സ്വയം

എന്നെക്കുറിച്ച് എന്താണ് പറയുക... എങ്ങനെയാണ് തുടങ്ങുക.. ഒരു പിടിയും ഇല്ല.... എന്നാലും എങ്ങനെയെങ്കിലും ഒരു തുടക്കം കുറിക്കാം.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനും തലശ്ശേരിക്കും ഇടയിലുള്ള എരുവട്ടി എന്ന ഗ്രാമത്തിലാണ് എന്റെ ആരൂഡ്ഡം. ബാല്യമൊക്കെ ഒട്ടും  ശോഭനമായിരുന്നില്ല.. രോഗപീഡകളും മറ്റു പല പ്രശ്നങ്ങളും നമ്മുടെ കുടുംബത്തെ അലട്ടിയിരുന്നു. പത്താം തരം വരെ പഠിക്കാൻ മോശമല്ലായിരുന്നെങ്കിലും പിന്നീട് പഠന കാര്യങ്ങൾ താഴോട്ടു പോയി.

ബാല്യം ശോഭനമല്ലായിരുന്നു എന്ന് പറഞ്ഞെങ്കിലും, ഒരു വശത്ത്‌ ജീവിതത്തിനു ഒരു സുഖം ഉണ്ടായിരുന്നു.  പക്ഷേ ആ സുഖത്തിനെപ്പറ്റി ഞാൻ ബോധവാനാകുന്നത് ഞാൻ നാട് വിട്ടപ്പോഴാണ് - എന്റെ സുന്ദരമായ ഗ്രാമത്തെയും പശുക്കളും ആടുകളും കോഴികളും മറ്റ് നാടൻ പക്ഷിമൃഗാദികളും  ഒക്കെ നിറഞ്ഞ എന്റെ വിശാലമായ തൊടിയെയും വിട്ട് മുംബൈ എന്ന നഗരത്തിലെത്തിയപ്പോൾ. എന്റെ അച്ഛനും ഞാനും തമ്മിലുള്ള ചിന്തകളുടെ അന്തരം വലുതായപ്പോൾ അങ്ങനെ പോകേണ്ടിവന്നു. ശരിയോ തെറ്റോ എന്നറിയില്ലെങ്കിലും അങ്ങനെ ചെയ്യാനാണ് തോന്നിയത്.

ആംഗലേയവും ഹിന്ദിയും അറിയാതെ മുംബൈയിലെത്തിയപ്പോൾ ജീവിതം വീണ്ടും ഒരു പ്രശ്നമായി. അവിടെ നിന്നും ചില വിദ്യകൾ കൂടി പഠിക്കേണ്ടി വന്നു. എങ്ങനെയൊക്കെയോ നീന്തി നീന്തി ഇറാനും ഇംഗ്ലണ്ടും കടന്ന് ഇപ്പോൾ ഇങ്ങ് അമേരിക്കൻ ഐക്യനാടുകളിൽ എത്തി (2004 ൽ ). അങ്ങനെ ജീവിതം ഇത്തിരി പച്ച പിടിച്ചു.

എന്റെ സാങ്കേതികവിദ്യാ പഠനകാലത്താണ്  (1991-1993 ) ഞാൻ ആദ്യമായി കവിതകൾ എഴുതിത്തുടങ്ങിയത് (എല്ലാം പുറത്തു വിട്ടിട്ടില്ല - പത്തിരുപതെണ്ണം കൈയ്യിൽ കിടപ്പുണ്ട് :) ). അതിനും മുന്നേ ഒരു തവണ നമ്മുടെ കുടുംബത്തിന്റെ ചെറിയൊരു ചരിത്രം എഴുതാൻ ശ്രമിച്ചിട്ട് പാതി വഴിക്ക് വിട്ടു (അതിനു വേണ്ടി നമ്മുടെ കുടുംബത്തിലെ പല അമ്മവന്മാരുമായും മുത്തച്ഛൻമാരുമായും ഞാൻ ചർച്ചകൾ [വെറും വർത്തമാനമാണ്‌ കേട്ടോ..]  നടത്തിയിരുന്നു).  പിന്നെ മുംബൈയിലേക്ക് സ്ഥലം വിട്ടതു   മുതൽ എഴുത്തും സാഹിത്യപരമായ വായനയും തീരെ ഇല്ലാതായി. 

നഷ്ടപ്പെട്ട വായനയും (വലിയ വായനയൊന്നും ഇല്ലെങ്കിലും ..... വലിയതോതിലുള്ള എഴുത്തില്ലെങ്കിലും ...) എഴുത്തും വീണ്ടും പൊട്ടിമുളച്ചത് 2013 ലാണ്. കൃത്യമായി പറഞ്ഞാൽ 20 വർഷങ്ങൾക്ക് ശേഷം. അതിന് കാരണമായത് എന്റെ ചില സഹൃദയന്മാരായ ചില സുഹൃത്തുക്കളാണ്.  അവരോട് എന്റെ കടപ്പാടുകൾ അറിയിക്കുന്നു. ഇത് ഇനി എത്ര കാലം തുടരും എന്ന് ആർക്കറിയാം....

'ഫോമാ - FOMAA' യുടെ 'ബ്ലോഗ്‌ സാഹിത്യം 2014' പാരിതോഷികം  ഏറ്റുവാങ്ങുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ