2020, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ഠാക്കൂറിന്റെ ചെരുപ്പേറ് (കൃസ്തീയകാന്തവികർഷണങ്ങൾ - 1)

(Picture Courtesy: Google)

മനുഷ്യരായ് ജനിച്ചോരു ഞങ്ങളെ
നൂല് കെട്ടിയും നീരിൽ മുക്കിയും
അഗ്രചർമ്മം മുറിച്ചും തലപ്പാവുകൾ കെട്ടിയും
പല നാടുകളിൽ, കാലഘട്ടങ്ങളിൽ പല പ്രവാചകരിലൂടെ
വേർതിരിച്ച് കാണാൻ പറഞ്ഞെന്ന് പറയുന്നോരു
ദൈവത്തിനെ ഞാനിത്തിരി നേരമെന്റെ
ശുചിമുറിക്ക് നടുവിലായ് കെട്ടിയിട്ടോട്ടെ....

ഞാനൊരു ക്രിസ്ത്യനായാൽ ക്രിസ്റ്റ്യാനിറ്റിക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമോ? എന്നെ ഇപ്പോൾ ഹിന്ദു എന്ന് വിളിക്കുന്നവർക്ക് വല്ല നഷ്ടവുമുണ്ടാകുമോ? ഞാൻ പോലുമറിയാതെ എന്നെ ഉൾപ്പെടുത്തിയ, ഹിന്ദു എന്ന് വിളിക്കുന്ന സമൂഹത്തിന് വല്ല നഷ്ടവുമുണ്ടാകുമോ? എന്റെ ആത്മാവോ ശരീരമോ രക്തമോ ചിന്തകളോ വല്ലതും മാറിപ്പോകുമോ? ഞാൻ ഈ പറഞ്ഞ മതാലങ്കാരങ്ങളില്ലാത്ത വെറും മനുഷ്യനാണ് എന്ന് വിളിച്ച് പറഞ്ഞാൽ, ഈ മതങ്ങളിലേതെങ്കിലും മതത്തിന്റെ സൃഷ്ടിയായ ദൈവം കോപിക്കുമോ? എന്നെയൊരു ക്രിസ്ത്യാനിയാക്കാൻ നടന്ന മൂന്ന് നാല് (വേറെയും ഇഷ്ടം പോലെ ഉദ്യമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, സംഭവബഹുലമായവ മാത്രം പങ്ക് വെക്കുന്നു) രസകരമായ  സംഭവങ്ങളെക്കുറിച്ച് പറയാൻ  ഇവിടെ തുടക്കം കുറിക്കുന്നു.

ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് എഴുതണോ എഴുതേണ്ടയോ, അഥവാ എഴുതിയാലും പങ്ക് വെക്കണോ എന്നൊക്കെയുള്ള കാര്യങ്ങളിൽ  ഞാനും എന്റെ ബോധവും തമ്മിൽ ചില കശപിശ ഉണ്ടായതാണ്. ബോധം പറഞ്ഞു എഴുതിവച്ചോളൂ... ഞാൻ അനുസരിച്ചു... പിന്നെയും മനസ്സിൽ അടിപിടി... ഈ സംഭവങ്ങൾ മറ്റുള്ളവരെ അറിയിക്കണോ.... എഴുതിയിട്ടും ആരുമായും പങ്ക് വെക്കാതിരുന്നാൽ പിന്നെ എന്തിനാണ് എഴുതിയത്....  മനസ്സിലെ സംഘർഷം അവസാനിപ്പിക്കാൻ ഒടുവിൽ ഒരു തീരുമാനം എടുത്തു: എഴുതി പൂർത്തിയായതിന് ശേഷം അഞ്ച് തവണ കൂടി ക്രിസ്ത്യാനി-സുവിശേഷ-പ്രകീർത്തന-പരിവർത്തന-ശ്രമങ്ങൾക്ക് വിധേയനായെങ്കിൽ ഓരോന്നോരോന്നായി എല്ലാം പുറത്തിറക്കും. അതാണ്... ഒരൊന്നന്നര ശപഥം! എന്റെ ശപഥം ഇങ്ങനെയൊക്കെയാണ് !!

അങ്ങനെ ഈ പറഞ്ഞ കാര്യങ്ങൾ എഴുതിയിട്ട് ആറ് വർഷങ്ങളായി.  കാത്തിരിപ്പുകൾക്കൊടുവിൽ, കഴിഞ്ഞ ഞായറാഴ്ച അഞ്ചാമത്തെ (എഴുതി വച്ചതിന് ശേഷം) സുവിശേഷ മീറ്റിങ് എൻ്റെ ഗാരേജിൽ നടന്നു (പുറത്ത് കാലാവസ്ഥ നല്ലതായത് ഭാഗ്യം). ഇങ്ങനെയുള്ള വർഗ്ഗീയ കാന്തങ്ങളാൽ, ഇങ്ങനെ നിരന്തരം ആകർഷിക്കപ്പെടാൻ, ഞാനീ കൺവെർഷൻ മാർക്കറ്റിൽ തുറന്ന് വച്ച, പഴുത്ത ചക്കയല്ലേ... എനിക്ക് ഇത്തിരി ദേഷ്യം വന്നു.  തർക്കങ്ങൾക്കൊടുവിൽ, എന്നെ മനസ്സിൽ പ്രാകി അവർ തിരിച്ചു നടന്നു. ചില നോട്ടീസുകളുമായി കയറി വന്ന സ്ത്രീകൾ, ക്രിസ്തുമതത്തെ പ്രകീർത്തിക്കാനും പ്രചരിപ്പിക്കാനും വേണ്ടി വീട് വീടാന്തരം കയറുന്നതിനിടയിൽ എന്നോടും കൂടിയാവാമെന്ന് കരുതിക്കാണും. ഇങ്ങനെയുള്ള കാര്യങ്ങളിൽ കുറേയേറെ പൂർവ്വപരിചയം ഉണ്ടായതിനാൽ അവരോട് കാര്യങ്ങൾ വളരെ സ്നേഹത്തോടെയും  മാന്യമായും പറയുകയും അവർ ഇത്തിരി വിഷണ്ണതയോടെ തിരിച്ചു പോവുകയും ചെയ്തു. അറിയാതെ ചാർത്തിക്കിട്ടിയ മതം തന്നെ ഒരു 'കുരിശാ'യിത്തോന്നുമ്പോഴാണ് യഥാർത്ഥ കുരിശ് അടിച്ചേൽപ്പിക്കാൻ വരുന്നത് !

എന്റെ പതിനഞ്ചാം വയസ്സ് വരെ ഒരു ക്രിസ്ത്യാനിയുമായും സമ്പർക്കം പുലർത്താനുള്ള 'ഭാഗ്യം' എനിക്കുണ്ടായിട്ടില്ല. പത്താം തരത്തിൽ പഠിക്കുമ്പോൾ രോഗപീഡകൾ കാരണം വലഞ്ഞിരുന്ന എനിക്ക്, കൂടുതൽ മെച്ചപ്പെട്ട പരിശോധനകൾക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലേക്ക് തലശ്ശേരി സർക്കാർ ആശുപത്രി ഭിഷഗ്വരൻ ചീട്ട് തന്ന പ്രകാരം, അവിടേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കാൻ, എന്റെ ബന്ധുവായ ഒരു മദ്യ നിരോധനസമിതി പ്രവർത്തകൻ, അന്നത്തെ തലശ്ശേരി രൂപതാദ്ധ്യക്ഷനും മദ്യ നിരോധനസമിതി പ്രവർത്തകനുമായ റവ: മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ അടുത്തേക്ക്‌ എന്നെ കൊണ്ടുപോയി. അങ്ങനെ, അദ്ദേഹമായിരുന്നു ഞാനാദ്യമായി സംസാരിച്ച ക്രിസ്ത്യാനി. സൌമ്യനും മൃദുഭാഷിയും സന്യാസ ലക്ഷണങ്ങളുമുള്ള ഒരു നല്ല മനുഷ്യൻ. അരമനയിലാണെങ്കിലും അദ്ദേഹത്തിൽ ഒരു ലാളിത്യം പ്രകടമായിരുന്നു. പക്ഷേ അരമനയിലെ ആർഭാടപൂർണ്ണമായ ഒരു തരം കോർപ്പറേറ്റ്  'സെറ്റപ്പ്' കണ്ടപ്പോൾ, ഈ ക്രിസ്ത്യൻ പരിപാടി എന്തോ ഒരു വലിയ സംഭവമാണെന്ന് അറിയാതെയെങ്കിലും എനിക്കന്ന് തോന്നിപ്പോയി.

ഇനി പറയാൻ പോകുന്നതൊക്കെ ആരെയും ദോഷം പറയാൻ വേണ്ടി  പറഞ്ഞതല്ല. വെറുതെ ചിന്തിപ്പിക്കാൻ വേണ്ടി, ചില അനുഭവ കഥകൾ! ഇത്തിരി നീളം കൂടുതലുള്ളത് കൊണ്ട് നാല് ഭാഗങ്ങളായി തിരിക്കുന്നു. വിരസമാകില്ല എന്ന തോന്നലോടെ.. ആദ്യത്തെ ഭാഗം.

...........

പ്രീ ഡിഗ്രിക്ക് ക്രിസ്ത്യൻ മാനേജ്മെന്റ് കോളജിലാണ് പഠിച്ചത്. അവിടുന്ന് മുതലാണ് എനിക്ക് ക്രിസ്ത്യൻ ചങ്ങാതിമാരുണ്ടാകാൻ തുടങ്ങിയത്. അതൊക്കെ കഴിഞ്ഞ്, എന്റെ ഇരുപത്തിരണ്ടാം വയസ്സിൽ, ഇനി വീട്ടിൽ നിന്ന് കഞ്ഞി കുടിക്കുന്നത് ശുഭാകരമാവില്ല എന്ന അനുമാനത്തിൽ, ജോലി അന്വേഷിച്ച് മുംബൈ പട്ടണത്തിലെത്തി. എന്റെ മനസ്സിൽ മതങ്ങളുടെ അസ്തിത്ത്വത്തിനെ ചൊല്ലി സംഘർഷങ്ങൾ നടക്കുന്ന കാലമാണ്. അവിടെ ഒരു കുഞ്ഞുജോലിയുമായി കൂട്ടുകാരുടെകൂടെ ഒരു കുഞ്ഞു മുറിയിൽ താമസിച്ചിരുന്ന കാലത്താണ് എന്നെ (ഞങ്ങളെ) 'മതം' മാറ്റുവാനുള്ള ആദ്യ ഉദ്യമം നടന്നത്.

കാലം 1996 -97 ഓ മറ്റോ ആണ്. ഞങ്ങൾ അഞ്ച് പേർ, പല നാട്ടുകാർ, നവി മുംബൈയിലെ വാഷി എന്ന സ്ഥലത്ത് ഒരു കുടുസ്സ് മുറിയിൽ ഒരുമിച്ച് താമസിക്കുകയാണ്. ഒരു ഞായറാഴ്ച കാലത്ത്, രാവിലത്തെ ചായയൊക്കെ കഴിഞ്ഞ് മുറിക്ക് പുറത്തുള്ള ഗോവണിപ്പടികളിൽ സൊറകൾ പറഞ്ഞിരിക്കുകയായിരുന്നു. ഒന്ന് രണ്ട് പേര് പത്രം വായിക്കുന്നു. തൊട്ടപ്പുറത്തുള്ള വീട്ടിലെ കോളജ് കുമാരിയെ അവരുടെ ജനാലയിൽ കൂടെ കാണാമെന്നതായിരുന്നു അവിടെത്തന്നെയിരിക്കാനുള്ള പ്രധാന കാരണം. അവിടെയിരുന്ന് പഴംപുരാണവും വൈകുന്നേരം ഏത് ബ്രാൻഡ് വേണമെന്നൊക്കെയുള്ള ചർച്ചകളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു മൂവർ സംഘം "മലയാളികളല്ലേ..." എന്ന മുഖവുരയോടെ കേറിവന്നത്.

ബർമുഡയും ടി ഷർട്ടുകളുമാണ് ഞങ്ങളുടെ വേഷങ്ങളെങ്കിലും, ഞങ്ങൾക്കാർക്കും മീശയില്ലാതിരുന്നിട്ടും, ഒരു പരിചയവുമില്ലാത്ത ഇവർക്ക് ഞങ്ങളിൽ മലയാളികളുണ്ടെന്ന് എങ്ങനെ മനസ്സിലായി എന്ന് ഞങ്ങൾ ശങ്കിച്ചു. 'സെൻസസ് ഡാറ്റ ലീക്കായിക്കാണും' - ഞാൻ മനസ്സിൽ മന്ത്രിച്ചു.

"അല്ല, എല്ലാവരും മലയാളികളല്ല" കൂടെയുള്ള മനോജ് പറഞ്ഞു.
"ഒരു ബീഹാറിയും ഉണ്ട്.. അവനുറക്കാ... വിളിക്കണോ..." വിനോദ് വന്നവരെ ഒന്ന് തോണ്ടി. ബാച്ചലേഴ്‌സ് അല്ലേ... ഇത്തരത്തിലെങ്കിലും പെരുമാറുന്നത് തന്നെ ഭാഗ്യം.
"അയ്യോ.. വേണ്ട വേണ്ട..." വന്നവർ എളിമയുള്ളവരായി.

"എന്നാ വരൂ ഉള്ളിലിരിക്കാം... " ഞങ്ങൾ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു. ഉള്ള രണ്ട് കസേരകളിൽ അതിഥികളിൽ രണ്ട് പേര് ഇരുന്നു. ഒരാൾ അവർക്കരികിൽ നിലത്തിരുന്നു. ഒരു വശത്തെ ചുമരും ചാരി ഞങ്ങളിരുന്നു. മറ്റേ വശത്തെ ചുമരിനരികിൽ നമ്മുടെ ബീഹാറി കിടക്കുകയല്ലേ. ബീഹാറി അങ്ങനെയാണ്... ഞായറാഴ്ചകളിൽ പതിനൊന്ന് മണിയാവും എഴുന്നേൽക്കാൻ.

സുസ്മേരവദനരായി ഞങ്ങളോരോരുത്തരെയും പരസ്പരം വന്നുകയറിയവർ  പരിചയപ്പെട്ടു.  ഞങ്ങളുടെ തറവാട് മുതലുള്ള തായ് വേരുകളെക്കുറിച്ച് വന്നവർ ആരായാൻ തുടങ്ങി. അതിൽ വ്യതിചലിച്ച് കൊണ്ട്  മുഖ്യനെന്ന് തോന്നിക്കുന്നയാളാണ് ചോദിച്ചത്:

"നിങ്ങളുടെ പ്രശ്നങ്ങൾ / സങ്കടങ്ങൾ എന്തൊക്കെയാണ് ?"

ശമ്പളം ആയിരത്തഞ്ഞൂറ് രൂപയേഉള്ളൂ എന്നൊരു സങ്കടം ഒഴിച്ചാൽ എന്റെ ജീവിതം സന്തോഷപ്രദമായിരുന്നു. ഞങ്ങൾ പരസ്പരം കണ്ണുകൾ ചലിപ്പിച്ച് കൊണ്ട് നോക്കി...

"ഞങ്ങൾക്ക് വിഷമങ്ങളൊന്നുമില്ല"
"അല്ല, നിങ്ങളുടെ എല്ലാവരുടെയും മുഖത്ത് എന്തോ ഒരു വിഷമം നിഴലിക്കുന്നു"
"അത് രാവിലെ കുളിക്കാത്തത് കൊണ്ടായിരിക്കും"
"നിങ്ങളുടെ എല്ലാ വിഷമങ്ങൾക്കും പരിഹാരമുണ്ട്"

ശെടാ... ഇതെന്ത് ചോദ്യമാണ്...എന്റെ നാട്ടിലെ പണ്ടത്തെ ലൈനിനെ കോൺടാക്ട് ചെയ്യാൻ പറ്റാത്ത വിഷമം ഇയാളറിഞ്ഞ് കാണുമോ... മനോജിനെ ലോക്കൽ ട്രെയിനിൽ പോക്കറ്റടിച്ച് 250 രൂഫാ പോയതും ഇവരറിഞ്ഞ് കാണുമോ? വിനോദിന്റെ ഗൾഫ് യാത്ര ഒരുവിധം ഓക്കേ ആയിടത്ത് നിന്ന് ക്യാൻസലായിപ്പോയതും അറിഞ്ഞ് കാണുമോ? ജോർജ്ജ് നാട്ടിൽ പണയം വച്ച മോതിരം പണം അയച്ച് കൊടുത്തിട്ടും, അവന്റെ അമ്മച്ചി തിരിച്ചെടുക്കാതിരിക്കുന്നതും ചിലപ്പോൾ അറിഞ്ഞു കാണുമോ? ഇതൊന്നുമല്ല, ഈ ഉറങ്ങിക്കിടക്കുന്ന ബീഹാറിയും ഫലക്കുമായുള്ള ബന്ധം താറുമാറായത് അറിഞ്ഞുകാണുമോ...ഏയ്.. അതിനൊന്നും സാദ്ധ്യതയില്ല.

പിന്നെ ആരായിരിക്കും... ഇവർ വല്ല 'ആംവേ'ക്കാരോ മറ്റോ ആയിരിക്കുമോ?

അപ്പോഴാണ്‌ മുഖ്യൻ, അദ്ദേഹത്തിന്റെ സഞ്ചിയിൽ നിന്ന് കുറച്ച് നോട്ടീസുകൾ എടുത്ത് പുറത്തിട്ടത്. ആ ലഘുലേഖകളൊക്കെ ക്രിസ്തീയ പ്രചരണക്കുറിപ്പുകളായിരുന്നു.

"യേശുവാണ് നമ്മുടെ രക്ഷകൻ, യേശുവിൽ വിശ്വസിക്കൂ, നിങ്ങളുടെ ദുരിതങ്ങളെല്ലാം മാറിക്കിട്ടും. നിങ്ങളുടെയെല്ലാം പാപപരിഹാരത്തിനാണ് അദ്ദേഹം രണ്ടായിരം ആണ്ടുകൾക്ക് മുന്നേ കുരിശിലേറിയത്"

ഞങ്ങളുടെ കൂട്ടത്തിൽ ജോർജ്ജ് എന്ന് പേരുള്ള ഒരു ക്രിസ്ത്യാനി ഉണ്ടായിരുന്നു. അവൻ ഈ സംഭാഷണങ്ങളൊക്കെ കേട്ടപ്പോൾ 'ഇതെന്നെ ബാധിക്കുന്ന വിഷയമല്ല' എന്ന ഭാവത്തിൽ ദൂരെ മാറിയിരുപ്പായി. അത് കണ്ടപ്പോൾ നമുക്ക് വീണ്ടും സംശയം, ഇതൊക്കെ ഇവൻ ഒപ്പിച്ചെടുത്ത കാര്യങ്ങളാണോ ? ഞങ്ങളവനെ തുറിച്ചൊന്നു നോക്കി. അവൻ ഒരു വല്ലാത്ത മുഖഭാവത്തോടെ 'അല്ല' എന്ന് തലയാട്ടി.

ജോർജ്ജ് ഒഴിച്ച് ഞാനും മനോജും വിനോദും സന്ദർശകരായ മൂവർ സംഘവും പല കാര്യങ്ങളിലും തർക്കങ്ങളിലേർപ്പെട്ടു. ജോർജ്ജ് ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ട് പത്രം വായന തുടർന്നു. ജോർജ്ജിന്റെ കഴുത്തിലെ കുരിശ് മാല കണ്ടത് കൊണ്ടാകാം, വന്നവർ ജോർജ്ജിനെ തിരിഞ്ഞ് നോക്കിയത് പോലുമില്ല.

"യേശുവിൽ വിശ്വസിക്കാത്തവരൊന്നും സ്വർഗ്ഗത്തിൽ പോകില്ല. അവരുടെ ആത്മാവ് എല്ലായ്പോഴും ഗതി കിട്ടാതെ അലഞ്ഞു  നടക്കും"

ക്രിസ്തുവിൽ വിശ്വസിച്ചതിന് ശേഷം സംഭവിച്ചത് പോലുള്ള ചില അനുഭവങ്ങൾ അദ്ദേഹം വളരെ ആവേശത്തോടെ പറഞ്ഞു. അദ്ദേഹം ആദ്യം ഹിന്ദു ആയിരുന്നത്രേ. ഭാര്യക്ക്, ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത അസുഖം വന്നു. കുഞ്ഞിനാണെങ്കിൽ സംസാരശേഷിയും ഇല്ല. ക്രിസ്ത്യാനിയായതിന് ശേഷം, ഇങ്ങനെയുള്ള സാഹചര്യത്തിൽ നിന്ന് അവര് പൂർണ്ണമായും മോചിതരായത്രേ! ഭാര്യ പൂർണ്ണ ആരോഗ്യവതി... ഊമയായിരുന്ന കുട്ടി, ഇപ്പോൾ ദിവസവും സ്തോത്രങ്ങൾ ചൊല്ലുന്നുണ്ടത്രേ.... "ദൈവത്തിനും പരിശുദ്ധാത്മാവിനും സ്തുതി.." അദ്ദേഹം നെഞ്ചിൽ കുരിശ് വരച്ചു. കഴുത്തിലെ മാലയിൽ തൂങ്ങുന്ന കുരിശിൽ ചുംബിച്ചു.

അപ്പോൾ ഞാനൊന്നിളകിയിരുന്നു കൊണ്ട് ചോദിച്ചു :

"ചേട്ടൻ സ്വർഗ്ഗം കണ്ടിട്ടുണ്ടോ?"
"അതിന് ഞാൻ മരിച്ചിട്ടില്ലല്ലോ"
"മരിച്ചു കഴിഞ്ഞാൽ കാണുന്ന സ്വർഗ്ഗത്തിനെപ്പറ്റി മരിക്കാത്തയാളെങ്ങനെയാണ് പറയുന്നത്?"
"ബൈബിളിൽ പറഞ്ഞിട്ടുണ്ടല്ലോ  "
"ചേട്ടൻ സ്വർഗ്ഗത്തിൽത്തന്നെ പോകുമെന്ന് ഉറപ്പുണ്ടോ?"
"തീർച്ചയായും. ഞാൻ ബൈബിളിലും ക്രിസ്തുവിലും വിശ്വസിക്കുന്നു. "
"ഞങ്ങളിലാരെങ്കിലും ചേട്ടന്റെ വീട്ടിൽ വന്ന് ഗണപതിയിൽ വിശ്വസിക്കണമെന്ന് പറഞ്ഞാൽ, ചേട്ടൻ അതെങ്ങനെ കാണും?" മനോജ് അതിലൊരാളോട് ചോദിച്ചു...

"അത്... യേശുവിൽ മാത്രമേ ഞാൻ വിശ്വസിക്കൂ..."
"താങ്കളുടെ മകളെ ഞാൻ കെട്ടിയാൽ യേശു കോപിക്കുമോ..."  ആളുകളെ തോണ്ടാൻ മിടുക്കനായ വിനോദിന്റെ അടുത്ത വെടി. മകളുണ്ടെന്ന് കരുതി ചോദിച്ചതൊന്നുമല്ല. വെറുതെ തോണ്ടാൻ മാത്രം.

"അതെങ്ങനെയാണ്... അതൊട്ടും ശരിയാവില്ല. നീയൊരു ഹിന്ദു അല്ലേ..." അദ്ദേഹത്തിൻറെ മറുപടിയിൽ നിന്നാണ് അദേഹത്തിന് മകളുണ്ടെന്ന് മനസ്സിലായത്.
"എന്നാപ്പിന്നെ ഒരു കാര്യം ചെയ്യാം... ഞാൻ ക്രിസ്ത്യാനി ആയാൽ താങ്കളുടെ മകളെ കെട്ടിത്തരുമോ?" വിനോദ് വിടുന്നില്ല.

"അത്.. അത്.. ഏയ്... നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്... ഞങ്ങൾ ഈശോയെക്കുറിച്ച് പറയാനാണ് വന്നത്"

"അല്ല.. ഇതൊന്നും പോരെങ്കിൽ ഞാനീ രണ്ട് പേരെയും കൂടി ക്രിസ്ത്യാനികളാക്കിത്തരാം.. ഞാനും മതം മാറാം... എനിക്ക് മോളെ കെട്ടിത്തരുമോ?" വിനോദിന്റേത് ഒരു കൈവിട്ട ഓഫറായിരുന്നു.

ഞങ്ങളുടെ ചർച്ചകൾ അങ്ങനെ നീളുന്നതിനിടെ, ഞങ്ങളുടെ ഒരുവിധം ഉച്ചത്തിലുള്ള വർത്തമാനങ്ങൾ കാരണം, അർദ്ധമയക്കത്തിലായിരുന്ന ബീഹാറി, ഉറക്കം വിട്ടെഴുന്നേറ്റു. അപരിചിതരെ കണ്ടപ്പോൾ ആരാണെന്ന് ചോദിച്ചു. അവന്  മലയാളത്തിലുള്ള സംഭാഷണങ്ങളൊന്നും പിടികിട്ടിയിരുന്നില്ല.

"കോൻ ഹേ ഇൻ ലോഗ് ..." ബീഹാറി ഞങ്ങളോട് ചോദിച്ചു.

ബീഹാറി, പേര് വിജയകുമാർ ഠാക്കൂർ.  നല്ല തിളപ്പുള്ള ഉത്തരേന്ത്യൻ ഹിന്ദു ആണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ട് ഒന്നും വിട്ടു പറയണ്ട എന്ന് ഞങ്ങൾ വിചാരിച്ചു. വെറുതെ എന്തിനാണ് പ്രശ്നം. മാത്രവുമല്ല, കുറച്ച് നേരം കൂടി വന്നവരോട് തർക്കിക്കാനുള്ള മൂഡിലായിരുന്നു ഞങ്ങൾ. ഠാക്കൂർ കേറി ഇടപെട്ടാൽ എല്ലാം പൊളിയും.

"യെ ഇസ്‌കാ പൂനാ കാ മാമാ ഔർ ഉൻകാ ദോസ്ത് ലോഗ് ഹേ..." - വിനോദ് എന്നെ ചൂണ്ടി കള്ളം പറഞ്ഞു. എനിക്കൊരു മാമൻ പൂനെയിലുണ്ടായിരുന്നു.

ഠാക്കൂർ, പായയിൽ കാലും നീട്ടി ചുമരും ചാരിയിരുന്നു. പക്ഷേ അവൻ ചുറ്റുപാടും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അവന്റെ കണ്ണിൽ ആ കാര്യം പെട്ടത്. എന്റെ മാമ ആണെന്ന് പറഞ്ഞയാളുടെ കഴുത്തിൽ കുരിശ് മാല!

"അരേ സച്ച് ബോൽ... യെ ഇസ്കാ മാമാ യാ ഓർ കോയി ഹേ..?

അപ്പഴേക്കും അവന്റെ നോട്ടം താഴെയുള്ള നോട്ടീസുകളിൽ പതിഞ്ഞിരുന്നു. അവന് കാര്യങ്ങൾ മനസ്സിലായി...

"അരേ  തേരി കി...." ഠാക്കൂർ ചൂടായി.

സംഭവങ്ങൾ ഇത്രയായപ്പഴേക്കും ജോർജ്ജ് കക്കൂസിൽ കയറി കുറ്റിയിട്ടു.

"അരേ ഉസ്കോ ബോൽ, ഹം രാം ഓർ കൃഷ്ണാ മൈം വിശ്വാസ് കർതെ ഹൈ. ഹം ഹിന്ദൂ ഹേ...  ഉൾട്ടാ, ഉസ്കോ ഗീതാ കി ബാരെ മേ സമഝാഓ."

ഇത് കേട്ടപ്പോൾ മൂവർ സംഘം ഇത്തിരി അടങ്ങി. ഠാക്കൂർ പിന്നെ നേരിട്ട് അവരോടായി:

"അരെ തും ലോഗോം കോ ഓർ കുച്ച് കാം നഹി ഹൈ ക്യാ? ഭാരത്‌ മേ തും ലോഗോം കോ ക്യാ തക്ലീഫ്‌ ഹേ? തേരാ വിശ്വാസ് തേരാ മൻ പേ രഖ്നാ, ഹം കോ ക്യോം തക്ലീഫ്‌ ദേതേ ഹേ?"
"നഹി ഭായ് സാബ്, ഹം ഈശോ കി ഭാലായി കേ ബാരെ മേ ബാത്ത് കർ രഹേ ഥെ"
"അരേ തേരി മാകി..., തേരി ഭാലായി മേ കർകേ ദിഖാതാ ഹൂ" ഠാക്കൂർ പായയിൽ നിന്നെഴുന്നേറ്റു.

ഠാക്കൂർ അവന്റെ കൈ ഒന്നോങ്ങി. ഞാനും മനോജും കൂടെ അവനെ തടഞ്ഞു. അപ്പോഴേക്കും മൂവർ സംഘം പുറത്തെത്തിക്കഴിഞ്ഞിരുന്നു. അവർ പോകുന്ന പോക്കിൽ ഠാക്കൂർ അവന്റെ ഒരു പഴയ വള്ളിച്ചെരുപ്പ് അവർക്ക് നേരെ എറിഞ്ഞു. ഇതെന്താണ് സംഭവിക്കുന്നതെന്ന മട്ടിൽ, അപ്പുറത്തെ വീട്ടിലെ കോളജ് കുമാരി പുറത്തേക്കെത്തി നോക്കി.

അവര് പോകുമ്പോൾ ഞാൻ പറഞ്ഞു: "ചേട്ടന്മാരേ, വേറെ വല്ല നല്ല പണിക്കും പോയ്ക്കൂടെ? എന്നിട്ട് സ്വർഗ്ഗത്തിൽ പോയാൽ പോരേ? നമ്മളെയും കൂട്ടിത്തന്നെ പോകണമെന്നെന്തിനാണ് വാശി? "

ആ കുരിശുകൾ ഒഴിവായ സന്തോഷത്തിൽ അന്നത്തെ ഞായറാഴ്ചയാഘോഷം ഉച്ചക്ക് മുന്നേ തന്നെ തുടങ്ങി! യഥാർത്ഥ സ്വർഗ്ഗം കാണണമെങ്കിൽ ബീഹാറുകാരന്റെ ഒറിജിനൽ ഭാംഗും കൂടെ വേണം. ഇതൊന്നും ഈ പുസ്തകമെടുത്ത് നടക്കുന്ന പാർട്ടികൾക്കറിയില്ലല്ലോ, മാത്രവുമല്ല, ഞങ്ങൾ കാണുന്ന സ്വർഗ്ഗം മറ്റുള്ളവരെ കാണിച്ചേ അടങ്ങൂ എന്ന വാശിയും ഞങ്ങൾക്കില്ലല്ലോ 😜😀

മുംബൈയിലെ താമസത്തിനിടയ്ക്ക് രണ്ടു മൂന്നു തവണ കൂടി ഇത്തരം ആളുകൾ വന്നിരുന്നെങ്കിലും, അവരെ കാണുമ്പോൾ മനസ്സിലാകുന്നത്‌ കൊണ്ട്, താല്പര്യമില്ലെന്നറിയിച്ച ശേഷം മടക്കും. അതുകൊണ്ട് പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

കുറിപ്പ്: ഇതിലും രസകരമായ അടുത്ത കഥ രണ്ടാം ഭാഗത്തിൽ പറയാം.

***

3 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. Dear Tomichan, മതപരമായത് കൊണ്ട്, എല്ലാവർക്കും രസിക്കുമോ എന്നറിയില്ലെങ്കിലും , കുറച്ച് കാര്യങ്ങൾ ആർക്കെങ്കിലും അറിയാതെയെങ്കിലും മനസ്സിലായാൽ നല്ലതല്ലേ എന്നാലോചിച്ച് മാത്രം എഴുതിയതാണ് :) മറുപടിക്ക് നന്ദി.

      ഇല്ലാതാക്കൂ
  2. Facebook Comment:

    Jobin Kuruvilla വെള്ളയിൽ വരാതെ രക്ഷയില്ല ബ്രോ 😉
    Venugopalan Kokkodan Jobin, ഇനി അടുത്ത മൂന്ന് ഭാഗങ്ങളും കൂടി പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ,എന്നെ ആരെങ്കിലും വെള്ള പുതപ്പിക്കുമോ എന്നാണെന്റെ പേടി 😜

    മറുപടിഇല്ലാതാക്കൂ