2020, ഡിസംബർ 20, ഞായറാഴ്‌ച

കാമസ്യ പുലഭ്യം 'കുമൈപൂ' (തെറി കേൾക്കും വഴികൾ - 3)

കുരങ്ങൻ പത്രാധിപനായാൽ (തെറി കേൾക്കും വഴികൾ - 1)

സ്വയംകൃതി ചോരൻ (തെറി കേൾക്കും വഴികൾ - 2)

'സരസ്വതീം നമസ്തുഭ്യം വരദേ കാമരൂപിണീ...' - ഈ ശ്ലോകശകലം ഇവിടെക്കുറിച്ചത് എന്തിനാണെന്ന് വഴിയേ മനസ്സിലായിക്കൊള്ളും!

കുരങ്ങനായും കൃതിചോരനായും അഹങ്കാരിയായും പേരുകേൾപ്പിച്ചതിന് ശേഷം, എഴുത്തിന്റെ പേരിൽ നല്ല പച്ചത്തെറി കേൾക്കാനുള്ള ഭാഗ്യമുണ്ടായത് 2019 ലാണ്. അതും നല്ല 'കുമൈപൂ' തെറികൾ! ഈ 'കുമൈപൂ' തെറികൾ എന്താണെന്ന് എനിക്കിവിടെ എഴുതാൻ പറ്റില്ല, പക്ഷേ, ചില നല്ല ഉശിരൻ തെറികളുടെ ആദ്യാക്ഷരം ചേർത്താണ് ഞാനീ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

നേരത്തെയൊക്കെ സംഭവിച്ചത് പോലെ, വാഷിംഗ്ടൺ ഡിസിയിലെ ഒരു സംഘടനയുടെ ആഘോഷമാണ് സന്ദർഭം. 2019 ലെ ഒരു ഓണാഘോഷം. 

സാധാരണയായി, അമേരിക്കൻ മലയാളികളുടെ ഓണാഘോഷം ഏതെങ്കിലും വലിയ ഹൈസ്‌കൂളിലെ ഹാളിലാണ് നടക്കാറുള്ളത്. 2019 ലെ സംഘടനയുടെ നേതൃത്വം, ഈ അവസ്ഥക്ക് മാറ്റം കൊണ്ടുവരാണെന്ന രീതിയിൽ, ഓണാഘോഷം ഒരു open space ൽ നടത്താൻ തീരുമാനിച്ചു. പത്തുകൊല്ലം മുന്നേ ഇതേ പോലെ open space ൽ പരിപാടി നടത്തിയിട്ടുണ്ടെങ്കിലും, ഇത്തവണ, എന്തുകൊണ്ടോ വളരെ ബലംപിടിച്ചുള്ള നിഷേധാത്മക സമീപനമായിരുന്നു ഒരു കൂട്ടം താപ്പാനകൾ അവലംബിച്ചത്. മഴയുടെയും ഇരിപ്പിടങ്ങളുടെയും, ശൗച്യസൗകര്യങ്ങളുടെയും പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും, കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കാം എന്ന് കമ്മിറ്റി പറഞ്ഞെങ്കിലും, താപ്പാനകളുടെ ബലം പിടുത്തത്തിന് അറുതിയുണ്ടായില്ല. ചില കുങ്കിയാനകൾ,  താപ്പാനകളെയും ഒറ്റയാനെയും (President) മെരുക്കാൻ ശ്രമിച്ചെങ്കിലും മദപ്പാടുകൾക്ക് ഒട്ടും ശമനമുണ്ടായില്ല. ഇതിനിടയിൽ ചില മോഴകൾ, ചില പദപ്രയോഗങ്ങളുടെ പേരിൽ വക്കീൽ നോട്ടീസ് ഭീഷണികളുയർത്തി, ധ്രുവീകരണപ്രക്രിയകൾ ആരംഭിച്ചു. വാഗ്വാദങ്ങളും ഗ്വാഗ്വാകളും നിറഞ്ഞൊഴുകിയ ചില കൂടിക്കാഴ്ചകൾക്കൊടുവിൽ, താപ്പാനകളെയും മോഴകളെയും അവഗണിച്ച്, ഓണാഘോഷം തുറന്ന സ്ഥലത്ത് നടത്താൻ തന്നെ കമ്മിറ്റിയിലെ കുഴിയാനകളും കുഴിയാനകളുടെ നേതാവായ ചെവി അധികം കേൾക്കാൻ ശ്രമിക്കാത്ത ഒറ്റയാനും തീരുമാനിച്ചു. (ഈയൊരുവനും കുഴിയാനകളിൽ ഒരാളായിരുന്നു) അതിൽ പ്രതിഷേധിച്ച്, താപ്പാനകളും ചില പിടിയാനകളും ബഹിഷ്കരണങ്ങളും നിസ്സഹകരണവും പ്രഖ്യാപിച്ചു. വിമർശനവും സഹകരണവും ഒരുപോലെ വേണമെന്ന ചാണക്യനീതി, എല്ലാവരും ചാണകത്തിൽ മുക്കി! കാട്ടാനകൾ പോലും പരിഷ്‌കൃതരായ നാട്ടാനകൾക്ക് മുന്നിൽ നാണം കെട്ടു !!

എന്തായാലും, ഓണാഘോഷങ്ങളുടെ ക്രമീകരണങ്ങൾ ആരംഭിച്ചു. നിസ്സഹകരണങ്ങളിൽ വാശി പൂണ്ട്, വാശിയോടെ തന്നെ ഒറ്റയാൻ പണസമാഹരണം നടത്തി. വടക്ക് പടിഞ്ഞാറൻ മെരിലാന്റിലെ ഒരു തുറന്ന മൈതാനിയിൽ അരങ്ങേറാനുള്ള ഓണാഘോഷപരിപാടികൾക്ക് വേണ്ടി കലാപരിപാടികളുടെ പരിശീലന പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കപ്പെട്ടു. ഈ ഓണാഘോഷത്തിന്, സമാനതകളില്ലാതാക്കാൻ ആഘോഷത്തിന്റെ Highlight ആയി ഇരുനൂറോളം പേർ പങ്കെടുക്കുന്ന ഒരു മെഗാതിരുവാതിരക്കളിയും പ്ലാൻ ചെയ്തിരുന്നു. തിരുവാതിരക്കളി കൂടാതെ, പത്തോളം നൃത്തനൃത്യങ്ങളും അത്തച്ചമയവും പരിപാടികളിൽ സ്ഥാനം പിടിച്ചു. കൊമ്പന്മാരും പിടിയാനകളും കുട്ടിയാനകളും കാണികളായും അവതാരകരായും വന്നണഞ്ഞു!

കള്ളനെന്ന് പേരുകേട്ട സമയത്തെ സംവിധായകനായിരുന്നു ഇത്തവണത്തെ വിനോദസമിതിക്കാരൻ. മേല്പറഞ്ഞ പരിപാടികളെല്ലാം ഒരു തീമിനെ (theme) അവലംബിച്ച് കോർത്തിണക്കാൻ, തീരുമാനിച്ചത് പ്രകാരം, വിനോദസമിതിക്കാരനും ഞാനും കൂടിയിരുന്ന് ഒരു theme തയ്യാറാക്കി. ഓണത്തിന്, സരസനായ ഒരു തറവാട്ട് കാരണവരുടെ തറവാട്ട് മുറ്റത്ത്, തറവാട്ടംഗങ്ങളെല്ലാം ഒരുമിച്ച് ചേരുന്ന അവസരത്തിൽ നടക്കുന്ന പരിപാടികളായിട്ട് അവതരിപ്പിക്കാനായിരുന്നു പദ്ധതി. കൂട്ടത്തിൽ, ഈ സരസനായ കാരണവർ നടക്കാൻ പോകുന്ന പരിപാടികളെക്കുറിച്ച് സരസമായി ഒരു ആമുഖം കൊടുക്കുകയും ചെയ്യും.

അങ്ങനെ, തറവാട്ട് മുറ്റത്ത് നടക്കുന്ന പരിപാടിക്ക്, തറവാട്ട് കാരണവർക്ക് പറയാൻ വേണ്ടിയുള്ള സ്ക്രിപ്ട് തയ്യാറാക്കുന്ന ചുമതലയും അത് റെക്കോഡ് (record) ചെയ്യുന്ന ചുമതലയും എന്നെ ഏല്പിച്ചു. അപ്രകാരം സ്ക്രിപ്റ്റൊക്കെ തയ്യാറാക്കുകയും, അത്, പണ്ടത്തെ വിനോദസമിതിക്കാരന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. 

ഒടുവിൽ ഓണാഘോഷത്തിന്റെ ദിവസം വന്നെത്തി. ഭാഗ്യത്തിന്, മഴയുടെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ബഹിഷ്കരണ-നിസ്സഹകരണ ഭീഷണികൾ ഉണ്ടായിരുന്നെങ്കിലും, കുറച്ച് താപ്പാനകളും പിടിയാനകളും വളരെ ഒത്തൊരുമയോടെ ബഹിഷ്കരിച്ചെങ്കിലും, വളരെ വലിയ ജനപങ്കാളിത്തത്തോടെ, തുറന്ന മൈതാനിയിൽ ഒരുക്കിയ തറവാട്ട് മുറ്റത്ത്, അത്തച്ചമയത്തിൽ തുടങ്ങി പരിപാടികൾ ആരംഭിച്ചു.

പരിപാടിയിലെ ജനപങ്കാളിത്തം കണ്ട് ആവേശം കൂടിയ ഒറ്റയാൻ, ആമുഖ പ്രസംഗത്തിൽ, താപ്പാനകൾക്കെതിരെ ഒളിയമ്പുകളെയ്തു. തറവാട്ട് കാരണവരുടെ വേഷം കെട്ടിയ ആൾ, ഓരോ പരിപാടിക്ക് മുൻപായും, വരാൻ പോകുന്ന പരിപാടിയുടെ ആമുഖവും, പരിപാടി കഴിഞ്ഞതിന് ശേഷം, കഴിഞ്ഞ പരിപാടിയെ കുറിച്ചുള്ള അഭിപ്രായവും സ്ക്രിപ്റ്റിന് അനുസരിച്ച്, സരസമായി സംസാരിച്ച്, അവതരിപ്പിക്കാൻ തുടങ്ങി. അത്തച്ചമയവും മെഗാതിരുവാതിരയും ഭംഗിയായി, വിചാരിച്ചതിലും ഭംഗിയായി നടന്നു. കാരണവരുടെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ ആരംഭിച്ചു. 

ഇടക്കൊരു കുട്ടികളുടെ നൃത്ത പരിപാടിക്കിടയിൽ, അവിചാരിതമായി, ഓഡിയോ(Audio) നിലച്ചു പോയി. എത്ര പരിശ്രമിച്ചിട്ടും, ഓഡിയോ ഒരു ഭാഗത്ത് നിന്നുപോകുന്നു. ഉടനെത്തന്നെ, കുട്ടികളുടെ നൃത്തത്തിന്റെ നിർദ്ദേശക സങ്കടത്താലും ദേഷ്യത്താലും ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു. ഞങ്ങൾ എന്തോ തരികിട കളിച്ചിട്ടാണ് പാട്ട് നിന്നുപോയത് എന്ന തരത്തിലായിരുന്നു സംസാരം. ഓഡിയോ ട്രാക്കിന് (Audio track) ഒരു പ്രശ്നവുമില്ലെന്ന് അവർ ആണയിട്ടു. ഞങ്ങൾക്ക് കിട്ടിയ ട്രാക്കാണ് ഞങ്ങൾ പ്ളേ ചെയ്തത്. ഒരു കൃത്രിമവും ഞങ്ങൾ കാണിച്ചിട്ടില്ല. അവിചാരിതമായി അങ്ങനെ സംഭവിച്ചതിൽ ഞങ്ങൾക്കും സങ്കടമുണ്ടായിരുന്നു. ആ പരിപാടിയുടെ നിർദ്ദേശക ഞങ്ങളെ അധിക്ഷേപിച്ചില്ലെങ്കിലും, അവരുടെ ഭാവാദികൾ ഞങ്ങളെ ക്രൂശിക്കുന്ന തരത്തിലായിരുന്നു. ഞങ്ങളെന്തോ കരുതിക്കൂട്ടി ചെയ്തത് പോലെ. എന്തായാലും ഏതോ ഒരു ശ്രമത്തിൽ, ട്രാക്ക് OK യായി. പക്ഷേ പരിപാടിക്കിടയിൽ പലവട്ടം നിർത്തലുകളുണ്ടായത്, നിർദ്ദേശകയുടെ മനസ്സിൽ ഞങ്ങളോട് നീരസം തോന്നാനും മറ്റും കാരണമായിക്കണം. (ഇടക്ക് ട്രാക്ക് നിന്നുപോയി അവതാരകർക്ക് പ്രയാസം സൃഷ്‌ടിച്ച ഈ പരിപാടി, ആ പ്രയാസം തീർക്കാൻ, അതേ ട്രാക്ക് വച്ച് തന്നെ, വേറൊരു സംഘടനയുടെ ഒരു പരിപാടിയിൽ അവതരിപ്പിച്ചപ്പോൾ വീണ്ടും, പണ്ട് നിന്നുപോയ അതേ സ്ഥലത്ത് തന്നെ ട്രാക്ക് നിന്നുപോയത് കാണാൻ എനിക്ക് നിർഭാഗ്യമുണ്ടായിരുന്നു!)

ആഘോഷങ്ങൾ പിന്നെയും തുടർന്നു. പരിപാടികൾക്ക് നടുവിലായി, കുറച്ച് സ്ത്രീരത്നങ്ങൾ അവതരിപ്പിക്കുന്ന ഒരു സംഘനൃത്തമുണ്ട്. 

പൂർവ്വ കാമോദിരി രാഗത്തിലുള്ള, വളരെ ഇമ്പമാർന്ന ഒരു സ്വാതിതിരുനാൾ കൃതിയായിരുന്നു, സ്ത്രീരത്നങ്ങൾ അവരുടെ നൃത്തച്ചുവടുകൾക്കായി തിരഞ്ഞെടുത്തത്. ആ സ്വാതിതിരുനാൾ കൃതി ഇതായിരുന്നു (കേൾക്കാൻ പ്ലേ ചെയ്യുക):


കാമിനീമണി സഖീ താവക മുഖമിന്നു കാമം സ്വിന്നമായതെന്തേ വദ... (കാമിനീമണി)
താമരസബാന്ധവ കിരണമേറ്റു വദനം താന്തമായ് നിതാന്തം...
തരുണമൃഗനയനേ തവ ലോചനയുഗളം അരുണതരമായതെന്തേ ഹന്ത തരുണീ തവ
ദയിതവചനോദിത കോപേന പരമരുണമായിന്നു നീലവാരിദനിഭമാകും
തവകുന്തളം ബാലേ ലുളിതമായതെന്തേ… വദ.. (നീലവാരിദനിഭമാകും.. ) തവ
മലയമാരുത ചലനമതുകൊണ്ടത്രേ ചാലെ ലുളിതമായ് ഇന്നു...
കുങ്കുമപങ്കിലമഴിവാനെന്തുകാരണം കോകിലവാണീ തവ കേൾക്ക... പങ്കജാക്ഷീ
സാമ്പ്രതം ഉത്തരീയകർഷണാൽ പരിചോടഴിഞ്ഞതഹോ..
മേനിവാടുവാനെന്തുമൂലമെന്നു പറക യാനാം യാനത്താലത്രേ വദ... മാനിനീ നീ
ചൊന്നതെല്ലാം സത്യം ഇനിയും മമ വാചം ശ്രൃണു കിമപി സരസനാം ശ്രീ
പത്മനാഭനോടു സഹ സംഭോഗമതിലെന്നിയേ ഇപ്പോൾ വരതനു
തവാധരക്ഷതമായതെങ്ങനെ നിരുപമാത്ഭുതതരാംഗീ.. നിരുപമാത്ഭുതതരാംഗീ... നിരുപമാത്ഭുതതരാംഗീ... നിരുപമാത്ഭുതതരാംഗീ...

കൂട്ടുകാരികളായ രണ്ട് സുന്ദരികളിൽ ഒരുവൾ, മറ്റേ കൂട്ടുകാരിയുടെ അപ്പോഴുള്ള അവസ്ഥയെ, കളിയാക്കിക്കൊണ്ട്, അവരുടെ പൂർണ്ണമായ സ്വകാര്യതയിൽ, തമാശാരൂപത്തിൽ സംവദിക്കുന്നതാണ്, പാട്ടിലെ പ്രമേയം. സാരാംശം ചുവടെ:

നായിക: ഓ കാമിനീ, പ്രിയപ്പെട്ടവളേ, ഇന്ന് നിന്റെ മുഖം ഇത്രയും കാമാർദ്രമായി വിയർക്കുന്നതെന്തു കൊണ്ടാണ്? പറയൂ !
സഖി: സൂര്യകിരണമേറ്റാണ് എന്റെ മുഖം വിയർക്കുന്നത്!
നായിക: ഓ ഭംഗിയേറിയ മാൻമിഴിയഴകുള്ളവളേ, നിന്റെ കണ്ണിണകൾ രക്തവർണ്ണമണിഞ്ഞതെന്തേ?
സഖി: അയ്യോ... ചിലപ്പോൾ എന്റെ പ്രിയപ്പെട്ടവന്റെ കോപമേറിയ വാക്കുകൾ കേട്ടിട്ടാവണം. 
നായിക: നീലവാനത്തിലെ ഭംഗിയുള്ള മേഘങ്ങൾ പോലെ സുന്ദരമായ നിന്റെ വാർമുടികൾ ഇത്രയും അലങ്കോലമായതെന്തേ?
സഖി: സുഖോഷ്‌മളമായ ഇളം കാറ്റേറ്റാണ് എന്റെ മുടിയിഴകൾ അലങ്കോലമായിരിക്കുന്നത്.
നായിക: മധുരമായി സംസാരിക്കുന്നവളേ, നിന്റെ നെറ്റിയിലെ കുങ്കുമം ഇത്രയും പരന്നൊഴുകിയത് എന്തുകൊണ്ടാണ്? 
സഖി: ഓ എന്റെ താമരമിഴിയുള്ള കൂട്ടുകാരീ, എന്റെ മേൽവസ്ത്രം ചിലപ്പോൾ അതിന്റെ മേലെ ഉരഞ്ഞിട്ടുണ്ടാവും.
നായിക: നീ ഇത്രയും തളർന്നിരിക്കുന്നത് പോലെ തോന്നിക്കുന്നതെന്ത് കൊണ്ടാണ്? പറയൂ.
സഖി: അവിടെയും ഇവിടെയുമൊക്കെ കറങ്ങിനടന്നത് കൊണ്ടാവും.
നായിക: ഓ പ്രണയാതുരേ, നീ എന്നോട് ഇതുവരെ പറഞ്ഞതൊക്കെ ചിലപ്പോൾ സത്യമാവാം. സമാനതകളില്ലാത്ത സുന്ദര മേനിയുള്ളവളേ , പക്ഷേ, ഇപ്പോൾ ഞാൻ പറയുന്നത് കേൾക്കൂ... നീ തീർച്ചയായും ശ്രീ പദ്മനാഭന്റെ കൂടെ സംഭോഗതരമായി ഒന്നുചേർന്നിട്ടുണ്ടാവും, അതുകൊണ്ടാണ് നിന്റെ മനോഹരമായ ചുണ്ടിൽ ഇത്തരം അടയാളക്ഷതങ്ങൾ!

ഈ പാട്ടിന് നൃത്തച്ചുവടുകൾ വെക്കാൻ, നാരീരത്നങ്ങൾ പുല്തകിടിയിലെത്തി, അവരവരുടെ സ്ഥാനങ്ങളിൽ പ്രത്യേക ഭാവങ്ങൾ പ്രകടിപ്പിച്ച് കൊണ്ട് നിൽപ്പായി. കാരണവർ ആമുഖം ആരംഭിച്ചു:

"നവരസങ്ങളിൽ സ്വയമേവ ആനന്ദകരമായ വികാരം ജനിപ്പിക്കുന്ന രസം ഏതാന്നറിയോ? ഹലോ... നിങ്ങക്കറിയോ? ല്ലല്ലേ.. മോശം... ഹ്ഉം... എന്നാ ആ രസമാണ് ശൃംഗാരം. അങ്ങനെയാണെങ്കിൽ... ശൃംഗാരമുളവാക്കുന്ന അനുഭൂതി എന്താന്നറിയോ... അതും അറിയില്ലേ... ഹഹഹ  ഹ്ഉം ... അതാണ് കാമം. ഈ കാമരസത്തിന്റെ വിവിധതലങ്ങളെ, അനർഗ്ഗളമായ കാവ്യനൃത്താനുഭൂതിയായി ഇനി നിങ്ങൾക്ക് ഈ വേദിയിൽ കാണാം... അതും ഒരു വശ്യമനോഹരമായ സ്വാതിതിരുനാൾ കൃതി... നിങ്ങളൊന്നും തൽക്കാലം ഇപ്പൊ ശൃംഗേരിക്കണ്ട കേട്ടോ.. ഹഹ എന്താ.. കഥ..."

നാരീമണികൾ നൃത്തം ആരംഭിച്ചു. ആസ്വാദനത്തിനും കൈയ്യടികൾക്കും ഒടുവിൽ, പാട്ട് തീർന്നു, നൃത്തച്ചുവടുകൾ നിലച്ചു, നാരീമണികൾ, ഓരോരുത്തരായി അരങ്ങൊഴിഞ്ഞ് പോകാൻ തുടങ്ങി. കാരണവർ, അഭിപ്രായം പറയാൻ തുടങ്ങി:

'കാമരസമോദകലാളനേ... തവ-വദന-മധര-നാസികാ തലേ... (ഈ ഭാഗം, ഞാനുദ്ദേശിച്ച രീതിയിൽ ശബ്ദദാതാവിന് പറയാൻ കഴിയാഞ്ഞതിനാൽ, റെക്കോഡ് ചെയ്തില്ല) ഹോ... അമ്പമ്പോ... ഗംഭീരം... അധികമൊന്നും പറയാതെ നമുക്ക് അടുത്ത പരിപാടിയിലേക്ക് കടക്കാം.... അല്ലെങ്കിൽ ശരിയാകത്തില്ല....'

കാരണവർ അഭിപ്രായം പറയുന്നതിനിടയിൽ, സംഘത്തലൈവിയും വേറൊരു നാരീമണിയും, ശബ്ദവിന്യാസങ്ങൾ നിയന്ത്രിച്ച് കൊണ്ട് വേദിയുടെ ഒരു മൂലക്കിരുന്നിരുന്ന, എന്റെയും വിനോദസമിതിക്കാരന്റെയും നേർക്ക് ദേഷ്യത്തിന്റെ താളത്തിൽ വന്നടുത്തു. നേരത്തേ നടന്ന ഓഡിയോ ട്രാക്ക് സംബന്ധമായ പ്രശ്നം വീണ്ടും സംസാരിക്കാൻ വരുന്നതായിരിക്കുമെന്നാണ് ഞാനാദ്യം കരുതിയത്.

"നിങ്ങൾ എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്? ഇങ്ങനെയൊക്കെ എഴുതാമോ? "

"എന്താണ് പ്രശ്നം? എന്ത് എഴുതീന്നാണ് പറയുന്നത്?"

"ഓ.. ഒന്നും അറിയാത്ത പോലെ... ഇങ്ങനെയൊക്കെ പറയുന്നത് കേട്ട് ഞങ്ങളുടെ ശക്തി തന്നെ ചോർന്നു പോയി... എങ്ങനെയൊക്കെയോ കളിച്ച് തീർത്തൂന്നേയുള്ളൂ"

"അതിന് മാത്രം ഇപ്പൊ ഇവിടെ, എന്തുണ്ടായി?"

"എന്തായാലും.. എഴുതിയതൊട്ടും ശരിയായില്ല... ഒരു വിധം അവിടുന്ന് രക്ഷപ്പെട്ടാൽ മതീന്നായിരുന്നു ഞങ്ങൾക്ക്..."

"ആമുഖത്തിൽ അതിന് മാത്രം മോശമായിട്ടെന്താണ് ഉള്ളത്? കാമം എന്നും ശൃംഗാരം എന്നുമൊക്കെ എഴുതിയതാണോ പ്രശ്നം?"

"അല്ലാതെ പിന്നെ വേറെന്താണ്? ഇതെന്താ തമാശയാ..."

"പാട്ടിലുള്ളത്രയും തവണ പോലും ഞാൻ 'കാമം' എന്ന വാക്ക് എന്റെ script ൽ എഴുതിയിട്ടില്ലല്ലോ.. പിന്നെന്താ പ്രശ്നം?"

"ഇത് ഒട്ടും ശരിയായ ഏർപ്പാടല്ല..."

അതും പറഞ്ഞ് രണ്ടു പേരും ദേഷ്യച്ചുവടുകളോടെത്തന്നെ, വേഗത്തിൽ നടന്നു പോയി.

ഈ സംഭവം അത്ര കാര്യമായിട്ടെടുക്കാതെ, ഞാനും വിനോദസമിതിക്കാരനും പരസ്പരം ചിരിച്ചു. അടുത്ത പരിപാടി അതിനകം തന്നെ തുടങ്ങിയിരുന്നു. 

ഒടുവിൽ പരിപാടികളെല്ലാം ഭംഗിയായി അവസാനിച്ചു. തമാശക്ക് വടംവലി മത്സരവും നടന്നു. കാണികൾ ഓരോരുത്തരായി പിരിഞ്ഞ് പോകാൻ തുടങ്ങി. ഞങ്ങൾ വേദിയിലൊരുക്കിയ എല്ലാ ഒരുക്കങ്ങളും തറവാട്ടിന് വേണ്ടി ഒരുക്കിയ അലങ്കാരങ്ങളും അഴിച്ച് മാറ്റി, സ്ഥലം വൃത്തിയാക്കാൻ തുടങ്ങി. 

പരിപാടി കഴിഞ്ഞിട്ട് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞുകാണും. ഏതോ ഒരു ഭാഗത്ത് നിന്ന് എന്തൊക്കെയോ പെറുക്കിക്കൊണ്ടിരുന്ന വിനോദസമിതിക്കാരൻ, എന്റെ പേര് ഉച്ചത്തിൽ വിളിച്ചു. എന്തോ തിരക്കിലായിരുന്ന ഞാൻ, ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ, പുള്ളി, കൈയ്യിൽ എന്തോ ഒരു ബാനറും ചുരുട്ടിപ്പിടിച്ച്, മറ്റേ കൈയ്യിൽ മൊബൈൽ ഫോണിൽ ഉച്ചത്തിലെന്തോ സംസാരിക്കുകയാണ്. ആ സംസാരത്തിനിടയ്ക്കാണ് എന്നെ വിളിച്ചത്.

ആരോടോ എന്തോ വളരെ ചൂടായി സംസാരിക്കുകയാണെന്ന് പുള്ളിക്കാരന്റെ തനുവദനഭാവങ്ങൾ കണ്ടപ്പോൾ എനിക്ക് തീർച്ചയായി. ഞാൻ എന്താണെന്ന് ആംഗ്യം കാണിച്ചപ്പോൾ, അവൻ എന്റെ നേരെ നടന്നു വന്നു. 

"ഞാൻ അവന് തന്നെ കൊടുക്കാം... നേരിട്ട് സംസാരിച്ചോ..." എന്ന് ഫോണിൽ പറഞ്ഞ്, ഫോൺ എന്റെ നേരെ നീട്ടി.

ആരാണ് എന്താണ് എന്ന് ഞാൻ ആംഗ്യഭാഷയിൽ വിനോദസമിതിയോട് ചോദിച്ചെങ്കിലും 'നീ സംസാരിക്ക്...' എന്ന മട്ടിൽ അവനും കൈ കൊണ്ട് ആംഗ്യം കാണിച്ചു. അവന്റെ മുഖം ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു. 

ഞാൻ പതുക്കെ ഫോൺ ചെവിയിൽ വച്ച് 'ഹലോ' പറഞ്ഞ് സംസാരിക്കാൻ ആരംഭിച്ചു.

"നീയൊക്കെ എവിടത്തെ എഴുത്ത് കാരണാണ്? നിനക്കൊന്നും ബോധമില്ലേ? എന്തൊക്കെയാ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്..? മൈ...ലെ  പരിപാടിയായിപ്പോയി..."

ഹലോ പറഞ്ഞയുടനെത്തന്നെ എന്റെ ചെവിയിലേക്ക് ശബ്ദബുള്ളറ്റുകൾ പായുകയായിരുന്നു. എനിക്ക് ആളെ പിടി കിട്ടി. നേരത്തെ കഴിഞ്ഞ, സ്വാതിതിരുനാൾ കൃതിക്ക് നൃത്തം ചെയ്ത കൂട്ടത്തിലെ നേതാവിന്റെ ഭർത്താവാണ്.

"ചേട്ടാ...ഇത്ര ദേഷ്യം പിടിക്കാൻ മാത്രം അതിലെന്താണ് ഞാനെഴുതിയിരിക്കുന്നത്...?"

"നിങ്ങളെന്താ ആളുകളെ കളിയാക്കുകയാണോ... ഇതിനെക്കാളും നല്ലത് കു-- തുറന്ന് കാണിക്കുന്നതല്ലേ... ഇതൊക്കെ കേട്ടിട്ട് എന്റെ പേരന്റ്സിന്റെ തൊലി ഉരിഞ്ഞു പോയി... ഇവരൊക്കെ സ്റ്റേജിൽ ശൃംഗരിക്കാൻ വരുന്നൂന്നാണോ നിന്റെയൊക്കെ ധാരണ..?"

"സോറി ചേട്ടാ.. നിങ്ങൾ തെറ്റിദ്ധരിച്ചാണ്... ഏന്തയായാലും നിങ്ങൾക്കുണ്ടായിരിക്കുന്ന സങ്കടത്തിന് സോറി... പക്ഷേ അതിന് മാത്രം ഇവിടെ ഒന്നും ഉണ്ടായിട്ടില്ലല്ലോ... ആ പാട്ടിൽ അമ്പത് തവണ കാമം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, ഞാൻ അഞ്ച് തവണയേ കാമം എന്നെഴുതിയിട്ടുള്ളൂ... ആ പാട്ടിലുള്ളത്ര ഒന്നും ഞാനെഴുതിയിട്ടില്ല. ആ പാട്ടിന്റെ സത്തിലുള്ളത്ര കാമമോ ശൃംഗാരമോ എന്റെ ആമുഖത്തിനില്ല... "

"എന്ത് സോറി... പൂ--ലെ പരിപാടി... നിനക്കൊക്കെ വലിയ ആളാണെന്നുള്ള വിചാരമുണ്ട്... "

"ചേട്ടാ.. ചേട്ടന്റെ ഭാര്യ ഈ പാട്ട് എടുത്ത് ആടുന്നതിന് മുന്നേ അതിന്റെ അർത്ഥം നോക്കിയിരുന്നില്ലേ... ഈ പാട്ടിൽ എന്താണ് സംവദിക്കുന്നതെന്ന് മനസ്സിലായിരുന്നില്ലേ... അപ്പോഴൊന്നും അശ്ലീലം തോന്നാഞ്ഞതെന്താണ്?  ഇതുപോലൊരു പാട്ടെടുത്ത് നൃത്തം ചെയ്യാൻ വന്നിട്ട് ഞാനെഴുതിയ ആമുഖത്തിനെയാണോ കുറ്റം പറയുന്നത്? ആ പാട്ടിന് നൃത്തം വച്ചിട്ട് ഇല്ലാതിരുന്ന അപമാനമാണോ എന്റെ ആമുഖം കേട്ടപ്പോൾ തോന്നിയത്? ആ പാട്ട് മോശമാണെന്ന് ഒരിക്കലും ഞാൻ പറയില്ല... കാമം എന്ന വാക്ക് ഒരിക്കലും മോശമല്ല... ശൃംഗാരവും മോശമല്ല. നാട്യത്തിൽ ശൃംഗാരം കാണിക്കൂലേ... അത് മോശമാണോ?..."

"മതി.. പണ്ടാരം... ഇതിനെക്കാളും നല്ലത് ഇങ്ങനത്തെ പരിപാടിക്ക് വരാതിരിക്കുന്നതാ... എന്തും എഴുതാമെന്ന അഹങ്കാരമാണ് നിനക്കൊക്കെ.. ഇതൊക്കെ ആദ്യമേ കേൾക്കേണ്ടതായിരുന്നു... "

"ചേട്ടാ... അങ്ങനെയാണെങ്കിൽ ഇത്തരം പാട്ട് എടുക്കരുതെന്ന് പറ..."

"നിർത്ത്.... മൈ--

അതും പറഞ്ഞ് വിദ്വാൻ ഫോൺ കട്ട് ചെയ്തു.

"നീയെന്തിനാ അവനോട് 'സോറി' പറയാൻ പോയത്..?" വിനോദ സമിതിക്കാരൻ എന്നോട് ചൂടായി... സത്യത്തിൽ എനിക്കും രോഷം അടക്കാനായിരുന്നില്ല. 'സോറി' പറഞ്ഞത് എന്റെ ഒരു ശീലം കൊണ്ടാണ്. അതൊരു മാപ്പ് പറച്ചിലല്ല... പകരം മറുഭാഗത്തിന് ഉണ്ടായ ഒരു വികാരത്തിനെ, വികാരത്തള്ളിച്ചയെ ശമിപ്പിക്കാൻ പറയുന്നതാണ്. എന്റെ മേലെ അഭിഷേകം നടക്കുന്നതിന് മുന്നേ, വിനോദസമിതിയുടെ മേലും നല്ല പോലെ 'കുമൈപൂ' അഭിഷേകം ഇതിനകം നടന്നിട്ടുണ്ട്. അതിന്റെ ചൂടിലാണ് അവൻ.

സംഘനേതൃത്വം, വീട്ടിൽ ചെന്നയുടനെത്തന്നെ, അവർക്ക് സംഭവിച്ച അപമാനഭാരത്തിന്റെ കെട്ട് ഭർത്താവിന്റെ മുന്നിൽ അഴിച്ചൊഴുക്കിയിരിക്കുന്നു. ആ അപമാനത്തിൽ കലിപൂണ്ട്, അപമാനിച്ചവരെ പൂണ്ടടക്കം വെട്ടാൻ, വാളെടുത്ത് ഇറങ്ങിയിരിക്കുകയാണ് ഭർത്താവ്.  

വളരെയടുത്ത ആൺസൗഹൃദസദസ്സുകളിൽ, തമാശാരൂപത്തിൽ ചില 'കുമൈപൂ' മണങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും, ദേഷ്യം പിടിച്ച അവസ്ഥയിൽ, അകാരണമായി 'കുമൈപൂ' കൊണ്ട് വന്ന് തരുമ്പോൾ, എങ്ങനെ അമ്പരക്കാതിരിക്കും? അതും, വിദ്യാസമ്പന്നരായി, ഏഴ് സാഗരങ്ങളും കടന്ന്, അമേരിക്കൻ മണ്ണിൽ വന്ന്, മഹാമാന്യസംസ്കാരസമ്പന്നന്മാരായി ജീവിക്കുന്നവരുടെ ഇടയിൽ നിന്ന് തന്നെയാവുമ്പോൾ, എങ്ങനെ അമ്പരപ്പിന്റെ വ്യാപ്തി കൂടാതിരിക്കും?

കാമം മുതൽ സംഭോഗം വരെയുള്ള വാക്കുകൾ പാട്ടിൽ ഉപയോഗിച്ചിട്ടുണ്ട്. അങ്ങോളമിങ്ങോളം മൃദുലവികാരങ്ങൾ ഉദ്ദീപിപ്പിക്കുന്ന രാഗമാണ് പാട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. പക്ഷേ അതൊന്നും അശ്ലീലമായ രീതിയിലല്ലതാനും. അപാരമായ ആലാപനവും, പദസഞ്ചലനവും അതിനൊത്ത രാഗതാളങ്ങളും തീർത്ത, അതിമനോഹരമായ, സാഹിത്യസംപുഷ്ടമായ പാട്ട്. ആ പാട്ടിന്റെ സത്ത ഉൾക്കൊണ്ട്, നമ്മുടെ തീമിന് അനുസരിച്ച്, സരസനായ കാരണവർ, ആ പാട്ടിലുള്ള പദങ്ങൾ തന്നെ ഉപയോഗിച്ച് സരസമായി മൊഴിഞ്ഞു എന്നതാണ് അപരാധം! കൂട്ടത്തിൽ ശൃംഗാരം എന്ന പദവും ഉപയോഗിച്ചത് കൊണ്ട്, നൃത്തം ചെയ്തവർ ശൃംഗരിച്ചതായി, നൃത്തം ചെയ്തവർക്ക് തോന്നിയിരിക്കണം. പാട്ടിലെ സാഹിത്യം മനസ്സിലാവാതെ, വെറും താളവും സംഗീതവും മാത്രം കേട്ട് ആസ്വദിക്കുന്ന ഇത്തരം കലാസ്വാദകരോട് എനിക്ക് 'അനുകമ്പ' മാത്രമേ ഉള്ളൂ. പദങ്ങളുടെ അർത്ഥങ്ങൾ സന്ദർഭത്തിനനുസരിച്ച് എടുക്കാനറിയില്ലെങ്കിൽ അത്തരം ആളുകളോട് എന്താണ് പറയുക? തുടക്കത്തിൽ കൊടുത്തിട്ടുള്ള സരസ്വതി സ്തുതിയിലെ 'കാമരൂപിണി' എന്ന പദപ്രയോഗത്തിന്, 'സുന്ദരി' എന്നതിന് പകരം, മറിച്ചൊരർത്ഥം കൊടുത്താൽ എങ്ങനിരിക്കും? 'മൂലം' എന്ന വാക്ക് കേൾക്കുന്ന മാത്രയിൽത്തന്നെ, മറ്റുള്ളവരുടെ ആസനത്തിന്റെ ചിത്രം മനസ്സിൽ വരുന്നവരോട് നമുക്ക് സംവദിക്കാൻ പറ്റുമോ?

എന്ത് ചെയ്യണം എന്ന് ഒന്നും മനസ്സിലാവാത്ത ആ അവസ്ഥയിൽ,  അടുത്തുണ്ടായിരുന്ന, ഈ വിളിച്ചയാളുമായി കൂടുതൽ അടുപ്പമുള്ള ഒരാളോട് ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു. കാര്യം മനസ്സിലായപ്പോൾ, അദ്ദേഹവും വിളിച്ചയാളിന്റെ വൈഭവത്തെക്കുറിച്ച് പറഞ്ഞ് തന്നു. ഈ കാര്യം കഴിവതും മനസ്സിൽ നിന്ന് വിട്ടുകളയാൻ അദ്ദേഹം ഞങ്ങളെ ഉപദേശിച്ചെങ്കിലും മനസ്സിലെ കാലുഷ്യം അടങ്ങിയിരുന്നില്ല.

ഏകദേശം ഒരു മണിക്കൂറ് കൂടി കഴിഞ്ഞപ്പോൾ, ആഘോഷപ്പറമ്പിലെ വൃത്തിയാക്കലുകളൊക്കെ തീർന്നു. ഞങ്ങൾ മടങ്ങാൻ വേണ്ടി കാറിലേക്ക് കയറി. തിരിച്ച് വരുന്ന വഴിക്കും, കാറിൽ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു നടന്നത്. ഓർക്കാപ്പുറത്ത് തെറിയഭിഷേകം കേൾക്കേണ്ടി വന്നതിലുള്ള അമ്പരപ്പ് എനിക്കും വിനോദ സമിതിക്കാരനും മാറിയിട്ടുണ്ടായിരുന്നില്ല. 

ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് എന്റെ സഹധർമ്മിണിയുടെ ഫോൺ വന്നത്. ഫോൺ നേരെ ബ്ലൂടൂത്ത് വഴി കണക്ടായി.

"നിങ്ങളെന്താ അവരുടെ പരിപാടിക്ക് വേണ്ടി എഴുതിയത്...?" ആമുഖമൊന്നുമില്ലാതെ നേരെ അവളുടെ ചോദ്യമാണ്. അവളുടെ ആ ചോദ്യം കേട്ടപ്പോൾത്തന്നെ എനിക്ക് ദേഷ്യമാണ് വന്നത്. അല്ലെങ്കിൽ തന്നെ തലച്ചോറ് ചൂടായിരിക്കുകയാണ്...

"എന്താ പ്രശ്നം? നിന്നോടാരാ പറഞ്ഞത്...."

അവൾ കാര്യം പറഞ്ഞു. അപ്പഴേക്കും ചില അന്തർജ്ജനങ്ങൾ, എന്റെ കുരുത്തക്കേടിനെപ്പറ്റി എന്റെ ഭാര്യയുടെ ചെവിയിൽ ഓതിക്കൊടുത്തിരിക്കുന്നു. 

"എന്താണ് ശരിക്കുമുള്ള കാര്യമെന്നൊക്കെ വീട്ടിലെത്തിയിട്ട് പറയാം... നീയിപ്പോ ഫോൺ വെക്ക്..." അതും പറഞ്ഞ്, ഭാര്യയെ disconnect ചെയ്തു.

വീട്ടിലെത്തിയതിന് ശേഷവും മനസ്സിന് സമാധാനം കിട്ടിയില്ല. ഫോണെടുത്ത് അവനെ മൂന്നാല് ചീത്ത തിരിച്ച് വിളിച്ച് സമാധാനിച്ചാലോ എന്ന് ഒരിക്കൽ ചിന്തിച്ചു. പക്ഷേ ഒരാഴ്ച കഴിഞ്ഞ്, അദ്ദേഹത്തിനെയും കുടുംബത്തിന്റെയും വീട്ടിൽ വിരുന്ന് വിളിച്ചിട്ടുള്ളതിനാൽ സ്വയം സമാധാനിക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി. വീണ്ടും കാണുമ്പോൾ, എങ്ങനെ വിദ്വാന്റെ മുഖത്ത് നോക്കും എന്നാലോചിച്ച് പിന്നെയും മനസ്സിന്റെ സമാധാനം പോയി.

ശേഷം, ഭാര്യയുടെ മുന്നിൽ സുപ്രീം കോടതിയിലെ കൂട്ടിലെന്ന പോലെ കുറച്ച് നേരം നിന്നു. പാട്ടിനെക്കുറിച്ചും ഞാനെഴുതിയതിനെക്കുറിച്ചും സമയമെടുത്ത് വിശദീകരിക്കേണ്ടി വന്നു. വിശദീകരണത്തിനൊടുവിൽ, ഭാര്യയിലെ ജഡ്ജി, എന്റെ ഭാഗത്ത് ശരിയുണ്ട് എന്ന് വിധിച്ചത്, പിന്നീട് കിട്ടിയ ചായക്ക് മധുരമുണ്ടെന്ന് തോന്നാൻ ഇടയാക്കിയതായിരുന്നു, എന്റെ അന്നത്തെ ദുരിതാശ്വാസം!

വാൽക്കഷ്ണം: ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും മനസ്സ് കൂടുതൽ ശാന്തമായതിനാൽ, വീട്ടിൽ നടന്ന വിരുന്നു സമയത്ത്, ഇങ്ങനെയൊരു സംഭവം നടന്നതായിപ്പോലും നമുക്കാർക്കും ഓർമ്മയുണ്ടായിരുന്നില്ല. 'കുമൈപൂ'വിന് റഫ്‌ളീഷ്യയുടെ മണം മാറി, കൈതപ്പൂവിന്റെ ഗന്ധം കൈവന്നിരിക്കുന്നു!! അതിന് ശേഷം നടന്ന വേറൊരു പരിപാടിയിൽ, അതേ നാരീജനങ്ങൾ ചുവട് വച്ചത്, 'കുടുക്ക് പൊട്ടിയ കുപ്പായം... ഉടുത്തു മണ്ടണ കാലത്തെ... മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ... നടുക്കിരുന്നവളാണേ നീ' എന്ന പാട്ടിനായിരുന്നു. ആ പാട്ടിന് ആമുഖമെഴുതാൻ എന്നെവിളിക്കാഞ്ഞത് കൊണ്ടും ആമുഖമേ ആവശ്യമില്ലാതിരുന്നത് കൊണ്ടും, പുതിയൊരു 'കുമൈപൂ' വിരിയിക്കാനും അത് വാസനിക്കാനും മാലോകർക്ക് ഭാഗ്യമുണ്ടായില്ല!! ഈ കഥ മാലോകർക്ക് മുന്നിൽ അവതരിപ്പിക്കരുതെന്ന എന്റെ നല്ല പാതിയുടെ ആവശ്യം ഞാൻ നിരാകരിച്ചത് കൊണ്ട് മാത്രമാണ് 'കുമൈപൂ' പദം മലയാളത്തിന് ലഭിച്ചത് !!!

***

(Disclaimer: ഇതിൽ പ്രതിപാദിച്ചിട്ടുള്ള സംഭവങ്ങൾക്കും പ്രതിപാദിക്കപ്പെട്ടിട്ടുള്ള വ്യക്തികൾക്കും ഏതെങ്കിലും യഥാർത്ഥ വ്യക്തികളുമായോ സംഭവങ്ങളുമായോ സംഘടനകളുമായോ ആർക്കെങ്കിലും എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ, അത് തികച്ചും യാദൃശ്ചികം മാത്രമാണ്.)

Next:: 

2 അഭിപ്രായങ്ങൾ:

  1. അർത്ഥവും നിയോഗവും അറിയാതെയുള്ള പ്രതികരണങ്ങളാണ് ഇന്ന് എവിടെയും. ചില നേരങ്ങളിൽ സഹതാപം തോന്നും ഇത്ര വിവരക്കേടോ എന്ന്.

    മറുപടിഇല്ലാതാക്കൂ