തലക്കെട്ട് കണ്ടിട്ട് ലങ്കാദഹനത്തെക്കുറിച്ചാണ് പറയാൻ പോകുന്നത് എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്! പക്ഷേ പറഞ്ഞുവരുന്നത്, ഒറ്റക്കുള്ള നടപ്പിനെക്കുറിച്ചാണ്; അതും വൈകിയ വേളയിലെ രാത്രിയിലെ ഇരുട്ടത്ത്, പ്രത്യേകിച്ച്, ഇടിമിന്നലും ചാറ്റൽ മഴയുമുള്ളപ്പോൾ!
സംഭവം കഴിഞ്ഞ ചൊവാഴ്ച്ച രാത്രിയാണ് നടന്നത്. സമയം ഏകദേശം ഒമ്പതര ആയിക്കാണും. മനുഷ്യനാകെ പ്രാന്ത് ക്ഷീണിച്ച് പിടിച്ച് നിൽക്കുകയാണ്; അതും ചാറ്റൽ മഴയും കൊണ്ട് സ്വന്തം പച്ചക്കറിത്തോട്ടത്തിൽ. സ്വതവേ പ്രാന്തുള്ളവന്, കഷ്ടപ്പെട്ട് പരിപാലനലാളനാമൃതം പുരട്ടി സംരക്ഷിക്കാൻ ശ്രമിക്കുന്ന പച്ചക്കറിത്തോട്ടത്തിലെ, ആകാശം നോക്കി മുളച്ച് വളരാൻ തുടങ്ങുന്ന വിത്ത് നാമ്പുകൾ, കീടങ്ങൾ സ്ഥിരമായി ആക്രമിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടാൽ മുഴുപ്രാന്താകില്ലേ?
ആകപ്പാടെ അഞ്ചാറ് മാസമാണ് ഇവിടെ കൃഷി ചെയ്യാൻ സാധിക്കുന്നത്. ജൂൺ പകുതി ആകുന്നതിന് മുന്നേയെങ്കിലും വിത്തുകളൊക്കെ മുളച്ച് പൊങ്ങിയില്ലെങ്കിൽ, പിന്നെ കാര്യമില്ല. അത്തരം ഇറുകിയ സമയച്ചട്ടക്കൂട്ടിനിടയിലാണ് അവന്റെ ആക്രമണം, കീടാക്രമണം! എന്റെ വെണ്ടയുടെയും ബീൻസിന്റെയും കുഞ്ഞ് തൈകൾ മുഴുവൻ തുരപ്പൻ ഒച്ചുകൾ ദിവസേന തിന്ന് നശിപ്പിക്കാൻ തുടങ്ങി.
സ്വന്തം വയറ്റിലേക്ക് പോകേണ്ടത് കൊണ്ട്, സ്വന്തമായുണ്ടാക്കിയ ജൈവിക കീടനാശിനികൾ തളിച്ചിട്ടും ഉപ്പ് വിതറിയിട്ടും, നിത്യേന, പുതിയ പുതിയ ഒച്ചുകൾ, അവരുടെ അയൽക്കാരെപ്പോലും കൂട്ടിവന്ന്, ഇലകൾ മാത്രമല്ല നാമ്പുകളുടെ തണ്ട് പോലും ബാക്കി വെക്കാത്ത അവസ്ഥ!
ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റാതെ, അതുവരെ ഗാന്ധിജിയുടെ കൂടെ അഹിംസാ സിദ്ധാന്തത്തിൽ ഉറച്ച് നിന്ന ഞാൻ, പതുക്കെ സുഭാഷ് ച ന്ദ്രബോസിന്റെ കൂടാരത്തിലേക്ക് കൂട് മാറി. അവറ്റകളെപ്പിടിച്ച് കൊല്ലാൻ തന്നെ തീരുമാനിച്ചു.
അങ്ങനെ എല്ലാദിവസവും, വൈകുന്നേരം എട്ടേമുക്കാലിന് ഇരുട്ടാവുന്നതോട് കൂടി, ഒരു കുന്തവും ഫ്‌ളാഷ്‌ലൈറ്റുമായി യുദ്ധത്തിനൊരുങ്ങി പച്ചക്കറിത്തോട്ടത്തിലെ പടക്കളത്തിൽ സ്ഥിരമായി ഞാൻ അങ്കത്തിനിറങ്ങിത്തുടങ്ങി. ആദ്യദിനം ഗംഭീര കൊയ്ത്തായിരുന്നു. ഏകദേശം എഴുപതോളം ഒച്ചുകളെ പിടിച്ച് കുന്തത്തിൽ കോർത്ത്, മണ്ണിലിട്ട് അരച്ച് കൊന്നു (വന്യജീവി സംരക്ഷണക്കാർ ചോദ്യം ചെയ്യാൻ വരുമോ ആവോ). വല്ല നാഗാലാന്റിലോ മറ്റോ ആയിരുന്നു എന്റെ ജനനമെങ്കിൽ, രണ്ട് പെഗ്ഗുമടിച്ച് മൃഷ്ടാന്നമായി ഒച്ച് ഫ്രൈയും കഴിച്ച് കുറച്ച് ദിവസങ്ങൾ ആഘോഷിക്കാമായിരുന്നു.
ആദ്യ ദിനം തന്നെ കുറേ പടയാളികൾ നഷ്ടപ്പെട്ട് പേടിച്ച് പോയത് കൊണ്ടാവണം, പിന്നെപ്പിന്നെയുള്ള യുദ്ധങ്ങളിൽ ഒച്ച് പടയാളികളുടെ എണ്ണം കുറഞ്ഞു വന്നു. നാലഞ്ച് ദിവസത്തെ യുദ്ധത്തിന് ശേഷവും ധൈര്യശാലികളായ പത്തോളം ഒച്ചുകൾ സ്ഥിരമായി യുദ്ധത്തിന് വന്നിരുന്നെങ്കിലും അവറ്റകളെ കണ്ടുപിടിക്കണമെങ്കിൽ ഓരോ ചെടിയുടെ മേലും ചുറ്റുവട്ടത്തും പരിശോധന ആവശ്യമായിരുന്നു. കുനിഞ്ഞിരുന്നു കൊണ്ട്, ഒരു മണിക്കൂറോളം നീളുന്ന ആ പരിശോധന കഴിയുമ്പഴേക്കും മനുഷ്യന്റെ നടുവും പള്ളയും കോച്ചുവാതം വന്നത് പോലെ വേദനിക്കാൻ തുടങ്ങും. അങ്ങനെ, ചാറ്റൽ മഴയും, ഇടിമിന്നലും ഘോഷം കൂട്ടിയ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി, ഒച്ചുകളെയും കാലപുരിക്കയച്ച്, കോച്ചുവാതം പിടിച്ച്, പള്ള വേദനിച്ച് പ്രാന്തെടുത്തിരിക്കുമ്പോഴായിരുന്നു ഒന്ന് നടക്കാൻ പോയാലോ എന്ന പൂതി മനസ്സിൽ കേറിയത്.
പൂതി വന്നാൽ, പൊതി കാണിച്ചാലും നമ്മൾ നിൽക്കില്ല. കെട്ടിയോളുടെ ജല്പനങ്ങൾ അവഗണിച്ച്, ഒമ്പതരക്ക് നടക്കാനിറങ്ങി. വട്ട് മൂക്കുമ്പോൾ അങ്ങനെ രാത്രി നടക്കാറുള്ളതാണ്. വീടിന്റെ പരിസരത്തൊക്കെയുള്ള ട്രെയിലുകളിലൂടെയാണ് നടത്തം. സ്വന്തം പരിസരം തന്നെയാണെങ്കിലും, ചില ഭാഗങ്ങൾ, ഉൾക്കാട്ടിലൂടെയുള്ള നടത്തം പോലെ തോന്നിക്കും. ഒരൊറ്റ മനുഷ്യനും ആ പരിസരത്ത് ഉണ്ടാവില്ല. ഉച്ചത്തിൽ പാട്ട് പാടിയാലും പ്രഭാഷണങ്ങൾ നടത്തിയാലും ആരും കേൾക്കില്ല. രാജാവിന്റെ മുയൽച്ചെവിയെക്കുറിച്ച് പോലും ധൈര്യത്തോടെ കൂക്കിവിളിച്ച് പറയാം.
ഏകദേശം ഒരു മണിക്കൂറോളം നടത്തമുണ്ട്. അങ്ങനെ നടന്ന് നടന്ന്, മനസ്സിലെ കാല്പനികതകൾക്ക് എന്റെ ഭാവനക്കനുസരിച്ച് ഗദ്യത്തിലും പദ്യത്തിലും ശബ്ദവിന്യാസങ്ങൾ നൽകി, ഘനീഭവിച്ച് കൂടിയിരുന്ന പ്രാന്ത് ഏകദേശം കുറഞ്ഞ് വന്ന്, വീടിനടുത്തെത്തും മുന്നേയുള്ള, വനാന്തര പാത പോലെയുള്ള ട്രെയിലിലൂടെ നടത്തം തുടരുകയാണ്. പതിനഞ്ച് മിനിറ്റിനകം വീട്ടിലെത്താം. കാർമേഘം മൂടി, ചാറ്റൽ മഴയുള്ള കാലാവസ്ഥയിൽ, നിലാവെളിച്ചം തീരെയില്ലായിരുന്നു. പക്ഷേ, ഓരോ പത്ത് സെക്കന്റിലും മിന്നൽപ്പിണറുകൾ എനിക്ക് വേണ്ട വെളിച്ചം തന്നുകൊണ്ടേയിരുന്നു. വസ്ത്രങ്ങളെല്ലാം നനഞ്ഞ്, കാറ്റും കൊണ്ടുള്ള ആ നടത്തത്തിന് പ്രത്യക സുഖമുണ്ടായിരുന്നു.
രണ്ട് മൂന്ന് അരുവികൾ ട്രെയിലിന് അടിയിലൂടെ പോകുന്ന സ്ഥലത്തിനടുത്തൂടെ നടക്കുമ്പോൾ, അരുവികളുടെ കളകളനാദം എന്റെ പ്രാന്തൻ പാട്ടുകൾക്ക് താളമേകി. ഏകദേശം രാത്രി പത്ത് മണിയായിക്കാണണം. ആ താളത്തിൽ മയങ്ങി നനഞ്ഞ മുഖം രണ്ട് കൈപ്പത്തികൾ കൊണ്ടും തുടക്കുമ്പോഴാണ്, അപ്പോൾ മിന്നിയ മിന്നലാട്ടത്തിൽ ഞാനാ കാഴ്‌ച കാണുന്നത്.
താഴെ മുഴുക്കറപ്പും മുകളിൽ വെള്ളനിറവുമുള്ള, സാമാന്യം വലുപ്പമുള്ള ഒരു ജീവി എന്റെ വലത് ഭാഗത്തുള്ള കാട്ടിൽ നിന്നും, ഇടത് ഭാർഗത്തേക്കുള്ള കാട്ടിലെ അരുവിക്കരയിലേക്ക്, സാമാന്യം വീതിയുള്ള നടപ്പാത മുറിച്ച് കടക്കുകയാണ്. ഞാനൊന്ന് അറച്ച് നിന്നെങ്കിലും പതുക്കെ മുന്നോട്ടേക്ക് തന്നെ നടന്നു. ആ ജീവിയെ ഓടിക്കാനായി എന്റെ ആക്രോശങ്ങൾ അവിടമാകെ മുഖരിതമായി.
ഇടക്കിടക്കുള്ള മിന്നൽ വെളിച്ചത്തിൽ, ആ ജീവിയുടെ നടത്തം വളരെ സാവധാനമാണെന്ന് എനിക്ക് മനസ്സിലായി. എന്റെ ആക്രോശങ്ങൾക്ക് പുല്ലുവില കല്പിച്ചായിരുന്നു, 'S' പോലെ വാലും പൊക്കിപ്പിടിച്ചുള്ള അതിന്റെ മുറിച്ച് കടക്കൽ. മിന്നലിൽ അതിന്റെ വാൽ വിറക്കുന്നത് എനിക്ക് കാണാം. പണ്ട്, എന്റെ വീട്ടിലെ ചൊക്രുപ്പൂച്ച, വാൽ പൊക്കി വിറപ്പിച്ച് മൂത്രമൊഴിക്കുന്നത് എനിക്കോർമ്മ വന്നു. ഈ ഭീകരനും മൂത്രമൊഴിക്കുകയായിരിക്കുമോ? ഏയ്... ഈ പെരുവഴിയിൽ ആരെങ്കിലും മൂത്രമൊഴിക്കുമോ?
ഞാൻ വീണ്ടും ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു. എന്നിട്ടും അതിനൊരു ഭാവഭേദവുമില്ല. മിന്നൽ ഇല്ലാത്തപ്പോൾ, അതിന്റെ മുകളിലെ വെള്ള വര മാത്രം തെളിഞ്ഞ് കാണാം. എന്ത് ജീവിയാണെന്നൊന്നും എനിക്ക് ആദ്യം മനസ്സിലായില്ല. അത് പതുക്കെ നടന്ന് ഇടത് വശത്തെത്തുമ്പഴേക്കും, ഞാൻ അത് കടന്ന് പോയ പാത മുറിച്ച് കടന്നിരുന്നു. അപ്പോഴാണ് ഞാനാകപ്പാടെ ഒരുതരം കൺഫ്യൂഷനിലായത്. എന്റെ മുഖത്തും കണ്ണുകളിലും ഒരു തരം നീറ്റൽ അനുഭവപ്പെട്ടു. മിന്നൽ വെളിച്ചത്തിൽ പരിസരമാകെ വല കെട്ടിയത് പോലെ തോന്നിച്ചു. പോരാഞ്ഞതിന് അസഹനീയമായ മണവും. എന്താണ് സംഭവിക്കുന്നത്? വേറാരെങ്കിലും എന്തെങ്കിലും 'സ്പ്രേ' അടിച്ചതാണോ എന്ന സംശയം തീർക്കാൻ ചുറ്റിലും നോക്കിയെങ്കിലും ആരെയും കണ്ടില്ല.
ആ മണം തട്ടിയപ്പോഴാണ് എന്റെ പ്രായോഗിക ചിന്തകൾ വീണ്ടും ഉണരാൻ തുടങ്ങിയത്. സ്കങ്ക്(skunk) എന്ന അമേരിക്കൻ ജീവിയെക്കുറിച്ച് ഞാൻ കേട്ടിരുന്നു. ഉടനെ മനസ്സിൽ സൂക്ഷിച്ച് വച്ച ചിത്രമെടുത്ത് പരിശോധിച്ച് നോക്കി. വളരെയധികം സാമ്യം. എന്റെ പരിസരത്തെങ്ങും സ്കങ്ക് ഉള്ളതായി എനിക്കൊരറിവും ഉണ്ടായിരുന്നില്ല. കുറച്ച് നേരം ഞാൻ അവിടെത്തന്നെ നിന്നു. എന്റെ നനഞ്ഞ കൈകളും കാലുകളും ഷർട്ടും ഷോർട്സും എല്ലാം ഭീകരമായി മണക്കുന്നു.
മഴ വീഴുന്നതിനാൽ ഇടയ്ക്കിടെ മുഖം തുടക്കാൻ വെള്ളം കിട്ടുന്നുണ്ടായിരുന്നു. മിന്നലിന്റെ അരണ്ട വെളിച്ചത്തിൽ, അടുത്തുള്ള അരുവിയിൽ ഇറങ്ങി കുറച്ച് വെള്ളമെടുത്ത് കണ്ണുകൾ കഴുകി. കണ്ണുകൾ തുറന്ന് പിടിച്ച് കൊണ്ട്, മുന്നോട്ടേക്ക് എനിക്കിനിയും പോകേണ്ടതുണ്ടല്ലോ!
കണ്ണുകൾ കഴുകിയപ്പോൾ ഇത്തിരി സമാധാനം തോന്നി. പാത മുറിച്ച് കടന്നതിന് ശേഷം അവന്റെ പൊടി പോലും പിന്നെ കണ്ടില്ല. അവിടെ ഭീകരമായി മണക്കുന്നത് കൊണ്ട്, വീണ്ടും പതുക്കെ മുന്നോട്ടേക്ക് നടന്നു. നടന്നത് സ്കങ്കാക്രമണം തന്നെയാണെന്ന് മനസ്സിലുറപ്പിച്ചു. എന്റെ വീടിനടുത്തുള്ള കാട്ടിലും അവനുണ്ട് തീർച്ച.
പൊക്കിയ വാൽ വിറപ്പിച്ചു കൊണ്ടുള്ള അവന്റെ പതുങ്ങിയുള്ള നടത്തത്തിന്റെ പൊരുൾ അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവിചാരിതമായി, എന്നെ വഴിയിൽ കണ്ട കലിപ്പിൽ, ആ പതുങ്ങിയുള്ള നടപ്പിൽ, അവൻ, അവന്റെ നിതംബപേശികൾ ചലിപ്പിച്ച്, അവന്റെ മൂത്രടാങ്ക് സ്പ്രേ രൂപത്തിൽ ശക്തിയിൽ തുറന്ന് വിട്ട്, അവിടമാകെ അവന് വേണ്ടി ഒരു സുരക്ഷാവലയം തീർക്കുകയായിരുന്നു. അതിന്റെ കൂടെ എന്നെ തുരത്തി ഓടിക്കുകയും ചെയ്യാം. എത്ര ശ്രമിച്ചാലും, അതുപോലെ തിരിച്ചൊരു ആക്രമണത്തിന് എനിക്കാവില്ലല്ലോ!
കുറച്ച് നേരം മണത്ത് നടന്നപ്പഴേക്കും ആ മണവുമായി ഞാൻ താദാത്മ്യം പ്രാപിച്ചിരുന്നു. തിരിച്ച് വീട്ടിൽ കയറുമ്പഴേക്കും ഒരു ഫോൺകാൾ വന്നു. സീരിയസ്സായി എന്തോ സംസാരിക്കുന്നതിനിടയിൽ ഒന്ന് രണ്ട് മിനുട്ടുകളെങ്കിലും ഈ പുതിയ സംഭവവികാസത്തെക്കുറിച്ച് ഞാൻ മറന്നുപോയി. ആ മറവിയിൽ, നേരെ വന്ന് ഫാമിലിമുറിയിലെ സോഫായിലിരുന്ന് സംസാരം തുടർന്നു.
പിന്നെ ഞാൻ ഞെട്ടിയത് 'എന്താ മണക്കുന്നത്', 'ഈ മണം എവിടുന്നാ വരുന്നത്..', 'മഹ്‌റും... മഹ്‌റും.. മഹ്‌റും...' എന്നൊക്കെപ്പറഞ്ഞ് മൂക്കും ചീറ്റിക്കൊണ്ട് എന്റെ വാമഭാഗം ഒച്ചവെച്ചപ്പോഴാണ്. കൂടെ അവൾക്ക് ഐക്യദാർഡ്ഡ്യം പ്രഖ്യാപിച്ചു കൊണ്ട് മക്കളും! എന്റെ ജോലിയുമായി ബന്ധപ്പെട്ട ഫോൺ സംസാരത്തെക്കാളും സീരിയസ്സ് ആണ് ഭാര്യയും മക്കളും ഉന്നയിച്ച വിഷയമെന്ന് മനസ്സിലാക്കിയ ഞാൻ ഫോൺ ഉടനെ ഡിസ്കണക്ട് ചെയ്തു.
അപ്പഴേക്കും ഞാൻ വീണ്ടും സ്കങ്ക് പുരാണത്തിൽ തിരിച്ചെത്തിയിരുന്നു. നടന്ന കഥ ചുരുക്കി അവിടെ വിശദീകരിച്ചപ്പോൾ, 'പറഞ്ഞത് കേക്കാതെ ഇരുട്ടത്ത് മഴയും കൊണ്ട് നടന്ന നിങ്ങൾക്ക് ഇതും കിട്ടും ഇതിലപ്പുറോം കിട്ടും' എന്നും പറഞ്ഞ് നാക്ക് കൊണ്ട് എന്നെ അടിച്ച് കിടത്താനായി ശ്രമം. സ്കങ്കാക്രമണത്താൽ നാക്ക് കുഴഞ്ഞ് പോയ ഞാൻ അധികം സംസാരിക്കാൻ തുനിഞ്ഞില്ല. പതുക്കെ ഞാനവിടെ നിന്ന് എഴുന്നേറ്റു. വാമഭാഗം ഉടനെ വന്ന് ഞാൻ ഇരുന്ന സോഫാ മണപ്പിച്ചു. അടുത്തിരുന്ന കസേരയിൽ പിടിച്ചതിനാൽ അവൾ ബോധം കെട്ട് വീണില്ലെന്ന് എനിക്ക് തോന്നി.
'പോയി കുളിക്ക്...' ഭാര്യയുടെ സ്വരത്തിൽ ആജ്ഞാപനത്തിന്റെ ശൈലികൾ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. കുളിക്കാൻ പോകുന്നതിനിടയിൽ അവൾ എന്നെയും മണപ്പിക്കാൻ ഒരു ശ്രമം നടത്തി. ഞാനവളെ തടഞ്ഞു. എന്നിട്ടും അവൾ എന്നെ മണത്തു. പിന്നെ ആകപ്പാടെ ഒരു ബഹളമായിരുന്നു.
കൊറോണാ സമയത്ത്, പാക്കറ്റുകളും ബോക്സുകളും മറ്റും അണുവിമുക്തമാക്കാനും ഉറുമ്പുകൾക്കെതിരെ ഉപയോഗിക്കാനും വാങ്ങിയ ഡിസിൻഫെക്ട് സ്പ്രേയെടുത്ത്, ഉറുമിയെടുത്ത് വീശുന്നത് പോലെ, വീട്ടിലെ അടച്ചിട്ട അന്തരീക്ഷവായുവിലും സോഫായിലും അവൾ ആഞ്ഞുവീശി. അവളും കുട്ടികളും ശർദ്ദിക്കുമോ എന്ന് ഞാൻ ഭയന്നു. കുട്ടികൾ അതിനിടയിൽ റൂം ഫ്രഷ്‌നറും സ്പ്രേ ചെയ്തു. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയും ചെർണോബിലിലെ ആണവനിലയവും ഒരുമിച്ച് ലീക്കായത് പോലെ എനിക്ക് തോന്നി.
അവിടെ നിന്നും രക്ഷപ്പെടാൻ കുളിമുറിയിലേക്ക് ഞാനോടി. എന്റെ പിന്നാലെ സ്പ്രേയെടുത്ത് മറ്റുള്ളവരും. 'എവിടെയും തൊട്ടുപോകരുത്', 'ഈ കുപ്പായങ്ങളൊക്കെ വേറെത്തന്നെ ഡെറ്റോളിലിട്ട് അലക്കി മണം പോക്കണം', 'കുളിച്ചിട്ട് മണം പോയെന്നുറപ്പാക്കീട്ട് മാത്രം പുറത്തേക്ക് വന്നാമതി' എന്നൊക്കെയുള്ള ആക്രോശങ്ങൾ എന്നെ പിന്തുടർന്നു.
ഞാൻ കുളിമുറിയിലേക്ക് കടന്നു. കുളിമുറിക്കകത്തുള്ള ആര്യവേപ്പ് സോപ്പിന് പുറമേ, ഒരു പുതിയ ചന്ദ്രിക സോപ്പും മൈസൂർ സാൻഡൽ സോപ്പും കുളിമുറിയിലേക്ക് തൊട്ടുകൂടാത്തവനെപ്പോലെ അവൾ ഇട്ടു തന്നു. 'ഈ സോപ്പുകളെല്ലാം ഓരോ തവണയായി തേച്ചേക്കണം' അവളുടെ ഭാഷക്ക് ഗർജ്ജനത്തിന്റെ സ്വരം!
എന്ത് ചെയ്യാൻ! വസ്ത്രങ്ങളെല്ലാം അഴിച്ച് ഡെറ്റോളിലിട്ടും സോപ്പിലിട്ടും മൂന്നു നാല് തവണ കൈ കൊണ്ട് അലക്കി. ഒരു കാര്യവും ഇല്ല, സ്കങ്കിന്റെ മൂത്രമണം പോകുന്നില്ല! ഒടുവിൽ നനഞ്ഞ കുപ്പായങ്ങളെല്ലാം ഒരിടത്ത് ചുരുട്ടിക്കൂട്ടി,ഭാര്യ പറഞ്ഞത് പോലെ പലതരം സോപ്പുകളെടുത്ത് തേച്ച് തേവാരം തുടങ്ങി. കുളിച്ച് മടുത്തപ്പോൾ ഒരുവിധം പുറത്തിറങ്ങി.
കുളിമുറിയിൽ നിന്ന് പുറത്തിറങ്ങുമ്പഴേക്കും ഭാര്യ ഇൻസ്പെക്ഷന് വേണ്ടി വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു. എന്നെ അവൾ വീണ്ടും മണത്തു നോക്കി. 'ഇല്ല മണം പോയിട്ടില്ല', അവൾ പ്രഖ്യാപിച്ചു. കുളിമുറിയിൽ കയറി കുപ്പായങ്ങൾ അലക്കിയത് പരിശോധിച്ചു. അവൾക്ക് തീരെ തൃപ്തി വന്നില്ലെന്ന് മനസ്സിലായി. അതിന്റെ മേലെ ഡിസിൻഫെക്ട് സ്പ്രേയും ഫ്രഷ്‌നറും അടിച്ചു. 'നാളെ അത് വീണ്ടും അലക്കി, വെയിലത്ത് വച്ച് ഉണക്കണം', പിന്നെയും കുറെ നിർദ്ദേശങ്ങൾ വന്നു. ഞാൻ എല്ലാം കേട്ടു നിന്നു. സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു!
അന്ന് മുതൽ ഇന്നുവരെ അവളെന്റെ കൂടെ കിടന്നിട്ടില്ല. എനിക്ക് സ്കങ്കിന്റെ മണമാണത്രേ! ആ സ്കങ്ക് പറ്റിച്ച ഒരു പണി! അവൻ കുണ്ടി കുലുക്കി മൂത്രമൊഴിച്ചതിന്റെ പരിണിതഫലം മനുഷ്യൻ പിന്നീടാണ് അനുഭവിക്കുന്നത്. ഇനി വേറെ ഏതെങ്കിലും വഴിയിൽ സ്കങ്കിനെ കണ്ടുമുട്ടിയാൽ, ഒച്ചിനെ കൊല്ലാൻ ഉപയോഗിച്ച കുന്തം അവന്റെ അണ്ണാക്കിൽ കയറ്റീട്ടേ ബാക്കി കാര്യമുള്ളൂ !!
വാൽക്കഷ്ണം: വട്ടില്ലെങ്കിൽ രാത്രി, ഇരുട്ടത്ത് നടക്കാനിറങ്ങരുത്, പ്രത്യേകിച്ചും ചാറ്റൽ മഴയും ഇടിമിന്നലും ഉള്ളപ്പോൾ. അഥവാ അങ്ങനെ നടക്കുന്ന സമയത്ത് ഇതേപോലെ സ്കങ്കാക്രമണം ഉണ്ടായാൽ, മൂന്ന് നാല് ദിവസങ്ങൾ കഴിഞ്ഞാണെങ്കിലും, ആരും കാണാതെ എവിടെ നിന്നെങ്കിലും കുളിച്ച് മണം പോയിട്ട് മാത്രം വീട്ടിലേക്ക് കയറിയാൽ മതി. എങ്ങനെ അലക്കിയാലും തുണിയിലെ മണം, കുറച്ച് ദിവസങ്ങൾ നിൽക്കുമെന്നത് കൊണ്ട്, ആ വസ്ത്രം കളഞ്ഞേക്കുക. രാത്രിയിൽ നടന്നേ തീരൂ എന്നുണ്ടെങ്കിൽ, ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ ഒരു ജോഡി വസ്ത്രം അധികമായി കരുതുക!
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ