2015, മാർച്ച് 27, വെള്ളിയാഴ്‌ച

സ്വപ്നാടനം

പ്രണയത്തെ ഓർമ്മത്തോണിയിലേറ്റി തുഴയുന്ന സമയത്ത് അവിചാരിതമായി വന്നുപെട്ട പ്രളയത്തിൽ, സ്വജീവൻ പണയം വച്ച്, പ്രണയത്തെ രക്ഷിച്ച സാഹസം. പ്രളയം തോറ്റുപോയ പ്രണയം


ഈ മഴക്കാറിന്റെ പിന്നിലായിട്ടൊരു
ചില്ലിന്റെ കൊട്ടാരമായിരുന്നു
മഴക്കാറിനാം മതിലിന്റെ മദ്ധ്യത്തിലായിട്ട്
മഴവില്ലിൻ മോഹകവാടമായി

നക്ഷത്രങ്ങളാം കുസുമങ്ങളുള്ളൊരു
മോഹനോദ്യാനവുമായിരുന്നു
അനർഗളമായുള്ള ജലധാരയായിട്ടി-
വിടെയായി ഉറവകളായിരുന്നു

ഇതിന്നും മുകളിലായ് ചിത്രശലഭങ്ങൾ
പാറിപ്പറന്നു കളിച്ചിരുന്നു
അനുഭൂതി പകരുന്ന ശീതളഛായയിൽ
മാരുതൻ മന്ദമായ് സ്പന്ദനമായ്‌

ഉദ്യാനത്തിന്റെ തെക്കിനിക്കുള്ളിലായ്
വള്ളിയൂഞ്ഞാലിൽ കളിച്ചിരുന്നു
ജലധാരച്ചുറ്റിലെ തടാകത്തിനുള്ളിലായ്
വർണ്ണമത്സ്യങ്ങൾ തിമർത്തിരുന്നു

പൂങ്കാവനത്തിന്റെ ഉള്ളിലായ് വിലസിടും
സാധൂമൃഗങ്ങളുമായിരുന്നു
കൊട്ടാരത്തിന്റെ ഉള്ളിലായിട്ടെന്റെ
മാനസം കാത്തിട്ടു വച്ചിരുന്നു
ഞാനുമീ പൂങ്കാവനത്തിൽ നടന്നിരുന്നു

തഴുകുന്ന കാറ്റിൽ പറന്നു നടന്നു
സ്നേഹ സുഗന്ധ പരാഗണങ്ങൾ
സായാഹ്ന സൂര്യന്റെ ലോലമാം രശ്മിയിൽ
പടരുന്നു സ്നേഹപ്രകാശനങ്ങൾ
ആനന്ദദായക സ്പർശനങ്ങൾ

ഈ സ്നേഹതീരത്തിൻ പൂഴിപ്പരപ്പിലായ്
സൌഗന്ധികങ്ങൾ പരന്നിരുന്നു
സ്നേഹത്തിൻ സാഗര തീരത്തു വഞ്ചിയിൽ
യുഗ്മഗാനങ്ങൾ ലയിച്ചിരുന്നു

നീലാകാശത്തിൻ മേഘങ്ങളിൽ കേറി
ഭാസുര ഭൂമിയെ നോക്കി നിന്നൂ
മാറ്റുകൾ കൂട്ടി കണ്ണോട്ടമേല്പിച്ച്
പ്രതലത്തിൻ ഭംഗികളാസ്വദിച്ചൂ

ചിപ്പികളാകുന്ന പേടകത്തിൽ കേറി
സമുദ്രാന്തരങ്ങളിൽ ഊളിയിട്ടൂ
പവിഴപ്പുറ്റുകളാകുന്ന മായാ-
പ്രപഞ്ചത്തെ നോക്കി മയങ്ങി നിന്നു

ഒരു നാൾ പൊടുന്നനെ പൂങ്കാവനത്തിലെ
ആകാശമേഘം കറുത്തിരുണ്ടു

മേഘങ്ങൾ കീറിപ്പിളർന്നൂ
മിന്നൽ തെന്നിയടർന്നൂ
മേഘങ്ങൾ നാദം പൊഴിച്ചൂ
ഉദ്യാനവായു വിരണ്ടൂ

മന്ദമാരുതൻ കൊടുങ്കാറ്റായീ
ജലധാര പേമാരിയായീ
വർണ്ണമത്സ്യങ്ങൾ തിമിംഗലമായീ
പൂമ്പാറ്റകൾ ജടായുക്കളായീ

ഊഞ്ഞാലുകൾ കൊലക്കയറുകളായീ
സാധൂ മൃഗങ്ങൾ ജന്തുക്കളായീ
സ്നേഹതീരത്തിൽ കടൽ കയറി
പൂങ്കാവനത്തിൽ പ്രളയമായി

കാറിൻ മതിലുകൾ മലർന്നു വീണു
ഉദ്യാന രംഗം പൊലിഞ്ഞൂ
ചില്ലുകൊട്ടാരം പൊളിഞ്ഞു വീണു
മാരീ വില്ല്  ഒടിഞ്ഞു വീണു

പ്രളയത്തിൻ മദ്ധ്യേ കണ്ടൊരു വഞ്ചിയിൽ
ഞാനെന്റെ പ്രണയത്തെ കുടിയിരുത്തി
വഞ്ചിയിൽ കയറുന്ന നേരത്തെനിക്കെന്റെ
തളരുന്ന കാലുകൾ തെന്നി മാറീ

എത്ര ശ്രമിച്ചിട്ടുമെത്ര വിയർത്തിട്ടു-
മെൻ ദേഹമെന്തോ തളർന്നു പോയീ
വഞ്ചിയിലാക്കിയ പ്രണയത്തെ ഞാനെന്റെ
മിഴിനീരോഴുക്കി യാത്രയാക്കി

പ്രളയത്തിൽ മുങ്ങി മരിക്കുന്ന നേരത്ത്
എൻ നിദ്ര ഞെട്ടിത്തെറിച്ചു വീണു
നിലാവിൽ കണ്ടൊരു മോഹന സ്വപ്നത്തെ
തിരിഞ്ഞൊന്നു നോക്കുവാൻ യാത്രയായീ

നിരന്തരമായുള്ള ചിന്തകൾ പിന്നെയും
മനതാരിൽ അരുവികൾ തീർത്തുവെച്ചു
അരുവിതൻ തീരത്തെ വെള്ളാരംകല്ലുമേൽ
രാമച്ചമെത്തയിൽ ഞാൻ കിടന്നൂ

നിലാവിനാൽ നീലിച്ച ഗഗനത്തെ നോക്കി ഞാൻ
മലർവാടിയാക്കിയെൻ മാനസത്തെ
അരുവിതൻ കളകള നാദം ശ്രവിച്ചു ഞാൻ
നഷ്ടമാം നിദ്രയെ പുല്കിടട്ടെ

*****

2 അഭിപ്രായങ്ങൾ: