2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

തെരുവിലെ ശാന്തി

ശ്രീ

വലിയ പട്ടണങ്ങളിലെ ചില വൃത്തികെട്ട മൂലകളിൽ‍  നമ്മളൊക്കെ പലപ്പോഴും കണ്ടിട്ടുള്ള ഒരു കാഴ്ച. അവരൊക്കെ അവിടെ എങ്ങനെ വന്നു എങ്ങനെ എത്തിപ്പെട്ടു ഒന്നും നമുക്കാർക്കും അറിയില്ല. അവർ‍ വിധിയുടെ ബലിമൃഗങ്ങളാണ്. വിധിയുടെ ബലത്തിൽ‍ വന്നു ചേർ‍ന്ന സൗകര്യങ്ങളിൽ‍ മതിമറന്ന്, മറ്റുള്ളവരുടെ വണ്ണത്തെ താരതമ്യം ചെയ്ത്, നമ്മൾ പലരും ആ ഒരു ലോകത്തെ കാണുന്നില്ല; അഥവാ കണ്ടില്ലെന്നു നടിക്കുന്നു.

എന്നിരുന്നാലും അത്തരം ആളുകളിൽ ഒരുതരം അനിർവ്വചനീയമായ ഒരു ശാന്തി അവരുപോലും കാണാതെ ഒളിഞ്ഞു കിടക്കുന്നതായി ഞാൻ കാണുന്നു. നമുക്കാർക്കും ഒരിക്കലും അനുഭവിക്കാൻ കഴിയാത്ത ശാന്തി. ഈ ലോകത്ത് മറ്റുള്ളവരെ നോക്കി ജീവിച്ചു ജയിക്കാനുള്ള തത്രപ്പാടിൽ നമുക്ക് നഷ്ടമാവുന്ന അനിവാര്യമായ ശാന്തി. ഈ കാഴ്ചപ്പാട് എന്റേത് മാത്രമാണ്, എന്റേത് മാത്രം.

                                                                         

പടരുന്നതാ പടലങ്ങളായ് പുക
വിടരുന്നു വളകളായ് ശുഷ്കമാമധരം വഴി
പോകുന്നൂ ഇരട്ടക്കുഴൽ‍ വച്ച വണ്ടി പോൽ
മൂക്കിനാൽ ചീറ്റുന്ന ധൂമജാലങ്ങളായ്

ഒട്ടുന്നൂ കവിളുകൾ കൂമ്പുന്നൂ മുഖം
അടിചേർത്തുവച്ചോരിടങ്ങഴി പോലവേ
കാറ്റടിക്കുമ്പോലെ താഴുന്നു പൊങ്ങുന്നു
പറ്റിയിരിക്കുന്ന നെഞ്ചുതൻ‍ കൂടുകൾ

കണ്ണുകളിറുക്കുന്നൂ ചവയ്ക്കുന്നൂ വൃഥാ
കണ്ണടയ്ക്കുന്നൂ തുറക്കുന്നൂ മേൽക്കുമേൽ
വിറയ്ക്കുന്നുണ്ടാ കൈകൾ, വിരലുകൾ‍ വെറുതെ
പിറുപിറുക്കുന്നൂ താനേ ചിണുങ്ങുന്നൂ

ചിന്തിക്കുന്നുണ്ടെന്തോ കാര്യമായ് വളരെ
ചന്തമായ് ചിരിക്കുന്നു മുറിപ്പല്ലുകൾ കാട്ടി
വീഴുന്നൂ കണ്ണുനീര്‍ ഇടയ്ക്കിടെ തുടയ്ക്കുന്നു
പഴിക്കുന്നു ഇടയ്ക്കിടക്കെന്തോ മൊഴിയുന്നു

തിരിച്ചറിയുന്നില്ലാ കാലുകൾ‍ കൈയ്യുകൾ‍
പിരിച്ചിട്ടിരിക്കുന്നു കയറിലെ ചൂടി പോൽ‍
വിരലുകൾ ചലിക്കുന്നു  വല്ലാത്തവണ്ണം
പരലുകൾ തത്തിത്തിമർക്കുന്ന പോലെ

ഒട്ടിയിട്ടുണ്ടാ വയർ പുറത്തോ-
ടൊട്ടിയിട്ടുണ്ടൊരു നേർരേഖ പോലെ
കണ്ഠം പതുങ്ങി ച്ചുരുങ്ങിയിരിക്കുന്നു
കണ്ടത്തിലുള്ള ബകത്തിൻ‍ കഴുത്ത് പോൽ

മെലിഞ്ഞിരിക്കുന്നു ഉണക്കക്കമ്പു പോൽ
പൊലിഞ്ഞിരിക്കുന്നു കണ്ണിൻ പ്രകാശവും
ആണ്ടിരിക്കുന്നൂ കണ്ണുകൾ‍ കുഴികളിൽ
നീണ്ടിരിക്കുന്നൂ കേശമീശാദികൾ‍

നരച്ചിട്ടുണ്ടാ മുടികള്‍ കൊഴിഞ്ഞിട്ടുമുണ്ട്
നീറുവാൻ കാര്യങ്ങൾ ഉണ്ടെന്നു തോന്നിടും
പ്രായമേറെ ഇല്ലെന്നു തോന്നുന്നു പക്ഷെ
ആയമില്ലല്ലോ ഇനി ഒട്ടുമേ ദൂരം

ആഞ്ഞു വലിച്ചോണ്ട് തുപ്പുന്നതാ പുക
പാഞ്ഞടുക്കുന്നൊരു കരിവണ്ടിയെ പോൽ
ഇറുക്കുന്നുണ്ടവൻ ഹീനമാം ആടകൾ‍
പാറുന്നു മന്ദമായ് കാറ്റിന്റെ കൈകളിൽ

ആയുന്നൂ വീണ്ടും അയ്യോ കഷ്ടമേ
അണഞ്ഞുപോയല്ലോ  കത്തുന്ന ബീഡി
തപ്പുന്നൂ മറ്റൊന്ന്  അരയിലും മീതെയും
തിരിയുന്നു ചുറ്റും വളയം കണക്കെയും

കിട്ടിപ്പോയീ അവനു മുഴുനീളനൊന്നു
ചാടിക്കൊണ്ടതാ കൊളുത്തുന്നു വീണ്ടും
അടക്കുന്നൂ പശി പുകകൊണ്ടു വീണ്ടും
ചടഞ്ഞിരുന്നൂ തെരുവിന്റെ മൂലയിൽ

എല്ലും തൊലുമായ് വ്യാകുലചിത്തനായ്
മർത്യകുലത്തിൽ ഭൂലോകജാതനായ്
മറ്റുള്ള മാറ്റുള്ള മാലോകരൊക്കെയും
മാറ്റമില്ലാതെ ഊറ്റം കൊൾകവേ

പാഴ്ജന്മങ്ങളായ് പഴിച്ചുകൊണ്ടൂഴിയിൽ
ആഴി പിഴിഞ്ഞോണ്ട് നാഴിക തള്ളവേ
പ്രകൃതിയിലീത്തരം വികൃതികൾ തകൃതിയിൽ
കുതന്ത്രങ്ങൾ തന്ത്രത്തിലാകൃതി കൊൾകവേ

ചിന്തിച്ചു ചിന്തിച്ചു ചിന്തനം പൂണ്ടിട്ടു
അന്തിച്ചു ദന്തം കടിച്ചോണ്ട് നിന്നു ഞാൻ
ഗദ്ഗദം പൂണ്ടിട്ടു ചിന്തിച്ചു നിന്നു ഞാൻ
എന്തിനീ കോലങ്ങളീത്തരം ഭൂമിയിൽ

ഈ സ്ഥൂല ജീവൻ എവിടെനിന്നെത്തീ
ഈ കൃശഗാത്രം എവിടെ പിഴച്ചൂ

അമ്മതൻ ഗർഭത്തിൽ മന്ത്രം പിഴച്ചോ
പിതാവിന്റെ പീഡകൾ പാടുകൾ വീഴ്ത്തിയോ
ഗൃഹാന്തരീക്ഷം മധുശാലയായതോ
മധുമദ്യമോദകം തലക്കുത്തിലിട്ടുവോ

ശകാരം കുറഞ്ഞിട്ടു സീൽക്കാരമായതോ
പ്രേമത്തില്‍ പ്രമേഹത്തിൻ പൂക്കൾ വിരിഞ്ഞതോ
ശുക്രനക്ഷത്രം പടിഞ്ഞാറു പൊങ്ങിയോ
ശനിയിൽ കണ്ടകൻ കേമദ്രവത്തിലോ

മനസ്സിന്റെ തന്ത്രികൾ ആലോലമായതോ
തപസ്സിന്റെ താപം തീപ്പന്തമായതോ
പെണ്ണിന്റെ ശാപം സർപ്പങ്ങളായതോ
അതോ ഇത് നിന്റെ താപസ വേഷമോ

ആഡ്ഡ്യസമൂഹം കല്ലെറിഞ്ഞിട്ടുവോ
അതോ ഈ കുളം സ്വയമേവ തോണ്ടിയോ
എന്നിരുന്നാലുമെന്റെ സഹോദരാ
ഒരുകാര്യമുണ്ടെനിക്കസൂയ്യ തോന്നുവാൻ

നിന്നോളമാർക്കുണ്ട് ശാന്തിയീലോകത്ത്
നിന്നോളമാർക്കുണ്ട് ശാന്തി
ഒന്നുമേ വേണ്ടാ ചിന്തിക്കവേണ്ടാ
നാളെയെപ്പറ്റി ചിന്തയേ വേണ്ടാ

മത്സരമില്ലാ ആർഭാടമില്ലാ
കൈക്കൂലിയൊട്ടും കൊടുക്കവേണ്ടാ
പഠിച്ചിട്ടു റോക്കറ്റ് വിട്ടു പഠിക്കുവാൻ
നാസയിൽ പോകേണ്ട കാര്യമില്ലാ

കെട്ടിയ പെണ്ണിന് പൊന്നു വരുത്തേണ്ട
കുട്ടികൾക്കാപ്പിളും വാങ്ങവേണ്ടാ
മാളിക കെട്ടേണ്ട മദ്ദളം കൊട്ടേണ്ട
മനതാരിലാശങ്ക തീരെ വേണ്ടാ

പണത്തിന്റെ മത്തിലും വീഴുകില്ലാ
പെണ്ണിനെ കേറി പിടിക്കുകില്ലാ
ആരാന്റെ അർത്ഥത്തിലാർത്തി ഇല്ലാ
വീരവാദങ്ങൾ മുഴക്കുകില്ലാ

എന്റെ കാര്യമോ എന്റെ കാര്യമോ

രാവിലെ ഏക്കണം കസറത്തു ചെയ്യണം
ഇസ്തിരി വെക്കണം പട്ടിയെ തൂറ്റണം
കോട്ടിട്ടു പോകണം കാറുകൾ വാങ്ങണം
കിടന്നിട്ടുറങ്ങുവാൻ മാളിക തീർക്കണം

അന്നം ഭുജിക്കുവാൻ കോഡുകൾ തീർക്കണം
വണ്ണം കാട്ടുവാൻ കടങ്ങളിൽ മുങ്ങണം
പാർട്ടിക്ക് പോകണം പിള്ളരെ പോറ്റണം
ഭിഷഗ്വരനാക്കുവാൻ ഡൊണേഷൻ കൊടുക്കണം

മോടികൾ കൂട്ടുവാൻ ചായങ്ങൾ തേക്കണം
മേദസ്സ് നോക്കണം ഇൻസുലിൻ കുത്തണം
കൃഷിഭൂമി മാറ്റി പൂന്തോപ്പുകൾ തീർക്കണം
ജീവിതം ജയിക്കുവാൻ കോടതി കേറണം

പാപങ്ങൾ ചെയ്തിട്ട് നോമ്പുകൾ നോക്കണം
മതത്തിന്റെ പേരിൽ കടിപിടി കൂടണം

ഇതൊന്നും ഒട്ടുമേ ചിന്തിക്കവേണ്ടാ
എന്റെ സഹോദരാ എന്റെ സഹോദരാ
നിന്റെ ശാന്തിതന്നെയാണാത്മശാന്തി
എന്മനം തേടുന്ന നിത്യ ശാന്തി

നിന്റെ പുഞ്ചിരിക്കിടയിലും ശാപമായ്
പശിയെന്ന പാശം പശ കൊണ്ടു പൂശി
നിന്റെ വാർത്തകളിത്രയായ് മാത്രം
നിന്റെ കർമങ്ങളിത്രയായ് മാത്രം

അതൊന്നകറ്റുവാൻ പശിയൊന്നകറ്റുവാൻ
കരങ്ങൾ നീട്ടണം തുട്ടുകൾ വീഴ്ത്തണം
ഭോജ്യം ഭുജിക്കണം ധൂമ്രം പുകയ്ക്കണം
വിസർജനം ചെയ്യണം ചുരുണ്ടിട്ടു കൂടണം

പിന്നെ സ്വയമേവ അറിയാതെ
ഒരേ ഒരു മന്ത്രമായ്
മാനവജാതിതൻ ജീവിത മന്ത്രമായ്
ദീനം വിനാ മാലോക ജീവിതം
അനായാസേന മമ ദേഹ മോചനം


                                                                *********************

കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.

                                                                  *******************

10 അഭിപ്രായങ്ങൾ:

  1. നല്ല ആശയവും, ഹൃദ്യമായ അവതരണവും,
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജാസിം, നിങ്ങളുടെ നല്ല പ്രതികരണത്തിന് നന്ദി. വീണ്ടും നിങ്ങളെപ്പോലെയുള്ള സഹൃദയരെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ...

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. എന്റെ സൃഷ്ടികൾ സ്ഥിരമായി വായിച്ച് അഭിപ്രായം പറയുന്ന അജിത്തിന് എന്റെ ഊഷ്മളമായ ഒരു ആലിംഗനം !

      ഇല്ലാതാക്കൂ
  3. ഓരോ ചെറു ചലനങ്ങളും വളരെ സൂക്ഷ്മതയോടെ എഴുതിയിരിക്കുന്നു ....നന്നായി എഴുതി .ആശംസകൾ ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുറിച്ചിട്ട നല്ലവാക്കുകൾക്ക്, സ്വാതിപ്രഭയ്ക്ക് നന്ദി.

      ഇല്ലാതാക്കൂ
  4. മറുപടികൾ
    1. എങ്ങുനിന്നോ വന്ന് എന്റെ സൃഷ്ടി വായിക്കാൻ ഇടയായതിനും, അതിനെക്കുറിച്ച് നിങ്ങൾ രേഖപ്പെടുത്തിയ അഭിപ്രായത്തിനും നന്ദി.

      ഇല്ലാതാക്കൂ
  5. Facebook Comment:
    Saju Kumar Minute details noted ,Venu . Good one.

    Venugopalan Kokkodan Thank you Saju !

    മറുപടിഇല്ലാതാക്കൂ
  6. Facebook Comment 2:

    C Siva Nandan വളരെ നന്നായിടുണ്ട് . പ്രാസം ഒപ്പിചെട്ടുള്ള വരികളും , കുറിക്കു കൊള്ളുന്ന ഹാസ്യവും .

    Naaraayam വളരെ സന്തോഷം C Siva Nandan. ഇന്നത്തെ ലോകത്ത് നാം നടത്തുന്ന ചില കസറത്തുകളെ വേറിട്ട രീതിയിൽ കാണുവാനുള്ള ഒരു ശ്രമം മാത്രം.

    മറുപടിഇല്ലാതാക്കൂ