2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

പഞ്ചഭൂതങ്ങളും മനുഷ്യജീവിതവും

(വാഷിങ്ങ്ടണ്‍ ഡി സി യിലെ മലയാളി സംഘടനയായ കെ സി എസ്,  2013 ഏപ്രിലിലെ 'സമ്മർ ഡ്രീംസ്' എന്ന കാര്യപരിപാടിയിലേക്ക് നിശ്ചയിച്ച ആശയം 'പഞ്ചഭൂതങ്ങളും മനുഷ്യജീവിതവും' എന്നതായിരുന്നു. ഈ ആശയത്തെ ഒന്ന് വിപുലീകരിച്ചു കൊടുക്കുവാൻ സംഘടനയുടെ വിനോദസമിതി അദ്ധ്യക്ഷനും എന്റെ സുഹൃത്തുമായ  ശ്രീ. സുരേഷ് നായർ എന്നോട് ആവശ്യപ്പെടുകയുണ്ടായി. ഞാൻ പഞ്ചഭൂതത്തെപ്പറ്റി എനിക്കറിയാവുന്ന വിവരങ്ങളും ചില പുസ്തകങ്ങൾ വായിച്ചും ഗൂഗിൾ എന്ന മഹാസാഗരം തിരഞ്ഞും ക്രോഡീകരിചു തയ്യാറാക്കിയ ചില വിവരങ്ങൾ:)

ശ്രീ


ഭാരതീയ സംസ്കൃതിയും പുരാണങ്ങളും പ്രകാരം പ്രപഞ്ചത്തിലെ എല്ലാ  നിർമ്മിതികൾക്കും അവസ്ഥകൾക്കും കാരണഹേതുക്കളായിരിക്കുന്നത്  പഞ്ചഭൂതങ്ങൾ ആണ്. നമ്മുടെ പ്രപഞ്ചം പഞ്ചഭൂതങ്ങളുടെ ഒരു സന്തുലിത സമ്മേളനമാണ്. നമ്മുടെ ശരീരവും ഭൂമിയും പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്ശരീരത്തിലെ പേശികളും എല്ലുകളും മണ്ണിനെ അഥവാ ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു. രക്തവും മറ്റു സ്രവങ്ങളും ജലത്തിനെ പ്രതിനിധാനം ചെയ്യുന്നു. ശരീരത്തിന്റെ ഊഷ്മാവ് അഗ്നിയെയും പ്രാണവായു വായുവിനെയും ആത്മാവ് ആകാശത്തെയും പ്രതിനിധാനം ചെയ്യുന്നു

നമ്മുടെ  മനുഷ്യ ശരീരത്തിലെ പഞ്ചേന്ത്രിയങ്ങളിലോരോന്നിനും പഞ്ചഭൂതങ്ങളിലെ ഓരോ ഘടകങ്ങളുമായി പരസ്പര ബന്ധം ഉണ്ട്, പഞ്ചേന്ദ്രിയങ്ങളിൽ ഓരോന്നിനും പഞ്ചഭൂതങ്ങളിൽ അതിന്റെ പ്രതിരൂപങ്ങളുണ്ട്

പഞ്ചഭൂതങ്ങളും അതിന്റെ മനുഷ്യശരീര  പ്രതിരൂപങ്ങളും:

കാത് ആകാശത്തിന്റെ പ്രതിരൂപമാകുന്നു. കാരണം ആകാശം പ്രപഞ്ച ശബ്ദങ്ങളുടെ മാധ്യമം ആകുന്നു പ്രപഞ്ചത്തിലെ തരംഗങ്ങളെ ശരീരത്തിൽ സന്നിവേശിപ്പിക്കാൻ കാതു കൂടാതെ പറ്റില്ല

തൊലി വായുവിന്റെ പ്രതിരൂപമാകുന്നു. മന്ദമാരുതന്റെ സ്പർശം അറിയാൻ തൊലി തന്നെ വേണമല്ലോഅന്തരീക്ഷത്തിലെ ചൂടും തണുപ്പും അറിയാനുള്ള മാധ്യമം തൊലിയാണ്. അന്തരീക്ഷവുമായി ശരീരം സംവദിക്കുന്നത് തൊലിയിലൂടെയാണ്

 കണ്ണ് അഗ്നിയുടെ പ്രതിരൂപമാകുന്നു. കണ്ണിലൂടെ മാത്രമേ പ്രകാശത്തെ കാണാനാവൂ. കണ്ണിലൂടെ നമ്മുടെ ഉള്ളിലുള്ള പ്രകാശത്തെ നമുക്ക് മറ്റുള്ളവരിലേക്ക് പല രീതിയിൽ പ്രതിഫലിപ്പിക്കാൻ സാദ്ധ്യമാകുന്നു

നാക്ക് ജലത്തിന്റെ പ്രതിരൂപം. ഉമിനീരില്ലാതെ നമുക്ക് രുചിച്ചു നോക്കാൻ പറ്റുമോ?  വറ്റി വരണ്ട നാക്കിനു പ്രസക്തിയില്ലാത്തത് പോലെ ജലം ഇല്ലാതെ നമുക്ക് നിലനില്പില്ല

മൂക്ക് ഭൂമി യുടെ പ്രതിരൂപമാകുന്നു. ഭൂമിയെ അഥവാ മണ്ണിനെ മണത്തു നമുക്ക് അറിയാൻ പറ്റുന്നുമണ്ണിലെ പ്രതലത്തെ മൂക്കിന്റെ കിടപ്പിനെയും രൂപത്തെയും വളരെ അർത്ഥവത്തായ രീതിയിൽ താരതമ്യം ചെയ്യാം. വാസന നമ്മിൽ ചിന്തകൾ ഉദ്ദീപിപ്പിക്കുന്ന പോലെ താമസിക്കുന്ന ഭൂമിയും നമ്മിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു

പഞ്ചേന്ദ്രിയങ്ങളും പഞ്ചഭൂതങ്ങളും തമ്മിലുള്ള ആശയവിനിമയത്തിലൂടെ നാം നമ്മുടെ പ്രപഞ്ചത്തെ അറിയുന്നു. പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥയിൽ മാറ്റങ്ങളുണ്ടാവുമ്പോൾ  ഭൂമിയിൽ അനർഥങ്ങളും ശരീരത്തിൽ രോഗങ്ങളും ഉണ്ടാകുന്നു

പഞ്ചഭൂതങ്ങളും അതിന്റെ ഭാവങ്ങളും:

ആകാശം ഒഴിച്ചുള്ള എല്ലാ പഞ്ചഭൂത ഘടകങ്ങളെയും നമുക്ക് രണ്ടായി തരംതിരിക്കാം. നിത്യവും അനിത്യവും. പരമാണുവിനെ നമുക്ക് നശിപ്പിക്കാൻ അസാദ്ധ്യമാണ്. പക്ഷെ പരമാണു കൊണ്ട് പ്രവർത്തിയിലൂടെ ഉണ്ടാക്കിയെടുത്ത വസ്തുക്കളെ നമുക്ക് നശിപ്പിക്കാൻ പറ്റും

ഭൂമിയുടെ രൂപങ്ങളായ കല്ല്കൊണ്ടും പാറകൾ കൊണ്ടും നാം ശില്പങ്ങൾ പണിയുന്നു. എന്നാൽ അവയ്ക്കൊക്കെ ഒരു കാലശേഷം നിലനില്പ്പ് ഇല്ലാതാകുന്നു. അത് തകർന്നു വീണ്ടും മണ്ണായി അതിന്റെ മൂലകണമായി മാറുന്നുഅത് പോലെ നമ്മുടെ ശരീരം നശ്വരമാണ്. പക്ഷെ മരണ ശേഷം ശരീരം അനശ്വരമായ അതിന്റെ പൂർണ സ്ഥിതി വിശേഷമായ പരമാണുക്കളായി വിഘടിച്ചു പോകുന്നു. അത് വീണ്ടും പുഴുക്കാളായും പാറ്റകളായും മാറി  വരുന്നു

ജലത്തിന് അതിന്റെ പ്രവർത്തിയിൽ അഥവാ കർമപഥത്തിൽ  പല രൂപങ്ങള   ഉണ്ടാകുന്നു. അത് നദിയായും തടാകമായും കടലായും മാറുന്നു. അത് നശ്വരമാണ്. എന്നാൽ അതിന്റെ മൂലഘടകത്തിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല. കുളത്തിലെയും കടലിലെയും ജലം നീരാവിയായി കാർമേഘമായി മഴയായി വീണ്ടും രൂപം പ്രാപിക്കുന്നു

വായുവിനെ നമുക്ക് ശ്വാസമായും കാറ്റായും കൊടുങ്കാറ്റായും അറിയാൻ കഴിയുന്നു. പക്ഷെ അതൊക്കെ താൽക്കാലികമാകുന്നു. പുരാണങ്ങളിൽ 49 തരം കാറ്റുകളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതിനെക്കുറിച്ച് എത്ര പേർക്കറിയാം

അഗ്നിയുടെ സ്വഭാവം തന്നെ ഊഷ്മാവ് ഉണ്ടാക്കുകയാണ്. നമ്മുടെ ശരീരം നിലനില്ക്കാൻ ഒരു നിശ്ചിത അളവിൽ ഊഷ്മാവ് ആവശ്യമാണെന്ന് ഇന്ന് ഏതു കുഞ്ഞിനും അറിയാം. സൂര്യന്റെ നാളങ്ങളും ഊഷ്മാവും ഇല്ലാതെ നമ്മുടെ ആകാശഗംഗയാകുന്ന ബ്രഹ്മാണ്ഡത്തിനു നിലനിൽപ്പില്ല. അഗ്നിയുടെ അതിന്റെ കാഴ്ച രൂപമായ നാളങ്ങൾ നശ്വരമാകുന്നുഎന്നാൽ അത് ഉല്പാദിപ്പിക്കുന്ന ചൂട് മറ്റു പല പ്രവർത്തനങ്ങൾക്കും കാരണമാകുന്നു. വിശ്വാസ പ്രകാരം അഗ്നി അഷ്ടദിക്പാലകന്മാരിൽ ഒന്നാകുന്നു. തെക്ക് കിഴക്കേ മൂലയുടെ കാവൽക്കാരനാകുന്നു. ഭൂമിക്കടിയിലെ അഗ്നി ചിലപ്പോൾ അഗ്നി പർവ്വതമായി പുറത്തു വരുന്നു. നമ്മുടെ ഉള്ളിലെ അഗ്നി വിശപ്പായി തീരുന്നു. ആകാശത്ത് അത് മിന്നലാകുന്നു

ആകാശത്തിനു നിത്യമായ അനശ്വരമായ അവസ്ഥ മാത്രമേ ഉള്ളൂ. പ്രണവാകാരമായ ഓംകാരവും മഹാമുനിമാർ കേൾക്കുന്ന ആശരീരികളും ഒക്കെ ആകാശചരണികളാകുന്നു. മന്ത്രങ്ങൾ അഥവാ പലതരത്തിലുള്ള ശബ്ദവീചികൾ ആകാശത്തിലൂടെ സഞ്ചരിച്ചു നമ്മുടെ ഉള്ളിൽ മനസ്സിന്റെ ഉള്ളിൽ പല തരത്തിലുള്ള വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു

പഞ്ചഭൂതങ്ങളും അതിന്റെ പ്രതിഫലനങ്ങളും:

പഞ്ചഭൂതങ്ങളെ അതിന്റെ പ്രകടമായും സൃഷ്ടിപരമായും നിഗൂഢപരമായും ഉള്ള അർത്ഥത്തിൽ എടുക്കേണ്ടതാണ്. അർത്ഥം മറ്റൊന്നും അല്ല, എല്ലാം ഒന്നാണെന്നുള്ള പരമാർത്ഥം, എല്ലാം ഒരു പരമാണുവിൽ നിന്ന് ഉണ്ടാകുന്നതാണെന്ന ലോകസത്യം

നമുക്ക് പഞ്ചഭൂതങ്ങളിലെ ഓരോ ഘടകങ്ങളും നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനെക്കുറിച്ച് ഒന്ന് സൂക്ഷിച്ചു നോക്കാം.  

ഭൂമി എന്നത് കൊണ്ട് നാം മനസ്സിലാക്കേണ്ടത് ഭൂമിയുടെ കാഠിന്യമുള്ള  പ്രതലങ്ങളെപ്പറ്റിയോ ശരീരത്തിലെ പേശികളെപ്പറ്റിയോ മാത്രമല്ല ചിന്തിക്കേണ്ടത്. ദൃഢതയുള്ള മനസ്സിനെയും മനസ്സിന്റെ സദാചാര സമ്പന്നതയെയും എകാഗ്രതയെയും അത് അർത്ഥമാക്കുന്നു

ജലം എന്നത് കൊണ്ട് പ്രവാഹത്തെ ക്കൂടി അർത്ഥമാക്കുന്നു. ക്രിയാത്മകമായ വിചാരങ്ങളെ  ഉള്ളിലേക്ക് ആവാഹിക്കാനും വിചാരങ്ങളെ ശേഖരിച്ചു വെക്കാനുമുള്ള  മനസ്സിന്റെ കഴിവ്

അഗ്നികൊണ്ട് പ്രകൃതിയിലെ ഊർജ്ജത്തെ അർത്ഥമാക്കുന്നു. ഊഷ്മാവ് പ്രവഹിപ്പിച്ച് പ്രകാശം പരത്താനും മനസ്സിലെ അന്ധകാരത്തെ ഇല്ലായ്മ ചെയ്യാനും അതു മൂലം ഹൃദയത്തിൽ സന്തോഷം ഉണ്ടാക്കുവാനും ഉള്ള കഴിവ്, തിന്മകളെ തിരിച്ചറിഞ്ഞു നന്മകളിലൂടെ ബുദ്ധിപരമായി  പ്രകാശത്തെ പരത്തുവാനുള്ള കഴിവ്

വായു സുതാര്യതയും ചലനത്തേയും സൂചിപ്പിക്കുന്നു. അത് പ്രപഞ്ചത്തിന്റെ സഞ്ചാരത്തിനെ നിയന്ത്രിക്കുന്നു. ശരീരത്തിലെ രക്തയോട്ടത്തെയും മാലിന്യങ്ങളെ പുറന്തള്ളുന്ന ചലനമായും താരതമ്യം ചെയ്യാം

ആകാശം എല്ലാത്തിനെയും സ്പർശിക്കുന്നു. അത് നമ്മുടെ മനസ്സിന്റെ ബോധമണ്ഡലമാകുന്നു. ഹൃദയത്തിൽ അത് സ്നേഹമാകുന്നു. മറ്റു ചിലപ്പോൾ അത് സഹായം ആവശ്യമുള്ളവരോടുള്ള ദയ ആകുന്നു. പ്രശ്നജടിലമായ ജീവിതത്തിൽ അത് വിവേകമാകുന്നു

തരത്തിൽ പഞ്ചഭൂതങ്ങളെ നാം നമ്മുടെ മനസ്സിൽ പ്രതിഷ്ഠിച്ചാൽ  നാം ഓരോരുത്തർക്കും നന്നാവാനും ലോകത്ത് നന്മകൾ നിറക്കുവാനും സാധിക്കും. തരത്തിലുള്ള ഒരു ലോകം അവസരത്തിൽ നമുക്ക് സ്വപ്നം കാണാം
 
***********

 

1 അഭിപ്രായം: