2021, ജൂൺ 22, ചൊവ്വാഴ്ച

സ്ത്രീധനം


പണ്ട് മുംബൈയിൽ ഒരു സുഹൃത്ത് എന്നെ പ്രലോഭിപ്പിച്ചതാണ്... കമ്പ്യൂട്ടർ എഞ്ചിനീയർ ഒക്കെ ആയത് കൊണ്ട് കല്യാണച്ചന്തയിൽ എനിക്ക് നല്ല ഡിമാൻഡ് ഉണ്ടാവുമെന്ന് അവൻ ഓർമ്മിപ്പിച്ചതാണ്. ഒരു കാറും പത്തേക്കറ റബ്ബർ എസ്റ്റേറ്റും നൂറ്റമ്പത് പവനും കൂട്ടത്തിൽ ജീവനും ജോലിയുമുള്ള ഒരു പെണ്ണും ഈസിയായി കിട്ടുമെന്ന് അവൻ പറഞ്ഞപ്പോൾ എന്റെ കൈയ്യിലെ രോമങ്ങൾ എഴുന്നേറ്റ് നിന്നത് ഞാനേ കണ്ടുള്ളൂ. 

പെട്ടന്നാണ് ഓർത്തത്, പണ്ടാരം... എന്റെ സ്വദേശം കണ്ണൂരാണല്ലോ... പെണ്ണിന്റെ കൂടെ പൊന്നൊക്കെ കൊടുക്കുന്ന ഏർപ്പാടൊക്കെയുണ്ടെങ്കിലും കഷ്ടകാലത്തിന് സ്ത്രീധനം ചോദിച്ചുപോയാൽ, പെണ്ണിന് പകരം കല്ലേറാണല്ലോ കിട്ടുക എന്നാലോചിച്ചപ്പോൾ എഴുന്നേറ്റ രോമങ്ങൾ വീണ്ടും പതുക്കെ കൂമ്പി വാടി അമർന്നിരുന്നു. 

ഒടുവിൽ, പെണ്ണൊക്കെ കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷം, നാട്ടുകാരുടെ മുന്നിലും പെണ്ണിന്റെ മുന്നിലും മാന്യനാണെന്ന് അഭിനയിക്കാൻ വേണ്ടി, 'കല്യാണത്തിന് എന്റെ കഴുത്തിൽ പെണ്ണ് സ്വർണ്ണമാല ഇടേണ്ട' എന്നറിയിച്ചപ്പോൾ പെൺവീട്ടുകാർ ദേഷ്യത്തോടെ സടകുടഞ്ഞെഴുന്നേറ്റത് ആദ്യമൊന്ന് അമ്പരപ്പിച്ചെങ്കിലും ഉള്ളിൽ ആശ്വാസം പകർന്നിരുന്നു. കുറഞ്ഞത് അഞ്ച് പവന്റെ മാലയെങ്കിലും സ്വന്തം കഴുത്തിൽ വീഴുമല്ലോ. പക്ഷേ കല്യാണത്തിന് മാല കിട്ടുമെന്ന് വിചാരിച്ച് പോയ എനിക്ക് കിട്ടിയത് വെറും തുളസിമാല! കുറച്ച് പൊന്ന് കൈയ്യിലും കഴുത്തിലും കണ്ടെങ്കിലും മിഥ്യാഭിമാനം മൂത്തതിനാൽ, ആഗ്രഹമുണ്ടെങ്കിലും അതിനെ ഒരിക്കലും തിരിഞ്ഞു നോക്കാൻ സാധിച്ചിട്ടില്ല. ഒടുവിൽ നോക്കാൻ തന്നെ തീരുമാനിച്ചപ്പഴേക്കും അവൾ തന്നെ അത് വിറ്റ് സ്വന്തം പേരിൽ പറമ്പ് വാങ്ങിയിരിക്കുന്നു. തോന്ന്യാസം എന്നല്ലാതെ വേറെന്താ പറയുക!

കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ, എന്നെ പ്രലോഭിപ്പിച്ച സുഹൃത്തിന്റെ കല്യാണം കഴിഞ്ഞു. ഒരൊറ്റ ദിവസം കൊണ്ട് അവൻ കോടീശ്വരനായത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടു. വീണ്ടും മാർക്കറ്റിലിറങ്ങി കോടീശ്വരനാകാൻ ശ്രമിച്ചാലോ എന്ന്  ചിന്തിച്ചെങ്കിലും സദാചാരവാദികളെയോർത്ത് പേടിച്ച് മിണ്ടാതെയിരുന്നു. 

താമസിയാതെ തന്നെ, വേറൊരു സുഹൃത്തിന്റെ മനസ്സമ്മതത്തിന് പോയപ്പോൾ, പെണ്ണും ചെക്കനും കെട്ടിക്കോളാമെന്ന് സമ്മതം അറിയിച്ച ഉടൻ, പറഞ്ഞുറപ്പിച്ച പണം ഒരു പെട്ടിയിലാക്കി കാറിലേക്ക് കൊണ്ട് പോകുന്നത് വീണ്ടും എനിക്ക് ആർത്തിയോടെ കണ്ടുനിൽക്കേണ്ടി വന്നു. സ്വന്തം കണ്ണുനീര് മൂക്കിലൂടെ തൊണ്ടയിലേക്കിറങ്ങിപ്പോയി! 

കാലം കുറച്ച് കഴിഞ്ഞു. ഞാനും നേരത്തെ പറഞ്ഞ രണ്ട് സുഹൃത്തുക്കളും അമേരിക്കയിലെത്തി. എല്ലാവരുടെയും പ്രത്യുല്പാദനകാലഘട്ടം കഴിഞ്ഞപ്പോൾ, ആദ്യം പറഞ്ഞ സുഹൃത്തിന് കണ്ണ് നീര് അടക്കാൻ കഴിയുന്നില്ല. അവന് രണ്ടും പെണ്മക്കൾ !! പണ്ട് കെട്ടുമ്പോൾ വാങ്ങിച്ചതിന്റെ ഇരട്ടി, പണപ്പെരുപ്പം കൂടി കണക്കാക്കി കൊടുക്കേണ്ടിവരുമല്ലോ എന്നോർത്ത്, ഓരോ രാത്രിയിലും മധുവേന്തിയ ഗ്ളാസ്സുകൾ അവന്റെ ചുണ്ടിനോട് കൂട്ടിമുട്ടുകയാണ്! 

പക്ഷേ രണ്ടാമത്തെ സുഹൃത്തിന് ശുക്രദശ ആരംഭിക്കുകയായിരുന്നു. അവനുണ്ടായത് രണ്ട് ആൺമക്കൾ!! കൂടുതൽ കച്ചവടം നടത്തി കച്ചവടം വിപുലീകരിക്കുന്നതിന്,  ഇപ്പഴേ അവൻ പ്ലാനുണ്ടാക്കി കാണണം! 

പക്ഷേ ഞാനിപ്പോൾ ധർമ്മസങ്കടത്തിലാണ്. എനിക്കുണ്ടായത് രണ്ട് പെണ്മക്കളാണ്. എനിക്കോ ഒന്നും കിട്ടിയില്ല. ഇനിയൊട്ട് കിട്ടാനും പോകുന്നില്ല. പകരം, ഭാവിയിൽ കടം വാങ്ങി കൊടുക്കേണ്ടിവരുമോ എന്ന ചിന്ത എനിക്കില്ലാതില്ല. 'കല്യാണത്തിനല്ല, അടിമത്തമില്ലാത്ത സന്തോഷത്തിനാണ് ജീവിതത്തിൽ പ്രാധാന്യം കൊടുക്കേണ്ടത്' എന്ന തത്വചിന്ത ഇപ്പഴേ മക്കളെ പഠിപ്പിച്ചാണ് സമാധാനം കണ്ടെത്താൻ ശ്രമിക്കുന്നത്. സമാധാനം കിട്ടിയില്ലെങ്കിലും കൈയ്യിലുള്ള പണം പോകാതിരുന്നാൽ മതിയായിരുന്നു !! നാടും സമൂഹവും നന്നായിട്ട് നമുക്കെന്ത് കാര്യം?

***

2021, ജൂൺ 12, ശനിയാഴ്‌ച

സ്കങ്കാക്രമണം

തലക്കെട്ട് കണ്ടിട്ട് ലങ്കാദഹനത്തെക്കുറിച്ചാണ് പറയാൻ പോകുന്നത് എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്! പക്ഷേ പറഞ്ഞുവരുന്നത്, ഒറ്റക്കുള്ള നടപ്പിനെക്കുറിച്ചാണ്; അതും വൈകിയ വേളയിലെ രാത്രിയിലെ ഇരുട്ടത്ത്, പ്രത്യേകിച്ച്, ഇടിമിന്നലും ചാറ്റൽ മഴയുമുള്ളപ്പോൾ!

സംഭവം കഴിഞ്ഞ ചൊവാഴ്ച്ച രാത്രിയാണ് നടന്നത്. സമയം ഏകദേശം ഒമ്പതര ആയിക്കാണും. മനുഷ്യനാകെ പ്രാന്ത് ക്ഷീണിച്ച് പിടിച്ച് നിൽക്കുകയാണ്; അതും ചാറ്റൽ മഴയും കൊണ്ട് സ്വന്തം പച്ചക്കറിത്തോട്ടത്തിൽ. സ്വതവേ പ്രാന്തുള്ളവന്, കഷ്ടപ്പെട്ട് പരിപാലനലാളനാമൃതം പുരട്ടി സംരക്ഷിക്കാൻ ശ്രമിക്കുന്ന പച്ചക്കറിത്തോട്ടത്തിലെ, ആകാശം നോക്കി മുളച്ച് വളരാൻ തുടങ്ങുന്ന വിത്ത് നാമ്പുകൾ, കീടങ്ങൾ സ്ഥിരമായി ആക്രമിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടാൽ മുഴുപ്രാന്താകില്ലേ? 

ആകപ്പാടെ അഞ്ചാറ് മാസമാണ് ഇവിടെ കൃഷി ചെയ്യാൻ സാധിക്കുന്നത്. ജൂൺ പകുതി ആകുന്നതിന് മുന്നേയെങ്കിലും വിത്തുകളൊക്കെ മുളച്ച് പൊങ്ങിയില്ലെങ്കിൽ, പിന്നെ കാര്യമില്ല. അത്തരം ഇറുകിയ സമയച്ചട്ടക്കൂട്ടിനിടയിലാണ് അവന്റെ ആക്രമണം, കീടാക്രമണം! എന്റെ വെണ്ടയുടെയും ബീൻസിന്റെയും കുഞ്ഞ് തൈകൾ മുഴുവൻ തുരപ്പൻ ഒച്ചുകൾ ദിവസേന തിന്ന് നശിപ്പിക്കാൻ തുടങ്ങി. 

സ്വന്തം വയറ്റിലേക്ക് പോകേണ്ടത് കൊണ്ട്, സ്വന്തമായുണ്ടാക്കിയ ജൈവിക കീടനാശിനികൾ തളിച്ചിട്ടും ഉപ്പ് വിതറിയിട്ടും, നിത്യേന, പുതിയ പുതിയ ഒച്ചുകൾ, അവരുടെ അയൽക്കാരെപ്പോലും കൂട്ടിവന്ന്, ഇലകൾ മാത്രമല്ല നാമ്പുകളുടെ തണ്ട് പോലും ബാക്കി വെക്കാത്ത അവസ്ഥ! 

ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റാതെ, അതുവരെ ഗാന്ധിജിയുടെ കൂടെ അഹിംസാ സിദ്ധാന്തത്തിൽ ഉറച്ച് നിന്ന ഞാൻ, പതുക്കെ സുഭാഷ് ച ന്ദ്രബോസിന്റെ കൂടാരത്തിലേക്ക് കൂട് മാറി. അവറ്റകളെപ്പിടിച്ച് കൊല്ലാൻ തന്നെ തീരുമാനിച്ചു. 

അങ്ങനെ എല്ലാദിവസവും, വൈകുന്നേരം എട്ടേമുക്കാലിന് ഇരുട്ടാവുന്നതോട് കൂടി, ഒരു കുന്തവും ഫ്‌ളാഷ്‌ലൈറ്റുമായി യുദ്ധത്തിനൊരുങ്ങി പച്ചക്കറിത്തോട്ടത്തിലെ പടക്കളത്തിൽ സ്ഥിരമായി ഞാൻ അങ്കത്തിനിറങ്ങിത്തുടങ്ങി. ആദ്യദിനം ഗംഭീര കൊയ്ത്തായിരുന്നു. ഏകദേശം എഴുപതോളം ഒച്ചുകളെ പിടിച്ച് കുന്തത്തിൽ കോർത്ത്, മണ്ണിലിട്ട് അരച്ച് കൊന്നു (വന്യജീവി സംരക്ഷണക്കാർ ചോദ്യം ചെയ്യാൻ വരുമോ ആവോ). വല്ല നാഗാലാന്റിലോ മറ്റോ ആയിരുന്നു എന്റെ ജനനമെങ്കിൽ, രണ്ട് പെഗ്ഗുമടിച്ച് മൃഷ്ടാന്നമായി ഒച്ച് ഫ്രൈയും കഴിച്ച് കുറച്ച് ദിവസങ്ങൾ ആഘോഷിക്കാമായിരുന്നു. 

ആദ്യ ദിനം തന്നെ കുറേ പടയാളികൾ നഷ്ടപ്പെട്ട് പേടിച്ച് പോയത് കൊണ്ടാവണം, പിന്നെപ്പിന്നെയുള്ള യുദ്ധങ്ങളിൽ ഒച്ച് പടയാളികളുടെ എണ്ണം കുറഞ്ഞു വന്നു. നാലഞ്ച് ദിവസത്തെ യുദ്ധത്തിന് ശേഷവും ധൈര്യശാലികളായ പത്തോളം ഒച്ചുകൾ സ്ഥിരമായി യുദ്ധത്തിന് വന്നിരുന്നെങ്കിലും അവറ്റകളെ കണ്ടുപിടിക്കണമെങ്കിൽ ഓരോ ചെടിയുടെ മേലും ചുറ്റുവട്ടത്തും പരിശോധന ആവശ്യമായിരുന്നു. കുനിഞ്ഞിരുന്നു കൊണ്ട്, ഒരു മണിക്കൂറോളം നീളുന്ന ആ പരിശോധന കഴിയുമ്പഴേക്കും മനുഷ്യന്റെ നടുവും പള്ളയും കോച്ചുവാതം വന്നത് പോലെ വേദനിക്കാൻ തുടങ്ങും. അങ്ങനെ, ചാറ്റൽ മഴയും, ഇടിമിന്നലും ഘോഷം കൂട്ടിയ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി, ഒച്ചുകളെയും കാലപുരിക്കയച്ച്,  കോച്ചുവാതം പിടിച്ച്, പള്ള വേദനിച്ച് പ്രാന്തെടുത്തിരിക്കുമ്പോഴായിരുന്നു  ഒന്ന് നടക്കാൻ പോയാലോ എന്ന പൂതി മനസ്സിൽ കേറിയത്. 

പൂതി വന്നാൽ, പൊതി കാണിച്ചാലും നമ്മൾ നിൽക്കില്ല. കെട്ടിയോളുടെ ജല്പനങ്ങൾ അവഗണിച്ച്, ഒമ്പതരക്ക് നടക്കാനിറങ്ങി. വട്ട് മൂക്കുമ്പോൾ അങ്ങനെ രാത്രി നടക്കാറുള്ളതാണ്. വീടിന്റെ പരിസരത്തൊക്കെയുള്ള ട്രെയിലുകളിലൂടെയാണ് നടത്തം. സ്വന്തം പരിസരം തന്നെയാണെങ്കിലും, ചില ഭാഗങ്ങൾ, ഉൾക്കാട്ടിലൂടെയുള്ള നടത്തം പോലെ തോന്നിക്കും. ഒരൊറ്റ മനുഷ്യനും ആ പരിസരത്ത് ഉണ്ടാവില്ല. ഉച്ചത്തിൽ പാട്ട് പാടിയാലും പ്രഭാഷണങ്ങൾ നടത്തിയാലും ആരും കേൾക്കില്ല. രാജാവിന്റെ മുയൽച്ചെവിയെക്കുറിച്ച് പോലും ധൈര്യത്തോടെ കൂക്കിവിളിച്ച് പറയാം.

ഏകദേശം ഒരു മണിക്കൂറോളം നടത്തമുണ്ട്. അങ്ങനെ നടന്ന് നടന്ന്, മനസ്സിലെ കാല്പനികതകൾക്ക് എന്റെ ഭാവനക്കനുസരിച്ച് ഗദ്യത്തിലും പദ്യത്തിലും ശബ്ദവിന്യാസങ്ങൾ നൽകി, ഘനീഭവിച്ച് കൂടിയിരുന്ന പ്രാന്ത് ഏകദേശം കുറഞ്ഞ് വന്ന്, വീടിനടുത്തെത്തും മുന്നേയുള്ള, വനാന്തര പാത പോലെയുള്ള ട്രെയിലിലൂടെ നടത്തം തുടരുകയാണ്.  പതിനഞ്ച് മിനിറ്റിനകം വീട്ടിലെത്താം. കാർമേഘം മൂടി, ചാറ്റൽ മഴയുള്ള കാലാവസ്ഥയിൽ, നിലാവെളിച്ചം  തീരെയില്ലായിരുന്നു. പക്ഷേ, ഓരോ പത്ത് സെക്കന്റിലും മിന്നൽപ്പിണറുകൾ എനിക്ക് വേണ്ട വെളിച്ചം തന്നുകൊണ്ടേയിരുന്നു. വസ്ത്രങ്ങളെല്ലാം നനഞ്ഞ്, കാറ്റും കൊണ്ടുള്ള ആ നടത്തത്തിന് പ്രത്യക സുഖമുണ്ടായിരുന്നു.

രണ്ട് മൂന്ന് അരുവികൾ ട്രെയിലിന് അടിയിലൂടെ പോകുന്ന സ്ഥലത്തിനടുത്തൂടെ നടക്കുമ്പോൾ, അരുവികളുടെ കളകളനാദം എന്റെ പ്രാന്തൻ പാട്ടുകൾക്ക് താളമേകി. ഏകദേശം രാത്രി പത്ത് മണിയായിക്കാണണം. ആ താളത്തിൽ മയങ്ങി നനഞ്ഞ മുഖം രണ്ട് കൈപ്പത്തികൾ കൊണ്ടും തുടക്കുമ്പോഴാണ്, അപ്പോൾ മിന്നിയ മിന്നലാട്ടത്തിൽ ഞാനാ കാഴ്‌ച കാണുന്നത്.

താഴെ മുഴുക്കറപ്പും മുകളിൽ വെള്ളനിറവുമുള്ള, സാമാന്യം വലുപ്പമുള്ള ഒരു ജീവി എന്റെ വലത് ഭാഗത്തുള്ള കാട്ടിൽ നിന്നും, ഇടത് ഭാർഗത്തേക്കുള്ള കാട്ടിലെ അരുവിക്കരയിലേക്ക്, സാമാന്യം വീതിയുള്ള നടപ്പാത മുറിച്ച് കടക്കുകയാണ്. ഞാനൊന്ന് അറച്ച് നിന്നെങ്കിലും പതുക്കെ മുന്നോട്ടേക്ക് തന്നെ നടന്നു. ആ ജീവിയെ ഓടിക്കാനായി എന്റെ ആക്രോശങ്ങൾ അവിടമാകെ മുഖരിതമായി. 

ഇടക്കിടക്കുള്ള മിന്നൽ വെളിച്ചത്തിൽ, ആ ജീവിയുടെ നടത്തം വളരെ സാവധാനമാണെന്ന് എനിക്ക് മനസ്സിലായി. എന്റെ ആക്രോശങ്ങൾക്ക് പുല്ലുവില കല്പിച്ചായിരുന്നു, 'S' പോലെ വാലും പൊക്കിപ്പിടിച്ചുള്ള അതിന്റെ മുറിച്ച് കടക്കൽ. മിന്നലിൽ അതിന്റെ വാൽ വിറക്കുന്നത് എനിക്ക് കാണാം. പണ്ട്, എന്റെ വീട്ടിലെ ചൊക്രുപ്പൂച്ച, വാൽ പൊക്കി വിറപ്പിച്ച് മൂത്രമൊഴിക്കുന്നത് എനിക്കോർമ്മ വന്നു. ഈ ഭീകരനും മൂത്രമൊഴിക്കുകയായിരിക്കുമോ? ഏയ്... ഈ പെരുവഴിയിൽ ആരെങ്കിലും മൂത്രമൊഴിക്കുമോ?

ഞാൻ വീണ്ടും ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു. എന്നിട്ടും അതിനൊരു ഭാവഭേദവുമില്ല. മിന്നൽ ഇല്ലാത്തപ്പോൾ, അതിന്റെ മുകളിലെ വെള്ള വര മാത്രം തെളിഞ്ഞ് കാണാം. എന്ത് ജീവിയാണെന്നൊന്നും എനിക്ക് ആദ്യം മനസ്സിലായില്ല. അത് പതുക്കെ നടന്ന് ഇടത് വശത്തെത്തുമ്പഴേക്കും, ഞാൻ അത് കടന്ന് പോയ പാത മുറിച്ച് കടന്നിരുന്നു. അപ്പോഴാണ് ഞാനാകപ്പാടെ ഒരുതരം കൺഫ്യൂഷനിലായത്. എന്റെ മുഖത്തും കണ്ണുകളിലും ഒരു തരം നീറ്റൽ അനുഭവപ്പെട്ടു. മിന്നൽ വെളിച്ചത്തിൽ പരിസരമാകെ വല കെട്ടിയത് പോലെ തോന്നിച്ചു. പോരാഞ്ഞതിന് അസഹനീയമായ മണവും. എന്താണ് സംഭവിക്കുന്നത്? വേറാരെങ്കിലും എന്തെങ്കിലും 'സ്പ്രേ' അടിച്ചതാണോ എന്ന സംശയം തീർക്കാൻ ചുറ്റിലും നോക്കിയെങ്കിലും ആരെയും കണ്ടില്ല.

ആ മണം തട്ടിയപ്പോഴാണ് എന്റെ പ്രായോഗിക ചിന്തകൾ വീണ്ടും ഉണരാൻ തുടങ്ങിയത്. സ്കങ്ക്(skunk) എന്ന അമേരിക്കൻ ജീവിയെക്കുറിച്ച് ഞാൻ കേട്ടിരുന്നു. ഉടനെ മനസ്സിൽ സൂക്ഷിച്ച് വച്ച ചിത്രമെടുത്ത് പരിശോധിച്ച് നോക്കി. വളരെയധികം സാമ്യം. എന്റെ പരിസരത്തെങ്ങും സ്കങ്ക് ഉള്ളതായി എനിക്കൊരറിവും ഉണ്ടായിരുന്നില്ല. കുറച്ച് നേരം ഞാൻ അവിടെത്തന്നെ നിന്നു. എന്റെ നനഞ്ഞ കൈകളും കാലുകളും ഷർട്ടും ഷോർട്സും എല്ലാം ഭീകരമായി മണക്കുന്നു. 

മഴ വീഴുന്നതിനാൽ ഇടയ്ക്കിടെ മുഖം തുടക്കാൻ വെള്ളം കിട്ടുന്നുണ്ടായിരുന്നു. മിന്നലിന്റെ അരണ്ട വെളിച്ചത്തിൽ, അടുത്തുള്ള അരുവിയിൽ ഇറങ്ങി കുറച്ച് വെള്ളമെടുത്ത്‌ കണ്ണുകൾ കഴുകി. കണ്ണുകൾ തുറന്ന് പിടിച്ച് കൊണ്ട്, മുന്നോട്ടേക്ക് എനിക്കിനിയും പോകേണ്ടതുണ്ടല്ലോ!

കണ്ണുകൾ കഴുകിയപ്പോൾ ഇത്തിരി സമാധാനം തോന്നി. പാത മുറിച്ച് കടന്നതിന് ശേഷം അവന്റെ പൊടി പോലും പിന്നെ കണ്ടില്ല. അവിടെ ഭീകരമായി മണക്കുന്നത് കൊണ്ട്, വീണ്ടും പതുക്കെ മുന്നോട്ടേക്ക് നടന്നു. നടന്നത് സ്കങ്കാക്രമണം തന്നെയാണെന്ന് മനസ്സിലുറപ്പിച്ചു. എന്റെ വീടിനടുത്തുള്ള കാട്ടിലും അവനുണ്ട് തീർച്ച.

പൊക്കിയ വാൽ വിറപ്പിച്ചു കൊണ്ടുള്ള അവന്റെ പതുങ്ങിയുള്ള നടത്തത്തിന്റെ പൊരുൾ അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവിചാരിതമായി, എന്നെ വഴിയിൽ കണ്ട കലിപ്പിൽ,  ആ പതുങ്ങിയുള്ള നടപ്പിൽ, അവൻ, അവന്റെ നിതംബപേശികൾ ചലിപ്പിച്ച്, അവന്റെ മൂത്രടാങ്ക് സ്പ്രേ രൂപത്തിൽ ശക്തിയിൽ തുറന്ന് വിട്ട്, അവിടമാകെ അവന് വേണ്ടി ഒരു സുരക്ഷാവലയം തീർക്കുകയായിരുന്നു. അതിന്റെ കൂടെ എന്നെ തുരത്തി ഓടിക്കുകയും ചെയ്യാം. എത്ര ശ്രമിച്ചാലും, അതുപോലെ തിരിച്ചൊരു ആക്രമണത്തിന് എനിക്കാവില്ലല്ലോ!

കുറച്ച് നേരം മണത്ത് നടന്നപ്പഴേക്കും ആ മണവുമായി ഞാൻ താദാത്മ്യം പ്രാപിച്ചിരുന്നു. തിരിച്ച് വീട്ടിൽ കയറുമ്പഴേക്കും ഒരു ഫോൺകാൾ വന്നു. സീരിയസ്സായി എന്തോ സംസാരിക്കുന്നതിനിടയിൽ  ഒന്ന് രണ്ട് മിനുട്ടുകളെങ്കിലും ഈ പുതിയ സംഭവവികാസത്തെക്കുറിച്ച് ഞാൻ മറന്നുപോയി. ആ മറവിയിൽ, നേരെ വന്ന് ഫാമിലിമുറിയിലെ സോഫായിലിരുന്ന് സംസാരം തുടർന്നു. 

പിന്നെ ഞാൻ ഞെട്ടിയത് 'എന്താ മണക്കുന്നത്', 'ഈ മണം എവിടുന്നാ വരുന്നത്..', 'മഹ്‌റും... മഹ്‌റും.. മഹ്‌റും...' എന്നൊക്കെപ്പറഞ്ഞ് മൂക്കും ചീറ്റിക്കൊണ്ട് എന്റെ വാമഭാഗം ഒച്ചവെച്ചപ്പോഴാണ്. കൂടെ അവൾക്ക് ഐക്യദാർഡ്ഡ്യം പ്രഖ്യാപിച്ചു കൊണ്ട് മക്കളും! എന്റെ ജോലിയുമായി ബന്ധപ്പെട്ട ഫോൺ സംസാരത്തെക്കാളും സീരിയസ്സ് ആണ് ഭാര്യയും മക്കളും  ഉന്നയിച്ച വിഷയമെന്ന് മനസ്സിലാക്കിയ ഞാൻ ഫോൺ ഉടനെ ഡിസ്കണക്ട് ചെയ്തു.

അപ്പഴേക്കും ഞാൻ വീണ്ടും സ്കങ്ക് പുരാണത്തിൽ തിരിച്ചെത്തിയിരുന്നു. നടന്ന കഥ ചുരുക്കി അവിടെ വിശദീകരിച്ചപ്പോൾ, 'പറഞ്ഞത് കേക്കാതെ ഇരുട്ടത്ത് മഴയും കൊണ്ട് നടന്ന നിങ്ങൾക്ക് ഇതും കിട്ടും ഇതിലപ്പുറോം കിട്ടും' എന്നും പറഞ്ഞ് നാക്ക് കൊണ്ട് എന്നെ അടിച്ച് കിടത്താനായി ശ്രമം. സ്കങ്കാക്രമണത്താൽ നാക്ക് കുഴഞ്ഞ് പോയ ഞാൻ അധികം സംസാരിക്കാൻ തുനിഞ്ഞില്ല. പതുക്കെ ഞാനവിടെ നിന്ന് എഴുന്നേറ്റു. വാമഭാഗം ഉടനെ വന്ന് ഞാൻ ഇരുന്ന സോഫാ മണപ്പിച്ചു. അടുത്തിരുന്ന കസേരയിൽ പിടിച്ചതിനാൽ അവൾ ബോധം കെട്ട് വീണില്ലെന്ന് എനിക്ക് തോന്നി. 

'പോയി കുളിക്ക്...' ഭാര്യയുടെ സ്വരത്തിൽ ആജ്ഞാപനത്തിന്റെ ശൈലികൾ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. കുളിക്കാൻ പോകുന്നതിനിടയിൽ അവൾ എന്നെയും മണപ്പിക്കാൻ ഒരു ശ്രമം നടത്തി. ഞാനവളെ തടഞ്ഞു. എന്നിട്ടും അവൾ എന്നെ മണത്തു. പിന്നെ ആകപ്പാടെ ഒരു ബഹളമായിരുന്നു. 

കൊറോണാ സമയത്ത്, പാക്കറ്റുകളും ബോക്സുകളും മറ്റും അണുവിമുക്തമാക്കാനും ഉറുമ്പുകൾക്കെതിരെ ഉപയോഗിക്കാനും വാങ്ങിയ ഡിസിൻഫെക്ട് സ്പ്രേയെടുത്ത്, ഉറുമിയെടുത്ത് വീശുന്നത് പോലെ, വീട്ടിലെ അടച്ചിട്ട അന്തരീക്ഷവായുവിലും സോഫായിലും അവൾ ആഞ്ഞുവീശി. അവളും കുട്ടികളും ശർദ്ദിക്കുമോ എന്ന് ഞാൻ ഭയന്നു. കുട്ടികൾ അതിനിടയിൽ റൂം ഫ്രഷ്‌നറും സ്പ്രേ ചെയ്തു. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയും ചെർണോബിലിലെ ആണവനിലയവും ഒരുമിച്ച് ലീക്കായത് പോലെ എനിക്ക് തോന്നി. 

അവിടെ നിന്നും രക്ഷപ്പെടാൻ കുളിമുറിയിലേക്ക് ഞാനോടി. എന്റെ പിന്നാലെ സ്പ്രേയെടുത്ത് മറ്റുള്ളവരും. 'എവിടെയും തൊട്ടുപോകരുത്', 'ഈ കുപ്പായങ്ങളൊക്കെ വേറെത്തന്നെ ഡെറ്റോളിലിട്ട് അലക്കി മണം പോക്കണം', 'കുളിച്ചിട്ട് മണം പോയെന്നുറപ്പാക്കീട്ട് മാത്രം പുറത്തേക്ക് വന്നാമതി' എന്നൊക്കെയുള്ള ആക്രോശങ്ങൾ എന്നെ പിന്തുടർന്നു. 

ഞാൻ കുളിമുറിയിലേക്ക് കടന്നു. കുളിമുറിക്കകത്തുള്ള ആര്യവേപ്പ് സോപ്പിന് പുറമേ, ഒരു പുതിയ ചന്ദ്രിക സോപ്പും മൈസൂർ സാൻഡൽ സോപ്പും കുളിമുറിയിലേക്ക് തൊട്ടുകൂടാത്തവനെപ്പോലെ അവൾ ഇട്ടു തന്നു.  'ഈ സോപ്പുകളെല്ലാം ഓരോ തവണയായി തേച്ചേക്കണം' അവളുടെ ഭാഷക്ക് ഗർജ്ജനത്തിന്റെ സ്വരം!

എന്ത് ചെയ്യാൻ! വസ്ത്രങ്ങളെല്ലാം അഴിച്ച് ഡെറ്റോളിലിട്ടും സോപ്പിലിട്ടും മൂന്നു നാല് തവണ കൈ കൊണ്ട് അലക്കി. ഒരു കാര്യവും ഇല്ല, സ്കങ്കിന്റെ മൂത്രമണം പോകുന്നില്ല! ഒടുവിൽ നനഞ്ഞ കുപ്പായങ്ങളെല്ലാം ഒരിടത്ത്  ചുരുട്ടിക്കൂട്ടി,ഭാര്യ പറഞ്ഞത് പോലെ പലതരം സോപ്പുകളെടുത്ത് തേച്ച് തേവാരം തുടങ്ങി. കുളിച്ച് മടുത്തപ്പോൾ ഒരുവിധം പുറത്തിറങ്ങി.

കുളിമുറിയിൽ നിന്ന് പുറത്തിറങ്ങുമ്പഴേക്കും ഭാര്യ ഇൻസ്പെക്ഷന് വേണ്ടി വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു. എന്നെ അവൾ വീണ്ടും മണത്തു നോക്കി. 'ഇല്ല മണം പോയിട്ടില്ല', അവൾ പ്രഖ്യാപിച്ചു.  കുളിമുറിയിൽ കയറി കുപ്പായങ്ങൾ അലക്കിയത് പരിശോധിച്ചു. അവൾക്ക് തീരെ തൃപ്തി വന്നില്ലെന്ന് മനസ്സിലായി. അതിന്റെ മേലെ ഡിസിൻഫെക്ട് സ്പ്രേയും ഫ്രഷ്‌നറും അടിച്ചു. 'നാളെ അത് വീണ്ടും അലക്കി, വെയിലത്ത് വച്ച് ഉണക്കണം', പിന്നെയും കുറെ നിർദ്ദേശങ്ങൾ വന്നു. ഞാൻ എല്ലാം കേട്ടു നിന്നു. സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു!

അന്ന് മുതൽ ഇന്നുവരെ അവളെന്റെ കൂടെ കിടന്നിട്ടില്ല. എനിക്ക് സ്കങ്കിന്റെ മണമാണത്രേ! ആ സ്കങ്ക് പറ്റിച്ച ഒരു പണി! അവൻ കുണ്ടി കുലുക്കി മൂത്രമൊഴിച്ചതിന്റെ പരിണിതഫലം മനുഷ്യൻ പിന്നീടാണ് അനുഭവിക്കുന്നത്. ഇനി വേറെ ഏതെങ്കിലും വഴിയിൽ സ്കങ്കിനെ കണ്ടുമുട്ടിയാൽ, ഒച്ചിനെ കൊല്ലാൻ ഉപയോഗിച്ച കുന്തം അവന്റെ അണ്ണാക്കിൽ കയറ്റീട്ടേ ബാക്കി കാര്യമുള്ളൂ !!

വാൽക്കഷ്ണം: വട്ടില്ലെങ്കിൽ രാത്രി, ഇരുട്ടത്ത് നടക്കാനിറങ്ങരുത്, പ്രത്യേകിച്ചും ചാറ്റൽ മഴയും ഇടിമിന്നലും ഉള്ളപ്പോൾ. അഥവാ അങ്ങനെ നടക്കുന്ന സമയത്ത് ഇതേപോലെ സ്കങ്കാക്രമണം ഉണ്ടായാൽ, മൂന്ന് നാല് ദിവസങ്ങൾ കഴിഞ്ഞാണെങ്കിലും, ആരും കാണാതെ എവിടെ നിന്നെങ്കിലും കുളിച്ച് മണം പോയിട്ട് മാത്രം വീട്ടിലേക്ക് കയറിയാൽ മതി. എങ്ങനെ അലക്കിയാലും തുണിയിലെ മണം,  കുറച്ച് ദിവസങ്ങൾ നിൽക്കുമെന്നത് കൊണ്ട്,  ആ വസ്ത്രം കളഞ്ഞേക്കുക. രാത്രിയിൽ നടന്നേ തീരൂ എന്നുണ്ടെങ്കിൽ, ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ ഒരു ജോഡി വസ്ത്രം അധികമായി കരുതുക!

***

പടച്ചോന്റെ ദേശം


(ചില മൊബൈലുകളിൽ, വീഡിയോ സ്വാഭാവികമായും തുറക്കുന്നില്ല.)

കോമളം മനോഹരം സഹ്യസാനു സുന്ദരം
കോവളാദി തീരമാല മാലയിട്ട ഭൂതലം
തനിമയുള്ള മൊഴികൾ തീർത്ത ഭാഷയാൽ വിലാസിതം
തേൻവരിക്ക പോലെ നാക്കിലൂറിടുന്ന കൈരളി.

മലയാളഭാഷ ചൊല്ലിടുന്ന സഞ്ചയങ്ങൾ പാരിലായ്
പടർന്ന് പന്തലിച്ച് വിജയപരിമളം പരത്തുവോർ
മലയാളികൾതൻ മാനസത്തിൻ മന്ദഹാസകാരണം
പ്രോജ്ജ്വലം പ്രശോഭിതം പ്രശാന്തസ്വർഗ്ഗ കേരളം.

പറയിപെറ്റ പന്ത്രണ്ട് ഗോത്രമഹിമ പാടുവോർ
പരിശ്രമങ്ങൾ ജീവനത്തിൻ ഭാഗമാക്കി മാറ്റിയോർ
പരോപകാരമെന്ന നീതി നാട്ടുനീതിയെന്നപോൽ
പടച്ചവന്റെ ദേശമെന്ന കീർത്തികേട്ട കേരളം.

ശ്രേഷ്ഠമായ പൈതൃകങ്ങൾ പിന്തുടർന്ന് വന്ന നാം
സ്പഷ്ടമായ ദുർനടപ്പ് കൂട്ടമായ് തകർത്ത നാം
ഇഷ്ടമോടെ മർത്യരൊക്കെ ഏകരെന്നുറച്ചിടാം
പുഷ്ടിയോടെ മുഷ്ടി പൊക്കി കേരളീയനായിടാം.


2014 ൽ 'മലയാളമേയെൻ സ്വരരാഗമേ' എന്ന പാട്ട് കേരളത്തിനും മലയാളത്തിനും 'കേരള അസോസിയേഷൻ ഫോർ ഗ്രേറ്റർ വാഷിംഗ്ടൺ' എന്ന സംഘടനയിലൂടെ സമർപ്പിച്ചശേഷം, 2020 ലാണ് 'മലയാണ്മ' എന്നൊരു പാട്ട് വീണ്ടും കേരളത്തിനും മലയാളികൾക്കുമായി സമർപ്പിക്കാനായത്. ഭാഗ്യവശാൽ ഈ വർഷം, വീണ്ടുമൊരു പാട്ട് 'പടച്ചോന്റെ ദേശം' എന്ന പേരിൽ, മലയാളത്തിനും കേരളത്തിനും വേണ്ടി സമർപ്പിക്കാൻ കഴിഞ്ഞതിൽ, ഞാനും കുടുംബവും തീർച്ചയായും സന്തോഷിക്കുന്നു. 2021 ജനുവരിയിൽത്തന്നെ എഴുതിയതായിരുന്നെങ്കിലും, കേരളപ്പിറവിക്ക്‌ പുറത്തിറക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ ഭാര്യ ജിഷയാണ്, മകൾ ദേവകിയെ ഈ പാട്ട് എങ്ങനെ പാടണമെന്ന് പഠിപ്പിച്ചത്. മൂത്തമകൾ പാർവ്വതിയും ദേവകിയുമാണ് വീഡിയോ ഒരുക്കിയതും അത് എഡിറ്റ് ചെയ്തതും. എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ!

ഇതിന് മുന്നേ എഴുതിയ കേരള / മലയാളം വാഴ്ത്ത് പാട്ടുകൾ കേൾക്കാൻ, താഴെയുള്ള വരികളിൽ അമർത്തുക:

കാർ വാഷ്


കോവിഡ് പ്രശ്നങ്ങൾ മൂലം വീട്ടിലിരിപ്പ് തുടങ്ങിയിട്ട് മാസങ്ങൾ പതിനഞ്ച് കഴിഞ്ഞിരിക്കുന്നു. വീട്ടിലിരുന്നാലും, വട്ടൻ ചിന്തകളുടെ സഹായത്താൽ സമയം കളയാനറിയാവുന്നത് കൊണ്ട്, എന്നെ സംബന്ധിച്ചടുത്തോളം, കോവിഡ് ഒരുതരത്തിലുള്ള മടുപ്പും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. പക്ഷേ സഹധർമ്മിണിയുടെയും കുട്ടികളുടെയും കാര്യങ്ങൾ അങ്ങനെയല്ലല്ലോ. അവരൊക്കെ മനുഷ്യഗണമായത് കൊണ്ട്, കുറേക്കാലമായി അവർക്കൊക്കെ ഒരു തരം മടുപ്പാണ്. എവിടെയെങ്കിലും ഒരു യാത്ര പോയി, ഒന്ന് relax ചെയ്യണം - ഇതായിരുന്നു കുറച്ച് കാലങ്ങളായിട്ട് വീട്ടിൽ നിന്ന് രാവിലെ മുതൽ ഉയരുന്ന പല്ലവി.

ഇതേ സമയത്ത്, ഇതേ പല്ലവി തന്നെ, നമ്മൾ സ്ഥിരമായി കൂടിച്ചേരാറുണ്ടായിരുന്ന കൂട്ടുകാരുടെ വീട്ടിൽ നിന്നും ഉയരുന്നുണ്ടായിരുന്നു. എല്ലാ വീടുകളിലെയും പല്ലവികൾ കൂടിച്ചേർന്നപ്പോൾ, അതിന് മുദ്രാവാക്യങ്ങളുടെ ഈണങ്ങൾ വരുന്നത്, വീടുകളിൽ സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനികളിലൂടെ ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് കാരണം, പല്ലവികൾക്ക്, അനുപല്ലവികൾ കൂട്ടിച്ചേർത്ത് പ്രശ്നം പരിഹരിക്കാൻ തന്നെ കുടുംബത്തലവന്മാരെന്ന് വിളിപ്പേര് മാത്രമുള്ള ആൺ പ്രജകൾ തീരുമാനിച്ചു.
ഞങ്ങളുടെ കൂട്ടത്തിലുള്ള സ്ഥിരം ടൂർ മാനേജർ, വെസ്റ്റ് വിർജീനിയയിലുള്ള 'ത്രീ ഒട്ടർസ്' എന്ന പേരിലറിയപ്പെടുന്ന, പോട്ടോമാക് നദീതീരത്തെ വിശാലമായ കാബിൻ സ്‌പേസ് ബുക്ക് ചെയ്തു. കാര്യമായി മനുഷ്യവാസം ഇല്ലാത്ത സ്ഥലമായതിനാൽ, കോവിഡ് കാലത്ത്, സമ്പർക്ക വിഷയങ്ങളൊന്നും ഉണ്ടാവില്ലെന്നത് ഒരാശ്വാസമായിരുന്നു. കൂടാതെ, ട്രെക്കിങ്ങ്, കയാക്കിങ്, ട്യൂബിങ് എന്നിവയൊക്കെ ചെയ്യാം.
അങ്ങനെ, കഴിഞ്ഞ ആഴ്ചയിലെ ലോങ്ങ് വാരാന്ത്യത്തിന്റെ തുടക്കത്തിൽ, ഞങ്ങൾ അഞ്ചാറ് കുടുംബങ്ങൾ ത്രീ ഒട്ടർസിലേക്ക് പുറപ്പെട്ടു. പുറപ്പെട്ടത് മുതൽ തോരാത്ത മഴ. വെസ്റ്റ് വിർജീനിയ എത്തി മലകയറാൻ തുടങ്ങുമ്പഴേക്കും കണ്ണ് പോലും കാണാൻ പറ്റാത്ത അവസ്ഥ. യാത്ര യുടെ അവസാനഘട്ടമെത്തിയപ്പോൾ, ടാർ റോഡുകൾ, നമ്മുടെ നാട്ടിലേതിനേക്കാളും പരിതാപകരമായ പാതാളക്കുഴികളുള്ള, ചെളിക്കുളങ്ങളുള്ള, തേങ്ങായോളം വലുപ്പമുള്ള കല്ലുകൾ നിറഞ്ഞ വെറും ഗ്രാവൽ റോഡുകളായി മാറി. യാത്രക്ക് ഒച്ചിന്റെ വേഗത മാത്രം. ഇടക്ക് വഴി തെറ്റിയപ്പോൾ ഒരു ഊഹം വച്ച്, ഇല്ലാത്ത കാട്ടുവഴികളിലൂടെയൊക്കെ വണ്ടിയോടിച്ച് ലക്ഷ്യ സ്ഥാനത്തെത്തുമ്പഴേക്കും, ഞങ്ങളോടിച്ചിരുന്ന വണ്ടികളെല്ലാം ചെളിക്കണ്ടത്തിൽ ജെല്ലിക്കെട്ടിനിറങ്ങിയ കാളയെപ്പോലെ ഗംഭീരമായ ചെളിയഭിഷേകത്തിന് വിധേയമായിരുന്നു.
മുദ്രാവാക്യ രാഗപല്ലവികൾ ആവർത്തിക്കാതിരിക്കാൻ, അവിടെയുണ്ടായിരുന്ന മൂന്ന് ദിവസങ്ങളും, സ്ത്രീകളെ അടുക്കളയിൽ കയറ്റാതിരിക്കാൻ ഞങ്ങൾ ആവുന്നതും ശ്രമിച്ചത്, കുറച്ചൊക്കെ വിജയിച്ചെന്ന് പറയാം. മൂന്ന് ദിവസങ്ങളും നെറ്റ്‌വർക്ക് ഇല്ലാത്തത് കാരണം മൊബൈലുകൾക്ക് വിശ്രമം കിട്ടുമെന്ന് വിശ്വസിച്ചെങ്കിലും, തുടരെയുള്ള ഫോട്ടോയെടുപ്പ് കാരണം, മൊബൈലുകൾ പലതും ഫോട്ടോകൾ ശർദ്ദിച്ച് കുഴഞ്ഞു വീണു.
കുട്ടികളോട് തർക്കം കൂടിയുള്ള സോക്കർ കളികളും, വിഭവസമൃദ്ധമായ ഗ്രില്ലിങ്ങും, ചിരിമാലകൾ തീർത്ത ഡംബ് ഷാറാഡ്സ് കളിയുമൊക്കെ മറ്റ് വിനോദ പരിപാടികൾക്കൊപ്പം ഇടം പിടിച്ചു. മൂന്ന് ദിവസത്തിനിടയിൽ നൂറോളം കോഴിമുട്ടകൾ, ഓംലെറ്റുകളുടെ രൂപത്തിൽ എല്ലാവരുടെയും വയറ്റിലേക്കിറങ്ങിയത് മുട്ടയിടാസമരത്തിന് കോഴികളെ പ്രേരിപ്പിച്ചേക്കുമോ എന്ന് പോലും ഞങ്ങൾ ഭയന്നു.

മുട്ടകളോട് ഓരോരുത്തരും കാണിച്ച ആർത്തി കണ്ടാൽ കോഴികൾ വാവിട്ട് കരഞ്ഞുപോകും! ആ നൂറോളം മുട്ടത്തോടുകൾ പോലും ഞങ്ങൾ കളഞ്ഞില്ലെന്നതാണ് ഹൈലൈറ്റ്. ഇടിച്ച് പൊടിച്ച് കറിവേപ്പിലക്ക് വളമായി ഇടാനാണെന്നും പറഞ്ഞ്, ഞങ്ങളുടെ കൂട്ടത്തിലുള്ളൊരു നാരീമണി, ആ മുട്ടത്തോടുകൾ മുഴുവനും കാറിന്റെ പുറത്ത് കെട്ടിവച്ചു, വീട്ടിലേക്ക് കൊണ്ടുപോകാൻ!! 
ആഘോഷങ്ങൾക്കൊടുവിൽ, വീണ്ടും ചെളിക്കണ്ടങ്ങൾ താണ്ടി വീട്ടിലെത്തുമ്പഴേക്കും, ഇനി കുളിച്ച് മാത്രമേ വീണ്ടും വെളിയിലിറങ്ങൂ എന്ന വാശിയിലായിരുന്നു എന്റെ കാർ. ആ വാശിപ്പുറത്ത്, വണ്ടിയുമെടുത്ത് നേരെ കാർവാഷിലേക്ക് കുതിച്ചു. ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്യാൻ വിൻഡ്ഷീൽഡ് താഴ്ത്തി. കാർഡ് ഉള്ളിൽ കടത്തി, പ്രീമിയം വാഷ് തന്നെ സെലക്ട് ചെയ്തു. പതിനഞ്ച് ഡോളർ. ബില്ല് വേണ്ട എന്ന് വച്ചു. 'Slowly move ahead' എന്ന സന്ദേശം മുന്നിൽ കണ്ട ഉടനെ വണ്ടി പതുക്കെ മുന്നോട്ടെടുത്തു. വണ്ടിയുടെ താഴെക്കൂടി വെള്ളം ചീറ്റുന്ന ശബ്ദം കേൾക്കാമായിരുന്നു. 'Stop' എന്ന സന്ദേശം മുന്നിൽ തെളിഞ്ഞ ഉടനെ വണ്ടി നിറുത്തി. മുന്നിൽ നിന്ന് രണ്ട് ഭാഗത്തും കൂടെ കുത്തനെയുള്ള ബ്രഷുകൾ കറങ്ങാൻ തുടങ്ങി. അതിനിടയിൽ വണ്ടിയുടെ വശങ്ങളിൽ കൂടെയും മുകളിൽ കൂടെയും മഞ്ഞയും വയലറ്റും പച്ചയും നിറങ്ങളിൽ പത തുപ്പിക്കൊണ്ട് എന്തോ വരുന്നത് ഞാൻ കണ്ടു. ആ പത തുപ്പിവരുന്നത് ഞാൻ ശരിക്കും കാണുന്നതിന് മുന്നേ തന്നെ, സോപ്പ് കുളത്തിൽ വീണത് പോലെ സോപ്പ് പതയാൽ ഞാൻ കുളിച്ചിരുന്നു; കൂടെ ഞാനിരുന്ന സീറ്റും. എന്റെ വശത്തെ വാതിലിനുൾവശവും സ്റ്റീയറിങ്ങും അതിനുമുന്നിലെ ഡാഷ് ബോർഡും മഴവില്ല് പോലെ അലംകൃതമായി.
എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിമിഷത്തേക്കെങ്കിലും പകച്ചുപോയ എനിക്ക് ആദ്യം കാര്യം പിടി കിട്ടിയില്ല. ബേജാറ് കൂടിയതിനാൽ എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചും വകതിരിവില്ലാതെ നിൽക്കുന്ന സമയത്താണ് പിന്നോട്ട് സോപ്പ് തുപ്പിക്കൊണ്ട് പോയ സാധനം, തിരിച്ച് പഴയ സ്ഥാനത്തേക്ക് പോകുന്ന പോക്കിലും വീണ്ടും സോപ്പ് തുപ്പിയത്. അപ്പഴേക്കും കാര്യങ്ങൾ മനസ്സിലായതിനാൽ, ഉടനെത്തന്നെ വിൻഡ്ഷീൽഡ് പൊക്കിയത് കൊണ്ട്, പിന്നീട് തുപ്പിയ സാധനങ്ങളൊന്നും ഉള്ളിൽ വീണില്ല!
വണ്ടിയിൽ തുടക്കാനുള്ള സാമഗ്രികളൊന്നും ഇല്ലാതിരുന്നത് കൊണ്ട്, ഇട്ടിരുന്ന T-shirt അഴിച്ച്, സ്വന്തം ശരീരവും വണ്ടിയുടെ ഉൾഭാഗവും തുടച്ചെങ്കിലും, തൊലിയിൽ നിറങ്ങളുടെ പൂക്കളങ്ങൾ അതേപടിതന്നെ കിടന്നു. എന്തായാലും, വണ്ടി കുളിച്ച് കുട്ടപ്പനായെങ്കിലും, ഒരു T-shirt നശിച്ചെങ്കിലും, എന്റെ ചർമ്മവിശാലതയിലെ നിറക്കളങ്ങൾ ഒരാഴ്ച തുടർച്ചയായി കുളിച്ചിട്ടും മാറിയിട്ടില്ല!! കോഴിശാപം തന്നെയായിരിക്കും കാരണം. അല്ലാതെ, കോഴികളെല്ലാം കൊക്കര കൂവിക്കരഞ്ഞ്,
ഒരുമിച്ച് എന്റെ വടിവൊത്ത ശരീരത്തിൽ തൂറിയത് പോലാകാൻ, മേല്പറഞ്ഞ കാരണമല്ലാതെ വേറെ നിമിത്തങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലോ !
***