2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

പഞ്ചഭൂതങ്ങളും സ്ത്രീയും

(വാഷിങ്ങ്ടണ്‍ ഡി സി യിലെ മലയാളി സംഘടനയായ കെ സി എസ്,  2013 ഏപ്രിലിലെ 'സമ്മർ ഡ്രീംസ്' എന്ന കാര്യപരിപാടിയിലേക്ക് നിശ്ചയിച്ച ആശയം 'പഞ്ചഭൂതങ്ങളും മനുഷ്യജീവിതവും' എന്നതായിരുന്നു. ഈ ആശയത്തോടനുബന്ധിച്ച് സുഹൃത്തായ ശ്രീമതി. മഞ്ജുള ദാസ്, ഒരു നൃത്തരൂപം അവതരിപ്പിക്കാൻ തീരുമാനിച്ചു. ആ നൃത്തരൂപത്തിന്റെ ആശയം 'പഞ്ചഭൂതങ്ങളും സ്ത്രീയും' എന്നതായിരുന്നു. ഈ നൃത്തരൂപത്തിന് വേണ്ടി ഒരു ആമുഖവും ഒരു സമാപന പദശൃംഖലയും തയ്യറാക്കിത്തരുവാൻ  മഞ്ജുള ദാസ് എന്നോട് അഭ്യർത്ഥിച്ചു. പക്ഷേ പഞ്ചഭൂതങ്ങളെപ്പറ്റി എനിക്കറിയാവുന്ന സംഭവങ്ങളൊക്കെയും തിരഞ്ഞു കിട്ടിയതൊക്കെയും 'പഞ്ചഭൂതങ്ങളും മനുഷ്യജീവിതവും' എന്ന മുഖ്യ ആശയത്തിന് വേണ്ടി കൊടുത്ത് കഴിഞ്ഞതു കാരണം വേറെ ഒന്നും പുതുതായി എന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ദിവസം ഒരു സായാഹ്നത്തിൽ ഇത്തിരി മധുപാനത്തിന്റെ അകമ്പടിയോടെ വാഗ്ദേവതയെ ധ്യാനിച്ച് എഴുതിയതാണ് താഴെക്കാണുന്ന  'പഞ്ചഭൂതങ്ങളും സ്ത്രീയും' എന്ന എന്റെ ഈ സൃഷ്ടി  :) )

ശ്രീ

നൃത്താവിഷ്കാരത്തിനു മുന്നേ:

പഞ്ചഭൂത സമന്വയേ, സർവ്വ നിർമാണകാരണേ 
നമസ്തേ പ്രകൃതി സമ്പൂർണേനാരീ സർവ്വ ജന്മ ദായികേ 
പഞ്ചഭൂത പരംബ്രഹ്മഃപ്രകൃതം അംഗനാബലം
നമസ്തേ വനിതേ ലോലേ ഗേഹ മംഗള ദായികേ 

(നിലവിലുള്ള ഏതൊരു പുരാണങ്ങളിലും ഉപനിഷത്തുകളിലും വേദങ്ങളിലും ഈ ശ്ലോകം നിങ്ങൾക്ക് ദർശിക്കാൻ കഴിയില്ല. പേടിക്കേണ്ട, ഈ ശ്ലോകവും എന്റെ തന്നെ സൃഷ്ടിയാണ് !)

അതെ അതാണ്‌ സ്ത്രീ! സ്ത്രീ അമ്മയാണ്. ഗൃഹത്തിന്റെ ശ്രീ ആണ്. പ്രപഞ്ചത്തിലെ എല്ലാ  നിർമ്മിതികൾക്കും അവസ്ഥകൾക്കും പഞ്ചഭൂതങ്ങൾ കാരണമായതു പോലെ നമ്മുടെ ഒക്കെ ജനനത്തിനും ദൈനംദിന ജീവിതത്തിലെ താളത്തിനും സർവ്വോപരി ഗൃഹാന്തരീക്ഷം സ്വർഗ്ഗ സമാനമാക്കുന്നതിനും സ്ത്രീ കാരണമാകുന്നു. നമ്മുടെ കർമ്മങ്ങൾ പഞ്ചഭൂത അനുപാതത്തെ മാറ്റിമറിച്ചാൽ പ്രകൃതിക്ഷോഭം ഉണ്ടാകുന്നതുപോലെ കുഞ്ഞായും പ്രണയിനിയായും അമ്മയായും സർവ്വംസഹയായും ഉള്ള സ്ത്രീഭാവങ്ങൾ പ്രകോപിതമായാൽ അവനവന്റെ സർവ്വനാശം ഫലം. 

ആ സ്ത്രീയുടെ നാട്യഭാവങ്ങളിൽ കൂടി നമുക്ക് പഞ്ചഭൂതഭാവങ്ങളെ ഒന്ന് കണ്ടുനോക്കാം. ആകാശഭാവങ്ങളെ നമ്മുടെ സ്വന്തം കഥകളിയിലൂടെയും വായുവിന്റെ ഭാവങ്ങളെ മോഹിനിയാട്ടത്തിലൂടെയും അഗ്നിഭാവങ്ങളെ ഭാരതനാട്യത്തിലൂടെയും ജലത്തിന്റെ ഭാവങ്ങളെ ഒഡീസ്സിരൂപത്തിലൂടെയും അവസാനമായി സർവ്വം സഹയായ ഭൂമിയുടെ ഭാവങ്ങളെ കുച്ചിപ്പുടിരൂപത്തിലൂടെയും കോർത്തിണക്കിയുള്ള ഒരു നയനമനോഹരമായ ദൃശ്യാവിഷ്കാരം. 

 നൃത്താവിഷ്കാരത്തിനു ശേഷം:

“ദേവി”,  "ഭാരതീയനാരി" എന്നൊക്കെ സ്ത്രീ സങ്കല്പമുള്ള നമ്മുടെ ഭാരതത്തിൽ സ്ത്രീകൾ ഇന്ന് സുരക്ഷിതരാണോ? എന്തിനു നമ്മുടെ ഭാരതം മാത്രം, ഈ ലോകമൊട്ടുക്കും സ്ത്രീകൾക്ക് വേണ്ടവിധം പരിരക്ഷ നല്കുന്നുണ്ടോ? സ്ത്രീ സംരക്ഷണനിയമങ്ങൾ ഉണ്ടെങ്കിലും അവ ശരിയായി പരിപാലിക്കപ്പെടുന്നുണ്ടോ?

അബല എന്ന് മുദ്രകുത്തപ്പെട്ട സ്ത്രീ ശരിക്കും അബല ആണോ? സ്ത്രീ സ്വയം അവളുടെ ശക്തി തിരിച്ചറിയാതിരിക്കുകയും  അവർ സംരക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ എവിടെ നിന്നെങ്കിലും ഒരു തിരിനാളം അവൾക്ക് ശക്തി പകരാൻ, നാളെയിലേക്ക് ആളിപ്പടരാൻ  കൊളുത്തേണ്ടിയിരിക്കുന്നു. 

ഈ വസന്തത്തിലെ പഞ്ചഭൂതസന്ധ്യയിൽ പഞ്ചഭൂതങ്ങളുടെ പല ഭാവങ്ങളും ആവിഷ്കരിച്ചതു നിങ്ങൾ കണ്ടു. മനസ്സിന്റെ ഘടന പോലെ തെളിഞ്ഞ ആകാശവും കാർമേഘം മൂടിയ ആകാശവും കണ്ടു. വായുവിനെ നമ്മെ തഴുകുന്ന ഇളം തെന്നലായും എല്ലാം പിഴുതെറിയുന്ന കൊടുങ്കാറ്റായും കണ്ടു. അഗ്നിയെ നമുക്ക് വെളിച്ചം തരുന്ന ദീപനാളമായും സർവ്വതും ചുട്ടെരിക്കുന്ന അഗ്നിഗോളമായും കണ്ടു. 

അതുപോലെ ജലത്തെ ദാഹജലമായും അരുവിയായും  എന്നാൽ കോപിഷ്ഠയായാൽ പ്രളയമായും പേമാരിയായും ദർശിച്ചു. നാം വസിക്കുന്ന ഭൂമിയെ സർവ്വംസഹയായും പ്രകോപിതമായാൽ ഭൂകമ്പമായും കണ്ടു. ഈ അവസ്ഥാന്തരങ്ങളെ അതാതിന്റെ തീവ്രമായ ഭാവങ്ങളിൽ സ്ത്രീയിൽ സമ്മേളിച്ചിരിക്കുന്നു. അവൾ അത് അവസരോചിതമായി പ്രകടിപ്പിക്കുന്നു. 

മകളായും കാമുകിയായും അമ്മയായും മുത്തശ്ശിയായും സ്നേഹവാൽസല്യം ചൊരിയുന്ന സ്ത്രീകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്. അവളെ കാളിയോ ദുർഗ്ഗയോ ആക്കാതിരിക്കുക. അതിനു മുന്നോടിയായി നിങ്ങളെ ഓരോരുത്തരെയും പ്രേരിപ്പിക്കുവാൻ ഈ പഞ്ചഭൂതനൃത്താവിഷ്കാരം ഈ ഭൂമിയിലെ ഓരോ സ്ത്രീ ജന്മത്തിനും സമർപ്പിക്കുന്നു.

സർവ്വംസഹയായ ദേവീ ഉണരുക! നിങ്ങളെ ഉപദ്രവിക്കുന്നവരെ ഉന്മൂലനാശനം ചെയ്യാൻ മഹിഷാസുരമർദ്ദിനിയെപ്പോലെ ശക്തിയാർജ്ജിക്കുക! 

***********

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ