2021, നവംബർ 12, വെള്ളിയാഴ്‌ച

കേരളപ്പിറവി


വേൾഡ് മലയാളി കൗൺസിൽ, വാഷിംഗ്ടൺ ഡിസി മേഖലയുടെ 2021 ലെ കേരപ്പിറവി പരിപാടിയുടെ ഭാഗമായി, Nov 6, 2021 ന് കേരളചരിത്രത്തെക്കുറിച്ച്  നടത്തിയ  ZOOM ഭാഷണം

എല്ലാവർക്കും നമസ്കാരം. അതോടൊപ്പം കേരളപ്പിറവി ആശംസകളും. വിശിഷ്ടവ്യക്തിത്വങ്ങളാൽ അലങ്കരിക്കപ്പെടുന്ന ഈ വേദിയിലും സദസ്സിലും, കേരളപ്പിറവിയെക്കുറിച്ച് എല്ലാവർക്കും സാമാന്യമായ ധാരണയുണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം. എനിക്ക് മുന്നേ സംസാരിച്ച പല വ്യക്തികളും അത് ഇതിനകം സൂചിപ്പിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ചിലർക്കെങ്കിലുമുള്ള ആവർത്തന വിരസതയൊഴിവാക്കാൻ, വളരെക്കുറച്ച് കാര്യങ്ങൾ മാത്രം ചുരുങ്ങിയ സമയത്തിനുള്ളിൽ, എന്റേതായ ഭാഷയിൽ  പറയാൻ മാത്രമേ ഞാനാഗ്രഹിക്കുന്നുള്ളൂ. 

കേരളം എന്നുണ്ടായി, കേരളം എന്ന പേര് എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചൊക്കെ പല കഥകളും നിലവിലുണ്ട്. പരശുരാമന്റെ ഐതിഹ്യത്തോളം അതിന് പഴക്കമുണ്ട്. സ്വന്തം അമ്മയെക്കൊന്നതിന് പ്രതികാരമായി, ക്ഷത്രിയന്മാരെ കൊന്നൊടുക്കിയ പാപക്കറതീർക്കാൻ, ബ്രാഹ്മണന്മാരെ കുടിയിരുത്താൻ വേണ്ടി, സ്വന്തം പരശു എന്ന മഴു, ഗോകർണ്ണത്ത് നിന്ന് കന്യാകുമാരിയിലേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ഭൂപ്രദേശമാണ് കേരളമെന്നാണ് ആ ഐതിഹ്യം.

കന്യാകുമാരിക്ഷിതിയാദ്യമായ് ഗോകർണ്ണാന്തമായ് തെക്കുവടക്ക് നീളെ അന്യോന്യമംബാശിവർ നീട്ടിവിട്ട കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം - എന്നാണല്ലോ കേരളവ്യാസനെന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, നമ്മുടെ കേരളത്തിന്റെ ഭൂവിശാലതയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. 

ഐതിഹ്യമാണെങ്കിലും, മാവേലിയടക്കം, പലപല രാജാക്കന്മാരും ഈ പ്രദേശം ഭരിച്ചു. ചേര സാമ്രാജ്യവും ചോള സാമ്രാജ്യവുമുണ്ടായി. ചെറിയ ചെറിയ സ്വരൂപങ്ങളും നാട്ടുരാജ്യങ്ങളുമുണ്ടായി. രാജാക്കന്മാർ തമ്മിൽ യുദ്ധങ്ങളുണ്ടായി. ഭൂവിസ്തൃതികളും രാജ്യങ്ങളുടെ അതിർത്തികളും മാറിമറിഞ്ഞു. കാലക്രമത്തിൽ പലപല ഭാഷകളും ഉണ്ടായ കൂട്ടത്തിൽ, ഈയൊരു പ്രദേശത്ത് മലയാളം എന്നൊരു മാനഹാരമായ ഭാഷയുമുണ്ടായി. 

ചേരന്മാരുടെ അളം എന്നത് ചുരുങ്ങിയുണ്ടായ ചേരളം എന്നത്, കാലക്രമത്തിൽ മാറിയാണ് കേരളം എന്ന പേര് വന്നതെന്നും, അതല്ല, കേരത്തിന്റെ അളം എന്ന രീതിയിലാണ് കേരളം എന്ന പേരുണ്ടായതെന്നുമൊക്കെയുള്ള കഥകൾ വേറെയുമുണ്ട്. 

കാലങ്ങളെത്രയോയോ കഴിഞ്ഞു. നമ്മുടെ നാട്ടിൽ, പുറത്ത് നിന്നുള്ള അധിനിവേശങ്ങളുണ്ടായി. ഒടുവിൽ, ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിൽ വന്ന് നമ്മെ കീഴടക്കി. ബ്രിട്ടീഷുകാർ വരുമ്പോൾ, തെക്ക് കന്യാകുമാരി നിന്ന് തുടങ്ങിയാൽ, തിരുവിതാംകൂർ രാജ്യം, കൊച്ചിരാജ്യം, സാമൂതിരി രാജ്യം പിന്നെ വടക്ക് മൈസൂർ രാജ്യവും പിന്നെ ചെറുചെറു നാടുവാഴികൾ ഭരിച്ചിരുന്നതുമായ പ്രദേശമായിരുന്നു നമ്മുടെ ഇന്നത്തെ കേരളദേശം. 

സംഭവബഹുലമായ സ്വാതന്ത്ര്യസമരങ്ങൾക്കൊടുവിൽ, നമുക്ക് സ്വാതന്ത്ര്യം തന്ന്, 1947 ൽ ബ്രിട്ടീഷുകാർ തിരിച്ച് പോകുമ്പോൾ, ഇന്നത്തെ കാസറകോട് ഉൾപ്പെടുന്ന പ്രദേശം, മദ്രാസ് പ്രെസിഡൻസിയുടെ ഭാഗമായ സൗത്ത് കാനറാ ജില്ലയിലും, പണ്ടത്തെ സാമൂതിരിയുടെ പ്രദേശങ്ങളുൾക്കൊള്ളുന്ന മലബാർ പ്രദേശം, മദ്രാസ് പ്രെസിഡൻസിയുടെ തന്നെ മലബാർ ജില്ലയായും, കൊച്ചി നാട്ടു രാജ്യങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും വെവ്വേറെ ഭരണ പ്രദേശങ്ങളുമായായിരുന്നു നിലകൊണ്ടിരുന്നത്. 1949 നൊടുവിൽ, തിരുവിതാംകൂറും കൊച്ചിയും ഒന്നിച്ച് ലയിച്ച്, തിരുകൊച്ചി എന്ന സംസ്ഥാനമുണ്ടായി. 

അങ്ങനെ ഏറ്റവും ഒടുവിൽ, 1956 ലെ States Reorganisation Act പ്രകാരം, ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള തീരുമാനം, അന്നത്തെ ഇന്ത്യാ ഗവണ്മെന്റ് കൈക്കൊണ്ടു. അതിൻ പ്രകാരം, തിരുകൊച്ചിയുടെ തെക്ക് ഭാഗത്തുള്ള തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളൊഴിച്ചുള്ള തിരുകൊച്ചിയും, മദ്രാസ് പ്രെസിഡൻസിയിലെ മലബാർ ജില്ലയും, സൗത്ത് കാനറാ ജില്ലയിലെ മലയാളം സംസാരിക്കുന്ന പ്രദേശമായ കാസറകോടും ചേർന്ന് 1956 നവംബർ ഒന്നിന്, തീർത്തും മലയാളം സംസാരിക്കുന്നയാളുകൾ നിവസിക്കുന്ന, കേരളം എന്ന ഇന്നത്തെ സംസ്ഥാനം രൂപം കൊണ്ടു. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളാണെങ്കിലും, ലക്ഷദ്വീപിനെയും, 1954 വരെ ഫ്രഞ്ചുകാർ ഭരിച്ചിരുന്ന പ്രദേശമായ മാഹിയെയും കേരളം എന്ന പുതിയ സംസ്ഥാനത്ത് എന്തുകൊണ്ടോ ഉൾപ്പെടുത്തിയതുമില്ല! ഇന്നത്തെ പുതിയ കേരളത്തിൽ, അതിന്റെ പണ്ടത്തെ അതിർത്തികളായ ഗോകർണ്ണവും കന്യാകുമാരിയും ഇല്ല എന്നുള്ളതറിയാൻ, ഇന്ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജീവിച്ചിരിപ്പുമില്ല. 

ഇത്രയുമാണ് കേരളപ്പിറവിയുടെ ചരിത്രത്തിന്റെ രത്നച്ചുരുക്കമായി എനിക്ക് കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുക്കിപ്പറയാനുള്ളത്. അതുകൊണ്ട് തന്നെ ഈ കേരളപ്പിറവി എന്നത് വളരെ വളരെസാങ്കേതികമാണ്. ഒന്നിന്റെ പിറവി മറ്റൊന്നിന്റെ മറവിയാണ്. ഇനിയും പിറവികളും മറവികളും ഇനിയും ഈ ലോകത്ത് ഉണ്ടായിക്കൊണ്ടേയിരിക്കും. അത് കാലചക്രത്തിന്റെ ഭാഗമാണ്. നന്ദി.


***

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ