(Picture Courtesy: Google)
2001 ൽ ലോകവ്യാപാര സെന്ററിൽ വിമാനം പറത്തിക്കൊണ്ടുവന്നിടിച്ച് ആകപ്പാടെ പൊല്ലാപ്പായി. അമേരിക്ക പറയുന്നു, അത് ബിൻ ലാദൻ ആസൂത്രണം ചെയ്താതാണെന്ന്. വേറൊരു കൂട്ടർ പറയുന്നു, അത് ഇസ്‌ലാമോഫോബിയ ഉണ്ടാക്കിയെടുത്ത് middle east രാജ്യങ്ങളെ ചൊൽപ്പടിക്ക് നിർത്താൻ, CIA ഒപ്പിച്ച പരിപാടിയായിരുന്നെന്ന്! ഇതിലേതാണ് വിശ്വസിക്കുക... അമേരിക്ക പേർഷ്യൻ ഗൾഫിൽ പിടിമുറുക്കി എന്നത് സത്യം തന്നെ. എന്നാലും, ഗൾഫിൽ പിടി മുറുക്കാനും കൂടുതൽ ആയുധങ്ങൾ വിൽക്കാനും ഇത്ര വലിയ സാഹസങ്ങൾ കാട്ടാൻ, മൂവ്വായിരത്തിലധികം സ്വന്തം ആളുകളെ കൊല്ലാൻ അമേരിക്ക ഇത്തരത്തിലൊരു സാഹസത്തിന് മുതിരുമോ? പിന്നിലെ കളികൾ ആര് കണ്ടു? എന്നാലും കഥകൾ പലവിധത്തിൽ പരക്കുന്നു.... പാവം നമ്മളെ പൊട്ടനാക്കാൻ!
2014 ൽ മലേഷ്യൻ വിമാനം കാണാതായി. എന്റമ്മേ.. തിയറികൾക്ക് ഒരു പഞ്ഞവും ഇവിടെയില്ല... പൈലറ്റ്, വീട്ടിലെ ശണ്ഠ കാരണം എല്ലാവരെയും കൊന്ന് വിമാനം കടലിൽ മുക്കി ആത്മഹത്യ ചെയ്തതാണെന്ന് ഔദ്യോഗിക ഭാഷ്യം. അതല്ല, ഏതോ ഒരു സീക്രട്ട് പ്രോജക്ടിന്റെ ഭാഗമായി, ആ വിമാനത്തിൽ യാത്ര ചെയ്ത ഒരു കൂട്ടംചൈനീസ് ശാസ്ത്രജ്ഞരെ മൊത്തത്തിൽ ഒരുമിച്ച് കാലപുരിക്ക് അയക്കാൻ, അമേരിക്ക ഒപ്പിച്ച പണിയാണെന്ന് വേറൊരു കൂട്ടർ. ഇതൊന്നുമല്ല, മോശം കാലാവസ്‌ഥയിൽ പെട്ട് കടലിൽ ആണ്ട് പോയതായിരിക്കുമെന്ന് മൂന്നാമതൊരു കൂട്ടം.... എന്തായാലും വിമാനോം കാണില്ല അതിലെ ആൾക്കാരും ! ഏത് കഥ വിശ്വസിച്ചാലും നമുക്കെന്ത്?
വന്നു വന്ന് ഇങ്ങ് ഡൽഹിയിൽ 2020 ൽ കലാപം നടക്കുന്നു. അതിലും തിയറികൾ പലവിധമാണ്. ഭാരതം കാണാൻ വരുന്ന ട്രംപിന്റെ ശ്രദ്ധ ആകർഷിക്കാൻ CAA പ്രക്ഷോഭകർ ആസൂത്രണം ചെയ്തതാണെന്ന് ഒരു കൂട്ടർ. അല്ല ഈ കലാപം RSS ആസൂത്രണം ചെയ്തതാണെന്ന് CAA സമരക്കാർ. ട്രംപ് വരുന്ന സമയത്ത് ഞങ്ങൾ ഇങ്ങനെ കലാപം ഉണ്ടാക്കുമോയെന്ന് RSS കാർ.... ട്രംപ് വരുന്ന സമയത്ത് RSS അങ്ങനെ ചെയ്യില്ല എന്ന വിശ്വാസത്തിന്റെ മറ പിടിച്ച് കലാപം ആസൂത്രണം ചെയ്തതാണെന്ന് CAA സമരക്കാർ... ഇതൊന്നുമല്ല, ഷാജിയും മോദിയും ദൽഹി പോലീസിനെ ഉപയോഗിച്ച് ചെയ്തതാണെന്ന് വേറൊരു തിയറി.....
1048 മീഡിയകളും ഇന്റർനെറ്റും വീഡിയോ ക്യാമറകളും സാറ്റലൈറ്റ് കണ്ണുകളുമൊക്കെയുണ്ടായിട്ടും നാട്ടുകാർക്ക് കാര്യങ്ങൾ ശരിയായ രീതിയിൽ ഗ്രഹിക്കാൻ പറ്റുന്നുണ്ടോ എന്ന് സംശയമാണ്. എന്ത് അലവലാതിത്തിയറികൾ ഉണ്ടാക്കിപ്പരത്തിയാലും വിഴുങ്ങാൻ, കണ്ണടയിട്ട് കാണുന്നവരും തൊണ്ടയിൽ എണ്ണ പുരട്ടി വിഴുങ്ങുന്നവരുമായ എത്രയോ പൊട്ടന്മാർ വാ പൊളിച്ച് നിപ്പുണ്ട്. പ്രത്യേകിച്ച് മതപരമായ കഥകളാണെങ്കിൽ, ദഹനവും അതിന്റെ ആക്ഷനും റിയാക്ഷനും വളരെ വേഗത്തിൽ തന്നെ ഉണ്ടാകും. പുരാതന മനുഷ്യൻ ഭാവനയിൽ കണ്ട് എഴുതിയുണ്ടാക്കിയ കഥകൾ (കോൺസ്പിരസി തിയറികൾ) വിശ്വസിച്ച് ആധുനികയുഗത്തിൽ ശണ്ഠ കൂടുന്നവരാണ് മനുഷ്യരിലധികവും. അങ്ങനെയൊക്കെയുള്ള ആളുകൾ കൂടുതലുണ്ടാകുന്ന സമയത്ത്, സ്വന്തം ആസനത്തിൽ പോലും തീയാളിപ്പടരുന്നത് ചിലപ്പോൾ നമ്മളറിഞ്ഞെന്ന് വരില്ല, കഥകളെ സംബന്ധിച്ച് ഓരോരുത്തർക്കും സ്വയം ബോധം ഉണ്ടാകുന്നത് വരെയെങ്കിലും !
കുറിപ്പ്: കൊറോണ വൈറസ്സിനെക്കുറിച്ച് ഞാനൊന്നും മിണ്ടുന്നില്ല. അതിനെക്കുറിച്ച് മിണ്ടിയാൽ തന്നെ വൈറസ് ബാധയുണ്ടാകുമെന്നാണ് ഒരു തിയറി !
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ