പത്രങ്ങളൊക്കെ വായിക്കാൻ ചെറുപ്പത്തിലേ പ്രേരിപ്പിച്ചത് അച്ഛനാണ്. അത് വന്നു വന്ന്, ഒരു തരം addiction ആയി മാറിയത് ഞാൻ തന്നെ മനസ്സിലാക്കുന്നത് വളരെ വൈകിയാണ്. സുഹൃത്തുക്കളുടെ പ്രേരണയാൽ കള്ള് കുടിക്കാൻ പഠിച്ചത് പോലെ, അച്ഛൻറെ പ്രേരണയാൽ പത്രം വായിക്കാൻ പഠിച്ചത് ഇന്ന് കള്ള് കുടിയേക്കാൾ വലിയ തലവേദനയായിരിക്കുന്നു എന്ന നഗ്നസത്യം (വസ്ത്രങ്ങൾ കട്ട് പോയത് കൊണ്ട് നഗ്നനായി പുഴ നീന്തിയ സത്യമല്ല !) ഇന്ന് ഞാൻ ശരിയായി മനസ്സിലാക്കുന്നു. എനിക്ക് ഈ വലിയ addiction സമ്മാനിച്ച സ്വന്തം അച്ഛനോട്, ഈയ്യൊരറ്റ കാരണം കൊണ്ട് തന്നെ ദേഷ്യവും തോന്നുന്നുണ്ട്.
പത്രത്താളുകൾ ഓരോന്ന് മറിക്കുന്തോറും, നാട്ടിലെ സർക്കാർ സ്ഥാപനങ്ങളിൽ എന്തെങ്കിലും കാര്യത്തിന് പോയാലുണ്ടാകുന്ന അവസ്ഥയാണ് മനസ്സിലുണ്ടാകുന്നത്. ഒരു കാര്യം സാധിക്കാൻ, നാട്ടിലെ ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ പോയാൽ, ആ കാര്യാലയത്തിലുള്ള ഒരുവിധം സകലരെയും ശപിച്ചിട്ടോ അല്ലെങ്കിൽ അത്രമേൽ സഹിക്കാൻ പറ്റാഞ്ഞ് അവരിലാർക്കെതിരെയെങ്കിലും തീഷ്ണമായി പ്രതികരിച്ചോ മാത്രമേ പുറത്തിറങ്ങാൻ പറ്റൂ. അതുപോലെ പത്രം വായിച്ചാൽ, വിവരം കൂടിയ രാഷ്ട്രീയക്കാരെയും മതമേലദ്ധ്യക്ഷന്മാരെയും ബലാത്സംഗികളെയും പീഡകരെയും കൈയ്യൂക്കുള്ളവന്മാരെയും മനസ്സിലെങ്കിലും പുലഭ്യം പറയാതെ ഒരൊറ്റ ദിനവും കടന്ന് പോകാറില്ല.
അങ്ങനെ വായിക്കുന്നതിനിടയിൽ, മനസ്സിനെ കുടയുന്ന ചില സംഭവങ്ങളുണ്ടാകുമ്പോൾ മനസ്സിന്റെ പ്രേരണയാൽ അറിയാതെ സംഭവിക്കുന്നതാണ് എന്റെ കുറിപ്പുകളിൽ കൂടുതലും.
ആർത്തവത്തിനെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റിയുള്ള സമീപനങ്ങളെക്കുറിച്ചും, മുൻപ് വേറെ സന്ദർഭങ്ങളിൽ ഞാനെഴുതിയിട്ടുണ്ട്. 'നാപ്കിൻ സമരവും ചില ആർത്തവാചാരങ്ങളും', 'ആചാരങ്ങളെ ആലിംഗനബദ്ധരാക്കി അഭിനയിക്കുന്നവർ' (വായിക്കാൻ ലിങ്കുകളിൽ അമർത്തുക - ഈ വായനകൾ നിങ്ങളെ ചിന്തിപ്പിക്കും, തീർച്ച.) എന്നീ കുറിപ്പുകളിൽ (മറ്റ് പല ശബരിമല വിഷയങ്ങളിലും - ലേഖനങ്ങൾ) ആർത്തവസംബന്ധിയായ പല കാര്യങ്ങളെയും അനുഭവവെളിച്ചത്തിലൂടെ വിശകലനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് അന്നെഴുതിയ പല കാര്യങ്ങളും ഞാനിവിടെ ആവർത്തിക്കുന്നില്ല. ഈ എഴുത്തുകൾക്ക് ശേഷവും ചെറിയ ചെറിയ പ്രകോപനങ്ങൾ ഉണ്ടായെങ്കിലും, മൂന്നാല് ദിവസങ്ങൾ മുന്നേ ഗുജറാത്തിലെ ഭുജ് എന്ന സ്ഥലത്തുള്ള ഒരു പള്ളിക്കൂടത്തിൽ സംഭവിച്ച ചില കൊള്ളരുതായ്മകളാണ് ഈയ്യൊരു കുറിപ്പും കൂടെ എഴുതാൻ മനസ്സ് നിർബന്ധിച്ചത്.
ഭുജിലെ സ്വാമിനാരായൺ ക്ഷേത്ര സമിതിക്ക് കീഴിലുള്ള സഹജാനന്ദ് ഇൻസ്റ്റിട്യൂട്ടിലെ 68 ഓളം വിദ്യാർത്ഥിനികളെ അവിടത്തെ വനിതയായ പ്രിൻസിപ്പാളാണ്, അടുത്തുള്ള ഏതോ അമ്പലത്തിലും പള്ളിക്കൂടത്തിലെ ഭക്ഷണശാലയിലും ആർത്തവ സമയത്ത് കയറി എന്നാരോപിച്ച്, ആരാണ് കയറിയത് എന്ന് ഉറപ്പിക്കാൻ വസ്ത്രമഴിച്ചുള്ള പരിശോധനകൾ, മറ്റ് അദ്ധ്യാപികമാരുടെ സഹായത്താൽ നടത്തിയത് ! പരാതിപ്പെട്ടാൽ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിയുമുണ്ട്. സ്ത്രീകൾക്ക് പാര സ്ത്രീകൾ തന്നെ !! ആചാരങ്ങൾക്ക് അടിമപ്പെട്ട് മസ്തിഷ്‌കം മതങ്ങൾക്കടിയറ വെച്ചാൽ ഇതും സംഭവിക്കും ചിലപ്പോൾ ഇതിനപ്പുറവും.
ശബരിമലയിലെ ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം ആർത്തവമാണ്. കുറച്ച് വർഷങ്ങൾക്ക് മുന്നേ കേരളത്തിലെ ഒരു വ്യവസായ സ്ഥാപനത്തിലെ ശുചിമുറിയിൽ നാപ്കിൻ നിക്ഷേപിച്ചെന്നും പറഞ്ഞ്, ആ നാപ്കിൻ ധരിച്ച സ്ത്രീയെ കണ്ടെത്താൻ ഇത് മാതിരി വസ്ത്രാക്ഷേപ പരിപാടികൾ നടന്നിരുന്നു. അതിനെതിരേ ഒരു കൂട്ടം സ്ത്രീകൾ സമരങ്ങൾ നടത്തിയെങ്കിലും, ആ സമരങ്ങൾ അറബിക്കടലിലെ അലകൾക്കുള്ളിൽ ഒതുങ്ങിപ്പോവുകയാണുണ്ടായത്! അത്രക്ക് രൂക്ഷമാണ് ആർത്തവത്തെ സംബന്ധിച്ച്, സാമാന്യ മനസ്സുകളിലെ തികട്ടലുകൾ. ആർത്തവം.. ആർത്തവം എന്ന് വിളിച്ച് കൂവി നടന്നില്ലെങ്കിലും, കെട്ട മനസ്സിലുണ്ടാവുന്ന ആ തികട്ടലുകളാണ് ഈ രീതികളിൽ പുറത്ത് വരുന്നത്.
പള്ളിക്കൂടം എന്നത് സരസ്വതീ ക്ഷേത്രമാണെന്ന് കരുതുന്ന അതേ കൂട്ടം ആൾക്കാരാണ്, ആർത്തവമുള്ള സ്ത്രീ അമ്പലങ്ങളിൽ കയറിയാൽ ഒച്ചവെക്കുന്നത്. സരസ്വതീക്ഷേത്രമായ പള്ളിക്കൂടത്തിൽ ആർത്തവമുള്ള സ്ത്രീക്ക് കയറിപ്പഠിക്കാമെങ്കിൽ, എന്തുകൊണ്ട്, മറ്റമ്പലങ്ങളിൽ കയറിക്കൂടാ എന്ന് ചോദിച്ചുകൂടെന്നെനിക്കറിയാം. വേദാന്തവും തന്ത്രസമുച്ഛയവും പഠിക്കാത്ത എനിക്ക് അതൊന്നും മനസ്സിലാവില്ലെന്ന് എന്നോട് ഇതിനകം തന്നെ ജ്ഞാനികൾ പറഞ്ഞു തന്നിട്ടുണ്ട്. ആർത്തവം ദൃഷ്ടിയിൽ പെട്ടാൽത്തന്നെ ഉരുകിപ്പോകുന്ന ദൈവങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. അതിന് പുറമേ ദൈവപ്പേടിയിൽ പൊതിഞ്ഞ് സ്ത്രീകളെ ചെറുപ്പത്തിലേ മസ്തിഷ്കമസാജുകൾ നടത്തുന്നത് കൊണ്ട് കാര്യങ്ങൾ കൂടുതലെളുപ്പവുമാകുന്നു.
ആർത്തവം സംബന്ധിച്ച പ്രശ്നങ്ങൾ ഇവിടം കൊണ്ടൊന്നും തീരില്ലെന്ന് ഇപ്പോൾ കൃത്യമായും തോന്നുന്നുണ്ട്. ചിലപ്പോൾ ഭാവിയിൽ ഇനിയും കൂടുതൽ പറയേണ്ടി വന്നേക്കുകയും ചെയ്യാം.ആയതിനാൽ, ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ കുറച്ചെങ്കിലും കുറയ്ക്കാൻ, എനിക്കൊരു ഉപായം നിർദ്ദേശിക്കാനുണ്ട്. ഹിന്ദുസ്ത്രീകളുടെ ഇടയിലാണ് ആർത്തവം സംബന്ധിച്ച് ഈ വസ്ത്രമുരിയൽ ഇപ്പോൾ കാര്യമായി നടക്കുന്നത്. കല്യാണം കഴിഞ്ഞ, ഹിന്ദുമത വിശ്വാസികളായ സ്ത്രീകൾ, കല്യാണം കഴിഞ്ഞതാണെന്ന അടയാളമെന്ന നിലയിൽ നെറ്റിയിലെ സിന്ദൂരരേഖയിൽ സിന്ദൂരം ചാർത്തുന്നത് ഇന്നും വളരെ സാധാരണമാണ്. അത് പോലെ ആർത്തവമുള്ള സ്ത്രീകൾ (പെൺകുട്ടികളടക്കം) ഇതുപോലുള്ള എന്തെങ്കിലും അടയാളം, മറ്റുള്ളവർക്ക് കാണത്തക്ക രീതിയിൽ അണിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകില്ലേ? ഉദാഹരണത്തിന്, ആർത്തവമുള്ളവർ, നെറ്റിയിൽ പച്ചച്ചാണകത്തിന്റെ നേരിയ ഒരു വര വരക്കട്ടെ. അപ്പോൾ ആർക്കാണ് അസുഖമുള്ളതെന്ന്, പള്ളിക്കൂടത്തിലെ അദ്ധ്യാപികക്കും, സ്ഥാപനങ്ങളിലെ സെക്യൂരിറ്റിക്കും മാത്രമല്ല, അവരെകാണുന്ന എല്ലാവർക്കും മനസ്സിലാകും. ശബരിമല പോലുള്ള സ്ഥലങ്ങളിൽ പത്തിനും അമ്പതിനും ഇടക്കുള്ള സ്ത്രീകൾ എന്ന പ്രശ്നവും മുഴുവനായും ഒഴിവാക്കാം. ഈ വയസ്സിനിടയ്ക്കല്ലാത്ത സ്ത്രീജനങ്ങൾ വന്നാൽ അടയാളം നോക്കി തിരിച്ചറിയാമല്ലോ ! ദൈവത്തിന് പഴുതില്ലാത്ത full security വാഗ്ദാനം ചെയ്യാനും പറ്റും!! ഈയ്യൊരു പുതിയ ആചാരം, ദൈവത്തിന്റെ കല്പനയാണെന്ന പേരിൽത്തന്നെ, പുരോഹിതർ ഏതെങ്കിലും ശ്ലോകങ്ങളുടെ അകമ്പടിയോടെ സ്ത്രീകളോട് ഉദ്‌ഘോഷിക്കണം. ആർക്കും നാണക്കേടില്ലാതെ, ആർത്തവ പ്രശ്നങ്ങൾ പകുതിയെങ്കിലും പരിഹരിക്കപ്പെടും !! കാലഭൈരവന്റെ ഉപ്പിൽ കൈവച്ച ഉറപ്പ് guarantee !!!
കുറിപ്പ്: ഇനി ഈ നിർദ്ദേശത്തിന്റെ പേരിൽ, ഈ നിർദ്ദേശത്തിന്റെ ഉദ്ഘാടനം എന്റെ ഭാര്യയുടേയോ മക്കളുടെയോ മുകളിൽ നടത്തണമെന്ന് താല്പര്യപ്പെടുന്നവർ, കുറച്ച് ചാണകം തിന്നതിന് ശേഷം മാത്രം താല്പര്യപ്പെടാനപേക്ഷ.
***
Facebook Comments:
മറുപടിഇല്ലാതാക്കൂSuni Elizabeth Bose "സരസ്വതീക്ഷേത്രമായ പള്ളിക്കൂടത്തിൽ ആർത്തവമുള്ള സ്ത്രീക്ക് കയറിപ്പഠിക്കാമെങ്കിൽ, എന്തുകൊണ്ട്, മറ്റമ്പലങ്ങളിൽ കയറിക്കൂടാ എന്ന് ചോദിച്ചുകൂടെന്നെനിക്കറിയാം."
വേണൂ, സ്ത്രീകൾക്കു വിദ്യാഭ്യാസത്തിനുള്ള അവകാശം കൂടി നിഷേധിക്കപ്പെടാൻ വേണുവിൻറെ എഴുത്തുകൾ കാരണമാകാതിരിക്കട്ടെ. വേണു തന്നെ പറഞ്ഞതു ഇതു വായിക്കുന്ന ഏതെങ്കിലും കെട്ട മനസ്സുകൾ ചിന്തിക്കുകയാണ് സരസ്വതീ ക്ഷേത്രമായ വിദ്യാലയത്തിൽ ആർത്തവമുള്ള സ്ത്രീകൾ കയറുന്നതു ശരിയല്ല എന്ന് തോന്നിയാൽ അതൊരു നിയമനിർമാണത്തിന് സ്വാധീനമുള്ളയാളെങ്കിൽ ഫലം വിപരീത.മാകില്ലേ എന്ന് ഒരു സന്ദേഹം
Venugopalan Kokkodan Suni, ഇങ്ങനെ നല്ല വിദ്യാഭ്യാസമുണ്ടായിട്ടും മതങ്ങളുടെ വികല വീക്ഷണങ്ങൾക്കും ദുരാചാരങ്ങൾക്കും മേലദ്ധ്യക്ഷന്മാരുടെ യുക്തിരഹിത പ്രക്ഷാളനങ്ങൾക്കും അടിമകളായി ജീവിക്കുന്നതിലും നല്ലത്, വിദ്യാഭ്യാസമില്ലാതിരിക്കുന്നതാണെന്നാണ് എന്റെ പക്ഷം😊
Suni Elizabeth Bose എന്റെ വിശ്വാസം ഞാൻ ആർക്കും തന്നെ അടിയറവു വച്ചിട്ടില്ല. മതമേലധ്യക്ഷന്മാരോട് ബഹുമാനമുണ്ട്. അത് ബഹുമാനം കൊടുക്കേണ്ടവർക്കു കൊടുക്കുന്ന ബഹുമാനം മാത്രം. ആ ബഹുമാനം അവരിൽ ചിലർ ചെയ്യുന്ന കൊള്ളരുതായ്മകൾകൾക്കുള്ള പച്ചകൊടിയല്ല! :) എന്നാൽ ഒരു ചെറിയ പക്ഷം ചെയ്യുന്ന കൊള്ളരുതായ്മക്കു എല്ലാവരെയും ചെളി വാരി തേക്കാനും ഞാനില്ല!
Suni Elizabeth Bose പിന്നെ മതം. മതത്തിന്റെയെല്ലാം കാതൽ ഒന്നു തന്നെ. പരസ്പരം സ്നേഹിക്കുക. ബഹുമാനിക്കുക. അപരന്റെ ഉള്ളിൽ വസിക്കുന്ന ദൈവത്തെ തിരിച്ചറിയുക. പക്ഷെ അതു മനസിലാകാത്തവർ ചെയ്യുന്ന വിവേകരഹിതമായ പ്രവർത്തികൾക്ക് അവരെയും കുറ്റപ്പെടുത്താനില്ല. കാരണം ഓരോരുത്തനും വിവേകം ഉണ്ടാകുന്ന ഘട്ടം പലതാണ്.
Gemini Premkumar Venu.. My weekness also the same. My father too, taught me to read news paper from childhood everyday.. thats the first breakfast. I still rememer those days the main news was on PM indira gandhi.. that memory itself make me smile.. such a brave lady..
Venugopalan Kokkodan Gemini, ഈ പത്രങ്ങളൊന്നും വായിച്ചില്ലെങ്കിൽ, വാർത്തകളറിഞ്ഞുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു. ഓരോ കുടുംബവും ബോധവാന്മാരായില്ലെങ്കിൽ, ഇനിയും അന്ധവിശ്വാസങ്ങളുടെ അക്ഷയതൃതീയപടുകുഴികളിൽ വീഴാൻ സാധ്യതകളേറെയാണ്.
Jobin Kuruvilla ആർത്തവരഹിത ഭാരതം. പറ്റുമോ?
Venugopalan Kokkodan Jobin, ആഫിക്കയിൽ ഒരു യന്ത്രം പണിപ്പുരയിലാണെന്നാണ് കേട്ടത്. ജനസംഖ്യയെങ്കിലും കുറക്കാലോ 😄