2014, ജൂൺ 28, ശനിയാഴ്‌ച

അപരിചിതന്റെ അകാലമൃത്യു

                                                                             ശ്രീ

[എനിക്കുണ്ടായ ഒരു യഥാർത്ഥ അനുഭവമാണ് ഈ ഒരു രചനക്ക് അടിസ്ഥാനം. ആയതിനാൽ, പ്രതിപാദ്യവിഷയവുമായി ബന്ധപ്പെട്ട ആളുകളുടെ പേരുകൾ  ഇവിടെ പ്രതിപാദിച്ചിട്ടില്ലെങ്കിലും, ചില യാഥാർത്ഥ്യങ്ങൾ ഞാൻ ഇവിടെ പറയുന്നത് എന്റെ കവിതയിലേക്കെത്തിചേരുവാനുള്ള ഒരു ആമുഖം ഒരുക്കുവാൻ വേണ്ടിയാണ്. അത്, ഒരു കവിത എഴുതുന്ന ആൾ  എന്ന നിലയിൽ എന്റെ കല്പിത അവകാശമായി ഞാനെടുക്കുന്നു. ഇത് വായിക്കുന്നവരിൽ ഈ പ്രതിപാദ്യവിഷയവുമായി നേരിട്ട് ബന്ധമുള്ള ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള വൈകാരികത ഉണ്ടാക്കിയെങ്കിൽ ഞാൻ ഇവിടെ എന്റെ ഹൃദയത്തിൽ തട്ടി ക്ഷമ ചോദിക്കുന്നു. അഥവാ വൈകാരിക വേലിയേറ്റം ഉണ്ടാവുമെന്ന് സംശയം ഉണ്ടെങ്കിൽ നേരെ ചുവടെയുള്ള കവിതയുടെ ഭാഗത്തേക്ക് പോകാം. തെറ്റുകളൊന്നും പറയുന്നില്ല എന്ന ഉത്തമബോദ്ധ്യത്തോടെ....]

2013 ജൂലായിലെ ആദ്യത്തെ വാരം ഒരു പ്രഭാതത്തിൽ എനിക്ക് ഫിലാഡൽഫിയയിലുള്ള എന്റെ ഭാര്യയുടെ ചെറിയച്ഛന്റെ സ്ഥാനത്തിരിക്കുന്ന ഒരു ബന്ധുവിന്റെ ഫോണ്‍ വന്നു. സന്ദേശം ഇതായിരുന്നു -  "ടെക്സാസിൽ താമസിക്കുന്ന എന്റെ നല്ല പാതിയുടെ ഒരു കസിന്റെ ഭർത്താവ് കുടുംബത്തോടൊപ്പം ഫ്ളോറിഡയിൽ ഒരു ചടങ്ങിനു പോയപ്പോൾ മിയാമി തീരത്തെ ഉല്ലാസത്തിനിടയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കുന്നു. നമുക്ക് എന്ത് ചെയ്യാൻ പറ്റും?" ഫേസ്ബുക്ക്‌ തുറന്നു നോക്കിയപ്പോൾ മറ്റു ചില ബന്ധുക്കളിൽ നിന്ന് ഒന്ന് രണ്ടു സ്വകാര്യ സന്ദേശങ്ങളും, ഫോണിൽ ഒരു മിസ്സ്ഡ് കാളും ഇതിനോടനുബന്ധിച്ച് കണ്ടു. ആ സന്ദേശങ്ങളിൽ ഉടനെ അവരുമായി ബന്ധപ്പെടാൻ അഭ്യർത്ഥിച്ചിരിക്കുന്നു.

ഇങ്ങനെ ഒരു കസിൻ എന്റെ ഭാര്യക്ക്  ടെക്സാസിൽ ഉണ്ടെന്നു എനിക്കറിയാമായിരുന്നെങ്കിലും അവരുടെ ചില കുടുംബാംഗങ്ങളെയും അറിയാമെങ്കിലും ഈ പറയുന്ന കസിനുമായി ഒരു തരത്തിലുള്ള വാർത്താവിനിമയങ്ങളും എനിക്കോ എന്റെ ഭാര്യക്കോ ഉണ്ടായിരുന്നില്ല. അവരുമായി പറയത്തക്ക തരത്തിലുള്ള ഒരു അകൽച്ചയും  ഇല്ലാതിരുന്നതുകൊണ്ട്‌ ബന്ധപ്പെടാതിരിക്കാനുള്ള കാരണവും അജ്ഞാതമായിരുന്നു. ഞങ്ങൾ ഫ്ളോറിഡയിൽ താമസിക്കുന്ന കാലത്ത് അവിടേക്ക് റോഡ്‌ മാർഗ്ഗം പോകുവാൻ താല്പര്യപ്പെട്ടെങ്കിലും നടന്നിരുന്നില്ല. ഭാര്യയുടെ ഈ കസിന്, പള്ളിക്കൂടത്തിൽ പഠിക്കുന്ന മിടുക്കരായ രണ്ടു കുഞ്ഞുങ്ങളാണ്. മരിച്ച അദ്ദേഹം, ഈ മൂന്നു പേരെയും ഒരു സന്നിഗ്ദ്ധഘട്ടത്തിലാക്കിയാണ് അദ്ദേഹത്തിന്റെ വൈകിയ നാൽപതുകളിൽ യാത്രയായത്.

അകാലത്തിൽ പൊലിഞ്ഞു പോയ ആ ദേഹത്തെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. മേല്പറഞ്ഞ പ്രകാരം എനിക്ക് മരണ വിവരവും വച്ചു ഫോണ്‍ വന്നപ്പോൾ എന്ത് ചെയ്യണം എന്ന ഒരു ശങ്കയിൽ ഇത്തിരി നേരം തരിച്ചിരുന്നു. കാരണം മറ്റൊന്നും അല്ല, ഒന്നാമത് എനിക്ക് കിട്ടിയ കസിന്റെ മൊബൈൽ അക്കത്തിൽ എങ്ങനെ വിളിക്കും എന്ന ചിന്ത, പിന്നെ വേറെ കിട്ടിയ അവരുടെ ഒരു ചങ്ങാതിയുടെ ഫോണിൽ വിളിച്ച്, ഞാൻ ഈ മരിച്ചു പോയ ആളുടെ ഭാര്യയുടെ കസിന്റെ ഭർത്താവാണെന്ന് പറഞ്ഞാൽ, ഈ പറയുന്ന ഒരു കസിനെപ്പറ്റി ഇതുവരെ കേട്ടിട്ടില്ലല്ലോ എന്ന് ആ സുഹൃത്ത് ശങ്കിക്കുമോ എന്ന ആശങ്ക.  ഈ ആശങ്ക കാരണം ഞാൻ നമ്മുടെ ഫിലാഡൽഫിയ ബന്ധുവുമായി സംസാരിച്ചു. നിർഭാഗ്യവശാൽ അദ്ദേഹത്തിനും ടെക്സാസ് ബന്ധുവുമായി സമ്പർക്കം ഉണ്ടായിരുന്നില്ല. അങ്ങനെ നമ്മൾ രണ്ടുപേരും ഒരേ തോണിയിലെ ആൾക്കാരായി.

എന്തായാലും ഇതിപ്പോ ശങ്കിച്ച് മൂഡ്ഡനായി ഇരിക്കേണ്ട ഒരു ഘട്ടമല്ലല്ലോ. അങ്ങനെ ഒടുക്കം ഞാൻ അവരുടെ സുഹൃത്തിന്റെ ഫോണ്‍ നമ്പരിൽ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കി (ഇതേ സമയം ഫിലാഡൽഫിയ ബന്ധുവും വളരെ തീവ്രതയിൽ ടെക്സാസിലെ ആൾക്കാരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു). മരണം അമേരിക്കയിൽ ആയതിനാൽ ഇനി എന്ത് എന്ന ചോദ്യം എന്നെ വീണ്ടും അലട്ടി. കാരണം ഇവിടെ ഒരു മരണശേഷമുള്ള നിയമ നടപടികൾ സുതാര്യമാണെങ്കിലും സങ്കീർണമാണ്. ഈ സങ്കീർണത ഒക്കെ ഈ സുഹൃത്തുക്കൾ എന്ന് പറയുന്നവർ സമയം എടുത്തു കൈകാര്യം ചെയ്യുമോ, രണ്ടു കൊച്ചു കുഞ്ഞുങ്ങളും ഭാര്യയും അടങ്ങുന്ന എന്റെ കുടുംബത്തെ ഇങ്ങു ദൂരെ മേരിലാൻഡിൽ  (മേരിലാൻഡിൽ നിന്നും ടെക്സാസിൽ എത്താൻ വിമാനത്തിൽ നാല് മണിക്കൂർ സമയം വേണം.) വിട്ടിട്ട് ഞാൻ ഫ്ളോറിഡയിൽ പോകണോ അതോ ടെക്സാസിൽ പോകണോ അതോ അവരെ എല്ലാവരെയും കൂട്ടിപ്പോകണോ എന്നൊക്കെയായി എന്റെ ചിന്ത. മാത്രവുമല്ല, കൂട്ടിപ്പോയാൽ മാത്രം പോരല്ലോ, ഈ ഒരു സമയത്ത് പിള്ളാരെയും കൊണ്ട് അവരുടെ വീട്ടിൽ അല്ലെങ്കിൽ ഹോട്ടലിൽ അതും അല്ലെങ്കിൽ അവരുടെ സുഹൃത്തുക്കളുടെ വീടുകളിൽ താമസിക്കുന്നത് അനുചിതമാകുമെന്നു കരുതി. പിള്ളാർക്ക് സംഭവത്തിന്റെ തീവ്രത ഒന്നും അറിയില്ലല്ലോ.

എന്തായാലും എന്റെ കുട്ടികളെ ഒരു ഇവിടെ(മേരിലാൻഡിൽ) ഒരു സുഹൃത്തിന്റെ വീട്ടിൽ ആക്കിയിട്ട് ടെക്സാസിലുള്ള ആളുടെ കസിനായ എന്റെ ഭാര്യയേയും കൂട്ടി ടെക്സാസിൽ പോകാം എന്ന് ആദ്യം തീരുമാനിച്ചു, കാരണം എന്റെ ഭാര്യക്ക് കുറഞ്ഞത്‌ അവളുടെ കസിനെ അറിയാമല്ലോ.  ഒപ്പം ഫിലാഡൽഫിയയിലുള്ള ബന്ധുവിനെയും വിളിച്ചു. അവരും വരാൻ തയ്യാറായി. പക്ഷെ വീണ്ടും സംശയങ്ങൾ  ബാക്കി കിടന്നു. ഇവിടെ കുട്ടികളെ ഒന്നുരണ്ടു ദിവസത്തേക്ക് വേറൊരു സുഹൃത്തിന്റെ വീട്ടിൽ ആക്കിയിട്ടു പിന്നെ അത് നീണ്ടുപോയാലോ? അവരുടെ പല്ലുതേപ്പ്, കുളി, സ്കൂൾ, മുതലായവ ... എല്ലാം അവര് നോക്കുമെങ്കിലും യാത്ര നീണ്ടുപോയാൽ പ്രശ്നമാവില്ലേ? തിരക്കിട്ട ചർച്ചകൾ .... ഇനി അധികം ചിന്തിക്കാനൊന്നും വയ്യ,  അവസാനം തീരുമാനിച്ചു ആണുങ്ങൾ മാത്രം പോകാം. ഫ്ളോറിഡയിൽ  പോകേണ്ട എന്ന് കസിന്റെ സഹൃത്തുക്കൾ ആവശ്യപ്പെട്ട പ്രകാരം നമ്മൾ ടെക്സാസിലേക്ക് പോകാൻ ടിക്കറ്റ്‌ എടുത്തു. അപ്പഴേക്കും അറിഞ്ഞു ഈ മരണപ്പെട്ട ആളിന്റെ പെങ്ങളും കുടുംബവും അവരുടെ വീടിനടുത്ത് തന്നെ ഉണ്ട്. മാത്രവുമല്ല വേറൊരു വളരെ അടുത്ത ബന്ധു ആസ്ട്രേലിയയിൽ നിന്നും എത്തുന്നുണ്ട് എന്ന്. അതോടെ നമുക്ക് വളരെ സമാധാനമായി.

അങ്ങനെ ഞാനും ഫിലാഡൽഫിയ ബന്ധുവും രണ്ടു വിമാനങ്ങളിൽ ഏകദേശം ഒരേ സമയം ടെക്സാസിൽ എത്തിച്ചേർന്നു. അതിനും മുന്നേ ഭാര്യയുടെ കസിനും സുഹൃത്തുക്കളും ഫ്ളോറിഡയിൽ നിന്ന് ടെക്സാസിലെ അവരുടെ വീട്ടിൽ എത്തിച്ചേർന്നിരുന്നു. ഞങ്ങൾ ഹോട്ടലും റെന്റൽ കാറും മുന്നേ തന്നെ ബുക്ക്‌ ചെയ്തിരുന്നു. സമയം അർദ്ധരാത്രി കഴിഞ്ഞത് കാരണം നമ്മൾ രണ്ടുപേരും നേരെ ഹോട്ടലിലേക്ക് പോയി. പിറ്റേന്ന് അതിരാവിലെത്തന്നെ ഞങ്ങൾ അവരുടെ വീടിലേക്ക്‌ പോയി. അപ്പഴേക്കും മരിച്ചിട്ട് ഒരാഴ്ച ആവാറായിരുന്നു. ഞങ്ങൾ രണ്ടു പേരും കൂടി എന്റെ ഭാര്യയുടെ കസിനെ പോയിക്കണ്ടു. ഈ സന്ദർഭത്തിൽ എന്ത് സംസാരിക്കാനാണ്? ദുഃഖം പങ്കുവെക്കുവാനല്ലാതെ വേറെ ഒന്നും സാദ്ധ്യമല്ലാത്ത പരിസരം.

ആ ദിവസം തന്നെ മൃതശരീരം ടെക്സാസിലെ വീടിനടുത്തുള്ള ഫ്യുനറൽ ഹോമിൽ എത്തിച്ചേർന്നു. അന്ന്, മരിച്ച അദ്ദേഹത്തിന്റെ സഹധർമിണിക്കും വളരെ അടുത്ത ആൾക്കാർക്കും വേണ്ടി ഒരു 'പ്രൈവറ്റ് വ്യൂയിംഗ്' ഏർപ്പെടുത്തിയിരുന്നു. വീട്ടിലെ രംഗവും ഫ്യുനറൽ ഹോമിലെ രംഗങ്ങളും സത്യം പറഞ്ഞാൽ എന്റെ ചിന്തകൾക്ക് അതീതമായിരുന്നു. കുടുംബം എന്നൊക്കെ പറഞ്ഞു ഏകദേശം പത്തുപേർ മാത്രം, ബാക്കി ഒക്കെ അവരുടെ പരിചയക്കാരും സുഹൃത്തുക്കളുമാണ്‌. 

ഈ പരിചയക്കാർ എന്ന് പറയുന്നവരുടെ വികാര പ്രകടനങ്ങളും അവരുടെ, കാര്യങ്ങൾ ചെയ്യുവാനുള്ള ശുഷ്കാന്തിയും ഈ കുടുംബത്തിന്റെ ഭാവിക്ക് വേണ്ടി ഉള്ള അവരുടെ കരുതലും പദ്ധതികളും ഒക്കെത്തന്നെ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഈ മറുനാട്ടിൽ നമ്മുടെ നാട്ടിൽ ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇവരൊക്കെ ചെയ്യുന്നു. ഞാൻ എന്റെ ജീവിതത്തിൽ ആ നിമിഷം വരെ പരിച്ചയിച്ചതിനെക്കാളും കേട്ടറിഞ്ഞതിനെക്കാളും എത്രയോ ഉന്നതിയിലായിരുന്നു ഈ മറുനാടാൻ മലയാളികൾ. ഇതിനു നേതൃത്വം കൊടുക്കുന്ന ആൾക്കാരാകട്ടെ, അവർ ഭൂമിയോളം താണിരിക്കുന്നത് പോലെ തോന്നി. അവരുടെ ചലനങ്ങൾ, പ്രവർത്തികൾ, വികാരവായ്പുകൾ, കണ്ണുനീരുകൾ ഇവയിൽ സത്യസന്ധതയുടെ, ആത്മാർഥതയുടെ, ബന്ധം എന്ന് പറയുന്ന ബന്ധത്തിന്റെ കണികകൾ ഓരോ തണുവിലും മുറ്റിനിന്നിരുന്നു. ഞാൻ കുറച്ചെങ്കിലും പ്രതീക്ഷിച്ചിരുന്ന ഒരു തരം യാന്ത്രികതയുടെ ഒരു കണിക പോലും അവിടെ കാണാൻ ഇല്ലായിരുന്നു.ബന്ധുക്കൾ എന്ന പേരിൽ അവിടെയെത്തിയ ഞങ്ങൾ രണ്ട്പേർക്കും അവിടെ സത്യത്തിൽ ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല, വെറും കാണികൾ മാത്രമായിരുന്നു. എല്ലാ ചടങ്ങുകളും ആവുന്ന രീതിയിൽ വളരെ ഗംഭീരമായി അവർ നടത്തുന്നത് കണ്ടപ്പോ, മനസ്സിന്റെ മൂലയിൽ ചിന്തകളുടെ ഒരു വേലിയേറ്റമായിരുന്നു. രണ്ടു ദിവസത്തിൽ കൂടുതൽ അവധി എടുക്കാൻ മനസ്സില്ലാതിരുന്ന ഞാൻ, അവിടെ കണ്ടത് ഒരാഴ്ചയായി ജോലിക്ക് പോകാത്ത ഒരു മണിക്കൂറിലധികം ഉറങ്ങാത്ത ഒരു പറ്റം സുഹൃത്തുക്കളെയായിരുന്നു. ഉറക്കമൊഴിച്ച് സ്ത്രീകൾ എന്റെ ഭാര്യയുടെ കസിന് രാവും പകലും കൂട്ടിരുന്നു, ആ വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തി. കസിന്റെ കുട്ടികളുടെ കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്തു. അന്തരിച്ച അദ്ദേഹവുമായുള്ള ആ കൂട്ടുകാരുടെ സൌഹൃദത്തിന്റെ ആഴം ഞാൻ അവിടെയുണ്ടായിരുന്ന ഓരോ നിമിഷവും അനുഭവിച്ചറിയുകയായിരുന്നു. ഞങ്ങളുടെയോ നാട്ടിലുള്ളവരുടെയോ നേരിട്ടുള്ള ഒരു ആവശ്യവും ഈ സന്തപ്ത കുടുംബത്തിന് ആവശ്യമില്ലെന്ന് ഈ സുഹൃത്തുക്കളുടെ കൂട്ടായ്മ കണ്ടപ്പോൾ എനിക്ക് തോന്നിപ്പോയി.

ഞാൻ അവിടെ കുറെ പേരുമായി സൗഹൃദം ഉണ്ടാക്കുകയും അതിൽ കുറേപെരോട്   അടുത്തിടപഴകുകയും ചെയ്തത് ഒരു ഭാഗ്യമായി കരുതുന്നു. എന്തായാലും ബന്ധം, സ്വന്തം എന്നൊക്കെ പറയുന്നതിന്റെ കാതൽ, രക്തബന്ധത്തിനുമപ്പുറം ഓരോരുത്തരും തമ്മിൽ എങ്ങനെ ബന്ധപ്പെടുന്നു, ഏത് രീതിയിൽ ബന്ധപ്പെടുന്നു എന്നതിലാണ് ഇരിക്കുന്നത് എന്ന് എന്റെ മനസ്സിൽ ഒന്ന് കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആ സന്ദർഭം.

എല്ലാവരും ഫ്യുനറൽ ഹോമിൽ  മരണപ്പെട്ട ആളുടെ സ്വകാര്യ ദേഹദർശനം നടത്തുന്ന സമയത്ത് എന്റെ മനസ്സ് ഇങ്ങനെ ഒരുതരം വല്ലാത്ത ചിന്തകളിലൂടെ കടന്നുപോകുകയായിരുന്നു. ആ സമയത്ത് എന്റെ തൂലിക അറിയാതെ ചലിച്ചപ്പോൾ (ഐഫോണിൽ കോറിയിട്ടത്‌) ഉണ്ടായതാണ് താഴെക്കാണുന്ന കവിത. എല്ലാവർക്കും മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാവട്ടെ.



ജീവിച്ചിരിക്കുമ്പഴോ കണ്ടില്ല
മരിക്കുമ്പഴോ കണ്ടില്ല
മരിച്ച ശേഷവും കണ്ടില്ല
കണ്ടതോ, ശാന്തമായുള്ളോരു പ്രേതഭാവം

ഇനി നിന്റെയാത്മാവിനെയടുത്തൊന്നു കാണുവാൻ
ഞാനും മരിച്ചിട്ട് മണ്ണടിയേണമോ

സ്നേഹത്തിൻ തീവ്രതയളന്നിട്ടു നോക്കുവാൻ
മരണം നല്ലൊരു മുഴക്കോല് തന്നെയോ
കൂടെയുള്ലോരെ കാര്യം പഠിപ്പിക്കാൻ
മരണം നല്ലൊരു മാർഗ്ഗം തന്നെയോ

മൃത്യുവെ പുല്കിടും നേരത്ത് നിന്നുടെ
രോമകൂപങ്ങൾ എഴുന്നേറ്റു നിന്നുവോ
യമരാജരാജ്യം കണ്ടൊരു നേരത്ത്
മാതൃരാജ്യത്തെ മറന്നിട്ടു വെച്ചുവോ

സ്വന്തം പിതൃക്കളെ പിന്നിലാക്കിക്കൊണ്ട്
മുന്നിലെത്തുമ്പോൾ ഭാവം അഹന്തയോ
നല്ലപാതിക്കിട്ടു ഭാണ്ഡം കൊടുത്തിട്ട്
മുകളിൽ കയറി ചിരിച്ചിട്ട് നോക്കയോ

ബാല്യത്തിൽ തന്നെ സ്വന്തം കിടാങ്ങളെ
പ്രാപ്തരാക്കീടുവാൻ മാര്ഗ്ഗം മരണമോ
ത്യാഗിയാണെന്നൊരു ഭാവമുണ്ടോ നിനക്കിതു
ഭാഗ്യമാണെന്നൊരു വിചാരമുണ്ടോ

എന്നിരുന്നാലും നീയൊന്നു ചൊല്ലിടൂ
പുനർജ്ജന്മ പാഠം പഠിച്ചിട്ട് വന്നുവോ
പാഠം പഠിച്ചാൽ നിഴലായി നിന്നിട്ട്
മാർഗ്ഗനിർദ്ദേശം കൊടുത്ത് നയിക്കുമോ

അതുമല്ലയെങ്കിൽ നല്ലൊരു പാതിയെ
കൂടെയിരുത്തി കൂട്ടീട്ടു പോകുമോ
അതും പോരാഞ്ഞിട്ട് സ്വന്തം ചോരയിൽ
കാളകൂടം കുടഞ്ഞിട്ടിട്ടു പോകുമോ

നിന്നുടെ സഹൃദയസംഘബന്ധങ്ങളെ കണ്ടിട്ടെ-
ന്മനമെന്തേ കുളിര് കോരി
എന്നിട്ടുമെന്തേ കണ്ണുനീരാലെൻ
നയനം നിറഞ്ഞു കവിഞ്ഞൊഴുകി
തോഴരാൽ തീർത്തൊരു മിഴിനീരുഹാരത്തി-
ലറിയാതെ ഞാനും നീര് വീഴ്ത്തി

ഈ സ്നേഹബന്ധനം അതിഭാഗ്യമാണെടോ
കാണില്ലയധികം മാനവരീവിധം

നീ പോയ ദുഃഖം മനസ്സിലുണ്ടെങ്കിലും
ഭാവിയേപ്പറ്റിയറിഞ്ഞു കൂടെങ്കിലും
സ്വയമായി  മനമില്ല വെടിയുവാൻ പ്രാണനെ
ജീവിച്ചു തീർക്കുവാൻ ആയിരമാഗ്രഹം

കാത്തു നിൽക്കൂ നീ കുറച്ചു കൂടി
ഞാനും  വന്നിടാം വൈകിടാതെ
അതുവരെ ഈയൊരു ഗാനം പഠിച്ചിടൂ
ഒരുമിച്ചു പാടിടാം വന്നശേഷം


******

10 അഭിപ്രായങ്ങൾ:

  1. കവിതയും അതിന് ആമുഖമായി ചേര്‍ത്ത സംഭവവിവരണവും ഹൃദയസ്പര്‍ശിയായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്‌, നിങ്ങളുടെ പ്രതികരണത്തിന് നന്ദി.

      ഇല്ലാതാക്കൂ
  2. A facebook comment:
    Bindu Sandeep very touching...
    1 hr · Unlike · 1
    Venugopalan Kokkodan Thank you Bindu Sandeep

    Mobile Text comment from Sethu Nambiar: Venu, valare nalla reethiyil avatharippichittundu. Intense it's.

    Whatsapp comment from Santhosh Babu: Venu valare nannaayittundu.

    മറുപടിഇല്ലാതാക്കൂ
  3. The situation was portrayed brilliantly and touched me... But the poem didn't carry that... The feel I got by reading the introduction lost somewhere in the poem..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അരുണ്‍, വേറിട്ടുള്ള ഈയൊരു പ്രതികരണത്തിന് നന്ദി.

      എല്ലായിടത്തും മരണം നടക്കുന്നു. പലതരം മരണങ്ങൾ ഞങ്ങൾ ജീവിതത്തിൽ കാണുന്നു. ഞാൻ ഇതിനു മുൻപ്‌ കണ്ട മരണങ്ങളൊന്നും അല്ലെങ്കിൽ പങ്കെടുത്ത മരണാനന്തരചടങ്ങുകളൊന്നും എന്നെ ഒരു കവിത എഴുതുവാൻ പ്രേരിപ്പിച്ചിട്ടില്ല. ഈയൊരു കവിതക്ക്‌ ആമുഖമായി പറഞ്ഞിരിക്കുന്നത് എനിക്ക് കവിതയെഴുതുവാൻ തോന്നുവാനിടയാക്കിയ സംഭവങ്ങളാണ്. ആ ഒരു സംഭവം മറച്ചു പിടിച്ചാൽ ബാകി ഒക്കെ സാധാരണ അകാല മരണമാണ്. അപ്പോൾ ഈ കവിതയിൽ അതിന്റെ ആമുഖത്തിനും കവിതക്കും ഒരേ രുചിവൈഭവം ആവശ്യമില്ല എന്നതാണ് എന്റെ മതം. ആമുഖം വായിച്ച് അനുവാചകരിലാരെങ്കിലും തെറ്റിദ്ധരിച്ച് കവിതയിൽ മറ്റുവല്ല പ്രതീക്ഷയ്ക്കും കാരണമാക്കിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.

      ബന്ധുവാണെങ്കിലും എനിക്ക് അദ്ദേഹം അപരിചിതനായിരുന്നു. സന്ദേഹത്തോടെയായിരുന്നു ഞാൻ അവിടെ പോയത്. അവിടെ നടന്ന വികാരവായ്പുകൾ എന്റെ പ്രതീക്ഷകൾക്ക് അപ്പുറത്തായിരുന്നു. അത് ഈയൊരു കവിത എഴുതാൻ പ്രചോദനം ആയെന്നേ ഉള്ളൂ. കവിതയിൽ ഞാൻ ഒരിക്കലും കാണാതെ മരിച്ച അദ്ദേഹത്തിൻറെ ആത്മാവുമായി നടത്തുന്ന ചില കാല്പനിക ചോദ്യങ്ങളും സംഭഷണങ്ങളുമാണ്. ആ ചോദ്യങ്ങളെ അതിന്റെ ആമുഖവുമായി ബന്ധപ്പെടുത്താൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല.

      ഒരിക്കൽ കൂടി ഹൃദയമ തുറന്നു പറഞ്ഞ പ്രതികരണത്തിന് വളരെ നന്ദി.

      ഇല്ലാതാക്കൂ
  4. അജ്ഞാതന്‍2014, ജൂലൈ 23 5:09 AM

    heart touching ayirunutto....annynattil thamasikumbol annu malayalikal kooduthal nannyi perumaranum, manasilakanum sramikunathu

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Thank you for your comments Geetha Suresh. Yeah it was a different experience which quelled my prejudice.

      ഇല്ലാതാക്കൂ