ഗ്രീൻകാർഡ് കിട്ടുന്നതിന് മുന്നേ കാനഡയിൽ ഒന്ന് പോകണമെന്നുണ്ടായിരുന്നെങ്കിലും, കാർഡ് കിട്ടിയതിന് ശേഷം ആ ആഗ്രഹത്തിന് കുറച്ച് കട്ടി കൂടി വന്നു. പിന്നെ കൊറോണ വന്നു, അതിർത്തിയടച്ചു... അങ്ങനെയിരിക്കേയാണ് ജൂൺ 21 ന് അതിർത്തി തുറക്കുന്നെന്ന അറിയിപ്പ് കിട്ടിയത്. പൂക്കുറ്റിയുടെ മേലെ വീണ്ടും പൂവിടർന്നത് പോലെ, ഡെട്രോയിറ്റിലുള്ള അടുത്ത കൂട്ടുകാരൻ, 'നമുക്ക് കാനഡ പോയാലോ...' എന്നും ചോദിച്ച് വിളിച്ചത് അതേ സമയത്തായിരുന്നു. ഞാനുടനെ സമ്മതം മൂളി. വേറെ ഒന്നുരണ്ട് കൂട്ടുകാരോട് ചോദിച്ചെങ്കിലും ചിലകാരണങ്ങളാൽ അവർക്ക് 'നോ' എന്ന് പറയേണ്ടിവന്നു.
ഡിട്രോയിറ്റ് മുതൽ ക്യുബെക് വരെ പോയി തിരിച്ച് വരാമെന്നായിരുന്നു ഞങ്ങളുടെ ഏകദേശ ധാരണ. ആപ്പീസിൽ വിവരമറിയിച്ച്, ജൂലൈ ഒന്ന് മുതൽ ഒമ്പത് വരെ അവധിയെടുത്തു. പക്ഷേ അതിർത്തി തുറക്കുന്നത് ഒരു മാസം കൂടി നീട്ടിയെന്ന അറിയിപ്പാണ് ഞങ്ങളെ പിന്നീട് വരവേറ്റത്.
എന്തായാലും മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ. ഡെട്രോയിറ്റിലെ സുഹൃത്തിന്റെ വീട്ടിലെത്തിയിട്ട്, ബാക്കി അവിടെ നിന്ന് തീരുമാനിക്കാമെന്ന് തീരുമാനിച്ച് ജൂലൈ ഒന്നിന് രാവിലെ തന്നെ കുടുംബസമേതം പുറപ്പെട്ടു. ഏകദേശം പത്ത് മണിക്കൂർ നേരത്തെ ഡ്രൈവിന് ശേഷം ഡെട്രോയിറ്റിലെത്തി. എന്നിട്ട് അവിടെ നിന്ന് പിന്നീടുള്ള യാത്രകൾക്ക് ഒരു രൂപരേഖ തയ്യാറാക്കി.
രണ്ടാമത്തെ ദിവസം ഡെട്രോയിട്ട് നഗരം ആവുന്നത് പോലെ കറങ്ങി. ഹ്യുറോൺ തടാകത്തിന്റെയും ഈറി തടാകത്തിന്റെയും നടുക്കുള്ള സെന്റ് ക്ലേർ തടാകത്തിന്റെ തെക്ക് ഭാഗത്ത്, ഡിട്രോയിറ്റ് നദിയിലെ ബെല്ലെ ദ്വീപിൽ നിന്ന് കാനഡയുടെ സൗന്ദര്യം ആസ്വദിച്ചു. തടാകത്തിലെയും നദിയിലെയും വെള്ളത്തിന്റെ നിർമ്മലത ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. അത്രയ്ക്കും തെളിഞ്ഞ തെളിനീർ കാണുന്നത് തന്നെ കണ്ണിനും മനസ്സിനും വല്ലാത്തൊരു ഉന്മാദം നൽകും.
മൂന്നാമത്തെ ദിവസം, സുഹൃത്തിന്റെയും കുടുംബത്തിന്റെയും കൂടെ തുടർന്ന് പോയത്, ഷിക്കാഗോയിലേക്കായിരുന്നു. എന്റെ മനസ്സിന്റെ കുഴപ്പം കൊണ്ടാവാം, ഷിക്കാഗോ എന്ന നഗരത്തെക്കുറിച്ച് കുറേയേറെ കേട്ടിട്ടുണ്ടെങ്കിലും, മനസ്സിൽ കൂടുതൽ തങ്ങി നിന്നത്, അവിടെ നടക്കുന്ന വെടിവെപ്പുകളെക്കുറിച്ചും, മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുമൊക്കെയുള്ള കഥകളായിരുന്നു. പക്ഷേ ആ നഗരത്തിന്റെ ഭംഗി എന്താണെന്ന് അറിയാൻ അവിടെ പോവുക തന്നെ വേണം. എന്റെ മുൻവിധികൾ മുഴുവൻ ആ മതിമറന്ന കാഴ്ചയിൽ അസ്തമിച്ചുപോയി. അതിഗംഭീരം എന്നല്ലാതെ വേറൊന്നും പറയാൻ തോന്നില്ല! മിഷിഗൺ തടാകതടവും ഷിക്കാഗോ പുഴക്കരയും ഇന്നത്തെ രൂപത്തിൽ ആക്കിയെടുക്കാനുള്ള ദീർഘവീക്ഷണത്തിന്റെയും ബുദ്ധിയുടെയും കഴിവിന്റെയും മുന്നിൽ നമിക്കാതെ തിരിച്ചുവരാനാവില്ല. പക്ഷേ ശുദ്ധമായ കഞ്ചാവിന്റെ മദിപ്പിക്കുന്ന മണം, ഓരോ കാറ്റിലും മൂക്കിലേക്ക് തുളച്ച് കയറുന്നുണ്ടായിരുന്നു. പരസ്യമായി കഞ്ചാവ് വലിച്ചുകൊണ്ട് പോകുന്ന കോട്ടും ടൈയുമിട്ടവരെ കാണാൻ കഴിഞ്ഞത്, വാഷിംഗ്ടൺ ഡിസിയിലെ കഞ്ചാവ് വലിക്കുന്ന തെരുവ് തെണ്ടികളെ കണ്ട് പരിചയിച്ച എനിക്ക്, പുതിയ കാഴ്ചയായിരുന്നു. ഒന്ന് പുകക്കണമെന്ന് തോന്നിയെങ്കിലും, ഭാര്യയുടെ മുഖം ഓർമ്മയിൽ വന്നയുടനെ, ആ തോന്നലിന് പെട്ടന്നുള്ള ശമനമായി.
രാത്രിയിൽ, പ്രസിദ്ധമായ ചിക്കാഗോ പിസ കഴിച്ചിട്ടേ ഹോട്ടലിലേക്ക് പോയുള്ളൂ. ആദ്യമായിട്ടാണ് ചിക്കാഗോ പിസ കഴിക്കുന്നത്. മറ്റ് സാധാരണ പിസകളിൽ നിന്ന് വിഭിന്നമാണ് ചിക്കാഗോ പിസ. സാധാരണ പിസകളിൽ, ക്രസ്റ്റിന്റെ(crust) മേലെ ചീസ് പാളിക്ക് മുകളിലായാണ് ടോപ്പിങ്സ്(toppings) ചേർക്കുന്നതെങ്കിൽ, ചിക്കാഗോ പിസയിൽ, ടോപ്പിങ്, ചീസിന്റെ കൂടെ ചെറുതായി അരച്ചത് പോലെ കൂട്ടിച്ചേർത്ത് ക്രസ്റ്റിന്റെ മേലെ ഒഴിക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല, പിഞ്ഞാണം പോലെ ക്രസ്റ്റുള്ള ഈ പിസയുടെ കട്ടി വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ, പിസയുടെ ഒരു ത്രികോണക്കഷണം കഴിക്കുമ്പഴേക്കും ഒരു സാധാരണ വയറൻറെ വയറ് നിറയും.
പിറ്റേന്ന് പോയത്, ഷിക്കാഗോയിലെ ഡെവോൺ സ്ട്രീറ്റ് എന്ന തെരുവിലേക്കായിരുന്നു. ഇന്ത്യക്കാരുടെയും ഇന്ത്യക്കാരുടെ സ്ഥാപനങ്ങളുടെയും ബാഹുല്യം കൊണ്ട് പ്രസിദ്ധമായ മൂന്നോളം മൈലുകൾ നീളമുള്ള ഒരു തെരുവാണ് ഡെവോൺ സ്ട്രീറ്റ്. മുംബൈയിലെ ഒരു തെരുവാണെന്നേ ആർക്കും തോന്നുകയുള്ളൂ. അവിടെ നാമമാത്രം കാണുന്ന വെള്ളക്കാരെയൊക്കെ, അവിടെ വരുന്ന ടൂറിസ്റ്റുകളായിട്ടേ നമുക്ക് തോന്നുള്ളൂ. പാൻ ചവച്ച് തുപ്പിയും, വഴിയോരങ്ങളിൽ നിന്ന് ഹോൺ മുഴക്കിയും ലക്കും ലഗാനുമില്ലാതെ വണ്ടികൾ പാർക്ക് ചെയ്തുമൊക്കെ നമ്മുടെ മഹിമ വിളിച്ച് പറയുന്ന കുറെ മഹാന്മാരെ അവിടെ കണ്ടപ്പോൾ, മീഠാ പാൻ വാങ്ങി മുറുക്കി, ഒന്ന് നീട്ടിത്തുപ്പിയിട്ട്, ഞാനും എന്റെ സുഹൃത്തും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പിന്നീട്, അവിടെ നിന്നും അഞ്ച് മണിക്കൂറോളം വണ്ടിയോടിച്ച്, ഗ്രെലിങ് എന്ന സ്ഥലത്തുള്ള റമഡാ ഇന്നിൽ വിശ്രമിച്ചു. സ്ലീപ്പിങ് ബേർ ഡ്യൂൺസി (Sleeping Bear Dunes National Lakeshore, Michigan) ലേക്കായിരുന്നു പിറ്റേന്ന് ഞങ്ങൾ പോയത്. ഡ്യൂൺ (dune) എന്ന് വച്ചാൽ മണൽക്കൂനകൾ എന്നർത്ഥം. മിഷിഗൺ തടാകക്കരയിൽ, പതിനായിരത്തോളം വർഷങ്ങൾക്ക് മുന്നേ, ഏതോ പ്രകൃതിക്ഷോഭത്തിൽ പെട്ട് ഉണ്ടായ, തടാകത്തിലെ തിരമാലകളാൽ രൂപീകൃതമായ മല പോലെയുള്ള വലിയ മണൽക്കൂനകളാണ് അവിടെയുള്ളത്. ചിലകാഴ്ചകളിൽ, അവിടം അറേബ്യൻ മണലാരണ്യം പോലെ തോന്നിക്കും. ചില സ്ഥലങ്ങളിൽ, പലതരത്തിലും മരങ്ങളുടെ വിത്തുകൾ വീണ് പൊടിച്ച്, നിബിഡ വനങ്ങളായി മാറിയിട്ടുണ്ട്. കാടിന്റെയും, കടൽ പോലെ തോന്നിക്കുന്ന തടാകത്തിന്റെയും, മണലാരണ്യത്തിന്റെയും ഒരുമിച്ചുള്ള മനോഹരമായ കാഴ്ചയാണ് അവിടെ പ്രകൃതി ഒരുക്കിയിട്ടുള്ളത്.
മണലാരണ്യത്തിലൂടെ വണ്ടിയോടിക്കാൻ അവിടെ അനുവാദമുണ്ട്. അവിടെയുള്ള കറങ്ങലിലാണ്, അവിചാരിതമായി ഒരു ഡ്യൂൺ ക്ലൈംബ് (Dune Climb) ന്റെ മുന്നിൽ ഞങ്ങൾ എത്തിപ്പെട്ടത്.
ഞങ്ങൾ ഒരു വലിയ മണൽക്കൂനക്ക് മുകളിലാണ്. തീർത്തും ചെങ്കുത്തായ കുന്നിന് താഴെ മിഷിഗൺ തടാകം. കുറേപ്പേർ കുന്നിന്റെ മുകളിൽ കൂടി നിൽപ്പുണ്ട്. അവിടെ ചെന്നപ്പോൾ കുറച്ച് പേർ പതുക്കെ തടാകത്തിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടു. ഞങ്ങളും ഇറങ്ങാൻ പ്ലാനിട്ടു. അപ്പോഴാണ് ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടത്. 'ഇറങ്ങുന്നതൊക്കെ കൊള്ളാം. പക്ഷേ തിരിച്ച് കയറാൻ പറ്റിയില്ലെങ്കിൽ, അഥവാ അവിടെ കുടുങ്ങി, ഞങ്ങളുടെ റെസ്ക്യു വിഭാഗത്തിന് നിങ്ങളെ രക്ഷപ്പെടുത്തേണ്ടി വന്നാൽ 3000 ഡോളർ പിഴ ഒടുക്കേണ്ടി വരും.' - ഇതായിരുന്നു ആ ബോർഡിലെ സന്ദേശത്തിന്റെ ചുരുക്കം.
വീണ്ടും താഴെ നോക്കിയപ്പോൾ, കുറച്ച് പേർ, കൈകളും കാലുകളും കുത്തി കുരങ്ങന്മാരെപോലെ തിരിച്ച് കയറാൻ ശ്രമിക്കുന്നതും, രണ്ട് മൂന്നോളം അടി മാത്രം മുന്നോട്ട് വച്ചതിന് ശേഷം വിശ്രമിക്കുന്നതും അത് തന്നെ വീണ്ടും ആവർത്തിക്കുന്നതും കണ്ടു. ഇത് കണ്ടയുടനെത്തന്നെ എന്റെ വാമഭാഗവും, സുഹൃത്തിന്റെ വാമഭാഗവും തടാകത്തിലേക്ക് ഇറങ്ങാനുള്ള ഉദ്യമത്തിൽ നിന്ന് പിന്തിരിഞ്ഞു.
അവിടെയുള്ള റെസ്ക്യു ഗാർഡിനോട് അന്വേഷിച്ചപ്പോൾ 450 ഫീറ്റ് വെർട്ടിക്കൽ കയറ്റമാണ് ആ കയറ്റത്തിന്റെ ഉയരമെന്ന് അറിയിച്ചു. പക്ഷേ തിരിച്ച് കയറുമ്പോൾ അതിന്റെ effect 2500 ഫീറ്റ് തോന്നിക്കുമത്രേ; കാരണം, ഇളക്കമുള്ള പൂഴിയായത് കൊണ്ട്, ഒരു സ്റ്റെപ്പ് കയറുമ്പോൾ, പൂഴി ഊരിത്താഴ്ന്ന്, കയറുന്നവർ രണ്ട് സ്റ്റെപ്പ് പിന്നോട്ടേക്ക് വീണ്ടും പോകും!
വേണോ വേണ്ടായോ എന്ന ശങ്കയിൽ, ഞാനും സുഹൃത്തും ഞങ്ങളുടെ നാല് മക്കളും ഒന്ന് അറച്ച് നിന്നെങ്കിലും, ഒടുവിൽ ഇറങ്ങാൻ തന്നെ തീരുമാനിച്ചു. തിളക്കമുള്ള മണലിൽ കാലാഴ്ത്തിയുള്ള സുഖമുള്ള ഇറക്കം.ചെങ്കുത്തായി ഇറങ്ങുമ്പോൾ, ശരീരത്തിന്റെ ഭാരം പിന്നിലോട്ടിട്ടില്ലെങ്കിൽ മൂക്കും കുത്തി നേരെ തടാകത്തിലേക്ക് ഉരുണ്ടുരുണ്ട് പെട്ടന്ന് തന്നെ എത്താൻ പറ്റും!
പകുതിയോളം ദൂരം ഇറങ്ങിയപ്പോൾ, എന്റെ കൂട്ടുകാരൻ അവിടെ ഇരിപ്പുറപ്പിച്ചു. ഇനി മുന്നിലേക്കില്ലെന്ന് ആംഗ്യം കാട്ടി. എന്തായാലും, ഞാനും കുട്ടികളും വീണ്ടും മുന്നോട്ടേക്ക് ഇറങ്ങി. പോകുന്ന പോക്കിൽ, തിരിച്ച് നാല് കാലിൽ കിതച്ച് കരഞ്ഞ് കയറുന്നവരെ കണ്ടപ്പോൾ, ചിരിയടക്കി ഞാനും സങ്കടം അഭിനയിച്ചു. 'ജീവിതത്തിൽ എപ്പഴെങ്കിലും കുരങ്ങന്റെ വേഷം കെട്ടേണ്ടി വരുമല്ലോ' എന്നൊക്കെ പറഞ്ഞ് അവരുമായി തമാശകൾ പങ്ക് വച്ചു. ഒരു മണിക്കൂർ കയറിയിട്ടും കയറ്റത്തിന്റെ കാൽ ഭാഗം മാത്രമെത്തി പട്ടിയെപ്പോലെ കിതക്കുന്ന ആളുമായി കുറച്ച് സംസാരിക്കാൻ ശ്രമിച്ചു. കിതപ്പിൽ അധികം സംസാരിക്കാൻ പറ്റാത്തത് കൊണ്ട്, ബാക്കി തിരിച്ച് വരുമ്പോൾ മനസ്സിലാകുമെന്ന് അദ്ദേഹം കൈകൊണ്ടും മുഖം കൊണ്ടും ആംഗ്യം കാട്ടി.
ഈ കാഴ്ചകളൊന്നും ഞങ്ങളുടെ ഇറക്കത്തെ ഒട്ടും തടഞ്ഞില്ല. പക്ഷേ, കുട്ടികളുടെ ഇറക്കത്തിന്റെ വേഗം പതുക്കെ കുറയുന്നത് കാണാമായിരുന്നു. എന്തായാലും ഒരാവേശത്തിന്റെ പുറത്ത്, പത്ത് മിനുട്ടുകൾ എടുത്ത് കാണും, ഒടുവിൽ എന്റെ പാദങ്ങൾ തടാകക്കരയിൽ തൊട്ടു. ശുദ്ധമായ ജലമുള്ള തടാകം മുന്നിലുള്ളപ്പോൾ അതിലിറങ്ങി കുളിക്കാതെ എങ്ങനെയാണ് തിരിച്ച് പോരിക? കടലിലെപ്പോലെ തിരമാലകൾ അവിടെ വീശിയിരുന്ന വേഗത്തിലുള്ള കാറ്റിൽ നൃത്തം വച്ച് വരുന്നുണ്ട്. ഒരുക്കങ്ങളൊന്നും ഇല്ലാത്തത് കൊണ്ട്, ടീഷർട്ട് അഴിച്ച് നേരെ തടാകത്തിലേക്ക് ചാടി തേവാരവും നീന്തലും മുങ്ങാംകുഴിയും ആരംഭിച്ചു.
അപ്പഴേക്കും കുട്ടികൾ താഴെ എത്തി. അവരാരും തടാകത്തിൽ ഇറങ്ങിയില്ല. പതിനഞ്ച് മിനുട്ടോളം മിഷിഗൺ തടാകത്തിൽ മദിച്ചതിന് ശേഷം, കുട്ടികളുമൊത്ത് തിരിച്ച് കയറ്റം ആരംഭിച്ചു. ആവേശത്തിന് ഒരു കുറവും ഇല്ലാത്തത് കൊണ്ട്, കുട്ടികളുമായി പന്തയം വച്ചു. ആര് ആദ്യം കയറും? സമയം കൃത്യം ഉച്ചക്ക് രണ്ട് മണി!
ആക്രാന്തത്തിന് എല്ലാവരും ആഞ്ഞുകയറി. പക്ഷേ കയറാൻ കഴിയുന്നില്ലെന്ന് അപ്പോഴാണ് മനസ്സിലായത്! പത്ത് സ്റ്റെപ്പുകൾ മുന്നോട്ട് വെക്കുന്നതിന് മുന്നേ എല്ലാവരും കിതച്ച്, രണ്ട് കാലിൽ നിന്ന് നാല് കാലിലേക്ക് താണു! പിന്നെ ഓരോരുത്തരുടെയും കയറ്റം പല സ്പീഡിലായിരുന്നു. കുത്തനെയുള്ള കയറ്റമായത് കൊണ്ടും, മുകളിലോട്ട് ഉയരം നോക്കിയും താഴേക്ക് തടാകം ത്തിലേക്കുള്ള താഴ്ച നോക്കിയും കുട്ടികൾ പേടിക്കുന്നത് കണ്ടപ്പോൾ, ആ അവസരം മുതലാക്കി, ഞാനെന്റെ കയറ്റത്തിന്റെ വേഗത കുറക്കുന്നത് പോലെ കിതച്ച് അഭിനയിച്ച് അവരുടെ കൂടെ നിന്നു!
കുട്ടികൾക്ക് കുറച്ച് ധൈര്യം കൊടുത്ത്, അവരുടെ കൂടെ, എന്നാലും അവരുടെ മുന്നിലായി, ഏന്തിവലിഞ്ഞ് എന്റെ കൂട്ടുകാരൻ ഇരിക്കുന്നിടം വരെ എത്തുമ്പഴേക്കും വയറിലെ വൺ പാക്ക്, സിക്സ് പാക്കാകാൻ തുടങ്ങിയിരുന്നു! കുട്ടികൾ അവിടെ എത്തിയതോടെ, എല്ലാവരും ഒരുമിച്ച് വീണ്ടും കയറാൻ തുടങ്ങി. കൂട്ടുകാരൻ കുട്ടികളുടെ കൂടെയുള്ള ധൈര്യത്തിൽ, ഞാൻ എന്റെ ആവേശം കാണിക്കാൻ തുടങ്ങി. വയസ്സ് അമ്പതായെങ്കിലും, എവിടെയെങ്കിലും കുട്ടികളോട് മത്സരിച്ച് ജയിച്ച് കാണിക്കേണ്ടതുണ്ടല്ലോ! കിതച്ചും കിടന്നും നാല് കാലിൽ നടന്നും കയറ്റം മുഴുവൻ കയറി വാച്ചിൽ സമയം നോക്കുമ്പോൾ സമയം 2:35pm. മുപ്പത്തഞ്ച് മിനുട്ടുകൾ കൊണ്ട് ആ കയറ്റം കയറിയിരിക്കുന്നു! എല്ലാവരെയും തോൽപിച്ച സന്തോഷത്തിൽ പുറകിലോട്ട് നോക്കിയപ്പോൾ, കൂട്ടുകാരനും കുട്ടികളും തുടങ്ങിയതിനടുപ്പിച്ചായിത്തന്നെ പല ഉയരങ്ങളിലായി ചിതറിക്കിടപ്പാണ്.
കൂട്ടുകാരന്റെ കാര്യം വളരെ കഷ്ടമായിരുന്നു. രണ്ട് സ്റ്റെപ്പ് വെക്കുമ്പഴേക്കും കിതച്ച് പോകുന്നതിനാൽ, അവന് കയറാൻ പറ്റുന്നുണ്ടായിരുന്നില്ല. കുട്ടികൾ പതുക്കെയാണെങ്കിലും കയറുന്നുണ്ട്. കൂട്ടുകാരന് ഒരു കൂട്ടിന് വേണ്ടി, ഞാൻ വീണ്ടും താഴേക്കിറങ്ങി. അവനെ പ്രോത്സാഹിപ്പിച്ച് കൊണ്ട്, അവൻ കരയുമ്പോഴും അവന്റെ വീഡിയോ എടുത്ത് ആസ്വദിച്ച് കൊണ്ട്, വീണ്ടും പതുക്കെ അവന്റെ കൂടെ കയറാൻ തുടങ്ങി. റെസ്ക്യു ഗാർഡിനെ വിളിച്ചാൽ മൂവ്വായിരം ഡോളർ കൊടുക്കേണ്ടി വരുമെന്നോർത്തപ്പോൾ ഇല്ലാത്ത ആവേശം ഉണ്ടാക്കി അവനും പതുക്കെ കയറാൻ തുടങ്ങി. ഇതിനിടയിൽ പല സമയങ്ങളിലായി കുട്ടികൾ മുകളിലെത്തിയിരുന്നു. ഒടുക്കം കൂട്ടുകാരനൊപ്പം മുകളിലെത്തുമ്പഴേക്കും സമയം നാല് മണി ആവാറായിരുന്നു.
സത്യത്തിൽ ആ ഇറക്കവും കയറ്റവും 'once in life time opportunity' ആയിരുന്നു. അത് നഷ്ടപ്പെട്ടെങ്കിൽ, ഒരു വലിയ നഷ്ടമായേനെ. മുകളിലെത്തുമ്പഴേക്കും കിതച്ച് അവശനായതിനാൽ, കൂട്ടുകാരന് വീണ്ടും അവിടെ കറങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ല. അത്രയ്ക്കും അവൻ തളർന്നു പോയിരുന്നു.
അഞ്ച് മണിക്കടുപ്പിച്ച്, ഞങ്ങൾ അവിടെ നിന്നും തിരിച്ച്, ട്രാവേർസ് സിറ്റി എന്ന സ്ഥലത്തെത്തി. കടൽത്തീരം പോലെ വിശാലമായ തടാകതീരത്തുള്ള, water activities ചെയ്യാൻ പറ്റിയ സ്ഥലം. വൈകിയതിനാൽ, അവിടെയെത്തി, ഉച്ചഭക്ഷണവും അത്താഴവും ഒരുമിച്ച് കഴിച്ചു. Water activities ഒക്കെ പണ്ട് കുറെ ചെയ്തതിനാലും സമയം വൈകിയതിനാലും, ഹോട്ടലിലേക്ക് തന്നെ വീണ്ടും തിരിച്ചു.
പിറ്റേന്ന് പോയത്, മാകിനാക് ദ്വീപിലേക്കാണ് (Mackinac Island). പഞ്ചമഹാതടാകങ്ങളിൽ ഒന്നായ ഹ്യുറോൺ തടാകത്തിന്റെ വടക്കേ അറ്റത്ത്, മിഷിഗൺ സംസ്ഥാനത്തിന്റെ വടക്കൻ ഉപദ്വീപിന്റെയും (peninsula) തെക്കൻ ഉപദ്വീപിന്റെയും ഇടയിലായി, പാലങ്ങളാൽ ബന്ധിക്കപ്പെടാത്ത ഒരു വലിയ ദ്വീപാണ് മാകിനാക് ദ്വീപ്. ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടെ രണ്ട് ഉപദ്വീപുകളെയും ബന്ധിപ്പിച്ച് അഞ്ച് മൈലുകളോളം നീളമുള്ള മനോഹരമായ ഒരു പാലം അവിടയുണ്ട്. വാഹനങ്ങൾ പോകുന്ന സമയത്തും, ശക്തമായ കാറ്റിൽ, ആ പാലം പതിനഞ്ച് അടിയോളം ഇരുവശങ്ങളിലേക്കും പെൻഡുലം പോലെ ആടും!
പണ്ട് കാലത്തെ ഒരു ട്രേഡ് സെന്റർ ആയിരുന്നു മാകിനാക്. ഫ്രഞ്ച്കാരാണ് ആ ദ്വീപിൽ ആദ്യം ആധിപത്യം സ്ഥാപിച്ചത്. അഞ്ഞൂറോളം പേര് മാത്രമേ ആ ദ്വീപിൽ സ്ഥിരമായി ഇപ്പോൾ താമസമുളളൂ. കച്ചവടവും അധികാരവും സംരക്ഷിക്കാൻ 1700 കളിൽ ഒരു കോട്ട അവിടെ സ്ഥാപിച്ചിട്ടുണ്ട്. ആ ദ്വീപിൽ മോട്ടോർ വാഹനങ്ങളൊന്നും പാടില്ല. കുതിരവണ്ടികളും ബൈസിക്കിളുകളും മാത്രം. അവിടത്തെ ആരോഗ്യമുള്ള, ഭീമാകാരന്മാരായ, പല നിറങ്ങളിലുള്ള ബൽജിയൻ ബ്രീഡ് കുതിരകളെ കാണാൻ തന്നെ നല്ല ചന്തമാണ്. മനുഷ്യന്മാരെ ചികില്സിക്കുന്ന ഡോക്ടർമാരേക്കാൾ, മൃഗഡോക്ടർമാരാണ് അവിടെ കൂടുതൽ. ഒരു വർഷത്തിൽ, മെയ് മുതൽ സെപ്റ്റംബർ വരെ മാത്രമേ അവിടെ വിനോദസഞ്ചാരപരിപാടികൾ ഉണ്ടാവുകയുള്ളൂ. അവിടെയുണ്ടാക്കുന്ന, പലതരത്തിലുള്ള ഫഡ്‌ജ് (Fudge) എന്ന മധുരപലഹാരം വളരെ പേര് കേട്ടതാണ്. കോട്ടയും, പരേഡും, മ്യൂസിയങ്ങളും, പണ്ടത്തെ കച്ചവടങ്ങളുമായി ബന്ധപ്പെട്ട കാഴ്‌ചകളും കുതിരസവാരിയും water activities ഉം മനോഹരമായ ദ്വീപ് തന്നെയുമാണ് അവിടെ കാഴ്ചകളായിട്ടുള്ളത്.
ഫെറിയിൽ ദ്വീപിലെത്തിയ ഞങ്ങൾ, അവിടത്തെ തെരുവിലെ കുറച്ച് കാഴ്‌ചകൾ കണ്ടതിന് ശേഷം, കുതിരസവാരി ചെയ്യാൻ തീരുമാനിച്ചു. വ്യക്തിപരമായി, മൃഗസവാരിക്കെതിരാണെങ്കിലും, ഒരു കൂട്ടായ്മയെക്കരുതി ഞാനും സമ്മതം മൂളി. ഞങ്ങൾക്ക് കിട്ടിയത്, മൂന്ന് കുതിരകളെ പൂട്ടിയ വലിയ വണ്ടിയായിരുന്നു. അതിൽ കയറിയാൽ, ആ ദ്വീപിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളും ചുറ്റിക്കാണാം.
എല്ലിസ് ആയിരുന്നു വണ്ടിക്കാരൻ. അദ്ദേഹം കുതിരകളെ പരിചയപ്പെടുത്തി. ഇടത് ഭാഗത്തുള്ളത് എഡ്ഡി, നടുക്ക് സൈമൺ. വലത് ഭാഗത്തെ കുതിരയുടെ പേര് കേട്ടപ്പോൾ ഞങ്ങളൊന്ന് ഞെട്ടിയെങ്കിലും ചിരിച്ച് പോയി. അവന്റെ പേര് 'മോഡി' എന്നായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ബഹുമാന സൂചകമായിട്ടാണോ ആ പേരിട്ടതെന്ന് എല്ലിസോട് ചോദിച്ചെങ്കിലും, 'അല്ലെ'ന്ന ഉത്തരമാണ് കിട്ടിയത്. എന്നാലും അങ്ങനെ ആവാതിരിക്കാൻ വഴിയില്ലെന്ന് ഞങ്ങളും കരുതി. മോഡിയോടുള്ള ആദരവ് തന്നെയായിരിക്കണം കാരണം.
വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് മോഡിയുടെ കൈയ്യിലിരിപ്പ് മനസ്സിലായത്. സൈമണെയും എഡ്ഡിയെയും അപേക്ഷിച്ച്, അവന് കുറുമ്പ് കൂടുതലാണ്. സൈമണാണ് കുതിരകളുടെ നേതാവെങ്കിലും, മോഡി അവനാണ് നേതാവെന്ന ഭാവത്തിലാണ് നടപ്പ്. കുതിരക്കാരൻ ഇടത്തോട്ടേക്ക് പോകാൻ പറഞ്ഞാൽ സൈമണും എഡ്ഡിയും ഇടത്തേക്ക് പോകുമെങ്കിലും മോഡി, വലത്തേക്ക് പോകും. ചിലപ്പോൾ അവൻ ഒറ്റക്ക് വേഗത്തിൽ പോകും, ചിലപ്പോൾ സ്വയം വേഗത കുറക്കും. കുതിരക്കാരൻ കുറേ താക്കീതുകൾ കൊടുത്തെങ്കിലും, മോഡി അനുസരിക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ എല്ലിസ്, അവന്റെ ചാട്ട പതുക്കെ ഉപയോഗിക്കാൻ തുടങ്ങി. മോദിയുടെ വലത് നെഞ്ചിന്റെയും വയറിന്റെയും ഭാഗത്ത് ചാട്ട പതിയുമ്പോൾ, എന്തോ, മോഡിയെക്കാളും വല്ലാത്ത വേദന ഞങ്ങൾക്ക് തോന്നി. അത്, മോഡി എന്ന കുതിരയോടുള്ള സ്നേഹം കൊണ്ടാണോ, അതോ ദേശസ്നേഹം കൊണ്ടാണോ എന്ന് ശരിക്കും മനസ്സിലാക്കാൻ ഞങ്ങൾ ശരിക്കും പാടുപെട്ടു. നീരവ് മോഡി, ലളിത് മോഡി തുടങ്ങിയ കള്ളന്മാരെ ഓർത്തപ്പോൾ, വേദന കുറച്ച് കുറഞ്ഞു വരുന്നതായി തോന്നി. യമിത് മോഡി എന്ന പണ്ടത്തെ ബുദ്ധിമാനായ ഒരു സഹപ്രവർത്തകനെ ഓർത്തപ്പോൾ വീണ്ടും വേദന കൂടി. പ്രധാനമന്ത്രിയെ ഓർത്തപ്പോൾ വീണ്ടും വേദന വർദ്ധിച്ചു. ഒടുക്കം നോട്ട് നിരോധനത്തെക്കുറിച്ച് ചിന്തിച്ചാണ് ഉള്ളിലെ ഒടുങ്ങാത്ത വേദനക്ക് കുറച്ചെങ്കിലും ശമനം ഉണ്ടാക്കിയത്!
വെകുന്നേരത്തെ തിരിച്ചുള്ള ഫെറി പിടിച്ച് മക്കിനാ സിറ്റിയിൽ എത്തിയതിന് ശേഷം, കാറുമെടുത്ത് മാക്കിനാ പാലത്തിലൂടെ മിഷിഗൻറെ വടക്കൻ പെനിസുലയിലേക്ക് കടന്നു. പാലം കടക്കാൻ നാല് ഡോളർ ടോൾ കൊടുത്തു. അവിടെ നിന്ന് വീണ്ടും നാല് ഡോളർ ടോൾ കൊടുത്ത്, ഞങ്ങളെല്ലാവരും നേരെ ഡെട്രോയിറ്റിലേക്ക് തിരിച്ചു.
ഏഴാം ദിവസം രാവിലെ ഞങ്ങൾ ഡിട്രോയിറ്റ് നഗരത്തോടും സുഹൃത്തിന്റെ കുടുംബത്തോടും വിടപറഞ്ഞ് നയാഗ്രയിലേക്ക് പുറപ്പെട്ടു. കനേഡിയൻ ബോർഡർ അടച്ചത് കാരണം, നാലോളം മണിക്കൂറുകളെടുത്ത്, കാനഡയിലൂടെ നയാഗ്രക്ക് പോകാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് ക്ളീവ്ലാൻറ് വഴി, ഏഴ് മണിക്കൂറോളം വളഞ്ഞ് യാത്ര ചെയ്യണം നയാഗ്രക്ക്. നയാഗ്രയിലേക്ക്, മുന്നേ രണ്ട് തവണ പോയിട്ടുണ്ടെങ്കിലും ഇളയ മകൾ നയാഗ്ര ഇതുവരെ അവളുടെ ഓർമ്മയിൽ കണ്ടിട്ടുണ്ടായിരുന്നില്ല.
നയാഗ്ര വെള്ളച്ചാട്ടം - പകൽ സമയത്ത്
ഏഴാം ദിവസം വൈകുന്നേരം ഏഴ് മണിക്ക് തന്നെ നയാഗ്രയിലെത്തി. നയാഗ്ര ഇത്രയും കാലിയായി ഇതുവരെ കണ്ടിട്ടില്ല. കൊറോണ കാരണം, സാധാരണ ഉണ്ടാവാറുള്ള തിരക്കിൻറെ പത്ത് ശതമാനം പോലും തിരക്ക് അവിടെ ഉണ്ടായിരുന്നില്ല. തെരുവുകളെല്ലാം പൊതുവെ വിജനം. ആവുന്നത് പോലെ വേഗത്തിൽ, നയാഗ്രയുടെ വിവിധ ഭാവങ്ങളും വശങ്ങളും ഇരുട്ടുന്നതിന് മുന്നേ തന്നെ കണ്ടു തീർത്തു. കാരണം, പിറ്റേന്നത്തെ കാലാവസ്ഥ നല്ല ഇടിയും മഴയുമാണെന്നാണ് അറിഞ്ഞത്. കുറച്ച് നേരം കൂടി കറങ്ങി, ഇരുട്ടിയതിന് ശേഷമുള്ള നയാഗ്രയുടെ സൗന്ദര്യവും ആസ്വദിച്ച്, ഹോട്ടലിൽ വന്ന് കിടന്നു.
എട്ടാം ദിവസം, രാവിലെത്തന്നെ ഹെലികോപ്റ്റർ റൈഡിന് ശ്രമിച്ചെങ്കിലും കാലാവസ്ഥ മോശമായതിനാൽ നടന്നില്ല. നേരെ 'Maid of the Mist' ഉം 'Cave of the Winds' ഉം കാണാൻ പുറപ്പെട്ടു. തിരക്കില്ലാഞ്ഞതിനാൽ പെട്ടന്ന് തന്നെ ടിക്കറ്റെടുക്കാനും കാഴ്ചകൾ കാണാനും സാധിച്ചു. ഈ രണ്ട് ടിക്കറ്റെടുക്കുമ്പോഴും കിട്ടുന്ന മഴക്കോട്ട് ഇട്ട്, അവിടെ വളരെ നേരത്തോളം പെയ്ത കനത്ത മഴയത്ത്, ഗോട്ട് ദ്വീപിന് ചുറ്റും വെള്ളച്ചാട്ടത്തിന് ചുറ്റും നടക്കാൻ പ്രത്യേക രസമായിരുന്നു.
'Maid of the Mist' ഉം 'Cave of the Winds' ഉം ആസ്വദിച്ച് നയാഗ്രയുടെ തീരത്ത് നിൽക്കുമ്പോഴാണ്, ഒന്ന് രണ്ട് കാര്യങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടത്. ഒന്നാമതായി, നയാഗ്രാവെള്ളച്ചാട്ടത്തിൽ നിന്നുണ്ടാകുന്ന നുരയും പതയും മുഴുവനായിട്ടും കാനഡയുടെ തീരത്ത് അടിഞ്ഞ് കൂടി വൃത്തികേടായിരിക്കുന്നു. എന്തുകൊണ്ട് നുരയുടെയും പതയുടെയും ഒരംശം പോലും യുഎസ്സിന്റെ തീരത്ത് വരുന്നില്ല എന്ന ചിന്ത എന്നെ അതിശയിപ്പിച്ചു. വെള്ളത്തിന്റെ ഒഴുക്കാണ് കാരണം എന്ന ന്യായമൊക്കെ പറയാമെങ്കിലും, ആ ഒഴുക്ക് പോലും യുഎസ്സ് കാനഡക്കിട്ട് കൊടുത്ത പണിയായിരിക്കില്ലേ എന്ന് തന്നെ ഞാൻ സംശയിച്ചു. യുഎസ്സ് സൈഡിലെ പരിപാടികൾക്കൊക്കെ അത്യാവശ്യം ആൾക്കാരുടെ ബാഹുല്യം ഉണ്ടായിരുന്നെങ്കിലും കാനഡയുടെ ഭാഗത്ത് നിന്നുള്ള ബോട്ട് സവാരിക്ക് വിരലിൽ എണ്ണാൻ പറ്റുന്ന ആളുകളേ ഉണ്ടായിരുന്നുള്ളൂ. കൊറോണ നാട്ടിൽ നടമാടുന്നുണ്ടെങ്കിലും, അമേരിക്കയുടെ ഭാഗത്ത് നിന്ന് തള്ളിക്കൂട്ടിയിരിക്കുന്ന നുരയും പതയും ഉണ്ടാക്കിയ വൃത്തികേടുകൾ തന്നെയായിരിക്കും, കാനഡക്കാരെ നയാഗ്ര കാണുന്നതിൽ നിന്ന് പിന്തിരിപ്പിച്ചതെന്നായിരുന്നു എന്റെ കണക്ക് കൂട്ടൽ.
രണ്ടാമതായിട്ടുള്ള കാര്യമായിരുന്നു, എന്നെ വളരെയേറെ ചിന്തിപ്പിച്ചത്. അതിന്റെ പ്രമുഖ കാരണം, അവിടെ ഉണ്ടായിരുന്ന പക്ഷികളുടെ ചിന്തയാണ്.
'Maid of the Mist' ഉം 'Cave of the Winds' ഉം ആസ്വദിക്കുമ്പോൾ, വെള്ളച്ചാട്ടത്തിന്റെ യുഎസ്സിന്റെ കരയിൽ മാത്രമായി കാക്കത്തൊള്ളായിരം നീർകാക്കകളും താറാവുകളും ഗീസുകളും എരണ്ടകളും മറ്റ് വിവിധതരം പക്ഷികളും കൂട്ടം കൂടി നിൽക്കുന്നത് കണ്ടു. എന്നാൽ, കാനഡയുടെ കരയിൽ, ഒരൊറ്റ പക്ഷികളെപ്പോലും കണ്ടില്ല. വെള്ളത്തിലിറങ്ങിയ പക്ഷികളാകട്ടെ, നദിയുടെ പകുതിക്കും യുഎസിന്റെ കരക്കും ഇടയിലുള്ള ഭാഗത്തായിട്ട് മാത്രമേ നീന്തുന്നുള്ളൂ. പറക്കുന്ന പക്ഷികൾ പോലും ഒരു വരക്കപ്പുറംപറക്കാത്തത് പോലെ. അതൊരു അത്ഭുതമായിട്ട് എനിക്ക് തോന്നി. പക്ഷികളും രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികൾ പാലിക്കുന്നുണ്ടോ?
എന്നാലും കാനഡയിലെ പക്ഷികളെയെങ്കിലും അവിടെ കാണണ്ടേ? അവിടത്തെ പക്ഷികൾ എവിടെ പോയി? പക്ഷികളുടെ അടുത്ത് കൂടെ നടക്കുമ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ചിലവ മുട്ടകളിട്ട് അവയ്ക്ക് മേലെ അടയിരിക്കുന്നു. ചില പക്ഷികൾക്ക് പറക്കമുറ്റാത്ത കുഞ്ഞുങ്ങളുണ്ട്. അവയ്ക്കൊന്നും പെട്ടന്ന് അവിടം വിട്ട് പോകാൻ പറ്റില്ല. അതിൽ ചില പക്ഷികൾ കാനഡക്കാരായിരിക്കാം.
കൊറോണ കാരണം ബോർഡർ അടച്ചതാവാം പല പക്ഷികളും കാനഡയിലേക്ക് പോകാത്തത്. ചില പക്ഷികൾക്ക് വിസാ പ്രശ്നങ്ങളായിരിക്കാം. എന്നാലും കാനഡയിലെയും യുഎസ്സിലെയും പൗരന്മാരായ പക്ഷികൾക്ക് ബോർഡർ കടക്കുന്നതിന് എന്താണ് പ്രയാസം എന്ന് എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. ചിലപ്പോൾ, കാനഡയിൽ വാക്സിൻ കിട്ടാൻ വൈകുന്നത് കൊണ്ട്, യുഎസ്സിൽ വന്ന് വാക്സിനെടുത്ത് തിരിച്ച് പോകാൻ കാത്ത് നിൽക്കുന്നത് കൊണ്ടായിരിക്കാം, കനേഡിയൻ ഭാഗത്ത് ഒരൊറ്റ പക്ഷികളെയും കാണാത്തത് !
എന്തായാലും ഈ വിഷയത്തെക്കുറിച്ച് കുറച്ച് കൂടി ചിന്തിക്കാൻ ഒരു ദിവസം കൂടി നയാഗ്രയിലെ ഹോട്ടലിൽ തന്നെ തങ്ങി. ദീർഘനേരത്തെ വിശ്രമത്തിനും ഉറക്കത്തിന് ശേഷവും, വേറെ ഉത്തരമൊന്നും കിട്ടാഞ്ഞതിനാൽ ഒമ്പതാമത്തെ ദിവസം നേരെ വീട്ടിലേക്ക് തിരിച്ച് പോന്നു. അപ്പഴേക്കും വണ്ടിയിലെ ഓഡോമീറ്ററിൽ 2658 മൈലുകൾ (4615KM) അധികം കൂടിയിരുന്നു!
***
നന്നായി വിവരിച്ചു. ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂIthaanu mona yathra vivaranam......Thank you very much.
മറുപടിഇല്ലാതാക്കൂVenu, thanks for the detailed explanation dear. After reading it, felt like I have seen the places ❤️❤️. Compile all such travelogues and publish a book dear
മറുപടിഇല്ലാതാക്കൂ