2023, ജൂൺ 12, തിങ്കളാഴ്‌ച

പരനാരീഫോൺ

"തെക്ക്-കിഴക്കോട്ട് നോക്കിയാൽ ഈ ലോകവും അതിൽ നടക്കുന്ന പല കാര്യങ്ങളും വളരെ ഗൗരവമുള്ളതാണെന്ന് തോന്നാം. എന്നാൽ നേരെ തിരിഞ്ഞ് വടക്ക്-പടിഞ്ഞാറോട്ട് നോക്കിയാൽ അതേ ലോകവും ലോകകാര്യങ്ങളും വളരെ രസകരമായ രീതിയിലും അനുഭവപ്പെട്ടേക്കാം." - നാട്ടിൽ നിന്ന് അമേരിക്കയിലെത്തി കുറേക്കാലമായെങ്കിലും സരസത ഒട്ടും കൈമോശം വന്നിട്ടില്ലാത്ത രാജേട്ടന്റെ വാക്കുകളാണ്. ഈയ്യവസരത്തിൽ തെക്ക്-കിഴക്ക് നടന്ന ഒരു കാര്യത്തെ വടക്ക്-പടിഞ്ഞാറോട്ട് നോക്കി അനുഭവിച്ച രീതിയിൽ രാജേട്ടൻ പറഞ്ഞ ഒരു കഥയാണീക്കഥ.

"ഈ മുട്ടായിക്കടലാസും... നിന്റെ മൂക്ക് തുടച്ച ടിഷ്യൂ പേപ്പറും ഈ ചവച്ചിട്ട ച്യൂയിംഗവും നിന്റെ അമ്മാമൻ കൊണ്ടുപോയി കച്ചറയിൽ കളയുമോ?" ഒരു കൂസലുമില്ലാതെ കാറിൽ നിന്നിറങ്ങി വീട്ടിനകത്തേക്ക് കയറാൻ പോയ മൂത്ത പുത്രൻ രജത്തിനോട് രാജേട്ടൻ ദേഷ്യപ്പെട്ടു. 

അതങ്ങനെയാണ്. എവിടേക്കെങ്കിലും പോയി വീട്ടിലേക്ക് തിരിച്ച് വരുമ്പഴേക്കും കാറിന്നകം മുഴുവൻ ഒരു തരത്തിൽ ഗാർബേജ് ബിൻ ആയിട്ടുണ്ടാവും. ഗ്രനോല ബാറുകൾ പൊടിച്ചതും, പൊട്ടിവീണ കുക്കി കഷണങ്ങളും അതിന്റെയൊക്കെ പൊതികളും നാരങ്ങാത്തൊലിയും കൈയ്യും മുഖവും മൂക്കും മറ്റും തുടച്ച ടിഷ്യൂ പേപ്പറുകളും എന്നുവേണ്ട, ചെരുപ്പിൽ പറ്റിപ്പിടിച്ച് വരുന്ന ലോകത്തെ സകലമാന കച്ചറകളും കാറിനുള്ളിൽ കാണും! പക്ഷേ ഇതൊന്നും രാജേട്ടന്റെ മക്കളുടെ വിഷയങ്ങളല്ല. കാറിലിരുന്ന് തിന്നുക എന്നത് അവരുടെ ജോലിയും കാറ് വൃത്തിയാക്കുക എന്നുള്ളത് രാജേട്ടന്റെ ജോലിയുമാണ്. അതിന്റെ നീരസത്തിലും നിരാശകൊണ്ടുമാണ്, പതിനഞ്ച് കഴിഞ്ഞ മൂത്ത പുത്രനോട് രാജേട്ടൻ കയർത്തത്.

"അവനവൻ ഉണ്ടാക്കിയ കച്ചറകൾ അവനവൻ തന്നെ മാറ്റണം... അവരവര് കൊണ്ടുവന്ന സാധനങ്ങൾ അവരവര് തന്നെ തിരിച്ച് കൊണ്ടുപോയിക്കൊള്ളണം; വെള്ളക്കുപ്പിയോ പുസ്തകങ്ങളോ ചെരുപ്പോ ബാഗോ പെൻസിലോ പേനയോ എന്ത് പണ്ടാരമാണെങ്കിലും കാറിൽ അട വെക്കരുത്..." അതാണ് രാജേട്ടന്റെ ഉഗ്രശാസനമെങ്കിലും, ഈ ശാസനങ്ങൾക്ക് മക്കളും ചെറിയ തോതിൽ അദ്ദേഹത്തിന്റെ നല്ല പാതിയും പുല്ല് വില മാത്രം കല്പിച്ചിരിക്കുന്നത് കൊണ്ട്, ഹെയർ പിന്നുകളും ഹെയർ ബാൻഡുകളും കൊച്ചു മുടിക്കെട്ടുകളും മുതൽ ചവച്ചിട്ട ച്യൂയിംഗം വരെ ഏതൊരു യാത്രക്ക് ശേഷവും കാറിൽ അവശേഷിച്ചിരിക്കും. ചില വേസ്റ്റുകൾ സീറ്റ് പോക്കറ്റുകളിലും സീറ്റുകൾക്കിടയിലും തിരുകിവച്ചിട്ടുണ്ടാവും. രാജേട്ടനൊഴിച്ച് കാറിൽ മറ്റുള്ളവരൊക്കെ ചന്തിയിലെ പൊടിയും തട്ടി, വീട്ടിന്നുള്ളിലേക്കോടി, നേരെ ടിവിക്ക് മുന്നിൽ ചടഞ്ഞിരിപ്പുണ്ടാവും. ഓരോ യാത്രക്ക് ശേഷവും രാജേട്ടന്റെ ശാസനകൾ ആവർത്തിച്ച് കൊണ്ടിരിക്കും.

അച്ഛന് ദേഷ്യം വന്നു എന്ന് മനസ്സിലാക്കിയ ഇളയ പുത്രി രേണു, ഏട്ടനേക്കാൾ മുന്നേ തിരിച്ച് വന്ന് കാറിന്നകം വൃത്തിയാക്കാനുള്ള ശ്രമം തുടങ്ങി; കൂട്ടത്തിൽ ഏട്ടനും. 

"കാറ് മുഴുവൻ വൃത്തിയാക്കീട്ട്... കുളിയും കഴിഞ്ഞേ ഇനി അടുത്ത ഏത് പരിപാടിയുമുള്ളൂ... ട്ടോ..." രാജേട്ടൻ ഇങ്ങനെ പറഞ്ഞപ്പോൾ പിള്ളാര് രണ്ടുപേരും പരസ്പരം കണ്ണിറുക്കി നോക്കി 'ഹാ...' എന്ന് വാതുറന്ന് മൂളിയതേയുള്ളൂ.

ആ മൂളലിൽത്തന്നെ രാജേട്ടന് വീണ്ടും ശുണ്‌ഠി കയറിയതാണ്. പിള്ളേരോട് എന്തോ വീണ്ടും പറയാനോങ്ങിയ രാജേട്ടനെ നല്ല പാതി പ്രമീള തടഞ്ഞത് കൊണ്ട് അന്നവിടെ കൂടുതൽ വഴക്കുകൾ നടന്നില്ല. 

അപ്പലാച്ചിയൻ മലനിരകളുടെ വിർജീനിയൻ ഭാഗമായ, ഷനൻഡോവയിലെ മലനിരകൾക്ക് മുകളിലൂടെ പോകുന്ന scenic road ആയ skyline drive ലെ കാഴ്ചകൾ ആസ്വദിക്കാൻ പോയിട്ട് തിരിച്ച് വന്നതായിരുന്നു രാജേട്ടനും കുടുംബവും. ഒട്ടേറെ view point കളുള്ള skyline drive ലെ കാഴ്ചകൾ നയനമനോഹരമാണ്; പ്രത്യേകിച്ചും summer കഴിഞ്ഞ് fall ലേക്ക് കടക്കുമ്പോൾ ഉണ്ടാവുന്ന മരങ്ങളുടെ fall color എന്ന പ്രതിഭാസം കാണാൻ.

പിള്ളാര് കാറ് വൃത്തിയാക്കുന്നതിനിടെ രാജേട്ടൻ ഷൂസഴിച്ച് ഗരാജിലെ rakeൽ വച്ചു. 

"അമ്മേ... ഇതാർടെയാ ഈ ഫോണ്...?" ഒരു ഫോണും കൈയ്യിലെടുത്ത് ഇടത്തോട്ടും വലത്തോട്ടും ആട്ടിക്കൊണ്ട് രേണു അലറിക്കൊണ്ട് ചോദിക്കുകയാണ്.

"നിന്റെ ആനത്തൊണ്ട കുത്തിക്കീറാതെ മോളെ... പതുക്കെ പറ..." രാജേട്ടന് രേണുവിന്റെ അലർച്ച കേട്ട് പിന്നെയും ദേഷ്യം വന്നു.

"നിന്റെ ബോധമില്ലാത്ത ചേട്ടനോട് തന്നെ ചോദിക്ക്... എന്റെ ഫോണും നിന്റച്ഛന്റെ ഫോണും ഞങ്ങൾടെ കയ്യീത്തന്നെയുണ്ട്..."

"ഇതേട്ടന്റെ ഫോണൊന്നുമല്ല... ഇത് വേറേതോ ഫോണാ... ഒരു ലേഡീസ് ഫോൺ പോലെയുണ്ട്..." 

അകത്തേക്ക് കാലെടുത്ത് വെക്കാൻ തുനിഞ്ഞ രാജേട്ടൻ ഒന്ന് ഞെട്ടി. ലേഡീസ് ഫോണോ? ലേഡീസ് ചെരുപ്പ്... ലേഡീസ് ബാഗ് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതെന്താ ഈ ലേഡീസ് ഫോൺ? അകത്തേക്ക് വെക്കാനോങ്ങിയ കാൽ പിൻവലിച്ച് രാജേട്ടൻ മോളെയൊന്ന് പാളി നോക്കി. അവളാ ഫോൺ തിരിച്ചും മറിച്ചും നോക്കുകയാണ്.

"ലേഡീസ് ഫോണാ...? അതാരുടെ ഫോണാ നമ്മളെ കാറില്...? നീ ശരിക്കും നോക്കിയാ...?" രാജേട്ടന് മുന്നേ രേണുവിന്റെ അടുത്തേക്ക് പ്രമീള കുതിച്ചു.

"ആ ശരിയാണല്ലോ... രാജേട്ടാ... ഇതാരുടെ ഫോണാ...? ഇതിവള് പറഞ്ഞത് പോലെ ഏതോ ഒരു പെണ്ണിന്റെ ഫോണ് തന്നെയാ... ഇതുപോലത്തെ കവറ് ലേഡീസെ വെക്കുള്ളൂ..." ഒരൊറ്റ ശ്വാസത്തിലാണ് പ്രമീള ഇത്രയും പറഞ്ഞൊപ്പിച്ചത്. പ്രമീളയുടെ ശബ്ദത്തിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് രാജേട്ടൻ വെറുതെ സംശയിച്ചു.

"എവിടുന്നാ നിനക്കീ ഫോൺ കിട്ടിയത്...?" രാജേട്ടനും പ്രമീളയും രേണുവോട് ചോദിച്ചത് ഏകദേശം ഒരുമിച്ചായിരുന്നു.

"കാറീന്ന്..."

"ഓ... അങ്ങനെയല്ല കഴുതേ... ഈ കാറിൽ എവിടെ ആയിരുന്നു ഈ ഫോണെന്നാ ചോദിച്ചേ..." പ്രമീളയുടെ 'കഴുതേ' എന്ന പ്രയോഗം കേട്ടപ്പോൾത്തന്നെ, പ്രമീളയുടെ മനോഗതം കുറച്ചൊക്കെ രാജേട്ടൻ ഊഹിച്ചെടുക്കുകയും മാനസികമായി തയ്യാറെടുക്കാൻ സ്വന്തം മനസ്സിനെ പ്രേരിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. സാധാരണ ഗതിയിൽ, രാജേട്ടനേക്കാൾ സഭ്യത പ്രമീള പുലർത്തുന്നതായിരുന്നു പതിവ്.

"മുന്നിലെ പാസഞ്ചർ ഡോറിന്റെ പോക്കറ്റിലായിരുന്നു..." 

"പറയുംപോലെന്നെ... ഇതാർടെ ഫോണാ..." പ്രമീളയുടെ കയ്യിൽ നിന്ന് ധൃതിയിൽ പിടിച്ചുവാങ്ങിയ ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് രാജേട്ടൻ മൊഴിഞ്ഞു. രാജേട്ടന്റെ സംസാരത്തിൽ ഒരു വിറയൽ അനുഭവപ്പെട്ടതായി രാജേട്ടൻ സ്വയം മനസ്സിലാക്കി. 

"നിങ്ങൾക്കറിയില്ലാ...? ശരിക്കും ഒന്നാലോചിച്ച് നോക്ക്യേ..." പ്രമീളയുടെ കണ്ണുകളിൽ ഒരുതരം തീഷ്ണതയുള്ളതായി രാജേട്ടൻ കണ്ടു. കുറച്ച് കൂടെ സംയമനം പാലിക്കേണ്ടത് ഇപ്പോൾ അത്യാവശ്യമാണെന്ന് രാജേട്ടൻ മനസ്സിലുറപ്പിച്ചു.

"എനിക്കെങ്ങനെ അറിയാനാണ്...? ഫോണിൽത്തന്നെ, അല്ല, നിറയെ പിങ്ക് പൂക്കളും വെള്ളപ്പൂക്കളുമുള്ള ഫോണിന്റെ കവറിൽ നോക്കിക്കൊണ്ടാണ് രാജേട്ടൻ മൊഴിഞ്ഞത്.

"നിങ്ങളറിയാതെ നിങ്ങളുടെ കാറിൽ ഈയൊരു ഫോൺ പിന്നെങ്ങനെയാ വന്നത്?" 

"ശരിയാണ് അതെങ്ങനെയാണ് എന്റെ കാറിൽ വന്നത്...?"

കഴിഞ്ഞ ആറേഴ് വർഷങ്ങളായി വീട്ടിൽ നിന്ന് തന്നെയാണ് ജോലി ചെയ്യുന്നത്. ഓഫീസ് യാത്രകളില്ല. പണ്ട് ഓഫീസിൽ പോകുന്ന സമയത്ത്, ലഞ്ചിനെന്നൊക്കെപ്പറഞ്ഞ് ഓഫീസിലെ നാരീമണികൾ വണ്ടിയിൽ കയറിയിട്ടുണ്ട്. അതിനിപ്പോ സാധ്യതകളൊന്നും തീരെയില്ല. ഭാര്യയും മകളുമല്ലാതെ പെൺവർഗ്ഗത്തിൽ പെടുന്നവരാരും ഈയടുത്ത കാലത്തൊന്നും വണ്ടിയിൽ കയറിയിട്ടില്ല. പിന്നെ ഈ ഫോൺ എവിടെ നിന്ന് വന്നു? രാജേട്ടൻ തല പുകഞ്ഞ് ചിന്തിച്ചു.

"അത് തന്നെയാണ് ഞാനും ആലോചിക്കുന്നത്..." വേറൊന്നും അപ്പോൾ രാജേട്ടന് പറയാൻ ഉണ്ടായിരുന്നില്ല.

അപ്പഴേക്കും പ്രമീള അവളുടെ ഫോണെടുത്ത് ആരെയോ കറക്കുന്നുണ്ടായിരുന്നു. രാജേട്ടന്റെ കുടുംബത്തോടൊപ്പം skyline drive കാഴ്ചകൾ കാണാൻ പോയ വിനീതിന്റെ ഭാര്യ രജനിയെയാണ് വിളിച്ചതെന്ന് സംസാരം കേട്ടപ്പോൾ രാജേട്ടന് മനസ്സിലായി. അവരുടെ അറിവിൽ അങ്ങനെ ഏതെങ്കിലും ഫോൺ നഷ്ടപെട്ടിട്ടുണ്ടോ എന്നന്വേഷിക്കുകയാണ്. 

"ഇല്ല... രജനിയുടെയും വിനീതിന്റേയും ഫോൺ അവരുടെ കൈയിത്തന്നെയുണ്ട്..." പ്രമീള ഒരു ദീർഘനിശ്വാസം നീട്ടിവലിച്ച് വിട്ടു.

"ആ..." രാജേട്ടനും ചിന്തിക്കുന്നത് പോലെ ചിന്തിച്ചഭിനയിച്ചു.

"നിങ്ങള് സോമനെ വിളിക്ക്... ഈ ഫോൺ ശാലിനിയുടെതാണോന്ന് ഒരു സംശയം..." കുടുംബസുഹൃത്തായ സോമന്റെ ഭാര്യ ശാലിനിയുടേതാണോ ഫോൺ എന്ന് നോക്കാനാണ് പ്രമീള ആവശ്യപ്പെട്ടത്. 

"ശാലിനിയുടെ ഫോൺ എന്റെ കാറിൽ എങ്ങനെ വരാനാ...? അവളുടേതൊന്നും ആയിരിക്കില്ല ഒറപ്പാ..." രാജേട്ടന് സംശയം ഒന്നും ഉണ്ടായിരുന്നില്ല. 

"എന്നാലും നിങ്ങള് വിളിക്ക്... നമ്മളുടെ സംശയം തീർക്കാലോ..." ശരിയാണ്. ഓരോരോ സംശയങ്ങളാണ്. അവ ഇവിടെത്തന്നെ തീർത്തില്ലെങ്കിൽ രാജേട്ടന്റെ കാര്യം കട്ടപ്പൊകയാണ്.

"ഡാ.. സോമാ... ശാലിനിയുടെ ഫോൺ അവളുടെ കൈയ്യിൽത്തന്നെയുണ്ടോ...?" ഫോൺ ചെയ്തപ്പോ അവൻ എടുത്തത് തന്നെ ..ഭാഗ്യം. സാധാരണ അങ്ങനെ സംഭവിക്കാത്തതാണ്.

"എന്താ.. എന്ത് പറ്റി... ?" സോമൻ അത്ഭുതം കൂറി. രാജേട്ടൻ സോമനോട് കാര്യങ്ങൾ വിശദീകരിച്ചു.

"അവളിപ്പം ഇവിടെയില്ല... മോളെയും കൊണ്ട് ഡാൻസിന് പോയേക്കുവാ... പക്ഷേ ഫോൺ അവളുടെ കയ്യീത്തന്നെയുണ്ട്... രണ്ട് മിനുട്ട് മുന്നേ ഞാൻ അവളെ വിളിച്ചിരുന്നു..." 

അങ്ങനെ ആ സംശയവും തീർന്നു. അപ്പോഴാണ് പ്രമീളയുടെ പുതിയ കണ്ടുപിടുത്തം. ഈ കളഞ്ഞുകിട്ടിയ ഫോണിന്റെ കവറിൽ ഒരു നീളൻ ചെമ്പൻ മുടി ഉടക്കി നിൽക്കുന്നു. രാജേട്ടനെ ആ മുടി തൊടാൻ പോയിട്ട് നോക്കാൻ പോലും പ്രമീള ആദ്യം സമ്മതിച്ചില്ല. പ്രമീള, ആ മുടി ഫോണിൽ നിന്ന് പറിച്ചെടുത്ത് ദേഷ്യത്തോടെ ഊതിപ്പറത്തി വിട്ടു.

ഇതെന്തൊരു പരീക്ഷണമാണ് പടച്ചോനെ... രാജേട്ടൻ മനസ്സിൽ പിറുപിറുത്തു. ഇതേ സമയം, പ്രമീള രാജേട്ടന്റെ കുടുംബവുമായി കൂടുതലെടുത്ത് സഹകരിക്കുന്ന കുടുംബങ്ങളിലെ ഓരോരുത്തരെയായി വിളിച്ച് സംശയം തീർക്കുകയായിരുന്നു. ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് അതിന്റെ അടയാളങ്ങൾ ഓരോരുത്തരോടായി വർണ്ണിച്ച് കൊടുക്കുന്നുമുണ്ട്.

വിളിച്ചവരിൽ ആരോ എന്തോ കളി പറഞ്ഞ് പ്രമീളയെ ശുണ്‌ഠി പിടിപ്പിക്കുന്നത് രാജേട്ടൻ നോക്കി നിന്നു.

വിളിച്ചവരെല്ലാരും കൈ മലർത്തിയപ്പോൾ പ്രമീള വീണ്ടും ചിന്താധീനയായി. ഈ ചിന്തയാണ് രാജേട്ടനെ വല്ലാതെ ആധി പിടിപ്പിക്കുന്നത്.

പ്രമീള ദിവസവും ജോലിക്ക് ഓഫീസിൽ പോകുന്നയാളാണ്. മക്കൾ സ്‌കൂളിലും പോയിക്കഴിഞ്ഞാൽ വീട്ടിൽ രാജേട്ടൻ ഒറ്റക്കാണ്. പോരാത്തതിന് ഈയടുത്തകാലത്തായി അപ്പലാച്ചിയൻ മലയിലെ അപ്പലാച്ചിയൻ ട്രെയിലിനടുത്തുള്ള ഏതോ ഒരു സ്പോട്ടിൽ രാജേട്ടൻ ഇടയ്ക്കിടെ ഒറ്റക്ക് ചില രാത്രികളിൽ ക്യാമ്പ് ചെയ്യാറുള്ള കാര്യവും രാജേട്ടൻ ഓർത്തു. പോരാത്തതിന് ഷനൻഡോവയിൽ പോകുന്നതിന്റെ മുന്നിലത്തെ വീക്കെന്ഡിലെ ശനിയാഴ്ച രാത്രിയും രാജേട്ടൻ മലമുകളിൽ ഒറ്റക്കായിരുന്നു. ശനിയാഴ്ച ഉച്ചക്കടുപ്പിച്ച് കാറുമെടുത്ത് പോയി, റൂട്ട് 7 ന്റെ വഴിയരികിൽ പാർക്ക് ചെയ്തിട്ടാണ് രാജേട്ടന്റെ ഒറ്റക്കുള്ള ക്യാംപിങ് ആരംഭിക്കുന്നത്. പിറ്റേന്ന് ഉച്ചയാവുമ്പോൾ തിരിച്ച് വരും. അതാണ് അദ്ദേഹത്തിൻറെ പതിവ്. 

പോരാത്തതിന് രാജേട്ടന് അയൽക്കാരിയായി ഒരു ഇംഗ്ളീഷുകാരി ഉണ്ടായിരുന്നു. രണ്ട് ചെറിയ പെണ്മക്കളുടെ അമ്മ. പരിഷ്കരിച്ച രീതിയിൽ വസ്ത്രങ്ങളൊക്കെ കുറച്ചധികം കുറച്ച് ഉപയോഗിക്കുന്ന ഒരു പത്രാസുകാരി. മക്കളുടെ അച്ഛൻ അവരുടെ കൂടെ ഇപ്പോഴില്ല. ഇടക്ക് ഏതോ ഒരാൾ അവിടെ വന്ന് താമസിക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രമീളക്ക് ഈ ഇംഗ്ളീഷുകാരിയെ അത്രക്കങ്ങ് പഥ്യമില്ല. രാജേട്ടൻ, രാജേട്ടന്റെ വീടിന്ന് പിന്നിലെ അടുക്കളത്തോട്ടത്തിൽ മസിലൊക്കെ കാണിച്ച് കൊത്തിപ്പറിക്കുകയും വെള്ളം നനയ്ക്കുകയും തക്കാളിപ്പഴങ്ങൾ പറിക്കുമ്പോഴുമൊക്കെ ഈ ഇംഗ്ളീഷുകാരി, അവരുടെ ഡെക്കിൽ ഒരു കാപ്പിയുമായി വന്നിരുന്ന് രാജേട്ടനുമായി നർമ്മഭാഷണങ്ങളിൽ ഏർപ്പെടാറുണ്ടായിരുന്നു. അത്തരം ഭാഷണങ്ങളിൽ നിന്ന് കിട്ടിയ  വിവരങ്ങൾ രാജേട്ടൻ ഇടക്ക് പ്രമീളയോടും പറയാറുണ്ട്. അതോടെ പ്രമീളക്ക് ആ ഇംഗ്ളീഷുകാരിയെ കണ്ണെടുത്താൽ കണ്ടു കൂടാതായി. ആ ആംഗലേയനാരിയോടുള്ള ഇടപെടൽ സൂക്ഷിച്ച് വേണം എന്നൊരു താക്കീതും പ്രമീള കൊടുത്തിരുന്നു.

ഈപ്പറഞ്ഞ കാര്യങ്ങളുടെയോ  മറ്റോ പേരിൽ പ്രമീളക്ക് ചില സംശയങ്ങൾ ഉണ്ടായിക്കാണുമോ എന്നായിരുന്നു രാജേട്ടന്റെ ആധിയും ചിന്തയും. പ്രമീള അങ്ങനെയൊന്നും പറഞ്ഞില്ലെങ്കിലും, അവൾ അങ്ങനെത്തന്നെയാണ് ചിന്തിക്കുന്നതെന്ന് രാജേട്ടൻ സംശയിച്ചു. 

ഈ സമയമാവുമ്പഴേക്കും എല്ലാവരും വീടിനുള്ളിലേക്ക് കയറിക്കഴിഞ്ഞിരുന്നു. അടുക്കളയടക്കമുള്ള ഫാമിലി ഏരിയയിൽ ഇരുന്നാണ് പിന്നെയുള്ള ചർച്ചകൾ നടന്നത്. കണ്ടുകിട്ടിയ ഫോൺ ആരുടേതാണെന്ന മാതാപിതാക്കളുടെ മാനസിക സംഘർഷത്തിനിടയിൽ, കാറിന്നകം വൃത്തിയാക്കിയതായി പ്രഖ്യാപിച്ച്, മക്കൾ അവരുടേതായ വ്യാപാരങ്ങളിൽ മുഴുകിയതൊന്നും രാജേട്ടനും പ്രമീളയും അറിഞ്ഞില്ല.

"ഫോൺ നഷ്ടപ്പെട്ടവർ ഫോണും അന്വേഷിച്ച് ഈ ഫോണിൽ വിളിക്കുമല്ലോ... നമുക്കത് വരെ കാത്തിരിക്കാം..." രാജേട്ടനാണ് പറഞ്ഞത്.

"അത് ശരിയാ... എന്നാലും നിങ്ങൾക്കറീല്ലാ...?" പ്രമീളയുടെ ശബ്ദത്തിന് മേലെ അവരുടെ ശ്വാസത്തിന്റെ സീൽക്കാരം പ്രകടമായി കേൾക്കാമായിരുന്നു.

"ഇനി ഞാൻ തലയും കുത്തിനിന്ന് പറയണോ...? എനിക്കറീല്ലാന്ന് എത്ര തവണ പറഞ്ഞു...?" രാജേട്ടന് ദേഷ്യം വരുന്നുണ്ടായിരുന്നു.

"നിങ്ങളറിയുന്ന ആരുടേതെങ്കിലുമായിരിക്കും... അല്ലാതെങ്ങനെയാ...?" 

"മണ്ണാങ്കട്ട... അതെ... ഇത് അപ്പുറത്തെ മറ്റവളുടെ ഫോണാണ്..." അതും പറഞ്ഞ് രാജേട്ടൻ വസ്ത്രം മാറ്റാനായി മുറിയിലോട്ട് പോയി. 

രാജേട്ടൻ, വസ്ത്രങ്ങൾ മാറ്റിവരുമ്പോഴും, പ്രമീള നേരത്തെ ഇരുന്നിരുന്നിരുന്ന  അതേ ഇരുപ്പിൽത്തന്നെ, കളഞ്ഞ് കിട്ടിയ ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഇരിപ്പായിരുന്നു. അദ്ദേഹം പ്രമീളയുടെ അടുത്ത് ചെന്നിരുന്നു.

"ഒരു കാര്യം ചെയ്യാം... നമുക്കീ ഫോൺ പോലീസിലേൽപ്പിക്കാം... ഇവിടെ വച്ചിരിക്കണ്ട..." 

"അതെ... അതെന്നയാ ഞാനും ആലോചിക്കുന്നത്... അതോടെ എല്ലാത്തിനും ഒരു തീരുമാനം ആകുമല്ലോ... മനസ്സിന് സമാധാനം കിട്ടുമല്ലോ..." രാജേട്ടൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല.

അപ്പോഴാണ് എല്ലിക്കോട്ട് സിറ്റിയിൽ താമസിക്കുന്ന ശ്രീധരന്റെ വിളി രാജേട്ടന് വന്നത്. വെറുതെ സല്ലപിക്കാൻ വേണ്ടിയുള്ള ഒരു വിളി മാത്രമായിരുന്നു അത്. സംസാരത്തിനിടയിൽ, അവിടെയുണ്ടായ പുതിയ സംഭവവികാസം, രാജേട്ടൻ ശ്രീധരനോട് തമാശാരൂപത്തിൽ വിവരിച്ചു. അട്ടഹസിച്ചുകൊണ്ടുള്ള ചിരിയായിരുന്നു ആദ്യത്തെ മറുപടി. എന്തായാലും കാര്യങ്ങളൊക്കെ ഗ്രഹിച്ച ശ്രീധരനാണ്, പോലീസിൽ ഏൽപ്പിക്കുന്നതിന് മുന്നേ ഒരു മുഴുവൻ ദിവസം ഫോൺ വീട്ടിൽത്തന്നെ സൂക്ഷിക്കാൻ നിർദ്ദേശിച്ചത്. അതിനിടയിൽ ആരെങ്കിലും വിളിച്ചാൽ അവർക്ക് ഫോൺ കൈമാറാനുള്ള ഏർപ്പാട് ചെയ്യുക, അഥവാ ആരും വിളിച്ചില്ലെങ്കിൽ നേരെ പൊലീസിന് കൈമാറുക. ആ നിർദ്ദേശം പ്രമീളക്കും സ്വീകാര്യമായിരുന്നു.

അതിനിടയിൽ രാജേട്ടൻ, ഫോൺ ഒന്ന് പരിശോധിച്ചു. അതിന് വാൾ പേപ്പറായോ സ്‌ക്രീൻ സേവറായോ ആരുടേയും ഫോട്ടോ ഉണ്ടായിരുന്നില്ല. കവറിന്റെ ഉള്ളലോ പുറത്തോ അടയാളങ്ങളോ മേൽവിലാസങ്ങളോ ഉണ്ടായിരുന്നില്ല. ഏകദേശം 95 ശതമാനം ബാറ്ററി ചാർജ്ജും നിലവിലുണ്ട്. ഒന്നുരണ്ട് ഊഹപ്പാസ്‌വേഡുകൾ കൊടുത്തു നോക്കിയെങ്കിലും ഫോൺ തുറക്കാൻ പറ്റിയില്ല. പിന്നെ ഒരിക്കലും തുറക്കാൻ പറ്റാതായിപ്പോകേണ്ട എന്ന് കരുതി രാജേട്ടൻ ആ ശ്രമം തുടർന്നില്ല. നിറയെ പൂക്കളുള്ള ആ ഫോൺ കവറിൽ നിന്ന് ചോരയൊലിക്കുന്നുണ്ടോ എന്ന് രാജേട്ടൻ സംശയിച്ചു ഒടുവിൽ ആ ഫോൺ, ഫാമിലി ഏരിയയിലെ ടീപ്പോയിയുടെ മേലെ മലർന്ന് കിടന്ന് വിശ്രമത്തിലായി.

എങ്ങനെയായിരിക്കാം ഈയൊരു ഫോൺ വണ്ടിയിൽ കയറി ഇരിപ്പായത് എന്നതിനെക്കുറിച്ച് രാജേട്ടൻ ഗഹനമായി ചിന്തിച്ചു. skyline driveലൂടെയുള്ള യാത്രയിൽ ഏകദേശം എട്ടോളം view point കളിൽ കാഴ്ചകൾ കാണാൻ വേണ്ടി കാർ നിർത്തിയിട്ടുണ്ട്. ഉച്ചക്ക്, കൂടെ വേറൊരു കാറിൽ അനുഗമിച്ചിരുന്ന വിനീതിന്റേയും രജനിയുടെയും അവരുടെ മകന്റെയും കൂടെ ഒരു പാർക്കിലിരുന്ന്  ലഞ്ച് കഴിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിൽ വച്ചും കാറിൽ നിന്ന് ദൂരേക്ക് പോകുമ്പോൾ കാർ ലോക്ക് ചെയ്തതായിട്ട് തന്നെയാണ് ഓർമ്മ. skyline drive ലേക്ക് പോകുന്ന വഴിയിൽ ഒരു ഗ്യാസോലിൻ കടയിൽ കയറി എല്ലാവരും ശൗച്യാലയങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവിടെയും കാർ ലോക്ക് ചെയ്തിരുന്നു.

ഏതെങ്കിലും view point ൽ നിർത്തിയപ്പോൾ ദൂരെയെവിടെയും പോകുന്നില്ലല്ലോ എന്ന് കരുതി ചിലപ്പോൾ കാർ ലോക്ക് ചെയ്തിട്ടുണ്ടായിരിക്കില്ലേ എന്നൊരു സംശയവും രാജേട്ടനിൽ ഉടലെടുത്തു. അത്തരം view point കളിൽ മാത്രമായിരുന്നു കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. അഥവാ അങ്ങനെ കാർ ലോക്ക് ചെയ്യാതിരുന്ന അവസ്ഥയിൽ വേറെ ആരെങ്കിലും എന്റെ കാർ അവരുടേതാണെന്ന് കരുതി, ഫോട്ടോ ഒക്കെ എടുത്തതിന് ശേഷം, ഫോൺ കൈയ്യിൽത്തന്നെ പിടിക്കാനുള്ള  അസൗകര്യം കൊണ്ട് എന്റെ കാർ തുറന്ന്, അതിന്റെ ഡോർ പോക്കറ്റിൽ ഫോൺ വച്ചതായിരിക്കുമോ? അല്ലാത്തെ വേറൊരു സാധ്യതയും രാജേട്ടൻ കണ്ടില്ല. എന്നാലും ഇത്ര നേരമായിട്ടും ആരെങ്കിലുമൊരാൾ ഈ ഫോണിലേക്കൊന്ന് വിളിക്കാത്തതെന്ത്? വേറെ എന്തെങ്കിലും തട്ടിപ്പ് പരിപാടികളോ മറ്റോ ആയിരിക്കുമോ? രാജേട്ടന്റെ ചിന്തകൾ കാട് കയറി.

ഓരോ പത്ത് മിനുട്ടിലും രാജേട്ടനും പ്രമീളയും ആ ഫോണെടുത്ത് ആരുടെയെങ്കിലും മിസ്സ്ഡ് കാൾസ് ഉണ്ടോ എന്ന് പരിശോധിക്കും. അതിന്റെ ശബ്ദമാനത്തിന്റെ തോത് ഏറ്റവും കൂടുതലായിട്ട് തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത് എന്ന് ഉറപ്പിക്കും. പക്ഷേ അന്ന് രാത്രി കിടക്കുന്നത് വരെയും ആരും വിളിച്ചില്ല. 

"ഞാനീ ഫോൺ നാളെ തിങ്കളാഴ്ച പോലീസ് സ്റ്റേഷനിലേൽപ്പിച്ചോളാം..." പിറ്റേന്ന് ഞായറാഴ്‌ച കാലത്ത് രാജേട്ടൻ പ്രമീളയോട് പറഞ്ഞു.

"അതെന്താ ഇന്ന് ഞായറാഴ്ച പോലീസ് സ്റ്റേഷൻ തുറക്കൂലേ..." പ്രമീളയുടെ ആ ചോദ്യത്തിന് രാജേട്ടന് ഉത്തരം ഉണ്ടായിരുന്നില്ല.

രാജേട്ടൻ നേരെ ഗൂഗിളിൽ നോക്കി അടുത്തുള്ള പോലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ തപ്പിയെടുത്തു; വിളിച്ചു. കാര്യങ്ങൾ പറഞ്ഞു. രാജേട്ടൻ പറഞ്ഞതൊക്കെ അവർ സാകൂതം കേട്ടു. രാജേട്ടൻ എന്തൊക്കെയാണ് പറയുന്നതെന്ന് പ്രമീളയും ശ്രദ്ധിച്ചിരിപ്പാണ്. ഇടക്ക് രാജേട്ടൻ പറയുന്നതിനെ തിരുത്താനൊക്കെ പതുക്കെ സംസാരിച്ചും ആംഗ്യം കൊണ്ടും പ്രമീള ശ്രമിച്ചെങ്കിലും രാജേട്ടൻ അതൊന്നും വകവച്ചില്ല.

ഈയൊരു കാര്യമായത് കൊണ്ട്, അത്രയൊന്നും സീരിയസ് അല്ലാത്ത കാര്യമായത് കൊണ്ട്, ഒരു ദിവസം കൂടി ആ ഫോൺ വീട്ടിൽത്തന്നെ സൂക്ഷിക്കാൻ ഉപദേശിച്ചത്, ആ പോലീസ് സ്റ്റേഷനിലെ റിസപ്‌ഷനിൽ നിന്ന് സംസാരിച്ച പോലീസുകാരിയാണ്. എന്നിട്ടും ആരും വിളിച്ചില്ലെങ്കിൽ തിങ്കളാഴ്ച ഒന്നുകൂടി അവരെ വിളിച്ചിട്ട് ഫോൺ ഏൽപ്പിക്കാനായിരുന്നു ഉപദേശം.

ഒരു ദിവസം കൂടി ആ ഫോൺ വീട്ടിൽ സൂക്ഷിക്കണമല്ലോ എന്ന ചിന്തയിലായിരുന്നു പ്രമീള. 

"നാളെ പോലീസ് സ്റ്റേഷനിൽ ഫോൺ കൊണ്ടുപോയി കൊടുക്കുമ്പോൾ ഞാനും വരും..." 

"അതെന്താ... ഞാൻ അവർക്ക് കൊടുക്കാതെ വേറെ എന്തെങ്കിലും ചെയ്യുമോന്ന് .വിചാരിച്ചിട്ടാ...?" രാജേട്ടന് ചിരി വന്നു.

"ഏയ് അങ്ങനെയൊന്നും അല്ല..." പ്രമീളയുടെ ചിരിയിൽ ചെറിയ വിളർച്ച ഉണ്ടോയെന്ന് രാജേട്ടൻ സംശയിച്ചു.

"അപ്പോ നീ നാളെ ഓഫീസിൽ പോകുന്നില്ലേ ...?

"ഇല്ല... ഇതിനൊരു തീരുമാനം ആവട്ടെ..."

"എന്ത് തീരുമാനിക്കാനാണ്...?" രാജേട്ടന് പൊട്ടിച്ചിരിക്കാതെ വയ്യായിരുന്നു.

"ഹ്ഉം... നീ എന്തേലും ചെയ്യ്..."

പിറ്റേന്ന് തിങ്കളാഴ്ചവരെയും ആ ഫോൺഭൂതത്തിൽ ആരും വിളിക്കാഞ്ഞത്, പ്രമീളയെയും രാജേട്ടനേയും വിവിധതരത്തിൽ അലോസരപ്പെടുത്തി.

തിങ്കളാഴ്ച കാലത്ത് ഏകദേശം പത്ത് മണിയോടെ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഞായറാഴ്ച വിളിച്ചപ്പോൾ എടുത്ത ആളായിരുന്നില്ല തിങ്കളാഴ്ച വിളിച്ചപ്പോൾ എടുത്തത്. എന്തായാലും പോലീസ് സ്റ്റേഷനിലേക്ക് ഫോണുമായി ചെല്ലാൻ വേണ്ടി അവർ നിർദ്ദേശം കൊടുത്തു. രാജേട്ടനും, ഓഫീസിൽ പോകാതെ 'പരനാരീഫോൺ' പൊലീസിന് കൈമാറുന്നുണ്ടെന്ന് ഉറപ്പിക്കാനായി മാത്രം അന്ന് അവധിയെടുത്ത പ്രമീളയും പോലീസ് സ്റ്റേഷനിലേക്ക് ചെന്നു.

സ്റ്റേഷനിൽ എത്തിയപ്പോൾ കാര്യം കുറച്ച് കൂടെ ഗൗരവമായി. സ്റ്റേഷനിൽ ചാർജ്ജുണ്ടായിരുന്ന പോലീസ് ഓഫീസർ രണ്ടുപേരുടെയും വിശദമായ മൊഴിയെടുത്തു. എന്നിട്ട് ഫോൺ കൈമാറാൻ രണ്ട് ഐച്ഛികങ്ങൾ കൊടുത്തു. 

ഒന്നുകിൽ ലീസ്ബർഗിലുള്ള അവരുടെ ഹെഡ് ക്വാർട്ടേസിൽ ഏൽപ്പിക്കുക അല്ലെങ്കിൽ അവർക്ക് കൊടുത്തിരിക്കുന്ന വിസിറ്റിങ് കാർഡിൽ പറഞ്ഞിരിക്കുന്ന പോലീസ് ഓഫിസറെ വിളിച്ച്, അദ്ദേഹം പറയുന്നത് പോലെ ചെയ്യുക.

പോലീസ് സ്റ്റേഷനിൽ പോയിട്ടും മൊഴി കൊടുത്തിട്ടും കൈയ്യിൽത്തന്നെ ഒഴിയാബാധയായി മാറിയ ഫോണിനെ രാജേട്ടനും പ്രമീളയും ഭീതിയോടെ നോക്കി. രണ്ടുപേരുടെയും ഭീതികൾ വ്യത്യസ്തമായിരുന്നെന്ന് മാത്രം.

അവിടെവച്ച് തന്നെ അവർ രണ്ടുപേരും ഒരു തീരുമാനം എടുത്തു. പ്രവർത്തി ദിവസമായ തിങ്കളാഴ്ച, ഇരുപത് മൈലുകളോളം ദൂരെയുള്ള ലീസ്ബർഗിൽ പോയിവരുന്നതിനേക്കാൾ നല്ലത് അവർ തന്ന കാർഡിൽ പറഞ്ഞിരിക്കുന്ന പോലീസ് ഓഫീസറെ വിളിക്കുന്നതാണ്. പ്രമീള ഓഫീസിൽ പോകുന്നില്ലെങ്കിലും, രാജേട്ടന് ജോലിയും ഓഫീസ് മീറ്റിങ്ങുകളും ഉള്ളതാണ്.  കാർഡിൽ പറഞ്ഞ പോലീസ് ഓഫീസറെ രാജേട്ടൻ വിളിച്ചു.

"ഞാനിപ്പോൾ തിരക്കിലാണ്... തിരിച്ച് വിളിക്കാം... ഓക്കേ..."

പോലീസുകാരന്റെ മറുപടി കേട്ട രാജേട്ടനും പ്രമീളയും തിരിച്ച് വീട്ടിലേക്ക് പോയി. രാജേട്ടൻ അദ്ദേഹത്തിൻറെ ഓഫീസ് ജോലികൾ തുടങ്ങിയപ്പോൾ, പ്രമീള അടുക്കളക്ക് മുന്നിലെ സോഫയിൽ നീണ്ട് നിവർന്ന് കണ്ണുമടച്ചിരുന്നു. പോലീസ് ഓഫീസറുടെ വിളിയും പ്രതീക്ഷിച്ചാണ് ആ ഇരിപ്പെന്ന്‌ പ്രമീളയുടെ ഇരുപ്പ് കണ്ടപ്പോൾ രാജേട്ടന് ഉറപ്പായിരുന്നു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും; രാജേട്ടന്റെ ഫോൺ റിങ് ചെയ്തു. ഒന്നാമത്തെ ബെല്ലിൽത്തന്നെ മുകളിലത്തെ നിലയിൽ ജോലിചെയ്തുകൊണ്ടിരുന്ന രാജേട്ടന്റെ അടുത്തത്തേക്ക് പ്രമീള എത്തി.

"ഞാനിപ്പോൾ നിങ്ങളുടെ വീടിന്റെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്... നിങ്ങൾക്ക് വീണ്ടും ഒന്നുകൂടി പോലീസ് സ്റ്റേഷനിലേക്ക് ഫോണുമായി വരാമോ...?

"വരാം സാർ..."

"ആൾറൈറ്റ്..."

"നീയിവിടെത്തന്നെയിരുന്നോ... ഞാൻ പോയി ഫോൺ ഏല്പിച്ചിട്ട് വരാം... ഇനി ഫോൺ കൊടുക്കാതെ വരാൻ എനിക്ക് പറ്റില്ലല്ലോ..." പ്രമീള ഇനിയും ബുദ്ധിമുട്ടേണ്ടെന്ന് കരുതി രാജേട്ടൻ അവസാനമായി ഒന്ന് പറഞ്ഞ് നോക്കി.

"എന്തായാലും ഇതുവരെ കാത്തുനിന്നതല്ലേ... കുഴപ്പമില്ല...ഞാനും കൂടെ വരാം..." പ്രമീള ഉറച്ച തീരുമാനത്തിലായിരുന്നു.

"ഹ്ഉം..." രാജേട്ടൻ ഒന്നമർത്തിയാണ് മൂളിയത്. ഫോണാണോ അതോ പ്രമീളയാണോ ഒഴിയാബാധ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

രാജേട്ടനും പ്രമീളയും പോലീസ് സ്റ്റേഷനിൽ പോയി ഫോണിൽ ബന്ധപ്പെട്ട പോലീസുകാരനെ കണ്ട്, ബാധകയറി ജേഷ്‌ഠയായി കയറിവന്ന, പൂക്കൾ നിറഞ്ഞ 'പരനാരീഫോൺ' അദ്ദേഹത്തിന് കൈമാറി. സ്റ്റേഷനിൽ നിന്നും  തിരിച്ച് വരുന്ന വഴി, സ്വീറ്റ് ഫ്രോഗിൽ നിന്ന് ഒരു ചെറിയ കപ്പ് സ്ട്രാബെറി ഐസ്ക്രീം, പ്രമീള രാജേട്ടന് സ്നേഹപൂർവ്വം വാങ്ങിക്കൊടുത്തു.

"ഞാൻ  ഓഫീസിൽ പോവ്വാണേ... ഇന്നത്തെ അവധി... ഞാനത് ഹാഫ് ഡേയാക്കി മാറ്റീട്ട്ണ്ട്... ബൈ ബൈ..."

തിരിച്ച് വീട്ടിൽ വന്നതിന് ശേഷം, കൈവീശി ചിരിച്ചുകൊണ്ട് ഓഫീസിലേക്കിറങ്ങുന്ന പ്രമീളയെക്കണ്ടപ്പോൾ, കൈവീശുന്നതിന് പകരം, അറിയാതെ രാജേട്ടൻ കൈകൂപ്പിപ്പോയി! കൈകൂപ്പിയ രാജേട്ടനെ കണ്ട് പ്രമീള പൊട്ടിച്ചിരിച്ചു!!

***