2021, ജൂൺ 22, ചൊവ്വാഴ്ച

സ്ത്രീധനം


പണ്ട് മുംബൈയിൽ ഒരു സുഹൃത്ത് എന്നെ പ്രലോഭിപ്പിച്ചതാണ്... കമ്പ്യൂട്ടർ എഞ്ചിനീയർ ഒക്കെ ആയത് കൊണ്ട് കല്യാണച്ചന്തയിൽ എനിക്ക് നല്ല ഡിമാൻഡ് ഉണ്ടാവുമെന്ന് അവൻ ഓർമ്മിപ്പിച്ചതാണ്. ഒരു കാറും പത്തേക്കറ റബ്ബർ എസ്റ്റേറ്റും നൂറ്റമ്പത് പവനും കൂട്ടത്തിൽ ജീവനും ജോലിയുമുള്ള ഒരു പെണ്ണും ഈസിയായി കിട്ടുമെന്ന് അവൻ പറഞ്ഞപ്പോൾ എന്റെ കൈയ്യിലെ രോമങ്ങൾ എഴുന്നേറ്റ് നിന്നത് ഞാനേ കണ്ടുള്ളൂ. 

പെട്ടന്നാണ് ഓർത്തത്, പണ്ടാരം... എന്റെ സ്വദേശം കണ്ണൂരാണല്ലോ... പെണ്ണിന്റെ കൂടെ പൊന്നൊക്കെ കൊടുക്കുന്ന ഏർപ്പാടൊക്കെയുണ്ടെങ്കിലും കഷ്ടകാലത്തിന് സ്ത്രീധനം ചോദിച്ചുപോയാൽ, പെണ്ണിന് പകരം കല്ലേറാണല്ലോ കിട്ടുക എന്നാലോചിച്ചപ്പോൾ എഴുന്നേറ്റ രോമങ്ങൾ വീണ്ടും പതുക്കെ കൂമ്പി വാടി അമർന്നിരുന്നു. 

ഒടുവിൽ, പെണ്ണൊക്കെ കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷം, നാട്ടുകാരുടെ മുന്നിലും പെണ്ണിന്റെ മുന്നിലും മാന്യനാണെന്ന് അഭിനയിക്കാൻ വേണ്ടി, 'കല്യാണത്തിന് എന്റെ കഴുത്തിൽ പെണ്ണ് സ്വർണ്ണമാല ഇടേണ്ട' എന്നറിയിച്ചപ്പോൾ പെൺവീട്ടുകാർ ദേഷ്യത്തോടെ സടകുടഞ്ഞെഴുന്നേറ്റത് ആദ്യമൊന്ന് അമ്പരപ്പിച്ചെങ്കിലും ഉള്ളിൽ ആശ്വാസം പകർന്നിരുന്നു. കുറഞ്ഞത് അഞ്ച് പവന്റെ മാലയെങ്കിലും സ്വന്തം കഴുത്തിൽ വീഴുമല്ലോ. പക്ഷേ കല്യാണത്തിന് മാല കിട്ടുമെന്ന് വിചാരിച്ച് പോയ എനിക്ക് കിട്ടിയത് വെറും തുളസിമാല! കുറച്ച് പൊന്ന് കൈയ്യിലും കഴുത്തിലും കണ്ടെങ്കിലും മിഥ്യാഭിമാനം മൂത്തതിനാൽ, ആഗ്രഹമുണ്ടെങ്കിലും അതിനെ ഒരിക്കലും തിരിഞ്ഞു നോക്കാൻ സാധിച്ചിട്ടില്ല. ഒടുവിൽ നോക്കാൻ തന്നെ തീരുമാനിച്ചപ്പഴേക്കും അവൾ തന്നെ അത് വിറ്റ് സ്വന്തം പേരിൽ പറമ്പ് വാങ്ങിയിരിക്കുന്നു. തോന്ന്യാസം എന്നല്ലാതെ വേറെന്താ പറയുക!

കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ, എന്നെ പ്രലോഭിപ്പിച്ച സുഹൃത്തിന്റെ കല്യാണം കഴിഞ്ഞു. ഒരൊറ്റ ദിവസം കൊണ്ട് അവൻ കോടീശ്വരനായത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടു. വീണ്ടും മാർക്കറ്റിലിറങ്ങി കോടീശ്വരനാകാൻ ശ്രമിച്ചാലോ എന്ന്  ചിന്തിച്ചെങ്കിലും സദാചാരവാദികളെയോർത്ത് പേടിച്ച് മിണ്ടാതെയിരുന്നു. 

താമസിയാതെ തന്നെ, വേറൊരു സുഹൃത്തിന്റെ മനസ്സമ്മതത്തിന് പോയപ്പോൾ, പെണ്ണും ചെക്കനും കെട്ടിക്കോളാമെന്ന് സമ്മതം അറിയിച്ച ഉടൻ, പറഞ്ഞുറപ്പിച്ച പണം ഒരു പെട്ടിയിലാക്കി കാറിലേക്ക് കൊണ്ട് പോകുന്നത് വീണ്ടും എനിക്ക് ആർത്തിയോടെ കണ്ടുനിൽക്കേണ്ടി വന്നു. സ്വന്തം കണ്ണുനീര് മൂക്കിലൂടെ തൊണ്ടയിലേക്കിറങ്ങിപ്പോയി! 

കാലം കുറച്ച് കഴിഞ്ഞു. ഞാനും നേരത്തെ പറഞ്ഞ രണ്ട് സുഹൃത്തുക്കളും അമേരിക്കയിലെത്തി. എല്ലാവരുടെയും പ്രത്യുല്പാദനകാലഘട്ടം കഴിഞ്ഞപ്പോൾ, ആദ്യം പറഞ്ഞ സുഹൃത്തിന് കണ്ണ് നീര് അടക്കാൻ കഴിയുന്നില്ല. അവന് രണ്ടും പെണ്മക്കൾ !! പണ്ട് കെട്ടുമ്പോൾ വാങ്ങിച്ചതിന്റെ ഇരട്ടി, പണപ്പെരുപ്പം കൂടി കണക്കാക്കി കൊടുക്കേണ്ടിവരുമല്ലോ എന്നോർത്ത്, ഓരോ രാത്രിയിലും മധുവേന്തിയ ഗ്ളാസ്സുകൾ അവന്റെ ചുണ്ടിനോട് കൂട്ടിമുട്ടുകയാണ്! 

പക്ഷേ രണ്ടാമത്തെ സുഹൃത്തിന് ശുക്രദശ ആരംഭിക്കുകയായിരുന്നു. അവനുണ്ടായത് രണ്ട് ആൺമക്കൾ!! കൂടുതൽ കച്ചവടം നടത്തി കച്ചവടം വിപുലീകരിക്കുന്നതിന്,  ഇപ്പഴേ അവൻ പ്ലാനുണ്ടാക്കി കാണണം! 

പക്ഷേ ഞാനിപ്പോൾ ധർമ്മസങ്കടത്തിലാണ്. എനിക്കുണ്ടായത് രണ്ട് പെണ്മക്കളാണ്. എനിക്കോ ഒന്നും കിട്ടിയില്ല. ഇനിയൊട്ട് കിട്ടാനും പോകുന്നില്ല. പകരം, ഭാവിയിൽ കടം വാങ്ങി കൊടുക്കേണ്ടിവരുമോ എന്ന ചിന്ത എനിക്കില്ലാതില്ല. 'കല്യാണത്തിനല്ല, അടിമത്തമില്ലാത്ത സന്തോഷത്തിനാണ് ജീവിതത്തിൽ പ്രാധാന്യം കൊടുക്കേണ്ടത്' എന്ന തത്വചിന്ത ഇപ്പഴേ മക്കളെ പഠിപ്പിച്ചാണ് സമാധാനം കണ്ടെത്താൻ ശ്രമിക്കുന്നത്. സമാധാനം കിട്ടിയില്ലെങ്കിലും കൈയ്യിലുള്ള പണം പോകാതിരുന്നാൽ മതിയായിരുന്നു !! നാടും സമൂഹവും നന്നായിട്ട് നമുക്കെന്ത് കാര്യം?

***

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ