narayam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
narayam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2023 ജൂൺ 12, തിങ്കളാഴ്‌ച

പരനാരീഫോൺ

"തെക്ക്-കിഴക്കോട്ട് നോക്കിയാൽ ഈ ലോകവും അതിൽ നടക്കുന്ന പല കാര്യങ്ങളും വളരെ ഗൗരവമുള്ളതാണെന്ന് തോന്നാം. എന്നാൽ നേരെ തിരിഞ്ഞ് വടക്ക്-പടിഞ്ഞാറോട്ട് നോക്കിയാൽ അതേ ലോകവും ലോകകാര്യങ്ങളും വളരെ രസകരമായ രീതിയിലും അനുഭവപ്പെട്ടേക്കാം." - നാട്ടിൽ നിന്ന് അമേരിക്കയിലെത്തി കുറേക്കാലമായെങ്കിലും സരസത ഒട്ടും കൈമോശം വന്നിട്ടില്ലാത്ത രാജേട്ടന്റെ വാക്കുകളാണ്. ഈയ്യവസരത്തിൽ തെക്ക്-കിഴക്ക് നടന്ന ഒരു കാര്യത്തെ വടക്ക്-പടിഞ്ഞാറോട്ട് നോക്കി അനുഭവിച്ച രീതിയിൽ രാജേട്ടൻ പറഞ്ഞ ഒരു കഥയാണീക്കഥ.

"ഈ മുട്ടായിക്കടലാസും... നിന്റെ മൂക്ക് തുടച്ച ടിഷ്യൂ പേപ്പറും ഈ ചവച്ചിട്ട ച്യൂയിംഗവും നിന്റെ അമ്മാമൻ കൊണ്ടുപോയി കച്ചറയിൽ കളയുമോ?" ഒരു കൂസലുമില്ലാതെ കാറിൽ നിന്നിറങ്ങി വീട്ടിനകത്തേക്ക് കയറാൻ പോയ മൂത്ത പുത്രൻ രജത്തിനോട് രാജേട്ടൻ ദേഷ്യപ്പെട്ടു. 

അതങ്ങനെയാണ്. എവിടേക്കെങ്കിലും പോയി വീട്ടിലേക്ക് തിരിച്ച് വരുമ്പഴേക്കും കാറിന്നകം മുഴുവൻ ഒരു തരത്തിൽ ഗാർബേജ് ബിൻ ആയിട്ടുണ്ടാവും. ഗ്രനോല ബാറുകൾ പൊടിച്ചതും, പൊട്ടിവീണ കുക്കി കഷണങ്ങളും അതിന്റെയൊക്കെ പൊതികളും നാരങ്ങാത്തൊലിയും കൈയ്യും മുഖവും മൂക്കും മറ്റും തുടച്ച ടിഷ്യൂ പേപ്പറുകളും എന്നുവേണ്ട, ചെരുപ്പിൽ പറ്റിപ്പിടിച്ച് വരുന്ന ലോകത്തെ സകലമാന കച്ചറകളും കാറിനുള്ളിൽ കാണും! പക്ഷേ ഇതൊന്നും രാജേട്ടന്റെ മക്കളുടെ വിഷയങ്ങളല്ല. കാറിലിരുന്ന് തിന്നുക എന്നത് അവരുടെ ജോലിയും കാറ് വൃത്തിയാക്കുക എന്നുള്ളത് രാജേട്ടന്റെ ജോലിയുമാണ്. അതിന്റെ നീരസത്തിലും നിരാശകൊണ്ടുമാണ്, പതിനഞ്ച് കഴിഞ്ഞ മൂത്ത പുത്രനോട് രാജേട്ടൻ കയർത്തത്.

"അവനവൻ ഉണ്ടാക്കിയ കച്ചറകൾ അവനവൻ തന്നെ മാറ്റണം... അവരവര് കൊണ്ടുവന്ന സാധനങ്ങൾ അവരവര് തന്നെ തിരിച്ച് കൊണ്ടുപോയിക്കൊള്ളണം; വെള്ളക്കുപ്പിയോ പുസ്തകങ്ങളോ ചെരുപ്പോ ബാഗോ പെൻസിലോ പേനയോ എന്ത് പണ്ടാരമാണെങ്കിലും കാറിൽ അട വെക്കരുത്..." അതാണ് രാജേട്ടന്റെ ഉഗ്രശാസനമെങ്കിലും, ഈ ശാസനങ്ങൾക്ക് മക്കളും ചെറിയ തോതിൽ അദ്ദേഹത്തിന്റെ നല്ല പാതിയും പുല്ല് വില മാത്രം കല്പിച്ചിരിക്കുന്നത് കൊണ്ട്, ഹെയർ പിന്നുകളും ഹെയർ ബാൻഡുകളും കൊച്ചു മുടിക്കെട്ടുകളും മുതൽ ചവച്ചിട്ട ച്യൂയിംഗം വരെ ഏതൊരു യാത്രക്ക് ശേഷവും കാറിൽ അവശേഷിച്ചിരിക്കും. ചില വേസ്റ്റുകൾ സീറ്റ് പോക്കറ്റുകളിലും സീറ്റുകൾക്കിടയിലും തിരുകിവച്ചിട്ടുണ്ടാവും. രാജേട്ടനൊഴിച്ച് കാറിൽ മറ്റുള്ളവരൊക്കെ ചന്തിയിലെ പൊടിയും തട്ടി, വീട്ടിന്നുള്ളിലേക്കോടി, നേരെ ടിവിക്ക് മുന്നിൽ ചടഞ്ഞിരിപ്പുണ്ടാവും. ഓരോ യാത്രക്ക് ശേഷവും രാജേട്ടന്റെ ശാസനകൾ ആവർത്തിച്ച് കൊണ്ടിരിക്കും.

അച്ഛന് ദേഷ്യം വന്നു എന്ന് മനസ്സിലാക്കിയ ഇളയ പുത്രി രേണു, ഏട്ടനേക്കാൾ മുന്നേ തിരിച്ച് വന്ന് കാറിന്നകം വൃത്തിയാക്കാനുള്ള ശ്രമം തുടങ്ങി; കൂട്ടത്തിൽ ഏട്ടനും. 

"കാറ് മുഴുവൻ വൃത്തിയാക്കീട്ട്... കുളിയും കഴിഞ്ഞേ ഇനി അടുത്ത ഏത് പരിപാടിയുമുള്ളൂ... ട്ടോ..." രാജേട്ടൻ ഇങ്ങനെ പറഞ്ഞപ്പോൾ പിള്ളാര് രണ്ടുപേരും പരസ്പരം കണ്ണിറുക്കി നോക്കി 'ഹാ...' എന്ന് വാതുറന്ന് മൂളിയതേയുള്ളൂ.

ആ മൂളലിൽത്തന്നെ രാജേട്ടന് വീണ്ടും ശുണ്‌ഠി കയറിയതാണ്. പിള്ളേരോട് എന്തോ വീണ്ടും പറയാനോങ്ങിയ രാജേട്ടനെ നല്ല പാതി പ്രമീള തടഞ്ഞത് കൊണ്ട് അന്നവിടെ കൂടുതൽ വഴക്കുകൾ നടന്നില്ല. 

അപ്പലാച്ചിയൻ മലനിരകളുടെ വിർജീനിയൻ ഭാഗമായ, ഷനൻഡോവയിലെ മലനിരകൾക്ക് മുകളിലൂടെ പോകുന്ന scenic road ആയ skyline drive ലെ കാഴ്ചകൾ ആസ്വദിക്കാൻ പോയിട്ട് തിരിച്ച് വന്നതായിരുന്നു രാജേട്ടനും കുടുംബവും. ഒട്ടേറെ view point കളുള്ള skyline drive ലെ കാഴ്ചകൾ നയനമനോഹരമാണ്; പ്രത്യേകിച്ചും summer കഴിഞ്ഞ് fall ലേക്ക് കടക്കുമ്പോൾ ഉണ്ടാവുന്ന മരങ്ങളുടെ fall color എന്ന പ്രതിഭാസം കാണാൻ.

പിള്ളാര് കാറ് വൃത്തിയാക്കുന്നതിനിടെ രാജേട്ടൻ ഷൂസഴിച്ച് ഗരാജിലെ rakeൽ വച്ചു. 

"അമ്മേ... ഇതാർടെയാ ഈ ഫോണ്...?" ഒരു ഫോണും കൈയ്യിലെടുത്ത് ഇടത്തോട്ടും വലത്തോട്ടും ആട്ടിക്കൊണ്ട് രേണു അലറിക്കൊണ്ട് ചോദിക്കുകയാണ്.

"നിന്റെ ആനത്തൊണ്ട കുത്തിക്കീറാതെ മോളെ... പതുക്കെ പറ..." രാജേട്ടന് രേണുവിന്റെ അലർച്ച കേട്ട് പിന്നെയും ദേഷ്യം വന്നു.

"നിന്റെ ബോധമില്ലാത്ത ചേട്ടനോട് തന്നെ ചോദിക്ക്... എന്റെ ഫോണും നിന്റച്ഛന്റെ ഫോണും ഞങ്ങൾടെ കയ്യീത്തന്നെയുണ്ട്..."

"ഇതേട്ടന്റെ ഫോണൊന്നുമല്ല... ഇത് വേറേതോ ഫോണാ... ഒരു ലേഡീസ് ഫോൺ പോലെയുണ്ട്..." 

അകത്തേക്ക് കാലെടുത്ത് വെക്കാൻ തുനിഞ്ഞ രാജേട്ടൻ ഒന്ന് ഞെട്ടി. ലേഡീസ് ഫോണോ? ലേഡീസ് ചെരുപ്പ്... ലേഡീസ് ബാഗ് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതെന്താ ഈ ലേഡീസ് ഫോൺ? അകത്തേക്ക് വെക്കാനോങ്ങിയ കാൽ പിൻവലിച്ച് രാജേട്ടൻ മോളെയൊന്ന് പാളി നോക്കി. അവളാ ഫോൺ തിരിച്ചും മറിച്ചും നോക്കുകയാണ്.

"ലേഡീസ് ഫോണാ...? അതാരുടെ ഫോണാ നമ്മളെ കാറില്...? നീ ശരിക്കും നോക്കിയാ...?" രാജേട്ടന് മുന്നേ രേണുവിന്റെ അടുത്തേക്ക് പ്രമീള കുതിച്ചു.

"ആ ശരിയാണല്ലോ... രാജേട്ടാ... ഇതാരുടെ ഫോണാ...? ഇതിവള് പറഞ്ഞത് പോലെ ഏതോ ഒരു പെണ്ണിന്റെ ഫോണ് തന്നെയാ... ഇതുപോലത്തെ കവറ് ലേഡീസെ വെക്കുള്ളൂ..." ഒരൊറ്റ ശ്വാസത്തിലാണ് പ്രമീള ഇത്രയും പറഞ്ഞൊപ്പിച്ചത്. പ്രമീളയുടെ ശബ്ദത്തിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് രാജേട്ടൻ വെറുതെ സംശയിച്ചു.

"എവിടുന്നാ നിനക്കീ ഫോൺ കിട്ടിയത്...?" രാജേട്ടനും പ്രമീളയും രേണുവോട് ചോദിച്ചത് ഏകദേശം ഒരുമിച്ചായിരുന്നു.

"കാറീന്ന്..."

"ഓ... അങ്ങനെയല്ല കഴുതേ... ഈ കാറിൽ എവിടെ ആയിരുന്നു ഈ ഫോണെന്നാ ചോദിച്ചേ..." പ്രമീളയുടെ 'കഴുതേ' എന്ന പ്രയോഗം കേട്ടപ്പോൾത്തന്നെ, പ്രമീളയുടെ മനോഗതം കുറച്ചൊക്കെ രാജേട്ടൻ ഊഹിച്ചെടുക്കുകയും മാനസികമായി തയ്യാറെടുക്കാൻ സ്വന്തം മനസ്സിനെ പ്രേരിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. സാധാരണ ഗതിയിൽ, രാജേട്ടനേക്കാൾ സഭ്യത പ്രമീള പുലർത്തുന്നതായിരുന്നു പതിവ്.

"മുന്നിലെ പാസഞ്ചർ ഡോറിന്റെ പോക്കറ്റിലായിരുന്നു..." 

"പറയുംപോലെന്നെ... ഇതാർടെ ഫോണാ..." പ്രമീളയുടെ കയ്യിൽ നിന്ന് ധൃതിയിൽ പിടിച്ചുവാങ്ങിയ ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് രാജേട്ടൻ മൊഴിഞ്ഞു. രാജേട്ടന്റെ സംസാരത്തിൽ ഒരു വിറയൽ അനുഭവപ്പെട്ടതായി രാജേട്ടൻ സ്വയം മനസ്സിലാക്കി. 

"നിങ്ങൾക്കറിയില്ലാ...? ശരിക്കും ഒന്നാലോചിച്ച് നോക്ക്യേ..." പ്രമീളയുടെ കണ്ണുകളിൽ ഒരുതരം തീഷ്ണതയുള്ളതായി രാജേട്ടൻ കണ്ടു. കുറച്ച് കൂടെ സംയമനം പാലിക്കേണ്ടത് ഇപ്പോൾ അത്യാവശ്യമാണെന്ന് രാജേട്ടൻ മനസ്സിലുറപ്പിച്ചു.

"എനിക്കെങ്ങനെ അറിയാനാണ്...? ഫോണിൽത്തന്നെ, അല്ല, നിറയെ പിങ്ക് പൂക്കളും വെള്ളപ്പൂക്കളുമുള്ള ഫോണിന്റെ കവറിൽ നോക്കിക്കൊണ്ടാണ് രാജേട്ടൻ മൊഴിഞ്ഞത്.

"നിങ്ങളറിയാതെ നിങ്ങളുടെ കാറിൽ ഈയൊരു ഫോൺ പിന്നെങ്ങനെയാ വന്നത്?" 

"ശരിയാണ് അതെങ്ങനെയാണ് എന്റെ കാറിൽ വന്നത്...?"

കഴിഞ്ഞ ആറേഴ് വർഷങ്ങളായി വീട്ടിൽ നിന്ന് തന്നെയാണ് ജോലി ചെയ്യുന്നത്. ഓഫീസ് യാത്രകളില്ല. പണ്ട് ഓഫീസിൽ പോകുന്ന സമയത്ത്, ലഞ്ചിനെന്നൊക്കെപ്പറഞ്ഞ് ഓഫീസിലെ നാരീമണികൾ വണ്ടിയിൽ കയറിയിട്ടുണ്ട്. അതിനിപ്പോ സാധ്യതകളൊന്നും തീരെയില്ല. ഭാര്യയും മകളുമല്ലാതെ പെൺവർഗ്ഗത്തിൽ പെടുന്നവരാരും ഈയടുത്ത കാലത്തൊന്നും വണ്ടിയിൽ കയറിയിട്ടില്ല. പിന്നെ ഈ ഫോൺ എവിടെ നിന്ന് വന്നു? രാജേട്ടൻ തല പുകഞ്ഞ് ചിന്തിച്ചു.

"അത് തന്നെയാണ് ഞാനും ആലോചിക്കുന്നത്..." വേറൊന്നും അപ്പോൾ രാജേട്ടന് പറയാൻ ഉണ്ടായിരുന്നില്ല.

അപ്പഴേക്കും പ്രമീള അവളുടെ ഫോണെടുത്ത് ആരെയോ കറക്കുന്നുണ്ടായിരുന്നു. രാജേട്ടന്റെ കുടുംബത്തോടൊപ്പം skyline drive കാഴ്ചകൾ കാണാൻ പോയ വിനീതിന്റെ ഭാര്യ രജനിയെയാണ് വിളിച്ചതെന്ന് സംസാരം കേട്ടപ്പോൾ രാജേട്ടന് മനസ്സിലായി. അവരുടെ അറിവിൽ അങ്ങനെ ഏതെങ്കിലും ഫോൺ നഷ്ടപെട്ടിട്ടുണ്ടോ എന്നന്വേഷിക്കുകയാണ്. 

"ഇല്ല... രജനിയുടെയും വിനീതിന്റേയും ഫോൺ അവരുടെ കൈയിത്തന്നെയുണ്ട്..." പ്രമീള ഒരു ദീർഘനിശ്വാസം നീട്ടിവലിച്ച് വിട്ടു.

"ആ..." രാജേട്ടനും ചിന്തിക്കുന്നത് പോലെ ചിന്തിച്ചഭിനയിച്ചു.

"നിങ്ങള് സോമനെ വിളിക്ക്... ഈ ഫോൺ ശാലിനിയുടെതാണോന്ന് ഒരു സംശയം..." കുടുംബസുഹൃത്തായ സോമന്റെ ഭാര്യ ശാലിനിയുടേതാണോ ഫോൺ എന്ന് നോക്കാനാണ് പ്രമീള ആവശ്യപ്പെട്ടത്. 

"ശാലിനിയുടെ ഫോൺ എന്റെ കാറിൽ എങ്ങനെ വരാനാ...? അവളുടേതൊന്നും ആയിരിക്കില്ല ഒറപ്പാ..." രാജേട്ടന് സംശയം ഒന്നും ഉണ്ടായിരുന്നില്ല. 

"എന്നാലും നിങ്ങള് വിളിക്ക്... നമ്മളുടെ സംശയം തീർക്കാലോ..." ശരിയാണ്. ഓരോരോ സംശയങ്ങളാണ്. അവ ഇവിടെത്തന്നെ തീർത്തില്ലെങ്കിൽ രാജേട്ടന്റെ കാര്യം കട്ടപ്പൊകയാണ്.

"ഡാ.. സോമാ... ശാലിനിയുടെ ഫോൺ അവളുടെ കൈയ്യിൽത്തന്നെയുണ്ടോ...?" ഫോൺ ചെയ്തപ്പോ അവൻ എടുത്തത് തന്നെ ..ഭാഗ്യം. സാധാരണ അങ്ങനെ സംഭവിക്കാത്തതാണ്.

"എന്താ.. എന്ത് പറ്റി... ?" സോമൻ അത്ഭുതം കൂറി. രാജേട്ടൻ സോമനോട് കാര്യങ്ങൾ വിശദീകരിച്ചു.

"അവളിപ്പം ഇവിടെയില്ല... മോളെയും കൊണ്ട് ഡാൻസിന് പോയേക്കുവാ... പക്ഷേ ഫോൺ അവളുടെ കയ്യീത്തന്നെയുണ്ട്... രണ്ട് മിനുട്ട് മുന്നേ ഞാൻ അവളെ വിളിച്ചിരുന്നു..." 

അങ്ങനെ ആ സംശയവും തീർന്നു. അപ്പോഴാണ് പ്രമീളയുടെ പുതിയ കണ്ടുപിടുത്തം. ഈ കളഞ്ഞുകിട്ടിയ ഫോണിന്റെ കവറിൽ ഒരു നീളൻ ചെമ്പൻ മുടി ഉടക്കി നിൽക്കുന്നു. രാജേട്ടനെ ആ മുടി തൊടാൻ പോയിട്ട് നോക്കാൻ പോലും പ്രമീള ആദ്യം സമ്മതിച്ചില്ല. പ്രമീള, ആ മുടി ഫോണിൽ നിന്ന് പറിച്ചെടുത്ത് ദേഷ്യത്തോടെ ഊതിപ്പറത്തി വിട്ടു.

ഇതെന്തൊരു പരീക്ഷണമാണ് പടച്ചോനെ... രാജേട്ടൻ മനസ്സിൽ പിറുപിറുത്തു. ഇതേ സമയം, പ്രമീള രാജേട്ടന്റെ കുടുംബവുമായി കൂടുതലെടുത്ത് സഹകരിക്കുന്ന കുടുംബങ്ങളിലെ ഓരോരുത്തരെയായി വിളിച്ച് സംശയം തീർക്കുകയായിരുന്നു. ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് അതിന്റെ അടയാളങ്ങൾ ഓരോരുത്തരോടായി വർണ്ണിച്ച് കൊടുക്കുന്നുമുണ്ട്.

വിളിച്ചവരിൽ ആരോ എന്തോ കളി പറഞ്ഞ് പ്രമീളയെ ശുണ്‌ഠി പിടിപ്പിക്കുന്നത് രാജേട്ടൻ നോക്കി നിന്നു.

വിളിച്ചവരെല്ലാരും കൈ മലർത്തിയപ്പോൾ പ്രമീള വീണ്ടും ചിന്താധീനയായി. ഈ ചിന്തയാണ് രാജേട്ടനെ വല്ലാതെ ആധി പിടിപ്പിക്കുന്നത്.

പ്രമീള ദിവസവും ജോലിക്ക് ഓഫീസിൽ പോകുന്നയാളാണ്. മക്കൾ സ്‌കൂളിലും പോയിക്കഴിഞ്ഞാൽ വീട്ടിൽ രാജേട്ടൻ ഒറ്റക്കാണ്. പോരാത്തതിന് ഈയടുത്തകാലത്തായി അപ്പലാച്ചിയൻ മലയിലെ അപ്പലാച്ചിയൻ ട്രെയിലിനടുത്തുള്ള ഏതോ ഒരു സ്പോട്ടിൽ രാജേട്ടൻ ഇടയ്ക്കിടെ ഒറ്റക്ക് ചില രാത്രികളിൽ ക്യാമ്പ് ചെയ്യാറുള്ള കാര്യവും രാജേട്ടൻ ഓർത്തു. പോരാത്തതിന് ഷനൻഡോവയിൽ പോകുന്നതിന്റെ മുന്നിലത്തെ വീക്കെന്ഡിലെ ശനിയാഴ്ച രാത്രിയും രാജേട്ടൻ മലമുകളിൽ ഒറ്റക്കായിരുന്നു. ശനിയാഴ്ച ഉച്ചക്കടുപ്പിച്ച് കാറുമെടുത്ത് പോയി, റൂട്ട് 7 ന്റെ വഴിയരികിൽ പാർക്ക് ചെയ്തിട്ടാണ് രാജേട്ടന്റെ ഒറ്റക്കുള്ള ക്യാംപിങ് ആരംഭിക്കുന്നത്. പിറ്റേന്ന് ഉച്ചയാവുമ്പോൾ തിരിച്ച് വരും. അതാണ് അദ്ദേഹത്തിൻറെ പതിവ്. 

പോരാത്തതിന് രാജേട്ടന് അയൽക്കാരിയായി ഒരു ഇംഗ്ളീഷുകാരി ഉണ്ടായിരുന്നു. രണ്ട് ചെറിയ പെണ്മക്കളുടെ അമ്മ. പരിഷ്കരിച്ച രീതിയിൽ വസ്ത്രങ്ങളൊക്കെ കുറച്ചധികം കുറച്ച് ഉപയോഗിക്കുന്ന ഒരു പത്രാസുകാരി. മക്കളുടെ അച്ഛൻ അവരുടെ കൂടെ ഇപ്പോഴില്ല. ഇടക്ക് ഏതോ ഒരാൾ അവിടെ വന്ന് താമസിക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രമീളക്ക് ഈ ഇംഗ്ളീഷുകാരിയെ അത്രക്കങ്ങ് പഥ്യമില്ല. രാജേട്ടൻ, രാജേട്ടന്റെ വീടിന്ന് പിന്നിലെ അടുക്കളത്തോട്ടത്തിൽ മസിലൊക്കെ കാണിച്ച് കൊത്തിപ്പറിക്കുകയും വെള്ളം നനയ്ക്കുകയും തക്കാളിപ്പഴങ്ങൾ പറിക്കുമ്പോഴുമൊക്കെ ഈ ഇംഗ്ളീഷുകാരി, അവരുടെ ഡെക്കിൽ ഒരു കാപ്പിയുമായി വന്നിരുന്ന് രാജേട്ടനുമായി നർമ്മഭാഷണങ്ങളിൽ ഏർപ്പെടാറുണ്ടായിരുന്നു. അത്തരം ഭാഷണങ്ങളിൽ നിന്ന് കിട്ടിയ  വിവരങ്ങൾ രാജേട്ടൻ ഇടക്ക് പ്രമീളയോടും പറയാറുണ്ട്. അതോടെ പ്രമീളക്ക് ആ ഇംഗ്ളീഷുകാരിയെ കണ്ണെടുത്താൽ കണ്ടു കൂടാതായി. ആ ആംഗലേയനാരിയോടുള്ള ഇടപെടൽ സൂക്ഷിച്ച് വേണം എന്നൊരു താക്കീതും പ്രമീള കൊടുത്തിരുന്നു.

ഈപ്പറഞ്ഞ കാര്യങ്ങളുടെയോ  മറ്റോ പേരിൽ പ്രമീളക്ക് ചില സംശയങ്ങൾ ഉണ്ടായിക്കാണുമോ എന്നായിരുന്നു രാജേട്ടന്റെ ആധിയും ചിന്തയും. പ്രമീള അങ്ങനെയൊന്നും പറഞ്ഞില്ലെങ്കിലും, അവൾ അങ്ങനെത്തന്നെയാണ് ചിന്തിക്കുന്നതെന്ന് രാജേട്ടൻ സംശയിച്ചു. 

ഈ സമയമാവുമ്പഴേക്കും എല്ലാവരും വീടിനുള്ളിലേക്ക് കയറിക്കഴിഞ്ഞിരുന്നു. അടുക്കളയടക്കമുള്ള ഫാമിലി ഏരിയയിൽ ഇരുന്നാണ് പിന്നെയുള്ള ചർച്ചകൾ നടന്നത്. കണ്ടുകിട്ടിയ ഫോൺ ആരുടേതാണെന്ന മാതാപിതാക്കളുടെ മാനസിക സംഘർഷത്തിനിടയിൽ, കാറിന്നകം വൃത്തിയാക്കിയതായി പ്രഖ്യാപിച്ച്, മക്കൾ അവരുടേതായ വ്യാപാരങ്ങളിൽ മുഴുകിയതൊന്നും രാജേട്ടനും പ്രമീളയും അറിഞ്ഞില്ല.

"ഫോൺ നഷ്ടപ്പെട്ടവർ ഫോണും അന്വേഷിച്ച് ഈ ഫോണിൽ വിളിക്കുമല്ലോ... നമുക്കത് വരെ കാത്തിരിക്കാം..." രാജേട്ടനാണ് പറഞ്ഞത്.

"അത് ശരിയാ... എന്നാലും നിങ്ങൾക്കറീല്ലാ...?" പ്രമീളയുടെ ശബ്ദത്തിന് മേലെ അവരുടെ ശ്വാസത്തിന്റെ സീൽക്കാരം പ്രകടമായി കേൾക്കാമായിരുന്നു.

"ഇനി ഞാൻ തലയും കുത്തിനിന്ന് പറയണോ...? എനിക്കറീല്ലാന്ന് എത്ര തവണ പറഞ്ഞു...?" രാജേട്ടന് ദേഷ്യം വരുന്നുണ്ടായിരുന്നു.

"നിങ്ങളറിയുന്ന ആരുടേതെങ്കിലുമായിരിക്കും... അല്ലാതെങ്ങനെയാ...?" 

"മണ്ണാങ്കട്ട... അതെ... ഇത് അപ്പുറത്തെ മറ്റവളുടെ ഫോണാണ്..." അതും പറഞ്ഞ് രാജേട്ടൻ വസ്ത്രം മാറ്റാനായി മുറിയിലോട്ട് പോയി. 

രാജേട്ടൻ, വസ്ത്രങ്ങൾ മാറ്റിവരുമ്പോഴും, പ്രമീള നേരത്തെ ഇരുന്നിരുന്നിരുന്ന  അതേ ഇരുപ്പിൽത്തന്നെ, കളഞ്ഞ് കിട്ടിയ ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഇരിപ്പായിരുന്നു. അദ്ദേഹം പ്രമീളയുടെ അടുത്ത് ചെന്നിരുന്നു.

"ഒരു കാര്യം ചെയ്യാം... നമുക്കീ ഫോൺ പോലീസിലേൽപ്പിക്കാം... ഇവിടെ വച്ചിരിക്കണ്ട..." 

"അതെ... അതെന്നയാ ഞാനും ആലോചിക്കുന്നത്... അതോടെ എല്ലാത്തിനും ഒരു തീരുമാനം ആകുമല്ലോ... മനസ്സിന് സമാധാനം കിട്ടുമല്ലോ..." രാജേട്ടൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല.

അപ്പോഴാണ് എല്ലിക്കോട്ട് സിറ്റിയിൽ താമസിക്കുന്ന ശ്രീധരന്റെ വിളി രാജേട്ടന് വന്നത്. വെറുതെ സല്ലപിക്കാൻ വേണ്ടിയുള്ള ഒരു വിളി മാത്രമായിരുന്നു അത്. സംസാരത്തിനിടയിൽ, അവിടെയുണ്ടായ പുതിയ സംഭവവികാസം, രാജേട്ടൻ ശ്രീധരനോട് തമാശാരൂപത്തിൽ വിവരിച്ചു. അട്ടഹസിച്ചുകൊണ്ടുള്ള ചിരിയായിരുന്നു ആദ്യത്തെ മറുപടി. എന്തായാലും കാര്യങ്ങളൊക്കെ ഗ്രഹിച്ച ശ്രീധരനാണ്, പോലീസിൽ ഏൽപ്പിക്കുന്നതിന് മുന്നേ ഒരു മുഴുവൻ ദിവസം ഫോൺ വീട്ടിൽത്തന്നെ സൂക്ഷിക്കാൻ നിർദ്ദേശിച്ചത്. അതിനിടയിൽ ആരെങ്കിലും വിളിച്ചാൽ അവർക്ക് ഫോൺ കൈമാറാനുള്ള ഏർപ്പാട് ചെയ്യുക, അഥവാ ആരും വിളിച്ചില്ലെങ്കിൽ നേരെ പൊലീസിന് കൈമാറുക. ആ നിർദ്ദേശം പ്രമീളക്കും സ്വീകാര്യമായിരുന്നു.

അതിനിടയിൽ രാജേട്ടൻ, ഫോൺ ഒന്ന് പരിശോധിച്ചു. അതിന് വാൾ പേപ്പറായോ സ്‌ക്രീൻ സേവറായോ ആരുടേയും ഫോട്ടോ ഉണ്ടായിരുന്നില്ല. കവറിന്റെ ഉള്ളലോ പുറത്തോ അടയാളങ്ങളോ മേൽവിലാസങ്ങളോ ഉണ്ടായിരുന്നില്ല. ഏകദേശം 95 ശതമാനം ബാറ്ററി ചാർജ്ജും നിലവിലുണ്ട്. ഒന്നുരണ്ട് ഊഹപ്പാസ്‌വേഡുകൾ കൊടുത്തു നോക്കിയെങ്കിലും ഫോൺ തുറക്കാൻ പറ്റിയില്ല. പിന്നെ ഒരിക്കലും തുറക്കാൻ പറ്റാതായിപ്പോകേണ്ട എന്ന് കരുതി രാജേട്ടൻ ആ ശ്രമം തുടർന്നില്ല. നിറയെ പൂക്കളുള്ള ആ ഫോൺ കവറിൽ നിന്ന് ചോരയൊലിക്കുന്നുണ്ടോ എന്ന് രാജേട്ടൻ സംശയിച്ചു ഒടുവിൽ ആ ഫോൺ, ഫാമിലി ഏരിയയിലെ ടീപ്പോയിയുടെ മേലെ മലർന്ന് കിടന്ന് വിശ്രമത്തിലായി.

എങ്ങനെയായിരിക്കാം ഈയൊരു ഫോൺ വണ്ടിയിൽ കയറി ഇരിപ്പായത് എന്നതിനെക്കുറിച്ച് രാജേട്ടൻ ഗഹനമായി ചിന്തിച്ചു. skyline driveലൂടെയുള്ള യാത്രയിൽ ഏകദേശം എട്ടോളം view point കളിൽ കാഴ്ചകൾ കാണാൻ വേണ്ടി കാർ നിർത്തിയിട്ടുണ്ട്. ഉച്ചക്ക്, കൂടെ വേറൊരു കാറിൽ അനുഗമിച്ചിരുന്ന വിനീതിന്റേയും രജനിയുടെയും അവരുടെ മകന്റെയും കൂടെ ഒരു പാർക്കിലിരുന്ന്  ലഞ്ച് കഴിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിൽ വച്ചും കാറിൽ നിന്ന് ദൂരേക്ക് പോകുമ്പോൾ കാർ ലോക്ക് ചെയ്തതായിട്ട് തന്നെയാണ് ഓർമ്മ. skyline drive ലേക്ക് പോകുന്ന വഴിയിൽ ഒരു ഗ്യാസോലിൻ കടയിൽ കയറി എല്ലാവരും ശൗച്യാലയങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവിടെയും കാർ ലോക്ക് ചെയ്തിരുന്നു.

ഏതെങ്കിലും view point ൽ നിർത്തിയപ്പോൾ ദൂരെയെവിടെയും പോകുന്നില്ലല്ലോ എന്ന് കരുതി ചിലപ്പോൾ കാർ ലോക്ക് ചെയ്തിട്ടുണ്ടായിരിക്കില്ലേ എന്നൊരു സംശയവും രാജേട്ടനിൽ ഉടലെടുത്തു. അത്തരം view point കളിൽ മാത്രമായിരുന്നു കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. അഥവാ അങ്ങനെ കാർ ലോക്ക് ചെയ്യാതിരുന്ന അവസ്ഥയിൽ വേറെ ആരെങ്കിലും എന്റെ കാർ അവരുടേതാണെന്ന് കരുതി, ഫോട്ടോ ഒക്കെ എടുത്തതിന് ശേഷം, ഫോൺ കൈയ്യിൽത്തന്നെ പിടിക്കാനുള്ള  അസൗകര്യം കൊണ്ട് എന്റെ കാർ തുറന്ന്, അതിന്റെ ഡോർ പോക്കറ്റിൽ ഫോൺ വച്ചതായിരിക്കുമോ? അല്ലാത്തെ വേറൊരു സാധ്യതയും രാജേട്ടൻ കണ്ടില്ല. എന്നാലും ഇത്ര നേരമായിട്ടും ആരെങ്കിലുമൊരാൾ ഈ ഫോണിലേക്കൊന്ന് വിളിക്കാത്തതെന്ത്? വേറെ എന്തെങ്കിലും തട്ടിപ്പ് പരിപാടികളോ മറ്റോ ആയിരിക്കുമോ? രാജേട്ടന്റെ ചിന്തകൾ കാട് കയറി.

ഓരോ പത്ത് മിനുട്ടിലും രാജേട്ടനും പ്രമീളയും ആ ഫോണെടുത്ത് ആരുടെയെങ്കിലും മിസ്സ്ഡ് കാൾസ് ഉണ്ടോ എന്ന് പരിശോധിക്കും. അതിന്റെ ശബ്ദമാനത്തിന്റെ തോത് ഏറ്റവും കൂടുതലായിട്ട് തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത് എന്ന് ഉറപ്പിക്കും. പക്ഷേ അന്ന് രാത്രി കിടക്കുന്നത് വരെയും ആരും വിളിച്ചില്ല. 

"ഞാനീ ഫോൺ നാളെ തിങ്കളാഴ്ച പോലീസ് സ്റ്റേഷനിലേൽപ്പിച്ചോളാം..." പിറ്റേന്ന് ഞായറാഴ്‌ച കാലത്ത് രാജേട്ടൻ പ്രമീളയോട് പറഞ്ഞു.

"അതെന്താ ഇന്ന് ഞായറാഴ്ച പോലീസ് സ്റ്റേഷൻ തുറക്കൂലേ..." പ്രമീളയുടെ ആ ചോദ്യത്തിന് രാജേട്ടന് ഉത്തരം ഉണ്ടായിരുന്നില്ല.

രാജേട്ടൻ നേരെ ഗൂഗിളിൽ നോക്കി അടുത്തുള്ള പോലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ തപ്പിയെടുത്തു; വിളിച്ചു. കാര്യങ്ങൾ പറഞ്ഞു. രാജേട്ടൻ പറഞ്ഞതൊക്കെ അവർ സാകൂതം കേട്ടു. രാജേട്ടൻ എന്തൊക്കെയാണ് പറയുന്നതെന്ന് പ്രമീളയും ശ്രദ്ധിച്ചിരിപ്പാണ്. ഇടക്ക് രാജേട്ടൻ പറയുന്നതിനെ തിരുത്താനൊക്കെ പതുക്കെ സംസാരിച്ചും ആംഗ്യം കൊണ്ടും പ്രമീള ശ്രമിച്ചെങ്കിലും രാജേട്ടൻ അതൊന്നും വകവച്ചില്ല.

ഈയൊരു കാര്യമായത് കൊണ്ട്, അത്രയൊന്നും സീരിയസ് അല്ലാത്ത കാര്യമായത് കൊണ്ട്, ഒരു ദിവസം കൂടി ആ ഫോൺ വീട്ടിൽത്തന്നെ സൂക്ഷിക്കാൻ ഉപദേശിച്ചത്, ആ പോലീസ് സ്റ്റേഷനിലെ റിസപ്‌ഷനിൽ നിന്ന് സംസാരിച്ച പോലീസുകാരിയാണ്. എന്നിട്ടും ആരും വിളിച്ചില്ലെങ്കിൽ തിങ്കളാഴ്ച ഒന്നുകൂടി അവരെ വിളിച്ചിട്ട് ഫോൺ ഏൽപ്പിക്കാനായിരുന്നു ഉപദേശം.

ഒരു ദിവസം കൂടി ആ ഫോൺ വീട്ടിൽ സൂക്ഷിക്കണമല്ലോ എന്ന ചിന്തയിലായിരുന്നു പ്രമീള. 

"നാളെ പോലീസ് സ്റ്റേഷനിൽ ഫോൺ കൊണ്ടുപോയി കൊടുക്കുമ്പോൾ ഞാനും വരും..." 

"അതെന്താ... ഞാൻ അവർക്ക് കൊടുക്കാതെ വേറെ എന്തെങ്കിലും ചെയ്യുമോന്ന് .വിചാരിച്ചിട്ടാ...?" രാജേട്ടന് ചിരി വന്നു.

"ഏയ് അങ്ങനെയൊന്നും അല്ല..." പ്രമീളയുടെ ചിരിയിൽ ചെറിയ വിളർച്ച ഉണ്ടോയെന്ന് രാജേട്ടൻ സംശയിച്ചു.

"അപ്പോ നീ നാളെ ഓഫീസിൽ പോകുന്നില്ലേ ...?

"ഇല്ല... ഇതിനൊരു തീരുമാനം ആവട്ടെ..."

"എന്ത് തീരുമാനിക്കാനാണ്...?" രാജേട്ടന് പൊട്ടിച്ചിരിക്കാതെ വയ്യായിരുന്നു.

"ഹ്ഉം... നീ എന്തേലും ചെയ്യ്..."

പിറ്റേന്ന് തിങ്കളാഴ്ചവരെയും ആ ഫോൺഭൂതത്തിൽ ആരും വിളിക്കാഞ്ഞത്, പ്രമീളയെയും രാജേട്ടനേയും വിവിധതരത്തിൽ അലോസരപ്പെടുത്തി.

തിങ്കളാഴ്ച കാലത്ത് ഏകദേശം പത്ത് മണിയോടെ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഞായറാഴ്ച വിളിച്ചപ്പോൾ എടുത്ത ആളായിരുന്നില്ല തിങ്കളാഴ്ച വിളിച്ചപ്പോൾ എടുത്തത്. എന്തായാലും പോലീസ് സ്റ്റേഷനിലേക്ക് ഫോണുമായി ചെല്ലാൻ വേണ്ടി അവർ നിർദ്ദേശം കൊടുത്തു. രാജേട്ടനും, ഓഫീസിൽ പോകാതെ 'പരനാരീഫോൺ' പൊലീസിന് കൈമാറുന്നുണ്ടെന്ന് ഉറപ്പിക്കാനായി മാത്രം അന്ന് അവധിയെടുത്ത പ്രമീളയും പോലീസ് സ്റ്റേഷനിലേക്ക് ചെന്നു.

സ്റ്റേഷനിൽ എത്തിയപ്പോൾ കാര്യം കുറച്ച് കൂടെ ഗൗരവമായി. സ്റ്റേഷനിൽ ചാർജ്ജുണ്ടായിരുന്ന പോലീസ് ഓഫീസർ രണ്ടുപേരുടെയും വിശദമായ മൊഴിയെടുത്തു. എന്നിട്ട് ഫോൺ കൈമാറാൻ രണ്ട് ഐച്ഛികങ്ങൾ കൊടുത്തു. 

ഒന്നുകിൽ ലീസ്ബർഗിലുള്ള അവരുടെ ഹെഡ് ക്വാർട്ടേസിൽ ഏൽപ്പിക്കുക അല്ലെങ്കിൽ അവർക്ക് കൊടുത്തിരിക്കുന്ന വിസിറ്റിങ് കാർഡിൽ പറഞ്ഞിരിക്കുന്ന പോലീസ് ഓഫിസറെ വിളിച്ച്, അദ്ദേഹം പറയുന്നത് പോലെ ചെയ്യുക.

പോലീസ് സ്റ്റേഷനിൽ പോയിട്ടും മൊഴി കൊടുത്തിട്ടും കൈയ്യിൽത്തന്നെ ഒഴിയാബാധയായി മാറിയ ഫോണിനെ രാജേട്ടനും പ്രമീളയും ഭീതിയോടെ നോക്കി. രണ്ടുപേരുടെയും ഭീതികൾ വ്യത്യസ്തമായിരുന്നെന്ന് മാത്രം.

അവിടെവച്ച് തന്നെ അവർ രണ്ടുപേരും ഒരു തീരുമാനം എടുത്തു. പ്രവർത്തി ദിവസമായ തിങ്കളാഴ്ച, ഇരുപത് മൈലുകളോളം ദൂരെയുള്ള ലീസ്ബർഗിൽ പോയിവരുന്നതിനേക്കാൾ നല്ലത് അവർ തന്ന കാർഡിൽ പറഞ്ഞിരിക്കുന്ന പോലീസ് ഓഫീസറെ വിളിക്കുന്നതാണ്. പ്രമീള ഓഫീസിൽ പോകുന്നില്ലെങ്കിലും, രാജേട്ടന് ജോലിയും ഓഫീസ് മീറ്റിങ്ങുകളും ഉള്ളതാണ്.  കാർഡിൽ പറഞ്ഞ പോലീസ് ഓഫീസറെ രാജേട്ടൻ വിളിച്ചു.

"ഞാനിപ്പോൾ തിരക്കിലാണ്... തിരിച്ച് വിളിക്കാം... ഓക്കേ..."

പോലീസുകാരന്റെ മറുപടി കേട്ട രാജേട്ടനും പ്രമീളയും തിരിച്ച് വീട്ടിലേക്ക് പോയി. രാജേട്ടൻ അദ്ദേഹത്തിൻറെ ഓഫീസ് ജോലികൾ തുടങ്ങിയപ്പോൾ, പ്രമീള അടുക്കളക്ക് മുന്നിലെ സോഫയിൽ നീണ്ട് നിവർന്ന് കണ്ണുമടച്ചിരുന്നു. പോലീസ് ഓഫീസറുടെ വിളിയും പ്രതീക്ഷിച്ചാണ് ആ ഇരിപ്പെന്ന്‌ പ്രമീളയുടെ ഇരുപ്പ് കണ്ടപ്പോൾ രാജേട്ടന് ഉറപ്പായിരുന്നു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും; രാജേട്ടന്റെ ഫോൺ റിങ് ചെയ്തു. ഒന്നാമത്തെ ബെല്ലിൽത്തന്നെ മുകളിലത്തെ നിലയിൽ ജോലിചെയ്തുകൊണ്ടിരുന്ന രാജേട്ടന്റെ അടുത്തത്തേക്ക് പ്രമീള എത്തി.

"ഞാനിപ്പോൾ നിങ്ങളുടെ വീടിന്റെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്... നിങ്ങൾക്ക് വീണ്ടും ഒന്നുകൂടി പോലീസ് സ്റ്റേഷനിലേക്ക് ഫോണുമായി വരാമോ...?

"വരാം സാർ..."

"ആൾറൈറ്റ്..."

"നീയിവിടെത്തന്നെയിരുന്നോ... ഞാൻ പോയി ഫോൺ ഏല്പിച്ചിട്ട് വരാം... ഇനി ഫോൺ കൊടുക്കാതെ വരാൻ എനിക്ക് പറ്റില്ലല്ലോ..." പ്രമീള ഇനിയും ബുദ്ധിമുട്ടേണ്ടെന്ന് കരുതി രാജേട്ടൻ അവസാനമായി ഒന്ന് പറഞ്ഞ് നോക്കി.

"എന്തായാലും ഇതുവരെ കാത്തുനിന്നതല്ലേ... കുഴപ്പമില്ല...ഞാനും കൂടെ വരാം..." പ്രമീള ഉറച്ച തീരുമാനത്തിലായിരുന്നു.

"ഹ്ഉം..." രാജേട്ടൻ ഒന്നമർത്തിയാണ് മൂളിയത്. ഫോണാണോ അതോ പ്രമീളയാണോ ഒഴിയാബാധ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

രാജേട്ടനും പ്രമീളയും പോലീസ് സ്റ്റേഷനിൽ പോയി ഫോണിൽ ബന്ധപ്പെട്ട പോലീസുകാരനെ കണ്ട്, ബാധകയറി ജേഷ്‌ഠയായി കയറിവന്ന, പൂക്കൾ നിറഞ്ഞ 'പരനാരീഫോൺ' അദ്ദേഹത്തിന് കൈമാറി. സ്റ്റേഷനിൽ നിന്നും  തിരിച്ച് വരുന്ന വഴി, സ്വീറ്റ് ഫ്രോഗിൽ നിന്ന് ഒരു ചെറിയ കപ്പ് സ്ട്രാബെറി ഐസ്ക്രീം, പ്രമീള രാജേട്ടന് സ്നേഹപൂർവ്വം വാങ്ങിക്കൊടുത്തു.

"ഞാൻ  ഓഫീസിൽ പോവ്വാണേ... ഇന്നത്തെ അവധി... ഞാനത് ഹാഫ് ഡേയാക്കി മാറ്റീട്ട്ണ്ട്... ബൈ ബൈ..."

തിരിച്ച് വീട്ടിൽ വന്നതിന് ശേഷം, കൈവീശി ചിരിച്ചുകൊണ്ട് ഓഫീസിലേക്കിറങ്ങുന്ന പ്രമീളയെക്കണ്ടപ്പോൾ, കൈവീശുന്നതിന് പകരം, അറിയാതെ രാജേട്ടൻ കൈകൂപ്പിപ്പോയി! കൈകൂപ്പിയ രാജേട്ടനെ കണ്ട് പ്രമീള പൊട്ടിച്ചിരിച്ചു!!

***

2021 നവംബർ 27, ശനിയാഴ്‌ച

മാറിപ്പോകുന്ന രോഗം (ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം - 2)

ഒന്നാം ഭാഗം: ആദ്യമായ് രണ്ടുപേരോടൊപ്പം (ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം - 1)

കാലങ്ങൾ വീണ്ടും ഉരുണ്ടുകൊണ്ടിരുന്നു. ആദ്യമായി ചാരിത്യം നഷ്ടപ്പെട്ട പ്രിയപ്പെട്ട ബ്രഷ്, അതിന്റെ ജീവിതം ജീവിച്ച് തീർന്നതിന് ശേഷം, സ്വാഭാവികമായുള്ള അതിന്റെ കാലയവനികാന്തരപ്രവേശനം നടത്തി. പിന്നീട്, ഏകനായി നിൽക്കുമ്പോഴൊക്കെ, പഴയ ബ്രഷ് പുനർജ്ജനിച്ചെന്നോണം, പലവിധ രൂപത്തിലും നിറത്തിലും, പുതിയ ബ്രഷുകളായി എന്റെ കൂടെ കാലങ്ങളായി വന്നുകൊണ്ടേയിരുന്നു. 

എന്റെ ജീവിതചക്രവും കാലത്തിന്റെ കൂടെ കറങ്ങിക്കൊണ്ടിരുന്നു. എന്റെ താവളങ്ങൾ മാറി. കൂടെ സുഖിച്ച് ജീവിക്കാനായി ഒരു സഖി കൂടെ വന്നു. ആ സഖിയും അവളുടെ പ്രിയപ്പെട്ട ബ്രഷിനെ കൂടെക്കൂട്ടിയിരുന്നു. ആ ബ്രഷും മാസങ്ങളെടുത്ത് രൂപാന്തരം നടത്തിക്കൊണ്ടിരുന്നു. ഞങ്ങളുടെ സുഖങ്ങൾക്ക് നുര പകർന്ന് കൊണ്ട്, ഞങ്ങൾക്ക് മക്കൾ പിറന്നു. അവരുടെ കൂട്ടിനായി, ചെറുപ്പത്തിലേ അവർക്കും പുതിയ ബ്രഷുകളെ പരിചയപ്പെടുത്തി, കൂടെ കൂട്ടിക്കോളാൻ അനുമതി കൊടുത്തു. കുഞ്ഞ് ബ്രഷുകളാണെങ്കിലും കാലാന്തരത്തിൽ അവയും വളർന്നു. ബ്രഷുകളുടെ എണ്ണം വീട്ടിൽ കൂടി വന്നപ്പോൾ, പഴയ അനുഭവത്തിന്റെ വെളിച്ചത്തിൽ, ഞാനെന്റെ സ്വന്തം ബ്രഷിന്റെ കാര്യത്തിൽ കൂടുതൽ ജാഗരൂകനായി.

പണ്ട്, നാട്ടിലായിരുന്നപ്പോൾ, ബ്രഷിന്റെ കാര്യത്തിൽ, ശ്രദ്ധ പുലർത്തേണ്ട കാര്യമേ ഇല്ലായിരുന്നു. കാരണം, ഉമിക്കരിയായിരുന്നു ഞങ്ങളുടെ മുഖ്യമായ പല്ല് വൃത്തിയാക്കൽ ദ്രവ്യമായി ഉപയോഗിച്ചിരുന്നത്. ചില അവസരങ്ങളിൽ, മാവില ചുരുട്ടിയും, വേപ്പിൻ തണ്ട് ചതച്ചും അതുമല്ലെങ്കിൽ, തേങ്ങകൾ കുലയിൽ തൂങ്ങിനിൽക്കുന്ന കുലച്ചിൽതണ്ട് ചതച്ചുമാണ് ചെറുപ്പത്തിലൊക്കെ പല്ല് തേച്ചിരുന്നത്. ഒരു ബ്രഷ് ഉണ്ടായിരുന്നത്, വല്ലപ്പോഴും നടത്തുന്ന ഏതെങ്കിലും യാത്രയിൽ ഉപയോഗിക്കാനായി മാത്രം ഭദ്രമായി മാറ്റിവച്ചിട്ടാണ് ഉണ്ടായിരുന്നത്. അമ്മ മാത്രമാണ്, ചില പല്ലുകൾ അടർത്തിമാറ്റേണ്ടി വന്നതിന് ശേഷം, സ്ഥിരമായി ബ്രഷ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ, അക്കാലത്ത്, ബ്രഷിന്റെ കാര്യത്തിൽ ഒരു വേവലാതിയും ഇല്ലായിരുന്നു. 

ബോംബെയിലായിരുന്നപ്പോൾ, കുളിമുറിയിലെ ജനാലയുടെ കീഴ്ഭാഗത്തുള്ള ചെറിയ പ്രതലത്തിലും, കണ്ണാടിയുടെ കീഴെയുമൊക്കെയായട്ട്, വളരെ അലസമായിട്ടായിരുന്നു ബ്രഷ് സൂക്ഷിച്ച് വച്ചിരുന്നത്. കാലം കഴിഞ്ഞ്, അഞ്ചും ആറും യുവാക്കളുടെ കൂടെ സഹമുറിയാനായി കഴിയേണ്ടി വന്നപ്പോൾ, ബ്രഷിനെ, അന്യ സമ്പർക്കം ഇല്ലാതിരിക്കാൻ, പ്രത്യേകം മാറ്റി വെക്കേണ്ടി വന്നു. സമ്പർക്കത്തിൽ നിന്നാണല്ലോ, ബന്ധങ്ങളിലെ താളങ്ങൾ മറ്റ് തലങ്ങളിലേക്ക് വളർന്ന് തുടങ്ങുന്നത്.

ഇരുപത് കൊല്ലങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി.എന്റെ ജീവിതനിലവാരം ഉയർന്ന് തുടങ്ങി. സ്വന്തമായി വീട് വാങ്ങി. അതിന്റെ ചുവട് പിടിച്ച്, ബ്രഷുകൾക്ക് വിശ്രമിക്കാനും അതിന്റേതായ രീതിയിലുള്ള ചില വസ്തുക്കൾ വീട്ടിൽ സ്ഥാനം പിടിച്ചു. അവിടെയുമിവിടെയുമൊക്കെയായി തൻറേതായ സ്ഥിരം വിശ്രമസ്ഥാനമില്ലാതിരുന്ന എന്റെ ബ്രഷ്, ഭാര്യയുടെ ബ്രഷിനോടൊപ്പം അതിനൊരുക്കിക്കൊടുത്ത കളിത്തട്ടിൽ സല്ലപിച്ചിരിക്കാൻ തുടങ്ങി. ഞങ്ങൾ ഏഴാം കടലും കടന്ന് അമേരിക്കയിലെത്തി. ബ്രഷ് ഹോൾഡറിന്റെ രൂപങ്ങൾക്കും ആഢ്യത്തം കൂടി. ഞങ്ങളുടെ ബ്രഷുകളോടൊപ്പം മക്കളുടെ ബ്രഷുകളും ഒരുമിച്ച് വിശ്രമിക്കാൻ തുടങ്ങി. മക്കളുടെ ബ്രഷുകൾ സ്ഥിരം കൂടെയുണ്ടാവുന്നത്, ഞങ്ങളുടെ ബ്രഷുകളുടെ സ്വകാര്യത നശിപ്പിക്കുന്നു എന്ന പരാതി ഉണ്ടായപ്പോൾ, മക്കളുടെ കിടപ്പറ തന്നെ ഞങ്ങൾ മാറ്റിക്കളഞ്ഞു. കൂടെ അവർക്കായി, അവരുടേതായ കുളിമുറിയും ഒരുക്കിക്കൊടുത്തു. ആ തഞ്ചത്തിൽ, അവരുടെ ബ്രഷുകളെ, വേറൊരു മനോഹരമായ ബ്രഷ് ഹോൾഡറിലേക്ക് മാറ്റി, അവരുടെ കുളിമുറിയിലേക്ക് മാറ്റി കുടിയിരുത്തി. ഇതൊക്കെ കണ്ട്, എന്റെയും ഭാര്യയുടെയും ബ്രഷുകൾ, അവരുടെ ഹോൾഡറിൽ കിടന്ന് മതിമറന്ന് കെട്ടിപ്പിടിച്ചു. നഷ്ടപ്പെട്ട സ്വകാര്യത വീണ്ടുകിട്ടിയല്ലോ!

പിന്നെയും ഞങ്ങളെല്ലാവരും ദിവസേനയുള്ള പല്ല് തേപ്പ് തുടരുകയും, കൂടുതൽ പ്രകാശത്തോടെ നിത്യേന വെളുക്കെ ചിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്തു. ടൂത്ത്പേസ്റ്റുകൾ കലങ്ങിയ വെള്ളം, രാവിലെയും രാത്രിയും പതിവായി മണ്ണിലേക്കുള്ള ഊർന്നിറക്കം തുടർന്നു.

ആപ്പീസിൽ ജോലിക്ക് പോയിരുന്ന കാലത്ത്, ഞാനായിരുന്നു വീട്ടിൽ ആദ്യം എഴുന്നേറ്റിരുന്നത്. പല്ലുതേപ്പടക്കമുള്ള പ്രഭാതകർമ്മങ്ങൾക്ക് ശേഷം, ചില കായികാഭ്യാസങ്ങളും കഴിഞ്ഞ് വേണം ആപ്പീസിൽ പോകാൻ. അങ്ങനെയൊരു ശീലം, അറിയാതെ തന്നെ എന്നെ പിടികൂടിയിരുന്നു. ഇതിനിടയിൽ, ഭാര്യക്ക്, സ്‌കൂൾ ടീച്ചറായി ജോലി കിട്ടി.തുടർന്ന്, അവളും ഏകദേശം എന്നോടൊപ്പം എഴുന്നേക്കാൻ തുടങ്ങി. പിന്നെ കൊറോണ വന്നു. എന്റെ ജോലി വീട്ടിൽ നിന്ന് തന്നെ ചെയ്യാമെന്നായി. സ്‌കൂളടച്ചത് കൊണ്ട് അവളും വീട്ടിലിരിപ്പായി. പിന്നെ സ്‌കൂൾ തുറന്നു. പാവം, അവൾക്ക് വീണ്ടും സ്‌കൂളിലേക്ക് പോയിത്തുടങ്ങേണ്ടി വന്നു. എന്റെ ജോലി സ്ഥിരമായെന്ന പോലെ വീട്ടിൽ നിന്ന് തന്നെയായി. അവൾ എന്നെക്കാൾ മുന്നേ എഴുന്നേക്കാൻ തുടങ്ങി. ഭാര്യ കാറിൽ കയറി പോവുമ്പോൾ ടാറ്റാ പറയേണ്ടത് കൊണ്ട്, ആ സമയത്തിനടുപ്പിച്ച് മാത്രമായി എന്റെ എഴുന്നേൽപ്പ്.

അങ്ങനെ ഒരു ദിവസം കാലത്ത് എഴുന്നേറ്റ്, പല്ല് തേക്കാനായി ഞാൻ ബ്രഷെടുത്തു. ബ്രഷ് കയ്യിലെടുത്ത ഉടനെ, അതിന്റെ നാരുകളുള്ള ഭാഗം തടവുന്നത് എന്റെ വെറുതേയുള്ള ശീലമാണ്. ആ ശീലം വച്ച്, അന്നും ഞാനാ ബ്രഷിന്റെ വായിലേക്ക് കടത്തുന്ന, നാരുകളുള്ള ഭാഗത്ത് കൂടെ വെറുതെ വിരലുകളോടിച്ചു. വിരലുകളോടിച്ചതും, പൊടുന്നനെ എന്റെ വിരലുകൾ നാരുകളിൽ നിന്നും അടർന്ന് മാറി. വിരലുകൾക്ക് വല്ലാത്ത അറപ്പും വെറുപ്പും തോന്നിയിരുന്നു. അപ്പഴാണ് എനിക്കും കാര്യം മനസ്സിലായത്; എന്റെ ബ്രഷിലെ നാരുകൾ നനഞ്ഞിരിക്കുന്നു. സാധാരണ ഗതിക്ക് വളരെ ഉണങ്ങിക്കിടക്കേണ്ടുന്ന എന്റെ ബ്രഷ്, എങ്ങനെ നനഞ്ഞു എന്നാലോചിച്ച് എനിക്ക് വല്ലായ്മയുണ്ടായി.

ഇതുവരെ ഇങ്ങനെ അനുഭവപ്പെട്ടിട്ടില്ല. ഭാര്യ അറിയാതെ എന്റെ ബ്രഷെടുത്ത് പല്ല് തേച്ചോ? അതുമല്ലെങ്കിൽ പഴയ ബ്രഷാണെന്ന് കരുതി, ഏതെങ്കിലും പ്രതലം വൃത്തിയാക്കാൻ ഉപയോഗിച്ചോ? എനിക്ക് സംശയമായി. സംശയം തീർക്കാനായി, ഞാനവളുടെ ബ്രഷ്, സാദരം കൈയ്യിലെടുത്തു. അതിന്റെ നാരുകളുള്ള ഭാഗം വളരെ ലോലമായി തലോടി. അത് നന്നായി ഉണങ്ങിയിരിക്കുന്നു. 

'ഹമ്പടി... കേമീ... നീ ആള് കൊള്ളാലോ...' ഞാനെന്റെ മനസ്സിൽ പറഞ്ഞു. 

പിന്നെ അധികമൊന്നും ആലോചിച്ചില്ല. ഞാൻ രണ്ട് ബ്രഷുകളുമെടുത്ത് താഴേക്കോടി. സ്‌കൂളിലേക്ക് യാത്രപുറപ്പെടാനുള്ള അവസാനത്തെ ഒരുക്കത്തിനിടയിൽ കണ്ണാടിക്ക് മുന്നിലായിരുന്നു അവൾ. 

"നിനക്ക് ബോധമില്ലേ... മാഡം..."

"എന്താ മനുഷ്യാ... ഇന്നും രാവിലത്തെ പതിവൊന്നും തെറ്റിച്ചില്ലല്ലോ... എന്തെങ്കിലും ഉണ്ടാവ്വല്ലോ എലാ ദിവസോം... ഏതെങ്കിലും ഒരു ദിവസം നിങ്ങള്  ചിരിച്ചോണ്ട്  എഴുന്നേറ്റ് വന്നിട്ടുണ്ടോ...?"

അതെന്തോ അങ്ങനെയാണ്, ചിരിക്കാൻ ശ്രമിച്ചാലും എന്റെ മുഖം ഇരുണ്ടിരിക്കും. എന്റെ ആ ജന്മവൈകല്യം ഭാര്യ ഇതുവരെ മനസ്സിലാക്കിയിട്ടുമില്ല. എന്നാലും, മനസ്സിലൊന്നുമില്ലെങ്കിലും, നല്ലതൊന്നും ഒരിക്കലും പറയാതെ, കുറ്റം മാത്രം എടുത്ത്  പറയുന്ന ഒരു വൈകല്യം എനിക്കുണ്ട് എന്നത് അവൾക്ക് ഇതിനകം എന്നെക്കുറിച്ച് മനസ്സിലായിരുന്നു. അതുകൊണ്ട്, ഇത്തരം ഒച്ചവെക്കലുകളൊന്നും അവളെ കാര്യമായി ബാധിക്കാറുണ്ടായിരുന്നില്ല.

"ഒരു കാരണോം ഇല്ലാണ്ട് ഞാൻ ഒച്ച വെക്കാറില്ല..."

"ഓ... കേക്കട്ടെ... ഇന്നത്തെ പ്രശ്നം എന്താണ്...?"

"നീ എന്തിനാ എന്റെ ബ്രഷെടുത്ത് പല്ല് തേച്ചത്...?"

"ങ്ഹേ... എന്ത്..? ഞാൻ നിങ്ങളുടെ ബ്രഷെടുത്ത് പല്ല് തേച്ചെന്നോ...? അസംഭവ്യം... നിങ്ങൾക്ക് രാവിലെത്തന്നെ പ്രാന്തായോ മനുഷ്യാ...?"

"നോക്ക് ... നീ ഇത് തൊട്ട് നോക്ക്... എന്റെ ബ്രഷ് നനഞ്ഞിരിക്കുന്നു... നിന്റെ ബ്രഷ് ഒട്ടും നനഞ്ഞിട്ടില്ല..."

"അത് പിന്നെ പല്ല് തേച്ചാൽ ബ്രഷ് നനയൂല്ലേ...?"

"നീ തമാശ കള... "

"നിങ്ങളുടെ ബ്രഷെടുത്ത് നിങ്ങള് തേച്ചാൽ നിങ്ങളുടെ ബ്രഷ് നനയൂല്ലേ?"

"അപ്പൊ നീ ഇന്ന് പല്ല് തേച്ചില്ലേ? നിന്റെ ബ്രഷെന്താ ഇങ്ങനെ  ഉണങ്ങിയിരിക്കുന്നത്?"

"ഞാൻ പല്ല് തേച്ചിട്ട് ഒന്നൊന്നര മണിക്കൂറായില്ലേ... അത്രേം നേരം കൊണ്ട് ഉണങ്ങിപ്പോയതായിരിക്കും..."

"ഹ... ഇതെന്താ ഹീറ്ററ് വച്ചിട്ടല്ലേ നിന്റെ ബ്രഷ് ഉണക്കുന്നത്... ഒന്നര മണിക്കൂർ കൊണ്ട് അവളുടെ ബ്രഷ് ഉണങ്ങി പോലും... മാഡം... ഞാൻ ഇതുവരെ എന്റെ പല്ല് തേച്ചിട്ടില്ല... ദാ വേണേ മണപ്പിച്ച് നോക്ക്..."

എന്നിട്ട് ഞാനവളുടെ മുഖത്തേക്ക് ശക്തിയായി ഊതി.

"ഇത് നട്ട പ്രാന്ത് തന്നെ... പിച്ചും പേയും പറയാതെ, നിങ്ങള് പോയി വേണേ വീണ്ടും കെടന്നുറങ്ങിക്കോ... ഞാൻ ഓർടെ ബ്രഷെടുത്ത് തേച്ചു പോലും... എനക്ക് നിങ്ങളെപ്പോലെ പിരാന്തൊന്നുമില്ല..." അതും പറഞ്ഞ് കെട്ട്യോളങ്ങ് ഇറങ്ങിപ്പോയി. ദേഷ്യം വന്നത് കൊണ്ട്, ടാറ്റ പറയാൻ ഞാൻ താഴെ ഗരാജിലേക്ക് പോയില്ല.

എന്തായാലും ഇനി നനഞ്ഞ ബ്രഷ് കൊണ്ട് പല്ല് തേക്കാൻ ഞാനില്ല. ഫ്രഞ്ച് കിസ്സ് കൊടുത്താലും ശരി, കെട്ടിപ്പിടിച്ചാലും ശരി, ഭാര്യ തേച്ച ബ്രഷ് കൊണ്ട് പല്ല് തേക്കാൻ എനിക്ക് മനസ്സ് വന്നില്ല. 

ജീവിതത്തിന്റെ സ്റ്റാറ്റസ് മാറിയത് കൊണ്ട്, പുതിയ ബ്രഷുകളുടെ ഒരു കെട്ട് വീട്ടിലുണ്ടായിരുന്നതിനാൽ, വേറൊരു ബ്രഷെടുത്ത് അന്നത്തെ പല്ല് തേപ്പ് നടത്തി. ദുഃഖമുണ്ടായിരുന്നെങ്കിലും, ക്രൂരതയാണെന്ന് അറിയാമെങ്കിലും, ചാരിത്ര്യം നഷ്ടപ്പെട്ട ബ്രഷ് അശുദ്ധമായത് കൊണ്ട്, അതിനെ ദൂരെയൊരിടത്ത് മാറ്റി വച്ചു. പിന്നീടെപ്പഴെങ്കിലും വാഷ്ബേസിനോ മറ്റോ കഴുകുമ്പോൾ, ചെറിയതും ഇടുങ്ങിയതുമായ അരികുകൾ വൃത്തിയാക്കാൻ ഉപയോഗിക്കാലോ?

പക്ഷേ, ഈയൊരു സംഭവം, പണ്ടെങ്ങോ ഉറങ്ങിക്കിടന്ന, അല്ലെങ്കിൽ, കാലം കൊണ്ട് സ്വയം ഉണക്കാൻ ശ്രമിച്ച പഴയ മനോവേദനകളെ വീണ്ടും പൊടിതട്ടിയുണർത്തി. മനസ്സിൽ വീണ്ടും ശങ്കകളും ആശങ്കകളും നിറഞ്ഞു. ഒരു തവണ നടന്ന പീഡനം വീണ്ടും ആവർത്തിക്കുമ്പോൾ, ആരുടെ മനസ്സായാലും വല്ലാതെ പതറിപ്പോകും. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച് പോകും.

ചിന്തകൾ കാട് കയറി. ആത്മഹത്യയും ഒളിച്ചോട്ടവുമെല്ലാം ഒരു തരം ഭീരുത്വമാണെന്നാണല്ലോ പൊതുവേയുള്ള ധാരണകൾ. തീർത്തും പൊരുതാതെ തോറ്റുകൊടുക്കുന്നത് പീഡകർക്ക് വളവുമാകുമല്ലോ. ഒരു തവണ അറിയാതെ വഴങ്ങിപ്പോയിടത്ത് നിന്ന് ഇരുപത് വർഷക്കാലം തുടർച്ചായി സുരക്ഷിതമായി നിൽക്കാൻ കഴിഞ്ഞത് തന്നെ ഒരു തരത്തിൽ നോക്കിയാൽ പൊരുതി നേടിയ വിജയം തന്നെയാണല്ലോ. അതുകൊണ്ട് ഇത്തവണയും തോറ്റുകൊടുക്കില്ലെന്ന് തന്നെ മനസ്സ് പ്രഖ്യാപിച്ചു.  ഇനി ഇതിന്റെ പേരിൽ, ബാക്കിയുള്ള ജീവിതം കളഞ്ഞ് കുളിക്കുന്നത് മൂഢതയാണ്. പണ്ട് ലഭിച്ച സൈക്കോളജി പാഠങ്ങൾ വീണ്ടും ഉപയോഗിക്കേണ്ട സമയമാണ്. പോരാടുക തന്നെ.

ഈ സംഭവത്തോടെ, ഇരുപത് കൊല്ലം മുന്നേ ആർജ്ജിച്ച ജാഗരൂകത വീണ്ടും പരിപോഷിപ്പിച്ച്, സ്വന്തം ബ്രഷിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്റെ ബ്രഷ് വെക്കാൻ ഞാൻ വേറൊരു ബ്രഷ് ഹോൾഡർ വാങ്ങിച്ചു. ആ ബ്രഷിന് കൂട്ടായി ഓർഗാനിക് ഹെർബൽ ടൂത്ത്പേസ്റ്റും വാങ്ങി വച്ചു. ദിവസവും രാവിലെ സഹധർമ്മിണി എഴുന്നേറ്റ് പല്ല് തേക്കാൻ പോകുന്നേരം, മൂത്രമൊഴിക്കാൻ പോകുന്നെന്ന വ്യാജേന, അവളുടെ പിന്നാലെ മാസ്റ്റർ ബാത്റൂമിലേക്ക്‌, ഞാനും എഴുന്നേറ്റ് പോകാൻ തുടങ്ങി. എന്റെ ബ്രഷ് അവൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക മാത്രമാണ് ഉദ്ദേശം. കഷ്ടകാലത്തിന് അവളെടുത്ത് ഉപയോഗിച്ച് കഴിഞ്ഞിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. മാത്രവുമല്ല, ദൃക്‌സാക്ഷികളില്ലെങ്കിൽ, അറിയാതെ ഉപയോഗിച്ച് പോയതാണെന്ന് പോലും അവൾ ഒരിക്കലും സമ്മതിച്ച് തരികയുമില്ല! തമ്മിൽ ഭേദം, കഷ്ടപ്പെട്ടാണെങ്കിലും സ്വയം ജാഗരൂകനാവുക തന്നെ.

ദിവസങ്ങൾ പിന്നെയും കടന്ന് പോയി. ഓരോ ദിവസവും ബ്രഷിന്റെ ചാരിത്ര്യം സംരക്ഷിക്കുന്നതിൽ ഞാൻ വിജയിച്ച് പോന്നു. ആത്മധൈര്യം വർദ്ധിച്ച് വന്നു. പക്ഷേ എത്ര സംരക്ഷിക്കപ്പെട്ടാലും സംഭവിക്കേണ്ടത് സംഭവിക്കുമല്ലോ. ലോകത്ത് ലഭ്യമായിട്ടുള്ള സകല സുരക്ഷയും കൊടുത്തിട്ടും, പരീക്ഷിത്ത് മഹാരാജാവിന് പോലും രക്ഷപ്പെടാൻ സാധിച്ചിട്ടില്ലല്ലോ. എത്ര ശ്രമിച്ചിട്ടും, ശർമ്മിഷ്ഠക്ക് പോലും സർപ്പദംശനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞിട്ടില്ലല്ലോ. പിന്നെയാണോ എന്റെ വെറുമൊരു  ബ്രഷ്? വരേണ്ടത് വഴിയിൽ തങ്ങില്ലെന്നത് കാട്ടായം. അങ്ങനെ ഒരു ദിവസം, ആ ശപിക്കപ്പെട്ട നിമിഷം വന്നു ചേർന്നു.

അന്നത്തെ ദിവസം രാവിലെ പതിവ് പോലെ സഹധർമ്മിണി എഴുന്നേറ്റു. കുളിമുറിയിലെ ലൈറ്റ് ഓൺ ചെയ്തു. CFL ബൾബാണ്; ആദ്യം കുറച്ച് നേരം വീര്യം കുറഞ്ഞ് കത്തിയതിന് ശേഷമാണ് പൂർണ്ണമായ പ്രകാശം നൽകുക. എഴുന്നേറ്റയുടനെ കണ്ണിലേക്ക് ഭീതിദപ്രകാശം വീഴുന്നത് കണ്ണിന് മോശമാണല്ലോ. കണ്ണും മുഖവുമൊക്കെ കഴുകിയതിന് ശേഷം, അവൾ ബ്രഷെടുത്ത്, പേസ്റ്റും പുരട്ടി, പല്ല് തേക്കാൻ തുടങ്ങി. പിന്നാലെ ഞാനും, മൂത്രമൊഴിക്കാൻ ഉള്ളിലേക്ക് കയറി. ഞങ്ങൾ ഭാര്യയും ഭർത്താവുമാണല്ലോ; പ്രസവം വരെ കണ്ടിട്ടുള്ളതിനാൽ, പല്ലു തേക്കുന്നിടത്ത് കയറുന്നത് കൊണ്ട് ഔചിത്യക്കേടൊന്നും വരാൻ സാധ്യതയൊന്നുമില്ലെന്ന് എനിക്ക് നന്നായറിയാം. 

ഉള്ളിലേക്ക് കടന്നയുടനെ, കണ്ണാടിയിൽ കണ്ട കാഴ്ച കണ്ട് എന്റെ ബോധം മങ്ങി, കണ്ണിലിരുട്ട് കയറാൻ തുടങ്ങി. എന്റെ ബ്രഷാണ് അവളുടെ വായിൽ കിടന്ന് ഉള്ളിലോട്ടും പുറത്തോട്ടും കയറിയിറങ്ങി ഞെരിഞ്ഞമരുന്നത്!

"ഡീ..." എന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട് വാമഭാഗം വല്ലാതങ്ങ് ഞെട്ടി. അവളുടെ വായിലുണ്ടായിരുന്ന പേസ്റ്റ് കുഴമ്പ്, അവളുടെ വായിൽ നിന്നും അറിയാതെ തെറിച്ച് പോയി.

"എന്താ... മനുഷ്യാ... ഈ ഏഴരപ്പുലർച്ചക്ക് ഇങ്ങനെ അലറുന്നത്...?"

"നിനക്കറിയില്ല അല്ലേ... നീ നിന്റെ അണ്ണാക്കിലുരച്ച് കളിക്കുന്ന ബ്രഷ്, ആരുടേയാ... ഒന്ന് നോക്ക്..."

"എന്റേതല്ലാതെ പിന്നെ ആരുടേയാ..."

"നീ നിന്റെ ഉണ്ടക്കണ്ണ് തുറന്ന് നോക്ക്..." ഞാൻ കിതക്കുകയായിരുന്നു.

അപ്പഴാണ് അവളുടെ കണ്ണുകൾ അവളുടെ കൈയ്യിലുള്ള ബ്രഷിലേക്ക് വീണത്. 

"ഇതെന്റെ ബ്രഷല്ലാതെ നിങ്ങളുടെ ബ്രഷാണോ... കണ്ണ് തുറന്ന് നോക്ക് മനുഷ്യാ... രാവിലെത്തന്നെ പിച്ചും പേയും പറഞ്ഞ് വന്നേക്കുന്നു... വേറൊന്നും കിട്ടീല്ലേ ഇന്ന് അടി കൂടാൻ?" നാരുകളുള്ള ഭാഗം നോക്കി അവളെന്നെ നോക്കി അലറി. ആ അലർച്ചയിൽ ഞാനും ഒന്ന് ഞെട്ടി.

"നീ അതിന്റെ മറുപുറം കൂടി നോക്കീട്ട് അലറ്..." 

അവൾ ബ്രഷ് തിരിച്ച്, അതിന്റെ പിൻഭാഗം നോക്കി. അപ്പോഴാണ് അവൾക്ക് ബോധോദയം ഉണ്ടായത്. അത് അവളുടെ ബ്രഷല്ല!!

സ്വന്തം ബ്രഷ് അല്ലെന്ന് തിരിച്ചറിഞ്ഞ മാത്രയിൽ, അവളുടെ കൈയ്യിലുള്ള ബ്രഷ്, അറിയാതെ വാഷ് ബേസിനിലേക്ക് വീണു. അവളുടെ ഇടത് കൈ നെറ്റിയിലേക്ക് ഒന്ന് രണ്ട് തവണ ഇടിച്ച് അവളുടെ നീരസം പ്രകടിപ്പിച്ചു. 'പറ്റിപ്പോയി' എന്നർത്ഥത്തിൽ, എന്നെ ദയനീയമായി നോക്കി. എന്റെ ബ്രഷിനെ പീഡിപ്പിക്കുന്നത് നേരിൽ കണ്ട അവളുടെ ബ്രഷിന്റെ ബോധം അപ്പോഴും തെളിഞ്ഞിരുന്നില്ല. 

പിന്നെയെല്ലാം വളരെപ്പെട്ടെന്നായിരുന്നു. അധികം സംസാരമൊന്നും ഉണ്ടായില്ല. ദുഃഖഭാരം കൊണ്ടെന്നപോലെ വീർത്ത് പിടിച്ച മുഖവുമായി, എന്നെ നേരിട്ട് നോക്കാൻ പറ്റാതെ, സ്വന്തം ബ്രഷും അവളുടെ ടൂത്ത് പേസ്റ്റും എടുത്ത്, പുറത്തോട്ടേക്ക് ഒറ്റ നടത്തമായിരുന്നു. അവളുടെ മെലിഞ്ഞ കാലുകളിലെ ബലമേറിയ കാലടികൾ പതിഞ്ഞ്, ടൗൺ ഹോമിന്റെ മൂന്നാം നിലയിലെ നിലവും, ഗോവണിപ്പടികളും കുലുങ്ങിയിളകി. 

ഇതെങ്ങനെ സംഭവിച്ചു എന്ന്, എനിക്കൊരു പിടിയും കിട്ടിയില്ല. എന്നാലും, പണ്ട് ഷെർലക് ഹോംസ് കഥകൾ വായിച്ചതിന്റെ വെളിച്ചത്തിൽ, ചെറിയൊരന്വേഷണം നടത്താൻ തന്നെ ഞാൻ തീരുമാനിച്ചു. അരമണിക്കൂറിനകം തന്നെ ഈ 'മാറിപ്പോകൽ പീഡനം' എങ്ങനെയാണ് സംഭവിച്ചത് എന്നതിന് വ്യക്തമായ ഉത്തരം കിട്ടുകയും ചെയ്തു. 

വളരെ സൂക്ഷ്മമായ നിരീക്ഷണത്തിലാണ്, എനിക്കൊരു കാര്യം മനസ്സിലായത്; ഞാൻ പുതുതായി വാങ്ങിച്ച എന്റെ ബ്രഷിന്റേത് മാത്രമായ ബ്രഷ് ഹോൾഡർ, എന്റെ കുളിമുറിയിൽ കാണാനില്ല. ഞാനും സഹധർമ്മിണിയും ഒരുമിച്ച് ഉപയോഗിച്ചിരുന്ന പഴയ ബ്രഷ് ഹോൾഡർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. 

എന്റെ ബ്രഷ് ഹോൾഡർ എവിടെപ്പോയി എന്ന അന്വേഷണം എന്നെക്കൊണ്ടെത്തിച്ചത്, കുട്ടികളുടെ ബാത്റൂമിലായിരുന്നു.കുട്ടികളുടെ ചില്ലിന്റെതായ ബ്രഷ് ഹോൾഡർ, തലേന്ന് രാത്രിയിലെ അവരുടെ സ്ഥിരം രാത്രി കലാപരിപാടിയായ ബാത്റൂം അടിപിടിയിൽ എങ്ങനെയോ പൊട്ടിപ്പോയിരുന്നു. അത് പക്ഷേ ഞാനറിഞ്ഞിരുന്നില്ല. ബ്രഷ് ഹോൾഡർ പൊട്ടിപ്പോയതിൽ പരിഭ്രമിച്ച കുട്ടികൾ, ഞാനറിയാതെ, എന്റെ ബാത്‌റൂമിൽ നിന്നും, എന്റെ ബ്രഷ് ഹോൾഡർ എടുത്ത് കൊണ്ട്പോയി അവരുടെ ബാത്റൂമിൽ വച്ചതാണ്. എന്റെ ബ്രഷും ഓർഗാനിക് പേസ്റ്റും, ഞങ്ങളുടെ പണ്ടത്തെ ബ്രഷ് ഹോൾഡറിൽ എടുത്ത് വച്ചതിന് ശേഷമാണ് അതിനെ സ്ഥലം മാറ്റിയത്. വൈകുന്നേരം നേരത്തെ അത്താഴം കഴിച്ച്, ഏഴ് മണിയോടെ പല്ല് തേച്ച ഞാൻ ഈ വിവരം അറിഞ്ഞിരുന്നുമില്ല. പക്ഷേ, നല്ലപാതിക്ക് ഈ വിവരമൊക്കെ അറിയാമായിരുന്നു.

എന്തായാലും, രാവിലെ എഴുന്നേറ്റ്, 'ഡിം' വെളിച്ചത്തിൽ, തലേന്ന് നടന്ന കഥയൊന്നുമോർക്കാതെയാണ്, സോഫ്റ്റ്‌വേർ പ്രോഗ്രാം ചെയ്ത് നീങ്ങുന്നത് പോലെ, അവളുടെ കൈകൾ ബ്രഷ് ഹോൾഡറിൽ പോവുകയും, നോക്കുന്നുണ്ടെങ്കിലും, അവളുടേതാണെന്ന ഭാവത്തിൽ, എന്റെ ബ്രഷെടുത്ത്, പല്ല് തേപ്പ് ആരംഭിച്ചത്. അവളുടെ കണ്ണിന് എന്റെ ബ്രഷും അവളുടെ ബ്രഷും തമ്മിൽ തിരിച്ചറിയാതെ പോവാൻ വേറൊരു കാര്യമായ കാരണവും ഉണ്ടായിരുന്നു.

അവളുടെ ബ്രഷ്, മുഴുവനായും പിങ്ക് നിരത്തിലുള്ളതായിരുന്നു. എന്റെ ബ്രഷും പിങ്ക് നിരത്തിലുള്ളതായിരുന്നെങ്കിലും, അതിന്റെ പിൻഭാഗത്ത് വാലറ്റത്തായി, ഏകദേശം പകുതിയോളം നീളത്തിൽ പച്ച നിറമായിരുന്നു. ആ പച്ച നിറമായിരുന്നു, ഏക വ്യത്യാസം. ഒരു പാക്കറ്റ് ബ്രഷ് വാങ്ങുമ്പോൾ, ബ്രഷിന്റെ കളർ കോഡുകൾ തമ്മിൽ ചിലപ്പോൾ വലിയ വ്യത്യാസം കാണാറില്ല. അങ്ങനെ സംഭവിച്ചതാണ്; അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

കഷ്ടകാലത്തിന്, അവളുടെ രാവിലെയുള്ള മങ്ങിയ നോട്ടത്തിൽ, എല്ലാം പിങ്ക് മയമായിരുന്നു. അങ്ങനെയാണ് അന്നത്തെ ദിവസം, ഭാര്യയുടെ കണ്ണ് മഞ്ഞളിച്ച് പോയതും, ബ്രഷുകൾ തമ്മിൽ മാറിപ്പോയതും. പക്ഷേ, ഇതിന് മുന്നിലത്തെ തവണ, വ്യക്തമായ നിറവ്യത്യാസങ്ങളുണ്ടായിട്ടും, എങ്ങനെയാണ് മാറിപ്പോയതെന്ന് ഇതുവരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല, മാറിപ്പോയ കാര്യം, അവളൊട്ട് സമ്മതിച്ചിട്ടുമില്ല!

ഇരട്ടകളിൽ, ഒരേയൊരു തവണ, ആര് ആരാണെന്ന് മനസ്സിലാക്കിയാൽ, പിന്നീട് ഒരിക്കലും തമ്മിൽ തമ്മിൽ വളരെപ്പെട്ടന്ന് തിരിച്ചറിയുന്ന ആളാണ് എന്റെ സഹധർമ്മിണി. അത്, identical twins ആയാലും ശരി, അല്ലെങ്കിലും ശരി. പക്ഷേ നേരെ മറിച്ചാണ് എന്റെ കാര്യം. ഇരട്ടകളാണെന്ന് ഒരിക്കൽ മനസ്സിലായാൽ, identical twins അല്ലെങ്കിൽ പോലും, എനിക്ക് പരസ്പരം തിരിച്ചറിയാൻ സാധിക്കാറില്ല. എന്തോ എന്റെ മനസ്സിന്റെ പ്രോഗ്രാം അങ്ങനെയാണ്. ഇരട്ടകളിൽ ഒരാളെ കല്യാണം കഴിച്ച ആളിന്റെ അവസ്ഥ ആലോചിച്ച് എനിക്ക് ചിലപ്പോൾ തല ചുറ്റിപ്പോവാറുണ്ട്. ഇരട്ടകൾ, ഇരട്ടകളെത്തന്നെ കല്യാണം കഴിച്ചതിന് ശേഷം, പരസ്പരം മാറിപ്പോവുന്നത് സ്വപ്നം കണ്ട്, ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടിയുണരാറുണ്ട്. എന്നിട്ടും, ഇരട്ടകളെ സംബന്ധിച്ച്, എനിക്കുള്ളത് പോലുള്ള പ്രശ്നമില്ലാത്ത എന്റെ വാമഭാഗത്തിന്, ഇരട്ടകളെപ്പോലുള്ള ബ്രഷുകൾ തമ്മിൽ, പരസ്പരം മാറിപ്പോയത് എങ്ങനെയെന്ന് ആലോചിച്ച് എനിക്കൊരു പിടിയും കിട്ടിയില്ല. പ്രത്യേകിച്ച്, എന്റെ ബ്രഷിന്റെ വാൾ ഭാഗത്ത് പകുതിയോളം നീളത്തിൽ പച്ചനിറമായിരുന്നിട്ട് കൂടി! അറിയാതെ മാറിപ്പോയി എന്ന വ്യാജേന, എന്റെ ബ്രഷിനെ കടന്നാക്രമിച്ച് പീഡിപ്പിച്ചത് കരുതിക്കൂട്ടിത്തന്നെയായിരുന്നോ എന്നാണ് ഇപ്പോഴത്തെ എന്റെ സംശയം.

ഭൂമിയും വീടും കുലുക്കി താഴോട്ടേക്കിറങ്ങിപ്പോയ സഹധർമ്മിണി, ബേസ്മെന്റിലെ ബാത്റൂമിലാണ് അഭയം പ്രാപിച്ചത്. എന്റെ ബ്രഷിനോട് നടത്തിയ അതിക്രമം പച്ചയായി കണ്ടുപിടിക്കപ്പെട്ടതിലുള്ള അഭിമാനക്ഷതം കൊണ്ടാണോ എന്നറിയില്ല, ഇനിമുതൽ അവളുടെ പല്ല് തേപ്പ്, അവിടെ നിന്നായിരിക്കുമത്രേ! ശപഥമാണ് പോലും! എന്തായാലും, ആതീരുമാനം, എന്റെ ബ്രഷിന്റെ ചാരിത്യ്രത്തിന് കാവലിരിക്കേണ്ട അവസ്ഥയിൽ നിന്ന് എനിക്ക് മോചനം തരുമല്ലോ എന്നതായിരുന്നു എന്റെ ആശ്വാസം. 

അന്വേഷണം കഴിഞ്ഞ്, തിരിച്ച് സ്വന്തം കുളിമുറിയിലേക്ക് വരാനെടുത്ത നേരമത്രയും, എന്റെ പ്രിയപ്പെട്ട ബ്രഷ്, ഭാര്യയുടെ പേസ്റ്റ് വെള്ളത്തിൽ കുളിച്ച്, വാഷ്ബേസിനിൽ മലർന്ന് നഗ്നയായി കിടക്കുകയായിരുന്നു.എന്റെ ഭാര്യയാണ് പീഡിപ്പിച്ചതെന്നുളത് കൊണ്ട്, കേസ് കൊടുക്കാൻ പോലും ഞാൻ അശക്തനായിരുന്നു. എന്റെ ബ്രഷിന് ആ വികാരം മനസ്സിലാവുമെന്ന അന്ധധാരണയിൽ, ഞാനെന്റെ ബ്രഷിനെ പതുക്കെ താങ്ങിയെടുത്ത് കുളിപ്പിച്ച് ശുദ്ധമാക്കി, ഇനി എന്ത് ചെയ്യുമെന്നറിയാതെ കുറച്ച് നേരം, അതിനെ പിടിച്ച് നോക്കിയിരുന്നു! ഇത്തരത്തിൽ മാറിപ്പോകുന്ന രോഗം ആർക്കും ഉണ്ടാവരുതേ എന്ന കണ്ണടച്ചുള്ള, ആത്മാർത്ഥമായ പ്രാർത്ഥന മാത്രം ബാക്കി!!

കുറിപ്പ്: ഈ സംഭവത്തിന് ശേഷം, ഇന്നുവരെ എന്റെ ബ്രഷിന് സല്ലപിക്കാൻ വേറൊരു ബ്രഷ് കൂടെയുണ്ടായിട്ടില്ല. എന്റെ വിശാലമായ കുളിമുറിയിൽ കൂട്ടില്ലാതെ വെറും ഒറ്റയാനായി ഇരിപ്പാണ്. വെറുതെ കിട്ടുന്ന WiFi മുഖാന്തിരം, താഴെ ബേസ്മെന്റിൽ കിടക്കുന്ന ഭാര്യയുടെ ബ്രഷുമായി അനാവശ്യമായി സംവദിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കാൻ ഞാനിതുവരെ തുനിഞ്ഞിട്ടില്ല!

***

2021 ഒക്‌ടോബർ 25, തിങ്കളാഴ്‌ച

ആദ്യമായ് രണ്ടുപേരോടൊപ്പം (ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം - 1)


'ദാനേ ദാനേ പേ ലിഖാ ഹേ ഖാനേ വാലേ കാ നാം' (ഓരോ ധാന്യത്തിലും അത് തിന്നാൻ പോകുന്നവന്റെ പേര് എഴുതിയിട്ടുണ്ട്) എന്ന് പറഞ്ഞത് പോലെ 'ഹരേക് ടൂത്ത്ബ്രഷ് പേ ലിഖാ ഹേ ദാന്ത് സാഫ് കർനേ വാലാ കാ നാം' (ഓരോ ടൂത്ത്ബ്രഷിലും, അതെടുത്ത് പല്ല് തേക്കാൻ പോകുന്നവന്റെ പേര് എഴുതിയിട്ടുണ്ട്) എന്നുള്ള വല്ല പഴമൊഴിയുമുണ്ടോ? ഞാനിതുവരെ കേട്ടിട്ടില്ല. 

ഒരാണിന് ഒരു പെണ്ണ് എന്ന് പറയുന്നത് പോലെ, ഒരാൾക്ക് ഒരു ബ്രഷ് എന്നത് കർശനമായും പാലിക്കേണ്ടതുണ്ടോ? ഒരു ടൂത്ത്ബ്രഷിന് ഒരു വായിൽ മാത്രമേ കേറാൻ പാടുള്ളോ? അതല്ല ഒരേ ടൂത്ത്ബ്രഷ്, കഷ്ടകാലത്തിന് ഒന്നിലധികം 'വാ'കളിൽ കേറിപ്പോയാൽ വല്ലതും സംഭവിക്കുമോ? സയൻസ് വല്ല പൊട്ടത്തരവുമൊക്കെ പറഞ്ഞേക്കാം. റാഡിക്കലായിട്ട് ചിന്തിച്ചാൽ, വിശ്വാസമല്ലേ എല്ലാം! പ്രാക്ടിക്കലായിട്ട് അനുഭവിച്ചവൻ, ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ, സയൻസ് ഭക്തർ മൂക്കത്ത് വിരൽ വെക്കുമെങ്കിലും, ഫ്രഞ്ച്കിസ്സ് ചെയ്യുന്നവർ, ഇനി പറയുന്ന കാര്യങ്ങൾ കേട്ടാൽ ആനന്ദത്തോടെ കേട്ടുനിൽക്കുമെന്ന് എനിക്ക് തീർച്ചയുണ്ട്. ആദ്യമേ തന്നെ പറയട്ടെ... ഇനി കേൾക്കാൻ പോകുന്ന കഥ കേട്ട് വികൃതമായ താരതമ്യങ്ങൾക്ക് ആരും മുതിരരുത്! സാഹചര്യത്തിനനുസരിച്ച് മാത്രം തമാശകൾ ആസ്വദിക്കുക!

ഇരുപതിലേറെ കൊല്ലങ്ങൾക്ക് മുൻപാണ്. മുംബൈയിൽ താമസിക്കുന്ന സമയം. ബാച്ചിലറാണ്. എന്റെ ഒരു അകന്ന ബന്ധുവിന്റെ ഔദാര്യത്തിൽ, സർക്കാർവകയായ അദ്ദേഹത്തിന്റെ വാസസമുച്ചയത്തിലാണ് താൽക്കാലികമായുള്ള താമസം. ഗ്രാമപ്രദേശത്ത് നിന്ന് നാട് വിട്ട് വന്നതിന് ശേഷം, അറേബ്യൻ നാട്ടിലും, സായിപ്പിന്റെ നാട്ടിലുമൊക്കെപ്പോയി ചില പരിഷ്കാരങ്ങളൊക്കെ ചിന്തയിലും ചന്തത്തിലുമൊക്കെ അറിയാതെ സംഭവിച്ചിട്ടുണ്ട്. താമസസൗകര്യം അനുവദിച്ച് തന്ന ബന്ധുവിന് സീനിയോറിറ്റി കൂടിയപ്പോൾ, ആദ്യമുണ്ടായിരുന്ന ഒന്നാം നിലയിലെ സെറ്റപ്പുകൾക്ക് പുറമേ, വേറൊരു മുറി കൂടി അനുവദിച്ച് കിട്ടിയിരുന്നു. പക്ഷേ പുതുതായി അനുവദിച്ച് കിട്ടിയ മുറി നാലാം നിലയിലായിരുന്നു. ആ നാലാം നിലയിലെ പുതിയ മുറിയിലായിരുന്നു എന്റെ താമസം. ബന്ധുവും കുടുംബവും താമസിക്കുന്ന ഒന്നാം നിലയിൽ പോയാൽ, പ്രാതലും ഊണും അത്താഴവുമൊക്കെ കിട്ടുകയും ചെയ്യും.

അങ്ങനെയുള്ള ആ താമസ സ്ഥലത്തേക്ക്, ഞങ്ങളുടെ ബന്ധുക്കാളായ പലരും വാരാന്ത്യങ്ങളിൽ വന്നു ചേരും. ആ കൂട്ടത്തിൽ, പൂനെയിൽ നിന്നുള്ള കമ്പ്യൂട്ടർ എഞ്ചിനീയറായ, ശാസ്ത്രബോധമുള്ള, ചെറുപ്പത്തിലേ പട്ടണത്തിന്റെ ശീലങ്ങളൊക്കെയുള്ള ഒരു കസിൻ ഒരു സ്ഥിരം കക്ഷിയാണ്. ആ വീട്ടിലെ വീട്ടമ്മ, രുചികരമായ ശാപ്പാട് ഒരുക്കുമെന്നുള്ളതാണ് അവിടേക്ക് ആകർഷിക്കപ്പെടാനുള്ള മുഖ്യ കാരണം. കൂടാതെ സർക്കാർ ഉദ്യോഗസ്ഥനായ ബന്ധുവുന്റെ കൂടെ സരസമായ മധുപാനസദസ്സിലും പങ്കെടുക്കാം.

അങ്ങനെയുള്ള ഒരു വെള്ളിയാഴ്ച സായാഹ്നം. നമ്മുടെ കസിൻ, പൂനെയിൽ നിന്ന് നേരത്തെ തന്നെ ബസ്സ് കേറി, വൈകുന്നേരം ഏഴരയാവുമ്പഴേക്കും നവിമുംബൈയിലെ ഞങ്ങളുടെ ആസ്ഥാനത്തെത്തി. ആനന്ദകരമായ സോമരസപാനത്തിനും, ഉല്ലാസകരമായ സംഭാഷണങ്ങൾക്കും, കുശാലായ ശാപ്പാടിനും ശേഷം, രാത്രി വളരെ വൈകി, എല്ലാവരും നിദ്രപൂകാനുള്ള തയ്യാറെടുപ്പിലായി. ഞാനും, കുഞ്ഞ് ബാക്ക്പാക്കും തൂക്കി കസിനും നാലാം നിലയിലുള്ള എന്റെ താൽക്കാലിക കിടപ്പറയിലെത്തി. 

കള്ള് കുടിച്ചാലുമില്ലെങ്കിലും, കിടക്കുന്നതിന് മുന്നേ പല്ല് തേക്കുന്നത് എന്റെയൊരു ശീലമാണ്. എന്റെ ബ്രഷെടുത്ത്, ഞാൻ പല്ല് തേച്ചു. നാളെ രാവിലെ എല്ലാം കൂടി ഒരുമിച്ച് തേക്കാം എന്നും പറഞ്ഞ്, കസിൻ നേരെ കട്ടിലിൽ കയറിക്കിടന്നു. സാധാരണഗതിയിൽ, രാത്രിയിൽ പല്ല് തേക്കാറുണ്ടെങ്കിലും, അന്ന്, പല്ല് തേക്കാനുള്ള ക്ഷമയൊന്നും അവൻ കാണിച്ചില്ല. ഒടുവിൽ, പല്ല് തേച്ച് വന്ന ഞാനും, വീതി കുറഞ്ഞ ആ കട്ടിലിൽ അഡ്ജസ്റ്റ് ചെയ്ത്, നാളത്തെ പുലർകാലം കാണുമെന്ന പ്രതീക്ഷയോടെ മലർന്ന് കിടന്നു.

മുകളിൽ നിന്ന് ശകടരൂപത്തിൽ കറങ്ങുന്ന പങ്ക കണ്ടപ്പോൾ, മധുപാനമേൽപിച്ച മത്തിന്റെ വീര്യം കുറച്ചധികമായതായി തോന്നി. ഞങ്ങളുടെ കിടപ്പറ സംഭാഷണങ്ങൾ, എവിടെയോ വച്ച്, അർദ്ധവിരാമത്തിൽ മുറിഞ്ഞ്, ഞങ്ങൾ രണ്ടുപേരും ഉറങ്ങിപ്പോയി. 

പിറ്റേന്ന് പ്രഭാതം കണ്മുന്നിലെത്തിയത്, എട്ട് മണിക്കാണ്. രാവിലെ ഏഴിനും ഒമ്പതിനും മദ്ധ്യേ മാത്രമേ, ആ വീട്ടിൽ പൈപ്പിലൂടെ വെള്ളം ലഭിക്കുമായിരുന്നുള്ളൂ. അതുകൊണ്ട്, ഒൻപത് മണിക്ക് മുന്നേ പ്രഭാതകർമ്മങ്ങൾ തീർത്ത്, ഒന്നാം നിലയിലേക്ക് പ്രാതലിന് പോകണം. ഞങ്ങൾ രണ്ടു പേരും കണ്ണ് തിരുമ്മി, ആർക്കോവേണ്ടിയെന്നപോലെ മടിച്ച് മടിച്ച് എഴുന്നേറ്റു. കസിൻ, അവന്റെ ബാക്ക്പാക്ക് തപ്പി നോക്കിയപ്പോഴാണ്, വരുന്ന തിരക്കിനിടയിൽ ടൂത്ത്ബ്രഷ് മറന്നുപോയി എന്ന കാര്യം അവനോർത്തത്. ഇനി എന്ത് ചെയ്യും? പത്ത് മിനുട്ടോളം നടന്നാൽ ഒരു കടയുണ്ട്. അവിടെപ്പോയാൽ പുതിയ ടൂത്ത്ബ്രഷ് വാങ്ങിക്കാം. എന്ന് വച്ചാൽ, പോയി തിരിച്ച് വരാൻ കാൽമണിക്കൂറിലധികം എടുക്കും.

എഴുന്നേറ്റിട്ടും വിട്ടുമാറാത്ത ഉറക്കച്ചടവും, അതിന് മേമ്പൊടിയായി മടിയും കൂടിയപ്പോൾ, അവന് കടയിലേക്ക് രാവിലെത്തന്നെ പോകാൻ മടി. 

"നീയൊന്ന് പോയി ഒരു ബ്രഷ് വാങ്ങിക്കൊണ്ടുവരാമോ ?" കോട്ടുവാ ഇട്ടുകൊണ്ട് ദയനീയമായായിരുന്നു അവന്റെ ചോദ്യം. എനിക്കാണെങ്കിൽ അവനെക്കാൾ മടി. എന്റെ ബ്രഷ് അവിടെയുള്ളപ്പോൾ, ഞാനെന്തിന് തുറക്കാത്ത കണ്ണുകളുമെടുത്ത് രാവിലെത്തന്നെ ആരാന് വേണ്ടി  കടയിൽപ്പോകണം? 

"എനിക്ക് വയ്യ... നിനക്ക് വേണെങ്കിൽ... നിനക്ക് ഓക്കാനിക്കൂല്ലെങ്കിൽ, എന്റെ ബ്രഷെടുത്ത് തേച്ചോ... അല്ലെങ്കിൽ ചൗധരിക്കടയിൽ പോയി പുതിയത് വാങ്ങിച്ചോണ്ടാ..."

അതും പറഞ്ഞ്, ഞാൻ നേരെ കക്കൂസിലേക്ക് ഓടിക്കയറി വാതിലടച്ചു. എന്റെ പ്രഷറും കുറക്കാം, അവന്റെ ബ്രഷ് കൺഫ്യൂഷനിൽ നിന്നും രക്ഷപ്പെടുകയും ചെയ്യാം.

ഒന്നുരണ്ട് മിനിറ്റുകൾക്കുള്ളിൽ, കക്കൂസിൽ നിന്നും പാട്ടും പാടി വേസ്റ്റ്‌ പുറന്തള്ളുന്നതിനിടയിൽ, ബ്രഷുകൊണ്ട് പല്ല് തേക്കുന്നതിന്റെ ഒച്ച താളത്തിൽ അവിടെ ഉയർന്നത് എന്നിൽ അമ്പരപ്പ് ഉണ്ടാക്കി. കൊണ്ടുവരാൻ മറന്നുപോയി എന്നു പറഞ്ഞ ബ്രഷ് അവന്റെ ബാഗിൽത്തന്നെയുണ്ടായിരുന്നോ? അതോ, കടയിൽ പോയി പുതിയ ബ്രഷ് കൊണ്ടുവന്നോ? ഏയ്... എന്തായാലും രണ്ട് മിനിട്ടുകൾക്കുള്ളിൽ പുതിയത് വരാൻ ഒരു സാധ്യതയുമില്ല. അല്ല, പറഞ്ഞ് പറഞ്ഞ്, അവൻ എന്റെ ബ്രഷ് തന്നെ എടുത്തായിരിക്കുമോ പണി പറ്റിക്കുന്നത്? 

"എടാ.... നീ എന്റെ ബ്രഷെടുത്തിട്ടാണോ തേക്കുന്നത്?..." ഉള്ളിൽ നിന്നും ഞാൻ വിളിച്ച് ചോദിച്ചു.

"എടാ... ബ്രഷിന്റെ മേലെ പേസ്റ്റെടുത്ത് തേച്ചാൽ കുഴപ്പമൊന്നും ഉണ്ടാവൂല്ല... അത് എല്ലാ ബാക്ടീരിയകളെയും നശിപ്പിക്കും... ഫ്ലൂറൈഡല്ലേ സാധനം... പോരാഞ്ഞതിന് ഒന്നുകൂടെ നന്നായി കഴുകീട്ടാണ്‌ ഞാനെടുത്തത്... ഇനീം കഴുകും..."

അതെ അവനത് ചെയ്തിരിക്കുന്നു. ലോകത്ത് ആദ്യമായി ഒരു ബ്രഷ് രണ്ട് 'വാ'കളിലെ പല്ലുകൾ വൃത്തിയാക്കിയിരിക്കുന്നു.

"എടാ... ഭയങ്കരാ... നീ ആള് കൊള്ളാലോ..." വേസ്റ്റ് തള്ളുന്നത് മതിയാക്കി ഹസ്തപ്രക്ഷാളനം ചെയ്ത്, തിടുക്കത്തിൽ ഞാൻ പുറത്ത് വന്നു. ആദ്യായിട്ടാണ് എന്റെ ഒരു ബ്രഷ്, വേറൊരുത്തൻ കൂളായി ഉപയോഗിക്കുന്നത്! 'വേണെങ്കിൽ... നിനക്ക് ഓക്കാനിക്കൂല്ലെങ്കിൽ, എന്റെ ബ്രഷെടുത്ത് തേച്ചോ' എന്ന് വെറും തമാശക്കായിരുന്നു അവനോട് പറഞ്ഞത്, അവനതെടുത്ത് പല്ല് തേച്ച് പീഡിപ്പിക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല.

ഞാൻ പുറത്ത് വരുമ്പോൾ, അവൻ പല്ലൊക്കെ തേച്ചതിന് ശേഷം, കാർക്കിച്ച് തുപ്പി, എന്റെ ബ്രഷ് വീണ്ടും കഴുകി വെക്കുകയാണ്; ഒന്നും സംഭവിക്കാത്തത് പോലെ.

"ഇനി ഞാനെങ്ങനെയാ പല്ല് തേക്കുക...?" കസിനാണെങ്കിലും എന്റെ നീരസം ആ വാക്കുകളിൽ ഞാൻ പ്രകടമാക്കി.

"നിനക്ക് നിന്റെ ബ്രഷില്ലേ... പിന്നെയെന്താ...? ഞാനുപയോഗിച്ചൂന്നും വച്ച്, അതിനൊന്നും സംഭവിച്ചിട്ടില്ല..." അവിടെയുണ്ടായിരുന്ന കുഞ്ഞ് കത്രിക കൊണ്ട് അവന്റെ മീശക്ക് മുകളിൽ ലക്ക് കെട്ട് വളർന്ന കളരോമങ്ങൾ കത്രിച്ച് കൊണ്ട് അവൻ മൊഴിഞ്ഞു.

"പോടാ..." എന്നും പറഞ്ഞ്, ഞാൻ നേരെ കട്ടിലിൽ പോയി ഇരുന്നു. എന്റെ മാത്രം സ്വന്തമായിരുന്ന ബ്രഷിനെ ബലാൽക്കാരം ചെയ്തതിൽ ഞാൻ തീർത്തും ഖിന്നനായിരുന്നു. ഇനി രണ്ട് ഓപ്‌ഷൻസ് മാത്രമേ എന്റെ മുന്നിലുള്ളൂ... ഒന്നുകിൽ, ചൗധരിക്കടയിൽ പോയി പുതിയത് വാങ്ങുക, അല്ലെങ്കിൽ, എന്റെ സ്വന്തം ബ്രഷ്, കസിൻ എടുത്ത് ഉപയോഗിച്ച ബ്രഷ് തന്നെ ഉപയോഗിച്ച് പല്ല് തേക്കുക. കടയിൽ പോകാനാണെങ്കിൽ വല്ലാത്ത മടി. 

രണ്ട് മിനുട്ട് ആലോചിച്ചതിന് ശേഷം, ഞാൻ വ്യക്തമായ ധാരണയിലെത്തി. ഏതായാലും, മൂന്നാല് മാസക്കാലം ഞാനുപയോഗിച്ച ബ്രഷ്, ഒരൊറ്റ നേരത്തേക്ക് എന്റെ കസിൻ ഉപയോഗിച്ചു എന്നുള്ളത് കൊണ്ട് അതിനെ വലിച്ചെറിയണോ? അത്രക്ക് നിർദ്ദയനാണോ ഞാൻ! അതിനെ ഈ അവസ്ഥയിൽ ഉപേക്ഷിച്ചാൽ, ഇനി വരുന്ന ബ്രഷുകൾ പോലും എന്നോട് പൊറുക്കുമോ? അവൻ ഒരു നേരത്തേക്ക് മാത്രമായി ഉപയോഗിച്ച ആ ബ്രഷ്, ഞാൻ വീണ്ടും ഉപയോഗിച്ചാൽ, എന്റെ പല്ലിളകി വീഴുമോ? അവനും എനിക്കും ഇതുവരെ പല്ലിന് ഒരു കുഴപ്പവും ഇല്ലതാനും. അവിടെക്കിടക്കുന്ന എന്റെ സ്വന്തം ബ്രഷ് ഉപയോഗിക്കുക തന്നെയാണ് ഉചിതം. എന്റെ ബ്രഷിനെ സംരക്ഷിക്കേണ്ടത്, ഞാൻ സ്നേഹിച്ച ബ്രഷിനെ ഇനിയെങ്കിലും കരുതലോടെ കാക്കേണ്ടത് എന്റെ കടമയാണ്!

പതുക്കെ എഴുന്നേറ്റ്, വാഷ്ബേസിന്റെ അടുത്ത് ചെന്ന്, ചാരിത്ര്യം നഷ്ടപ്പെട്ട എന്റെ സ്വന്തം ബ്രഷിനെ ഞാൻ സങ്കടത്തോടെ കൈയ്യിലെടുത്തു. അതിനെന്തെങ്കിലും പോറലുകൾ സംഭവിച്ചിട്ടുണ്ടോ എന്നോർത്ത് വെറുതെ തിരിച്ചും മറിച്ചും നോക്കി. അത് വരെ, എന്റെ വാ മാത്രം കണ്ടിട്ടുള്ള ബ്രഷാണ്. അവനെടുത്ത് തേക്കുമ്പോൾ, കക്കൂസിലായിപ്പോയത് കൊണ്ട്, എനിക്ക് തടയാൻ കഴിഞ്ഞിരുന്നില്ല. ആ ബ്രഷ് ഒച്ചവച്ച് കരഞ്ഞിരുന്നെങ്കിൽ കക്കൂസിന്റെ വാതിൽ തല്ലിപ്പൊളിച്ചെങ്കിലും പുറത്ത് വന്ന് കസിനെ തടഞ്ഞേനെ എന്ന് വെറുതെ ആലോചിച്ചു. എന്നെക്കുറിച്ച് ബ്രഷെന്ത് വിചാരിക്കുമെന്നോർത്ത് എനിക്ക് സങ്കടം വന്നു. പ്രതികരണശേഷിയില്ലാത്തവന്റെ കൂടെയായിരുന്നല്ലോ ഇത്രയും നാൾ കഴിഞ്ഞതെന്ന് ബ്രഷ് കരുതിക്കാണുമോ? സത്യത്തിൽ, അവൻ പല്ല് തേക്കുന്ന ശബ്ദം കേട്ടയുടനെത്തന്നെ പുറത്ത് വന്ന് അത് തടയേണ്ടതായിരുന്നു. ബ്രഷിന്റെ മൂക-നിസ്സഹായാവസ്ഥയെക്കുറിച്ച് ഞാൻ ഓർക്കേണ്ടതായിരുന്നു.  പക്ഷേ, അവന്റെ ബ്രഷാണോ, എന്റെ ബ്രഷാണോ, പുതിയ ബ്രഷാണോ എന്നൊക്കെയുള്ള ശങ്കയിൽ കുറച്ച് നേരം ആലോചിച്ച് ഇരുന്നുപോയി. പുറത്ത് വരുമ്പഴേക്കും സംഭവിക്കേണ്ടത് സംഭവിച്ച് കഴിഞ്ഞിരുന്നു. ബ്രഷിനെ പതുക്കെ തലോടിക്കൊണ്ട്, ചെയ്ത തെറ്റ് മനസ്സിലാകാതെ എന്നെ നോക്കിച്ചിരിക്കുന്ന എന്റെ കസിനെ ഞാൻ ക്രുദ്ധനായി നോക്കി. 

ഒടുവിൽ, പേസ്റ്റെടുത്ത് അതിന്റെ മുകളിൽ തേച്ച്, ഇത്തിരി കണ്ണീര് പൊടിഞ്ഞെങ്കിലും, വായിലേക്കിട്ട് പതുക്കെ പല്ല് തേപ്പ് ആരംഭിച്ചു. എന്തൊക്കെയോ അരുചി തോന്നുന്നുണ്ടോ എന്ന തോന്നൽ എനിക്ക് വന്നു. ഒന്ന് രണ്ട് തവണ വായിലൂടെ ഇടത്തോട്ടും വലത്തോട്ടും പോയപ്പോൾ, എനിക്ക് പുതുതായൊന്നും തോന്നിയില്ല. സാധാരണപോലെ പല്ല് തേപ്പ് കഴിഞ്ഞെങ്കിലും, സാധാരണയിൽ കവിഞ്ഞ്, ഞാനെൻറെ വാ കൂടുതൽ കഴുകി. കാർക്കിച്ച് തുപ്പുന്നതിന് കൂടുതൽ ആക്കം ഉണ്ടായിരുന്നു. കസിനോടുള്ള ദേഷ്യം മുഴുവൻ, കാർക്കിച്ച് തുപ്പിത്തീർത്തു. അപ്പോഴും, എന്റെ മഹാനായ കസിൻ, എന്നെ നോക്കി ചിരിക്കുകയായിരുന്നു. അവനിട്ട് രണ്ട് പൊട്ടിക്കാൻ എന്റെ മനസ്സ് വെമ്പിയെങ്കിലും കസിനായത് കൊണ്ട് സ്വയം നിയന്ത്രിച്ചു.

"വാ... നമുക്ക് താഴെ പോയി വല്ലതും കഴിക്കാം... നേരം വൈകി..."  ഞങ്ങൾ രണ്ടുപേരും ഒന്നാം നിലയിലേക്ക് പ്രാതൽ ലക്ഷ്യം വച്ച് കൊണ്ട് പടികളിറങ്ങി. എന്തായാലും, വൈകുന്നേരം, ഇത്തിരി ആൽക്കോഹോൾ വായിലിട്ട് കുലുക്കുഴിഞ്ഞ് തുപ്പണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചിരുന്നു.

"എടാ... നിനക്കെന്തിനാ സങ്കടം...?" എന്റെ മൂകത കണ്ട് എന്നെ സമാധാനിപ്പിക്കാനുള്ള ശ്രമമാണ്.

"നാണമില്ലല്ലോ വേറൊരുത്തന്റെ ബ്രഷെടുത്ത് തേക്കാൻ... നിന്റെ തുപ്പലും മറ്റും എന്റെ ബ്രഷിലാക്കീട്ട്... നാണം കെട്ട പട്ടി... പത്തിരുപത്തെട്ട്‍ വയസ്സായല്ലോ..."  ഞാനവനെ തുറിച്ച് നോക്കി. അവനപ്പോഴും ചിരിക്കുകയായിരുന്നു. അവൻ കരുതിക്കൂട്ടി ഒപ്പിച്ച പണിയാണോ എന്ന് ഞാൻ സംശയിച്ചു. വായിൽ അസാധാരണമായി എന്തെങ്കിലും തോന്നുന്നുണ്ടോ എന്നൊരു തോന്നൽ ഉണ്ടായത് കൊണ്ട്, നാക്ക് കൊണ്ടൊന്ന് ഉഴിഞ്ഞ്, ആരുടേയും തലയിലേക്ക് വീഴുന്നില്ല എന്നുറപ്പിച്ച്, താഴേക്കുള്ള ഇറക്കത്തിനിടയിൽ, സ്റ്റെയർ കേസിന്റെ തിരിവിൽ വച്ച് താഴേക്ക് നീട്ടിത്തുപ്പി.

"എടാ... ഫ്രഞ്ച് കിസ്സ് ചെയ്യുന്നവരുടെ തുപ്പലുകൾ അങ്ങോട്ടുമിങ്ങോട്ടും പോവൂല്ലേ... ഇത് അത്ര പോലുമില്ലല്ലോ... നീ കഴുകി വച്ച ബ്രഷ്...ഞാൻ വീണ്ടും കഴുകി... ടൂത്ത്പേസ്റ്റ് എടുത്തിട്ടാണ് തേച്ചത്... തേച്ചതിന് ശേഷം വീണ്ടും കഴുകി... അത് പിന്നേം കഴുകിയിട്ടല്ലേ നീ ഉപയോഗിച്ചത്? അതിൽ എന്റെ തുപ്പലെവിടെയാണ് ഉണ്ടാവുക?... അല്ലെങ്കിൽ, ഈ കഴുകൽ എന്ന ചടങ്ങിന് എന്താണർത്ഥം...?"

"അപ്പോ ഞാൻ നിനക്കൊരു ഫ്രഞ്ച് കിസ്സ് തരട്ടേ... നിനക്ക് ഒക്കെയാണോ ?" അപ്പഴേക്കും ഞാനും ഒന്നയഞ്ഞിരുന്നു. കാലപ്പഴക്കം ദുഃഖങ്ങളുടെ തീവ്രത കുറക്കുമല്ലോ!

"നിനക്ക് ഞാൻ പറഞ്ഞത് ഇപ്പഴും മനസ്സിലായിട്ടില്ല... ഇതിലൊന്നും വല്യ കാര്യമില്ല..." അവൻ പിന്നേം ചിരിക്കുകയാണ്.

"വേറൊരു കുളിമുറി കഴുകിയ ബ്രഷെടുത്ത് ഉപയോഗിക്കുന്നത് പോലെയാണോ ആരാന്റെ ടൂത്ത്ബ്രഷെടുത്ത് ഉപയോഗിക്കുന്നത്...?" 

"വേണേങ്കി... കുറച്ച് നേരം നിന്റെ ബ്രഷ് ഡെറ്റോളിലിട്ട് മുക്കി വച്ചോ..."

"ഇങ്ങനെയാണെങ്കിൽ നീ ആരാന്റെ കോണകവും എടുത്ത് ചാർത്തിക്കളയുമല്ലോ...? നിന്റെ ഉണ്ടക്കാലിൽ എന്റേത് കേറാത്തത് ഭാഗ്യം..."

"ഹഹഹ... ഹ്ഉം... പോട്ടെ... പോട്ടെ... ഇനി ഇതിന്റെ പേരിൽ അഥവാ നിന്റെ ഏതെങ്കിലും പല്ല് പോയാൽ ഞാനെന്റെ പല്ല് പറിച്ച് തന്നേക്കാം പോരേ.... എന്തായാലും സംഭവിച്ച് പോയി... ഇനി പറഞ്ഞിട്ടെന്താ... അല്ലെങ്കിൽ നിനക്ക് പോയി വേറെ ബ്രഷ് വാങ്ങിക്കൂടായിരുന്നോ... നിനക്ക് OK ആയത് കൊണ്ടല്ലേ നീ പുതിയത് വാങ്ങിക്കാഞ്ഞതെ അത് തന്നെ എടുത്ത് തേച്ചത്... എനിക്കൊരു പ്രശ്നോം ഇല്ല... ഈ ബ്രഷിനെ ഞാൻ കൊണ്ടുപോയിക്കോളാം..." 

ഞാനവനെ അടിക്കാനോങ്ങിയപ്പഴേക്കും (തമാശയായി) ഞങ്ങൾ ഒന്നാം നിലയിലെത്തിയിരുന്നു. അവൻ പൊട്ടിച്ചിരിച്ച് കൊണ്ട് ഓടി അകത്തേക്ക് കയറി. അറിയാതെ എന്നോടും ചിരിച്ച് പോയി. എന്താണ് പ്രശ്നമെന്ന് ഞങ്ങളുടെ ബന്ധുവും സഹധർമ്മിണിയും ചോദിച്ചെങ്കിലും, ബ്രഷ്  പീഡിപ്പിക്കപ്പെട്ട വിവരം ഞങ്ങൾ രണ്ടുപേരും ആരോടും പറഞ്ഞില്ല. 

ഒരു തവണ അടിമപ്പെട്ടാൽ, പിന്നെ ശീലമായിക്കൊള്ളും എന്ന് പറഞ്ഞത് പോലെ, ഇതേ തരത്തിൽ വീണ്ടും ബ്രഷ് മറന്നുപോയ ചില അപൂർവ്വ അവസരങ്ങളിൽ, എന്റെ ബ്രഷിന് പിന്നെയും കുറച്ച് തവണ കൂടി പരഗമനം നടത്തേണ്ടി വന്നു. മറന്നുപോകുന്ന പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കാൻ, അവന്റേതായ ഒരു 'ചിന്ന ബ്രഷ്' വാങ്ങി എന്റെ വാസസ്ഥലത്ത് വെക്കാൻ, അവനോ ഞാനോ ഒരിക്കലും മിനക്കെട്ടതുമില്ല. പിന്നീടുള്ള സന്ദർഭങ്ങളിൽ പക്ഷേ, ആദ്യത്തെ തവണയിൽ നിന്ന് വ്യത്യസ്തമായി, ബ്രഷിനോ എനിക്കോ എന്റെ കസിനോ പ്രത്യേകമായി ഒന്നും തോന്നിയിരുന്നില്ല! ഞങ്ങളുടെ മൂന്നുപേരുടെയും നാണം അപ്പഴേക്കും തീർത്തും മാറിയിരുന്നു!! പരിഷ്കാരങ്ങളുടെ പോക്ക് അപാരം തന്നെ!!!

ലോകത്താദ്യമായി, ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം നഷ്ടപ്പെട്ട കഥ വായിച്ച് വിശ്വസിച്ച്, 'അയ്യേ' എന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ ഒരു കാര്യം ഓർമ്മയിരിക്കട്ടെ. സ്വന്തം ബ്രഷിനെ മറ്റുള്ളവരിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്! ജാഗ്രതൈ! 

ഈ കഥയെ ആധാരമാക്കി, ഇനി മുതൽ 'നാരായത്തിന്റെ ബ്രഷാകാൻ താല്പര്യമുണ്ടോ' എന്ന്, താല്പര്യമുള്ള ആളുകളോട് വ്യംഗ്യാർത്ഥത്തിൽ ചോദിച്ച് ചോദിച്ച്, അതൊരു പുതിയ ചൊല്ലോ ശൈലിയോ ആക്കി ആരും മാറ്റിക്കളയരുത്. അഥവാ അങ്ങനെ ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കിൽ, അവരെ കുനിച്ച് നിർത്തി, ആരെക്കൊണ്ടെങ്കിലും ഇടിപ്പിക്കേണ്ടിവരും!! 

ഈ കഥ ഇവിടെ എഴുതാൻ പ്രേരിപ്പിച്ച വേറൊരു ദുരന്തകഥയുമായി ഒരു തവണ കൂടി കാണാം: മാറിപ്പോകുന്ന രോഗം (ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം - 2)
***

2021 ഒക്‌ടോബർ 20, ബുധനാഴ്‌ച

അളിവേണി എന്തു ചെയ്‌വൂ


ഈ വർഷം (2021) മാർച്ച് മാസം പതിനേഴാം തീയ്യതി രാത്രി ഒൻപത് മണിക്കടുപ്പിച്ച് എനിക്കൊരു സുഹൃത്തിന്റെ ഫോൺ വന്നു. വാട്സാപ്പിൽ ഒരു സ്വാതിതിരുനാൾ കൃതിയുടെ കുറച്ച് വരികൾ അയച്ചിട്ടുണ്ടെന്നും ആ കൃതിയിലെ വരികളുടെ അർത്ഥം പറ്റുമെങ്കിൽ അടുത്ത ദിവസം തന്നെ അറിയിച്ചാൽ വളരെ സന്തോഷമാകുമെന്നും ആവശ്യപ്പെട്ടാണ് വിളി. ആ വരികളുടെ അർത്ഥം ആവുന്നത് പോലെ ശ്രമിച്ചിട്ടും അറിയാൻ കഴിഞ്ഞില്ലെന്ന് സുഹൃത്ത് പറഞ്ഞപ്പപ്പോൾ ഞാനൊന്ന് പതറി. എന്റെ പരിമിതികൾ എനിക്ക് മാത്രമല്ലേ അറിയൂ!

എന്റെ സുഹൃത്തിന്റെ, ഏതോ സുഹൃത്തിന് അറിയാവുന്ന ആരോ, ഈ വരികൾക്ക് ചുവടുകൾ വെക്കാൻ തയ്യാറെടുക്കുന്നുണ്ടെന്നും, അപ്പോൾ, വരികളുടെ അർത്ഥം അറിഞ്ഞാൽ, അതിനനുസരിച്ച് ചുവടുകൾ ചിട്ടപ്പെടുത്തിയെടുക്കാൻ വേണ്ടിയാണെന്നുമാണ് സുഹൃത്ത് പറഞ്ഞത്. പ്രത്യേകിച്ച്, ചിട്ടപ്പെടുത്തുന്നയാൾ, ഒരു മലയാളി അല്ലാതിരിക്കുമ്പോൾ, സുഹൃത്ത് പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. ചിട്ടപ്പെടുത്തുന്ന വ്യക്തി, ഈ കൃതി എവിടെ നിന്നോ കേട്ടപ്പോൾ വല്ലാതെ ഇഷ്ടപ്പെട്ട് പോയത് കൊണ്ടാണ്, ഈ കൃതി തന്നെ നൃത്തത്തിന് വേണ്ടി തിരഞ്ഞെടുത്തത് എന്ന് കൂടി സുഹൃത്ത് പറഞ്ഞപ്പോൾ, സ്വാതിതിരുനാൾ കൃതികളുടെ വശ്യത എത്ര അപാരമാണെന്നാലോചിച്ച് ഞാനും പുളകം കൊണ്ടു.

ഉറപ്പില്ലെങ്കിലും, എന്നാലാവും പോലെ ശ്രമിക്കാം എന്നും പറഞ്ഞ്, ഫോൺ താഴെ വച്ചു. വാട്സാപ്പ് നോക്കിയപ്പോൾ, ആ കൃതിയിലെ കുറച്ച് വരികളും ആ കൃതി ഉപയോഗിച്ചിട്ടുള്ള ഒരു സിനിമയിലെ ഗാനരംഗത്തിന്റെ യൂട്യൂബ് ലിങ്കും എന്റെ സുഹൃത്ത് അയച്ചിട്ടുണ്ട്. കുരങ്ങന്റെ കൈയ്യിൽ തേങ്ങ കിട്ടിയത് പോലെ, ഈ കിട്ടിയ അസംസ്‌കൃത വസ്തുക്കൾ നോക്കി നാലഞ്ച് മിനുട്ട് ചിന്താനിമഗ്നനായി, ഒരെത്തും പിടിയുമില്ലാതെ  ഞാനിരുന്നുപോയി. വലിയ ജ്ഞാനമൊന്നുമുണ്ടായിരുന്നില്ലെങ്കിലും, കൈയ്യിൽ കിട്ടിയ സമസ്യക്ക് ഉത്തരം കിട്ടാതെ ഉറങ്ങാൻ പറ്റില്ലെന്ന അവസ്ഥ സംജാതമായി.

ഇതിന് മുന്നേ, സ്വാതിതിരുന്നാളിന്റെ തന്നെ 'കാമിനി മണി സഖി...' എന്ന് തുടങ്ങുന്ന ഒരു കൃതിയുടെ അർത്ഥവിശദീകരണം ഞാൻ നടത്തിയതായിരിക്കാം, എന്റെ സുഹൃത്ത്, ഈയ്യൊരു കാര്യത്തിന് എന്നെത്തന്നെ സമീപിച്ചത്. ('കാമിനി മണി സഖി...' യെക്കുറിച്ച് വിശദീകരിക്കേണ്ടിവന്നതിന്റെ കാര്യകാരണങ്ങളെക്കുറിച്ച് 'കാമസ്യ പുലഭ്യം കുമൈപ്പൂ' എന്ന ബ്ലോഗിൽ മറയില്ലാതെ എഴുതിയത് കൊണ്ട്, ഇവിടെ വീണ്ടും എഴുതുന്നില്ല; എങ്കിലും പാട്ടിന്റെ അർത്ഥമറിയാതെ നൃത്തം ചെയ്തതാണ് ഒരു കാരണമെന്ന് മാത്രം പറയുന്നു). അവന്റെ ധാരണ, എനിക്ക് മലയാളത്തിൽ കുറച്ച് വിവരം ഉണ്ടെന്നായിരിക്കണം. അങ്ങനെ ആരെങ്കിലും ധരിക്കുന്നതിൽ എനിക്ക് അഭിപ്രായവ്യത്യാസമൊന്നുമില്ല. അതൊക്കെ അവരുടെ സ്വാതന്ത്ര്യമാണല്ലോ. പക്ഷേ, ആരെങ്കിലും 'live' ആയി എന്തെങ്കിലും ചോദ്യം ചോദിച്ചാൽ ഉത്തരം കിട്ടാത്ത വിവരമേ എനിക്കുള്ളൂ എന്ന് മാലോകർക്കറിയുമോ ഇല്ലയോ എന്ന് എനിക്കറിയില്ലല്ലോ!

***
പല്ലവി:
അളിവേണി എന്തു ചെയ്‌വൂ! ഹന്ത! ഞാനിനി മാനിനി

അനുപല്ലവി:
നളിനമിഴീ, ശ്രീപദ്മനാഭനിഹ വന്നീലല്ലോ 

ചരണം 1:
ഇന്ദുയുദയാം നിശയും ഇന്ദിന്ദീരാദിരാവവും 
മന്ദമാരുതനും ചാരുമലയജലേപനവും 
കുന്ദജാതി സുമങ്ങളും കോമളാംഗീ സഖീ 
സുന്ദരൻ... ലോകസുന്ദരൻ... ത്രിലോകസുന്ദരൻ വരാഞ്ഞാലയേ... 
ചൊല്ക കിം മേ പ്രയോജനം

ചരണം 2:
പാരിടത്തിലഹോ ബഹു ഭാഗ്യവതിയാകുമേവൾ 
സാരസാക്ഷനോടുകൂടി സാമോദം രമിച്ചീടുന്നു
നീരിൽ താർശര സദൃശൻ നിത്യമിങ്ങു 
പാരം നോക്കുവതിന്നാ... മാർഗ്ഗം നോക്കുവതിന്നപി 
ബാഷ്പമിന്നു വൈരിയായി

ചരണം 3:
കാമദേവനോടു മുന്നം കാമകേളിയിലോരോരോ 
സുമധുരവചനങ്ങൾ ചൊന്നതും മറന്നു പോയോ
കിമപി താമസമെന്യേ ഖേദമഖിലം ചൊല്ലി കമിതാവിനേ 
കംബുകണ്ഠീ നയിക്കേണം.
***

മേൽ പറഞ്ഞ കൃതിയാണ് എന്റെ സുഹൃത്ത് എനിക്കയച്ച് തന്നിരുന്നത്. യൂട്യൂബ് ലിങ്ക് പ്ളേ ചെയ്ത് കേട്ടപ്പോൾ, പണ്ടെങ്ങോ എവിടെയോ കേട്ടിട്ടുള്ളതായി എനിക്കും തോന്നി. പക്ഷേ അന്നൊന്നും ഇതിന്റെയൊക്കെ അർത്ഥമറിഞ്ഞിട്ട് വലിയ കാര്യമില്ലാതിരുന്നത് കൊണ്ട്, ആ വഴിക്കൊന്നും അന്വേഷിച്ചിരുന്നില്ല. 

ശ്രീകുമാരൻ 1982 ൽ, സുശീലാമ്മയുടെ ശബ്ദത്തിൽ, ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഗാനം എന്ന സിനിമയിലാണ് ഈ കൃതി ഉപയോഗിച്ചിട്ടുള്ളത്. പല്ലവിയും അനുപല്ലവിയും ആദ്യത്തെ ചരണവും മാത്രമേ എന്റെ സുഹൃത്ത് എനിക്ക് അയച്ച് തന്നിരുന്നുള്ളൂ. കൂടാതെ, യൂട്യൂബിൽ എനിക്ക് ലഭ്യമായിട്ടുള്ള എല്ലാ വീഡിയോകളിലും, ആദ്യത്തെ ചരണം വരെ പാടിയിട്ടുള്ളതായി മാത്രമേ കാണുന്നുമുള്ളൂ.

സുഹൃത്ത്, ഗൂഗിളിൽ ആവത് പരതിയിട്ടും, ആരോടൊക്കെയോ ചോദിച്ചിട്ടും ഉത്തരം കിട്ടാഞ്ഞത് കൊണ്ട്, ഗൂഗിളിൽ വീണ്ടും പരതണോ എന്ന ശങ്ക എനിക്കുണ്ടായെങ്കിലും, വേറെ വഴിയൊന്നും മുന്നിലില്ലാഞ്ഞതിനാൽ, ഞാനും ഗൂഗിളിൽ തപ്പാൻ തന്നെ തീരുമാനിച്ചു. ചിലപ്പോൾ, സുഹൃത്ത് ശരിയായ രീതിയിൽ പരതാഞ്ഞത് കൊണ്ടാണെങ്കിലോ? പക്ഷേ ചുരുങ്ങിയ സമയം കൊണ്ട്, എനിക്കും കാര്യമായ റിസൾട്ടൊന്നും കിട്ടിയില്ല. പിന്നെ ശബ്ദതാരാവലിയും, മനസ്സിലെ നിഘണ്ടുവും മറ്റും എടുത്ത് വച്ച്, പദാനുപദം അർത്ഥം കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. 

തുടർന്ന് ഒരു മണിക്കൂറിനുള്ളിൽത്തന്നെ, ആദ്യത്തെ ചരണം വരെയുള്ള വരികളുടെ അർത്ഥം, തെറ്റുകൾ തീർച്ചയായും ഉണ്ടാവാം എന്ന മുഖവുരയോടെ ഞാനവന് അയച്ച് കൊടുത്തു. 

പിന്നീട് ഏകദേശം അഞ്ചാറ് മാസങ്ങൾ കഴിഞ്ഞപ്പോൾ, അവിചാരിതമായി വീണ്ടും ഈ പാട്ട് കേട്ടപ്പോഴാണ്, ഞാൻ പറഞ്ഞു കൊടുത്ത അർത്ഥത്തിൽ, ചില പിശകുകൾ ഉണ്ടെന്ന് മനസ്സിലാക്കിയത്. അപ്പോൾ ഗൂഗിളിൽത്തന്നെ വീണ്ടും നടത്തിയ ഒരു ചെറിയ ഗവേഷണത്തിലാണ്, ഈ കൃതിക്ക് മൂന്ന് ചരണങ്ങളുണ്ടെന്ന കാര്യവും മനസ്സിലായത്. ഈയ്യൊരു വിവരം ആറുമാസങ്ങൾക്ക് മുന്നേ എന്തുകൊണ്ട് കിട്ടിയില്ല എന്ന് ഞാനതിശയിച്ച് പോയി! ഒരു കൗതുകത്തിന്, മുഴുവൻ പാട്ടിന്റെയും പൂർണ്ണമായ അർത്ഥം അറിയാനുള്ള ഒരു ശ്രമം ആരംഭിക്കുകയും, ആ പരിശ്രമത്തിന്റെ ഫലം, മറ്റുള്ള മലയാളികളെ, മലയാളത്തിൽ അറിയിക്കാനായിട്ടുള്ള ഒരു ഉദ്യമത്തിന് തുടക്കമാവുകയും ചെയ്തു. കാരണം, ഈ കൃതിക്ക് മലയാളത്തിലൊരു വിശദീകരണം എനിക്ക് എവിടെയും ലഭ്യമായിരുന്നില്ല. ഇംഗ്ലീഷിൽ ഒന്ന് രണ്ടിടത്ത് കണ്ടെങ്കിലും, അത് പൂർണ്ണവുമായിരുന്നില്ല. ചില കാര്യങ്ങളിൽ, അത് കുറച്ചൊക്കെ എന്നെ വഴിതെറ്റിക്കുകയും ചെയ്തിരുന്നു. അവ എന്താണെന്ന്, വഴിയേ പറയാം.

സ്വാതിതിരുനാളിന്റെ ചില കൃതികളിൽ, പ്രണയവും പ്രേമവും ഭക്തിയും കാമവും എല്ലാം ഇടകലർന്ന് തുളുമ്പി നിൽക്കും. ഇങ്ങനെ ലാസ്യ-പ്രണയഭാവങ്ങൾ തുളുമ്പിനിൽക്കുന്നതിനാൽ, മോഹിനിയാട്ടത്തിന് അധികമായും ഉപയോഗിക്കുന്നത്. സ്വാതിതിരുനാൾ കൃതികളാണ്.  പദ്മനാഭനോടുള്ള ഭക്തിയാണ് വിഷയമെങ്കിലും, അത് അവതരിപ്പിക്കുന്ന രീതി തികച്ചും വിഭിന്നമാണ്‌. ഒരു നായിക, അവളുടെ തോഴിയോട്, അവളുടെ കാമുകനെ കാണാഞ്ഞതിലുള്ള പരിഭവം പറയുന്ന രീതിയിലാണ് പദ്മനാഭനോടുള്ള ഭക്തിയും പ്രണയവുമൊക്കെ അവതരിപ്പിക്കുന്നത്. 'കാമിനി മണി സഖി...' യിലും ഇതേ രീതി തന്നെയാണ് അവലംബിച്ചിട്ടുള്ളത്. ഇവിടെയായിരുന്നു ഞാൻ നേരത്തെ പറഞ്ഞ ഒരു പിശക് സംഭവിച്ചത്. 'ഒരു രാത്രിയിൽ, കാമുകീകാമുകന്മാർ തമ്മിലുള്ള സൗന്ദര്യപ്പിണക്കമാണ് പശ്ചാത്തലം എന്ന് വേണം കരുതാൻ... പിണങ്ങിയ കാമുകിയോട് കാമുകൻ നടത്തുന്ന, പ്രണയത്തിൽ കുതിർന്ന  പരിദേവനമാണ് ഈ കൃതി' - ഇങ്ങനെയായിരുന്നു ഞാൻ കൊടുത്തആമുഖം. പദ്മനാഭൻ എന്ന സങ്കല്പത്തോടുള്ള പ്രണയവും പദ്മനാഭൻ സമീപത്ത് വരാഞ്ഞതിലുള്ള പരിഭവവുമാണ് വിഷയമെങ്കിലും, പക്ഷേ, അത് അവതരിപ്പിക്കുന്നത്, നായിക അവളുടെ സഖിയോട് പദ്മനാഭനെക്കുറിച്ചുള്ള പരിഭവം പറയുന്നതായിട്ടാണ്.

ഇനി കൃതിയുടെ അർത്ഥവിശദീകരണത്തിലേക്ക് വരാം:

അളിവേണി എന്തു ചെയ്‌വൂ! ഹന്ത! ഞാനിനി മാനിനി
നളിനമിഴീ, ശ്രീപദ്മനാഭനിഹ വന്നീലല്ലോ 
ചുരുണ്ട, അഴകുള്ള കേശഭാരത്തോട് കൂടിയ അഴകുള്ളവളേ (അളിവേണി), പ്രൗഡ്ഢയായവളേ (മാനിനി), താമരക്കണ്ണുള്ളവളേ (നളിനമിഴി), ശ്രീപദ്മനാഭൻ ഇനിയും ഇവിടെ വന്നില്ലല്ലോ... എത്തിയില്ലല്ലോ... കഷ്ടമാണിത്... ഞാനിനി എന്ത് ചെയ്യും?

ഇന്ദുയുദയാം നിശയും ഇന്ദിന്ദീരാദിരാവവും 
മന്ദമാരുതനും ചാരുമലയജലേപനവും 
കുന്ദജാതി സുമങ്ങളും കോമളാംഗീ സഖീ 
സുന്ദരൻ... ലോകസുന്ദരൻ... ത്രിലോകസുന്ദരൻ വരാഞ്ഞാലയേ... 
ചൊല്ക കിം മേ പ്രയോജനം
സർവാംഗസുന്ദരീ, മനോഹരീ... പറയൂ... എന്റെ പ്രിയപ്പെട്ടവനായ ശ്രീപദ്മനാഭൻ വന്നില്ലെങ്കിൽ,  വണ്ടുകൾ മൂളുന്ന ശബ്ദത്തോടും (ഇന്ദിന്ദിരം - വണ്ട്, രവം / രാവം - ശബ്ദം), ഇളം കാറ്റ് തഴുകുന്നതും, ചന്ദ്രനുദിച്ച് പാൽനിലാവ് പരത്തുന്നതുമായ (ഇന്ദുയുദയാം) ഈ രാത്രിയിൽ, ചന്ദനലേപനം (മലയജം - ചന്ദനം) പൂശി, പിച്ചക-മുല്ലപ്പൂക്കൾ (കുന്ദജാതി സുമങ്ങൾ) ചൂടി വന്നിട്ടെന്താണ് പ്രയോജനം?

എന്റെ രണ്ടാമത്തെ പിശക് സംഭവിച്ചത് ഇവിടെയാണ്. 'ന്ദിന്ദിരാദിരാവം' എന്നതിനെ 'ന്തിന്തിരാദിരാവം' എന്നാണെന്ന് ഞാൻ ആദ്യം തെറ്റിദ്ധരിച്ചുപോയി. 'ഇന്തി' എന്നാൽ പൂച്ച എന്നാണ് അർത്ഥം. അതുകൊണ്ട് തന്നെ, 'ഇന്ദിന്ദിരാദിരവം' എന്നതിനെ, 'ഇന്തിന്തിരാദിരവം' എന്നാക്കി,  കുഞ്ഞ് പൂച്ചയുടേത് പോലുള്ള  സുന്ദരമായ കുണുങ്ങൽ ശബ്ദത്തോടെ എന്ന രീതിയിൽ വളരെ വികൃതമായാണ് ഞാൻ വ്യാഖ്യാനിച്ചത്! ബുദ്ധിമോശത്തിന് പിശുക്ക് കാണിക്കേണ്ടതില്ലല്ലോ! പ്രണയാതുരവും കാമാതുരവുമായ ഈ ഗാനത്തിൽ, കുഞ്ഞായാലും, പൂച്ചക്കെന്ത് കാര്യമെന്ന് ചിന്തിച്ചതാണ്, വീണ്ടും ഈ കൃതിയുടെ അർത്ഥതലങ്ങൾ തേടിപ്പോകുവാൻ പ്രഥമമായും എന്നെ പ്രേരിപ്പിച്ചത്.

ഇനിയുള്ള വരികൾ, എനിക്ക് പുതുതായി കിട്ടിയതാണ്.

പാരിടത്തിലഹോ ബഹു ഭാഗ്യവതിയാകുമേവൾ 
സാരസാക്ഷനോടുകൂടി സാമോദം രമിച്ചീടുന്നു
നീരിൽ താർശര സദൃശൻ നിത്യമിങ്ങു 
പാരം നോക്കുവതിന്നാ... മാർഗ്ഗം നോക്കുവതിന്നപി 
ബാഷ്പമിന്നു വരിയായി.
താമരക്കണ്ണനോട് (സാരസം - താമര) കൂടി വളരെ സന്തോഷത്തോടെ നീരാട്ട് നടത്തി രമിക്കുന്നവൾ ആരായാലും അവൾ, ഈ ലോകത്തിലേറ്റവും ഭാഗ്യവതിയാണ്. കാമദേവനെപ്പോലുള്ളവനായ (താർ  - പുഷ്പം, താർശരൻ - കാമദേവൻ) ശ്രീപദ്മനാഭൻ, സ്ഥിരമായി ഇവിടേക്ക് വരുന്ന വഴിയിലേക്ക് ഞാൻ നോക്കിക്കൊണ്ടിരിക്കുകയാണ്. കണ്ണീര് (ബാഷ്പം) നിറഞ്ഞ് എനിക്കൊന്നും കാണുവാനും പറ്റുന്നില്ല. 

കാമദേവനോടു മുന്നം കാമകേളിയിലോരോരോ 
സുമധുരവചനങ്ങൾ ചൊന്നതും മറന്നു പോയോ
കിമപി താമസമെന്യേ ഖേദമഖിലം ചൊല്ലി കമിതാവിനേ 
കംബുകണ്ഠീ നയിക്കേണം.
മുന്നേ, എന്നോടൊത്ത് ചില കാമകേളികളാടുന്ന സമയത്ത്, കാമദേവനായ എന്റെ പ്രിയൻ എന്നോട് പറഞ്ഞ മധുരഭാഷണങ്ങൾ അദ്ദേഹം മറന്നുപോയോ? ഓ... ശംഖിനെപ്പോലെ നീണ്ടുമെലിഞ്ഞ കഴുത്തോട് കൂടി സുന്ദരിയായിരിക്കുന്നവളേ (കംബുകണ്ഠി), ഒട്ടുമേ താമസമില്ലാതെ, എന്റെ ദുഃഖപൂർണ്ണമായ അവസ്ഥ അറിയിച്ച്, അദ്ദേഹത്തെ, ശ്രീപദ്മനാഭനെ, വേഗത്തിൽ ഇവിടേക്ക് കൊണ്ടുവരൂ.

ഇവിടെ കംബുകണ്ഠി എന്ന പദത്തെ ഞാൻ ആദ്യമായാണ് അഭിമുഖീകരിച്ചത്. ഒന്നാമത്, ഞാൻ കണ്ട വരികൾ മംഗ്ളീഷിലായതിനാൽ kambukanthi എന്ന രൂപത്തിലായിരുന്നു ആ വാക്ക് ആദ്യമായി കണ്ടത്. ആ വാക്കാണ് കുറേനേരത്തേക്ക് എന്നെ വഴിതെറ്റിച്ചത്. ആ പദം 'മ്പുകാന്തി'യാണോ അതോ 'കാമ്പുകാന്തി'യാണോ അല്ലെങ്കിൽ 'മ്പുന്തി', അതുമല്ലെങ്കിൽ 'കാമ്പുന്തി'യാണോ എന്നൊക്കെയാലോചിച്ച് കുറേ തപ്പിയെങ്കിലും, അർത്ഥവത്തായ ഒരു പദവും അതിൽ നിന്ന് ഉരുത്തിരിഞ്ഞില്ല. കുറേ പരിശ്രമത്തിനൊടുവിലാണ് അത് ഉച്ഛരിക്കേണ്ടത് 'കംബുകണ്ഠി' എന്നാണെന്ന് മനസ്സിലായത്. 'കംബു' എന്നാൽ ശംഖ് എന്നർത്ഥം. കാംബോജി രാഗത്തിന്റെ പേരിന്നുറവിടം, 'കംബു' എന്ന ശംഖാണെന്നും പറയപ്പെടുന്നു. 

എന്തായാലും ആവശ്യത്തിനായോ അനാവശ്യമായോ ആണെങ്കിലും, കുറച്ച് സമയം മിനക്കെട്ട്, ഇത്രയെങ്കിലും വിവരശേഖരണം നടത്തിയ സ്ഥിതിക്ക്, മലയാളത്തിൽ, ഈ സ്വാതിതിരുനാൾ കൃതിയെക്കുറിച്ച് വേറെ ഒരു എഴുത്ത് രേഖകളും ഓൺലൈനായി ലഭ്യമല്ലാത്ത അവസ്ഥയിൽ, ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ ഉപകാരപ്പെടട്ടെ എന്ന് ചിന്തിച്ചാണ്, ഈ കുറിപ്പുകൾ പരസ്യപ്പെടുത്തുന്നത്. മംഗ്‌ളീഷിൽ കിട്ടിയ വരികളും ഇംഗ്ളീഷിൽ കിട്ടിയ വിശദീകരണങ്ങളും വീണ്ടുമൊരു കൺഫ്യൂഷൻ ഇല്ലാതിരിക്കാൻ വേണ്ടി, , എന്നാലാവും വിധം വിശദീകരിക്കാൻ ഇവിടെ ശ്രമിച്ചിട്ടുണ്ട്. ഈ പറഞ്ഞതിൽ എന്തെങ്കിലും പിശകുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, അറിയാവുന്നവർ ചൂണ്ടിക്കാട്ടിയാൽ, തിരുത്താൻ ഒരു മടിയും ഇല്ലെന്ന് കൂടി ഇതിനാൽ അറിയിച്ച് കൊള്ളട്ടെ.



***

2021 സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

വള്ളികൾ


'കള'കളിൽ വള്ളികൾ പടരുമ്പോഴാണ് 'കിളി'കൾ പാട്ട് പാടുന്നത്!

'വള'കളിലെ വിടവുകളിലൂടെ വള്ളികൾ കയറ്റുമ്പോഴാണ് വളകിലുക്കത്തിന്റെ 'വിളി'കളുയരുന്നത്!

'പട'നിലങ്ങളിൽ വള്ളികൾ പടർത്തിയാണ് ശത്രുവിനെ 'പിടി'ക്കുന്നത്!

'കഴ'പ്പ് തോന്നുന്നിടത്തെ വള്ളികളിലാടുമ്പോഴാണ് 'കിഴി'കൾ വെക്കേണ്ടി വരുന്നത്!

'മിഴി'കളിൽ നിന്ന് വള്ളികൾ അഴിച്ച് വലിച്ചിഴയ്ക്കുമ്പോഴാണ് 'മഴ'യുണ്ടാകുന്നത്!

'ഗിരി'കളിൽ നിന്ന് കശ്മലന്മാർ വള്ളികൾ 'ഗര'ണിക്കുമ്പോഴാണ് മൊട്ടക്കുന്നുകൾ ജനിക്കുന്നത്!

'ചര'കമായ ചുണ്ടുകളിലെ വള്ളികളിൽ തൂങ്ങുമ്പോഴാണ് 'ചിരി'യിളക്കമുണ്ടാകുന്നത്!

'തര'ത്തിലുള്ള ജയത്തിൽ വള്ളികൾ വീഴുമ്പോഴാണ് 'തിരി'കൾ കത്തുന്നത്!

'പര'കായങ്ങളിൽ അറിയാതെ വള്ളികൾ തിരുകുമ്പോഴാണ് 'പിരി'യിളകിപ്പോകുന്നത്!

---

വള്ളികൾ കൊണ്ടുള്ള കളി തീക്കളിയായി, വള്ളികൾ ഗളത്തിൽ മുറുകും മുന്നേ
നേരം കളയാതെ സ്വന്തം ജോലി തുടർന്നോളൂ 😆 !

***

2021 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

ബീച്ച് സമ്മാനിച്ച ചിക്കൻപോക്സ്

കാടും കടലും അങ്ങനെയാണ്... വല്ലാതങ്ങ് ആരെയും മോഹിപ്പിക്കും. നൂറടി നടക്കാൻ ആവതില്ലെങ്കിലും കാട്ടിലൂടെയുള്ള ഹൈക്കിങ്ങിനെന്നും പറഞ്ഞ്, ഏതെങ്കിലും മരത്തണലിലിരിക്കാൻ വ്യായാമതല്പരർ രാവിലെത്തന്നെ എഴുന്നേറ്റ് പോയെന്ന് വരും. നീന്തലറിയില്ലെങ്കിലും തിരമാലകളെ പെരുത്ത് ഭയമാണെങ്കിലും, ബീച്ചിലെത്തി കാൽവിരൽത്തുമ്പ് നനച്ച് വെറുതെ കരയിലിരുന്ന് ഉറങ്ങാനും അതിരാവിലെത്തന്നെ സാഹസികമനസ്കർ ഇറങ്ങിത്തിരിച്ചെന്ന് വരും. അങ്ങനെയുള്ള ഒരു ചിന്തയിലാണ്, രണ്ടര ദിവസത്തെ ഒരു ബീച്ച് ട്രിപ്പിന് ഞങ്ങൾ ചില സുഹൃത്തുക്കൾ പ്ലാനിട്ടത്.

കൊറോണക്കാലമാണ്... നാട്ടിലൊന്നും പോകാത്തത് കൊണ്ട്, കുറച്ച് അവധി ദിവസങ്ങൾ ബാക്കി കിടപ്പുണ്ട്... അത് എങ്ങനെയെങ്കിലും ഉപയോഗിക്കണമെന്ന ആഗ്രഹമാണ് ഈ ബീച്ച് ട്രിപ്പിന് ആധാരശില പണിഞ്ഞത്. സൗത്ത് കരോലിനയിലെ മിർട്ട്ൽ ബീച്ചാണ് നറുക്കെടുപ്പിൽ പൊങ്ങി വന്നത്. വീട്ടിൽ നിന്നും ഏകദേശം ഏഴ് മണിക്കൂറോളംദൂരമുണ്ട് ഈ പറഞ്ഞ കടാപ്പുറത്തേക്ക്.

ബീച്ചിനെ തൊട്ടുരുമ്മിക്കൊണ്ടുള്ള വലിയ റിസോർട്ടായ കരീബിയൻ റിസോർട്ടിൽ മുറികൾ ബുക്ക് ചെയ്തു. മുറികൾ ചെറുതായിപ്പോവുന്നത് കൊണ്ട് സ്യൂട്ടുകളാണ് ബുക്ക് ചെയ്തത്. ഒരു സ്യൂട്ടിൽ എട്ട് പേർക്ക് സുഖായി കഴിയാം. അടുക്കളയുള്ളത് കൊണ്ട്, സമയത്തിനും താല്പര്യത്തിനും അനുസരിച്ച് വേണ്ടത് പോലെ എന്തെങ്കിലും ഉണ്ടാക്കി കഴിക്കുകയും ചെയ്യാം. 

അങ്ങനെ മൂന്ന് സ്യൂട്ടുകളിലേക്കായി ഞങ്ങൾ ആറ് കുടുംബങ്ങൾ ആഗസ്ത് പതിനഞ്ചാം തീയ്യതി പുറപ്പെട്ടു. ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനമാണ്. ഒരു സ്വാതന്ത്ര്യദിന റാലി പോലെ, എല്ലാ വണ്ടികളും ഒരു കോൺവോയ് രൂപത്തിൽ പോകാമെന്ന്  വിചാരിച്ചപ്പോൾ, പല കാരണങ്ങളാലും നടന്നില്ല. രണ്ട് പേർ മേരിലാൻറിൽ നിന്നും ബാക്കിയുള്ളവർ വിർജീനിയയിൽ നിന്നുമാണ് പുറപ്പെടേണ്ടത്. നാല് മണിക്കാണ് ചെക്കിൻ സമയം. മിനിമം മൂന്നരക്കെത്തിയാൽ മാത്രമേ ചെക്കിനും കഴിഞ്ഞ്, നാല് മണിക്ക് തന്നെ കടൽത്തീരത്തെത്തി, അന്നത്തെ അസ്തമയത്തിന് മുന്നേ ബാക്കിയുള്ള മണിക്കൂറുകൾ മുഴുവനായും ആസ്വദിക്കാൻ പറ്റുകയുള്ളൂ. മൂന്നരക്ക് അവിടെ എത്തണമെങ്കിൽ, ഭക്ഷണ ഇടവേളകളും പെട്രോളടി സമയവുമെല്ലാം കൂട്ടി, കാലത്ത് ആറരക്കെങ്കിലും പുറപ്പെടണം. 

നേരത്തേ പറഞ്ഞല്ലോ, കടൽ ഓരോരുത്തർക്കും ആവേശമാണെന്ന്. അതെ, ആ ആവേശം ഞങ്ങളിലും കാണാനുണ്ടായിരുന്നു. ഞങ്ങളിലൊരു കുടുംബം, രണ്ട് മണിക്കൂറെങ്കിലും ആദ്യത്തെ ദിവസം, കടലിൽ അധികം കിട്ടണമെന്ന ആഗ്രഹത്തിൽ, പുലർച്ചക്ക് അഞ്ച് മണിക്ക് തന്നെ പുറപ്പെട്ട് കളഞ്ഞു. വേറൊരു സാഹസികൻ, അവന്റെ ചെറിയ രണ്ട് മക്കളെയും ഉറക്കപ്പായയോടെ ചുരുട്ടി വണ്ടിക്കകത്ത് എടുത്തിട്ട്, വെളുപ്പിന് അഞ്ചേകാലിനും സ്ഥലം വിട്ടു കളഞ്ഞു. പാതി വഴിക്ക് നിന്ന് അവർ വാട്സാപ്പ് ചെയ്തപ്പോഴാണ് ബാക്കിയുള്ള അരസികന്മാർ ഈ വിവരമറിഞ്ഞ് വിഷണ്ണരായത്. ഉടനെത്തന്നെ കിട്ടിയതെല്ലാം വാരി വണ്ടിയിലിട്ട് ബാക്കിയുള്ള നാല് കുടുംബങ്ങളും വച്ചുപിടിച്ചു. 

തുടക്കത്തിൽ, അവസാനത്തെ നാല് കുടുംബങ്ങളും ഒരുമിച്ചായിരുന്നെങ്കിലും, ഓരോരുത്തരുടെയും സ്വന്തം ഗൂഗിളമ്മായി ഓരോരുത്തരോടും വിവിധ തരത്തിൽ ഓതിയെന്നുള്ള ഒറ്റക്കാരണം കൊണ്ട്, അധികം വൈകാതെ തന്നെ,  നാല് വഴിക്കായി ചിതറിയോടി. 

ഒടുവിൽ, മൂന്നരക്കടുപ്പിച്ച് റിസോർട്ടിലെത്തുമ്പഴേക്കും, അഞ്ച് മണിക്ക് പുറപ്പെട്ടയാൾ, റിസോർട്ട് ബുക്ക് ചെയ്യാനുള്ള മനഃസ്ഥിതി കാണിച്ചത് പോലെ, അതിന്റെ തുടർച്ചയായി, എല്ലാ സ്യൂട്ടുകളുടെയും താക്കോൽ കാർഡ് എടുത്ത് നമ്മുടെ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയിരുന്നത്, നമുക്കും കുറച്ച് സമയലാഭം ഉണ്ടാക്കിത്തന്നു.

റിസോർട്ടിന്റെ തൊട്ട് പിന്നാമ്പുറത്ത് കടലമ്മ ആർത്തലച്ച് വിളിക്കുന്നത് നമ്മളെല്ലാവരെയും അക്ഷമരാക്കി. മുറിയിൽ, സാധനങ്ങളെല്ലാം വാരിവലിച്ചിട്ട് ഒട്ടും സമയം പാഴാക്കാതെ എല്ലാവരും തീരത്തേക്ക് കുതിച്ചു. തീരത്തേക്ക് കുതിക്കുന്നതിനിടയിലാണ്, കൂട്ടത്തിലുള്ള ചില ചെറിയ കുട്ടികൾ റിസോർട്ടിനും ബീച്ചിനുമിടയിലുള്ള നീന്തൽക്കുളവും ലേസി ഫ്‌ളോട്ടിങ് പൂളും കണ്ട് അന്തിച്ച് നിന്ന് പോയത്. കടലമ്മയുടെ മാടിവിളിക്കലുകൾ, പൂളിന്റെ നിശ്ശബ്ദവിളിയിൽ മുങ്ങിപ്പോയതായി ചില വാശി കുറഞ്ഞ ബാലികാബാലന്മാർക്ക് തോന്നിയപ്പോൾ, ചെറിയ കുട്ടികളുടെ രണ്ട് തന്തമാർ, കുറച്ച് നേരത്തേക്കെങ്കിലും, കണ്ണുനീരോടെ പൂളിൽ കുടുങ്ങിപ്പോയി. 

സായാഹ്‌ന സൂര്യൻ മുകളിൽ നിന്ന് കത്തുകയായിരുന്നെങ്കിലും, ഇടക്കിടെ നേർത്ത കാർമേഘപാളികൾ, സൂര്യനെ വെല്ലുവിളിച്ച് നീങ്ങിയത്, സൂര്യനെ അലോസരപ്പെടുത്തിക്കാണുമെങ്കിലും, താഴെയുണ്ടായിരുന്ന ഞങ്ങളെ സന്തോഷിപ്പിച്ചു. വലിയ ബീച്ച് കുടകൾ, ഞഞങ്ങളെല്ലാവരും നിരനിരയായി കുത്തിനിർത്തി വിടർത്തിയതും സൂര്യനെ കൂടുതൽ പ്രകോപിപ്പിച്ച് കാണണം, ബീച്ചിൽ നല്ല ചൂടായിരുന്നു.

ആണുങ്ങളും കുട്ടികളും കടൽത്തിരകളോട് മത്സരിക്കാൻ ഒട്ടും വൈകാതെ തന്നെ കടലിലേക്കിറങ്ങിയെങ്കിലും, കടൽ കണ്ടപ്പോൾ, കൂട്ടത്തിലുള്ള ചില നാരീമണികൾ, ബീച്ച് കസേരകളിൽ ചാഞ്ഞിരുന്ന് കടലിനെ നോക്കിച്ചിരിച്ച് കടലിൽ ഇറങ്ങിയത് പോലെ കുളിര് കൊണ്ടു. രാവിലെ അഞ്ച് മണിക്ക് തിരക്ക് പിടിച്ച് ഇറങ്ങിയത് കടല് കാണാൻ മാത്രമായിരുന്നോ എന്ന് കടൽ പരിഭവിച്ചെങ്കിലും കസേരകൾക്ക് കുറേനേരം അവരെ താങ്ങേണ്ടി വരിക തന്നെ ചെയ്തു. 

സൂര്യാഘാതം ഏൽക്കാതിരിക്കാൻ, സൺസ്‌ക്രീൻ ലേപനങ്ങൾ എല്ലാവരും വാശിയോടെ എടുത്ത്, തെയ്യത്തിനെന്നപോലെ മേക്കപ്പിടുമ്പോഴായിരുന്നു, 'അയ്യോ ന്യൂട്രോജിനാ' ആണെങ്കിൽ തേക്കല്ലേ... അത് കാൻസറുണ്ടാക്കും...' എന്നൊരു നാരീനിലവിളി അന്തരീക്ഷത്തിൽ മുഴങ്ങിയത്. ട്യൂബിന്റെ മേലെ നോക്കിയപ്പോൾ, അത് 'ന്യൂട്രോജീന' തന്നെയായിരുന്നു. ഇനിയെന്ത് ചെയ്യാനാണ്... പൂശിയത് തുടക്കാനൊന്നും നേരമില്ല... അല്ലേലും കടലിലിറങ്ങി കുറച്ച് നേരം കഴിയുമ്പഴേക്കും ക്രീമൊക്കെ കടല് കൊണ്ടുപോകുമല്ലോ.

എന്തായാലും, ആർത്തലച്ച് തീരത്തേക്ക് വരുന്ന തിരമാലകളെ, കുറച്ചെങ്കിലും തള്ളി ഉള്ളിലേക്കൊതുക്കുവാൻ തീരുമാനിച്ച് ഞങ്ങൾ കടലിലേക്കിറങ്ങി. തിരക്കിട്ട് കടലിലേക്കിറങ്ങിയതിനാൽ, നമ്മുടെയുള്ളിലേക്ക് വെള്ളം കയറ്റാനുള്ള സാവകാശം ഞങ്ങൾക്ക് കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ, തിരയെ തള്ളി പിന്നിലേക്കാക്കുന്ന സമയത്ത്, ഞങ്ങൾ പെട്ടന്ന് തന്നെ തളർന്ന് പോകുന്നുണ്ടായിരുന്നു... പോരാഞ്ഞതിന്, ചിലരുടെ ചെവിയിലേക്കും മൂക്കിലേക്കും വായിലേക്കും ഇരച്ച് കയറി, കടൽ അതിന്റെ ശൗര്യം ഇടക്ക് കാണിക്കുകയും ചെയ്തു. 'നാളെ ഇത്തിരി അകത്താക്കി വന്നിട്ട് കാണിച്ച് തരാം...' എന്ന് വെല്ലുവിളിച്ച്, ആദ്യത്തെ ദിവസം കടലിനോട് വിട ചൊല്ലി.

സ്ത്രീജനങ്ങൾ, കുറച്ച് നേരത്തേ കൂടണഞ്ഞത് കൊണ്ട്, മുറിയിലെത്തുമ്പഴേക്കും, നല്ല ചൂടൻ ചോറും പരിപ്പ് കറിയും ഉണ്ടായിരുന്നു. ശാപ്പാടിന് മുന്നേ, കഴിച്ചത് പെട്ടന്ന് ദഹിപ്പിക്കാൻ രണ്ട് Tequila Shots ഉള്ളിൽ കേറിയത് കൊണ്ട്, കൂടുതൽ പരിപ്പ് ഉള്ളിൽ കേറാൻ ഇടയാക്കി. പരിപ്പിന്റെ അനന്തരഫലങ്ങളെക്കുറിച്ച് പേടിച്ചെങ്കിലും, രാത്രികാലത്ത്, വിസ്ഫോടനങ്ങൾക്ക് ശബ്ദം കുറവായതിനാൽ, കൂടെ താമസിച്ചിരുന്ന കുടുംബങ്ങൾക്ക് പരസ്പരം ശല്യമായില്ല.

പിറ്റേന്ന് കാലത്ത്, നേരത്തേ തന്നെ കുറച്ച് പേർ, സൂര്യോദയം കണ്ട് ഉലാത്താൻ തീരത്തേക്കിറങ്ങി. സൂര്യോദയം കണ്ടില്ലെങ്കിലും സൂര്യൻ ഉച്ചിയിൽ ഉദിച്ച് വരും എന്നുള്ളത് കൊണ്ട്, പ്രഭാതസമയത്ത് കിട്ടിയ ഉറക്കിനെ താലോലിച്ച് കുറച്ചധികം ഞാൻ കിടന്നുറങ്ങി, വീണ്ടും പോയി, കരയെ ഉപദ്രവിക്കുന്ന തിരയോട് പെരുമാറാനുള്ളതാണല്ലോ!

രണ്ടാമത്തെ ദിവസം രാവിലെ, തീരത്തെത്തുമ്പഴേക്കും, നമുക്ക് തീരത്തിനടുത്ത് കുട കുത്തിനിർത്താൻ സ്ഥലം കിട്ടിയില്ല... അതുകൊണ്ട്, വേറെ ആരുടെയോ കുടകൾക്ക് പിന്നിലായാണ് ഞങ്ങളുടെ കുടകൾ സ്ഥാപിക്കപ്പെട്ടത്. നേരം വൈകിപ്പോയതാണ് കാരണം. സമയം പത്ത് മണി ആയിരിക്കുന്നു. അടുത്ത ദിവസം ഇതിന് പ്രായശ്ചിത്തം ചെയ്യുമെന്ന് അപ്പോൾ തന്നെ ഉള്ളിൽ ശപഥം ചെയ്തു. 

ഇത്തവണ, നമ്മുടെ ഊർജ്ജം കൂട്ടാൻ വേണ്ടിയുള്ള ചില നീർ ചേരുവകൾ, കൂട്ടത്തിലൊരാൾ ഉണ്ടാക്കിക്കൊണ്ടുവന്നത് മാനസികമായ ഉല്ലാസം ഉണ്ടാക്കി. വോഡ്കയും ജിന്നും ക്രാൻബെറി ജ്യൂസും മറ്റും ഒരുമിച്ച് കലക്കിയുള്ള പ്രത്യേക കൂട്ടായിരുന്നു അത്. ആ പ്രത്യേക കോക്ടെയിൽ കൂട്ട് അകത്ത് ചെന്നപ്പോൾ തന്നെ തിര നമ്മളെ പേടിക്കുന്നതായി നമുക്ക് തോന്നി. കൂടെ കുട്ടികൾ ഉള്ളത് കൊണ്ട്, അവർക്ക് സുരക്ഷിതമേഖല ഒരുക്കാൻ, തിരയെ കൂടുതൽ പിന്നിലേക്ക് തള്ളുന്നതിന് ആ കൂട്ട് തീർത്തും സഹായകമായിരുന്നു. തള്ളിയ തിരയെ ഒരു സ്ഥലത്ത് പിടിച്ച് നിർത്തി, കുട്ടികളെല്ലാവരെയും അതിന്റെ പിന്നിൽ നിർത്താൻ ശരിക്കും പാട് പെടേണ്ടി വന്നു. പ്രത്യേക കൂട്ട് കഴിച്ചില്ലെങ്കിലും കുട്ടികളും ഞങ്ങളെ തോൽപ്പിക്കും വിധം തിരകളോട് നിർദ്ദയം പെരുമാറി. ഈ മല്പിടുത്തത്തിനിടയിലും, ഫ്രിസ്ബീയും പന്തുകളും മറ്റും പരസ്പരം എറിഞ്ഞ് പിടിക്കുന്നത്, തിരകളുടെ ശിരസ്സ് കുറച്ചെങ്കിലും താഴ്ത്താൻ സഹായിച്ചു.

ഈ പ്രത്യേക കൂട്ടിന്റെ മണം മൂക്കിൽ കയറിയ നാരീമണികളും, ഇതിനിടയിൽ കൂട്ട് അകത്താക്കാൻ തുടങ്ങിയിരുന്നു. ഒന്നോ രണ്ടോ പേർ മാത്രം സദാചാരത്തിന്റെ പേരിൽ കോക്ടെയിലിനോട് മുഖം തിരിച്ച് നിന്നെങ്കിലും മറ്റുള്ളവർ തേനീച്ചകളെപോലെ, കുടയുടെ തണലിൽ, കസേരകളിൽ ചാഞ്ഞിരുന്ന് നുണഞ്ഞ് കൊണ്ടിരുന്നു. ഭർത്താക്കന്മാർ കുടിക്കുന്നതിനെ സംശയ ദൃഷ്ടിയോടെ വീക്ഷിച്ചിരുന്നവരും, ഭർത്താക്കന്മാർ കുടിക്കുന്നതിനെ എതിർക്കുന്നവരും കൂട്ട് നുണഞ്ഞിരിക്കുന്നത് കാണാൻ നല്ല രസമായിരുന്നു. പക്ഷേ, കുറേ നുണഞ്ഞതിന് ശേഷം, മുഖമാകെ കുങ്കുമഛായ പടർന്നെങ്കിലും, 'കൂട്ടിന് വീര്യം പോരാ...' എന്ന ഏതോ ഒരു തരുണിയുടെ കമന്റ്, കൂട്ട് ഉണ്ടാക്കിയ വിരുതന്റെ നെഞ്ചിലാണ് ആഴത്തിൽ തറച്ചത്.

ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഭാരതീയ നാരീമണികൾ, കടൽത്തീരവസ്ത്രങ്ങളൊക്കെയായിരുന്നു ഇട്ടിരുന്നതെങ്കിലും, കടൽത്തീരത്ത് വന്നുപോയത് കൊണ്ട് മാത്രം, കാൽപെരുവിരലിന്റെ അറ്റം നനക്കാൻ പോലും പേടിക്കുന്നത് കടലിന് തന്നെ നാണക്കേടായിരുന്നു. തിരയെങ്ങാനും വന്ന്, പെരുവിരലിൽ നിന്ന് പാദസരങ്ങളുടെ ഉയരത്തിലെങ്കിലും വെള്ളം ഉയരുന്നേരം, അവർ പേടിച്ച് അലറിവിളിച്ചത്, തിരകളെപ്പോലും പേടിപ്പിച്ചു കളഞ്ഞു. 

തിരകളെ തല കൊണ്ട് കുത്തിമറിച്ച് കുട്ടിക്കരണം മറിഞ്ഞ് കൊണ്ടിരിക്കേ, തീരത്തിന്റെ നഗ്നത മറച്ച് കൊണ്ട്, അർദ്ധനഗ്നകളും അർദ്ധനഗ്നന്മാരുമായി മനുഷ്യസാഗരം തീരത്തിന് മേൽ മലർന്ന് കിടന്നത് കണ്ണുകൾക്ക് മനോഹരമായ കാഴ്ച നല്കുന്നുണ്ടായിരുന്നു. എന്നാലും ഒരു ഭർത്താവെന്ന നിലക്കും ഒരച്ഛനെന്ന നിലക്കും ചില കടമകളുണ്ടെന്ന ഓർമ്മപ്പെടുത്തലിൽ, കണ്ണുകളിൽ സ്വയം തന്നെ ഒരു ഫിൽട്ടറിട്ടാണ് ഞാൻ നോക്കിക്കൊണ്ടിരുന്നത്. ആ നോട്ടത്തിൽ, ഏതോ ഒരു കുലീന, വെള്ളത്തിലൊന്നും ഇറങ്ങാൻ കൂട്ടാക്കാതെ, ഒരു കട്ടിപ്പുസ്തകവുമെടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. പുസ്‌തകം കൈയ്യിലുണ്ടെങ്കിലും മിക്കവാറും അത് അടഞ്ഞ് തന്നെ കിടന്നു. അപൂർവ്വം അവസരങ്ങളിൽ പുസ്തകം തുറന്ന് കിടക്കുന്നത് കണ്ടപ്പോഴാണ്, പുസ്തകം തുറന്ന് കിടക്കുന്ന സമയത്തെല്ലാം അവരുടെ കണ്ണ് അടഞ്ഞാണ് കിടക്കുന്നതെന്ന് മനസ്സിലായത്. പുസ്‌തകം അടക്കുമ്പോൾ കണ്ണ് തുറന്നിട്ടുമുണ്ടാകും. ഒന്ന് തുറക്കുമ്പോൾ മറ്റൊന്ന് അടയുമെന്ന മഹദ് ദർശനം കണ്മുന്നിൽത്തന്നെ ഉദാഹരണമായി കിടക്കുന്നു! 

അതിനിടയിൽ, കമ്പിയില്ലാക്കമ്പി വഴി, മത്തിക്കറിയും ചപ്പാത്തിയും റെഡിയായിട്ടുണ്ടെന്ന വിവരം കേട്ടത് കൊണ്ട് മാത്രമാണ് ഞങ്ങൾ കരക്ക് കയറിയത്.  

മൂന്നാമത്തെ ദിവസം രാവിലെത്തന്നെ മറ്റുള്ളവർ എഴുന്നേറ്റ് തീരത്ത് ഉലാത്താൻ പോയപ്പോൾ, തലേ ദിവസത്തെ വാശിക്ക്, മറ്റുള്ളവർ നാട്ടുന്നതിന് മുന്നേ തന്നെ, കൈയ്യിൽ കിട്ടിയ കുടകളെല്ലാമെടുത്ത് കൊണ്ട് വന്ന്, ഞാൻ കടൽത്തീരത്ത് നാട്ടി. ചില വാശികളാണല്ലോ, ചിലപ്പോഴെങ്കിലും നമ്മെ ചില കാര്യങ്ങളിൽ മുന്നിലെത്തിക്കുന്നത്!

തലേന്നുണ്ടാക്കിയ കോക്ടെയിൽ കൂട്ടിന് വീര്യം പോരെന്ന ആവലാതിപ്പെട്ട മഹിളക്ക് മറുപടിയെന്ന നിലയിൽ, വളരെ ഗംഭീരമായ ഒരു പുതിയ റെസിപ്പീയുമായാണ്, മധുപാനസൽക്കാരത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത നമ്മുടെ കൂട്ടുകാരൻ അന്ന് തീരത്ത് അവതരിച്ചത്. വോഡ്കക്കും ജിന്നിനും പുറമെ, ടക്കീലയും തണ്ണിമത്തൻ  ജ്യൂസും മറ്റും ചേർത്ത് തകർപ്പനൊരു സാധനം. ഒന്നാമത്തെ ഗ്ളാസ്സിൽത്തന്നെ, അന്തർജ്ജനങ്ങൾ അന്തർമുഖരായി കുനിഞ്ഞിരുന്നു. വീണ്ടുമൊരു ഗ്ളാസിന് ചോദിക്കാൻ അവർക്ക് മടി തോന്നി!

അതേ സമയം, നമ്മുടെ പുരുഷപ്രജകൾ, കള്ളിൻകുടത്തിന്റെ വക്കിലിരിക്കുന്ന ഈച്ചകൾ മാതിരി, കോക്ടെയിൽ കൂട്ടിരിക്കുന്ന വലിയ കുപ്പികൾ വച്ച, ഐസ് ബാഗിന് ചുറ്റും വട്ടമിട്ടിരുന്ന് വെടിവട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. ആർക്കും കടലിലേക്ക് ഇറങ്ങാൻ ഒരു താല്പര്യവും തോന്നിയില്ല. മനം മയക്കുന്ന മധു മുന്നിലുള്ളപ്പോൾ, കളം മായ്ക്കുന്ന തിരകളോട് മല്ലിടാൻ ആർക്കാണ് താല്പര്യമുണ്ടാവുക?

എന്നാലും, ഈ കടൽ തീരം എല്ലാ സമയത്തും കിട്ടില്ലല്ലോ എന്ന ആശങ്കയിൽ, ഒറ്റവലിക്ക് കുടിക്കാൻ പറ്റുന്നതിന്റെ മാക്സിമം കുടിച്ച്, കുട്ടികളോടൊപ്പം ഞാനും തിരകളോടൊത്തുള്ള കളികളിൽ ഏർപ്പെട്ടു. കൂക്കി വിളിച്ചിട്ടും അലറിവിളിച്ചിട്ടും ആരും കൂടെ കളിക്കാൻ വരാതായപ്പോൾ, ഓരോരുത്തരെയും പിടിച്ച് വലിച്ച് കൊണ്ട് വരേണ്ട അവസ്ഥ! ഓരോ തവണ,യും ആരെയെങ്കിലും വലിച്ച് കൊണ്ടുവരാൻ പോകുമ്പോൾ മാത്രം, ആവുന്ന മാത്രയിൽ, വീണ്ടും സോമരസപാനം നടത്തുക എന്നതായിരുന്നു എന്റെ നയം.

വേലിയേറ്റമായത് കൊണ്ട്, തിരയെ തള്ളാൻ കൂടുതൽ ആളുകളുടെ സഹായം ആവശ്യമുണ്ടായിരുന്നു. ഒടുവിൽ എല്ലാവരും ഇടക്കെങ്കിലും വന്ന് തള്ളിയത്, തിരയെ പെട്ടന്ന് തന്നെ പൂട്ടാൻ വളരെ സഹായകമായി. ഓരോ തള്ളലിനും, കോക്ടെയിലിന്റെ ബലത്തിൽ നൂറിരട്ടി ശക്തിയുണ്ടായിരുന്നത് കൊണ്ട്, ഒടുവിൽ ഞങ്ങളോട് തോറ്റ് സുല്ലിട്ട്, വേലിയിറക്കത്തിന്റെ പേരും പറഞ്ഞ് തിരമാലകൾ പിൻവാങ്ങി. 

തിരമാലകൾ വേലിയിറങ്ങിയിട്ടും, കുട്ടികളോടൊത്തുള്ള കടലിലെ കളികൾ നമ്മൾ നിർത്തിയില്ല. അകത്തും പുറത്തും വെള്ളമുള്ളപ്പോൾ വെള്ളമില്ലാത്തിടത്തേക്ക് എങ്ങനെയാണ് പോവുക? ആ സമയത്താണ്, തലേ ദിവസം പുസ്തകം വായിച്ച് തീരത്തിരുന്ന സ്ത്രീരത്നത്തെ ഞാൻ വീണ്ടും ശ്രദ്ധിച്ചത്. ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ വായിച്ച് തീർക്കാനായിരിക്കും ആ പുസ്തകമെടുത്തതെന്ന് ഞാൻ നിരീച്ചു. വായനക്കാരെ പൊതുവേ എനിക്ക് ബഹുമാനമാണ്. അതും കിട്ടിയ സമയം നശിപ്പിച്ച് കളയാതെ പുരോഗമനപരമായി ഉപയോഗിക്കുന്നത് എത്ര നല്ല ശീലമാണ്! പണ്ട്, പഠിക്കുന്നസമയത്ത്, രണ്ട് പേജിനപ്പുറം വായിച്ചില്ലെങ്കിലും, വലിയ 'സി' പ്രോഗ്രാമിങിന്റെ പുസ്തകം കവറിടാതെ വെറുതെ കൊണ്ട് നടന്നത് ഞാനോർത്തുപോയി. പക്ഷേ തുറന്ന് വച്ച ആ പുസ്തകത്തിന്റെ ഒരു താളും മറയാതെ, ആയ പുസ്തകം പിടിച്ച വ്യക്തി എല്ലായ്‌പോഴും ഉറങ്ങുന്നത് കണ്ടപ്പോൾ എന്റെ ഓർമ്മകൾക്ക് വീണ്ടും ബാല്യമുണ്ടായി. പുസ്തകം തുറക്കുന്നത് തന്നെ ഉറക്കത്തിനുള്ള നല്ല മരുന്നാണെന്ന് പണ്ടേ എനിക്കും അറിയാമായിരുന്നു!

ഒടുവിൽ സന്ധ്യയായിട്ടും കര കയറാത്തതിൽ സഹികെട്ട്, സ്ത്രീജനങ്ങൾ ഒന്നടങ്കം ഭീഷണിപ്പെടുത്തിയപ്പോഴാണ് ഞങ്ങൾ പേടിച്ച് കടലിനോട് വിട പറഞ്ഞത്. വയസ്സ് കൂടുന്തോറും കള്ള്കുടി കുറക്കണമെന്ന ഉപദേശവും അവർ തന്നു. പോരാഞ്ഞതിന്, നിലവാരമില്ലാത്ത കള്ള് കുടിച്ച്, നിലയുറക്കാത്ത കടലിലേക്ക് കളിക്കാനിറങ്ങിയാൽ, നില തെറ്റി, നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന കമന്റും ആരോ പാസ്സാക്കി. കൈയ്യിലെത്തിച്ചേർന്ന അവസരങ്ങളെ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നത് നല്ല ശീലമാണെന്നൊക്കെ ആരോട് പറയാൻ? 

നേരെ പോയി നമ്മൾ ജാക്കുസിയിൽ ഇറങ്ങിയിരുന്നു.ഇനി തീരത്തോട് വിടപറയുകയാണ്. നാളെ രാവിലെ മടക്കയാത്ര ആരംഭിക്കും. രാത്രി അത്താഴത്തിന് പുറത്ത് പോകാമെന്ന് ഇതിനകം തന്നെ പറഞ്ഞ് വച്ചത് കൊണ്ട്, സ്ത്രീകൾ ഉച്ചക്കൊക്കെ കുറച്ച് കിടന്നുറങ്ങി. അല്ലെങ്കിലും രണ്ട് ദിവസമായി, ഞങ്ങൾ ഒട്ടും നിർബന്ധിച്ചില്ലെങ്കിലും, അവർ ഞങ്ങൾക്ക് ഭക്ഷണം ഒരുക്കിത്തന്നവരാണല്ലോ... സഹായിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും, കടലിൽ പോയി ലക്ക് കെട്ടിരുന്ന ഞങ്ങൾക്ക്, ഭക്ഷണം കഴിക്കുമ്പോൾ മാത്രമേ ഇത്തരം വിചാരധാരകളൊക്കെ ഉണ്ടാവാറുള്ളൂ! സ്വയം പൊങ്ങച്ചം പറഞ്ഞ്, അദ്ധ്വാനവർഗ്ഗത്തെ കളിയാക്കുന്നതാണ് ആണുങ്ങളുടെ കുലധർമ്മം എന്നത് എങ്ങനെ മറക്കാൻ പറ്റും?

ജാക്കുസിയിലിരിക്കേ, അവിചാരിതമായി അത് ഓഫായിപ്പോയി. അല്ലേലും ജാക്കുസി അങ്ങനെയാണ്. ഓരോ പതിനഞ്ചോ മുപ്പതോ മിനിറ്റുകളിൽ അത് സ്വയം ഓഫാകും. ഓഫായാൽ പിന്നെ അതിനുള്ളിൽ കാറ്റ് കടത്തിവിട്ടുണ്ടാകുന്ന തിളച്ച് മറിയൽ ഉണ്ടാവില്ല. ജാക്കുസി ഓഫായ ഉടനെ തന്നെ, അത് വീണ്ടും ഓണാക്കണമെന്ന് ജാക്കുസിയിലിരുന്ന ഏതൊക്കെയോ മഹിളകൾക്ക് ആഗ്രഹമുണ്ടായി. അത് കേട്ട പാതി, കേൾക്കാത്ത പാതി, നമ്മുടെ കോക്ടെയിൽ കൂട്ടുകാരൻ,ആ റിസോർട്ടിന്റെ ഓരോ മുക്കും മൂലയും അവന് അറിയാമെന്ന മട്ടിൽ, അവിടത്തെ ഓരോ ബട്ടണും എന്തിനാണെന്നും എവിടെയാണെന്നും അറിയാമെന്ന മട്ടിൽ, എഴുന്നേറ്റ് പോയി. കാലുകൾ നിലത്ത് ശരിക്ക് ഉറക്കുന്നുണ്ടെന്ന് അവന് മാത്രമായി ശരിക്കും ബോദ്ധ്യമുണ്ടായിരുന്നു. അവൻ നേരെ പോയി, ഏതോ ഒരു ബട്ടൺ ഞെക്കി. പക്ഷേ ജാക്കുസി ഓണാകുന്നതിന് പകരം, ഉയർന്നത് അവിടത്തെ സേഫ്റ്റി അലാറമായിരുന്നു. ആ ഒച്ച കേട്ട്, റിസോർട്ടും റിസോർട്ടിലെ ആൾക്കാരും, എന്തിനധികം, സമീപത്തെ കടല് പോലും ഭയന്നു പോയി. 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ' എന്ന മട്ടിൽ, ഞാൻ ജാക്കുസിയിലേക്ക് മുങ്ങാങ്കുളിയിട്ടു! അവിടത്തെ ആളുകൾ ആരൊക്കെയോ വന്ന് അലാറം ഒതുക്കുന്നത് വരെ, കോക്ടെയിൽ സുഹൃത്തിനെ ഒട്ടും അറിയില്ലെന്ന പോലെ, എന്റെ തല, ജാക്കുസിയിലെ വെള്ളത്തിലേക്ക് ഇടയ്ക്കിടെ ഞാൻ മുക്കി. 

പിറ്റേന്ന്, താക്കോലോക്കെ ഏല്പിച്ച്, ഓരോരുത്തരും അവനവന്റെ താവളത്തിലേക്ക് മടങ്ങി. വീണ്ടും വിരസമായ ഔദ്യോഗിക ജീവിതത്തിലേക്ക്. മൂന്ന് ദിവസത്തോളമുള്ള ഏകദേശം മുഴുവൻ വെയിലും മേൽവസ്ത്രങ്ങളില്ലാതെ കൊണ്ടതിനാൽ, മുതുകും കയ്യുടെ മുകൾഭാഗവും കഴുത്തും മുഖവും പുറവും മറ്റും മോശമല്ലാത്ത രീതിയിൽ നീറുന്നുണ്ടായിരുന്നു. കടലിൽ ഇറങ്ങുന്ന സമയത്ത്, രാവിലെ ഒരു തവണ മാത്രമാണ്, സൺസ്‌ക്രീനൊക്കെ പുരട്ടിയത്. പിന്നീട് പുരട്ടിയിട്ടേയില്ല. അതിനൊക്കെ ആർക്കാണ് നേരം?

വീട്ടിൽ മടങ്ങിയെത്തിയതിന് ശേഷം, ആദ്യത്തെ ഒരു ദിവസം പൂർണ്ണ വിശ്രമമായിരുന്നു. ഒരാഴ്ചത്തെ വ്യായാമം ഒറ്റയടിക്കാണ് കടൽക്കരെ വച്ച് ചെയ്ത് തീർത്തത്. രണ്ടാമത്തെ ദിവസം, ദിനചര്യയായ വൈകുന്നേര ഓട്ടത്തിന് വീണ്ടും തുടക്കമിട്ടു. ഓട്ടം തുടങ്ങുന്ന സമയത്ത്, വൈകുന്നേരം എന്നൊക്കെ പറയാമെങ്കിലും ഏകദേശം സന്ധ്യയൊക്കെ കഴിഞ്ഞ് ഇരുട്ടായിരുന്നു. 

ഓടി വന്നതിന് ശേഷം, കുളിക്കാനായി വസ്ത്രങ്ങൾ മാറ്റി കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം സിക്സ് പാക്ക് സൗന്ദര്യം ആസ്വദിക്കുമ്പോഴാണ്, ഞാൻ എന്നെക്കണ്ട് സ്വയം ഞെട്ടിയത്. മുതുകും മേൽക്കൈയ്യുടെ ഇരുഭാഗവും മറ്റും, ചിക്കൻപോക്സ് വന്നത് പോലെ കുമിളകൾ പൊങ്ങിയിരിക്കുന്നു. ചരിഞ്ഞ് നോക്കിയപ്പോൾ പുറത്തുമുണ്ട്. ഒരു കൂട്ടം കുമിളകൾ! ഞാൻ ആകെ ഞെട്ടി. കൈത്തലം കൊണ്ട് ആ ഭാഗത്ത് തലോടുമ്പോൾ, കുഞ്ഞ് വെള്ളാരം കല്ലുകൾ പതിച്ച പ്രതലത്തിൽ കൈ ഉരക്കുന്നത് പോലെ തോന്നിച്ചു. 

ബീച്ചിൽ പോകുമ്പോൾത്തന്നെ കൊറോണാപ്പേടി ഉണ്ടായിരുന്നെങ്കിലും, വാക്സിൻ ഉള്ളിൽ കേറിയ ബലത്തിലായിരുന്നു പോയത്. അവിടെയാണെങ്കിൽ ഭൂരിപക്ഷം ജനങ്ങളും മാസ്ക് വച്ചിട്ടുണ്ടായിരുന്നില്ല, കൂടെ ഞങ്ങളും! കൂട്ടത്തിൽ കൂടുമ്പോൾ, കൂട്ടത്തിന്റെ താളം തെറ്റിക്കരുതല്ലോ! വാക്സിൻ എടുക്കാൻ പ്രായം തികയാത്ത കുഞ്ഞുങ്ങളെക്കുറിച്ച് അവരുടെ അച്ഛനമ്മമാർക്ക് ആധിയുണ്ടായിരുന്നെങ്കിലും, കടൽ വെള്ളത്തിന്റെ ഉപ്പ് തട്ടിയ കാറ്റേറ്റും, കടൽ വെള്ളത്തിൽ കുളിച്ചും കൊറോണ വരില്ലെന്ന ആശ്വാസത്തിൽ, സ്വന്തം ഉല്ലാസ താല്പര്യങ്ങൾക്ക് വഴങ്ങിയാണ് ബീച്ചിലേക്ക് പോയത്. പക്ഷേ, ഇതിപ്പോ കൊറോണയൊന്നും വന്നില്ലെങ്കിലും വന്നത് ചിക്കൻപോക്‌സാണോ എന്ന് ഞാൻ ഭയന്നു.

പണ്ട്, ഇരുപത്തഞ്ചാമത്തെ വയസ്സിൽ, മുംബൈയിൽ വച്ച്  ഒരു തവണ ചിക്കൻപോക്സ് മുന്നേ വന്നതിനാൽ, അത് വീണ്ടും വരാനുള്ള സാധ്യത ഞാൻ മനസാ തള്ളി. എന്നാലും ചില കേസുകെട്ടുകൾ അപൂർവ്വം അങ്ങനെ വീണ്ടും വന്നതായി കേട്ടിട്ടുണ്ട്. പനിയോ, ക്ഷീണമോ, ചൊറിച്ചിലോ ഒന്നും എനിക്കുണ്ടായിരുന്നില്ല. സംശയം തീർക്കാൻ കെട്ട്യോളോട് ചോദിച്ചാലോ എന്ന് ഒരു വട്ടം ആലോചിച്ചു. പിന്നെ വേണ്ട എന്ന് വച്ചു. കാരണം, അഥവാ അങ്ങനെയെന്തെങ്കിലുമാണെങ്കിൽ, ഒന്നുകിൽ അവൾ വീട് വിട്ട് പോവും, അല്ലെങ്കിൽ എന്നെ ഒരു മുറിയിലാക്കി അടച്ച് കളയും. രോഗം ഒന്നുമില്ലാത്തപ്പോൾ തന്നെ, എന്റെ മേലെ ഒരു സ്‌കങ്കാക്രമണം നടന്നതിന്റെ പേരിൽ മാത്രം, എന്നെ ഒരാഴ്ച മുറിയിൽ ഒറ്റക്കാക്കി പൊയ്ക്കളഞ്ഞതാണ്!

ഞാൻ എന്നെത്തന്നെ ഒന്നുകൂടി പരിശോധിക്കാനായി ഉറച്ചു. എന്താണെന്ന് അറിയണമല്ലോ. ഒരു സേഫ്റ്റി പിന്നെടുത്ത്, ഇടത് മേൽക്കൈയ്യിലെ ഒരു വലിയ കുമിള ഞാൻ പൊട്ടിച്ചു. 'ശൂ...' എന്ന പോലെ കുറച്ച് ദ്രാവകം വെളിയിലേക്കിറങ്ങി. അങ്ങനെ ഒന്ന് രണ്ട് കുമിളകൾ പൊട്ടിച്ചപ്പഴേക്കും ആ തൊലി പറിച്ചെടുക്കാൻ പാകത്തിൽ ഇളകി വന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പഴാണ് ആ ഭാഗമാകെ വെയിലേറ്റ് കരുവാളിച്ചിട്ടുണ്ടെന്നും അങ്ങനെയുള്ള ഭാഗത്ത് തൊലി ഇളകുന്നുണ്ടെന്നും ഞാനോർത്തത്. പിന്നെ കുമിളകൾ എങ്ങനെയുണ്ടായി?

എന്തിനും ഒരു കാരണം കാണുമല്ലോ. എന്റെ ശാസ്ത്രീയ ബുദ്ധി ഞാൻ ഓൺ ചെയ്തു. അപ്പോഴാണ് കാര്യം പിടികിട്ടിയത്. സൂര്യാഘാതമേറ്റ് മേൽ ശരീരത്തിലെ തൊലിയെല്ലാം ഇളകാൻ തുടങ്ങിയിരുന്നു. അങ്ങനെയിരിക്കവേയാണ് ഞാൻ ഓടാൻ പോയത്. ഓടിയപ്പോൾ നല്ലോണം വിയർത്തു. വിയർപ്പുകൾ പൊട്ടിയത്, പുതുതായുണ്ടായ തൊലിയിൽ നിന്നാണ്. ആ തൊലിക്ക് മേലെയാണ് പഴയ തൊലി കിടന്നത്. പുറത്തേക്ക് വന്ന വിയർപ്പ്, പഴയ തൊലിയുണ്ടാക്കിയ ചില പോക്കറ്റുകളിൽ കുടുങ്ങിപ്പോയതാണ്!

ഭാഗ്യം! ചിക്കൻപോക്സല്ല!! ഇനി ഈ കഥ പറഞ്ഞതിന്റെ പേരിൽ, കെട്ട്യോള് മാറിക്കിടക്കൂല്ലല്ലോ. കുളിച്ചപ്പോൾ കുറച്ച് തൊലി പറിഞ്ഞ് പോയെങ്കിലും, കുളിക്കുമ്പോൾ ഒഴിച്ച വെള്ളവും ചില തോൽ പോക്കറ്റുകളിൽ കിടന്ന് ഒളിച്ച് കളിച്ചത്, അത് ഞെക്കിക്കളയുന്ന വിനോദത്തിൽ എന്നെക്കൊണ്ടെത്തിച്ചു. തേവാരം കഴിഞ്ഞ്, നേരെ പോയി സഹധർമ്മിണിയോട് കാര്യം പറഞ്ഞപ്പോൾ, അവളൊറ്റ ഡയലോഗേ പറഞ്ഞുള്ളൂ... "ഇങ്ങനെയും ഒരു പൊട്ടൻ..." !

***

2021 ജൂലൈ 30, വെള്ളിയാഴ്‌ച

സിവങ്കുട്ടി രാജിവെക്കരുത് !

മന്ത്രി സിവങ്കുട്ടി ഒരിക്കലും രാജിവെക്കരുത്... അഥവാ എന്തെങ്കിലും ദുർബുദ്ധി തോന്നി അദ്ദേഹത്തിന് രാജിവെക്കാൻ തോന്നിയാൽ, പിണറായി ഒരിക്കലും അതിന് സമ്മതിക്കരുത്... നിയമസഭയിലെ സ്പീക്കർമേശാനൃത്തം എന്ന മനോഹരമായ കലാരൂപം ഒരിക്കലും നശിക്കാൻ പാടില്ല... ആ കലാരൂപം ഭാവി വിദ്യാഭ്യാസ തലമുറകളിലേക്കും അധികാരാഭ്യാസമായി പകർന്ന് കൊടുക്കാൻ, സിവങ്കുട്ടിയെ വിദ്യാഭ്യാസമന്ത്രിയായി പിണറായി ഉയർത്തിയത് കേരളത്തിനും വിദ്യാർത്ഥികൾക്കും എന്തുകൊണ്ടും മാതൃകയാണ്. 

സരിതയുടെ കേസ് കോടതിക്കും സിബിഐക്കും വിട്ടത് പോലെ, നിയമസഭയിലെ നാടകാവതരണം കോടതിക്ക് വിടാൻ പാടുണ്ടോ? അത് സഭക്കുള്ളിൽ തന്നെ തീർക്കേണ്ടതല്ലേ ? എന്തായാലും, ഈ കേസിൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും തോറ്റുപോയെങ്കിൽ ഒരിക്കലും പേടിക്കരുത്.. നമുക്ക് ജനീവയിലെ ലോകകോടതിയിൽ പോയി തീർച്ചയായും വിജയിക്കാം...

ആ അഭ്യാസം കുട്ടികൾ വളരെ കൃത്യമായി അഭ്യസിച്ചു എന്ന് പൂർണ്ണബോധ്യമുള്ളത് കൊണ്ടാണല്ലോ 99.47 ശതമാനം കുട്ടികളെ പാസാക്കിയതും ആകെ പരീക്ഷയെഴുതിയ 4.22 ലക്ഷത്തിൽ 1.21 ലക്ഷത്തിന് ഫുൾ എപ്ലസ് കിട്ടിയതും. ജീവിതത്തിലെ പ്രത്യേക സാഹചര്യങ്ങൾ കൊണ്ട്, കാണിച്ചു കൊടുത്ത അഭ്യാസങ്ങൾ ഒരിക്കലും പഠിച്ചില്ലെന്ന മഹാപാപം മാത്രം ചെയ്ത 0.53 ശതമാനം കുട്ടികളെ തോൽപ്പിക്കുക മാത്രമല്ല, അവരെ തൂക്കിക്കൊല്ലുക തന്നെ ചെയ്യണമായിരുന്നു. ഇനി കേരള sslc സർട്ടിഫിക്കറ്റിന് മറുദേശത്ത് എന്താണ് വില എന്ന് വിലപിക്കുന്നവരെ, അടുത്ത തവണ 150 ശതമാനം പിള്ളേരെത്തന്നെ വിജയിപ്പിച്ച് മാനം കെടുത്തണം...

അടുത്ത നിയമസഭാനാടകത്തിന്, നിയമസഭക്ക് ചുറ്റും അലങ്കരിക്കാൻ അമേദ്യക്കളം തീർക്കാൻ ഇത്തരത്തിൽ വളർന്ന് വരുന്ന തലമുറക്ക് മാത്രമേ സാദ്ധ്യമാകൂ എന്ന് എന്തുകൊണ്ട് മറ്റുള്ളവർ മനസ്സിലാക്കുന്നില്ല? നിയമസഭ പൊതുസ്വത്താണെന്ന് ഏതെങ്കിലും നിയമപുസ്തകത്തിൽ അറിയാതെ എഴുതിവച്ചിട്ടുണ്ടെങ്കിൽ, അത് മാറ്റാനുള്ള നിയമം ഈ നിയമസഭയിൽത്തന്നെ കൊണ്ടുവരണം. സ്പീക്കറുടെ കസേര മറിച്ചിടുന്നതാരാണോ, അയാളെ നിയമസഭാസ്പീക്കറാക്കി നിയമിക്കണമെന്ന നിയമം കൂടി പെട്ടന്ന് തന്നെ പാസാക്കണം. നിയമസഭയിലേക്ക് വരുന്ന സ്ത്രീ സാമാജികരെ യുദ്ധക്കളത്തിൽ മുന്നിട്ടിറക്കി കുളം കലക്കുന്ന വിദ്യ പഠിപ്പിക്കുന്ന പള്ളിക്കൂടവും തുടങ്ങണം... മുള്ളിനെ മുള്ള് കൊണ്ടെടുക്കണം എന്ന് പറയുന്നത് പോലെ മാത്രമേയുള്ളൂ... കോഴ വാങ്ങിയവനെ പുറത്താക്കാൻ കോഴ വാങ്ങണമെന്നുള്ളത്... 

ഇതൊന്നും മനസ്സിലാകാതെ ചിലക്കുന്ന കോവർക്കഴുതകളായ ജനങ്ങളോട് പോയി പണി നോക്കാൻ പറയ്... അല്ല പിന്നെ ! സിവങ്കുട്ടി രാജിവെക്കണം പോലും ഫൂ....

2021 ജൂലൈ 29, വ്യാഴാഴ്‌ച

മീൻചട്ടിയിൽ വീഴ്ത്തിയ രൂപതാവാഗ്ദാനം


കാലങ്ങളായി അംബുജാക്ഷന് ഒരു വിഷമം ഉണ്ടായിരുന്നു. മറ്റൊന്നുമല്ല, ഭാര്യയുടെ ഒരാഗ്രഹം സാധിച്ച് കൊടുക്കാൻ ഇക്കാലമത്രയും പറ്റിയിരുന്നില്ല. ആഗ്രഹം അത്ര വലിയതൊന്നുമല്ല. കാര്യമായൊയൊന്നും അദ്ധ്വാനിക്കാതെ നടത്തിക്കൊടുക്കാൻ പറ്റിയ ആഗ്രഹമായിരുന്നു അംബുജാക്ഷന്റെ ഭാര്യയുടേത്. പോരാഞ്ഞതിന്, ആ ആഗ്രഹം നടത്തിക്കൊടുക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, ആ പ്രക്രിയയുടെ കൂടെ ആഗ്രഹസഫലീകരണത്തോടൊപ്പം കുറച്ചേറെ സന്തോഷവും അംബുജാക്ഷന് ഉണ്ടായേനെ! പക്ഷേ പറഞ്ഞിട്ടെന്താ; വരുംകാലഭാവിയെക്കുറിച്ചോർത്തപ്പോൾ ആ ചെറിയ സന്തോഷം ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് അംബുജാക്ഷന് തോന്നി. അതുകൊണ്ട് തന്നെ ഭാര്യയുടെ ആഗ്രഹമൊട്ട് നടന്നതുമില്ല.

അംബുജാക്ഷന്റെ കെട്ട്യോൾടെ അങ്ങനെയുള്ള ആഗ്രഹമെന്തായിരുന്നെന്നല്ലേ...? ചുരുങ്ങിയത് അഞ്ച് കുട്ടികളെയെങ്കിലും പ്രസവിച്ച്, ആ കുഞ്ഞുങ്ങൾ പുറപ്പെടുവിക്കുന്ന സംഗീതത്തോടൊപ്പം, ഉണ്ടായിരുന്ന സൗകര്യത്തിൽ ഒതുങ്ങി ജീവിക്കണമെന്ന വളരെ ചെറിയൊരു ആഗ്രഹം മാത്രമായിരുന്നു അത്. പക്ഷേ അംബുജാക്ഷന്റെ നിസ്സഹകരണം മൂലം, വെറും രണ്ട് കുട്ടികളിൽ ആ ആഗ്രഹം ഒതുങ്ങിപ്പോയി!

നൂറ്റിമുപ്പത് കോടി ജനങ്ങളുള്ള ഒരു രാജ്യത്ത്, കൂടുതലും ദരിദ്രന്മാരുള്ള ഒരു രാജ്യത്ത്, പ്രത്യേകിച്ച് നേതാക്കന്മാരുടെയും മതമേലധ്യക്ഷന്മാരുടെയും ഗുണ്ടകളുടെയും കൈക്കൂലി കൊടുക്കുന്നവന്റെയും കൈക്കൂലി വാങ്ങുന്നവന്റെയും മാത്രം സമ്പത്ത് വർദ്ധിച്ച് വരുന്ന ഒരു രാജ്യത്ത്, കൂടുതൽ ഉൽപാദനം നടത്തി കൂടുതൽ വിഷമതകൾ കുടുംബത്തിനും രാജ്യത്തിനും സൃഷ്ടിക്കേണ്ടതില്ല എന്ന നളന്ദ തത്വശാസ്ത്രം മുറുകെ പിടിച്ചത് കൊണ്ട് മാത്രമാണ്, അംബുജാക്ഷൻ ഭാര്യയുടെ നിർവ്യാജമായ ഒരാഗ്രഹത്തിനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ചത് ! നാം രണ്ടും നമുക്ക് രണ്ടായാലും, നാം രണ്ടും നമുക്ക് ഒന്നായാലും, നാം ഒന്നും നമുക്ക് പത്തായാലും, സ്വന്തം സാഹചര്യങ്ങളും രാജ്യ സാഹചര്യങ്ങളും ലോക സാഹചര്യങ്ങളും സാർവ്വജനികാടിസ്ഥാനത്തിൽ മതജാതിവർണ്ണഭേദമെന്യേ പരിഗണിക്കേണ്ടതുണ്ടെന്നാണ് അംബുജാക്ഷൻ പഠിച്ച പള്ളിക്കൂടത്തിൽ പഠിപ്പിച്ചിട്ടുള്ളത്!

ആഗ്രഹം പൂർത്തീകരിക്കാതെ വിഷണ്ണയായി നിൽക്കുമ്പോഴാണ്, ഒരു സുപ്രഭാതത്തിൽ, വീടിന് മുൻപിൽ മലർന്ന് വീണ പത്രക്കടലാസിൽ ഒരു പരസ്യം കണ്ടത് - നാലോ അഞ്ചോ അതുക്കും മേലെയോ കുട്ടികളെയുണ്ടാക്കി രാജ്യത്തിന്റെ മാനവവിഭവശേഷി വർദ്ധിപ്പിക്കുന്ന കുഞ്ഞാടുകൾക്ക്, കുഞ്ഞാടുകൾക്ക് മാത്രം, ഒത്തിരിയൊത്തിരി ആനുകൂല്യങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുന്നതാണെന്ന പാലാ രൂപതയുടെ ഒരു പരസ്യം! ടീവി തുറന്ന് നോക്കിയപ്പോൾ പാത്രത്തിൽ കണ്ട അതേ കാര്യത്തെക്കുറിച്ച് ഘോരഘോരം ചർച്ചയും നടക്കുന്നു!

രാജ്യത്തെ മാനവവിഭവശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ കൂടുതൽ ഉയരത്തിലെത്തിക്കുക എന്നത് മാത്രമായിരുന്നു രൂപതയുടെ ഉദ്ദേശ്യം. എന്നാലും ഈ ഉദ്ദേശശുദ്ധിയെ ചില സാമുദായികവർഗ്ഗീയവാദികൾ വെറുതെ തെറ്റിദ്ധരിച്ചു. മതത്തിലെ അംഗസംഖ്യ കൂടാനാണത്രേ രൂപത ഒരു രൂപാ പോലും പ്രതിഫലം ഇച്ഛിക്കാതെ, പകരം രൂപാ അങ്ങോട്ട് കൊടുത്ത് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. വാദപ്രതിവാദങ്ങൾ കഠോരാമായി തുടർന്നു.

സത്യത്തിൽ എന്തൊരു ക്രൂരമാണീ ആരോപണം? ആ വാഗ്ദാനത്തിൽ എന്താണിത്ര വർഗ്ഗീയത? പറ്റുമെങ്കിൽ, ഒന്നിന് പത്ത്, പത്തിന് നൂറ് എന്ന കണക്കിൽ, അവരും മിനക്കെട്ടിരുന്ന് അവരുടെ സ്വന്തം സംഖ്യ വർധിപ്പിച്ചാൽ പോരേ? ഭൂമിയിൽ ആളുകളില്ലെങ്കിൽ എങ്ങനെയാണ് നവോത്ഥാനത്തിനും മറ്റും മതിലുകൾ ഉണ്ടാക്കുക? അംബുജാക്ഷപത്നി രോഷം കൊണ്ടു.

സാമ്പത്തികശാസ്ത്രവും ഭൂമിശാസ്ത്രവും നീതിശാസ്ത്രവും ജീവശാസ്ത്രവും മറ്റും ഉയർത്തിപ്പിടിച്ച്, രൂപതയുടെ ആൾക്കാർ, എതിരാളികളെ ചർച്ചയിൽ മുട്ടുകുത്തിക്കുന്നത് കണ്ടപ്പോൾ അംബുജാക്ഷന്റെ ഭാര്യക്ക് ഉൾപ്പുളകമുണ്ടായി. കൂടുതൽ കുട്ടികളെയുണ്ടാക്കുന്നവർക്ക്, അവരുടെ കുട്ടികളെ നോക്കാനും പഠിപ്പിക്കാനും പ്രൊഫഷണൽ കോളജിലേയ്ക്കാനും സർവ്വോപരി ജോലി കിട്ടാനും സഹായിക്കുന്നത് കുറ്റമാണോ? കുഞ്ഞാടുകൾക്ക് മാത്രമാണ് സഹായം കിട്ടുന്നതെങ്കിൽ, കുഞ്ഞാടുകളെങ്കിലും നന്നായിക്കോട്ടെ എന്ന് ചിന്തിക്കുന്നതല്ലേ നല്ലത്? പ്രത്യേകിച്ച് പരീക്ഷ എഴുതാതെ തന്നെ ഫുൾ ഡിസ്റ്റിങ്ക്ഷനിൽ കുട്ടികൾ പാസാകുന്ന ഈ കാലത്ത്, ഇത്തിരി ലച്ചം മുടക്കിയാൽ പിഎച്ച്ഡി പോലും കിട്ടുന്ന ഇക്കാലത്ത്, കുറച്ച് പരസഹായം കൂടി കിട്ടുന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയല്ലേ ചെയ്യുക?

അപ്പോഴാണ് ഞാനൊരു കുഞ്ഞാടല്ല, വെറും മനുഷ്യസ്ത്രീയാണെന്ന് അംബുജാക്ഷന്റെ ഭാര്യക്ക് ബോധോദയമുണ്ടായത്. പരസ്യം കണ്ട്, സ്വന്തം ആഗ്രഹപൂർത്തീകരണത്തിന് ഒരു വഴി തുറന്ന് കിട്ടാനുള്ള ഒരു വഴി തുറന്ന് കിട്ടിയെന്ന് ആശ്വസിച്ചിരിക്കുമ്പോഴായിരുന്നു ഈ ബോധോദയം! ഇനി എന്ത് ചെയ്യും?

മനുഷ്യകുലം വിട്ട് ഒരു കുഞ്ഞാടായാലോ? കുഞ്ഞാടായാൽ മാത്രം മതിയോ? ഈ പാലാ രൂപതയിൽ തന്നെ എത്തിപ്പെട്ടാലല്ലേ ഈ സൗകര്യങ്ങൾ ലഭിക്കുള്ളൂ... കുഞ്ഞാടായി മാറിയാൽ, ഇനി വേറെ വല്ലവർക്കും വല്ല പ്രശ്നങ്ങളും ഉണ്ടാകുമോ? എന്തായാലും ഇത്തരത്തിലുള്ള ഓഫറുകൾ അധികം വന്നെന്ന് വരില്ല... കിട്ടിയ സന്ദർഭം ഉപയോഗപ്പെടുത്തുക തന്നെ... എന്തായാലും പാലായിൽ പോയി കുഞ്ഞാടുകളാകുന്നത് തന്നെയാണ് ഒരു പോംവഴി. ചേലാകർമ്മം നടത്തിച്ച്, അംബുജൻ ചേട്ടനെക്കൊണ്ട് നാല് കെട്ടിച്ച് കുട്ടികളെ വർദ്ധിപ്പിക്കാൻ അംബുജപത്നിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എന്തായാലും അംബുജൻ ചേട്ടൻ വന്നാലുടൻ കാര്യം അവതരിപ്പിക്കണം. ഇനി കുട്ടികൾ കൂടുതലായാലും ചേട്ടന് ചിലവ് കൂടുതലാകുമെന്ന ആശങ്ക വേണ്ടതില്ലല്ലോ... ചേട്ടനെ ആരുമില്ലാത്തപ്പോൾ ഒന്ന് സന്തോഷിപ്പിച്ചാൽ മാത്രം മതിയല്ലോ!

അതിരാവിലെ ജോലിക്കായി പുറത്ത് പോയ അംബുജാക്ഷൻ വരുമ്പഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. വരുമ്പോൾ കുറച്ച് മത്തിയും കൊണ്ടുവന്നിട്ടുണ്ട്. ഇനി ഭാര്യയെ വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി, നേരെ വടക്കേപ്പുറത്ത് പോയി, വീടിന് വെളിയിൽ, ഒരു പലക മേലിരുന്ന് സ്വയം മീൻ മുറിക്കാനിരുന്നു. മീൻ മുറിച്ച് കൊണ്ടിരിക്കുമ്പോഴാണ് സഹായിക്കുന്ന കെട്ട്യോനോട് സ്നേഹം മൂത്ത ഭാര്യ ഒരു പലകയുമെടുത്ത് ചെന്ന്, ഭർത്താവിന്റെ എതിർവശത്ത് പലകമേലെ ഇരിപ്പുറപ്പിച്ചത്...

സ്നേഹഭാഷണങ്ങൾ കൊണ്ട് വീർപ്പ് മുട്ടിക്കുന്ന ഭാര്യയുടെ സാമീപ്യം കാരണം, മീന്മുറിച്ച് നനഞ്ഞതാണെങ്കിലും, അംബുജാക്ഷന്റെ കൈവെള്ളയിൽ പോലും രോമാഞ്ചമുണ്ടായി. ആ ഇരുന്ന ഇരുപ്പിൽ തന്നെ അംബുജാക്ഷന് കിടപ്പറ പൂകിയാലോ എന്ന ചിന്തയുണ്ടായി. അപ്പോഴാണ് രാവിലെ കണ്ട പരസ്യത്തെക്കുറിച്ചും അത് പൂർത്തീകരിക്കാൻ സ്വയം കണ്ടെത്തിയ വഴിയെക്കുറിച്ചും, പത്രത്തിൽ നിന്ന് മുറിച്ചെടുത്ത പരസ്യം അംബുജാക്ഷന്റെ മുന്നിലേക്ക് നീട്ടിപ്പിടിച്ച് കൊണ്ട് സഹധർമ്മിണി വിവരിക്കാൻ തുടങ്ങിയത്.

വീട്ടിലേക്ക് വരുന്ന വഴിയിൽ, പഞ്ചാരപ്പൊയിലെ അനന്തേട്ടന്റെ ചായപ്പീടികയിൽ വച്ച് തന്നെ ഈ വാർത്ത അറിഞ്ഞതാണ്. പക്ഷേ, ആ വാർത്തക്ക് സ്വന്തം ജീവിതത്തിൽ ഇങ്ങനെയൊരു അർത്ഥം ഉണ്ടാകുമെന്ന് അംബുജാക്ഷൻ ഒരിക്കലും നിരീച്ചിരുന്നില്ല.

"... ... എന്റെ ആഗ്രഹം നടക്കാൻ.... നമുക്കും പാലായിലെ ഒരു കുഞ്ഞാടായിക്കൂടെ അംബുജേട്ടാ..."

പൊടുന്നനേ തല കറങ്ങിയ അംബുജാക്ഷന്റെ തല നേരെ വീണത്, മീനും വെള്ളവും നിറച്ച് മുന്നിൽ വച്ചിരുന്ന മീൻ ചട്ടിയിലേക്കായിരുന്നു. മീൻ മുറിക്കാൻ, കാൽ വിരൽ കൊണ്ട് അമർത്തിപ്പിടിച്ച്, വളഞ്ഞ് മുകളിലേക്ക് കൂർത്ത് നിന്നിരുന്ന കത്തിയുടെ മേലെ തല തട്ടാതിരുന്നത് കൊണ്ട്, ചട്ടിയിലെ മീനിന്റെ ചോരയിൽ മനുഷ്യരക്തം കലർന്നില്ല!

***

2021 ജൂലൈ 14, ബുധനാഴ്‌ച

സ്‌കാം അലർട്ട്


മറ്റുള്ളവരുടെയും സ്വന്തം അനുഭവങ്ങളിൽ നിന്നും കുറേ പാഠങ്ങൾ പഠിച്ചിട്ടുണ്ടെന്നായിരുന്നു ഇതുവരെയുള്ള വിചാരം, അല്ല അഹംഭാവം തന്നെ ! പക്ഷേ, ഇന്നെനിക്ക്, എന്റെ ഓർമ്മയിലെ മൂന്നാമത്തെ അക്കിടി പറ്റിയിരിക്കുന്നു. ഇനിയും പറ്റിക്കപ്പെടാതെ, എന്റെ സ്വന്തം അഹംഭാവത്തിന് എന്തെങ്കിലും കുറവുണ്ടാകുമോ എന്ന് കാലം തന്നെ തെളിയിക്കേണ്ടിയിരിക്കുന്നു! 

പണ്ട് 1983 ൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ സംഭവം. അച്ഛന്റെ കൂടെ, കാലങ്ങളായി നടക്കുന്ന ഒരു ഭിഷഗ്വരസന്ദർശനത്തിന് തലശ്ശേരി പട്ടണത്തിൽ പോയതായിരുന്നു. തിരിച്ച് വരുന്ന വഴിക്ക്, നാട്ടിലേക്ക് പോകാനുള്ള ബസ്സിൽ കയറിയിരുന്ന്, ബസ്സ് പുറപ്പെടാനായി കാത്തിരിക്കുമ്പോഴാണ്, ഏതോ ഒരുത്തൻ, എല്ലാവരുടെയും മടിയിൽ എന്തോ ലഘുലേഖ ഇട്ടോണ്ട് പോയത്. അക്കൂട്ടത്തിൽ എന്റെ അച്ഛന്റെ മടിയിലിരിക്കുന്ന എന്റെ മടിയിലും വീണു രണ്ടുമൂന്നെണ്ണം. 

സംഭാവനക്കോ അല്ലെങ്കിൽ പരസ്യങ്ങളോ മറ്റോ ആയിരിക്കാമെന്നാണ് ഞാൻ കരുതിയത്. തുറന്ന് നോക്കിയപ്പോൾ, അതൊരു കണക്കിലെ പ്രശ്നമായിരുന്നു. കൂട്ടണം (+) എന്ന രീതിയിൽ അടുക്കിവച്ചിരിക്കുന്ന കള്ളികളിൽ ചില അക്കങ്ങളിട്ട്, വലത്ത് നിന്ന് ഇടത്തോട്ടേക്കും, മുകളിൽ നിന്ന് താഴോട്ടേക്കും കൂട്ടിയാൽ പതിനഞ്ച് എന്ന ഒരു ഉത്തരം കിട്ടണം. ഉത്തരം കിട്ടിയാൽ അതിൽ പറയുന്ന മേൽവിലാസത്തിൽ, ഞങ്ങളുടെ മേൽവിലാസവും വച്ച് അയച്ചാൽ, അതിൽ നിന്ന് നറുക്കെടുക്കുന്ന ആദ്യത്തെ മൂന്നാളുകൾക്ക്, ഒരു റേഡിയോ ട്രാൻസിസ്റ്റർ സമ്മാനമായി കിട്ടും.  

സിംപിളാണ്. ബസ്സിൽ ഇരുന്നു കൊണ്ട് തന്നെ എനിക്ക് ഉത്തരം കിട്ടി. അച്ഛനോട് സംസാരിച്ച് ഉത്തരത്തിന്റെ ക്ലിപ്തത ഉറപ്പ് വരുത്തി. ഇത് അയച്ചോട്ടേ എന്ന് അച്ഛനോട് ചോദിച്ചപ്പോൾ, 'ശരി' എന്ന് അച്ഛൻ തലയാട്ടി. അച്ഛൻ തലയാട്ടിയാൽ മാത്രം പോരാ, അതയക്കാൻ പോസ്റ്റൽ കവർ വാങ്ങാനുള്ള പണം കൂടി വേണം.

അന്ന്, പതിനഞ്ച് പൈസയോ ഇരുപത്തഞ്ച് പൈസയോ മറ്റോ ആണ് ഒരു സ്റ്റാംപ്‌ഡ്‌ കവറിന്റെ വില. ആ പണം അച്ഛൻ എനിക്ക് തന്നു. അന്ന് വൈകുന്നേരം തന്നെ ഗുരുകാരണവന്മാരെയും മനസ്സിൽ ധ്യാനിച്ച്, ഒരു പോസ്റ്റൽ കവറിൽ, ന്യൂഡൽഹിയിലുള്ള മേൽവിലാസത്തിലേക്ക് എന്റെ ഉത്തരം അയച്ചു. 

എന്റെ വീട്ടിൽ ഒരു റേഡിയോ പോയിട്ട്, സമയം നോക്കാൻ ഒരുവാച്ച് പോലുമില്ലാത്ത കാലമാണ്. വൈദ്യുതി വിളക്ക് കാണണമെങ്കിൽ, ഒരു കിലോമീറ്റർ അകലെയുള്ള ആറാം മൈൽ ബസ്സ്റ്റോപ്പിനടുത്ത് പോകണം! അങ്ങനെയിരിക്കേ, ഒരു സംഖ്യാപ്രശ്നം പൂരിപ്പിച്ച്, ഓസിനൊരു റേഡിയോ കിട്ടിയാൽ മോശമാണോ?

അങ്ങനെ, എന്റെ കുഞ്ഞമ്മാമനായ ജയമ്മാമന്റെ കൈയ്യിലുള്ളത് പോലെ, ഒരു ഫിലിപ്സിന്റെ റേഡിയോവും സ്വപ്നം കണ്ടിരിക്കുമ്പോഴാണ് എനിക്കൊരു തപാൽ വരുന്നത്. സത്യം പറഞ്ഞാൽ, എനിക്ക് എന്റെ ജീവിതത്തിൽ ആദ്യമായി വന്ന തപാലായിരുന്നു അത്!

പോസ്റ്റുമാൻ ബാലേട്ടന്റെ കൈയ്യിൽ നിന്ന് ആ കവർ തട്ടിപ്പറിച്ചു. ന്യൂഡൽഹിയിൽ നിന്നാണ്. ആകാംക്ഷയായി. ഇംഗ്ലീഷിലാണ്. തുറന്ന് നോക്കി, തപ്പിപ്പിടിച്ച് വായിച്ചപ്പോൾ, അതിൽ പ്രഖ്യാപനമുണ്ട്. മുന്നേ അയച്ച സംഖ്യാപ്രശ്നത്തിൽ സമ്മാനമായി ഞാൻ റേഡിയോ നേടിയിരിക്കുന്നു! 

പിറ്റേന്ന് തരുവണത്തെരു സ്‌കൂളിൽ പോയ ഉടനെത്തന്നെ കൂട്ടുകാരോട് കാര്യങ്ങൾ വിശദീകരിച്ചു. എല്ലാവർക്കും അത്ഭുതം. എങ്ങനെയോ ഹെഡ്മാഷായ കുമാരൻ മാഷ് വിവരം അറിഞ്ഞു. സമ്മാനം കൈയ്യിൽ കിട്ടിയാൽ അറിയിക്കണമെന്നും, ആ കാര്യം സ്‌കൂൾ അസംബ്ലിയിൽ വച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞപ്പോൾ, എനിക്ക് അന്നുണ്ടായിരുന്ന എല്ലാ രോമങ്ങളും എന്നോടുള്ള ബഹുമാനാർത്ഥം എഴുന്നേറ്റു നിന്നു.

അങ്ങനെ റേഡിയോ കാത്തിരിക്കുമ്പോഴാണ്, ഒരാഴ്ചക്കുള്ളിലായിത്തന്നെ വേറൊരു പോസ്റ്റൽ കവർ, എന്റെ പേരിൽ വന്നത്. അത് തുറന്നു നോക്കിയപ്പോഴാണ് എന്റെ നെറ്റിയിലെ ഞരമ്പുകൾ വലിഞ്ഞ് മുറുകിയതും, ചുണ്ടുകൾ വരണ്ട് പോയതും. എന്റെ സമ്മാനം, ടേപ് റെക്കോർഡറോട് കൂടിയ ഫിലിപ്സ് റേഡിയോ ആക്കി ഉയർത്തിയെന്നും, അതിന്റെ വില ആയിരത്തഞ്ഞൂറ് രൂപാ ആയത് കൊണ്ട്, വളരെ ചെറിയ തുകയായ നൂറ്റമ്പത് രൂപ മണി ഓർഡറായി ഞാനവർക്ക് അയച്ച് കൊടുത്താലേ, എനിക്കെന്റെ സമ്മാനം കിട്ടുകയുള്ളൂ എന്നായിരുന്നു അതിന്റെ ഉള്ളടക്കം.

നൂറ്റമ്പത് രൂപ, അന്ന് വലിയ സംഖ്യ ആണ്. എന്നാലും ഞാൻ അച്ഛനോട് ഒരു നൂറ്റമ്പത് രൂപക്ക് ചോദിച്ചു. 'അതൊക്കെ തട്ടിപ്പായിരിക്കും... ഇങ്ങനെ എല്ലാവരോടും ചോദിച്ചിരിക്കും... ഇങ്ങനെ പതിനായിരം പേർ നൂറ്റമ്പത് വച്ച് അയച്ചാൽ അവർക്ക് എത്രരൂപ കിട്ടും?... എന്താലായാലും പണം കൊടുത്തിട്ട് സമ്മാനം വാങ്ങിക്കണ്ട ' എന്ന ലളിതമായ ഉത്തരമായിരുന്നു എനിക്ക് കിട്ടിയത്. 'മൂന്ന് പേർക്കല്ലേ സമ്മാനം കിട്ടിയുള്ളൂ' എന്ന എന്റെ ചോദ്യത്തിന് 'അങ്ങനെയായിരിക്കും അവരെല്ലാവരോടും പറഞ്ഞിട്ടുണ്ടാവുക'  എന്ന് പറഞ്ഞപ്പോഴും എനിക്ക് അവിശ്വസിക്കാൻ കഴിഞ്ഞില്ല. അമ്മയോടും, പിറ്റേന്ന് വീട്ടിൽ വന്ന ദിനമ്മാമനോടും ചോദിച്ചെങ്കിലും പണം കിട്ടിയില്ല. ഇത്രയും ഭംഗിയിൽ ഇംഗ്ലീഷിലും മറ്റും ഭംഗിയായി കുറെ കാര്യങ്ങൾ എഴുതിക്കൊണ്ട് തട്ടിപ്പ് നടത്തില്ലെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം. എന്തായാലും സ്‌കൂളിൽ നിന്ന്, കുമാരന്മാഷടക്കം പിന്നീടാരും സമ്മാനത്തെക്കുറിച്ച് ചോദിക്കാഞ്ഞത് കൊണ്ട്, സ്‌കൂളിൽ എന്റെ പേര് നാറിയില്ല!

കാലങ്ങൾ കുറേ കഴിഞ്ഞു. വിദ്യാഭ്യാസം വളരെ കൂടിപ്പോയി എന്ന ഒരു ഘട്ടത്തിൽ, വിവരം കൊണ്ട്, തല കുനിഞ്ഞ് പോകുമെന്ന ഒരു സന്ദർഭത്തിൽ മുംബൈയിലേക്ക് വണ്ടി കയറി. പല പല ജോലികളും ചെയ്ത് ഒടുവിൽ കമ്പ്യൂട്ടർ മേഖലയിലെത്തി. കൊല്ലം 1999. ജോലിയുടെ ഭാഗമായി ഇറാനിലെ ടെഹ്‌റാനിലായിരുന്നു. ഇന്റർനെറ്റൊക്കെ പതുക്കെ പൊങ്ങിവരുന്ന കാലം. എനിക്ക് ഇമെയിൽ ഐഡി ഉണ്ടായിട്ട് തന്നെ രണ്ട് വർഷം ആവുന്നതേയുള്ളൂ. ഇന്റർനെറ്റ് തട്ടിപ്പുകളൊക്കെ പിച്ചവെക്കുന്ന കാലം!

ഒരു ദിവസം ഇറാനിലെ ഓഫീസിലിരിക്കേ ഒരു രസകരമായ ഇമെയിൽ വന്നു. ഒമാനിലുള്ള ശ്രീനി എളേച്ഛനാണ്‌ അയച്ചിരിക്കുന്നത്. അതിൽ പണവുമായി ബന്ധപ്പെട്ടൊന്നും പറയുന്നില്ല. അതുകൊണ്ട് തന്നെ പേടിക്കാനൊന്നും ഇല്ലെന്നായി. കമ്പ്യൂട്ടറിലെ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച്, സ്വന്തം പടം എടുക്കാൻ വേണ്ട ചില നിർദ്ദേശങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. പേര്, സ്ഥലം ഇമെയിൽ എന്നിവ കൊടുക്കണം. അത്രയേ ഉള്ളൂ. പിന്നെ കമ്പ്യൂട്ടർ മോണിറ്ററിന്റെ മുന്നിൽ പോസ് ചെയ്‌താൽ, അവസാനത്തെ സ്റ്റെപ്പിൽ സ്വന്തം ഫോട്ടോ കിട്ടും. 

എന്തായാലും സ്വന്തം ഫോട്ടോ എടുക്കാം എന്ന് നിശ്ചയിച്ചു. ഞാൻ കാര്യമായി എന്തോ ചെയ്യുന്നത് കണ്ട്, ജിജ്ഞാസ കൂടിയ എന്റെ സുഹൃത്ത് വസീമും എന്റെ കൂടെ കൂടിയപ്പോൾ, ഞങ്ങളുടെ ഒരുമിച്ചുള്ള പടം എടുക്കാമെന്നായി. ഒടുവിൽ അവസാനത്തെ സ്റ്റെപ്പിൽ ഞങ്ങൾ ഷർട്ടും കോളറും മുടിയും ഒക്കെ ശരിയാക്കി, നന്നായി കെട്ടിപ്പിടിച്ച് പോസ് ചെയ്ത്, സ്ക്രീനിലെ ഒരു ബട്ടൺ ക്ലിക്ക് ചെയ്തു. ഫോട്ടോ പതുക്കെ ലോഡായി വരുന്നേയുള്ളൂ. ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങൾക്ക് മുന്നിൽ പൊടുന്നനെ ഒരു ഫോട്ടോ പ്രത്യക്ഷപ്പെട്ടു. പക്ഷേ അത് ഞങ്ങളുടെ ഫോട്ടോയായിരുന്നില്ല, പകരം ഒരു ചിമ്പാൻസിയുടേതായിരുന്നു!

വസീം എന്നെ പൊട്ടനെന്ന് വിളിച്ചപ്പോൾ, പൊട്ടന്റെ കൂടെ കൂടിയ മരപ്പൊട്ടൻ എന്ന് ഞാനവനെ തിരിച്ച് വിളിച്ചെങ്കിലും ശ്രീനി എളേച്ഛനോട് എനിക്ക്  ദേഷ്യം തോന്നി. തമാശക്കാണെങ്കിലും എന്ത് ചെയ്യാൻ, പിണയേണ്ടത് പിണഞ്ഞു, മിണ്ടാതിരിക്കുക തന്നെ. സ്പാമിന്റെ ഗണത്തിൽ പെടുത്താൻ കഴിയില്ലെങ്കിലും പറ്റിക്കപ്പെട്ടു.

കാലം പിന്നെയും കഴിഞ്ഞു. കമ്പ്യൂട്ടർ മേഖലയിൽ വിപ്ലവങ്ങൾ ഉണ്ടായി. കൂടെ വൈറസുകളും സ്പാമുകളും മറ്റ് ഇന്റർനെറ്റ് തട്ടിപ്പുകളും കൂടിക്കൂടി വന്നു. എല്ലാ ഓഫീസുകളിലും ഫിഷിങിനെ (phishing) പ്പറ്റിയും സ്പാമിനെക്കുറിച്ചും(spam), മറ്റ് സെക്യൂരിറ്റി ഭീഷണികളെക്കുറിച്ചും വർഷാവർഷം ട്രെയിനിങ് കൊടുക്കാൻ തുടങ്ങി. ഞങ്ങളൊക്കെ കൂടുതൽ ബോധവാന്മാരായി. ഫിഷിങ്ങും സ്പാമുകളും എങ്ങനെ തിരിച്ചറിയാമെന്നും അവയെ എങ്ങനെ നേരിടണമെന്നും മറ്റും പഠിച്ച ഞങ്ങൾ, മറ്റുള്ളവരെയും ഉൽബോധിപ്പിക്കാൻ തുടങ്ങി.

കൊല്ലം, 2021 ആയി. എത്ര പഠിച്ചിട്ടും, ആർത്തിപൂണ്ട പലയാളുകളും പല പല തട്ടിപ്പുകളിലും അകപ്പെട്ട് അവരുടെ സമ്പത്ത് നഷ്ടപ്പെടുത്തി. പുളകം കൊള്ളേണ്ട വിദ്യാസമ്പന്നർ പോലും കെനിയക്കാരുടെ വക്രബുദ്ധിക്കകപ്പെട്ട് പുളഞ്ഞ് കളിച്ചു. വാട്സാപ്പിലും ഈമെയിലിലും ആരെങ്കിലും എന്തെങ്കിലും തരത്തിലുള്ള സ്പാമുകൾ ഫോർവാർഡ് ചെയ്‌താൽ, എന്നെപ്പോലെ അഭിമാനിച്ച് അഹങ്കരിച്ച ചിലർ, കുഴപ്പം ഉടനടി തിരിച്ചറിഞ്ഞ്, വാട്സാപ്പ് ഗ്രൂപ്പുകളിൽ വാണിങ് സന്ദേശങ്ങൾ അയച്ച്, മറ്റുള്ളവരെ ജാഗരൂകരാക്കി പുളകം കൊണ്ടു. അക്കിടി പറ്റിയവരെ കളിയാക്കിയും, അവർ കാണാതെ മറ്റുള്ളവരോട് അവരെക്കുറിച്ച് പറഞ്ഞ് ചിരിച്ചും സ്വയം അഹങ്കരിച്ചു.

ഞാനും ആ അഹംഭാവഗണത്തിലായിരുന്നു. എനിക്കൊന്നും ഇനി മേലിൽ അക്കിടി പറ്റില്ലെന്ന ധാരണ, മനസ്സിലും ബുദ്ധിയിലും ഉറച്ച് പോയിരുന്നു! ഇരുപത്തൊന്നോളം വർഷങ്ങൾ ഒന്നും സംഭവിച്ചില്ലല്ലോ. അങ്ങനെയിരിക്കെയാണ്, ഇന്നൊരു വാട്സ്ആപ് സന്ദേശം വന്നത്. കാണുമ്പോൾ തന്നെ മനസ്സിലായി തട്ടിപ്പായിരിക്കും. നമ്മുടെ യൂസഫലി സാഹിബിന്റെ ലുലു ഗ്രൂപ്പിന്റെ പ്രൊമോഷന്റെ രൂപത്തിലാണ് സംഭവം അവതരിച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് ഫോർവാഡ് ചെയ്യുക, ഒൻപത് പെട്ടികളിൽ, മൂന്ന് പെട്ടികൾ തുറക്കുന്നതിൽ നിന്ന് ഏതിലെങ്കിലും സമ്മാനങ്ങൾ കിട്ടിയാൽ സ്വന്തം ഇമെയിലും മേൽവിലാസവും അറിയിച്ചാൽ, ആ സമ്മാനം വീട്ടിലെത്തും; അങ്ങനെയൊക്കെ ചെയ്യാനാനായിരുന്നു അതിലെ നിർദ്ദേശങ്ങൾ. 

സ്പാം, ഫിഷിങ് നിയമങ്ങൾക്കെതിരാണ് ഈ പറഞ്ഞതൊക്കെയും. അപ്പോൾ ഈ സംഭവം സ്പാം തന്നെ. പക്ഷേ ഇതെനിക്കയച്ചത് ഒരു PhD ക്കാരനാണ്. ബുദ്ധിമാനാണ്. സ്പാം, ഫിഷിങ് നിയമങ്ങൾ അറിയുന്നവനാണ്. അത്യാഗ്രഹം ഇല്ലാത്തവനാണ്. സിംപ്ലനാണ്. അങ്ങനെയാവുമ്പോൾ, അങ്ങനെയുള്ള ഒരാൾ ഇത്തരത്തിലൊന്ന് അയക്കുമ്പോൾ, അതിൽ സത്യമില്ലാതിരിക്കുമോ? ബേസിക്കലി, ഞാനും ചിലപ്പോൾ നമ്മളെല്ലാവരും, വെറുതെ കിട്ടുമ്പോൾ, 'വേണ്ട' എന്ന് പറയാത്തവരാണല്ലോ! എത്ര തന്നെ സന്യാസി ആയാലും, സ്പാം/ഫിഷിങ് സംഭവങ്ങൾ ബോധമണ്ഡലത്തിലുണ്ടെങ്കിലും, അത്യാഗ്രഹത്തിന്റെ കണിക, പണം നഷ്ടപ്പെടാതെ എന്തെങ്കിലും കിട്ടുമ്പോഴുണ്ടാകുന്ന ഒരു സന്തോഷം, നമ്മുടെ ഉള്ളിലുണ്ടാവാതിരിക്കുമോ? എന്തായാലും നിങ്ങളുടെ കാര്യം എനിക്കറിയില്ല, ഞാൻ അങ്ങനെയാണ്. അല്ലെങ്കിൽ കുറച്ച് നേരത്തേക്കെങ്കിലും അങ്ങനെ ആയിപ്പോയി. എനിക്ക് ഇത്തരം സന്ദർഭങ്ങളെ മറികടക്കാനുള്ള പവർ ഉണ്ടെന്നായിരുന്നു ധാരണയെങ്കിലും,  അത്യാഗ്രം ഒട്ടുമേ തീണ്ടിയിട്ടില്ലെന്നാണ് മനസ്സിലിരിപ്പെങ്കിലും, ആ PhD ക്കാരന്റെ തുറുപ്പിൽ ഞാൻ വീണുപോയി! അവന്റെ യുവത്വബുദ്ധിയിൽ വിശ്വസിക്കാതിരിക്കാൻ എനിക്കായില്ല.

ഞാനാ ലിങ്ക് തുറന്നു. അതിൽ സമ്മാനം കിട്ടിയ ആളുകളുടെ സന്ദേശങ്ങളൊക്കെയുണ്ട്. ആ സന്ദേശങ്ങളുടെയും PhD ക്കാരന്റെ മേന്മയുടെയും ബലത്തിൽ അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഒമ്പത് പെട്ടികളിൽ മൂന്നെണ്ണം തുറക്കുക.ആദ്യത്തേത് തുറന്നപ്പോൾ കാലിയാണ്. രണ്ടാമത്തേത് തിരഞ്ഞെടുത്തത് തുറന്നപ്പോൾ, അതാ കിടക്കുന്നു, സമ്മാനം. ഒരു ബല്യ മൊബൈൽ ഫോൺ. മനസ്സിൽ ലഡ്ഡു പൊട്ടി. ഇനി, ഒന്നുകിൽ അഞ്ച് ഗ്രൂപ്പുകളിലേക്ക് , അല്ലെങ്കിൽ ഇരുപത് പേർക്ക് ഫോർവേഡ് ചെയ്യുക. അഞ്ച് ഗ്രൂപ്പ് സെലക്ട് ചെയ്തിട്ട് നോക്കിയപ്പോൾ അതിൽ പറയുന്നു, പോരാ എന്ന്. 

അവരുടെ കണക്കിൽ മുപ്പത് ശതമാനം മാത്രമേ ഫോർവാഡ് ആയിട്ടുള്ളുവത്രേ! മനസ്സിൽ ആദ്യത്തെ സംശയം പൊട്ടിവിടർന്നു. വീണ്ടും ഇരുപത് പേർക്ക് ഫോർവാഡ് ചെയ്യണം. അതിൽ രണ്ടുപേർക്ക് ഫോർവേഡ് ചെയ്യുമ്പഴേക്ക് തന്നെ സംശയം ബലപ്പെട്ടു. സംഭവം അവിടെക്കൊണ്ട് നിർത്തി. നേരെ പോയി അതുവരെ അയച്ച അഞ്ച് ഗ്രൂപ്പിലും രണ്ട് വ്യക്തികൾക്കും ഞാനയച്ചത് സ്പാം ആണെന്ന സന്ദേശം ഉടനെത്തന്നെ കൊടുത്തു. അപ്പഴേക്കും അതാ വരുന്നു എന്റെ ഇൻബോക്സിലേക്ക് സന്ദേശങ്ങൾ, അതേ സന്ദേശങ്ങൾ തന്നെ പല സുഹൃത്തുക്കളും അയച്ച് കളിക്കാൻ തുടങ്ങിയിരിക്കുന്നു (ഞാൻ എച്ച് കൊടുത്ത ആളുകളുടെ കൂട്ടത്തിൽ നിന്നല്ല). വേറെ എത്രയോ പേർ കുടുങ്ങിയിരിക്കുന്നു. (ഞാൻ കാരണം കുടുങ്ങിയ ഒരാളെ എനിക്കറിയാം. ഞാൻ വാണിങ് കൊടുക്കും മുന്നേ തന്നെ അദ്ദേഹം പണി തുടങ്ങിക്കഴിഞ്ഞിരുന്നു!) സൂപ്പർ സ്‌പ്രെഡ്‌ !!

എന്തായാലും ഇനി എന്തെങ്കിലും കഷ്ടനഷ്ടങ്ങൾ ഉണ്ടാകുമോന്ന് ഒരു ഉറപ്പും ഇല്ല. മൊബൈലിലെ കാഷ് (cache) ഒക്കെ ഡിലീറ്റ് ചെയ്ത റീസ്റ്റാർട്ട് ചെയ്തു. മൊബൈലിൽ നിന്ന് money transaction ഒന്നും ചെയ്യാത്തത് കൊണ്ട് സേഫ് ആയിരിക്കുമെന്ന ആശ്വാസ ചിന്ത മാത്രമേ ഇപ്പോൾ കൂട്ടിനുള്ളൂ. 

അപ്പോൾ സൂർത്തുക്കളെ, അഹംഭാവം എന്നൊക്കെ വെറുതെ പറഞ്ഞതാണ്. എത്ര ശ്രദ്ധിച്ചാലും ചില അബദ്ധങ്ങൾ നമുക്ക് പിണഞ്ഞേക്കാം. എല്ലാവർക്കും ബുദ്ധി ഉണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. എന്നാലും ബോധവാന്മാരായിരിക്കുക. മാനവും പോകാതിരിക്കാൻ, ഇത്തരം കാര്യങ്ങളിൽ സ്വയം ബോധമുണ്ടെന്ന്, ഒരുമ്പെടുന്നതിന് മുന്നേ എപ്പോഴും ഉറപ്പിക്കുക. പണവും രണ്ടോ മൂന്നോ ക്ലിക്കുകളിൽ വെറുതെ സമ്മാനം കിട്ടുമെന്ന് കേട്ടാൽ, അത് യാഥാർത്ഥ്യമാണെങ്കിൽ പോലും അതിൽ കയറിപ്പിടിക്കാതിരിക്കുക. അത്തരം സന്ദേശങ്ങൾ അയക്കുന്നത്, നിങ്ങൾ വിവരമുണ്ടെന്ന് ധരിക്കുന്ന ആളാണെങ്കിൽക്കൂടി, തഴഞ്ഞ് കളയുക. PhD ക്കാരനാണെങ്കിൽ പ്രത്യേകിച്ചും 😆!! Beware of scam, spam and phishing !!!

ഇനിയും ഇതുപോലൊക്കെ കുടുങ്ങുമോ ആവോ... ആ PhD ക്കാരനെ കൈയ്യിൽ കിട്ടിയാൽ ചമ്മന്തിയാക്കണം !

***