2022, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

യാനം സീതായനം - വായനാക്കുറിപ്പ്


നോവൽ: 'യാനം സീതായനം'
എഴുതിയത്: സിനി പണിക്കർ
പ്രസാധകർ: പൂർണ്ണ പബ്ലിക്കേഷൻസ്
താളുകൾ: 432
 
2022 ജൂൺ 18 നാണ് സുഹൃത്തായ സിനി പണിക്കരുടെ 'യാനം സീതായനം' എന്റെ കൈയ്യിൽ കിട്ടുന്നത്. ജൂൺ 23 ന് നാട്ടിലേക്ക് വിമാനം കയറിയപ്പോൾ വിമാനത്തിൽ വച്ചാണ് അതിന്റെ വായന തുടങ്ങിയത്. പകുതിയോളം വായിച്ച് തീർത്ത പുസ്തകം,നാട്ടിലെത്തിയതിന് ശേഷം വായിക്കാൻ പറ്റിയിരുന്നില്ല. പക്ഷേ വായനാതല്പരനായ എന്റെ അച്ഛൻ രണ്ടാഴ്ച സമയത്തിനുള്ളിൽ അത് വായിച്ച് തീർത്തു. 'കൊള്ളാം' എന്ന അഭിപ്രായവും പറഞ്ഞു. നാട്ടിലെ തിരക്കുകൾക്കിടയിൽ വായിക്കാൻ പറ്റാഞ്ഞതിനാൽ, തിരിച്ച് വന്നതിന് ശേഷം വായിക്കാമെന്ന് വച്ചെങ്കിലും, പുസ്തകം നാട്ടിൽ നിന്ന് എടുക്കാൻ മറന്നുപോയി. പിന്നീട് കഴിഞ്ഞ ആഗസ്ത് പകുതി കഴിഞ്ഞ ശേഷമാണ്, പുസ്തകം, ഒരു സുഹൃത്ത് വഴി തിരിച്ച് എന്റെ കൈയ്യിലെത്തിയത്. ഒടുക്കം കഴിഞ്ഞ ആഴ്ച കൊണ്ട്, ഞാനത് വായിച്ചു തീർത്തു.
 
എട്ടാമത്തെ വയസ്സിനുള്ളിൽ അച്ഛനാണ് എനിക്ക് രാമായണം കഥ മുഴുവൻ പറഞ്ഞു തരുന്നത്. രാത്രിയിൽ സുഹൃത്തുക്കളുമായുള്ള സൗഹൃദസല്ലാപങ്ങൾക്ക് ശേഷം, രാത്രി പത്ത് മണിക്ക് തിരിച്ച് വന്ന്, കഞ്ഞി കുടിച്ചതിന് ശേഷം, പാതിയുറക്കത്തിൽ നിന്ന് എന്നെയും മച്ചുനൻ വിന്വേട്ടനെയും വിളിച്ചുണർത്തി, മലർന്ന് കിടക്കുന്ന കട്ടിലിനടുത്ത് ഞങ്ങളെ നിർത്തിയിട്ടാണ് അച്ഛൻ കഥ പറഞ്ഞിരുന്നത്. കഥ പറഞ്ഞ് തുടങ്ങുന്നതിന് മുന്നേ, തലേന്ന് പറഞ്ഞ കഥയുടെ ഭാഗം ഞങ്ങൾക്ക് ചുരുക്കി വിവരിക്കേണ്ടാതായിട്ടുണ്ടായിരുന്നു. കഥ പറച്ചലിനിടയിൽ, വിന്വേട്ടൻ ഇടയ്ക്കിടെ ഉറങ്ങിപ്പോകുന്നത് കൊണ്ട്, ഇത്തരം ചുരുക്കിപ്പറയലുകൾ, അവനെ സംബംന്ധിച്ചടുത്തോളം അടി കിട്ടുന്ന ഏർപ്പാടുകളായി മാറിയെന്നത്, അച്ഛനെ, രാവണനെന്ന വില്ലന്റെ സ്ഥാനത്ത് നിർത്താൻ അവന് കാരണമായി.
 
എന്തായാലും, വളരെ സുഖകരമായി, രസകരമായ രീതിയിൽ അച്ഛൻ പറഞ്ഞു തന്ന രാമായണം തന്നെയാണ്, ഒരു കഥാപാത്രത്തെപ്പോലും മറക്കാതെ ഈ അമ്പതാം വയസ്സിലും രാമായണം മനസ്സിൽ നിൽക്കാനുള്ള പ്രധാന കാരണം. അതിന് ശേഷം വളരെക്കഴിഞ്ഞാണ്, വാല്മീകി രാമായണം മുതൽ പലപല രാമായണങ്ങളെ അറിഞ്ഞ് തുടങ്ങിയത്.
 
രാമായണം പറഞ്ഞു തരുന്ന സമയത്ത്, രാമനെന്ന കഥാപാത്രത്തിന്റെ ഓരോ ചെയ്തികളും ദൈവികമായല്ല അച്ഛൻ പറഞ്ഞു തന്നതെങ്കിലും, അച്ഛന്റെ മനസ്സ് രാമന്റെ ഭാഗത്തായിരുന്നെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവതാരപുരുഷനായ രാമൻ, മാരീചമാനിനെ പിടിക്കാൻ ഓടുന്നത് മുതൽ, കാര്യസാദ്ധ്യത്തിന്, കാര്യമറിയാതെ ബാലിയെ കൊല്ലുന്നതും, ലങ്കയിലേക്ക് കടല് കടക്കാൻ കഷ്ടപ്പെടുന്നതും, ലക്ഷ്മണൻ അമ്പേറ്റ് വീണിടത്ത് നിസ്സഹായനാകുന്നതും, വളരെ നിന്ദ്യമായി സീതയെ അഗ്നിപരീക്ഷക്ക് വിധേയയാക്കുന്നതും, ഒടുവിൽ ക്രൂരമായി സീതയെ ഗർഭാവസ്ഥയിൽ കാട്ടിലേക്ക് ഉപേക്ഷിക്കുന്നതും, എന്റെ കുഞ്ഞു മനസ്സിൽ പോലും അന്ന് ചോദ്യങ്ങൾ ഉളവാക്കിയിരുന്നു. പക്ഷേ അതിനെയൊക്കെ മൃദുവായെങ്കിലും അച്ഛനന്ന് ന്യായീകരിച്ചത് ഇത്തിരി പാടുപെട്ടിട്ടാണെന്നത്‌ പിന്നെയാണ് ഞാൻ മനസ്സിലാക്കിയത്.
 
ഒരു അതിമനോഹരമായ ഇതിഹാസകഥയെന്നതിലുപരി, രാമായണത്തെ വളരെ ദൈവികമായി കാണുന്നിടത്താണ് രാമായണത്തിന്റെ വികൃതവായന തുടങ്ങുന്നത്. മാനുഷികമായ പലതരം ന്യൂനതകളുമായി വാല്മീകി അവതരിപ്പിച്ച രാമൻ, കാലം പോകപ്പോകെ, മര്യാദാപുരുഷനായും, പിന്നീട് രാഷ്ട്രീയവൽക്കരിക്കപ്പെട്ട് ഒരു പ്രത്യേക സമൂഹത്തിന്റെ മുദ്രാവാക്യമായും മാറിയത് കാലത്തിന്റെ ഗതിയെ പിന്നോട്ടടിക്കുന്നതിന് സമമാണെന്ന് മനസ്സിലാകുന്നിടത്താണ് രാമായണത്തിന്റെ ഒരു പുനഃർവായന സാദ്ധ്യമാക്കിക്കൊണ്ട് സിനി പണിക്കരുടെ 'യാനം സീതായനം' എന്ന പുസ്തകം കൈയ്യിൽ കിട്ടുന്നത്.
 
'ചിന്താവിഷ്ടയായ സീത'യിലൂടെ കുമാരനാശാൻ സീതയുടെ മനോവ്യാപാരങ്ങളെ ഒരു കാവ്യമാക്കിയതിന് ശേഷം, സീതയുടെ കാഴ്ച്പ്പാടിലൂടെ രാമായണത്തെ അവലംബിച്ച് ഒരു സൃഷ്ടികർമ്മം നടത്തിയത് സിനിയാണെന്ന് തോന്നുന്നു. 'മീ ടൂ' പ്രസ്ഥാനം ഉണ്ടാക്കിയ അനുരണനങ്ങളാണ് സിനിയെക്കൊണ്ട് ഇത്തരമൊരു കൃതി നാടിന് സമ്മാനിക്കാൻ ഇടയാക്കിയെന്നത്, രാമായണത്തെ സംബന്ധിച്ചടുത്തോളം ഒരു വേറിട്ട ചിന്ത തന്നെയാണ്.

രാമായണം, രാമന്റെ അയനമല്ല, മറിച്ച്, സീതയുടെ അയനമായ സീതായനം തന്നെയാണെന്ന് പണ്ടേ അഭിപ്രായമുള്ള എനിക്ക്, നല്ല ഭാഷയിലെഴുതിയ 'യാനം സീതായനം' എന്ന പുസ്തകം, നല്ലൊരു വായനാനുഭവം തന്നെ തന്നിട്ടുണ്ട്. ദൈവികത്വം ആരോപിക്കപ്പെടുന്ന രാമൻ എന്ന കഥാപാത്രത്തിന്റെ ചില നിസ്സഹായതകൾ, സീതയുടെ രാമനോടുള്ള അഗാധമായ പ്രണയത്തിന്റെ വിവരണ പരിപ്രേക്ഷ്യത്തിൽ മുങ്ങിപ്പോയോ എന്ന സന്ദേഹം മാത്രമേ എനിക്കുള്ളൂ. ദൈവികത്വമുള്ള ഒരു കഥാപാത്രത്തിന് ഒരിക്കലും ചേരാത്ത പ്രവർത്തികൾ മൂലം, സീതയെന്ന കഥാപാത്രം അനുഭവിക്കുന്ന കഷ്ടതകൾ, വളരെ വികാരപരമായിത്തന്നെ 'യാനം സീതായനം' പ്രതിപാദിക്കുന്നുണ്ട്. സിനിയുടെ ഈ നോവൽ വായിച്ച്, അച്ഛന് തീർച്ചയായും സീതയോട് കുറച്ചധികം മനസ്സലിവ് ഉണ്ടായിക്കാണുമെന്ന് ഉറപ്പാണ്!

മുപ്പത് കൊല്ലത്തോളം അമേരിക്കയിൽ പ്രവാസിയായി ജീവിച്ച്, 'Drug Enforcement Administration' ൽ സയന്റിസ്റ്റായി ജോലിചെയ്യുന്ന സിനി, ഇതുവരെ ഒരു ചെറുകഥ പോലും എഴുതാത്ത സിനി, ഒരു വിശാലമായ നോവലെഴുത്തിലൂടെ തന്നെ, അവരുടേതായ ഒരു മുദ്രണം സാഹിത്യലോകത്തിന് ചാർത്തിയിരിക്കുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. മലയാളത്തോടും സാഹിത്യത്തോടുമുള്ള അഭിനിവേശം തന്നെയാണ് സിനിയുടെ എഴുത്തിന്റെ ശക്തി.

എന്തായാലും, സീത പറയുന്ന രാമായണകഥ, അല്ല സീതായനകഥ  വായിക്കാൻ, 'യാനം സീതായനം' നിങ്ങളെ ക്ഷണിക്കുന്നു. സിനിക്ക് എല്ലാവിധ ആശംസകളും നേരുന്നു.

***

1 അഭിപ്രായം: