(Picture Courtesy: Google)
വൈറസ്സ് എന്ന സംജ്ഞയെക്കുറിച്ച് സയൻസ് ക്ലാസ്സുകളിൽ കുറച്ചൊക്കെ പഠിച്ചിരുന്നെങ്കിലും, ബയോളജി അധികം പഠിക്കാത്തത് കൊണ്ട്, അതിനെക്കുറിച്ച് ദിനേന സംസാരിക്കാൻ തുടങ്ങിയത്, കമ്പ്യൂട്ടറിന് പഠിക്കുന്ന സമയത്താണ്. സയൻസിൽ വൈറസ് എന്നത്, സ്വയം എണ്ണം വർദ്ധിപ്പിക്കാൻ കഴിയുന്ന പ്രോട്ടീൻ വലയത്തിലുള്ള ഒരു DNA / RNA ഘടകമാണെങ്കിൽ, കംപ്യൂട്ടറിൽ, ഒരു പ്രോഗ്രാം ആയി മാറി; സയൻസിലെ വൈറസിന്റെ ചില സ്വഭാവവിശേഷങ്ങളുള്ള പ്രോഗ്രാം. അതിന്റെ കൂടെയാണ് ആന്റിവൈറസ്സിനെക്കുറിച്ചും (വൈറസ്സിനെ തുരത്തുന്ന പരിപാടി) ക്വാരന്‍റൈനിങ്ങിനെക്കുറിച്ചും (വൈറസ്സ് ബാധിച്ച ഫയലിനെ മറ്റുള്ള ഫയലുകൾക്ക് ഉപദ്രവമുണ്ടാകാത്ത രീതിയിൽ ഒരു പ്രത്യേക സ്ഥലത്തേക്ക് മാറ്റുന്ന പരിപാടി) ആദ്യമായി കേൾക്കുന്നത്. അങ്ങനെ വന്ന് വന്ന് ഈ കൊറോണാക്കാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കായി ക്വാരന്‍റൈൻ എന്ന പദം മാറി. വന്നു വന്ന്, കൊറോണ കാരണം, എന്റെ കുടുംബത്തിലും അധികം സന്തോഷമില്ലാത്ത ഒരു ക്വാരന്‍റൈൻ നടന്നു.
എന്റെ ഏറ്റവും ഇളയ അനുജൻ, കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളായി ദുബായിയിൽ ആയിരുന്നു ജോലി ചെയ്ത് കൊണ്ടിരുന്നത്. ദുബായി കച്ചവടമൊക്കെ മതിയാക്കി, നാട്ടിലെ സ്വന്തം സ്ഥലത്ത് ആധുനിക രീതിയിൽ കൃഷി നടത്തി, ഭാവിയിലേക്ക് മുന്നേറാമെന്ന്, 2019 ന്റെ അവസാനകാലത്ത് തന്നെ, അവനൊരു തീരുമാനമെടുത്തു. അതിന്റെ ഭാഗമായി 2020 മാർച്ച് പകുതിയോടെ നാട്ടിലേക്ക് തിരിച്ചെത്താനുള്ള പ്ലാനും തയ്യാറാക്കി. അപ്പഴാണ് കൊറോണച്ചേച്ചിയുടെ കുലുക്കിയുള്ള വരവ്. ആ കുലുക്കത്തിൽ രാജ്യങ്ങൾ വിറച്ചപ്പോൾ, തകർന്നത് എന്റെ അച്ഛന്റെയും അമ്മയുടെയും ദുബായ് കാണാമെന്നുള്ള സ്വപ്നമായിരുന്നു. അനുജൻ വരുന്നതിന്റെ ഭാഗമായി പത്ത് ദിവസത്തെ ദുബായ് സന്ദർശനം പ്ലാൻ ചെയ്തിരിക്കുകയായിരുന്നു എന്റെ അച്ഛനമ്മമാർ. പക്ഷേ കൊറോണാ വരവിൽ നമ്മളത് നിർദ്ദയം റദ്ദ് ചെയ്തു.
മാർച്ച് 15 ന് അനുജൻ അവന്റെ സ്ഥാപനത്തിൽ നിന്നും രാജി വച്ചു. ഒരു മാസം കൂടി അവന് അവിടെ നിൽക്കാം. പക്ഷേ, കൊറോണച്ചേച്ചി നാട്ടിലേക്ക് വരുന്നത് ദുബായിക്കാരുടെയും ഇറ്റലിക്കാരുടെയും കുപ്പായത്തിൽ പിടിച്ചാണെന്നുള്ള വാർത്തകൾ കാരണം, നാട്ടിലേക്ക് വരുന്നത് റിസ്കാണെന്ന കണക്ക് കൂട്ടലിൽ, മാർച്ച് അവസാനമോ, അല്ലെങ്കിൽ ഏപ്രിൽ പകുതിക്ക് മുൻപായോ നാട്ടിലേക്ക് പോകാമെന്ന് കണക്ക് കൂട്ടി ദുബായിൽ തന്നെ ഇരിക്കുകയായിരുന്നു അവൻ. പൊടുന്നനെയാണ്, ദുബായിയും ഇന്ത്യയും വിമാന സർവ്വീസുകൾ കുറച്ച് കാലത്തേക്ക് നിർത്തുകയാണെന്ന് അറിയിപ്പ് വന്നത്. വേറെ നിവൃത്തിയില്ലാതായതിനാൽ, ഉടനെത്തന്നെ കിട്ടിയ വിമാനത്തിന് ടിക്കറ്റെടുത്ത് നാട്ടിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു.
അങ്ങനെ മാർച്ച് 20 വെള്ളിയാഴ്ച രാവിലെ കോഴിക്കോട് എത്തുന്ന തരത്തിൽ അവൻ ടിക്കറ്റെടുത്തു. ഈ സമയമായിക്കഴിഞ്ഞപ്പഴേക്കും ദുബായിയിൽ നിന്ന് വരുന്നവരിൽ ഒട്ടു മിക്കവരും കൊറോണാ പോസിറ്റിവ് ആവുന്നതിനാൽ, വരുന്നവരൊക്കെ, മറ്റ് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ ചുരുങ്ങിയത് 14 ദിവസം self isolation അല്ലെങ്കിൽ quarantine ലേക്ക് പോകണമെന്ന് സർക്കാർ നിർദ്ദേശം വന്നിരിക്കുന്ന സമയംമാണ്.
എന്റെ വീട്ടിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് 130 കിലോമീറ്റർ ദൂരമുണ്ട്. അനുജൻ ദുബായിൽ നിന്ന് വരുന്നു എന്ന് അറിയിപ്പ് കിട്ടിയപ്പോഴേക്കും നാട്ടിൽ കൺഫ്യൂഷനായി. അവനെ കൂട്ടാൻ ആര് പോകും? മനസ്സിലെങ്കിലും പലർക്കും ധൈര്യക്കുറവ്. കൺഫ്യൂഷനങ്ങനെ അധികരിച്ച് നിൽക്കുന്ന സമയത്ത് അനുജൻ തന്നെ വിളിച്ചു പറഞ്ഞു: "ആരും എന്നെ കൂട്ടാൻ എയർപോർട്ടിൽ വരണ്ട... അതിന് ഏർപ്പാടാക്കിയിട്ടുണ്ട്.... നിങ്ങളാരും പേടിക്കേണ്ട..." എങ്ങനെയാണ് വരാൻ പോകുന്നത് എന്നതിന് വ്യക്തമായ മറുപടിയൊന്നും പറഞ്ഞതുമില്ല. നമ്മുടേത് ഒരു തനി ഗ്രാമമായതിനാൽ വാർത്തകളൊക്ക നാട്ടിൽ പെട്ടന്ന് പരക്കും. അതുകൊണ്ട് തന്നെ വീട്ടിലും നാട്ടിലും പിന്നെയും കൺഫ്യൂഷൻ. അവൻ പബ്ലിക് ട്രാൻസ്പോർട്ടുകളായ ബസ്സോ തീവണ്ടിയോ പിടിച്ചാണോ വരിക... അവന് വല്ല വൈറസ് ബാധയുമുണ്ടെങ്കിൽ ബസ്സിലെയോ തീവണ്ടിയിലെയോ ആളുകളെയും ബാധിക്കില്ലേ... അനുജനുമായി ആർക്കും പിന്നെ ബന്ധപ്പെടാൻ പറ്റിയില്ല. പുറപ്പെട്ട് കാണണം.
എന്തായാലും അനുജൻ വരുന്നത് പ്രമാണിച്ച്, വീട്ടിൽ അടിയന്തിര ചർച്ചകൾ നടന്നു. അകലെ നിന്ന് ചില ചർച്ചകളിൽ, ഫോണിലൂടെ ഞാനും പങ്കാളിയായി. അവൻ എത്തിയാൽ എവിടെ താമസിക്കും? വീട്ടിലാണെങ്കിൽ 90 നോട് അടുത്ത എന്റെ അമ്മമ്മയുണ്ട്, 80 നോട് അടുത്ത എന്റെ അച്ഛനുണ്ട്, 70 നോട് അടുത്ത എന്റെ അമ്മയുണ്ട്... അനുജന്റെ തന്നെ മൂന്ന് വയസ്സുകാരനായ മകൻ കിട്ടനുണ്ട്. പട്ടാളക്കാരനായ വേറൊരനുജന്റെ ചെറിയ കുട്ടികളുണ്ട്. അപ്പോൾ, സ്വന്തം വീട്ടിൽ അനുജൻ വരുന്നത് റിസ്കാണ്. ഒടുവിൽ, എന്റെ വീട്ടിൽ നിന്ന് കുറച്ചപ്പുറമുള്ള നമ്മുടെ തന്നെ ഉടമസ്ഥതയിലുള്ള ഒരു പറമ്പിലെ പൊട്ടിപ്പൊളിഞ്ഞ് വീഴാറായ ഒരു പഴയ വീട്ടിൽ അവനെ താമസിപ്പിക്കാം എന്ന തീരുമാനമായി.
പക്ഷേ, അവിടെ വേറൊരു പ്രശ്നം. ആ പഴയ വീടുള്ള പറമ്പിൽ, പട്ടാളക്കാരനായ അനുജന് പുതിയ വീട് പണിയുന്നുണ്ട്. ആ വീട്ടിലേക്കുള്ള ആശാരിപ്പണികൾ നടക്കുന്നത് ഈ പറഞ്ഞ പഴയ വീട്ടിലാണ്. പുതിയ വീടെടുപ്പിക്കുന്ന പട്ടാളക്കാരൻ, വീട്ടുപണി മുഴുമിപ്പിക്കാൻ മാത്രം അവധിയെടുത്ത് നാട്ടിൽ വന്നിരിക്കയാണ്. ആശാരിപ്പണി ഇപ്പോഴും നടക്കുന്നുണ്ട്. അതുകൊണ്ട് ഇങ്ങനെയൊരു മാരണം ദുബായിയിൽ നിന്ന് വരുന്നുണ്ടെന്ന് അവരെയും അറിയിക്കേണ്ടി വരും. അങ്ങനെ അറിയിച്ച് കഴിഞ്ഞാൽ ആശാരിമാർ പിന്നെ വരുമോ എന്ന് പട്ടാളക്കാരനായ അനുജന് പേടിയായി... കാരണം വീട്ടിന്റെ പണി തീർക്കാനാണല്ലോ അവൻ വന്നിരിക്കുന്നത്. എന്തായാലും ആശാരിമാരെ വിവരം അറിയിക്കാൻ തീരുമാനിച്ചു.
ആശാരിമാരോട് വിവരം പറഞ്ഞപ്പോൾ, അവർക്ക് 100 ശതമാനം ധൈര്യം. അവർക്കൊരു പ്രശ്നവുമില്ല. ദുബായിക്കാരൻ വീട്ടിന്റെ ഉള്ളിൽ മാത്രം നിന്നാൽ പുറത്ത് നിന്ന് അവർക്ക് ജോലിയെടുക്കുന്നതിന് ഒരു കുഴപ്പവുമില്ല. പട്ടാളക്കാരന് സന്തോഷായി. അങ്ങനെ ആ പഴയ വീട് ക്വാരന്‍റൈൻ ഹോം ആയി പെട്ടെന്ന് മാറി. ആ വീട്ടിലെ മാറാലകളും പൊടിപടലങ്ങളും പെട്ടന്ന് ചൂല് കൊണ്ട് വൃത്തിയാക്കി. കത്താത്ത ബൾബുകളൊക്കെ മാറ്റിയിട്ടു. കക്കൂസ് പുതിയ രീതിയിൽ സാനിറ്റൈസ് ചെയ്തു. ദുബായിക്കാരൻ വന്നാൽ അതിനുള്ളിൽ കിടക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി.
വെള്ളിയാഴ്ച്ച രാവിലെ ഇന്ത്യൻ സമയം ഒരൊമ്പതു മണിക്ക് ഞാൻ വീണ്ടും അമ്മയെ വിളിച്ചു. ദുബായിക്കാരൻ എത്തിയാൽ, എന്തൊക്കെ ചെയ്യാമെന്നും ചെയ്യരുതെന്നുമുള്ള ചില നിർദ്ദേശങ്ങൾ കൊടുത്തു. പ്രായമുള്ള ചെറിയ കുട്ടികളും അച്ഛനുമൊന്നും കഴിയുന്നതും അവിടെ പോയി ഇരിക്കുകയോ അവൻ തൊട്ട സാധനങ്ങൾ തൊടുകയോ ചെയ്യരുത്, അവന് പ്രത്യേക പിഞ്ഞാണവും ഗ്ലാസും കൊടുക്കണം, ഖരരൂപത്തിലുള്ള ഭക്ഷണമാണെങ്കിൽ കഴിയുന്നതും വാട്ടിയ വാഴയിലയിൽ കൊടുത്താൽ മതി, അവന്റെ പെട്ടിയിൽ നിന്നും ഒരു സാധനവും എടുത്ത് വീട്ടിലേക്ക് കൊണ്ടു പോകരുത്, അവന്റെ തുണികൾ അവൻ തന്നെ കഴുകണം എന്നൊക്കെ അമ്മയോട് പറഞ്ഞപ്പോൾ, അമ്മക്ക് ഗദ്ഗദം കൊണ്ട് കുറച്ച് നേരത്തേക്ക് ശബ്ദം പുറത്ത് വന്നില്ല. അമ്മയെ ചിരിപ്പിക്കാൻ വേണ്ടി, അടുത്ത ഒരു മാസത്തേക്ക് അവൻ അയല്പക്കത്തെ ദുബായിലാണെന്ന് മാത്രം കരുതിയാൽ മതിയെന്ന് പറഞ്ഞപ്പോൾ അമ്മ ചിരിച്ചതായി നടിച്ചു.
ഇതിനിടയിൽ ദുബായിക്കാരന്റെ വിളി വീണ്ടും എത്തി. കോഴിക്കോട്ട് നിന്നാണ് വിളിക്കുന്നത്. അവന്റെ അതേ വിമാനത്തിലുണ്ടായിരുന്ന വേറെ രണ്ട് പേരുടെ കൂടെ ചേർന്ന് ഒരു ടാക്സിയിലാണ് അവൻ വരുന്നത്. ഉച്ചക്ക് ഒരു മണിയോടെ വീട്ടിൽ എത്തുമെന്ന് പറഞ്ഞു. ക്വാരന്‍റൈൻ ഹോം തയ്യാറാണെന്ന് പറഞ്ഞപ്പോൾ അവനും നൂറ് ശതമാനം തയ്യാർ. വണ്ടി നേരെ ക്വാരന്‍റൈൻ ഹോമിലോട്ട് വന്നാൽ മതിയെന്ന് ചട്ടം കെട്ടി.
ആശാരിമാർ രാവിലെത്തന്നെ പണി തുടങ്ങിയിരുന്നു. ഒരു പതിനൊന്ന് മണിയോടടുപ്പിച്ച് ആശാരിമാർക്ക് ചായയും കടിയുമായി പോയ പട്ടാളം അനുജൻ ഞെട്ടി. ആശാരിമാരെ കാണാനില്ല. ദുബായിക്കാരൻ വന്നാൽ ഞങ്ങൾക്കൊരു പ്രശ്നവുമില്ല എന്ന് നേരത്തെ പറഞ്ഞിരുന്ന ആശാരിമാർ അപ്പഴേക്കും ആരോടും ഒന്നും പറയാതെ സ്ഥലം വിട്ടിരുന്നു. ദേഷ്യം കേറിയ പട്ടാളം അനുജൻ കൈയ്യിലിരുന്ന ചായപ്പാത്രം പട്ടാളസ്റ്റൈലിൽ ദൂരെക്കൊരേറ് കൊടുത്തു. ഇനി അവൻ പോകുന്നതിന് മുന്നേ വീട്ടുപണി തീരുന്ന പ്രശ്നമില്ല. കൊറോണ കടത്തിക്കൊണ്ട് വരുന്നു എന്ന് സംശയമുള്ള ദുബായിക്കാരൻ വന്നാൽ , ആ വീട്ടിൽ ഇനി ആര് വരും? വേറൊരു രീതിയിൽ ചിന്തിച്ചാൽ, ആശാരിമാർ പണിക്ക് വരാഞ്ഞത് നന്നായി എന്ന് തന്നെ പറയാം. ഓരോരുത്തരും സ്വന്തം ജീവന്റെ മേലെ സ്വയം ഉത്തരവാദിത്തം എടുക്കുന്നതല്ലേ നല്ലത് !
ഉച്ചക്ക് ഒന്നര മണിയോടടുപ്പിച്ച്, ദുബായിക്കാരൻ അനുജൻ വിളിച്ചു. അവൻ എത്താറായി. ആറാം മൈൽസിൽ നിന്ന് പാനുണ്ട റോഡിലേക്ക് കയറിക്കഴിഞ്ഞു. ഇനി അഞ്ച് മിനിറ്റിനുള്ളിൽ ആൾ ഈ പറഞ്ഞ ക്വാറന്റൈൻ ഹോമിലെത്തും. സാധാരണയായി ഒരു ദുബായിക്കാരൻ വീട്ടിൽ വരുമ്പോൾ കാണുന്ന ഒരു തരത്തിലുള്ള സന്തോഷവും ആരിലും ഇല്ല. ദുബായിക്കാരന്റെ ടീച്ചറായ ഭാര്യ, മൂന്ന് വയസ്സുള്ള മകൻ എന്നിവരടക്കം എല്ലാവരും ക്വാരന്‍റൈൻ ഹോമിലെത്തി, വീടും തുറന്ന് വച്ച്, വണ്ടി വരാൻ കാത്ത്, വീടിന്റെ മുറ്റത്തിന് പുറത്ത് നിന്നു. സാധാരണ അവൻ നാട്ടിൽ വരുമ്പോഴൊക്കെ ഉണ്ടാകുമായിരുന്ന ഒരാൾ പോലും അവിടെ എത്തിയില്ല.
കുറച്ച് കഴിയുമ്പഴേക്കും വണ്ടി ക്വാരന്‍റൈൻ ഹോമിന് മുന്നിലെത്തി. ദുബായിക്കാരൻ ടാക്‌സിക്കാരന് പണം ഒരു ഡബ്ബയിൽ ഇട്ടു കൊടുത്തു. പിന്നെ അവൻ തന്നെ അവന്റെ പെട്ടികളും ചുമന്ന് ക്വാരന്‍റൈൻ ഹോമിലേക്ക് കയറി. അമ്മയുടെയും ഭാര്യയുടെയും കണ്ണുകൾ നനഞ്ഞിരുന്നു. ആകെയുള്ള മൂന്നു വയസ്സുകാരൻ കിട്ടാൻ, അച്ഛന്റെയടുത്തേക്ക് ചോക്കലേറ്റിന് വേണ്ടി ഓടാനായി ഒരു ശ്രമം നടത്തി. ആ ശ്രമം വിഫലമാക്കിയപ്പോൾ അവൻ അലറിക്കൂവി.
ദൂരെ നിന്നുള്ള കുറച്ച് നേരത്തെ കുശലത്തിന് ശേഷം, പട്ടാളം അനുജനൊഴിച്ച് എല്ലാവരും തിരിച്ച് പോയി. പട്ടാളത്തിന്റെ നിർദ്ദേശപ്രകാരം, വീടിന്റെ കുറച്ചപ്പുറത്തുള്ള ഹെൽത്ത് സെന്ററിൽ വിളിച്ച്, ദുബായിക്കാരൻ അവന്റെ വരവറിയിച്ചു. മറ്റ് കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ 28 ദിവസം സ്വയം ക്വാരന്‍റൈൻ ചെയ്യാനും ഇടവിട്ട ദിവസങ്ങളിൽ ആരോഗ്യസ്ഥിതി വിളിച്ചറിയിക്കാനും അവർ നിർദ്ദേശിച്ചു. അതിന് ശേഷം ദുബായിക്കാരൻ കുളിക്കാനായി പോയപ്പോൾ പട്ടാളം, അവന്റെ പുതിയ വീടിന്റെ ഭംഗി ആസ്വദിച്ച് അവന്റെ വീട് ചുറ്റിപ്പറ്റി നിന്നു. ദുബായിക്കാരൻ കുളിച്ച് വരുമ്പഴേക്കും അമ്മയും ഭാര്യയും അവനുള്ള ഊണുമായി എത്തി. അവനുള്ള ഊണും കറികളും അവന്റെതായ പാത്രത്തിലേക്ക് പാത്രങ്ങൾ തമ്മിൽ തൊടാതെ വിളമ്പിയതിന് ശേഷം എല്ലാവരും വീണ്ടും മുറ്റത്തിനപ്പുറത്തേക്ക് മാറി നിന്നു. മേശയും കസേരകളൊന്നുമില്ലാത്തതിനാൽ നിലത്തിരുന്ന് തന്നെ അവൻ ഊണ് കഴിച്ചു. കുറച്ച് നേരത്തിന് ശേഷം, ബാക്കിയുള്ളവർ തിരിച്ച് പോയപ്പോൾ, ദുബായിക്കാരൻ ക്വാരന്‍റൈൻ ഹോമിന്റെ ഉമ്മറത്ത് പുൽപ്പായ വിരിച്ച് കിടന്നുറങ്ങി.
വൈകുന്നേരത്തെ ശാപ്പാടുമായി പോയത് അച്ഛനായിരുന്നു. നേരത്തെ ചട്ടം കെട്ടിയ restrictions ഒക്കെ നാടൻ ഭാഷയിൽ വെറും പായ്യാരമെന്ന് പറഞ്ഞ് അച്ഛൻ ക്വാരന്‍റൈൻ ഹോമിന്റെ ഉമ്മറത്ത് കേറിയിരുന്ന് അനുജനോട് കുശലം പറഞ്ഞു. അനുജൻ വിലക്കിയിട്ടും അച്ഛൻ ചെവിക്കൊണ്ടില്ല. ഭക്ഷണത്തിന് ശേഷം അനുജൻ ഒറ്റക്ക് ഉറങ്ങാനായി ഉള്ളിലേക്കും അച്ഛൻ വീട്ടിലേക്കും മടങ്ങി.
അച്ഛൻ restrictions കാര്യമാക്കുന്നില്ലെന്ന വിവരം അന്ന് രാത്രിയിലെ ഫോൺ വിളിയിൽ നിന്ന് എനിക്ക് മനസ്സിലായി. അച്ഛനോട് ചില കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞപ്പോൾ 'ഓ എന്നാലങ്ങനെയായിക്കോട്ടെ...' എന്ന ഉറപ്പ് എനിക്ക് തന്നു. അതിന് ശേഷം അച്ഛൻ പിന്നെ അവിടേക്ക് പോയിട്ടില്ലത്രേ! ബാക്കിയുള്ളവർ ഇടക്ക് സന്ദർശിക്കാൻ വരുമ്പോൾ, കാഴ്ചബംഗ്ളാവിലെ ചിമ്പാൻസി ഗുഹയിൽ നിന്ന് പുറത്ത് വരുന്നത് പോലെ ദുബായിക്കാരൻ വീടിന്റെ ഉമ്മറത്തെത്തും. ക്വാരന്‍റൈൻ ഹോമിന്റെ മുറ്റത്തിനപ്പുറമുള്ള പുതിയ വീടിന്റെ കിണറും ചാരി മറ്റുള്ളവർ സംസാരിക്കും, തിരിച്ച് പോകും. അതിപ്പോഴും തുടരുന്നു. കിട്ടനും മറ്റ് കുട്ടികൾക്കും വേണ്ടി കൊണ്ടുവന്ന ചോക്കലേറ്റ് അകത്ത് പെട്ടിയിൽ കിടന്ന് ഉരുകിപ്പോയിക്കാണും. ചോക്കലേറ്റിന്റെ കാര്യം പറയുമ്പോൾ "അച്ഛൻ അങ്ങട്ടേലെ (അയല്പക്കത്തെ) ദുബായീന്ന് നാളെ വരുമ്പോ കൊണ്ടേരും..." എന്നാണ് കിട്ടൻ ഇപ്പോൾ പറയുന്നത്. ഈ 'നാളെ' കഴിയാൻ ഇനിയും ദിവസങ്ങളും ആഴ്ചകളും ബാക്കിയുണ്ടെന്ന് മാത്രം.
ദുബായിക്കാരൻ, ക്വാരന്‍റൈൻ ഹോമിന്റെ മുറ്റത്തും പറമ്പിലും ഇടക്കിടെ ഉലാത്തും. എത്ര നേരമെന്ന് വച്ചാണ് ഉള്ളിൽ തന്നെയിരിക്കുക. മറ്റ് ആൾ താമസമുള്ള വീടുകളൊന്നും തൊട്ടടുത്തില്ല. അതുകൊണ്ട് കോണകമുടുത്തില്ലെങ്കിലും ആരും കാണില്ല എന്നായിരുന്നു എല്ലാരും കരുതിയിരുന്നത്. പക്ഷേ ഈ ഉലാത്താൽ കണ്ട നാട്ടുകാരിലാരോ പഞ്ചായത്തിൽ പരാതി പറഞ്ഞു. മഠത്തിലെ ദുബായിൽ നിന്ന് വന്നയാൾ, പുറത്തൊക്കെ ഇറങ്ങി നടക്കുന്നുണ്ടെന്നായിരുന്നു പരാതി. പഞ്ചായത്തിൽ നിന്നും നാട്ടിലെ ചില മുഖ്യ പാർട്ടി പ്രവർത്തകരുടെ അടുത്തു നിന്നും വീട്ടിലേക്ക് ഫോൺ വിളികളെത്തി. ദുബായിക്കാരൻ, എന്റെ വീടായ മഠത്തിലല്ല ഇപ്പോൾ നിൽക്കുന്നതെന്നും 28 ദിവസത്തേക്ക് അവൻ ഇപ്പോൾ കറങ്ങുന്നുണ്ട് എന്ന് പറയുന്ന വീട്ടിൽ മാത്രമായിരിക്കും ഉണ്ടാവുക എന്നും വീട്ടിൽ നിന്നും വിശദീകരണം ഉണ്ടായപ്പോൾ മാത്രമാണ് നാട്ടുകാർക്ക് സമാധാനമായത്. ഇപ്പോഴാണെങ്കിൽ ദുബായിക്കാരൻ മാത്രമല്ല എല്ലാ വീട്ടുകാരും നാട്ടുകാരും ലോക്ക് ഡൗൺ ആയി, സർക്കാർ വക! അനിയന്റെ ക്വാരന്‍റൈൻ കഥയെഴുതി രസിക്കുന്ന ഈ ഞാനും എന്റെ കുടുംബവും Self Lock down ആഘോഷിച്ച് വീട്ടിനുള്ളിൽത്തന്നെ കഴിഞ്ഞു കൂടുന്നു. ദുബായിൽ നിന്ന് വന്നതിന് ശേഷം, 200 മീറ്റർ അപ്പുറത്തുള്ള സ്വന്തം ഭാര്യയേയും കുഞ്ഞിനേയും അച്ഛനമ്മമാരെയും സുഹൃത്തുക്കളെയും ഒട്ടുമേയെന്നപോലെ കാണാൻ പറ്റാതെ, 28 ദിവസത്തേക്ക്, ആ പഴയ വീട്ടിൽ, ഒറ്റക്ക്, അധികമാരാലും സമ്പർക്കമില്ലാതെ, ചിതലരിച്ച മച്ചും നോക്കി, രാത്രിയിൽ എലികളുടെയും വവ്വാലുകളുടെയും കീർത്തനങ്ങൾക്കിടയിൽ, രാത്രി ഒറ്റക്കുറങ്ങേണ്ടിവരുന്നആളിന്റെ സുഖവിവരമന്വേഷിച്ച് ഫോണിൽ ബന്ധപ്പെടുന്നവരോട് ഉത്തരം പറഞ്ഞ് പറഞ്ഞ് മടുത്ത ദുബായിക്കാരൻ, ഇപ്പോൾ അവനെ ഫോൺ വിളിക്കുന്നവരോട് കയർക്കാൻ തുടങ്ങിയെന്നാണ് പുതിയ അറിവ്!
ഈ പുതിയ ക്വാരന്‍റൈൻ നടക്കുന്നതിനും വളരെ വളരെ മുന്നേ എന്റെ വീട്ടിൽ വേറൊരു ക്വാരന്‍റൈൻ, നമ്മളാരാലും അറിയാതെ നടന്നിരുന്നു. പക്ഷേ അത് മനുഷ്യനെതിരെ ആയിരുന്നില്ല, മൂട്ടകൾക്കെതിരെ ആയിരുന്നു, ഒട്ടുമേ പ്ലാൻ ചെയ്യാതെ!
1989 ന്റെ അവസാനം മുതൽ എന്റെ വീട്ടിൽ അതിഭയങ്കരമായ മൂട്ട ശല്യം തുടങ്ങി. രാവിലെ എഴുന്നേറ്റാൽ എല്ലാവരുടെയും ശരീരത്തിൽ ആകമാനം മൂട്ടകടിയുടെ ചിണർപ്പുകൾ കാണും. പരസ്പരം ചൊറിഞ്ഞു കൊടുക്കൽ സ്ഥിരം ഏർപ്പാടായി. രാത്രി കിടക്കുന്നതിന് മുന്നേ മുട്ടവിളക്കും കത്തിച്ച് കട്ടിലിന്റെയും പത്തായത്തിന്റെയും പലകകൾക്കിടയിലും വിടവുകൾക്കിടയിലും ഒളിച്ചിരിക്കുന്ന മൂട്ടകളെയും മൂട്ടകളുടെ മുട്ടകളെയും പുകച്ചും കത്തിച്ചും തോണ്ടിയെടുത്ത് മുട്ടവിളക്കിനകത്തിട്ടും കൊല്ലുക നമ്മുടെ ഒരു ദിനചര്യ ആയിരുന്നു. കൈതോലപ്പായകളും പുൽപ്പായകളും വെയിലത്തിട്ട് ഉണക്കും. പായകൾ ചൂടാകുമ്പോൾ മൂട്ടകൾ പുറത്തേക്ക് വരും. ഓരോന്നിനെയും പിടിച്ച് രണ്ട് കല്ലുകളുടെ ഇടയിൽ വച്ച് ഇറുക്കിക്കൊല്ലും. അച്ഛനാണ് എവിടെ നിന്നോ മൂട്ടയെ വീട്ടിൽ കൊണ്ടുവന്നത് എന്ന് അമ്മയുടെ അന്വേഷണത്തിൽ തെളിഞ്ഞെങ്കിലും അച്ഛൻ അത് തീർത്തും നിരാകരിച്ചിരുന്നു. അങ്ങനെ മൂട്ടകടി നമുക്കൊരു ശീലമായിരിക്കുന്ന കാലം.
അങ്ങനെയിരിക്കേ, 1990 ഫെബ്രുവരിയിൽ, എന്റെ അച്ഛാച്ഛൻ ദിവംഗതനായി. അച്ഛാച്ഛൻ മരിച്ച ദിവസം മുതൽ തന്നെ നമ്മളെല്ലാവരും അച്ഛാച്ഛന്റെ വീട്ടിൽ താമസമായി. പിറ്റേന്ന് തന്നെ, നമ്മൾ പശുക്കളെയും വീട്ടിലുള്ള കോഴികളെയും കൂടി രണ്ട് കിലോമീറ്റർ ദൂരത്തുള്ള അച്ഛാച്ഛന്റെ വീട്ടിലേക്ക് മാറ്റി. അല്ലെങ്കിൽ ആരെങ്കിലും ഇവറ്റകളുടെ തീറ്റ നോക്കാൻ ഇടക്കിടക്ക് വരികയോ, അല്ലെങ്കിൽ അവിടെ താമസിക്കുകയോ വേണമല്ലോ. അതൊഴിവാക്കാനാണ് എല്ലാത്തിനെയും കൂട്ടി അച്ഛാച്ഛന്റെ വീട്ടിലേക്ക് പോയത്. പതിനാറാം ദിവസത്തെ പുലകുളി അടിയന്തിരത്തിന് ശേഷമാണ് നമ്മൾ പിന്നെ വീട്ടിലേക്ക് തിരിച്ച് വരുന്നത്.
അച്ഛാച്ഛന്റെ വീട്ടിൽ നിന്ന് തിരിച്ച് വന്ന ദിവസം രാത്രി ഉറങ്ങാൻ കിടന്ന നമ്മൾ, പിറ്റേന്ന് എഴുന്നേറ്റപ്പോൾ, ആർക്കും ഒരു മൂട്ടകടിയും കിട്ടാത്തതിൽ അതുഭുതം കൂറി. അച്ഛാച്ഛൻ പോകുന്ന പോക്കിൽ, മൂട്ടകളെയും കൊണ്ട് നാട് വിട്ടതാണോയെന്ന് ചോദിച്ച്, അനിയൻ തമാശ പൊട്ടിച്ചു. പത്തായത്തിന്റെ മുകളിലുള്ള ഉന്നക്കിടക്കയും കട്ടിലിന് മുകളിലുള്ള പായയും മറ്റും പൊക്കി നോക്കിയപ്പഴാണ് നമ്മൾ ശരിക്കും അത്ഭുതപ്പെട്ട് പോയത്. രക്തം കിട്ടാതെ മരിച്ച മൂട്ടകളുടെ, ഉണങ്ങിപ്പോയ ശരീരങ്ങളുടെ കൂമ്പാരം! മൂട്ട മുട്ടകളും താരൻ പോലെ വെറും ഉണക്കശല്ക്കങ്ങളായി മാറിയിരുന്നു. നമ്മളിങ്ങനെ മൂട്ടകളെ ക്വാരന്‍റൈൻ ചെയ്ത് പട്ടിണിക്കിട്ട് കാലപുരിക്കയച്ച് അവറ്റകളുടെ കുലം തന്നെ നശിപ്പിച്ച് കളയുമെന്ന്, മൂട്ടകൾ അവറ്റകളുടെ സ്വപ്നത്തിൽ പോലും കണ്ടുകാണില്ല. നമ്മളും അങ്ങനെ സ്വപ്നം കണ്ടിരുന്നില്ലെന്നുള്ളതാണ് സത്യം. പാവങ്ങൾ! കിടക്കകളും പായകളും എല്ലാം വീണ്ടും വെയിലത്തിട്ട് ഉണക്കി. പുതപ്പുകൾ വീണ്ടും കഴുകി. അതോടെ നമ്മൾ വീണ്ടും സാനിറ്റയ്സ്ഡ് ആയി !
അതുകൊണ്ട് സൂർത്തുക്കളേ, എന്നെ വിശ്വസിക്കൂ... ക്വാരന്‍റൈൻ, ചില മൂശേട്ടകളെ തുരത്താൻ നല്ല ഒന്നാം തരം പരിപാടിയാണ്. അനുഭവത്തിൽ നിന്നാണ് പറയുന്നത്. നമുക്ക്, ഈ കൊറോണാക്കാലത്ത് സ്വയം ക്വാരന്‍റൈൻ ചെയ്ത്, കൊറോണാമൂട്ടകളെ പട്ടിണിക്കിട്ട് കൊല്ലാം. പരസ്പരം സഹകരിക്കുക!
***