2015, ജനുവരി 10, ശനിയാഴ്‌ച

നാപ്കിൻ സമരവും ചില ആർത്തവാചാരങ്ങളും



നമ്മുടെ നാട്ടിലിപ്പോൾ പുതുതലമുറ സമരങ്ങളുടെ ഒരു വേലിയേറ്റം തന്നെയാണല്ലോ ഇപ്പോൾ നടക്കുന്നത്? എന്റെയൊക്കെ കുട്ടിക്കാലത്തും ഈയ്യടുത്ത കാലം വരെയും എറിഞ്ഞുപൊളി സമരവും, പിക്കറ്റിംഗും ഘെരാവോയും നിരാഹാര സമരവും  മനുഷ്യച്ചങ്ങലയും കരിയോയിൽ പ്രയോഗവും മറ്റുമൊക്കെയായിരുന്നു പ്രധാന സമരരീതികളെങ്കിൽ, ഇന്ന്, അതൊക്കെ മാറി സമരം പുതുതലമുറയായിരിക്കുന്നു. ചുംബന സമരം, നിൽപ്പ് സമരം, ഇരിപ്പ് സമരം, പുകവലി സമരം എന്നിങ്ങനെ പോകുന്നു പുതിയ സമര രീതികൾ. ആ സമരങ്ങളിൽ മാവോവാദികളും കയറിപ്പറ്റുന്നു എന്ന ആക്ഷേപമുണ്ടെങ്കിലും ഏറ്റവും ഒടുവിലായി വന്ന 'നാപ്കിൻ സമരം', മാവോവാദികൾ കയറിക്കൂടിയിട്ടുണ്ടെങ്കിൽത്തന്നെയും, അങ്ങനെയങ്ങ് തള്ളിക്കളയാൻ പറ്റാവുന്ന ഒന്നാണോ എന്ന്, എന്റെ കുബുദ്ധി സ്വയം ചോദിച്ചതാണ് ഈ കുറിപ്പ് എഴുതാനുള്ള പ്രചോദനം.



നാപ്കിൻ സമരം ഒരു സ്ത്രീ സംബന്ധവിഷയമായാതിനാൽ, ഒരു പുരുഷനായ ഞാനെന്തിനാണ് ഈ പോല്ലാപ്പെടുത്ത് തലയിൽ വെക്കുന്നതെന്ന് വിവേകശാലികൾ ചോദിച്ചേക്കാം. അതും ഈ വിഷയത്തെപ്പറ്റിപ്പറയുമ്പോൾ ചില കാര്യങ്ങൾ ഇത്തിരി പച്ചയായി പറയേണ്ടിവരുന്നതിനാൽ ഇവനൊന്നും ഇതൊക്കെപ്പറയാൻ ഒരുളുപ്പുമില്ലേ എന്നും ചില ശുദ്ധമനസ്കർ ചോദിച്ചേക്കാം. എന്നാലും സാരല്ല്യ, ഞാനെന്തായാലും  ഒരുമ്പെട്ടുപോയി. 'ആർത്തവം' എന്ന വാക്ക് കൂടുതലായി ഉപയോഗിക്കേണ്ടി വന്നതിൽ ക്ഷോഭം തോന്നുന്നവർ ദയവായി ക്ഷമിക്കുക.

'നാപ്കിൻ സമര'ത്തിനെക്കുറിച്ച് ഒരു ആമുഖം പറയാതെപോയാൽ അതിനെക്കുറിച്ച് അറിയാത്തവർക്ക് ഈയൊരു കുറിപ്പ് ഒരുതരം വട്ടായിത്തോന്നുമെന്നതിനാൽ കുറച്ച് കാര്യങ്ങൾ മുഖവുരയായിപ്പറയാം.

രണ്ടാഴ്ച മുന്നേ ഏറണാകുളത്തിനടുത്ത് കാക്കനാട്ട്, അസ്മ റബ്ബർ കമ്പനിയിൽ, നാപ്കിൻ കക്കൂസിൽ നിക്ഷേപിച്ചതിന്റെ പേരിൽ, ആർക്കാണ് ആർത്തവം എന്ന് കണ്ടുപിടിക്കാൻ ചില ജീവനക്കാരികളെ തുണിയുരിഞ്ഞ് പരിശോധിച്ചു. വേറൊരു സംഭവം, ശബരിമല അയ്യപ്പന്മാർ ഭൂരിപക്ഷം ഉണ്ടായിരുന്ന ഒരു ബസ്സിൽ കയറിയ ചില സ്ത്രീകൾക്കെതിരെയും ആർത്തവാരോപണം നടത്തി ബസ്സിൽ നിന്നിറക്കിവിട്ടു എന്ന വാർത്തയാണ്. ഈത്തരം സംഭവങ്ങൾക്കെതിരെ സ്ത്രീകൾ സംഘടിപ്പിക്കുന്ന ഒരു സമരമുറയാണ് 'നാപ്കിൻ സമരം'.

നമ്മളെല്ലാവരും സമയാസമയം, അതാതിന്റെ സമയമാകുമ്പോൾ അപ്പിയിടുന്നവരും മൂത്രമൊഴിക്കുന്നവരുമാണ്‌. ചിലയാളുകൾ ചിലപ്പോൾ അറിയാതെയും ഈ കാര്യങ്ങൾ ചെയ്തുപോകാറുണ്ട്. എന്ന് വച്ച് അപ്പിയിടുന്നവനും മൂത്രമൊഴിക്കുന്നവളും മോശക്കാരാണെന്നോ മറ്റോ ആരും പറയുന്നത് ഒരിക്കലും  കേട്ടിട്ടില്ല. അതിൽ ആണ്‍ പെണ്‍ വ്യത്യാസമുണ്ടെന്ന്  ആരും പറയുമെന്ന് തോന്നുന്നില്ല. ആണിന് ആണിന്റേതായ രൂപവും ചില ആന്തരിക പ്രവർത്തനരീതികളും, പെണ്ണിന് പെണ്ണിന്റേതായ രൂപവും ചില ആന്തരിക പ്രവർത്തനരീതികളുമുണ്ടെന്നും എല്ലാവർക്കും അറിയാം. അതിൽ സ്ത്രീകൾക്ക് മാത്രമുള്ള ഒരു ആന്തരിക പ്രവർത്തനമാണ് ആർത്തവം. മേൽപ്പറഞ്ഞ സംഭവങ്ങൾ ദഹനപ്രക്രിയാമാലിന്യങ്ങൾ പുറന്തള്ളുന്ന ഒരു പ്രക്രിയകളാണെങ്കിൽ, ആർത്തവം, പ്രത്യുല്പാദനപ്രക്രിയാപരമായുണ്ടാകുന്ന മലിന്യങ്ങൾ പുറന്തള്ളുന്നൂയെന്ന വ്യത്യാസമേയുള്ളൂ. It is just a cleaning process with respect to the reproductive system. പക്ഷേ എന്തുകൊണ്ടോ നമ്മിൽ ചിലയാളുകൾ അതിനെ പല സന്ദർഭങ്ങളിലും ഒരുതരം അസാധാരണ രീതിയിൽകാണുന്നു. ചില ആണുങ്ങൾ ആ സംഭവത്തെ കളിയാക്കുകയും, ആർത്തവസമയത്ത് സ്ത്രീകളെ ഒരുതരം തൊട്ടുകൂടാത്ത രീതിയിൽ കാണുകയും ചെയ്യുന്നു. ഈയ്യൊരു കാരണം കൊണ്ട് അവരെ പല സന്ദർഭങ്ങളിലും മാറ്റി നിർത്തുന്നു. സത്യത്തിൽ ഒരു തരം അയിത്തം കൽപ്പിക്കുന്നു.

ഈ കാര്യങ്ങളിലേക്ക് എന്റെ ചില അനുഭവങ്ങളിലൂടെ കുറച്ച് യാത്ര ചെയ്യാം. എന്റെ 8 ആം വയസ്സ് വരെ എനിക്ക് ഈ ആർത്തവത്തിനെപ്പറ്റി ഒരു ചുക്കും അറിയുമായിരുന്നില്ല. 8 വയസ്സ് കഴിഞ്ഞ ഉടനെ എന്റെ കുടുംബം എന്റെ അമ്മയുടെ തറവാടിന്റെ ആരൂഡ്ഡത്തിലേക്ക് താമസം മാറി. ആ വീട് വളരെപ്പഴക്കം ചെന്നതും ചില പുരാതന ചിട്ടകൾ പാലിക്കപ്പെടുന്നതുമായ വീടായിരുന്നു. വീട്ടിന്നുള്ളിൽ തെക്ക് കിഴക്കേ ഭാഗത്ത് ഗുരുകാരണവന്മാരുടെയും കുലപരദേവതയുടെയും സങ്കൽപം, വീടിന് പുറത്ത് തെക്ക് കിഴക്കേ പറമ്പിൽ കാഞ്ഞിരത്തിന് ചുവട്ടിലായി ഗുളികൻ, വീടിന്ന് തൊട്ടടുത്ത തെക്കേ പറമ്പിൽ മുത്തപ്പൻ മടപ്പുര, തൊട്ടടുത്ത പടിഞ്ഞാറേ പറമ്പിൽ ഭഗവതീ ക്ഷേത്രം, തൊട്ടടുത്ത വടക്കേ പറമ്പിൽ ആറാട്ട്‌ തറ എന്നിങ്ങനെ ഉള്ളിലും ചുറ്റുപാടും ദൈവീക സങ്കല്പങ്ങൾ, രണ്ടേക്ര വീട്ട് പറമ്പ് മൊത്തം ഒരു മാതിരിപ്പെട്ട കാട്.

അങ്ങനെയുള്ള വീട്ടിൽ താമസം മാറി ഒരു പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം അമ്മ അച്ഛനോട് പറഞ്ഞു:
"ഒന്ന് നിങ്ങളുടെ അമ്മയോട് (എന്റെ അച്ഛമ്മയോട്) ഒരു മൂന്ന് ദിവസത്തേക്ക് വരാൻ പറയൂ, ഇനി ഞാൻ മൂന്നു ദിവസത്തേക്ക് അടുക്കളയിൽ കയറില്ല, മാത്രവുമല്ല, പശുവിനെ കറക്കില്ല, കിണറ്റിൽ നിന്ന് വെള്ളം കോരില്ല, കിഴക്ക് ഭാഗത്തും തെക്ക് ഭാഗത്തും വരില്ല. എന്നെ നിങ്ങളാരും തൊടുവാൻ പാടില്ല, അവിടെയൊക്കെയുള്ള വിറകും മറ്റും നിങ്ങളും കുട്ടികളും കൂടെ എടുത്തു വെക്കണം......"

അങ്ങനെ അച്ഛമ്മ വന്നു. അന്നത്തെ രാത്രി, അമ്മ, വീട്ടിൽ നിന്ന് കുറച്ചു മാറി കിണറിന്റെ അടുത്തായിട്ടുള്ള ഒരു കുഞ്ഞ് പുരയിലായിരുന്നു (തീണ്ടാരിപ്പുര) കിടന്നത്. ഞാനമ്മക്ക് കാവൽക്കാരനായി കിടന്നു. അതിനു ശേഷം ഞങ്ങൾ കുട്ടികൾക്കും പിടിപ്പത് പണിയായിരുന്നു. എന്നാലും അമ്മ, അമ്മക്ക് പോവാൻ പറ്റുന്ന ഭാഗത്തൊക്കെ പോയി ജോലികളൊക്കെ ചെയ്യും, പശുവിനെ മേക്കുകയും ചെയ്യും. അങ്ങനെ മൂന്നാം ദിവസം  രാത്രി അമ്മ പറഞ്ഞു, നാളെ രാവിലെ 5 മണിക്ക് എഴുന്നേക്കണം. അതിരാവിലെത്തന്നെ വീടിനടുത്തുള്ള ഒരു കുളത്തിൽപോയി മുങ്ങിക്കുളിക്കണം എന്നൊക്കെ. എന്തായാലും ശരി, നാലാം ദിവസം അതിരാവിലെ 5 മണിക്ക് ഞാനും അമ്മയും കുളം ലക്ഷ്യമാക്കി പുറപ്പെട്ടു. അമ്മ കിടന്നിരുന്ന പായയും വിരിപ്പുകളും കുറച്ച് തുണികളും ഒക്കെ കൂട്ടിക്കെട്ടി, ഒരു ഓലച്ചൂട്ടുമെടുത്താണ് പോക്ക്. പായടക്കം മുക്കി, വിരിപ്പുകളും വസ്ത്രങ്ങളും മുക്കിയലക്കി, മുങ്ങിക്കുളിച്ചതിനു ശേഷം നമ്മൾ വീട്ടിലെത്തി, പിന്നെ സാധാരണപോലെ പണികൾ ചെയ്യാൻ തുടങ്ങി. ഇതെന്താണ് സംഭവമെന്ന അന്വേഷണത്തിലാണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്. അങ്ങനെ കുറച്ചു കാലത്തിന് ശേഷം അച്ഛമ്മക്ക്‌ വരാൻ പറ്റാതായി. വീട്ടിലെ ഒരേയൊരു പെണ്‍പ്രജ അമ്മമാത്രമായതിനാൽ, അതിനു ശേഷം എല്ലാ മാസവും മാസത്തിൽ മൂന്ന് ദിവസം ഒരു സാധാരണ വീട്ടിലുണ്ടാവുന്ന എല്ലാ പണികളും നമുക്ക് ചെയ്യേണ്ടി വന്നു. അങ്ങനെ ഈയ്യൊരു കാരണം കൊണ്ട് ഞങ്ങൾ ഒരു വീട്ടിലെ എല്ലാ പണികളും പഠിച്ചു എന്നത് ചില്ലറക്കാര്യമല്ലല്ലോ.

പക്ഷേ കാലം കഴിയുന്തോറും ഇതിലൊക്കെ മാറ്റങ്ങൾ വന്നു തുടങ്ങി. തീരെ വിട്ടുവീഴ്ച്ചയില്ലാതെ ആചരിച്ചിരുന്ന കാര്യങ്ങൾ ഓരോന്നായി കുറച്ച് കുറച്ച് മാറാൻ തുടങ്ങി. സാഹചര്യങ്ങൾ, ആചാരങ്ങൾ മാറ്റാൻ നിർബന്ധിതമാക്കി എന്ന് പറയുന്നതാവും ശരി. ആദ്യമാദ്യം രാത്രി പുറത്തെ പുരയിൽ കിടന്നിരുന്ന അമ്മ, ആ പുര കെട്ടിപ്പുതക്കാഞ്ഞതിനാൽ അടുക്കളയിലേക്ക് കിടത്തം മാറ്റി. പിന്നെപ്പിന്നെ കറികൾക്കൊക്കെ അരിഞ്ഞിട്ട് തരാൻ തുടങ്ങി വയലൊക്കെ നികത്തി വരുന്ന സമയമായതിനാൽ കുളങ്ങളിലെ വെള്ളത്തിനും കുറവ് വരാൻ തുടങ്ങിയകാലത്ത്, ഏതു കുളത്തിലാണ് വെള്ളം എന്ന് നോക്കിനടക്കാനുള്ള ബുദ്ധിമുട്ട് കാരണം മുങ്ങിക്കുളി ഒഴിവാക്കി. അങ്ങനെ മുറുങ്ങിക്കിടന്ന പല രീതികളും അയഞ്ഞയഞ്ഞ്, ഒരവസരത്തിൽ ഞങ്ങൾ കുട്ടികളൊക്കെ ഇത്തിരി ധിക്കാരികളായപ്പോൾ, അമ്മതന്നെ അടുക്കളയിൽ കയറി പാചകം തുടങ്ങി, പശുവിനെ കറക്കാനും തുടങ്ങി. നിവൃത്തികെട്ട ചില സാഹചര്യങ്ങൾ ആചാരത്തിന് വരുത്തുന്ന മാറ്റങ്ങളേയ്!

ഈ കാരണങ്ങൾ കൊണ്ട് ആദ്യമാദ്യം ഈ സംഭവത്തെ വളരെ 'സീരിയസ്' ആയിക്കണ്ടിരുന്ന ഞാനും പതുക്കെ 'ഈസി'യാവാൻ തുടങ്ങി. പണ്ടത്തെ ആചരണവും പിന്നെ അതിൽ വന്ന മാറ്റങ്ങളും കണ്ട്, ഞാൻ സ്വയം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഇങ്ങനെയുള്ള ആചാരങ്ങൾ കൊണ്ട് വല്ല കാര്യവും ഉണ്ടോ? ഉണ്ടെങ്കിൽ പിന്നെ എന്തിന് നമ്മളതിൽ മാറ്റം വരുത്തുന്നു? മാറ്റം വരുത്തിയാൽ ദൈവകോപം ഉണ്ടാകുമോ? അവരെന്തിനു എല്ലാവരിൽ നിന്നും ദൂരെ മാറി വേറൊരു സ്ഥലത്ത് കിടക്കുന്നു? (പണ്ട് ഇതിനെന്തെങ്കിലും പീഡന കഥകളുടെ പിൻബലം ഉണ്ടായിരുന്നിരിക്കാം) ആർത്തവമുള്ള സ്ത്രീകൾക്ക് പശുവിനെ തീറ്റാമെങ്കിൽ, പശുവിനെ കറന്നാൽ എന്താണ് കുഴപ്പം? അവർ കിണറ്റിൽ നിന്ന് വെള്ളം കോരിയാൽ എന്താണ് കുഴപ്പം? അവർ പാചകം ചെയ്ത ഭക്ഷണം കഴിച്ചാൽ എന്താണ് കുഴപ്പം? ആർത്തവസമയത്ത് വിളക്ക് വച്ചാൽ, കുലം മുടിഞ്ഞുപോകുമോ? ആർത്തവസമയത്ത്  സ്ത്രീകൾക്ക് 'നെഗറ്റീവ്' ശക്തിയാണോ? നെഗറ്റീവ് ശക്തിയാണെങ്കിൽ, അപ്പിയിടുമ്പോഴും മൂത്രമൊഴിക്കുമ്പോഴും എന്ത് ശക്തിയാണ് ഉണ്ടാവുക? അങ്ങനെയാണെങ്കിൽ, സ്വപ്നസ്ഖലനം നടക്കുന്ന ആണുങ്ങളെ ഏത് ഗണത്തിൽ പെടുത്തും? ഇങ്ങനെ പല പല ചോദ്യങ്ങൾ എന്നെക്കുഴക്കി.

ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്റെ ജീവിതാനുഭവം തന്നെ തന്നു എന്ന് പറയാം. ആർത്തവ സമയത്ത് അമ്മ കറന്ന പശുവിൻപാൽ കുടിച്ചിട്ട് നമ്മൾക്കാർക്കും ഒരപകടവും പറ്റിയില്ല. പാൽ, പാൽ തന്നെയായിരുന്നു. ആ സമയത്ത് അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചതുകൊണ്ട് നമുക്ക് ദഹനക്കേടൊന്നും ഉണ്ടായില്ല. ആ സമയത്ത് അമ്മ രാത്രി വീട്ടിന്നകത്ത് ഉറങ്ങിയത് കൊണ്ട് അവിടെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല. ആ സമയത്ത് അമ്മ അലക്കിത്തന്ന വസ്ത്രങ്ങളിട്ടത് കൊണ്ട് നമുക്കാർക്കും ചൊറിഞ്ഞ് പൊട്ടിയിട്ടില്ല. അങ്ങനെ ഒരേ സംഭവത്തിൽ, രണ്ട് ധ്രുവങ്ങളിലൂടെ ജീവിച്ചിട്ടും വ്യത്യാസങ്ങളൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ല. പണ്ടത്തെ രീതിയിലുള്ള ആചാരം കൊണ്ട് ഒരു നന്മ മാത്രമാണ് ഞാൻ കണ്ടത് - ആ സമയത്തെങ്കിലും സ്ത്രീകൾക്ക് വിശ്രമം കിട്ടുമല്ലോ (അന്നും വിശ്രമം കിട്ടിയിരുന്നില്ലെങ്കിലും).

ഇന്ന്, എന്റെ തറവാട്ട്  വീട്ടിലെ സ്ഥിതി കൂടുതൽ പുരോഗമിച്ചിരിക്കുന്നു. പണ്ട്, ഒറ്റ പെണ്‍പ്രജയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഞങ്ങൾ എട്ടാനിയന്മാരുടെ നാല് ഭാര്യമാരും കൂടിയെത്തി. ഇപ്പോൾ കിഴക്ക് ഭാഗത്ത് കൂടെ വഴി നടക്കാം എന്നു കൂടി ആയിരിക്കുന്നു. ഭാവിയിൽ ഇനിയും കൂടുതൽ പുരോഗമിച്ചേക്കാം.

ഇന്നും എന്റെ ഭാര്യ ആർത്തവസമയത്ത് വിളക്ക് കത്തിക്കാറില്ല. ചെറുപ്പത്തിൽ പറഞ്ഞ് പേടിപ്പിച്ചത് കൊണ്ടാവാം. പക്ഷേ നേരത്തേ വിവരിച്ചത് പോലെയുള്ള ഒരു സംഗതികളും നമ്മളെ ആകുലരാക്കാറില്ല. അല്ലാതെ ആ ഒരു സമയത്ത് വിളക്ക് വച്ചാൽ എന്തെങ്കിലും ഇടിഞ്ഞ് വീഴുമെന്ന് എനിക്ക് തോന്നുന്നില്ല. കരുണാമയനായ ദൈവം, അദ്ദേഹത്തെ ആരാധിച്ചതിന്റെ പേരിൽ നമ്മെ ക്രൂശിക്കുമോ? സ്ത്രീകൾക്ക് ഇങ്ങനെയുള്ള ചില സംഗതികൾ ഉണ്ടെന്ന് തമ്പുരാനും അറിയാവുന്നതല്ലേ?  വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ, പടച്ചതമ്പുരാൻ തന്നെയല്ലേ ഈ സംഗതികൾ സ്ത്രീകൾക്ക് ഒപ്പിച്ചു കൊടുത്തത്? ആർത്തവ സമയത്ത് അമ്പലങ്ങളിലും പള്ളികളിലും മറ്റ് ദേവാലയങ്ങളിലും കയറണമെന്ന് പറയുന്നില്ല. പക്ഷേ കയറിയാലും കുഴപ്പങ്ങളുണ്ടെന്ന് എന്റെ അനുഭവത്തിൽ തോന്നുന്നില്ല. വീട്ടിൽ ദേവാലയങ്ങളുള്ളവർ, പൂജാമുറികളുള്ളവർ (ദൈവം സർവ്വവ്യാപിയാണെങ്കിലും) ദൈവം പൂജാമുറിയിലേ ഉണ്ടാകൂ എന്ന ധൈര്യത്തിലാണോ ആർത്തവ സമയങ്ങളിൽ ജീവിക്കുന്നത്?

ഒരു സ്ത്രീക്ക് ഒരു അമ്പലത്തിൽ വച്ച് ആർത്തവം ഉണ്ടായാൽ എന്ത് ചെയ്യും? മിണ്ടാതെ പോയാൽ ഒരു പ്രശ്നവുമില്ല, പക്ഷേ മിണ്ടിയാൽ കുഴപ്പമായി. ദൈവത്തിന് കുഴപ്പമില്ലെങ്കിലും ദൈവത്തിന്റെ 'നടത്തിപ്പു'കാർക്ക് പ്രശ്നമാണ്. പിന്നെ പ്രശ്നം വെപ്പായി, പുണ്യാഹമായി, ദുരന്തനിവാരണക്രിയകളായി. ഇത് പോലെത്തന്നെയാണ് 'പുല'യും 'വാലായ്മ' യും. കുടുംബത്തിൽ ആരെങ്കിലും മരിച്ചാലാണ് പുല, പ്രസവിച്ചാൽ വാലായ്മ. ഇങ്ങനെ പുലയും വാലായ്മയും ഉള്ളവരെ എങ്ങനെ തിരിച്ചറിയും? അങ്ങനെയുള്ളവർ അമ്പലത്തിൽ കയറിയാൽ എന്ത് സംഭവിക്കും? ഒന്നും സംഭവിക്കില്ല. ഞാൻ തന്നെ ഉദാഹരണം. ഞാൻ എന്റെ അടുത്ത കുടുംബക്കാര് മരിച്ചപ്പോഴും പ്രസവിച്ചപ്പോഴും (വീട്ടിൽ നിന്ന് സ്വതന്ത്രനായത്തിന് ശേഷം) അമ്പലത്തിൽ പോയിട്ടുണ്ട്, വിളക്ക് വച്ചിട്ടുണ്ട്. ഇനി, എനിക്ക് വല്ല പ്രശ്നവും വന്നാൽ ഇതുകൊണ്ടാണെന്ന് ഞാൻ കരുതുകയുമില്ല. എന്ന് വച്ച് പുലയുള്ള സമയത്ത് നിങ്ങളൊക്കെ അമ്പലത്തിൽ പോകണം എന്നൊന്നും പറയാൻ ഞാനാളല്ല. വേറൊരു സംഭവം, കുട്ടികൾ അമ്പലത്തിൽ വച്ച് മൂത്രമൊഴിച്ചാലും, അപ്പിയിട്ടാലും നടക്കുന്നതാണ്. പക്ഷേ, ഇന്ന് 'ഡയപ്പർ' ധരിപ്പിച്ച്, കുട്ടികളെ അമ്പലത്തിൽ കൊണ്ടുപോയാൽ കുഴപ്പവുമില്ല. അതാവുമ്പോ, നിറഞ്ഞ് കവിഞ്ഞാൽ മാത്രമല്ലേ സംഭവം പുറത്തറിയൂ. വൃത്തികേടായത് ശരീരമായാലും സ്ഥലമായാലും ശരിയായ രീതിയിൽ വൃത്തിയാക്കിയാൽ പോരേ? സത്യത്തിൽ എല്ലാ അമ്പലങ്ങളിലും ശുചിത്വസൌകര്യങ്ങൾ വേണ്ടുവോളം ഒരുക്കിക്കൊടുക്കുകയല്ലേ വേണ്ടത്?

എന്റെ ചെറുപ്പത്തിൽ, ഒരു ശബരിമല അയ്യപ്പനെ കണ്ടപ്പോൾ എന്റെ ചെറിയമ്മ ഓടിയൊളിച്ച സംഭവം എനിക്കിന്നും ഓർമ്മയുണ്ട്. അതും ആർത്തവം കാരണമായിരുന്നു. ഈ ശബരിമല അയ്യപ്പന്മാർ മാലയിട്ടാൽ ഒരു സ്ത്രീക്ക് ആർത്തവമുണ്ടോ എന്നറിഞ്ഞതിന് ശേഷമേ ആ ഭാഗത്തേക്ക് അടുക്കുകയുള്ളോ? ശബരിമല അയ്യപ്പന്മാരെ ആർത്തവമുള്ള സ്ത്രീകൾ കയറിത്തൊടണം എന്നൊന്നും പറയുന്നില്ല. എന്നാലും അവർ തൊട്ടാൽ വല്ലതും സംഭവിക്കുമോ? ഈ അണുകുടുംബകാലത്ത് മാലയിട്ടാൽ, ഈ സ്വാമിമാർ വീട് വിട്ട് വേറെ വല്ലയിടത്തും പോയി താമസിക്കുമോ? ആർത്തവം അറിയുവാനുള്ള 'മീറ്ററു'മായിട്ടായിരിക്കുമോ ഈ സ്വാമിമാർ പൊതു ജനമദ്ധ്യത്തിലും ബസ്സിലും വണ്ടിയിലും മറ്റും കയറുന്നത്? ഇതൊക്കെ നടപ്പുള്ള കാര്യമാണോ? ഇങ്ങനെയുള്ള സാഹചര്യത്തിൽ, അയ്യപ്പന്മാരുണ്ടായിരുന്ന ബസ്സിൽ കയറിയ അമ്മയെയും മകളെയും ഇറക്കിവിടേണ്ട കാര്യം എന്തായിരുന്നു? ആ ബസ്സിൽ സ്വാമിമാർക്കായിരുന്നില്ല പ്രശ്നം എന്നാണ്‌ കേട്ടത്, പക്ഷേ കണ്ടക്ടർക്കായിരുന്നു പ്രശ്നം. 'വിവേകവും' 'വിവര'വും 'പക്വത'യുമുള്ള (ഉണ്ടാകേണ്ട) സ്വാമിമാർ, ആ കണ്ടക്ടറുടെ പ്രവൃത്തിയെ തടഞ്ഞതുമില്ല.

അതേപോലെ അസ്മ റബ്ബർ തൊഴിൽ ശാലയിൽ കക്കൂസിൽ നാപ്കിൻ നിക്ഷേപിച്ചതിന് ആരാണ് ആർത്തവക്കാരി എന്ന് കണ്ടു പിടിക്കാൻ വസ്ത്രമുരിഞ്ഞ്‌ പരിശോധിക്കാൻ മാത്രം അധഃപതിച്ചുപോയോ, നാം കേരളീയർ ? കക്കൂസിൽ നാപ്കിൻ ഇട്ടത് എന്തായാലും ശരിയായ നടപടിയല്ല. അങ്ങനെ ഇടാതിരിക്കാൻ തീർച്ചയായും ഉദ്ബോധന പരിപാടികൾ ആവശ്യമാണ്‌. പണ്ടത്തെകാലത്ത്, സ്ത്രീകൾ നാപ്കിന് പകരം പരുത്തിത്തുണികളായിരുന്നു ഉപയോഗിച്ചിരുന്നത്. അതേ തുണികൾ തന്നെ വീണ്ടും കഴുകി പുനരുപയോഗിച്ചിരുന്നു. എന്നാലിന്ന് 'യൂസ് ആൻഡ് ത്രോ' സൌകര്യമുള്ള നാപ്കിൻ, പകരം വന്നിരിക്കുന്നു.  വേസ്റ്റ് കൈകാര്യം ചെയ്യാനറിയാതെയുള്ള നാപ്കിൻ ഉപയോഗം ഒരു പാരിസ്ഥിതിക പ്രശ്നം തന്നെയാണ്. നാപ്കിൻ ഉണ്ടാക്കുന്ന ഗൗരവതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഗണിച്ചാൽ, പുനരുപയോഗം ചെയ്യാവുന്ന പണ്ടത്തെ പരുത്തിത്തുണി ഉപയോഗം തന്നെയാണ് നല്ലത് എന്ന അഭിപ്രായം തള്ളിക്കളയാൻ പറ്റില്ല. എന്ത് തന്നെയായാലും തുണിയുരിഞ്ഞുള്ള പരിശോധന തീർച്ചയായും ശക്തിയുക്തം ചെറുക്കപ്പെടേണ്ടാതാണ്, നിരോധിക്കപ്പെടേണ്ടതാണ്, അധാർമ്മികമാണ്. അങ്ങനെ ചെയ്തവരെ ശിക്ഷിക്കേണ്ടതാണ്. ഇനി, ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ല എന്ന് നാം ഉറപ്പ് വരുത്തേണ്ടതുണ്ട്.  ഈത്തരുണത്തിൽ, ഒരു ഉദ്ബോധനത്തിനു വേണ്ടിയെങ്കിലും 'നാപ്കിൻ' സമരം തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യമാണ് എന്ന് തന്നെ ഞാൻ കരുതുന്നു.

സ്ത്രീക്ക് സ്ത്രീയുടെയും പുരുഷന് പുരുഷന്റെതുമായുള്ള ശാരീരികമായ കാര്യങ്ങളുണ്ട്. അതിൽ ജാതിയോ മതമോ ഒന്നുമില്ല. ആ വ്യത്യാസം പരസ്പരം ബഹുമാനത്തോടെ മനസ്സിലാക്കണം. ആ ശാരീരികമായ പ്രവർത്തനവ്യത്യാസം ആദ്ധ്യാത്മികതലത്തിൽ വ്യത്യാസങ്ങളുണ്ടാക്കേണ്ടതുണ്ടോ? ശരീരം വൃത്തിയായി സൂക്ഷിച്ചാൽ പോരേ ? ആർത്തവം ഒരു 'വലിയ സംഭവം'  ഒന്നുമല്ല. ആർത്തവം പാപമോ ശാപമോ അല്ല. ആർത്തവത്തിൽ നാണിക്കേണ്ടതായിട്ടൊന്നുമില്ല. ആർത്തവത്തെ ഒരു സാധാരണ സംഭവമായി മാത്രം കരുതിയാൽ മതി. ആ സമയത്ത് ശാസ്ത്രീയമായി ചെയ്യാൻ പാടില്ലാത്തതായിട്ടുള്ള ചുരുക്കം ചില കാര്യങ്ങളൊഴിച്ച് സാധാരണ പോലെ ജീവിക്കാൻ പറ്റണം. ആർത്തവസമയത്ത് ശാരീരികാസ്വാസ്ഥ്യങ്ങളുള്ളവർ വിശ്രമിക്കട്ടെ.  മറ്റ് മതങ്ങളിലും ഇതര സ്ഥലങ്ങളിലും ആർത്തവത്തെ സംബന്ധിച്ച് പല പല രീതികളിലുള്ള  ആചാരങ്ങൾ നിലവിലുണ്ട്. എന്തായിരുന്നാലും, ആരോ ഏതോ സാഹചര്യത്തിൽ നടത്തി എന്ന് പറയുന്ന എന്തെങ്കിലും കാര്യങ്ങൾ, കണ്ണും പൂട്ടി, ഇന്നത്തെക്കാലത്ത് ആചരങ്ങളായി മാറുമ്പോൾ, ആ ആചാരങ്ങളിൽ കഴമ്പില്ലെങ്കിൽ അവ മാറിയേ പറ്റൂ... അല്ലെങ്കിൽ വിശ്വാസം കപടമായിപ്പോവും... ഭഗവാനും മനുഷ്യനും എല്ലാ സമയത്തും ഏത് സാഹചര്യത്തിലും ഭയപ്പാടില്ലാതെ, സ്നേഹത്തോടെ ഇടപഴകി ജീവിക്കാൻ കഴിയട്ടെ !


*****

11 അഭിപ്രായങ്ങൾ:

  1. സത്യ സന്ധമായൊരു ലേഖനം .ഒരു സ്ത്രീയുടെ അനുഭവ കുറിപ്പാണ് എന്ന് ആദ്യം കരുതി .എന്നാല്‍ മറ്റൊരു പക്ഷത്തിന്റെ എന്നായപ്പോള്‍ തീവ്രത കൂടി,
    ഒരു മനുഷ്യനും പുരുഷനും എന്ന നിലയില്‍ ഞാന്‍ എന്റെ ഭാര്യയോട് നീതി പുലര്‍ത്തുന്നു എന്ന് വിശ്വസിക്കുന്നത് ശ്രീമതി മാധവി കുട്ടിയുടെ "എന്റെ കഥ "എന്ന ആത്മ കഥാംശം നിറഞ്ഞ പുസ്തകം വായിച്ചത് കൊണ്ടാണ്
    ആചാരങ്ങള്‍ അന്ധ വിശ്വാസത്തിന്റെ ഭാഗമാണ് .ആത് ജീവിതവുമായി ഒരു ബന്ധവും ഇല്ല.ആര്‍ത്തവ കാലത്താണ് സ്ത്രീ പുരുഷ സാമീപ്യം ഏറെ ആസ്വദിക്കുന്നത് .അത് ലൈംഗികതയുമായി ബന്ധം ഇല്ല.
    ഒരു വസ്തുവും ടോയിലെറ്റില്‍ ഉപേക്ഷിക്കാന്‍ പാടില്ല .അത് ഉപേക്ഷിച്ചവന്റെ അടി വസ്ത്രം പരിശോധിക്കുന്നത് ഫ്യുടല്‍ വ്യവസ്ഥിതിയുടെ ഭാഗമാണ്,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ മഹർഷി എന്ന പേരെനിക്ക് ഇഷ്ടപ്പെട്ടു. വായിച്ചതിനും അഭിപ്രായമരിയിച്ചതിനും നന്ദി. ഒരു കുറിപ്പെഴുതി, അതിന് നല്ലൊരഭിപ്രായം കിട്ടുക എന്നത് എഴുതിയ ആളെ സംബന്ധിച്ചടുത്തോളം വളരെ സന്തോഷദായകമാണ്.

      ഈ കുറിപ്പിലൂടെ ഇനിയെല്ലാം ശരിയാകുമെന്നോ എല്ലാം ശരിയാക്കിക്കളയാമെന്നോ ഉള്ള ധാരണയൊന്നുമില്ല. എന്നിരുന്നാലും ചില സംഭവങ്ങൾ കാണുമ്പോൾ മനസ്സിന്റെ ഉള്ളിൽ നിന്ന് വന്നുപോയ ചില വിങ്ങലുകൾക്ക് അക്ഷരത്തിന്റെ ഒരു രൂപം കൊടുത്തു എന്നേ ഉള്ളൂ. ആരെങ്കിലും വായിക്കാൻ മനസ്സ് കാണിക്കുകയാണെങ്കിൽ കുറച്ചെങ്കിലും ചിന്തോദ്ദീപാകമാകും എന്ന ഉദ്ദേശം മാത്രം.

      ഇല്ലാതാക്കൂ
  2. ഈ സംഭവം വാർത്തയിൽ വന്നതുതന്നെ കേരളം മുൻപോട്ടു തന്നെ നീങ്ങുന്നു എന്നുള്ളതിന്റെ ലക്ഷണം ആയിരിക്കും അല്ലെ. മുൻപോട്ടു നീങ്ങുമ്പോൾ പല കുണ്ടിലും ചെളിയിലും ചാടുന്നുണ്ടെങ്കിലും. വളർച്ചയുടെ ഭാഗമാണ് എന്ന് കരുതി ആശ്വസിക്കുക അല്ലാതെ എന്താ ചെയ്യുക!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, ഇങ്ങനെയുള്ള വാർത്തകൾ ഉയരുക തന്നെ വേണം. തിരുത്തലുകൾ ഉണ്ടായേ പറ്റൂ. നാം പൂർണ്ണരാണ് എന്ന ധാരണ ഈത്തരം വാർത്തകളിലൂടെ മാത്രമേ പൊളിയുകയുള്ളൂ.

      ഇല്ലാതാക്കൂ
  3. Facebook Sharing by Dilip Nambiar:

    വേണൂ,ചില വിഷയങ്ങളിൽ നമ്മൾ കൊമ്പു കോർതിട്ടുണ്ടെങ്കിലും ഈ വിഷയത്തോട് ഞാനും പൂർണമായി യോജിക്കുന്നു.. സ്‌ത്രീകളുടെ ആര്തവത്തിനു മനുഷ്യകുലം നിലനിർതുന്നതിലുളള പങ്കു ചെറുതല്ല. ലോകത്തെമ്പാടുമുള്ള സ്ത്രീകൾക്ക് ആർത്തവം എന്ന പ്രക്രിയ നടന്നില്ലെങ്കിൽ ഈ ഭൂമിയിൽ ജനനവും ഇല്ലെന്നർതം.
    കുറച്ചു നാൾ മുൻപ് ഏറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നടന്നത് തികച്ചും ബാലിശവും അപലപനീയവും ആണ്.. ജോലിസ്ഥലത്ത്‌ ജൊലിസമയതു പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സ്ത്രീക്കും പുരുഷനും അവകാശമുണ്ട്‌, അതിനുള്ള അടിസ്ഥാന സൌകര്യം ഒരുക്കാനുള്ള ബാധ്യത തൊഴിലുടമക്കും ഉണ്ട്.. പക്ഷെ കക്കൂസിൽ അത്തരം മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കാൻ സഹോദരിമാരും ശ്രദ്ധിക്കണം. അത് ഒരു മാലിന്യനിക്ഷേപ സംഭരണിയിൽ തന്നെ നിക്ഷേപിക്കുക....
    അത് പോലെ തന്നെ പംബയിലേക്കുള്ള ബസ്സിൽ നിന്നും സ്ത്രീയെയും കുഞ്ഞുങ്ങളെയും ഇറക്കിവിട്ടതിനോടും ഒരിക്കലും യോജിക്കാൻ പറ്റില്ല. ഞാനും ഒരു ദൈവ വിശ്വാസി ആണ്, ഞാനും നാല്പത്തൊന്നു ദിവസം വ്രതമെടുത്തു, മാലയിട്ടു ശബരിമലയിൽ എത്താറുണ്ട് മിക്ക വര്ഷവും..ഒരു അണ് കുടുംബത്തിൽ ജീവിക്കുന്ന എനിക്ക് എന്നത്തേയും പോലെ എന്റെ ഭാര്യ രാവിലെ എഴുനേറ്റു കുളിച്ചു ഭക്ഷണം പാകം ചെയ്തു തരാറുണ്ട്, ആർതവ കാലത്തും.. എന്നിട്ടു മല ചവിട്ടിയിട്ടു എന്നെ പുലി പിടിചിട്ടോ, ദര്ശനം കിട്ടതിരുന്നിട്ടൊ ഇല്ല.. ഇത്തരം അന്ധ വിശ്വാസങ്ങൾ അവസാനിപ്പിക്കാൻ ഓരോരുത്തരും ശ്രമിക്കണം...
    അതുപോലെ തന്നെ ഒരു കൊച്ചു കുഞ്ഞു മൂത്രമൊഴിച്ചാൽ ഒരു ദേവന്റെയും പരിശുദ്ധി നഷ്ടപെടില്ല.. നിങ്ങൾ പറഞ്ഞ പോലെ നാലാൾ അറിഞ്ഞാലേ പ്രശ്നമുള്ളൂ, ഡയപ്പർ കെട്ടിയ കുട്ടി മൂത്രമോഴിച്ചിട്ടുണ്ടോ എന്നറിയാൻ ക്ഷെത്രപാലകർക്കു വല്ല ഉപകരണവും കണ്ടുപിടിക്കേണ്ടി വരും.. ഇത്തരം ചില സന്ദർഭങ്ങൾ എന്നെ സഹായിച്ചിട്ടും ചോടിപ്പിച്ചിട്ടും ഉണ്ട്.. ഒരിക്കൽ ഗുരുവായൂരിൽ ദർശനത്തിനു കാത്തിരിക്കയായിരുന്നു ഞാനും കുടുംബവും.. എന്റെ ചെറിയ മകന് ഏകദേശം മൂന്നുമാസം പ്രായം, ഒപ്പം ഭാര്യയും, മൂത്ത മോനും. ശ്രീകോവിലിന്റെ പടി കടക്കുമ്പോൾ എന്റെ കയ്യിലുണ്ടായിരുന്ന മോന്റെ തല ചെറുതായി ഒന്ന് മുട്ടി, അവൻ കരച്ചിലും തുടങ്ങി.. ഉടനെ എത്തി കരയുന്ന കുഞ്ഞിനേയും കുടുംബത്തെയും തേടി ക്ഷേത്രപാലകർ. നമ്മളെ നാല് പേരെയും കൂട്ടി നേരെ ശ്രീകോവിലിന്റെ മുന്നിലേക്ക്‌.. തൊഴാൻ എല്ലാ സൌകര്യങ്ങളും ചെയ്തു തന്നു.. ഭഗവാനെ കണ്‍ കുളിർക്കെ കണ്ടു.. പിറ്റത്തെ വര്ഷം ഗുരുവായൂർ എത്തിയപ്പോൾ ഭാര്യ കളിയായെങ്കിലും പറഞ്ഞു "മോനു ചെറുതായി ഒരു നുള്ള് കൊടുത്തോ, അവൻ കരഞ്ഞാൽ നമുക്ക് സുഖമായി ദൈവത്തെ കാണാൻ പറ്റും എന്നു".
    മറ്റൊരിക്കൽ കാടാമ്പുഴ ക്ഷേത്രത്തിൽ എത്തിയപ്പോൾ അവിടത്തെ ക്ഷേത്രപാലകരുമായി സാമാന്യം ഭേദപ്പെട്ട രീതിയിൽ ഒന്ന് ഉടക്കുകയും ചെയ്തു.. എന്റെ മോൻ ഇട്ടിരുന്നത് പാന്റ് ആയിരുന്നു, ഞാൻ അത് പകുതിവരെ മടക്കി വച്ച് ഹാഫ് ട്രൌസർ പരുവത്തിൽ ആക്കി. ദർശനത്തിനു നിന്ന മറ്റു കുട്ടികളേക്കാളും ചെറിയട്രൌസർ ആയി എന്റെ മോന്റെത്.. ഇത് കണ്ടപ്പോൾ അവിടത്തെ ക്ഷേത്രപാലകന് തീരെ സഹിച്ചില്ല, പാന്റിനെ ട്രൌസർ ആക്കിയാൽ ദൈവത്തിനു പിടിക്കില്ല പോലും. ആ മാന്യ ദേഹം ധരിച്ചതും പാന്റ് ആണെന്നത് മറ്റൊരു സത്യം. ഉള്ളിലേക്ക് കടത്തില്ലെന്നു ക്ഷേത്രപാലകനും, താൻ പാന്റ് അഴിച്ചു മാറ്റിയാൽ മാത്രമേ ഞാൻ എന്റെ കുട്ടിയുടെ പാന്റ അഴിക്കൂ എന്ന് ഞാനും.. കുറച്ചു നേരത്തെ വാഗ്വാതത്തിനു ശേഷം, അവിടത്തെ ഭരണാധികാരിയുടെ ഇടപെടലോടെ ഞങ്ങൾക്കും ഉള്ളിലേക്ക് പ്രവേശിക്കാനായി.. കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു കാടത്തം.. വിസ്വസതെയല്ല, മറിച്ചു വേഷ ഭൂഷാതികൾ നോക്കി ദൈവ ദര്ശനം.. തികച്ചും അടിസ്ഥാനമില്ലാത്ത ഒരു ആചാരം. ഇനിയെങ്കിലും നമ്മൾ മാറിയെ പറ്റൂ...

    Naaraayam സന്തോഷം ദിലീപേട്ടാ... നിങ്ങൾ പറഞ്ഞത് പോലെയുള്ള കാതലില്ലാത്ത, യുക്തിയില്ലാത്ത കാര്യങ്ങളെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. നമ്മളിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അത് മാറ്റാൻ ആദ്യം ശ്രമിക്കുക്ക, എന്നിട്ടാവട്ടെ മറ്റുള്ളവരെ കുറ്റം പറയുന്നത്. അങ്ങനെയുള്ള കാര്യങ്ങളെ മാനുഷിക മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ചോദ്യം ചെയ്യാനും തിരുത്താനും ഓരോരുത്തരും തയ്യാറായാൽ കുടുംബവും സമൂഹവും തദ്വാരാ രാഷ്ട്രവും ലോകവും നന്നാവും.

    മറുപടിഇല്ലാതാക്കൂ
  4. ലേഖനത്തിന് (പ്രത്യേകിച്ച് 'ബോള്‍ഡ്'ല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ) ഒരായിരം കൈയടികള്‍... മൈക്രോമാക്സിന്റെ ഒരു പരസ്യത്തില്‍ പറയുന്നുണ്ടല്ലോ Technology doesn't Discriminate എന്ന്. പഴയ സാമൂഹിക ചുറ്റുപാടുകളില്‍ നിന്നും ഏറെ മുന്നോട്ടു വന്ന് നില്‍ക്കുകയാണെങ്കിലും ഇപ്പോഴും പഴയകാലത്തിന്റെ ആചാരങ്ങള്‍ ഗൂഡമായി പിന്തുടരുന്നു എന്നത് നിരാശജനകം തന്നെ. കാലം ഇനിയും കുറേ മുന്നോട്ടു പോകുമ്പോള്‍ ഇതിലൊക്കെ മാറ്റമുണ്ടാകും എന്ന് പ്രത്യാശിക്കാം. Technology, ഡിസ്ക്രിമിനേറ്റ് ചെയ്യതിരിക്കട്ടെ.
    എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നടന്നത് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടേണ്ട സംഭവമാണ്. അതില്‍ തീര്‍ച്ചയായും നടപടി ഉണ്ടാവുകയും വേണം.
    ജനിതകപരമായ വ്യത്യാസങ്ങള്‍ ഉള്ളത് കൊണ്ട് സ്ത്രീയെ മാത്രം വിലക്കുന്നത് ന്യായമാകുന്നത് എങ്ങനെ? ചിലയിടങ്ങളില്‍ (ചില സാഹചര്യങ്ങളിലും) സ്ത്രീകള്‍ക്ക് പ്രവേശനമില്ല. എന്നാല്‍ അവിടങ്ങളില്‍ (ഏതു സാഹചര്യത്തിലും) പുരുഷന് പ്രവേശിക്കാം! വിരോധാഭാസം എന്നല്ലാതെ എന്താണ് പറയുക.
    കാലം അതിന്റെ ചലനം കൊണ്ട് വലിയ മാറ്റങ്ങള്‍ ഇത്യാദി വിഷയങ്ങളിലും ഉണ്ടാക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ചതിനും അഭിപ്രായം പങ്കുവച്ചതിനും പ്രിൻസിന് വളരെയധികം നന്ദി.

      പ്രിൻസ് പറഞ്ഞത് വളരെ ശരിയാണ്. ജനിതക വൈവിധ്യം സ്ത്രീക്ക് മാത്രം ബാധകമാക്കുന്നത് പുരുഷന്റെ 'ഫ്യൂഡൽ' ചിന്താഗതിയാണ്. ഒരു സംശയവുമില്ല. അതിന് ദൈവത്തിന്റെ കൂടെ കൂട്ട് പിടിക്കുമ്പോൾ 'അബല'യായ സ്ത്രീ പേടിക്കാനും അനുസരിക്കാനും തുടങ്ങുന്നു. ബഹുഭാര്യാത്വം ഉണ്ടായതിന് ഒരു കാരണം തന്നെ സ്ത്രീയുടെ ആർത്തവമായിരിക്കാം.

      ഇല്ലാതാക്കൂ
  5. വളരെ നന്ന് സുഹൃത്തേ ഈ തുറന്നെഴുത്തിനു ....ഇതൊരു സ്ത്രീ വിഷയം മാത്രമായി കാണാത്തവർ ഉണ്ടെന്നറിയുന്നത്‌ ചെറുതല്ലാത്ത സന്തോഷം തരുന്നു......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രതികരിച്ചതിന് വളരെ നന്ദി അനീഷ്യാ. എന്റെ ജീവിതാനുഭവങ്ങളിലൂടെ ഒരു വലിയ കാര്യത്തെക്കുറിച്ച് ചെറുതായി പറയാൻ ശ്രമിച്ചു എന്നേ ഉള്ളൂ. വായനക്കാർ ചിന്തിച്ച് തീരുമാനങ്ങളെടുക്കട്ടെ. കഴമ്പുണ്ടെങ്കിൽ മറ്റുള്ളവരോടും പറയട്ടെ.

      ഇല്ലാതാക്കൂ
  6. വൈകിയാണെങ്കിലും ഇങ്ങനെ ഒരു ലേഖനം , അതും ഒരു പുരുഷൻ എഴുതിയതു വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ..കാലം മാറിയിട്ടും ഇന്നും പരമ്പരാഗത രീതികളെ വലിച്ചിഴച്ചു അനാവശ്യമായി വ്യാഖ്യാനിക്കുന്ന രീതിയാണ് നമുക്ക് ചുറ്റും നടക്കുന്നത് ...അതിനെതിരെ ഇങ്ങനെ തുറന്നു സംസാരിക്കാൻ ധൈര്യം കാണിച്ച നല്ല മനസ്സിനെ അഭിനന്ദിക്കുന്നു ......എല്ലാവരും താങ്കളെ പോലെ ചിന്തിച്ചിരുന്നെങ്കിൽ ........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബിസ്മിതയുടെ നല്ല വാക്കുകൾക്ക് നന്ദി. കാലം കടന്ന് പോകുന്തോറും മനുഷ്യൻ മാനവികത മറന്ന്, മതത്തിന്റെയും ജാതിയുടെയും മതിലുകൾ തീർത്ത്, ആ മതിലുകൾക്കുള്ളിൽ, വെറും ഭാവനാ സൃഷ്ടിയായ ദൈവത്തിന്റെ പേരും പറഞ്ഞ് ലിംഗഭേദത്തിന്റെ ഉപമതിലുകൾ തീർക്കുമ്പോൾ, മനുഷ്യന്റെ ചിന്താധാര അടിച്ചമർത്തി അവരെ വെറും കൂപമണ്ഡൂകങ്ങളാക്കി ചൂഷണം ചെയ്യുന്ന വിഭാഗത്തോട് ചില അനുഭവങ്ങൾ നിരത്തി ചില ചോദ്യങ്ങൾ ചോദിച്ചു എന്നേ ഉള്ളൂ.

      ഇല്ലാതാക്കൂ