2019, മാർച്ച് 7, വ്യാഴാഴ്‌ച

മൂത്തമ്മാമന്റെ കല്ല്യാണമാല



എന്റെ മൂത്തമ്മാമന്റെ കല്ല്യാണത്തിന് മൂത്തമ്മാമന്റെ മൂത്ത മകൾക്ക് പോലും പങ്കെടുക്കാൻ പറ്റാതെ വന്നിരിക്കേ, മൂത്തമ്മാമന്റെ നേരെ താഴെയുള്ള പെങ്ങളുടെ മൂത്തമകനായ എനിക്ക് പങ്കെടുക്കാൻ പറ്റിയെന്നുള്ളത് എന്റെ ചെറിയ അഹങ്കാരം തന്നെയാണ്.  നേരെ രണ്ട് വയസ്സിന് താഴെയുള്ള പെങ്ങളുടെ, നേരെ മുന്നിലെ ബെഞ്ചിലിരുന്ന് കൊത്തങ്കല്ല് കളിച്ച് പഠിച്ചിരുന്ന കോമളാംഗിയെത്തന്നെയാണ് മൂത്തമ്മാമൻ വെള്ളാരം പല്ലുകൾ കാട്ടി മോഹിപ്പിച്ച് കല്ല്യാണരാവിന്റെ വക്കിലെത്തിച്ചത്. 

സ്വന്തം ക്ലാസ്സിൽ പഠിച്ചിരുന്ന പെണ്ണിന്റെ കൂടെ ഒരിക്കൽ കൂടി കൊത്തങ്കല്ല് കളിക്കാനുള്ള തിടുക്കം കാരണം ഒരാഴ്ച മുന്നേ എന്റെ മാതാവ് ഏട്ടന്റെ കല്യാണം കൂടാൻ, അന്ന് മൂന്ന് മക്കളുള്ളതിൽ (പിന്നീടത് നാലായി) മൂത്തവനായ എന്നെ ഒഴിവാക്കി, ബാക്കി രണ്ടെണ്ണത്തിനെയും കൂട്ടി അച്ഛന്റെ വീട്ടിൽ നിന്ന് സ്ഥലം വിട്ടിരുന്നു. കല്ല്യാണത്തലേന്ന് എന്നെയും അച്ഛൻ പെങ്ങളുടെ മകളായ എന്റെ മച്ചുനിച്ചിയെയും കൂട്ടി അച്ഛനും അവിടെയെത്തി. താഴെ വിശാലമായ വയലുകളുള്ള ഒരു കുന്നിൻ ചെരുവിലെ ആ വീടിനെ, ഞങ്ങൾ  'മഞ്ഞങ്കര' എന്നാണ് വിളിച്ചിരുന്നത്. ബസ്സിറങ്ങിയതിന് ശേഷം, കാട് പിടിച്ച  കുന്നിൻ ചെരുവിലൂടെയും വയലിലൂടെയും കുറേ നടക്കുവാനുണ്ട്, മഞ്ഞങ്കരയിലേക്ക്.  ഹരിശ്ചന്ദ്രന്റെയും വിക്രമാർക്കന്റെയും മറ്റും കഥകൾ പറഞ്ഞ് രാത്രി വൈകിയ സമയത്ത്, അച്ഛൻ ഞങ്ങളെ ചൂട്ട് വെളിച്ചത്തിൽ നയിച്ചു. കഥകൾ കേട്ട് നടക്കുന്നതിനിടയിൽ, കാഞ്ഞിരക്കുരു വീഴുന്നതിന്റെയും വവ്വാലുകൾ പറക്കുന്നതിന്റെയും കശുമാവിൻ തോട്ടത്തിൽ നിന്ന് കുറുക്കന്റെയും കാട്ടുപന്നികളുടെയും മറ്റും ശബ്ദങ്ങൾ കേട്ട്, ഞാനും എന്റെ മച്ചുനിച്ചിയും കൈകൾ പരസ്പരം ബലമായി പിടിച്ചു നടന്നു. നേരം വൈകിയത് കൊണ്ടും യാത്രാക്ഷീണം കൊണ്ടും, അമ്മാമന്റെ മുറിയിൽ, അമ്മാമന്റെ കൂടെ അവസാനമായി കിടന്നുറങ്ങാനുള്ള അവസരം വിട്ടുകളയാൻ താല്പര്യമില്ലാതിരുന്നത് കൊണ്ടും,  വേഗം മൂത്തമ്മാമന്റെ മുറിയിൽ ഞങ്ങൾ  കിടന്നുറങ്ങി. പെട്രോമാക്സുകളുടെ വെളിച്ചം പൂനിലാവായി തോന്നിയതിനാൽ, അമ്മാമന് ഉറങ്ങാൻ കഴിയാഞ്ഞതൊന്നും ഞങ്ങളെ ബാധിച്ചിട്ടുണ്ടായിരുന്നില്ല.

പിറ്റേന്ന്, എന്തുകൊണ്ടോ, രാവിലെത്തന്നെ പുതിയ കുപ്പായമിട്ടൊക്കെ തയ്യാറായെങ്കിലും എന്നെ കല്ല്യാണസ്ഥലത്തേക്ക് കൂട്ടിയില്ല. കരഞ്ഞ് വിളിച്ച് മൂക്കൊലിപ്പിച്ച് നോക്കിയെങ്കിലും ചില ഉഗ്രശാസനകൾ വിവിധ ദിശകളിൽ നിന്ന് എത്തിച്ചേർന്നതിനാൽ മൂക്ക് തുടച്ച് മൂലക്കിരിക്കേണ്ടി വന്നു. മച്ചുനിച്ചിയെയും കൂട്ടാത്തതിനാൽ സങ്കടം ഇത്തിരി കുറഞ്ഞു.  കല്യാണപ്പാർട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം, ഞങ്ങൾ രണ്ട് പേരും വീടിന് താഴെയുള്ള തോട്ടിൽ മീൻ പിടിക്കാനിറങ്ങി. ഉച്ചയൂണൊക്കെ കഴിഞ്ഞ് കല്യാണപ്പാർട്ടി തിരിച്ചെത്താൻ നേരമായെന്ന വിവരം അമ്മാച്ഛൻ  അമ്മമ്മയോട് പറയുന്നത് ഞങ്ങൾ കേട്ടു. നെടുനീളൻ നെൽവയലുകളും വാഴത്തോപ്പുകളും വെള്ളക്കെട്ടുകളും മറ്റും കഴിഞ്ഞുള്ള മറുകരയിലാണ് കല്യാണപ്പാർട്ടി ബസ്സിറങ്ങുക. അമ്മമ്മ നിലവിളക്ക് തയ്യാറാക്കാനുള്ളിലേക്ക് ഓടിയപ്പോൾ ഞാനും മച്ചുനിച്ചിയും കല്യാണപ്പാർട്ടിയെ വരവേൽക്കാൻ, കമുകും തെങ്ങും ഇടവിട്ടിടവിട്ട് തിങ്ങിക്കിടന്നിരുന്ന മലഞ്ചെരുവിലൂടെയും നേരിയ വരമ്പുകളിലൂടെയും മറ്റും ഓടിയും ചാടിയും മറുകരയിലെത്തി.

കല്യാണബസ്സ് പൊടിപറത്തി വയലിൻകരയിൽ വന്ന് നിന്നു. കല്യാണപ്പെണ്ണിനെ കാണാൻ കല്യാണപ്പെണ്ണിനെക്കാളും നാണത്തോടെ, ഞാനൊരു കമുകിൻ മരം മറഞ്ഞ് ഒളിഞ്ഞു നോക്കി. ബസ്സിൽ നിന്ന് എടുത്ത് ചാടിയത് പോലെയിറങ്ങിയ മൂത്തമ്മാമൻ കൂടുതൽ സുന്ദരനായത് പോലെ തോന്നി. നെറ്റിപ്പട്ടം കെട്ടിയ ആനയിറങ്ങുന്നത് പോലെ കല്യാണപ്പെണ്ണ്, ബസ്സിന്റെ കോണിപ്പടികളിറങ്ങി വന്നു. ആനപ്പാപ്പാന്റെ ചേഷ്ടകളോടെ കൂട്ടുകാരിയായ അമ്മ, നമ്മുടെ പുതിയ അമ്മായിയെ ആനയിച്ച്  നടത്താൻ തുടങ്ങി. മുത്തുക്കുട പിടിച്ചപോലെ അമ്മായിക്ക് ആരോ കുട പിടിച്ച് കൊടുത്തിട്ടുണ്ട്. കഴുത്ത് കുനിഞ്ഞ് മാത്രം നടക്കുന്ന അമ്മായിക്ക് കണ്ണുണ്ടോ എന്ന് അമ്മയെ ചുറ്റി നടക്കുന്നതിനിടയിൽ ഞാൻ കുനിഞ്ഞ് നോക്കി. വരമ്പിലൂടെ വഴുതാതെയും വീഴാതെയും അമ്മ അമ്മായിയെ കാത്തു. വയലിന്റെ പലഭാഗങ്ങളിലും ഒറ്റവരി വയൽ വരമ്പിലൂടെയുള്ള  എഴുന്നള്ളിപ്പ് കാണാൻ വയലിലെ ജോലിക്കാരും അയൽക്കാരുമൊക്കെയുണ്ടായിരുന്നു.  മൂത്തമ്മാമൻ ഒരു മാലയും ബൊക്കെയുമൊക്കെ കൈയ്യിൽ ചുറ്റിപ്പിടിച്ച്, കോട്ടയം കുഞ്ഞച്ചൻ സ്റ്റൈലിൽ മുന്നിൽത്തന്നെയുണ്ട്. നടന്ന് നടന്ന്, എല്ലാവരും മഞ്ഞങ്കരയിലേക്ക് വയലിൽ നിന്ന് കയറാനുള്ള കോണിപ്പടിക്കലെത്തി.

എന്തോ വീട്ടിൽ കയറാനുള്ള സമയമായില്ല എന്നതിനാൽ അഞ്ച് മിനുട്ട് താഴെ കാത്ത് നിൽക്കാൻ അമ്മാച്ഛൻ മുകളിൽ നിന്ന് ഉത്തരവിറക്കി. വിളക്ക് പിടിച്ച് ഇറയത്തിന്റെ തുമ്പത്ത് സ്ത്രീകൾ തയ്യാറായി നിന്നു. ആദ്യമായി കയറ്റം കയറാൻ ആന തയ്യാറാവുന്നത് പോലെ, മുകളിലേക്കൊന്ന് നോക്കി, ശ്വാസം പിടിച്ച്, അമ്മായിയും തയ്യാറായത് പോലെ തോന്നി. താമരശ്ശേരിച്ചുരം കയറുന്നത് പോലെയായിരുന്നു ഈ കല്ല്യാണത്തിന് മുന്നേ ഞങ്ങൾ മഞ്ഞങ്കരയിലേക്ക് വളഞ്ഞ് പുളഞ്ഞ് കയറിയിരുന്നത്. കല്ല്യാണം പ്രമാണിച്ച് മുപ്പത്തിയാറ് പടികളുള്ള, കുത്തനെയുള്ള  പുതിയ സിമന്റ് പടികൾ, നേരെ കയറാൻ പാകത്തിൽ  അമ്മാച്ഛൻ പണിയിച്ചിരുന്നു.

അഞ്ച് മിനുട്ട് കൂടി വീട്ടിലേക്ക് കയറാൻ ബാക്കിയുള്ളതിനാൽ മാലയൊന്നുമില്ലാതെ ഒന്ന് രണ്ട് ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർക്ക് ഒരാഗ്രഹം. എങ്ങനെയെങ്കിലും ഒരു ഫോട്ടോയിൽ കയറിപ്പറ്റാൻ മണവാളനെ ചുറ്റിപ്പറ്റി നടന്നിരുന്ന ഞാനും തയ്യാറെടുത്തു. പക്ഷേ മൂത്തമ്മാമൻ വളരെ വിദഗ്ദ്ധമായി എന്നെ ഒഴിവാക്കാൻ, എന്റെ കൈയ്യിൽ രണ്ട് മാലകളും രണ്ട് ബൊക്കെകളും പിടിക്കാൻ തരികയാണ് ചെയ്തത്. അമ്മാമൻ അതിസമർത്ഥനായ സർക്കസ്സ് കാരനെപ്പോലെ പുതിയമ്മായിയുടെ കൈ പിടിച്ച്, ചാടാൻ ഇത്തിരി പ്രയാസമുള്ള വെള്ളച്ചാൽ മറികടന്ന് മറുകണ്ടം ചാടി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ തുടങ്ങി. അമ്മാമന് ആവേശമായിരുന്നെങ്കിലും ഏഴ് വയസ്സുകാരനായ, നാണം കുണുങ്ങിയായ എനിക്ക്, ഉണ്ടായിരുന്ന ആവേശവും ചോർന്ന് പോയിരുന്നു. ഒന്നാമത്, കല്ല്യാണത്തിന് കൂട്ടിയില്ല... രണ്ടാമത്, ഇത് വരെയും ഒരു ഫോട്ടോയിൽ കയറാൻ പറ്റിയില്ല... മൂന്നാമത്, മാലകളും ബൊക്കെകളും പിടിച്ചത് കണ്ട്, എന്നെക്കാൾ ആറ് വയസ്സ് മാത്രം അധികമുള്ള അമ്മയുടെ കുഞ്ഞനുജത്തിയായ എന്റെ എളേമ്മയും എന്നേക്കാൾ രണ്ട് വയസ്സ് മാത്രം കൂടുതലുള്ള അമ്മയുടെ ഇളയമ്മയുടെ മകളും എന്നെ ‘മണവാളൻ’ എന്ന് പറഞ്ഞും 'നിന്റെ പെണ്ണാരാ...' എന്ന് ചോദിച്ചും എന്നെ  കളിയാക്കാൻ തുടങ്ങി. അവിടെയുണ്ടായിരുന്ന എല്ലാവരും എന്നെ നോക്കിച്ചിരിക്കാൻ തുടങ്ങി.

എനിക്ക്, എന്റെ ചാരിത്ര്യം നഷ്ടമാകുന്നത് പോലെ തോന്നി. എന്റെ മച്ചുനിച്ചി എന്നെ ഒളികണ്ണിട്ട് നോക്കി... ഞാനകപ്പാടെ ചൂളിപ്പോയി.. കണ്ണ് നിറഞ്ഞു... കൈ വിറച്ചു... എനിക്ക് സഹിക്കാൻ പറ്റിയില്ല... പിന്നെ ഒട്ടും അമാന്തിച്ചില്ല. മാലകളും ബൊക്കെകളും ഞാൻ വലത് ഭാഗത്തുള്ള മൂർന്ന് കഴിഞ്ഞ വയലിലെ വെള്ളത്തിലെറിഞ്ഞു. മൂത്തമ്മാമന്, അമ്മായിയുടെ കഴുത്തിൽ അന്ന് പുതുതായി ഇട്ടുകൊടുത്ത താലി, ആരോ കിണറ്റിലേക്കെറിഞ്ഞത് പോലെ തോന്നുമെന്ന്, അന്നത്തെ എന്റെ ബുദ്ധിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നില്ല. മൂത്തമ്മാമൻ ഫോട്ടോഗ്രാഫറെ വകഞ്ഞു മാറ്റി, ചുമലിൽ കൈ വച്ചിരുന്ന അമ്മായിയെ വിട്ട്, എന്നെ ഒന്ന് ഉമ്മ വെക്കാൻ, കല്യാണമുണ്ട് മാടിക്കുത്തി, പല്ല് കടിച്ച്, മലയിൽ നിന്ന് ഉറവ പൊട്ടി വരുന്ന വെള്ളം പളപളാന്ന് ഒഴുകിപ്പോകുന്ന ചാൽ, പുലി ചാടിക്കടക്കുന്നത് പോലെ  ഒറ്റച്ചാട്ടത്തിന്  തിരിച്ച് ചാടി കടന്നു. ഞാൻ ഓടാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പഴേക്കും എന്നെക്കാൾ എട്ട് വയസ്സ് മൂപ്പുള്ള എന്റെ കുഞ്ഞമ്മാമൻ ഒരു മുങ്ങൽ വിദഗ്ധന്റെ ലാഘവത്തോടെ വിവാഹകുസുമഹാരങ്ങൾ വയലിൽ നിന്നും പൊക്കിയെടുക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. അതുവരെ വാ തുറന്നൊന്ന് സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ലാത്ത അമ്മായി, “മോഹനേട്ടാ....” എന്ന് മോഹനമായി വിളിച്ച്, തല രണ്ട് വശത്തേക്കും ആന എഴുന്നള്ളിപ്പിന് ആട്ടുന്നത് പോലെയാട്ടി, ‘വേണ്ട’ എന്ന സന്ദേശം അമ്മാമന് കൊടുത്ത്, അദ്ദേഹത്തിന്റെ അനന്തിരവവാത്സല്യം മൂത്ത ഉദ്യമത്തിൽ നിന്നും തടഞ്ഞില്ലായിരുന്നെങ്കിൽ.... ഞാൻ, ബഹുജനസമക്ഷം മാലകൾ വീണ അതേ സ്ഥലത്ത്, വയലിലെ ചെളിയിൽ ആണ്ട് പോയേനെ...

ഇന്നലെ മൂത്തമ്മാമന്റെ നാല്പതാം വിവാഹവാർഷികമായിരുന്നു. നന്ദിയുണ്ട് അമ്മായീ... നന്ദിയുണ്ട്... എന്നെ രക്ഷിച്ചതിന്... ആ കരുതലിന്... അമ്മാമന് ഇന്നോളം വരമായിത്തീർന്ന ആ മാന്ത്രികവലയത്തിന്.... നീണാൾ വാഴ്ക !!! 


***

2019, മാർച്ച് 2, ശനിയാഴ്‌ച

വളിയൊച്ചയെ പേടിക്കുന്നവരുടെ യുദ്ധക്കൊതി


രണ്ടാഴ്ചക്കാലമായി തിളച്ച് മറിഞ്ഞ് തുളുമ്പാൻ നിന്ന എന്റെ ദേശസ്നേഹം  യുദ്ധമില്ലാതായതോടെ ഇപ്പോൾ തണുത്താറിയിരിക്കുന്നു. ദേശസ്നേഹം തിളക്കാൻ ഇനിയും ഒരു ഭീകരാക്രമണം ഉണ്ടാകേണ്ടിയിരിക്കുന്നു എന്നോർക്കുമ്പോൾ പേടി തോന്നുന്നു. സിനിമാ കൊട്ടകയിൽ ദേശസ്നേഹം കാണിക്കേണ്ടത് ഇരുന്നിട്ടാണോ നിന്നിട്ടാണോ; ഭക്ഷണം കഴിക്കുമ്പോൾ ദേശസ്നേഹം കാണിക്കേണ്ടത് ബീഫിനെ മട്ടനാക്കിയിട്ടാണോ; ഭരണാധികാരിയെ വിമർശിക്കുമ്പോൾ ദേശസ്നേഹം കാണിക്കേണ്ടത്, മോദിയെ വിട്ട് മൻമോഹനെ വിമർശിച്ചിട്ടാണോ എന്നൊക്കെയുള്ള സന്ദേഹങ്ങളുടെ കൂട്ടത്തിൽ പുതിയൊരു സന്ദേഹം കൂടി ഈ കാലയളവിൽ വന്നു ചേർന്നു -  സമാധാനത്തിനായി ദേശസ്നേഹം കാണിക്കേണ്ടത് യുദ്ധത്തിന് വേണ്ടി അഹോരാത്രം ആഹ്വാനം ചെയ്തുകൊണ്ടാണോ എന്നതാണാ സന്ദേഹം.

പട്ടാളക്കാരെക്കാളും, പട്ടാള സാങ്കേതിക-ഉപായ-വ്യൂഹ വിവരങ്ങൾ ഈ കാലയളവിൽ എന്നിൽ വന്ന് ചേർന്നത് ഇക്കാലയളവിലുണ്ടായിട്ടുള്ള വലിയൊരാശ്വാസമാണ്. മിറാഷിന്റെയും മഗ്ഗിന്റെയും സുഖോയിയുടെയും എല്ലാ സ്ക്രൂവിന്റെ അളവും ഇന്നെനിക്ക് മനഃപാഠമാണ്. ഒരു യുദ്ധവിമാനം മുഴുവനായിത്തന്നെയുണ്ടാക്കാനുള്ള വിദ്യകൾ സോഷ്യൽ മീഡിയകൾ പുറത്ത് വിട്ടിട്ടുണ്ട്. ഒന്നുണ്ടാക്കിയാലോ എന്ന ആലോചനയിലാണ് ഞാനും. ഇന്ദിരാഗാന്ധി വാങ്ങിയ ആയുധത്തിനാണോ, അതോ മോദി വാങ്ങാൻ പോകുന്ന ആയുധത്തിനാണോ മൂർച്ച എന്നത് രാകി നോക്കിപ്പറയാൻ, കരുവാന്റവിടത്തെ കൊല്ലനെ ഏൽപ്പിച്ചിട്ടുണ്ട് എന്ന കാര്യവും അറിഞ്ഞു.

സ്വന്തം ചന്തിയുടെ ഉള്ളിൽ നിന്നും പൊട്ടുന്ന വളിയുടെ ഒച്ച പോലും കേട്ടാൽ ഞെട്ടിവിറക്കുന്ന, അണുബോംബിന്റെ ഫിസിക്സിനെക്കുറിച്ച് മറ്റാരേക്കാളും വശമുള്ള, രാത്രി സ്വസ്ഥമായി ശീതളസ്വപ്നങ്ങളിൽ വിരാജിക്കുന്ന സാധാരണക്കാർക്ക്,  പട്ടാളക്കാർക്കറിയുന്നതിനെക്കാൾ യുദ്ധതന്ത്രങ്ങൾ അറിയുമെന്നത് പട്ടാളക്കാർക്ക് പോലും അത്ഭുതമുണ്ടാക്കിയത്രേ. യുദ്ധമാണെങ്കിൽ അണ്വായുധം പ്രയോഗിച്ച് തന്നെ വേണമത്രേ... ! എന്നെങ്കിലും ഒരിക്കൽ മരിക്കുന്നത് കൊണ്ട്, ധീരനായി വെടികൊണ്ട് തന്നെ മരിക്കണം, അതും പുറത്ത് കൊള്ളുന്നതിന് പകരം നെഞ്ചിൽത്തന്നെ വെടി കൊണ്ട് മരിക്കണം... എന്നിട്ട് സമാധാനം ഉണ്ടാക്കണം !! ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്, ഒരു കമ്പിത്തിരി പോലും കത്തിക്കാത്ത സാധാരണക്കാരന്റെ അവസരവീരവാദങ്ങളാണെന്ന് ഏതൊക്കെയോ യുദ്ധവിരുദ്ധന്മാർ ചില മാളങ്ങളിലിരുന്ന്  ചിലർ അപഖ്യാതി പരത്തുകയാണ് !!

പാകിസ്ഥാനിൽ അണുബോംബിട്ടാൽ, അതിന്റെ അണുപ്രസരണം തടയുന്നതിന് നമ്മുടെ അതിർത്തിയിൽ ഉണ്ടാക്കിയെടുത്ത പ്രത്യേക സംവിധാനത്തിന്റെ സാങ്കേതികവിദ്യ  അടുത്ത ശാസ്ത്ര നോബൽ സമ്മാനത്തിനുള്ള എൻട്രിയായി കൊടുത്തിട്ടുണ്ടെന്നതാണ് കേൾവി. ഇവിടുത്തെ പയിനായിരം ചത്താലും അപ്പുറത്ത് പയിനായിരത്തൊന്ന് ചത്താൽ, കണക്കുകളിൽ അത് ഇവിടുത്തെ വിജയമാക്കി കണക്കാക്കും എന്ന് 'ഷാ'ജി തിയറി ഉപയോഗിച്ച് വിശദീകരിച്ചത്, ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി കരുതപ്പെടുന്നു.

രഹസ്യാന്വേഷണവിവരങ്ങൾ, രഹസ്യാന്വേഷണ ഏജൻസികൾ നേരിട്ട് പത്രമാപ്പീസുകളിലാണ് എത്തിക്കുന്നത് എന്നത് പത്രങ്ങളും ടിവിയും സോഷ്യൽ മീഡിയകളും കൊടുക്കുന്ന വാർത്തകളിൽ നിന്ന്  മുംബൈ ആക്രമണത്തിന്റെ കാലത്തേ നമ്മൾ അറിഞ്ഞതാണ്. സർജ്ജിക്കൽ സ്ട്രൈക്ക് നടത്തിയാൽ, അടുത്ത നിമിഷത്തിൽ ത്തന്നെ അതിന്റെ ചിത്രങ്ങളും വീഡിയോകളും പത്രമാപ്പീസുകളിലും ടിവി ചാനലുകളിലും എത്തുന്നത്, നാം ആർജ്ജിച്ച സാങ്കേതിക പുരോഗതിയുടെ ആഴം മനസ്സിലാക്കിത്തരുന്നു.  വാട്സാപ്പിന്റെ കുടുംബ-സുഹൃദ് കൂട്ടായ്മകളിലും ഫേസ്ബുക്കിലും ഇത്തരം വിവരങ്ങൾ മത്സരിച്ച് എത്തിക്കാനും, മറന്ന് പോകാതിരിക്കാൻ ഒരേ വിവരം തന്നെ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നൂറ്റഞ്ചാവർത്തി അയച്ച് ഹൃദിസ്ഥമാക്കാൻ പ്രത്യേക വളണ്ടിയർമാർ സ്വയം ഉയർന്ന് വന്നതും രാജ്യ പുരോഗതിയെ കാണിക്കുന്നു.

നമ്മുടെ വീഡിയോ ഫോർവാഡ് തൊഴിലാളികളെപ്പോലെ അക്ഷീണം പ്രവർത്തിക്കുന്ന ഒരു തൊഴിലാളി വർഗ്ഗം വേറെ ഉണ്ടെന്ന് തോന്നുന്നില്ല. മത്സരിച്ചുള്ള പ്രവർത്തനമാണ് അവരുടെ മുഖമുദ്ര. കിട്ടിയതെന്തും മുൻ പിൻ നോക്കാതെ മറ്റുള്ളവരിലേക്കെത്തിച്ച്,  മറ്റുള്ളവരെ വിവരസമ്പന്നരാക്കാനുള്ള അവരുടെ വാശി ശ്ലാളാഘനീയം തന്നെയാണ്. ഒരു ഫേസ്ബുക്ക് അക്കൗണ്ടോ ഒരു വാട്സാപ്പ് അക്കൗണ്ടോ ഉണ്ടെങ്കിൽ ഒരു ലക്ഷം അദ്ധ്യാപകർ ഉള്ളതിന് തുല്യമാണെന്ന് ഈ സ്വാർത്ഥതാല്പര്യം ഒട്ടുമേ തീണ്ടാത്ത ഫോർവാഡ് തൊഴിലാളികൾ തെളിയിച്ച് തരും. പാകിസ്ഥാനെ അങ്ങനെ ചെയ്തു.. ഇങ്ങനെ ചെയ്തു... പഷ്തൂൺ മലകൾ തുരച്ച് മറിച്ച് കളഞ്ഞു എന്നൊക്കെയുള്ള വീരവാദങ്ങൾ, ഒരു യുദ്ധത്തടവുകാരനെ കിട്ടിയാൽ ഭയപ്പാടോടെ ഒരു പോറലുമേല്പിക്കാതെ നമ്മുടെ പട്ടാളക്കാരനെ തിരിച്ചയക്കാൻ പാകിസ്ഥാനെ പ്രേരിപ്പിക്കും എന്നവർ പ്രാവർത്തികമായി കാണിച്ച് തന്നിരിക്കുന്നു. 

ഒരു ഭരണമാറ്റം ആഗ്രഹിച്ചിരുന്ന ഞാൻ, ഭീകരത ഇല്ലാതാക്കാൻ ഭീകര താവളങ്ങൾ ഇപ്പം പൊട്ടിക്കും.. ഇപ്പം പൊട്ടിക്കും... എന്നും ജി ഡി പിയുടെ ഉയരം എവറസ്റ്റ് കയറ്റുമെന്നൊക്കെപ്പറഞ്ഞ് മോഹിപ്പിച്ച് വന്ന മോദിയെ ഞാൻ വല്ലാതെയങ്ങ് ആരാധിച്ച് പോയി... നെഹ്രുവിന്റെ കാലത്ത് ലാഹോർ വരെ കയ്യേറി വിട്ടുകളഞ്ഞ മിസ്റ്റേക്കുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പിക്കാൻ; ശാസ്ത്രിയും നെഹ്രുവും ഇന്ദിരാഗാന്ധിയും ഒക്കെ അന്തർദേശീയ സമ്മർദ്ദ ഫലമായി ഉണ്ടാക്കിയെടുത്ത കരാറുകളിൽ ഒപ്പിട്ട് കൊണ്ട്, അതുവരെ നേടിയെടുത്തതൊക്കെയും കളഞ്ഞ് കുളിച്ചുകൊണ്ട് നടത്തിയ പൊട്ടത്തരങ്ങൾ ആവർത്തിക്കിക്കാതിരിക്കാൻ; വാജ്‌പേയി ചെയ്തത് പോലെ പരാക്രമികളെ വിട്ടുകൊടുത്ത് കൊണ്ടുള്ള കളികൾ ആവർത്തിക്കാതിരിക്കാൻ, അധികാരത്തിലെത്തിയ ഉടനെ, പ്രതിരോധമാണ് യുദ്ധത്തിനെക്കാൾ നല്ലത് എന്ന തരത്തിൽ, ഭീകരരുടെ സങ്കേതങ്ങൾ അങ്ങോട്ട് കയറി നശിപ്പിച്ച്‌ കളഞ്ഞില്ലേ? ഇപ്പുറത്ത് പൊട്ടിക്കാൻ സ്വന്തം പൃഷ്ഠം കാണിച്ച് കൊടുക്കുന്നതിന് മുന്നേ അപ്പുറത്തുള്ളവന്റെ മണ്ട പൊട്ടിച്ചില്ലേ? ഭീരുക്കളായ ഭരണാധികാരികൾ പോയി അമ്പത്തെട്ടിഞ്ച് നെഞ്ചളവുമായി ധീരൻ വന്നപ്പോൾ പത്താൻകോട്ടും ഉറിയും പുൽവാമയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയില്ലേ? അമ്പതോളം ദരിദ്രനാരായണന്മാർ  നോട്ട് നിരോധനം മൂലം മരിച്ചെങ്കിലും ഭീകരൻ പട്ടിണി കിടക്കേണ്ടിവരുമെന്ന് കാണിച്ച് തന്നില്ലേ? അമ്പത് കൊല്ലം കൊണ്ട് ISRO ഉണ്ടാക്കിയെടുത്തതിനെക്കാൾ പുരോഗതി അഞ്ച് കൊല്ലം കൊണ്ട് ISRO ഉണ്ടാക്കിയില്ലേ? രൂപയുടെ മൂല്യം എഴുപതിൽ നിന്ന് മുപ്പത്തഞ്ചാക്കി മറുനാടൻ മലയാളികളെ ഞെട്ടിച്ച് കളഞ്ഞില്ലേ? അന്താരാഷ്‌ട്രതലത്തിൽ എണ്ണക്ക് ബാരലിന് എത്ര കുറഞ്ഞാലും, വില കൂട്ടിത്തന്നെ വച്ചുകൊണ്ട്  കുറച്ചതായി നടിക്കാം എന്ന സൂത്രവാക്യം അവതരിപ്പിച്ചില്ലേ? ആധാറിനെയും വോട്ടിങ് യന്ത്രത്തെയും കുറ്റം പറഞ്ഞിരുന്നത് നിർത്തിയില്ല? ഭാരതത്തിൽ എന്ത് സാധനം ഇന്നെടുത്താലും അതിൽ ദേശസ്നേഹം എന്ന പ്രോപ്പർട്ടി തിരുകിയില്ലേ? പലസമയങ്ങളിലായി എല്ലാ കാലത്തും നടന്നിരുന്ന സർജിക്കൽ സ്ട്രൈക്ക് എന്നത് ഒരു മുദ്രാവാക്യമായി മാറ്റിയില്ല? സാമ്പത്തിക കുറ്റവാളികൾ മറ്റ് നാടുകളിലേക്ക് കുത്തൊഴുകിപ്പോകുംപോലെ ഒഴുകിപ്പോകുന്നത് തടഞ്ഞില്ലേ? ബിൻലാദൻ മോഡൽ ഓപ്പറേഷനുകൾ നടത്തി, ദാവൂദിനെയും മസൂദ് അസ്ഹറിനെയും, ഹാഫിസ് സയ്യദിനെയും പിടിച്ചു കെട്ടിക്കൊണ്ട് വന്ന് ഇന്ത്യാ ഗേറ്റിൽ വച്ച് തൂക്കിക്കൊന്നില്ലേ? റിസർവ് ബാങ്കിന്റെ റിസർവ് ശേഖരത്തിന്റെ ഒരു ഭാഗം സർക്കാരിന് കൈമാറി സാമ്പത്തികം ഉയർത്തിയില്ലേ ?  രാജ്യത്ത് ഇതുവരെയുണ്ടായ എല്ലാ നല്ലകാര്യങ്ങളും ഉണ്ടായത് ഇക്കഴിഞ്ഞ അഞ്ച് കൊല്ലത്തിൽ മാത്രമാണെന്ന് കൊച്ച് കുട്ടികൾ പോലും പറയാൻ തുടങ്ങിയില്ല? ഒരു കളിപ്പാട്ടവിമാനം പോലുമുണ്ടാക്കിയിട്ടില്ലാത്ത കമ്പനിക്ക് റാഫേൽ യുദ്ധവിമാനം ഉണ്ടാക്കാമെന്ന് തെളിയിച്ചില്ലേ? പ്രതിപക്ഷത്തിനെയോ അതിന്റെ നേതാക്കളെയോ വൃത്തികെട്ട രീതിയിൽ കളിയാക്കാതെ മുൻ ഭരണാധികാരികളെ ആഗോളതലത്തിൽ പോലും കളിയാക്കാതെ, ഇതുവരെയില്ലാത്തവിധം രാഷ്ട്രീയ ആഡ്ഢ്യത്തം എന്താണെന്ന് കാണിച്ച് തന്നില്ലേ? എതിരഭിപ്രായമുള്ളവനെ സ്നേഹം കൊണ്ട് കീഴടക്കിയില്ലേ? ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും ഉണ്ടായിരുന്ന തരത്തിലുള്ള സ്തുതിപാഠകരും അന്ധമായ ആരാധനക്കാരും വെറും ഭൂതകാലത്തിന്റെ ഭൂതഗണങ്ങളാണെന്ന് തെളിയിച്ച് തന്നില്ലേ? എന്തിനധികം, രാമനും അയ്യപ്പനും മതത്തിനും രാഷ്ട്രീയത്തിൽ ഒരു പങ്കുമില്ലെന്ന് ജനങ്ങളെക്കൊണ്ട് പറയിച്ചില്ലേ? നല്ല രാഷ്ട്രീയം കാഴ്ച വച്ച്,  ഇറ്റലിയിൽ നിന്നും മക്കത്തായത്തിൽ നിന്നും ജനാധിപത്യത്തെ രക്ഷിച്ചില്ലേ? ഒരു ഭരണാധികാരി എന്ന നിലയിൽ ഇത്രച്ചെറിയ കാലത്തിനുള്ളിൽ ഇത്രയധികം കാര്യങ്ങൾ ചെയ്യാൻ മോദിക്കല്ലാതെ വേറെ ആർക്ക് കഴിയും ?

ഇതുവരെയില്ലാത്തവിധം, പാർട്ടി, മതം, ദൈവം, ദേശീയത എന്നീ വലിയ സംഭവങ്ങളെ ഒരുമിച്ച് സമ്മേളിപ്പിച്ച് വിജയം വരിച്ചുകൊണ്ടിരിക്കുകയല്ലേ ഉല്പതിഷ്ണുക്കളായ രാഷ്ട്രീയക്കാർ. ഈ ചതുർഭുജ സമ്മേളനത്തിൽ സൈന്യത്തെയും സമർത്ഥമായി വിന്യസിപ്പിക്കുകയാണ് അഭിനവ ക്ഷത്രിയന്മാർ എന്നത് യുദ്ധവിരോധികളായ ഭീരുക്കൾക്ക് ഇനിയും മനസ്സിലായിട്ടില്ല! യുദ്ധമാണ് രാഷ്ട്രതന്ത്രം എന്ന് ചാണക്യനെയും മറ്റും ഉദ്ധരിച്ച് ചിന്തിച്ച് മനസ്സിലാക്കാൻ പറ്റാത്തവരാണ് യുദ്ധവിരോധികൾ... യുദ്ധമൊഴിവാക്കലാണ് ഭരണാധികാരിയുടെ വിജയമെന്നത് വിഡ്ഢിത്തമാണെന്ന് അറിഞ്ഞുകൂടാത്തവരാണ് യുദ്ധത്തെ എതിർക്കുന്നത്. യുദ്ധം യുദ്ധം എന്ന് നാഴികക്ക് നാല്പത് വട്ടം വിളിച്ച് കൂകി, യുദ്ധം തുടങ്ങാണെന്ന വ്യാജേന ഭീകരാക്രമങ്ങളെ ഉപയോഗിക്കുന്നതിന് മഹാഭാരതയുദ്ധത്തിനോട് സാമ്യം ഉണ്ടാവുന്നത് സ്വാഭാവികമല്ലേ? സ്വന്തം നിലനിൽപിന് ഭീകരത എന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ !! യുദ്ധത്തിൽ പങ്കെടുക്കുന്നവർ ഹൂറികളുമായി മുന്തിരിച്ചാറിൽ നീന്താൻ പോകുന്നവരാണെന്ന് യുദ്ധത്തിന് വേണ്ടി ബഹളം വെക്കുന്ന സോഷ്യൽമീഡിയാ ബഹളന്മാർ  ഒളിഞ്ഞു നോക്കി കണ്ടുപിടിച്ചിരിക്കുന്നു.

ചില ബുദ്ധിരാക്ഷസന്മാർ ഇതൊക്കെ പാവം ചൈനയെ തകർക്കാനാണെന്ന് കണ്ട് പിടിച്ചുകളഞ്ഞത് ആർക്കും മനസ്സിലാകുന്നില്ലത്രേ... ചൈന പാകിസ്ഥാനിലൂടെയുണ്ടാക്കുന്ന ചൈനാ-പാകിസ്ഥാൻ എക്കണോമിക് കോറിഡോറിനെ തകർക്കാനുള്ള പരിപാടിയാണെന്നും അത് തകർന്നാൽ ഇന്ത്യക്ക് പച്ചരി കിട്ടില്ലെന്നുള്ള യാഥാർത്ഥ്യം പറഞ്ഞത് ചൈനയോടുള്ള കൂറ് കൊണ്ടാണെന്ന് ദേശീയവാദികൾ വിഡ്ഢിത്തം പറയുകയല്ലേ? ചൈനാമഹാരാജ്യത്തിലേക്ക് വിപ്ലവ രഹിതമായി ഭാരതത്തെ ലയിപ്പിച്ചാലുണ്ടാകുന്നതിന്റെ ഗുണഗണങ്ങൾ ഇവിടെയൊരു വിഡ്ഢിക്കും മനസ്സിലാകുന്നില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നുണ്ട്. സ്വന്തമായി സേനയുള്ള , സ്വന്തമായി കോടതിയുള്ള പാർട്ടികളുണ്ടാകുന്നത് മോശമാണെന്ന് തോന്നുന്നത്, ദാസ് ക്യാപ്പിറ്റൽ വായിച്ച് നോക്കാത്തവർക്ക് മാത്രമുണ്ടാകുന്ന രോഗമാണെന്ന് എത്ര പേർക്കറിയാം? സദ്ദാമും സ്റ്റാലിനും ഹിറ്റ്ലറും ഒക്കെ നൂറായിരലക്ഷങ്ങളെ കൊന്നൊടുക്കിയത് ലോക നന്മക്ക് വേണ്ടിയാണെന്ന് എത്രപേർക്കറിയാം? അണുബോംബിട്ടത് കൊണ്ട് മാത്രം നിന്നുപോയ ആ ലോകനന്മ നമുക്ക് തിരിച്ച് പിടിക്കണ്ടേ?

പട്ടാളത്തെ പിന്നാമ്പുറത്ത് ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയം മാർക്കറ്റ് ചെയ്യുന്നതിനേക്കാൾ നല്ലത് പട്ടാളക്കാർ രാഷ്ട്രീയത്തിലിറങ്ങുന്നതല്ലേ  എന്നതാണ് ബാക്കിയുള്ള ഒരേയൊരു സംശയം. ഒന്നുകിൽ പട്ടാളക്കാർ രാഷ്ട്രീയത്തിൽ ചേരട്ടെ അല്ലെങ്കിൽ രാഷ്ട്രീയക്കാർ പട്ടാളത്തിൽ ചേരട്ടെ. രാഷ്ട്രീയക്കാരുടെ ധൈര്യം കാൽമുട്ടിലായത് കൊണ്ട് രണ്ടാമത് പറഞ്ഞത് ഒരിക്കലും നടക്കില്ലെന്ന് ഇന്നാട്ടിലെ ഏത് തെരുവ് ശ്വാനനും അറിയാം എന്ന് യുദ്ധവിരോധികൾ പറഞ്ഞു കളയും! ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ, പ്രക്ഷാളനം ചെയ്യപ്പെട്ടവരാണെന്ന് പൊതുജനമെന്നത് പച്ചവേഷം കെട്ടിയ രാഷ്ട്രീയരാവണന്മാർക്കും അറിയാമെന്ന് പറയുന്നത് വെറും അന്ധമായ വിരോധത്തിന്റെ പുറത്താണെന്നും യുദ്ധവിരോധികൾ പറഞ്ഞു വെക്കുന്നു !!

അമർന്നിരുന്ന്  സുഖിച്ചൊന്ന് പേടികൂടാതെ വളിയിടാനെങ്കിലും, ആരാനെ പ്രകോപിപ്പിച്ച് വീരസ്യചിത്തരാക്കി യുദ്ധത്തിലേക്ക് തള്ളിയിടാൻ ബഹളം കൂട്ടുന്നത് തെറ്റാണോ? എന്തായാലും അഭിനന്ദന്റെ മീശയുടെ സ്റ്റെയ്‌ൽ മുഖത്ത് രോമമുള്ള എല്ലാവർക്കും അനുകരിക്കാവുന്നതാണ് എന്നാണ് എന്റെ പക്ഷം. അതിൽ തർക്കമുണ്ടാകുമോ എന്നറിയില്ല!  സംഭവാമി യുഗേ യുഗേ  !!!