ശബരിമല വിഷയം ജനങ്ങളുടെ മനസ്സിൽ കത്തുകയാണ്. ഇതൊക്കെക്കാണുമ്പോൾ, ഇന്ത്യാമഹാരാജ്യത്തിലെ ഏറ്റവും വലിയ പ്രശ്നം ജാതിമതവിശ്വാസങ്ങളാണെന്ന് തോന്നും. ബഹുമാനപ്പെട്ട സുപ്രീംകോടതിയും, മറ്റുപല പ്രധാന വിഷയങ്ങളെക്കാളും മുൻഗണന ഈ വിഷയത്തിന് കൊടുത്തെന്നപോലെ തോന്നുകയും ചെയ്യുന്നുണ്ട്, എന്നിരുന്നാലും സംഭവത്തിന്റെ സാംഗത്യം നോക്കിയാൽ, ആരെങ്കിലും എപ്പഴെങ്കിലും ഇടപെടാതെ കാര്യങ്ങൾ നേരെയാക്കാൻ പറ്റില്ലല്ലോ
സന്ദർഭവശാൽ, 2014 ൽ ശബരിമലയെപ്പറ്റിയും, അവിടെയുള്ള ആർത്തവാചാരങ്ങളെപ്പറ്റിയും, വ്രതാനുഷ്ഠാനങ്ങെളെപ്പറ്റിയും ഞാനൊരു ലേഖനം എഴുതിയിരുന്നു (ശബരിമലവികസനവും ഭക്തിയും യുക്തിയും). ഈ സമയത്ത്, ഏതു വയസ്സിലും സ്ത്രീകൾക്ക് ശബരിമല അയ്യപ്പനെ കാണാം എന്ന സുപ്രീം കോടതി വിധി വന്നപ്പോൾ, നിന്ദാഗർഭമായി (sarcastic) വേറൊരു ലേഖനവും എഴുതി (സുപ്രീം കോടതിയോട് ഒരപേക്ഷ). ഇതൊക്കെ കാരണം ഞാനിപ്പോ ഹിന്ദുവിന്റെ ആചാരങ്ങളെ പുറകേ നിന്ന് കുത്തുന്ന ഒരു 'കുലംകുത്തി'യാണ്.
ശബരിമലയിൽ പോയാലും പോയില്ലെങ്കിലും സ്ത്രീകൾ കയറിയാലും കയറിയില്ലെങ്കിലും ദൈവത്തിനോ ഭക്തർക്കോ ഒരു ഗുണവും ഉണ്ടാവില്ലെന്നറിയാം. ആകെ ഗുണമുണ്ടാകുന്നത് ദേവസ്വത്തിനും മറ്റ് കച്ചവടസ്ഥാപനങ്ങൾക്കും കച്ചവടതാല്പര്യങ്ങൾക്കുമാണെങ്കിൽ, ദോഷമുണ്ടാകുന്നത് പ്രകൃതിക്കുമാണ്. തിരക്ക് കൂടിയ ഇടത്ത് തന്നെ പോയി, ഇടിച്ചിടിച്ച് നിന്ന് പ്രാർത്ഥിക്കണം എന്ന വാശി, ഭക്തരുടെ സ്വാർത്ഥതയാണെന്ന് കരുതിയാൽ തെറ്റുണ്ടോ എന്നറിയില്ല. എന്നിരുന്നാലും തീർത്ഥാടനമൊന്നും അടുത്തകാലത്തൊന്നും നിൽക്കില്ല എന്നറിയുന്നത് കൊണ്ട്, ശബരിമലയിൽ പോവണം എന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് എന്ത് കൊണ്ട് കയറിക്കൂടാ എന്നതിനെ ചോദ്യം ചെയ്യാനാണ് / ഖണ്ഡിക്കാനാണ് ഈ ലേഖനം. ഫുട്ബാളിലെ നിയമം എടുത്ത് , വോളീബാളിനെ ന്യായീകരിക്കാനോ നിരാകരിക്കാനോ അല്ല ഇവിടെ ശ്രമിക്കുന്നത്. വളരെ ലഘുവായ, ഏത് പാമരനും മനസ്സിലാകുന്ന ഒരു കാര്യം പണ്ഡിതർക്ക് മനസ്സിലാവാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് മൂലകാരണമായിട്ടുള്ളത്. ചില പച്ചപ്പരമാർത്ഥങ്ങൾ എഴുതിയത് കൊണ്ട്, ചിലയാളുകൾ നെറ്റി ചുളിക്കുമെങ്കിലും, ഞാൻ നാസ്തികനാണെന്നോ, എന്റെ വിശ്വാസധാരയെന്തെന്നോ എന്നതിനെക്കുറിച്ച് ആരും വേവലാതിപ്പെടണമെന്നില്ല. എന്നിരുന്നാലും ഒരുപാട് വാദഗതികൾ നിരത്തിയത് കൊണ്ട് ദീർഘിച്ച് പോയ ഈ ലേഖനം, തുടക്കം മുതൽ ഒടുക്കം വരെ എല്ലാവരും വായിക്കുമെന്ന് കരുതട്ടെ.
ആദ്യമേ തന്നെ പറയട്ടെ... എന്റെ അഭിപ്രായത്തിൽ, ശബരിമലയിലെ വിഷയം സ്ത്രീസമത്വമോ ലിംഗസമത്വമോ ഒന്നുമല്ല.... അത് അയിത്താചരണമാണ്, വിവേചനരഹിതമായ ആചാരമാണ് . ആർത്തവത്തിന്റെ പേരിൽ അശുദ്ധി കല്പിച്ചുള്ള അയിത്താചരണം മാത്രമാണ്. അയിത്തോച്ഛാടനം നടന്നിട്ടും ബാക്കിയുള്ള ചില അവശിഷ്ടങ്ങളുടെ സ്പുരണമാണ്. ശബരിമലയിൽ അത് 10 വയസ്സിനും 50 വയസ്സിനിടയിലുള്ള സ്ത്രീകൾക്ക് മൊത്തത്തിലായി നിജപ്പെടുത്തിയെങ്കിൽ മറ്റ് ക്ഷേത്രങ്ങളിൽ അത് ആർത്തവസമയത്തെ ആദ്യത്തെ നാലോ അഞ്ചോ ദിനങ്ങളിലാണ്. ആർത്തവം അയിത്തമായും അശുദ്ധിയായും കൽപ്പിക്കുന്നത് മനുഷ്യമനസ്സിൽ നിന്നും പൂർണ്ണമായും മാറ്റണമെങ്കിൽ അതിന്റെ അവസാന നാളവും കെടുത്തിയേ പറ്റൂ.. അത് ദൈവസന്നിധിയിൽ നിന്ന് തന്നെ തുടങ്ങട്ടെ.
എന്റെയൊക്കെ ചെറുപ്പത്തിൽ സതിസംരക്ഷണസമിതിയുടെ പേരിൽ രാജസ്ഥാനിൽ സതി ആചാരം തിരിച്ചുകൊണ്ടുക്കേറുന്നതിന് വേണ്ടി, ഒരു ലക്ഷത്തിനടുത്ത് ആളുകൾ പങ്കെടുത്ത വലിയൊരു പ്രക്ഷോഭം നടന്നിരുന്നു. രൂപ് കാൻവാർ എന്ന പെൺകുട്ടി സതി അനുഷ്ഠിച്ച അഥവാ അനുഷ്‌ഠിക്കാൻ ഇടവന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പ്രക്ഷോഭം. ഇന്നത്തെ കാലത്തും നമ്മുടെ ജനങ്ങൾ എത്രത്തോളം ബോധമില്ലാത്തവരാണ് എന്നതിന്റെ തെളിവായിരുന്നു ആ പ്രക്ഷോഭം. പക്ഷേ സർക്കാർ ആപ്രക്ഷോഭം അടിച്ചമർത്തുകയും അവർക്കെതിരെ അവരുന്നയിച്ച ആവശ്യങ്ങൾക്കെതിരെ നിയമ നിർമ്മാണം നടത്തുകയുമാണ് ചെയ്തത്. ആ സതിസംരക്ഷണപ്രക്ഷോഭം പോലെയുള്ള വങ്കത്തരമാണ് ഇന്ന് നടക്കുന്ന ശബരിമല സ്ത്രീ പ്രവേശനവിരുദ്ധപ്രക്ഷോഭവും.
ഇന്നും നമ്മുടെ നാട്ടിൽ പല തറവാടുകളിലും വീടുകളിലും ഈ തീണ്ടാരി ആചരണം നടന്നുവരുന്നുണ്ട്. എന്റെ ചെറുപ്പത്തിൽ എന്റെ വീട്ടിലും ഇത് വളരെ ഗൗരവതരമായി ആചരിച്ചിട്ടുണ്ട്. അമ്മയുടെ കൂടെ രാവിലെ അഞ്ച് മണിക്ക് ചൂട്ട് കത്തിച്ച് കിടക്കപ്പായയും തുണികളും മറ്റുമായി ദൂരെയുള്ള കുളത്തിൽ പോയി കുളിച്ച് സൂര്യനുദിക്കും മുന്നേ വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. അമ്മ തീണ്ടാരിയായാൽ കിണറ്റിൽ നിന്ന് വെള്ളമെടുക്കരുത്, പശുവിനെ കറക്കരുത്, പാചകം ചെയ്യരുത്, അവരെ നമ്മൾ തൊട്ടാൽ കുളിക്കാതെ വിളക്ക് കത്തിക്കുകയോ അമ്പലത്തിൽ പോകുകയോ ചെയ്യരുത്, വീട്ടിൽ ഗുരുകാരണവ-പരദേവതാ സങ്കല്പമുള്ളത് കൊണ്ട് വീട്ടിന്റെ കിഴക്ക് വശത്തും തെക്ക് വശത്തും പോകരുത്, വീട്ടിൽ നിന്ന് മാറിക്കിടക്കണം സ്വാമിമാരെ കണ്ടാൽ മറഞ്ഞ് നിൽക്കണം എന്നൊക്കെയുള്ള നിയമങ്ങളാണ്... അന്നൊക്കെ അത് വളരെ ശരിയാണ് എന്ന രീതിയിൽ തന്നെയായിരുന്നു എന്റെയൊക്കെ ചിന്താഗതിയും.
പക്ഷേ ഇന്ന് എന്റെ വീട്ടിലെ സ്ഥിതിയാകെ മാറി. മേപ്പറഞ്ഞ പല നിയമങ്ങളും മാറി, അഥവാ സാഹചര്യങ്ങൾ മാറ്റി... അല്ലെങ്കിൽ മാറ്റേണ്ടി വന്നു. അതുകൊണ്ട്, ഇന്ന് അമ്മക്കോ എന്റെ വീട്ടിൽ വന്ന പുതുതലമുറ പെണ്കുട്ടികൾക്കോ ഒരുതരത്തിലുമുള്ള സങ്കോചമോ ദൈവനിന്ദാപരമായ ചിന്തകളോ ഇല്ല. മറിച്ച് ഒരേയൊരു ചിന്തയെ ഉള്ളൂ... പണ്ട് കാട്ടിക്കൂട്ടിയതൊക്കെ എന്തിനുവേണ്ടിയായിരുന്നു എന്ന ചിന്ത മാത്രം.
'ഹിന്ദു' എന്നത്, അവനവന്റെ സാഹചര്യങ്ങൾക്കനുസരിച്ച് മറ്റുള്ളവരെ ഉപദ്രവിക്കാതെ ആചാരങ്ങൾ ഉണ്ടോ ഇല്ലയോ എന്നാലോചിക്കാതെ എല്ലാവരുമായും ഇടപെട്ടും സഹകരിച്ചും പോരുന്ന ഒരു ജനവിഭാഗമാണ്. ഒരു വിഭാഗമായി സ്വയം വളരാനോ വളർത്താനോ ശ്രമിക്കാത്തവർ. മറ്റുള്ളവർ ഒരു വിഭാഗമായി വളരുന്നതിൽ അസൂയ ഉണ്ടാവാത്തവർ. മറ്റുള്ളമതങ്ങളെക്കാൾ, വേഗത്തിൽ കാലത്തിനൊത്ത പരിഷ്കരണങ്ങൾ അംഗീകരിക്കുന്നവർ, സ്വയം പുരോഗമനപരമായ മാറ്റങ്ങൾ വരുത്തുന്നവർ, പുരോഗമനപരമായ ആശയങ്ങൾ ആഗ്രഹിക്കുന്നവർ, പുരോഗമനപരമായ മാറ്റങ്ങൾക്കിടയിലും പുരാതനമായ / നിർദോഷങ്ങളായ കലകളും ആചാരങ്ങളും ഉത്സവങ്ങളും കൊണ്ടുനടക്കുന്നവർ, മതമേലദ്ധ്യക്ഷന്മാരില്ലാതെ സ്വയം ഭാവിയിലേക്ക് നയിക്കുന്നവർ - എന്നിങ്ങനെയൊക്കെയായിരുന്നു ഒരു ഹിന്ദുവിനെക്കുറിച്ച് പൊതുവെ നമുക്കെല്ലാമുള്ള ഒരു ധാരണ. പക്ഷെ ഇന്ന് അതിനൊക്കെ ഇടിവ് സംഭവിച്ചിച്ചിരിക്കുന്നു. മറ്റ് സെമിറ്റിക് മതങ്ങളെപ്പോലെ അവരും കടുംപിടുത്തങ്ങളുടെയും യുദ്ധകാഹളങ്ങളുടെയും പാതയിൽ അവരറിയാതെ ആരാലോ നയിക്കപ്പെട്ട്, ഒരു നിയത്രിത ചട്ടക്കൂട്ടിൽ അകപ്പെട്ടുപോയിരിക്കുന്നു.
സത്യത്തിൽ ശബരിമലയിലെ നിയത്രിതസ്ത്രീപ്രവേശനത്തിനെതിരെയും ആചാരങ്ങൾ ലംഘിക്കപ്പെടുന്നതിനെതിരെയും ഘോരഘോരം സംസാരിക്കുന്നവരും ആക്രോശിക്കുന്നവരും സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ നന്നായിരുന്നു. എന്റെ അറിവിൽ, ഇന്ന് നിലവിലുള്ള ഹിന്ദു ആചാരങ്ങൾ കൃത്യമായി പാലിക്കുന്ന ഒരു വ്യക്തിയും കുടുംബവും ഇല്ല എന്ന് തന്നെ പറയാം. രാവിലെയും വൈകിട്ടും വീട്ടിൽ വിളക്ക് വെക്കുന്ന, രാവിലെ കുളിച്ചതിന് ശേഷം മാത്രം ആഹാരം പാചകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന, കുട്ടികളെ ആഴ്ചക്കൊരിക്കലെങ്കിലും നാല് വരി ശ്ലോകങ്ങൾ പഠിപ്പിക്കുന്ന, സന്ധ്യക്ക് സന്ധ്യാനാമം ജപിക്കുന്ന, കൃത്യമായി നവരാത്രി-മണ്ഡലകാല-ശിവരാത്രി-ഏകാദശി വ്രതങ്ങൾ നോൽക്കുന്ന, വ്രതങ്ങളുടെ ഗുണങ്ങൾ ജീവിതത്തിലേക്ക് പകർത്തി ജീവിക്കുന്ന, ജാതി-വർഗ്ഗങ്ങൾ മാത്രം നോക്കി വിവാഹം കഴിക്കുന്ന, നിഷിദ്ധമായ ആഹാരങ്ങളും പാനീയങ്ങളും കഴിക്കാത്ത, രാത്രി കിടക്കുന്നതിന് മുന്നേ വിശുദ്ധഗ്രന്ഥങ്ങൾ വായിക്കുന്ന (മേല്പറഞ്ഞതെല്ലാം പാലിക്കുന്ന) ഒരു വ്യക്തിയെയും കുടുംബത്തെയും ഇന്നെനിക്ക് പരിചയമില്ല. അവർക്ക് 'സംക്രാന്തി', മണ്ഡലകാലം, തിഥി, നക്ഷത്രഗണങ്ങൾ, ചാന്ദ്രമാസങ്ങൾ, രാശികൾ, ദശകൾ, കൂറുകൾ എന്നിവ എന്തെന്നറിയില്ല കാലത്തിനനുസരിച്ച്, സൗകര്യങ്ങൾക്കനുസരിച്ച്, സാഹചര്യത്തിനനുസരിച്ച് മേല്പറഞ്ഞ പലതിലും വെള്ളം കലർത്തി ജീവിക്കുന്ന ഹിന്ദുക്കളെ മാത്രമേ ഇന്നെനിക്കറിയൂ. പിന്നെന്തിനാണ് ഈയ്യൊരു ശബരിമല വിഷയത്തിൽ മാത്രം ആചാരങ്ങളെപ്പറ്റിയുള്ള വേവലാതി? ആരെക്കാണിക്കാനാണ്? അഥവാ ഈ ആചാരങ്ങളൊക്കെ കൃത്യമായി പാലിച്ച് വരുന്നവരാണ് ഈ കോലാഹലം കാട്ടുന്നതെങ്കിൽ ആ കോലാഹലത്തിന് ഒരു ഭംഗി ഉണ്ടാകുമായിരുന്നു.
സ്ത്രീ പ്രവേശനത്തെപ്പറ്റി സുപ്രീം കോടതി വിധി വന്നതിന് ശേഷം ഒട്ടേറെ സുഹൃത്തുക്കളുമായും കൂട്ടായ്മകളുമായും സംസാരിക്കാൻ ഇടയായി.ഭൂരിപക്ഷം ആളുകളൂം വിധിയെ നഖശിഖാന്തം എതിർക്കുന്നവരാണ്, അത് ഭക്തിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും മതാചാരങ്ങളുടെ പേരിലുമായി വ്യത്യാസപ്പെട്ടുകിടക്കുന്നു എന്നേയുള്ളൂ...
ചോരത്തിളപ്പുകളോടെയുള്ള വാദങ്ങൾ ഉയർത്തുന്ന പലരും ഹിന്ദുവിന്റെ ആചാരങ്ങളിൽ മാത്രം സുപ്രീം കോടതിയും ഭരണ കേന്ദ്രങ്ങളും എന്തിനിടപെടുന്നു എന്നാണ് വൈകാരികമായി ചോദിക്കുന്നത്. ആചാരങ്ങൾ ആചാരങ്ങളാണ് നടക്കട്ടെ, ഓരോ അമ്പലത്തിനും അതിന്റേതായ നിയമങ്ങളുണ്ട്, ഹിന്ദു ആരാധനാലയങ്ങൾ ദേവന്റെ ഇടമാണ്, അവിടെ ആ ദേവന് ബാധകമായ പല നിയമങ്ങളും ഉണ്ടാവാം, അത് പാലിക്കുന്നവർ മാത്രം കയറിയാൽ മതി, എന്നൊക്കെ - ശരിയാണ്, വേണ്ടവർ കയറിയാൽ മതി, ഹിന്ദുമത ദൈവങ്ങൾ ബഹുസ്വരമാണ്. ഓരോ ദേവീദേവന്മാരുടെയും ആരാധനാലയങ്ങൾക്ക് അതിന്റേതായ നിയമങ്ങളുണ്ട്. അതൊക്കെ പാലിക്കുന്നവർ ആ ആരാധനാലയങ്ങളിൽ കയറിയാൽ മതി. അല്ലാത്തവർക്ക്, വിലക്കുള്ള ക്ഷേത്രങ്ങളിൽ തന്നെ കയറണം എന്ന് വാശി പിടിക്കുന്നതിന് പകരം, ശ്രീനാരായണഗുരു ചെയ്‌തത് പോലെ പ്രതിഷേധസ്വരത്തിൽ, അവരുടേതായ രീതിയിൽ ആരാധനാലയങ്ങൾ ഉണ്ടാക്കാം. സ്ത്രീകൾ മാത്രം കയറുന്ന അയ്യപ്പക്ഷേത്രം ഉണ്ടാക്കാം. അവിടെ പുരുഷന്മാരെ ചെരിപ്പിനടിക്കുന്ന പൂജാവിധികളുണ്ടാക്കാം. പക്ഷേ വിവേചനരഹിതമായതിനെ ചോദ്യം ചെയ്യുക എന്നത് മനുഷ്യസഹജമായ ഓർ സ്വഭാവമാണ് എന്ന് മനസ്സിലായാൽ എന്ത് കൊണ്ട് ശബരിമല സ്ത്രീ പ്രശ്നം ഉയർന്നു എന്നത് മനസ്സിലാക്കാൻ എളുപ്പമാണ്. എന്ത് കൊണ്ട് മറ്റ് മതങ്ങളുടെ ആചാരങ്ങളെയോ ആരാധനാലയങ്ങളെയോ കുറിച്ച് കോടതികളും ഭരണകേന്ദ്രങ്ങളും ഒന്നും പറയുന്നില്ല (കാര്യങ്ങൾ മനസ്സിലായിട്ടും ചിലരുടെ പ്രശ്നം അത് മാത്രമാണ്. മറ്റുള്ളവരുടേത് കൂടി ഒരുമിച്ച് പറഞ്ഞാൽ അവർക്ക് തൃപ്തി ആവും) എന്നതിനെക്കുറിച്ച് പിന്നീടെപ്പഴെങ്കിലും പ്രതിപാദിക്കാം. അതൊക്കെ ഇവിടെ പറയാൻ തുടങ്ങിയാൽ ഒന്നും എവിടെയും എത്തില്ല... ശബരിമലയെക്കുറിച്ച് തന്നെ ഒരുപാട് പറയാനുണ്ട്. അതുകൊണ്ട് തന്നെ ചിട്ടപ്പെടുത്തിയ രീതിയിൽ എഴുതുന്നതിന് പകരം പല കാര്യങ്ങളും അവിടെയും ഇവിടെയുമൊക്കെയായി ഇടകലർന്നിരിക്കുകയാണെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.
പല വിചിത്രമായ വാദങ്ങളും മേല്പറഞ്ഞ ചർച്ചകളിൽ ഉയർന്നു കേട്ടു. അതിലൊരു വളരെ വിചിത്രമായ വാദം, എന്തിനാണ് ആർത്തവ രക്തം ഇങ്ങനെ പരിപാവനമായി കാണുന്നത്? അങ്ങനെയാണെങ്കിൽ അതെടുത്ത് അഭിഷേകം ചെയ്തുകൂടെ? അതെടുത്ത് കുടിച്ചുകൂടെ? സ്വന്തം ഉടയാടകളിൽ വിസർജ്യവും പേറി നമ്മൾ ഏതെങ്കിലും ദേവാലയം സന്ദർശിക്കുമോ? എന്നൊക്കെ. സത്യത്തിൽ നാണം തോന്നി. ഹിന്ദു ആചാരങ്ങളുടെ മേൽ വൈകാരികപരമായി സംസാരിക്കുന്നവരുടെ, ഭക്തി തലയിൽ കയറിയവരുടെ ഒരു സംസ്കാരം നോക്കണേ. ആരാണ് പറഞ്ഞത് ആർത്തവരക്തം പരിപാവനമാണെന്ന് ? വെറുതെ കാട് കയറുകയാണ്. അതും ഒരു വിസർജ്ജ്യം തന്നെയാണ്. പക്ഷെ ആ വിസർജ്ജ്യത്തിന്റെ പേരിൽ അയിത്തം കല്പിക്കരുത് എന്നേ പറഞ്ഞുള്ളൂ... അപ്പഴാണ് പഞ്ചശുദ്ധി പ്രശ്നം:
आत्मशुद्धिः स्थानशुद्धिः मन्त्रस्य शोधनं तथा |
द्रव्यशुद्धिर्देवशुद्धिः शुद्धिः पञ्चविधेरिता ||
അതായത് ആത്മശുദ്ധി, സ്ഥാനശുദ്ധി, മന്ത്രശുദ്ധി, ദ്രവ്യശുദ്ധി, ദേവശുദ്ധി എന്നിവ. ഈ സംഭവം കുറെ വിവരിക്കാനുണ്ട്. എന്നിരുന്നാലും പുല / വാലായ്മകളുള്ളവർ (ആത്മാവിന് അശുദ്ധി), ആർത്തവമുള്ളവർ (വിസർജ്ജ്യത്തിന്റെ അശുദ്ധി), സാംക്രമികവും പ്രത്യക്ഷമായും രോഗങ്ങളുള്ളവർ എന്നിവർ ദേവസ്ഥാനത്ത് കയറാൻ പാടില്ല എന്ന ഭക്തനുമായി ബന്ധപ്പെട്ട കാര്യം ഈ ശുദ്ധികളിൽ ചില ശുദ്ധികളെ നിയന്ത്രിക്കുന്നു..
ഇന്ന് ഒരു വിധം എല്ലാ അമ്പലങ്ങളിലും കുട്ടികൾക്ക് ചോറൂണും മറ്റും നടക്കുന്നുണ്ട്. സാധാരണയായി കുട്ടികൾ മാത്രമല്ല മുതിർന്നവരും ക്ഷേത്രത്തിൽ ഏത് തരത്തിലുള്ള വിസർജ്ജ്യങ്ങൾ പുറപ്പെടുവിച്ചാലും പുണ്യാഹം തളിക്കണം. പക്ഷേ ഇന്ന് ഒരു വിധം എല്ലാവരും കുട്ടികളെ നല്ല diaper ഒക്കെ കെട്ടിച്ച് കുട്ടപ്പന്മാരായി ക്ഷേത്രത്തിൽ വന്നു ചോറൂണും മറ്റ് വഴിപാടുകളും നടത്തി, മണിക്കൂറുകളോളം ചിലവഴിച്ച് മടങ്ങുന്നുണ്ട്. ഈ സമയത്ത് കുട്ടികൾ മൂത്രമൊഴിക്കുന്നില്ലേ? അപ്പിയിടുന്നില്ലേ? ഉണ്ട്.. കുട്ടികളുടെ രക്ഷിതാക്കൾക്കും ക്ഷേത്രഭാരവാഹികൾക്കും അതറിയാം. കാലം മാറി, കഥ മാറി അതാണ് കാര്യം.
പക്ഷേ ആർത്തവത്തിന്റെ കാര്യമെത്തുമ്പോൾ ഒരു രക്ഷയുമില്ല. ഇന്നത്തെ കാലത്ത് ആർത്തവസമയത്ത് നല്ല sanitary pad കൾ ലഭ്യമാണ്. ഒരു തരത്തിലുള്ള മലിനീകരണവും ഒരിടത്തും സംഭവിക്കുന്നില്ല (അങ്ങിങ്ങായി വലിച്ചെറിയപ്പെടുന്നില്ലെങ്കിൽ ). എവിടെയും ആരും വൃത്തികേടാക്കുന്നില്ല. പക്ഷെ അവർക്ക് അയിത്തം. വിസർജ്ജ്യം മലിനമാണ് അംഗീകരിച്ചു. അങ്ങനെയാണെങ്കിൽ വിയർത്ത് ദേഹം കുളമാക്കി നടക്കുന്നവരെയും പുറത്താക്കണ്ടേ? പുണ്യാഹം തളിക്കണ്ടേ? പൂജാരി വിയർക്കാറില്ലേ? ശ്രീകോവിലിൽ വിയർപ്പ് വീഴില്ലേ ? ജലദോഷ സമയത്ത് വിസർജ്ജ്യം കാണില്ലേ? ഇത് ശബരിമലയിലും നടക്കുന്നില്ലേ? പുറത്ത് വന്നാൽ മാത്രമേ വിസർജ്ജ്യം എന്ന് പറയുള്ളൂ എങ്കിലും, എത്ര അപ്പിയിട്ടാലും, എത്ര മൂത്രമൊഴിച്ചാലും, അതിന് ശേഷം എത്ര കഴുകിയാലും, ശരീരത്തിനുള്ളിൽ അതിന്റെയൊക്കെ അംശം പിന്നെയും ബാക്കി കാണും. ചില വിസർജ്ജ്യങ്ങൾ വരുമ്പോൾ ശങ്കയുണ്ടാകും, ചിലതിന് ശങ്ക കാണില്ല, അത്രയേ വ്യത്യാസമുള്ളൂ. ആർത്തവവിസർജ്ജ്യം രക്തമാണെന്ന കാരണവും ചിലർ ഉയർത്തുന്നു. എന്തായാലും ആരും ആ രക്തം അവിടെയും ഇവിടെയും spread ചെയ്യാനൊന്നും പോകുന്നില്ലല്ലോ. secured രീതിയിൽ അതിനൊന്നും ഒരു കുഴപ്പവും ഇല്ലെന്ന് തന്നെ ഉറപ്പിച്ച് പറയാം. സ്ത്രീകളുടെ ജീവിതരീതികൾ തന്നെ മാറ്റിമറിച്ച sanitary pad, ഈ നൂറ്റാണ്ടിലെ വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്നാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
മാലിന്യത്തിന്റെ കാര്യം പറയുമ്പോൾ എല്ലാം പറയണമല്ലോ. ഇന്നത്തെ ശബരിമലയുടെയും പമ്പയുടെയും വൃത്തി എന്താണെന്ന് അവിടെപ്പോയിട്ടുള്ള ആർക്കും മനസ്സിലാവും. ആർത്തവമാലിന്യങ്ങൾ കാരണമൊന്നുമല്ല അവിടം ഇത്രയും മലിനമായത്. തൂറിയും മൂത്രമൊഴിച്ചും പ്ലാസ്റ്റിക് സാധനങ്ങളും മറ്റ് മാലിന്യങ്ങളും എവിടെയെന്നില്ലാതെ വലിച്ചെറിഞ്ഞും ഭക്തിയുടെ പേരിൽ ഉണ്ടാക്കിക്കൂട്ടിയ കൂമ്പാരങ്ങൾ. ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗ ഇന്ന് ശവങ്ങളുടെ ഘോഷയാത്ര നടത്തുന്നു. എന്നിട്ടും പുണ്യം കിട്ടാനായി ആ മാലിന്യത്തിൽ കുളിക്കാൻ ആളുകൾ തീർത്ഥയാത്ര നടത്തുന്നു. ഇതൊക്കെ മനസ്സിലാവണമെങ്കിൽ നമ്മളൊക്കെ വേറെ ലെവലിൽ ജനിക്കണം :)
പിന്നെ ശബരിമലയിലെ 10 വയസ്സിനും 50 വയസ്സിനുമിടക്കുള്ള നിയന്ത്രണം. ആരാണ് പറഞ്ഞത് 10 വയസ്സിന് മുന്നേ ഒരു കുട്ടി ഋതുമതി ആവില്ല എന്ന്? ആരാണ് പറഞ്ഞത്, ഒരു സ്ത്രീക്ക് 50 വയസ്സിന് ശേഷം ആർത്തവം ഉണ്ടാവില്ല എന്ന്? ആർത്തവത്തിന്റെ ആദ്യത്തെ നാലോ അഞ്ചോ ദിവസങ്ങളിൽ മാത്രം നിയന്ത്രണമുള്ള സ്ഥലങ്ങളിൽ, ആര് പറഞ്ഞു, നാലോ അഞ്ചോ ദിവസത്തേക്ക് മാത്രമേ ആർത്തവരക്തം വിസർജ്ജിക്കുള്ളൂയെന്നത്? അതും ഒരുതരം പൊട്ടത്തരമല്ലേ? നൈഷ്ഠികബ്രഹ്മചര്യാവസ്ഥയിലാണ് അയ്യപ്പൻറെ പ്രതിഷ്ഠ എന്ന് പറയുന്നു. 1991 വരെ ഏത് പ്രായത്തിലുള്ള സ്ത്രീകളും അവിടെ കയറിയിരുന്നു. അതും ആചാര ലംഘനമാണെന്ന് പറഞ്ഞാണ് കോടതിയിൽ പോയതും 1991 ൽ സ്ത്രീപ്രവേശനത്തിന് ബലമായി നിയന്ത്രണം കൊണ്ട് വന്നതും. യൗവ്വനയുക്തകൾ ശബരിമലയിൽ ദർശനം നടത്തിയാൽ അയ്യപ്പൻറെ നൈഷ്ഠികബ്രഹ്മചര്യം നഷ്ടപ്പെടുമെന്നാണ് വെപ്പ്. അയ്യപ്പൻ മനുഷ്യരെക്കാളും നിയന്ത്രണം ഇല്ലാത്ത ദുർബ്ബലനായ ദൈവമാണോ? അങ്ങനെ ഒരു ദൈവത്തിനെ സങ്കൽപ്പിക്കാനേ വയ്യ. ഹിന്ദു ദൈവങ്ങൾക്ക് മനുഷ്യരുടേതിന് സമാനമായ ഭാവ-സ്വഭാവങ്ങളുണ്ടെങ്കിലും ദൈവത്തിനെ ഇത്രയും താഴ്ത്തരുത്.. അങ്ങനെ യൗവ്വനയുക്തകളെ കണ്ട മാത്രയിൽ തന്നെ നൈഷ്ഠികബ്രഹ്മചര്യം നഷ്ടപ്പെടുന്നയാളാണ് അയ്യപ്പനെങ്കിൽ, എത്രത്തോളം പരിഹാരക്രിയകൾ നടത്തിയാൽത്തന്നെ, അയ്യപ്പൻറെ നൈഷ്ഠികബ്രഹ്മചര്യം എന്നേ നഷ്ടപ്പെട്ടു കാണും? ഇപ്പഴും നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നുമുണ്ടാവും.
വേറൊരു വാദം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് ആർത്തവവുമായി ബന്ധം ഒട്ടുമേ ഇല്ലെന്നുള്ളതാണ്. അയ്യപ്പൻറെ പ്രതിഷ്ഠ നൈഷ്ഠികബ്രഹ്മചര്യപ്രതിഷ്ഠയായത് മാത്രമാണ് ഒരേയൊരു കാരണം. എന്ന് വച്ചാൽ, ആർത്തവ കാലത്ത് മാത്രമല്ല, ഒരു സ്ത്രീ പ്രത്യുൽപാദനശേഷിയുള്ളിടത്തോളം അയ്യപ്പനെ ദർശിക്കരുതത്രേ ! എന്തൊരു ദൈവികപ്രതിഷ്ഠ ! എന്തൊരു ദൈവ സങ്കൽപം ! പ്രത്യുൽപാദനശേഷി നിർണ്ണയിക്കാനുള്ള തോതും അടയാളവും ആർത്തവമല്ലാതെ പിന്നെയെന്താണാവോ? ഇങ്ങനെയൊക്കെ പറയുമ്പോൾ തന്ത്രശാസ്ത്രം, ആഗമശാസ്ത്രം, ധർമ്മശാസ്ത്രം, ഷോഡശ്ശം, ഷഡോദരം, Temple Architecture, Magnetic Field എന്നിവയൊക്കെ എടുത്താണ് പ്രതിരോധിക്കുന്നത്. ആർത്തവസമയത്ത് ക്ഷേത്രത്തിൽ കയറിയാൽ സ്ത്രീകൾക്ക് Endometriosis ഉണ്ടാകുമത്രേ! വിദ്യാഭ്യാസമുണ്ടായിട്ടും ഇതുപോലെ വഷളത്തരം പറയുന്നവരോട് ഒറ്റക്കാര്യമേ ഇവിടെ പറയാനുള്ളൂ. പല പല ആചാരങ്ങളും മാറിയത് പോലെ, ഈ ആചാരവും അങ്ങ് മാറ്റുക, ഏത് ശാസ്ത്രം തിരുത്തിയിട്ടായാലും ശരി. ശാസ്ത്രസൂക്തങ്ങൾ പലതും പലപ്പോഴും മാറിയിട്ടുണ്ട്, മാറ്റിയിട്ടുണ്ട്. മാറ്റാൻ പറ്റാത്തതായിട്ടൊന്നും മനുഷ്യൻ ഉണ്ടാക്കിയിട്ടില്ല !
"പ്രതിഷ്ഠ നടത്തുമ്പോൾ തന്ത്രിയുടെ മനോവിചാരം എന്താണോ അതിനനുസരിച്ചായിരിക്കും അവിടുത്തെ ആചാരം നിർണ്ണയിക്കുക" - ഇതാണ് വേറൊരു കാര്യം. അങ്ങനെ തന്നെ ആവട്ടെ. ഒരു കുഴപ്പവുമില്ല. പക്ഷേ ഇനി മുതൽ ഒരു തന്ത്രിയും ആർത്തവമോ, സ്ത്രീയുടെ പ്രത്യുൽപാദനശേഷിയോ അടിസ്ഥാനമാക്കി ആചാരം നിശ്ചയിക്കരുത്. ഇന്നത്തെ കാലം അതിനെ അനുകൂലിക്കുന്നില്ല. അതുകൊണ്ട് അത്തരത്തിൽ എന്തെങ്കിലും ആചാരം ഇന്ന് നിലവിലുണ്ടെങ്കിൽ അതും എടുത്ത് കളയുക. കാരണം ആർത്തവം, ആചാരങ്ങൾ നിശ്ചയിക്കാനുള്ള അളവുകോലല്ല! ഇന്നത്തെ മാറിയ കുടുംബ-സാമൂഹിക പശ്ചാത്തലത്തിൽ, അങ്ങനെയുള്ള ആചാരങ്ങൾ പാലിക്കുക പോലും എളുപ്പമല്ല!!
ആരെയും ശബരിമലയിലേക്ക് ബലമായി കൊണ്ടുപോകേണ്ട കാര്യമൊന്നുമില്ല. പക്ഷേ, ഇഷ്ടമുള്ള, താല്പര്യമുള്ള സ്ത്രീകൾ മാത്രം കയറിയാൽ എന്താണ് കുഴപ്പം? അതിനെ ശക്തിയുക്തം എതിർക്കേണ്ട കാര്യമെന്താണ്? ചാനലുകളിലും മറ്റ് സാമൂഹിക മാദ്ധ്യമങ്ങളിലും ശബരിമലയിൽ ഏത് പ്രായത്തിലുമുള്ള സ്ത്രീകൾ കയറണം എന്ന് വാദിക്കുന്നവരുടെ നേരെ ചിലരുടെ ആക്രോശം കണ്ടാൽ ഇവരൊക്കെയാണോ ആചാര ശുദ്ധിയും മതാചാരപ്രകാരം ദൈവഭയത്തിൽ ജീവിച്ച് വിവേകികളായി ജീവിക്കുന്നവർ എന്ന് സംശയം തോന്നും. കാടും മലയും പുലിയുമൊന്നുമല്ല പ്രശ്നം. അങ്ങനെയാണെങ്കിൽ സ്ത്രീകളിൽ കുട്ടികളെക്കാളും പ്രായമുള്ളവരെക്കാളും കൂടുതൽ ആരോഗ്യം യുവതികൾക്കായത് കൊണ്ട് ആ പ്രായത്തിൽ മല ചവിട്ടുന്നത് തന്നെയാണ് അഭികാമ്യം.
സ്ത്രീകളെ ചിലയിടത്ത് കയറ്റാത്തത് പോലെ പുരുഷന്മാരെ പൂജ ചെയ്യാൻ അനുവദിക്കാത്ത, കയറുവാൻ അനുമതി നൽകാത്ത ദേവാലയങ്ങളുമില്ലേയെന്ന വാദവുമുണ്ട്. ശരിയാണ്. ഭൈരവി ക്ഷേത്രങ്ങളിലും, കേരളത്തിൽ മണ്ണാറശ്ശാലയിലും മറ്റും അങ്ങനെയാണെന്ന് കേട്ടു. ഇന്ന് വളരെയധികം പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയും സ്ത്രീപക്ഷമാണ്. പക്ഷെ ഇവിടെയൊന്നും പുരുഷന്മാരെ കയറ്റാത്തത് അവർക്ക് അയിത്തം എന്ന അവസ്ഥ കല്പിച്ചത് കൊണ്ടല്ല. അതങ്ങനെയാണ് എന്നത് കൊണ്ട് മാത്രം. അതാണ് നേരത്തെ പറഞ്ഞത്,ശബരിമലസ്ത്രീ പ്രവേശനം ഒരു സമത്വവാദത്തിന്റെ വിഷയമല്ല, മറിച്ച് അയിത്താചരണ വിഷയമാണ്. നാളെ ഈ അമ്പലങ്ങളിൽ കയറാൻ ചില പുരുഷ പ്രജകൾ അന്യായം സമർപ്പിച്ചെന്നും വരാം. അതൊക്കെ കാത്തിരുന്ന് കാണാം.
പിന്നെ അവിശ്വാസിയായ ഒരു ഇതരധർമ്മൻ ആണ് സുപ്രീം കോടതിയിൽ അന്യായം ബോധിപ്പിച്ചത് എന്നാണ് മറ്റൊരു പ്രശ്നം... ആര് കൊടുത്താലെന്താ.. പ്രശ്നം പ്രശ്നം തന്നെയല്ലേ? പക്ഷേ സത്യത്തിൽ, മേൽ പറഞ്ഞ ഇതരധർമ്മൻ ഇടപെടുന്നതിന് മുന്നേ തന്നെ 2006 ൽ നാലഞ്ച് ഹിന്ദു നാമധാരികളായ വിശ്വാസികളെന്ന് അവകാശപ്പെടുന്നവർ (താഴമൺ കുടുംബവും പന്തളം കൊട്ടാരവും അംഗീകരിക്കില്ലെങ്കിലും) തന്നെയാണ് ജയമാലവിവാദത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് കൊണ്ട് അന്യായം ബോധിപ്പിച്ചത്. എന്നിട്ടും കണ്ണാടിയിൽ നോക്കാതെ വേറെവിടെയോ നോക്കി മുറുമുറുക്കുകയാണ്.
ഈ ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ചും ആചാരലംഘനത്തെക്കുറിച്ചും മുറുമുറുക്കുന്ന എത്രപേർ ശബരിമലയിൽ പോകുമ്പോൾ കൃത്യമായി ആചാരങ്ങൾ പാലിക്കുന്നുണ്ട്? ഇന്ന് ശബരിമല വ്രതമെടുക്കുന്നവർ ഋതുമതിയായ സ്വന്തം ഭാര്യയുടെകൂടെത്തന്നെയല്ലേ താമസിക്കുന്നത്? അവൾ വച്ചുതരുന്ന ആഹാരം തന്നെയല്ലേ കഴിക്കുന്നത്? അവർ നഖം മുറിക്കാറുണ്ടോ? ചെരുപ്പിടാതെ നടക്കാറുണ്ടോ? തറയിൽ കിടക്കാറുണ്ടോ? എന്തിനധികം, ഇന്ന്, വന്ന് വന്ന് ശബരിമലയിൽ പോകുന്ന 41 ദിവസത്തെ വ്രതമെടുത്ത് ഒരു പുരുഷന് 1mm താടി പോലും വളരില്ലെന്നായിരിക്കുന്നു. നേരെ വന്ന് പമ്പയിൽ നിന്ന് മാലയിട്ട് കെട്ടും നിറച്ച് മല കയറുന്നവരും ഒട്ടും കുറവല്ല. എവിടെയെങ്കിലും പേരിന് ഒന്നോ രണ്ടോ പേരെ, ആചാരങ്ങൾ പാലിക്കുന്നവരായി കണ്ടെന്ന് വന്നേക്കാം. എങ്കിലും ബഹുഭൂരിപക്ഷം ശബരിമല തീർത്ഥാടകരും ശബരിമല ആചാരങ്ങൾ കാലത്തിനനുസരിച്ച് ഓരോരുത്തർക്കനുസരിച്ച് എത്രയോ മാറ്റിയിരിക്കുന്നു. പക്ഷേ സ്ത്രീകളുടെ കാര്യം വരുമ്പോൾ ആർത്തവം, അയിത്തം. സ്ത്രീ അയ്യപ്പനെ കാണുന്നെങ്കിൽ അത് വശീകരിക്കാനോ അയ്യപ്പനെ നശിപ്പിക്കാനോ ഒന്നുമല്ലല്ലോ... ഭക്തി എന്ന വികാരം ഒന്ന് കൊണ്ട് മാത്രമല്ലേ?
ശബരിമല കയറണം എന്ന് വാദിക്കുന്ന സ്ത്രീകൾ വിശ്വാസികളല്ല എന്നാണ് എതിർക്കുന്നവർ പറയുന്നത്. അവർ 'ഫെമിനിച്ചി'കളാണത്രെ. അവർ കള്ള് കുടിക്കുമത്രേ... ഇതൊക്കെ പറയുന്ന പുരുഷാരം കള്ള് കുടിക്കാതെയും പബ്ബ് / ഡാൻസ് ബാർ മുതലായ സ്ഥലങ്ങളിൽ കയറാതെയും പുകവലിക്കാതെയുമായിരിക്കുമല്ലോ ജീവിക്കുന്നത്? പിന്നെ ഒരാൾ വിശ്വാസിയാണോ അല്ലയോ എന്നത് അവരവർ തന്നെയല്ലേ പറയേണ്ടത്, മറ്റുള്ളവരല്ലല്ലോ. വിശ്വാസികളെന്ന് പറഞ്ഞ് മലകയറുന്നവരെല്ലാം ശരിയായ വിശ്വാസികളാണെന്ന് ആർക്കെങ്കിലും എന്തെങ്കിലും ഉറപ്പുണ്ടോ? ഈ പറയുന്നവരൊക്കെ ഒന്ന് കണ്ണാടി നോക്കിയിരുന്നെങ്കിൽ...
ആർത്തവം മൂലമാചരിക്കുന്ന അയിത്താചാരണം ഉൾപ്പെടെയുള്ള ചില മനുഷ്യരുണ്ടാക്കിയ നിയമങ്ങൾ മാറ്റണമെന്ന ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ, അതുമായി ഒരു ബന്ധവുമില്ലാത്ത പൊട്ടമറുപടികളുമായാണ് ചിലരുടെ വരവ്. ഉദാഹരണത്തിന്, എല്ലാം മനുഷ്യരുണ്ടാക്കിയ നിയമങ്ങളാണെങ്കിൽ, അച്ഛൻ, ഭർത്താവ് എന്നതൊക്കെ മനുഷ്യനുണ്ടാക്കിയ ചട്ടക്കൂടുകളല്ലേ, അപ്പോൾ ഭർത്താവിന്റെ സ്ഥാനത്ത് അച്ഛനെ കണ്ടുകൂടേ? അതൊന്നും രാജ്യത്തിന്റെ ഭരണഘടനയിലില്ലല്ലോ... എന്നൊക്കെയുള്ള മറുചോദ്യങ്ങളാണ് നേരിടേണ്ടിവരുന്നത്. കഷ്ടമാണ്. മനുഷ്യൻ പല നിയമങ്ങളും സാമൂഹികമായി നിർമ്മിച്ചിട്ടുണ്ടെങ്കിലും എല്ലാം ഭരണഘടനയിൽ ഇല്ലെന്നുള്ളതും സത്യമാണ്. ഭരണഘടനയിൽ ഉള്ള എല്ലാ നിയമങ്ങളും ശരിയാവണമെന്നില്ല, അത് പോലെ മനുഷ്യൻ സാമൂഹികമായി സൃഷ്ടിച്ച, ഭരണഘടനയിൽ ഇല്ലാത്ത എല്ലാ നിയമങ്ങളും ശരിയാകണമെന്നില്ല. ഈ ശരിയില്ലായ്മയെ തിരുത്തുകയാണ് കാലം ചെയ്യുന്നത്. എന്ന് വച്ചാൽ, മനുഷ്യൻ നിർമ്മിച്ചിട്ടുള്ള ഭരണഘടനാപരമായതും സാമൂഹികമായതുമായ നിയമങ്ങളെല്ലാം തെറ്റൊണെന്നല്ല പറയുന്നത്. ശരിയായവയും തെറ്റായവയും ഉണ്ട്. മനുഷ്യരെ മതപരമായും ജാതിപരമായും കാണുക, ജാതിപരമായും മതപരമായും പ്രത്യേക ആനുകൂല്യങ്ങൾ കൊടുക്കുക എന്നൊക്കെയുള്ള ഭരണഘടനാനിയമങ്ങൾ ശരിയാക്കേണ്ടത് തന്നെയാണ്. അതുപോലെ ഭരണഘടനയിലില്ലാത്തതും പക്ഷെ സാമൂഹികമായി നിലവിലുള്ളതുമായ സ്ത്രീധനവ്യവഹാരം, കുലം മാറിയുള്ള വൈവാഹിക തർക്കങ്ങൾ, ആർത്തവം അശുദ്ധിയാണെന്നുള്ള വിശ്വാസം മുതലായ സാമൂഹിക നിയമങ്ങൾ, അഥവാ ആചാരങ്ങൾ എന്നിവയും തിരുത്തപ്പെടേണ്ടതാണ്. അങ്ങനെ തിരുത്തിത്തിരുത്തിയാണ്, നമ്മളിന്നത്തെ കാലഘട്ടത്തിൽ എത്തിയിരിക്കുന്നത്. പഴക്കം ചെന്നത് എന്നത് കൊണ്ട് എല്ലാ ആചാരങ്ങളും ശരിയാകണമെന്നില്ല. മനുഷ്യർ, സ്വയം, അതിലെ ഓരോ നിയമങ്ങളുടെയും സാധുതയും അടിസ്ഥനവും അസ്ഥിത്വവും കാലാകാലങ്ങളിൽ വിശകലനം ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. അങ്ങനെയാണ് നമ്മുടെ സമൂഹത്തിലെ നിരവധി അനാചാരങ്ങൾ മാറിയിട്ടുള്ളത്.
ഇപ്പോൾ തന്ത്രിയും രാജകടുംബാംഗങ്ങളും അവരെ പിൻതാങ്ങുന്ന മറ്റ് സംഘടനകളും മറ്റും പറയുന്നത്, ഇത് പോലുള്ള മാറ്റങ്ങൾ വരണോ വരണ്ടായോ എന്ന് തീരുമാനിക്കുന്നത് ദേവപ്രശ്നത്തിൽകൂടിയോ താന്ത്രികവിചാരങ്ങളിൽ കൂടിയോ മാത്രമായിരിക്കണമെന്നാണ്. ഒന്ന് ചോദിക്കട്ടെ, ഇന്ന് നിലവിലില്ലാത്ത സതി, കീഴ്ജാതിക്കാരുടെ ക്ഷേത്രപ്രവേശനം, തൊട്ടുകൂടായ്മ, ജോലിനിഷേധം, വഴി നിഷേധം, ജലമെടുപ്പ് നിഷേധം, മാറ് മറയ്ക്കായ്മ്മ, ആൺകുട്ടികളെ കിട്ടാൻ പെൺകുട്ടികളെ മുതലക്ക് കൊടുക്കുക, നരബലി തുടങ്ങിയ ആചാരങ്ങൾ അല്ല അനാചാരങ്ങൾ എങ്ങനെ നിർത്തലായി? ഏത് താന്ത്രിക് / വേദിക് വിചാരങ്ങളിൽക്കൂടിയാണ്, ഏത് വിദ്വൽ സദസ്സിൽക്കൂടിയാണ് അവയൊക്കെ ഇന്ന് ഇല്ലാതായത്? ആ കാലഘട്ടങ്ങളിലും, അനാചാരങ്ങൾക്കെതിരേ സമരങ്ങൾ നടക്കുമ്പോൾ ഇന്ന് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരേ നിരത്തുന്ന ന്യായങ്ങൾ തന്നെയായിരുന്നു നിരത്തിയിരുന്നത്. പക്ഷെ രാജവിളംബരങ്ങളും സമരങ്ങൾ സമ്മർദ്ദം ചെലുത്തി ഉണ്ടായിട്ടുള്ള നിയമ നിർമ്മാണങ്ങളും മാത്രമാണ് ഇവയൊക്കെ നിൽക്കാനുള്ള കാരണം എന്ന് ആർക്കാണറിഞ്ഞുകൂടാത്തത് ?
പിന്നെ വേറൊരു കാര്യം. തന്ത്രിമാരാണ് ആചാരമാറ്റങ്ങളൊക്കെ തീരുമാനിക്കേണ്ടത് എന്ന് പറയുന്നു. തന്ത്രിമാർക്ക് തന്ത്രമറിയുമോ എന്നത് വേറൊരു ചോദ്യം. കണ്ഠര് മോഹനരുടെ കഥ നാം കേട്ടതാണ്. അഞ്ചാം തരം കടന്നില്ലെങ്കിലും തന്ത്രി ആവാമല്ലോ? കുടുംബമഹിമ ഒന്നുകൊണ്ട് മാത്രമാണല്ലോ ഇന്ന് തന്ത്രിപരമ്പര നിലനിൽക്കുന്നത്, എന്ന് ഇന്നത്തെ സാമാന്യജനത്തിന് തീർച്ചയായും സംശയം ഉണ്ട്.
ഒരു 200 കൊല്ലങ്ങൾ മുന്നേ വരെയുള്ള ആചാരങ്ങളെ ഇപ്പോൾ തിരിച്ചു കൊണ്ടുവന്നാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ? നമുക്കത് ഊഹിക്കാൻ കൂടി പറ്റുമോ? സതിയും മുലക്കച്ചകളില്ലാതെ നടക്കുന്ന സ്ത്രീകളും, ഉയർന്ന ജാതിക്കാർ ഓ... ഹോയ് ... പറഞ്ഞ് പോകുമ്പോൾ വഴി മാറി മറഞ്ഞ് നിൽക്കുന്ന കീഴ്ജാതിക്കാരും ഒക്കെ തിരിച്ചുവന്ന കാലത്തെക്കുറിച്ച് ഒന്നാലോചിച്ച് നോക്കൂ.. അപ്പോഴറിയാം.. നമ്മൾ ഇന്നെത്ര മാറിയിരിക്കുന്നു എന്നത്.
അയിത്ത ജാതിക്കാരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിച്ചത് പോലെയല്ല സ്ത്രീകളെ ആർത്തവ സമയത്ത് അയിത്തം കൽപ്പിക്കുന്നത് എന്നും ഒരു ന്യായവാദമുണ്ട്. പ്രത്യക്ഷത്തിൽ അങ്ങനെ തോന്നാമെങ്കിലും രണ്ടും അതിന്റെ അവസ്ഥയിൽ ഒന്ന് തന്നെയാണ്. ഒന്നിന് ഒരു കൂട്ടം ജാതി ഉപവിഭാഗങ്ങളാണ് ഇരകളായിട്ടുള്ളതെങ്കിൽ ഇവിടെ സ്ത്രീകളാണെന്ന വ്യത്യാസം മാത്രം.
പിന്നെ സ്ത്രീകൾ തന്നെയല്ലേ ഭക്തവിശ്വാസികളായി സ്ത്രീ പ്രവേശനത്തിനെതിരേ സമരം ചെയ്യുന്നത്, പിന്നെയെന്തിനാണ് അവരെ നിർബന്ധിക്കുന്നത് എന്ന ചോദ്യം ചിലർ ഉന്നയിക്കുന്നു. സത്യത്തിൽ കേൾക്കുമ്പോൾ ശരിയാണെന്നു തോന്നുമെങ്കിലും, ചരിത്രം പരിശോധിച്ചാൽ എല്ലാ സമരങ്ങളും അങ്ങനെത്തന്നെയായിരുന്നു. സതിക്കെതിരെ സമരങ്ങൾ നടക്കുമ്പോൾ സ്ത്രീകൾ സതിക്കനുകൂലമായി പ്രതികരിച്ചിരുന്നു. അയിത്തജാതിക്കാരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ സമരം നടക്കുമ്പോൾ നമുക്ക് ക്ഷേത്രങ്ങളിൽ കയറേണ്ട എന്നും പറഞ്ഞ് അയിത്തജാതിക്കാർ സമരക്കാർക്കെതിരെ തിരിഞ്ഞിരുന്നു. മാറ് മറയ്ക്കൽ സമരത്തിൽ മാറ് മറച്ച സ്ത്രീകളെ മാറ് മറയ്ക്കാതെ വന്ന സ്ത്രീകൾ ഉപദ്രവിച്ചിരുന്നു, ആൺകുട്ടികളെ കിട്ടാൻ മുതലക്ക് പെൺകുട്ടികളെ കൊടുക്കരുതെന്ന് നിയമം പാസ്സാക്കിയിട്ടും പെൺകുട്ടികളെ സ്ത്രീകൾ തന്നെ മുതലക്ക് കൊടുത്തിരുന്നു..... പക്ഷേ സമരം മൂലം, നിയമനിർമ്മാണങ്ങൾ കാരണം അവസ്ഥ മാറിയപ്പോൾ അവരൊക്കെ അതിന്റെ ഗുണഭോക്താക്കളുമായിത്തീർന്നു എന്നത് വിരോധാഭാസമായിത്തോന്നാം. അതുപോലെ ഇന്ന് സ്ത്രീപ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകളും നാളെ ശബരിമലയിൽ കയറി അതിന്റെ ഉപഭോക്താക്കളാകുമെന്നതിൽ ഒരു സംശയവും വേണ്ട.
ആർത്തവ സമയത്തെ സ്ത്രീ പ്രവേശനത്തിനെതിരേ സമരം ചെയ്യുന്ന സ്ത്രീജനങ്ങൾ അങ്ങനെ പ്രതികരിക്കുന്നത് പലതരം കാരണങ്ങൾ കൊണ്ടാണ്. അതിൽ മുഖ്യമാണ് പേടി. ദൈവകോപവും ദുരന്തങ്ങളെക്കുറിച്ചും മറ്റും പേടിപ്പെടുത്തിയാണ് അവരെ വളർത്തിയത്. അല്ലാത്ത സാഹചര്യങ്ങളിൽ വളർന്ന സ്ത്രീകൾക്ക് ആർത്തവം സാധാരണ ഒരു പ്രക്രിയ മാത്രമാണ്. പിന്നെ ശീലിച്ച രീതികളിൽ നിന്ന് മാറാൻ പലർക്കും പ്രയാസമാണ്. ഞാൻ പ്രതികരിച്ചാൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ദുർബോധമാണ് ചിലരെ നയിക്കുന്നത്. ഇതൊക്കെ സർവ്വസാധാരണമാണ്. മാറ്റത്തിന് കുറച്ച് സമയം എടുക്കും. കൂട്ടിലിട്ട് വളർത്തിയ തത്തയെ ഒരു സുപ്രഭാതത്തിൽ തുറന്ന് വിട്ടാൽ, തത്ത പോലും ഒരു നിമിഷം മടിച്ച് നിൽക്കും... അതുപോലെയാണ് പുരോഗമനവാദങ്ങൾക്കെതിരെ സമരം ചെയ്യുന്ന ഗുണഭോക്താക്കളുടെ എതിർപ്പ് ! ഇരകളെ രക്ഷിക്കാൻ ശ്രമിക്കുന്നവർ ആദ്യം കല്ലേറ് കൊള്ളേണ്ടിവരുമെന്നത് ഇന്നത്തെ ലോകരീതിയാണ് !! പുരോഗമനപരമായ മാറ്റങ്ങൾ ഒരിക്കലും മേലെനിന്ന് ഒരു സുപ്രഭാതത്തിൽ പൊഴിഞ്ഞു വീഴുകയില്ല, ഇടപെടലുകളിലൂടെയേ അങ്ങനെയൊക്കെ നടക്കുകയുള്ളൂ !!!
ഓരോരുത്തരുടെയും വിശ്വാസങ്ങൾ ചോദ്യം ചെയ്യണോ എന്നാണ് വേറൊരുകൂട്ടർ ചോദിക്കുന്നത്. ശരിയാണ്. എന്തെങ്കിലും തരത്തിലുള്ള ദുരവസ്ഥകളുണ്ടാകുമ്പോൾ അതിന്റെ കാരണങ്ങൾ തിരക്കുന്നതും, കാരണം കണ്ടെത്തിയാൽ ആ കാരണങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടി പ്രയത്നിക്കുന്നതും മനുഷ്യസഹജമായ നന്മയാണ്. രോഗങ്ങൾക്കെതിരായിട്ടേ മരുന്നുകൾ കൊടുക്കുകയുള്ളൂ... ഇവിടെയും അതൊക്കെത്തന്നെയേ സംഭവിച്ചിട്ടുള്ളൂ...
ആർത്തവമുള്ളവർക്ക് ഇവിടെ സന്യാസിനിയാവാം. 28 ദിവസങ്ങൾക്കപ്പുറം വ്രതമെടുക്കാൻ പറ്റാത്ത ആർത്തവമതികൾക്ക് ഇവിടെ ചാതുർമാസ്യവ്രതമെടുക്കാം. ആർത്തവമതികൾക്ക് ശരണം വിളിച്ചുകൊണ്ട് അയ്യപ്പന് വേണ്ടി സമരം ചെയ്യാം. ആർത്തവമതികൾക്ക് ഒരു രാജ്യത്തിന്റെ ഭരണാധികാരിയാവാം... പക്ഷെ അയ്യപ്പനെ കാണാൻ പറ്റില്ല, അവിടെ അയിത്തമാണ്. ഇതിലൊന്നും ഒരു പാരമ്പര്യവാദികളും ഒരു അയോഗ്യതയും കാണുന്നില്ലേ? സത്യത്തിൽ അയ്യപ്പൻ പോലും അറിയാതെ അയ്യപ്പൻറെ വായിൽ വിവേചനമൂഡ്ഡരായി തിരുകിക്കൊടുത്ത ഈ നിയമത്തിൽ അയ്യപ്പൻ പോലും തല കുനിക്കുന്നുണ്ടാകും.
മഹാരാഷ്ട്രയിലെ ശനിശിംഗ്നാപ്പൂരിൽ നാനൂറോളം വർഷങ്ങളായി സ്ത്രീകൾക്ക് പ്രവേശനമില്ലാതിരുന്നിടത്ത് ഈയ്യടുത്ത് സമരോല്സുകമായ ഇടപെടലുകൾ വഴി, നിയമനിർമ്മാണം മൂലം സ്ത്രീകൾക്ക് പ്രവേശനം ലഭിച്ചപ്പോൾ ഒരു ഒച്ചപ്പാടും ബഹളവും കൂടാതെ സ്വീകരിച്ചവരാണ് ഇവിടുത്തെ 'ഹിന്ദു'ക്കൾ. ഭൂരിപക്ഷ സമുദായം അങ്ങനെയൊരു പുരോഗമനപരമായ നിലപാടെടുത്തപ്പോൾ, ഹാജി-അലി ദർഗ്ഗയിലും സ്ത്രീപ്രവേശനവിളംബരം വന്നപ്പോൾ യാഥാസ്ഥിതികരായ മുസ്‌ലിം സമുദായം പോലും ഒരു ശബ്ദം പോലും ഉരിയാടാതെ പുരോഗമനവാദത്തിന് കാലാനുസൃതമായി വാതിൽ തുറന്നുകൊടുക്കുകയാണുണ്ടായത്. പക്ഷെ ശബരിമല വിഷയത്തിൽ, മലയാളി ഹിന്ദുക്കൾ യാഥാസ്ഥിതികരെപ്പോലും നാണിപ്പിക്കുന്ന നിലപാടെടുത്ത് മറുകണ്ടം ചാടി.
RSS ന്റെ മോഹൻ ഭാഗ്വതിനെയും TG മോഹൻദാസിനേയും BJP യുടെ സുബ്രഹ്മണ്യൻ സ്വാമിയേയും ഒക്കെ ഒരു കാലത്ത് ഈ മറുകണ്ടം ചാടിയ ഹിന്ദുക്കൾ പലകാര്യങ്ങളിലും ഉദ്ധരിക്കാറുണ്ടായിരുന്നു. പക്ഷെ ഇന്ന് അവർ ശബരിമലയുടെ പുരോഗമനപരമായ നിലപാടെടുത്തപ്പോൾ വിവരമില്ലാത്തവരായി, കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കാത്തവരായി. വിരോധാഭാസമെന്നല്ലാതെ എന്ത് പറയാൻ?
ഈ പറയുന്ന ശബരിമലയിൽ ത്തന്നെ എത്ര ആചാരങ്ങൾ നിന്ന നിൽപ്പിൽ മാറിയിട്ടുണ്ട്? മകരവിളക്കിന് മാത്രം തുറന്നിരുന്ന അമ്പലം, ഇന്ന് വന്ന് വന്ന്, മകരവിളക്കിനും, മണ്ഡലകാലത്തും, എല്ലാ മലയാളമാസം ഒന്ന് മുതൽ അഞ്ച് വരെയും തുറക്കുന്നുണ്ട്. ആദിവാസിയും കുട്ടിയും നടത്തുന്ന തേനഭിഷേകം അവരിൽ നിന്ന് എടുത്തുമാറ്റി. ചീരപ്പൻചിറ ഈഴവ കുടുംബത്തിന്റെയടുത്ത് നിന്നും വെടിവഴിപാടിൻറെ നേതൃസ്ഥാനം മാറ്റി. പടഹാദി ഉത്സവം നടന്നിരുന്ന സ്ഥാനത്ത് ബ്രാഹ്മണിക് രീതിപ്രകാരം ഷോഡശ്ശ / ഷഡാദര ക്രിയകൾ ചെയ്ത്, കൊടിമരം സ്ഥാപിച്ച് വെളിച്ചപ്പാടുകളെ ഒഴിവാക്കി. ഒഴിവാക്കിയ ആദിവാസികൾ മകരവിളക്കിന് പൊന്നമ്പലമേട്ടിൽ എരിയിച്ച തീ ദിവ്യമകരജ്യോതിയായി വ്യാഖ്യാനിച്ച് വിശ്വാസികളെപ്പറ്റിച്ചു. ഒടുക്കം അത് തീയാണെന്ന് സമ്മതിച്ച്, പൊന്നമ്പലമേട്ടിൽ തീ കത്തിക്കുന്നതും അമ്പലം ഏറ്റെടുത്തു (ഇപ്പോഴും തിരുവാഭരണാഘോഷയാത്രയുടെ മറപിടിച്ച് ശ്രീകൃഷ്ണപരുന്തിന്റെ വട്ടംപറക്കൽ തട്ടിപ്പ് നടന്നുകൊണ്ടേയിരിക്കുന്നു.). ഇതിലൊന്നും ഒരു ലംഘനവുമില്ലേ? അവകാശങ്ങളില്ലേ? അതുകൊണ്ട്, ഇന്നത്തെ മാറിയ സാഹചര്യത്തിൽ, നിലവിലെ ശബരിമല സ്ത്രീപ്രവേശന ആചാരവും മാറ്റപ്പെട്ട ആചാരങ്ങളിൽ പെടുത്തി, എല്ലാ വിശ്വാസികളായ / താല്പര്യമുള്ള സ്ത്രീകൾക്കും അനുവദനീയമാക്കുന്നതാണ് ഭംഗി.
ഇതുകൊണ്ടാണ് പറയുന്നത് ശബരിമല വിധിക്കെതിരേ പ്രതികരിക്കുന്നവരിൽ ഭൂരിഭാഗം പേരും ആചാരങ്ങളെ മുറുകെ പിടിച്ച് എന്ന് വരുത്തത്തക്കവണ്ണം അഭിനയിക്കുന്നു എന്ന് അറിയാതെയെങ്കിലും ചിന്തിച്ച് പോകുന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരേ സമരം ചെയ്യുന്നവർ മനസ്സിലാക്കുന്നില്ല, അവരെ ആരൊക്കെയോ ചില പ്രത്യേക ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന്. ഇന്ന് നിലവിലുള്ള ദൈവസങ്കല്പങ്ങളെയെല്ലാം ഒരു കൂട്ടം 'അതിബുദ്ധിമാന്മാർ' അതി സമർത്ഥമായി വൈകാരികമായി ഉപയോഗിച്ച് നിഷ്കളങ്കരായ പാവം ഭക്തരെ പറ്റിക്കുകയാണ്, ഭക്തിക്കച്ചവടം നടത്തി സമ്പന്നരാവുകയാണ്, ശക്തരാവുകയാണ്. അവർ കാലിൽ സ്വയം ചങ്ങലയിട്ട് ആർക്കോ വേണ്ടി ബലിയാടുകളായിപ്പോവുകയാണ്. യഥാർത്ഥ ദൈവമെന്ന സങ്കൽപ്പത്തിന് സ്ത്രീപുരുഷശിഖണ്ഡി വ്യത്യാസങ്ങളൊന്നും ഉണ്ടാവില്ല. യൗവ്വനയുക്തകൾ അമ്പലത്തിൽ കയറിയാൽ, അയിത്താചാരണം മാറ്റി, അധഃകൃതർ അമ്പലങ്ങളിൽ കയറിയപ്പോൾ നഷ്ടപ്പെട്ട ചൈതന്യത്തിന്റെയത്രയൊന്നും ബാഹുല്യത്തിൽ ഒരു ക്ഷേത്രത്തിന്റെയും ചൈതന്യം ഇടിയാൻ ഇടിയില്ല. കാരണം ആർത്തവപ്രശ്‌നത്തെക്കാൾ ഗൗരവതരമായിരുന്നു കീഴ്ജാതിപ്രവേശനപ്രശ്നം.
ആചാരങ്ങൾക്ക് യുക്തി വേണ്ടതുണ്ടോ.. ഭക്തിയും യുക്തിയും രണ്ട് ധ്രുവങ്ങൾ അല്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. വലിയ വലിയ വിദ്യാഭ്യാസമുള്ളവരും ഇങ്ങനെത്തന്നെയാണ് പ്രതികരിക്കുന്നതും. വിദ്യാഭ്യാസം യുക്തി ഉണ്ടാകണമെന്നില്ല. ആണുങ്ങൾക്ക് പ്രസവിച്ചാലെന്താ... പാതാളമുണ്ടോ.. അമ്പലങ്ങളിൽ പോയാൽ കിട്ടുന്ന മാസ്മരിക-ആന്തരിക കാന്തിക വലയം പുരോഗമനവാദികൾക്ക് മനസ്സിലാവുമോ... ...അങ്ങനെവന്നാൽ ആണുങ്ങൾക്ക് മുലയൂട്ടിക്കൂടേ... എന്നൊക്കെ ചോദിക്കുന്നുണ്ട്....ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നു എന്ന് വച്ച് ഇങ്ങനെയൊക്കെയുള്ള പിൻതിരിപ്പൻ ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം പറയാനാണ്? സാധാരണക്കാരുടെ ഭക്തിനിറഞ്ഞ അമ്പലങ്ങൾ ചിലരുടെ വലിയ വരുമാനസ്ഥാപനങ്ങളാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? ഭക്തരുടെ മൃദുലവികാരങ്ങൾ വിറ്റ് കാശാക്കുന്നവരാണ് മതമേലദ്ധ്യക്ഷരും സാമുദായിക സംഘടനകളും എന്നത് ഏത് കുട്ടിക്കാണറിഞ്ഞൂടാത്തത്? എന്നാലും നിന്ന നിൽപ്പിൽ നമ്മുടെ ബോധം നശിപ്പിക്കപ്പെടാൻ നമ്മൾ സ്വയം നിന്നുകൊടുക്കും. അതാണ് വിധേയത്വം. അതാണ് മസ്തിഷ്ക പ്രക്ഷാളനം. അത് നടന്നാൽ പിന്നെ നമ്മൾ എല്ലാം തൊണ്ട തൊടാതെ വിഴുങ്ങിക്കോളും.
മേല്പറഞ്ഞ തട്ടിപ്പുകൾ എല്ലാമതങ്ങളിലും നടക്കുന്നുണ്ട്. ഭരിക്കാനും ഭരിക്കപ്പെടാനും ഇന്ന് വളരെയെളുപ്പമുള്ള മാർഗ്ഗം ഭക്തിയാണ്. ഭക്തി തലക്ക് പിടിച്ചിട്ടാണ് ഇന്ന് ആളുകൾ മറ്റുള്ളവരെ, അനാചാരങ്ങളെയും തട്ടിപ്പുകളെയും യുക്തിയില്ലായ്മയെയും പറ്റി നിർഭയം പറയുന്നവരെ പുലഭ്യം പറയുന്നത്. ഭക്തി മൂത്താൽ നല്ല സാത്വികാരായിട്ടല്ലേ അഥവാ നല്ല ക്ഷമയുള്ളവരായിട്ടല്ലേ ആളുകൾ മാറേണ്ടത്? പക്ഷേ ഇന്ന് ഭക്തർ വികാരം കൊള്ളുകയാണ്. അക്രമം നടത്തുകയാണ്, തെറി വിളിക്കുകയാണ്? ആർക്ക് വേണ്ടി? ഭക്തരെ രക്ഷിക്കേണ്ട ദൈവത്തിനെ രക്ഷിക്കാൻ ഇന്ന് ഭക്തർ പാട് പെടുകയാണ്.
ദൈവഭക്തി, ജാതി, മതം, ദൈവം, ദേശഭക്തി (nationalism) എന്നിവ ഓരോകാലത്ത് ഭരണാധികാരികൾ അവരുടെ നിലനിൽപ്പിനും വെട്ടിപ്പിടിക്കലുകൾക്ക് വേണ്ടിയും ഉപയോഗിക്കുന്നവയാണ്. വാളെടുക്കാതെ ജനങ്ങളെ ഒരുമിപ്പിക്കാൻ അവർ കണ്ട പ്രധാനമാർഗ്ഗങ്ങൾ അവയൊക്കെയാണ്. ഒരു തവണ, ഒരു സാധാരണ ജനത്തിന്റെ തലയിൽ പലതരം കഥകളും ഐതിഹ്യങ്ങളും സ്വർഗ്ഗപ്രലോഭനങ്ങളും നരകഭീതികളും പുരട്ടിക്കൊടുത്താൽ, നിഷ്കളങ്കനായ ആ വിധേയൻ പിന്നെ സ്വയം പ്രവർത്തിച്ച് കൊള്ളും. രാജാവിന് അഥവാ ഭരണാധികാരിക്ക് അല്ലെങ്കിൽ ഭരണാധികാരിയെ നിയന്ത്രിക്കുന്ന ശക്തിക്ക് പിന്നീട് കാര്യങ്ങൾ എളുപ്പം നടത്താം.
എന്തായാലും നമുക്ക് മുന്നോട്ട് പോയേ തീരൂ... ഭക്തിയും യുക്തിയും ഒരിക്കലും ഒരുമിച്ച് പോകില്ല എന്ന് തീർച്ചയായും മനസ്സിലാക്കുന്നെങ്കിലും വിവേചനബുദ്ധിയുള്ള ഭക്തസമൂഹം നമുക്കുണ്ടാക്കാം. ഭക്തകളായ സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശബരിമല കയറട്ടെ. അയ്യപ്പൻ ബ്രഹ്മചാരിയായിത്തന്നെ തുടരും എന്ന് നമുക്ക് നൂറ് ശതമാനം വിശ്വസിക്കാം. ആളുകൾക്ക് നമുക്കിതിനെക്കുറിച്ച് ബോധവൽക്കരണം നടത്താം. ചേതമില്ലാത്ത പാരമ്പര്യങ്ങളും ആചാരങ്ങളും നമുക്ക് തുടരാം. കാലങ്ങൾ കൊണ്ടുവരുന്ന മാറ്റത്തെ ബലം പിടിക്കാതെ നമുക്ക് അംഗീകരിക്കാം. തിരുത്തേണ്ടവയുണ്ടെങ്കിൽ ഓരോന്നായി തിരുത്തിത്തിരുത്തി മുന്നോട്ട് പോകാം. ചിന്താശേഷിയും വിവേചനശേഷിയും നഷ്ടപ്പെടുത്താതിരിക്കാം. ചോദ്യം ചെയ്യലുകളെ ചിന്താപൂർവ്വം നേരിടാം. നിയമങ്ങൾ നമുക്ക് മനുഷ്യത്വപൂർണ്ണമായി ഉണ്ടാക്കാം. ആരുടേയും ഒരുതരത്തിലുമുള്ള അടിമത്തത്തിൽ (രക്ഷിതാക്കൾ മക്കളെ വളർത്തുന്നത് അടിമത്തമല്ലേ എന്നൊക്കെ ചിലർ ഇവിടെ ചോദിച്ചേക്കാം) നമുക്ക് തല വച്ച് കൊടുക്കാതിരിക്കാം. നമ്മളെ ഒരു തരത്തിലും ഉപയോഗിക്കാത്ത നമ്മുടെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന നിസ്വാർത്ഥരായവരെ നമുക്ക് നേതാക്കളാകാം. നമുക്ക് സ്വയം മാതൃകകളാകാം.... നമ്മളിന്നെടുക്കുന്ന തീരുമാനങ്ങൾ കാരണം നമ്മുടെ അടുത്ത തലമുറ ഞങ്ങളെ ശപിക്കാതിരിക്കാൻ മാത്രം നമുക്ക് സമർത്ഥരാവാം. രണ്ട് മുഖങ്ങളില്ലാത്ത(hypocrisy) രീതിയിൽ നമുക്ക് അഭിനയിക്കാതിരിക്കാം. കാലചക്രം പിന്നോട്ട് തിരിക്കാത്ത കാലത്തിലേക്ക് നമുക്കൊരുമിച്ച് യാത്ര ചെയ്യാം.... 'അഹം ബ്രഹ്‌മാസ്‌മി'യെയും 'വസുധൈവ കുടുംബക'ത്തിനെയും നമുക്ക് കുറച്ച് കൂടെ മുറുക്കെപ്പിടിക്കാം !! ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!!
***
Whatsapp Comment:
മറുപടിഇല്ലാതാക്കൂJiju Nair: Gahanamaya vichaara dharakal Venu.
I think discrimination in any form should be addressed. Still , there is no clear cut way to resolve the current sabarimala issue.
Reasons should be properly examined before saying this is entirely a discriminatory situation.
Naaraayam: Yeah, its a simple thing, but made complex in minds. Awareness might better way though may be slow.. But sure, changes will happen.
ഇതിലിത്ര വലിയ കാര്യമൊന്നുമില്ല. കേറണം എന്ന് കേസ് കൊടുത്തത് വടക്കെ ഇന്‍ഡ്യയിലെ rss കുടുംബങ്ങളിലെ സ്ത്രീകള്‍. ഇവിടെ തല്ലുണ്ടാക്കുന്നത് rss കാര്‍.
മറുപടിഇല്ലാതാക്കൂബാബറി മസ്ജിദില്‍ കല്ല് കുഴിട്ടിട്ട് മനപ്പൂര്‍വ്വം വിവാദമുണ്ടാക്കിയാണ് എന്നതാണ് ഇവരുടെ രീതിയില്‍ നിന്ന് വ്യക്തമാകുന്ന കാര്യം.
അഭിപ്രായമറിയിച്ചതിന് നേരിടത്തിന് നന്ദി.
ഇല്ലാതാക്കൂRSS ന് വ്യക്തമായ പദ്ധതികളുണ്ടാകാം. അവർ ആ പദ്ധതികൾക്ക് വേണ്ടി കോപ്പ് കൂട്ടുന്നുമുണ്ടാകാം. അതൊക്കെ പറഞ്ഞാൽ, അതിനുള്ളിലെ രാഷ്ട്രീയം ചികയാണ് ശ്രമിച്ചാൽ, ഒന്നും എവിടെയും എത്തില്ല. ശബരിമലയിലെ സ്ത്രീപ്രവേശനം എന്ന പശ്ചാത്തലത്തിൽ മാത്രം നിന്നുകൊണ്ടാണ് ഞാനെഴുതിയത്. എല്ലാവരുടെ ഭാഗത്തും വിഭിന്നരീതികളിലുള്ള 'ശരികൾ' മാത്രം ഉണ്ടാകുമ്പോൾ ആ ശരികൾക്കിടയിലൂടെ പോകാനൊരു ശ്രമം നടത്തിയതാണ്. :)
Prasad Nair:
മറുപടിഇല്ലാതാക്കൂGahanamaaya chinthadharayiloote ozhukivannu uranju koodiya dravya parinamamaanu thankalute srishti... about Sabarimala isse🙂
All these halla gulla are being created by various social, political and religious groups for their own advantages
You did your part well 👏 👏
Naaraayam:
Thank you !
Facebook Comments:
മറുപടിഇല്ലാതാക്കൂNikhil Chandra: ഓരോ പ്രതിഷ്‌ഠ നടത്തുമ്പോൾ തന്നെ അതിനു ഇന്ന രീതിയിലുള്ള ആചാരങ്ങൾ നിയമങ്ങൾ ആദ്യമേ കലപിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ അതാതു പ്രതിഷ്ഠ പൂജചെയ്യുന്നതിന്റെ ഫലം വിത്യസസ്തമായിരിക്കും.
ശബരിമലയുടെ കാര്യത്തിലാണെങ്കിൽ അവിടെയുള്ള പ്രതിഷ്‌ഠ നൈഷ്ഠിക ബ്രഹ്മചാരി സങ്കൽപ്പമാണ്. നൈഷ്ഠിക ബ്രഹ്മചാരിയായ വ്യക്തിക്കു ചില നിബന്ധങ്ങളുണ്ട് അതിൽ ഒന്നാണ് യൗവ്വനയുക്തികളായ സ്ത്രീകളുമായി ഒരു സംസർഗ്ഗവും പാടില്ല. ഇത് പൊതുവേ എല്ലാ സന്യാസിമഠത്തിലെയും നിയമമാണ്. ആ ചിട്ടയാണ് ശബരിമലയിൽ പാലിക്കുന്നത്. അതിനാണ് മലക്കു പോയി അയ്യപ്പ ദർശനം ആഗ്രഹിക്കുന്ന ഭക്തന്മാർ ഭകതകൾ (10 വയസ്സിനു താഴെ - 55 ന് മുകളിൽ ) 41 ദിവസം ബ്രഹ്മചര്യ വൃതം നോൽകുന്നത്.
ഇങ്ങനെ വൃതം നോറ്റിട്ടുള്ള സ്വാമിമാർക്കറിയാം അതിന്റെ ആത്മീയമായും മാനസികമായും ആരോഗ്യപരമായുമുള്ള ഗുണം.
Naaraayam: Thank you Nikhil Chandra. നിങ്ങൾ ഈ പറഞ്ഞതിനെക്കുറിച്ച് തന്നെയാണ് ലേഖനത്തിൽ പറഞ്ഞിട്ടുള്ളതെങ്കിലും ഒന്നുകൂടെ വിശദമാക്കാൻ ശ്രമിക്കാം. ശബരിമലയിൽ ഞാനും പോയിട്ടുണ്ട്. അവിടത്തെ ഭക്തിനിർഭര അന്തരീക്ഷം ഒരു സുഖം തന്നെയാണ്. അത് പലയാളുകൾക്കും പലതരത്തിലുള്ള നിർവൃതിയും ശക്തിയുമൊക്കെ ആരോഗ്യവുമൊക്കെ കൊടുത്തിരിക്കാം. അതൊക്കെ ഓരോരുത്തരുടെയും മനോവികാരം പോലെയിരിക്കും.
ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങളും പ്രതിഷ്ഠാസവിശേഷതകളും ഉണ്ടാവാം. പക്ഷേ കാലം കുറെ മാറിയില്ലേ? എത്രയെത്ര ആചാരങ്ങൾ കാലത്തിനനുസരിച്ച്, ഭക്തരുടെ സൗകര്യത്തിനനുസരിച്ച് എത്രയെത്ര ക്ഷേത്രങ്ങളിൽ മാറ്റപ്പെട്ടിട്ടുണ്ട്... നിങ്ങൾ പറഞ്ഞപോലെ 41 ദിവസത്തെ കഠിനമായ ബ്രഹ്മചര്യവ്രതം നോൽക്കുന്നവരാണോ ഇന്ന് അയ്യപ്പസന്നിധിയിലെത്തുന്ന ഭൂരിഭാഗം പേരും? അവരെ ഞാൻ കുറ്റം പറയില്ല. അവരുടെ ഭക്തിയെയും ഞാൻ ചോദ്യം ചെയ്യുന്നില്ല. കാരണം അവരുടെ സാഹചര്യങ്ങൾ മാറിക്കാണും. എന്റെ ലേഖനം ശരിക്കും വായിച്ചെങ്കിൽ, ഓരോ ഹിന്ദുവും ഇന്ന് എത്ര കൃത്യമായി അവരുടെ ആചാരങ്ങൾ പാലിക്കുന്നില്ല എന്നത് മനസ്സിലായിക്കാണും. സ്ത്രീസമത്വമൊന്നുമല്ല ഇവിടത്തെ പ്രശ്നം, പക്ഷെ ആർത്തവം കാരണമുള്ള അയിത്തആചാരണങ്ങളുടെ ഭാഗമായുള്ള ആചാരങ്ങളാണ്.
ആർത്തവം എന്ന പ്രക്രിയ തീർച്ചയായും അശുദ്ധിയല്ല. എന്നാൽ ആർത്തവ രക്തം വിസർജ്ജ്യം തന്നെയാണ്. വിയർപ്പ് പോലുള്ള ശരീരത്തിലെ വിസർജ്ജ്യ നിയന്ത്രണം മനുഷ്യന്റെ മനസ്സിനില്ലല്ലോ. ഏതോ കാലത്ത് അന്നത്തെ സാഹചര്യത്തിനനുസരിച്ച് ചില നിയമങ്ങളൊക്കെ ഉണ്ടാക്കിക്കാണും. പക്ഷെ ഇന്നത്തെ സാഹചര്യത്തിൽ അത് അതിന്റേതായ തലത്തിൽ അതിന്റേതായ ചിട്ടയിൽ പ്രാവർത്തികമാക്കാൻ പറ്റില്ലെങ്കിൽ അത്തരം ആചാരം ഒഴിവാക്കുന്നത് തന്നെയല്ലേ നല്ലത്? ദൈവത്തിന്റെ ചൈതന്യം മനുഷ്യൻ വിചാരിച്ചാൽ ഇല്ലാതാക്കാൻ കഴിയില്ലെന്ന് മനസ്സിനെ പഠിപ്പിക്കുകയല്ലേ നല്ലത്? അങ്ങനെ വിചാരിച്ചാൽ ഏത് ക്ഷേത്രത്തിൽ വച്ചും അങ്ങ് ഉദ്ദേശിക്കുന്ന നിർവൃതിയുടെ തലത്തിൽ അങ്ങേയ്ക്ക് എത്തിച്ചേരാൻ പറ്റില്ലേ?
അനാവശ്യ കടുംപിടുത്തങ്ങൾ ഒഴിവാക്കിയാൽ ഇന്നത്തെ മാറിയ സാഹചര്യത്തിൽ അപ്രായോഗികമായ ആചാരങ്ങൾ മാറ്റാൻ വളരെ എളുപ്പമല്ലേ? ആചാരങ്ങൾ എല്ലാം വളരെ ചിട്ടയായി പാലിക്കുന്നെങ്കിൽ അത് എല്ലാവർക്കും എല്ലായിടത്തും എല്ലാ ദിവസങ്ങളിലും ബാധകമല്ലേ? നമ്മൾ നമ്മുടെ എല്ലാ ആചാരങ്ങളും കൃത്യമായി ദിനേന പ്രാവർത്തികമാക്കുന്നവരാണെങ്കിൽ, എല്ലാ പഴയ ആചാരങ്ങൾക്ക് വേണ്ടിയും കടുംപിടുത്തം തുടർന്ന് കൊള്ളുക. അല്ലെങ്കിൽ കാലത്തിനനുസരിച്ച് മാറാൻ മനസ്സാലെ തയ്യാറാവുക. മറ്റുള്ളവരുടെ ഭക്തി നമ്മൾ അളക്കാതിരിക്കുക. ഭക്തിയുണ്ടെന്ന് പറയുന്നവരെ പ്രാർത്ഥിക്കാൻ അനുവദിക്കുക. അതല്ലേ ഒരു സാത്വികമനസ്സിന് നല്ലത്?
Facebook Comment 2:
മറുപടിഇല്ലാതാക്കൂNikhil Chandra: 41 ദിവസം വൃതമെടുക്കാൻ കഴിയില്ലെങ്കിൽ നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പത്തിലുള്ള അയ്യപ്പനെ കാണാൻ ഒരു ഭക്തൻ എന്തിനു അവിടെ പോകുന്നു... വേറെയും കുറേ ക്ഷേത്രങ്ങൾ ഉണ്ടല്ലോ.. എന്തിനു ഈ ചിട്ട കാലത്തിനനുസരിച്ചു മാറ്റണം. ബ്രഹ്മചര്യ വൃതത്തിന്റെ ഗുണം ഒന്ന് വേറെ തന്നെയാണ്. അതിനായിട്ടാണ് ആ ക്ഷേത്രം കുടികൊള്ളുന്നത്. മനുഷ്യന്റെ മനോദൗർബല്യത്തിനനുസരിച്ചു അതിന്റെ ചിട്ട മാറ്റാൻ നിന്നാൽ മറ്റുക്ഷേത്രങ്ങളും അതും തമ്മിൽ എന്ത് വിത്യാസം. ഒരോ പ്രതിഷ്ഠക്കും അതിന്റെതായ ധർമ്മവും ഫലവുമുണ്ട്.
അതു അതെ രീതിയിൽ പരിപാലിച്ചില്ലെങ്കിൽ അതിന്റെ ഫലം കിട്ടില്ല.
ഉദാഹരണം : വിദ്യാർഥികൾ SSLC അഥവാ സിവിൽ പരീക്ഷ എഴുതുന്നവർക്കായി പരീക്ഷയുടെ രീതി എളുപ്പമാക്കണം എന്ന് പറഞ്ഞാൽ ശരിയാകുമോ ... അങ്ങനെ പരീക്ഷയെഴുതി ജയിച്ചവർ എങ്ങനെയുള്ളവർ ആയിരിക്കുമെന്ന് ഊഹക്കാമല്ലോ
Naaraayam: Good one Nikhil Chandra, താങ്കൾ മേല്പറഞ്ഞതിനെ ഞാനും അനുകൂലിക്കുന്നു, അംഗീകരിക്കുന്നു. ചിട്ടകളനുസരിച്ച്, താല്പര്യമുള്ളവർ മാത്രം അതാത് കാര്യങ്ങൾ ചെയ്‌താൽ മതി. പക്ഷേ അങ്ങനെയാണോ ഇന്ന് കാര്യങ്ങൾ നടക്കുന്നത്? 41 ദിവസത്തെ ബ്രഹ്മചര്യം അനുഷ്ഠിച്ച്, തറയിൽ കിടന്ന്, സ്വയം പാചകം ചെയ്ത്, പുറത്ത് നിന്ന് ഭക്ഷണം കഴിക്കാതെ, താടിയും നഖവും വെട്ടാതെ, പാദരക്ഷ ഇടാതെ, ഋതുമതികളായ ഭാര്യാ / പുത്രീ സാമീപ്യം പോലുമില്ലാതെ ഇന്നെത്ര പേര് അയ്യപ്പനെ കാണാൻ വരുന്നുണ്ട്? അങ്ങനെയുമുള്ള യാഥാർഥ്യമെടുത്താൽ അയ്യപ്പനെ കാണാൻ വരുന്നവരിൽ ഭൂരിഭാഗവും അയ്യപ്പനെ കാണാൻ അനുവാദമില്ലാത്തവരാവില്ലേ? എന്നിട്ടും അവരൊക്കെ കയറുന്നില്ലേ ? എന്ന് വച്ചാൽ അവിടെത്തന്നെ അറിഞ്ഞു കൊണ്ട് ആചാര ലംഘനം നടക്കുന്നില്ലേ?
പിന്നെ 10 വയസ്സിന് മുൻപും 50 വയസ്സിന് ശേഷവും ഋതുമതികളായ / ആകുന്ന സ്ത്രീകൾ മലചവിട്ടിയാലും ഇത് തന്നെയല്ലേ സംഭവിക്കുന്നത്? അത് നിയന്ത്രിക്കാൻ വല്ല മാർഗ്ഗവുമുണ്ടോ? അതും അറിയാതെ നടന്ന് വരുന്ന ആചാര ലംഘനമല്ലേ?
ഇതൊക്കെക്കൊണ്ടാണ് പറയുന്നത് ഇത്തരം ആചാരങ്ങൾ അതിന്റേതായ പവിത്രമെന്ന് പറയുന്ന രീതിയിൽ പ്രാവർത്തികമാക്കുക എളുപ്പമല്ല, അത് സാദ്ധ്യമല്ല. പണ്ട് കാലത്ത് അങ്ങനെയൊരു നിയമം / ചിട്ട ഉണ്ടെന്ന് വച്ച്, അതിന്റെ മേലെ അറിഞ്ഞു കൊണ്ട് വെള്ളമൊഴിച്ച്, അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് ബോധവാനായിക്കൊണ്ട്, പിന്നെയും ചിട്ടയായ ആചാരപാലനത്തിന് വേണ്ടി വാശി പിടിക്കുന്നതിൽ വല്ല അർത്ഥവും ഉണ്ടോ? അതിനെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്.
അതിന്റെകൂടെ ആർത്തവത്തിന്റെ പേരിൽ ആചരിക്കപ്പെടുന്ന അയിത്താചരണത്തെക്കുറിച്ചും. അവരെ ആർത്തവ സമയത്ത് ഇന്നത്തെ പരിഷ്‌കൃത സമൂഹത്തിൽ ഒരു സ്ഥലത്തുനിന്നും അവരെ മാറ്റി നിർത്തുന്നത് ഉചിതമായിത്തോന്നുന്നില്ല. ഭയപ്പെടുത്തി വളർത്തിയത് കൊണ്ട് ചില സ്ത്രീകൾ ഇന്നും താല്പര്യപ്പെടുന്നില്ലെങ്കിലും.... പണ്ട് കാലത്ത് അന്നത്തെ ചില സാഹചര്യങ്ങളിൽ അങ്ങനെയൊക്കെ നിയമങ്ങളുണ്ടാക്കിയെങ്കിലും ഇന്നത് മാറ്റിക്കൂടെ? ദൈവത്തിനെന്ത് ആർത്തവം? അതേസമയം കൃത്യമായി പാലിക്കാൻ പറ്റുന്ന, ഉപദ്രവകരമല്ലാത്ത ആചാരങ്ങൾ നിലനിന്നോട്ടെ...
Facebook comment 3:
മറുപടിഇല്ലാതാക്കൂGeekay Menon: Vivaradoshikalodu enthu parayan , sathi , ayitham ellam koottokozhchu athinte koode aarthavam koodi cherthu
Venugopalan M Kokkodan: Thank you Geekay Menon. Yeah simple things made so complicated.
Geekay Menon: TU there are people with special agenda and false propaganda to split Hindu community