2020, ഫെബ്രുവരി 3, തിങ്കളാഴ്‌ച

കൊടിയടയാളത്തിലെ സന്ദേഹം

(Picture Source: Google)
Published on Naaraayam Facebook Page on 3rd Feb 2020

പൗരത്വനിയമത്തിനെതിരായി ഹൈദരാബാദിൽ സംഘടിപ്പിച്ച റാലിയിൽ ദേശീയ പതാകയെ അപമാനിച്ചിരിക്കുന്നു. ദേശീയ പതാകയിൽ അശോക ചക്രത്തിന് പകരം 'ലാ-ഇലാഹ-ഇല്ലള്ളാ' എന്നെഴുതി വച്ചിരിക്കുന്നു! അതിന്റെപേരിൽ ദേശസ്നേഹം വായിട്ടലച്ച് നാട്ടിൽ പൊല്ലാപ്പ് നടക്കുകയാണ് !!

ഞാനിനി പറയാൻ പോകുന്ന കാര്യങ്ങൾ വായിച്ച് ആരും എന്നെ ദേശസ്നേഹം ഇല്ല എന്നും പറഞ്ഞ് തല്ലാൻ വരരരുത്. കാരണം, ഞാൻ പൊട്ടനാണ്. സംശയങ്ങൾ കൊണ്ട് പൊട്ടനായിപ്പോയതാണ്. പൊട്ടന്മാർക്കും വട്ടന്മാർക്കും നിയമത്തിലിളവുകൾ ഉണ്ടാവുമല്ലോ! സംശയങ്ങൾ ചോദിക്കാതിരുന്നാൽ സംശയങ്ങൾ കുമിഞ്ഞ് കുമിഞ്ഞ് പുകഞ്ഞ് പുകഞ്ഞ് വട്ടായിപ്പോകും ! അതുകൊണ്ട് മാത്രം ചോദിക്കുന്നതാണ് !!

ഭാരതത്തിന്റെ ദേശീയ പതാക ഇപ്പോൾ എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാമല്ലോ. എന്തായാലും ഞാൻ അതിനെക്കുറിച്ച് വിവരിക്കുന്നില്ല, കാരണം ഞാൻ പറയാൻ വന്നത് വേറെ കാര്യമാണ്. ഭാരതപതാകയെക്കുറിച്ച് മിനിമം അറിയാൻ ഈ ലിങ്കിൽ https://en.wikipedia.org/wiki/Flag_of_India അമർത്തി വായിച്ച് പഠിക്കുക! അതിന് ശേഷം ബാക്കി വായിച്ചാൽ മതി.

അപ്പോ, എന്താണ് ഭാരതപതാക, അതിന്റെ നിറം, നീളം, വീതി, ഉയരം, ഇത്യാദികൾ ഇതിനകം മനസ്സിലായിക്കാണുമല്ലോ. ഇപ്പൊ എന്ത് തോന്നുന്നു? ആ... ആർക്കറിയാം... എന്തായാലും കുറച്ച് കാര്യങ്ങൾ ഈ പൊട്ടൻ പറയാം. ഒരു പൊട്ടന് മറ്റുള്ളവരെല്ലാം പൊട്ടന്മാരായതുകൊണ്ട്...

അല്ല പൊട്ടന്മാരേ, നേരത്തെ പറഞ്ഞ ആ ലിങ്കിൽ പറയുന്നപോലെയുണ്ടാക്കിയ പതാകയേ ദേശീയ പതാകയാവുകയുള്ളൂ. അല്ലാത്തതൊന്നും ദേശീയ പതാക ആവുകയില്ല. എന്ന് വച്ചാൽ മുകളിൽ കുങ്കുമവും, നടുവിൽ വെള്ളയും താഴെ പച്ചയും ഉള്ള ഒരു തുണിയുടെ നടുവിൽ 'ലാ-ഇലാഹ...' എന്നെഴുതിയാൽ അത് ഭാരതത്തിന്റെ ദേശീയ പതാക ആവില്ല. ആയത് കൊണ്ട് തന്നെ അവിടെ ദേശീയ പതാക നിന്ദ ഉണ്ടായിട്ടില്ല. അതുകൊണ്ട് പതാക നിന്ദ ഉണ്ടായി എന്നും അവർക്കു ദേശസ്നേഹം ഇല്ല എന്നൊക്കെ പറഞ്ഞ് പുകിലുണ്ടാക്കുന്നത്, ഒച്ചയുണ്ടാക്കി ഓളം കൂട്ടി ബഹളമുണ്ടാക്കാൻ മാത്രമേ സഹായിക്കൂ.

ഒന്നാലോചിച്ച് നോക്കൂ... ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതാക നോക്കൂ.. ശരദ് പവാറിന്റെ നാഷണലിസ്റ് കോൺഗ്രസ്സ് പാർട്ടിയുടെ പതാക നോക്കൂ... ഒന്നിൽ ചർക്ക, മറ്റേതിൽ ടൈംപീസ്... മേല്പറഞ്ഞ കാരണത്തിന് ബഹളം കൂട്ടുന്ന ദേശസ്നേഹികൾ എന്തുകൊണ്ട് ഈ പതാകകൾ മാറ്റണമെന്ന് ഒച്ചയുണ്ടാക്കുന്നില്ല? അങ്ങനെ എത്രയോ പതാകകൾ ഉണ്ട്. അതൊക്കെ മാറ്റാൻ പറ്റുമോ? ഇന്ത്യൻ ദേശീയ പതാകയിലെ അശോകചക്രത്തിന് 24 ആരക്കാലുകൾ ഉണ്ട്. അഥവാ 23 ആരക്കാലുകളുള്ള ഒരു ചക്രമാണ്, മുകളിൽ കുങ്കുമവും, നടുവിൽ വെള്ളയും താഴെ പച്ചയും ഉള്ള ഒരു തുണിയുടെ നടുവിൽ ഉള്ളതെങ്കിൽ പോലും അത് ദേശീയപതാക ആവില്ല.

സാമ്യമാണ് ഇവിടെ വില്ലൻ. മറ്റൊന്ന് അതിലെഴുതിയ വാചകത്തിന്റെ ഉടമകളായ മതവും. അഥവാ അത് വേറൊരുമതക്കാർ എടുത്ത് 'ലാ-ഇലാഹ' ക്ക് പകരം 'ഓം' എന്ന് എഴുതി പൗരത്വ നിയമത്തിനെ അനുകൂലിക്കുന്ന ഒരു റാലിയിൽ ഉപയോഗിച്ചാൽ ചിലപ്പോൾ അത് ദേശസ്നേഹം കൂടിയതിന്റെ ചിഹ്നമായേനെ (എന്റെ പൊട്ടയായ സംശയം മാത്രമാണ്). നാളെ കാവിത്തുണിയിൽ 'ഓം' എന്നതിന് പകരം ഒരു 'കൂട്ടണം' ചിഹ്നം അഥവാ കുരിശ് രൂപം ആലേഖനം ചെയ്ത് വടിയിൽ കെട്ടി കൊടിയാക്കിയാൽ അത് മത നിന്ദ ആകുമോ?

ഇന്ത്യൻ പതാക പോലുള്ള പതാകകൾ അശ്രദ്ധ മൂലം തലതിരിച്ച് പിടിക്കപ്പെടാൻ പോലും അത്യധിക സാദ്ധ്യതയുള്ള ഒരു പതാകയാണ്. അങ്ങനെയാണ് അതിന്റെ ഘടന. അതിന്റെ പേരിൽ പോലും എത്രയെത്ര പൊല്ലാപ്പുകൾ ഉണ്ടാവുന്നുണ്ട്? അമേരിക്കൻ ഐക്യനാടുകളുടെ പതാകയിൽ കുറെ നക്ഷത്രങ്ങളുണ്ട്. ഇപ്പോഴത്തെ കണക്ക് 50 ആണ്. ആരെങ്കിലും അതുപോലുള്ള പതാക എടുത്ത് നടന്നാൽ, വേറെ ആരെങ്കിലും ആ പതാക എടുത്തവനെ പിടിച്ച് നിർത്തി, ആ പതാകയിലെ നക്ഷത്രങ്ങൾ എണ്ണുമോ? അഥവാ അത് 49 ആയിപ്പോയാൽ അവനെ ദേശസ്നേഹം ഇല്ലാത്തവൻ എന്നും പറഞ്ഞ് വെടിവച്ചിടുമോ? അമേരിക്കൻ ഐക്യനാടുകളിൽ, അവരുടെ ദേശീയ പതാക പോലുള്ള തുണികൾ കൊണ്ട് വസ്ത്രങ്ങളും അടിവസ്ത്രങ്ങൾ പോലും ഉണ്ടാക്കുന്നുണ്ട്. പക്ഷേ ശരിയായ ദേശീയ പതാകയ്ക്ക് അതിന്റെ രീതിയിലുള്ള ബഹുമാനവും കൊടുക്കുന്നുണ്ട്. പക്ഷേ തെറ്റുകൾ കണ്ട് പിടിച്ച് അപമാനിക്കാൻ തുനിഞ്ഞിറങ്ങാറില്ല.

ഇന്ത്യയിലെ പല സംഘടനകൾക്കും വരുടേതായ മിതവും തീവ്രവുമായ ആശയങ്ങളുണ്ടാകാം. അവർക്ക് അവരുടേതായ അജണ്ടകളും ഉണ്ടാവാം. അവർ പ്രത്യക്ഷത്തിൽ ജനങ്ങൾക്ക് ദ്രോഹമാകുന്ന എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അല്ലാതെ തുണി പൊക്കി നോക്കി രഹസ്യം കണ്ടെത്തുന്ന രീതിയിൽ, അല്ലെങ്കിൽ ഇല്ലാത്ത പുകയുണ്ടെന്നും പറഞ്ഞ് പുകയും പുകമറയും ഉണ്ടാക്കുന്ന രീതിയിൽ, ഇല്ലാത്ത കാര്യങ്ങൾ കണ്ടെത്തി കാരണങ്ങളുണ്ടാക്കരുത്. അത് ബഹളങ്ങളും ധ്രുവീകരണങ്ങളും വർദ്ധിപ്പിക്കുകയെ ഉള്ളൂ.

അതാണ് പറഞ്ഞ് വരുന്നത്, ഇവിടെ പലതും നിയന്ത്രിക്കുന്നത് വേറെന്തൊക്കെയോ വികാരങ്ങളാണ്. നിറങ്ങൾ മതങ്ങളുടേതും നിറങ്ങളുടെ കൂട്ടങ്ങൾ ചില രാഷ്ട്രങ്ങളുടേതും മാത്രമാകുന്ന കപട ചിന്തകൾ. പാവം നിറങ്ങൾ. മഴവില്ലിന് പോലും ഇനി എത്രകാലം ആയുസ്സുണ്ടാകുമെന്ന് കണ്ട് തന്നെ അറിയണം ! ഈ പൊട്ടത്തരം പറഞ്ഞതിന് ഈ പൊട്ടനോട് ക്ഷമിക്കുക !

***

2 അഭിപ്രായങ്ങൾ:

  1. Facebook Comments:

    Krishnakumar S Menon Your logic is fine.. But I question the intent behind the act!
    Venugopalan Kokkodan Krishnakumar etta, Yes, I agree that there can be multiple intentions behind any act. I think I have already mentioned about it inside the article. Still, finding out the right intention is the key. Some intentions might be for just provocations. What I say is there always can be a flip side, which we might not be never thought of or sometimes out thoughts might be incorrect.
    Even if I doubt, instead of jumping into any conclusions, keep that in mind and be suspicious in mind. But yes, if the act is any mode of crime, directly questioning the law, then act immediately. But here, making noise for these kind of things will unnecessarily will create clouds and more polarization. That’s what my take😊

    Krishnakumar S Menon Yes, it takes two hands to clap. If the second hand does not respond there can be no sound!

    Venugopalan Kokkodan
    Venugopalan Kokkodan Krishnakumar etta, Yes let the other hand come and clap if really required. Here, the issue is something to be neglected. If they really took out the Ashoka Chakra intentionally in an indignified way, yes, there, people have to make sound. Here its some wordings in a national flag look a like color pattern. Also, in any protest, using religion symbols are not correct, but they can 😊 At least one side be smart, instead of behaving the same way!

    Jobin Kuruvilla പല്ലിന് പല്ല്, കണ്ണിന് കണ്ണ്, തീവ്രവാദത്തിന് തീവ്രവാദം!
    ഇങ്ങനെയൊരു പതാക ഉണ്ടാക്കിയത് അനുചിതമായിപ്പോയി എന്നാണ് അഭിപ്രായം. പലർക്കും അവരുടെ ചെയ്തികളെ ന്യായീകരിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കേണ്ടിയിരുന്നില്ല!

    Venugopalan Kokkodan Jobin Kuruvilla, അനുചിതമായിപ്പോയി എന്ന് തോന്നുന്നെങ്കിലും, അതിനെച്ചൊല്ലി എടുത്ത് ചാടി ബഹളമുണ്ടാക്കേണ്ടതില്ലെന്നാണ് എന്റെ പക്ഷം 😊 ബഹളമുണ്ടാക്കിയത് കൊണ്ട് ചിലപ്പോൾ അവരുടെ ഉദ്ദേശം കൂടുതൽ ഭംഗിയായി നടന്നെന്ന് വരും. കാ സമരങ്ങളിലും മറ്റേത് സമരങ്ങളിലും മതചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന് തന്നെയാണ് എന്റെ മതം. പക്ഷെ ചില സ്ഫോടനാത്മകമായ കാര്യങ്ങളിൽ, പ്രത്യക്ഷത്തിൽ പ്രശ്നങ്ങളില്ലാത്തിടത്തോളം, വിവേകപൂർണ്ണമായ, സാകൂതം വീക്ഷിച്ച് കൊണ്ട് ഇത്തിരി അച്ചടക്കം പാലിക്കുന്നതായിരിക്കില്ലേ എടുത്ത് ചാട്ടത്തിനേക്കാൾ ഭംഗി ?😄

    Jobin Kuruvilla Venugopalan Kokkodan “ബഹളമുണ്ടാക്കിയത് കൊണ്ട് ചിലപ്പോൾ അവരുടെ ഉദ്ദേശം കൂടുതൽ ഭംഗിയായി നടന്നെന്ന് വരും.“
    അതാണ്. അവിടെയാണ് പ്രശ്‍നം.

    Venugopalan Kokkodan Jobin Kuruvilla അപ്പോൾ അവർക്കും വേണ്ടത് ബഹളം, നമുക്കും വേണ്ടത് ബഹളം.... ബഹളിച്ച് ബഹളിച്ച് എവിടം വരെ പോകുമെന്നൊരു പിടിയുമില്ല!

    Jobin Kuruvilla Venugopalan Kokkodan Exactly!

    Venugopalan Kokkodan Jobin Kuruvilla എന്നിരുന്നാലും, ഈയ്യൊരു കാര്യത്തിൽ, നിയമപരമായും പ്രത്യക്ഷത്തിലും തെറ്റുകളൊന്നുമില്ലാത്ത സ്ഥിതിക്ക്, വെറും അനുമാനത്തിന്റെ പേരിൽ, മണ്ണെണ്ണയാണ് കൊണ്ടുവരുന്നതെന്ന് കരുതി, തീപ്പെട്ടി നീട്ടിക്കൊടുത്തത് പോലെയായി 😃

    Rejeesh Nair Malayath അവരെല്ലാം ദേശീയഗാനം പാടുകയും ത്രിവർണ്ണ പതാക പിടിച്ചും തുടങ്ങിയല്ലോ ... അത് തന്നെ ധാരാളം... 😁

    Venugopalan Kokkodan Rejeesh Nair Malayath , തീർച്ചയായും. എല്ലാവരും ഇപ്പോൾ മതപുസ്തകം വശങ്ങളിൽ വച്ച് ഭരണഘടന വായിക്കാൻ തുടങ്ങിയിട്ടുണ്ട്. നിലനിൽപാണ് പ്രശ്നമെന്നുള്ള ചിന്ത മനസ്സിൽ കയറിയാൽ ആരുടേയും കണ്ണ് തുറക്കപ്പെടും 😄 പക്ഷേ ആ ചിന്ത എങ്ങനെ കയറിക്കൂടി എന്നത് വേറെ കാര്യം! 😊

    മറുപടിഇല്ലാതാക്കൂ
  2. Facebook Comments:
    Abdullakutty Ph വളരേ വൃക്തമായി കാരൃങ്ങള്‍ വിശദീകരിച്ചു മൂന്ന് നിറമുളള ഒരു തുണിയില്‍ എന്തെങ്കിലും എഴുതിയാല്‍ അത് ദേശീയ പതായാവില്ല അശോകചക്രത്തിനും ആരകാലുകള്‍ക്ക് പോലും കണക്കുണ്ട് അഭിനന്ദനം

    Naaraayam Abdullakutty Ph , ജനങ്ങൾ പല കാര്യങ്ങളിലും മറ്റുള്ളവരാൽ നിയന്ത്രിക്കപ്പെടാതെ, സ്വയം നിയന്ത്രിച്ച്, വിവേകപൂർവ്വം കാര്യങ്ങൾ ചെയ്‌താൽ, ശ്രമിക്കുകയെങ്കിലും ചെയ്‌താൽ നാട്ടിൽ ഇത്തിരി സമാധാനം ഉണ്ടാവും.

    Rejisukumar Sukumaran ഇന്ത്യൻ ദേശീയതയുടെ സത്വത്തിന്റെ മേലുള്ള കടന്നുകയറ്റം ആത്യന്തം പ്രതിഷേധാർഹം.

    Naaraayam Rejisukumar Sukumaran, തീവ്ര ദേശീയത എല്ലായ്‌പോഴും അപകടം പിടിച്ചതാണ്. അങ്ങനെയാണ് നാസിസവും ഫാസിസവും മാനവരാശിയുടെ കുഴികൾ ഒരുകാലത്ത് തോണ്ടിയത്. മനുഷ്യൻ എല്ലാ കാലത്തും അതിജീവനമാർഗ്ഗങ്ങൾ തേടി നാട് ചുറ്റുന്നവനും, അവന് ഉചിതമായ സാഹചര്യങ്ങളിൽ ജീവിക്കാനിഷ്ടപ്പെടുന്നവനുമാണ്. ദേശീയതക്ക് മാനവികതയുടെ മുഖമുണ്ടെങ്കിൽ മാത്രമേ, സമാധാനമുണ്ടാകൂ.. മേല്പറഞ്ഞ കൊടിപ്രശ്നത്തിൽ, താങ്കൾക്ക് കാര്യങ്ങൾ മനസ്സിലായെങ്കിൽ, അവിടെ ദേശീയതയുടെ പ്രശ്നമൊന്നുമില്ല. സംശയങ്ങൾ ദുർവ്വികാരങ്ങളുടെ ആക്കം കൂട്ടുകയേ ഉള്ളൂ. ഈ കാര്യത്തിൽ ജാഗ്രതയോടുകൂടിയ സംയമനമായിരുന്നു ബഹളത്തെക്കാൾ ആവശ്യം.

    Lakshmanan Pc മനുഷൃതൃമാണു് ഏററവു० വലിയ മത०. അതാണു് ഭാരതീയർ. അതാണു് ഹിൻദുവിൻെറ ദേശീയത.

    Naaraayam Lakshmanan Pc, തീർച്ചയായും. മനുഷ്യത്വവും മാനവികതകയും ആയിരിക്കണം, നമ്മുടെ മതം. അത് ഏത് മതപുസ്തകം വ്യാഖ്യാനിച്ചും തകർക്കാൻ അനുവദിക്കരുത്. തീർച്ചയായും മതചിഹ്നങ്ങൾ ജനകീയ പ്രക്ഷോഭങ്ങളിൽ ഉപയോഗിക്കുന്നതും അങ്ങേയറ്റം അപലപനീയമാണ്!

    Abdulla Kp എന്നിട്ടെ വിടെ ടൊ അത് കാണുന്നില്ലല്ലൊ. ഒ iഅപ്പൊ നാഗപ്പൂരിലേക്ക് രാസപരിശോധനക്കയച്ചിട്ടുണ്ടാവും അല്ലെ

    മറുപടിഇല്ലാതാക്കൂ