2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

ബാങ്ക് വിളിയും സുപ്രഭാതവും

(Picture Courtesy: Google)

പെണ്ണുങ്ങൾക്ക് ബാങ്ക് വിളിക്കാമോ, വിളിച്ചാലെന്താ എന്നതിനെക്കുറിച്ചൊക്കെ ചിന്തിച്ച് ബഹളമുണ്ടാക്കി ചുരുട്ടിക്കൂട്ടിയെറിഞ്ഞ കിത്താബ്, ഒരു മൂലക്കിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. സംസ്ഥാനകലോത്സവത്തിൽ പങ്കെടുക്കാൻ പറ്റാഞ്ഞതിന് ഒരു കൂട്ടം കുഞ്ഞ് കലാകാരന്മാർ വിശ്വാസകാഠിന്യക്കാരെ ശപിച്ചിരിക്കണം! ചുരുട്ടിക്കൂട്ടി മൂലക്കിട്ട കിത്താബ്, മൂത്രമൊഴിക്കാനോ മറ്റോ ഇരുട്ടത്ത് പോകുമ്പോൾ കാലിൽ തടഞ്ഞെന്നോണം, അറിയാതെ തുറന്ന്  ഇരുട്ടത്ത് നോക്കിയിട്ടാണോ എന്നറിയില്ല, എന്തൊക്കെയോ കുറച്ച് കാര്യങ്ങൾ മനസ്സിലായത് പോലെ, ബാങ്ക് വിളിയിൽ ചില ചെറീയ... വളരെ ചെറീയ പരിഷ്‌കാരങ്ങൾ വരുത്താൻ ഒരു ചെറീയ കൂട്ടം  വിശ്വാസികൾ  തീരുമാനിച്ചിരിക്കുന്നു. ഒരു വലീയ കാര്യത്തിലേക്കുള്ള ഒരു ചെറീയ കാൽവെപ്പ്!

മലപ്പുറം ജില്ലയിലെ വാഴക്കാട് എന്ന ഗ്രാമത്തിലെ പത്ത്-പതിനാറോളം പള്ളികളിൽ നിന്നുള്ള ബാങ്ക് വിളികൾ ഏകോപിപ്പിക്കാൻ മഹല്ല് കമ്മിറ്റികൾ കൂടിയിരുന്ന് തീരുമാനിച്ചിരിക്കുന്നു. സലാത്ത്-അൽ-ഫജ്റ് മുതൽ സലാത്ത്-അൽ-ഇശാ വരെയുള്ള അഞ്ച് നമസ്കാര-ബാങ്ക് വിളികളും, ഇനി രണ്ടോ മൂന്നോ പള്ളികളിൽ നിന്ന് ഊഴം വച്ച് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനുവേണ്ടി പ്രത്യേക സമിതിയും ഒരു കലണ്ടറും ഉണ്ടാക്കിയിരിക്കുന്നു. തീരുമാനിക്കപ്പെട്ട ഒരു പള്ളിയിൽ നിന്ന് ബാങ്ക് വിളിയുയരുമ്പോൾ, മറ്റ് പള്ളികളിൽ, അതാത് പള്ളികളിൽ കേൾക്കാൻ മാത്രം പരിമിതപ്പെടുത്തിയായിരിക്കും ബാങ്ക് വിളിക്കുന്നത്. എന്ന് വച്ചാൽ ഒരേ സമയം പതിനാറ് ബാങ്ക് വിളികൾ കേൾക്കുന്നതിന് പകരം ഒരൊറ്റ ബാങ്ക് വിളിയേ ആ ഒരു പ്രദേശത്ത് നിന്നുണ്ടാവുകയുള്ളൂ, അഥവാ ആ ഒരു പ്രദേശത്തെ പള്ളിക്ക് പുറത്തുള്ളവർ, ഒരൊറ്റ ബാങ്ക് വിളിയേ കേൾക്കുള്ളൂ !

ഈ മാറ്റം ഒരു മോശം ഏർപ്പാടാണോ? ഒരിക്കലുമല്ല. കിത്താബ് തുറന്ന് നോക്കിയിട്ടാണോ അതോ സ്വയം തോന്നിയിട്ടാണോ അതൊന്നുമല്ല നമുക്കറിയാത്ത മറ്റു വല്ല കാരണങ്ങളുമാണോ എന്നൊന്നുമറിയില്ല.. എന്തായിരുന്നാലും ഞാൻ മുൻപ് പറഞ്ഞത് പോലെ, പുരോഗമനത്തിലേക്കുള്ള പുരോഗമനപരമായ മാറ്റം!

ഇനി ബാങ്ക് വിളി കേൾക്കാഞ്ഞ് ആരെങ്കിലും രാവിലെ ഉണരാതിരിക്കുമോ, പ്രാർത്ഥിക്കാതിരിക്കുമോ? നാടിന്റെ മതേതരസാംസ്കാരിക പാരമ്പര്യത്തിനെതിരാണെന്ന് പറയുമോ? രാവിലെ ബാങ്ക് വിളി കേൾക്കുമ്പോഴുണ്ടാകുന്ന പ്രത്യേക സുഖവും ഫീലിങ്ങും നഷ്ടപ്പെട്ടെന്ന് പറയുമോ?

ആരൊക്കെയോ പറയുന്നത് കേട്ടിട്ടുണ്ട്, രാവിലെ അമ്പലങ്ങളിൽ നിന്നും പള്ളികളിൽ നിന്നും ഉച്ചഭാഷിണികളിലൂടെയുള്ള സുപ്രഭാതവും ബാങ്ക് വിളികളും ഒരു വല്ലാത്ത ഫീലിങ്ങാണെന്ന്! സത്യത്തിൽ അത് ശീലിച്ച് പോയതുകൊണ്ടുള്ള ഒരുതരം addicted feeling ആണ്. കേൾക്കാതിരുന്നാൽ  അതും ക്രമേണ ശീലമായിക്കൊള്ളും. സത്യത്തിൽ, അമ്പലങ്ങളിലെ ഉച്ചത്തിലുള്ള സുപ്രഭാതവും, പള്ളികളിലെ പുലർച്ചെ തൊട്ടുള്ള ബാങ്ക് വിളികളും കൊണ്ട് ചിലരുടെയെങ്കിലും ഉറക്കം പോകുന്നുണ്ടെന്നുള്ളത് നേരാണ്. ബാങ്ക് വിളികളും  അമ്പലങ്ങളിലും പള്ളികളിലുമൊക്കെ ഉച്ചഭാഷിണികൾ വെക്കുന്ന ആചാരം തുടങ്ങിയിട്ട് അര നൂറ്റാണ്ടുകളിലധികമൊന്നുമായിട്ടില്ല. അതിനു മുൻപും ആളുകൾക്ക് വിശ്വാസവും, അവർക്ക് വെളുപ്പിനുണരുന്ന ശീലങ്ങളുമൊക്കെയുണ്ടായിരുന്നു. ഉച്ചഭാഷിണികൾ വെച്ച് അമ്പലങ്ങളിൽ പാട്ടുകൾ വെക്കുന്നതും പള്ളികളിൽ ബാങ്ക് കൊടുക്കുന്നതും, വന്നു വന്ന് ഒരു ശീലമായി, ഒരാചാരമായി, തകർക്കാൻ പറ്റാത്ത വിശ്വാസസംഹിതയുടെ ഭാഗമായി, അത്രമാത്രം !!

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്, സ്ത്രീകളെ പള്ളികളിൽ കയറ്റുന്നതിന് എതിരല്ലെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം കൊടുത്തത്. ഈ ബാങ്ക് വിളി ക്രമീകരണവും പടിപടിയായുള്ള യുക്തിബോധത്തിലേക്കുള്ള കടന്നുവരവായിക്കാണാൻ ഇത്തിരി ബോധമുള്ളവർക്കെങ്കിലും പ്രയാസമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇനിയും ചെറീയ ചെറീയ കുറച്ച് കാര്യങ്ങൾ കൂടി മാറേണ്ടതുണ്ട്... കാലം പലതും മാറ്റുമെങ്കിലും, ഇത്തിരി നേരത്തേയായെങ്കിൽ, കണ്ണടക്കുന്നതിന്ന് മുന്നേയെങ്കിലും കാണാമല്ലോ !

വർഷങ്ങളുടെ ഇടവേളകളിൽ നടക്കുന്ന ഉത്സവങ്ങൾ, ഒരു നാടിന്റേത് മൊത്തമാകുമ്പോൾ, അതാഘോഷിക്കപ്പെടുകതന്നെ ചെയ്യണം. പക്ഷേ,  വെള്ളിയാഴ്ച്ചകളിലെ വഴിമുടക്കിക്കൊണ്ടുള്ള നിസ്കാരങ്ങളും,  അമ്പലക്കാരും പള്ളിക്കാരും ഉത്സവങ്ങളുടെയും തിരുന്നാളുകളുടെയും പേരുകളിൽ പട്ടണങ്ങളിലൂടെ നടത്തുന്ന പ്രദക്ഷിണങ്ങളും, നല്ല വഴികളുടെ ഓരങ്ങൾ കുത്തിപ്പൊളിച്ച് കെട്ടിത്തൂക്കുന്ന കൊടിതോരണങ്ങളും ഒഴിവാക്കാൻ വിശ്വാസികളും അവരുടെ വഴികാട്ടികളും തീരുമാനിച്ചാൽ നന്നായിരുന്നു. പൊങ്കാലകൾ നാട്ടുകാരുടെ വഴികളിൽ ഇടുന്നതിന് പകരം സ്വന്തം വീട്ടിൽ ഇട്ടാൽ വഴികളിലെ തിരക്കൊഴിവാക്കാമെന്നത് മാത്രമല്ല, ഒരിടത്തുനിന്നുള്ള കൂട്ട അന്തരീക്ഷമലിനീകരണത്തിന് പകരം, മലിനീകരണം പലസ്ഥലങ്ങളിൽ നിന്നാകുന്നത് കൊണ്ട്, അതിന്റെ തോത് കുറയുകയും ചെയ്യും! സുപ്രഭാതങ്ങളും ബാങ്ക് വിളികളും അതാത് ആരാധനാലയങ്ങളിൽ മാത്രം ശ്രവിക്കാനായി ക്രമീകരിച്ചാൽ കുറച്ചാളുകൾക്കെങ്കിലും അര മണിക്കൂർ കൂടുതലുറങ്ങാൻ പറ്റിയേക്കും. അങ്ങനെ എത്രയെത്രയോ കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ കടുത്ത ബലം പിടുത്തങ്ങൾ വിട്ട് എല്ലാ തരത്തിലുമുള്ള വിശ്വാസികളും നടപ്പാക്കിയെങ്കിൽ, ആരെയും പ്രാകാതെ രാത്രി കിടന്നുറങ്ങാമായിരുന്നു.

എന്റെയൊരു സമാധാനത്തിനായിട്ട്, ഇങ്ങനൊക്കെ പറഞ്ഞു എന്ന് കരുതി, ഇനി ഞാൻ പറഞ്ഞതിനോടെതിർപ്പുള്ളവർ, എന്റെ ചെവിയിൽ കൂട്ടബാങ്ക് വിളിച്ച് കൂട്ടപ്പൊങ്കാലയിട്ടുകളയരുത് ! ആദ്യമേ പറഞ്ഞേക്കാം, അത് താങ്ങാൻ എന്റെ ചെവികൾക്ക് ശക്തിയില്ല !!

***

1 അഭിപ്രായം:

  1. Facebook comment:
    Jayapalan C ചെവിയിൽ കൂട്ട ബാങ്ക് വിളി പ്രതീക്ഷിക്കാം
    Venugopalan Kokkodan Jayapalan etta, അപ്പോൾ ഞാനും അറിയാതെ ഉച്ചത്തിൽ സുപ്രഭാതം പാടി ബാങ്ക് വിളിച്ച് പോകും ! 😄

    മറുപടിഇല്ലാതാക്കൂ