2015, ജനുവരി 29, വ്യാഴാഴ്‌ച

'ഇരുമ'യിലെ ഒരുമ

[൨൦൧൩(2013) ൽ വാഷിംഗ്‌ടണ്‍ ഡി സി പ്രദേശത്തെ പേരുകേട്ട രണ്ടു മലയാളി സംഘടനകൾ (കെ എ ജി ഡബ്ല്യൂ & കെ സി എസ്) ഒരുമിച്ചു ഓണം ആഘോഷിക്കാൻ തീരുമാനിച്ചു. ഈ തീരുമാനത്തിനു അനുബന്ധമായി  കലാപരിപാടികൾ അവതരിപ്പിക്കുവാൻ വേണ്ടി  'ഒരുമ' എന്നതായിരുന്നു ആശയമായി നിശ്ചയിച്ചിരുന്നത്. ഇതിനു കാരണം തന്നെ രണ്ടു സംഘടനകളുടെ ചരിത്രപരമായ ഒത്തുചേരലായിരുന്നു. പക്ഷേ, ചില കാരണങ്ങളാൽ മേൽപറഞ്ഞ ആശയം മാറി  'ഒരു നാട്, ഒരു പൈതൃകം, ഒരു ഓണം' എന്ന ആശയം (ഇതിന്റെ ആവിഷ്കാരം, 'പലവക' എന്ന വിഭാഗത്തിൽ കൊടുത്തിട്ടുണ്ട് ) തീരുമാനിക്കുകയായിരുന്നു. ഈ കാര്യങ്ങൾക്ക്  വേണ്ടി കെ സി എസിന്റെ  അന്നത്തെ വിനോദസമിതി അദ്ധ്യക്ഷനായ ശ്രീ. സുരേഷ് നായർ എന്നെ സമീപിച്ച പ്രകാരം 'ഒരുമ' എന്ന ആശയത്തിന്  തയ്യാറാക്കിക്കൊടുത്ത നക്കലിന്റെ (ആദ്യരൂപരേഖ) ഘടന മാറ്റിയാണ് ഈ  വിവേചകഭേദകം(കുറിപ്പ്) തയ്യാറാക്കിയിട്ടുള്ളത് . അത്  നിങ്ങളുടെ വായനയിലേക്കായി ...]

ശ്രീ

ഈ പ്രപഞ്ചവും പ്രകൃതിയും വൈവിധ്യങ്ങളുടെ ഒരു കലവറയാണ്. വൈവിധ്യങ്ങൾ ഒരു യാഥാർത്‌ഥ്യമാണ്.  വൈവിധ്യങ്ങൾ ഉള്ളത് കൊണ്ടാണ് ഒരുമ ആവശ്യമായി വരുന്നത്.  മതത്തിന്റെ പേരിലും ജാതിയുടെ പേരിലും ഭാഷയുടെ പേരിലും ദേശത്തിന്റെ പേരിലും വേഷത്തിന്റെ പേരിലും രൂപത്തിന്റെ പേരിലും ലിംഗത്തിന്റെ പേരിലും നിറത്തിന്റെ പേരിലും  സമ്പത്തിന്റെ പേരിലുമൊക്കെ ഇവിടെ വൈവിധ്യങ്ങൾ നിലനിൽക്കുന്നു. എന്നാൽ, ഈത്തരം വൈവിധ്യങ്ങൾ, അധികാരത്തിനും അക്രമത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരത്തിനും അനീതിക്കും പാത്രമാകുകയാണെങ്കിൽ അവിടെ ഒരുമ അത്യാവശ്യമായി വരുന്നു. ഒരുമ ഇല്ലെങ്കിൽ അവിടെ സർവ്വനാശം ഫലം.



ഒരുമ എവിടെയൊക്കെ എങ്ങനെയൊക്കെ ഏതൊക്കെ സാഹചര്യങ്ങളിൽ ആവശ്യമായി വരുന്നു എന്ന് നമുക്ക് നോക്കാം.

൧. വർണ്ണങ്ങൾ

ഈ പ്രകൃതിയിൽ നമ്മൾ പലതരത്തിലുള്ള വർണ്ണങ്ങൾ കാണുന്നു. ചുവപ്പും നീലയും പച്ചയും മഞ്ഞയും പാടലവും ഊതയും ഒക്കെ ചേർന്ന് നമ്മുടെ ചുറ്റുമുള്ള കാഴ്ചകൾ എത്ര മനോഹരമാണ്? എന്നാൽ ഇന്ന് ഓരോ നിറവും മാനവരാശിയിലെ പല വിഭാഗങ്ങളും അവരവരുടേതെന്നു പറഞ്ഞു കലഹിക്കുന്നു. കാവിയും പച്ചയും വെള്ളയും പോലെയുള്ള നിറങ്ങൾ, ഒരോരോ മതങ്ങൾ ഭാഗിച്ചെടുത്തപോലെയുള്ള പ്രതീതിയുണ്ടാക്കുന്നു. കറുത്തവൻ കൊള്ളാത്തവനാനെന്നും വെളുത്തവൻ മാന്യനുമാണെന്നുമുള്ള ഒരു ബോധം ആരും അറിയാതെ സൃഷ്ടിക്കുന്നു. കറുത്തവളെ കല്യാണം കഴിക്കാൻ ചില വെളുത്തവന് പറ്റാതാവുന്നു. പക്ഷേ പ്രകൃതി തന്നെ ഈ വർണ്ണങ്ങളെല്ലാം ശ്വേതവർണ്ണത്തിന്റെ വിവിധ ഭാവങ്ങൾ ആണെന്ന് മഴവില്ലെന്ന പ്രപഞ്ചനിർമ്മിതിയിലൂടെ നമുക്ക് കാണിച്ചു തരുന്നു. ഈയ്യൊരു സന്ദേശം മനസ്സിലാക്കുവാൻ ഇതിലും വലിയ ഉദാഹരണം വേറെ എന്തുണ്ട്? 

൨. മതങ്ങൾ

മനുഷ്യോപൽത്തി മുതൽ ഈ ഭൂമുഖത്ത് ഓരോരുത്തരുടെ അറിവിനും  ഇച്ഛക്കും ഭാവനക്കും അനുസരിച്ച് വിശ്വാസങ്ങളും ദൈവാരാധനയും ഒക്കെ ഉണ്ടായി. ഈ വിശ്വാസങ്ങൾ ആചാരങ്ങൾക്കും, ആ ആചാരങ്ങൾ അസാന്ദർഭികമായി ആചരിച്ച് അനാചാരങ്ങളും നിലവിൽ വന്നു. ഈ ഇങ്ങനെ ഉണ്ടായ അനാചാരങ്ങളെയും മൂല്യച്യുതികളെയും ജീർണ്ണതകളെയും ഇല്ലാതാക്കാൻ ചിന്തകന്മാരും പ്രവാചകന്മാരുമുണ്ടായി. ഈ ചിന്തകന്മാർ തിന്മകളിൽ നിന്ന് മുക്തമാക്കി മനുഷ്യരെ ഉദ്ധരിക്കാൻ ശ്രമിച്ചെങ്കിലും, ഈ ചിന്തകന്മാരുടെ ചില സ്വാർത്ഥതല്പരരായ അനുയായികൾ അതാത് ചിന്തകന്മാരുടെ പേരിൽ മതങ്ങളുണ്ടാക്കി, ആ ചിന്തകന്മാരുടെ നിഷ്കളങ്കരായ അനുയായികളെ മറ്റുള്ളവരിൽ നിന്ന് വിഭിന്നമാക്കി നിർത്തി പൌരോഹിത്യ സാമ്രാജ്യങ്ങളുണ്ടാക്കി.

ദൈവവും സ്വർഗ്ഗവും നരകവും എല്ലാം മിഥ്യകളാണെന്നും ഇവയൊക്കെ ഒരോരുത്തരരുടേയും കർമ്മഫലങ്ങൾ കൊണ്ട് അനുഭവിച്ചറിയേണ്ടതാണെന്നുമുള്ള കാര്യം മറച്ച് പിടിച്ച്, ദൈവം ഏതെങ്കിലും ഒരു പ്രത്യേക വിശ്വാസത്തിന്റെ കൂടെ മാത്രമാണെന്നും ആ വിശ്വാസത്തിന്റെ കൂടെ നിൽക്കാത്തവർ സ്വർഗ്ഗരാജ്യം പൂകാതെ നരകരാജ്യത്തിലേക്ക് വലിച്ചെറിയപ്പെടുമെന്നുമൊക്കെ ഈ പൗരോഹിത്യം 'ദൈവ'ത്തിന്റെ വളരെയടുത്ത് നിന്നുകൊണ്ട് പറയുന്നു. ഈ മതവിശ്വാസങ്ങളെല്ലാം സാഹോദര്യത്തിലും പരസ്പര സഹിഷ്ണുതയിലും ഊന്നിക്കൊണ്ടുള്ളതാണെന്ന് ശക്തിയുക്തം പറയുമ്പോഴും എവിടെയൊക്കെയോ മനുഷ്യർ തമ്മിൽ അതിർവരമ്പുകളും നിയന്ത്രണ രേഖകളും മാനസികമായി സൃഷ്ടിക്കപ്പെട്ടു എന്നത് ഒരു യാഥാർത്ഥ്യം മാത്രമാണ്. ഉണ്ടെന്ന് പറയപ്പെടുന്ന ആ സാഹോദര്യത്തിനും പരസ്പര വിശ്വാസത്തിനും പോലും ഇന്ന് പലരൂപങ്ങളിൽ കോട്ടം സംഭവിച്ചിരിക്കുന്നു. തീവ്രവാദങ്ങളും അന്ധവിശ്വാസങ്ങളും, ശാസ്ത്രം പുരോഗമിച്ചിട്ടും പിടിമുറുക്കുന്നു.

ഭൂമിയിൽ ജനിക്കുന്ന എല്ലാ കാക്കകളും കാക്കളാണെങ്കിൽ, എല്ലാ സിംഹങ്ങളും സിംഹങ്ങളാണെങ്കിൽ, ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും വെറും മനുഷ്യനാണ്, അതിന് ഒരു മതവുമില്ല. ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, അതിന്റെ പേരിൽ വരമ്പ് കീറി വേറിട്ട് ഇരിക്കേണ്ടതില്ല. മനുഷ്യവർഗ്ഗം മുഴുവനും മനുഷ്യത്വം എന്ന ഒരേ ഒരു തത്വത്തിൽ വിശ്വസിച്ചു മുന്നോട്ടു പോയാൽ എത്ര നന്നായേനെ. മനുഷ്യന്റെ ബുദ്ധിക്ക് ഈകാര്യം ഏത് കാലത്താണ് ഇനി മനസ്സിലാവുക?

നമുക്ക് വയലാറിന്റെ വരികൾ കടമെടുക്കാം.

"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി ഈ മണ്ണ് പങ്കുവച്ചൂ" - എന്താ ശരിയല്ലേ ?? മനുഷ്യനല്ലേ ഈ നൂലാമാലകളൊക്കെ ഉണ്ടാക്കിയത്? അല്ലാതെ ദൈവം എന്നെ ഇങ്ങനെയേ ആരാധിക്കാവൂ എന്ന് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ?

൩. ജാതികൾ

"അല്ലല്ലെന്തിതു കഥയിതു കഷ്ടമേ
അല്ലലാലങ്ങ് ജാതി മറന്നിതോ
നീചനാരിതൻ കയ്യാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ"

കുമാരനാശാൻ കളിയാക്കി പാടിയതാണെങ്കിലും വളരെ ചിന്തിപ്പിക്കുന്ന, പ്രസക്തമായ കാര്യമാണ് പറഞ്ഞിട്ടുള്ളത്.

എല്ലാ മനുഷ്യർക്കും ബാഹ്യമായ കാഴ്ച ഒരേപോലെയാണെങ്കിലും, ബുദ്ധി ഒരേ അളവിലല്ല ഉണ്ടാവുന്നത്. ബുദ്ധി കൂടുതലുള്ളവൻ ബുദ്ധി കുറഞ്ഞവനെ പലതരത്തിലും ചൂഷണം ചെയ്യുന്നു, മൻഷ്യത്തരഹിതമായി അടിച്ചമർത്തുന്നു. ബുദ്ധി കൂടുതലുള്ളവൻ മ്ലേച്ഛമെന്ന് കരുതുന്ന, താഴെക്കിടയിലുള്ളതെന്ന് കരുതുന്ന ജോലികൾ തന്നെക്കാൾ ബുദ്ധി കുറഞ്ഞവരെക്കൊണ്ട് ചെയ്യിക്കുകയും ആ ബുദ്ധി കുറഞ്ഞവരുടെ സന്തതിപരമ്പരകളെ ബുദ്ധിയുണ്ടെങ്കിൽ കൂടി വളരാതിരിക്കാൻ താല്പര്യം കാണിക്കുകയും ചെയ്യുന്നു. അങ്ങനെ അവരെ ഒരു 'ജാതി'യാക്കി മാറ്റി ഊറ്റം കൊള്ളുന്നു.

മനുഷ്യൻ ഒരു സമൂഹജീവിയാണ്. ഒരു സമൂഹത്തിൽ എല്ലാത്തരം ജോലികളും ഉണ്ടാവും. വലിയ വലിയ ജോലികൾ ചെയ്യുന്നവനെ നാം ബഹുമാനിക്കുന്നതോടൊപ്പം വലുതെങ്കിലും നാം ചെറുതെന്ന് കരുതുന്ന ജോലികൾ ചെയ്യുന്നവരെയും ബഹുമാനിക്കാൻ മടി കാണിക്കുന്നു. തൂപ്പുകാരന്റെ പ്രസക്തി, തൂപ്പുകാരൻ പണിമുടക്കുമ്പോൾ മാത്രം അറിഞ്ഞാൽ പോരാ. അവനും ഈ സമൂഹത്തിൽ ബുദ്ധിക്കനുസരിച്ച് ശമ്പളം കൊടുത്തില്ലെങ്കിലും സമുന്നതമായ ഒരു സ്ഥാനം ഉണ്ട്. അങ്ങനെ ഓരോ ജോലിക്കും. പ്യൂണ്‍ എന്ന തസ്തികയിലുള്ളവരെക്കൊണ്ട് സ്വന്തം എച്ചിലില എടുപ്പിക്കുന്ന മേലാളന്മാർ ഇന്നത്തെ അഭിനവ മേൽ ജാതിയാണ്. ബുദ്ധി കൂടിയവനും കുറഞ്ഞവനും സമൂഹത്തിന്റെ ഭാഗമാണ്. എല്ലാവർക്കും മാന്യമായി ജീവിക്കണം. ഈയൊരു ജാതി വേർതിരിവ്, ജാതികളില്ലെന്ന് പറയപ്പെടുന്ന മതങ്ങളിലും കാണാം.

ഇങ്ങനെ മനുഷ്യന്റെ തൊഴിലിന്നനുസരിച്ച് ജാതിഭേദങ്ങളുണ്ടാക്കിയെങ്കിലും
ഒരു കാലത്ത് നമ്മുടെ കേരളത്തിൽ 'പറയി പെറ്റു പന്തിരുകുല' (ഒരു വയറ്റിൽ പിറന്നു പന്ത്രണ്ട് ജാതികളായി പിരിഞ്ഞ് ജീവിച്ഛവരുടെ കഥ) ത്തിന്റെയും 'ജാതി ഭേദം മത ദ്വേഷം' എന്ന തത്വസംഹിതയുടെയും 'തത്വമസി' യുടെയും പ്രതിധ്വനികൾ അലയടിച്ചു നടന്നിരുന്നു. ഇന്ന് ആ സംശുദ്ധമായ പ്രതിധ്വനികളുടെ മേലെക്കൂടി ജാതി ഭ്രാന്തിന്റെ ജല്പനങ്ങൾ കൂടിക്കൂടി വരികയാണ്. സങ്കുചിത ചിന്താഗതികൾ ആധുനിക വിദ്യാഭ്യാസയുഗത്തിലും കൂടി വരുമ്പോൾ ഈത്തരം മഹദ്വചനങ്ങളുടെ അർത്ഥതലങ്ങൾ ഉൾക്കൊണ്ട് ജാതി ചിന്തകൾ മാറ്റിവച്ചുകൊണ്ട് നല്ലൊരു ലോകം കെട്ടിപ്പടുക്കാൻ മനുഷ്യരെന്ന് തയ്യാറാവും?

൪. ഭാഷകൾ

മനുഷ്യൻ അവന്റെ സാഹചര്യത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് ആശയവിനിമയത്തിന് പല രീതികളും കണ്ടു പിടിച്ചു. അതിൽ ഭാഷയ്ക്ക് എല്ലാ അർത്ഥത്തിലും ഒരു പ്രമുഖ സ്ഥാനം ഉണ്ട്. ഈ ഭൂഗോളത്തിൽ ഇന്ന് ആയിരക്കണക്കിന് വിവിധതരം ഭാഷകൾ ഉണ്ട്. ഓരോ ഭാഷക്കും അതിന്റേതായ സ്ഥാനവും ഉണ്ട്. ഒരു ഭാഷയും മറ്റൊരു ഭാഷയ്ക്ക് മേലെയോ താഴെയോ അല്ല. എന്നാലും ഇന്ന് ലോകത്തിൽ ഭാഷകളുടെ പേരിൽ മാത്രം തമ്മിൽ തല്ലുകൾ നടക്കുന്നു. ചിന്താ ശക്തിയുള്ള മനുഷ്യന്ന് ഇത് ഭൂഷണമാണോ?

നമ്മുടെ ഭാരതത്തിൽത്തെന്നെ എത്രയോ ഭാഷകളുണ്ട്. അതിൽ കൂടുതൽ പേരും ഹിന്ദി സംസാരിക്കുന്നു. ഹിന്ദി സംസാരിക്കുന്നവന് അവന്റെ ഭാഷ വളരാൻ മോഹം, മറ്റുള്ളവർക്ക് അവരുടേതും. ഒരു ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവർ പ്രതിരോധിക്കുന്നു. ആ അടിച്ചേൽപ്പിക്കലിന്റെയും പ്രതിരോധത്തിന്റെയും ഇടയിൽപ്പെട്ട്, ഒരു രാഷ്ട്രഭാഷയെന്ന മോഹത്തിന് മങ്ങലേൽപ്പിച്ച് നാം ഒരു കാലത്ത് ഏറ്റവും വെറുത്തിരുന്ന ഇംഗ്ലീഷ് ഭാഷ ഒരു രാഷ്ട്രഭാഷപോലെ അംഗീകരിച്ച് ജീവിക്കുന്നു. തമ്മിൽതല്ല് കൊണ്ട് എപ്പോഴും മൂന്നാമതൊരാൾക്കേ ഗുണമുണ്ടാകുകയുള്ളൂ. പരസ്പര ഭാഷാ ബഹുമാനമുണ്ടായിരുന്നെങ്കിൽ എല്ലാ ഭാരതീയ ഭാഷകൾക്കും ഗുണമുണ്ടായേനെ, പകരം, നാമിന്ന് അതാത് ഭാഷകളിലെ വാക്കുകൾക്ക് പകരം ആംഗലേയ പദങ്ങൾ  വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിച്ച് സ്വന്തം ഭാഷയെ വികലമാക്കുന്നു.

ഓരോ ഭാഷയ്ക്കും എല്ലാത്തിനുമെന്നപോലെ ഒരു ജീവിതകാലയളവ് ഉണ്ട്. ഓരോന്നിന്റെയും ഉപയോഗം പോലെ, ചില ഭാഷകൾ വേഗം മരിക്കുന്നു,  ചിലവ കൂടുതൽ കാലം നിലനിൽക്കുന്നു. ചിലയാളുകൾ പറയും സംസ്കൃതം ദൈവത്തിന്റെ ഭാഷയാണ് എന്ന്. പക്ഷേ എന്തുകൊണ്ട് സംസ്കൃതം ഇന്ന് മരണശയ്യയിൽ കിടക്കുന്നു? ദൈവത്തിന്റെ ഭാഷ മരിക്കുമോ? ചിലയാളുകൾ അറബിഭാഷയാണ് ദൈവത്തിന്റെ ഭാഷ എന്ന് പറയും. ഇല്ലാത്ത, കാണാത്ത ദൈവത്തിന് അങ്ങനെ പ്രത്യേകിച്ച് ഭാഷകളൊന്നും ഉണ്ടാവാൻ യാതൊരു സാധ്യതയുമില്ല.

ഒരേഭാഷ സംസാരിക്കുന്നവർക്കിടയിൽത്തന്നെ വിവിധരീതിയിൽ ആ ഭാഷ കൈകാര്യം ചെയ്യുന്നവരുണ്ട്. അവർ തമ്മിൽ തമ്മിൽ "എന്റെ രീതിയാണ് നല്ലത്" എന്ന് വീമ്പടിച്ച് നടക്കും. ഓരോരുത്തർക്കും അവരവരുടെ രീതി എപ്പോഴും ശരിയാണ്, പോരായ്മകളുണ്ടെങ്കിൽ പോലും.

സ്വന്തം ഭാഷയെ സ്വന്തം മാതാവിനോടുള്ള സ്നേഹോഷ്മളതയോടെ മുറുകെ പിടിക്കുമ്പോഴും നമുക്ക് മറ്റുള്ള ഭാഷകളെ ബഹുമാനിക്കാൻ പഠിക്കാം. എല്ലാ ഭാഷകളും ആശയവിനിമയം എന്ന ഒരേയൊരു പ്രക്രിയയ്ക്കു വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാൻ, ഭാഷയുടെ പേരിൽ പരസ്പരം കളിയാക്കി ജീവിക്കാതിരിക്കാൻ നമുക്ക് സാധ്യമായേ പറ്റൂ.

൫. ദേശങ്ങൾ

"മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ"

പ്രാചീന കാലം മുതൽ മനുഷ്യൻ അവന്റെ ആവശ്യത്തിനും ബുദ്ധിക്കും പേശീബലത്തിനും അനുസരിച്ച് ഓരോ ദേശങ്ങൾ കൈയ്യടക്കിവച്ചു. അത് പിന്നീട് പല പല രാജ്യങ്ങൾ ആയി മാറി. രാജ്യങ്ങളുടെയുള്ളിൽ പല പല വിഭിന്ന കാരണങ്ങളും കൊണ്ട് കൌണ്ടികളും സംസ്ഥാനങ്ങളുമുണ്ടായി. കൂടുതൽ ശക്തിയുള്ള രാജ്യം യുദ്ധത്തിലൂടെ മറ്റു രാജ്യങ്ങളെ കീഴ്പെടുത്തുകയും സാമ്രാജ്യങ്ങൾ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് സാമ്രാജ്യ ചക്രവർത്തിമാർ ദുർബലരാകുമ്പോൾ സാമന്തന്മാർ  പൊങ്ങിവന്ന് വീണ്ടും നാട്ടു രാജ്യങ്ങൾ ഉണ്ടാവുകയുംപുതിയ രാജാക്കന്മാർ ഉണ്ടാവുകയും ചെയ്തു. ആ ചക്രം ഇന്നും പുതിയ രൂപങ്ങളിൽ തുടർന്നുകൊണ്ടേയിരിക്കുന്നു. സത്യത്തിൽ പണ്ട് വിവരമുള്ളവനൊന്നുമായിരുന്നില്ല രാജാക്കന്മാരായിരുന്നത്, വെറും ശക്തിപ്രകടനത്തിലൂടെ മാത്രമായിരുന്നു അല്ലെങ്കിൽ ഇന്നത്തെ ഗുണ്ടകളുടെ പോലുള്ള ചില പ്രയോഗസൂത്രങ്ങളിലൂടെ മാത്രമായിരുന്നു പണ്ടൊക്കെ രാജാക്കന്മാരും പിന്നെ രാജവംശങ്ങളും മറ്റും ഉണ്ടായത്.

ഇന്ന് ജനാധിപത്യത്തിൽ പല പല ആശയങ്ങളുടെ പേരിൽ ഓരോ രാഷ്ട്രത്തിലും പല വിധത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ ഉണ്ടായി. ഒരേ രാജ്യത്തിന്‌ വേണ്ടിയാണെങ്കിലും അധികാരത്തിനു വേണ്ടി വിവിധ രാഷ്ട്രീയപ്പാർട്ടികൾ തമ്മിൽ വാശിയോടെ മത്സരിക്കാനും ആ മത്സരം അക്രമങ്ങളിലേക്ക് തിരിയാനും തുടങ്ങി. രാഷ്ട്രസേവനം മാത്രമാണ് ഉദ്ദേശമെങ്കിൽ സ്വന്തം രാജ്യത്തുള്ളവനെത്തന്നെ ആക്രമിച്ച് കീഴ്പ്പെടുത്തി സേവിക്കേണ്ടതുണ്ടോ? 

സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി അനാവശ്യമായി പരസ്പരം കലഹിച്ചും യുദ്ധങ്ങൾ ചെയ്തും ഓരോ ദേശങ്ങൾ ഇന്നും വാർത്തകളിൽ നിറയുന്നു. ചില ചട്ടക്കൂടുകൾ ആവശ്യമാണെങ്കിലും രാജ്യങ്ങൾ തമ്മിൽ ബാഹികമായോ മാനസികമായോ മതിൽക്കെട്ടുകൾ തീർത്ത് കാലം കഴിക്കേണ്ട സാഹചര്യം വളരെ ഭീതിതമാണ്. ഓരോ ദേശവും അതിന്റെ അടുത്തുള്ള മറ്റു ദേശങ്ങളുമായി പല കാര്യങ്ങളിലും പരസ്പരം വളരെയധികം ബന്ധമുണ്ട്. ഈ ബന്ധങ്ങളെ മനസ്സിലാക്കി സാഹോദര്യത്തോടെ, ഒരുമയോടെ മനുഷ്യൻ നിന്നാൽ അവിടെ സമാധാനമല്ലാതെ വേറെയൊന്നും ഉണ്ടാവില്ല. 

൬. ലിംഗഭേദം

ഈ ലോകത്തിൽ എല്ലാ ജീവജാലങ്ങൾക്കും ലിംഗഭേദങ്ങൾ ഉണ്ട്. ആണും പെണ്ണും, രണ്ടും അല്ലാത്തവരും, ഒരേ ലിംഗത്തിൽ ആകർഷണമുള്ളവരും ഒക്കെ ഭൂമുഖത്തുണ്ടാകുന്നു. അത് നമുക്കൊന്നും ചെയ്യാൻ പറ്റാത്ത പ്രകൃതിയുടെ വിരുതുകളാണ്. ആണും പെണ്ണും ഒരുമിച്ചു ചേരുമ്പോൾ അവിടെ കുടുംബം ഉണ്ടാകുന്നുണ്ട്. പക്ഷേ ഏതെങ്കിലും ഒരു ലിംഗം അതിന്റെ വിപരീത ലിംഗത്തിനെ അടക്കി ഭരിക്കാൻ ശ്രമിക്കുമ്പോൾ അവിടെയും പ്രശ്നങ്ങൾ ഉണ്ടാകുന്നു, കുടുംബം തകരുന്നു. കുഞ്ഞുങ്ങൾ തെറ്റായ രീതിയിൽ വളരുന്നു. ഒരു നല്ല കുടുംബമാണ് ഒരു നല്ല സമൂഹത്തിനും ഒരു നല്ല രാജ്യത്തിന്നും ആധാരം.

'ലിംഗമുള്ളവൻ' 'ലിംഗമില്ലാത്തവനെ' (eunuchs) കൂട്ടത്തിൽ കൂട്ടാതിരിക്കുകയും അവർക്ക് ഒരുതരത്തിലുമുള്ള പരിഗണനയും കൊടുക്കാതിരിക്കുകയും ചെയ്യുമ്പോൾ 'ലിംഗമില്ലാത്തവൻ' ഒന്നിനും കൊള്ളാത്തവനാകുന്നു, അവർ തെറ്റുകളിലേക്ക് കടക്കുന്നു. ഒരേ ലിംഗത്തിൽ താല്പര്യമുള്ളവരോട് ഒരുതരം ഈർഷ്യയോടെ വിഭിന്നലിംഗതല്പരർ പെരുമാറുമ്പോൾ അവർ സമൂഹത്തിൽ ഒറ്റപ്പെടുകയും അവരുടെ താല്പര്യങ്ങൾ ആരും അറിയാതെ നടത്തേണ്ടിവരികയും ചെയ്യുന്നു. ഇങ്ങനെയുള്ളവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതെ അവരുടെ 'ന്യൂനത'കളെ പ്രകൃതിയുടെ വികൃതികളായി അല്ലെങ്കിൽ ഒരു അംഗവൈകല്യം പോലെയെങ്കിലും അംഗീകരിച്ച് അവരെയും സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ 'സാധാരണ'മനുഷ്യൻ, 'സാമാന്യബോധമുള്ള' മനുഷ്യൻ എന്ന് തയ്യാറാവും? ഇങ്ങനെ 'വൈകല്യ'മുള്ളവർ സ്വന്തം കുടുംബത്തിൽ ജനിച്ചാൽ എന്ത് ചെയ്യും? ആത്മഹത്യ ചെയ്യുമോ? അല്ലെങ്കിൽ വെടിവെച്ച് കൊല്ലുമോ? 

൭. രൂപഭേദം

"ദേ അവനെ നോക്ക്, ഒരു കാപ്പിരിയെപ്പോലുണ്ട്.", "അയ്യേ... അവള് കെട്ടിയേക്കുന്നത് കണ്ണിറുങ്ങിയ ഒരു മണിപ്പൂരിയെയാണ്." ഇതേപോലെ, പല പല 'കമന്റു'കളും നമ്മുടെയിടയിൽ ഉണ്ടാവുന്നത് കേൾക്കാം. അവനവന്റെ വർഗ്ഗം ഒഴിച്ച് കാപ്പിരികളും മെക്സിക്കൻസും മണിപ്പൂരികളും അടങ്ങുന്ന മറ്റുള്ളവരെല്ലാവരും മോശക്കാരാണോ?

ഈ ലോകത്ത്, ഓരൊ ദേശത്തുമുള്ള ആളുകൾ അവരവരുടെ രൂപങ്ങളിൽ പ്രത്യേകതയുള്ളവരാണ്. അതിൽ ഒരോ രൂപക്കാർക്കും അതാത് രൂപങ്ങൾ ഭംഗിയുള്ളതാണ്. അതിൽ ഇന്ന രൂപത്തിന് കൂടുതൽ ഭംഗി എന്നൊക്കെപ്പറയാമെങ്കിലും പരസ്പരം താരതമ്യം ചെയ്ത് മേനി പറഞ്ഞ് നടക്കുന്നതിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. എല്ലാവരും മനുഷ്യരാണ്. ഇങ്ങനെ പരസ്പരം അംഗരൂപഭേദങ്ങളെ നിരാകരിക്കാനും എല്ലാ ആളുകൾക്കിടയിലും നല്ലവരുണ്ടെന്നും പരസ്പരം സഹകരിക്കേണ്ടവരാണെന്നുമുള്ള ബോധം നമ്മിൽ എല്ലാവരിലും ഉണ്ടായെങ്കിൽ എത്ര നന്നായേനെ?

൮. സമ്പത്ത്

ഒരാൾക്ക് അല്ലെങ്കിൽ ഒരു കുടുംബത്തിന് ജീവിക്കാൻ, എത്ര പണം വേണം? താമസിക്കാൻ എത്ര വലിയ വീട് വേണം? തിന്നാൻ എത്ര വിലപിടിപ്പുള്ള ഭക്ഷണം വേണം? ഉടുക്കാൻ എങ്ങനെയുള്ള വസ്ത്രങ്ങൾ വേണം? ആവശ്യം, പണമുള്ളതിന്റെ പേരിൽ ആർഭാടങ്ങൾക്ക് വഴിപ്പെടുമ്പോൾ പണമില്ലാത്തവരോട് ഒരു തരം അവജ്ഞയും അതുവഴി അവരെ തൊട്ടുകൂടാത്തവരായി മാറ്റുകയും ചെയ്യുന്നു.

പാവപ്പെട്ടവരായും പണക്കാരയും നമ്മൾ കുറേയേറെ പേരെ കാണുന്നുണ്ട്. ഒരിടത്ത് സമ്പത്ത് കുമിഞ്ഞുകൂടുമ്പോൾ മറ്റൊരിടത്ത് ദാരിദ്ര്യം നടമാടുന്നു. ഭൂമിയിൽ മനുഷ്യരടക്കം എല്ലാ ജീവജാലങ്ങൾക്കും വസിക്കാൻ പ്രയാസമാക്കുന്ന, പലവിധത്തിലുള്ള നിയമങ്ങൾ, അതേ ഭൂമിയിൽ ജനിച്ച ഒരുകൂട്ടം ആളുകൾ ഉണ്ടാക്കുന്നു. ഭൂമി വീതം വയ്ക്കപ്പെടുന്നു. അതിലെ ആഹാരവും സമ്പത്തും ഒരു ചുരുങ്ങിയ വിഭാഗം ആളുകൾ മാത്രം ശക്തി കൊണ്ടും ബുദ്ധി കൊണ്ടും അന്യായ മാർഗ്ഗങ്ങളിൽ കൂടെയും  അനുഭവിക്കുന്നു. അതേസമയം മറ്റുള്ള ഒരു വലിയ വിഭാഗം അന്നന്നത്തെ അന്നത്തിന് വേണ്ടി, ഒരു നേരം സ്വസ്ഥതയോടെ തല ചായ്ക്കാൻ വേണ്ടി കഷ്ടപ്പെടുന്നു.

ഈത്തരം സാമ്പത്തിക അന്തരങ്ങൾ, കഷ്ടത അനുഭവിക്കുന്നവരുടെയിടയിൽ വിദ്വേഷം വളർത്തുകയും നക്സലിസവും മാവോയിസവും പോലുള്ള ഭീകരതകൾക്ക് വളമാകുകയും ചെയ്യുന്നു. ഭൂമിയിൽ എല്ലാവരും ജനിക്കുന്നത് ഒരു പോലെയാണ്. ഓരോരുത്തരുടേയും തലച്ചോറുകൾ വിഭിന്നവുമായിരിക്കും. കൂടുതൽ ബുദ്ധിയുള്ളവൻ അവന്റെ നല്ല ബുദ്ധി കൊണ്ട് ഉയരങ്ങളിലെത്തിയാലും, ബുദ്ധിയില്ലാത്തവന് പ്രകൃതി നല്കിയ സമ്പത്തുകൾ അപഹരിച്ചു കളയരുത്. എത്ര ബുദ്ധി ഉണ്ടായാലും ഒരു പരിധി വിട്ട് ആർക്കും ഉപകാരപ്പെടുത്താതെ സമ്പത്തുണ്ടാക്കുന്നതിലും എന്തർത്ഥമാണുള്ളത്? സമ്പത്തുള്ളവൻ, പ്രകൃതിയുടെ വികൃതി കൊണ്ട് സമ്പത്തില്ലാതായിപ്പോയവനെ സഹായിക്കാൻ മനസ്സ് വച്ചാൽ കുറച്ചെങ്കിലും ലോകത്തിന് നന്മയുണ്ടായേനെ. ഭൂമിയിലെ സമ്പത്ത് അതിൽ വസിക്കുന്ന എല്ലാവർക്കുമുള്ളതാണെന്ന സത്യം എപ്പഴാണ് നാം മനസ്സിലാക്കുക?


നമ്മുടെ ഭാരതം മേല്പറഞ്ഞ രീതികളിലുള്ള വിഭിന്നതയ്ക്ക് ഒരു മകുടോദാഹരണമാണ്. ഭാരതം ഇന്ന് ഈ കാണുന്ന രീതിയിലും രൂപത്തിലും നിലനിൽക്കുവാൻ കാരണം അവിടെ നിവസിക്കുന്ന വൈവിധ്യങ്ങളുള്ള ജനതയുടെ ഒരുമ ഒന്നുകൊണ്ടു മാത്രമാണ്. എന്നിരുന്നാലും മധുരമുള്ള ഈ ഒരുമയുടെ പെരുമയ്ക്കിടയിലും ഇരുമയുടെ വാൾത്തലപ്പുകൾ അങ്ങിങ്ങായി പൊങ്ങിവരുന്നത് നമ്മൾ കാണുന്നു. ഈ അന്ധകാരത്തിന്റെ വാൾത്തലപ്പുകളെ നമ്മൾ ഒരുമിച്ചു നിന്ന് ഒന്നൊന്നായി ഒടിച്ചു കളയുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

"ഐകമത്യം മഹാബലം", "വസുദൈവ കുടുംബകം" എന്നിവയാവട്ടെ  നമ്മുടെ മുദ്രാവാക്യം.

"ലോകാഃ  സമസ്താഃ  സുഖിനോഃ  ഭവന്തുഃ"



**********

2015, ജനുവരി 18, ഞായറാഴ്‌ച

ഹിന്ദുവിനെ രക്ഷപ്പെടുത്താൻ പെരുമാളെ തളച്ചു

ഇവന് മതങ്ങളെക്കുറിച്ച് മാത്രമേ എഴുതാനുള്ളൂ എന്ന് എന്റെ ലേഖനങ്ങൾ വായിക്കുന്നവരിൽ ചിലർ കരുതിയേക്കാം. അല്ലാതെയും ഞാൻ എഴുതിയിട്ടുണ്ട്. എഴുത്തൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. പക്ഷേ എഴുതുന്നതിന് എന്തെങ്കലും കാലികമായ പ്രകോപനങ്ങളോ അല്ലെങ്കിൽ ചില കാരണങ്ങളോ അല്ലെങ്കിൽ ചില നിമിത്തങ്ങളോ ഉണ്ടാകാമല്ലോ. അത്തരം കാലികമായ, ഈയ്യടുത്ത് നടന്ന ഗൗരവമായ ഒരു സംഭവത്തിലേക്ക്, (ചുരുക്കം പേർ അറിഞ്ഞുകാണുമെങ്കിലും) നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.



തമിഴ്നാട്ടിലെ തിരുച്ചെങ്കോട്ട് എന്ന ഗ്രാമത്തിൽ ജനിച്ച്, നല്ലയൊരു  സാഹിത്യപ്രവർത്തകനും എഴുത്തുകാരനുമായി വളർന്നയാളാണ് ശ്രീ പെരുമാൾ മുരുകൻ. നാലോളം നോവലുകളും ചെറുകഥാ / കവിതാ സമാഹാരങ്ങളും മറ്റു പുരോഗമനപരമായ ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. നാമക്കൽ സർക്കാർ ആർട്സ് കോളജിലെ പ്രൊഫസറാണ് മുരുകൻ.  ഈ വാർത്തയോടനുബന്ധിച്ച് മാതൃഭൂമിയിൽ വന്ന ലേഖനത്തിലെ പ്രസക്തഭാഗം ചുവടെ:

പെരുമാള്‍ മുരുകന്റെ 'മാതൊരുഭഗന്‍' (അര്‍ധനാരീശ്വരന്‍) എന്ന നോവലിനെതിരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാമക്കലിലെ തിരുച്ചെങ്കോട്ട് ഹിന്ദുസംഘടനകള്‍ വന്‍ പ്രതിഷേധത്തിലായിരുന്നു. നാമക്കല്‍ ജില്ലാ റവന്യു ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദു സംഘടനകളുടെ പ്രതിനിധികളും പെരുമാള്‍ മുരുകനും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയ പ്രകാരം, നോവലിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പു പറയാമെന്നും മുരുകന്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം പിന്‍വലിക്കാന്‍ തയ്യാറായത്. എന്നാല്‍ ഈ ഒത്തുതീര്‍പ്പില്‍ മുരുകന്‍ അത്യധികം ദുഃഖിതനായിരുന്ന മുരുകൻ, തൊട്ടു പിന്നാലെ സാഹിത്യലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു.

തന്റെ പുസ്തകങ്ങളുടെ പ്രസാധകരായ കാലച്ചുവട് , അടയാളം, മലൈകള്‍, കയല്‍കവിന്‍ തുടങ്ങിയ പ്രസിദ്ധീകരണശാലകളോട് തന്റെ കഥകളും നോവലുകളും മറ്റ് ക്രിയാത്മക രചനകളും മേലില്‍ വില്‍ക്കരുതെന്നും പെരുമാള്‍ മുരുകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴകത്ത് കോയമ്പത്തൂര്‍, ഈറോഡ്, നാമക്കല്‍ പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമായാണ് പെരുമാള്‍ മുരുകന്‍ അറിയപ്പെടുന്നത്. നാമക്കലിലെ തിരുച്ചെങ്കോടുള്ള അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ മുരുകന്‍ എഴുതിയ നോവലാണ് 'മാതൊരുഭഗന്‍'. നൂറു കൊല്ലങ്ങള്‍ക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങള്‍ നടക്കുന്നത്. കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിലെ മുഖ്യ ഉത്സവരാത്രിയില്‍ ഇഷ്ടപ്പെട്ട ഒരു പുരുഷന്റെകൂടെ ശയിക്കുകയും അങ്ങനെ കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന ആചാരം പഴയകാലത്ത് ഇവിടെയുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം കുഞ്ഞുങ്ങള്‍ സാമി കൊടുത്ത പിള്ളെ എന്ന പേരിലാണറിയപ്പെടുക. മുരുകന്റെ നോവലിലെ നായിക 'പൊന്ന'യ്ക്ക് കുഞ്ഞുങ്ങളില്ല. ഭര്‍ത്താവ് കാളിക്ക് താത്പര്യമില്ലെങ്കിലും ഒടുവില്‍ വൈകാശി വിശാഖം രഥോത്സവത്തിന്റെ അന്ന് പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തില്‍ പങ്കെടുക്കാന്‍ പൊന്ന പോവുന്നതാണ് മുരുകന്റെ നോവലിലെ പ്രമേയം.

വിശ്വാസികളെ വ്രണപ്പെടുത്തുന്ന നോവലാണെന്നുപറഞ്ഞാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം അഴിച്ചുവിട്ടത്. 2010-ലാണ് തമിഴിലെ പ്രമുഖ പ്രസാധകരായ കാലച്ചുവട് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. 2013-ല്‍ പെന്‍ഗ്വിന്‍ 'വണ്‍ പാര്‍ട്ട് വുമണ്‍' എന്ന പേരില്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കി.


2010 ൽ പുറത്തിറങ്ങിയ ഈ നോവലിനെതിരെ ഇപ്പോഴാണ് ഹിന്ദു സംഘടനകൾക്ക്  വിജയം വരിച്ചത്‌. ഇതുകൊണ്ട് ഹിന്ദു സമൂഹം നന്നാകുമോ? ഹിന്ദുക്കൾ എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ് ഈത്തരം പ്രവൃത്തികൾ ചെയ്യുന്നത്? ഉപനിഷത്തുക്കളും ഇതിഹാസങ്ങളും സ്മൃതികളും ഒന്നും അരച്ചു കുടിച്ചിട്ടില്ലെങ്കിലും കുറച്ചെങ്കിലും ഞാനതൊക്കെ വായിച്ചിട്ടുണ്ട്. അതൊക്കെ വായിച്ചിട്ടുണ്ടെങ്കിൽ ഇത്തരം തോന്ന്യാസത്തിന് ഇവർ നിൽക്കുമോ?

'മാതൊരുഭഗൻ' എന്ന നോവലിൽ വിഷയമാക്കിയിട്ടുള്ള കാര്യം ഇന്നോ ഇന്നലെയോ മാത്രം അറിവുള്ള കാര്യമല്ല. ഈ ആസ്പദവിഷയം പ്രതിപാദ്യവിഷയമല്ലായിരുന്നെങ്കിൽ മഹാഭാരതം എന്ന ഇതിഹാസം ഭാരതത്തിൽ ഉണ്ടാകുമായിരുന്നില്ല. 

ശന്തനുമഹാരാജാവിൽ മുക്കുവസ്ത്രീയായ സത്യവതിക്ക് ഉണ്ടായ പുത്രന്മാർക്ക്, ചിത്രാംഗദനും വിചിത്രവീര്യനും മക്കളില്ലായിരുന്നു. ശന്തനുവിന് ശേഷം രാജാവായ, മൂത്തവനായ ചിത്രാംഗദൻ മക്കളില്ലാതെ മരിച്ചപ്പോൾ ഇളയവനായ വിചിത്രവീര്യൻ ഭീഷ്മരുടെ പിൻബലത്തിൽ ചെറുപ്പത്തിലേ രാജാവായി. കല്യാണപ്രായമായപ്പോൾ, ശന്തനുവിന്റെ മുൻഭാര്യാപുത്രനായ, ബ്രഹ്മചാരിയായ ഭീഷ്മർ, അനുജന്  സ്വയംവരത്തിനായി (ബലമായി) കൊണ്ടു വന്നത്   കാശിരാജാവിന്റെ പുത്രിമാരായ അംബയേയും അംബികയേയും അംബാലികയേയുമായിരുന്നു. അതിൽ അംബ, സാല്വ രാജകുമാരനുമായി പ്രണയത്തിലായിരുന്നതിനാൽ ആത്മാഹുതി ചെയ്യുകയും ഭീഷ്മരെ വധിക്കാൻ ശിഖണ്ടിയായി ജനിക്കുകയും ചെയ്തു. 

അംബികയും അംബാലികയും വിചിത്ര വീര്യന്റെ ഭാര്യമാരായി. അധികം വൈകാതെ വിചിത്രവീര്യൻ കുഷ്ഠം പിടിപെട്ട് മരിച്ചപ്പോൾ കുരുവംശം മുടിഞ്ഞു പോകുമെന്ന് സത്യവതി ഭയന്നു. സത്യവതി ഭീഷ്മരോട് വംശം നിലനിർത്താൻ ബ്രഹ്മചര്യം വെടിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭീഷ്മർ വഴങ്ങിയില്ല. പിന്നെ സത്യവതി സമീപിച്ചത് അവൾക്ക് പരാശരമുനിയിൽ ഉണ്ടായ (ശന്തനുവിനെ വിവാഹം കഴിക്കുന്നതിന് മുൻപ്) വ്യാസനെ ആയിരുന്നു. വ്യാസനോട് (ഒരർത്ഥത്തിൽ വിചിത്രവീര്യന്റെ അർദ്ധസഹോദരൻ) വിചിത്രവീര്യന്റെ ഭാര്യമാരുടെ കൂടെ ശയിക്കാനും പുത്രലാഭം ഉണ്ടാക്കുവാനും ആവശ്യപ്പെട്ടു. വ്യാസൻ സമ്മതിക്കുകയും അത് പ്രകാരം കൊട്ടാരത്തിലേക്ക് വരികയും ചെയ്തു. അംബികയുമായുള്ള സഹശയനത്തിൽ ധൃതരാഷ്ട്രരും അംബാലികയുമായുള്ള സഹശയനത്തിൽ പാണ്ടുവും ഉണ്ടായി (വിരൂപിയായ വ്യാസൻ ഇരുവരേയും സമീപിച്ചപ്പോൾ ഇരുവർക്കുമുണ്ടായ വ്യത്യസ്തമായ വികാരവേലിയേറ്റമാണ് ഒരാൾ അന്ധനും മറ്റൊരാൾ പാണ്ഡുള്ളവനും ആവാൻ കാരണമെന്ന് പറയുന്നു). അന്ധനും പാണ്ഡുള്ളവനും രാജാവാകാൻ യോഗ്യതയിൽ സംശയിച്ച സത്യവതി, വീണ്ടും അംബികയിൽ ഒരു പുത്രനെക്കൂടി ആവശ്യപ്പെട്ട പ്രകാരം, വ്യാസൻ വീണ്ടും കൊട്ടാരത്തിൽ വന്നു. പക്ഷേ ഇത്തവണ ഭയന്ന അംബിക, അവളുടെ ദാസിയെ വ്യാസന്റെയടുത്ത് പറഞ്ഞയച്ചു. ദാസി, ഭയക്കാതെ വളരെ ഉപചാരപൂർവ്വം വ്യാസനെ സ്വീകരിക്കുകയും ജ്ഞാനിയായ വിദുരനെ ഗർഭം ധരിക്കുകയും ചെയ്തു. ദാസിയുടെ പുത്രനെ രാജ്യഭാരം ഏൽപ്പിക്കാൻ പറ്റാത്തതുകൊണ്ട്, മൂത്തവനായ ധൃതരാഷ്ട്രരെ രാജാവാക്കുകയാണ്‌ ഉണ്ടായത്. 

ഇങ്ങനെയാണ് കുരുവംശം നിലനിന്നതും എഴുതിയ ആൾ തന്നെ കഥാപാത്രമായ, മഹാഭാരതം കഥ ഇതിഹാസമായതും. ഹിന്ദു എന്ന് അറിയപ്പെടുന്നവരുടെ ഇടയിൽ ഭാരതത്തിലാകമാനം ഇങ്ങനെയുള്ള പല വിചിത്രമായ ആചാരങ്ങളും നിലവിലുണ്ട്. ഇതിനെപ്പറ്റി വിലപിച്ചിട്ടൊന്നും കാര്യമില്ല. ഉണ്ടായിരുന്നതൊക്കെ ഉണ്ടായിരുന്നു എന്ന് സമ്മതിക്കാൻ ആർജ്ജവം കാണിക്കണം. അതോടൊപ്പം കാതലില്ലാത്ത ആചാരമാണെങ്കിൽ അവ നിരാകരിക്കാനും തയ്യാറാകണം

ഈ സാഹചര്യത്തിൽ, മഹാഭാരതത്തിലുണ്ടായ അതേ ഒരു വിഷയം, പ്രാദേശികമായി, ഒരു സാഹിത്യരൂപത്തിൽ അവതരിപ്പിച്ചതിൽ എന്താണ് തെറ്റ്? സാഹിത്യം വെറും സാഹിത്യമല്ലേ? ഈ ഒരു വിഷയം ഹിന്ദുവിന് ശരിയല്ലെങ്കിൽ മഹാഭാരതമല്ലേ ആദ്യം നിരോധിക്കേണ്ടത് ? പെരുമാൾ മുരുകനെപ്പോലുള്ള ഒരു വലിയ സാഹിത്യകാരന്റെ തൂലിക പൊട്ടിച്ച് അവിടത്തെ ഹിന്ദു സമൂഹം എന്താണ് ഉദ്ദേശിക്കുന്നത്? 

മുസ്ലീം പ്രവാചകന്റെ കാർട്ടൂണ്‍ വരച്ചതിന്റെ പേരിൽ, ഫ്രാൻസിലെ 'ചാർളീ ഹെബ്ദോ' പത്രത്തിന്റെ ആപ്പീസിലുണ്ടായ കൂട്ടക്കൊല ഈത്തരുണത്തിൽ ഓർക്കേണ്ടതാണ്. പശ്ചിമമദ്ധ്യേഷ്യയിൽ കാലങ്ങളായി നിലനില്ക്കുന്ന ആസ്വസ്ഥതയിൽ നിന്ന് രക്ഷപ്പെടാൻ മുസ്ലീമുകൾക്ക് സർവ്വസഹായവും ചെയ്തു കൊടുത്ത രാജ്യമാണ് ഫ്രാൻസ്. ആ സഹായം ചെയ്ത കൈക്ക് തന്നെ കടിക്കുക വഴി ഫ്രാൻസിലെ മുസ്ലീമുകൾ അവരുടെ തന്നെ കുഴി തോണ്ടുകയാണ് ചെയ്തത്. വെറും തുച്ഛമായ വരിസംഖ്യ ഉണ്ടായിരുന്ന  'ചാർളീ ഹെബ്ദോ' യുടെ ലക്ഷക്കണക്കിന് പ്രതികളാണ് സർക്കാർ മുൻകൈ എടുത്ത് പുറത്തിറക്കിയത്. മുസ്ലീമുകളുടെ ഇടയിൽ നിലനിൽക്കുന്ന അനാചാരങ്ങളെ ഹാസ്യാത്മകമായി ചോദ്യം ചെയ്യുന്നതാണ് അവർ ചെയ്യുന്ന കുറ്റം. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണാൻ മുസ്ലീമുകൾക്ക് കഴിയുന്നില്ല. ഫ്രാൻസ് സർക്കാർ ചെയ്തത് പോലെ 'മാതൊരുഭഗൻ' നോവലിന്റെയും ലക്ഷക്കണക്കിന്‌ പതിപ്പുകൾ സർവ്വ ഭാഷകളിലും ഭാരത സർക്കാർ പുറത്തിറക്കുകയാണ് വേണ്ടത്. അങ്ങനെ ഈത്തരം വൃത്തികെട്ട മതചിന്തകളുടെ മുനയൊടിക്കണം. സാഹിത്യത്തെ സാഹിത്യമായി കാണണം. അതിനെ ഒരിക്കലും വൈകാരികതലത്തിൽ കൊണ്ടുവരരുത്. എം ടിയുടെ രണ്ടാമൂഴവും, ഒരു വടക്കൻ വീരഗാഥയുമൊക്കെ ഈ തരത്തിൽ മാത്രമേ കാണാവൂ. 

ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പയും പറയുന്നു, അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിർ വരമ്പുകൾ വേണം എന്ന്. അനാചാരങ്ങളെ ചോദ്യം ചെയ്യുമ്പോൾ ഇവരൊക്കെ എന്തിനാണ് മറ്റുള്ളവരെ കളിയാക്കി എന്ന് പറഞ്ഞ് വിഭ്രാന്തി പിടിക്കുന്നത്‌? ചോദ്യം ചെയ്തത് കൊണ്ട് തകർന്നുപോകുന്നതാണ് വിശ്വാസമെങ്കിൽ, അത്തരത്തിലുള്ള വിശ്വാസം ഇല്ലാത്തത് തന്നെയാണ് നല്ലത്. അഭിപ്രായസ്വാതന്ത്ര്യം എന്നത് എന്ത് തോന്ന്യാസവും കാണിക്കാനുള്ള സ്വാതന്ത്ര്യമല്ലെങ്കിലും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായേ തീരൂ. കേരളത്തിലെ സിസ്റ്റർ അഭയ കേസിൽ, അഭയയെ സംരക്ഷിക്കാത്തത് വഴി, കത്തോലിക്കാ സഭയുടെ അന്തസ്സിന് ജനമനസ്സിൽ ഉന്നമനം ഉണ്ടായോ എന്നത് ചിന്തിക്കാവുന്നതാണ്. 'ഡാവിഞ്ചി കോഡ്' എന്ന സിനിമ പ്രദർശിപ്പിച്ചാൽ എന്തോ ഇടിഞ്ഞു വീഴുമെന്ന ഭയമാണ് ക്രിസ്തീയ സഭകൾക്ക്. ആ രീതിയിൽത്തന്നെയാണ് പി.കെ എന്ന സിനിമക്കെതിരേ ഹിന്ദുക്കൾ ചെയ്യുന്നതും.

കുറച്ച് കാലം മുന്നേ മലപ്പുറത്ത്, മറയൂരിനടുത്തുള്ള ഒരു ഗ്രാമപ്രദേശത്ത്, ഒരു ഉമ്മ മരിച്ചപ്പോൾ അവരെ മഹല്ല് കമ്മിറ്റി പള്ളിയിൽ ഖബറടക്കാൻ സമ്മതിച്ചില്ലത്രേ. കാരണം, ആ ഉമ്മയുടെ രണ്ട് പെണ്‍മക്കൾ ക്ഷേത്ര കലകളായ ഭരതനാട്യവും മോഹിനിയാട്ടവും പഠിക്കുന്നു. പാണക്കാട് തങ്ങളെ സമീപിച്ചിട്ട് പോലും ഖബറടക്കാൻ സമ്മതിച്ചില്ല. അവസാനം ഉമ്മയുടെ ജന്മനാടായ കൊണ്ടോട്ടിയിൽ ഖബറടക്കി. പിന്നീട്, ആ ഉമ്മയുടെ മക്കൾ മലപ്പുറത്ത് നടന്ന, പാണക്കാട് തങ്ങൾ പങ്കെടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനങ്ങൾ നേടുകയും ചെയ്തു.

ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മത നേതൃത്ത്വങ്ങളെ എന്ത് ചെയ്യണം? മുക്കാലിയിൽ കെട്ടി അടിച്ചാലും മതിയാവുമോ? ഒരു മുസ്ലീം സംസ്കൃതം  പഠിച്ചാൽ ആ മുസ്ലീം വിലക്കപ്പെട്ടവനായി. കഥകളി സംഗീതം അഭ്യസിച്ചതിന്, കലാമണ്ഡലം ഹൈദരാലിക്ക് പോലും പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സംസ്കൃതം വെറും ഭാഷയും, ഭരതനാട്യവും മോഹിനിയാട്ടവും വെറും കലകളുമാണ്. നിർഭാഗ്യവശാൽ അത് ഭാരതത്തിന്റെ തനത് സംസ്കാരത്തിന്റെ ഭാഗമായിപ്പോയി.

ഇതെപോലെത്തന്നെയാണ്, വളരെ വിശാലവും സമ്പുഷ്ടവുമായ ഭാരതീയ ജ്യോതിശാസ്ത്രവും (ജ്യോതിഷമല്ല) വേദിക് മാത്മാറ്റിക്സും പഠിപ്പിക്കുമ്പോൾ അഥവാ പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് കാവിയാണെന്നും അത് ഹിന്ദുത്വ പ്രചരണമാണെന്നും മറ്റും പറയുന്നത്. വിളക്ക് കത്തിക്കുന്നതിലും മരം കുഴിച്ചിടുന്നതിലും എന്തിലും ഏതിലും മതം കാണുന്നവർ നമ്മുടെ നാടിന്റെ ശാപമാണ്.

ഇതൊക്കെക്കൊണ്ടാണ് ഇങ്ങനെയുള്ള മത സംഹിതകളൊന്നുമല്ല നമുക്ക്, മനുഷ്യർക്ക്‌ വേണ്ടത് എന്ന് പറയുന്നത്. ആളുകൾ ഓരോരുത്തരും ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. ഏത് മതവും ആദ്യം ചെയ്യേണ്ടത് എന്തിന് വേണ്ടി നില നിൽക്കുന്നു എന്ന് മനസ്സിലാക്കുകയാണ്. ഉള്ള കാര്യങ്ങൾ തെറ്റാണെങ്കിൽ മറച്ചു പിടിക്കുകയല്ല വേണ്ടത്. അവ തിരുത്താനുള്ള ഉദ്ഘോഷണങ്ങളും പ്രഭാഷണങ്ങളും സധൈര്യം നടത്തുകയാണ് വേണ്ടത്. അല്ലാതെ അവ മാന്യമായ രീതിയിൽ ചോദ്യം ചെയ്യുന്നവന്റെ അംഗവിച്ഛേദം  ചെയ്യുകയല്ല വേണ്ടത്. പെരുമാൾ മുരുകന്റെ എഴുത്ത് നിർത്തിപ്പിച്ച നടപടി തീർച്ചയായും തെമ്മാടിത്തരമാണ്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആരെയും നിലയ്ക്ക് നിർത്തിയേ പറ്റൂ.

*****

2015, ജനുവരി 13, ചൊവ്വാഴ്ച

പൂ പൂക്കും ആശൈ (A Medly)

കൈരളി ഓഫ് ബാൾട്ടിമോർ എന്ന മലയാളി സംഘടനയുടെ 2014 ലെ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഞങ്ങൾ സുഹൃത്തുക്കൾ അവതരിപ്പിച്ച സംഘനൃത്തം. ചുവട് വെക്കുന്നതിൽ പ്രാവീണ്യമില്ലെങ്കിലും ചില കൂട്ടായ്മകളിൽ പങ്കെടുക്കുമ്പോൾ, നമ്മളറിയാതെ തന്നെ ചില കലാപ്രവർത്തനങ്ങളുടെ ഭാഗമായിപ്പോകുന്നു!


ശ്രീമതി മഞ്ജുളാ ദാസിന്റെ നേതൃത്ത്വത്തിലും ശിക്ഷണത്തിലും  ചുരുക്കം ദിവസങ്ങൾ കൊണ്ട് ഒരുക്കിയെടുത്തതാണ് ഈ സംരംഭം. അരങ്ങത്ത്: മ്മഞ്ജുളാ ദാസ്, ബിന്ദു മാത്യു, പ്രതിഭാ ശ്രീജിത്ത്, ഇന്ദു കുമാർ, സ്മിത വാര്യർ, ദിലീന പിള്ള, ജിഷ രവീന്ദ്രൻ, പ്രബീഷ് പിള്ള, ശ്രീജിത്ത് നമ്പ്യാർ, സാജു കുമാർ എന്നിവരെ കൂടാതെ ഞാനും :)

2015, ജനുവരി 10, ശനിയാഴ്‌ച

നാപ്കിൻ സമരവും ചില ആർത്തവാചാരങ്ങളും



നമ്മുടെ നാട്ടിലിപ്പോൾ പുതുതലമുറ സമരങ്ങളുടെ ഒരു വേലിയേറ്റം തന്നെയാണല്ലോ ഇപ്പോൾ നടക്കുന്നത്? എന്റെയൊക്കെ കുട്ടിക്കാലത്തും ഈയ്യടുത്ത കാലം വരെയും എറിഞ്ഞുപൊളി സമരവും, പിക്കറ്റിംഗും ഘെരാവോയും നിരാഹാര സമരവും  മനുഷ്യച്ചങ്ങലയും കരിയോയിൽ പ്രയോഗവും മറ്റുമൊക്കെയായിരുന്നു പ്രധാന സമരരീതികളെങ്കിൽ, ഇന്ന്, അതൊക്കെ മാറി സമരം പുതുതലമുറയായിരിക്കുന്നു. ചുംബന സമരം, നിൽപ്പ് സമരം, ഇരിപ്പ് സമരം, പുകവലി സമരം എന്നിങ്ങനെ പോകുന്നു പുതിയ സമര രീതികൾ. ആ സമരങ്ങളിൽ മാവോവാദികളും കയറിപ്പറ്റുന്നു എന്ന ആക്ഷേപമുണ്ടെങ്കിലും ഏറ്റവും ഒടുവിലായി വന്ന 'നാപ്കിൻ സമരം', മാവോവാദികൾ കയറിക്കൂടിയിട്ടുണ്ടെങ്കിൽത്തന്നെയും, അങ്ങനെയങ്ങ് തള്ളിക്കളയാൻ പറ്റാവുന്ന ഒന്നാണോ എന്ന്, എന്റെ കുബുദ്ധി സ്വയം ചോദിച്ചതാണ് ഈ കുറിപ്പ് എഴുതാനുള്ള പ്രചോദനം.



നാപ്കിൻ സമരം ഒരു സ്ത്രീ സംബന്ധവിഷയമായാതിനാൽ, ഒരു പുരുഷനായ ഞാനെന്തിനാണ് ഈ പോല്ലാപ്പെടുത്ത് തലയിൽ വെക്കുന്നതെന്ന് വിവേകശാലികൾ ചോദിച്ചേക്കാം. അതും ഈ വിഷയത്തെപ്പറ്റിപ്പറയുമ്പോൾ ചില കാര്യങ്ങൾ ഇത്തിരി പച്ചയായി പറയേണ്ടിവരുന്നതിനാൽ ഇവനൊന്നും ഇതൊക്കെപ്പറയാൻ ഒരുളുപ്പുമില്ലേ എന്നും ചില ശുദ്ധമനസ്കർ ചോദിച്ചേക്കാം. എന്നാലും സാരല്ല്യ, ഞാനെന്തായാലും  ഒരുമ്പെട്ടുപോയി. 'ആർത്തവം' എന്ന വാക്ക് കൂടുതലായി ഉപയോഗിക്കേണ്ടി വന്നതിൽ ക്ഷോഭം തോന്നുന്നവർ ദയവായി ക്ഷമിക്കുക.

'നാപ്കിൻ സമര'ത്തിനെക്കുറിച്ച് ഒരു ആമുഖം പറയാതെപോയാൽ അതിനെക്കുറിച്ച് അറിയാത്തവർക്ക് ഈയൊരു കുറിപ്പ് ഒരുതരം വട്ടായിത്തോന്നുമെന്നതിനാൽ കുറച്ച് കാര്യങ്ങൾ മുഖവുരയായിപ്പറയാം.

രണ്ടാഴ്ച മുന്നേ ഏറണാകുളത്തിനടുത്ത് കാക്കനാട്ട്, അസ്മ റബ്ബർ കമ്പനിയിൽ, നാപ്കിൻ കക്കൂസിൽ നിക്ഷേപിച്ചതിന്റെ പേരിൽ, ആർക്കാണ് ആർത്തവം എന്ന് കണ്ടുപിടിക്കാൻ ചില ജീവനക്കാരികളെ തുണിയുരിഞ്ഞ് പരിശോധിച്ചു. വേറൊരു സംഭവം, ശബരിമല അയ്യപ്പന്മാർ ഭൂരിപക്ഷം ഉണ്ടായിരുന്ന ഒരു ബസ്സിൽ കയറിയ ചില സ്ത്രീകൾക്കെതിരെയും ആർത്തവാരോപണം നടത്തി ബസ്സിൽ നിന്നിറക്കിവിട്ടു എന്ന വാർത്തയാണ്. ഈത്തരം സംഭവങ്ങൾക്കെതിരെ സ്ത്രീകൾ സംഘടിപ്പിക്കുന്ന ഒരു സമരമുറയാണ് 'നാപ്കിൻ സമരം'.

നമ്മളെല്ലാവരും സമയാസമയം, അതാതിന്റെ സമയമാകുമ്പോൾ അപ്പിയിടുന്നവരും മൂത്രമൊഴിക്കുന്നവരുമാണ്‌. ചിലയാളുകൾ ചിലപ്പോൾ അറിയാതെയും ഈ കാര്യങ്ങൾ ചെയ്തുപോകാറുണ്ട്. എന്ന് വച്ച് അപ്പിയിടുന്നവനും മൂത്രമൊഴിക്കുന്നവളും മോശക്കാരാണെന്നോ മറ്റോ ആരും പറയുന്നത് ഒരിക്കലും  കേട്ടിട്ടില്ല. അതിൽ ആണ്‍ പെണ്‍ വ്യത്യാസമുണ്ടെന്ന്  ആരും പറയുമെന്ന് തോന്നുന്നില്ല. ആണിന് ആണിന്റേതായ രൂപവും ചില ആന്തരിക പ്രവർത്തനരീതികളും, പെണ്ണിന് പെണ്ണിന്റേതായ രൂപവും ചില ആന്തരിക പ്രവർത്തനരീതികളുമുണ്ടെന്നും എല്ലാവർക്കും അറിയാം. അതിൽ സ്ത്രീകൾക്ക് മാത്രമുള്ള ഒരു ആന്തരിക പ്രവർത്തനമാണ് ആർത്തവം. മേൽപ്പറഞ്ഞ സംഭവങ്ങൾ ദഹനപ്രക്രിയാമാലിന്യങ്ങൾ പുറന്തള്ളുന്ന ഒരു പ്രക്രിയകളാണെങ്കിൽ, ആർത്തവം, പ്രത്യുല്പാദനപ്രക്രിയാപരമായുണ്ടാകുന്ന മലിന്യങ്ങൾ പുറന്തള്ളുന്നൂയെന്ന വ്യത്യാസമേയുള്ളൂ. It is just a cleaning process with respect to the reproductive system. പക്ഷേ എന്തുകൊണ്ടോ നമ്മിൽ ചിലയാളുകൾ അതിനെ പല സന്ദർഭങ്ങളിലും ഒരുതരം അസാധാരണ രീതിയിൽകാണുന്നു. ചില ആണുങ്ങൾ ആ സംഭവത്തെ കളിയാക്കുകയും, ആർത്തവസമയത്ത് സ്ത്രീകളെ ഒരുതരം തൊട്ടുകൂടാത്ത രീതിയിൽ കാണുകയും ചെയ്യുന്നു. ഈയ്യൊരു കാരണം കൊണ്ട് അവരെ പല സന്ദർഭങ്ങളിലും മാറ്റി നിർത്തുന്നു. സത്യത്തിൽ ഒരു തരം അയിത്തം കൽപ്പിക്കുന്നു.

ഈ കാര്യങ്ങളിലേക്ക് എന്റെ ചില അനുഭവങ്ങളിലൂടെ കുറച്ച് യാത്ര ചെയ്യാം. എന്റെ 8 ആം വയസ്സ് വരെ എനിക്ക് ഈ ആർത്തവത്തിനെപ്പറ്റി ഒരു ചുക്കും അറിയുമായിരുന്നില്ല. 8 വയസ്സ് കഴിഞ്ഞ ഉടനെ എന്റെ കുടുംബം എന്റെ അമ്മയുടെ തറവാടിന്റെ ആരൂഡ്ഡത്തിലേക്ക് താമസം മാറി. ആ വീട് വളരെപ്പഴക്കം ചെന്നതും ചില പുരാതന ചിട്ടകൾ പാലിക്കപ്പെടുന്നതുമായ വീടായിരുന്നു. വീട്ടിന്നുള്ളിൽ തെക്ക് കിഴക്കേ ഭാഗത്ത് ഗുരുകാരണവന്മാരുടെയും കുലപരദേവതയുടെയും സങ്കൽപം, വീടിന് പുറത്ത് തെക്ക് കിഴക്കേ പറമ്പിൽ കാഞ്ഞിരത്തിന് ചുവട്ടിലായി ഗുളികൻ, വീടിന്ന് തൊട്ടടുത്ത തെക്കേ പറമ്പിൽ മുത്തപ്പൻ മടപ്പുര, തൊട്ടടുത്ത പടിഞ്ഞാറേ പറമ്പിൽ ഭഗവതീ ക്ഷേത്രം, തൊട്ടടുത്ത വടക്കേ പറമ്പിൽ ആറാട്ട്‌ തറ എന്നിങ്ങനെ ഉള്ളിലും ചുറ്റുപാടും ദൈവീക സങ്കല്പങ്ങൾ, രണ്ടേക്ര വീട്ട് പറമ്പ് മൊത്തം ഒരു മാതിരിപ്പെട്ട കാട്.

അങ്ങനെയുള്ള വീട്ടിൽ താമസം മാറി ഒരു പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം അമ്മ അച്ഛനോട് പറഞ്ഞു:
"ഒന്ന് നിങ്ങളുടെ അമ്മയോട് (എന്റെ അച്ഛമ്മയോട്) ഒരു മൂന്ന് ദിവസത്തേക്ക് വരാൻ പറയൂ, ഇനി ഞാൻ മൂന്നു ദിവസത്തേക്ക് അടുക്കളയിൽ കയറില്ല, മാത്രവുമല്ല, പശുവിനെ കറക്കില്ല, കിണറ്റിൽ നിന്ന് വെള്ളം കോരില്ല, കിഴക്ക് ഭാഗത്തും തെക്ക് ഭാഗത്തും വരില്ല. എന്നെ നിങ്ങളാരും തൊടുവാൻ പാടില്ല, അവിടെയൊക്കെയുള്ള വിറകും മറ്റും നിങ്ങളും കുട്ടികളും കൂടെ എടുത്തു വെക്കണം......"

അങ്ങനെ അച്ഛമ്മ വന്നു. അന്നത്തെ രാത്രി, അമ്മ, വീട്ടിൽ നിന്ന് കുറച്ചു മാറി കിണറിന്റെ അടുത്തായിട്ടുള്ള ഒരു കുഞ്ഞ് പുരയിലായിരുന്നു (തീണ്ടാരിപ്പുര) കിടന്നത്. ഞാനമ്മക്ക് കാവൽക്കാരനായി കിടന്നു. അതിനു ശേഷം ഞങ്ങൾ കുട്ടികൾക്കും പിടിപ്പത് പണിയായിരുന്നു. എന്നാലും അമ്മ, അമ്മക്ക് പോവാൻ പറ്റുന്ന ഭാഗത്തൊക്കെ പോയി ജോലികളൊക്കെ ചെയ്യും, പശുവിനെ മേക്കുകയും ചെയ്യും. അങ്ങനെ മൂന്നാം ദിവസം  രാത്രി അമ്മ പറഞ്ഞു, നാളെ രാവിലെ 5 മണിക്ക് എഴുന്നേക്കണം. അതിരാവിലെത്തന്നെ വീടിനടുത്തുള്ള ഒരു കുളത്തിൽപോയി മുങ്ങിക്കുളിക്കണം എന്നൊക്കെ. എന്തായാലും ശരി, നാലാം ദിവസം അതിരാവിലെ 5 മണിക്ക് ഞാനും അമ്മയും കുളം ലക്ഷ്യമാക്കി പുറപ്പെട്ടു. അമ്മ കിടന്നിരുന്ന പായയും വിരിപ്പുകളും കുറച്ച് തുണികളും ഒക്കെ കൂട്ടിക്കെട്ടി, ഒരു ഓലച്ചൂട്ടുമെടുത്താണ് പോക്ക്. പായടക്കം മുക്കി, വിരിപ്പുകളും വസ്ത്രങ്ങളും മുക്കിയലക്കി, മുങ്ങിക്കുളിച്ചതിനു ശേഷം നമ്മൾ വീട്ടിലെത്തി, പിന്നെ സാധാരണപോലെ പണികൾ ചെയ്യാൻ തുടങ്ങി. ഇതെന്താണ് സംഭവമെന്ന അന്വേഷണത്തിലാണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്. അങ്ങനെ കുറച്ചു കാലത്തിന് ശേഷം അച്ഛമ്മക്ക്‌ വരാൻ പറ്റാതായി. വീട്ടിലെ ഒരേയൊരു പെണ്‍പ്രജ അമ്മമാത്രമായതിനാൽ, അതിനു ശേഷം എല്ലാ മാസവും മാസത്തിൽ മൂന്ന് ദിവസം ഒരു സാധാരണ വീട്ടിലുണ്ടാവുന്ന എല്ലാ പണികളും നമുക്ക് ചെയ്യേണ്ടി വന്നു. അങ്ങനെ ഈയ്യൊരു കാരണം കൊണ്ട് ഞങ്ങൾ ഒരു വീട്ടിലെ എല്ലാ പണികളും പഠിച്ചു എന്നത് ചില്ലറക്കാര്യമല്ലല്ലോ.

പക്ഷേ കാലം കഴിയുന്തോറും ഇതിലൊക്കെ മാറ്റങ്ങൾ വന്നു തുടങ്ങി. തീരെ വിട്ടുവീഴ്ച്ചയില്ലാതെ ആചരിച്ചിരുന്ന കാര്യങ്ങൾ ഓരോന്നായി കുറച്ച് കുറച്ച് മാറാൻ തുടങ്ങി. സാഹചര്യങ്ങൾ, ആചാരങ്ങൾ മാറ്റാൻ നിർബന്ധിതമാക്കി എന്ന് പറയുന്നതാവും ശരി. ആദ്യമാദ്യം രാത്രി പുറത്തെ പുരയിൽ കിടന്നിരുന്ന അമ്മ, ആ പുര കെട്ടിപ്പുതക്കാഞ്ഞതിനാൽ അടുക്കളയിലേക്ക് കിടത്തം മാറ്റി. പിന്നെപ്പിന്നെ കറികൾക്കൊക്കെ അരിഞ്ഞിട്ട് തരാൻ തുടങ്ങി വയലൊക്കെ നികത്തി വരുന്ന സമയമായതിനാൽ കുളങ്ങളിലെ വെള്ളത്തിനും കുറവ് വരാൻ തുടങ്ങിയകാലത്ത്, ഏതു കുളത്തിലാണ് വെള്ളം എന്ന് നോക്കിനടക്കാനുള്ള ബുദ്ധിമുട്ട് കാരണം മുങ്ങിക്കുളി ഒഴിവാക്കി. അങ്ങനെ മുറുങ്ങിക്കിടന്ന പല രീതികളും അയഞ്ഞയഞ്ഞ്, ഒരവസരത്തിൽ ഞങ്ങൾ കുട്ടികളൊക്കെ ഇത്തിരി ധിക്കാരികളായപ്പോൾ, അമ്മതന്നെ അടുക്കളയിൽ കയറി പാചകം തുടങ്ങി, പശുവിനെ കറക്കാനും തുടങ്ങി. നിവൃത്തികെട്ട ചില സാഹചര്യങ്ങൾ ആചാരത്തിന് വരുത്തുന്ന മാറ്റങ്ങളേയ്!

ഈ കാരണങ്ങൾ കൊണ്ട് ആദ്യമാദ്യം ഈ സംഭവത്തെ വളരെ 'സീരിയസ്' ആയിക്കണ്ടിരുന്ന ഞാനും പതുക്കെ 'ഈസി'യാവാൻ തുടങ്ങി. പണ്ടത്തെ ആചരണവും പിന്നെ അതിൽ വന്ന മാറ്റങ്ങളും കണ്ട്, ഞാൻ സ്വയം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഇങ്ങനെയുള്ള ആചാരങ്ങൾ കൊണ്ട് വല്ല കാര്യവും ഉണ്ടോ? ഉണ്ടെങ്കിൽ പിന്നെ എന്തിന് നമ്മളതിൽ മാറ്റം വരുത്തുന്നു? മാറ്റം വരുത്തിയാൽ ദൈവകോപം ഉണ്ടാകുമോ? അവരെന്തിനു എല്ലാവരിൽ നിന്നും ദൂരെ മാറി വേറൊരു സ്ഥലത്ത് കിടക്കുന്നു? (പണ്ട് ഇതിനെന്തെങ്കിലും പീഡന കഥകളുടെ പിൻബലം ഉണ്ടായിരുന്നിരിക്കാം) ആർത്തവമുള്ള സ്ത്രീകൾക്ക് പശുവിനെ തീറ്റാമെങ്കിൽ, പശുവിനെ കറന്നാൽ എന്താണ് കുഴപ്പം? അവർ കിണറ്റിൽ നിന്ന് വെള്ളം കോരിയാൽ എന്താണ് കുഴപ്പം? അവർ പാചകം ചെയ്ത ഭക്ഷണം കഴിച്ചാൽ എന്താണ് കുഴപ്പം? ആർത്തവസമയത്ത് വിളക്ക് വച്ചാൽ, കുലം മുടിഞ്ഞുപോകുമോ? ആർത്തവസമയത്ത്  സ്ത്രീകൾക്ക് 'നെഗറ്റീവ്' ശക്തിയാണോ? നെഗറ്റീവ് ശക്തിയാണെങ്കിൽ, അപ്പിയിടുമ്പോഴും മൂത്രമൊഴിക്കുമ്പോഴും എന്ത് ശക്തിയാണ് ഉണ്ടാവുക? അങ്ങനെയാണെങ്കിൽ, സ്വപ്നസ്ഖലനം നടക്കുന്ന ആണുങ്ങളെ ഏത് ഗണത്തിൽ പെടുത്തും? ഇങ്ങനെ പല പല ചോദ്യങ്ങൾ എന്നെക്കുഴക്കി.

ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്റെ ജീവിതാനുഭവം തന്നെ തന്നു എന്ന് പറയാം. ആർത്തവ സമയത്ത് അമ്മ കറന്ന പശുവിൻപാൽ കുടിച്ചിട്ട് നമ്മൾക്കാർക്കും ഒരപകടവും പറ്റിയില്ല. പാൽ, പാൽ തന്നെയായിരുന്നു. ആ സമയത്ത് അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചതുകൊണ്ട് നമുക്ക് ദഹനക്കേടൊന്നും ഉണ്ടായില്ല. ആ സമയത്ത് അമ്മ രാത്രി വീട്ടിന്നകത്ത് ഉറങ്ങിയത് കൊണ്ട് അവിടെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല. ആ സമയത്ത് അമ്മ അലക്കിത്തന്ന വസ്ത്രങ്ങളിട്ടത് കൊണ്ട് നമുക്കാർക്കും ചൊറിഞ്ഞ് പൊട്ടിയിട്ടില്ല. അങ്ങനെ ഒരേ സംഭവത്തിൽ, രണ്ട് ധ്രുവങ്ങളിലൂടെ ജീവിച്ചിട്ടും വ്യത്യാസങ്ങളൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ല. പണ്ടത്തെ രീതിയിലുള്ള ആചാരം കൊണ്ട് ഒരു നന്മ മാത്രമാണ് ഞാൻ കണ്ടത് - ആ സമയത്തെങ്കിലും സ്ത്രീകൾക്ക് വിശ്രമം കിട്ടുമല്ലോ (അന്നും വിശ്രമം കിട്ടിയിരുന്നില്ലെങ്കിലും).

ഇന്ന്, എന്റെ തറവാട്ട്  വീട്ടിലെ സ്ഥിതി കൂടുതൽ പുരോഗമിച്ചിരിക്കുന്നു. പണ്ട്, ഒറ്റ പെണ്‍പ്രജയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഞങ്ങൾ എട്ടാനിയന്മാരുടെ നാല് ഭാര്യമാരും കൂടിയെത്തി. ഇപ്പോൾ കിഴക്ക് ഭാഗത്ത് കൂടെ വഴി നടക്കാം എന്നു കൂടി ആയിരിക്കുന്നു. ഭാവിയിൽ ഇനിയും കൂടുതൽ പുരോഗമിച്ചേക്കാം.

ഇന്നും എന്റെ ഭാര്യ ആർത്തവസമയത്ത് വിളക്ക് കത്തിക്കാറില്ല. ചെറുപ്പത്തിൽ പറഞ്ഞ് പേടിപ്പിച്ചത് കൊണ്ടാവാം. പക്ഷേ നേരത്തേ വിവരിച്ചത് പോലെയുള്ള ഒരു സംഗതികളും നമ്മളെ ആകുലരാക്കാറില്ല. അല്ലാതെ ആ ഒരു സമയത്ത് വിളക്ക് വച്ചാൽ എന്തെങ്കിലും ഇടിഞ്ഞ് വീഴുമെന്ന് എനിക്ക് തോന്നുന്നില്ല. കരുണാമയനായ ദൈവം, അദ്ദേഹത്തെ ആരാധിച്ചതിന്റെ പേരിൽ നമ്മെ ക്രൂശിക്കുമോ? സ്ത്രീകൾക്ക് ഇങ്ങനെയുള്ള ചില സംഗതികൾ ഉണ്ടെന്ന് തമ്പുരാനും അറിയാവുന്നതല്ലേ?  വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ, പടച്ചതമ്പുരാൻ തന്നെയല്ലേ ഈ സംഗതികൾ സ്ത്രീകൾക്ക് ഒപ്പിച്ചു കൊടുത്തത്? ആർത്തവ സമയത്ത് അമ്പലങ്ങളിലും പള്ളികളിലും മറ്റ് ദേവാലയങ്ങളിലും കയറണമെന്ന് പറയുന്നില്ല. പക്ഷേ കയറിയാലും കുഴപ്പങ്ങളുണ്ടെന്ന് എന്റെ അനുഭവത്തിൽ തോന്നുന്നില്ല. വീട്ടിൽ ദേവാലയങ്ങളുള്ളവർ, പൂജാമുറികളുള്ളവർ (ദൈവം സർവ്വവ്യാപിയാണെങ്കിലും) ദൈവം പൂജാമുറിയിലേ ഉണ്ടാകൂ എന്ന ധൈര്യത്തിലാണോ ആർത്തവ സമയങ്ങളിൽ ജീവിക്കുന്നത്?

ഒരു സ്ത്രീക്ക് ഒരു അമ്പലത്തിൽ വച്ച് ആർത്തവം ഉണ്ടായാൽ എന്ത് ചെയ്യും? മിണ്ടാതെ പോയാൽ ഒരു പ്രശ്നവുമില്ല, പക്ഷേ മിണ്ടിയാൽ കുഴപ്പമായി. ദൈവത്തിന് കുഴപ്പമില്ലെങ്കിലും ദൈവത്തിന്റെ 'നടത്തിപ്പു'കാർക്ക് പ്രശ്നമാണ്. പിന്നെ പ്രശ്നം വെപ്പായി, പുണ്യാഹമായി, ദുരന്തനിവാരണക്രിയകളായി. ഇത് പോലെത്തന്നെയാണ് 'പുല'യും 'വാലായ്മ' യും. കുടുംബത്തിൽ ആരെങ്കിലും മരിച്ചാലാണ് പുല, പ്രസവിച്ചാൽ വാലായ്മ. ഇങ്ങനെ പുലയും വാലായ്മയും ഉള്ളവരെ എങ്ങനെ തിരിച്ചറിയും? അങ്ങനെയുള്ളവർ അമ്പലത്തിൽ കയറിയാൽ എന്ത് സംഭവിക്കും? ഒന്നും സംഭവിക്കില്ല. ഞാൻ തന്നെ ഉദാഹരണം. ഞാൻ എന്റെ അടുത്ത കുടുംബക്കാര് മരിച്ചപ്പോഴും പ്രസവിച്ചപ്പോഴും (വീട്ടിൽ നിന്ന് സ്വതന്ത്രനായത്തിന് ശേഷം) അമ്പലത്തിൽ പോയിട്ടുണ്ട്, വിളക്ക് വച്ചിട്ടുണ്ട്. ഇനി, എനിക്ക് വല്ല പ്രശ്നവും വന്നാൽ ഇതുകൊണ്ടാണെന്ന് ഞാൻ കരുതുകയുമില്ല. എന്ന് വച്ച് പുലയുള്ള സമയത്ത് നിങ്ങളൊക്കെ അമ്പലത്തിൽ പോകണം എന്നൊന്നും പറയാൻ ഞാനാളല്ല. വേറൊരു സംഭവം, കുട്ടികൾ അമ്പലത്തിൽ വച്ച് മൂത്രമൊഴിച്ചാലും, അപ്പിയിട്ടാലും നടക്കുന്നതാണ്. പക്ഷേ, ഇന്ന് 'ഡയപ്പർ' ധരിപ്പിച്ച്, കുട്ടികളെ അമ്പലത്തിൽ കൊണ്ടുപോയാൽ കുഴപ്പവുമില്ല. അതാവുമ്പോ, നിറഞ്ഞ് കവിഞ്ഞാൽ മാത്രമല്ലേ സംഭവം പുറത്തറിയൂ. വൃത്തികേടായത് ശരീരമായാലും സ്ഥലമായാലും ശരിയായ രീതിയിൽ വൃത്തിയാക്കിയാൽ പോരേ? സത്യത്തിൽ എല്ലാ അമ്പലങ്ങളിലും ശുചിത്വസൌകര്യങ്ങൾ വേണ്ടുവോളം ഒരുക്കിക്കൊടുക്കുകയല്ലേ വേണ്ടത്?

എന്റെ ചെറുപ്പത്തിൽ, ഒരു ശബരിമല അയ്യപ്പനെ കണ്ടപ്പോൾ എന്റെ ചെറിയമ്മ ഓടിയൊളിച്ച സംഭവം എനിക്കിന്നും ഓർമ്മയുണ്ട്. അതും ആർത്തവം കാരണമായിരുന്നു. ഈ ശബരിമല അയ്യപ്പന്മാർ മാലയിട്ടാൽ ഒരു സ്ത്രീക്ക് ആർത്തവമുണ്ടോ എന്നറിഞ്ഞതിന് ശേഷമേ ആ ഭാഗത്തേക്ക് അടുക്കുകയുള്ളോ? ശബരിമല അയ്യപ്പന്മാരെ ആർത്തവമുള്ള സ്ത്രീകൾ കയറിത്തൊടണം എന്നൊന്നും പറയുന്നില്ല. എന്നാലും അവർ തൊട്ടാൽ വല്ലതും സംഭവിക്കുമോ? ഈ അണുകുടുംബകാലത്ത് മാലയിട്ടാൽ, ഈ സ്വാമിമാർ വീട് വിട്ട് വേറെ വല്ലയിടത്തും പോയി താമസിക്കുമോ? ആർത്തവം അറിയുവാനുള്ള 'മീറ്ററു'മായിട്ടായിരിക്കുമോ ഈ സ്വാമിമാർ പൊതു ജനമദ്ധ്യത്തിലും ബസ്സിലും വണ്ടിയിലും മറ്റും കയറുന്നത്? ഇതൊക്കെ നടപ്പുള്ള കാര്യമാണോ? ഇങ്ങനെയുള്ള സാഹചര്യത്തിൽ, അയ്യപ്പന്മാരുണ്ടായിരുന്ന ബസ്സിൽ കയറിയ അമ്മയെയും മകളെയും ഇറക്കിവിടേണ്ട കാര്യം എന്തായിരുന്നു? ആ ബസ്സിൽ സ്വാമിമാർക്കായിരുന്നില്ല പ്രശ്നം എന്നാണ്‌ കേട്ടത്, പക്ഷേ കണ്ടക്ടർക്കായിരുന്നു പ്രശ്നം. 'വിവേകവും' 'വിവര'വും 'പക്വത'യുമുള്ള (ഉണ്ടാകേണ്ട) സ്വാമിമാർ, ആ കണ്ടക്ടറുടെ പ്രവൃത്തിയെ തടഞ്ഞതുമില്ല.

അതേപോലെ അസ്മ റബ്ബർ തൊഴിൽ ശാലയിൽ കക്കൂസിൽ നാപ്കിൻ നിക്ഷേപിച്ചതിന് ആരാണ് ആർത്തവക്കാരി എന്ന് കണ്ടു പിടിക്കാൻ വസ്ത്രമുരിഞ്ഞ്‌ പരിശോധിക്കാൻ മാത്രം അധഃപതിച്ചുപോയോ, നാം കേരളീയർ ? കക്കൂസിൽ നാപ്കിൻ ഇട്ടത് എന്തായാലും ശരിയായ നടപടിയല്ല. അങ്ങനെ ഇടാതിരിക്കാൻ തീർച്ചയായും ഉദ്ബോധന പരിപാടികൾ ആവശ്യമാണ്‌. പണ്ടത്തെകാലത്ത്, സ്ത്രീകൾ നാപ്കിന് പകരം പരുത്തിത്തുണികളായിരുന്നു ഉപയോഗിച്ചിരുന്നത്. അതേ തുണികൾ തന്നെ വീണ്ടും കഴുകി പുനരുപയോഗിച്ചിരുന്നു. എന്നാലിന്ന് 'യൂസ് ആൻഡ് ത്രോ' സൌകര്യമുള്ള നാപ്കിൻ, പകരം വന്നിരിക്കുന്നു.  വേസ്റ്റ് കൈകാര്യം ചെയ്യാനറിയാതെയുള്ള നാപ്കിൻ ഉപയോഗം ഒരു പാരിസ്ഥിതിക പ്രശ്നം തന്നെയാണ്. നാപ്കിൻ ഉണ്ടാക്കുന്ന ഗൗരവതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഗണിച്ചാൽ, പുനരുപയോഗം ചെയ്യാവുന്ന പണ്ടത്തെ പരുത്തിത്തുണി ഉപയോഗം തന്നെയാണ് നല്ലത് എന്ന അഭിപ്രായം തള്ളിക്കളയാൻ പറ്റില്ല. എന്ത് തന്നെയായാലും തുണിയുരിഞ്ഞുള്ള പരിശോധന തീർച്ചയായും ശക്തിയുക്തം ചെറുക്കപ്പെടേണ്ടാതാണ്, നിരോധിക്കപ്പെടേണ്ടതാണ്, അധാർമ്മികമാണ്. അങ്ങനെ ചെയ്തവരെ ശിക്ഷിക്കേണ്ടതാണ്. ഇനി, ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ല എന്ന് നാം ഉറപ്പ് വരുത്തേണ്ടതുണ്ട്.  ഈത്തരുണത്തിൽ, ഒരു ഉദ്ബോധനത്തിനു വേണ്ടിയെങ്കിലും 'നാപ്കിൻ' സമരം തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യമാണ് എന്ന് തന്നെ ഞാൻ കരുതുന്നു.

സ്ത്രീക്ക് സ്ത്രീയുടെയും പുരുഷന് പുരുഷന്റെതുമായുള്ള ശാരീരികമായ കാര്യങ്ങളുണ്ട്. അതിൽ ജാതിയോ മതമോ ഒന്നുമില്ല. ആ വ്യത്യാസം പരസ്പരം ബഹുമാനത്തോടെ മനസ്സിലാക്കണം. ആ ശാരീരികമായ പ്രവർത്തനവ്യത്യാസം ആദ്ധ്യാത്മികതലത്തിൽ വ്യത്യാസങ്ങളുണ്ടാക്കേണ്ടതുണ്ടോ? ശരീരം വൃത്തിയായി സൂക്ഷിച്ചാൽ പോരേ ? ആർത്തവം ഒരു 'വലിയ സംഭവം'  ഒന്നുമല്ല. ആർത്തവം പാപമോ ശാപമോ അല്ല. ആർത്തവത്തിൽ നാണിക്കേണ്ടതായിട്ടൊന്നുമില്ല. ആർത്തവത്തെ ഒരു സാധാരണ സംഭവമായി മാത്രം കരുതിയാൽ മതി. ആ സമയത്ത് ശാസ്ത്രീയമായി ചെയ്യാൻ പാടില്ലാത്തതായിട്ടുള്ള ചുരുക്കം ചില കാര്യങ്ങളൊഴിച്ച് സാധാരണ പോലെ ജീവിക്കാൻ പറ്റണം. ആർത്തവസമയത്ത് ശാരീരികാസ്വാസ്ഥ്യങ്ങളുള്ളവർ വിശ്രമിക്കട്ടെ.  മറ്റ് മതങ്ങളിലും ഇതര സ്ഥലങ്ങളിലും ആർത്തവത്തെ സംബന്ധിച്ച് പല പല രീതികളിലുള്ള  ആചാരങ്ങൾ നിലവിലുണ്ട്. എന്തായിരുന്നാലും, ആരോ ഏതോ സാഹചര്യത്തിൽ നടത്തി എന്ന് പറയുന്ന എന്തെങ്കിലും കാര്യങ്ങൾ, കണ്ണും പൂട്ടി, ഇന്നത്തെക്കാലത്ത് ആചരങ്ങളായി മാറുമ്പോൾ, ആ ആചാരങ്ങളിൽ കഴമ്പില്ലെങ്കിൽ അവ മാറിയേ പറ്റൂ... അല്ലെങ്കിൽ വിശ്വാസം കപടമായിപ്പോവും... ഭഗവാനും മനുഷ്യനും എല്ലാ സമയത്തും ഏത് സാഹചര്യത്തിലും ഭയപ്പാടില്ലാതെ, സ്നേഹത്തോടെ ഇടപഴകി ജീവിക്കാൻ കഴിയട്ടെ !


*****