Saturday, December 1, 2018

സർഗ്ഗസൃഷ്ടികൾ മോഷ്ടിക്കപ്പെടുമ്പോൾ...

അതെ... വിഷയം മോഷണമാണ്.... അതും സർഗ്ഗസൃഷ്ടി മോഷണം.... ഒരു വിവരവുമില്ലാത്തവൻ അവന്റെ വയറ്റിപ്പിഴപ്പിന് വേണ്ടി മോഷ്ടിച്ചതൊന്നുമല്ല. ആരെയൊക്കെയോ എന്തോക്കെയോ ആണെന്ന് സ്വയമറിയിക്കാൻ വേണ്ടി നടത്തിയ 'സ്മാർട്ട് പ്ളേ' അതായിരുന്നു ആ 'കച്ചവടക്കളവ്'.

ഒരദ്ധ്യാപിക... നവോത്ഥാന (ഈ വാക്ക് പറയാൻ ഇപ്പൊ ഒരു മടിയാണ്) നായിക... പുരോഗമന ചിന്താഗതിക്കാരിയെന്ന ലേബലുള്ളവൾ... ഇടതുപക്ഷമെന്ന പക്ഷത്തിന്റെ സഹയാത്രിക.... എഴുത്തുകാരിയെന്ന പ്രഭാവലയമുള്ളവൾ.... സാമൂഹ്യരാഷ്ട്രീയ രംഗത്ത് സമകാലിക പ്രശ്നങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നവൾ..... അതായിരുന്നു (കുറച്ച് പേർക്കെങ്കിലും) .... ഇന്നലെ വരെ കേരളവർമ്മ കോളജിലെ അദ്ധ്യാപിക ദീപാ നിശാന്ത്.

അവർ കവിത മോഷ്ടിച്ചോ?... ഇല്ലെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്... പക്ഷേ കവിത വാങ്ങുകയായിരുന്നു... സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ. വാങ്ങിയത്, ഒരു അറിയപ്പെടുന്ന, സാംസ്കാരിക നായകാനാണെന്ന് മേനി നടിക്കുന്ന, സുഹൃത്തിന്റെ അടുത്ത് നിന്നും... അതും ഒരു 'കുത്തി'ല്ലാതിരിക്കാൻ അവന്റെ സമ്മതം വാങ്ങിക്കൊണ്ട് തന്നെ... പക്ഷേ ആ കവിത, ഈ പറഞ്ഞ സുഹൃത്ത് പച്ചക്ക് മോഷ്ടിച്ചതാണെന്ന്, ഏത് കീറപ്പുസ്തകവും വേണ്ടാതെ വായിക്കുന്ന ആരോ ഒരാൾ കണ്ടു പിടിച്ചുകളഞ്ഞു. ഈ പരന്ന കവിതാവായനക്കാരനെയൊക്കെ പച്ചക്ക് കത്തിക്കണം.... ഈയാളൊന്നും ഇതൊന്നും വായിച്ചില്ലെങ്കിൽ ദീപ നിശാന്തും സാംസ്കാരികനായകനായ സുഹൃത്ത് ശ്രീചിത്രനും പിടിക്കപ്പെടുമായിരുന്നില്ലല്ലോ....

പക്ഷേ അതിലും രസം ആ അദ്ധ്യാപികയുടെ ന്യായീകരണക്കുറിപ്പുകളാണ്. - "കലേഷിന്റെ (ശരിക്കും കവിത എഴുതിയ ആൾ) വിഷമം ഒരു അദ്ധ്യാപികയെന്ന രീതിയിലും എഴുത്തുകാരി എന്ന നിലയിലും എനിക്ക് മറ്റാരേക്കാളും ശരിക്ക് മനസ്സിലാകും.... ഇവിടെ ഞാൻ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു.... ആ സത്യം എനിക്ക് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ട്.... മലയാളം അദ്ധ്യാപികയായ ഞാൻ തെറ്റിദ്ധരിപ്പിക്കപ്പെടാമോ എന്ന് നിങ്ങൾ തെറ്റിദ്ധരിക്കും.... മറ്റൊരാളുടെ കവിത എന്റെ പേരിൽ പ്രസിദ്ധീകരിക്കുന്നത് എനിക്ക് ഒരു ലാഭവും തരില്ല, മറിച്ച് നഷ്ടങ്ങൾ സമ്മാനിക്കാനേ സാധ്യതയുള്ളൂ... ഞാൻ നിരന്തരമായി സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയ ആവുന്നയാളാണ്....എന്റെ ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ഒളിഞ്ഞു നോക്കുന്നുണ്ടെന്ന ബോദ്ധ്യം എനിക്കുണ്ട്.... എന്റെ എതിരാളികൾ ഈ സംഭവം, എന്നെ കരിവാരിത്തേക്കാൻ ഉപയോഗിക്കും... "

ടീച്ചറേ.... ടീച്ചർക്ക് ഒരു ബോധവുമില്ലെന്നുള്ളതാണ് സത്യം.... എന്താണ് ചെയ്തത്.. അല്ലെങ്കിൽ ചെയ്തതിന്റെ വ്യാപ്തി എന്താണ് എന്നൊക്കെ ടീച്ചർക്ക് ബോദ്ധ്യമുണ്ടോ എന്ന് തീർച്ചയായും സംശയമുണ്ട്... കണ്ടുപിടിക്കപ്പെട്ടതിലുള്ള അമർഷവും സങ്കടവും മാത്രമേ ടീച്ചർക്കുള്ളൂ... കട്ടെഴുതിയില്ലെങ്കിലും വാങ്ങിച്ചെഴുതി സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുന്നതിൽ കുഴപ്പമില്ല എന്നാണ് ടീച്ചർ പറഞ്ഞു വെക്കുന്നത്... കഷ്ടകാലത്തിന് ആരുടെയടുത്ത് നിന്ന് വാങ്ങിച്ചുവോ, അയാൾ കട്ടു എന്നുള്ളതാണ് ടീച്ചറുടെ പ്രശ്നം.... അദ്ധ്യാപികയെന്ന തരത്തിലോ എഴുത്തുകാരി എന്ന തരത്തിലോ ഒരു സത്യസന്ധതയും ടീച്ചർ ഇവിടെ കാണിച്ചിട്ടില്ല... മറ്റുള്ളവർക്ക് ചെറിയ രീതിയിലെങ്കിലും മാതൃകയാവേണ്ടവരാണ് എഴുത്തുകാർ... പുതിയ തലമുറയെ നല്ല രീതിയിൽ വാർക്കേണ്ടവരാണ് അദ്ധ്യാപകർ... 'എന്റെ ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ഒളിഞ്ഞു നോക്കുന്നുണ്ടെന്ന ബോദ്ധ്യം എനിക്കുണ്ട്' എന്ന് പറയുന്ന ടീച്ചർ തന്നെ ഒരു ശങ്കയും കൂടാതെ കവിത വാങ്ങി, സ്വന്തം ചിത്രവും കൊടുത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു... കഷ്ടം.

ടീച്ചർ പിന്നെയും പറയുന്നു: "ഇനിയും കലേഷിനും എനിക്കും എഴുതാൻ കഴിയും.. താല്പര്യമുള്ളവർ അത് വായിക്കും.... വേണ്ടത് തള്ളാനും കൊള്ളാനുമുള്ള ശേഷി വായനക്കാർക്ക് ഉണ്ട്... അവരത് നിർവ്വഹിക്കും..."

"ഇനിയും എനിക്കും എഴുതാൻ കഴിയും" - എന്നതൊഴിച്ച് ബാക്കി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്... വായനക്കാരൻ എന്നനിലയിൽ , ടീച്ചറേ ഒന്ന് പറഞ്ഞോട്ടെ.... ടീച്ചർ ഇനി എഴുതണ്ട... കലേഷ് എഴുതിക്കോട്ടെ... ഇനി ടീച്ചർ എന്തെങ്കിലും എഴുതി 'ജ്ഞാനപീഠം' കിട്ടിയാൽ 'ജ്ഞാനപീഠം' എന്ന അവാർഡിന്റെ 'വെയ്‌റ്റ്' പോകുമെന്നല്ലാതെ വേറെരു കാര്യവുമുണ്ടാകില്ല.... ഇനി ടീച്ചർ എഴുതുന്നത് ഒരു സാമാന്യവായനക്കാരനും വായിക്കാൻ പോകുന്നില്ല.... സത്യത്തിൽ കുട്ടികളെ പഠിപ്പിക്കാൻ പോലുമുള്ള ഒരു ധാർമ്മികതയും ടീച്ചർക്ക് ഇനി ബാക്കിയില്ല.... ടീച്ചർ ഇനി അടങ്ങി ഒതുങ്ങി എവിടെയെങ്കിലും ഇരുന്ന് പഴയ സിനിമകൾ കാണുന്നതായിരിക്കും ഭംഗി... കുറച്ചെങ്കിലും സ്വയം ന്യായീകരിക്കുന്നതിന് പകരം സ്രാഷ്ടാംഗം തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നെങ്കിൽ ടീച്ചർക്ക് വീണ്ടും മുളച്ച് വരാനുള്ള എന്തെങ്കിലും ഒരു നാമ്പെങ്കിലും ബാക്കി അവശേഷിച്ചേനെ... ടീച്ചർ ആ നാമ്പ് പോലും സ്വയം കരിച്ചുകളഞ്ഞിരിക്കുന്നു.

സ്വയം ആലോചിച്ച് മനസ്സിലിട്ട് മഥിച്ച് പുറത്ത് വരുന്ന എഴുത്തിനോളം സുഖം കട്ടതും വാങ്ങിച്ചതുമായ ഒരു സൃഷ്ടിക്കും തരാൻ കഴിയില്ല.. എഴുതിയതിന്റെ സാംഗത്യവും മേന്മയും വായനക്കാരുടെ പ്രതികരണങ്ങളും എന്തുമോ ആയിക്കൊള്ളട്ടെ... കാക്കക്ക് തൻകുഞ്ഞ് തന്നെയാണ് എപ്പോഴും പൊൻകുഞ്ഞ്... അടിസ്ഥാനമില്ലാതെ ഉണ്ടാക്കപ്പെട്ട ഏത് പുറംചട്ടയും ഒരു കാലത്ത് പൊളിയും. മാർക്കോണിയും ജഗദീഷ് ചന്ദ്ര ബോസും പരസ്പരമറിയാതെ ഒരേ സമയത്ത് റേഡിയോ കണ്ട് പിടിച്ചത് പോലെയല്ല എഴുത്ത്. ഒരേപോലെയുള്ള എഴുത്ത് ഒരിക്കലും രണ്ടുപേരുടെ മനസ്സുകളിൽ നിന്ന്പുറത്ത് വരില്ല... അതാണ് എഴുത്തിന്റെ മാഹാത്മ്യം. മനസ്സ് നൊന്ത് പുറത്ത് വന്ന എഴുത്ത് മറ്റൊരാളുടെ പേരിൽ വരുന്നത് ഏതൊരു എഴുത്തുകാരനും ഹൃദയഭേദകം തന്നെയാണ്. ദീപ ടീച്ചർക്ക് അതിനിയും മനസ്സിലായിട്ടില്ല. വായനക്കാർ ടീച്ചറേക്കാളും വായിക്കുന്നുണ്ട് എന്നുള്ളതെങ്കിലും ടീച്ചർക്ക് മനസ്സിലായിക്കാണുമോ ആവോ....

ആരുമറിയാതെയുണ്ടാക്കപ്പെട്ട ചില വിഗ്രഹങ്ങളുടെ ചൈതന്യത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നറിയാൻ ഇത്തരത്തിലുള്ള സ്വാഭാവിക വെളിപ്പെടലുകൾ കാരണമാകുമെന്നത് തന്നെയാണ് ഒരേയൊരാശ്വാസം.


***

8 comments:

 1. Facebook Comment 1:
  Jayapalan C മൂർച്ചയുള്ള വിമർശനം. വളരെശരി. കണ്ടാമൃഗത്തിന്റെ തൊലികട്ടിയുള്ള അഭിനവ അഭിനയ കവയിത്രീ വീണിടത്തുനിന്ന് ഉരുണ്ടുകൊണ്ടിരിക്കുന്നു

  Naaraayam: Thank you Jayapalan etta.... ടീച്ചർക്ക് അബദ്ധം പറ്റി... അല്ലെങ്കിൽ ആരോ.. ആരൊക്കെയോ പറ്റിച്ചു.. എന്നൊക്കെ വിശ്വസിക്കാനായിരുന്നു എനിക്കേറെ ഇഷ്ടം... പക്ഷേ, ഇവിടെ ഒരു തരത്തിലും അവരെ ന്യായീകരിക്കാൻ പറ്റുന്നില്ല...😒

  ReplyDelete
 2. Facebook Comment 2:
  Saju Kumar I can feel it too 😡

  Naaraayam: Yes Saju, really can’t digest from these people...

  ReplyDelete
 3. Facebook Comment 3:
  Uma Surendran ആരുടെ മുന്നിലാണ് ഇവരൊക്കെ വലിയ ആളാവാൻ ശ്രമിക്കുന്നത്. ഇവരൊക്കെ ആണോ നമ്മുടെ ഭാവിതലമുറയെ വാർത്തെടുക്കാൻ നിയോഗിക്കപ്പെട്ടവർ. സങ്കടം തോന്നുന്നു.

  Naaraayam: Very true, Uma Echi....
  അഭിപ്രായങ്ങളും എഴുത്തുകളും ഒക്കെ നല്ലത് തന്നെ... പക്ഷെ, അത് സ്വന്തമല്ലെങ്കിൽ, ഇങ്ങനെയുള്ള സ്വയംകൃതവിഗ്രഹാത്മഹത്യകൾ നടക്കും. ബാക്കിയുള്ളവരെങ്കിലും ഇതൊക്കെ മനസ്സിലാക്കിയാൽ നല്ലത്.

  ReplyDelete
 4. Facebook Comment 4:
  Rejeesh Nair Malayath മോഷണം ജന്മനാ കിട്ടുന്നതാ ... അവർ ടീച്ചർ ആയതും കോപ്പി അടിച്ചിട്ടാവുമോ 🤔

  Naaraayam: Rejeesh, May be... കളവ് (ചെറുപ്പത്തിലെ ശർക്കരക്കളവുകളും ബീടിയൊന്ന് രുചിക്കാൻ നടത്തിയ നാലഞ്ച്‌ പൈസാക്കളവുകളും മുട്ടായിക്കളവുകളും ഒഴിച്ച് 😜) ഒരു തവണ പിടിക്കപ്പെട്ടാൽപ്പിന്നെ, അത് വരെ ചെയ്തതും പിന്നീട് ചെയ്യുന്നതുമായ ഒരു സത്കർമ്മത്തിനും നാട്ടുകാർ ഒരുതരത്തിലുമുള്ള സത്യസന്ധതയും കല്പിച്ചു നൽകില്ല...😄

  ReplyDelete
 5. Facebook Comment 5:
  Dilip Nambiar ഞാൻ ഏറെ ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരി ആയിരുന്നു ദീപ.. അവരുടെ എല്ലാ നോവലും വായിക്കുകയും ചെയ്തു.. തന്റെ എഴുത്തിലൂടെ ഒരായിരം പേരുടെ ഇഷ്ടക്കാരി ആയിരുന്നു അവർ.. എന്തിനു വേണ്ടി ഇത്തരം ഒരു തരംതാണ ചെയ്തിക്ക് അവർ മുതിർന്നു എന്ന് മനസ്സിലാവുന്നില്ല..

  Naaraayam: Dilip etta, very true.... കുന്നോളം നല്ല കാര്യങ്ങൾ ചെയ്താലും ഒന്ന് കരി വാരിത്തേക്കാൻ വേണ്ടി ഒരു തെറ്റ് സംഭവിക്കാൻ എതിരാളികൾ പൊതുവെ കാത്തിരിക്കുമെന്ന് പറയാറുണ്ട്. ആ കൂട്ടത്തിൽ ഞാൻ എന്നെ ഇതുവരെ പെടുത്താൻ ശ്രമിച്ചിട്ടില്ല. എല്ലാവർക്കും അബദ്ധങ്ങൾ പറ്റും, എല്ലാവർക്കും അവരവരുടേതായ നിർദ്ദോഷങ്ങളായ സ്വകാര്യതകളും കാണും, നാട്ടിൽ ആചരിക്കപ്പെടേണ്ടതായി കാണാൻ നാട്ടുകാർ ശഠിക്കുന്ന ആചാരങ്ങൾക്കെതിരായുള്ള സ്വകാര്യമായ സദാചാരവിരുദ്ധതകളും കാണാം. അങ്ങനെയുള്ളതൊക്കെ വിട്ടുകളയണമെന്നും, അവർ ചെയ്ത നന്മകളെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് എന്റെ നിലപാട്. പക്ഷെ ഇവിടെ ദീപ ടീച്ചർ ഏത് മേഖലയിലാണോ അറിയപ്പെട്ടത്, ആ മേഖലയിൽ ഒരിക്കലും ഒരുതരം സാമാന്യബുദ്ധി കൊണ്ടും ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്. അത് വെറും ഒരു അശ്രദ്ധയായി കാണാൻ പറ്റുന്നില്ല. അതും ഒരു അറിയപ്പെടുന്ന അധ്യാപികയായും എഴുത്തുകാരിയാണ് ഇരിക്കുമ്പോൾ... അതുകൊണ്ടാണ് സഹിക്കാൻ പറ്റാത്തത്...

  Dilip Nambiar ഈ വാർത്തകേട്ടപ്പോൾ ഞാനും ആലോചിച്ചത് അത് തന്നെ.. സ്വന്തം നിലയിൽ പ്രശസ്ത ആയ ഒരു യുവതി..അത് സ്വന്തം രചനകളിൽ ആയാലും, ഔദ്യോഗിക തലത്തിൽ ആയാലും.. അങ്ങിനെ ഉള്ള ഒരു വ്യക്തി എന്തിനു ഇത്തരം ചെയ്തികളിൽ ഏർപ്പെട്ടു??? ഒരിക്കലും നീതീകരിക്കാൻ ആവുന്ന തെറ്റല്ല അത്.. അത് കട്ടതായാലും വില കൊടുത്തു വാങ്ങിയതാണെങ്കിലും...

  Naaraayam: Yes Dilip etta,... ഒരെഴുത്ത്കാരന്റെ വിദൂരമായ സ്വപ്നത്തിൽ പോലും മറ്റൊരാളുടെ എഴുത്ത്, ഏത് സൗഹൃദത്തിന്റെ പേരിലായാലും ശരി, സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാനുള്ള ചിന്തകൾ ഉണ്ടാവരുത്... അത്തരം ചിന്തകൾ ഉണ്ടാവുന്നത്, എഴുത്തെന്ന പ്രവർത്തിയുടെ മർമ്മത്തിന് കൊടുക്കുന്ന പ്രഹരത്തിന് സമമാണ്...

  Dilip Nambiar agree with you 100%.

  ReplyDelete
 6. Whatsapp Comment 1:
  Manjusha Sreeram Manalel: Venu..I saw the post in Naaraayam. Read tge comments too. I read teo of her books in the past, and always liked her. Very disappointing news...But I strongly believe there is another side to it.
  There was a video recording of her speaking about what happened. I am sure she may not be able to publicly say as to exactly what happened...
  I totally agree that being a teacher, she made one of the biggest mistakes

  Naaraayam: Yeah I agree some extent Manju... there can be always some hidden truth. But here, I think though she was not revealing earlier, later she revealed what’s the truth.. no idea any more truths to be out...
  Being a writer, teacher and who is much aware that social detective eyes are behind her on every words she writes, she should have been more cautious.. I’m tooo.. very sad....

  ReplyDelete
 7. Whatsapp Comment 2:
  Shaju Sivabalan: ഇതൊരു തീവ്രത കുറഞ്ഞ മോഷണം ആവാനേ വഴിയുള്ളൂ ..... എന്നാലും !!
  (ചിലപ്പോൾ കേരള സാഹിത്യ അക്കദമി ചെയർമാൻ ആക്കി തരം താഴ്ത്തി ശിക്ഷിക്കും😀)

  Naaraayam: പദങ്ങളെക്കൊണ്ടുള്ള ഒരുതരം എഞ്ചിനീയറിങ് ആണല്ലോ കവിത. മാർക്കോണിയും ജഗദീഷ് ചന്ദ്രബോസും ഏകദേശം ഒരേ സമയത്ത് പരസ്പരം കാണാതെ ഒരേ പോലെയുള്ള കണ്ടുപിടുത്തം നടത്തിയത് പോലെ, ദീപച്ചേച്ചിയും കലേഷും ഒരേ പോലുള്ള കവിത പരസ്പരം അറിയാതെ എഴുതിയിരിക്കും 😜
  ചേച്ചി പുരോഗമന ചിന്താഗതിക്കാരിയായത് കൊണ്ട് കലേഷിന്റെയടുത്ത് പ്രയോഗിച്ച കല മോഷണകലയാണെന്ന് വെറുതെ കലയുണ്ടാക്കാൻ നടക്കുന്ന കലാപകാരികളാണെന്നാണ് കാലഭൈരവൻ പറയുന്നത്.😊

  ReplyDelete
 8. Whatsapp Comment 3
  Shaju Sivabalan: അടുത്തത് ചിലപ്പം ഇളയടം ചേട്ടനാകാം. (ആകല്ലേ എന്ന് വിചാരിക്കുന്നു)

  Naaraayam: ഇളയിടം ചേട്ടൻ തീർച്ചയായും നല്ല വായനക്കാരനും വാഗ്മിയുമാണ്. അദ്ദേഹത്തിൻറെ ‘പൊളിറ്റിക്കൽ ഇസ്‌ലാം’ നല്ലതാണെന്നുള്ള വാദത്തോടായിരുന്നു എന്റെ വ്യക്തിപരമായ എതിർപ്പ്. ഏത് മതവും വ്യക്തിപരത വിട്ട് ‘പൊളിറ്റിക്കലൈസ്’ ചെയ്യുന്നത് നല്ലതാണെന്ന അഭിപ്രായമില്ല. പക്ഷെ ഇളയിടം ചേട്ടൻ മേല്പറഞ്ഞ അഭിപ്രായം ഈയിടെ മാറ്റിപ്പറഞ്ഞതായി അറിയാൻ കഴിഞ്ഞു. നല്ല കാര്യത്തിലേക്കുള്ള ചുവട് വെപ്പുകളെയും ചുവട് മാറ്റങ്ങളെയും ഭൂതകകാലത്തെ അഭിപ്രായങ്ങളെ വച്ച് അളക്കേണ്ടതില്ല... സംവാദങ്ങൾ എപ്പോഴും വൈജ്ഞാനികദായകങ്ങളാണ്. ഇളയിടം ചേട്ടന് ദീപച്ചേച്ചിയുടെ അവസ്ഥ ഉണ്ടാവാതിരുന്നാൽ അദ്ദേഹത്തിന് നന്ന്!

  ReplyDelete