കാടും കടലും അങ്ങനെയാണ്... വല്ലാതങ്ങ് ആരെയും മോഹിപ്പിക്കും. നൂറടി നടക്കാൻ ആവതില്ലെങ്കിലും കാട്ടിലൂടെയുള്ള ഹൈക്കിങ്ങിനെന്നും പറഞ്ഞ്, ഏതെങ്കിലും മരത്തണലിലിരിക്കാൻ വ്യായാമതല്പരർ രാവിലെത്തന്നെ എഴുന്നേറ്റ് പോയെന്ന് വരും. നീന്തലറിയില്ലെങ്കിലും തിരമാലകളെ പെരുത്ത് ഭയമാണെങ്കിലും, ബീച്ചിലെത്തി കാൽവിരൽത്തുമ്പ് നനച്ച് വെറുതെ കരയിലിരുന്ന് ഉറങ്ങാനും അതിരാവിലെത്തന്നെ സാഹസികമനസ്കർ ഇറങ്ങിത്തിരിച്ചെന്ന് വരും. അങ്ങനെയുള്ള ഒരു ചിന്തയിലാണ്, രണ്ടര ദിവസത്തെ ഒരു ബീച്ച് ട്രിപ്പിന് ഞങ്ങൾ ചില സുഹൃത്തുക്കൾ പ്ലാനിട്ടത്.
കൊറോണക്കാലമാണ്... നാട്ടിലൊന്നും പോകാത്തത് കൊണ്ട്, കുറച്ച് അവധി ദിവസങ്ങൾ ബാക്കി കിടപ്പുണ്ട്... അത് എങ്ങനെയെങ്കിലും ഉപയോഗിക്കണമെന്ന ആഗ്രഹമാണ് ഈ ബീച്ച് ട്രിപ്പിന് ആധാരശില പണിഞ്ഞത്. സൗത്ത് കരോലിനയിലെ മിർട്ട്ൽ ബീച്ചാണ് നറുക്കെടുപ്പിൽ പൊങ്ങി വന്നത്. വീട്ടിൽ നിന്നും ഏകദേശം ഏഴ് മണിക്കൂറോളംദൂരമുണ്ട് ഈ പറഞ്ഞ കടാപ്പുറത്തേക്ക്.
ബീച്ചിനെ തൊട്ടുരുമ്മിക്കൊണ്ടുള്ള വലിയ റിസോർട്ടായ കരീബിയൻ റിസോർട്ടിൽ മുറികൾ ബുക്ക് ചെയ്തു. മുറികൾ ചെറുതായിപ്പോവുന്നത് കൊണ്ട് സ്യൂട്ടുകളാണ് ബുക്ക് ചെയ്തത്. ഒരു സ്യൂട്ടിൽ എട്ട് പേർക്ക് സുഖായി കഴിയാം. അടുക്കളയുള്ളത് കൊണ്ട്, സമയത്തിനും താല്പര്യത്തിനും അനുസരിച്ച് വേണ്ടത് പോലെ എന്തെങ്കിലും ഉണ്ടാക്കി കഴിക്കുകയും ചെയ്യാം.
അങ്ങനെ മൂന്ന് സ്യൂട്ടുകളിലേക്കായി ഞങ്ങൾ ആറ് കുടുംബങ്ങൾ ആഗസ്ത് പതിനഞ്ചാം തീയ്യതി പുറപ്പെട്ടു. ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനമാണ്. ഒരു സ്വാതന്ത്ര്യദിന റാലി പോലെ, എല്ലാ വണ്ടികളും ഒരു കോൺവോയ് രൂപത്തിൽ പോകാമെന്ന് വിചാരിച്ചപ്പോൾ, പല കാരണങ്ങളാലും നടന്നില്ല. രണ്ട് പേർ മേരിലാൻറിൽ നിന്നും ബാക്കിയുള്ളവർ വിർജീനിയയിൽ നിന്നുമാണ് പുറപ്പെടേണ്ടത്. നാല് മണിക്കാണ് ചെക്കിൻ സമയം. മിനിമം മൂന്നരക്കെത്തിയാൽ മാത്രമേ ചെക്കിനും കഴിഞ്ഞ്, നാല് മണിക്ക് തന്നെ കടൽത്തീരത്തെത്തി, അന്നത്തെ അസ്തമയത്തിന് മുന്നേ ബാക്കിയുള്ള മണിക്കൂറുകൾ മുഴുവനായും ആസ്വദിക്കാൻ പറ്റുകയുള്ളൂ. മൂന്നരക്ക് അവിടെ എത്തണമെങ്കിൽ, ഭക്ഷണ ഇടവേളകളും പെട്രോളടി സമയവുമെല്ലാം കൂട്ടി, കാലത്ത് ആറരക്കെങ്കിലും പുറപ്പെടണം.
നേരത്തേ പറഞ്ഞല്ലോ, കടൽ ഓരോരുത്തർക്കും ആവേശമാണെന്ന്. അതെ, ആ ആവേശം ഞങ്ങളിലും കാണാനുണ്ടായിരുന്നു. ഞങ്ങളിലൊരു കുടുംബം, രണ്ട് മണിക്കൂറെങ്കിലും ആദ്യത്തെ ദിവസം, കടലിൽ അധികം കിട്ടണമെന്ന ആഗ്രഹത്തിൽ, പുലർച്ചക്ക് അഞ്ച് മണിക്ക് തന്നെ പുറപ്പെട്ട് കളഞ്ഞു. വേറൊരു സാഹസികൻ, അവന്റെ ചെറിയ രണ്ട് മക്കളെയും ഉറക്കപ്പായയോടെ ചുരുട്ടി വണ്ടിക്കകത്ത് എടുത്തിട്ട്, വെളുപ്പിന് അഞ്ചേകാലിനും സ്ഥലം വിട്ടു കളഞ്ഞു. പാതി വഴിക്ക് നിന്ന് അവർ വാട്സാപ്പ് ചെയ്തപ്പോഴാണ് ബാക്കിയുള്ള അരസികന്മാർ ഈ വിവരമറിഞ്ഞ് വിഷണ്ണരായത്. ഉടനെത്തന്നെ കിട്ടിയതെല്ലാം വാരി വണ്ടിയിലിട്ട് ബാക്കിയുള്ള നാല് കുടുംബങ്ങളും വച്ചുപിടിച്ചു.
തുടക്കത്തിൽ, അവസാനത്തെ നാല് കുടുംബങ്ങളും ഒരുമിച്ചായിരുന്നെങ്കിലും, ഓരോരുത്തരുടെയും സ്വന്തം ഗൂഗിളമ്മായി ഓരോരുത്തരോടും വിവിധ തരത്തിൽ ഓതിയെന്നുള്ള ഒറ്റക്കാരണം കൊണ്ട്, അധികം വൈകാതെ തന്നെ, നാല് വഴിക്കായി ചിതറിയോടി.
ഒടുവിൽ, മൂന്നരക്കടുപ്പിച്ച് റിസോർട്ടിലെത്തുമ്പഴേക്കും, അഞ്ച് മണിക്ക് പുറപ്പെട്ടയാൾ, റിസോർട്ട് ബുക്ക് ചെയ്യാനുള്ള മനഃസ്ഥിതി കാണിച്ചത് പോലെ, അതിന്റെ തുടർച്ചയായി, എല്ലാ സ്യൂട്ടുകളുടെയും താക്കോൽ കാർഡ് എടുത്ത് നമ്മുടെ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയിരുന്നത്, നമുക്കും കുറച്ച് സമയലാഭം ഉണ്ടാക്കിത്തന്നു.
റിസോർട്ടിന്റെ തൊട്ട് പിന്നാമ്പുറത്ത് കടലമ്മ ആർത്തലച്ച് വിളിക്കുന്നത് നമ്മളെല്ലാവരെയും അക്ഷമരാക്കി. മുറിയിൽ, സാധനങ്ങളെല്ലാം വാരിവലിച്ചിട്ട് ഒട്ടും സമയം പാഴാക്കാതെ എല്ലാവരും തീരത്തേക്ക് കുതിച്ചു. തീരത്തേക്ക് കുതിക്കുന്നതിനിടയിലാണ്, കൂട്ടത്തിലുള്ള ചില ചെറിയ കുട്ടികൾ റിസോർട്ടിനും ബീച്ചിനുമിടയിലുള്ള നീന്തൽക്കുളവും ലേസി ഫ്‌ളോട്ടിങ് പൂളും കണ്ട് അന്തിച്ച് നിന്ന് പോയത്. കടലമ്മയുടെ മാടിവിളിക്കലുകൾ, പൂളിന്റെ നിശ്ശബ്ദവിളിയിൽ മുങ്ങിപ്പോയതായി ചില വാശി കുറഞ്ഞ ബാലികാബാലന്മാർക്ക് തോന്നിയപ്പോൾ, ചെറിയ കുട്ടികളുടെ രണ്ട് തന്തമാർ, കുറച്ച് നേരത്തേക്കെങ്കിലും, കണ്ണുനീരോടെ പൂളിൽ കുടുങ്ങിപ്പോയി.
സായാഹ്‌ന സൂര്യൻ മുകളിൽ നിന്ന് കത്തുകയായിരുന്നെങ്കിലും, ഇടക്കിടെ നേർത്ത കാർമേഘപാളികൾ, സൂര്യനെ വെല്ലുവിളിച്ച് നീങ്ങിയത്, സൂര്യനെ അലോസരപ്പെടുത്തിക്കാണുമെങ്കിലും, താഴെയുണ്ടായിരുന്ന ഞങ്ങളെ സന്തോഷിപ്പിച്ചു. വലിയ ബീച്ച് കുടകൾ, ഞഞങ്ങളെല്ലാവരും നിരനിരയായി കുത്തിനിർത്തി വിടർത്തിയതും സൂര്യനെ കൂടുതൽ പ്രകോപിപ്പിച്ച് കാണണം, ബീച്ചിൽ നല്ല ചൂടായിരുന്നു.
ആണുങ്ങളും കുട്ടികളും കടൽത്തിരകളോട് മത്സരിക്കാൻ ഒട്ടും വൈകാതെ തന്നെ കടലിലേക്കിറങ്ങിയെങ്കിലും, കടൽ കണ്ടപ്പോൾ, കൂട്ടത്തിലുള്ള ചില നാരീമണികൾ, ബീച്ച് കസേരകളിൽ ചാഞ്ഞിരുന്ന് കടലിനെ നോക്കിച്ചിരിച്ച് കടലിൽ ഇറങ്ങിയത് പോലെ കുളിര് കൊണ്ടു. രാവിലെ അഞ്ച് മണിക്ക് തിരക്ക് പിടിച്ച് ഇറങ്ങിയത് കടല് കാണാൻ മാത്രമായിരുന്നോ എന്ന് കടൽ പരിഭവിച്ചെങ്കിലും കസേരകൾക്ക് കുറേനേരം അവരെ താങ്ങേണ്ടി വരിക തന്നെ ചെയ്തു.
സൂര്യാഘാതം ഏൽക്കാതിരിക്കാൻ, സൺസ്‌ക്രീൻ ലേപനങ്ങൾ എല്ലാവരും വാശിയോടെ എടുത്ത്, തെയ്യത്തിനെന്നപോലെ മേക്കപ്പിടുമ്പോഴായിരുന്നു, 'അയ്യോ ന്യൂട്രോജിനാ' ആണെങ്കിൽ തേക്കല്ലേ... അത് കാൻസറുണ്ടാക്കും...' എന്നൊരു നാരീനിലവിളി അന്തരീക്ഷത്തിൽ മുഴങ്ങിയത്. ട്യൂബിന്റെ മേലെ നോക്കിയപ്പോൾ, അത് 'ന്യൂട്രോജീന' തന്നെയായിരുന്നു. ഇനിയെന്ത് ചെയ്യാനാണ്... പൂശിയത് തുടക്കാനൊന്നും നേരമില്ല... അല്ലേലും കടലിലിറങ്ങി കുറച്ച് നേരം കഴിയുമ്പഴേക്കും ക്രീമൊക്കെ കടല് കൊണ്ടുപോകുമല്ലോ.
എന്തായാലും, ആർത്തലച്ച് തീരത്തേക്ക് വരുന്ന തിരമാലകളെ, കുറച്ചെങ്കിലും തള്ളി ഉള്ളിലേക്കൊതുക്കുവാൻ തീരുമാനിച്ച് ഞങ്ങൾ കടലിലേക്കിറങ്ങി. തിരക്കിട്ട് കടലിലേക്കിറങ്ങിയതിനാൽ, നമ്മുടെയുള്ളിലേക്ക് വെള്ളം കയറ്റാനുള്ള സാവകാശം ഞങ്ങൾക്ക് കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ, തിരയെ തള്ളി പിന്നിലേക്കാക്കുന്ന സമയത്ത്, ഞങ്ങൾ പെട്ടന്ന് തന്നെ തളർന്ന് പോകുന്നുണ്ടായിരുന്നു... പോരാഞ്ഞതിന്, ചിലരുടെ ചെവിയിലേക്കും മൂക്കിലേക്കും വായിലേക്കും ഇരച്ച് കയറി, കടൽ അതിന്റെ ശൗര്യം ഇടക്ക് കാണിക്കുകയും ചെയ്തു. 'നാളെ ഇത്തിരി അകത്താക്കി വന്നിട്ട് കാണിച്ച് തരാം...' എന്ന് വെല്ലുവിളിച്ച്, ആദ്യത്തെ ദിവസം കടലിനോട് വിട ചൊല്ലി.
സ്ത്രീജനങ്ങൾ, കുറച്ച് നേരത്തേ കൂടണഞ്ഞത് കൊണ്ട്, മുറിയിലെത്തുമ്പഴേക്കും, നല്ല ചൂടൻ ചോറും പരിപ്പ് കറിയും ഉണ്ടായിരുന്നു. ശാപ്പാടിന് മുന്നേ, കഴിച്ചത് പെട്ടന്ന് ദഹിപ്പിക്കാൻ രണ്ട് Tequila Shots ഉള്ളിൽ കേറിയത് കൊണ്ട്, കൂടുതൽ പരിപ്പ് ഉള്ളിൽ കേറാൻ ഇടയാക്കി. പരിപ്പിന്റെ അനന്തരഫലങ്ങളെക്കുറിച്ച് പേടിച്ചെങ്കിലും, രാത്രികാലത്ത്, വിസ്ഫോടനങ്ങൾക്ക് ശബ്ദം കുറവായതിനാൽ, കൂടെ താമസിച്ചിരുന്ന കുടുംബങ്ങൾക്ക് പരസ്പരം ശല്യമായില്ല.
പിറ്റേന്ന് കാലത്ത്, നേരത്തേ തന്നെ കുറച്ച് പേർ, സൂര്യോദയം കണ്ട് ഉലാത്താൻ തീരത്തേക്കിറങ്ങി. സൂര്യോദയം കണ്ടില്ലെങ്കിലും സൂര്യൻ ഉച്ചിയിൽ ഉദിച്ച് വരും എന്നുള്ളത് കൊണ്ട്, പ്രഭാതസമയത്ത് കിട്ടിയ ഉറക്കിനെ താലോലിച്ച് കുറച്ചധികം ഞാൻ കിടന്നുറങ്ങി, വീണ്ടും പോയി, കരയെ ഉപദ്രവിക്കുന്ന തിരയോട് പെരുമാറാനുള്ളതാണല്ലോ!
രണ്ടാമത്തെ ദിവസം രാവിലെ, തീരത്തെത്തുമ്പഴേക്കും, നമുക്ക് തീരത്തിനടുത്ത് കുട കുത്തിനിർത്താൻ സ്ഥലം കിട്ടിയില്ല... അതുകൊണ്ട്, വേറെ ആരുടെയോ കുടകൾക്ക് പിന്നിലായാണ് ഞങ്ങളുടെ കുടകൾ സ്ഥാപിക്കപ്പെട്ടത്. നേരം വൈകിപ്പോയതാണ് കാരണം. സമയം പത്ത് മണി ആയിരിക്കുന്നു. അടുത്ത ദിവസം ഇതിന് പ്രായശ്ചിത്തം ചെയ്യുമെന്ന് അപ്പോൾ തന്നെ ഉള്ളിൽ ശപഥം ചെയ്തു.
ഇത്തവണ, നമ്മുടെ ഊർജ്ജം കൂട്ടാൻ വേണ്ടിയുള്ള ചില നീർ ചേരുവകൾ, കൂട്ടത്തിലൊരാൾ ഉണ്ടാക്കിക്കൊണ്ടുവന്നത് മാനസികമായ ഉല്ലാസം ഉണ്ടാക്കി. വോഡ്കയും ജിന്നും ക്രാൻബെറി ജ്യൂസും മറ്റും ഒരുമിച്ച് കലക്കിയുള്ള പ്രത്യേക കൂട്ടായിരുന്നു അത്. ആ പ്രത്യേക കോക്ടെയിൽ കൂട്ട് അകത്ത് ചെന്നപ്പോൾ തന്നെ തിര നമ്മളെ പേടിക്കുന്നതായി നമുക്ക് തോന്നി. കൂടെ കുട്ടികൾ ഉള്ളത് കൊണ്ട്, അവർക്ക് സുരക്ഷിതമേഖല ഒരുക്കാൻ, തിരയെ കൂടുതൽ പിന്നിലേക്ക് തള്ളുന്നതിന് ആ കൂട്ട് തീർത്തും സഹായകമായിരുന്നു. തള്ളിയ തിരയെ ഒരു സ്ഥലത്ത് പിടിച്ച് നിർത്തി, കുട്ടികളെല്ലാവരെയും അതിന്റെ പിന്നിൽ നിർത്താൻ ശരിക്കും പാട് പെടേണ്ടി വന്നു. പ്രത്യേക കൂട്ട് കഴിച്ചില്ലെങ്കിലും കുട്ടികളും ഞങ്ങളെ തോൽപ്പിക്കും വിധം തിരകളോട് നിർദ്ദയം പെരുമാറി. ഈ മല്പിടുത്തത്തിനിടയിലും, ഫ്രിസ്ബീയും പന്തുകളും മറ്റും പരസ്പരം എറിഞ്ഞ് പിടിക്കുന്നത്, തിരകളുടെ ശിരസ്സ് കുറച്ചെങ്കിലും താഴ്ത്താൻ സഹായിച്ചു.
ഈ പ്രത്യേക കൂട്ടിന്റെ മണം മൂക്കിൽ കയറിയ നാരീമണികളും, ഇതിനിടയിൽ കൂട്ട് അകത്താക്കാൻ തുടങ്ങിയിരുന്നു. ഒന്നോ രണ്ടോ പേർ മാത്രം സദാചാരത്തിന്റെ പേരിൽ കോക്ടെയിലിനോട് മുഖം തിരിച്ച് നിന്നെങ്കിലും മറ്റുള്ളവർ തേനീച്ചകളെപോലെ, കുടയുടെ തണലിൽ, കസേരകളിൽ ചാഞ്ഞിരുന്ന് നുണഞ്ഞ് കൊണ്ടിരുന്നു. ഭർത്താക്കന്മാർ കുടിക്കുന്നതിനെ സംശയ ദൃഷ്ടിയോടെ വീക്ഷിച്ചിരുന്നവരും, ഭർത്താക്കന്മാർ കുടിക്കുന്നതിനെ എതിർക്കുന്നവരും കൂട്ട് നുണഞ്ഞിരിക്കുന്നത് കാണാൻ നല്ല രസമായിരുന്നു. പക്ഷേ, കുറേ നുണഞ്ഞതിന് ശേഷം, മുഖമാകെ കുങ്കുമഛായ പടർന്നെങ്കിലും, 'കൂട്ടിന് വീര്യം പോരാ...' എന്ന ഏതോ ഒരു തരുണിയുടെ കമന്റ്, കൂട്ട് ഉണ്ടാക്കിയ വിരുതന്റെ നെഞ്ചിലാണ് ആഴത്തിൽ തറച്ചത്.
ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഭാരതീയ നാരീമണികൾ, കടൽത്തീരവസ്ത്രങ്ങളൊക്കെയായിരുന്നു ഇട്ടിരുന്നതെങ്കിലും, കടൽത്തീരത്ത് വന്നുപോയത് കൊണ്ട് മാത്രം, കാൽപെരുവിരലിന്റെ അറ്റം നനക്കാൻ പോലും പേടിക്കുന്നത് കടലിന് തന്നെ നാണക്കേടായിരുന്നു. തിരയെങ്ങാനും വന്ന്, പെരുവിരലിൽ നിന്ന് പാദസരങ്ങളുടെ ഉയരത്തിലെങ്കിലും വെള്ളം ഉയരുന്നേരം, അവർ പേടിച്ച് അലറിവിളിച്ചത്, തിരകളെപ്പോലും പേടിപ്പിച്ചു കളഞ്ഞു.
തിരകളെ തല കൊണ്ട് കുത്തിമറിച്ച് കുട്ടിക്കരണം മറിഞ്ഞ് കൊണ്ടിരിക്കേ, തീരത്തിന്റെ നഗ്നത മറച്ച് കൊണ്ട്, അർദ്ധനഗ്നകളും അർദ്ധനഗ്നന്മാരുമായി മനുഷ്യസാഗരം തീരത്തിന് മേൽ മലർന്ന് കിടന്നത് കണ്ണുകൾക്ക് മനോഹരമായ കാഴ്ച നല്കുന്നുണ്ടായിരുന്നു. എന്നാലും ഒരു ഭർത്താവെന്ന നിലക്കും ഒരച്ഛനെന്ന നിലക്കും ചില കടമകളുണ്ടെന്ന ഓർമ്മപ്പെടുത്തലിൽ, കണ്ണുകളിൽ സ്വയം തന്നെ ഒരു ഫിൽട്ടറിട്ടാണ് ഞാൻ നോക്കിക്കൊണ്ടിരുന്നത്. ആ നോട്ടത്തിൽ, ഏതോ ഒരു കുലീന, വെള്ളത്തിലൊന്നും ഇറങ്ങാൻ കൂട്ടാക്കാതെ, ഒരു കട്ടിപ്പുസ്തകവുമെടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. പുസ്‌തകം കൈയ്യിലുണ്ടെങ്കിലും മിക്കവാറും അത് അടഞ്ഞ് തന്നെ കിടന്നു. അപൂർവ്വം അവസരങ്ങളിൽ പുസ്തകം തുറന്ന് കിടക്കുന്നത് കണ്ടപ്പോഴാണ്, പുസ്തകം തുറന്ന് കിടക്കുന്ന സമയത്തെല്ലാം അവരുടെ കണ്ണ് അടഞ്ഞാണ് കിടക്കുന്നതെന്ന് മനസ്സിലായത്. പുസ്‌തകം അടക്കുമ്പോൾ കണ്ണ് തുറന്നിട്ടുമുണ്ടാകും. ഒന്ന് തുറക്കുമ്പോൾ മറ്റൊന്ന് അടയുമെന്ന മഹദ് ദർശനം കണ്മുന്നിൽത്തന്നെ ഉദാഹരണമായി കിടക്കുന്നു!
അതിനിടയിൽ, കമ്പിയില്ലാക്കമ്പി വഴി, മത്തിക്കറിയും ചപ്പാത്തിയും റെഡിയായിട്ടുണ്ടെന്ന വിവരം കേട്ടത് കൊണ്ട് മാത്രമാണ് ഞങ്ങൾ കരക്ക് കയറിയത്.
മൂന്നാമത്തെ ദിവസം രാവിലെത്തന്നെ മറ്റുള്ളവർ എഴുന്നേറ്റ് തീരത്ത് ഉലാത്താൻ പോയപ്പോൾ, തലേ ദിവസത്തെ വാശിക്ക്, മറ്റുള്ളവർ നാട്ടുന്നതിന് മുന്നേ തന്നെ, കൈയ്യിൽ കിട്ടിയ കുടകളെല്ലാമെടുത്ത് കൊണ്ട് വന്ന്, ഞാൻ കടൽത്തീരത്ത് നാട്ടി. ചില വാശികളാണല്ലോ, ചിലപ്പോഴെങ്കിലും നമ്മെ ചില കാര്യങ്ങളിൽ മുന്നിലെത്തിക്കുന്നത്!
തലേന്നുണ്ടാക്കിയ കോക്ടെയിൽ കൂട്ടിന് വീര്യം പോരെന്ന ആവലാതിപ്പെട്ട മഹിളക്ക് മറുപടിയെന്ന നിലയിൽ, വളരെ ഗംഭീരമായ ഒരു പുതിയ റെസിപ്പീയുമായാണ്, മധുപാനസൽക്കാരത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത നമ്മുടെ കൂട്ടുകാരൻ അന്ന് തീരത്ത് അവതരിച്ചത്. വോഡ്കക്കും ജിന്നിനും പുറമെ, ടക്കീലയും തണ്ണിമത്തൻ ജ്യൂസും മറ്റും ചേർത്ത് തകർപ്പനൊരു സാധനം. ഒന്നാമത്തെ ഗ്ളാസ്സിൽത്തന്നെ, അന്തർജ്ജനങ്ങൾ അന്തർമുഖരായി കുനിഞ്ഞിരുന്നു. വീണ്ടുമൊരു ഗ്ളാസിന് ചോദിക്കാൻ അവർക്ക് മടി തോന്നി!
അതേ സമയം, നമ്മുടെ പുരുഷപ്രജകൾ, കള്ളിൻകുടത്തിന്റെ വക്കിലിരിക്കുന്ന ഈച്ചകൾ മാതിരി, കോക്ടെയിൽ കൂട്ടിരിക്കുന്ന വലിയ കുപ്പികൾ വച്ച, ഐസ് ബാഗിന് ചുറ്റും വട്ടമിട്ടിരുന്ന് വെടിവട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. ആർക്കും കടലിലേക്ക് ഇറങ്ങാൻ ഒരു താല്പര്യവും തോന്നിയില്ല. മനം മയക്കുന്ന മധു മുന്നിലുള്ളപ്പോൾ, കളം മായ്ക്കുന്ന തിരകളോട് മല്ലിടാൻ ആർക്കാണ് താല്പര്യമുണ്ടാവുക?
എന്നാലും, ഈ കടൽ തീരം എല്ലാ സമയത്തും കിട്ടില്ലല്ലോ എന്ന ആശങ്കയിൽ, ഒറ്റവലിക്ക് കുടിക്കാൻ പറ്റുന്നതിന്റെ മാക്സിമം കുടിച്ച്, കുട്ടികളോടൊപ്പം ഞാനും തിരകളോടൊത്തുള്ള കളികളിൽ ഏർപ്പെട്ടു. കൂക്കി വിളിച്ചിട്ടും അലറിവിളിച്ചിട്ടും ആരും കൂടെ കളിക്കാൻ വരാതായപ്പോൾ, ഓരോരുത്തരെയും പിടിച്ച് വലിച്ച് കൊണ്ട് വരേണ്ട അവസ്ഥ! ഓരോ തവണ,യും ആരെയെങ്കിലും വലിച്ച് കൊണ്ടുവരാൻ പോകുമ്പോൾ മാത്രം, ആവുന്ന മാത്രയിൽ, വീണ്ടും സോമരസപാനം നടത്തുക എന്നതായിരുന്നു എന്റെ നയം.
വേലിയേറ്റമായത് കൊണ്ട്, തിരയെ തള്ളാൻ കൂടുതൽ ആളുകളുടെ സഹായം ആവശ്യമുണ്ടായിരുന്നു. ഒടുവിൽ എല്ലാവരും ഇടക്കെങ്കിലും വന്ന് തള്ളിയത്, തിരയെ പെട്ടന്ന് തന്നെ പൂട്ടാൻ വളരെ സഹായകമായി. ഓരോ തള്ളലിനും, കോക്ടെയിലിന്റെ ബലത്തിൽ നൂറിരട്ടി ശക്തിയുണ്ടായിരുന്നത് കൊണ്ട്, ഒടുവിൽ ഞങ്ങളോട് തോറ്റ് സുല്ലിട്ട്, വേലിയിറക്കത്തിന്റെ പേരും പറഞ്ഞ് തിരമാലകൾ പിൻവാങ്ങി.
തിരമാലകൾ വേലിയിറങ്ങിയിട്ടും, കുട്ടികളോടൊത്തുള്ള കടലിലെ കളികൾ നമ്മൾ നിർത്തിയില്ല. അകത്തും പുറത്തും വെള്ളമുള്ളപ്പോൾ വെള്ളമില്ലാത്തിടത്തേക്ക് എങ്ങനെയാണ് പോവുക? ആ സമയത്താണ്, തലേ ദിവസം പുസ്തകം വായിച്ച് തീരത്തിരുന്ന സ്ത്രീരത്നത്തെ ഞാൻ വീണ്ടും ശ്രദ്ധിച്ചത്. ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ വായിച്ച് തീർക്കാനായിരിക്കും ആ പുസ്തകമെടുത്തതെന്ന് ഞാൻ നിരീച്ചു. വായനക്കാരെ പൊതുവേ എനിക്ക് ബഹുമാനമാണ്. അതും കിട്ടിയ സമയം നശിപ്പിച്ച് കളയാതെ പുരോഗമനപരമായി ഉപയോഗിക്കുന്നത് എത്ര നല്ല ശീലമാണ്! പണ്ട്, പഠിക്കുന്നസമയത്ത്, രണ്ട് പേജിനപ്പുറം വായിച്ചില്ലെങ്കിലും, വലിയ 'സി' പ്രോഗ്രാമിങിന്റെ പുസ്തകം കവറിടാതെ വെറുതെ കൊണ്ട് നടന്നത് ഞാനോർത്തുപോയി. പക്ഷേ തുറന്ന് വച്ച ആ പുസ്തകത്തിന്റെ ഒരു താളും മറയാതെ, ആയ പുസ്തകം പിടിച്ച വ്യക്തി എല്ലായ്‌പോഴും ഉറങ്ങുന്നത് കണ്ടപ്പോൾ എന്റെ ഓർമ്മകൾക്ക് വീണ്ടും ബാല്യമുണ്ടായി. പുസ്തകം തുറക്കുന്നത് തന്നെ ഉറക്കത്തിനുള്ള നല്ല മരുന്നാണെന്ന് പണ്ടേ എനിക്കും അറിയാമായിരുന്നു!
ഒടുവിൽ സന്ധ്യയായിട്ടും കര കയറാത്തതിൽ സഹികെട്ട്, സ്ത്രീജനങ്ങൾ ഒന്നടങ്കം ഭീഷണിപ്പെടുത്തിയപ്പോഴാണ് ഞങ്ങൾ പേടിച്ച് കടലിനോട് വിട പറഞ്ഞത്. വയസ്സ് കൂടുന്തോറും കള്ള്കുടി കുറക്കണമെന്ന ഉപദേശവും അവർ തന്നു. പോരാഞ്ഞതിന്, നിലവാരമില്ലാത്ത കള്ള് കുടിച്ച്, നിലയുറക്കാത്ത കടലിലേക്ക് കളിക്കാനിറങ്ങിയാൽ, നില തെറ്റി, നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന കമന്റും ആരോ പാസ്സാക്കി. കൈയ്യിലെത്തിച്ചേർന്ന അവസരങ്ങളെ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നത് നല്ല ശീലമാണെന്നൊക്കെ ആരോട് പറയാൻ?
നേരെ പോയി നമ്മൾ ജാക്കുസിയിൽ ഇറങ്ങിയിരുന്നു.ഇനി തീരത്തോട് വിടപറയുകയാണ്. നാളെ രാവിലെ മടക്കയാത്ര ആരംഭിക്കും. രാത്രി അത്താഴത്തിന് പുറത്ത് പോകാമെന്ന് ഇതിനകം തന്നെ പറഞ്ഞ് വച്ചത് കൊണ്ട്, സ്ത്രീകൾ ഉച്ചക്കൊക്കെ കുറച്ച് കിടന്നുറങ്ങി. അല്ലെങ്കിലും രണ്ട് ദിവസമായി, ഞങ്ങൾ ഒട്ടും നിർബന്ധിച്ചില്ലെങ്കിലും, അവർ ഞങ്ങൾക്ക് ഭക്ഷണം ഒരുക്കിത്തന്നവരാണല്ലോ... സഹായിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും, കടലിൽ പോയി ലക്ക് കെട്ടിരുന്ന ഞങ്ങൾക്ക്, ഭക്ഷണം കഴിക്കുമ്പോൾ മാത്രമേ ഇത്തരം വിചാരധാരകളൊക്കെ ഉണ്ടാവാറുള്ളൂ! സ്വയം പൊങ്ങച്ചം പറഞ്ഞ്, അദ്ധ്വാനവർഗ്ഗത്തെ കളിയാക്കുന്നതാണ് ആണുങ്ങളുടെ കുലധർമ്മം എന്നത് എങ്ങനെ മറക്കാൻ പറ്റും?
ജാക്കുസിയിലിരിക്കേ, അവിചാരിതമായി അത് ഓഫായിപ്പോയി. അല്ലേലും ജാക്കുസി അങ്ങനെയാണ്. ഓരോ പതിനഞ്ചോ മുപ്പതോ മിനിറ്റുകളിൽ അത് സ്വയം ഓഫാകും. ഓഫായാൽ പിന്നെ അതിനുള്ളിൽ കാറ്റ് കടത്തിവിട്ടുണ്ടാകുന്ന തിളച്ച് മറിയൽ ഉണ്ടാവില്ല. ജാക്കുസി ഓഫായ ഉടനെ തന്നെ, അത് വീണ്ടും ഓണാക്കണമെന്ന് ജാക്കുസിയിലിരുന്ന ഏതൊക്കെയോ മഹിളകൾക്ക് ആഗ്രഹമുണ്ടായി. അത് കേട്ട പാതി, കേൾക്കാത്ത പാതി, നമ്മുടെ കോക്ടെയിൽ കൂട്ടുകാരൻ,ആ റിസോർട്ടിന്റെ ഓരോ മുക്കും മൂലയും അവന് അറിയാമെന്ന മട്ടിൽ, അവിടത്തെ ഓരോ ബട്ടണും എന്തിനാണെന്നും എവിടെയാണെന്നും അറിയാമെന്ന മട്ടിൽ, എഴുന്നേറ്റ് പോയി. കാലുകൾ നിലത്ത് ശരിക്ക് ഉറക്കുന്നുണ്ടെന്ന് അവന് മാത്രമായി ശരിക്കും ബോദ്ധ്യമുണ്ടായിരുന്നു. അവൻ നേരെ പോയി, ഏതോ ഒരു ബട്ടൺ ഞെക്കി. പക്ഷേ ജാക്കുസി ഓണാകുന്നതിന് പകരം, ഉയർന്നത് അവിടത്തെ സേഫ്റ്റി അലാറമായിരുന്നു. ആ ഒച്ച കേട്ട്, റിസോർട്ടും റിസോർട്ടിലെ ആൾക്കാരും, എന്തിനധികം, സമീപത്തെ കടല് പോലും ഭയന്നു പോയി. 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ' എന്ന മട്ടിൽ, ഞാൻ ജാക്കുസിയിലേക്ക് മുങ്ങാങ്കുളിയിട്ടു! അവിടത്തെ ആളുകൾ ആരൊക്കെയോ വന്ന് അലാറം ഒതുക്കുന്നത് വരെ, കോക്ടെയിൽ സുഹൃത്തിനെ ഒട്ടും അറിയില്ലെന്ന പോലെ, എന്റെ തല, ജാക്കുസിയിലെ വെള്ളത്തിലേക്ക് ഇടയ്ക്കിടെ ഞാൻ മുക്കി.
പിറ്റേന്ന്, താക്കോലോക്കെ ഏല്പിച്ച്, ഓരോരുത്തരും അവനവന്റെ താവളത്തിലേക്ക് മടങ്ങി. വീണ്ടും വിരസമായ ഔദ്യോഗിക ജീവിതത്തിലേക്ക്. മൂന്ന് ദിവസത്തോളമുള്ള ഏകദേശം മുഴുവൻ വെയിലും മേൽവസ്ത്രങ്ങളില്ലാതെ കൊണ്ടതിനാൽ, മുതുകും കയ്യുടെ മുകൾഭാഗവും കഴുത്തും മുഖവും പുറവും മറ്റും മോശമല്ലാത്ത രീതിയിൽ നീറുന്നുണ്ടായിരുന്നു. കടലിൽ ഇറങ്ങുന്ന സമയത്ത്, രാവിലെ ഒരു തവണ മാത്രമാണ്, സൺസ്‌ക്രീനൊക്കെ പുരട്ടിയത്. പിന്നീട് പുരട്ടിയിട്ടേയില്ല. അതിനൊക്കെ ആർക്കാണ് നേരം?
വീട്ടിൽ മടങ്ങിയെത്തിയതിന് ശേഷം, ആദ്യത്തെ ഒരു ദിവസം പൂർണ്ണ വിശ്രമമായിരുന്നു. ഒരാഴ്ചത്തെ വ്യായാമം ഒറ്റയടിക്കാണ് കടൽക്കരെ വച്ച് ചെയ്ത് തീർത്തത്. രണ്ടാമത്തെ ദിവസം, ദിനചര്യയായ വൈകുന്നേര ഓട്ടത്തിന് വീണ്ടും തുടക്കമിട്ടു. ഓട്ടം തുടങ്ങുന്ന സമയത്ത്, വൈകുന്നേരം എന്നൊക്കെ പറയാമെങ്കിലും ഏകദേശം സന്ധ്യയൊക്കെ കഴിഞ്ഞ് ഇരുട്ടായിരുന്നു.
ഓടി വന്നതിന് ശേഷം, കുളിക്കാനായി വസ്ത്രങ്ങൾ മാറ്റി കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം സിക്സ് പാക്ക് സൗന്ദര്യം ആസ്വദിക്കുമ്പോഴാണ്, ഞാൻ എന്നെക്കണ്ട് സ്വയം ഞെട്ടിയത്. മുതുകും മേൽക്കൈയ്യുടെ ഇരുഭാഗവും മറ്റും, ചിക്കൻപോക്സ് വന്നത് പോലെ കുമിളകൾ പൊങ്ങിയിരിക്കുന്നു. ചരിഞ്ഞ് നോക്കിയപ്പോൾ പുറത്തുമുണ്ട്. ഒരു കൂട്ടം കുമിളകൾ! ഞാൻ ആകെ ഞെട്ടി. കൈത്തലം കൊണ്ട് ആ ഭാഗത്ത് തലോടുമ്പോൾ, കുഞ്ഞ് വെള്ളാരം കല്ലുകൾ പതിച്ച പ്രതലത്തിൽ കൈ ഉരക്കുന്നത് പോലെ തോന്നിച്ചു.
ബീച്ചിൽ പോകുമ്പോൾത്തന്നെ കൊറോണാപ്പേടി ഉണ്ടായിരുന്നെങ്കിലും, വാക്സിൻ ഉള്ളിൽ കേറിയ ബലത്തിലായിരുന്നു പോയത്. അവിടെയാണെങ്കിൽ ഭൂരിപക്ഷം ജനങ്ങളും മാസ്ക് വച്ചിട്ടുണ്ടായിരുന്നില്ല, കൂടെ ഞങ്ങളും! കൂട്ടത്തിൽ കൂടുമ്പോൾ, കൂട്ടത്തിന്റെ താളം തെറ്റിക്കരുതല്ലോ! വാക്സിൻ എടുക്കാൻ പ്രായം തികയാത്ത കുഞ്ഞുങ്ങളെക്കുറിച്ച് അവരുടെ അച്ഛനമ്മമാർക്ക് ആധിയുണ്ടായിരുന്നെങ്കിലും, കടൽ വെള്ളത്തിന്റെ ഉപ്പ് തട്ടിയ കാറ്റേറ്റും, കടൽ വെള്ളത്തിൽ കുളിച്ചും കൊറോണ വരില്ലെന്ന ആശ്വാസത്തിൽ, സ്വന്തം ഉല്ലാസ താല്പര്യങ്ങൾക്ക് വഴങ്ങിയാണ് ബീച്ചിലേക്ക് പോയത്. പക്ഷേ, ഇതിപ്പോ കൊറോണയൊന്നും വന്നില്ലെങ്കിലും വന്നത് ചിക്കൻപോക്‌സാണോ എന്ന് ഞാൻ ഭയന്നു.
പണ്ട്, ഇരുപത്തഞ്ചാമത്തെ വയസ്സിൽ, മുംബൈയിൽ വച്ച് ഒരു തവണ ചിക്കൻപോക്സ് മുന്നേ വന്നതിനാൽ, അത് വീണ്ടും വരാനുള്ള സാധ്യത ഞാൻ മനസാ തള്ളി. എന്നാലും ചില കേസുകെട്ടുകൾ അപൂർവ്വം അങ്ങനെ വീണ്ടും വന്നതായി കേട്ടിട്ടുണ്ട്. പനിയോ, ക്ഷീണമോ, ചൊറിച്ചിലോ ഒന്നും എനിക്കുണ്ടായിരുന്നില്ല. സംശയം തീർക്കാൻ കെട്ട്യോളോട് ചോദിച്ചാലോ എന്ന് ഒരു വട്ടം ആലോചിച്ചു. പിന്നെ വേണ്ട എന്ന് വച്ചു. കാരണം, അഥവാ അങ്ങനെയെന്തെങ്കിലുമാണെങ്കിൽ, ഒന്നുകിൽ അവൾ വീട് വിട്ട് പോവും, അല്ലെങ്കിൽ എന്നെ ഒരു മുറിയിലാക്കി അടച്ച് കളയും. രോഗം ഒന്നുമില്ലാത്തപ്പോൾ തന്നെ, എന്റെ മേലെ ഒരു സ്‌കങ്കാക്രമണം നടന്നതിന്റെ പേരിൽ മാത്രം, എന്നെ ഒരാഴ്ച മുറിയിൽ ഒറ്റക്കാക്കി പൊയ്ക്കളഞ്ഞതാണ്!
ഞാൻ എന്നെത്തന്നെ ഒന്നുകൂടി പരിശോധിക്കാനായി ഉറച്ചു. എന്താണെന്ന് അറിയണമല്ലോ. ഒരു സേഫ്റ്റി പിന്നെടുത്ത്, ഇടത് മേൽക്കൈയ്യിലെ ഒരു വലിയ കുമിള ഞാൻ പൊട്ടിച്ചു. 'ശൂ...' എന്ന പോലെ കുറച്ച് ദ്രാവകം വെളിയിലേക്കിറങ്ങി. അങ്ങനെ ഒന്ന് രണ്ട് കുമിളകൾ പൊട്ടിച്ചപ്പഴേക്കും ആ തൊലി പറിച്ചെടുക്കാൻ പാകത്തിൽ ഇളകി വന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പഴാണ് ആ ഭാഗമാകെ വെയിലേറ്റ് കരുവാളിച്ചിട്ടുണ്ടെന്നും അങ്ങനെയുള്ള ഭാഗത്ത് തൊലി ഇളകുന്നുണ്ടെന്നും ഞാനോർത്തത്. പിന്നെ കുമിളകൾ എങ്ങനെയുണ്ടായി?
എന്തിനും ഒരു കാരണം കാണുമല്ലോ. എന്റെ ശാസ്ത്രീയ ബുദ്ധി ഞാൻ ഓൺ ചെയ്തു. അപ്പോഴാണ് കാര്യം പിടികിട്ടിയത്. സൂര്യാഘാതമേറ്റ് മേൽ ശരീരത്തിലെ തൊലിയെല്ലാം ഇളകാൻ തുടങ്ങിയിരുന്നു. അങ്ങനെയിരിക്കവേയാണ് ഞാൻ ഓടാൻ പോയത്. ഓടിയപ്പോൾ നല്ലോണം വിയർത്തു. വിയർപ്പുകൾ പൊട്ടിയത്, പുതുതായുണ്ടായ തൊലിയിൽ നിന്നാണ്. ആ തൊലിക്ക് മേലെയാണ് പഴയ തൊലി കിടന്നത്. പുറത്തേക്ക് വന്ന വിയർപ്പ്, പഴയ തൊലിയുണ്ടാക്കിയ ചില പോക്കറ്റുകളിൽ കുടുങ്ങിപ്പോയതാണ്!
ഭാഗ്യം! ചിക്കൻപോക്സല്ല!! ഇനി ഈ കഥ പറഞ്ഞതിന്റെ പേരിൽ, കെട്ട്യോള് മാറിക്കിടക്കൂല്ലല്ലോ. കുളിച്ചപ്പോൾ കുറച്ച് തൊലി പറിഞ്ഞ് പോയെങ്കിലും, കുളിക്കുമ്പോൾ ഒഴിച്ച വെള്ളവും ചില തോൽ പോക്കറ്റുകളിൽ കിടന്ന് ഒളിച്ച് കളിച്ചത്, അത് ഞെക്കിക്കളയുന്ന വിനോദത്തിൽ എന്നെക്കൊണ്ടെത്തിച്ചു. തേവാരം കഴിഞ്ഞ്, നേരെ പോയി സഹധർമ്മിണിയോട് കാര്യം പറഞ്ഞപ്പോൾ, അവളൊറ്റ ഡയലോഗേ പറഞ്ഞുള്ളൂ... "ഇങ്ങനെയും ഒരു പൊട്ടൻ..." !
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ