2014, ജൂലൈ 30, ബുധനാഴ്‌ച

അമ്മിണി പൊട്ടിച്ച കുരു !


നമുക്ക് ഇതൊരു സങ്കൽപകഥയാക്കാം അല്ലേ? കഥയിൽ അല്പം കാര്യവും കണ്ടേക്കാം.

ഈ കഥ നടക്കുന്ന സമയത്ത്  ഞാൻ ആറാം തരത്തിലോ ഏഴാം തരത്തിലോ പഠിപ്പൊക്കെ കഴിഞ്ഞ് വേനലവധി ആഘോഷിക്കുകയാണ്. നേരത്തെ ചില കഥകളിൽ പറഞ്ഞ മാതിരി വീട്ടിൽ നമുക്ക് പിടിപ്പത് പണികൾ ഉണ്ട്. ചെടികൾക്ക് വെള്ളം നനയ്ക്കൽ, പച്ചക്കറി കൃഷി, പശുവിനെ മേയ്ക്കൽ അങ്ങനെ പലതും. പശുക്കളോടൊപ്പം വീട്ടിൽ ആടുകളും ഉണ്ടായിരുന്നു. അങ്ങനെ ഇടയ്ക്ക്  ഞാനും എന്റെ അനുജന്മാരും ഈ ആടുകളെ മേയ്ക്കാൻ പോകും.

അങ്ങനെ ഒരു ദിവസം രാവിലെത്തന്നെ കഞ്ഞിയൊക്കെ കുടിച്ച് വള്ളി ട്രൌസറൊക്കെ ശരിയാക്കി ആടുകളെയും പൈക്കളെയും  തെളിച്ച് നമ്മൾ വേഗം വീട്ടിൽ നിന്നിറങ്ങി. അധികം വീട്ടില് നിന്നാൽ അപകടമാണ്. അച്ഛൻ കണക്കും ആംഗലേയവും ഒക്കെ ചോദിച്ച് ആകപ്പാടെ വീട്ടിൽ പിന്നെ ബഹളമാവും.. അത് പിന്നെ നമ്മുടെ മേലുള്ള ചാട്ടവാറിലേക്കുള്ള വഴി തുറക്കും. ഈ കാരണത്താൽ ഞാൻ ഓരോദിവസവും, പിറ്റേന്ന് ചെയ്യുവാനുള്ള കാര്യങ്ങൾ  എന്റെ നേരെ താഴെയുള്ള അനുജൻ  ബാലുവുമായി ശട്ടം കെട്ടും. ചോദ്യങ്ങളിൽ നിന്നും അടിയിൽ നിന്നും രക്ഷപ്പെടുവാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളൂ - എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് പുറത്തുകടക്കുക. വെറുതെ അങ്ങ് പോകാനും പറ്റില്ല. അതിന് കണ്ടെത്തിയ ഉപായമായിരുന്നു ആടിനെ മേയ്ക്കലും പശുവിനെ മേയ്ക്കലും.

വേനൽക്കാലമായതിനാൽ പുല്ലൊക്കെ കുറവാണ്. മണ്ണും കൂട്ടി കടിച്ചാലേ പശുവിന് തിന്നാൻ കുറച്ചെങ്കിലും പുല്ല് കിട്ടുകയുള്ളൂ. ആടിനാണെങ്കിൽ പുല്ലിനേക്കാൾ ഇഷ്ടം തൊട്ടാവാടിയാണ്. അത് കാരണം ഞങ്ങൾ തൊട്ടാവാടിയും പുല്ലും തേടി കുറേ ദൂരം പോകും.

ഈ പൈക്കൾക്കും ആടുകൾക്കും വീട്ടിൽ നിന്നിറങ്ങിയാൽ ആകെ ഒരു പരവേശമാണ്. ചിലപ്പോ നമ്മൾക്ക് എവിടെ പോകണം എന്നൊരു നിശ്ചയവും ഉണ്ടാവില്ല. അങ്ങനെയുള്ള സമയത്ത് നമ്മൾ പൈക്കളെ തെളിച്ച് നടക്കുന്നതിനു പകരം മുന്നിൽ ഏത് പശുവാണോ പോകുന്നത്, അതിന്റെ പിന്നാലെ നമ്മളും പോകും. "തെളിച്ച വഴി നടന്നില്ലെങ്കിൽ നടന്ന വഴി തെളിക്കുക".

അങ്ങനെ ഈ തവണ നമ്മടെ വെള്ളച്ചി പശുവാണ്‌ മുന്നിൽ. അവൾ പോകുന്നവഴി, നമ്മളും, ചോക്കച്ചിയും (വെള്ളച്ചിയുടെ അനുജത്തി), അമ്മിണിയാടും രണ്ട് ആട്ടിൻ കുട്ടികളും. പോകുന്ന വഴിയിൽ കണ്ണിൽ കണ്ടതൊക്കെയും കടിച്ചെടുക്കാൻ നോക്കുന്നുണ്ട്. ചോക്കച്ചിക്കും വെള്ളച്ചിക്കും ഈ പോകുന്ന വഴി വല്യ ഇഷ്ടമാണെന്ന് എനിക്ക് പലപ്പഴും തോന്നിയിട്ടുണ്ട്. അതിനു കാരണവും ഉണ്ട്. എന്താണെന്ന് വച്ചാൽ, ഈ പോകുന്ന വഴിക്കാണ് കണ്ടത്തിൽ ദാമുച്ചേട്ടന്റെ വീട്. ചോക്കച്ചിക്കും വെള്ളച്ചിക്കും ദാമുച്ചേട്ടനോട് വല്യ മമതയൊന്നുമില്ല, പക്ഷേ ദാമുച്ചേട്ടന്റെ വീട്ടിലെ ഒരാളെ പെരുത്തിഷ്ടമാണ് , ഒരു കാളക്കൂറ്റനെ. അവിടെയാണ് നമ്മൾ ചോക്കച്ചിയെയും വെള്ളച്ചിയെയും ഗർഭിണികളാകാനുള്ള  പരിശ്രമത്തിന് കൊണ്ടുപോകാറ്‌. ദാമുച്ചേട്ടന്റെ വീട്ടു പടിക്കലെത്തിയാൽ ചോക്കച്ചിയും വെള്ളച്ചിയും ഒളിഞ്ഞു നോക്കുന്നുണ്ടോ എന്ന് നമുക്ക് സംശയം തോന്നും. വാവിനടുപ്പിച്ചാണെങ്കിൽ ഒളിച്ചുനോട്ടം മാത്രമാവില്ല, നേരെ അങ്ങോട്ടേക്ക് കേറിപ്പോകും. പക്ഷെ ഇന്നേദിവസം വാവിനടുത്ത ദിവസമല്ലാത്തതിനാൽ ആ ഒരു അതിക്രമം ഉണ്ടായില്ല.

അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ചോക്കച്ചി ചന്ദ്രികയുടെ വീടിന്റെ പിന്നാമ്പുറത്ത് കയറിയത്. അവളുടെ പിന്നാലെ വെള്ളച്ചിയും. ചന്ദ്രികയുടെ വീടിന്റെ പിന്നാമ്പുറത്ത് ധാരാളം വാഴകളുണ്ട്. അത് തിന്നാനുള്ള പുറപ്പാടാണ്. അത് തടയാൻ ഞങ്ങളും പിന്നാലെ ഓടി. അവളുടെ അച്ഛൻ, 'കുറുക്കൻ നാണു'വിനെ നമുക്കൊക്കെ പേടിയായിരുന്നു. വൈകുന്നേരമാവുമ്പോൾ അന്തിക്കള്ളും മോന്തീട്ട്, പഴയ ഒരു റേഡിയോ ചുമലിൽ വച്ച്, റേഡിയോവിലെ പാട്ടിനേക്കാൾ ഉച്ചത്തിൽ പാട്ടുപാടി വരുന്ന ചെങ്കണ്ണുകാരനായ  നാണുച്ചേട്ടനെ പേടിയില്ലാത്ത കുട്ടികൾ കുറവായിരുന്നു. അപ്പഴാണ് ചന്ദ്രിക പിന്നാമ്പുറത്തെ ജനാല തുറന്നത്. അവൾ സുന്ദരിയായത് കാരണം ഇത്തിരി നേരം നോക്കിനിന്നുപോയി. അപ്പഴേക്കും വെള്ളച്ചിയും ചോക്കച്ചിയും അമ്മിണിയും ഒക്കെ കൂടി ഒന്നു രണ്ടു വാഴകൾ ശാപ്പിട്ട് കഴിഞ്ഞിരുന്നു.

പ്രശ്നം ഗുരുതരമാകും മുന്നേ എങ്ങനെയൊക്കെയോ എല്ലാത്തിനെയും അടിച്ചിറക്കി. അപ്പഴും ചിന്ത ചന്ദ്രികയെപ്പറ്റിയായിരുന്നു. അവളുടെ സൗന്ദര്യത്തെക്കാൾ ഞാൻ അവളെ ഓർത്തിരിക്കാൻ വേറെ ഒരു കാരണം ഉണ്ട്. നമ്മൾ  എൽ. പി പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്ത് മഴക്കാലമായാൽ പള്ളിക്കൂടത്തിലേക്കുള്ള വഴി മുഴുവൻ ഉറവ പൊട്ടി തോട് പോലെ ആവും.ചിലപ്പോഴൊക്കെ മുട്ടിനു താഴെ വരെ ഉയരത്തിൽ വെള്ളം കാണും ഈ വെള്ളത്തിലൂടെ നടന്നു വേണം പള്ളിക്കൂടത്തിലെത്താൻ. ഈ ചന്ദ്രികക്ക് വെള്ളം എന്ന് പറഞ്ഞാൽ പേടിയാണ്. എത്രയോ ദിവസം അവളുടെ അമ്മ അവളെ പള്ളിക്കൂടത്തിലെത്തിക്കാനായിട്ട് കഷ്ടപ്പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അവളാണെങ്കിൽ കരഞ്ഞ് വിളിച്ചും കൂക്കി വിളിച്ചും വലിയ വായിൽ കരയും. പാവാടയും പൊക്കിപ്പിടിച്ച് കാല് വെള്ളത്തിൽ വെക്കണോ വേണ്ടയോ എന്നുള്ള അവളുടെ ശങ്ക കാണാൻ നല്ല ചേലായിരുന്നു. ചിലപ്പോൾ ഈ കഷ്ടപ്പാടിനിടയിൽ ഞാനും ഒരു കൈ നീട്ടി സഹായിക്കാൻ ശ്രമിക്കാറുണ്ട്. അങ്ങനെ ഒരു ദിവസം അവളുടെ അമ്മ ഈ കഷ്ടപ്പാട് വേണ്ടാ എന്നങ്ങ് വച്ചു. അതിനു ശേഷം ആദ്യമായി അവളെ കാണുകയാണ്.

ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പഴാണ് ''തപ്പോ' എന്നൊരു ശബ്ദം കേട്ടത്. നോക്കുമ്പോ നമ്മുടെ അനുജൻ ബാലുവുണ്ട് ഒരു നമ്മൾ നടന്നു പോയ്ക്കോണ്ടിരുന്ന  വഴിയുടെ താഴെയുള്ള ഇടവഴിയിൽ  വീണു കിടക്കുന്നു. മാത്രവുമല്ല നമ്മുടെ ചോക്കച്ചിയുണ്ട് കണ്ണും കാതും കൂർപ്പിച്ച് ബാലുവിനെ ത്തന്നെ നോക്കുന്നു. അപ്പൊ എനിക്ക് കാര്യം മനസ്സിലായി, ചോക്കച്ചി സ്നേഹം പ്രകടിപ്പിച്ചതാണെന്ന്. അത് അവളുടെ സ്വഭാവമാണ്. ഒരുമിച്ചു ഇതേപോലെ വലിയ ഉയരമുള്ള പറമ്പിന്റെ വാക്കിലൂടെ പൊകുമ്പഴോ അല്ലെങ്കിൽ രണ്ടുവശവും ഉയരമുള്ള ഇടവഴിയുടെ  മേലെകൂടി പോകുമ്പഴോ അവൾ നമ്മളെ ഒന്നുമറിയാത്ത പോലെ അവളുടെ കുടവയറുകൊണ്ട് നമ്മളെ ഒന്ന് പതുക്കെ തട്ടും. അതവൾക്കൊരു ഹരമാണ്. നമ്മൾ വള്ളികളോ പച്ചിലയോ മറ്റോ പറിക്കാൻ മരത്തിൽ കയറിയാൽ കൊമ്പ് കൊണ്ട് മരം കുലുക്കുന്നതാണ് വെള്ളച്ചിക്ക് ഹരം.

ഇതെന്താ കുരു പോട്ടാത്തത് എന്ന് ചിന്തിച്ചു പോയോ? അതിന് ആദ്യം എന്ത് കുരുവാണ് പൊട്ടാൻ പോകുന്നതെന്നറിയണ്ടേ?

നമ്മൾ ഇപ്പൊ പോകുന്ന വഴി ചോക്കച്ചിയും വെള്ളച്ചിയും തിരഞ്ഞെടുക്കാനുള്ള കാരണം നേരത്തെ പറഞ്ഞല്ലോ. സത്യത്തിൽ അമ്മിണിക്കും ആ വഴി ഇഷ്ടമാണ്. ചന്ദ്രികയുടെ വീട്ടിൽ  നിന്നും രണ്ടു പറമ്പ് അപ്പുറത്താണ് ചീരുക്കുട്ടിയുടെ വീട്. ഈ ചീരുക്കുട്ടി എന്ന് വച്ചാ കുട്ടിയൊന്നുമല്ല,   ഒരു വല്യമ്മച്ചിയാണ്. ഇവിടെ ആടുകളുടെ ഒരു കൂട്ടം തന്നെ ഉണ്ട്. അതിൽ ഒരു മുട്ടനാടും ഉണ്ട്. നമ്മുടെ നാട്ടിലെ ആട്ടിൻകുട്ടികളുടെയല്ലാം അച്ഛനാണ് ഈ മുട്ടനാട്. ഈ മുട്ടൻ ആളൊരു ജഗജില്ലിയാണ്. അടുത്ത് മറ്റ് ആടുകളൊന്നും ഇല്ലെങ്കിൽ ചിലപ്പോ അവൻ നമ്മുടെ ദേഹത്തും ഒരു പരിശ്രമം നടത്തിക്കളയും. അതുകൊണ്ട് സൂക്ഷിച്ചേ അവന്റെ അടുത്ത് പോകാവൂ. പക്ഷെ നമ്മുടെ അമ്മിണി ചോക്കച്ചിയെയും വെള്ളച്ചിയെയും പോലെ ആക്രാന്തം ഒന്നും കാണിക്കാറില്ല. ചിലപ്പോ ഈ മുട്ടനെ തീരെ  അങ്ങട്ട് അവഗണിച്ചുകളയും.

ഈ സംഭവം നടക്കുന്ന ദിവസവും അമ്മിണി അങ്ങനെയുള്ള വാസനകളൊന്നും കാണിച്ചില്ല. നമ്മൾ ചീരുക്കുട്ടിയുടെ വീടും കടന്ന് വിശാലമായ ഒരു കാട്ടു പറമ്പിലെത്തി. അവിടെ ഇഷ്ടം പോലെ തോട്ടാവാടികളും കുറ്റിച്ചെടികളും ഒക്കെയുണ്ട്. അവിടെ എത്തിയപ്പോഴാണ് കണ്ടത്, നമ്മുടെ അമ്മിണിക്കൊരു പരുങ്ങൽ. നോക്കുമ്പോ ഉണ്ട് നമ്മുടെ മുട്ടനാട് അവിടെ നിന്ന് മേയുന്നു. കൂടെ അവന്റെ യജമാനനും ഉണ്ട്, മനോഹരൻ, എന്റെ സമപ്രായക്കാരൻ, ചീരുക്കുട്ടിയുടെ മൂത്ത മകളുടെ മകൻ. ഇന്ന് മുട്ടന് നല്ല വിശപ്പ്‌ ഉണ്ടെന്ന് തോന്നുന്നു, അതാണ്‌ അമ്മിണിയെക്കണ്ടിട്ടും അവന്  ഒരു മൈന്റില്ല. മനോഹരൻ ഇത്തിരി അബദ്ധങ്ങളൊക്കെ കാണിക്കുന്ന കൂട്ടത്തിലാണ്.  നമ്മൾ മനസ്സിൽ അവനെ മന്ദബുദ്ധി എന്നൊക്കെ വിളിക്കും. എന്നാലും നേരിട്ട് വിളിക്കില്ല, കാരണം അവൻ ആളൊരു വല്യ സൈസ് ആണ്. എങ്ങാനും ഇടി കിട്ടിയാലോ. ഈ മനോഹരന് വേറൊരു പ്രത്യേകത കൂടിയുണ്ട്. അവന്റെ തലയിൽ, ഒത്ത മൂർദ്ധാവിൽ, നമ്മുടെ നാട്ടിലെ വൈദ്യുതി ബൾബ് മാതിരി ഒരു വലിയ  കുരു ഉണ്ട്. വയിലത്തോക്കെ അത് വെട്ടിത്തിളങ്ങും. അതുകൊണ്ട് അവനെ നമ്മൾ സ്നേഹത്തോടെ 'മൊട്ടക്കുരു' എന്നും വിളിക്കാറുണ്ട്. അതും മനസ്സിൽ മാ ത്രം.

ഈ മൊട്ടക്കുരു കാരണം മനോഹരന് ഇത്തിരി അപകർഷതാബോധം ഒക്കെയുണ്ടായിരുന്നു. കുരു മാറ്റാൻ കുറെ മരുന്നൊക്കെ വച്ചു കെട്ടിയിരുന്നു. എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല. അവസാനം  വൈദ്യന്മാർ ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു. പക്ഷേ പേടി കാരണം കുരു തലയിൽത്തന്നെ തുടർന്നു. 

പെട്ടന്ന് നമ്മളെയൊക്കെ കണ്ടപ്പോൾ മൊട്ടക്കുരുവിനും സന്തോഷായി. 

"നമുക്ക് മരം കേറി കളിക്കാം" - മൊട്ടക്കുരു മൊഴിഞ്ഞു. 

നമ്മൾ കളിക്കാനുള്ള തയ്യാറെടുപ്പിലായി. പക്ഷെ പൈക്കളെയും ആടുകളെയും ഒക്കെ മേക്കാൻ വന്ന നമ്മൾ എങ്ങനെ കളിക്കും അവറ്റകളെ നോക്കണ്ടേ? ഞാനും ബാലുവും കൂടി നമ്മുടെ കസ്റ്റഡിയിലുള്ള വെള്ളച്ചി മുതൽ അമ്മിണിയെ വരെ ഓരോ മരത്തിന്റെ ചോട്ടിൽ ഉള്ള കയറിന്റെ നീളത്തിൽ കെട്ടിയിട്ടു. ആട്ടിൻകുട്ടികളെ വെറുതെ വിട്ടു. 

"നീയും നിന്റെ മുട്ടനെ കെട്ടിയിട്" - ബാലു മനോഹരനോട് പറഞ്ഞു.

"ഏയ്‌, അയിന്റെ ആവശ്യോന്നൂല്ല" - മനോഹരന് സംശയമേ ഇല്ല.

"മുട്ടന്റെ കാരിന് (കയറിന്) നല്ല നീളോണ്ട്. മാത്രല്ല, മെലിഞ്ഞ കാരല്ലേ ഞാൻ എന്റെ കാലിൽ കെട്ടിക്കോളാം. അതാവുമ്പോ മുട്ടൻ എവിടെയെങ്കിലും ഓടി പോവൂല്ലല്ലൊ, മാത്രല്ല, നമുക്ക് കളിക്ക്വേം ചെയ്യാം." - ഓ ഇവന്റെ മുടിഞ്ഞ ഒരു ബുദ്ധി നമ്മൾ മനസ്സിൽ  പറഞ്ഞു. 

"ശരി, അപ്പൊ നമ്മക്ക് കളി തൊടങ്ങാം?" - ഞാൻ പറഞ്ഞു 

അങ്ങനെ നമ്മൾ കളി ആരംഭിച്ചു. ഒരാൾ മറ്റുള്ളവരുടെ പിന്നാലെ ഓടും, ആരെയെങ്കിലും തൊട്ടാൽ, പിന്നെ അവൻ മറ്റുള്ളവരുടെ പിന്നാലെ ഓടും. തൊടുന്നതിനു മുന്നേ ഒരു മരത്തിൽ കയറിയാൽ പിന്നെ തൊടാൻ പറ്റില്ല. അങ്ങനെയാണ് കളി. മറ്റുള്ളവരെ തൊടാൻ വേണ്ടി ഓടുന്നയാളെ 'കാക്ക' എന്ന് വിളിക്കും. 

നമ്മൾ കളി തുടർന്ന് കൊണ്ടേയിരുന്നു. അങ്ങനെ ഒരവസരത്തിൽ ബാലു കാക്കയായി. നമ്മളുടെ പിന്നാലെ ബാലു നമ്മളെ തൊടാൻ വേണ്ടി ഓടുകയാണ്. ഞാൻ ഓടി ഒരു കശുമാവിന്റെ മേലെ കേറി. നമ്മടെ മൊട്ടക്കുരുവിന് കേറാൻ കിട്ടിയത് ഒരു കവു(മു)ങ്ങാണ്. അവൻ ബാലു തൊടുമെന്ന വെപ്രാളത്തിൽ നേരെ കവു(മു)ങ്ങിൽ വലിഞ്ഞു കേറി. ബാലു, നമ്മൾ താഴെയിറങ്ങാൻ കാത്തുനിക്കുകയാണ്. 

പെട്ടെന്നാണ് അത് സംഭവിച്ചത്. മൊട്ടക്കുരു ഒരലർച്ചയോടെ താഴെ വീണു കിടക്കുന്നു. എന്താണ് സംഭവിച്ചതെന്നു പെട്ടന്ന് ആർക്കും  മനസ്സിലായില്ല. പിന്നെയാണ് കണ്ടത്, നമ്മുടെ മുട്ടൻ, വിശപ്പൊക്കെ തീർന്ന് അമ്മിണിയെ കണ്ടപ്പോ പെട്ടെന്നുണ്ടായ  
വികാര പരവേശത്തിൽ അവളുടെ അടുത്തേക്ക് ഓടിയതാണ് കാരണം. കയറിന്റെ ഒരറ്റം മൊട്ടക്കുരുവിന്റെ കാലിലാണല്ലൊ.മൊട്ടക്കുരു വീണ് അലറിക്കരയുകയാണ്. അവൻ അവന്റെ തല പൊത്തിപ്പിടിച്ചിട്ടുണ്ട്. കൈകൾക്കുള്ളിലൂടെ ചോര വാർന്നൊഴുകുന്നു. ഞങ്ങളാകെ പേടിച്ചു വിറച്ചു തരിച്ചിരിക്ക്യാണ്. പിന്നെ അവന്റെ കിടപ്പ് കണ്ടപ്പോ ഞങ്ങളും അലറി വിളിച്ചു, നാട്ടുകാരൊക്കെ ഓടിവന്നു. അവനെ പോക്കിയെടുക്കുന്നതിനിടയിൽ ഞങ്ങൾ അത് കണ്ടു. അവന്റെ തലയിലെ കുരു കാണാനില്ല. അവിടെയാണ് പൊട്ടിച്ചോരയൊലിക്കുന്നത്. അവനെ എല്ലാവരും പൊക്കിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴും നമ്മുടെ മുട്ടൻ ഒരുതരം ശബ്ദം ഉണ്ടാക്കിക്കൊണ്ട് അമ്മിണിയുടെ പിന്നാലെത്തന്നെയായിരുന്നു. 

പിന്നെ ഏകദേശം ഒരുമാസം കഴിഞ്ഞപ്പോ നമ്മുടെ മൊട്ടക്കുരുവിനെ നമ്മൾ പിന്നെയും കണ്ടു, പക്ഷേ മൊട്ടയിൽ കുരു ഇല്ലായിരുന്നു. അമ്മിണിയുടെ സ്ത്രൈണതയും മുട്ടന്റെ ശൌര്യവും പറ്റിച്ച പണി ! അങ്ങനെ മനോഹരന്റെ മൊട്ടക്കുരു പൊട്ടി ! ഓപ്പറേഷനില്ലാതെ !!

ഒരു രാത്രിയിലെ ഉറക്കത്തിനിടയിൽ ഇത്രയൊക്കെ സംഭവിക്കുമോ ?

***