2014, ഏപ്രിൽ 13, ഞായറാഴ്‌ച

ഓണം - ചില ചിന്തകൾ (2013 KCS KAGW ഓണം ആശയം)

ശ്രീ

൨൦൧൩(2013) ലെ ഓണം വാഷിംഗ്‌ടണ്‍ ഡി സി യിലെ മലയാളി കുടുംബങ്ങൾക്ക് ഒരു നല്ല വർഷമായിരുന്നു, കാരണം, ചരിത്രത്തിൽ ആദ്യമായി രണ്ടു മലയാളി സംഘടനകൾ (കെ എ ജി ഡബ്ലു & കെ സി എസ്) ഒരുമിച്ചു ഓണം ആഘോഷിക്കാൻ തീരുമാനിച്ചു എന്നത് തന്നെ. ഇതിന്, അന്നത്തെ സംഘടനാ സാരഥികളായ ശ്രീ മനോജ്‌ ശ്രീനിലയത്തിനും ഗോപകുമാറിനും പ്രത്യേകമായി നന്ദി രേഖപ്പെടുത്തുന്നു.  ഈ തീരുമാനത്തിനു അനുബന്ധമായി  ആഘോഷാവതരണത്തിന് ഒരു ആശയം നിശ്ചയിച്ചു  - 'ഒരു നാട്, ഒരു പൈതൃകം, ഒരു ഓണം'.
സംഘടനകളുടെ സംഘാടകർ, പ്രത്യേകിച്ച്, ശ്രീ. സുരേഷ് നായർ(വിനോദ സമിതി), എന്നോട് ഈ ആശയം വികസിപ്പിച്ച് അവതരണയോഗ്യമാക്കാൻ പറ്റുമോ എന്ന് അന്വേഷിച്ചു. അതിനു വേണ്ടി ശ്രീ. ഹരിദാസ് നമ്പ്യാർ അധ്യക്ഷനായി ശ്രീ. ബിനോയ്‌ ശങ്കരെത്തിനെ കൂടി ഉൾപ്പെടുത്തി ഒരു ഉപസമിതി രൂപവൽക്കരിച്ചു. പ്രതിഭാധനനായ ഹരിദാസ് നമ്പ്യാർ തന്ന ഒരു തീപ്പൊരിയാണ് ഞാൻ ഇവിടെ ആശയ രൂപത്തിൽ ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടുള്ളത്. ശ്രീ. ബിനോയ്‌ ശങ്കരെത്തിന്റെ ശ്രമഫലമായി ഇത്തിരി മാറ്റത്തോട്  കൂടി ഒരു ശബ്ദരേഖ ഇതിനു വേണ്ടി തയ്യാറാക്കപ്പെട്ടു. ഹരി നമ്പ്യാരുടെ മുഖ്യ സംവിധാനത്തിൽ, ആ ശബ്ദരേഖക്ക് അരങ്ങത്ത് സുഹൃത്തുക്കളായ ഒരു കൂട്ടം സഹൃദയർ (ക്രിഷ് ദിവാകരൻ - മഹാബലി, പ്രബീഷ് പിള്ള - മന്ത്രി, ശ്രീജിത്ത് നമ്പ്യാർ - അടിയാൻ, സുമേഷ് നമ്പ്യാർ - കണ്ണൂർകാരൻ, രതീഷ്‌ നായർ - കോഴിക്കോട്കാരൻ/തിരുവനന്തപുരം രാഷ്ട്രീയക്കാരൻ/ കൊച്ചിക്കാരൻ, സജു കുമാർ(കൊച്ചിക്കാരൻ) / ജയശങ്കർ  - തൃശ്ശൂരുകാർ, റോണി - കുട്ടനാട്ടുകാരൻ,  മധു നമ്പ്യാർ  -  കൊല്ലക്കാരൻ) നല്ല രീതിയിൽ വിരുന്നൊരുക്കുകയും ചെയ്തു. ഇതിനു കിട്ടിയ ഗംഭീര പ്രതികരണങ്ങൾക്ക് എല്ലാവരോടും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു . 
ഈ ആശയത്തിന്റെ മൂലരൂപം നിങ്ങളുടെ ശ്രദ്ധയിലേക്കായി സമർപ്പിക്കുന്നു. ഇതിന്റെ ഓരോ രംഗങ്ങളുടെയും ചലച്ചിത്രാവിഷ്കാരവും (കടപ്പാട്: ബാലചന്ദ്രൻ) കൂടെ കൊടുത്തിട്ടുണ്ട്. ഡിജിറ്റൽ രംഗപട സജ്ജീകരണങ്ങൾക്കും മറ്റ് കാര്യങ്ങൾക്കും വന്ന അപാകതകൾക്ക് ക്ഷമ ചോദിക്കുന്നു.

രംഗം ഒന്ന് 



[മഹാബലിയുടെ കൊട്ടാരം ആണ് രംഗം, ഇരുവശവും വർണ്ണ തൂണുകളാൽ അലങ്കരിക്കപ്പെട്ട കൊട്ടാരത്തിൽ 3 ഇരിപ്പിടങ്ങൾ. ഇരിപ്പിടങ്ങൾക്കിരുവശവും കുന്തമേന്തിയ ഭടന്മാർ. സദസ്സിലേക്ക് (വലതു ഭാഗത്തുകൂടി ) അനുചരന്മാരോടോപ്പം (രണ്ടു പേർ - അതിൽ ഒരാൾ മന്ത്രി) നടന്നു വരുന്ന മഹാബലി.]

മഹാബലി: (നേരെ വേദിയുടെ മദ്ധ്യഭാഗത്ത് വന്നതിനു ശേഷം) മന്ത്രിപുംഗവാ, നമ്മുടെ ഭരണത്തെപ്പറ്റി പ്രജകൾക്കൊക്കെ നല്ല അഭിപ്രായം ആയിരിക്കും അല്ലേ? ഈയിടെയായി ആരെയും പരാതിയുമായി കാണുന്നില്ലല്ലോ?

മന്ത്രി: അങ്ങ് പറഞ്ഞു തീർന്നില്ല, ദേ.. ആരോ ഒരാൾ കൊട്ടാരത്തിലേക്ക് വരുന്നുണ്ടെന്നു തോന്നുന്നു.

[ഒരു പരാതിക്കാരാൻ വേദിയിലേക്ക് കടന്നു വരുന്നു]

മന്ത്രി : എന്താണാവോ? പരാതി എന്തെങ്കിലുമാണെങ്കിൽ... ബോധിപ്പിക്കാം.

പരാതിക്കാരൻ: അയ്യോ, തിരുവുള്ളക്കേട്‌ ഉണ്ടാവരുത്, അടിയൻ , പരാതികളൊന്നും ബോധിപ്പിക്കാൻ വന്നതല്ല. മറിച്ചു അങ്ങയുടെ സൽഭരണത്തെ... പ്രകീർത്തിക്കാൻ വന്നതാണ്. പക്ഷെ ഞങ്ങൾ, പ്രജകൾ , ഈ രാജകൊട്ടാരത്തിൽ ഒരു ആഘോഷം കണ്ടിട്ട് ഏറെ നാളായി. അങ്ങ് മനസ്സ് വച്ച് അതിന് എന്തെങ്കിലും ഒരു .....

മഹാബലി: തീർച്ചയായും ... നാം പരിഗണിക്കുന്നുണ്ട്. നിങ്ങൾ പൊയ്ക്കൊള്ളു.

പരാതിക്കാരൻ: അടിയൻ... സന്തോഷായി ...

[പരാതിക്കാരൻ പോകുന്നു]

മഹാബലി: മന്ത്രി പുംഗവാ, സത്യത്തിൽ നമ്മുടെ മനസ്സിലും അങ്ങനെ ഒരു ചിന്ത ഇല്ലാതില്ല. ആ പോയ പ്രജയുടെ പരാതി, ഇപ്പൊ ത്തന്നെ അങ്ങ് പരിഹരിച്ചാലോ. (ചുറ്റും ഒന്ന് കണ്ണോടിച്ച  ശേഷം അനുചരന്മാരോടായി, കൈ കൊട്ടുന്നു.)  ആരവിടെ, വിളിക്കൂ നർത്തകിമാരെ , നൃത്തം ആരംഭിക്കട്ടെ !!!

[നൃത്തം ആരംഭിക്കുന്നു. മഹാബലിയും മന്ത്രിയും നൃത്തം ആസ്വദിക്കുന്നു]

[നൃത്തത്തിന് ശേഷം ചിന്തനിമഗ്നനായിരിക്കുന്ന മഹാബലി.]

മന്ത്രി: മഹാരാജൻ, അങ്ങ് എന്താണ് ആലോചിക്കുന്നത് ?

മഹാബലി: നാം ആലോചിക്കുകയായിരുന്നു, പുഴകളും മലകളും വയലുകളും കവിത പാടുന്ന നമ്മുടെ കേരളം , അതെ, നാം വിട്ടൊഴിഞ്ഞു പോന്ന നമ്മുടെ കേരള സാമ്രാജ്യം ഒരിക്കൽ കൂടി ഒന്ന് സന്ദർശിച്ചാലോ.

മന്ത്രി: ശരിയാണ് രാജൻ, ഓണക്കാലം ആയില്ലേ, ഇത് തന്നെയാണ്, അങ്ങയുടെ പ്രജകളെ സന്ദർശിക്കുവാൻ പറ്റിയ സമയം.

മഹാബലി:  മന്ത്രിപുംഗവാ, എങ്കിൽ ഒട്ടും വൈകണ്ട, രഥം തയ്യാറാക്കാൻ പറയു, നോം   കേരളത്തിലേയ്ക്ക് യാത്ര തിരിക്കുകയാണ്.

മന്ത്രി: അടിയൻ ..

മഹാബലി: ഇത്തവണ വടക്ക് നിന്ന് യാത്ര തുടങ്ങാം അല്ലെ ?

മന്ത്രി: അവിടുത്തെ ഇഷ്ടം മഹാരാജൻ

[രംഗം ഇരുളുന്നു. കുളമ്പടി ശബ്ദം... രംഗം തെളിയുന്നു.]

രംഗം രണ്ട്  



[അങ്ങനെ മഹാബലി കണ്ണൂര് (വ്യംഗ്യം) വന്നു ചേർന്നു. അവിടവിടെ രാഷ്ട്രീയ സംഘടനകളുടെ കൊടിതോരണങ്ങളും ശവകുടീരങ്ങളും പിന്നണിയിൽ. ഒരു വഴിപോക്കൻ പാതയോരത്ത് നിന്ന് മൊബൈൽ ഫോണിൽ സംസാരിക്കുന്നു]

വഴിപോക്കൻ: (ഫോണിൽ) എടാ രാജെശെ, നാളെ ഹർത്താലിനു എന്താ പരിപാടി? രണ്ടു കുപ്പി കൈയ്യീല്ണ്ട്. ഞി കോയി ബിരിയാണി ബാങ്ങീറ്റ് ബാ. ഞമ്മക്കൊന്നു കൂടാ. എന്താ... എന്നാപ്പിന്നെ ഞാൻ ബെക്കട്ടെ,

[പിന്നാമ്പുറത്ത് - ന്താഡാ  യ്യീ പെട്ടെന്ന് ബെക്കുന്നെ  ? ]

[വഴിപോക്കൻ: അല്ല... ഈടെ ആരെല്ലോ എന്തെല്ലോ വേശം കെട്ടി ബന്നിറ്റ്ണ്ട്. ആന്താന്ന് നോക്കട്ട്.]

വഴിപോക്കൻ: (മഹാബലിയോടു) നിങ്ങളാരാനപ്പാ? ഈടെയോന്നും മുമ്പ് കണ്ടിറ്റില്ലല്ലോ?

മഹാബലി: നോം മഹാബലി!

വഴിപോക്കൻ: (അത്ഭുതത്തോടെ തുറിച്ചു നോക്കുന്നു, ആത്മഗതം ) പടച്ചോനെ ഇത് ഞമ്മളെ മഹാബലി തന്നെയാന്നോ? ഈയാക്ക് ഓലക്കൊടേം പെരുങ്കൊടലും മീശേം ഒന്നും ഇല്ലല്ലോ.

മന്ത്രി: സംശയം ഒന്നും വേണ്ട, ഇത് മഹാബലി തിരുമേനി തന്നെ. ഡയറ്റിങ്ങ് ഒക്കെ ചെയ്തു വയറൊക്കെ പോയി. ഞാൻ അദ്ദേഹത്തിന്റെ മന്ത്രി. (കൊടിതോരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്) ഈ കാണുന്നതൊക്കെ എന്താണ്?

വഴിപോക്കൻ:  തിരുമേനി, ഇതല്ലേ രാഷ്ട്രീയക്കോലങ്ങള്? ഇപ്പൊ ഈറ്റ്യളല്ലേ ഈട്ത്തെ താരങ്ങള്..

മഹാബലി: സൗഹാർദ്ദത്തിന്റെ തെയ്യക്കോലങ്ങളുടെ സ്ഥാനത്തു രാഷ്ട്രീയക്കോലങ്ങളോ?

വഴിപോക്കൻ: അതെ തിരുമേനി... ഈ കോലങ്ങളുടെ എടേ പെട്ടിറ്റ് ഞമ്മക്കൊരു സ്വൈരോം ഇല്ല. ഞമ്മളിപ്പോ വിചാരിക്കുന്നത് നിങ്ങക്ക് ഞമ്മളെ ഒന്നുംകൂടി ഭരിച്ചൂടേന്നാ.

മഹാബലി: ഹും .... ഈ ഹർത്താലാഘോഷങ്ങളും അനാവശ്യ രാഷ്ട്രീയ രക്തസാക്ഷിക്രിയകളും മതഭ്രാന്തും ഒക്കെ നമ്മൾ കാണുന്നു. ഇതൊക്കെ ഒന്ന് ശരിയാക്കിയെടുക്കും വരെ നിങ്ങളെയും നിങ്ങളുടെ കൂട്ടുകാരെയും ഞാൻ എന്റെ മായാപ്രപഞ്ചത്തിലേക്ക് ഒന്ന് കൂട്ടിക്കൊണ്ടു പോകാം, വരൂ..

[കുറച്ചു നൃത്ത രൂപങ്ങൾ ]

രംഗം മൂന്ന് 



[മഹാബലി കോഴിക്കോട് എത്തുന്നു ]

മഹാബലി: മന്ത്രീ, നമ്മൾ വന്ന താമരശ്ശേരി ചുരം തീരെ മാറിയിട്ടില്ല അല്ലെ?

മന്ത്രി: അതെ തിരുമേനി.

മഹാബലി: പക്ഷെ ഈ മിഠായിത്തെരുവും മാനാഞ്ചിറയും വളരെ വൃത്തികേടായി കിടക്കുന്നു. ഇതൊന്നും നന്നാക്കിയെടുക്കാൻ ഇവിടെ ആരും ഇല്ലേ? ഹോ... നാറിയിട്ടു വയ്യല്ലോ.

(മന്ത്രിയും മഹാബലിയും മൂക്ക് പൊത്തുന്നു. വഴിയോരത്ത് നിന്ന് ഒരാൾ ഈ സംസാരം ഒക്കെ കേട്ട് ചിരിക്കുന്നു.)

അപരിചിതൻ: ഹ ഹ ഹാ .... എനിക്ക് വയ്യാ .. ഹ ഹ ഹാ ഇങ്ങളൊന്നും ഇവ്ടൊന്നും അല്ലേ?  ഇതൊക്കെ ഇവ്ടെ സാധാർണല്ലേ ... ഇപ്പൊ ഇവ്ടൊക്കെ  ഈ മണം ഇല്ലെങ്കിലാ... പ്രശ്നം. പണ്ട് പപ്പുവേട്ടൻ ഉണ്ടായിരുന്നപ്പോ ഉള്ളു തുറന്നു ഒന്ന് ചിരിക്ക്വെങ്കിലും ചെയ്യാരുന്നു. മൂപ്പര് പോയെപ്പിന്നെ ഇപ്പൊ മണത്തിട്ടു ബായി  തൊറന്നൊന്നു ചിരിക്കാൻ കൂടി ബയ്യാണ്ടായി.... അ..ദ്  ..ബ്ടെ നിക്കട്ടെ.. ങ്ങ്ള് ആരൊക്കെയാ ? പക്ഷെ... ഇബടെ ഒന്നും കണ്ടിറ്റില്ലല്ലോ.

മന്ത്രി: ഇത് മഹാബലി ചക്രവർത്തി, ഞാൻ അദ്ദേഹത്തിന്റെ മന്ത്രി.

അപരിചിതൻ: അയ്യോ തിരുമേനി. ങ്ങ്ള് ബല്ലാണ്ടങ്ങായിപ്പോയല്ലോ .. ങ്ങ്ള്  പണ്ട് കല്ലായിക്കടപ്പൊറത്ത് പത്തേമാരീന്നെറങ്ങുന്ന ഒരു പടം  ഇപ്പയും  എന്റെ ഖൽബില്ണ്ട്.

[മഹാബലി അത്ഭുതത്തോടെ മന്ത്രിയെ നോക്കുന്നു, മന്ത്രിക്കു ചിരി വരുന്നു]

മന്ത്രി: (ആത്മഗതം) ഇവന്റെ ഒരു ബഡായി.

അപരിചിതൻ: ന്തായാലും ഈ ഓണത്തിനു ങ്ങ്ള് ബന്നെ  നന്നായി. ഇബ്ടെ, ല്ലാ,, ബ്ഡേയ്,...,  (ചൂണ്ടിക്കാണിച്ചുകൊണ്ടു) ഈ ഓണത്തിനു നമ്മടെ ഭാഗവതര്ടെ വീട്ടില് കൊറച്ചു പാട്ടും  കളീം ക്കെ ..ണ്ട്. ഞാ നിങ്ങളെ അവ്ടം വരെ കൊണ്ട് ബ്ഡാം .

[അടുത്ത കൂട്ടം നൃത്ത രൂപങ്ങൾ - നൃത്ത രൂപങ്ങൾക്ക്‌ ശേഷം കുട്ടിമേനോനും സംഘത്തിന്റെയും സംഗീത ശിൽപം]

[അരങ്ങത്തു സംഗീത ശില്പത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഗുരുവും ശിഷ്യന്മാരും സംഗീത ഉപകരണങ്ങളും മറ്റും ക്രമീകരിക്കുന്നു. മഹാബലിയും മന്ത്രിയും അരങ്ങത്തേക്ക് കടന്നു വരുന്നു.]


മഹാബലി: (അരങ്ങത്തേക്ക് വരുന്നതിനൊപ്പം) മന്ത്രീ, ഈ നൃത്തരൂപങ്ങളൊക്കെ കണ്ട് സമയം പോയതറിഞ്ഞില്ല. ഇല്ലത്തെ അരങ്ങ് തുടങ്ങിയോ ആവോ..

മന്ത്രി: അതെ.. ഈ കലാകാരികളെ നമ്മുടെ സദസ്സിലേക്ക് ക്ഷണിച്ചു കഴിഞ്ഞു തിരുമനസ്സേ.

മഹാബലി: (അരങ്ങത്തു ക്രമീകരണങ്ങൾ നടത്തുന്ന കലാകാരന്മാരെ ഒര്രോരുത്തരെയും നോക്കി ആത്മഗതം) ഇവിടെ ഒരുക്കങ്ങളൊന്നും പൂർത്തിയായില്ലെന്ന് തോന്നുന്നല്ലോ.

മന്ത്രി: (ഗുരുവിനോട്) ഭാഗവതരേ, ഈ നാലുകെട്ടിലും എല്ലാവരും ഉഴപ്പി നടപ്പാണോ?

ഗുരു: (കണ്ണട ഒന്ന് ഉയർത്തി നോക്കിക്കൊണ്ട്‌) ആരാണാവോ? അങ്ങട് മനസ്സിലായില്ല്യല്ലോ. (നമ്പൂതിരിമാരുടെ രീതിയിൽ)

മന്ത്രി:  സംഗീതത്തിന്റെ ഈറ്റില്ലമായ ഇവിടെ, ഇന്നത്തെ ദിവസം, ഈ രൂപത്തിൽ ആര് വരാനാണ് ഭാഗവതരേ? ദേ, (മഹാബലിയെ ചൂണ്ടി) ഇത് മഹാബലി ചക്രവർത്തിയാണ്.

ഗുരു: ശിവ ശിവാ... ഇതിലുപരി ഈയുള്ളവന് വേറെന്ത് വേണം...(അതിശയത്തോടെ മഹാബലിയെ നോക്കി മേല്പോട്ട് നോക്കുന്നു, മഹാബലിയെ വണങ്ങുന്നു. ശിഷ്യരും അദ്ഭുതത്തോടെ നോക്കുന്നു; {ഈ സമയം ആവുമ്പോഴേക്കും ഒരുക്കങ്ങൾ പൂർത്തിയാകണം}) തിരുമേനീ, എന്റെ ശിഷ്യർ ഇന്ന് ഇവിടെ ഒരു രാഗസദസ്സ് ഒരുക്കുന്നുണ്ട്‌. (ശിഷ്യരെ നോക്കി )  കുട്ടികളെ, ദേ നോക്കൂ.. ദ് ആരാ വന്നേന്നു മനസ്സിലായോ? (ശിഷ്യർ മനസ്സിലായതുപോലെ തലകുലുക്കുന്നു, മഹാബലിയെ വണങ്ങുന്നു) നിങ്ങളുടെ ഈ രാഗ സദസ്സ് തിരുമനസ്സിന്നു സമർപ്പിക്കൂ...

[രാഗസദസ്സ് ആരംഭിക്കുന്നു]

രംഗം നാല് 



[മഹാബലി തൃശ്ശൂരിൽ (വ്യംഗ്യം)]

[രംഗത്ത് മഹാബലിയും മന്ത്രിയും. ഒരു മൂലയിൽ നിന്ന് രണ്ടു കൂട്ടുകാർ പരസ്പരം സംസാരിക്കുന്നു.]

ചങ്ങാതി: ഡാ ഗഡ്‌യെ .. പൂരപ്പറമ്പിൽ ന്ന് ആനയൂട്ടല്ലേ ... നമ്മക്ക്  കൊമ്പൻമാരെ കാണാൻ പോയാലോ ..

മറ്റെയാൾ: അതെ അതെ.. നെറ്റിപ്പട്ടം ഒക്കെ കെട്ടി പൊരിവെയിലത്ത് നിക്കാൻ, കൊമ്പന്മാർക്ക് സുഖമുണ്ടാകില്ലെങ്കിലും, നമുക്ക് കാണാൻ നല്ല ചന്തല്ലേ.. അല്ല് ഡാ..ഹും.. ന്നാലും പച്ചക്ക് പോയാ....

ചങ്ങാതി: പച്ചക്കല്ലഡാ .. നമ്മക്ക് രണ്ട്ണ്ണം വീശീട്ട് പോവ്വാം .... ന്ത്‌യെ ... ഇനീപ്പോ ആന ഓടിയാലും മൊബൈൽല്  പിടിക്കാൻ ഒരു ബലോക്കെ വേണ്ട്ഡാ ... ന്ത്യെ ...

ഒരാൾ: അല്ലേലും വെള്ളടിക്കും പോത്തടിക്കും പ്പോ നമ്മക്കല്ലേ ഫസ്ട്.

(ഇത് കേട്ടിട്ട് മഹാബലി)

മഹാബലി: (മന്ത്രിയോട്) മന്ത്രീ, നമ്മുടെ നാട്ടുകാരൊക്കെ രോഗികളായി മാറുകയാണോ? ഇവരൊന്നും ഭക്ഷിക്കുന്നത് ശരിയായ രീതിയിലല്ലേ?

മന്ത്രി: തിരുമേനി, ഇപ്പൊ ഇവിടെ ആരെങ്കിലും അവരവരുടെ വീടുകളിൽ ഭക്ഷണം പാകം ചെയ്യാറുണ്ടോ?. അതിനു അവർക്ക് സമയവും മനസ്സും ഉണ്ടോ? ഫാസ്റ്റ് ഫുഡിന്റെയും ന്യൂ ജനറേഷന്റെയും കാലം അല്ലേ? കഴിഞ്ഞ തവണ നമ്മളും കണ്ടതല്ലേ, പേപ്പറിൽ ചോറിട്ടിട്ട് വാഴയിലയാണെന്ന് കൊട്ടിഘോഷിക്കുന്നത്!

ഒരാൾ: (മന്ത്രിയോട്) ല്ല  .. ഷ്ടാ ... ഇവ്ടെ നല്ല  ബീഫും പൊറോട്ടയും എവ്ടെയാ കിട്ട് ആ ?

മന്ത്രി: അറിയില്ല ട്ടോ. ഞങ്ങൾ  പാതാളത്തിൽ നിന്ന് ഇവിടെ എത്തിയതെ ഉള്ളൂ. ഈ പുതിയ സംവിധാനങ്ങൾ...   നമുക്ക് അത്രയ്ക്കങ്ങട് പരിചയം പോര.

ഒരാൾ: എന്തുട്ട് പാതാളം..?

മന്ത്രി: അതേയ്, ഇത് മഹാബലിയാണ്.

ഒരാൾ: (അതിശയത്തോടെ) മഹാബലിയാ? എന്തുട്ടാ ഞാനീ കേക്കണേ! (കൂട്ടുകാരനോട്) എടാ ശവിയെ ദേ നമ്മടെ പണ്ടത്തെ മഹാബലി തിരുമേനി..ഡാ ... എന്തുട്ട് അതിശയാ .. ദ് .. (മഹാബലിയോട്)  ഹയ് ..., ഇവ്ടം വരെ വന്നിട്ട് നമ്മടെ ആനയൂട്ടും ഘോഷയാത്രേം  കാണാതെ പോവ്വേ. നല്ല കഥയായി ... അത് കണ്ടിട്ടേ നി ബാകി കാര്യോള്ളൂ ......

[അടുത്ത പാട്ടുകളുടെ കൂട്ടം ]

രംഗം അഞ്ച്



[കൊച്ചി നഗരം (വ്യംഗ്യം) മഹാബലിയും മന്ത്രിയും കൊതുകിനെ കൊന്നുകൊണ്ട് വഴിയിൽ നിക്കുന്നു. പിന്നാമ്പുറത്തു കായലും ചീനവലയും.]

മഹാബലി: ഹോ....മന്ത്രീ, നമ്മുടെ തൊലിക്കു തീരെ കട്ടി പോര എന്ന് തോന്നുന്നു. ഒരു കുത്തിനു പത്തു കുപ്പി രക്തം പോയ പോലെ... ആ കാണുന്ന ചീനവലയോ മറ്റോ പുതച്ചാ മതിയായിരുന്നു. ഹും .... അതിരിക്കട്ടെ... (പിന്നണിയിൽ ആളുകള് വരി വരിയായി നില്ക്കുന്ന രംഗം. വരി വരിയായി നിക്കുന്ന ജനത്തെ ചൂണ്ടിക്കാണിച്ച്) നോക്കൂ.. നമ്മുടെ പ്രജകളൊക്കെ എന്തൊരു അച്ചടക്കത്തിലാണ് നില്ക്കുന്നത്.

മന്ത്രി: തിരുമേനി, മറന്നുപോയോ? കഴിഞ്ഞ തവണ വന്നപ്പഴും, ഇതേ രംഗം കണ്ടതല്ലേ?  അച്ചടക്കം ഈ ഒരു വരിയിലെ ഉള്ളൂ ... കള്ളിന്റെ വരി... അരി വാങ്ങാനുള്ള വരിയിൽ... ഇവരെ കണി കാണാൻ കിട്ടില്ല.

മഹാബലി: ഓ.. അങ്ങനെ ആണോ? ഹും... (പിന്നാമ്പുറത്ത് വലിയ ഷോപ്പിംഗ്‌ മാളിന്റെ രംഗപടം) ഈ കൊട്ടാരം ആരുടെയാണ്? ഇതിന്റെ മുന്നിൽ നമ്മുടെ കൊട്ടാരം വെറുമൊരു കുടിലാണ് അല്ലേ?

മന്ത്രി: ഇത് ഒരു അത്യാധുനിക ചന്തയാണ് തിരുമേനി... മാൾ ... ഷോപ്പിംഗ്‌ മാൾ.. ഇവിടെ ഒക്കെ ഇപ്പൊ മരത്തിനു പകരം... മന്ദിരങ്ങളല്ലെ ഉള്ളൂ? നമുക്ക് വന്ന ഒരു കത്ത് പ്രകാരം, ഈ മന്ദിരങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ്, കുറച്ചു മുന്നേ, ഹൈക്കോടതിക്ക് മുന്നിൽ നമ്മൾ കണ്ടത്.

മഹാബലി: ഹോ .. എന്തൊക്കെ മാറ്റങ്ങളാണ്  .. ഹും... (രംഗപടത്തിലെ ചില അൽപ വസ്ത്രധാരികളായ സ്ത്രീകളെ നോക്കി)  നമ്മുടെ കാലത്ത്... സ്ത്രീജനങ്ങൾ... ഇതിലും കൂടുതൽ തുണി ഉപയോഗിച്ചിരുന്നു.. അല്ലേ മന്ത്രീ ?

[ഒരു പ്രജ വേഗത്തിൽ കടന്നു വരുന്നു]

ഒരു പ്രജ: ഹ... നിങ്ങളെന്താ ഹേ .. ഇവിടെ നിന്ന് കളഞ്ഞത്? കല്യാണിൽ നിക്കാം എന്ന് പറഞ്ഞ മഹാബലിയും helper ഉം അല്ലെ you both ...? Common.. common.. let's go...

മന്ത്രി: എന്ത്? എന്തായീ പറയണേ? എന്ത് ഭാഷയാ ഇത്? കല്യാണിൽ നിക്കാനോ? എന്ത് കല്യാണം? ആരുടെ കല്യാണം?

പ്രജ: (മന്ത്രിയോട്) ഞാൻ ഇപ്പൊ കേരളത്തിൽ പറയുന്ന ഭാഷ തന്നെയല്ലേ പറഞ്ഞത്. മുഴുവൻ മലയാളത്തിൽ പറയാൻ ആർക്കാ ഇപ്പൊ കഴിയ? (മഹാബലിയെ ചൂണ്ടി)ഇദ്ദേഹല്ലേ, കല്യാണ്‍ സിൽക്കിന്റെ gate ൽ.... വേഷം കെട്ടി നിക്കാൻ വന്ന മാവേലി?

മഹാബലി: എന്ത്? വേഷം കെട്ടി നിക്കാൻ മാവേലിയോ? നമ്മുടെ വേഷം കെട്ടിയാണോ ഇപ്പൊ ആൾക്കാരെ ആകർഷിക്കുന്നത്?

(പ്രജ സന്ദേഹത്തിൽ ആകുന്നു )

മന്ത്രി: സഹോദരാ, ഇത് മഹാബലിയുടെ പകർപ്പോ തട്ടിപ്പോ ഒന്നും അല്ല. ശരിയായ മഹാബലിയാണ്. ഞാൻ അദ്ദേഹത്തിൻറെ മന്ത്രിയും.

പ്രജ: Oh my god.. ഇതെന്താ .. is it a dream... (സ്വയം നുള്ളുന്നു) അയ്യോ ... forgive me..... എനിക്ക്... നിങ്ങളുടെ ഈ വരവൊന്ന് ആഘോഷിക്കണം...വരൂ... ഈ വെയില് കൊള്ളാതെ നമുക്ക് കൊച്ചിയുടെ മേളയായ 'ബിനാലെ' കാണാൻ പോകാം.

[അടുത്ത പാട്ടുകളുടെ കൂട്ടം]

രംഗം ആറ്



[മഹാബലി കുട്ടനാട്ടിൽ (വ്യംഗ്യം). പിന്നാമ്പുറത്ത് തരിശായ പാടം ]

മഹാബലി: മന്ത്രീ, നമ്മുടെ കാലത്തുണ്ടായിരുന്ന നെൽവയലുകൾ ഒക്കെ എവടെ പോയി?

മന്ത്രി: തിരുമേനി,  ഇതിപ്പോ ഇന്നും ഇന്നലേം തുടങ്ങിയതാണോ?  ആർക്കാ ഇപ്പൊ കൃഷി ചെയ്യാൻ സമയം? ഹും.. പൂന്തോപ്പ് ഉണ്ടാക്കിയാലും രണ്ട് വെണ്ടയ്ക്ക  ഉണ്ടാക്കുമോ? ഇവിടെ, പാടങ്ങൾ നികത്തി വിമാനത്താവളങ്ങൾ ഉണ്ടാക്കിയപ്പോ, നമ്മുടെ പാതാളം വറ്റി വരണ്ടത് നാം കണ്ടതല്ലേ? കമ്പ്യൂട്ടർ കൊണ്ട് ഭക്ഷണം ഉണ്ടാക്കാനുള്ള തത്രപ്പാടിലല്ലേ... ഇന്നത്തെ നമ്മുടെ പ്രജകൾ......

മഹാബലി: ഹും... അത് ശരിയാണല്ലൊ മന്ത്രീ.... ഇന്നാട്ടിൽ നിന്ന്  റബ്ബർക്കുരു ഇനി തിന്നുകയേയില്ലാ.., ചക്കയും മാങ്ങയും കിട്ടാനില്ല... എന്നൊക്കെ പറഞ്ഞു അണ്ണാരക്കണ്ണന്മാർ നമ്മുടെ പാതാളത്തിലേക്ക് കുടിയേറിയത് ഈയിടെയല്ലേ...?

[പിന്നാമ്പുറത്ത് ഒരു കുട്ടനാടൻ കടവിന്റെ മികവുറ്റ ദൃശ്യം]

കടവിലെ ഒരാൾ: സാറന്മാരെ.., ഹൌസ് ബോട്ട് സവാരിക്ക് വരുന്നോ? നല്ല മധുരക്കള്ളും കരിമീനും... മറ്റു സൌകര്യങ്ങളും ഒക്കെ ഒരുക്കിത്തരാം.

മന്ത്രി: എന്താണീ മറ്റു സൌകര്യങ്ങൾ? ഇതാരാണെന്ന് മനസ്സിലായോ? ഇത് മഹാബലി തിരുമേനി ആണ്.

കടത്തുകാരൻ: എന്റെ ഈശ്വരാ, ഇത് നമ്മടെ തമ്പ്രാൻ ആയിരുന്നോ? മനസ്സിലായില്ല കേട്ടോ.

മഹാബലി: നാം നമ്മുടെ പ്രജകളൊക്കെ എങ്ങനെ ഈ കലികാലത്തിൽ ജീവിക്കുന്നു എന്ന് അറിയാൻ വേണ്ടി വന്നതാണ്.

കടത്തുകാരൻ: തമ്പ്രാനെ,  ഇത് അങ്ങ് ഭരിച്ചിരുന്ന കാലം പോലെ.. മായയുടെ കാലം അല്ല, ഇപ്പൊ മായങ്ങളുടെ കാലം ആണ്. കള്ളിൽ മായം, മീനിൽ മായം, ശാപ്പാട്ടിൽ മായം. കരിമണല് ഖനനം എന്നും പറഞ്ഞു ഭൂമി തുരന്നു കൊണ്ടുപോകാൻ.. പെരുംകള്ളന്മാര് ക്യൂ നിക്കുന്ന കാലം.  ആര് എപ്പഴാ ചതിക്കുന്നെന്നു പറയാൻ പറ്റാത്ത കാലം.

മഹാബലി: ഹും .... ആ ചതിവു ഇന്നും ഇന്നലേം തുടങ്ങിയതാണോ? അങ്ങനെ ഒരു ചതിവിൽ പെട്ടിട്ടല്ലേ നമുക്ക് നമ്മുടെ രാജ്യവും പ്രജകളും ഒരിക്കൽ നഷ്ടമായത്. മൂന്നടി അളന്നവൻ മൂന്നാമത്തെ അടി എന്റെ തലയിലല്ലേ വച്ചത്?

കടത്തുകാരൻ: തിരുമേനി ഇനി അതൊന്നും ചിന്തിച്ച് വിഷമിക്കേണ്ട. അപ്പുറത്ത് കടവിൽ വള്ളം കളിയും ഓണാഘോഷവും നടക്കുന്നുണ്ട്. നമുക്ക് അവിടെയൊന്നു പോയാലോ?

[അടുത്ത പാട്ടുകളുടെ കൂട്ടം ]

രംഗം ഏഴ്



[മഹാബലി കൊല്ലത്ത് (വ്യംഗ്യം)]

[പിന്നാമ്പുറത്തു കയർ പിരിക്കുന്നതിന്റെയും കശുവണ്ടി തൊഴിലാളികളുടെയും ചിത്രങ്ങൾ. വേദിയിൽ ഒരാൾ കയർ പിരിക്കുന്നു. മഹാബലിയും മന്ത്രിയും കടന്നു വരുന്നു]

മന്ത്രി: തിരുമേനി , ഇതാണ് കുടിൽ വ്യവസായങ്ങളുടെ നഗരം.

മഹാബലി: ഹും.... (കയറു പിരിക്കുന്നവനെ നോക്കി) കയറു പിരി ഒക്കെ നന്നായി നടക്കുന്നുവോ?

തൊഴിലാളി: (മുഖം നോക്കാതെ) ഹും... പിരിച്ചു പിരിച്ചു നമ്മൾ ഒരു പിരിയായി. ഈ കയർ ഇനി കഴുത്തിൽ ഇട്ടാൽ എല്ലാം ശുഭം. ഇപ്പൊ ഈ പണികൾ  ചെയ്യുന്നവരൊക്കെ നീചന്മാർ അല്ലെ? വെറും കീഴാളർ! ആർക്ക് എന്നതാ ചേതം?

മഹാബലി: എന്ത്? നമ്മുടെ ഭരണകാലത്ത് ഈ നാടിന്റെ താളമായിരുന്ന കുടിൽ വ്യവസായങ്ങളുടെ താളം അവതാളമായെന്നോ? ഇവരെയൊന്നും നോക്കാൻ ആരുമില്ലേ ഇവിടെ?

തൊഴിലാളി: (മുഖം ഉയർത്തി നോക്കുന്നു. പുച്ഛഭാവം മാറി അമ്പരന്നു നോക്കുന്നു) മ്..... ഇതാരാ ... യ്യോ ... ഇത് നമ്മടെ മാവേലി തമ്പ്രാൻ ആണോ... അയ്യോ.. അടിയൻ ഒന്നും ആലോചിക്കാതെ ... എന്തെങ്കിലും പറഞ്ഞെങ്കിൽ ക്ഷമിക്കണം...

മഹാബലി: മന്ത്രി പുംഗവാ, ഈ നാട്ടിൽ  ഒരാളെങ്കിലും എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

മന്ത്രി: അങ്ങയുടെ ഭാഗ്യം തിരുമേനി.

തൊഴിലാളി: തിരുമേനി, തിരുവോണം അല്ലയോ ഇന്ന്? കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ചൊല്ലെങ്കിലും അങ്ങയെ ഒന്ന് ഊട്ടുവാൻ ഈയുള്ളവന്റെ അടുത്തു ഒരു കോണകം പോലും ഇല്ലല്ലോ വിക്കാൻ (സങ്കടപ്പെടുന്നു).

മഹാബലി: എവിടെ ഇവിടുത്തെ അധികാരി വർഗ്ഗം?

തൊഴിലാളി: തിരുമേനി, അധികാരി വർഗ്ഗം ഇപ്പൊ 'സരിതാ'പമേറ്റ് കിടക്ക്വല്ലേ. നാട്ടിൽ ഉള്ളി അരിഞ്ഞു കണ്ണീര് വരുന്നെന് പകരം ഇപ്പൊ ഉള്ളീടെ വില കേട്ടാൽ കരയും. തണുപ്പിൽ വെറക്കുന്നേനു പകരം ഇപ്പൊ പനിച്ചും കൊട്ടേഷൻ ടീമിനെ പേടിച്ചും ആണ്  വിറക്കുന്നത്‌. ! വണ്ടീൽ കയറിയാൽ ഗോവിന്ദച്ചാമിമാരെ പേടിക്കണം....ഹും.... (ക്ഷോഭിച്ചുകൊണ്ട്) ഇപ്പഴത്തെ മന്ത്രിമാർ വേഴാമ്പലിനെ മാറ്റി കൊതുകിനെ ദേശീയ പക്ഷിയാക്കാൻ നടക്കയല്ലേ.

മഹാബലി: മന്തി പുംഗവാ, ഈ സഹജീവിക്ക് എന്റെ രാജസദസ്സ് ദർശിക്കാനുള്ള ഉപായം പറഞ്ഞുകൊടുക്കൂ. നമ്മുടെ മായാലോകത്തിലെ സ്നേഹസന്ദേശം... ഇദ്ദേഹത്തിന്റെ സംഘർഷം ഒന്ന് കുറയ്ക്കട്ടെ.

[ആശാ പോറ്റിയും സംഘവും അവതരിപ്പിക്കുന്ന സ്നാഹാഞ്ജലി. പിന്നാമ്പുറത്തു നിന്ന് താഴെപറഞ്ഞത് പോലെ ഒരു ശബ്ദരേഖ ]

["മലയാളത്തിന്റെ മഹാനായ മഹാകവി കുമാരനാശാൻ സ്നേഹത്തെക്കുറിച്ച് ഇങ്ങനെ പാടി:

'സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം'

അതെ. സ്നേഹമാണ് ഈ ലോകത്തിന്റെ നിലനില്പിന്റെ ഒരേ ഒരു പൊരുൾ. സ്നേഹമില്ലെങ്കിൽ പിന്നെ അവിടെ അന്ധകാരമാണ്, അനാഥമാണ്, അനർത്ഥമാണ്. സ്നേഹം പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ ഈ ലോകത്തിലെ ജീവജാലങ്ങളിൽ നിഴലിക്കുന്നു.

ഈ സ്നേഹം, ഒരു പൂവിനോടയാൽ ഇഷ്ടമായും, ഭക്ഷണത്തോടായാൽ കൊതിയായും, അമ്മയ്ക്ക് കുഞ്ഞിനോടാവുമ്പോൾ വാത്സല്യമായും, ദേശത്തോടാവുമ്പോൾ  ഭക്തിയായും, കാമുകീകാമുകന്മാർക്കിടയിലായാൽ പ്രണയമായും, ഗുരുവിനോടായാൽ ആദരവായും, ദീനരോടായാൽ ദയയായും പരിലസിക്കുന്നു.

സ്നേഹത്തിന്റെ ആഴങ്ങളിലൂടെ, അഗാധതയിലൂടെ സഞ്ചരിക്കാൻ, സമൂഹത്തിൽ സ്നേഹത്തിന്റെ വിത്തുകൾ പാകി എല്ലാ അർത്ഥത്തിലും അഭിവൃദ്ധിയിലേക്ക് നയിക്കുവാൻ ഞങ്ങൾ ഒരുക്കുന്ന 'സ്നേഹാഞ്ജലി'യിലേക്ക് നിങ്ങൾക്ക് സ്വാഗതം."]



രംഗം എട്ട്‌



[മഹാബലി അനന്തപുരിയിൽ (വ്യംഗ്യം). പിന്നാമ്പുറത്തു പദ്മനാഭസ്വാമി ക്ഷേത്രവും, സിക്രട്ടറിയേറ്റിനു മുന്നില് സമരം ഇരിക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങൾ മാറി മാറി വരുന്നു.]

മഹാബലി: മന്ത്രീ, നമ്മുടെ കാലത്തൊന്നും ഈ പദ്മനാഭന്റെ അടുത്തു  ഇത്ര തിരക്കുണ്ടായിട്ടില്ലല്ലോ.

മന്ത്രി: സ്വർണം ഉണ്ടെന്നു കേട്ടപ്പോ, യുക്തി കുറഞ്ഞ് ഭക്തി കൂടി വരുന്നവരാ കൂടുതൽ, തിരുമേനി....

മഹാബലി: പ്രജകളൊക്കെ ആർഭാടപ്രിയന്മാരായെന്നു തോന്നുന്നു. ഹും... നാം നൂറ്റാണ്ടുകളോളം നാട് ഭരിച്ചിട്ടും ഇവിടെയെങ്ങും എന്റെ ഒരു പ്രതിമ പോലും ഇല്ലല്ലോ.  കഷ്ടം.... (സമരപ്പന്തലിലെ നിരാഹാരക്കാരെ നോക്കി) നമ്മുടെ പ്രജകളൊക്കെ ഇപ്പൊ പാതവക്കത്താണോ ഉറങ്ങാൻ വരുന്നത്‌?

മന്ത്രി: ഭരിച്ചു മുടിക്കുന്ന ഭരണ വർഗ്ഗത്തെ, ഉറക്കത്തിലെങ്കിലും മറിച്ചിടാൻ.. ജോലിയൊക്കെ ഉപേക്ഷിച്ചു വന്നവരാ തിരുമെനീ ഇവരൊക്കെ.

[ഇതി കേട്ട് കൊണ്ട് സമരം ചെയ്തു കിടക്കുന്ന ഒരു രാഷ്ട്രീയക്കാരൻ ]

രാഷ്ട്രീയക്കാരൻ:   (ആത്മഗതം)ആരടപ്പീ... ത് ? യെന്തെര് വേഷം? വേഷം മാറി വന്ന വല്ല പോലീസുകാരനോ മറ്റോ ആണോ? എന്തായാലും മുണ്ട് മുറുകെ പിടിക്കാം.

തള്ളെ , നിങ്ങളൊക്കെ യാര്?  മനസ്സിലായില്ലല്ല് ....

മന്ത്രി: ഇത് നിങ്ങളുടെയൊക്കെ മഹാബലി ചക്രവർത്തി ആണ്. ഇവിടുത്തെ... ഇപ്പഴത്തെ ... കാര്യങ്ങൾ ഒക്കെ ഒന്നന്വേഷിക്കാൻ വന്നതാ.

രാഷ്ട്രീയക്കാരൻ: (ആത്മഗതം) ഇനിയിപ്പൊ ഇടത്തും വലത്തും ഒന്നും നോക്ക്വാതെ ഇവരുടെ കൂടെ അങ്ങ് കൂടിയാലോ? തള്ളെ  (ഉറക്കെ ) അയ്യോ , മനസ്സിലായില്ല് കേട്ടാ ... (ഒരു തനി രാഷ്ട്രീയക്കാരന്റെ അംഗവിക്ഷേപത്തോടെ) ഞങ്ങൾ അധികാരത്തിൽ വന്നാൽ അങ്ങയുടെ പേരിൽ അടുത്ത കൊല്ലം മുതൽ സത്യസന്ധതയ്ക്കുള്ള ഒരു അവാർഡ്‌ ഏർപ്പെടുത്തും. ഇപ്പോ 'കുങ്കുമപ്പൂ' വും 'അമ്മ' യും മുടങ്ങാതെ... കണ്ണെടുക്കാതെ... കാണുന്നവർക്ക് സർക്കാർ പെൻഷൻ കൊടുക്കണം എന്നും പറഞ്ഞു ഞങ്ങൾ സമരത്തിലാണ്. ഇനി നമ്മുടെ നേതാവിന്റെ നന്ദിപ്രകാശനം ഒന്ന് കണ്ടു നോക്കൂ...

[മഹാബലിയും മന്ത്രിയും രാഷ്ട്രീയക്കാരനും നോക്കി നില്ക്കെ, നന്ദി പ്രകാശിപ്പിക്കാൻ നിയോഗിക്കപ്പെട്ട ആൾ വരുന്നു. ഈ ആൾ സമരക്കാരുടെ രംഗപടത്തിന്റെ ഇടയിൽ ഒരാളായി ഇരുന്നാൽ നന്നായേനെ. (മഹാബലിയെ വണങ്ങുന്നു). അവസാനം നാട് സന്ദർശിച്ചതിന് മഹാബലിയോടു പ്രത്യേകം നന്ദി പറയുന്നു. ]

മഹാബലി: ഞങ്ങൾ ഓരോ വർഷം വരുമ്പോഴും ഇങ്ങനെ പല വാഗ്ദാനങ്ങളുടെയും പെരുമ്പറകൾ മുഴങ്ങുന്നത് നാം കേൾക്കാറുള്ളതാണ്. ആത്മീയതയും മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് കൈക്കൂലിയെന്ന പേക്കോലം കെട്ടിയാടുന്ന വഞ്ചകന്മാരാണ് എന്റെ പിൻഗാമികൾ എന്നറിയുമ്പോൾ ഒത്തിരി സങ്കടം തോന്നുന്നു. ഒരു മാവേലി സ്റ്റോർ മാത്രമല്ലേ എന്റെ പേരിൽ ആകെ ഇവിടെ ഉള്ളത്

രാഷ്ട്രീയക്കാരൻ: അങ്ങനെ അടച്ചാക്ഷേപിക്കല്ല് തിരുമേനി, തിരുവോണത്തിനെങ്കിലും നമ്മൾ എല്ലാ വ്യത്യാസങ്ങളും മറന്നു ഒരുമയോടെ ആഘോഷങ്ങൾ നടത്താറുണ്ട്‌. ഈ വർഷത്തെ ഖജൂർ കച്ചേരിയിലെ ആഘോഷങ്ങൾ ഒന്ന് കണ്ട് നോക്കൂ.

[അവസാന ഭാഗത്തെ പാട്ടുകൾ  (പാട്ടുകൾക്ക് ശേഷം മോഹിനിയാട്ടവും കളരിപ്പയറ്റും ഒക്കെയുള്ള കലാരൂപങ്ങൾ പ്രവേശിക്കുന്നു.)]

രംഗം ഒൻപത്



[രംഗത്ത് മഹാബലിയും മന്ത്രിയും]

മഹാബലി: മന്ത്രീ, നമ്മുടെ ഖജനാവിന്റെ ഇപ്പഴത്തെ സ്ഥിതി എങ്ങനെയുണ്ട്?

മന്ത്രി: എന്താണ് അങ്ങനെ ചോദിച്ചത് തിരുമേനി?

മഹാബലി: മന്ത്രീ, കേരളത്തിലെ പുകൾപെറ്റ നിരത്തുകളിൽ ഓടിയോടി  നമ്മുടെ രഥം മുഴുവൻ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ഇനി രാവണൻ അമ്മാവന്റെ പുഷ്പകവിമാനം വാടകയ്ക്ക് എടുത്താലോ എന്ന് ആലോചിക്കുകയായിരുന്നു.

മന്ത്രി: അതേതായാലും നന്നായി തിരുമേനി. ഇനിയങ്ങോട്ട് ആകാശവീക്ഷണം തന്നെയാണ് നല്ലത്.

മഹാബലി:  അതൊക്കെയിരിക്കട്ടെ...., കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചിട്ട്‌ നമ്മുടെ നാടിനെപ്പറ്റി ഇപ്പൊ എന്ത് തോന്നുന്നു? എല്ലാം ശുഭമാണോ?

മന്ത്രി: തിരുമേനി ഒന്നും വിചാരിക്കരുത്. അങ്ങ് ഭരിച്ചിരുന്ന കാലത്തെ ഹരിത മനോജ്ഞ കേരളം, കള്ളവും ചതിയും ഇല്ലാതിരുന്ന കേരളം, എല്ലാവരും സന്തോഷിച്ചിരുന്ന കേരളം എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്വന്തം ഭാഷയായ മലയാളം പറയാൻ മടിക്കുന്ന, ശുചിത്വ ബോധമില്ലാത്ത, കൃഷിക്കാരനെ മാനിക്കാത്ത, സ്വന്തം സത്വത്തെത്തന്നെ മറക്കുന്ന മനോരോഗികളായിരിക്കുന്നു ഇന്നത്തെ മലയാളികൾ. കൂടുതൽ ഇവിടെ നിൽക്കാതെ നമുക്ക് വേഗം പാതാളത്തിലേക്ക് തന്നെ മടങ്ങി പോകാം തിരുമേനി.

മഹാബലി: മന്ത്രീ, ഞാൻ വേറെ ഒരു കാര്യം ആലോചിക്കുകയാണ്. ഇങ്ങനെ കാര്യങ്ങൾ പോയാൽ നമ്മുടെ പ്രജകളുടെ കാര്യം ആര് നോക്കും? ഒളിച്ചോട്ടം നമുക്ക് ഭൂഷണമാണോ? ഹും ... നമുക്ക് ഈ കപടരാഷ്ട്രീയക്കാരെ അടിച്ചോടിച്ചിട്ട്... നേരത്തെ ഒരു പ്രജ ആവശ്യപ്പെട്ടപോലെ... വീണ്ടും കുറച്ചുകാലം കൂടി ഇവിടത്തെ ഭരണം അങ്ങ് ഏറ്റെടുത്താലോ? ഒരിക്കൽ കൂടി.. നമുക്കീ നാടിനെ .. കള്ളവും ചതിവും ഇല്ലാത്ത, നീതി ബോധമുള്ള, മനുഷ്യർ മറ്റു മനുഷ്യരെ, ജാതിമതഭേദമില്ലാതെ മനുഷ്യന്മാരായി മാത്രം കാണുന്ന നാടായി..  ഓണക്കാലത്തെപ്പോലെ, ഒരേ പൈതൃകത്തിന്ന് കീഴിൽ കൊണ്ട് വരാം.

ഒരു നാട് ഒരു പൈതൃകം ഒരു ഓണം.
(ഈ വാചകം പാശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ പ്രത്യേകമായി പ്രതിധ്വനിയോടെ എടുത്തു പറയുന്നു.)

മന്ത്രി: ഹഹഹാ ...അപ്പൊ പതിനൊന്നാമത്തെ അവതാരം ആരായിരിക്കും? ആവോ ... മൂന്നടി മണ്ണിനു പകരം ഇനി ആറടി മണ്ണ് (മരണം) തന്നെ ചോദിക്കുമായിരിക്കും.... അങ്ങനെയല്ലേ കാലം ...

മഹാബലി: (വേദിയുടെ മദ്ധ്യ ഭാഗത്തേക്ക് വന്ന് സദസ്യരോടായി) എന്റെ പ്രിയപ്പെട്ട ജനങ്ങളെ, ഈ തവണയും ഞങ്ങൾ തിരിച്ചു പോകുകയാണ്. നാം നിങ്ങൾക്ക് ഒരവസരം കൂടി തരുന്നു. നിങ്ങൾ സ്വയം നന്നാവുക. ഈ വയസ്സുകാലത്ത് എനിക്ക് ഒരവസരം കൂടി ഉണ്ടാക്കാതിരിക്കുക.  പോകുന്നതിനു മുന്നേ, നമ്മുടെ പാതാള കലാമണ്ഡലത്തിലെ കലാകാരന്മാരുടെ ഈ കലാവിരുന്ന് ആസ്വദിക്കൂ... (മഹാബലിയും മന്ത്രിയും കൈ വീശി തിരിച്ചു പോകുന്നു. മോഹിനിയാട്ടവും കളരിപ്പയറ്റും ഒക്കെയുള്ള കലാരൂപങ്ങൾ പ്രവേശിക്കുന്നു. ഈ കലാരൂപം അവസാനിക്കുന്നതോടെ തിരശ്ശീല വീഴുന്നു.)



***സമാപ്തം*** 


3 അഭിപ്രായങ്ങൾ: