(Picture Courtesy: Google)
ചങ്കുവും മങ്കുവും തങ്കുവും പങ്കുവും ആറാം തരം മുതൽ പത്താം തരം വരെ ഒരേ ക്ലാസ്സിൽ ഒരുമിച്ചായിരുന്നു പഠിച്ചത്. നാല് പേരും എല്ലാവർക്കും പരിചിതർ. ആറാം ക്ലാസ്സിൽ, ക്ലാസ്സ് ലീഡർ മത്സരത്തിൽ ചങ്കുവും മങ്കുവും സ്ഥാനാർത്ഥികളായി. ചങ്കു ജയിച്ചു. പക്ഷേ ജഗ്ഗുവിന്റെ പേന മോഷണക്കേസിൽ ചങ്കു പിടിക്കപ്പെട്ടു. ഏഴാം ക്ലാസ്സിൽ ചങ്കുവും മങ്കുവും വീണ്ടും സ്ഥാനാർഥികളായി. പണ്ടത്തെ പേനാമോഷണം തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമായി. തങ്കുവിന് പേനാമോഷണം ഇഷ്ടപ്പെടാഞ്ഞത് കൊണ്ട്, തങ്കു മങ്കുവിന് വേണ്ടി വോട്ട് പിടിച്ചു.ആ മത്സരത്തിൽ ചങ്കു തോറ്റു. പക്ഷേ നന്നായി പഠിച്ച് റാങ്ക് വാങ്ങിക്കുന്ന പങ്കുവിന്റെ രണ്ട് രൂപാ മോഷണക്കേസിൽ മങ്കു പിടിക്കപ്പെട്ടു.
എട്ടാം തരത്തിൽ വീണ്ടും ചങ്കുവും മങ്കുവും ഏറ്റുമുട്ടി. അപ്പഴേക്കും പേനാമോഷണം എല്ലാവരും മറന്നിരുന്നു. രണ്ട് പേരുടെയും കട്ട സപ്പോർട്ടുകാർ തമ്മിലടിച്ചു. രണ്ട് രൂപാ മോഷണക്കേസ് കാരണം തങ്കു ഇത്തവണ ചങ്കുവിനെ സപ്പോർട്ട് ചെയ്തു. ചങ്കു ജയിച്ചു. ആ വർഷം പങ്കുവിന് അഖിലേന്ത്യാ സയൻസ് പ്രൊജക്ടിൽ ഒന്നാം സ്ഥാനം കിട്ടി. പക്ഷേ ചിന്തയുടെ പാവാട പൊക്കിയെന്ന കേസിൽ ചങ്കു പിടിക്കപ്പെട്ടു. നാണക്കേടായി. ഒമ്പതാം തരത്തിൽ വീണ്ടും ചങ്കുവും മങ്കുവും ഏറ്റുമുട്ടി. ചിന്താക്കേസ് കാരണം ഇത്തവണ തങ്കു മങ്കുവിന് വേണ്ടി വോട്ട് പിടിച്ചു, മങ്കു ജയിച്ചു. പങ്കു ആ വർഷം കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ മൂത്രപ്പുരയിലുള്ളപ്പോൾ പിങ്കിയെ എത്തിനോക്കിയെന്ന കേസിൽ മങ്കു പിടിക്കപ്പെട്ടു.
പത്താം തരത്തിൽ വീണ്ടും ഇതേ സ്ഥാനാർത്ഥികൾ! പിങ്കിക്കേസ് കാരണം ചിന്താക്കേസ് ആരുടേയും ചിന്തയിൽ അത്രയ്ക്കങ്ങട് ഉണ്ടായിരുന്നില്ല. പിങ്കിക്കേസാണ് മുഖ്യം. പരസ്പരം ആരോപണങ്ങൾ. ഞാൻ പാവാട മാത്രമേ പൊക്കിയിട്ടുള്ളൂ എന്നും അതിനേക്കാൾ വലുതാണ് എത്തിനോക്കലെന്നും ചങ്കു. പാവാട പൊക്കിയതാണ് കൂടുതൽ പ്രശ്നമെന്ന് മങ്കു. തങ്കു ഇത്തവണ തിരിച്ച് ചങ്കുവിനെ സപ്പോർട്ട് ചെയ്തു. പിങ്കിയും ചിന്തയും ജഗ്ഗുവും മറ്റ് കുട്ടികളും കൂടെ ചേർന്ന് പങ്കുവിനെക്കൂടി സ്ഥാനാർത്ഥിയാക്കി. തിരഞ്ഞെടുപ്പ് നടന്നു. പങ്കു ജയിച്ചു. ചങ്കുവും മങ്കുവും കൂടിച്ചേർന്ന് പങ്കുവിന്റെ കുപ്പായം വലിച്ച് കീറി. തങ്കു നോക്കി നിന്നു ! ചങ്കുവിന്റെയും മങ്കുവിന്റെയും കട്ട സപ്പോർട്ടർമാർ പരസ്പരം ചെളി കൊണ്ട് ഹോളി കളിച്ചു.
'ബോധോദയം' മാസികയിലെ 'ജനാധിപത്യം' എന്ന കഥ ഇത്രയുമായപ്പോഴേക്കും, ഞാൻ കയറിയിരുന്ന തീവണ്ടി ഡൽഹിയിലെ നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തിയിരുന്നു. അതുവരെയുള്ള സ്റ്റേഷനുകളിൽ മാസികയിലെ തങ്കുവിന്റെ രേഖാചിത്രത്തിന് സാമ്യമുള്ളവരെ കണ്ടിരുന്ന ഞാൻ, നിസാമുദ്ദീനിലെത്തിയപ്പോൾ പിങ്കിയുടെയും ചിന്തയുടെയും ജഗ്ഗുവിന്റെയും രേഖാചിത്രത്തിന് സാമ്യമുള്ളവരെ കണ്ടു. ട്രാക്കിനരികിൽ നിന്ന് ലഗ്ഗേജ് സംബന്ധമായി തല്ല് കൂടിയിരുന്ന രണ്ട് പോർട്ടർമാർ ചങ്കുവും മങ്കുവുമാണോ എന്ന് സംശയം തോന്നി. അപ്പഴേക്കും പങ്കുവിനെപ്പോലെ തോന്നിക്കുന്ന ഒരാൾ പച്ചക്കൊടിയുമായി പുറത്ത് വന്ന് വീശാൻ തുടങ്ങി. അത് സ്റ്റേഷൻ മാസ്റ്ററായിരുന്നു. വണ്ടി വീണ്ടും നീങ്ങിത്തുടങ്ങി. ലക്ഷ്യസ്ഥാനമായ മഞ്ഞുമലയിൽ നിന്ന് വരുന്ന കുളിർകാറ്റേൽക്കാൻ ഇനിയും ബഹുദൂരം പോകാനുണ്ട്.
***
Facebook Comments:
മറുപടിഇല്ലാതാക്കൂJobin Kuruvilla പങ്കുവേതാ ചങ്കുവേതാ എന്ന ശങ്ക മാത്രം ബാക്കി!
Venugopalan Kokkodan Jobin Kuruvilla, അങ്ങനെ സംശയമുള്ളവർ ഇന്നത്തെ ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നു! കരുതിക്കൂട്ടിയാണ് അത്തരം പേരുകൾ കൊടുത്തത് 😀
Jobin Kuruvilla Venugopalan Kokkodan ആർക്ക് വോട്ടു ചെയ്താലും നുമ്മ ശശി. അത് ശങ്കയില്ലാത്ത സത്യം 🤷♂️