കോവിഡ് പ്രശ്നങ്ങൾ മൂലം വീട്ടിലിരിപ്പ് തുടങ്ങിയിട്ട് മാസങ്ങൾ പതിനഞ്ച് കഴിഞ്ഞിരിക്കുന്നു. വീട്ടിലിരുന്നാലും, വട്ടൻ ചിന്തകളുടെ സഹായത്താൽ സമയം കളയാനറിയാവുന്നത് കൊണ്ട്, എന്നെ സംബന്ധിച്ചടുത്തോളം, കോവിഡ് ഒരുതരത്തിലുള്ള മടുപ്പും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. പക്ഷേ സഹധർമ്മിണിയുടെയും കുട്ടികളുടെയും കാര്യങ്ങൾ അങ്ങനെയല്ലല്ലോ. അവരൊക്കെ മനുഷ്യഗണമായത് കൊണ്ട്, കുറേക്കാലമായി അവർക്കൊക്കെ ഒരു തരം മടുപ്പാണ്. എവിടെയെങ്കിലും ഒരു യാത്ര പോയി, ഒന്ന് relax ചെയ്യണം - ഇതായിരുന്നു കുറച്ച് കാലങ്ങളായിട്ട് വീട്ടിൽ നിന്ന് രാവിലെ മുതൽ ഉയരുന്ന പല്ലവി.
ഇതേ സമയത്ത്, ഇതേ പല്ലവി തന്നെ, നമ്മൾ സ്ഥിരമായി കൂടിച്ചേരാറുണ്ടായിരുന്ന കൂട്ടുകാരുടെ വീട്ടിൽ നിന്നും ഉയരുന്നുണ്ടായിരുന്നു. എല്ലാ വീടുകളിലെയും പല്ലവികൾ കൂടിച്ചേർന്നപ്പോൾ, അതിന് മുദ്രാവാക്യങ്ങളുടെ ഈണങ്ങൾ വരുന്നത്, വീടുകളിൽ സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനികളിലൂടെ ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് കാരണം, പല്ലവികൾക്ക്, അനുപല്ലവികൾ കൂട്ടിച്ചേർത്ത് പ്രശ്നം പരിഹരിക്കാൻ തന്നെ കുടുംബത്തലവന്മാരെന്ന് വിളിപ്പേര് മാത്രമുള്ള ആൺ പ്രജകൾ തീരുമാനിച്ചു.
ഞങ്ങളുടെ കൂട്ടത്തിലുള്ള സ്ഥിരം ടൂർ മാനേജർ, വെസ്റ്റ് വിർജീനിയയിലുള്ള 'ത്രീ ഒട്ടർസ്' എന്ന പേരിലറിയപ്പെടുന്ന, പോട്ടോമാക് നദീതീരത്തെ വിശാലമായ കാബിൻ സ്‌പേസ് ബുക്ക് ചെയ്തു. കാര്യമായി മനുഷ്യവാസം ഇല്ലാത്ത സ്ഥലമായതിനാൽ, കോവിഡ് കാലത്ത്, സമ്പർക്ക വിഷയങ്ങളൊന്നും ഉണ്ടാവില്ലെന്നത് ഒരാശ്വാസമായിരുന്നു. കൂടാതെ, ട്രെക്കിങ്ങ്, കയാക്കിങ്, ട്യൂബിങ് എന്നിവയൊക്കെ ചെയ്യാം.
അങ്ങനെ, കഴിഞ്ഞ ആഴ്ചയിലെ ലോങ്ങ് വാരാന്ത്യത്തിന്റെ തുടക്കത്തിൽ, ഞങ്ങൾ അഞ്ചാറ് കുടുംബങ്ങൾ ത്രീ ഒട്ടർസിലേക്ക് പുറപ്പെട്ടു. പുറപ്പെട്ടത് മുതൽ തോരാത്ത മഴ. വെസ്റ്റ് വിർജീനിയ എത്തി മലകയറാൻ തുടങ്ങുമ്പഴേക്കും കണ്ണ് പോലും കാണാൻ പറ്റാത്ത അവസ്ഥ. യാത്ര യുടെ അവസാനഘട്ടമെത്തിയപ്പോൾ, ടാർ റോഡുകൾ, നമ്മുടെ നാട്ടിലേതിനേക്കാളും പരിതാപകരമായ പാതാളക്കുഴികളുള്ള, ചെളിക്കുളങ്ങളുള്ള, തേങ്ങായോളം വലുപ്പമുള്ള കല്ലുകൾ നിറഞ്ഞ വെറും ഗ്രാവൽ റോഡുകളായി മാറി. യാത്രക്ക് ഒച്ചിന്റെ വേഗത മാത്രം. ഇടക്ക് വഴി തെറ്റിയപ്പോൾ ഒരു ഊഹം വച്ച്, ഇല്ലാത്ത കാട്ടുവഴികളിലൂടെയൊക്കെ വണ്ടിയോടിച്ച് ലക്ഷ്യ സ്ഥാനത്തെത്തുമ്പഴേക്കും, ഞങ്ങളോടിച്ചിരുന്ന വണ്ടികളെല്ലാം ചെളിക്കണ്ടത്തിൽ ജെല്ലിക്കെട്ടിനിറങ്ങിയ കാളയെപ്പോലെ ഗംഭീരമായ ചെളിയഭിഷേകത്തിന് വിധേയമായിരുന്നു.
മുദ്രാവാക്യ രാഗപല്ലവികൾ ആവർത്തിക്കാതിരിക്കാൻ, അവിടെയുണ്ടായിരുന്ന മൂന്ന് ദിവസങ്ങളും, സ്ത്രീകളെ അടുക്കളയിൽ കയറ്റാതിരിക്കാൻ ഞങ്ങൾ ആവുന്നതും ശ്രമിച്ചത്, കുറച്ചൊക്കെ വിജയിച്ചെന്ന് പറയാം. മൂന്ന് ദിവസങ്ങളും നെറ്റ്‌വർക്ക് ഇല്ലാത്തത് കാരണം മൊബൈലുകൾക്ക് വിശ്രമം കിട്ടുമെന്ന് വിശ്വസിച്ചെങ്കിലും, തുടരെയുള്ള ഫോട്ടോയെടുപ്പ് കാരണം, മൊബൈലുകൾ പലതും ഫോട്ടോകൾ ശർദ്ദിച്ച് കുഴഞ്ഞു വീണു.
കുട്ടികളോട് തർക്കം കൂടിയുള്ള സോക്കർ കളികളും, വിഭവസമൃദ്ധമായ ഗ്രില്ലിങ്ങും, ചിരിമാലകൾ തീർത്ത ഡംബ് ഷാറാഡ്സ് കളിയുമൊക്കെ മറ്റ് വിനോദ പരിപാടികൾക്കൊപ്പം ഇടം പിടിച്ചു. മൂന്ന് ദിവസത്തിനിടയിൽ നൂറോളം കോഴിമുട്ടകൾ, ഓംലെറ്റുകളുടെ രൂപത്തിൽ എല്ലാവരുടെയും വയറ്റിലേക്കിറങ്ങിയത് മുട്ടയിടാസമരത്തിന് കോഴികളെ പ്രേരിപ്പിച്ചേക്കുമോ എന്ന് പോലും ഞങ്ങൾ ഭയന്നു.
മുട്ടകളോട് ഓരോരുത്തരും കാണിച്ച ആർത്തി കണ്ടാൽ കോഴികൾ വാവിട്ട് കരഞ്ഞുപോകും! ആ നൂറോളം മുട്ടത്തോടുകൾ പോലും ഞങ്ങൾ കളഞ്ഞില്ലെന്നതാണ് ഹൈലൈറ്റ്. ഇടിച്ച് പൊടിച്ച് കറിവേപ്പിലക്ക് വളമായി ഇടാനാണെന്നും പറഞ്ഞ്, ഞങ്ങളുടെ കൂട്ടത്തിലുള്ളൊരു നാരീമണി, ആ മുട്ടത്തോടുകൾ മുഴുവനും കാറിന്റെ പുറത്ത് കെട്ടിവച്ചു, വീട്ടിലേക്ക് കൊണ്ടുപോകാൻ!!
ആഘോഷങ്ങൾക്കൊടുവിൽ, വീണ്ടും ചെളിക്കണ്ടങ്ങൾ താണ്ടി വീട്ടിലെത്തുമ്പഴേക്കും, ഇനി കുളിച്ച് മാത്രമേ വീണ്ടും വെളിയിലിറങ്ങൂ എന്ന വാശിയിലായിരുന്നു എന്റെ കാർ. ആ വാശിപ്പുറത്ത്, വണ്ടിയുമെടുത്ത് നേരെ കാർവാഷിലേക്ക് കുതിച്ചു. ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്യാൻ വിൻഡ്ഷീൽഡ് താഴ്ത്തി. കാർഡ് ഉള്ളിൽ കടത്തി, പ്രീമിയം വാഷ് തന്നെ സെലക്ട് ചെയ്തു. പതിനഞ്ച് ഡോളർ. ബില്ല് വേണ്ട എന്ന് വച്ചു. 'Slowly move ahead' എന്ന സന്ദേശം മുന്നിൽ കണ്ട ഉടനെ വണ്ടി പതുക്കെ മുന്നോട്ടെടുത്തു. വണ്ടിയുടെ താഴെക്കൂടി വെള്ളം ചീറ്റുന്ന ശബ്ദം കേൾക്കാമായിരുന്നു. 'Stop' എന്ന സന്ദേശം മുന്നിൽ തെളിഞ്ഞ ഉടനെ വണ്ടി നിറുത്തി. മുന്നിൽ നിന്ന് രണ്ട് ഭാഗത്തും കൂടെ കുത്തനെയുള്ള ബ്രഷുകൾ കറങ്ങാൻ തുടങ്ങി. അതിനിടയിൽ വണ്ടിയുടെ വശങ്ങളിൽ കൂടെയും മുകളിൽ കൂടെയും മഞ്ഞയും വയലറ്റും പച്ചയും നിറങ്ങളിൽ പത തുപ്പിക്കൊണ്ട് എന്തോ വരുന്നത് ഞാൻ കണ്ടു. ആ പത തുപ്പിവരുന്നത് ഞാൻ ശരിക്കും കാണുന്നതിന് മുന്നേ തന്നെ, സോപ്പ് കുളത്തിൽ വീണത് പോലെ സോപ്പ് പതയാൽ ഞാൻ കുളിച്ചിരുന്നു; കൂടെ ഞാനിരുന്ന സീറ്റും. എന്റെ വശത്തെ വാതിലിനുൾവശവും സ്റ്റീയറിങ്ങും അതിനുമുന്നിലെ ഡാഷ് ബോർഡും മഴവില്ല് പോലെ അലംകൃതമായി.
എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിമിഷത്തേക്കെങ്കിലും പകച്ചുപോയ എനിക്ക് ആദ്യം കാര്യം പിടി കിട്ടിയില്ല. ബേജാറ് കൂടിയതിനാൽ എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചും വകതിരിവില്ലാതെ നിൽക്കുന്ന സമയത്താണ് പിന്നോട്ട് സോപ്പ് തുപ്പിക്കൊണ്ട് പോയ സാധനം, തിരിച്ച് പഴയ സ്ഥാനത്തേക്ക് പോകുന്ന പോക്കിലും വീണ്ടും സോപ്പ് തുപ്പിയത്. അപ്പഴേക്കും കാര്യങ്ങൾ മനസ്സിലായതിനാൽ, ഉടനെത്തന്നെ വിൻഡ്ഷീൽഡ് പൊക്കിയത് കൊണ്ട്, പിന്നീട് തുപ്പിയ സാധനങ്ങളൊന്നും ഉള്ളിൽ വീണില്ല!
വണ്ടിയിൽ തുടക്കാനുള്ള സാമഗ്രികളൊന്നും ഇല്ലാതിരുന്നത് കൊണ്ട്, ഇട്ടിരുന്ന T-shirt അഴിച്ച്, സ്വന്തം ശരീരവും വണ്ടിയുടെ ഉൾഭാഗവും തുടച്ചെങ്കിലും, തൊലിയിൽ നിറങ്ങളുടെ പൂക്കളങ്ങൾ അതേപടിതന്നെ കിടന്നു. എന്തായാലും, വണ്ടി കുളിച്ച് കുട്ടപ്പനായെങ്കിലും, ഒരു T-shirt നശിച്ചെങ്കിലും, എന്റെ ചർമ്മവിശാലതയിലെ നിറക്കളങ്ങൾ ഒരാഴ്ച തുടർച്ചയായി കുളിച്ചിട്ടും മാറിയിട്ടില്ല!! കോഴിശാപം തന്നെയായിരിക്കും കാരണം. അല്ലാതെ, കോഴികളെല്ലാം കൊക്കര കൂവിക്കരഞ്ഞ്,
ഒരുമിച്ച് എന്റെ വടിവൊത്ത ശരീരത്തിൽ തൂറിയത് പോലാകാൻ, മേല്പറഞ്ഞ കാരണമല്ലാതെ വേറെ നിമിത്തങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലോ !
***
നല്ല വിവരണം
മറുപടിഇല്ലാതാക്കൂ