2019, ജനുവരി 7, തിങ്കളാഴ്‌ച

ഇരട്ടത്താപ്പുകൾ !



നിയമസഭയിലെ നടുത്തളത്തിൽ കിരാതനൃത്തം ചവിട്ടി, അധ്യക്ഷന്റെ മേശയിൽ വലിഞ്ഞു കയറി, പരശുരാമൻ മഴു എറിഞ്ഞത് പോലെ മൈക്ക് വലിച്ചെറിഞ്ഞ്, ഉറഞ്ഞുതുള്ളിയ കോമരത്തിന് ബോധക്ഷയം വന്നതുപോലെ അഭിനയിച്ച് കഥകളി ആടിയവർ,  അവര് തന്നെ കുറേ വേദികളിൽ ആടിത്തിമർത്ത തെരുവുയുദ്ധ ആട്ടക്കഥ, ഇന്ന് വേറെ ആരോ പുറത്ത്  ആടിയതിന്റെ പേരിൽ ദുഃഖിക്കുന്നു. അതിന്റെ പേരിൽ നഷ്ടം പിടിച്ചെടുക്കാൻ ഓർഡിനൻസുകൾ ഇറക്കുന്നു (നിയമസഭാനാടകത്തിന്റെ നഷ്ടം നികത്തി തീർച്ചയായും പശ്ചാത്തപിക്കുന്നുണ്ടാവും). ഹിന്ദുവിന്റെ അമ്പലത്തിൽ പെണ്ണിനെ കയറ്റാൻ മാമാങ്കം നടത്തുന്നവർ മുസ്ലീമിന്റെ പള്ളിയിൽ കയറാൻ ശ്രമിച്ചെന്ന പേരിൽ പെണ്ണുങ്ങളെ അറസ്റ്റ് ചെയ്യുന്നു. ഹിന്ദുവിന്റെ പേരിൽ വന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ പി. ടി. ഉഷയുടെ വേഗത്തിലോടിയവർ, ക്രിസ്ത്യൻ പള്ളിയുടെ പേരിൽ വന്ന വിധി നടപ്പാക്കുന്ന കാര്യം വരുമ്പോൾ കുരങ്ങിനെപ്പോലെ മലക്കം മറിയുന്നു. കൈയ്യേറ്റക്കുരിശിനെ ന്യായീകരിച്ച് വിശ്വാസം സംരക്ഷിച്ചവർ, ശബരിമലയിലെത്തുമ്പോൾ വിശ്വാസങ്ങൾക്ക് എതിരാവുന്നു.  കിട്ടിയ ശവത്തെ വച്ച് ഹർത്താൽ ആചരിച്ചവരെ കളിയാക്കിയവർ ഇരുദിനപണിമുടക്കെന്ന 'താരതമ്യേന' ലളിത പദമുപയോഗിച്ച് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു. സ്വന്തം അന്വേഷണസംവിധാനങ്ങൾ ഉള്ളത് കൊണ്ട് സ്ത്രീപീഡനപരാതികളിൽ പോലും ഭരണഘടനാ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നു, പക്ഷേ മറ്റുള്ളവന്റെ പീഡനത്തിന് തടയിടാൻ ഭരണഘടനാ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. അമ്പത്തിയൊന്ന് വെട്ടുകൾ വെട്ടുമെങ്കിലും, സ്വന്തം ചോര ചിന്തുമ്പോൾ  മാത്രം, കൊലപാതക രാഷ്ട്രീയം നീചമാകുന്നു, മതിൽകെട്ടിത്തീർക്കുന്ന നവോത്ഥാനത്തിന് ജാതി സംഘടനകളെ മുൻനിരയിൽ നിർത്തുന്നു...

ജാതിസംവരണം എതിർക്കുന്നവർ സാമ്പത്തികസംവരണ മേമ്പൊടി ചാർത്തി മുന്നോക്കജാതി സംവരണത്തിന്റെ രാഷ്ട്രീയ കേക്ക് മുറിച്ച് കൊടുക്കുന്നു. മുസ്ലീമിന്റെ മുത്തലാഖ് നിരോധിച്ച് സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർ, ശബരിമലയിൽ സ്ത്രീകളുടെ ആർത്തവത്തിന്റെ പേരിലുള്ള അയിത്തം, ദൈവത്തിന്റെ നൈഷ്ഠികബ്രഹ്മചര്യത്തിന്റെ പേരിൽ ന്യായീകരിക്കുന്നു. ലളിത് മോഡി നാടുവിട്ടതിൽ ആശ്ചര്യപ്പെടുന്നവർ നീരവ് മോഡിയും വിജയ് മല്യയും  പോയതിൽ ശയനപ്രദക്ഷിണം നടത്തിക്കളിക്കുന്നു. പെട്രോളിന്റെ വിലനിലവാരത്തിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നിദ്രാസംഭാഷണങ്ങൾ നടത്തുന്നു. യൂണിഫോം സിവിൽ കോഡിനെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ, മന്ദിരങ്ങളിലെ മന്ത്രോച്ഛാരണങ്ങളിൽ മുക്കുന്നു. ദൈവത്തിനെ രക്ഷിക്കാൻ, മന്ത്രങ്ങളെ, മനുഷ്യരുടെ മുദ്രാവാക്യങ്ങളാക്കുന്നു. കിട്ടിയ സാദ്ധ്യതകളിൽ ജനങ്ങളെ രക്ഷിക്കാൻ, ഹർത്താലുകളുടെ മാലകൾ കോർക്കുന്നു...

നെഹ്രുവിയൻ സോഷ്യലിസത്തിലും ഗാന്ധിജിയുടെ രാമരാജ്യത്തിലും ഒരുമിച്ച് വിശ്വസിക്കുന്നവർ വിശ്വാസമാണോ സോഷ്യലിസം എന്ന സംശയത്തിൽ കേന്ദ്രത്തിലൊരു തട്ടിലും സംസ്ഥാനത്ത് മറ്റൊരു തട്ടിലും നിന്ന് കണ്ണ് കെട്ടിക്കളിക്കുന്നു. പ്രതിരോധത്തിന്റെ ഖജനാവ് എല്ലാവർക്കും എല്ലാ കാലത്തും കോലാർ ഖനിയാണെന്നറിഞ്ഞുകൊണ്ട് തന്നെ ബൊഫോഴ്സിന്റെ പരിക്കുകൾ റാഫേലിൽ പരതുന്നു.  ശരിയായ നിലപാടുകളില്ലാത്തത് കൊണ്ട് എങ്ങനെയെങ്കിലും അധികാരത്തിലെത്താൻ, തീവ്രവാദികളുടെ വാദവും ഒരു തരം വാദമാണെന്ന ലാഘവത്തോടെ ആരുമായും കൂട്ട് കൂടുന്നു. ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുമെങ്കിലും കുടുംബവാഴ്ചയെ വാനോളം പുകഴ്ത്തുന്നു...

ഈ ഇരട്ടത്താപ്പുകളിൽ വീണുരുണ്ട്, സ്വന്തം കാര്യം നേടാൻ വേണ്ടി മാത്രം ഇഷ്ടപ്പെട്ട നേതാവിന് വേണ്ടി വായിട്ടലച്ച്, പൊതുജനം, അവന്റെ വിജ്ഞാനം പ്രകടിപ്പിക്കുന്നു. ഈ കളികൾക്കിടയിൽ, ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും, വിഭജിക്കപ്പെട്ട വോട്ടിന്റെ വരികൾക്കിടയിലൂടെ മേൽക്കൈ നേടി ജനാധിപത്യം വിജയിക്കുന്നു. ഇരട്ടത്താപ്പുകളിൽ കുടുങ്ങിയ ജനത, ഹർത്താലുകളുടെ ആലസ്യത്തിൽ, സ്വന്തം തലയിൽ വീണ്ടും ആപ്പടിച്ച് കയറ്റുന്നു. അങ്ങനെ കല്ലെറിഞ്ഞവൻ നേതാവാകുന്നു ! അഴിമതിയുടെ കാര്യത്തിൽ പരസ്പരം പഴിചാരി എല്ലാവരും ഒന്നാകുന്നു !! ജയ് ജനാധിപത്യം :)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ