2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

മധുവിധുരാത്രിയിലെ മൂഷികൻ‌

എലിയെയും പാറ്റയെയും ഒക്കെ കണ്ടാലുള്ള മാനസികാവസ്ഥ ഒരു സ്ത്രീയിലും പുരുഷനിലും എങ്ങനെയിരിക്കും? ഒരു കുഞ്ഞു ചുണ്ടെലിയുടെ ഒരു കുഞ്ഞു പരാക്രമം, അത് ഒരുവന്റെ മധുവിധു രാത്രിയിൽ ആയാൽ എങ്ങനെയിരിക്കും? അത് ഈ പാട്ട് തന്നെ വിശദീകരിക്കട്ടെ. ഈ പാട്ട് ഒരു തുള്ളൽ പാട്ടിന്റെ രീതിയിൽ ഒന്ന് പാടി നോക്കൂ.




മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ കേൾക്കുക
ശബ്ദരേഖയിലെ ശ്വാസശബ്ദദൃശ്യതാളപ്പിഴകൾക്ക് എന്നോട് ദയവായി ക്ഷമിക്കുക.


അവശത പൂണ്ടൊരു മധുവിധു രാവി-
ലവസ്ഥയിലങ്ങനെ സ്വപ്നം കാണ്‍കെ
തട്ടിൻ മോളിൽ പരപര മാന്തൽ
താഴെ തറയിൽ ചറപറ കീറൽ

ചക്കര ഭരണീൽ താളം കൊട്ടൽ
ചാക്കിലെ നെല്ലിൽ കശപിശ കൂടൽ
മൂഷികനൊരുവൻ വന്നതു മൂലം
രാത്രിയിലെന്നുടെ നിദ്രകൾ പോയി

എങ്ങനെ ഇവിടെ കേറിപ്പറ്റി
അതുമീ നമ്മുടെ മധുവിധു രാത്രി
എന്തിനിതെന്നുടെ വീട്ടിൽ കേറി
ചിന്തിതനായ് ഞാൻ കണ്ണ് തിരുമ്മി

നമ്മുടെ മധുവിധു ക്രീഡകൾ നോക്കി
രമിക്കാനെത്തിയ ലമ്പടനാണോ
സമ്മാനങ്ങൾ കട്ട് കരണ്ട്
ഗമിക്കാനെത്തിയ ഭീകരനാണോ

പണ്ടിവനെന്നുടെ പണവും തുണിയും
തുണ്ടം തുണ്ടം കീറി മുറിച്ചു
നെല്ലും പയറും ചക്കക്കുരുവും
തൂളികളായ് നീ മാറ്റിയെടുത്തു

കൊല്ലാനുള്ളൊരു ശങ്കകൾ മൂലം
തല്ലാതിതുവരെ വെറുതെ കളഞ്ഞു
ഇന്നിനിയിവനെ വിട്ടുകളിക്കാൻ
ഞാനിനിയൊട്ടും തയ്യാറല്ലാ

കാലിൽ കമ്പി തുളച്ചു കയറ്റി
വാലിൽ തൂക്കി കെട്ടിത്തൂക്കും
പോറ്റി വളർത്തും മൂശകനെവിടെ
എവിടെ നമ്മുടെ മൂഷിക സൂത്രം

ആവശ്യത്തിനു ഉതകില്ലാത്തൊരു
പെട്ടീം പൂച്ചേം ഇവിടിനി വേണ്ടാ
വിരലുകൾ ചുമരിൽ അമരുന്നേരം
മുറിയിൽ  രാവിൽ വെട്ടം വീണു

ഓടും എലിയുടെ നോട്ടം കണ്ടിട്ടെ-
ന്നുടെ സിരകളിൽ മർദ്ദം കൂടി
ബഹളവെളിച്ചം തട്ടിയ നേരം
ഞെട്ടിയുണർന്നു പുതുമണവാട്ടി

എന്തിതു കഥയെന്നുരചെയ്യുന്നു
പന്തം കണ്ടു പകച്ചതു പോലെ
എലിയാണെന്നത് കേൾക്കും മുന്നേ
ഉടുവസ്ത്രങ്ങളുമില്ലാതോടി

കാലുകൾ വെക്കുന്നില്ലാ മണ്ണിൽ
കാലിക ബോധം തീരെ ഇല്ലാ
കിടക്ക കുടുക്ക ഉടുപ്പുകളെല്ലാം
കോരി വലിച്ചു പുറത്തു കളഞ്ഞു

വെറുമൊരു എലിയുടെ ചാട്ടം കണ്ടിട്ടെ-
ന്നുടെ ധർമിണി അലറി വിളിച്ചു
കുറുവടി കത്തികളങ്ങനെ പലതും
ഝടുതിയിലങ്ങനെ പരതി നടന്നു

ഓടി നടക്കും എലിയെ കൊല്ലാൻ
മോടിയിലതുമിതുമായുധമായി
ചുമരിൽ കേറിയ മൂഷികവീരൻ
ഘടികാരത്തിന്നുള്ളിൽ കേറി

അവിടെ നിന്നും ചാടിയിറങ്ങി
ചുവടെയുള്ളൊരു മാളം പൂകി
കമ്പിയെടുത്തു തുരക്കും നേരം
തുമ്പില്ലാത്തൊരു ഓട്ടം ഓടി

അലറി വിളിക്കും മണവാട്ടിയുടെ
കാലിൽ ചാടി കേറാൻ നോക്കി
എലിയുടെ പാദം തൊട്ടൊരു നേരം
പെണ്ണിൻ ബോധം താഴെ പോയീ

വീണു കിടക്കും പെണ്ണിനെ നോക്കി
എലിയദ്ദേഹം പതറിപ്പോയീ
വീണൊരു പെണ്ണിനെ നോക്കീടാതെ
വീണ്ടും പോയീ എലിയുടെ പിന്നിൽ

പല കളി ശേഷം അങ്ങനെ ഒടുവിൽ
എലിയെ മുറിയുടെ മൂലേൽ കിട്ടി
കിട്ടിയതെന്നുടെ പാദുകമായി
കിട്ടിയ തഞ്ചം നോക്കിയടിച്ചു

പാദുക ഭാരം തലയിൽ വീണു
മൂഷിക ജീവൻ മുകളിൽ പൊങ്ങി
എലിയെ വാലിൽ തൂക്കിയെടുത്തിട്ട-
യൽവക്കത്തെ വീട്ടിലെറിഞ്ഞു

ഹാവൂ! അങ്ങനെ അങ്കത്തട്ടിൽ
ഞാനിന്നങ്ങനെ ജേതാവായി!
ഈ ഒരു എലിയുടെ വരവും കളിയും
എന്നുടെ ഭീതി പരാക്രമമെല്ലാം

വീടിൻ കോലം ഇങ്ങനെ ആക്കി
വാനര വർഗ്ഗം കേറിയ പോലെ
വെള്ളം കോരിക്കൊണ്ടു തളിച്ചിട്ടെ-
ന്നുടെ പെണ്ണിന് ബോധം കിട്ടി

കിട്ടിയ തുണികൾ വാരിച്ചുറ്റി
ഭദ്രതയോടെൻ നെഞ്ചിൽ ചാഞ്ഞു
വീടിൻ കോലം നോക്കിക്കൊണ്ടവൾ
ആർദ്രതയോടെ ഇങ്ങനെ ചൊല്ലി

ഈത്തരമഥിതികൾ വീട്ടിൽ വന്നാൽ
ഇങ്ങനെ പലതും വന്നു ഭവിക്കും
ഭവനം ചുട്ടു കരിച്ചു പുകക്കാൻ
തോന്നീടാഞ്ഞത് എന്നുടെ ഭാഗ്യം

*****