2019, മാർച്ച് 7, വ്യാഴാഴ്‌ച

മൂത്തമ്മാമന്റെ കല്ല്യാണമാല



എന്റെ മൂത്തമ്മാമന്റെ കല്ല്യാണത്തിന് മൂത്തമ്മാമന്റെ മൂത്ത മകൾക്ക് പോലും പങ്കെടുക്കാൻ പറ്റാതെ വന്നിരിക്കേ, മൂത്തമ്മാമന്റെ നേരെ താഴെയുള്ള പെങ്ങളുടെ മൂത്തമകനായ എനിക്ക് പങ്കെടുക്കാൻ പറ്റിയെന്നുള്ളത് എന്റെ ചെറിയ അഹങ്കാരം തന്നെയാണ്.  നേരെ രണ്ട് വയസ്സിന് താഴെയുള്ള പെങ്ങളുടെ, നേരെ മുന്നിലെ ബെഞ്ചിലിരുന്ന് കൊത്തങ്കല്ല് കളിച്ച് പഠിച്ചിരുന്ന കോമളാംഗിയെത്തന്നെയാണ് മൂത്തമ്മാമൻ വെള്ളാരം പല്ലുകൾ കാട്ടി മോഹിപ്പിച്ച് കല്ല്യാണരാവിന്റെ വക്കിലെത്തിച്ചത്. 

സ്വന്തം ക്ലാസ്സിൽ പഠിച്ചിരുന്ന പെണ്ണിന്റെ കൂടെ ഒരിക്കൽ കൂടി കൊത്തങ്കല്ല് കളിക്കാനുള്ള തിടുക്കം കാരണം ഒരാഴ്ച മുന്നേ എന്റെ മാതാവ് ഏട്ടന്റെ കല്യാണം കൂടാൻ, അന്ന് മൂന്ന് മക്കളുള്ളതിൽ (പിന്നീടത് നാലായി) മൂത്തവനായ എന്നെ ഒഴിവാക്കി, ബാക്കി രണ്ടെണ്ണത്തിനെയും കൂട്ടി അച്ഛന്റെ വീട്ടിൽ നിന്ന് സ്ഥലം വിട്ടിരുന്നു. കല്ല്യാണത്തലേന്ന് എന്നെയും അച്ഛൻ പെങ്ങളുടെ മകളായ എന്റെ മച്ചുനിച്ചിയെയും കൂട്ടി അച്ഛനും അവിടെയെത്തി. താഴെ വിശാലമായ വയലുകളുള്ള ഒരു കുന്നിൻ ചെരുവിലെ ആ വീടിനെ, ഞങ്ങൾ  'മഞ്ഞങ്കര' എന്നാണ് വിളിച്ചിരുന്നത്. ബസ്സിറങ്ങിയതിന് ശേഷം, കാട് പിടിച്ച  കുന്നിൻ ചെരുവിലൂടെയും വയലിലൂടെയും കുറേ നടക്കുവാനുണ്ട്, മഞ്ഞങ്കരയിലേക്ക്.  ഹരിശ്ചന്ദ്രന്റെയും വിക്രമാർക്കന്റെയും മറ്റും കഥകൾ പറഞ്ഞ് രാത്രി വൈകിയ സമയത്ത്, അച്ഛൻ ഞങ്ങളെ ചൂട്ട് വെളിച്ചത്തിൽ നയിച്ചു. കഥകൾ കേട്ട് നടക്കുന്നതിനിടയിൽ, കാഞ്ഞിരക്കുരു വീഴുന്നതിന്റെയും വവ്വാലുകൾ പറക്കുന്നതിന്റെയും കശുമാവിൻ തോട്ടത്തിൽ നിന്ന് കുറുക്കന്റെയും കാട്ടുപന്നികളുടെയും മറ്റും ശബ്ദങ്ങൾ കേട്ട്, ഞാനും എന്റെ മച്ചുനിച്ചിയും കൈകൾ പരസ്പരം ബലമായി പിടിച്ചു നടന്നു. നേരം വൈകിയത് കൊണ്ടും യാത്രാക്ഷീണം കൊണ്ടും, അമ്മാമന്റെ മുറിയിൽ, അമ്മാമന്റെ കൂടെ അവസാനമായി കിടന്നുറങ്ങാനുള്ള അവസരം വിട്ടുകളയാൻ താല്പര്യമില്ലാതിരുന്നത് കൊണ്ടും,  വേഗം മൂത്തമ്മാമന്റെ മുറിയിൽ ഞങ്ങൾ  കിടന്നുറങ്ങി. പെട്രോമാക്സുകളുടെ വെളിച്ചം പൂനിലാവായി തോന്നിയതിനാൽ, അമ്മാമന് ഉറങ്ങാൻ കഴിയാഞ്ഞതൊന്നും ഞങ്ങളെ ബാധിച്ചിട്ടുണ്ടായിരുന്നില്ല.

പിറ്റേന്ന്, എന്തുകൊണ്ടോ, രാവിലെത്തന്നെ പുതിയ കുപ്പായമിട്ടൊക്കെ തയ്യാറായെങ്കിലും എന്നെ കല്ല്യാണസ്ഥലത്തേക്ക് കൂട്ടിയില്ല. കരഞ്ഞ് വിളിച്ച് മൂക്കൊലിപ്പിച്ച് നോക്കിയെങ്കിലും ചില ഉഗ്രശാസനകൾ വിവിധ ദിശകളിൽ നിന്ന് എത്തിച്ചേർന്നതിനാൽ മൂക്ക് തുടച്ച് മൂലക്കിരിക്കേണ്ടി വന്നു. മച്ചുനിച്ചിയെയും കൂട്ടാത്തതിനാൽ സങ്കടം ഇത്തിരി കുറഞ്ഞു.  കല്യാണപ്പാർട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം, ഞങ്ങൾ രണ്ട് പേരും വീടിന് താഴെയുള്ള തോട്ടിൽ മീൻ പിടിക്കാനിറങ്ങി. ഉച്ചയൂണൊക്കെ കഴിഞ്ഞ് കല്യാണപ്പാർട്ടി തിരിച്ചെത്താൻ നേരമായെന്ന വിവരം അമ്മാച്ഛൻ  അമ്മമ്മയോട് പറയുന്നത് ഞങ്ങൾ കേട്ടു. നെടുനീളൻ നെൽവയലുകളും വാഴത്തോപ്പുകളും വെള്ളക്കെട്ടുകളും മറ്റും കഴിഞ്ഞുള്ള മറുകരയിലാണ് കല്യാണപ്പാർട്ടി ബസ്സിറങ്ങുക. അമ്മമ്മ നിലവിളക്ക് തയ്യാറാക്കാനുള്ളിലേക്ക് ഓടിയപ്പോൾ ഞാനും മച്ചുനിച്ചിയും കല്യാണപ്പാർട്ടിയെ വരവേൽക്കാൻ, കമുകും തെങ്ങും ഇടവിട്ടിടവിട്ട് തിങ്ങിക്കിടന്നിരുന്ന മലഞ്ചെരുവിലൂടെയും നേരിയ വരമ്പുകളിലൂടെയും മറ്റും ഓടിയും ചാടിയും മറുകരയിലെത്തി.

കല്യാണബസ്സ് പൊടിപറത്തി വയലിൻകരയിൽ വന്ന് നിന്നു. കല്യാണപ്പെണ്ണിനെ കാണാൻ കല്യാണപ്പെണ്ണിനെക്കാളും നാണത്തോടെ, ഞാനൊരു കമുകിൻ മരം മറഞ്ഞ് ഒളിഞ്ഞു നോക്കി. ബസ്സിൽ നിന്ന് എടുത്ത് ചാടിയത് പോലെയിറങ്ങിയ മൂത്തമ്മാമൻ കൂടുതൽ സുന്ദരനായത് പോലെ തോന്നി. നെറ്റിപ്പട്ടം കെട്ടിയ ആനയിറങ്ങുന്നത് പോലെ കല്യാണപ്പെണ്ണ്, ബസ്സിന്റെ കോണിപ്പടികളിറങ്ങി വന്നു. ആനപ്പാപ്പാന്റെ ചേഷ്ടകളോടെ കൂട്ടുകാരിയായ അമ്മ, നമ്മുടെ പുതിയ അമ്മായിയെ ആനയിച്ച്  നടത്താൻ തുടങ്ങി. മുത്തുക്കുട പിടിച്ചപോലെ അമ്മായിക്ക് ആരോ കുട പിടിച്ച് കൊടുത്തിട്ടുണ്ട്. കഴുത്ത് കുനിഞ്ഞ് മാത്രം നടക്കുന്ന അമ്മായിക്ക് കണ്ണുണ്ടോ എന്ന് അമ്മയെ ചുറ്റി നടക്കുന്നതിനിടയിൽ ഞാൻ കുനിഞ്ഞ് നോക്കി. വരമ്പിലൂടെ വഴുതാതെയും വീഴാതെയും അമ്മ അമ്മായിയെ കാത്തു. വയലിന്റെ പലഭാഗങ്ങളിലും ഒറ്റവരി വയൽ വരമ്പിലൂടെയുള്ള  എഴുന്നള്ളിപ്പ് കാണാൻ വയലിലെ ജോലിക്കാരും അയൽക്കാരുമൊക്കെയുണ്ടായിരുന്നു.  മൂത്തമ്മാമൻ ഒരു മാലയും ബൊക്കെയുമൊക്കെ കൈയ്യിൽ ചുറ്റിപ്പിടിച്ച്, കോട്ടയം കുഞ്ഞച്ചൻ സ്റ്റൈലിൽ മുന്നിൽത്തന്നെയുണ്ട്. നടന്ന് നടന്ന്, എല്ലാവരും മഞ്ഞങ്കരയിലേക്ക് വയലിൽ നിന്ന് കയറാനുള്ള കോണിപ്പടിക്കലെത്തി.

എന്തോ വീട്ടിൽ കയറാനുള്ള സമയമായില്ല എന്നതിനാൽ അഞ്ച് മിനുട്ട് താഴെ കാത്ത് നിൽക്കാൻ അമ്മാച്ഛൻ മുകളിൽ നിന്ന് ഉത്തരവിറക്കി. വിളക്ക് പിടിച്ച് ഇറയത്തിന്റെ തുമ്പത്ത് സ്ത്രീകൾ തയ്യാറായി നിന്നു. ആദ്യമായി കയറ്റം കയറാൻ ആന തയ്യാറാവുന്നത് പോലെ, മുകളിലേക്കൊന്ന് നോക്കി, ശ്വാസം പിടിച്ച്, അമ്മായിയും തയ്യാറായത് പോലെ തോന്നി. താമരശ്ശേരിച്ചുരം കയറുന്നത് പോലെയായിരുന്നു ഈ കല്ല്യാണത്തിന് മുന്നേ ഞങ്ങൾ മഞ്ഞങ്കരയിലേക്ക് വളഞ്ഞ് പുളഞ്ഞ് കയറിയിരുന്നത്. കല്ല്യാണം പ്രമാണിച്ച് മുപ്പത്തിയാറ് പടികളുള്ള, കുത്തനെയുള്ള  പുതിയ സിമന്റ് പടികൾ, നേരെ കയറാൻ പാകത്തിൽ  അമ്മാച്ഛൻ പണിയിച്ചിരുന്നു.

അഞ്ച് മിനുട്ട് കൂടി വീട്ടിലേക്ക് കയറാൻ ബാക്കിയുള്ളതിനാൽ മാലയൊന്നുമില്ലാതെ ഒന്ന് രണ്ട് ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർക്ക് ഒരാഗ്രഹം. എങ്ങനെയെങ്കിലും ഒരു ഫോട്ടോയിൽ കയറിപ്പറ്റാൻ മണവാളനെ ചുറ്റിപ്പറ്റി നടന്നിരുന്ന ഞാനും തയ്യാറെടുത്തു. പക്ഷേ മൂത്തമ്മാമൻ വളരെ വിദഗ്ദ്ധമായി എന്നെ ഒഴിവാക്കാൻ, എന്റെ കൈയ്യിൽ രണ്ട് മാലകളും രണ്ട് ബൊക്കെകളും പിടിക്കാൻ തരികയാണ് ചെയ്തത്. അമ്മാമൻ അതിസമർത്ഥനായ സർക്കസ്സ് കാരനെപ്പോലെ പുതിയമ്മായിയുടെ കൈ പിടിച്ച്, ചാടാൻ ഇത്തിരി പ്രയാസമുള്ള വെള്ളച്ചാൽ മറികടന്ന് മറുകണ്ടം ചാടി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ തുടങ്ങി. അമ്മാമന് ആവേശമായിരുന്നെങ്കിലും ഏഴ് വയസ്സുകാരനായ, നാണം കുണുങ്ങിയായ എനിക്ക്, ഉണ്ടായിരുന്ന ആവേശവും ചോർന്ന് പോയിരുന്നു. ഒന്നാമത്, കല്ല്യാണത്തിന് കൂട്ടിയില്ല... രണ്ടാമത്, ഇത് വരെയും ഒരു ഫോട്ടോയിൽ കയറാൻ പറ്റിയില്ല... മൂന്നാമത്, മാലകളും ബൊക്കെകളും പിടിച്ചത് കണ്ട്, എന്നെക്കാൾ ആറ് വയസ്സ് മാത്രം അധികമുള്ള അമ്മയുടെ കുഞ്ഞനുജത്തിയായ എന്റെ എളേമ്മയും എന്നേക്കാൾ രണ്ട് വയസ്സ് മാത്രം കൂടുതലുള്ള അമ്മയുടെ ഇളയമ്മയുടെ മകളും എന്നെ ‘മണവാളൻ’ എന്ന് പറഞ്ഞും 'നിന്റെ പെണ്ണാരാ...' എന്ന് ചോദിച്ചും എന്നെ  കളിയാക്കാൻ തുടങ്ങി. അവിടെയുണ്ടായിരുന്ന എല്ലാവരും എന്നെ നോക്കിച്ചിരിക്കാൻ തുടങ്ങി.

എനിക്ക്, എന്റെ ചാരിത്ര്യം നഷ്ടമാകുന്നത് പോലെ തോന്നി. എന്റെ മച്ചുനിച്ചി എന്നെ ഒളികണ്ണിട്ട് നോക്കി... ഞാനകപ്പാടെ ചൂളിപ്പോയി.. കണ്ണ് നിറഞ്ഞു... കൈ വിറച്ചു... എനിക്ക് സഹിക്കാൻ പറ്റിയില്ല... പിന്നെ ഒട്ടും അമാന്തിച്ചില്ല. മാലകളും ബൊക്കെകളും ഞാൻ വലത് ഭാഗത്തുള്ള മൂർന്ന് കഴിഞ്ഞ വയലിലെ വെള്ളത്തിലെറിഞ്ഞു. മൂത്തമ്മാമന്, അമ്മായിയുടെ കഴുത്തിൽ അന്ന് പുതുതായി ഇട്ടുകൊടുത്ത താലി, ആരോ കിണറ്റിലേക്കെറിഞ്ഞത് പോലെ തോന്നുമെന്ന്, അന്നത്തെ എന്റെ ബുദ്ധിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നില്ല. മൂത്തമ്മാമൻ ഫോട്ടോഗ്രാഫറെ വകഞ്ഞു മാറ്റി, ചുമലിൽ കൈ വച്ചിരുന്ന അമ്മായിയെ വിട്ട്, എന്നെ ഒന്ന് ഉമ്മ വെക്കാൻ, കല്യാണമുണ്ട് മാടിക്കുത്തി, പല്ല് കടിച്ച്, മലയിൽ നിന്ന് ഉറവ പൊട്ടി വരുന്ന വെള്ളം പളപളാന്ന് ഒഴുകിപ്പോകുന്ന ചാൽ, പുലി ചാടിക്കടക്കുന്നത് പോലെ  ഒറ്റച്ചാട്ടത്തിന്  തിരിച്ച് ചാടി കടന്നു. ഞാൻ ഓടാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പഴേക്കും എന്നെക്കാൾ എട്ട് വയസ്സ് മൂപ്പുള്ള എന്റെ കുഞ്ഞമ്മാമൻ ഒരു മുങ്ങൽ വിദഗ്ധന്റെ ലാഘവത്തോടെ വിവാഹകുസുമഹാരങ്ങൾ വയലിൽ നിന്നും പൊക്കിയെടുക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. അതുവരെ വാ തുറന്നൊന്ന് സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ലാത്ത അമ്മായി, “മോഹനേട്ടാ....” എന്ന് മോഹനമായി വിളിച്ച്, തല രണ്ട് വശത്തേക്കും ആന എഴുന്നള്ളിപ്പിന് ആട്ടുന്നത് പോലെയാട്ടി, ‘വേണ്ട’ എന്ന സന്ദേശം അമ്മാമന് കൊടുത്ത്, അദ്ദേഹത്തിന്റെ അനന്തിരവവാത്സല്യം മൂത്ത ഉദ്യമത്തിൽ നിന്നും തടഞ്ഞില്ലായിരുന്നെങ്കിൽ.... ഞാൻ, ബഹുജനസമക്ഷം മാലകൾ വീണ അതേ സ്ഥലത്ത്, വയലിലെ ചെളിയിൽ ആണ്ട് പോയേനെ...

ഇന്നലെ മൂത്തമ്മാമന്റെ നാല്പതാം വിവാഹവാർഷികമായിരുന്നു. നന്ദിയുണ്ട് അമ്മായീ... നന്ദിയുണ്ട്... എന്നെ രക്ഷിച്ചതിന്... ആ കരുതലിന്... അമ്മാമന് ഇന്നോളം വരമായിത്തീർന്ന ആ മാന്ത്രികവലയത്തിന്.... നീണാൾ വാഴ്ക !!! 


***

6 അഭിപ്രായങ്ങൾ:

  1. Few Faccebook and Whatsaap comments:

    Shyni Nambiar: Endu resanu vayikkan😍😍😍😍
    Naaraayam: Venugopalan Kokkodan Shyni ഇനിയും എന്തൊക്കെ വരാനിരിക്കുന്നു... കുടുംബത്തിന്റെ സീക്രട്ടുകൾ മൊത്തം പരസ്യപ്പെടുത്തും 😄
    Shyni Nambiar: Ini enneyum ulpeduthaneee🤪🤪🤪🤪
    Shyja Sreejith: 😁😁😁ente Venuyettaaaaaa😁😁😁😁🙏

    Manjusha Sriram Manalel: Venu... Nannaayirikkunnu ! that blog was too good! Very interesting read!Never imagined that's how it was going to end :))) I wanted to say fascinating, and then tried to find the malayalam word for it and didn't think it was appropriate 🤣🤣🤣 Plus the way you talked about the vayal, it was beautiful!
    Naaraayam: Thank you Manju for reading 😄 few people said the same comments 😊🙏

    Parvathy Praveen: വേണു ചേട്ട മൂത്തമ്മാവന്റെ കല്യാണ മാല നന്നായിട്ടുണ്ട് .. വായിച്ചു കൊണ്ടിരുന്നപ്പോൾ നാടിന്റെ ഭംഗി നന്നായ കാണാൻ പറ്റി' നാട്ടിൻ എവിടെയാണ്?
    Naaraayam: സന്തോഷം പാർവ്വതി....🙏 എന്റെ നാട് കണ്ണൂരാണ്... ഈ പറഞ്ഞ സ്ഥലം ഇപ്പഴത്തെ കണ്ണൂർ വിമാനത്താവളത്തിനും പഴശ്ശി രാജാവിന്റെ കുലദേവതാ സ്ഥാനമായ മൃദംഗശൈലേശ്വരി ക്ഷേത്രത്തിനുമിടയിലുള്ള മലകളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ☺

    Dilip Nambiar വേണൂ പൊളിച്ചു സോദരാ. വളരെ ഇഷ്ടപ്പെട്ടു ആ വിവരണ ശൈലി 👍👍👍 ഈ വിവരിച്ച വീട് കാഞ്ഞിലേരി ആണോ?
    Venugopalan Kokkodan Thank you Dilip etta... അതെ... കാഞ്ഞിലേരി വീട് തന്നെ ☺️

    Arun Kumar good post

    Suvarna Susheel വേണുവേട്ടനെക്കാൾ 6 വയസിന് മാത്രം മൂപ്പുള്ള വേണുവേട്ടന്റെ മഞ്ഞങ്കരയിലെ കുഞ്ഞമ്മയെ വേട്ടത് പൊതുവാച്ചേരി അടിയത്രവളപ്പിലെ എന്റെ ഇളയച്ഛനാണ്..ആ കല്യാണത്തിന് മഞ്ഞങ്കരയിലേക്ക് എന്നെയും കൂട്ടിയില്ല....പക്ഷേ ഞമ്മള് (ഞാനും നിങ്ങളുടെ കുഞ്ഞമ്മയും അമ്മവഴി പണ്ടേ സ്വന്തക്കാരായതുകൊണ്ടു)രണ്ടു വഴി ബന്ധക്കാരാണ് എന്ന് മറ്റുള്ളവരോട് പറഞ്ഞും സ്വയവും അങ്ങ് ആശ്വസിച്ചു....
    Venugopalan Kokkodan Suvarna, പക്ഷേ ഞാനും നീയും കുഞ്ഞമ്മയുടെ കല്യാണ സൽക്കാരത്തിന് ആദ്യമായ് കണ്ടു മുട്ടിയപ്പോൾ മഞ്ഞങ്കരയിലെ തെക്കുഭാഗത്തെ മുറ്റത്ത് നിന്ന് L.O.N.D.O.N എന്ന കളി കളിച്ചിരുന്നത് ഓർമ്മയുണ്ടോ ? 😄

    Jayapalan C അത്യുഗ്രൻ. മൂത്തമ്മാമനും അമ്മായിയും വായിച്ചു ആസ്വദിക്കും. അതിസുന്ദരമായ ഓർമ്മകൾ ഓർത്തെടുക്കും.
    Venugopalan Kokkodan Thank you Jayapalan etta 🙏
    ഇനി നാട്ടിൽ പോയാൽ, കല്യാണദിവസത്തെ ഓർമ്മകൾ പുറത്ത് വിട്ടതിന്, മൂത്തമ്മാമനും അമ്മായിയും എനിക്കിട്ട് കിഴുക്ക് തരാതിരുന്നാ മതിയായിരുന്നു ! 😄

    മറുപടിഇല്ലാതാക്കൂ
  2. മോഹനേട്ടന്റെ കല്യാണത്തിന് പങ്കെടുത്ത ഒരു അനുഭൂതി തന്നതിന് നന്ദി ... ഗംഭീരം

    മറുപടിഇല്ലാതാക്കൂ