usa എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
usa എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 ജൂലൈ 11, ഞായറാഴ്‌ച

മാകിനാകിലെ മോഡിയും പക്ഷികളുടെ ബോർഡറും


ഗ്രീൻകാർഡ് കിട്ടുന്നതിന് മുന്നേ കാനഡയിൽ ഒന്ന് പോകണമെന്നുണ്ടായിരുന്നെങ്കിലും, കാർഡ് കിട്ടിയതിന് ശേഷം ആ ആഗ്രഹത്തിന് കുറച്ച് കട്ടി കൂടി വന്നു. പിന്നെ കൊറോണ വന്നു, അതിർത്തിയടച്ചു... അങ്ങനെയിരിക്കേയാണ് ജൂൺ 21 ന് അതിർത്തി തുറക്കുന്നെന്ന അറിയിപ്പ് കിട്ടിയത്. പൂക്കുറ്റിയുടെ മേലെ വീണ്ടും പൂവിടർന്നത് പോലെ, ഡെട്രോയിറ്റിലുള്ള അടുത്ത കൂട്ടുകാരൻ, 'നമുക്ക് കാനഡ പോയാലോ...' എന്നും ചോദിച്ച് വിളിച്ചത് അതേ സമയത്തായിരുന്നു. ഞാനുടനെ സമ്മതം മൂളി. വേറെ ഒന്നുരണ്ട് കൂട്ടുകാരോട് ചോദിച്ചെങ്കിലും ചിലകാരണങ്ങളാൽ അവർക്ക് 'നോ' എന്ന് പറയേണ്ടിവന്നു. 

ഡിട്രോയിറ്റ്‌ മുതൽ ക്യുബെക് വരെ പോയി തിരിച്ച് വരാമെന്നായിരുന്നു ഞങ്ങളുടെ ഏകദേശ ധാരണ. ആപ്പീസിൽ വിവരമറിയിച്ച്, ജൂലൈ ഒന്ന് മുതൽ ഒമ്പത് വരെ  അവധിയെടുത്തു. പക്ഷേ അതിർത്തി തുറക്കുന്നത് ഒരു മാസം കൂടി നീട്ടിയെന്ന അറിയിപ്പാണ് ഞങ്ങളെ പിന്നീട് വരവേറ്റത്. 

എന്തായാലും മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ. ഡെട്രോയിറ്റിലെ സുഹൃത്തിന്റെ വീട്ടിലെത്തിയിട്ട്, ബാക്കി അവിടെ നിന്ന് തീരുമാനിക്കാമെന്ന് തീരുമാനിച്ച് ജൂലൈ ഒന്നിന് രാവിലെ തന്നെ കുടുംബസമേതം പുറപ്പെട്ടു. ഏകദേശം പത്ത് മണിക്കൂർ നേരത്തെ ഡ്രൈവിന് ശേഷം ഡെട്രോയിറ്റിലെത്തി. എന്നിട്ട് അവിടെ നിന്ന് പിന്നീടുള്ള യാത്രകൾക്ക് ഒരു രൂപരേഖ തയ്യാറാക്കി. 

ഡെട്രോയിറ്റിൽ നിന്ന് കാനഡയിലേക്ക് പോകുന്ന ടണലും ഡ്യൂട്ടീഫ്രീയും

രണ്ടാമത്തെ ദിവസം ഡെട്രോയിട്ട്  നഗരം ആവുന്നത് പോലെ കറങ്ങി. ഹ്യുറോൺ തടാകത്തിന്റെയും ഈറി തടാകത്തിന്റെയും നടുക്കുള്ള സെന്റ് ക്ലേർ തടാകത്തിന്റെ തെക്ക് ഭാഗത്ത്, ഡിട്രോയിറ്റ്‌ നദിയിലെ ബെല്ലെ ദ്വീപിൽ നിന്ന് കാനഡയുടെ സൗന്ദര്യം ആസ്വദിച്ചു. തടാകത്തിലെയും നദിയിലെയും വെള്ളത്തിന്റെ നിർമ്മലത ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. അത്രയ്ക്കും തെളിഞ്ഞ തെളിനീർ കാണുന്നത് തന്നെ കണ്ണിനും മനസ്സിനും വല്ലാത്തൊരു ഉന്മാദം നൽകും.

ചിക്കാഗോ നഗരത്തിലെ ഒരു കാഴ്ച

മൂന്നാമത്തെ ദിവസം, സുഹൃത്തിന്റെയും കുടുംബത്തിന്റെയും കൂടെ തുടർന്ന് പോയത്, ഷിക്കാഗോയിലേക്കായിരുന്നു. എന്റെ മനസ്സിന്റെ കുഴപ്പം കൊണ്ടാവാം, ഷിക്കാഗോ എന്ന നഗരത്തെക്കുറിച്ച് കുറേയേറെ കേട്ടിട്ടുണ്ടെങ്കിലും, മനസ്സിൽ കൂടുതൽ തങ്ങി നിന്നത്, അവിടെ നടക്കുന്ന വെടിവെപ്പുകളെക്കുറിച്ചും, മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുമൊക്കെയുള്ള കഥകളായിരുന്നു. പക്ഷേ ആ നഗരത്തിന്റെ ഭംഗി എന്താണെന്ന് അറിയാൻ അവിടെ പോവുക തന്നെ വേണം. എന്റെ മുൻവിധികൾ മുഴുവൻ ആ മതിമറന്ന കാഴ്ചയിൽ അസ്തമിച്ചുപോയി. അതിഗംഭീരം എന്നല്ലാതെ വേറൊന്നും പറയാൻ തോന്നില്ല! മിഷിഗൺ തടാകതടവും ഷിക്കാഗോ പുഴക്കരയും ഇന്നത്തെ രൂപത്തിൽ ആക്കിയെടുക്കാനുള്ള ദീർഘവീക്ഷണത്തിന്റെയും ബുദ്ധിയുടെയും കഴിവിന്റെയും മുന്നിൽ നമിക്കാതെ തിരിച്ചുവരാനാവില്ല. പക്ഷേ ശുദ്ധമായ കഞ്ചാവിന്റെ മദിപ്പിക്കുന്ന മണം, ഓരോ കാറ്റിലും മൂക്കിലേക്ക് തുളച്ച് കയറുന്നുണ്ടായിരുന്നു. പരസ്യമായി കഞ്ചാവ് വലിച്ചുകൊണ്ട് പോകുന്ന കോട്ടും ടൈയുമിട്ടവരെ കാണാൻ കഴിഞ്ഞത്, വാഷിംഗ്ടൺ ഡിസിയിലെ കഞ്ചാവ് വലിക്കുന്ന തെരുവ് തെണ്ടികളെ കണ്ട് പരിചയിച്ച എനിക്ക്,  പുതിയ കാഴ്ചയായിരുന്നു. ഒന്ന് പുകക്കണമെന്ന് തോന്നിയെങ്കിലും, ഭാര്യയുടെ മുഖം ഓർമ്മയിൽ വന്നയുടനെ, ആ തോന്നലിന് പെട്ടന്നുള്ള ശമനമായി.

രാത്രിയിൽ, പ്രസിദ്ധമായ ചിക്കാഗോ പിസ കഴിച്ചിട്ടേ ഹോട്ടലിലേക്ക് പോയുള്ളൂ. ആദ്യമായിട്ടാണ് ചിക്കാഗോ പിസ കഴിക്കുന്നത്. മറ്റ് സാധാരണ പിസകളിൽ നിന്ന് വിഭിന്നമാണ്‌ ചിക്കാഗോ പിസ. സാധാരണ പിസകളിൽ, ക്രസ്റ്റിന്റെ(crust) മേലെ ചീസ് പാളിക്ക് മുകളിലായാണ് ടോപ്പിങ്സ്(toppings) ചേർക്കുന്നതെങ്കിൽ, ചിക്കാഗോ പിസയിൽ, ടോപ്പിങ്, ചീസിന്റെ കൂടെ ചെറുതായി അരച്ചത് പോലെ കൂട്ടിച്ചേർത്ത് ക്രസ്റ്റിന്റെ മേലെ ഒഴിക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല, പിഞ്ഞാണം പോലെ ക്രസ്റ്റുള്ള ഈ പിസയുടെ കട്ടി വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ, പിസയുടെ ഒരു ത്രികോണക്കഷണം കഴിക്കുമ്പഴേക്കും ഒരു സാധാരണ വയറൻറെ വയറ് നിറയും.

ചിക്കാഗോ നഗരത്തിലെ ഒരു ടൂർ

പിറ്റേന്ന് പോയത്, ഷിക്കാഗോയിലെ ഡെവോൺ സ്ട്രീറ്റ് എന്ന തെരുവിലേക്കായിരുന്നു. ഇന്ത്യക്കാരുടെയും ഇന്ത്യക്കാരുടെ സ്ഥാപനങ്ങളുടെയും ബാഹുല്യം കൊണ്ട് പ്രസിദ്ധമായ മൂന്നോളം മൈലുകൾ നീളമുള്ള ഒരു തെരുവാണ് ഡെവോൺ സ്ട്രീറ്റ്. മുംബൈയിലെ ഒരു തെരുവാണെന്നേ ആർക്കും തോന്നുകയുള്ളൂ. അവിടെ നാമമാത്രം കാണുന്ന വെള്ളക്കാരെയൊക്കെ, അവിടെ വരുന്ന ടൂറിസ്റ്റുകളായിട്ടേ നമുക്ക് തോന്നുള്ളൂ. പാൻ ചവച്ച് തുപ്പിയും, വഴിയോരങ്ങളിൽ നിന്ന് ഹോൺ മുഴക്കിയും ലക്കും ലഗാനുമില്ലാതെ വണ്ടികൾ പാർക്ക് ചെയ്തുമൊക്കെ നമ്മുടെ മഹിമ വിളിച്ച് പറയുന്ന കുറെ മഹാന്മാരെ അവിടെ കണ്ടപ്പോൾ, മീഠാ പാൻ വാങ്ങി മുറുക്കി, ഒന്ന് നീട്ടിത്തുപ്പിയിട്ട്, ഞാനും എന്റെ സുഹൃത്തും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഡെവോൺ തെരുവിലെ ആലുക്കാസ്

പിന്നീട്, അവിടെ നിന്നും അഞ്ച് മണിക്കൂറോളം വണ്ടിയോടിച്ച്, ഗ്രെലിങ് എന്ന സ്ഥലത്തുള്ള റമഡാ ഇന്നിൽ വിശ്രമിച്ചു. സ്ലീപ്പിങ് ബേർ ഡ്യൂൺസി (Sleeping Bear Dunes National Lakeshore, Michigan) ലേക്കായിരുന്നു പിറ്റേന്ന് ഞങ്ങൾ പോയത്. ഡ്യൂൺ (dune) എന്ന് വച്ചാൽ മണൽക്കൂനകൾ എന്നർത്ഥം. മിഷിഗൺ തടാകക്കരയിൽ, പതിനായിരത്തോളം വർഷങ്ങൾക്ക് മുന്നേ, ഏതോ പ്രകൃതിക്ഷോഭത്തിൽ പെട്ട് ഉണ്ടായ, തടാകത്തിലെ തിരമാലകളാൽ രൂപീകൃതമായ മല പോലെയുള്ള വലിയ മണൽക്കൂനകളാണ് അവിടെയുള്ളത്. ചിലകാഴ്ചകളിൽ, അവിടം അറേബ്യൻ മണലാരണ്യം പോലെ തോന്നിക്കും. ചില സ്ഥലങ്ങളിൽ, പലതരത്തിലും മരങ്ങളുടെ വിത്തുകൾ വീണ് പൊടിച്ച്, നിബിഡ വനങ്ങളായി മാറിയിട്ടുണ്ട്. കാടിന്റെയും, കടൽ പോലെ തോന്നിക്കുന്ന തടാകത്തിന്റെയും, മണലാരണ്യത്തിന്റെയും ഒരുമിച്ചുള്ള മനോഹരമായ കാഴ്ചയാണ് അവിടെ പ്രകൃതി ഒരുക്കിയിട്ടുള്ളത്. 

മണലാരണ്യത്തിലൂടെ വണ്ടിയോടിക്കാൻ അവിടെ അനുവാദമുണ്ട്. അവിടെയുള്ള കറങ്ങലിലാണ്, അവിചാരിതമായി ഒരു ഡ്യൂൺ ക്ലൈംബ് (Dune Climb) ന്റെ മുന്നിൽ ഞങ്ങൾ എത്തിപ്പെട്ടത്. 

തടാകത്തിലേക്ക് മണല്പരപ്പിലൂടെ ഇറങ്ങുന്നു

ഞങ്ങൾ ഒരു വലിയ മണൽക്കൂനക്ക് മുകളിലാണ്. തീർത്തും ചെങ്കുത്തായ കുന്നിന് താഴെ മിഷിഗൺ തടാകം. കുറേപ്പേർ കുന്നിന്റെ മുകളിൽ കൂടി നിൽപ്പുണ്ട്. അവിടെ ചെന്നപ്പോൾ കുറച്ച് പേർ പതുക്കെ തടാകത്തിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടു. ഞങ്ങളും ഇറങ്ങാൻ പ്ലാനിട്ടു. അപ്പോഴാണ് ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടത്. 'ഇറങ്ങുന്നതൊക്കെ കൊള്ളാം. പക്ഷേ തിരിച്ച് കയറാൻ പറ്റിയില്ലെങ്കിൽ, അഥവാ അവിടെ കുടുങ്ങി, ഞങ്ങളുടെ റെസ്ക്യു വിഭാഗത്തിന് നിങ്ങളെ രക്ഷപ്പെടുത്തേണ്ടി വന്നാൽ 3000 ഡോളർ പിഴ ഒടുക്കേണ്ടി വരും.' - ഇതായിരുന്നു ആ ബോർഡിലെ സന്ദേശത്തിന്റെ ചുരുക്കം.

വീണ്ടും താഴെ നോക്കിയപ്പോൾ, കുറച്ച് പേർ, കൈകളും കാലുകളും കുത്തി കുരങ്ങന്മാരെപോലെ തിരിച്ച് കയറാൻ ശ്രമിക്കുന്നതും, രണ്ട് മൂന്നോളം അടി മാത്രം മുന്നോട്ട് വച്ചതിന് ശേഷം വിശ്രമിക്കുന്നതും അത് തന്നെ വീണ്ടും ആവർത്തിക്കുന്നതും കണ്ടു. ഇത് കണ്ടയുടനെത്തന്നെ എന്റെ വാമഭാഗവും, സുഹൃത്തിന്റെ വാമഭാഗവും തടാകത്തിലേക്ക് ഇറങ്ങാനുള്ള ഉദ്യമത്തിൽ നിന്ന് പിന്തിരിഞ്ഞു. 

അവിടെയുള്ള റെസ്ക്യു ഗാർഡിനോട് അന്വേഷിച്ചപ്പോൾ 450 ഫീറ്റ് വെർട്ടിക്കൽ കയറ്റമാണ് ആ കയറ്റത്തിന്റെ ഉയരമെന്ന് അറിയിച്ചു. പക്ഷേ തിരിച്ച് കയറുമ്പോൾ അതിന്റെ effect 2500 ഫീറ്റ് തോന്നിക്കുമത്രേ; കാരണം, ഇളക്കമുള്ള പൂഴിയായത് കൊണ്ട്, ഒരു സ്റ്റെപ്പ് കയറുമ്പോൾ, പൂഴി ഊരിത്താഴ്ന്ന്, കയറുന്നവർ രണ്ട് സ്റ്റെപ്പ് പിന്നോട്ടേക്ക് വീണ്ടും പോകും!

വേണോ വേണ്ടായോ എന്ന ശങ്കയിൽ, ഞാനും സുഹൃത്തും ഞങ്ങളുടെ നാല് മക്കളും ഒന്ന് അറച്ച് നിന്നെങ്കിലും, ഒടുവിൽ ഇറങ്ങാൻ തന്നെ തീരുമാനിച്ചു. തിളക്കമുള്ള മണലിൽ കാലാഴ്ത്തിയുള്ള സുഖമുള്ള ഇറക്കം.ചെങ്കുത്തായി ഇറങ്ങുമ്പോൾ, ശരീരത്തിന്റെ ഭാരം പിന്നിലോട്ടിട്ടില്ലെങ്കിൽ മൂക്കും കുത്തി നേരെ തടാകത്തിലേക്ക് ഉരുണ്ടുരുണ്ട് പെട്ടന്ന് തന്നെ എത്താൻ പറ്റും! 

മിഷിഗൺ തടാകം ഡ്യൂൺസിന്റെ മുകളിൽ നിന്നും

പകുതിയോളം ദൂരം ഇറങ്ങിയപ്പോൾ, എന്റെ കൂട്ടുകാരൻ അവിടെ ഇരിപ്പുറപ്പിച്ചു. ഇനി മുന്നിലേക്കില്ലെന്ന് ആംഗ്യം കാട്ടി. എന്തായാലും, ഞാനും കുട്ടികളും വീണ്ടും മുന്നോട്ടേക്ക് ഇറങ്ങി. പോകുന്ന പോക്കിൽ, തിരിച്ച് നാല് കാലിൽ കിതച്ച് കരഞ്ഞ് കയറുന്നവരെ കണ്ടപ്പോൾ, ചിരിയടക്കി ഞാനും സങ്കടം അഭിനയിച്ചു. 'ജീവിതത്തിൽ എപ്പഴെങ്കിലും കുരങ്ങന്റെ വേഷം കെട്ടേണ്ടി വരുമല്ലോ' എന്നൊക്കെ പറഞ്ഞ് അവരുമായി തമാശകൾ പങ്ക് വച്ചു. ഒരു മണിക്കൂർ കയറിയിട്ടും കയറ്റത്തിന്റെ കാൽ ഭാഗം മാത്രമെത്തി പട്ടിയെപ്പോലെ കിതക്കുന്ന ആളുമായി കുറച്ച് സംസാരിക്കാൻ ശ്രമിച്ചു. കിതപ്പിൽ അധികം സംസാരിക്കാൻ പറ്റാത്തത് കൊണ്ട്, ബാക്കി തിരിച്ച് വരുമ്പോൾ മനസ്സിലാകുമെന്ന് അദ്ദേഹം കൈകൊണ്ടും മുഖം കൊണ്ടും ആംഗ്യം കാട്ടി. 

ഈ കാഴ്ചകളൊന്നും ഞങ്ങളുടെ ഇറക്കത്തെ ഒട്ടും തടഞ്ഞില്ല. പക്ഷേ, കുട്ടികളുടെ ഇറക്കത്തിന്റെ വേഗം പതുക്കെ കുറയുന്നത് കാണാമായിരുന്നു. എന്തായാലും ഒരാവേശത്തിന്റെ പുറത്ത്, പത്ത് മിനുട്ടുകൾ എടുത്ത് കാണും, ഒടുവിൽ എന്റെ പാദങ്ങൾ തടാകക്കരയിൽ തൊട്ടു. ശുദ്ധമായ ജലമുള്ള തടാകം മുന്നിലുള്ളപ്പോൾ അതിലിറങ്ങി കുളിക്കാതെ എങ്ങനെയാണ് തിരിച്ച് പോരിക? കടലിലെപ്പോലെ തിരമാലകൾ അവിടെ വീശിയിരുന്ന വേഗത്തിലുള്ള കാറ്റിൽ നൃത്തം വച്ച് വരുന്നുണ്ട്. ഒരുക്കങ്ങളൊന്നും ഇല്ലാത്തത് കൊണ്ട്, ടീഷർട്ട് അഴിച്ച് നേരെ തടാകത്തിലേക്ക് ചാടി തേവാരവും നീന്തലും മുങ്ങാംകുഴിയും ആരംഭിച്ചു. 

അപ്പഴേക്കും കുട്ടികൾ താഴെ എത്തി. അവരാരും തടാകത്തിൽ ഇറങ്ങിയില്ല. പതിനഞ്ച് മിനുട്ടോളം മിഷിഗൺ തടാകത്തിൽ മദിച്ചതിന് ശേഷം, കുട്ടികളുമൊത്ത് തിരിച്ച് കയറ്റം ആരംഭിച്ചു. ആവേശത്തിന് ഒരു കുറവും ഇല്ലാത്തത് കൊണ്ട്, കുട്ടികളുമായി പന്തയം വച്ചു. ആര് ആദ്യം കയറും? സമയം കൃത്യം ഉച്ചക്ക് രണ്ട് മണി!

ആക്രാന്തത്തിന് എല്ലാവരും ആഞ്ഞുകയറി. പക്ഷേ കയറാൻ കഴിയുന്നില്ലെന്ന് അപ്പോഴാണ് മനസ്സിലായത്! പത്ത് സ്റ്റെപ്പുകൾ മുന്നോട്ട് വെക്കുന്നതിന് മുന്നേ എല്ലാവരും കിതച്ച്, രണ്ട് കാലിൽ നിന്ന് നാല് കാലിലേക്ക് താണു! പിന്നെ ഓരോരുത്തരുടെയും കയറ്റം പല സ്പീഡിലായിരുന്നു. കുത്തനെയുള്ള കയറ്റമായത് കൊണ്ടും, മുകളിലോട്ട് ഉയരം നോക്കിയും താഴേക്ക് തടാകം ത്തിലേക്കുള്ള താഴ്ച നോക്കിയും കുട്ടികൾ പേടിക്കുന്നത് കണ്ടപ്പോൾ, ആ അവസരം മുതലാക്കി, ഞാനെന്റെ കയറ്റത്തിന്റെ വേഗത കുറക്കുന്നത് പോലെ കിതച്ച് അഭിനയിച്ച് അവരുടെ കൂടെ നിന്നു!

കുട്ടികൾക്ക് കുറച്ച് ധൈര്യം കൊടുത്ത്, അവരുടെ കൂടെ, എന്നാലും അവരുടെ മുന്നിലായി, ഏന്തിവലിഞ്ഞ് എന്റെ കൂട്ടുകാരൻ ഇരിക്കുന്നിടം വരെ എത്തുമ്പഴേക്കും വയറിലെ വൺ പാക്ക്, സിക്സ് പാക്കാകാൻ തുടങ്ങിയിരുന്നു! കുട്ടികൾ അവിടെ എത്തിയതോടെ, എല്ലാവരും ഒരുമിച്ച് വീണ്ടും കയറാൻ തുടങ്ങി. കൂട്ടുകാരൻ കുട്ടികളുടെ കൂടെയുള്ള ധൈര്യത്തിൽ, ഞാൻ എന്റെ ആവേശം കാണിക്കാൻ തുടങ്ങി. വയസ്സ് അമ്പതായെങ്കിലും, എവിടെയെങ്കിലും കുട്ടികളോട് മത്സരിച്ച് ജയിച്ച് കാണിക്കേണ്ടതുണ്ടല്ലോ! കിതച്ചും കിടന്നും നാല് കാലിൽ നടന്നും കയറ്റം മുഴുവൻ കയറി വാച്ചിൽ സമയം നോക്കുമ്പോൾ സമയം 2:35pm. മുപ്പത്തഞ്ച് മിനുട്ടുകൾ കൊണ്ട് ആ കയറ്റം കയറിയിരിക്കുന്നു! എല്ലാവരെയും തോൽപിച്ച സന്തോഷത്തിൽ പുറകിലോട്ട് നോക്കിയപ്പോൾ, കൂട്ടുകാരനും കുട്ടികളും തുടങ്ങിയതിനടുപ്പിച്ചായിത്തന്നെ പല ഉയരങ്ങളിലായി ചിതറിക്കിടപ്പാണ്. 

കൂട്ടുകാരന്റെ കാര്യം വളരെ കഷ്ടമായിരുന്നു. രണ്ട് സ്റ്റെപ്പ് വെക്കുമ്പഴേക്കും കിതച്ച് പോകുന്നതിനാൽ, അവന് കയറാൻ പറ്റുന്നുണ്ടായിരുന്നില്ല. കുട്ടികൾ പതുക്കെയാണെങ്കിലും കയറുന്നുണ്ട്. കൂട്ടുകാരന് ഒരു കൂട്ടിന് വേണ്ടി, ഞാൻ വീണ്ടും താഴേക്കിറങ്ങി. അവനെ പ്രോത്സാഹിപ്പിച്ച് കൊണ്ട്, അവൻ കരയുമ്പോഴും അവന്റെ വീഡിയോ എടുത്ത് ആസ്വദിച്ച് കൊണ്ട്, വീണ്ടും പതുക്കെ അവന്റെ കൂടെ കയറാൻ തുടങ്ങി. റെസ്ക്യു ഗാർഡിനെ വിളിച്ചാൽ മൂവ്വായിരം ഡോളർ കൊടുക്കേണ്ടി വരുമെന്നോർത്തപ്പോൾ ഇല്ലാത്ത ആവേശം ഉണ്ടാക്കി അവനും പതുക്കെ കയറാൻ തുടങ്ങി. ഇതിനിടയിൽ പല സമയങ്ങളിലായി കുട്ടികൾ മുകളിലെത്തിയിരുന്നു. ഒടുക്കം കൂട്ടുകാരനൊപ്പം മുകളിലെത്തുമ്പഴേക്കും സമയം നാല് മണി ആവാറായിരുന്നു. 

സത്യത്തിൽ ആ ഇറക്കവും കയറ്റവും 'once in life time opportunity' ആയിരുന്നു. അത് നഷ്ടപ്പെട്ടെങ്കിൽ, ഒരു വലിയ നഷ്ടമായേനെ. മുകളിലെത്തുമ്പഴേക്കും കിതച്ച് അവശനായതിനാൽ, കൂട്ടുകാരന് വീണ്ടും അവിടെ കറങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ല. അത്രയ്ക്കും അവൻ തളർന്നു പോയിരുന്നു. 

അഞ്ച് മണിക്കടുപ്പിച്ച്, ഞങ്ങൾ അവിടെ നിന്നും തിരിച്ച്, ട്രാവേർസ് സിറ്റി എന്ന സ്ഥലത്തെത്തി. കടൽത്തീരം പോലെ വിശാലമായ തടാകതീരത്തുള്ള, water activities ചെയ്യാൻ പറ്റിയ സ്ഥലം. വൈകിയതിനാൽ, അവിടെയെത്തി, ഉച്ചഭക്ഷണവും അത്താഴവും ഒരുമിച്ച് കഴിച്ചു. Water activities ഒക്കെ പണ്ട് കുറെ ചെയ്തതിനാലും സമയം വൈകിയതിനാലും, ഹോട്ടലിലേക്ക് തന്നെ വീണ്ടും  തിരിച്ചു.

പിറ്റേന്ന് പോയത്, മാകിനാക് ദ്വീപിലേക്കാണ് (Mackinac Island). പഞ്ചമഹാതടാകങ്ങളിൽ ഒന്നായ ഹ്യുറോൺ തടാകത്തിന്റെ വടക്കേ അറ്റത്ത്, മിഷിഗൺ സംസ്ഥാനത്തിന്റെ വടക്കൻ ഉപദ്വീപിന്റെയും (peninsula) തെക്കൻ ഉപദ്വീപിന്റെയും ഇടയിലായി, പാലങ്ങളാൽ ബന്ധിക്കപ്പെടാത്ത ഒരു വലിയ ദ്വീപാണ് മാകിനാക് ദ്വീപ്. ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടെ രണ്ട് ഉപദ്വീപുകളെയും ബന്ധിപ്പിച്ച് അഞ്ച് മൈലുകളോളം നീളമുള്ള മനോഹരമായ ഒരു പാലം അവിടയുണ്ട്. വാഹനങ്ങൾ പോകുന്ന സമയത്തും, ശക്തമായ കാറ്റിൽ, ആ പാലം പതിനഞ്ച് അടിയോളം ഇരുവശങ്ങളിലേക്കും പെൻഡുലം പോലെ ആടും!

പണ്ട് കാലത്തെ ഒരു ട്രേഡ് സെന്റർ ആയിരുന്നു മാകിനാക്. ഫ്രഞ്ച്കാരാണ് ആ ദ്വീപിൽ ആദ്യം ആധിപത്യം സ്ഥാപിച്ചത്. അഞ്ഞൂറോളം പേര് മാത്രമേ ആ ദ്വീപിൽ സ്ഥിരമായി ഇപ്പോൾ താമസമുളളൂ. കച്ചവടവും അധികാരവും സംരക്ഷിക്കാൻ 1700 കളിൽ ഒരു കോട്ട അവിടെ സ്ഥാപിച്ചിട്ടുണ്ട്. ആ ദ്വീപിൽ മോട്ടോർ വാഹനങ്ങളൊന്നും പാടില്ല. കുതിരവണ്ടികളും ബൈസിക്കിളുകളും മാത്രം. അവിടത്തെ ആരോഗ്യമുള്ള, ഭീമാകാരന്മാരായ, പല നിറങ്ങളിലുള്ള ബൽജിയൻ ബ്രീഡ് കുതിരകളെ കാണാൻ തന്നെ നല്ല ചന്തമാണ്‌. മനുഷ്യന്മാരെ ചികില്സിക്കുന്ന ഡോക്ടർമാരേക്കാൾ, മൃഗഡോക്ടർമാരാണ് അവിടെ കൂടുതൽ. ഒരു വർഷത്തിൽ, മെയ് മുതൽ സെപ്റ്റംബർ വരെ മാത്രമേ അവിടെ വിനോദസഞ്ചാരപരിപാടികൾ ഉണ്ടാവുകയുള്ളൂ. അവിടെയുണ്ടാക്കുന്ന, പലതരത്തിലുള്ള ഫഡ്‌ജ് (Fudge) എന്ന മധുരപലഹാരം വളരെ പേര് കേട്ടതാണ്. കോട്ടയും, പരേഡും, മ്യൂസിയങ്ങളും, പണ്ടത്തെ കച്ചവടങ്ങളുമായി ബന്ധപ്പെട്ട കാഴ്‌ചകളും കുതിരസവാരിയും water activities ഉം മനോഹരമായ ദ്വീപ് തന്നെയുമാണ് അവിടെ കാഴ്ചകളായിട്ടുള്ളത്. 

ഫെറിയിൽ ദ്വീപിലെത്തിയ ഞങ്ങൾ, അവിടത്തെ തെരുവിലെ കുറച്ച് കാഴ്‌ചകൾ കണ്ടതിന് ശേഷം, കുതിരസവാരി ചെയ്യാൻ തീരുമാനിച്ചു. വ്യക്തിപരമായി, മൃഗസവാരിക്കെതിരാണെങ്കിലും, ഒരു കൂട്ടായ്മയെക്കരുതി ഞാനും സമ്മതം മൂളി. ഞങ്ങൾക്ക് കിട്ടിയത്, മൂന്ന് കുതിരകളെ പൂട്ടിയ വലിയ വണ്ടിയായിരുന്നു. അതിൽ കയറിയാൽ, ആ ദ്വീപിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളും ചുറ്റിക്കാണാം. 

മോദിയോടൊപ്പം(മോഡി മറുവശത്താണ്) ഞങ്ങളും 

എല്ലിസ് ആയിരുന്നു വണ്ടിക്കാരൻ. അദ്ദേഹം കുതിരകളെ പരിചയപ്പെടുത്തി. ഇടത് ഭാഗത്തുള്ളത് എഡ്ഡി, നടുക്ക് സൈമൺ. വലത് ഭാഗത്തെ കുതിരയുടെ പേര് കേട്ടപ്പോൾ ഞങ്ങളൊന്ന് ഞെട്ടിയെങ്കിലും ചിരിച്ച് പോയി. അവന്റെ പേര് 'മോഡി' എന്നായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ബഹുമാന സൂചകമായിട്ടാണോ ആ പേരിട്ടതെന്ന് എല്ലിസോട് ചോദിച്ചെങ്കിലും, 'അല്ലെ'ന്ന ഉത്തരമാണ് കിട്ടിയത്. എന്നാലും അങ്ങനെ ആവാതിരിക്കാൻ വഴിയില്ലെന്ന് ഞങ്ങളും കരുതി. മോഡിയോടുള്ള ആദരവ് തന്നെയായിരിക്കണം കാരണം.

വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് മോഡിയുടെ കൈയ്യിലിരിപ്പ് മനസ്സിലായത്. സൈമണെയും എഡ്ഡിയെയും അപേക്ഷിച്ച്, അവന് കുറുമ്പ് കൂടുതലാണ്. സൈമണാണ് കുതിരകളുടെ നേതാവെങ്കിലും, മോഡി അവനാണ് നേതാവെന്ന ഭാവത്തിലാണ് നടപ്പ്. കുതിരക്കാരൻ ഇടത്തോട്ടേക്ക് പോകാൻ പറഞ്ഞാൽ സൈമണും എഡ്ഡിയും ഇടത്തേക്ക് പോകുമെങ്കിലും മോഡി, വലത്തേക്ക് പോകും. ചിലപ്പോൾ അവൻ ഒറ്റക്ക് വേഗത്തിൽ പോകും, ചിലപ്പോൾ സ്വയം വേഗത കുറക്കും. കുതിരക്കാരൻ കുറേ താക്കീതുകൾ കൊടുത്തെങ്കിലും, മോഡി അനുസരിക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ എല്ലിസ്, അവന്റെ ചാട്ട പതുക്കെ ഉപയോഗിക്കാൻ തുടങ്ങി. മോദിയുടെ വലത് നെഞ്ചിന്റെയും വയറിന്റെയും ഭാഗത്ത് ചാട്ട പതിയുമ്പോൾ, എന്തോ, മോഡിയെക്കാളും വല്ലാത്ത വേദന ഞങ്ങൾക്ക് തോന്നി. അത്, മോഡി എന്ന കുതിരയോടുള്ള സ്നേഹം കൊണ്ടാണോ, അതോ ദേശസ്നേഹം കൊണ്ടാണോ എന്ന് ശരിക്കും മനസ്സിലാക്കാൻ ഞങ്ങൾ ശരിക്കും പാടുപെട്ടു. നീരവ് മോഡി, ലളിത് മോഡി തുടങ്ങിയ കള്ളന്മാരെ ഓർത്തപ്പോൾ, വേദന കുറച്ച് കുറഞ്ഞു വരുന്നതായി തോന്നി. യമിത് മോഡി എന്ന പണ്ടത്തെ ബുദ്ധിമാനായ ഒരു സഹപ്രവർത്തകനെ ഓർത്തപ്പോൾ വീണ്ടും വേദന കൂടി. പ്രധാനമന്ത്രിയെ ഓർത്തപ്പോൾ വീണ്ടും വേദന വർദ്ധിച്ചു. ഒടുക്കം നോട്ട് നിരോധനത്തെക്കുറിച്ച് ചിന്തിച്ചാണ് ഉള്ളിലെ ഒടുങ്ങാത്ത വേദനക്ക് കുറച്ചെങ്കിലും ശമനം ഉണ്ടാക്കിയത്!

വെകുന്നേരത്തെ തിരിച്ചുള്ള ഫെറി പിടിച്ച് മക്കിനാ സിറ്റിയിൽ എത്തിയതിന് ശേഷം, കാറുമെടുത്ത് മാക്കിനാ പാലത്തിലൂടെ മിഷിഗൻറെ വടക്കൻ പെനിസുലയിലേക്ക് കടന്നു. പാലം കടക്കാൻ നാല് ഡോളർ ടോൾ കൊടുത്തു. അവിടെ നിന്ന് വീണ്ടും നാല് ഡോളർ ടോൾ കൊടുത്ത്, ഞങ്ങളെല്ലാവരും നേരെ ഡെട്രോയിറ്റിലേക്ക് തിരിച്ചു. 

ഏഴാം ദിവസം രാവിലെ ഞങ്ങൾ ഡിട്രോയിറ്റ്‌ നഗരത്തോടും സുഹൃത്തിന്റെ കുടുംബത്തോടും വിടപറഞ്ഞ് നയാഗ്രയിലേക്ക് പുറപ്പെട്ടു. കനേഡിയൻ ബോർഡർ അടച്ചത് കാരണം, നാലോളം മണിക്കൂറുകളെടുത്ത്, കാനഡയിലൂടെ നയാഗ്രക്ക് പോകാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് ക്ളീവ്ലാൻറ് വഴി, ഏഴ് മണിക്കൂറോളം വളഞ്ഞ് യാത്ര ചെയ്യണം നയാഗ്രക്ക്. നയാഗ്രയിലേക്ക്, മുന്നേ രണ്ട് തവണ പോയിട്ടുണ്ടെങ്കിലും ഇളയ മകൾ നയാഗ്ര ഇതുവരെ അവളുടെ ഓർമ്മയിൽ കണ്ടിട്ടുണ്ടായിരുന്നില്ല. 

നയാഗ്ര വെള്ളച്ചാട്ടം - പകൽ സമയത്ത്

ഏഴാം ദിവസം വൈകുന്നേരം ഏഴ് മണിക്ക് തന്നെ നയാഗ്രയിലെത്തി. നയാഗ്ര ഇത്രയും കാലിയായി ഇതുവരെ കണ്ടിട്ടില്ല. കൊറോണ കാരണം, സാധാരണ ഉണ്ടാവാറുള്ള തിരക്കിൻറെ പത്ത് ശതമാനം പോലും തിരക്ക് അവിടെ ഉണ്ടായിരുന്നില്ല. തെരുവുകളെല്ലാം പൊതുവെ വിജനം. ആവുന്നത് പോലെ വേഗത്തിൽ, നയാഗ്രയുടെ വിവിധ ഭാവങ്ങളും വശങ്ങളും ഇരുട്ടുന്നതിന് മുന്നേ തന്നെ കണ്ടു തീർത്തു. കാരണം, പിറ്റേന്നത്തെ കാലാവസ്ഥ നല്ല ഇടിയും മഴയുമാണെന്നാണ് അറിഞ്ഞത്. കുറച്ച് നേരം കൂടി കറങ്ങി, ഇരുട്ടിയതിന് ശേഷമുള്ള നയാഗ്രയുടെ സൗന്ദര്യവും ആസ്വദിച്ച്, ഹോട്ടലിൽ വന്ന് കിടന്നു. 

എട്ടാം ദിവസം, രാവിലെത്തന്നെ ഹെലികോപ്റ്റർ റൈഡിന് ശ്രമിച്ചെങ്കിലും കാലാവസ്ഥ മോശമായതിനാൽ നടന്നില്ല. നേരെ 'Maid of the Mist' ഉം 'Cave of the Winds' ഉം കാണാൻ പുറപ്പെട്ടു. തിരക്കില്ലാഞ്ഞതിനാൽ പെട്ടന്ന് തന്നെ ടിക്കറ്റെടുക്കാനും കാഴ്ചകൾ കാണാനും സാധിച്ചു. ഈ രണ്ട് ടിക്കറ്റെടുക്കുമ്പോഴും കിട്ടുന്ന മഴക്കോട്ട് ഇട്ട്, അവിടെ വളരെ നേരത്തോളം  പെയ്ത കനത്ത മഴയത്ത്, ഗോട്ട് ദ്വീപിന് ചുറ്റും വെള്ളച്ചാട്ടത്തിന് ചുറ്റും നടക്കാൻ പ്രത്യേക രസമായിരുന്നു.

നയാഗ്ര വെള്ളച്ചാട്ടം - രാത്രിയിൽ

'Maid of the Mist' ഉം 'Cave of the Winds' ഉം ആസ്വദിച്ച് നയാഗ്രയുടെ തീരത്ത് നിൽക്കുമ്പോഴാണ്, ഒന്ന് രണ്ട് കാര്യങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടത്. ഒന്നാമതായി, നയാഗ്രാവെള്ളച്ചാട്ടത്തിൽ നിന്നുണ്ടാകുന്ന നുരയും പതയും മുഴുവനായിട്ടും കാനഡയുടെ തീരത്ത് അടിഞ്ഞ് കൂടി വൃത്തികേടായിരിക്കുന്നു. എന്തുകൊണ്ട് നുരയുടെയും പതയുടെയും ഒരംശം പോലും യുഎസ്സിന്റെ തീരത്ത് വരുന്നില്ല എന്ന ചിന്ത എന്നെ അതിശയിപ്പിച്ചു. വെള്ളത്തിന്റെ ഒഴുക്കാണ് കാരണം എന്ന ന്യായമൊക്കെ പറയാമെങ്കിലും, ആ ഒഴുക്ക് പോലും യുഎസ്സ് കാനഡക്കിട്ട് കൊടുത്ത പണിയായിരിക്കില്ലേ എന്ന് തന്നെ ഞാൻ സംശയിച്ചു. യുഎസ്സ് സൈഡിലെ പരിപാടികൾക്കൊക്കെ അത്യാവശ്യം ആൾക്കാരുടെ ബാഹുല്യം ഉണ്ടായിരുന്നെങ്കിലും കാനഡയുടെ ഭാഗത്ത് നിന്നുള്ള ബോട്ട് സവാരിക്ക് വിരലിൽ എണ്ണാൻ പറ്റുന്ന ആളുകളേ ഉണ്ടായിരുന്നുള്ളൂ. കൊറോണ നാട്ടിൽ നടമാടുന്നുണ്ടെങ്കിലും, അമേരിക്കയുടെ ഭാഗത്ത് നിന്ന് തള്ളിക്കൂട്ടിയിരിക്കുന്ന നുരയും പതയും ഉണ്ടാക്കിയ വൃത്തികേടുകൾ തന്നെയായിരിക്കും, കാനഡക്കാരെ നയാഗ്ര കാണുന്നതിൽ നിന്ന് പിന്തിരിപ്പിച്ചതെന്നായിരുന്നു എന്റെ കണക്ക് കൂട്ടൽ.

രണ്ടാമതായിട്ടുള്ള കാര്യമായിരുന്നു, എന്നെ വളരെയേറെ ചിന്തിപ്പിച്ചത്. അതിന്റെ പ്രമുഖ കാരണം, അവിടെ ഉണ്ടായിരുന്ന പക്ഷികളുടെ ചിന്തയാണ്. 

'Maid of the Mist' ഉം 'Cave of the Winds' ഉം ആസ്വദിക്കുമ്പോൾ, വെള്ളച്ചാട്ടത്തിന്റെ യുഎസ്സിന്റെ കരയിൽ മാത്രമായി കാക്കത്തൊള്ളായിരം നീർകാക്കകളും താറാവുകളും ഗീസുകളും എരണ്ടകളും മറ്റ് വിവിധതരം പക്ഷികളും കൂട്ടം കൂടി നിൽക്കുന്നത് കണ്ടു. എന്നാൽ, കാനഡയുടെ കരയിൽ, ഒരൊറ്റ പക്ഷികളെപ്പോലും കണ്ടില്ല. വെള്ളത്തിലിറങ്ങിയ പക്ഷികളാകട്ടെ, നദിയുടെ പകുതിക്കും യുഎസിന്റെ കരക്കും ഇടയിലുള്ള ഭാഗത്തായിട്ട് മാത്രമേ നീന്തുന്നുള്ളൂ. പറക്കുന്ന പക്ഷികൾ പോലും ഒരു വരക്കപ്പുറംപറക്കാത്തത് പോലെ. അതൊരു അത്ഭുതമായിട്ട് എനിക്ക് തോന്നി. പക്ഷികളും രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികൾ പാലിക്കുന്നുണ്ടോ? 

പക്ഷികൾ അമേരിക്കൻ ഭാഗത്ത് കൂടി നിൽക്കുന്നു

എന്നാലും കാനഡയിലെ പക്ഷികളെയെങ്കിലും അവിടെ കാണണ്ടേ? അവിടത്തെ പക്ഷികൾ എവിടെ പോയി? പക്ഷികളുടെ അടുത്ത് കൂടെ നടക്കുമ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ചിലവ മുട്ടകളിട്ട് അവയ്ക്ക് മേലെ അടയിരിക്കുന്നു. ചില പക്ഷികൾക്ക് പറക്കമുറ്റാത്ത കുഞ്ഞുങ്ങളുണ്ട്. അവയ്ക്കൊന്നും പെട്ടന്ന് അവിടം വിട്ട് പോകാൻ പറ്റില്ല. അതിൽ ചില പക്ഷികൾ കാനഡക്കാരായിരിക്കാം. 

കൊറോണ കാരണം ബോർഡർ അടച്ചതാവാം പല പക്ഷികളും കാനഡയിലേക്ക് പോകാത്തത്. ചില പക്ഷികൾക്ക് വിസാ പ്രശ്നങ്ങളായിരിക്കാം. എന്നാലും കാനഡയിലെയും യുഎസ്സിലെയും പൗരന്മാരായ പക്ഷികൾക്ക് ബോർഡർ കടക്കുന്നതിന് എന്താണ് പ്രയാസം എന്ന് എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. ചിലപ്പോൾ, കാനഡയിൽ വാക്സിൻ കിട്ടാൻ വൈകുന്നത് കൊണ്ട്, യുഎസ്സിൽ വന്ന് വാക്സിനെടുത്ത് തിരിച്ച് പോകാൻ കാത്ത് നിൽക്കുന്നത് കൊണ്ടായിരിക്കാം, കനേഡിയൻ ഭാഗത്ത് ഒരൊറ്റ പക്ഷികളെയും കാണാത്തത് !

എന്തായാലും ഈ വിഷയത്തെക്കുറിച്ച് കുറച്ച് കൂടി ചിന്തിക്കാൻ ഒരു ദിവസം കൂടി നയാഗ്രയിലെ ഹോട്ടലിൽ തന്നെ തങ്ങി. ദീർഘനേരത്തെ വിശ്രമത്തിനും ഉറക്കത്തിന് ശേഷവും, വേറെ ഉത്തരമൊന്നും കിട്ടാഞ്ഞതിനാൽ ഒമ്പതാമത്തെ ദിവസം നേരെ വീട്ടിലേക്ക് തിരിച്ച് പോന്നു. അപ്പഴേക്കും വണ്ടിയിലെ ഓഡോമീറ്ററിൽ 2658 മൈലുകൾ (4615KM) അധികം കൂടിയിരുന്നു!

***

2020 മാർച്ച് 20, വെള്ളിയാഴ്‌ച

അമ്മായിഅച്ഛന്റെ ഓട്ടം (കൃസ്തീയകാന്തവികർഷണങ്ങൾ - 4)

(Picture Courtesy: Google)

നാല് ഭാഗങ്ങളുള്ള ഒരു പരമ്പരയാണ് കൃസ്തീയകാന്തവികർഷണങ്ങൾ. അതിലെ അവസാനത്തെ ഭാഗമാണ് ഇവിടെ എഴുതുന്നത്.

ആമുഖം & ആദ്യഭാഗം: ഠാക്കൂറിന്റെ ചെരുപ്പേറ് (കൃസ്തീയകാന്തവികർഷണങ്ങൾ - 1)
മൂന്നാം ഭാഗം: ബിരിയാണി ദഹനം (കൃസ്തീയകാന്തവികർഷണങ്ങൾ - 3)

വറ്റുകൈ കൊണ്ടാട്ടിയകറ്റിയ കോഴികൾ വീണ്ടും
വറ്റെന്നയാകർഷണത്താൽ  തിരികെ വന്ന് കൊത്തിടും
വചനഘോഷണം നടത്തും പ്രഭൃതികളെ സദയം നിരാകരിച്ചാൽ
നീചരായ് വീണ്ടും വരും തൻ മസ്തിഷ്‌കം തുടയ്ക്കുവാൻ !

കഥയിലേക്ക്:
2007 ൽ ഞങ്ങൾ മേരിലാന്റിലെ ബൂവി എന്ന് പറയുന്ന പട്ടണത്തിലേക്ക് താമസം മാറി. 2009 ൽ എന്റെ ഭാര്യയുടെ മാതാപിതാക്കൾ ഞങ്ങളെ സന്ദർശിക്കാൻ വന്നു. എനിക്കും കെട്ട്യോൾക്കും രണ്ടാമത്തെ കുഞ്ഞ് ഭൂജാതയായ സമയമാണ്. നാട്ടുകാരോട് നല്ല പച്ച മലയാളത്തിൽ മാത്രം സംസാരിച്ചിരുന്ന അവർക്ക്, ഇവിടെയെത്തിയപ്പോൾ മിണ്ടാനും പറയാനും ഞങ്ങൾ മാത്രമായി. സത്യത്തിൽ അവർക്ക് ഒരു തരം മടുപ്പായിരുന്നു ഇവിടെ. എല്ലാത്തിനും ഞങ്ങളുടെ സഹായം വേണം.

അങ്ങനെയിരിക്കേ ഒരു ദിവസം വൈകുന്നേരം, ഞാൻ ആപ്പീസ് ജോലിയും കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി. സ്വാഭാവികമായും മറ്റുള്ളവർ വീട്ടിലുണ്ട് എന്ന ധാരണയിൽ വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ ഉള്ളിൽ മറ്റുള്ളവരെ കൂടാതെ പരിചയമില്ലാത്ത രണ്ട് പേര് കൂടിയുണ്ടായിരുന്നു.

"ഇതാണ് അച്ഛനും അമ്മയ്ക്കും കിട്ടിയ പുതിയ ചങ്ങാതിമാർ." ഭാര്യ ഭവ്യതയോടെ മൊഴിഞ്ഞു.

ഭാര്യയുടെ അച്ഛനമ്മമാർക്ക് ഇങ്ങനെ രണ്ട് ചങ്ങാതിമാരെ കിട്ടിയത് ഇതിന് മുന്നേ ഒരു ദിവസം ഭാര്യ പറഞ്ഞിരുന്നു. വീട്ടിൽ കൂനിക്കൂടിയിരുന്നുള്ള മടുപ്പ് മാറ്റാൻ, അവർ വൈകുന്നേരങ്ങളിൽ നടക്കാൻ പോകും. അങ്ങനെ ഒരു ദിവസം അവർ നടക്കാൻ പോയി തിരിച്ചു വരുമ്പോൾ വളരെ സന്തോഷത്തോടെയായിരുന്നു വന്നത്. അവരുടെ കൂടെ അവരുടെ പ്രായത്തിൽത്തന്നെയുള്ള മലയാളികളായ ഭാര്യാഭർത്താക്കന്മാരായ വേറെ രണ്ടുപേരും കൂടി ഉണ്ടായിരുന്നു. അതായിരുന്നു അവരുടെ സന്തോഷത്തിന്റെ കാരണം. ആ ദമ്പതികളും അവരുടെ മകനെ കാണാൻ നാട്ടിൽ നിന്ന് വന്നതായിരുന്നു. തോമസ്സെന്നോ മറ്റോ ആയിരുന്നു ആ ദമ്പതിമാരിലെ ആണ്‍ പ്രജയുടെ പേര്. ഒരു വിരമിച്ച പോലീസുകാരൻ, തൃശ്ശൂരുകാരൻ.

ഞാൻ അവരോട് കുശലം പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞിട്ടും ഭാര്യാപിതാവിനെ പുറത്ത് കാണുന്നില്ല.

"ഓർക്ക്‌ തലവേദനയാണ്. കിടക്ക്വായിരിക്കും. നേരത്തേ ഉണ്ടായിരുന്നു." ഞാൻ ചോദിച്ചപ്പോൾ ഭാര്യാമാതാവ് പറഞ്ഞു

"അങ്ങനെയാണോ? ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ. ഓ.. എന്നാൽ ഞങ്ങളിറങ്ങാം. നിങ്ങളെ നടക്കാനിറങ്ങുന്ന സമയത്തൊന്നും കാണാത്തതു കൊണ്ടാണ് ഞങ്ങൾ വന്നത്." അവര് എഴുന്നേറ്റു.

"എന്നാൽ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം"

എന്റെ ഭാര്യയും ഭാര്യാ മാതാവും പരസ്പരം നോക്കി. ഞാൻ അവരെയും നോക്കി. എനിക്കെന്തൊക്കെയോ പറയാൻ വന്നു. ഇതേ പോലെ ഒന്നിലധികം തവണ ഇതുപോലുള്ള സാഹചര്യങ്ങൾ അഭിമുഖീകരിച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രഹസനങ്ങൾക്ക് ഒരു തരത്തിലും തല വച്ച് കൊടുക്കരുതെന്ന് തീരുമാനിക്കുകയും ചെയ്താണ്. മുളയിലേ നുള്ളിക്കളയണം. പക്ഷേ, എന്റെ ഭാര്യയുടെ അച്ഛനമ്മമാരുടെ മുന്നിൽ വച്ച് മനസ്സിലുള്ളതൊക്കെ എങ്ങനെ പറയും? മാത്രവുമല്ല അവരുടെ സുഹൃത്തുക്കൾ കൂടിയാണ് ഈ കഥാപാത്രങ്ങൾ. അതും ഞാൻ പറയുന്ന രീതി അവർക്ക് ദഹിച്ചില്ലെങ്കിലോ? എന്റെ വായിൽ വന്നത്, ഞാൻ കടിച്ചുപിടിച്ചങ്ങ് വിഴുങ്ങി. അവർ പ്രാർത്ഥന തുടങ്ങി. എല്ലാവരും പ്രതിമ നിന്നത് പോലെ നിൽക്കുകയാണ്. ഭാര്യയും അമ്മയും എന്നെ ഇടംകണ്ണ് കൊണ്ട് ഇടയ്ക്കിടെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്. ഞാൻ പല്ല് ഇറുക്കിക്കടിച്ച് കൊണ്ട് അങ്ങനെ നിന്നു. ഒടുവിൽ പ്രാർത്ഥന കഴിഞ്ഞു.

"നാളെ നടക്കാൻ നേരം കാണുമല്ലോ.. അല്ലേ" തോമസ് ചേട്ടൻ അമ്മായി അമ്മയെ നോക്കി ചോദിച്ചു.

അമ്മായിഅമ്മ 'അതെ' എന്നോ 'അല്ല' എന്നറിയാത്തമട്ടിൽ പുഞ്ചിരിച്ചെന്നോണം തലയാട്ടി.

"അപ്പോ നാളെ കാണാം...." അതങ്ങ് ഉറപ്പിച്ചത് പോലെ അവർ നടന്നകന്നു.

അവർ പോയതിന് ശേഷം, അതാ വരുന്നു, "പോയോ" എന്ന് ചോദിച്ചു കൊണ്ട്, തലവേദന കൊണ്ട് പുളഞ്ഞ് കിടന്നിരുന്ന എന്റെ ഭാര്യാപിതാവ്. അദ്ദേഹത്തിന് ആകെയൊരു ചമ്മലുള്ളത് പോലെ.

"പെട്ട് പോയതാ മോനെ.... നീയൊന്നും തെറ്റിദ്ധരിക്കരുത്...." അദ്ദേഹം അന്തഃർമുഖതയോടെ പറഞ്ഞു.

"ഓ അത് നിങ്ങള് കാര്യമാക്കണ്ട... ഞാനിങ്ങനെ കുറേ കണ്ടതാ..." ഞാനും അദ്ദേഹത്തെ സമാധാനിപ്പിക്കാൻ പറഞ്ഞു.

" ഇങ്ങനെ ഇവര് വീട്ടിൽ കേറി പ്രാർത്ഥിച്ച് കളയൂന്നൊന്നും ഞമ്മള് വിചാരിച്ചിരുന്നില്ല.

"നിങ്ങളാ കാര്യം വിട്ടേക്കച്ഛാ.... ഇയാളെയേക്കാളും വെല്യ പുള്ളികളെ നമ്മള് നേരിട്ടിട്ടുണ്ട്." ഞാൻ വീണ്ടും അദ്ദേഹത്തെ സമാധാനിപ്പിച്ചു. ഇതുപോലെ ഞങ്ങളുടെ ജീവിതത്തിൽ മുന്നേ സംഭവിച്ച പല കഥകളും പറഞ്ഞ് അദ്ദേഹത്തെ ഒന്നുഷാറാക്കി. കഥകളൊക്കെ കേട്ടപ്പോൾ എല്ലാവർക്കും ചിരിയടക്കാൻ പറ്റാതായി.

പ്രശ്നമെന്താണെന്ന് വച്ചാൽ തോമസ്സ് ചേട്ടൻ വീട്ടിൽ ആദ്യത്തെ തവണ വന്നപ്പോഴും എന്റെ വീട്ടിൽ പ്രാർത്ഥന നടന്നിരുന്നു. ചായയൊക്കെ കുടിച്ച് പിരിയാൻ നേരം ഇത് പോലെ തന്നെ അവര് പ്രാർത്ഥന തുടങ്ങി. വഴിവക്കിൽ വെച്ച് കിട്ടിയത് 'പാമ്പാ'യോ എന്ന മട്ടിൽ, ഒന്നും മിണ്ടാതെ, പെട്ടന്നുണ്ടായ പകച്ചലിൽ എല്ലാവരും പ്രാർത്ഥന കേട്ടിരുന്നു. വേറെന്ത് പറയാൻ. ഈ സംഭവം ഞാൻ അറിയരുതെന്ന് ഭാര്യാ പിതാവ് എല്ലാരേയും ചട്ടം കെട്ടിയിരുന്നു. അത് കൊണ്ട് മാത്രം ഞാൻ പ്രാർത്ഥനാക്കഥ അറിഞ്ഞിരുന്നില്ല. ആ സസ്പെൻസാണ് ഇന്ന് പൊളിഞ്ഞ് പോയത്. ആ നാണക്കേടിലായിരുന്നു ഭാര്യാപിതാവ്. അതുകൊണ്ടാണ് ഞാൻ വരുന്ന സമയം, ഈപ്പറഞ്ഞ ദമ്പതികൾ വീട്ടിലുള്ളത് കൊണ്ട് അദ്ദേഹം തലവേദനയുടെ കഥ പറഞ്ഞ് ഉള്ളിൽ കേറി വാതിലടച്ച് കിടന്ന് കളഞ്ഞത് !

അന്യമതസ്ഥരായ ഒട്ടേറെ സുഹൃത്തുക്കൾ ഉള്ളയാളാണ് എന്റെ ഭാര്യാപിതാവ്. മലബാറിലെ ഒരു കുടിയേറ്റ മേഖലയിലാണ് വീട്. ആ നാട്ടിലെ പേരെടുത്ത ഒരു രാഷ്ട്രീയപ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. സ്വന്തം നാട്ടിലെ കോൺഗ്രസ്സിന്റെ ഒരുകാലത്തെ കിരീടം വെക്കാത്ത രാജാവ്. രാഷ്ട്രീയത്തിലെ പുഴുക്കുത്തുകൾ കാരണം സജീവരാഷ്ട്രീയം ഉപേക്ഷിച്ച മനുഷ്യൻ.  രാഷ്ട്രീയം കൊണ്ട് നഷ്ടങ്ങൾ ഉണ്ടായെങ്കിലും ഇന്നും നാട്ടുകാർക്ക് ആവുന്നപോലെ സഹായങ്ങൾ ചെയ്യുന്ന നല്ല മനുഷ്യൻ. പത്തിരുപത് വർഷങ്ങൾക്ക് മുന്നേ അദ്ദേഹത്തിന് അർബുദരോഗം വന്ന് വിഷമിച്ചപ്പോൾ, അദ്ദേഹത്തിന്റെ അന്യമതസ്തരായ സുഹൃത്തുക്കളും അദ്ദേഹത്തിന് വേണ്ടി പല നേർച്ചകളും പ്രാർത്ഥനകളും നേർന്നിരുന്നു. ഒരു ഉൽപതിഷ്ണുവായ അദ്ദേഹം, അവരെയൊന്നും നിരാശപ്പെടുത്തിയിരുന്നില്ല. ക്രിസ്ത്യാനികളുടെ ആഗ്രഹപ്രകാരം പള്ളികളിൽ ധ്യാനമിരുന്നിട്ടുണ്ട്. പോട്ടയിൽ ധ്യാനം കൂടിയിട്ടുണ്ട്. മുസ്ലീം സഹോദരങ്ങളുടെ ആഗ്രഹപ്രകാരം ഉറൂസിൽ പങ്കു കൊണ്ടിട്ടുണ്ട്. ഓരോരുത്തർക്കും അവരവരുടെ പ്രാർത്ഥനകളിൽ പങ്കെടുപ്പിക്കുവാൻ വളരെ ഉത്സാഹമായിരുന്നു. അതിൽ പല സുഹൃത്തുക്കളും സ്നേഹം കൊണ്ട് മാത്രമായിരുന്നു അങ്ങനെയൊക്കെ ചെയ്തത്. അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാനായിരുന്നു എന്റെ ഭാര്യാപിതാവിനിഷ്ടം. എന്നിരുന്നാലും ചില ആളുകളുടെ ഉദ്ദേശശുദ്ധി സംശയാസ്പദമായിരുന്നു. പോട്ടയിലെ വചനാമൃതം മാസിക അദ്ദേഹത്തിന്, അദ്ദേഹം പോലും അറിയാതെ 'ഫ്രീ'യായി വരാൻ തുടങ്ങിയത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. നാട്ടിലെ ചില സഹോദരങ്ങൾ അദ്ദേഹം മതം മാറിയെന്ന് വരെ നാട്ടിൽ പ്രചരിപ്പിക്കാൻ തുടങ്ങി. പക്ഷേ ഈ പറഞ്ഞ കാര്യങ്ങളൊന്നും അദ്ദേഹം ഒട്ടും കാര്യമാക്കിയില്ല. എന്റെ ഭാര്യയും, ഇതുപോലെ നമുക്കുണ്ടായ, പഴയ ചില കഥകൾ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിക്കാണണം. അതുകൊണ്ടായിരിക്കാം, അദ്ദേഹത്തിന് എന്റെ മുന്നിൽ ഉരുണ്ട് കളിക്കേണ്ടി വന്നത്.

ഈ ദമ്പതികൾ മതം മാറ്റാനുള്ള തരത്തിൽ, അതുവരെ സംസാരിച്ചിരുന്നില്ല. എന്നിരുന്നാലും അങ്ങനെയുണ്ടാവാതിരിക്കാനുള്ള മുൻകരുതൽ നമ്മളെടുക്കണമല്ലോ. പിറ്റേന്ന് മുതൽ തന്നെ, എന്റെ ഭാര്യാമാതാപിതാക്കന്മാർ, മറ്റേ ദമ്പതികളെ കാണാതിരിക്കാൻ വേണ്ടി, അവർ സാധാരണ നടക്കാറുള്ള സമയക്രമം മാറ്റി. മാത്രവുമല്ല, ഇനിയെങ്ങാനും അവർ വീട്ടിൽ വന്ന് കതകിന് മുട്ടുകയാണെങ്കിൽ, വാതിൽ  തുറക്കേണ്ട എന്ന നിയമവും പാസ്സാക്കി.

അങ്ങനെയിരിക്കേ, ഒരു ദിവസം വൈകുന്നേരം ഞാൻ ആപ്പീസ് വിട്ടു വരുന്ന വഴിക്ക്, ഈ ദമ്പതികളെ വഴിക്ക് കണ്ടു. ഞാൻ അവരോട് കുശലം പറഞ്ഞ ശേഷം ഞങ്ങൾക്ക് ഈത്തരം പരിപാടികളിലും ഇതുപോലെയുള്ള പ്രാർത്ഥനകളിലും താല്പര്യമില്ലെന്നറിയിച്ചു. അവർ കുറച്ചൊക്കെ അവർ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും എന്റെ താല്പര്യമില്ലായ്മ വ്യക്തമായി ഞാൻ പ്രകടമാക്കി. നീരസത്തോടെയാണെങ്കിലും അവർ 'ശരി' എന്ന രീതിയിൽ തല കുലുക്കി നടന്നകന്നു.

ആഴ്ചകൾ രണ്ടോ മൂന്നോ കഴിഞ്ഞുകാണും. ഒരു ദിവസം വൈകുന്നേരം, സാധാരണയിൽ നിന്ന് ഇത്തിരി നേരത്തേ, ഞാൻ ജോലിയും കഴിഞ്ഞ് വീട്ടിലെത്തി. വാതിൽക്കൽ നിൽക്കുമ്പോൾത്തന്നെ അകത്ത് നിന്ന് എനിക്ക് പ്രാർത്ഥന കേൾക്കാം. എന്റെ പ്രഷർ കൂടാൻ അധികസമയമൊന്നും എടുത്തില്ല. സാധാരണ കൊട്ടുന്നതിന്റെ പത്തിരട്ടി ശബ്ദത്തിൽ ഞാൻ കതകിന് കൊട്ടി. വാതിൽ തുറന്നു. ഭാര്യയുടെ ഭയപ്പാട് മുഖത്ത് നിന്നും വായിച്ചെടുക്കാം. ഉള്ളിലേക്ക് രംഗപ്രവേശനം ചെയ്ത സമയത്ത് തന്നെ പ്രാർത്ഥന പകുതിക്ക് നിന്ന് പോയിരുന്നു. നമ്മുടെ തോമ്മാച്ചേട്ടനും ഭാര്യയും പകച്ച് നിൽപ്പുണ്ട്. ഭാര്യാമാതാവ്, ചെറിയ മോളെയും തൂക്കി അടുക്കളയിലേക്ക് ധൃതിയിൽ പോകുന്നത് കണ്ടു. എല്ലാത്തിലും രസമായിത്തോന്നിയത് വേറൊരു കാഴ്ചയായിരുന്നു.

എന്നെക്കണ്ടയുടനെ, എന്റെ ഭാര്യാപിതാവ്, മുഖ്യവാതിലിന് മറുവശത്തുള്ള ബാൽക്കണിയുടെ 'സ്ലൈഡ് ഡോർ' വലിച്ച് തുറന്ന് ഒരു കയ്യിൽ മുണ്ടും പൊക്കിപ്പിടിച്ച് പുറത്തേക്കൊരു നടത്തം. അത് നടത്തമൊന്നുമായിരുന്നില്ല, അദ്ദേഹത്തിൻറെ രീതിക്ക്, ഒരു തരം ഓട്ടം തന്നെയായിരുന്നു. വീടുപണിക്കിടയിൽ ടെറസ്സിൽ നിന്ന് വീണത് മുതൽ അദ്ദേഹത്തിൻറെ കാലിന് അത്ര ബലമുണ്ടായിരുന്നില്ല. അതുകൊണ്ട് ഏന്തിവലിച്ചുള്ള ഒരോട്ടം തന്നെയായിരുന്നു. ഇത്തരത്തിലുള്ള ഒരന്തരീക്ഷം വീണ്ടും ഉണ്ടായ  സാഹചര്യത്തിൽ, എന്നെ അഭിമുഖീകരിക്കാനുള്ള വിമുഖത; അതായിരുന്നു കാരണം. നേരെ തൊട്ടപ്പുറത്തുള്ള തടാകക്കരയിലേക്കുള്ള യാത്രയാണെന്ന് എനിക്ക് മനസ്സിലായി. ആ കാഴ്ച കണ്ടപ്പോൾ ചിരി വന്നെങ്കിലും തോമാച്ചന്റെയും ഭാര്യയുടെയും സാന്നിദ്ധ്യത്തിൽ, ചിരിയൊക്കെ പോയി ദേഷ്യം തിളച്ച് വന്നു.

"തോമാച്ചനോട് ഞാൻ പറഞ്ഞതല്ലേ, ഈ പണ്ടാര ബിസിനസ്സും കൊണ്ട് ഇനി വന്നേക്കരുതെന്ന്... മര്യാദക്ക് പറഞ്ഞാലൊന്നും നിങ്ങൾക്ക് മനസ്സിലാവൂല്ലേ... ഞങ്ങളെ വിൽക്കാൻ വച്ചിട്ടുണ്ടെന്നാണോ നിങ്ങളുടെ വിചാരം?... "

"ഇല്ല വേണൂ... പറ്റിപ്പോയതാ... കഴിഞ്ഞു... ഇനിയുണ്ടാകത്തില്ല.... കഴിഞ്ഞു...Sorry... ഞങ്ങളിറങ്ങുവാ...." ഞാൻ തുടരുന്നതിനിടെ തോമാച്ചൻ ഇടപെട്ടു. അദ്ദേഹം പിന്നെയവിടെ നിന്നില്ല... നേരെ വാതിലിനടുത്തേക്ക് വേഗത്തിൽ നീങ്ങി.
"വാടീ.. പോവ്വാം..." അദ്ദേഹത്തിൻറെ ഭാര്യയും തോമാച്ചന്റെ പിന്നാലെ വച്ചുപിടിച്ചു. രണ്ടു പേരും വാതിലും തുറന്ന് പുറത്തേക്ക് ധൃതിയിൽ നടന്നകന്നു. എനിക്ക് കൂടുതലൊന്നും പറയേണ്ടി വന്നില്ല.

ഞാൻ ഇത്തിരി കിതപ്പോടെ സോഫായിലേക്കിരുന്നു.

"നിങ്ങക്ക് എവിടുന്ന് കിട്ടി ഈ മാരണങ്ങളെ പിന്നേം...?" തോമാച്ചനെ ഒഴിവാക്കാൻ പ്രോട്ടോക്കോൾ ഉണ്ടാക്കിയിട്ടും എങ്ങനെ വീണ്ടും വലയിൽ കുടുങ്ങി എന്നതിനെക്കുറിച്ച് എനിക്ക് സംശയം തീരുന്നില്ല...

അപ്പഴാണ് അമ്മായിഅമ്മ കഥ ചുരുക്കി വിവരിച്ചത്. തോമാച്ചനെ പേടിച്ച്, രണ്ടു പേരും അവർ പുറത്ത് നടക്കാൻ പോകുന്ന സമയക്രമം മാറ്റിയിരുന്നു. പക്ഷേ ഇന്ന് പോയപ്പോ യഥാവിൽ തോമ്മാച്ചനെയും ഭാര്യയേം വീണ്ടും കണ്ട് മുട്ടി. കണ്ടപ്പോൾ, അവർക്ക് സംസാരിക്കാതിരിക്കാൻ പറ്റിയില്ല. തോമാച്ചനും ഞാനവരെ വിലക്കിയതിന്റെ പങ്കപ്പാടൊന്നും കാണിച്ചില്ല. അവർ ഒന്ന് രണ്ട് വട്ടം തടാകത്തിന് ചുറ്റും നടന്നു. തിരിച്ച് പോകുന്ന വരവിൽ എന്റെ വീടിനടുത്ത് എത്തിയപ്പോൾ പിന്നെ കാണാം എന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിഞ്ഞെങ്കിലും, തോമാച്ചനും ഭാര്യയും അവരുടെ പിന്നാലെ വരികയായിരുന്നത്രേ ! അമ്മായിഅച്ഛനമ്മമാർക്ക് അവരെയൊട്ട് വിലക്കാനും പറ്റിയില്ല. ഞാനെത്താൻ വൈകുമെന്ന തോന്നലുള്ളത് കൊണ്ട് വേഗം പ്രാർത്ഥിച്ച് പോയിക്കൊള്ളുമെന്ന് കരുതിയത്രേ.. പക്ഷേ ഞാൻ അവിചാരിതമായി നേരത്തേയെത്തിയത് എല്ലാം കുളമാക്കി !

അപ്പഴേക്കും എന്റെ കിതപ്പൊക്കെ തീർന്നിരുന്നു. എനിക്ക് ചിരി പൊട്ടി.  പതുക്കെ എല്ലാവരും ആവോളം ചിരിച്ചു. പിന്നെയൊട്ടും അമാന്തിക്കാതെ, ചെറുതിനെ സ്‌ട്രോളറിൽ ഇരുത്തി, മൂത്തവളുടെ കയ്യും പിടിച്ച്, നമ്മളെല്ലാവരും അമ്മായിഅച്ഛനെ തേടി തടാകക്കരയിലേക്ക്  വച്ച് പിടിച്ചു.

ഉപസംഹാരം:
എനിക്ക് മനസ്സിലാവാത്തത്, ഞങ്ങളെ കണ്ടാൽ, ഞങ്ങൾ മതം മാറുവാനോ മറ്റോ അതീവ തല്പരരാണെന്നോ മറ്റോ തോന്നുമോ എന്നുള്ളതാണ്. ഇവരെന്തിന് ആളുകളെ മതം മാറ്റാൻ നടക്കുന്നു? നാളെ, എന്റെ ഇന്നത്തെ ചിന്തകളൊക്കെ തെറ്റാണെന്നും, നന്നായി ജീവിക്കാൻ ഒരു മതം ആവശ്യമാണെന്നും ആ മതത്തിലെ ദൈവം മാത്രമാണ് ശരിയായ ദൈവമെന്നും  മറ്റും എനിക്ക് തോന്നിയാൽ, അന്ന് ഞാൻ സ്വയം എടുക്കേണ്ട തീരുമാനമല്ലേ അത്? ഓരോരുത്തരും എല്ലാം അറിയട്ടെ. എല്ലാ മതങ്ങളെപ്പറ്റിയും അറിയട്ടെ. മതമേലദ്ധ്യക്ഷൻമാരെപ്പറ്റി അറിയട്ടെ. രാഷ്ട്രീയക്കാർ അവരുടെ അണികളെ ഉണ്ടാക്കുന്നത് പോലെ ഭക്തരെ ഉണ്ടാക്കി ജീവിക്കുന്നവരെപ്പറ്റി അറിയട്ടെ. ആചാരങ്ങളിലെ പൊള്ളത്തരങ്ങളെ കുറിച്ചറിയട്ടെ.

അവനവന്റെ വീട്ടിൽ പ്രാർത്ഥനയൊക്കെ കൊള്ളാം. പക്ഷേ അതിന് പിന്നിലെ ആകർഷണ ചേതോവികാരമാണ് മനസ്സിലാവാത്തത്.  ദൈവം ഉണ്ടെന്ന് കരുതുന്നത് ഉത്തരം കിട്ടാത്ത പല വിടവുകളും അടയ്ക്കാനുള്ള അതിവേഗപരിഹാരമാണ്. മിഥ്യയായ ദൈവത്തെ ഓരോരുത്തരും അവരവരുടേത് മാത്രമാണെന്ന്  പറഞ്ഞ് നടക്കുന്നതിലെ യുക്തി എന്താണ്? വിശ്വാസിയായ ഒരാൾ, അവന്റെ മകനെ മാർക്കില്ലെങ്കിലും വിദേശത്തയച്ച് പഠിപ്പിക്കുമ്പോൾ, നല്ലവണ്ണം പഠിക്കുന്ന ദരിദ്രനായ അവന്റെ അയൽവാസിക്കുട്ടിയെ കാണാതെ പോകുമ്പോൾ, ഏത് ദൈവമാണ് പ്രസാദിക്കുക? പുരോഹിതന്മാർക്കും ആൾദൈവങ്ങൾക്കും കോടികളുടെ സ്വത്തും ആർഭാട ജീവിതവും എന്തിനാണ്? പാവങ്ങൾക്ക് വസിക്കുവാൻ ഒരു കൂര പോലുമില്ലാത്തപ്പോൾ, കോടികൾ മുടക്കി ഇല്ലാത്ത ദൈവങ്ങൾക്ക് ആലയങ്ങൾ പണിയുന്നതെന്തിനാണ്?

ക്രിസ്തുമതം മിഷനറി പ്രവർത്തനത്തിലൂടെ സാമ്രാജ്യങ്ങളുണ്ടാക്കിയപ്പോൾ ഇസ്ലാം മതം യുദ്ധങ്ങളിലൂടെ സാമ്രാജ്യങ്ങളുണ്ടാക്കി. പതിനാറാം നൂറ്റാണ്ടിലെ reformation movement ലൂടെ ക്രിസ്തുമതം കുറച്ചെങ്കിലും ശാസ്ത്രത്തോടടുത്തെങ്കിലും ഇന്നും പുരാതന ഗോത്രനിയമങ്ങൾ നടപ്പിലാക്കുന്ന ഇസ്ലാം മതം, ഒരു renovation ന് പാത്രമാകുന്നത്, പ്രവാചകനായ മുഹമ്മദ്‌ നബി അവസാന പ്രവാചകനാകുന്നതിലൂടെ ഇല്ലാതാവുകയാണ്. അദ്വൈതവും വസുദൈവ കുടുംബകവും മറ്റുമാണ് പ്രമാണങ്ങളെങ്കിലും, 'ഹിന്ദു'മതത്തിൽ (ഭാരതീയ ആചാരങ്ങളിൽ) ഇനിയും എത്രയോ പുരോഗമനപരമായ മാറ്റങ്ങൾ ആവശ്യമായിട്ടുണ്ട്. വീണ്ടുമൊരു നവോത്ഥാനത്തിന്, വിവേകാനന്ദനെ പോലെയുള്ള ആളുകൾ ഇനിയും ഭാരതത്തിൽ ജനിക്കേണ്ടിയിരിക്കുന്നു. രാജഭരണം പോയി ജനായത്തഭരണം വന്നത് പോലെ, ഇന്നത്തെ മതങ്ങളെ മുഴുവൻ പൊളിച്ചെഴുതി, ആഗോളതലത്തിൽ, മാനുഷിക തലത്തിൽ മാത്രമുള്ള ഒരു ജനായത്ത സംവിധാനം ഉണ്ടാകട്ടെ.

എല്ലാ മനുഷ്യരുടെയും ഘടന ഒന്ന് തന്നെയാണ്. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോഴാണ്, അല്ലെങ്കിൽ ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് ചോദ്യം ചോദിച്ചയാളിന്റെ 'ഘടന' മതത്തിന്റെ പേരിൽ മാറ്റുന്നത്.  മതം മാറ്റുന്നതിന് പകരം മനുഷ്യരെ നന്നാക്കാൻ മാത്രം ശ്രമിക്കുക. തെറ്റുകളെ ചൂണ്ടിക്കാണിക്കാനെങ്കിലും മനുഷ്യർക്ക് അനുവാദം നല്കുക. ഏത് മതമായാലും, പെറ്റുകൂട്ടിയും ആളുകളെ പ്രലോഭിപ്പിച്ചും മതം വളർത്താതിരിക്കുക. മതം മാറ്റാൻ ശ്രമിച്ച് സ്വയം അപമാനിതരാകാതിരിക്കാൻ ശ്രമിക്കുക. മതത്തെ ഉപയോഗിച്ച് ജീവിക്കാതിരിക്കുക. ജാതിമതവികാരങ്ങളില്ലാതെ മാനവികത മാത്രം തുളുമ്പുന്ന മാനവപാരമ്പര്യം ഉണ്ടാവുമെന്ന അത്യാഗ്രഹമൊന്നുമില്ലെങ്കിലും അങ്ങനെ ആഗ്രഹിച്ചെങ്കിലും എനിക്കീ ജന്മം മുന്നോട്ട് തള്ളണം !!

വയലാറിനെ ഓർക്കാം:
"മനുഷ്യൻ മതങ്ങളെ സൃഷിടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
ഈ മണ്ണ് പങ്ക് വച്ചൂ....."

***

2014 ഏപ്രിൽ 13, ഞായറാഴ്‌ച

ഓണം - ചില ചിന്തകൾ (2013 KCS KAGW ഓണം ആശയം)

ശ്രീ

൨൦൧൩(2013) ലെ ഓണം വാഷിംഗ്‌ടണ്‍ ഡി സി യിലെ മലയാളി കുടുംബങ്ങൾക്ക് ഒരു നല്ല വർഷമായിരുന്നു, കാരണം, ചരിത്രത്തിൽ ആദ്യമായി രണ്ടു മലയാളി സംഘടനകൾ (കെ എ ജി ഡബ്ലു & കെ സി എസ്) ഒരുമിച്ചു ഓണം ആഘോഷിക്കാൻ തീരുമാനിച്ചു എന്നത് തന്നെ. ഇതിന്, അന്നത്തെ സംഘടനാ സാരഥികളായ ശ്രീ മനോജ്‌ ശ്രീനിലയത്തിനും ഗോപകുമാറിനും പ്രത്യേകമായി നന്ദി രേഖപ്പെടുത്തുന്നു.  ഈ തീരുമാനത്തിനു അനുബന്ധമായി  ആഘോഷാവതരണത്തിന് ഒരു ആശയം നിശ്ചയിച്ചു  - 'ഒരു നാട്, ഒരു പൈതൃകം, ഒരു ഓണം'.
സംഘടനകളുടെ സംഘാടകർ, പ്രത്യേകിച്ച്, ശ്രീ. സുരേഷ് നായർ(വിനോദ സമിതി), എന്നോട് ഈ ആശയം വികസിപ്പിച്ച് അവതരണയോഗ്യമാക്കാൻ പറ്റുമോ എന്ന് അന്വേഷിച്ചു. അതിനു വേണ്ടി ശ്രീ. ഹരിദാസ് നമ്പ്യാർ അധ്യക്ഷനായി ശ്രീ. ബിനോയ്‌ ശങ്കരെത്തിനെ കൂടി ഉൾപ്പെടുത്തി ഒരു ഉപസമിതി രൂപവൽക്കരിച്ചു. പ്രതിഭാധനനായ ഹരിദാസ് നമ്പ്യാർ തന്ന ഒരു തീപ്പൊരിയാണ് ഞാൻ ഇവിടെ ആശയ രൂപത്തിൽ ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടുള്ളത്. ശ്രീ. ബിനോയ്‌ ശങ്കരെത്തിന്റെ ശ്രമഫലമായി ഇത്തിരി മാറ്റത്തോട്  കൂടി ഒരു ശബ്ദരേഖ ഇതിനു വേണ്ടി തയ്യാറാക്കപ്പെട്ടു. ഹരി നമ്പ്യാരുടെ മുഖ്യ സംവിധാനത്തിൽ, ആ ശബ്ദരേഖക്ക് അരങ്ങത്ത് സുഹൃത്തുക്കളായ ഒരു കൂട്ടം സഹൃദയർ (ക്രിഷ് ദിവാകരൻ - മഹാബലി, പ്രബീഷ് പിള്ള - മന്ത്രി, ശ്രീജിത്ത് നമ്പ്യാർ - അടിയാൻ, സുമേഷ് നമ്പ്യാർ - കണ്ണൂർകാരൻ, രതീഷ്‌ നായർ - കോഴിക്കോട്കാരൻ/തിരുവനന്തപുരം രാഷ്ട്രീയക്കാരൻ/ കൊച്ചിക്കാരൻ, സജു കുമാർ(കൊച്ചിക്കാരൻ) / ജയശങ്കർ  - തൃശ്ശൂരുകാർ, റോണി - കുട്ടനാട്ടുകാരൻ,  മധു നമ്പ്യാർ  -  കൊല്ലക്കാരൻ) നല്ല രീതിയിൽ വിരുന്നൊരുക്കുകയും ചെയ്തു. ഇതിനു കിട്ടിയ ഗംഭീര പ്രതികരണങ്ങൾക്ക് എല്ലാവരോടും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു . 
ഈ ആശയത്തിന്റെ മൂലരൂപം നിങ്ങളുടെ ശ്രദ്ധയിലേക്കായി സമർപ്പിക്കുന്നു. ഇതിന്റെ ഓരോ രംഗങ്ങളുടെയും ചലച്ചിത്രാവിഷ്കാരവും (കടപ്പാട്: ബാലചന്ദ്രൻ) കൂടെ കൊടുത്തിട്ടുണ്ട്. ഡിജിറ്റൽ രംഗപട സജ്ജീകരണങ്ങൾക്കും മറ്റ് കാര്യങ്ങൾക്കും വന്ന അപാകതകൾക്ക് ക്ഷമ ചോദിക്കുന്നു.

രംഗം ഒന്ന് 



[മഹാബലിയുടെ കൊട്ടാരം ആണ് രംഗം, ഇരുവശവും വർണ്ണ തൂണുകളാൽ അലങ്കരിക്കപ്പെട്ട കൊട്ടാരത്തിൽ 3 ഇരിപ്പിടങ്ങൾ. ഇരിപ്പിടങ്ങൾക്കിരുവശവും കുന്തമേന്തിയ ഭടന്മാർ. സദസ്സിലേക്ക് (വലതു ഭാഗത്തുകൂടി ) അനുചരന്മാരോടോപ്പം (രണ്ടു പേർ - അതിൽ ഒരാൾ മന്ത്രി) നടന്നു വരുന്ന മഹാബലി.]

മഹാബലി: (നേരെ വേദിയുടെ മദ്ധ്യഭാഗത്ത് വന്നതിനു ശേഷം) മന്ത്രിപുംഗവാ, നമ്മുടെ ഭരണത്തെപ്പറ്റി പ്രജകൾക്കൊക്കെ നല്ല അഭിപ്രായം ആയിരിക്കും അല്ലേ? ഈയിടെയായി ആരെയും പരാതിയുമായി കാണുന്നില്ലല്ലോ?

മന്ത്രി: അങ്ങ് പറഞ്ഞു തീർന്നില്ല, ദേ.. ആരോ ഒരാൾ കൊട്ടാരത്തിലേക്ക് വരുന്നുണ്ടെന്നു തോന്നുന്നു.

[ഒരു പരാതിക്കാരാൻ വേദിയിലേക്ക് കടന്നു വരുന്നു]

മന്ത്രി : എന്താണാവോ? പരാതി എന്തെങ്കിലുമാണെങ്കിൽ... ബോധിപ്പിക്കാം.

പരാതിക്കാരൻ: അയ്യോ, തിരുവുള്ളക്കേട്‌ ഉണ്ടാവരുത്, അടിയൻ , പരാതികളൊന്നും ബോധിപ്പിക്കാൻ വന്നതല്ല. മറിച്ചു അങ്ങയുടെ സൽഭരണത്തെ... പ്രകീർത്തിക്കാൻ വന്നതാണ്. പക്ഷെ ഞങ്ങൾ, പ്രജകൾ , ഈ രാജകൊട്ടാരത്തിൽ ഒരു ആഘോഷം കണ്ടിട്ട് ഏറെ നാളായി. അങ്ങ് മനസ്സ് വച്ച് അതിന് എന്തെങ്കിലും ഒരു .....

മഹാബലി: തീർച്ചയായും ... നാം പരിഗണിക്കുന്നുണ്ട്. നിങ്ങൾ പൊയ്ക്കൊള്ളു.

പരാതിക്കാരൻ: അടിയൻ... സന്തോഷായി ...

[പരാതിക്കാരൻ പോകുന്നു]

മഹാബലി: മന്ത്രി പുംഗവാ, സത്യത്തിൽ നമ്മുടെ മനസ്സിലും അങ്ങനെ ഒരു ചിന്ത ഇല്ലാതില്ല. ആ പോയ പ്രജയുടെ പരാതി, ഇപ്പൊ ത്തന്നെ അങ്ങ് പരിഹരിച്ചാലോ. (ചുറ്റും ഒന്ന് കണ്ണോടിച്ച  ശേഷം അനുചരന്മാരോടായി, കൈ കൊട്ടുന്നു.)  ആരവിടെ, വിളിക്കൂ നർത്തകിമാരെ , നൃത്തം ആരംഭിക്കട്ടെ !!!

[നൃത്തം ആരംഭിക്കുന്നു. മഹാബലിയും മന്ത്രിയും നൃത്തം ആസ്വദിക്കുന്നു]

[നൃത്തത്തിന് ശേഷം ചിന്തനിമഗ്നനായിരിക്കുന്ന മഹാബലി.]

മന്ത്രി: മഹാരാജൻ, അങ്ങ് എന്താണ് ആലോചിക്കുന്നത് ?

മഹാബലി: നാം ആലോചിക്കുകയായിരുന്നു, പുഴകളും മലകളും വയലുകളും കവിത പാടുന്ന നമ്മുടെ കേരളം , അതെ, നാം വിട്ടൊഴിഞ്ഞു പോന്ന നമ്മുടെ കേരള സാമ്രാജ്യം ഒരിക്കൽ കൂടി ഒന്ന് സന്ദർശിച്ചാലോ.

മന്ത്രി: ശരിയാണ് രാജൻ, ഓണക്കാലം ആയില്ലേ, ഇത് തന്നെയാണ്, അങ്ങയുടെ പ്രജകളെ സന്ദർശിക്കുവാൻ പറ്റിയ സമയം.

മഹാബലി:  മന്ത്രിപുംഗവാ, എങ്കിൽ ഒട്ടും വൈകണ്ട, രഥം തയ്യാറാക്കാൻ പറയു, നോം   കേരളത്തിലേയ്ക്ക് യാത്ര തിരിക്കുകയാണ്.

മന്ത്രി: അടിയൻ ..

മഹാബലി: ഇത്തവണ വടക്ക് നിന്ന് യാത്ര തുടങ്ങാം അല്ലെ ?

മന്ത്രി: അവിടുത്തെ ഇഷ്ടം മഹാരാജൻ

[രംഗം ഇരുളുന്നു. കുളമ്പടി ശബ്ദം... രംഗം തെളിയുന്നു.]

രംഗം രണ്ട്  



[അങ്ങനെ മഹാബലി കണ്ണൂര് (വ്യംഗ്യം) വന്നു ചേർന്നു. അവിടവിടെ രാഷ്ട്രീയ സംഘടനകളുടെ കൊടിതോരണങ്ങളും ശവകുടീരങ്ങളും പിന്നണിയിൽ. ഒരു വഴിപോക്കൻ പാതയോരത്ത് നിന്ന് മൊബൈൽ ഫോണിൽ സംസാരിക്കുന്നു]

വഴിപോക്കൻ: (ഫോണിൽ) എടാ രാജെശെ, നാളെ ഹർത്താലിനു എന്താ പരിപാടി? രണ്ടു കുപ്പി കൈയ്യീല്ണ്ട്. ഞി കോയി ബിരിയാണി ബാങ്ങീറ്റ് ബാ. ഞമ്മക്കൊന്നു കൂടാ. എന്താ... എന്നാപ്പിന്നെ ഞാൻ ബെക്കട്ടെ,

[പിന്നാമ്പുറത്ത് - ന്താഡാ  യ്യീ പെട്ടെന്ന് ബെക്കുന്നെ  ? ]

[വഴിപോക്കൻ: അല്ല... ഈടെ ആരെല്ലോ എന്തെല്ലോ വേശം കെട്ടി ബന്നിറ്റ്ണ്ട്. ആന്താന്ന് നോക്കട്ട്.]

വഴിപോക്കൻ: (മഹാബലിയോടു) നിങ്ങളാരാനപ്പാ? ഈടെയോന്നും മുമ്പ് കണ്ടിറ്റില്ലല്ലോ?

മഹാബലി: നോം മഹാബലി!

വഴിപോക്കൻ: (അത്ഭുതത്തോടെ തുറിച്ചു നോക്കുന്നു, ആത്മഗതം ) പടച്ചോനെ ഇത് ഞമ്മളെ മഹാബലി തന്നെയാന്നോ? ഈയാക്ക് ഓലക്കൊടേം പെരുങ്കൊടലും മീശേം ഒന്നും ഇല്ലല്ലോ.

മന്ത്രി: സംശയം ഒന്നും വേണ്ട, ഇത് മഹാബലി തിരുമേനി തന്നെ. ഡയറ്റിങ്ങ് ഒക്കെ ചെയ്തു വയറൊക്കെ പോയി. ഞാൻ അദ്ദേഹത്തിന്റെ മന്ത്രി. (കൊടിതോരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്) ഈ കാണുന്നതൊക്കെ എന്താണ്?

വഴിപോക്കൻ:  തിരുമേനി, ഇതല്ലേ രാഷ്ട്രീയക്കോലങ്ങള്? ഇപ്പൊ ഈറ്റ്യളല്ലേ ഈട്ത്തെ താരങ്ങള്..

മഹാബലി: സൗഹാർദ്ദത്തിന്റെ തെയ്യക്കോലങ്ങളുടെ സ്ഥാനത്തു രാഷ്ട്രീയക്കോലങ്ങളോ?

വഴിപോക്കൻ: അതെ തിരുമേനി... ഈ കോലങ്ങളുടെ എടേ പെട്ടിറ്റ് ഞമ്മക്കൊരു സ്വൈരോം ഇല്ല. ഞമ്മളിപ്പോ വിചാരിക്കുന്നത് നിങ്ങക്ക് ഞമ്മളെ ഒന്നുംകൂടി ഭരിച്ചൂടേന്നാ.

മഹാബലി: ഹും .... ഈ ഹർത്താലാഘോഷങ്ങളും അനാവശ്യ രാഷ്ട്രീയ രക്തസാക്ഷിക്രിയകളും മതഭ്രാന്തും ഒക്കെ നമ്മൾ കാണുന്നു. ഇതൊക്കെ ഒന്ന് ശരിയാക്കിയെടുക്കും വരെ നിങ്ങളെയും നിങ്ങളുടെ കൂട്ടുകാരെയും ഞാൻ എന്റെ മായാപ്രപഞ്ചത്തിലേക്ക് ഒന്ന് കൂട്ടിക്കൊണ്ടു പോകാം, വരൂ..

[കുറച്ചു നൃത്ത രൂപങ്ങൾ ]

രംഗം മൂന്ന് 



[മഹാബലി കോഴിക്കോട് എത്തുന്നു ]

മഹാബലി: മന്ത്രീ, നമ്മൾ വന്ന താമരശ്ശേരി ചുരം തീരെ മാറിയിട്ടില്ല അല്ലെ?

മന്ത്രി: അതെ തിരുമേനി.

മഹാബലി: പക്ഷെ ഈ മിഠായിത്തെരുവും മാനാഞ്ചിറയും വളരെ വൃത്തികേടായി കിടക്കുന്നു. ഇതൊന്നും നന്നാക്കിയെടുക്കാൻ ഇവിടെ ആരും ഇല്ലേ? ഹോ... നാറിയിട്ടു വയ്യല്ലോ.

(മന്ത്രിയും മഹാബലിയും മൂക്ക് പൊത്തുന്നു. വഴിയോരത്ത് നിന്ന് ഒരാൾ ഈ സംസാരം ഒക്കെ കേട്ട് ചിരിക്കുന്നു.)

അപരിചിതൻ: ഹ ഹ ഹാ .... എനിക്ക് വയ്യാ .. ഹ ഹ ഹാ ഇങ്ങളൊന്നും ഇവ്ടൊന്നും അല്ലേ?  ഇതൊക്കെ ഇവ്ടെ സാധാർണല്ലേ ... ഇപ്പൊ ഇവ്ടൊക്കെ  ഈ മണം ഇല്ലെങ്കിലാ... പ്രശ്നം. പണ്ട് പപ്പുവേട്ടൻ ഉണ്ടായിരുന്നപ്പോ ഉള്ളു തുറന്നു ഒന്ന് ചിരിക്ക്വെങ്കിലും ചെയ്യാരുന്നു. മൂപ്പര് പോയെപ്പിന്നെ ഇപ്പൊ മണത്തിട്ടു ബായി  തൊറന്നൊന്നു ചിരിക്കാൻ കൂടി ബയ്യാണ്ടായി.... അ..ദ്  ..ബ്ടെ നിക്കട്ടെ.. ങ്ങ്ള് ആരൊക്കെയാ ? പക്ഷെ... ഇബടെ ഒന്നും കണ്ടിറ്റില്ലല്ലോ.

മന്ത്രി: ഇത് മഹാബലി ചക്രവർത്തി, ഞാൻ അദ്ദേഹത്തിന്റെ മന്ത്രി.

അപരിചിതൻ: അയ്യോ തിരുമേനി. ങ്ങ്ള് ബല്ലാണ്ടങ്ങായിപ്പോയല്ലോ .. ങ്ങ്ള്  പണ്ട് കല്ലായിക്കടപ്പൊറത്ത് പത്തേമാരീന്നെറങ്ങുന്ന ഒരു പടം  ഇപ്പയും  എന്റെ ഖൽബില്ണ്ട്.

[മഹാബലി അത്ഭുതത്തോടെ മന്ത്രിയെ നോക്കുന്നു, മന്ത്രിക്കു ചിരി വരുന്നു]

മന്ത്രി: (ആത്മഗതം) ഇവന്റെ ഒരു ബഡായി.

അപരിചിതൻ: ന്തായാലും ഈ ഓണത്തിനു ങ്ങ്ള് ബന്നെ  നന്നായി. ഇബ്ടെ, ല്ലാ,, ബ്ഡേയ്,...,  (ചൂണ്ടിക്കാണിച്ചുകൊണ്ടു) ഈ ഓണത്തിനു നമ്മടെ ഭാഗവതര്ടെ വീട്ടില് കൊറച്ചു പാട്ടും  കളീം ക്കെ ..ണ്ട്. ഞാ നിങ്ങളെ അവ്ടം വരെ കൊണ്ട് ബ്ഡാം .

[അടുത്ത കൂട്ടം നൃത്ത രൂപങ്ങൾ - നൃത്ത രൂപങ്ങൾക്ക്‌ ശേഷം കുട്ടിമേനോനും സംഘത്തിന്റെയും സംഗീത ശിൽപം]

[അരങ്ങത്തു സംഗീത ശില്പത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഗുരുവും ശിഷ്യന്മാരും സംഗീത ഉപകരണങ്ങളും മറ്റും ക്രമീകരിക്കുന്നു. മഹാബലിയും മന്ത്രിയും അരങ്ങത്തേക്ക് കടന്നു വരുന്നു.]


മഹാബലി: (അരങ്ങത്തേക്ക് വരുന്നതിനൊപ്പം) മന്ത്രീ, ഈ നൃത്തരൂപങ്ങളൊക്കെ കണ്ട് സമയം പോയതറിഞ്ഞില്ല. ഇല്ലത്തെ അരങ്ങ് തുടങ്ങിയോ ആവോ..

മന്ത്രി: അതെ.. ഈ കലാകാരികളെ നമ്മുടെ സദസ്സിലേക്ക് ക്ഷണിച്ചു കഴിഞ്ഞു തിരുമനസ്സേ.

മഹാബലി: (അരങ്ങത്തു ക്രമീകരണങ്ങൾ നടത്തുന്ന കലാകാരന്മാരെ ഒര്രോരുത്തരെയും നോക്കി ആത്മഗതം) ഇവിടെ ഒരുക്കങ്ങളൊന്നും പൂർത്തിയായില്ലെന്ന് തോന്നുന്നല്ലോ.

മന്ത്രി: (ഗുരുവിനോട്) ഭാഗവതരേ, ഈ നാലുകെട്ടിലും എല്ലാവരും ഉഴപ്പി നടപ്പാണോ?

ഗുരു: (കണ്ണട ഒന്ന് ഉയർത്തി നോക്കിക്കൊണ്ട്‌) ആരാണാവോ? അങ്ങട് മനസ്സിലായില്ല്യല്ലോ. (നമ്പൂതിരിമാരുടെ രീതിയിൽ)

മന്ത്രി:  സംഗീതത്തിന്റെ ഈറ്റില്ലമായ ഇവിടെ, ഇന്നത്തെ ദിവസം, ഈ രൂപത്തിൽ ആര് വരാനാണ് ഭാഗവതരേ? ദേ, (മഹാബലിയെ ചൂണ്ടി) ഇത് മഹാബലി ചക്രവർത്തിയാണ്.

ഗുരു: ശിവ ശിവാ... ഇതിലുപരി ഈയുള്ളവന് വേറെന്ത് വേണം...(അതിശയത്തോടെ മഹാബലിയെ നോക്കി മേല്പോട്ട് നോക്കുന്നു, മഹാബലിയെ വണങ്ങുന്നു. ശിഷ്യരും അദ്ഭുതത്തോടെ നോക്കുന്നു; {ഈ സമയം ആവുമ്പോഴേക്കും ഒരുക്കങ്ങൾ പൂർത്തിയാകണം}) തിരുമേനീ, എന്റെ ശിഷ്യർ ഇന്ന് ഇവിടെ ഒരു രാഗസദസ്സ് ഒരുക്കുന്നുണ്ട്‌. (ശിഷ്യരെ നോക്കി )  കുട്ടികളെ, ദേ നോക്കൂ.. ദ് ആരാ വന്നേന്നു മനസ്സിലായോ? (ശിഷ്യർ മനസ്സിലായതുപോലെ തലകുലുക്കുന്നു, മഹാബലിയെ വണങ്ങുന്നു) നിങ്ങളുടെ ഈ രാഗ സദസ്സ് തിരുമനസ്സിന്നു സമർപ്പിക്കൂ...

[രാഗസദസ്സ് ആരംഭിക്കുന്നു]

രംഗം നാല് 



[മഹാബലി തൃശ്ശൂരിൽ (വ്യംഗ്യം)]

[രംഗത്ത് മഹാബലിയും മന്ത്രിയും. ഒരു മൂലയിൽ നിന്ന് രണ്ടു കൂട്ടുകാർ പരസ്പരം സംസാരിക്കുന്നു.]

ചങ്ങാതി: ഡാ ഗഡ്‌യെ .. പൂരപ്പറമ്പിൽ ന്ന് ആനയൂട്ടല്ലേ ... നമ്മക്ക്  കൊമ്പൻമാരെ കാണാൻ പോയാലോ ..

മറ്റെയാൾ: അതെ അതെ.. നെറ്റിപ്പട്ടം ഒക്കെ കെട്ടി പൊരിവെയിലത്ത് നിക്കാൻ, കൊമ്പന്മാർക്ക് സുഖമുണ്ടാകില്ലെങ്കിലും, നമുക്ക് കാണാൻ നല്ല ചന്തല്ലേ.. അല്ല് ഡാ..ഹും.. ന്നാലും പച്ചക്ക് പോയാ....

ചങ്ങാതി: പച്ചക്കല്ലഡാ .. നമ്മക്ക് രണ്ട്ണ്ണം വീശീട്ട് പോവ്വാം .... ന്ത്‌യെ ... ഇനീപ്പോ ആന ഓടിയാലും മൊബൈൽല്  പിടിക്കാൻ ഒരു ബലോക്കെ വേണ്ട്ഡാ ... ന്ത്യെ ...

ഒരാൾ: അല്ലേലും വെള്ളടിക്കും പോത്തടിക്കും പ്പോ നമ്മക്കല്ലേ ഫസ്ട്.

(ഇത് കേട്ടിട്ട് മഹാബലി)

മഹാബലി: (മന്ത്രിയോട്) മന്ത്രീ, നമ്മുടെ നാട്ടുകാരൊക്കെ രോഗികളായി മാറുകയാണോ? ഇവരൊന്നും ഭക്ഷിക്കുന്നത് ശരിയായ രീതിയിലല്ലേ?

മന്ത്രി: തിരുമേനി, ഇപ്പൊ ഇവിടെ ആരെങ്കിലും അവരവരുടെ വീടുകളിൽ ഭക്ഷണം പാകം ചെയ്യാറുണ്ടോ?. അതിനു അവർക്ക് സമയവും മനസ്സും ഉണ്ടോ? ഫാസ്റ്റ് ഫുഡിന്റെയും ന്യൂ ജനറേഷന്റെയും കാലം അല്ലേ? കഴിഞ്ഞ തവണ നമ്മളും കണ്ടതല്ലേ, പേപ്പറിൽ ചോറിട്ടിട്ട് വാഴയിലയാണെന്ന് കൊട്ടിഘോഷിക്കുന്നത്!

ഒരാൾ: (മന്ത്രിയോട്) ല്ല  .. ഷ്ടാ ... ഇവ്ടെ നല്ല  ബീഫും പൊറോട്ടയും എവ്ടെയാ കിട്ട് ആ ?

മന്ത്രി: അറിയില്ല ട്ടോ. ഞങ്ങൾ  പാതാളത്തിൽ നിന്ന് ഇവിടെ എത്തിയതെ ഉള്ളൂ. ഈ പുതിയ സംവിധാനങ്ങൾ...   നമുക്ക് അത്രയ്ക്കങ്ങട് പരിചയം പോര.

ഒരാൾ: എന്തുട്ട് പാതാളം..?

മന്ത്രി: അതേയ്, ഇത് മഹാബലിയാണ്.

ഒരാൾ: (അതിശയത്തോടെ) മഹാബലിയാ? എന്തുട്ടാ ഞാനീ കേക്കണേ! (കൂട്ടുകാരനോട്) എടാ ശവിയെ ദേ നമ്മടെ പണ്ടത്തെ മഹാബലി തിരുമേനി..ഡാ ... എന്തുട്ട് അതിശയാ .. ദ് .. (മഹാബലിയോട്)  ഹയ് ..., ഇവ്ടം വരെ വന്നിട്ട് നമ്മടെ ആനയൂട്ടും ഘോഷയാത്രേം  കാണാതെ പോവ്വേ. നല്ല കഥയായി ... അത് കണ്ടിട്ടേ നി ബാകി കാര്യോള്ളൂ ......

[അടുത്ത പാട്ടുകളുടെ കൂട്ടം ]

രംഗം അഞ്ച്



[കൊച്ചി നഗരം (വ്യംഗ്യം) മഹാബലിയും മന്ത്രിയും കൊതുകിനെ കൊന്നുകൊണ്ട് വഴിയിൽ നിക്കുന്നു. പിന്നാമ്പുറത്തു കായലും ചീനവലയും.]

മഹാബലി: ഹോ....മന്ത്രീ, നമ്മുടെ തൊലിക്കു തീരെ കട്ടി പോര എന്ന് തോന്നുന്നു. ഒരു കുത്തിനു പത്തു കുപ്പി രക്തം പോയ പോലെ... ആ കാണുന്ന ചീനവലയോ മറ്റോ പുതച്ചാ മതിയായിരുന്നു. ഹും .... അതിരിക്കട്ടെ... (പിന്നണിയിൽ ആളുകള് വരി വരിയായി നില്ക്കുന്ന രംഗം. വരി വരിയായി നിക്കുന്ന ജനത്തെ ചൂണ്ടിക്കാണിച്ച്) നോക്കൂ.. നമ്മുടെ പ്രജകളൊക്കെ എന്തൊരു അച്ചടക്കത്തിലാണ് നില്ക്കുന്നത്.

മന്ത്രി: തിരുമേനി, മറന്നുപോയോ? കഴിഞ്ഞ തവണ വന്നപ്പഴും, ഇതേ രംഗം കണ്ടതല്ലേ?  അച്ചടക്കം ഈ ഒരു വരിയിലെ ഉള്ളൂ ... കള്ളിന്റെ വരി... അരി വാങ്ങാനുള്ള വരിയിൽ... ഇവരെ കണി കാണാൻ കിട്ടില്ല.

മഹാബലി: ഓ.. അങ്ങനെ ആണോ? ഹും... (പിന്നാമ്പുറത്ത് വലിയ ഷോപ്പിംഗ്‌ മാളിന്റെ രംഗപടം) ഈ കൊട്ടാരം ആരുടെയാണ്? ഇതിന്റെ മുന്നിൽ നമ്മുടെ കൊട്ടാരം വെറുമൊരു കുടിലാണ് അല്ലേ?

മന്ത്രി: ഇത് ഒരു അത്യാധുനിക ചന്തയാണ് തിരുമേനി... മാൾ ... ഷോപ്പിംഗ്‌ മാൾ.. ഇവിടെ ഒക്കെ ഇപ്പൊ മരത്തിനു പകരം... മന്ദിരങ്ങളല്ലെ ഉള്ളൂ? നമുക്ക് വന്ന ഒരു കത്ത് പ്രകാരം, ഈ മന്ദിരങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ്, കുറച്ചു മുന്നേ, ഹൈക്കോടതിക്ക് മുന്നിൽ നമ്മൾ കണ്ടത്.

മഹാബലി: ഹോ .. എന്തൊക്കെ മാറ്റങ്ങളാണ്  .. ഹും... (രംഗപടത്തിലെ ചില അൽപ വസ്ത്രധാരികളായ സ്ത്രീകളെ നോക്കി)  നമ്മുടെ കാലത്ത്... സ്ത്രീജനങ്ങൾ... ഇതിലും കൂടുതൽ തുണി ഉപയോഗിച്ചിരുന്നു.. അല്ലേ മന്ത്രീ ?

[ഒരു പ്രജ വേഗത്തിൽ കടന്നു വരുന്നു]

ഒരു പ്രജ: ഹ... നിങ്ങളെന്താ ഹേ .. ഇവിടെ നിന്ന് കളഞ്ഞത്? കല്യാണിൽ നിക്കാം എന്ന് പറഞ്ഞ മഹാബലിയും helper ഉം അല്ലെ you both ...? Common.. common.. let's go...

മന്ത്രി: എന്ത്? എന്തായീ പറയണേ? എന്ത് ഭാഷയാ ഇത്? കല്യാണിൽ നിക്കാനോ? എന്ത് കല്യാണം? ആരുടെ കല്യാണം?

പ്രജ: (മന്ത്രിയോട്) ഞാൻ ഇപ്പൊ കേരളത്തിൽ പറയുന്ന ഭാഷ തന്നെയല്ലേ പറഞ്ഞത്. മുഴുവൻ മലയാളത്തിൽ പറയാൻ ആർക്കാ ഇപ്പൊ കഴിയ? (മഹാബലിയെ ചൂണ്ടി)ഇദ്ദേഹല്ലേ, കല്യാണ്‍ സിൽക്കിന്റെ gate ൽ.... വേഷം കെട്ടി നിക്കാൻ വന്ന മാവേലി?

മഹാബലി: എന്ത്? വേഷം കെട്ടി നിക്കാൻ മാവേലിയോ? നമ്മുടെ വേഷം കെട്ടിയാണോ ഇപ്പൊ ആൾക്കാരെ ആകർഷിക്കുന്നത്?

(പ്രജ സന്ദേഹത്തിൽ ആകുന്നു )

മന്ത്രി: സഹോദരാ, ഇത് മഹാബലിയുടെ പകർപ്പോ തട്ടിപ്പോ ഒന്നും അല്ല. ശരിയായ മഹാബലിയാണ്. ഞാൻ അദ്ദേഹത്തിൻറെ മന്ത്രിയും.

പ്രജ: Oh my god.. ഇതെന്താ .. is it a dream... (സ്വയം നുള്ളുന്നു) അയ്യോ ... forgive me..... എനിക്ക്... നിങ്ങളുടെ ഈ വരവൊന്ന് ആഘോഷിക്കണം...വരൂ... ഈ വെയില് കൊള്ളാതെ നമുക്ക് കൊച്ചിയുടെ മേളയായ 'ബിനാലെ' കാണാൻ പോകാം.

[അടുത്ത പാട്ടുകളുടെ കൂട്ടം]

രംഗം ആറ്



[മഹാബലി കുട്ടനാട്ടിൽ (വ്യംഗ്യം). പിന്നാമ്പുറത്ത് തരിശായ പാടം ]

മഹാബലി: മന്ത്രീ, നമ്മുടെ കാലത്തുണ്ടായിരുന്ന നെൽവയലുകൾ ഒക്കെ എവടെ പോയി?

മന്ത്രി: തിരുമേനി,  ഇതിപ്പോ ഇന്നും ഇന്നലേം തുടങ്ങിയതാണോ?  ആർക്കാ ഇപ്പൊ കൃഷി ചെയ്യാൻ സമയം? ഹും.. പൂന്തോപ്പ് ഉണ്ടാക്കിയാലും രണ്ട് വെണ്ടയ്ക്ക  ഉണ്ടാക്കുമോ? ഇവിടെ, പാടങ്ങൾ നികത്തി വിമാനത്താവളങ്ങൾ ഉണ്ടാക്കിയപ്പോ, നമ്മുടെ പാതാളം വറ്റി വരണ്ടത് നാം കണ്ടതല്ലേ? കമ്പ്യൂട്ടർ കൊണ്ട് ഭക്ഷണം ഉണ്ടാക്കാനുള്ള തത്രപ്പാടിലല്ലേ... ഇന്നത്തെ നമ്മുടെ പ്രജകൾ......

മഹാബലി: ഹും... അത് ശരിയാണല്ലൊ മന്ത്രീ.... ഇന്നാട്ടിൽ നിന്ന്  റബ്ബർക്കുരു ഇനി തിന്നുകയേയില്ലാ.., ചക്കയും മാങ്ങയും കിട്ടാനില്ല... എന്നൊക്കെ പറഞ്ഞു അണ്ണാരക്കണ്ണന്മാർ നമ്മുടെ പാതാളത്തിലേക്ക് കുടിയേറിയത് ഈയിടെയല്ലേ...?

[പിന്നാമ്പുറത്ത് ഒരു കുട്ടനാടൻ കടവിന്റെ മികവുറ്റ ദൃശ്യം]

കടവിലെ ഒരാൾ: സാറന്മാരെ.., ഹൌസ് ബോട്ട് സവാരിക്ക് വരുന്നോ? നല്ല മധുരക്കള്ളും കരിമീനും... മറ്റു സൌകര്യങ്ങളും ഒക്കെ ഒരുക്കിത്തരാം.

മന്ത്രി: എന്താണീ മറ്റു സൌകര്യങ്ങൾ? ഇതാരാണെന്ന് മനസ്സിലായോ? ഇത് മഹാബലി തിരുമേനി ആണ്.

കടത്തുകാരൻ: എന്റെ ഈശ്വരാ, ഇത് നമ്മടെ തമ്പ്രാൻ ആയിരുന്നോ? മനസ്സിലായില്ല കേട്ടോ.

മഹാബലി: നാം നമ്മുടെ പ്രജകളൊക്കെ എങ്ങനെ ഈ കലികാലത്തിൽ ജീവിക്കുന്നു എന്ന് അറിയാൻ വേണ്ടി വന്നതാണ്.

കടത്തുകാരൻ: തമ്പ്രാനെ,  ഇത് അങ്ങ് ഭരിച്ചിരുന്ന കാലം പോലെ.. മായയുടെ കാലം അല്ല, ഇപ്പൊ മായങ്ങളുടെ കാലം ആണ്. കള്ളിൽ മായം, മീനിൽ മായം, ശാപ്പാട്ടിൽ മായം. കരിമണല് ഖനനം എന്നും പറഞ്ഞു ഭൂമി തുരന്നു കൊണ്ടുപോകാൻ.. പെരുംകള്ളന്മാര് ക്യൂ നിക്കുന്ന കാലം.  ആര് എപ്പഴാ ചതിക്കുന്നെന്നു പറയാൻ പറ്റാത്ത കാലം.

മഹാബലി: ഹും .... ആ ചതിവു ഇന്നും ഇന്നലേം തുടങ്ങിയതാണോ? അങ്ങനെ ഒരു ചതിവിൽ പെട്ടിട്ടല്ലേ നമുക്ക് നമ്മുടെ രാജ്യവും പ്രജകളും ഒരിക്കൽ നഷ്ടമായത്. മൂന്നടി അളന്നവൻ മൂന്നാമത്തെ അടി എന്റെ തലയിലല്ലേ വച്ചത്?

കടത്തുകാരൻ: തിരുമേനി ഇനി അതൊന്നും ചിന്തിച്ച് വിഷമിക്കേണ്ട. അപ്പുറത്ത് കടവിൽ വള്ളം കളിയും ഓണാഘോഷവും നടക്കുന്നുണ്ട്. നമുക്ക് അവിടെയൊന്നു പോയാലോ?

[അടുത്ത പാട്ടുകളുടെ കൂട്ടം ]

രംഗം ഏഴ്



[മഹാബലി കൊല്ലത്ത് (വ്യംഗ്യം)]

[പിന്നാമ്പുറത്തു കയർ പിരിക്കുന്നതിന്റെയും കശുവണ്ടി തൊഴിലാളികളുടെയും ചിത്രങ്ങൾ. വേദിയിൽ ഒരാൾ കയർ പിരിക്കുന്നു. മഹാബലിയും മന്ത്രിയും കടന്നു വരുന്നു]

മന്ത്രി: തിരുമേനി , ഇതാണ് കുടിൽ വ്യവസായങ്ങളുടെ നഗരം.

മഹാബലി: ഹും.... (കയറു പിരിക്കുന്നവനെ നോക്കി) കയറു പിരി ഒക്കെ നന്നായി നടക്കുന്നുവോ?

തൊഴിലാളി: (മുഖം നോക്കാതെ) ഹും... പിരിച്ചു പിരിച്ചു നമ്മൾ ഒരു പിരിയായി. ഈ കയർ ഇനി കഴുത്തിൽ ഇട്ടാൽ എല്ലാം ശുഭം. ഇപ്പൊ ഈ പണികൾ  ചെയ്യുന്നവരൊക്കെ നീചന്മാർ അല്ലെ? വെറും കീഴാളർ! ആർക്ക് എന്നതാ ചേതം?

മഹാബലി: എന്ത്? നമ്മുടെ ഭരണകാലത്ത് ഈ നാടിന്റെ താളമായിരുന്ന കുടിൽ വ്യവസായങ്ങളുടെ താളം അവതാളമായെന്നോ? ഇവരെയൊന്നും നോക്കാൻ ആരുമില്ലേ ഇവിടെ?

തൊഴിലാളി: (മുഖം ഉയർത്തി നോക്കുന്നു. പുച്ഛഭാവം മാറി അമ്പരന്നു നോക്കുന്നു) മ്..... ഇതാരാ ... യ്യോ ... ഇത് നമ്മടെ മാവേലി തമ്പ്രാൻ ആണോ... അയ്യോ.. അടിയൻ ഒന്നും ആലോചിക്കാതെ ... എന്തെങ്കിലും പറഞ്ഞെങ്കിൽ ക്ഷമിക്കണം...

മഹാബലി: മന്ത്രി പുംഗവാ, ഈ നാട്ടിൽ  ഒരാളെങ്കിലും എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

മന്ത്രി: അങ്ങയുടെ ഭാഗ്യം തിരുമേനി.

തൊഴിലാളി: തിരുമേനി, തിരുവോണം അല്ലയോ ഇന്ന്? കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ചൊല്ലെങ്കിലും അങ്ങയെ ഒന്ന് ഊട്ടുവാൻ ഈയുള്ളവന്റെ അടുത്തു ഒരു കോണകം പോലും ഇല്ലല്ലോ വിക്കാൻ (സങ്കടപ്പെടുന്നു).

മഹാബലി: എവിടെ ഇവിടുത്തെ അധികാരി വർഗ്ഗം?

തൊഴിലാളി: തിരുമേനി, അധികാരി വർഗ്ഗം ഇപ്പൊ 'സരിതാ'പമേറ്റ് കിടക്ക്വല്ലേ. നാട്ടിൽ ഉള്ളി അരിഞ്ഞു കണ്ണീര് വരുന്നെന് പകരം ഇപ്പൊ ഉള്ളീടെ വില കേട്ടാൽ കരയും. തണുപ്പിൽ വെറക്കുന്നേനു പകരം ഇപ്പൊ പനിച്ചും കൊട്ടേഷൻ ടീമിനെ പേടിച്ചും ആണ്  വിറക്കുന്നത്‌. ! വണ്ടീൽ കയറിയാൽ ഗോവിന്ദച്ചാമിമാരെ പേടിക്കണം....ഹും.... (ക്ഷോഭിച്ചുകൊണ്ട്) ഇപ്പഴത്തെ മന്ത്രിമാർ വേഴാമ്പലിനെ മാറ്റി കൊതുകിനെ ദേശീയ പക്ഷിയാക്കാൻ നടക്കയല്ലേ.

മഹാബലി: മന്തി പുംഗവാ, ഈ സഹജീവിക്ക് എന്റെ രാജസദസ്സ് ദർശിക്കാനുള്ള ഉപായം പറഞ്ഞുകൊടുക്കൂ. നമ്മുടെ മായാലോകത്തിലെ സ്നേഹസന്ദേശം... ഇദ്ദേഹത്തിന്റെ സംഘർഷം ഒന്ന് കുറയ്ക്കട്ടെ.

[ആശാ പോറ്റിയും സംഘവും അവതരിപ്പിക്കുന്ന സ്നാഹാഞ്ജലി. പിന്നാമ്പുറത്തു നിന്ന് താഴെപറഞ്ഞത് പോലെ ഒരു ശബ്ദരേഖ ]

["മലയാളത്തിന്റെ മഹാനായ മഹാകവി കുമാരനാശാൻ സ്നേഹത്തെക്കുറിച്ച് ഇങ്ങനെ പാടി:

'സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം'

അതെ. സ്നേഹമാണ് ഈ ലോകത്തിന്റെ നിലനില്പിന്റെ ഒരേ ഒരു പൊരുൾ. സ്നേഹമില്ലെങ്കിൽ പിന്നെ അവിടെ അന്ധകാരമാണ്, അനാഥമാണ്, അനർത്ഥമാണ്. സ്നേഹം പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ ഈ ലോകത്തിലെ ജീവജാലങ്ങളിൽ നിഴലിക്കുന്നു.

ഈ സ്നേഹം, ഒരു പൂവിനോടയാൽ ഇഷ്ടമായും, ഭക്ഷണത്തോടായാൽ കൊതിയായും, അമ്മയ്ക്ക് കുഞ്ഞിനോടാവുമ്പോൾ വാത്സല്യമായും, ദേശത്തോടാവുമ്പോൾ  ഭക്തിയായും, കാമുകീകാമുകന്മാർക്കിടയിലായാൽ പ്രണയമായും, ഗുരുവിനോടായാൽ ആദരവായും, ദീനരോടായാൽ ദയയായും പരിലസിക്കുന്നു.

സ്നേഹത്തിന്റെ ആഴങ്ങളിലൂടെ, അഗാധതയിലൂടെ സഞ്ചരിക്കാൻ, സമൂഹത്തിൽ സ്നേഹത്തിന്റെ വിത്തുകൾ പാകി എല്ലാ അർത്ഥത്തിലും അഭിവൃദ്ധിയിലേക്ക് നയിക്കുവാൻ ഞങ്ങൾ ഒരുക്കുന്ന 'സ്നേഹാഞ്ജലി'യിലേക്ക് നിങ്ങൾക്ക് സ്വാഗതം."]



രംഗം എട്ട്‌



[മഹാബലി അനന്തപുരിയിൽ (വ്യംഗ്യം). പിന്നാമ്പുറത്തു പദ്മനാഭസ്വാമി ക്ഷേത്രവും, സിക്രട്ടറിയേറ്റിനു മുന്നില് സമരം ഇരിക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങൾ മാറി മാറി വരുന്നു.]

മഹാബലി: മന്ത്രീ, നമ്മുടെ കാലത്തൊന്നും ഈ പദ്മനാഭന്റെ അടുത്തു  ഇത്ര തിരക്കുണ്ടായിട്ടില്ലല്ലോ.

മന്ത്രി: സ്വർണം ഉണ്ടെന്നു കേട്ടപ്പോ, യുക്തി കുറഞ്ഞ് ഭക്തി കൂടി വരുന്നവരാ കൂടുതൽ, തിരുമേനി....

മഹാബലി: പ്രജകളൊക്കെ ആർഭാടപ്രിയന്മാരായെന്നു തോന്നുന്നു. ഹും... നാം നൂറ്റാണ്ടുകളോളം നാട് ഭരിച്ചിട്ടും ഇവിടെയെങ്ങും എന്റെ ഒരു പ്രതിമ പോലും ഇല്ലല്ലോ.  കഷ്ടം.... (സമരപ്പന്തലിലെ നിരാഹാരക്കാരെ നോക്കി) നമ്മുടെ പ്രജകളൊക്കെ ഇപ്പൊ പാതവക്കത്താണോ ഉറങ്ങാൻ വരുന്നത്‌?

മന്ത്രി: ഭരിച്ചു മുടിക്കുന്ന ഭരണ വർഗ്ഗത്തെ, ഉറക്കത്തിലെങ്കിലും മറിച്ചിടാൻ.. ജോലിയൊക്കെ ഉപേക്ഷിച്ചു വന്നവരാ തിരുമെനീ ഇവരൊക്കെ.

[ഇതി കേട്ട് കൊണ്ട് സമരം ചെയ്തു കിടക്കുന്ന ഒരു രാഷ്ട്രീയക്കാരൻ ]

രാഷ്ട്രീയക്കാരൻ:   (ആത്മഗതം)ആരടപ്പീ... ത് ? യെന്തെര് വേഷം? വേഷം മാറി വന്ന വല്ല പോലീസുകാരനോ മറ്റോ ആണോ? എന്തായാലും മുണ്ട് മുറുകെ പിടിക്കാം.

തള്ളെ , നിങ്ങളൊക്കെ യാര്?  മനസ്സിലായില്ലല്ല് ....

മന്ത്രി: ഇത് നിങ്ങളുടെയൊക്കെ മഹാബലി ചക്രവർത്തി ആണ്. ഇവിടുത്തെ... ഇപ്പഴത്തെ ... കാര്യങ്ങൾ ഒക്കെ ഒന്നന്വേഷിക്കാൻ വന്നതാ.

രാഷ്ട്രീയക്കാരൻ: (ആത്മഗതം) ഇനിയിപ്പൊ ഇടത്തും വലത്തും ഒന്നും നോക്ക്വാതെ ഇവരുടെ കൂടെ അങ്ങ് കൂടിയാലോ? തള്ളെ  (ഉറക്കെ ) അയ്യോ , മനസ്സിലായില്ല് കേട്ടാ ... (ഒരു തനി രാഷ്ട്രീയക്കാരന്റെ അംഗവിക്ഷേപത്തോടെ) ഞങ്ങൾ അധികാരത്തിൽ വന്നാൽ അങ്ങയുടെ പേരിൽ അടുത്ത കൊല്ലം മുതൽ സത്യസന്ധതയ്ക്കുള്ള ഒരു അവാർഡ്‌ ഏർപ്പെടുത്തും. ഇപ്പോ 'കുങ്കുമപ്പൂ' വും 'അമ്മ' യും മുടങ്ങാതെ... കണ്ണെടുക്കാതെ... കാണുന്നവർക്ക് സർക്കാർ പെൻഷൻ കൊടുക്കണം എന്നും പറഞ്ഞു ഞങ്ങൾ സമരത്തിലാണ്. ഇനി നമ്മുടെ നേതാവിന്റെ നന്ദിപ്രകാശനം ഒന്ന് കണ്ടു നോക്കൂ...

[മഹാബലിയും മന്ത്രിയും രാഷ്ട്രീയക്കാരനും നോക്കി നില്ക്കെ, നന്ദി പ്രകാശിപ്പിക്കാൻ നിയോഗിക്കപ്പെട്ട ആൾ വരുന്നു. ഈ ആൾ സമരക്കാരുടെ രംഗപടത്തിന്റെ ഇടയിൽ ഒരാളായി ഇരുന്നാൽ നന്നായേനെ. (മഹാബലിയെ വണങ്ങുന്നു). അവസാനം നാട് സന്ദർശിച്ചതിന് മഹാബലിയോടു പ്രത്യേകം നന്ദി പറയുന്നു. ]

മഹാബലി: ഞങ്ങൾ ഓരോ വർഷം വരുമ്പോഴും ഇങ്ങനെ പല വാഗ്ദാനങ്ങളുടെയും പെരുമ്പറകൾ മുഴങ്ങുന്നത് നാം കേൾക്കാറുള്ളതാണ്. ആത്മീയതയും മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് കൈക്കൂലിയെന്ന പേക്കോലം കെട്ടിയാടുന്ന വഞ്ചകന്മാരാണ് എന്റെ പിൻഗാമികൾ എന്നറിയുമ്പോൾ ഒത്തിരി സങ്കടം തോന്നുന്നു. ഒരു മാവേലി സ്റ്റോർ മാത്രമല്ലേ എന്റെ പേരിൽ ആകെ ഇവിടെ ഉള്ളത്

രാഷ്ട്രീയക്കാരൻ: അങ്ങനെ അടച്ചാക്ഷേപിക്കല്ല് തിരുമേനി, തിരുവോണത്തിനെങ്കിലും നമ്മൾ എല്ലാ വ്യത്യാസങ്ങളും മറന്നു ഒരുമയോടെ ആഘോഷങ്ങൾ നടത്താറുണ്ട്‌. ഈ വർഷത്തെ ഖജൂർ കച്ചേരിയിലെ ആഘോഷങ്ങൾ ഒന്ന് കണ്ട് നോക്കൂ.

[അവസാന ഭാഗത്തെ പാട്ടുകൾ  (പാട്ടുകൾക്ക് ശേഷം മോഹിനിയാട്ടവും കളരിപ്പയറ്റും ഒക്കെയുള്ള കലാരൂപങ്ങൾ പ്രവേശിക്കുന്നു.)]

രംഗം ഒൻപത്



[രംഗത്ത് മഹാബലിയും മന്ത്രിയും]

മഹാബലി: മന്ത്രീ, നമ്മുടെ ഖജനാവിന്റെ ഇപ്പഴത്തെ സ്ഥിതി എങ്ങനെയുണ്ട്?

മന്ത്രി: എന്താണ് അങ്ങനെ ചോദിച്ചത് തിരുമേനി?

മഹാബലി: മന്ത്രീ, കേരളത്തിലെ പുകൾപെറ്റ നിരത്തുകളിൽ ഓടിയോടി  നമ്മുടെ രഥം മുഴുവൻ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ഇനി രാവണൻ അമ്മാവന്റെ പുഷ്പകവിമാനം വാടകയ്ക്ക് എടുത്താലോ എന്ന് ആലോചിക്കുകയായിരുന്നു.

മന്ത്രി: അതേതായാലും നന്നായി തിരുമേനി. ഇനിയങ്ങോട്ട് ആകാശവീക്ഷണം തന്നെയാണ് നല്ലത്.

മഹാബലി:  അതൊക്കെയിരിക്കട്ടെ...., കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചിട്ട്‌ നമ്മുടെ നാടിനെപ്പറ്റി ഇപ്പൊ എന്ത് തോന്നുന്നു? എല്ലാം ശുഭമാണോ?

മന്ത്രി: തിരുമേനി ഒന്നും വിചാരിക്കരുത്. അങ്ങ് ഭരിച്ചിരുന്ന കാലത്തെ ഹരിത മനോജ്ഞ കേരളം, കള്ളവും ചതിയും ഇല്ലാതിരുന്ന കേരളം, എല്ലാവരും സന്തോഷിച്ചിരുന്ന കേരളം എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്വന്തം ഭാഷയായ മലയാളം പറയാൻ മടിക്കുന്ന, ശുചിത്വ ബോധമില്ലാത്ത, കൃഷിക്കാരനെ മാനിക്കാത്ത, സ്വന്തം സത്വത്തെത്തന്നെ മറക്കുന്ന മനോരോഗികളായിരിക്കുന്നു ഇന്നത്തെ മലയാളികൾ. കൂടുതൽ ഇവിടെ നിൽക്കാതെ നമുക്ക് വേഗം പാതാളത്തിലേക്ക് തന്നെ മടങ്ങി പോകാം തിരുമേനി.

മഹാബലി: മന്ത്രീ, ഞാൻ വേറെ ഒരു കാര്യം ആലോചിക്കുകയാണ്. ഇങ്ങനെ കാര്യങ്ങൾ പോയാൽ നമ്മുടെ പ്രജകളുടെ കാര്യം ആര് നോക്കും? ഒളിച്ചോട്ടം നമുക്ക് ഭൂഷണമാണോ? ഹും ... നമുക്ക് ഈ കപടരാഷ്ട്രീയക്കാരെ അടിച്ചോടിച്ചിട്ട്... നേരത്തെ ഒരു പ്രജ ആവശ്യപ്പെട്ടപോലെ... വീണ്ടും കുറച്ചുകാലം കൂടി ഇവിടത്തെ ഭരണം അങ്ങ് ഏറ്റെടുത്താലോ? ഒരിക്കൽ കൂടി.. നമുക്കീ നാടിനെ .. കള്ളവും ചതിവും ഇല്ലാത്ത, നീതി ബോധമുള്ള, മനുഷ്യർ മറ്റു മനുഷ്യരെ, ജാതിമതഭേദമില്ലാതെ മനുഷ്യന്മാരായി മാത്രം കാണുന്ന നാടായി..  ഓണക്കാലത്തെപ്പോലെ, ഒരേ പൈതൃകത്തിന്ന് കീഴിൽ കൊണ്ട് വരാം.

ഒരു നാട് ഒരു പൈതൃകം ഒരു ഓണം.
(ഈ വാചകം പാശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ പ്രത്യേകമായി പ്രതിധ്വനിയോടെ എടുത്തു പറയുന്നു.)

മന്ത്രി: ഹഹഹാ ...അപ്പൊ പതിനൊന്നാമത്തെ അവതാരം ആരായിരിക്കും? ആവോ ... മൂന്നടി മണ്ണിനു പകരം ഇനി ആറടി മണ്ണ് (മരണം) തന്നെ ചോദിക്കുമായിരിക്കും.... അങ്ങനെയല്ലേ കാലം ...

മഹാബലി: (വേദിയുടെ മദ്ധ്യ ഭാഗത്തേക്ക് വന്ന് സദസ്യരോടായി) എന്റെ പ്രിയപ്പെട്ട ജനങ്ങളെ, ഈ തവണയും ഞങ്ങൾ തിരിച്ചു പോകുകയാണ്. നാം നിങ്ങൾക്ക് ഒരവസരം കൂടി തരുന്നു. നിങ്ങൾ സ്വയം നന്നാവുക. ഈ വയസ്സുകാലത്ത് എനിക്ക് ഒരവസരം കൂടി ഉണ്ടാക്കാതിരിക്കുക.  പോകുന്നതിനു മുന്നേ, നമ്മുടെ പാതാള കലാമണ്ഡലത്തിലെ കലാകാരന്മാരുടെ ഈ കലാവിരുന്ന് ആസ്വദിക്കൂ... (മഹാബലിയും മന്ത്രിയും കൈ വീശി തിരിച്ചു പോകുന്നു. മോഹിനിയാട്ടവും കളരിപ്പയറ്റും ഒക്കെയുള്ള കലാരൂപങ്ങൾ പ്രവേശിക്കുന്നു. ഈ കലാരൂപം അവസാനിക്കുന്നതോടെ തിരശ്ശീല വീഴുന്നു.)



***സമാപ്തം***