2022, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഓർമ്മകളിലെ നായീന്റെ മക്കൾസ്

(Picture Courtesy: Google)

തലക്കുറി കണ്ടിട്ട് ഏതെങ്കിലും മനുഷ്യരൂപികളെ തെറി പറഞ്ഞതായിരിക്കുമെന്ന് ഒരിക്കലും തെറ്റിദ്ധരിച്ച് പോകരുത്. തെരുവ് പട്ടികളെക്കുറിച്ച് ഘോരഘോരം വാർത്തകൾ വരുന്ന ഇക്കാലത്ത്, ഞാൻ മുഖാമുഖം അടുത്ത് കണ്ടിട്ടുള്ള, അല്ലെങ്കിൽ കാണേണ്ടിവന്നിട്ടുള്ള ചില പട്ടികളെ നിങ്ങൾക്ക് പരിചയപ്പെടുത്താമെന്ന് കരുതി, അത്രമാത്രം. പട്ടികളെക്കുറിച്ച് പറയുന്ന ഈ എഴുത്തിന്, 'നായീന്റെ മക്കൾ' എന്ന് എന്തിനാണ് തലവാചകം ഇട്ട് അസഭ്യം പറയുന്നത് എന്നും ചില നിപുണന്മാർ വിമർശിച്ചേക്കാം. അതിൽ വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം നായ = പട്ടി = ശുനകൻ = ശ്വാനൻ എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. പക്ഷേ, 'ശ്വാനൻ' എന്ന വാക്ക് കുറച്ച് കൂടി കൂടുതൽ സഭ്യവും, 'നായ' എന്നത് കുറച്ച് അസംസ്‌കൃതവുമാണെന്ന് കരുതുന്നവർ എന്നോട് പൊറുക്കുക. 'അധോവായു' എന്ന വാക്ക് ഉണ്ടാക്കുന്ന നാറ്റം, 'വളി' എന്ന വാക്ക് കേട്ടാൽ ഉണ്ടാകുന്ന നാറ്റത്തെക്കാൾ കുറവാണ് എന്ന് ശഠിക്കുന്നവരും എന്നോട് പൊറുക്കുക! ചില നായ്ക്കൾക്ക് ഉണ്ടായ ചില മക്കൾ മാത്രമാണ് നായീന്റെ മക്കൾ!! അത്തരത്തിൽ പരിചയമുള്ള ചില മക്കളെക്കുറിച്ച് പറയുന്നു എന്ന് മാത്രം.

എനിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോൾ, ഞാൻ താമസിച്ചിരുന്നത് അച്ഛാച്ഛനും അച്ഛമ്മയും താമസിക്കുന്നിടത്തായിരുന്നു. പുതിയവീട്ടിൽ എന്ന് പറയും. അവിടെ അന്നൊരു പെൺപട്ടിയുണ്ടായിരുന്നു. കൊടിച്ചിപ്പട്ടി എന്ന് പറഞ്ഞ് ഞാൻ അതിന്റെ വില കളയുന്നില്ല! അതിന്റെ പേര് എന്താണെന്നൊന്നും ഓർമ്മയില്ല. അതിനെ ഗർഭിണിയായിട്ടോ അല്ലെങ്കിൽ കുറേ പട്ടിക്കുഞ്ഞുങ്ങൾക്കൊപ്പമോ മാത്രമേ ഞാൻ കണ്ടതായോർക്കുന്നുള്ളൂ. അച്ഛമ്മ മീൻ മുറിക്കുമ്പോൾ അതിന് ചുറ്റും ഈ പട്ടിയമ്മയും കുഞ്ഞുങ്ങളും കാണും. അച്ഛമ്മ ഒരു നീളൻ വടി അടുത്ത് വച്ചത് കൊണ്ടാവണം, ആ പട്ടിയമ്മ ഒരു നിശ്ചിത അകലത്തിൽ അതിന്റെ മക്കളെയും കൊണ്ട് അച്ചടക്കത്തോടെ നിന്നത്. വടിയുണ്ടായിട്ടും, അത് കണ്ടെന്ന് നടിക്കാതെ, കിട്ടിയ തഞ്ചത്തിൽ അവിടെയുണ്ടായിരുന്ന കണ്ടൻ പൂച്ച മീൻ കട്ടെടുക്കുന്നത് പോലും ഒരു നിസ്സംഗഭാവത്തിൽ നോക്കി നിൽക്കാനേ ആ പട്ടിയമ്മ ശ്രമിച്ചിട്ടുള്ളൂ.  ആർത്തി മൂത്തിരിക്കുന്ന പട്ടിക്കുഞ്ഞുങ്ങൾ, അച്ഛമ്മയുടെ സമീപത്ത് എത്തിപ്പെടാതിരിക്കാനും ആ പട്ടിയമ്മ ജാഗ്രത കാണിച്ചിരുന്നു. അച്ഛമ്മ ഇടയ്ക്കിടെ എറിഞ്ഞ് കൊടുക്കുന്ന മീൻ വേസ്റ്റുകൾ, സർക്കസ്സുകാരിയുടെ മെയ്‌വഴക്കത്തോടെ ചാടിപ്പിടിച്ച്, സ്വയം തിന്നാതെ, മക്കൾക്ക് കൊടുക്കുന്ന ആ കാഴ്ച, തീർത്തും സ്നേഹാർദ്രമായിരുന്നു.

പുതിയേടത്ത് വീട്ടിലെയും, അതിന് താഴെയുള്ള താഴെ പുതിയേടത്ത് വീട്ടിലെയും, മുകളിലത്തെ പറമ്പിലായുള്ള കയനിപ്പൊയിൽ വീട്ടിലെയും മീൻവേസ്റ്റുകൾ ഈ പട്ടിക്കുടുംബത്തിന്റെ കുത്തകാവകാശമായിരുന്നെന്ന് പറയാം. പക്ഷേ അതുകൊണ്ടൊന്നും അവയുടെ വയർ നിറയുമായിരുന്നില്ല.  അതുകൊണ്ടാവണം, ആ പട്ടിക്കുടുംബത്തിന്റെ ബാക്കിനേരത്തെ പൊറുതി പനോളിപ്പോയിൽ കള്ള് ഷാപ്പിലേക്ക് മാറ്റിയത്. തട്ടുകളായി തിരിച്ചിരിക്കുന്ന പറമ്പിലെ, ഒരു തിട്ടയുടെ ചെരിവിൽ സ്വയം കുഴിച്ചുണ്ടാക്കിയ മടയിലാണ് രാത്രി താമസമെങ്കിലും, ഉച്ച നേരത്തുള്ള കുറച്ച് സമയമൊഴിച്ചാൽ, പകൽ നേരം അധിക സമയവും കള്ള് ഷാപ്പിന്റെ പിന്നാമ്പുറത്തായിരിക്കും.

പ്രസവസമയത്ത് അഞ്ചാറ് പട്ടിക്കുഞ്ഞുങ്ങൾ ഉണ്ടാകുമെങ്കിലും, ഷാപ്പിൽ നിന്ന് മടങ്ങുന്ന വരവിൽ, ചിലദിവസങ്ങളിൽ കുട്ടികൾ കുറഞ്ഞിരിക്കും. ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ, അതോ, ഭക്ഷണത്തിന് വേണ്ടി ആർക്കെങ്കിലും വിറ്റതാണോ എന്നൊന്നും ചോദിക്കാൻ പറ്റാത്തത് കൊണ്ട്, ഞങ്ങൾ വെറും കാഴ്ചക്കാരായിരുന്നു. ഷാപ്പിൽ പോകുന്ന പട്ടിയായത് കാരണമായിരിക്കണം, അതിന്റെ കൂടെ കളിക്കാൻ ഞങ്ങൾ കുട്ടികൾക്ക് അനുവാദമുണ്ടായിരുന്നില്ല. രാത്രികാലത്ത് സെക്യൂരിറ്റി നിൽക്കുന്ന ഗൂർഖകൾ, അവർ ഉറങ്ങിയിട്ടില്ലെന്നും, ജോലിയെടുക്കുന്നുണ്ടെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഇടയ്ക്കിടെ വടി നിലത്തടിച്ച് ശബ്ദമുണ്ടാക്കുന്നത് പോലെ, ഈ പട്ടിയമ്മയും കുഞ്ഞുങ്ങളും ഇടയ്ക്കിടെ പാതിരാത്രി സമയത്ത് കുരച്ച് രാത്രികാലത്തെ സെക്യൂരിറ്റി പണി നന്നായെടുക്കുണ്ടെന്ന് വീട്ടിലെ അധികാരികളെ ബോധ്യപ്പെടുത്തിയതിനാൽ, തിട്ടച്ചെരുവിലെ മടയിലെ അവയുടെ താമസത്തിന് ആരും വിലക്ക് കല്പിച്ചിരുന്നില്ല. 

അങ്ങനെയിരിക്കേ പട്ടിയമ്മയുടെ കൂടെ ഒരു കറുത്ത ആൺ പട്ടിക്കുഞ്ഞ് മാത്രം ബാക്കിയായി. ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒരു ദിവസം, സാധാരണയായി വൈകുന്നേരങ്ങളിൽ കള്ള് ഷാപ്പിൽ നിന്നും പട്ടികൾ മടങ്ങിയെത്തുന്ന സമയത്ത് പട്ടിയമ്മ വീട്ടിൽ തിരിച്ചെത്തിയില്ല. കറുത്ത പട്ടിക്കുഞ്ഞ് മാത്രം ഒറ്റക്കാണ് വന്നത്. പിന്നീടൊരിക്കലും ആ അമ്മപ്പട്ടി വീട്ടിലേക്ക് മടങ്ങി വന്നില്ല. ആരും അന്വേഷിക്കാനോ ചോദിക്കാനോ പോയില്ല. അങ്ങനെയിരിക്കെയാണ്, ഞാൻ കാഞ്ഞിലേരി മഞ്ഞങ്കരയിലുള്ള എന്റെ അമ്മ വീട്ടിൽ പോയത്. അവിടെയെത്തിയപ്പോൾ അതാ, അവിടെ വേറൊരു കറുത്ത പട്ടിക്കുഞ്ഞ്. അവനൊരു പേരുമുണ്ട്, ടൈനി. പുതിയേടത്തെ കറുത്ത പട്ടിക്ക് ഞങ്ങൾ പേരൊന്നും ഇട്ടിരുന്നില്ല. കോഴികളെ വിളിക്കുമ്പോലെ 'ബ്ബ.. ബ്ബ.. ബ്ബ' എന്ന് മാത്രം വിളിക്കുമ്പോൾ, അടുത്തുണ്ടെങ്കിൽ, അമ്മപ്പട്ടിയും മക്കളും അടുത്തെത്തും. കോഴികളെ വിളിക്കുമ്പോൾ  'ബ്ബ.. ബ്ബ.. ബ്ബ' യുടെ കൂടെ 'കോഴി' കൂട്ടി  'കോഴി ബ്ബ.. ബ്ബ.. ബ്ബ' എന്നൊരു വ്യത്യാസം ഉണ്ടാകുമെന്ന് മാത്രം.

മഞ്ഞങ്കരയിലെ ടൈനിയെ സംബന്ധിച്ചടുത്തോളം അവൻ വളരെ വ്യത്യസ്തനാണ്. അവനെ മഞ്ഞങ്കരയിൽ കൊണ്ടുവന്നത് അന്ന് ബികോമിന് പഠിക്കുന്ന ബാലമ്മാമനാണ്. എന്റെ മറ്റുള്ള അമ്മാമന്മാരൊക്കെ പത്താംക്ലാസ്സിന് മുൻപായോ അല്ലെങ്കിൽ പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷമോ പഠിപ്പ് നിർത്തിയപ്പോൾ, ബാലമ്മാമൻ മാത്രമാണ് ബികോമിലേക്ക് തേരോട്ടം നടത്തിയത്. അങ്ങനെ ബികോം പഠിക്കുന്ന അമ്മാമൻ കൊണ്ടുവന്ന നായക്കും, അല്ല പട്ടിക്കും നല്ല വിദ്യാഭ്യാസം ഉണ്ടാകണമല്ലോ. അതുകൊണ്ട് തന്നെ ടൈനിയുടെ വിദ്യാഭ്യാസം നടന്നിരുന്നത് ഇംഗ്ലീഷ് ഭാഷയിലാണ്. 

ഞാനാദ്യമായിട്ടാണ് 'കമോൺ, 'ക്വോയറ്റ്', 'സിറ്റ് ഡൌൺ', ഈറ്റ്', 'ഷേക്ക് ഹാൻഡ്', 'ഷട്ട് അപ്പ്' എന്നൊക്കെയുള്ള വാക്കുകൾ കേൾക്കുന്നത്. ഈ വാക്കുകളൊക്കെ കേൾക്കുമ്പോൾ പട്ടി ചെയ്യുന്ന ആക്‌ഷൻ, അല്ലെങ്കിൽ അവന്റെ പ്രതികരണം കണ്ടിട്ടാണ്, അതിന്റെയൊക്കെ അർത്ഥം എന്തായിരിക്കുമെന്നൊക്കെ ഞാൻ ഊഹിച്ചെടുത്തത്. എനിക്ക് വല്ലാത്തൊരത്ഭുതമായിരുന്നു. എനിക്ക് പോലും അറിയാത്ത ഇംഗ്ലീഷ് ഭാഷ അറിയാവുന്ന പട്ടി! 

രാത്രിയിലത്തെ അത്താഴം കഴിക്കാൻ എല്ലാവരും അകത്ത് പോയപ്പോൾ ഞാൻ മാത്രം ടൈനിയുടെ അടുത്തിരുന്ന് അതിനെ സാകൂതം നോക്കിയിരുന്നു. ആരും അടുത്തില്ലെന്ന് ഉറപ്പ് വരുത്തിയപ്പോൾ, ഞാൻ അന്ന് പഠിച്ച ചില ഇംഗ്ളീഷ് പദങ്ങൾ ഒന്ന് ഉപയോഗിച്ച് നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. എന്റെ ഉച്ഛാരണം ടൈനിക്ക് മനസ്സിലാകുന്നുണ്ടോ എന്നറിഞ്ഞാലല്ലേ ഞാൻ ആ വാക്ക് ശരിക്കും പഠിച്ചു എന്ന് ഉറപ്പ് വരുത്താൻ പറ്റൂ. ആ പരീക്ഷണം കൈ കൊടുത്ത് തന്നെ തുടങ്ങാം എന്ന് കരുതി, ഞാൻ ടൈനിയുടെ മുന്നിലിരുന്ന് കൊണ്ട് 'ഷേക്ക് ഹാൻഡ്' എന്നൊരു ആജ്ഞ പുറപ്പെടുവിച്ചു. ബാലാമ്മാമന്റെ കൂടെ കുറച്ച് നേരം ഒരുമിച്ച് കണ്ടതിനാൽ ടൈനിക്ക് ഇപ്പോഴെന്നെ കുറച്ചൊക്കെ അറിയാം. 

എന്നാലും എന്റെ 'ഷേക്ക് ഹാൻഡ്' എന്ന ആജ്ഞ ടൈനി ഒട്ടുമേ അനുസരിക്കുന്നുണ്ടായിരുന്നില്ല. ഇങ്ങനെയൊരുത്തൻ അവിടെ കിടന്ന് അതിനോട് സംസാരിക്കുന്നുണ്ടെന്ന് പോലും അവൻ ഗൗനിച്ചില്ല. പല ടോണിൽ 'ഷേക്ക് ഹാൻഡ്' പറഞ്ഞിട്ടും കൈ ഇത്തിരി അതിനടുത്തേക്ക് നീട്ടിയിട്ടും അവനെന്നെ നോക്കുക പോലും ചെയ്തില്ല. ഒടുവിൽ ഞാൻ പിന്മാറാൻ തന്നെ തീരുമാനിച്ചു. കുനിഞ്ഞ് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ്, പതുക്കെ അകത്തേക്ക് പോകാനായി ആദ്യത്തെ ചുവട് വെക്കാൻ ഒന്ന് ഒരുമ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. അതുവരെ അടങ്ങിയിരുന്നിരുന്ന ടൈനി, അപ്പഴേക്കും എന്റെ ഇടത്തേ കാൽമുട്ടിൽ കടിച്ച് കഴിഞ്ഞിരുന്നു. കാൽ നീങ്ങുന്ന അവസ്ഥയിലായതിനാൽ, അവന് അവന്റെ പല്ല് എന്റെ മുട്ടിലേക്ക് ആഴ്ത്താൻ പറ്റിയിട്ടുണ്ടായിരുന്നില്ല. അവന്റെ കോമ്പല്ലുകൾ കൊണ്ട് രണ്ട് ചുവന്ന വാളുകൾ വരഞ്ഞത് പോലെ മുട്ടിന് മേൽ അടയാളം വന്നു. ചോര പൊടിയുന്നതിനോടൊപ്പം അലറിവിളിച്ച് കൊണ്ട് ഞാനകത്തേക്കോടി. 

കാര്യം മനസ്സിലാക്കിയ അമ്മച്ഛൻ (അമ്മയുടെ അച്ഛൻ) ബാലമ്മാമനെ എന്തോ വഴക്ക് പറഞ്ഞു. അത് കേട്ട് ദേഷ്യം വന്ന ബാലമ്മാമൻ ടൈനിയുടെ അടുത്ത് വന്ന് 'യു ബാസ്റ്റഡ്' എന്നും വിളിച്ച് ടൈനിയുടെ കഴുത്തിൽ കെട്ടിയ പട്ട പിടിച്ച് രണ്ട് മൂന്നടി പടപടേന്ന് പൊട്ടിച്ചു. എന്റെ നിലവിളിയുടെ കൂടെ ടൈനിയും കുറച്ച് നേരം നില വിളിച്ചു. കാഞ്ഞിലേരിയെന്ന മലയോരഗ്രാമത്തിലെ മഞ്ഞങ്കര വീട്ടിൽ നിന്ന് രാത്രികാലത്തൊക്കെ ഒരു ഡോക്ടറെ തേടിപ്പോവുക അന്നത്തെ കാലത്ത് എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ എന്നെ ഒരു ഡോക്ടറെയും കാണിച്ചില്ല. പച്ചവെള്ളം കൊണ്ട് എന്റെ കാൽമുട്ടിലെ മുറിവ്  കഴുകി, അവിടെ ഉണ്ടായിരുന്ന ടിഞ്ചർ ഒരു പഞ്ഞിയിലൊഴിച്ച് മുറിവിന്റെ മേലെ വച്ച് ഒരു വെള്ള മുണ്ട് കീറിയ തുണി കൊണ്ട് കെട്ടിയതോടെ എന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞു. പേ വിഷബാധയെക്കുറിച്ചൊന്നും ആരും ഒന്ന് സംസാരിച്ചത് പോലുമില്ല. 

രണ്ട് ദിവസം കഴിഞ്ഞപ്പഴേക്കും എന്റെ കാൽമുട്ടിലെ കെട്ടഴിച്ചു. ഞാൻ പുതിയേടത്ത് തിരിച്ചെത്തി. ടൈനി കടിച്ചതിന്റെ ഭീകരമായ ഓർമ്മകൾ മനസ്സിലുണ്ടെങ്കിലും അവിടെ നിന്ന് പഠിച്ച ഇംഗ്ലീഷ് വാക്കുകൾ എന്നെ ത്രസിപ്പിച്ചിരുന്നു. ആ വിദ്യാഭ്യാസം പുതിയേടത്തുണ്ടായിരുന്ന കറുത്ത പട്ടിയിൽ പ്രയോഗിക്കാൻ ഞാൻ തീരുമാനിച്ചു. ആദ്യം ചെയ്തത്, ആ പട്ടിക്ക് ഒരു പേരിടുക എന്ന കർമ്മമായിരുന്നു. അതിന് അധികം ആലോചിക്കാനൊന്നും സമയം മിനക്കെട്ടില്ല. പുതിയേടത്തെ പട്ടിക്കും ഞാൻ ടൈനി എന്ന് തന്നെ പേരിട്ടു. എന്തായാലും പതിനഞ്ചോളം മൈലുകൾ ദൂരത്തിലുള്ള കാഞ്ഞിലേരിയിലെ ടൈനി, ഈ പുതിയേടത്തെ ടൈനിയെ കാണുവാനൊന്നും പോകുന്നില്ലല്ലോ.

പുതിയേടത്തെ ടൈനി, അതിന്റെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിൽ നല്ല രീതിയിൽ തന്നെ പുരോഗമിച്ച് വരുന്ന സന്ദർഭത്തിലായിരുന്നു ഒരു ദുഃഖവാർത്ത താഴെപുതിയേടത്ത് നിന്നും വന്നത്. പുതിയേടത്തെ പുതിയ ടൈനി, അവിടത്തെ മുറ്റത്ത് കിടന്ന് ചോര തൂറുകയും ചോര ഛർദ്ദിക്കുകയും ചെയ്യുന്നു. 

"ഷാപ്പീന്ന് ആരോ കാഞ്ഞിരക്കുരുവോ കാഞ്ഞിരത്തൊലിയോ കുപ്പിച്ചില്ലിന്റെ കൂടെ കൊടുത്തൂന്നാ തോന്നുന്നേ... അല്ലെങ്കിലിങ്ങനെ ചോര തൂറൂല്ല..." താഴെപുതിയേടത്തെ ബാലൻ വെല്ലിച്ഛൻ ആരോടെന്നില്ലാതെ പറയുന്നത് കേട്ടു. 

ഒരു കീറിയ ചാക്കിന്റെ മേലെ താഴെപുതിയേടത്തെ മുറ്റത്ത് നീണ്ട നിവർന്ന് കിടക്കുകയായിരുന്നു ടൈനി. അവശനാണ്. തല പൊക്കാൻ അതിന് പറ്റുന്നുണ്ടായിരുന്നില്ല. ചാക്കിൽ അവിടവിടെയായി ഛർദ്ദിലും അതിന്റെ അപ്പിയും ഉണ്ടായിരുന്നു. അര മണിക്കൂറിനകം അവൻ നിശ്ചലനായി. പുതിയേടത്ത് വീടിന്റെ വടക്ക് ഭാഗത്ത്, അവന്റെ അമ്മ കുഴിച്ചുണ്ടാക്കിയ മടയ്ക്ക് അടുത്തായി അവൻ അന്ത്യ വിശ്രമം കൊണ്ടു. അതൊരു വല്ലാത്ത ദുഖമായിരുന്നു. ഇംഗ്ളീഷ് വിദ്യാഭ്യാസം തുടങ്ങിയെങ്കിലും, നിത്യേനയുള്ള ഷാപ്പിൽ പോക്ക് പരിപാടി അവൻ നിർത്തിയിരുന്നില്ല. അവിടെയുണ്ടായിരുന്ന ചില സമ്പർക്ക ദോഷങ്ങളായിരിക്കാം അവന് ഈ ഗതി സമ്മാനിച്ചത്. ഷാപ്പിൽ വരുന്ന ചില പട്ടിഗ്രൂപ്പുകൾ തമ്മിലുള്ള കുടിപ്പക അതിന് വളം വച്ച് കൊടുത്തിട്ടുണ്ടാകാം.

ദിവസങ്ങൾ പോകുന്തോറും ദുഖത്തിന്റെ അളവ് കുറഞ്ഞു വരുമല്ലോ. ഞാനും പതുക്കെ നമ്മുടെ പുതിയേടത്തെ ടൈനിയുടെ ഓർമ്മകളിൽനിന്ന് മുക്തനാവാൻ തുടങ്ങി. ചാമാളി എൽ പി സ്‌കൂളിൽ പോകുന്ന വഴിക്കുള്ള വയലിൻ കരയിലാണ് പനോളിപ്പൊയിൽ കള്ളുഷാപ്പ്. കള്ളിനേക്കാൾ പ്രസിദ്ധമായിരുന്നു അവിടത്തെ ഭക്ഷണവിഭവങ്ങൾ. ഉപ്പിലിട്ട നെല്ലിക്കയും നാരങ്ങാമുട്ടായിയും കിട്ടുന്നത് കൊണ്ട്, സ്‌കൂളിൽ പോകുന്ന വഴിക്ക് ഞങ്ങൾ കുട്ടികളും അവിടെ കയറാറുണ്ടായിരുന്നു. അടുത്തെങ്ങും വേറൊരു കടകളും ഉണ്ടായിരുന്നില്ലെന്നത് ഞങ്ങളെ കള്ളുഷാപ്പിൽത്തന്നെ കയറാൻ നിർബന്ധിതരാക്കി എന്നതാണ് സത്യം. രണ്ട് പൈസക്ക് അഞ്ച് ഉപ്പിലിട്ട നെല്ലിക്ക കിട്ടുമെന്നുള്ളത് ഞങ്ങളെ സംബന്ധിച്ചടുത്തോളം അക്കാലത്തെ വലിയ ഡീലായിരുന്നു. അങ്ങനെ ഒരു ദിവസം പനോളിപ്പോയിൽ ഷാപ്പിൽ നെല്ലിക്ക വാങ്ങാൻ കേറിയപ്പോഴാണ് അവിടെ ഒരു പട്ടിയമ്മയെയും കുറെ കുഞ്ഞുങ്ങളെയും കണ്ടത്. അവയുടെ കളികൾ എന്നെയും കൂടെയുള്ള കുട്ടികളെയും ശരിക്കും രസം പിടിപ്പിച്ചു. അന്ന് വൈകുന്നേരം സ്‌കൂൾ വിട്ട്  വീട്ടിലേക്ക് തിരിച്ച് പോകുമ്പോൾ ഷാപ്പിൽ വീണ്ടും കയറി. തുടർന്ന് അവിടെയുണ്ടായിരുന്ന പട്ടിക്കുഞ്ഞുങ്ങളിൽ നിന്ന് നല്ലൊരു സുമുഖനെ എടുത്ത് വീട്ടിലേക്ക് നടന്നു. മച്ചുനൻ വിന്വേട്ടൻ എനിക്ക് സപ്പോർട്ടായിരുന്നു. പട്ടിക്കുഞ്ഞിന്റെ അമ്മ രൂക്ഷമായൊന്ന് നോക്കിയെങ്കിലും, ഞങ്ങളെ ചോദ്യം ചെയ്തില്ല. അവൻ പോയി രക്ഷപ്പെട്ടോട്ടെ എന്ന് കരുതിക്കാണും. അച്ഛാച്ഛന് പട്ടിക്കുട്ടികളെയൊന്നും വീട്ടിൽ കയറ്റുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട്, പട്ടിക്കുഞ്ഞിനെ വീട്ടിലേക്ക് കയറുന്ന നടയ്ക്കരികിലെ ചെമ്പരത്തിച്ചെടിയുടെ അടിയിൽ ഒളിപ്പിച്ചു. പക്ഷേ അവന് മിണ്ടാതിരിക്കാൻ അറിയില്ലല്ലോ. പട്ടിക്കുഞ്ഞിന്റെ ഒച്ച കേട്ട അച്ഛാച്ഛൻ ഒച്ച വെക്കാൻ തുടങ്ങി. ചോദ്യം ചെയ്യലിനൊടുവിൽ, എനിക്കും എന്റെ മച്ചുനനും അവനെ തിരിച്ച് ഷാപ്പിൽത്തന്നെ കൊണ്ടുപോയി വിടേണ്ടിവന്നു. 'നിങ്ങളെയൊക്കെ എന്തിന് കൊള്ളാം' എന്ന ഭാവമായിരുന്നു അപ്പോൾ അവന്റെ അമ്മപ്പട്ടിക്കുണ്ടായിരുന്നത്.

ആയിടയ്ക്കാണ് വീണ്ടും കാഞ്ഞിലേരിയിലേക്ക് അമ്മയുടെ കൂടെ ഒരു യാത്ര പോയത്. ഏകദേശം ഒരാഴ്ചയോളം അവിടെ നിൽക്കാനായിരുന്നു പരിപാടി. കാഞ്ഞിലേരി കുറേ ബന്ധു വീടുകളുണ്ട്. അതിലൊരു വീടായിരുന്നു, അമ്മച്ഛന്റെ അമ്മ താമസിച്ചിരുന്ന വാഴവീട്. അവിടെയുള്ള എല്ലാ വീടുകളിലും വാഴകൾ ഉണ്ടായിരുന്നെങ്കിലും, ആ വീടിന് മാത്രം എന്തുകൊണ്ട് വാഴവീട് എന്ന പേര് കിട്ടി എന്നെനിക്കറിയില്ല. വാഴവീട്ടിലും ഒരു പട്ടിയുണ്ട്, ടോമി. അവൻ ഏത് പുതിയ ആളുമായും നന്നായി ഇടപെടും. ആരെയും ഉപദ്രവിക്കില്ല. ആരോടും നല്ല മയത്തിൽ പെരുമാറുന്ന ഒരു നല്ല പട്ടി. മഞ്ഞങ്കരയിൽ നിന്ന് ഒരു കിലോമീറ്ററോളം വയലിലൂടെ നടന്നാൽ മാത്രമേ ഒരു തോട്ടുവക്കിലുള്ള വാഴവീട്ടിൽ എത്തുകയുള്ളൂ. ഞങ്ങൾ എത്ര തവണ മഞ്ഞങ്കരയിൽ നിന്ന് വാഴവീട്ടിലേക്കും, തിരിച്ചും പോയാലും ടോമി എല്ലായ്പ്പോഴും ഞങ്ങളുടെ ഒരു വഴികാട്ടിയായും സെക്യൂരിറ്റിയായും കൂടെയുണ്ടാകും. വഴിയിൽ വച്ച് ഞങ്ങൾ ആരോടെങ്കിലും സംസാരിച്ച് നിന്നാലോ മറ്റോ അവനും നിൽക്കും. പക്ഷേ ഓരോ ഇരുപതടിയിലും ഏതെങ്കിലും മരത്തിന്റെ ചുവട്ടിൽ ടോമി മൂത്രമൊഴിക്കുമ്പോൾ ഞങ്ങൾ അവനെ കാത്ത് നിൽക്കാറുണ്ടായിരുന്നില്ല. ഒരു സർവ്വതന്ത്രസ്വതന്ത്രനായിരുന്നു ടോമി. മഞ്ഞങ്കരയിലെ ടൈനി പക്ഷേ എല്ലായ്‌പോഴും ചങ്ങലയാൽ ബന്ധനസ്ഥനായിരുന്നു. ബാലാമ്മാമന്റെ സാന്നിദ്ധ്യമില്ലാതെ അവനെ പുറത്തിറക്കിയാൽ പൊല്ലാപ്പായിരുന്നു. ഒന്നുകിൽ ടൈനി മലയാളം പഠിക്കണം, അല്ലെങ്കിൽ എന്റെ അമ്മമ്മയടക്കം ബാക്കിയെല്ലാവരും ഇംഗ്ളീഷ് പഠിക്കണം എന്നതായിരുന്നു അവിടത്തെ അവസ്ഥ! 

അങ്ങനെ കാഞ്ഞിലേരിയിലുള്ള ഒരു ദിവസം സന്ധ്യക്ക്, ഞങ്ങൾ കുടുംബക്കാർ, വാഴവീടിനടുത്തുള്ള ഒരു ക്ഷേത്രത്തിലെ കാർത്തികപ്പാട്ട് മഹോത്സവത്തിന് പോയി. എന്തോ കാരണത്താൽ അമ്മ കൂടെ വന്നിരുന്നില്ല. പക്ഷേ ടോമി മുന്നിൽത്തന്നെ ഉണ്ടായിരുന്നു. ഒന്നുരണ്ട് കിലോമീറ്ററോളം നടന്ന് വേണം ക്ഷേത്രത്തിലെത്താൻ. കളമെഴുത്തും തോറ്റം പാട്ടും, കളം മായ്ക്കലുമൊക്കെ അന്നത്തെ അവിടത്തെ പ്രധാന ചടങ്ങാണ്. വൈകുന്നേരത്തെ ദീപാരാധന കഴിയുമ്പഴേക്കും നേരം ഇരുട്ടി. ഇനി കഞ്ഞികുടിച്ച് വരാമെന്നും പറഞ്ഞ് എല്ലാവരും ടോർച്ചിന്റെയും ഓലച്ചൂട്ടിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്നിറങ്ങി. അടുത്ത ചടങ്ങുകൾ ഒൻപത് മണിക്കടിപ്പിച്ചേ തുടങ്ങുകയുള്ളൂ. രാത്രിയിലെ കഞ്ഞിയും പുഴുക്കും വാഴവീടിന്റെ നേരെ മുന്നിലായി വയലിനക്കരെയുള്ള കോന്നേരി വീട്ടിലായിരുന്നു ഏർപ്പാടാക്കിയിട്ടുള്ളത്. ടോമിയാണ് ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുന്നത്. ഇടയ്ക്കിടെ പതുക്കെ കുരച്ച് അവൻ ഞങ്ങളുടെ വരവ് നാട്ടുകാരെ അറിയിക്കുന്നുണ്ട്.

വളരെപ്പെട്ടന്ന് തന്നെ എല്ലാവരും കഞ്ഞിക്കിരുന്നു. ഞാൻ വേഗം തന്നെ എല്ലാവരേക്കാൾ മുന്നേയായി കഞ്ഞികുടിച്ച് വാ കഴുകാനായി പുറത്തേക്കിറങ്ങി. ഇറയത്തിന് താഴെയുള്ള കുട്ടി ഇറയത്തിൽ ഒരു തൂണിന് താഴെയായി ബക്കറ്റിൽ വെള്ളവും പാട്ടയും വച്ചിട്ടുണ്ട്. ഞാൻ പാട്ട കൊണ്ട് വെള്ളം കോരി, വാ കുലുക്കുഴിഞ്ഞ് കൊണ്ട് പരിസരം വീക്ഷിച്ചു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമായിരുന്നത് കൊണ്ട് ഒരു മങ്ങലോടെ മാത്രമേ എന്തെങ്കിലും കാണുന്നുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ബക്കറ്റിന് കുറച്ചപ്പുറത്തായി ടോമി കിടക്കുന്നത് കണ്ടത്. വട്ടത്തിൽ കിടന്നുകൊണ്ട്, അവന്റെ മുഖം അവന്റെ പിന്കാലിന്റെ ഉൾവശത്തായി പൂഴ്ത്തിക്കൊണ്ടാണ് കിടപ്പ്.

ടോമിയും ഞാനും നല്ല പരിചയമാണല്ലോ. പോരാത്തതിന് സൽസ്വഭാവിയും. അവന്റെ പ്രശാന്തസുന്ദരമായ മയക്കം കണ്ടിട്ട്, അതിന്റെ മൂർദ്ധാവിൽ ഒന്ന് തലോടാൻ എന്റെ മനസ്സ് കൊതിച്ചു. വായിലുണ്ടായിരുന്ന വെള്ളം ആവുന്നത്ര ദൂരേക്ക് നീട്ടിത്തുപ്പിക്കൊണ്ട്, ഞാൻ ടോമിയുടെ അടുത്തേക്ക് നീങ്ങി,  അവന്റെ അടുത്തായി കുനിഞ്ഞിരുന്നു. അവനൊരു അനക്കവുമില്ല; ഗാഡ്ഡവിശ്രമത്തിലാണ്. ഇനിയും നമ്മുടെ കൂടെ അമ്പലത്തിലേക്ക് വന്ന് രാത്രി മുഴുവൻ കാഴ്ചകൾ കണ്ട് നടക്കേണ്ടതാണല്ലോ. അവനെയൊന്ന് സാകൂതം വീക്ഷിച്ചശേഷം, എന്റെ വലത് കരം കൊണ്ട് ഞാനവന്റെ മൂർദ്ധാവിൽ പതുക്കെ തലോടി. അവനത് ആസ്വദിക്കുകയാണ്. തടവുന്നതിനിടയിൽ, 'എടാ.. നിനക്ക് കഞ്ഞിയൊന്നും വേണ്ടേ...' എന്ന് വെറുതെ പതുക്കെ ചോദിച്ചതേ ഉണ്ടായിരുന്നുള്ളൂ...

'അമ്മേ...' എന്ന് ഞാനലറി... എന്റെ ശബ്ദം കേട്ടതും, ആ പട്ടി കുനിഞ്ഞിരുന്ന എന്റെ മുഖം നോക്കി കടിച്ചതും ഒരുമിച്ചായിരുന്നു. അവനൊന്ന് കുരച്ചത് പോലുമുണ്ടായിരുന്നില്ല. എന്റെ നിലവിളി കേട്ടപ്പോൾ അവനും പേടിച്ച് പോയിക്കാണണം, അവൻ മുറ്റത്തേക്ക് ചാടിയിറങ്ങി. അപ്പഴേക്കും അകത്തുള്ളവർ ഓടി പുറത്തേക്കെത്തിയിരുന്നു. ഞാൻ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു. എന്റെ മുഖത്ത് നിന്ന് സാമാന്യം നല്ല രീതിയിൽ ചോര കീഴോട്ട് ഒഴുകി, കുപ്പായത്തിലേക്ക് പരന്നുകൊണ്ടിരുന്നു. 

"ഓ ഇത് കുറച്ചധികം ഉണ്ടല്ലോ... ഇടത്തേ കവിളില് മൂന്നാല് പല്ല് നല്ലോണം കൊണ്ടിട്ടുണ്ട്. ഇത് ആരെയെങ്കിലും ന്തായാലും കാണിക്കേണ്ടി വരും... കവിളില് ഒന്ന് രണ്ട് തൊള വന്നിട്ടുണ്ട്..." അമ്മയുടെ അമ്മാമനായ കൃഷ്ണമ്മാമൻ, എന്റെ മുറിവിന്റെ മേലെ, ടോർച്ച് അടിച്ചുകൊണ്ട് പറഞ്ഞു. 

"കുറച്ച് നല്ല വെള്ളത്തുണി വേഗം കൊണ്ടുവാ..." 

പിന്നെ അവിടെയൊരു ബഹളമായിരുന്നു. ആരൊക്കെയോ വെള്ളത്തുണിക്കീറുകളുമായി ഓടി വന്നു. എന്റെ മുഖം കഴുകിയതിന് ശേഷം തുണികൊണ്ട്, എന്റെ മുറിവിൽ അമർത്തിപ്പിടിച്ചു. അഞ്ചുമിനുട്ടിനകം, കടിച്ച ഭാഗത്ത് ഒരു തരിപ്പ് അനുഭവപ്പെട്ടത് കൊണ്ട്, എന്റെ കരച്ചിലിന് കുറച്ച് ശമനമായി. പക്ഷേ എന്റെ മുറിവ് കണ്ടിട്ട് എന്റെ ഇളയമ്മ വാവിട്ട് കരയാൻ തുടങ്ങി.

"ഇവനങ്ങനെ ആരേം കടിക്കാറില്ലല്ലോ...ഇന്നെന്താ പറ്റ്യേ..." കൊന്നേരിയിലെ പപ്പൻ വല്യച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞ്, മുറ്റത്തേക്കിറങ്ങി ആ പട്ടിയെ പിടിച്ച് ഒന്ന് രണ്ട് അടി കൊടുത്തു. ശേഷം അതിനെപ്പിടിച്ച് അതിന്റെ കൂട്ടിൽ ചങ്ങലക്കിട്ടു. അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്, അത് ടോമിയായിരുന്നില്ല, പകരം, ഒറ്റ നോട്ടത്തിൽ ടോമിയെപ്പോലെ തോന്നിക്കുന്ന അവിടത്തെ പട്ടിയായിരുന്നു. പരിചയമില്ലാത്ത പട്ടിയുടെ അടുത്ത് കിന്നാരം പറയാൻ പോയതായിരുന്നു, എനിക്ക് പറ്റിയ അമളി. ഈ പട്ടി അവിടെയുള്ളത് കാരണമായിരിക്കാം, ടോമി അവിടെയധികം നിൽക്കാതെ സ്ഥലം വിട്ടുകളഞ്ഞത്. ടോമിയെ അവിടെ കാണാനേ ഇല്ലായിരുന്നു.

അപ്പഴേക്കും രാത്രി ഏകദേശം, എട്ടരമണിയായിക്കാണണം. ആശുപത്രിയിൽ പോകണമെങ്കിൽ ഒന്നുകിൽ കൂത്തുപറമ്പിലോ അല്ലെങ്കിൽ മട്ടന്നൂരോ പോകണം. വാഹന സൗകര്യം കിട്ടാൻ ബുദ്ധിമുട്ടാണ്. 

"നമുക്ക് നമ്മുടെ കുഞ്ഞിരാമൻ കമ്പൗണ്ടറിന്റെയടുത്ത് പോകാം. അയാളാവുമ്പോ ഒരു ഡോക്ടറിന്റെ ഗുണം ചെയ്യും..." ആരോ വിളിച്ചു പറഞ്ഞു.

കുഞ്ഞിരാമൻ കമ്പൗണ്ടറിന്റെ വീട് അവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റർ നടന്നാലെത്താം. ഒരു കുന്ന്, കാട്ടുവഴിയിലൂടെ കയറിയിറങ്ങണം. അതുതന്നെയാണ് പെട്ടന്ന് കിട്ടാവുന്ന ചികിത്സ എന്ന നിലയിൽ, എല്ലാവരും എന്നെയും ചുമലിലേറ്റി ടോർച്ചും ചൂട്ടുമായി വച്ചുപിടിച്ചു. 

പതിനഞ്ച് മിനുട്ടിനുള്ളിൽ ഞങ്ങൾ കുഞ്ഞിരാമൻ കമ്പൗണ്ടറിന്റെ വീട്ടിലെത്തി. അദ്ദേഹം വയറ് നിറച്ചും ശാപ്പാടടിച്ചതിന് ശേഷം, മുറ്റത്ത് കൂടെ ഉലാത്തുകയായിരുന്നു. എന്റെ കൂടെ ഏകദേശം പത്ത് പേരോളം ഉണ്ട്. ഞങ്ങളുടെ വരവ് കണ്ടിട്ട് അദ്ദേഹം ആദ്യമൊന്ന് പരിഭ്രമിച്ച് പോയിക്കാണണം.

"കമ്പൗണ്ടറേ... നമ്മളെ കൊന്നേരീലെ പാപ്പാട്ടന്റെ നായി കടിച്ചതാ..." കൃഷ്ണമ്മാമൻ അടുത്തറിയാവുന്നയാളെപ്പോലെ മൊഴിഞ്ഞു. 

എല്ലാവരും ചേർന്ന് എന്നെ അവിടത്തെ ഒരു കസേരയിൽ എന്നെ ഇരുത്തി. പരിഭ്രമം കാരണം, ഞാൻ പതുക്കെ വിങ്ങിവിങ്ങി കരയുന്നുണ്ട്. കമ്പൗണ്ടർ ഒരു ടോർച്ചെടുത്ത്, അദ്ദേഹത്തിന്റെ ഉണ്ടക്കണ്ണടയൊന്ന് ശരിയാക്കി, എന്റെ മുറിവ് പരിശോധിച്ചു. കമ്പൗണ്ടറിന്റെ മുഖം എന്റെ മുഖത്തിനടുത്തെത്തിയപ്പോൾ ചാരായത്തിന്റെ മണം!

"ഡോ... കൃഷ്ണാ.. ആ നായീന്റെ മോനെന്ത് കടിയാ കടിച്ചത്... ഇത് എന്നെക്കൊണ്ട് കൂട്ടിയാൽ കൂടൂന്ന് തോന്നുന്നില്ല. ഈ തുളഞ്ഞ കവിള് തുന്നേണ്ടി വരും. ആസ്പത്രീല് പോകുന്നതാ നല്ലത്..."  അറുപതിനും എഴുപത്തിനുമിടക്ക് പ്രായം തോന്നിക്കുമെങ്കിലും തോന്നിക്കുമെങ്കിലും വളരെ ഹാസ്യാത്മകമായിട്ടായിരുന്നു കമ്പൗണ്ടറിന്റെ സംസാരം.

"ഈ രാത്രി ഇവ്ട്ന്ന് എങ്ങനെയാ കുഞ്ഞിരാമാട്ടാ... ആസ്പത്രീല് പോവ്വ... ഇവ്ടെയടുത്ത് ഒരു വണ്ടിയും ല്ലാലോ... നടന്ന് എങ്ങനെയാ പോവ്വാ... " കൃഷ്ണമ്മാമൻ റീയാലിറ്റി വിവരിച്ചു. കൃഷ്ണമ്മാമനും അല്പം ലഹരിയിലാണ്. 

"എടാ... തുന്നാനുള്ള സൂചീം നങ്കീസും ണ്ടോന്ന് പോലും ഒറപ്പില്ല..."

"ങ്ങള് ന്തെങ്കിലും ബേഗം ചെയ്യപ്പാ....ന്തായാലും ആസ്പത്രീല് പോക്കൊന്നും പ്പം നടക്കൂല്ല..." കൃഷ്ണമ്മാമൻ ഉറപ്പിച്ചിരുന്നു.

"ഉം.. നോക്കട്ടെ... " അതും പറഞ്ഞ് കമ്പൗണ്ടർ അകത്തേക്ക് പോയി. പെട്ടന്ന് തന്നെ ഒരു വലിയ പെട്ടിയുമായി പുറത്തേക്ക് വന്നു. 

"ഡോ.. കുറച്ച് വെള്ളം തിളപ്പിക്ക്.. ഈ സൂചിയൊക്കെയൊന്ന് സ്റ്റെറിലൈസ് ചെയ്യണം..." അദ്ദേഹം അകത്തേക്ക് നോക്കി അദ്ദേഹത്തിന്റെ ഭാര്യയോട് പറഞ്ഞു. പിന്നെ കത്രികയും മറ്റുമായി വേറെ എന്തൊക്കെയോ സാധനങ്ങൾ അദ്ദേഹം അവിടെയുണ്ടായിരുന്ന മേശപ്പുറത്ത് എടുത്തു വച്ചു. അതിനിടയിൽ അദ്ദേത്തിന്റ ഭാര്യ, മേശപ്പുറത്തിരുന്ന ചില സാധനങ്ങളെടുത്ത് അകത്തേക്ക് പോയി. എന്തൊക്കെ സ്റ്റെറിലൈസ് ചെയ്യണമെന്ന് അവർക്ക് അറിവുണ്ടായിരിക്കും.

"അല്ല കമ്പൗണ്ടറെ.. ഇത് നായി കടിച്ചതല്ലേ.... അപ്പോ ഇവന് മറ്റേ ഇഞ്ചക്ഷൻ എടുക്കേണ്ടേ..." കൂടെ വന്നവരിൽ ആരോ സംശയം പ്രകടിപ്പിച്ചു.

"ഏത്... പ്രാന്തിന്റെ ഇഞ്ചക്ഷനാ...?

"ആ അത് തന്നെ... മറ്റേ... പൊക്കിന് ചുറ്റും വെക്കുന്ന ഇഞ്ചക്ഷൻ..."

"ഏയ്... ഇത്... കടിച്ചത്.... നമ്മടെ പാപ്പാട്ടന്റെ നായല്ലേ... അയിന് പിരാന്തൊന്നും ണ്ടാവൂല്ല... ബെർതെ ന്തിനാ പയിനാല് സൂചി ഈ കുഞ്ഞിക്കൊടലില് കുത്തിക്കേറ്റ്ന്ന്..." കമ്പൗണ്ടർക്ക് എന്തോ, കൊന്നേരിയിലെ പട്ടിയെക്കുറിച്ച് വളരെ ഉറപ്പുള്ളത് പോലെ. അതോ അദ്ധേഹത്തിന്റെ ഉള്ളിലെ ചാരായമാണോ പറഞ്ഞതെന്ന് ഉറപ്പില്ല.

"പാപ്പാട്ടന്റെ നായി... ഇവന്റെ ബെള്ത്ത മുഖം കണ്ടിറ്റ് ചെലപ്പം ഇവനെ ഉമ്മം ബെച്ചതായിരിക്കും.. ല്ലേ..." കമ്പൗണ്ടർ സ്വയം പറഞ്ഞ് ചിരിച്ചപ്പോൾ മറ്റുള്ളവരും കൂടെ ചിരിച്ചു.  

കമ്പൗണ്ടറിന്റെ ഭാര്യ, തിളപ്പിച്ചാറ്റിയ ചില സാധനങ്ങളുമായി പുറത്ത് വന്നു.

"ന്നാ കൃഷ്ണാ... ഞാൻ ന്റെ പണി തുടങ്ങ്വാണ്... ഓനെ.. ദാ വ്ടെ ഈന്റെ മേലെ കെടത്ത്...  ങ്ങള് ഒന്നുരണ്ടാള് ഇവന്റെ തല ശരിക്കും അമർത്തിപ്പിടിക്കണം. എനക്ക് കണ്ണിനും ചെറിയ പ്രശ്നാ... ഇവന്റെ തല ഒട്ടും അനങ്ങാൻ സമ്മയിക്കറ്... കേട്ടാ..." കമ്പൗണ്ടർ കത്രികയും സൂഹിയും സാമഗ്രികളുമായി തയ്യാറായി. 

എന്നെ അവിടെയുള്ള ഒരു ബെഞ്ചിന്റെ മേലെ മലർത്തിക്കിടത്തി. ആരൊക്കെയോ എന്റെ മുഖത്തിന് മേലെ ഒന്നുരണ്ട് ടോർച്ചുകൾ സെർച്ച് ലൈറ്റുകൾ പോലെ തെളിച്ച് പിടിച്ചു. കൃഷ്ണമ്മാമനും വേറെ ഒന്ന് രണ്ട് പേരും ഒന്നനങ്ങാൻ പോലും കഴിയാത്ത വിധം എന്റെ തലയും കയ്യും കാലും അമർത്തിപ്പിടിച്ചു. പിന്നെ എന്റെ കവിളിന്റെ മേലെ നടന്നതെല്ലാം പച്ചക്കായിരുന്നു. മുറിവ് വൃത്തിയാക്കലും തുന്നലും  എല്ലാത്തിന്റെയും മേലെ പശയുള്ള ടേപ്പ് ഒട്ടിക്കലും മറ്റും അര മണിക്കൂർ കൊണ്ട് കഴിഞ്ഞു. അതിനിടയിൽ ഒരിഞ്ചക്ഷനും കുത്തിക്കയറ്റി. അതുവരേക്കും എന്റെ തലയൊന്നനക്കാൻ മറ്റുള്ളവർ എന്നെ സമ്മതിച്ചിരുന്നില്ല. കവിളിലായിരുന്നു തുന്നൽ പ്രക്രിയ നടക്കുന്നത് എന്നത് കൊണ്ട്, വാ തുറന്നൊന്ന് കരയാൻ പോലും എന്നെ സമ്മതിച്ചിരുന്നില്ല.

കവിളിലെ കുത്തിക്കെട്ടിന് ശേഷം, ഞങ്ങൾ കമ്പൗണ്ടറുടെ വീട്ടിൽ നിന്ന് ഇറങ്ങാനൊരുങ്ങി. കൃഷ്ണമ്മാമൻ  സ്വന്തം പോക്കറ്റിൽ കൈയ്യിട്ട് കുറച്ച് പൈസയെടുത്ത് കമ്പൗണ്ടർക്ക് നൽകാൻ ശ്രമിച്ചെങ്കിലും കമ്പൗണ്ടർ അതിന് ഒട്ടും വഴങ്ങിയില്ല. ഒടുവിൽ നമ്മൾ അവിടെ നിന്നിറങ്ങി. മഞ്ഞങ്കരയിൽ നിന്ന് കൂടെ വന്ന മറ്റുള്ളവർ അമ്പലത്തിലാണുള്ളത്. അതുകൊണ്ട്, മുഖത്ത് പഞ്ഞിക്കെട്ടുള്ള എന്നെയും കൂട്ടി എല്ലാവരും നേരെ അമ്പലത്തിലേക്ക് നടന്നു. അപ്പഴേക്കും അമ്പലത്തിലെ പരിപാടികൾ ഏകദേശം അവസാന ഘട്ടത്തിലെത്തിയിരുന്നു.    

ഞങ്ങൾ അമ്പലത്തിൽ എത്തുമ്പോൾ കളം മായ്ക്കൽ നൃത്തം നടക്കുകയായിരുന്നു. പക്ഷേ മുഖത്തെ പഞ്ഞിക്കെട്ടുമായി വന്ന എന്നെക്കണ്ടപ്പോൾ, ഒരു വേള എല്ലാവരുടെയും ശ്രദ്ധ എന്റെ നേരെയായി. കൂടുതൽ ചോദ്യങ്ങളായി. എല്ലാവർക്കും കൃഷ്ണമ്മാനും കൂട്ടരും മറുപടി പറഞ്ഞു കൊണ്ടേയിരുന്നു. 

ഒടുവിൽ, അമ്പലത്തിലെ പരിപാടികളെല്ലാം കഴിഞ്ഞ്, ഞങ്ങൾ മഞ്ഞങ്കരയിലേക്ക്‌ പുറപ്പെട്ടു. അമ്പലത്തിന്റെ പടിക്കെട്ടിറങ്ങുമ്പഴേക്കും ടോമി ഞങ്ങളെക്കാത്ത്  അവിടെ നിൽപ്പുണ്ടായിരുന്നു. 

പിറ്റേ ദിവസം തന്നെ ഞാൻ പുതിയേടത്ത് വീട്ടിലേക്ക് തിരിച്ചുവന്നു. ഒരാഴ്ചയോളം, എല്ലാ ദിവസവും കുഞ്ഞിരാമൻ കമ്പൗണ്ടറുടെ കൂത്തുപറമ്പിലുള്ള ഒരു ചെറിയ ഒറ്റ മുറി ക്ലിനിക്കിൽ പോയി മുറിവ് ഡ്രസ്സ് ചെയ്യേണ്ടതായിവന്നെങ്കിലും, ഒരാഴ്ചക്കുള്ളിൽ എന്റെ കവിളിലെ മുറിവുകൾ ഉണങ്ങിയിരുന്നു. 

മാസങ്ങൾ പിന്നെയും കഴിഞ്ഞു. മൂന്നാം ക്ലാസ്സ് കഴിഞ്ഞയുടനെ, അച്ഛനും അമ്മയും ഞാനും മൂന്നനുജന്മാരും എരുവട്ടിയിലെ മഠത്തിൽ വീട്ടിലേക്ക് താമസം മാറി. വീട്ടിൽ ഞങ്ങൾക്ക് ഞങ്ങളുടേതായ പശുക്കളും അവയ്ക്ക് കിടാങ്ങളും ഉണ്ടായി. ഈ പൈക്കൾക്ക് കമുകിന്റെ കൂമ്പാളയും കമുകിന്റെ പട്ടയും വളരെ ഇഷ്ടമാണ്. നമ്മുടെ താഴെയുള്ള രാമേന്ദ്രേട്ടന്റെ വിശാലമായ പറമ്പിൽ കമുക് ഇഷ്ടം പോലെയുണ്ട്. ഈ കമുകുകളിൽ നിന്നും താഴെ വീണ പട്ടയും കൂമ്പാളയും പെറുക്കാൻ ഞാനും അനിയന്മാരും രാവിലെത്തത്തന്നെ എഴുന്നേൽക്കും. പക്ഷേ പല ദിവസങ്ങളിലും നമ്മുടെ വീടിന്റെ മേലെ പറമ്പിലുള്ള വീടായ മഠത്തിൽ കുന്നത്തെ വീട്ടിലെ 'ലാലു' എന്ന കടിയൻ പട്ടി കാരണം, ഞങ്ങൾക്കതിന് കഴിഞ്ഞിരുന്നില്ല. അവനെ ചില ദിവസങ്ങളിൽ രാത്രി അഴിച്ചിടും. അവൻ പുറത്തായിരിക്കുന്ന അവസ്ഥയിൽ, അതിലൂടെ ആളുകൾക്ക് വഴി നടക്കുക പോലും വിഷമമുള്ള കാര്യമാണ്. എത്രയോ ദിവസങ്ങളിൽ അവൻ ഞങ്ങളെ ഓടിച്ച് വിട്ടിട്ടുണ്ട്. അവനെ ഏതെങ്കിലും പ്രാന്തൻ കുറുക്കൻ കടിക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചിട്ട് പോലുമുണ്ട്.

ആയിടയ്ക്ക് അച്ഛന്റെ പെങ്ങളുടെ ഭർത്താവ് രാഘവളേച്ഛൻ, ഒരിക്കൽ വീട്ടിൽ വന്നു. സംസാരിക്കുന്ന കൂട്ടത്തിൽ, നാല് കാലുകളിലും കൂടി പതിനെട്ട് നഖങ്ങളുള്ള ഒരു കൊടിയൻ പട്ടിക്കുഞ്ഞിനെ കിട്ടുകയാണെങ്കിൽ, അറിയിക്കണമെന്ന് പറഞ്ഞു. പലദിക്കുകളിൽ പരതിയിട്ടും ഒന്നിനെയും കിട്ടിയില്ലത്രേ. പതിനെട്ട്  നഖങ്ങളുള്ള പട്ടികൾ ശൗര്യമുള്ളവരും ആക്രമണോൽസുകരും ആയിരിക്കുമെന്നാണ് ഏതോ ശുനകശാസ്ത്രവിദ്വാൻ അദ്ദേഹത്തെ അറിയിച്ചിട്ടുള്ളത്. മഠത്തിൽ കുന്നത്തെ രാജേഷിനോട് ചോദിച്ചപ്പോൾ ലാലുവിന് പതിനെട്ട് നഖങ്ങൾ ഉണ്ടെന്ന് അവൻ ഉറപ്പ് വരുത്തിയത് ഞങ്ങളെ അത്ഭുതപ്പെടുത്തി. സാധാരണ നായ്ക്കൾക്ക് പതിനാറ് നഖങ്ങൾ മാത്രമുള്ളിടത്താണ് ഈ പതിനെട്ട് നഖങ്ങൾ! തുടർന്ന്, ലാലു സമ്മേളിക്കാൻ സാധ്യതയുള്ള അയല്പക്കത്തെ എല്ലാ കൊടിച്ചിപ്പട്ടികളുടെയും പ്രസവം കഴിഞ്ഞാൽ, അവയുടെ കിടാങ്ങൾക്ക് എത്ര നഖങ്ങൾ ഉണ്ടെന്ന് നോക്കലായിരുന്നു കുറച്ച് കാലത്തേക്ക് എന്റെ പണി. പക്ഷേ ലാലുവിന്റെ യഥാർത്ഥ ബീജം ആ കൊടിച്ചിപ്പട്ടികളിൽ സന്ദർശനം നടത്തിയിരുന്നില്ലെന്ന് വേണം അനുമാനിക്കാൻ; ആ ശ്വാനകിടാങ്ങൾക്കെല്ലാം പതിനാറ് നഖങ്ങൾ മാത്രമായിരുന്നു!

"ഓടിക്കോ... പിരാന്തൻ ബെരുന്നേ.. ഓടിക്കോ..." ഒരു ശനിയാഴ്ച ഉച്ചക്കടുപ്പിച്ച് ഞാനും നേരെ താഴെയുള്ള അനുജനും കൂടി വീട്ടുപറമ്പിൽ പശുവിനെ മേച്ചുകൊണ്ടിരിക്കുമ്പോൾ വീടിന്റെ തെക്കുഭാഗത്തായി കുറച്ചകലെ നിന്ന് വലിയ ബഹളം കേട്ടു. വീട് വളപ്പ് ഒരു മിനി കാട് തന്നെയാണ്. വീടിനെ ചുറ്റി കാട്ടിടവഴികൾ പോലെ ഇടവഴികളുണ്ട്. ജൂൺ ജൂലായ് മാസങ്ങളിലെ മഴക്കാലം കഴിഞ്ഞ് വരുന്നതേയുള്ളൂ. ഇടവഴികളിലൂടെയൊക്കെ ഉറവ് വെള്ളം ചെറുതായി ഒഴുകുന്നുണ്ട്. ഞാനും അനുജനും പശുക്കളെ വിട്ട് ബഹളം കേട്ട ഭാഗത്തേക്കോടി. അപ്പോൾ കുറച്ച് ദൂരെ നിന്ന് കിഴക്ക് ഭാഗത്തെ ഇടവഴിയിലൂടെ, ഒരു തവിട്ട് നിറത്തിലുള്ള പട്ടി മുന്നിലായും, അതിന്റെ പിന്നിലായി പത്തമ്പത് പേരും, വടിയും കുന്തവുമൊക്കെ പിടിച്ച് ഓടുകയാണ്. 

"പിരാന്തൻ നായാണ്... കടി കിട്ടണ്ട മക്കളേ... ഓടിക്കോ..." ഞങ്ങളെ കണ്ടപ്പോൾ കാളിത്താൻ ബാബു വിളിച്ചുപറയുന്നുണ്ടായിരുന്നു. പട്ടി ഏകദേശം ഞങ്ങൾ നിന്നിരുന്ന തിട്ടയുടെ താഴെക്കൂടിയുള്ള ഇടവഴിക്ക് താഴെ എത്താറായപ്പോൾ, ഞാനും അനുജനും പേടിച്ച്, അടുത്തുണ്ടായിരുന്ന കശുമാവിന്റെ മേലെ കുരങ്ങന്മാരെപ്പോലും തോൽപ്പിക്കുന്ന വിധം ഓടിക്കയറി. പട്ടിയും കൂടെയുള്ളവരും ഇടവഴിയിലൂടെ വടക്കുഭാഗത്തേക്ക് പോയിക്കഴിഞ്ഞപ്പോൾ ഞങ്ങളും കശുമാവിൽ നിന്നിറങ്ങി അവരുടെ പിന്നാലെക്കൂടി. 

ഓടിത്തളർന്ന പട്ടി, ഒടുവിൽ, ഞങ്ങളുടെ വീട്ടുപറമ്പിന്റെ വടക്ക് കിഴക്കേമൂലയിലുള ഒരു വെള്ളം നിറഞ്ഞ കുഴിയിൽ തളർന്ന് വീണു. പട്ടി തളർന്ന് വീണതും, കാഞ്ഞാൻ വാസുവേട്ടന്റെ പെരുത്തലമട്ടല് കൊണ്ടുള്ള അടി അതിന്റെ തലക്ക് മേലെ ആഞ്ഞ് പതിച്ചതും ഒരുമിച്ചായിരുന്നു. പിന്നെ ആരൊക്കെയോ അതിന്റെ മേലെ ആഞ്ഞടിച്ചുകൊണ്ടിരുന്നു. ആ പട്ടിയേക്കാളും ശൗര്യം, അതിന്റെ പിന്നാലെ ഓടിയവർക്കുണ്ടായിരുന്നു. ആ പട്ടി പോലും അതിന്റെ ജീവിതത്തിൽ ഇത്ര ക്രൂരത ആരോടും അതുവരെ കാണിച്ചിട്ടുണ്ടാവില്ല. അടി കൊണ്ട്, അതിന്റെ കണ്ണുകൾ തുറിച്ച് പുറത്തേക്ക് വരികയും, കുടല് പൊട്ടി കുടൽമാല തൂങ്ങി നിൽക്കുകയും ചെയ്തു. എന്നിട്ടും അത് ശ്വസിക്കാൻ വാ തുറക്കുമ്പോൾ, ആളുകൾ പിന്നെയും അടിച്ചുകൊണ്ടിരുന്നു. ഒടുവിൽ അതിന്റെ അനക്കം പൂർണ്ണമായും നിലച്ചു. പറമ്പിന്റെ തിട്ടമേലെ നിന്ന് കൊണ്ട് ഈ കാഴ്ചകളൊക്കെ ഒരു പക്ഷിയുടെ കാഴ്ചയിൽ ഞങ്ങൾ സങ്കടത്തോടെ നോക്കിനിന്നു. ആ പാവം പട്ടിക്കായിരുന്നോ പ്രാന്ത്, അതോ അതിനെ  ക്രൂരമായി തല്ലിക്കൊന്നവർക്കായിരുന്നോ പ്രാന്ത് എന്ന സംശയം പോലും എനിക്കുണ്ടായി. എന്തായാലും, നാടിന് വേണ്ടി എന്തോ വലിയ കാര്യം ചെയ്തു എന്ന ആഹ്ളാദമായിരുന്നു, ആ ആൾക്കൂട്ടത്തിനുണ്ടായിരുന്നത്. പട്ടിക്ക് പ്രാന്തുണ്ടായിരുന്നോ എന്ന് നോക്കാൻ ഇനിയൊരു പോലീസുകാരനും വരില്ലല്ലോ. ഒടുവിൽ അയല്പക്കത്ത് നിന്നൊക്ക കൈക്കോട്ടും മറ്റും കൊണ്ടുവന്ന് അതിന്റെ കുഴിയടക്കം കഴിഞ്ഞ്, തിരിച്ച് വരുമ്പഴേക്കും, ഞങ്ങൾ മേക്കാൻ കൊണ്ടുപോയിരുന്ന ചോക്കാച്ചിയും വെള്ളച്ചിയും കിട്ടിയ തക്കത്തിൽ, വീട്ടുപറമ്പിലുണ്ടായിരുന്ന അഞ്ചാറ് വാഴത്തൈകൾ തണ്ടോടെ സാപ്പിട്ട് കഴിഞ്ഞിട്ടുണ്ടായിരുന്നു. 

കാലം പിന്നെയും കൊഴിഞ്ഞുപോയി. ഞാൻ പ്രീഡിഗ്രി കഴിഞ്ഞ് ഐടിഐയിൽ പഠിക്കുന്ന കാലം. എന്റെ വീട്ടിലും ഒരു ആൺപട്ടിക്കുഞ്ഞ് വന്നെത്തി. ഒരു കുടുംബസുഹൃത്ത് കൊണ്ടുവന്ന് തന്നതാണ്. അവനും പതിനാറ് നഖങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന് ഞങ്ങൾ 'ടിങ്കു'വെന്ന് പേരിട്ടു. ടിങ്കുവിന്റെ ട്രെയിനർ ആയി ഞാൻ ചാർജ്ജെടുത്തു. പല പല പട്ടികളെയും കണ്ട് പരിചയിച്ചതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്, ഞാൻ എന്റേതായ രീതിയിൽ ഒരു കരിക്കുലം തയ്യാറാക്കി. ഇംഗ്ളീഷും മലയാളവും  ടിങ്കുവിന് കൈകാര്യം ചെയ്യാൻ തരത്തിലായിരുന്നു ആ കരിക്കുലം. കൂട്ടത്തിൽ, ദിവസേന ചില ഡ്യൂട്ടികളും അവന് ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. 

പക്ഷേ കാര്യങ്ങൾ പഠിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് അവന് ഇതിലൊന്നും വലിയ താൽപര്യമില്ലെന്ന് മനസ്സിലായത്. തീർത്തും 'എ ലേസി ബോയ്'! ഇംഗ്ളീഷൊന്നും അവന്റെ തലയിൽ കേറുന്നുണ്ടായിരുന്നില്ല. മലയാളം തന്നെ വളരെ കഷ്ടപ്പെട്ടാണ് പഠിച്ചെടുത്തത്. വേറെ പട്ടികളെ കാണുമ്പോൾ ശൗര്യം പോയിട്ട് നാലുകാലിൽ അവരുടെ മുന്നിൽ നേരെ നിൽക്കാൻ പോലും അവനെക്കൊണ്ടാവില്ലായിരുന്നു. വേറും ഒരു നാണക്കാരൻ. പുറമെയുള്ള ഏത് പട്ടിയെക്കണ്ടാലും ആൺ പെൺ വ്യത്യാസമില്ലാതെ അവയെ മണപ്പിക്കുന്നതിലായിരുന്നു അവന് താൽപര്യം. കൊടിച്ചികളാണെങ്കിൽ മണപ്പിക്കലിൽ ഇത്തിരി ആക്രാന്തം കൂടുമെന്ന് മാത്രം. 

എന്തായാലും പത്രവിതരണക്കാരൻ രവീന്ദ്രേട്ടൻ, വഴിയിൽ നിന്ന് 'റ' ആകൃതിയിൽ എറിയുന്ന പത്രം, വീണിടത്ത് നിന്ന് കടിച്ചെടുത്ത് വീട്ടിലേക്ക് കൊണ്ടുവരിക എന്ന ദിനചര്യ അവൻ പഠിച്ചെടുത്തു. അവനെ ഞങ്ങൾ ചങ്ങലയിൽ ബന്ധിക്കാതെ സ്വതന്ത്രനായി വിടുകയാണ് ചെയ്തത്. ആ സ്വാതന്ത്ര്യം അവൻ നന്നായി ഉപയോഗിക്കുകയും ചെയ്തു. കന്നിമാസങ്ങളിൽ പല പല ജാഥകളിലും അവൻ പങ്കെടുത്തു. പല ദിവസങ്ങളിലും ടിങ്കുവിനെ കാണാനേ കിട്ടാറുണ്ടായിരുന്നില്ല. തെണ്ടി നടപ്പിനിടയിൽ നേരം കിട്ടിയാൽ മാത്രം വീട്ടിൽ കയറുന്ന അവസ്ഥ!

ആയിടയ്ക്കാണ് അച്ഛന് ചന്ദനക്കാംപാറയിലെ ഒരു പള്ളിക്കൂടത്തിൽ പ്രധാനാധ്യാപകനായി സ്ഥലം മാറ്റം കിട്ടിയത്. സ്‌കൂളിൽ പോയി ദിവസേന വന്നുകൊണ്ടിരുന്ന അച്ഛൻ, തിങ്കളാഴ്‌ച രാവിലെ പോയാൽ പിന്നെ വെള്ളിയാഴ്ച്ച വൈകുന്നേരം മാത്രമേ വീട്ടിൽ വരാറുണ്ടായിരുന്നുള്ളൂ. ഇത്  ടിങ്കുവിനെപ്പോലെ എനിക്കും വളരെ വലിയ സ്വാതന്ത്ര്യം നൽകി. ഞാനും രാത്രികളിൽ കൂട്ടുകാരുടെ കൂടെ പല പല പരിപാടികളിലും പങ്കെടുത്ത് വളരെ വൈകിയൊക്കെ വരാൻ തുടങ്ങി. അമ്മ ആദ്യമൊക്കെ പലതും പറഞ്ഞെങ്കിലും തെണ്ടുന്ന കാര്യത്തിൽ ഞാനും ടിങ്കുവും സമന്മാരാണെന്ന് മനസ്സിലാക്കിയതോടെ പിന്നീടൊന്നും പറയാതായി.

അങ്ങനെയിരിക്കേയാണ് ഞാൻ പഠിച്ച ചുണ്ടങ്ങാപ്പൊയിൽ ഹൈസ്‌കൂളിൽ രണ്ട് ദിവസത്തെ സ്ഥാനതല സംസ്‌കൃത കലോത്സവം വന്നെത്തിയത്. പകൽ സമയത്ത് മാത്രമല്ല രാത്രിയിലും പരിപാടികൾ ഉണ്ടായിരുന്നു. എന്റെ മച്ചുനൻ വിന്വേട്ടനും ഞാനും എന്റെ രണ്ടനിയന്മാരും പഠിച്ചത് ചുണ്ടങ്ങാപ്പൊയിൽ ഹൈസ്‌കൂളിലാണ്. എന്റെ അച്ഛൻ കുറച്ച് കാലം അവിടെയാണ് പഠിപ്പിച്ചിരുന്നത്. അതുകൊണ്ടാണ്, ഒന്നര മൈൽ അടുത്തുള്ള കതിരൂർ ഹൈസ്‌കൂളിന് പകരം, മൂന്നര മൈൽ ദൂരെയുള്ള ചുണ്ടങ്ങാപ്പൊയിൽ ഹൈസ്‌കൂളിലേക്ക് ഞങ്ങളെ ചേർത്തത്. പുതിയേടത്ത് തന്നെ താമസിച്ചിരുന്ന വിന്വേട്ടന് ഒന്നര മൈൽ മാത്രമേ അവിടേക്ക് ഉണ്ടായിരുന്നുള്ളൂ. എന്തായാലും സംസ്‌കൃതോല്സവത്തിന് വരാൻ വിന്വേട്ടൻ എന്നെ ക്ഷണിച്ചു. പരിപാടിയൊക്കെ കഴിഞ്ഞ് രാത്രി വൈകുകയാണെങ്കിൽ, അവനും എന്റെ കൂടെ എരുവട്ടിയിലുള്ള വീട്ടിൽ വരാമെന്നായിരുന്നു ധാരണ.

അങ്ങനെ ചുണ്ടങ്ങാപ്പൊയിൽ ഹൈസ്‌കൂളിൽ സംസ്കൃതോത്സവത്തിന്റെ ആദ്യത്തെ ദിവസം വൈകുന്നേരം ഞാൻ പോയി. എന്റെ നാട്ടിൽ നിന്ന് ഞാൻ മാത്രമേ ഉള്ളൂ. എന്നാൽ വിന്വേട്ടന്റെ കൂടെ, പുതിയേടത്തെ വീട്ടു പരിസരത്തുള്ള, എനിക്കും അറിയാവുന്ന കുറേ കൂട്ടുകാർ ഉണ്ടായിരുന്നു. പരിപാടികളൊക്കെ ആസ്വദിച്ച്, ഞങ്ങളാലാവും വിധം ആഘോഷിച്ച്, പുലർച്ചെ ഒരു മണിക്ക്, വീടുകളിലേക്ക് മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. രാത്രി പതിനൊന്ന് മണി മുതൽ തന്നെ തിരിച്ച് പോകാം എന്ന് ഞാൻ പറയുന്നുണ്ടെങ്കിലും, വിന്വേട്ടൻ എരുവട്ടി വരെ എന്റെ കൂടെ വരാമെന്ന ഉറപ്പിലാണ് ഞാനും ഒരു മണി വരെ അവരുടെ കൂടെ നിന്നത്. പാതി രാത്രിക്ക് സ്ട്രീറ്റ് ലൈറ്റുകൾ പോലും ഇല്ലാത്തിടത്തൂടെ ഒറ്റക്ക് നടക്കേണ്ടതാണ്. എനിക്കാണെങ്കിൽ മൂന്നര മൈലുകളോളം നടക്കാനുമുണ്ട്. രാത്രി വൈകിയ വേളകളിലൊക്കെ നടക്കാറുണ്ടെങ്കിലും, ഒരിക്കലും പാതിരാത്രിസമയത്ത് ഞാനൊറ്റക്ക് അതുവരെ നടന്നിരുന്നില്ല. 

ഞങ്ങൾ ചുണ്ടങ്ങാപ്പൊയിലിൽ നിന്ന് ഒരു മണിക്ക് പുറപ്പെട്ട് പത്തിരുപത് മിനുട്ടിനുള്ളിൽ ഉക്കാസ് മൊട്ടയിലെ മരമില്ലിനടുത്തെത്തി. അവിടെ നിന്നാണ് വിന്വേട്ടന്റെ സംഘത്തിന് വേർപിരിയേണ്ടത്. അവിടെയെത്തിയപ്പോൾ പക്ഷേ വിന്വേട്ടൻ കാലുമാറി. അവന് അവന്റെ കൂട്ടുകാരുടെ കൂടെ പോകണമത്രേ. പോരാത്തതിന് എന്നോടും അവന്റെ കൂടെ പുതിയേടത്തേക്ക് പോകാൻ പറഞ്ഞു. സത്യത്തിൽ കൊലച്ചതിയല്ലേ അവൻ ചെയ്തത്. ചതി നമ്മൾ സഹിക്കില്ലല്ലോ. കുറെയൊക്കെ അവനോട് കെഞ്ചിനോക്കിയെങ്കിലും അവന്റെ മനസ്സലിഞ്ഞില്ല. ദേഷ്യം വന്ന ഞാൻ 'ന്നാ ഞീ പോ...' എന്നും പറഞ്ഞ് ഒറ്റക്ക് എരുവട്ടിയിലേക്ക് വച്ചുപിടിച്ചു. പോകുന്ന പോക്കിൽ വിന്വേട്ടൻ എന്റെ കൂടെ വരുന്നുണ്ടോ എന്ന് നോക്കാൻ തിരിഞ്ഞ് നോക്കിയെങ്കിലും അവൻ മറ്റുള്ളവരുടെ കൂടെ ബഹളം വച്ചുകൊണ്ട് നടക്കുകയായിരുന്നു.

ഞാനും വിട്ടുകൊടുത്തില്ല, വിന്വേട്ടനുള്ള പണി എങ്ങനെ കൊടുക്കാമെന്ന് മനസ്സിൽ വിചാരിച്ച് കൊണ്ട് നിലത്ത് അമർത്തിച്ചവുട്ടി നടന്നു. അമാവാസി കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസമേ ആയിട്ടുള്ളൂ. അരണ്ട നിലാവെളിച്ചം മാത്രമേ തെളിഞ്ഞ ആകാശമായിട്ടും താഴെയെത്തുന്നുണ്ടായിരുന്നുള്ളൂ. പേടി എന്ന വികാരമൊന്നും മനസ്സിലുണ്ടായിരുന്നില്ല. മൈതാനപ്പള്ളി ശ്‌മശാനത്തിൽ രാത്രി ഒറ്റക്ക് കയറി ഒന്ന് രണ്ട മണിക്കൂറോളം ചിലവഴിച്ച എനിക്ക് മനുഷ്യരെ മാത്രമായിരുന്നു പേടി. മേലെ അഞ്ചാം മൈലും വേറ്റുമ്മലും മൈതാനപ്പള്ളിയുടെ ശ്മാശാനവും കഴിഞ്ഞ് ആറാം മൈലിൽ എത്തുമ്പഴേക്കും വീണ്ടും അര മണിക്കൂർ കഴിഞ്ഞ് കാണണം. സമയം ഏകദേശം പുലർച്ചെ രണ്ട് മണിയോടടുത്തിട്ടുണ്ടാവും. വീട്ടിലേക്ക്, ഇനിയും ഏകദേശം പത്ത് മിനുട്ടോളം ഇടവഴിയിലൂടെയും വയലിലൂടെയും നടക്കാനുണ്ട്. ആറാം മൈലിൽ പാനുണ്ട റോഡിലേക്കാണ് എനിക്ക് തിരിയേണ്ടത്. 

പാനുണ്ട റോഡിലേക്ക് കയറി ഏകദേശം അമ്പത് മീറ്ററോളം നടന്ന് കാണും. ചരൽക്കല്ലുകൾ തെറിപ്പിച്ച് വലിയ വായിൽ കുരച്ച് കൊണ്ട് പത്തോളം പട്ടികൾ, അല്ല, നായീന്റെ മക്കൾ എന്നെ വളഞ്ഞു. ആദ്യമായിട്ടാണ് ഞാനീത്തരത്തിൽ നായ്ക്കളുടെ സംഘാക്രമണം നേരിടുന്നത്. അവയൊക്കെ എന്റെ ചുറ്റും നിന്ന് വലിയ വായിൽ കുരയ്ക്കുകയാണ്. ആ കൂട്ടത്തിലെങ്ങാനും ടിങ്കു ഉണ്ടോ എന്ന് പരതി നോക്കിയെങ്കിലും കണ്ടില്ല. പറയാൻ പറ്റില്ലല്ലോ, കൂടെ നിന്ന് ചതിക്കുന്ന നായീന്റെ മക്കൾ വാണരുളുന്ന കാലമാണ്. 

ചില പട്ടികൾ ഇടക്ക് ഒന്ന് കടിക്കാനെന്നോണം മുന്നോട്ടായുന്നുണ്ട്. മാവുകളുടെയും തെങ്ങിന്റേയുമൊക്കെ മറയുള്ളതിനാൽ കാഴ്ച അവിടെ കുറച്ച് കുറവായിരുന്നു. ആറാം മൈലിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം അവിടെ എത്തുന്നുണ്ടായിരുന്നില്ല. എന്നാലും നിഴലാട്ടം പോലെ എല്ലാ നായീന്റെ മക്കളെയും എനിക്ക് കാണാൻ കഴിയുന്നുണ്ട്. ഞാൻ മുണ്ടൊക്കെ മാടിക്കുത്തി, കുനിഞ്ഞ് കല്ലെടുത്ത് എറിയുന്നത് പോലെയൊക്കെ ആക്ഷൻ കാണിച്ചെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല. ഇരുട്ടിൽ തപ്പിയിട്ട് എനിക്ക് ഒരു കല്ല് പോലും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പഴേക്കും എന്റെ മനസ്സിൽ ഭീതി ഉടലെടുത്തിരുന്നു. എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല. ഓടിയാൽ അവറ്റകൾ എന്റെ ചന്തി കടിച്ച് കീറുമെന്നുറപ്പാണ്. കല്ലോ വടിയോ ഒന്നും കിട്ടുന്നുമില്ല. ഈ നായീന്റെ മക്കളുടെ പത്മവ്യൂഹം പൊളിച്ച് പുറത്ത് കടക്കാനും വഴിയില്ല.

ഒടുവിൽ, ഞാനും വല്ലാത്ത രീതിയിൽ പട്ടികളേക്കാൾ ഉച്ചത്തിൽ അലറാൻ തുടങ്ങി. എന്റെ അലർച്ച കേട്ടെങ്കിലും അടുത്തുള്ള വീട്ടുകാർ ആരെങ്കിലും വന്ന് സഹായിച്ചാലോ എന്നായിരുന്നു ചിന്ത. ഇടയ്ക്കിടെ ചില പട്ടികളെ ഞാൻ അടിക്കാനും ചവിട്ടാനും അവയെ പിടിക്കാൻ ആയുന്നത് പോലെയൊക്കെ കാണിക്കുന്നുണ്ട്. അതിന്റെ കൂടെ എന്റെ വല്ലാത്ത അലർച്ചയുമായപ്പോൾ രണ്ട് പട്ടികളൊഴിച്ച്  ബാക്കിയുള്ള പട്ടികൾ പേടിച്ചിട്ടോ എന്തോ, കുറച്ച് ദൂരെ മാറി തിട്ട ചാടി പറമ്പിലേക്ക് കയറി. ഒരു മെലിഞ്ഞ കറുത്ത പട്ടിയും വേറൊരു തടിയൻ പട്ടിയുമാണ് പിന്നെയും കുരച്ച് കൊണ്ട് അവിടെ നിന്നത്. കറുത്തവന് വല്ലാത്ത ശൗര്യമായിരുന്നു. അവന്റെ കാലുകളിൽ പതിനെട്ട് നഖങ്ങളുണ്ടോ എന്ന് നോക്കണമെന്ന് തോന്നിയെങ്കിലും, തൽക്കാലം ജീവൻ രക്ഷിക്കാനുള്ള യജ്ഞത്തിൽ മനസ്സുറപ്പിച്ച് നിർത്താൻ തീരുമാനിച്ചു. 

നിലത്ത് പരതിക്കൊണ്ടിരിക്കുന്നതിനിടയിൽ കിട്ടിയ ഒരു കല്ലെടുത്ത് ആ കറുത്ത മൂരാച്ചിയെ നോക്കി എറിഞ്ഞെങ്കിലും കൊണ്ടത് കൂടെയുണ്ടായിരുന്ന തടിയനാണ്. എന്തായാലും അവന് നന്നായി ഏറ് കൊണ്ടിരിക്കുന്നു. 'ക്യോ...' ന്നും പറഞ്ഞ് അവൻ അവിടെ നിന്നും ഓടി. പക്ഷേ കറുത്ത നായീന്റെ മോൻ വീണ്ടും എന്നോട് കൂടുതൽ അടുത്ത് വരികയാണ്. അവൻ എന്നെ എന്തായാലും കടിക്കുമെന്ന് ഏകദേശം എനിക്കുറപ്പായി. ബാക്കിയുള്ള പട്ടികൾ പറമ്പുകളിൽ നിന്ന് കുരച്ച് കൊണ്ട് അവന് മോറൽ സപ്പോർട്ട് കൊടുത്തുകൊണ്ടിരുന്നു. എന്റെ അലർച്ചയൊന്നും അവനെ പേടിപ്പിക്കുകയോ നാട്ടുകാരെ ഉണർത്തുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. ആലോചിക്കാനൊന്നും അധികം നേരമില്ല. രക്ഷപ്പെട്ടേ പറ്റൂ. 

എന്റെ മേലെ കറുത്ത നായീന്റെ മോന്റെ കടി വീഴുമെന്ന് ഉറപ്പായ നിമിഷം. ഞാൻ രണ്ട് കൈകളും കൂടെ നീട്ടി അവന്റെ മേൽത്താടിയും കീഴ്ത്താടിയും കൂട്ടിപ്പിടിച്ച്, മുഖമടച്ച് പിടിച്ച്, അവനെ വായുവിൽ പൊക്കി ഒരു കറക്ക് കറക്കി, ആ കറക്കലിൽത്തന്നെ അവന്റെ പിടിവിട്ടതും, ഞാൻ ജീവനും കൊണ്ട് അലറിയോടിയതും ഒരുമിച്ചായിരുന്നു. ആ ഓട്ടത്തിൽ, ആ കറുമ്പൻ എവിടെയോ വീണ് വേദനിച്ച് കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു. ആ ഓട്ടത്തിനിടയിലാണ്, വഴിക്കുണ്ടായിരുന്ന ഒന്ന് രണ്ട് വീടുകളിൽ ലൈറ്റ് തെളിഞ്ഞത്. പക്ഷേ എന്ത്  കാര്യം? ഒരു മിന്നായം പോലെ ഉച്ചക്കുനി സ്‌കൂളും കഴിഞ്ഞ്, വീട്ടിലേക്ക് ബാക്കിയുള്ള ദൂരത്തിന്റെ പകുതിക്ക് മേലെയും ഞാനപ്പഴേക്കും ഓടിയെത്തിയിരുന്നു, എങ്ങനെയായാണ് ആ സമയത്ത് ആ കറുമ്പനെ അവന്റെ മുഖമടച്ച് പിടിക്കാൻ തോന്നിയതെന്നും, എങ്ങനെയാണ് വളരെ കൃത്യമായി അവന്റെ വായടച്ച് പിടിച്ച് പൊക്കി കറക്കാൻ പറ്റിയതെന്നുമാലോചിച്ച് എനിക്കൊരു പിടിയും കിട്ടിയില്ല. അഥവാ, കഷ്ടകാലത്തിന് ഉന്നം തെറ്റിയിരുന്നെങ്കിൽ, എന്നെയവൻ കടിച്ച് കീറി മാലയിട്ടേനെ. കിതച്ച് വീട്ടിലെത്തുമ്പോൾ എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് വരുന്ന വഴി ടിങ്കുവും എന്റെ കൂടെ ഒപ്പം നട കയറി .

കാലം വീണ്ടും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഞാൻ കൂടുതൽ ധിക്കാരിയും തോന്ന്യാസിയുമായി മാറി. ഒരു ശുഭ മുഹൂർത്തത്തിൽ അച്ഛനോടൊന്നും പറയാതെ ഞാൻ ബോംബെയിലേക്ക് നാടുവിട്ടു. ബോംബെ പട്ടികളുടെ വിഹാരരംഗമാണ്. താമസിച്ച എല്ലാ അപ്പാർട്ട്മെന്റുകൾക്ക് മുന്നിലും ഓരോ പട്ടികൾ കാവൽ കിടക്കുമായിരുന്നു. നമുക്ക് ഇഷ്ടമുള്ളപ്പോൾ മാത്രം എന്തെങ്കിലും കൊടുത്താൽ മതി. കൊടുത്താലും കൊടുത്തില്ലെങ്കിലും അവ സ്നേഹത്തോടെ വാലാട്ടും. എന്നിരുന്നാലും ഏരിയ തിരിച്ചുള്ള പട്ടിസംഘങ്ങളുടെ സംഘർഷങ്ങൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.

കാലത്തിന്റെ തോണിയിൽ ഞാൻ അമേരിക്കയിലെത്തിപ്പെട്ടു. അമേരിക്കയിലെ പട്ടികളുടെ നിലവാരം കണ്ടാൽ, ഒരു പട്ടിയായി ജനിക്കുന്നതായിരുന്നു നല്ലതെന്ന്, ഓരോ പട്ടികളെ കാണുമ്പോഴും തോന്നിപ്പോകും. വീട്ടിലെ അവയുടെ സ്ഥാനം, കാറിലെ സ്ഥാനം എന്നിവ കണ്ടാൽ ആർക്കാണ് കൊതി വരാത്തത്? ജാതകവും ലാസ്റ്റ് നെയിമും ഉള്ള പട്ടികളെ മക്കളെക്കാളും മനുഷ്യർ സ്നേഹിക്കുന്നത് കാണുമ്പോൾ ഞാനും എന്റെ ദേഹത്ത് രോമക്കാടും വാലും അറിയാതെ പരതിപ്പോകാറുണ്ട്. 

അമേരിക്കയിലെ ഒട്ടുമിക്ക സുഹൃത്തുക്കളുടെ വീട്ടിലും, പട്ടികൾ, രാജകുമാരന്മാരും കുമാരിമാരുമായി വാഴുന്നുണ്ട്. ഇഞ്ചി അയ്യങ്കാരെയും മൗഗ്ലി നമ്പ്യാരെയും എയ്ഞ്ചൽ നായരെയും മറ്റും അങ്ങനെയാണ് പരിചയപ്പെടുന്നത്. അങ്ങനെ ഈ ശുനകകുമാരന്മാരെയും കുമാരികളെയും പരിചയപ്പെട്ടപ്പോഴാണ്, ഭാവിയിൽ നടക്കാനിനിരിക്കുന്ന ഇവരുടെ വിവാഹങ്ങൾക്ക് ഇടനിലക്കാരനായാലോ എന്ന ചിന്ത എന്നിൽ ഉണ്ടാക്കിയത്. അതൊരു വേറിട്ട ചിന്തയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.

അതിനിടയിൽ പട്ടി എന്നുള്ള രീതിൽ എനിക്ക് മതിപ്പ് ഉളവാക്കിയ പട്ടിയാണ് രാജാ രാമാട്ട്. എന്റെ ഒരു അമേരിക്കൻ ബന്ധുവിന്റെ പെറ്റാണ് രാജ. ഒരു ജർമ്മൻ ഷെപ്പേർഡ് കുലത്തിൽ പിറന്നവൻ. കണ്ടാൽ ആഡ്ഢ്യൻ. ഇടയ്ക്കിടെ അപ്പലാച്ചിയൻ മലകളിലെ അപ്പലാച്ചിയൻ ട്രെയിലിൽ കൂടി യാത്രചെയ്യുന്നതും മലമുകളിൽ ക്യാമ്പ് ചെയ്യുന്നതും എനിക്കും എന്റെ സുഹൃത്തുകൾക്കും ഒരു ശീലമാണ്. അങ്ങനെയൊരു അപ്പലാച്ചിയൻ യാത്രയിൽ നമ്മുടെ രാജാ രാമാട്ടും പങ്കെടുത്തു. മൂന്ന് ദിവസത്തെ നടത്തവും രണ്ട് ദിവസത്തെ ക്യാംപിങ്ങുമായിരുന്നു നമ്മുടെ പ്ലാൻ. 

നല്ല നല്ല ഇൻസ്റ്റിറ്റ്യൂയൂട്ടുകളിൽ നിന്നും ട്രെയിനിങ് കിട്ടിയിട്ടുള്ള പട്ടിയാണ് രാജ. ഇടക്കിടെ ചെറിയ വൺ ഡേ ക്രാഷ് കോഴ്‌സുകളും അവൻ ചെയ്യാറുണ്ട്. പക്ഷേ അവനൊരു പ്രശ്നമുണ്ട്. ട്രെയിനിങ് സമയത്ത് മനുഷ്യന്മാർ ഇച്ഛിക്കുന്നത് പോലെ അവൻ കൂടുതൽ അച്ചടക്കമുള്ളവനാവും. പക്ഷെ പുറത്ത് വന്നാൽ അവൻ വീണ്ടും പട്ടിയാകും. എന്ന് വച്ചാൽ, വേറെ പട്ടികളെക്കണ്ടാൽ അവന് അവരോട് സംസാരിക്കാതെ വിടാൻ പറ്റാറുണ്ടായിരുന്നില്ല. ഇവിടെ മനുഷ്യരുടെ  ആവശ്യം, സ്വന്തം പട്ടി വേറെ ഏത് പട്ടിയെക്കണ്ടാലും അവ കുരയ്ക്കാൻ പാടില്ലെന്നാണല്ലോ. ഒന്നുകിൽ അവരെ പഠിപ്പിച്ച ഇംഗ്ളീഷ് പറയുക, അല്ലെങ്കിൽ മിണ്ടാതെ തലയും കുനിച്ച് ആരെയും കണ്ടില്ലെന്ന രീതിയിൽ, ഞാൻ പട്ടിയല്ല, മറിച്ച് മനുഷ്യനാണ് എന്ന ഭാവത്തിൽ നടക്കുക. അതാണല്ലോ ഓരോ പട്ടിയുടമകളും അവരുടെ പട്ടിമക്കളിൽ നിന്നും കാംക്ഷിക്കുന്നത്. 

രാജാ രാമാട്ടിനും ഒരു മൗണ്ടൻ പരിശീലനമായിക്കോട്ടെ എന്ന ചിന്തയിലാണ് അവനെ അവന്റെ രക്ഷാകർത്താവ് നമ്മുടെ കൂടെ അപ്പലാച്ചിയൻ ട്രെയിൽ ട്രിപ്പിൽ കൂട്ടിയത്. ട്രെയിലിൽ എത്രയോ പേർ അവരവരുടെ പട്ടികളുമായി ഒരു ദിവസത്തെ യാത്രക്കും കൂടുതൽ ദിവസങ്ങളെടുക്കുന്ന യാത്രക്കുമായി വന്നിട്ടുണ്ട്. രാജക്ക് നല്ല ഘ്രാണശക്തിയാണ്. പട്ടികളുടെ മണം, അവന് വളരെ ദൂരത്ത് നിന്ന് തന്നെ കിട്ടും. പട്ടിമണം കിട്ടിയാലുടനെ അവൻ കുരയോട് കുരയായിരിക്കും. ഇത് കേൾക്കുമ്പോൾ രക്ഷാകർത്താവിന് ദേഷ്യം വരും. അവൻ ഇംഗ്ളീഷിൽ എത്ര പറഞ്ഞാലും എന്ത് തെറി പറഞ്ഞാലും രാജക്ക് പുല്ലാണ്, വെറും ഗ്രാസ്സ്. അവൻ ഒന്നും വക വെക്കുന്നുണ്ടായിരുന്നില്ല. ഇങ്ങനെ കുരച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ചില പട്ടികൾ എതിരേ വരും. അപ്പോഴാണ് രാജ നിയന്ത്രണം വിടുന്നത്. ഒരു രക്ഷയുമില്ലാത്ത കുര. പക്ഷേ മറ്റേ പട്ടിയാണെങ്കിൽ ഇങ്ങനെയൊരു പട്ടി അവനോട് മിണ്ടാൻ വേണ്ടി വെപ്രാളം കാണിക്കുന്നുണ്ടെന്ന ചിന്ത പോലും ഇല്ലാത്ത വിധത്തിൽ തല കുനിച്ച് നടപ്പായിരിക്കും. ആ പട്ടിയൊക്കെ മനുഷ്യനാകാനുള്ള ട്രെയിനിങ്ങിൽ ഡിസ്റ്റിങ്ഷൻ കിട്ടിയ പട്ടി തന്നെയായിരിക്കും.

ഇങ്ങനെ ആക്രാന്തം മൂത്ത് കുരക്കുന്ന സമയത്താണ് രാജയുടെ ഉടയോൻ അവനെ അവന്റെ കഴുത്തിലെ ലീഷ് ഉപയോഗിച്ച് ക്രെയിൻ പൊക്കുന്നത് പോലെ പൊക്കുന്നത്. അപ്പോൾ കഴുത്തിൽ ഘടിപ്പിച്ചിട്ടുള്ള പല്ലുപോലുള്ള ഒരു സാധനം അവന്റെ തൊണ്ടയിൽ ശക്തിയോടെ അമർന്ന് നിൽക്കും. അങ്ങനെ ആ ഇരുമ്പ് പല്ലുകൾ അതിന്റെ തൊണ്ടയിൽ അമരുമ്പോൾ, വേദന കൊണ്ട് അവന് കുരക്കാൻ പറ്റാതാവും. 'ങ്..ങ്..'എന്നൊരു ശബ്ദം മാത്രമേ പുറത്ത് വരൂ. അങ്ങനെ എത്രയോ പട്ടികൾ കടന്നുപോയി... എത്രയോ തവണ അവൻ തൂക്കിലേറ്റപ്പെട്ടു. രാത്രി ക്യാമ്പ് ചെയ്ത സ്ഥലത്തും വേറൊരു പട്ടിയുണ്ടായിരുന്നത് രാജയുടെ ഉറക്കം കെടുത്തി. അടുത്തുണ്ടായിട്ടും അവന് മറ്റേപ്പട്ടിയെ ഒന്ന് മണക്കാനോ നക്കാനോ പറ്റാത്ത കുണ്ഠിതം അവൻ രാത്രി മുഴുവൻ കുരച്ച് തീർത്തു. നമ്മുടെയും കൂടെയുള്ള അറിയാത്ത ഹൈക്കേഴ്സിന്റെയും ഉറക്കം നഷ്ടപ്പെട്ടു. ഇടയ്ക്ക് അവന്റെ ഉടയോൻ പോയി അവന് രണ്ട് മൂന്ന് പെട പെടച്ചു. എന്നിട്ടും ഒരു പട്ടിയാണെന്നുള്ള അഹങ്കാരത്തിലായിരുന്നു, രാജ. ആ മൂന്നു ദിവസങ്ങളിലെ നിരന്തരമായ യാത്രയിൽ, ഓരോ നിമിഷത്തിലും സ്വയം ഒരു പട്ടിയാണെന്ന് തെളിയിച്ച് കൊണ്ടേയിരിക്കുകയായിരുന്നു രാജ. അവനെ ഇംഗ്ളീഷിൽ ശാസിക്കുന്ന അവന്റെ രക്ഷാകർത്താവിനെ കാണുമ്പോൾ ആരാണ് പട്ടി എന്നതായിരുന്നു എന്റെ സംശയം.

എന്തായാലും പട്ടികളെ പട്ടികളായി കാണാനാണ് എനിക്കിഷ്ടം. ഇവിടെ പട്ടിയുടമകളായ പലയാളുകളുടെയും രീതികളും ചേഷ്ടകളും കാണുമ്പോൾ, അവരുടെയൊക്കെ പട്ടികൾ, മനുഷ്യർ പെരുമാറുന്നത് പോലെ അവയൊക്കെ പെരുമാറണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിപ്പോകും. പട്ടികൾക്ക് ചിരിക്കാനും നമ്മുടെ ഭാഷ സംസാരിക്കാനും അറിയില്ലെന്ന് അവർക്കും അറിയാമെങ്കിലും, അവരത് ആഗ്രഹിക്കുന്നുണ്ട്. എന്തായാലും അവയെ ചില വാക്കുകൾ പഠിപ്പിച്ച് അച്ചടക്കം പഠിപ്പിക്കുന്നതിൽ മനുഷ്യൻ തീർച്ചയായും വിജയിച്ചിട്ടുണ്ട്. പട്ടികൾ പട്ടി സംസർഗ്ഗമില്ലാതെ, മറ്റ് പട്ടികളുമായി ഇടപെടാൻ അനുവദിക്കപ്പെടാതെ, മനുഷ്യന്മാരുമായി മാത്രം സമ്പർക്കത്തിലേർപ്പെടുന്നത് കൊണ്ട്, പട്ടികൾക്ക് പരിണാമപരമായി പല മാറ്റങ്ങളും ഇനി പ്രതീക്ഷിക്കാവുന്നതേയുള്ളു. 

പട്ടികൾ ഇനിയും പുരോഗമിക്കട്ടെ. അങ്ങനെ പുരോഗമിച്ച പട്ടികളെക്കണ്ട്, മനുഷ്യൻ പട്ടികളുടെ പേരിൽ പറയുന്ന തെറികൾ അവസാനിപ്പിക്കട്ടെ. 'നായീന്റെ മക്കൾ' എന്ന് തെറിച്ചുവയോടെ വിളിക്കുന്ന ശൈലി, 'ശുനകപുത്രാ' എന്നുള്ള ആഡ്ഢ്യശൈലിയിലേക്ക് മാറട്ടെ. 

മൃഗങ്ങളെ പെരുത്തിഷ്ടമാണെങ്കിലും അവയെ അവയുടെ പാട്ടിന് വിടാനാണ് എനിക്കിഷ്ടം. സ്വന്തം ജീവിതം എങ്ങനെയെങ്കിലും നിലനിർത്താൻ പാടുപെടുന്നതിനിടക്ക് ഒരു പട്ടിപ്പെറ്റിനേയും കൂടി കൂടെ പോറ്റാനുള്ള ശേഷിയും ഇല്ല. പട്ടികൾ, പട്ടികളായിത്തന്നെ പട്ടി സാമ്രാജ്യങ്ങൾ ഉണ്ടാക്കട്ടെ. ഏത് കുതിരകയറുന്ന പട്ടിക്കും ഞാൻ മെലിഞ്ഞ കറുത്ത പട്ടിയെ ചുഴറ്റിയെറിഞ്ഞ കഥ ഓർമ്മയിരിക്കട്ടെ!

കുറിപ്പ്: എന്നെ ഒന്ന് രണ്ട് തവണ മോശമല്ലാത്ത രീതിയിൽ പട്ടി കടിച്ചിട്ടുള്ള കഥ, എന്റെ പൊണ്ടാട്ടിയോട് ഞാൻ പണ്ടേ പറഞ്ഞതാണ്. പണ്ട് പട്ടി കടിച്ചപ്പോൾ പട്ടിവാക്സിൻ എനിക്ക് നല്കാതിരുന്നതിന്റെ പ്രശ്നം ഞാനീയിടെയായി പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ആരോടോ അവൾ ഫോണിൽ പറയുന്നത്, കുറച്ച് ദിവസങ്ങൾ മുന്നേ എന്റെ കാതുകൾ ശ്രവിച്ചിട്ടുണ്ട്. 

***