലും അനുഭവപ്പെട്ടേക്കാം." - നാട്ടിൽ നിന്ന് അമേരിക്കയിലെത്തി കുറേക്കാലമായെങ്കിലും സരസത ഒട്ടും കൈമോശം വന്നിട്ടില്ലാത്ത രാജേട്ടന്റെ വാക്കുകളാണ്. ഈയ്യവസരത്തിൽ തെക്ക്-കിഴക്ക് നടന്ന ഒരു കാര്യത്തെ വടക്ക്-പടിഞ്ഞാറോട്ട് നോക്കി അനുഭവിച്ച രീതിയിൽ രാജേട്ടൻ പറഞ്ഞ ഒരു കഥയാണീക്കഥ.

"ഈ മുട്ടായിക്കടലാസും... നിന്റെ മൂക്ക് തുടച്ച ടിഷ്യൂ പേപ്പറും ഈ ചവച്ചിട്ട ച്യൂയിംഗവും നിന്റെ അമ്മാമൻ കൊണ്ടുപോയി കച്ചറയിൽ കളയുമോ?" ഒരു കൂസലുമില്ലാതെ കാറിൽ നിന്നിറങ്ങി വീട്ടിനകത്തേക്ക് കയറാൻ പോയ മൂത്ത പുത്രൻ രജത്തിനോട് രാജേട്ടൻ ദേഷ്യപ്പെട്ടു. 

അതങ്ങനെയാണ്. എവിടേക്കെങ്കിലും പോയി വീട്ടിലേക്ക് തിരിച്ച് വരുമ്പഴേക്കും കാറിന്നകം മുഴുവൻ ഒരു തരത്തിൽ ഗാർബേജ് ബിൻ ആയിട്ടുണ്ടാവും. ഗ്രനോല ബാറുകൾ പൊടിച്ചതും, പൊട്ടിവീണ കുക്കി കഷണങ്ങളും അതിന്റെയൊക്കെ പൊതികളും നാരങ്ങാത്തൊലിയും കൈയ്യും മുഖവും മൂക്കും മറ്റും തുടച്ച ടിഷ്യൂ പേപ്പറുകളും എന്നുവേണ്ട, ചെരുപ്പിൽ പറ്റിപ്പിടിച്ച് വരുന്ന ലോകത്തെ സകലമാന കച്ചറകളും കാറിനുള്ളിൽ കാണും! പക്ഷേ ഇതൊന്നും രാജേട്ടന്റെ മക്കളുടെ വിഷയങ്ങളല്ല. കാറിലിരുന്ന് തിന്നുക എന്നത് അവരുടെ ജോലിയും കാറ് വൃത്തിയാക്കുക എന്നുള്ളത് രാജേട്ടന്റെ ജോലിയുമാണ്. അതിന്റെ നീരസത്തിലും നിരാശകൊണ്ടുമാണ്, പതിനഞ്ച് കഴിഞ്ഞ മൂത്ത പുത്രനോട് രാജേട്ടൻ കയർത്തത്.

"അവനവൻ ഉണ്ടാക്കിയ കച്ചറകൾ അവനവൻ തന്നെ മാറ്റണം... അവരവര് കൊണ്ടുവന്ന സാധനങ്ങൾ അവരവര് തന്നെ തിരിച്ച് കൊണ്ടുപോയിക്കൊള്ളണം; വെള്ളക്കുപ്പിയോ പുസ്തകങ്ങളോ ചെരുപ്പോ ബാഗോ പെൻസിലോ പേനയോ എന്ത് പണ്ടാരമാണെങ്കിലും കാറിൽ അട വെക്കരുത്..." അതാണ് രാജേട്ടന്റെ ഉഗ്രശാസനമെങ്കിലും, ഈ ശാസനങ്ങൾക്ക് മക്കളും ചെറിയ തോതിൽ അദ്ദേഹത്തിന്റെ നല്ല പാതിയും പുല്ല് വില മാത്രം കല്പിച്ചിരിക്കുന്നത് കൊണ്ട്, ഹെയർ പിന്നുകളും ഹെയർ ബാൻഡുകളും കൊച്ചു മുടിക്കെട്ടുകളും മുതൽ ചവച്ചിട്ട ച്യൂയിംഗം വരെ ഏതൊരു യാത്രക്ക് ശേഷവും കാറിൽ അവശേഷിച്ചിരിക്കും. ചില വേസ്റ്റുകൾ സീറ്റ് പോക്കറ്റുകളിലും സീറ്റുകൾക്കിടയിലും തിരുകിവച്ചിട്ടുണ്ടാവും. രാജേട്ടനൊഴിച്ച് കാറിൽ മറ്റുള്ളവരൊക്കെ ചന്തിയിലെ പൊടിയും തട്ടി, വീട്ടിന്നുള്ളിലേക്കോടി, നേരെ ടിവിക്ക് മുന്നിൽ ചടഞ്ഞിരിപ്പുണ്ടാവും. ഓരോ യാത്രക്ക് ശേഷവും രാജേട്ടന്റെ ശാസനകൾ ആവർത്തിച്ച് കൊണ്ടിരിക്കും.

അച്ഛന് ദേഷ്യം വന്നു എന്ന് മനസ്സിലാക്കിയ ഇളയ പുത്രി രേണു, ഏട്ടനേക്കാൾ മുന്നേ തിരിച്ച് വന്ന് കാറിന്നകം വൃത്തിയാക്കാനുള്ള ശ്രമം തുടങ്ങി; കൂട്ടത്തിൽ ഏട്ടനും. 

"കാറ് മുഴുവൻ വൃത്തിയാക്കീട്ട്... കുളിയും കഴിഞ്ഞേ ഇനി അടുത്ത ഏത് പരിപാടിയുമുള്ളൂ... ട്ടോ..." രാജേട്ടൻ ഇങ്ങനെ പറഞ്ഞപ്പോൾ പിള്ളാര് രണ്ടുപേരും പരസ്പരം കണ്ണിറുക്കി നോക്കി 'ഹാ...' എന്ന് വാതുറന്ന് മൂളിയതേയുള്ളൂ.

ആ മൂളലിൽത്തന്നെ രാജേട്ടന് വീണ്ടും ശുണ്‌ഠി കയറിയതാണ്. പിള്ളേരോട് എന്തോ വീണ്ടും പറയാനോങ്ങിയ രാജേട്ടനെ നല്ല പാതി പ്രമീള തടഞ്ഞത് കൊണ്ട് അന്നവിടെ കൂടുതൽ വഴക്കുകൾ നടന്നില്ല. 

അപ്പലാച്ചിയൻ മലനിരകളുടെ വിർജീനിയൻ ഭാഗമായ, ഷനൻഡോവയിലെ മലനിരകൾക്ക് മുകളിലൂടെ പോകുന്ന scenic road ആയ skyline drive ലെ കാഴ്ചകൾ ആസ്വദിക്കാൻ പോയിട്ട് തിരിച്ച് വന്നതായിരുന്നു രാജേട്ടനും കുടുംബവും. ഒട്ടേറെ view point കളുള്ള skyline drive ലെ കാഴ്ചകൾ നയനമനോഹരമാണ്; പ്രത്യേകിച്ചും summer കഴിഞ്ഞ് fall ലേക്ക് കടക്കുമ്പോൾ ഉണ്ടാവുന്ന മരങ്ങളുടെ fall color എന്ന പ്രതിഭാസം കാണാൻ.

പിള്ളാര് കാറ് വൃത്തിയാക്കുന്നതിനിടെ രാജേട്ടൻ ഷൂസഴിച്ച് ഗരാജിലെ rakeൽ വച്ചു. 

"അമ്മേ... ഇതാർടെയാ ഈ ഫോണ്...?" ഒരു ഫോണും കൈയ്യിലെടുത്ത് ഇടത്തോട്ടും വലത്തോട്ടും ആട്ടിക്കൊണ്ട് രേണു അലറിക്കൊണ്ട് ചോദിക്കുകയാണ്.

"നിന്റെ ആനത്തൊണ്ട കുത്തിക്കീറാതെ മോളെ... പതുക്കെ പറ..." രാജേട്ടന് രേണുവിന്റെ അലർച്ച കേട്ട് പിന്നെയും ദേഷ്യം വന്നു.

"നിന്റെ ബോധമില്ലാത്ത ചേട്ടനോട് തന്നെ ചോദിക്ക്... എന്റെ ഫോണും നിന്റച്ഛന്റെ ഫോണും ഞങ്ങൾടെ കയ്യീത്തന്നെയുണ്ട്..."

"ഇതേട്ടന്റെ ഫോണൊന്നുമല്ല... ഇത് വേറേതോ ഫോണാ... ഒരു ലേഡീസ് ഫോൺ പോലെയുണ്ട്..." 

അകത്തേക്ക് കാലെടുത്ത് വെക്കാൻ തുനിഞ്ഞ രാജേട്ടൻ ഒന്ന് ഞെട്ടി. ലേഡീസ് ഫോണോ? ലേഡീസ് ചെരുപ്പ്... ലേഡീസ് ബാഗ് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതെന്താ ഈ ലേഡീസ് ഫോൺ? അകത്തേക്ക് വെക്കാനോങ്ങിയ കാൽ പിൻവലിച്ച് രാജേട്ടൻ മോളെയൊന്ന് പാളി നോക്കി. അവളാ ഫോൺ തിരിച്ചും മറിച്ചും നോക്കുകയാണ്.

"ലേഡീസ് ഫോണാ...? അതാരുടെ ഫോണാ നമ്മളെ കാറില്...? നീ ശരിക്കും നോക്കിയാ...?" രാജേട്ടന് മുന്നേ രേണുവിന്റെ അടുത്തേക്ക് പ്രമീള കുതിച്ചു.

"ആ ശരിയാണല്ലോ... രാജേട്ടാ... ഇതാരുടെ ഫോണാ...? ഇതിവള് പറഞ്ഞത് പോലെ ഏതോ ഒരു പെണ്ണിന്റെ ഫോണ് തന്നെയാ... ഇതുപോലത്തെ കവറ് ലേഡീസെ വെക്കുള്ളൂ..." ഒരൊറ്റ ശ്വാസത്തിലാണ് പ്രമീള ഇത്രയും പറഞ്ഞൊപ്പിച്ചത്. പ്രമീളയുടെ ശബ്ദത്തിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് രാജേട്ടൻ വെറുതെ സംശയിച്ചു.

"എവിടുന്നാ നിനക്കീ ഫോൺ കിട്ടിയത്...?" രാജേട്ടനും പ്രമീളയും രേണുവോട് ചോദിച്ചത് ഏകദേശം ഒരുമിച്ചായിരുന്നു.

"കാറീന്ന്..."

"ഓ... അങ്ങനെയല്ല കഴുതേ... ഈ കാറിൽ എവിടെ ആയിരുന്നു ഈ ഫോണെന്നാ ചോദിച്ചേ..." പ്രമീളയുടെ 'കഴുതേ' എന്ന പ്രയോഗം കേട്ടപ്പോൾത്തന്നെ, പ്രമീളയുടെ മനോഗതം കുറച്ചൊക്കെ രാജേട്ടൻ ഊഹിച്ചെടുക്കുകയും മാനസികമായി തയ്യാറെടുക്കാൻ സ്വന്തം മനസ്സിനെ പ്രേരിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. സാധാരണ ഗതിയിൽ, രാജേട്ടനേക്കാൾ സഭ്യത പ്രമീള പുലർത്തുന്നതായിരുന്നു പതിവ്.

"മുന്നിലെ പാസഞ്ചർ ഡോറിന്റെ പോക്കറ്റിലായിരുന്നു..." 

"പറയുംപോലെന്നെ... ഇതാർടെ ഫോണാ..." പ്രമീളയുടെ കയ്യിൽ നിന്ന് ധൃതിയിൽ പിടിച്ചുവാങ്ങിയ ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് രാജേട്ടൻ മൊഴിഞ്ഞു. രാജേട്ടന്റെ സംസാരത്തിൽ ഒരു വിറയൽ അനുഭവപ്പെട്ടതായി രാജേട്ടൻ സ്വയം മനസ്സിലാക്കി. 

"നിങ്ങൾക്കറിയില്ലാ...? ശരിക്കും ഒന്നാലോചിച്ച് നോക്ക്യേ..." പ്രമീളയുടെ കണ്ണുകളിൽ ഒരുതരം തീഷ്ണതയുള്ളതായി രാജേട്ടൻ കണ്ടു. കുറച്ച് കൂടെ സംയമനം പാലിക്കേണ്ടത് ഇപ്പോൾ അത്യാവശ്യമാണെന്ന് രാജേട്ടൻ മനസ്സിലുറപ്പിച്ചു.

"എനിക്കെങ്ങനെ അറിയാനാണ്...? ഫോണിൽത്തന്നെ, അല്ല, നിറയെ പിങ്ക് പൂക്കളും വെള്ളപ്പൂക്കളുമുള്ള ഫോണിന്റെ കവറിൽ നോക്കിക്കൊണ്ടാണ് രാജേട്ടൻ മൊഴിഞ്ഞത്.

"നിങ്ങളറിയാതെ നിങ്ങളുടെ കാറിൽ ഈയൊരു ഫോൺ പിന്നെങ്ങനെയാ വന്നത്?" 

"ശരിയാണ് അതെങ്ങനെയാണ് എന്റെ കാറിൽ വന്നത്...?"

കഴിഞ്ഞ ആറേഴ് വർഷങ്ങളായി വീട്ടിൽ നിന്ന് തന്നെയാണ് ജോലി ചെയ്യുന്നത്. ഓഫീസ് യാത്രകളില്ല. പണ്ട് ഓഫീസിൽ പോകുന്ന സമയത്ത്, ലഞ്ചിനെന്നൊക്കെപ്പറഞ്ഞ് ഓഫീസിലെ നാരീമണികൾ വണ്ടിയിൽ കയറിയിട്ടുണ്ട്. അതിനിപ്പോ സാധ്യതകളൊന്നും തീരെയില്ല. ഭാര്യയും മകളുമല്ലാതെ പെൺവർഗ്ഗത്തിൽ പെടുന്നവരാരും ഈയടുത്ത കാലത്തൊന്നും വണ്ടിയിൽ കയറിയിട്ടില്ല. പിന്നെ ഈ ഫോൺ എവിടെ നിന്ന് വന്നു? രാജേട്ടൻ തല പുകഞ്ഞ് ചിന്തിച്ചു.

"അത് തന്നെയാണ് ഞാനും ആലോചിക്കുന്നത്..." വേറൊന്നും അപ്പോൾ രാജേട്ടന് പറയാൻ ഉണ്ടായിരുന്നില്ല.

അപ്പഴേക്കും പ്രമീള അവളുടെ ഫോണെടുത്ത് ആരെയോ കറക്കുന്നുണ്ടായിരുന്നു. രാജേട്ടന്റെ കുടുംബത്തോടൊപ്പം skyline drive കാഴ്ചകൾ കാണാൻ പോയ വിനീതിന്റെ ഭാര്യ രജനിയെയാണ് വിളിച്ചതെന്ന് സംസാരം കേട്ടപ്പോൾ രാജേട്ടന് മനസ്സിലായി. അവരുടെ അറിവിൽ അങ്ങനെ ഏതെങ്കിലും ഫോൺ നഷ്ടപെട്ടിട്ടുണ്ടോ എന്നന്വേഷിക്കുകയാണ്. 

"ഇല്ല... രജനിയുടെയും വിനീതിന്റേയും ഫോൺ അവരുടെ കൈയിത്തന്നെയുണ്ട്..." പ്രമീള ഒരു ദീർഘനിശ്വാസം നീട്ടിവലിച്ച് വിട്ടു.

"ആ..." രാജേട്ടനും ചിന്തിക്കുന്നത് പോലെ ചിന്തിച്ചഭിനയിച്ചു.

"നിങ്ങള് സോമനെ വിളിക്ക്... ഈ ഫോൺ ശാലിനിയുടെതാണോന്ന് ഒരു സംശയം..." കുടുംബസുഹൃത്തായ സോമന്റെ ഭാര്യ ശാലിനിയുടേതാണോ ഫോൺ എന്ന് നോക്കാനാണ് പ്രമീള ആവശ്യപ്പെട്ടത്. 

"ശാലിനിയുടെ ഫോൺ എന്റെ കാറിൽ എങ്ങനെ വരാനാ...? അവളുടേതൊന്നും ആയിരിക്കില്ല ഒറപ്പാ..." രാജേട്ടന് സംശയം ഒന്നും ഉണ്ടായിരുന്നില്ല. 

"എന്നാലും നിങ്ങള് വിളിക്ക്... നമ്മളുടെ സംശയം തീർക്കാലോ..." ശരിയാണ്. ഓരോരോ സംശയങ്ങളാണ്. അവ ഇവിടെത്തന്നെ തീർത്തില്ലെങ്കിൽ രാജേട്ടന്റെ കാര്യം കട്ടപ്പൊകയാണ്.

"ഡാ.. സോമാ... ശാലിനിയുടെ ഫോൺ അവളുടെ കൈയ്യിൽത്തന്നെയുണ്ടോ...?" ഫോൺ ചെയ്തപ്പോ അവൻ എടുത്തത് തന്നെ ..ഭാഗ്യം. സാധാരണ അങ്ങനെ സംഭവിക്കാത്തതാണ്.

"എന്താ.. എന്ത് പറ്റി... ?" സോമൻ അത്ഭുതം കൂറി. രാജേട്ടൻ സോമനോട് കാര്യങ്ങൾ വിശദീകരിച്ചു.

"അവളിപ്പം ഇവിടെയില്ല... മോളെയും കൊണ്ട് ഡാൻസിന് പോയേക്കുവാ... പക്ഷേ ഫോൺ അവളുടെ കയ്യീത്തന്നെയുണ്ട്... രണ്ട് മിനുട്ട് മുന്നേ ഞാൻ അവളെ വിളിച്ചിരുന്നു..." 

അങ്ങനെ ആ സംശയവും തീർന്നു. അപ്പോഴാണ് പ്രമീളയുടെ പുതിയ കണ്ടുപിടുത്തം. ഈ കളഞ്ഞുകിട്ടിയ ഫോണിന്റെ കവറിൽ ഒരു നീളൻ ചെമ്പൻ മുടി ഉടക്കി നിൽക്കുന്നു. രാജേട്ടനെ ആ മുടി തൊടാൻ പോയിട്ട് നോക്കാൻ പോലും പ്രമീള ആദ്യം സമ്മതിച്ചില്ല. പ്രമീള, ആ മുടി ഫോണിൽ നിന്ന് പറിച്ചെടുത്ത് ദേഷ്യത്തോടെ ഊതിപ്പറത്തി വിട്ടു.

ഇതെന്തൊരു പരീക്ഷണമാണ് പടച്ചോനെ... രാജേട്ടൻ മനസ്സിൽ പിറുപിറുത്തു. ഇതേ സമയം, പ്രമീള രാജേട്ടന്റെ കുടുംബവുമായി കൂടുതലെടുത്ത് സഹകരിക്കുന്ന കുടുംബങ്ങളിലെ ഓരോരുത്തരെയായി വിളിച്ച് സംശയം തീർക്കുകയായിരുന്നു. ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് അതിന്റെ അടയാളങ്ങൾ ഓരോരുത്തരോടായി വർണ്ണിച്ച് കൊടുക്കുന്നുമുണ്ട്.

വിളിച്ചവരിൽ ആരോ എന്തോ കളി പറഞ്ഞ് പ്രമീളയെ ശുണ്‌ഠി പിടിപ്പിക്കുന്നത് രാജേട്ടൻ നോക്കി നിന്നു.

വിളിച്ചവരെല്ലാരും കൈ മലർത്തിയപ്പോൾ പ്രമീള വീണ്ടും ചിന്താധീനയായി. ഈ ചിന്തയാണ് രാജേട്ടനെ വല്ലാതെ ആധി പിടിപ്പിക്കുന്നത്.

പ്രമീള ദിവസവും ജോലിക്ക് ഓഫീസിൽ പോകുന്നയാളാണ്. മക്കൾ സ്‌കൂളിലും പോയിക്കഴിഞ്ഞാൽ വീട്ടിൽ രാജേട്ടൻ ഒറ്റക്കാണ്. പോരാത്തതിന് ഈയടുത്തകാലത്തായി അപ്പലാച്ചിയൻ മലയിലെ അപ്പലാച്ചിയൻ ട്രെയിലിനടുത്തുള്ള ഏതോ ഒരു സ്പോട്ടിൽ രാജേട്ടൻ ഇടയ്ക്കിടെ ഒറ്റക്ക് ചില രാത്രികളിൽ ക്യാമ്പ് ചെയ്യാറുള്ള കാര്യവും രാജേട്ടൻ ഓർത്തു. പോരാത്തതിന് ഷനൻഡോവയിൽ പോകുന്നതിന്റെ മുന്നിലത്തെ വീക്കെന്ഡിലെ ശനിയാഴ്ച രാത്രിയും രാജേട്ടൻ മലമുകളിൽ ഒറ്റക്കായിരുന്നു. ശനിയാഴ്ച ഉച്ചക്കടുപ്പിച്ച് കാറുമെടുത്ത് പോയി, റൂട്ട് 7 ന്റെ വഴിയരികിൽ പാർക്ക് ചെയ്തിട്ടാണ് രാജേട്ടന്റെ ഒറ്റക്കുള്ള ക്യാംപിങ് ആരംഭിക്കുന്നത്. പിറ്റേന്ന് ഉച്ചയാവുമ്പോൾ തിരിച്ച് വരും. അതാണ് അദ്ദേഹത്തിൻറെ പതിവ്. 

പോരാത്തതിന് രാജേട്ടന് അയൽക്കാരിയായി ഒരു ഇംഗ്ളീഷുകാരി ഉണ്ടായിരുന്നു. രണ്ട് ചെറിയ പെണ്മക്കളുടെ അമ്മ. പരിഷ്കരിച്ച രീതിയിൽ വസ്ത്രങ്ങളൊക്കെ കുറച്ചധികം കുറച്ച് ഉപയോഗിക്കുന്ന ഒരു പത്രാസുകാരി. മക്കളുടെ അച്ഛൻ അവരുടെ കൂടെ ഇപ്പോഴില്ല. ഇടക്ക് ഏതോ ഒരാൾ അവിടെ വന്ന് താമസിക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രമീളക്ക് ഈ ഇംഗ്ളീഷുകാരിയെ അത്രക്കങ്ങ് പഥ്യമില്ല. രാജേട്ടൻ, രാജേട്ടന്റെ വീടിന്ന് പിന്നിലെ അടുക്കളത്തോട്ടത്തിൽ മസിലൊക്കെ കാണിച്ച് കൊത്തിപ്പറിക്കുകയും വെള്ളം നനയ്ക്കുകയും തക്കാളിപ്പഴങ്ങൾ പറിക്കുമ്പോഴുമൊക്കെ ഈ ഇംഗ്ളീഷുകാരി, അവരുടെ ഡെക്കിൽ ഒരു കാപ്പിയുമായി വന്നിരുന്ന് രാജേട്ടനുമായി നർമ്മഭാഷണങ്ങളിൽ ഏർപ്പെടാറുണ്ടായിരുന്നു. അത്തരം ഭാഷണങ്ങളിൽ നിന്ന് കിട്ടിയ  വിവരങ്ങൾ രാജേട്ടൻ ഇടക്ക് പ്രമീളയോടും പറയാറുണ്ട്. അതോടെ പ്രമീളക്ക് ആ ഇംഗ്ളീഷുകാരിയെ കണ്ണെടുത്താൽ കണ്ടു കൂടാതായി. ആ ആംഗലേയനാരിയോടുള്ള ഇടപെടൽ സൂക്ഷിച്ച് വേണം എന്നൊരു താക്കീതും പ്രമീള കൊടുത്തിരുന്നു.

ഈപ്പറഞ്ഞ കാര്യങ്ങളുടെയോ  മറ്റോ പേരിൽ പ്രമീളക്ക് ചില സംശയങ്ങൾ ഉണ്ടായിക്കാണുമോ എന്നായിരുന്നു രാജേട്ടന്റെ ആധിയും ചിന്തയും. പ്രമീള അങ്ങനെയൊന്നും പറഞ്ഞില്ലെങ്കിലും, അവൾ അങ്ങനെത്തന്നെയാണ് ചിന്തിക്കുന്നതെന്ന് രാജേട്ടൻ സംശയിച്ചു. 

ഈ സമയമാവുമ്പഴേക്കും എല്ലാവരും വീടിനുള്ളിലേക്ക് കയറിക്കഴിഞ്ഞിരുന്നു. അടുക്കളയടക്കമുള്ള ഫാമിലി ഏരിയയിൽ ഇരുന്നാണ് പിന്നെയുള്ള ചർച്ചകൾ നടന്നത്. കണ്ടുകിട്ടിയ ഫോൺ ആരുടേതാണെന്ന മാതാപിതാക്കളുടെ മാനസിക സംഘർഷത്തിനിടയിൽ, കാറിന്നകം വൃത്തിയാക്കിയതായി പ്രഖ്യാപിച്ച്, മക്കൾ അവരുടേതായ വ്യാപാരങ്ങളിൽ മുഴുകിയതൊന്നും രാജേട്ടനും പ്രമീളയും അറിഞ്ഞില്ല.

"ഫോൺ നഷ്ടപ്പെട്ടവർ ഫോണും അന്വേഷിച്ച് ഈ ഫോണിൽ വിളിക്കുമല്ലോ... നമുക്കത് വരെ കാത്തിരിക്കാം..." രാജേട്ടനാണ് പറഞ്ഞത്.

"അത് ശരിയാ... എന്നാലും നിങ്ങൾക്കറീല്ലാ...?" പ്രമീളയുടെ ശബ്ദത്തിന് മേലെ അവരുടെ ശ്വാസത്തിന്റെ സീൽക്കാരം പ്രകടമായി കേൾക്കാമായിരുന്നു.

"ഇനി ഞാൻ തലയും കുത്തിനിന്ന് പറയണോ...? എനിക്കറീല്ലാന്ന് എത്ര തവണ പറഞ്ഞു...?" രാജേട്ടന് ദേഷ്യം വരുന്നുണ്ടായിരുന്നു.

"നിങ്ങളറിയുന്ന ആരുടേതെങ്കിലുമായിരിക്കും... അല്ലാതെങ്ങനെയാ...?" 

"മണ്ണാങ്കട്ട... അതെ... ഇത് അപ്പുറത്തെ മറ്റവളുടെ ഫോണാണ്..." അതും പറഞ്ഞ് രാജേട്ടൻ വസ്ത്രം മാറ്റാനായി മുറിയിലോട്ട് പോയി. 

രാജേട്ടൻ, വസ്ത്രങ്ങൾ മാറ്റിവരുമ്പോഴും, പ്രമീള നേരത്തെ ഇരുന്നിരുന്നിരുന്ന  അതേ ഇരുപ്പിൽത്തന്നെ, കളഞ്ഞ് കിട്ടിയ ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഇരിപ്പായിരുന്നു. അദ്ദേഹം പ്രമീളയുടെ അടുത്ത് ചെന്നിരുന്നു.

"ഒരു കാര്യം ചെയ്യാം... നമുക്കീ ഫോൺ പോലീസിലേൽപ്പിക്കാം... ഇവിടെ വച്ചിരിക്കണ്ട..." 

"അതെ... അതെന്നയാ ഞാനും ആലോചിക്കുന്നത്... അതോടെ എല്ലാത്തിനും ഒരു തീരുമാനം ആകുമല്ലോ... മനസ്സിന് സമാധാനം കിട്ടുമല്ലോ..." രാജേട്ടൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല.

അപ്പോഴാണ് എല്ലിക്കോട്ട് സിറ്റിയിൽ താമസിക്കുന്ന ശ്രീധരന്റെ വിളി രാജേട്ടന് വന്നത്. വെറുതെ സല്ലപിക്കാൻ വേണ്ടിയുള്ള ഒരു വിളി മാത്രമായിരുന്നു അത്. സംസാരത്തിനിടയിൽ, അവിടെയുണ്ടായ പുതിയ സംഭവവികാസം, രാജേട്ടൻ ശ്രീധരനോട് തമാശാരൂപത്തിൽ വിവരിച്ചു. അട്ടഹസിച്ചുകൊണ്ടുള്ള ചിരിയായിരുന്നു ആദ്യത്തെ മറുപടി. എന്തായാലും കാര്യങ്ങളൊക്കെ ഗ്രഹിച്ച ശ്രീധരനാണ്, പോലീസിൽ ഏൽപ്പിക്കുന്നതിന് മുന്നേ ഒരു മുഴുവൻ ദിവസം ഫോൺ വീട്ടിൽത്തന്നെ സൂക്ഷിക്കാൻ നിർദ്ദേശിച്ചത്. അതിനിടയിൽ ആരെങ്കിലും വിളിച്ചാൽ അവർക്ക് ഫോൺ കൈമാറാനുള്ള ഏർപ്പാട് ചെയ്യുക, അഥവാ ആരും വിളിച്ചില്ലെങ്കിൽ നേരെ പൊലീസിന് കൈമാറുക. ആ നിർദ്ദേശം പ്രമീളക്കും സ്വീകാര്യമായിരുന്നു.

അതിനിടയിൽ രാജേട്ടൻ, ഫോൺ ഒന്ന് പരിശോധിച്ചു. അതിന് വാൾ പേപ്പറായോ സ്‌ക്രീൻ സേവറായോ ആരുടേയും ഫോട്ടോ ഉണ്ടായിരുന്നില്ല. കവറിന്റെ ഉള്ളലോ പുറത്തോ അടയാളങ്ങളോ മേൽവിലാസങ്ങളോ ഉണ്ടായിരുന്നില്ല. ഏകദേശം 95 ശതമാനം ബാറ്ററി ചാർജ്ജും നിലവിലുണ്ട്. ഒന്നുരണ്ട് ഊഹപ്പാസ്‌വേഡുകൾ കൊടുത്തു നോക്കിയെങ്കിലും ഫോൺ തുറക്കാൻ പറ്റിയില്ല. പിന്നെ ഒരിക്കലും തുറക്കാൻ പറ്റാതായിപ്പോകേണ്ട എന്ന് കരുതി രാജേട്ടൻ ആ ശ്രമം തുടർന്നില്ല. നിറയെ പൂക്കളുള്ള ആ ഫോൺ കവറിൽ നിന്ന് ചോരയൊലിക്കുന്നുണ്ടോ എന്ന് രാജേട്ടൻ സംശയിച്ചു ഒടുവിൽ ആ ഫോൺ, ഫാമിലി ഏരിയയിലെ ടീപ്പോയിയുടെ മേലെ മലർന്ന് കിടന്ന് വിശ്രമത്തിലായി.

എങ്ങനെയായിരിക്കാം ഈയൊരു ഫോൺ വണ്ടിയിൽ കയറി ഇരിപ്പായത് എന്നതിനെക്കുറിച്ച് രാജേട്ടൻ ഗഹനമായി ചിന്തിച്ചു. skyline driveലൂടെയുള്ള യാത്രയിൽ ഏകദേശം എട്ടോളം view point കളിൽ കാഴ്ചകൾ കാണാൻ വേണ്ടി കാർ നിർത്തിയിട്ടുണ്ട്. ഉച്ചക്ക്, കൂടെ വേറൊരു കാറിൽ അനുഗമിച്ചിരുന്ന വിനീതിന്റേയും രജനിയുടെയും അവരുടെ മകന്റെയും കൂടെ ഒരു പാർക്കിലിരുന്ന്  ലഞ്ച് കഴിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിൽ വച്ചും കാറിൽ നിന്ന് ദൂരേക്ക് പോകുമ്പോൾ കാർ ലോക്ക് ചെയ്തതായിട്ട് തന്നെയാണ് ഓർമ്മ. skyline drive ലേക്ക് പോകുന്ന വഴിയിൽ ഒരു ഗ്യാസോലിൻ കടയിൽ കയറി എല്ലാവരും ശൗച്യാലയങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവിടെയും കാർ ലോക്ക് ചെയ്തിരുന്നു.

ഏതെങ്കിലും view point ൽ നിർത്തിയപ്പോൾ ദൂരെയെവിടെയും പോകുന്നില്ലല്ലോ എന്ന് കരുതി ചിലപ്പോൾ കാർ ലോക്ക് ചെയ്തിട്ടുണ്ടായിരിക്കില്ലേ എന്നൊരു സംശയവും രാജേട്ടനിൽ ഉടലെടുത്തു. അത്തരം view point കളിൽ മാത്രമായിരുന്നു കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. അഥവാ അങ്ങനെ കാർ ലോക്ക് ചെയ്യാതിരുന്ന അവസ്ഥയിൽ വേറെ ആരെങ്കിലും എന്റെ കാർ അവരുടേതാണെന്ന് കരുതി, ഫോട്ടോ ഒക്കെ എടുത്തതിന് ശേഷം, ഫോൺ കൈയ്യിൽത്തന്നെ പിടിക്കാനുള്ള  അസൗകര്യം കൊണ്ട് എന്റെ കാർ തുറന്ന്, അതിന്റെ ഡോർ പോക്കറ്റിൽ ഫോൺ വച്ചതായിരിക്കുമോ? അല്ലാത്തെ വേറൊരു സാധ്യതയും രാജേട്ടൻ കണ്ടില്ല. എന്നാലും ഇത്ര നേരമായിട്ടും ആരെങ്കിലുമൊരാൾ ഈ ഫോണിലേക്കൊന്ന് വിളിക്കാത്തതെന്ത്? വേറെ എന്തെങ്കിലും തട്ടിപ്പ് പരിപാടികളോ മറ്റോ ആയിരിക്കുമോ? രാജേട്ടന്റെ ചിന്തകൾ കാട് കയറി.

ഓരോ പത്ത് മിനുട്ടിലും രാജേട്ടനും പ്രമീളയും ആ ഫോണെടുത്ത് ആരുടെയെങ്കിലും മിസ്സ്ഡ് കാൾസ് ഉണ്ടോ എന്ന് പരിശോധിക്കും. അതിന്റെ ശബ്ദമാനത്തിന്റെ തോത് ഏറ്റവും കൂടുതലായിട്ട് തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത് എന്ന് ഉറപ്പിക്കും. പക്ഷേ അന്ന് രാത്രി കിടക്കുന്നത് വരെയും ആരും വിളിച്ചില്ല. 

"ഞാനീ ഫോൺ നാളെ തിങ്കളാഴ്ച പോലീസ് സ്റ്റേഷനിലേൽപ്പിച്ചോളാം..." പിറ്റേന്ന് ഞായറാഴ്‌ച കാലത്ത് രാജേട്ടൻ പ്രമീളയോട് പറഞ്ഞു.

"അതെന്താ ഇന്ന് ഞായറാഴ്ച പോലീസ് സ്റ്റേഷൻ തുറക്കൂലേ..." പ്രമീളയുടെ ആ ചോദ്യത്തിന് രാജേട്ടന് ഉത്തരം ഉണ്ടായിരുന്നില്ല.

രാജേട്ടൻ നേരെ ഗൂഗിളിൽ നോക്കി അടുത്തുള്ള പോലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ തപ്പിയെടുത്തു; വിളിച്ചു. കാര്യങ്ങൾ പറഞ്ഞു. രാജേട്ടൻ പറഞ്ഞതൊക്കെ അവർ സാകൂതം കേട്ടു. രാജേട്ടൻ എന്തൊക്കെയാണ് പറയുന്നതെന്ന് പ്രമീളയും ശ്രദ്ധിച്ചിരിപ്പാണ്. ഇടക്ക് രാജേട്ടൻ പറയുന്നതിനെ തിരുത്താനൊക്കെ പതുക്കെ സംസാരിച്ചും ആംഗ്യം കൊണ്ടും പ്രമീള ശ്രമിച്ചെങ്കിലും രാജേട്ടൻ അതൊന്നും വകവച്ചില്ല.

ഈയൊരു കാര്യമായത് കൊണ്ട്, അത്രയൊന്നും സീരിയസ് അല്ലാത്ത കാര്യമായത് കൊണ്ട്, ഒരു ദിവസം കൂടി ആ ഫോൺ വീട്ടിൽത്തന്നെ സൂക്ഷിക്കാൻ ഉപദേശിച്ചത്, ആ പോലീസ് സ്റ്റേഷനിലെ റിസപ്‌ഷനിൽ നിന്ന് സംസാരിച്ച പോലീസുകാരിയാണ്. എന്നിട്ടും ആരും വിളിച്ചില്ലെങ്കിൽ തിങ്കളാഴ്ച ഒന്നുകൂടി അവരെ വിളിച്ചിട്ട് ഫോൺ ഏൽപ്പിക്കാനായിരുന്നു ഉപദേശം.

ഒരു ദിവസം കൂടി ആ ഫോൺ വീട്ടിൽ സൂക്ഷിക്കണമല്ലോ എന്ന ചിന്തയിലായിരുന്നു പ്രമീള. 

"നാളെ പോലീസ് സ്റ്റേഷനിൽ ഫോൺ കൊണ്ടുപോയി കൊടുക്കുമ്പോൾ ഞാനും വരും..." 

"അതെന്താ... ഞാൻ അവർക്ക് കൊടുക്കാതെ വേറെ എന്തെങ്കിലും ചെയ്യുമോന്ന് .വിചാരിച്ചിട്ടാ...?" രാജേട്ടന് ചിരി വന്നു.

"ഏയ് അങ്ങനെയൊന്നും അല്ല..." പ്രമീളയുടെ ചിരിയിൽ ചെറിയ വിളർച്ച ഉണ്ടോയെന്ന് രാജേട്ടൻ സംശയിച്ചു.

"അപ്പോ നീ നാളെ ഓഫീസിൽ പോകുന്നില്ലേ ...?

"ഇല്ല... ഇതിനൊരു തീരുമാനം ആവട്ടെ..."

"എന്ത് തീരുമാനിക്കാനാണ്...?" രാജേട്ടന് പൊട്ടിച്ചിരിക്കാതെ വയ്യായിരുന്നു.

"ഹ്ഉം... നീ എന്തേലും ചെയ്യ്..."

പിറ്റേന്ന് തിങ്കളാഴ്ചവരെയും ആ ഫോൺഭൂതത്തിൽ ആരും വിളിക്കാഞ്ഞത്, പ്രമീളയെയും രാജേട്ടനേയും വിവിധതരത്തിൽ അലോസരപ്പെടുത്തി.

തിങ്കളാഴ്ച കാലത്ത് ഏകദേശം പത്ത് മണിയോടെ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഞായറാഴ്ച വിളിച്ചപ്പോൾ എടുത്ത ആളായിരുന്നില്ല തിങ്കളാഴ്ച വിളിച്ചപ്പോൾ എടുത്തത്. എന്തായാലും പോലീസ് സ്റ്റേഷനിലേക്ക് ഫോണുമായി ചെല്ലാൻ വേണ്ടി അവർ നിർദ്ദേശം കൊടുത്തു. രാജേട്ടനും, ഓഫീസിൽ പോകാതെ 'പരനാരീഫോൺ' പൊലീസിന് കൈമാറുന്നുണ്ടെന്ന് ഉറപ്പിക്കാനായി മാത്രം അന്ന് അവധിയെടുത്ത പ്രമീളയും പോലീസ് സ്റ്റേഷനിലേക്ക് ചെന്നു.

സ്റ്റേഷനിൽ എത്തിയപ്പോൾ കാര്യം കുറച്ച് കൂടെ ഗൗരവമായി. സ്റ്റേഷനിൽ ചാർജ്ജുണ്ടായിരുന്ന പോലീസ് ഓഫീസർ രണ്ടുപേരുടെയും വിശദമായ മൊഴിയെടുത്തു. എന്നിട്ട് ഫോൺ കൈമാറാൻ രണ്ട് ഐച്ഛികങ്ങൾ കൊടുത്തു. 

ഒന്നുകിൽ ലീസ്ബർഗിലുള്ള അവരുടെ ഹെഡ് ക്വാർട്ടേസിൽ ഏൽപ്പിക്കുക അല്ലെങ്കിൽ അവർക്ക് കൊടുത്തിരിക്കുന്ന വിസിറ്റിങ് കാർഡിൽ പറഞ്ഞിരിക്കുന്ന പോലീസ് ഓഫിസറെ വിളിച്ച്, അദ്ദേഹം പറയുന്നത് പോലെ ചെയ്യുക.

പോലീസ് സ്റ്റേഷനിൽ പോയിട്ടും മൊഴി കൊടുത്തിട്ടും കൈയ്യിൽത്തന്നെ ഒഴിയാബാധയായി മാറിയ ഫോണിനെ രാജേട്ടനും പ്രമീളയും ഭീതിയോടെ നോക്കി. രണ്ടുപേരുടെയും ഭീതികൾ വ്യത്യസ്തമായിരുന്നെന്ന് മാത്രം.

അവിടെവച്ച് തന്നെ അവർ രണ്ടുപേരും ഒരു തീരുമാനം എടുത്തു. പ്രവർത്തി ദിവസമായ തിങ്കളാഴ്ച, ഇരുപത് മൈലുകളോളം ദൂരെയുള്ള ലീസ്ബർഗിൽ പോയിവരുന്നതിനേക്കാൾ നല്ലത് അവർ തന്ന കാർഡിൽ പറഞ്ഞിരിക്കുന്ന പോലീസ് ഓഫീസറെ വിളിക്കുന്നതാണ്. പ്രമീള ഓഫീസിൽ പോകുന്നില്ലെങ്കിലും, രാജേട്ടന് ജോലിയും ഓഫീസ് മീറ്റിങ്ങുകളും ഉള്ളതാണ്.  കാർഡിൽ പറഞ്ഞ പോലീസ് ഓഫീസറെ രാജേട്ടൻ വിളിച്ചു.

"ഞാനിപ്പോൾ തിരക്കിലാണ്... തിരിച്ച് വിളിക്കാം... ഓക്കേ..."

പോലീസുകാരന്റെ മറുപടി കേട്ട രാജേട്ടനും പ്രമീളയും തിരിച്ച് വീട്ടിലേക്ക് പോയി. രാജേട്ടൻ അദ്ദേഹത്തിൻറെ ഓഫീസ് ജോലികൾ തുടങ്ങിയപ്പോൾ, പ്രമീള അടുക്കളക്ക് മുന്നിലെ സോഫയിൽ നീണ്ട് നിവർന്ന് കണ്ണുമടച്ചിരുന്നു. പോലീസ് ഓഫീസറുടെ വിളിയും പ്രതീക്ഷിച്ചാണ് ആ ഇരിപ്പെന്ന്‌ പ്രമീളയുടെ ഇരുപ്പ് കണ്ടപ്പോൾ രാജേട്ടന് ഉറപ്പായിരുന്നു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും; രാജേട്ടന്റെ ഫോൺ റിങ് ചെയ്തു. ഒന്നാമത്തെ ബെല്ലിൽത്തന്നെ മുകളിലത്തെ നിലയിൽ ജോലിചെയ്തുകൊണ്ടിരുന്ന രാജേട്ടന്റെ അടുത്തത്തേക്ക് പ്രമീള എത്തി.

"ഞാനിപ്പോൾ നിങ്ങളുടെ വീടിന്റെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്... നിങ്ങൾക്ക് വീണ്ടും ഒന്നുകൂടി പോലീസ് സ്റ്റേഷനിലേക്ക് ഫോണുമായി വരാമോ...?

"വരാം സാർ..."

"ആൾറൈറ്റ്..."

"നീയിവിടെത്തന്നെയിരുന്നോ... ഞാൻ പോയി ഫോൺ ഏല്പിച്ചിട്ട് വരാം... ഇനി ഫോൺ കൊടുക്കാതെ വരാൻ എനിക്ക് പറ്റില്ലല്ലോ..." പ്രമീള ഇനിയും ബുദ്ധിമുട്ടേണ്ടെന്ന് കരുതി രാജേട്ടൻ അവസാനമായി ഒന്ന് പറഞ്ഞ് നോക്കി.

"എന്തായാലും ഇതുവരെ കാത്തുനിന്നതല്ലേ... കുഴപ്പമില്ല...ഞാനും കൂടെ വരാം..." പ്രമീള ഉറച്ച തീരുമാനത്തിലായിരുന്നു.

"ഹ്ഉം..." രാജേട്ടൻ ഒന്നമർത്തിയാണ് മൂളിയത്. ഫോണാണോ അതോ പ്രമീളയാണോ ഒഴിയാബാധ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

രാജേട്ടനും പ്രമീളയും പോലീസ് സ്റ്റേഷനിൽ പോയി ഫോണിൽ ബന്ധപ്പെട്ട പോലീസുകാരനെ കണ്ട്, ബാധകയറി ജേഷ്‌ഠയായി കയറിവന്ന, പൂക്കൾ നിറഞ്ഞ 'പരനാരീഫോൺ' അദ്ദേഹത്തിന് കൈമാറി. സ്റ്റേഷനിൽ നിന്നും  തിരിച്ച് വരുന്ന വഴി, സ്വീറ്റ് ഫ്രോഗിൽ നിന്ന് ഒരു ചെറിയ കപ്പ് സ്ട്രാബെറി ഐസ്ക്രീം, പ്രമീള രാജേട്ടന് സ്നേഹപൂർവ്വം വാങ്ങിക്കൊടുത്തു.

"ഞാൻ  ഓഫീസിൽ പോവ്വാണേ... ഇന്നത്തെ അവധി... ഞാനത് ഹാഫ് ഡേയാക്കി മാറ്റീട്ട്ണ്ട്... ബൈ ബൈ..."

തിരിച്ച് വീട്ടിൽ വന്നതിന് ശേഷം, കൈവീശി ചിരിച്ചുകൊണ്ട് ഓഫീസിലേക്കിറങ്ങുന്ന പ്രമീളയെക്കണ്ടപ്പോൾ, കൈവീശുന്നതിന് പകരം, അറിയാതെ രാജേട്ടൻ കൈകൂപ്പിപ്പോയി! കൈകൂപ്പിയ രാജേട്ടനെ കണ്ട് പ്രമീള പൊട്ടിച്ചിരിച്ചു!!

***