2020, ഫെബ്രുവരി 5, ബുധനാഴ്‌ച

ചാണകത്തിന്റെ അർത്ഥാന്തരന്യാസങ്ങൾ!

(Picture Source: Google)

നമുക്ക്, പണ്ടത്തെ ചില ചാണകക്കഥകളിലൂടെ ഇന്നത്തെ ചാണകത്തിലേക്ക് ഒരു യാത്ര ചെയ്യാം !

പൂർവ്വം ഛഗണാ ഊർവ്വരഹഃ സംപ്രതി ഛഗണാ അമൃതസ്യ ! (മുഴുവൻ വായിച്ചതിന് ശേഷം വ്യക്തമായി മനസ്സിലാക്കാൻ, ഇതിന്റെ അർത്ഥം ഏറ്റവും താഴെ കൊടുത്തിരിക്കുന്നു)

ചാണകം എനിക്ക് വളരെ സുപരിചിതമായിരുന്നു. എന്റെ ഇരുപത്തിരണ്ടാം വയസ്സിൽ അച്ഛനെപ്പേടിച്ച് നാട് വിടുന്നത് വരെ !

വീട്ടിൽ പശുക്കളുണ്ടായിരുന്നു. തനി നാടൻ രീതിയിലുള്ള പശുത്തൊഴുത്തും. അതിലെ അന്തേവാസികളായിരുന്നു ചോക്കച്ചിയും വെള്ളച്ചിയും. ചോക്കച്ചിപ്പശു തൊഴുത്തിന്റെ കിഴക്കോട്ട് തിരിഞ്ഞ് നിന്ന് വെള്ളച്ചിപ്പശു കിടക്കുന്നിടത്തേക്ക് ചാണകമിടും. കരുതിക്കൂട്ടിയാണോ ചെയ്യുന്നതെന്നറിയില്ല, കാരണം തൊഴുത്തിന്റെ കിഴക്കുഭാഗത്തൂടെയുള്ള ഇടവഴിയിലൂടെ കടന്നു പോകുന്നവരെ നോക്കി നിൽക്കുന്നത് ചോക്കച്ചിക്കൊരു ഹരമായിരുന്നെന്നാണ് എന്റെയൊരു തോന്നൽ. എന്തായാലും പ്രതികാരമെന്നോണം രണ്ട് വയസ്സിന് മൂത്ത വെള്ളച്ചിപ്പശു തിരിഞ്ഞുനിന്ന് പടിഞ്ഞാറോട്ട് നോക്കിയായിരുന്നു കാര്യങ്ങൾ ഒപ്പിച്ചിരുന്നത്. പക്ഷേ, എന്റെ അഭിപ്രായത്തിൽ, വെള്ളച്ചിക്ക് നമ്മുടെ വീട് നോക്കിനിൽക്കാനായിരുന്നു ഇഷ്ടമെന്നാണ്. എന്തിനേറെപ്പറയുന്നു, ഈ പരസ്പരം തിരിഞ്ഞു നിന്നുകൊണ്ടുള്ള ചാണക-ഗോമൂത്രപ്രയോഗങ്ങൾ കൊണ്ട് രണ്ട് പേരും രാവിലെയാവുമ്പോഴേക്കും ചാണകത്തിൽ കുളി കഴിഞ്ഞ പരുവത്തിലായിരിക്കും.

പള്ളിക്കൂടദിവസങ്ങളിൽ പണി ഇത്തിരി കുറവായിരിക്കുമെങ്കിലും, എന്റെയും അനിയന്റെയും ജോലിയായിരുന്നു, തൊഴുത്ത് വൃത്തിയാക്കുക, പശുക്കളെ പുറത്ത് മാറ്റിക്കെട്ടി, കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊണ്ടുവന്ന് അവറ്റകളെ വൃത്തിയാക്കുക എന്നിവ. കൈയ്യുറ അഥവാ gloves എന്ന സംഭവം ഞങ്ങൾക്ക് തീർത്തും അന്യമായിരുന്നു; അതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ  നഗ്നഹസ്തങ്ങൾ കൊണ്ട് തന്നെയാണ് ചാണകം വാരുന്നതും വൃത്തിയാക്കുന്നതും മറ്റും! കൈകാൽവിരലുകൾക്കിടയിലും നഖങ്ങൾക്കിടയിലുമൊക്കെ നല്ല ഡിസൈനുകളിൽ ചാണകം കാണും. നഖങ്ങൾക്കിടയിലെ ചാണകം ഈർക്കിൽ കൊണ്ട് എടുത്ത് ഉറുമ്പുകൾക്ക് ഭക്ഷണമായി വിട്ടുകൊടുക്കും.  ചാണകം രുചിക്കാനെത്തി ബോധം കെട്ടുവീണ ഈച്ചകളുടെ ജഡങ്ങൾ, ചാണകത്തിൽ ധാരാളം കണ്ടെന്ന് വരും. ആ ജഡങ്ങൾ കൊണ്ടുപോകാനായി കട്ടുറുമ്പുകളും കൂനനുറുമ്പുകളും ചോണനുറുമ്പുകളും അവിടെ വരിവരിയായി നിൽപ്പുണ്ടാകും. ഞങ്ങൾ അമ്മയോടുള്ള  ദേഷ്യത്തിൽ, ഈ ജഡങ്ങളേയും ഉറുമ്പുകളെയുമൊക്കെ ഒരു ദാക്ഷിണ്യവും കാണിക്കാതെ, ഒരുമിച്ച് വാരി കുഴിയിൽ തട്ടും. അങ്ങനെ എത്രയോ കൂട്ടക്കുരുതികൾ ആ തൊഴുത്തിൽ നടന്നിട്ടുണ്ട്. ചാണകം വാരിയെടുക്കുന്നതിനിടയിൽ കടിക്കാൻ വരുന്ന കൊതുകുകളെ ചാണകക്കൈ കൊണ്ട് തന്നെ സ്വന്തം മുഖത്തും പുറത്തും കാലിലും അടിച്ച് വകവരുത്തും. പണ്ട് എന്റെ ചെറിയമ്മയെ ഈ വെള്ളച്ചിയുടെയും ചോക്കച്ചിയുടെയും അമ്മയായ കറുമ്പി, ചാണകക്കുഴിയിലേക്ക് കുത്തിമറിച്ചിട്ടത് ഓർമ്മ വരുമെങ്കിലും, മക്കൾ രണ്ടു പേരും വളരെച്ചെറുപ്പത്തിലേ നമ്മുടെ അടുത്ത ചങ്ങാതിമാരായതിനാൽ നമുക്കാ പേടിയുണ്ടായിരുന്നില്ല. ഇങ്ങനെ തൊഴുത്തൊക്കെ വൃത്തിയാക്കിക്കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ എന്റെ രൂപം കണ്ട്  ചോക്കച്ചിയും വെള്ളച്ചിയും തലയാട്ടിക്കൊണ്ട്  ചോദിക്കും: "ഞങ്ങളാണോ ചാണകത്തിൽ കിടന്നത് അതോ നീയോ?"

സാധാരണഗതിയിൽ തൊഴുത്തിലെ ചാണകം, തൊഴുത്തിന്റെ തെക്കുഭാഗത്തുള്ള ചാണകക്കുഴിയിലാണ് സംഭരിക്കാറുള്ളത്. ഇടക്ക് അമ്മ വിളിച്ച് പറയും:
"എടാ, നാളെയോ മറ്റന്നാളോ വീടിന്റെ അകവും പുറവും മെഴുകണം..."
അങ്ങനെയുള്ള ഉത്തരവ് വന്നാൽ, അടുപ്പിച്ചുള്ള ഒന്ന് രണ്ട് ദിവസങ്ങളിലെ ചാണകം പ്രത്യേകം ഒരു മൂലയിൽ മാറ്റി വാഴയില കൊണ്ട് മറച്ച് വെക്കും. മെഴുകേണ്ട സമയമായാൽ, അമ്മ കൂട്ടിവച്ച ചാണകമെല്ലാം കോരിയെടുത്ത് വലിയ ബക്കറ്റിലോ പാത്രത്തിലോ വെള്ളമൊഴിച്ച് കലക്കും. അതിൽ ചികരി കത്തിച്ച് പൊടിച്ചിടും. പിന്നെ ആ വെള്ളത്തിൽ താളിയില മുക്കിവെക്കും. കുറെ നേരം മുക്കി വച്ചതിന് ശേഷം ആ താളിയിലകൾ നന്നായി പിഴിഞ്ഞ്, അതിന്റെ പിണ്ടിയൊക്കെ പുറത്ത് കളയും. അപ്പഴേക്കും ആ ചാണക-കരിവെള്ളക്കൂട്ടിന് ഒരുതരം കൊഴുപ്പും കുളിർമ്മയും പശിമയുമൊക്കെ വന്നുകാണും. ആ ചാണകമിശ്രിതമാണ് നമ്മുടെ പഴയ വീട്ടിലെ ഓരോ മുറിക്കകത്തും കമുകിന്റെ പാള, ദീർഘചതുരാകൃതിയിൽ മുറിച്ചുണ്ടാക്കിയ (ഞങ്ങൾ 'പാളോക്ക്' എന്ന് പറയും) ചീളുകൊണ്ട് മെഴുകുന്നത്. മുറ്റത്താണ് ചാണകം മെഴുകുന്നതെങ്കിൽ കൂടുതലും നല്ല നിലാവുള്ള രാത്രിയിലായിരിക്കും. ഒരു പ്രത്യേക രസമാണ് ആ സമയത്തുള്ള ചാണകം മെഴുകലിന്. മുറ്റത്തേക്കുള്ള ചാണകക്കൂട്ടിന് കരി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ മുറ്റത്ത് മെഴുകിയ ചാണകം ഉണങ്ങിക്കഴിഞ്ഞാൽ ഒരുതരം പച്ചനിറമായിരിക്കും, മറിച്ച്, അകം മെഴുകിയതിന് കറുപ്പ് നിറവും. മുറ്റത്ത് ചാണകം മെഴുകിയതിന് ശേഷം, ആ രാത്രി ചാണകവും മണത്തുകൊണ്ട്, കൈതോലപ്പായയിൽ, മുകളിലത്തെ കീറിയ ഓല മേഞ്ഞ മേൽക്കൂരക്കുള്ളിലൂടെ ആകാശവും നോക്കി, വീടിന്റെ ഉമ്മറത്ത് കിടന്നുറങ്ങുന്നതിന് വല്ലാത്തൊരു സുഖമായിരുന്നു. ചില സമയങ്ങളിൽ, വളരെച്ചെറുപ്പത്തിലുള്ള പശുക്കിടാവും ഉമ്മറത്തുണ്ടാകും. ചെറിയ കിടാങ്ങളെ, കുറുക്കന്മാരുടെ ഭീഷണി മൂലം, തൊഴുത്തിൽ കെട്ടാറില്ല. പശുക്കിടാവിന്റെ പശുവിൻപാൽ മണക്കുന്ന മുഖവും മണപ്പിച്ച് അതിന്റെ ഒരു ഭാഗത്തായിട്ടായിരിക്കും ഞങ്ങളുടെ കിടപ്പ് !

ചന്ദ്രഗ്രഹണദിവസങ്ങളിൽ, വീണ്ടും ചാണകം കലക്കുന്ന പരിപാടിയുണ്ട്. ഒരു വിസ്താരമുള്ള പാത്രത്തിൽ ചാണകം കലക്കി വെക്കും. ചാണകമൊക്കെ അടിയിലേക്കൂറി, മുകളിൽ തെളിവെള്ളം വരും. ആ പാത്രത്തിൽ നോക്കിയാണ് ഞങ്ങൾ ചന്ദ്രന്റെ അപഹാരവും മുക്തിയും കണ്ടിരുന്നത്. അമ്മയുടെ അപ്പൂപ്പന്റെ വീട്ടിലാണെങ്കിൽ അപ്പൂപ്പൻ സന്ധ്യക്ക് മുന്നേ എല്ലാവരും ഭക്ഷണം കഴിച്ചെന്ന് ഉറപ്പിക്കും. ഒരു കായക്കഷണം ഇല്ലാത്ത പല്ലുകൊണ്ട് ചവച്ച് ചവച്ച് നാക്ക് കൊണ്ട്  ആ കായം തിക്കിത്തിക്കിയാണ് അപ്പൂപ്പന്റെ നടപ്പ്. മുറ്റത്ത് ചാണക വെള്ളം കലക്കി വെച്ച തളികയുണ്ടാവും. എന്നിട്ട് ഇടക്കിടെ ചന്ദ്രന്റെ അന്നന്നേരമുള്ള നിലവാരത്തെക്കുറിച്ച് അപ്‌ഡേറ്റ്, ചാരുകസേരയിലിരുന്നുകൊണ്ട് ചോദിക്കും. ആരെങ്കിലും പോയി തളികയിൽ നോക്കി (മുകളിലേക്ക് നോക്കാൻ പാടില്ല) വിളിച്ച് പറയും: "അപ്പൂപ്പാ, ഇപ്പൊ പകുതി പോലും ഇരുണ്ടിട്ടില്ല". അപ്പൂപ്പൻ പിന്നെയും കായം ചവച്ച് കൊണ്ട്, കേതുവിനെ ശപിച്ചുകൊണ്ട് ജപം തുടരും!

അങ്ങനെയിരിക്കുമ്പോ, പറമ്പിലെ തെങ്ങിനും മറ്റും വളമിടേണ്ട സമയമാകും. വെണ്ണീറിനും പച്ചിലകൾക്കും പിണ്ണാക്കിനുമൊപ്പം  ചാണകവും പ്രധാന ഘടകമാണ്. ഞങ്ങൾ, ചാണകം, ചാണകക്കുഴിയിൽ നിന്ന് കോരി കുട്ടയിലാക്കി ഓരോ തെങ്ങിൻ ചുവട്ടിലും തലച്ചുമടായിക്കൊണ്ടിടും. കുടുക്ക് പൊട്ടിയ ട്രൗസറായിരിക്കും മിക്കവാറും വേഷം. വീട്ടിലുള്ള സമയത്ത് മേൽക്കുപ്പായം ധരിക്കാൻ ഞങ്ങൾ ആൺകുട്ടികൾക്ക് അനുവാദമുണ്ടായിരുന്നില്ല! തെങ്ങിൻ ചുവട്ടിലേക്കുള്ള യാത്രയിൽ, ചിലപ്പോൾ ചാണകക്കുട്ടയിൽ നിന്ന് ചില വണ്ടുകളും പ്രാണികളുമൊക്കെ നമ്മുടെ ശരീരത്തിലൂടെ യാത്ര നടത്തിയെന്നിരിക്കും. അപൂർവ്വമായി ചിലപ്പോൾ ചാണകവെള്ളം നമ്മുടെ നെറ്റിയിലൂടെ ഊർന്ന് മൂക്കും കടന്ന് ചുണ്ട് വഴി താടിയിലൂടെ താഴേക്കിറ്റും.  യമണ്ടൻ ചാണകപ്പുഴുക്കളെ ചാണകക്കുഴിയിൽ നിന്ന് കോരുന്നതിനിടയിൽ കാണാറുണ്ടെങ്കിലും, ചൈനയെപ്പറ്റിയും കൊറിയയേപ്പറ്റിയും ഒന്നും വിവരമില്ലാതിരുന്നതുകൊണ്ട് വറുത്തോ പുഴുങ്ങിയോ കഴിച്ചിരുന്നില്ല. അവയെ പെറുക്കിയെടുത്ത് കോഴികൾക്കിട്ടു കൊടുക്കും. കോഴികൾ ആ തടിച്ച് കൊഴുത്ത ഭീകരന്മാരെ നിർദ്ദയം കൊത്തി പീസ് പീസാക്കും. തള്ളക്കോഴികൾ ഇത്തിരിയെങ്കിലും കോഴിക്കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ നായകന്മാരായ പൂവങ്കോഴികൾ, തന്റെ മക്കളോ ഭാര്യമാരോ അടുത്തുണ്ടെന്ന ഭാവം പോലും കാണിക്കാതെ എല്ലാം കണ്ണും പൂട്ടി കുനിഞ്ഞ് നിന്ന് വിഴുങ്ങും, ആണുങ്ങളെ പറയിക്കാനായിട്ട് !

ചില വൈകുന്നേരങ്ങളിൽ, പനിനീർ ചെടിയുടെ ശിഖരങ്ങൾ, പുതിയ തെഴുപ്പ് വരാൻ വേണ്ടി അറ്റം വെട്ടുമ്പോൾ, വെട്ടിയ അറ്റത്ത് ഞങ്ങൾ പച്ചച്ചാണകം ഉരുട്ടിപ്പിടിപ്പിക്കും; ആരോഗ്യമുള്ള തെഴുപ്പ് വേഗം വരുമത്രെ. പിന്നെ ചില പച്ചക്കറികളുടെ വിത്തുകൾ ചാണകത്തിനുള്ളിലാക്കി ഉരുട്ടിയുണക്കിവെക്കാറുമുണ്ട്. എന്നിട്ട്, വിത്തുകൾ കുഴിച്ചിടേണ്ട സമയത്ത്, ആ ഉണക്ക ചാണകയുരുളകൾ പൊട്ടിച്ച് വേണം വിത്തുകൾ പുറത്തെടുക്കാൻ. വിത്തുകൾ സൂക്ഷിക്കുന്നതിനുള്ള ഒരു നാട്ടറിവ് !

ശിവരാത്രിക്ക് ഞങ്ങൾ അച്ഛാച്ഛന്റെ വീട്ടിലേക്ക് പോകും. അന്ന് രാത്രി തെരുവത്ത് ഗണപതീക്ഷേത്രത്തിൽ നിന്ന് കോമരം വരും. ഞങ്ങളവിടെ എത്തുമ്പഴേക്കും അച്ഛമ്മയും ഇളയമ്മയുമൊക്കെ ചാണകയുരുളകൾ വെയിലത്ത് ഉണക്കിവച്ചിട്ടുണ്ടാകും. ഞങ്ങളവിടെയെത്തിയാൽ, മച്ചൂനന്റെ കൂടെ ചേർന്ന്   മുറ്റത്തിന്റെ ഒരറ്റത്ത്, ഉണങ്ങിയ ഉമി കൂനകൂട്ടി, അതിനുള്ളിൽ ഈ ഉണക്കിയ ചാണകയുരുളകൾ തിരുകി വെക്കും. ശിവരാത്രി ദിവസം തെരുവത്ത് ഗണപതീക്ഷേത്രത്തിൽ ഗംഭീര ഉത്സവമാണ്. ഗാനമേളകളോ വെടിക്കെട്ടുകളോ ഒന്നുമുണ്ടാകില്ലെങ്കിലും അവിടത്തെ ചടങ്ങുകൾ ഗംഭീരമാണ്. അടിയറകളും കോഴിനേർച്ചയും മറ്റും അന്നവിടയുണ്ടാകും. എന്നെ ആകർഷിച്ചിരുന്നത് മറ്റൊരൈറ്റമായിരുന്നു. അവിടത്തെ കോമരത്തിന്റെ തലയിൽക്കൊത്ത്  എന്ന ചടങ്ങ്! അത്  ഭീകരമായിരുന്നു. ഉത്സവച്ചടങ്ങുകളുടെ സമാപനത്തിനടുപ്പിച്ച് ഈ കോമരം ഉറഞ്ഞ് തുള്ളിത്തുള്ളി ഒരലർച്ചയോടെ തലയിൽ വാളുകൊണ്ട് കൊത്താൻ തുടങ്ങും. കൊത്തെന്ന് പറഞ്ഞാൽ ഒരൊന്നൊന്നരക്കൊത്ത് ! ഒരു മാതിരി നല്ല രീതിയിൽ കൊത്തിക്കഴിഞ്ഞെന്ന് ചുറ്റുമിരിക്കുന്ന സഹായികൾക്ക് ബോദ്ധ്യപ്പെട്ടാൽ അവർ കോമരത്തെ പിടിച്ച് നിർത്തും. കോമരം വിഫലമാക്കാൻ ശ്രമിക്കുമെങ്കിലും, ഒടുവിൽ കോമരം സുല്ലിട്ട് ചോരയുമൊലിപ്പിച്ച്‌ വാളെടുത്ത് പീഠത്തിലമർത്തി എന്തൊക്കെയോ പുലമ്പി നിർത്തും. മറ്റുള്ളവർ ഈ കോമരത്തിന്റെ തലയിൽ മഞ്ഞൾപ്പൊടി പോലുള്ള പൊടികൾ വാരിയമർത്തും. അതോടെ ഉത്സവം അവസാനിക്കും. ഈ കോമരമാണ് അച്ഛാച്ഛന്റെ വീട്ടിൽ രാത്രി എത്തുക. പലവീടുകളും കയറിയിറങ്ങിയായിരിക്കും വരവ്. കോമരം വീട്ടിൽ വന്നാൽ വലിയ പരിപാടികളൊന്നുമില്ല. വാളൊക്കെ കുലച്ചായിരിക്കും വരവ്. കോമരം നേരെ വന്ന് വീടിൻറെ ഉമ്മറത്തു കയറും. അകത്തേക്ക് തീർത്ഥവെള്ളം വിരലുകൾ കൊണ്ട് തെറിപ്പിക്കും. എല്ലാ ഐശ്വര്യങ്ങളുമുണ്ടാവട്ടെ എന്നും പറഞ്ഞനുഗ്രഹിച്ച് ദക്ഷിണയും വാങ്ങി തിരിഞ്ഞ് നടക്കും. പോകുന്ന പോക്കിൽ ചൂട്ടുകൊണ്ട് മുറ്റത്ത് കൂനകൂട്ടിയ ഉമിക്കൂമ്പാരത്തിന് തീ വെക്കും. അതവിടെകിടന്ന് രാത്രി മുഴുവൻ കത്തും. ഞങ്ങൾ രാവിലെ എഴുന്നേറ്റ് വരുമ്പഴേക്കും ഈ ഉമിയൊക്കെ കത്തിത്തീരും. എന്നാലും അതിന് നല്ല ചൂട് കാണും. പൂർണ്ണമായും കത്തി വെണ്ണീറാകാതെ കരിഞ്ഞിരിക്കുന്ന ഉമി  പ്രത്യേകം എടുത്ത് പല്ലുതേക്കാനുള്ള ഉമിക്കരിയായി മാറ്റി വെക്കും. കത്തിത്തീർന്ന ചാണകയുരുളകൾ അതേ ഷേപ്പിൽ അവിടെയുണ്ടാകും. അവ കഴിയുന്നതും പൊട്ടാതെ ഒരു കലത്തിലിട്ട് വെക്കും; അതാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഒരു കൊല്ലത്തേക്കുള്ള ഭസ്മം !

മണ്ഡലകാലമായാൽ നമുക്ക് ഇത്തിരി പണി കൂടും. ഈ നാല്പത്തൊന്ന് ദിവസത്തെ കാലയളവിൽ നമ്മൾ അതിരാവിലെ എഴുന്നേൽക്കണം. മണ്ഡലകാലത്തിൽ നമ്മുടെ തറവാട്ടമ്പലമായ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പഞ്ചഗവ്യം അവിഭാജ്യ ഘടകമാണ്. പ്രസവിച്ച് കിടാവുള്ള പശുവിന്റെ പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം; ഇവയൊക്കെയാണ് ആ പഞ്ചഗവ്യത്തിലെ പഞ്ചഘടകങ്ങൾ.   ഒരു പ്രത്യേക കാരണത്തിനാലാണ് രാവിലെ എഴുന്നേൽക്കുന്നത്. അതിരാവിലെയുള്ള പശുവിന്റെ മൂത്രവും ചാണകവും നിലം തൊടുന്നതിന് മുന്നേ സംഘടിപ്പിക്കണം. ചിലപ്പോൾ അതൊരു കാത്തിരിപ്പായിരിക്കും. നല്ല തണുപ്പുള്ള കാലമായതിനാൽ ചിലപ്പോൾ ചോക്കച്ചിയും വെള്ളച്ചിയും അതിരാവിലത്തെ കാലാവസ്ഥയിൽ  കാലിന്റെയുള്ളിൽ തലയും അമർത്തി നല്ലയുറക്കായിരിക്കും. തലേദിവസം ചാപ്പാട് ഇത്തിരി അധികമായാൽ പിന്നെ പറയുകയും വേണ്ട.

ഞാനും അനിയനും രാവിലെ എഴുന്നേറ്റ് ഒരാൾ ഒരു വാഴയിലയും മറ്റെയാൾ ഒരു പാത്രവുമായി തൊഴുത്തിൽ പോകും. തക്കാളിച്ചെടിയുടെ വാട്ടത്തിന് ഗോമൂത്രം നല്ലതാണെന്ന് പറഞ്ഞ് പകൽ സമയത്ത് ഗോമൂത്രം നേരൊഴുക്കിൽ സംഭരിച്ചിട്ടുണ്ടെങ്കിലും (ഇങ്ങനെ ഗോമൂത്രം സംഭരിക്കുന്നത് ഒരു കഴിവ് തന്നെയാണ്. ഏത് തിരക്കിനിടയിലായാലും, ഞങ്ങൾ ആദ്യത്തെ തുള്ളി നിലത്ത് വീഴുമ്പഴേക്കും, ആ ശബ്ദം ഗ്രഹിച്ച്, പാത്രവുമായി പശുവിന്റെ പിന്നിൽ എത്തിയിരിക്കും; എത്ര ദൂരെയായിരുന്നാലും !), ഇതിപ്പോ അതിരാവിലെത്തന്നെ വേണമല്ലോ!  ആദ്യത്തെ ഒന്ന് രണ്ടു ദിവസങ്ങളിൽ, രണ്ട് പശുക്കളും, അവരെ മേയ്ക്കാൻ കൊണ്ടുപോവാനാണ്, ഞങ്ങൾ രാവിലെയേ എത്തിയത് എന്നാലോചിച്ച്, സന്തോഷത്തോടെ എഴുന്നേറ്റ് ഞങ്ങളെത്തൊട്ടുരുമ്മി, അതിന്റെ മൂക്ക് ഞങ്ങളുടെ മേലുരച്ച്, നക്കി സ്നേഹം പ്രകടിപ്പിക്കും. ഞങ്ങളാണെങ്കിൽ പാത്രവും ഇലയും പിടിച്ച് ഒറ്റയിരുപ്പാണ്, പശു വാല് പൊക്കുന്നതും കാത്ത്. സാധാരണനിലയിൽ പശുക്കൾ രാവിലെയെഴുന്നേറ്റാൽ വേഗം തന്നെ മലമൂത്രവിസർജ്ജനം (ക്ഷമിക്കണം, ചാണക-ഗോമൂത്രവിസര്ജ്ജനം) നടത്തും. ഒന്ന് രണ്ട് ദിവസം കഴിഞ്ഞാൽ, ഞങ്ങൾ അതിരാവിലെയേ തൊഴുത്തിൽ പോകുന്നത് അവരെ സന്തോഷിപ്പിക്കാനല്ലെന്നും അവരുടെ വിലപ്പെട്ടതെന്തോ കവരുവാനാണെന്നും പശുക്കൾക്ക് മനസ്സിലാവും! അങ്ങനെയാകുമ്പോ ഞങ്ങൾ രാവിലെയെത്തിയാലും ഞങ്ങളെക്കണ്ട ഭാവം വെക്കില്ല; ചോക്കച്ചിയും വെള്ളച്ചിയും. രണ്ടും കിടന്ന കിടപ്പിൽ നിന്ന് തല പോലും പൊക്കില്ല. 'നീ പോ മോനെ ദിനേശാ' എന്ന ഭാവമായിരിക്കും. ഞങ്ങൾക്ക് ഇതും കഴിഞ്ഞ് വേറെ പണികളുള്ളതാണ്. ഈ സാധനങ്ങളും കൊണ്ട് അമ്പലത്തിൽ പോകണം, പച്ചക്കറിച്ചെടികൾക്ക് വെള്ളം നനയ്ക്കണം, പള്ളിക്കൂടത്തിലേക്ക് പോകാൻ തയ്യാറാവണം, അങ്ങനെ പലതും. പശുക്കൾ എഴുന്നേറ്റില്ലെങ്കിൽ കാര്യം കുഴയും! അങ്ങനെ വരുമ്പോൾ ഞങ്ങൾ പല ഉപായങ്ങളും ഉപയോഗിക്കും. തള്ളിനോക്കും, രണ്ടിടി കൊടുത്ത് നോക്കും, ചിലപ്പോൾ പ്രീണിപ്പിക്കാൻ പച്ച വാഴയില വെട്ടിക്കൊടുക്കും അങ്ങനെയങ്ങനെ... എങ്ങനെയെങ്കിലും എഴുന്നേറ്റാൽ ഞങ്ങൾ വളരെ സ്മാർട്ടായി രണ്ടും ഒപ്പിച്ചെടുക്കും. ഞങ്ങളുടെ ചില പ്രത്യേക തരം തടവലുകളിൽ (ഈ കാര്യങ്ങൾ പരസ്യമായി പറയാൻ പറ്റുന്നതല്ല 😉), പശുക്കൾ വാലുപൊക്കി കാര്യങ്ങൾ സാധിച്ചുകളയും ! എന്നിരുന്നാലും ചില അപവാദദിവസങ്ങളുമുണ്ടാകാറുണ്ട്. അത്തരം ദിവസങ്ങളിൽ, അപൂർവ്വമായി, ഞങ്ങൾ അമ്മയെ പറ്റിച്ചിട്ടുമുണ്ട്. സംഭവം കിട്ടാൻ വളരെ സമയമെടുക്കുന്നെങ്കിൽ, താഴെ വീണ് കിടക്കുന്ന ചാണകത്തിൽ നിന്ന് കുറച്ച് നുള്ളിയെടുക്കും, മൂത്രം കെട്ടിനിൽക്കുന്നതിൽ നിന്ന് കുറച്ച് മൂത്രവും; ചിലപ്പോൾ, പശുവിന് കിടാവുണ്ടോ എന്നൊന്നും നോക്കാതെ, ഏത് പശുവാണോ ആദ്യം കാര്യം സാധിക്കുന്നത്, അതിന്റെ വിസർജ്ജ്യങ്ങളങ്ങെടുക്കും !! പിന്നെ ബാക്കിയുള്ള മൂന്ന് സാധനങ്ങളും സംഘടിപ്പിച്ച ശേഷം, കുളിച്ച് നേരെ അമ്പലത്തിലേക്ക് ! ഉച്ചപ്പൂജ കഴിഞ്ഞാൽ നമുക്കതിന്റെ പ്രസാദം കിട്ടും. ഗോമൂത്രവും ചാണകവും ഒരു ലഗ്നത്തിന് മറ്റ് ചേരുവകളുടെ മേലെ തെറിപ്പിക്കുകയേ ഉള്ളൂവെങ്കിലും ഈ ചേരുവകളുടെ പേരിൽ അന്നേ ഞാൻ സ്വയം കലഹിച്ചിരുന്നു.

ആയിടക്കാണ്, ഒരു ദിവസം ഓമന സ്വാമി അച്ഛാച്ഛന്റെ വീട്ടിലെത്തിയത്. ഞാനും അന്നവിടെ ഏതോ കാരണത്താൽ എത്തിച്ചേർന്നു. അച്ഛമ്മയുടെ അമ്മയായ പാറുക്കുട്ടിമുത്താച്ചിയുടെ അയൽവാസിയാണ് കക്ഷി. എവിടെയൊക്കെയോ നാട് ചുറ്റിക്കറങ്ങിയുള്ള വരവാണ്. തലയൊക്കെ മുണ്ഡനം ചെയ്ത് രുദ്രാക്ഷമാലയൊക്കെ ചാർത്തി മെലിഞ്ഞൊരു രൂപം. അവരെ വളരെ ഭക്ത്യാദരവോടെയാണ് അച്ഛമ്മ എതിരേറ്റത്. പക്ഷെ അച്ഛന്റെ സഹോദരിയായ കമലാക്ഷി ഇളയമ്മക്ക് എന്തോ എതിർപ്പൊക്കെ ഉണ്ടായിരുന്നു. ചോറിന് വെള്ളം വെക്കുന്നതിനിടെയും കറിക്ക് പച്ചക്കറികൾ അരിയുന്നതിടെയും അവരെന്തൊക്കെയോ കുശുകുശുക്കുന്നുണ്ടായിരുന്നു. ഈ സ്വാമി ആളത്ര ശരിയല്ല എന്നാണ് അതിന്റെയൊക്കെ ഉള്ളടക്കം. പക്ഷെ എന്താണ് കാര്യമെന്ന് നമ്മളോട് പറയുന്നില്ല, വലുതായപ്പോൾ മനസ്സിലായെങ്കിലും ! "നീ ഒന്ന് മിണ്ടാതിരി കമലാക്ഷീ" എന്നൊക്കെപ്പറഞ്ഞ് അച്ഛമ്മ തുളസിയിലകളും കിണ്ടിയിൽ വെള്ളവുമൊക്കെയായി സന്ധ്യാസമയത്ത് ജപിക്കാൻ ഓമനസ്വാമിക്ക് എത്തിച്ചുകൊടുത്തു. "ഇവിടെ എന്റെ മുന്നിൽ വന്നിരിക്കൂ" സന്ധ്യാനാമത്തിന്റെ സമയത്ത് സ്വാമി എന്നെയും മച്ചുനനെയും അവരുടെ മുന്നിലിരുന്ന് പ്രാർത്ഥിക്കാൻ ക്ഷണിച്ചു. ഞങ്ങൾ രണ്ട് പേരുംസ്വാമിയുടെ മുന്നിൽ ഇരുപ്പായി. സ്വാമി എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട് കെണ്ടേയിരുന്നു. ചന്ദനത്തിരികൾ കത്തിച്ച് വച്ചു (ചന്ദനത്തിരിയിലും ചാണകം ഉണ്ടല്ലോ). കർപ്പൂരം തളികയിലുള്ള ഭസ്മത്തിലിട്ട് കത്തിച്ചു. മണി കിലുക്കിത്തുടങ്ങി.... പിന്നെ അതൊരു ഉറഞ്ഞ് പുലമ്പുന്ന പോലുള്ള അവസ്ഥയായി.. ഞങ്ങൾ രണ്ട് പേരും പേടിച്ച് പോയി. അച്ഛമ്മ വന്ന് "ഓമനേ" എന്ന് ഉറക്കെ വിളച്ചപ്പോൾ സ്വാമിയുടെ ഉറയൽ, ചവിട്ടി നിർത്തിയത് പോലെ നിന്ന് പോയി. സ്വാമി ഒന്ന് പുഞ്ചിരിച്ചു. സഞ്ചിയിൽ നിന്ന് വേറൊരു ഭസ്മക്കെട്ട് പുറത്തെടുത്തു. ആ ഭസ്മത്തിൽ നിന്നൊരിത്തിരി ഭസ്മം, തളികയിൽ കർപ്പൂരമിട്ട് കത്തിച്ച ചാണക ഭസ്മത്തിലേക്കിട്ട് ഇളക്കി. എന്നിട്ട് ഒരു വലിയ നുള്ള് ഭസ്മമെടുത്ത് സ്വാമി സ്വാമിയുടെ നാക്കിന്റെ അടിയിലേക്ക് വച്ചു. ഒരു ചെറിയ നുള്ള് ഭസ്മമെടുത്ത് "വാ തുറക്ക്"; മച്ചുനൻ വാ തുറന്നു. ആ നുള്ള് ഭസ്മം, മച്ചുനന്റെ നാക്ക് പൊക്കിപ്പിടിച്ച്, നാക്കിനടിയിലായി ഭസ്മം നിക്ഷേപിച്ചു. "നല്ല സുഖവും ആരോഗ്യവും ഉണ്ടാവും, തുപ്പിക്കളയരുത്, ഹിമാലയത്തിലെ മരുന്നാണ്, മറ്റേത് ശുദ്ധ ശിവരാത്രിഭസ്മമല്ലേ " സ്വാമി മൊഴിഞ്ഞു. മച്ചുനൻ തലയാട്ടി. ഭസ്മം എന്റെ വായിലേക്കും എത്തി. ഞങ്ങൾ രണ്ട് പേരും ഭസ്മവും വായിലിട്ട് പരസ്പരം നോക്കുകയാണ്. പിന്നെ രണ്ട് പേരും ഒരുമിച്ച് വീടിന്റെ തെക്ക് ഭാഗത്തെക്കൊരോട്ടം വച്ച് കൊടുത്തു. തൊണ്ട കാറി തുപ്പാൻ തുടങ്ങി. തുപ്പിയിട്ടും തുപ്പിയിട്ടും നാക്കിനടിയിലെ കനം പോകുന്നില്ല. പിന്നീട് വെള്ളം കൊണ്ട് കുലുക്കുഴിഞ്ഞ് തുപ്പിയപ്പോഴാണ് കുറച്ചെങ്കിലും സമാധാനമായത്. അപ്പഴേക്കും കമലാക്ഷി ഇളയമ്മയും ഓമനസ്വാമിയും ഉള്ളിൽ കലഹം തുടങ്ങിയിരുന്നു; അച്ഛമ്മ മദ്ധ്യസ്ഥതയുടെ റോളിൽ നിൽക്കുമ്പോൾ, മൂന്ന് വിരൽ ഭസ്മവും നെറ്റിയിൽ പൂശി, ചാരുകസേരയിലിരുന്ന് കൊണ്ട് ഞങ്ങളെയും നോക്കിക്കൊണ്ട്  ഒരു പ്രത്യേക തരത്തിൽ ചിരിക്കുകയായിരുന്നു അച്ഛാച്ചൻ. ഞങ്ങൾ അച്ഛാച്ചനെ ശ്രദ്ധിക്കുന്നെന്ന് അച്ഛാച്ചന് മനസ്സിലായപ്പോൾ, അച്ഛാച്ചൻ കൈകൾ കൂട്ടിത്തിരുമ്മി മുകളിലേക്ക് നോക്കിക്കൊണ്ട്, "ഗോപാലബാലന്റെ ശരീരമപ്പോൾ... ആപാദചൂഡം നയനാഭിരാമം..." എന്ന മണിപ്രവാളശ്ലോകം നീട്ടിച്ചൊല്ലി !

ചാണകത്തിനെ സംബന്ധിച്ചടുത്തോളം, അതിന്റെ ഉപയോഗങ്ങളെ സംബന്ധിച്ചടുത്തോളം ഇത്രയൊക്കെയായിരുന്നു എന്റെ അറിവ്, അഥവാ മേല്പറഞ്ഞപോലുള്ള അനുഭവങ്ങളിലൂടെയാണ് ആ കാര്യങ്ങൾ ഗ്രഹിച്ചത്. അങ്ങനെയിരിക്കെ, എനിക്ക് ഇരുപത്തിരണ്ട് വയസ്സായി. ഏത് വയസ്സ് വരെ അച്ഛനെനിക്ക് ഫ്രീയായി കഞ്ഞി തരുമെന്ന് പറഞ്ഞിരുന്നുവോ അതേ വയസ്സ്. ഞാൻ സുഹൃത്തുക്കളുടെയടുത്ത് നിന്നും ആയിരത്തഞ്ഞൂറ് രൂപാ കടം വാങ്ങി അന്നത്തെ ബോംബെയിലേക്ക് നാട് വിട്ടു. പശുവിനെയും ചാണകത്തെയും മറന്നു. എന്നാലും ബോംബെയിലെ ചില തെരുവുകളിൽ എരുമച്ചാണകം പരത്തിയുണക്കി അടുപ്പിൽ കത്തിക്കാനുള്ള ചാണക വിറകുകൾ ഉണ്ടാക്കുന്നത് ഞാൻ കണ്ടു. കുറച്ച് കാലം കഴിഞ്ഞപ്പോൾ ചോക്കച്ചിയെയും വെള്ളച്ചിയെയും ഇറച്ചിക്കാർക്ക് വിറ്റുവെന്നറിഞ്ഞു. ഞാൻ മനസ്സിൽ കരഞ്ഞു. കാലം പിന്നെയും കുറെ കഴിഞ്ഞു. ഞാൻ ഇറാൻ വഴി ഇംഗ്ലണ്ടും കടന്ന് അമേരിക്കയിലെത്തി. നാട്  മാറി, നാട്ടാര് മാറി, ഭരണം മാറി, ചിന്തകൾ മാറി. പക്ഷേ അന്ന് പത്രങ്ങളിലൊന്നും കാണാത്ത വാർത്തകൾ ഇന്നത്തെ പത്രങ്ങളിൽ നിറഞ്ഞ് കാണാൻ തുടങ്ങി. അതും ഞാനിതുവരെ കേട്ടിട്ടില്ലാത്ത തരം അറിവുകൾ, പശുക്കളെയും ചാണകത്തെയും കുറിച്ചുള്ള ആധുനിക അറിവുകൾ! നമ്മുടെ നാട്ടിലെ കർഷകർക്ക് നൂറ്റാണ്ടുകളായിട്ടും മനസ്സിലാകാത്ത അറിവുകൾ!!

പശുവിന്റെ കൊമ്പുകൾക്ക് കാന്തിക ശക്തിയുണ്ടത്രേ; കൊമ്പുകൾക്കിടയിൽ റേഡിയോ ON ചെയ്ത് വച്ചാൽ 'ഊം....." എന്ന ശബ്ദം മാത്രമേ കേൾക്കുള്ളൂത്രെ; ഗോമൂത്രത്തിൽ സ്വർണ്ണമുണ്ടത്രെ; പശുവിന്റെ കൊമ്പുകളിലും ചാണകത്തിലും 'Iridium'  എന്ന മൂലകം ഉണ്ടത്രേ; ചാണകം അർബുദത്തിനും മറ്റ് പല രോഗങ്ങൾക്കും ഉത്തമ മരുന്നത്രെ. ലോകത്തെ നാനാവിധമായിട്ടുള്ള പ്രശ്നങ്ങൾക്ക്, പശുവും ചാണകവും ഒരു ഉത്തമ പരിഹാരമായി അവതരിപ്പിക്കുന്നു. ഏറ്റവും ഒടുവിലായി 'കൊറോണ' എന്ന വൈറസ് രോഗത്തിന് ചാണകം തേച്ചാൽ രോഗശാന്തി കിട്ടുമത്രേ! അങ്ങനെയുള്ള അനേകമനേകം വിലകൂടിയ അറിവുകൾ !

ഇതൊക്കെ പണ്ടേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ നാട് വിടില്ലായിരുന്നു. വിദേശത്ത് ജോലിക്ക് വരില്ലായിരുന്നു; ഇന്നും വീട്ടിൽ പശുവുണ്ടായിരുന്നെങ്കിൽ, പത്ത്‌ ലോഡ് ചാണകമെങ്കിലും ഞാൻ വുഹാനിലേക്ക് കയറ്റിയയച്ചേനെ! എന്റെ കൈകളിലെ പത്ത് വിരലുകളിലും ഞാൻ സ്വർണ്ണമോതിരങ്ങളണിഞ്ഞേനെ!!

....

ചാണകത്തെക്കുറിച്ച് വേണ്ടിടത്തും വേണ്ടാത്തിടത്തും പൊട്ടത്തരങ്ങൾ ഒരു തെളിവുമില്ലാതെ, നാണമില്ലാതെ വിളിച്ച് പറഞ്ഞ്, പാരമ്പര്യത്തെയും സംസ്കാരത്തെയും കുറിച്ച് എന്ത് പറയണമോ അത് പറയാതെ, അവിവേകങ്ങൾ മാത്രം വിളിച്ച് പറഞ്ഞ് പറഞ്ഞ്,  ഇന്ന് ചാണകത്തിന്റെ അർത്ഥം തന്നെ മാറിപ്പോയിരിക്കുന്നു. ചാണകം എന്ന് പറയുമ്പോൾ പശുവിന് പോലും നാണം തോന്നാൻ തുടങ്ങിയിരിക്കുന്നു. എനിക്ക് പഴയ ചാണകമാണിഷ്ടം. ഇനിയെങ്കിലും വിടർന്ന വായും നാക്കുകളും അടക്കി വച്ച്, ആ പഴയ ചാണകം തിരിച്ച് തരുമോ? പ്ലീസ് (ഓമനസ്വാമിയുടെ ചാണകമല്ല 😉 ) !!

പൂർവ്വം ഛഗണാ ഊർവ്വരഹഃ സംപ്രതി ഛഗണാ അമൃതസ്യ ! - പണ്ട് കാലത്ത് ചാണകം ഒരു വളമായി കരുതിയെങ്കിൽ, ഇക്കാലത്ത് ചാണകത്തിനെ അമൃതായി കാണുന്നു !

"അർത്ഥാന്തരന്യാസമാകുമന്യം കൊണ്ട് സമർത്ഥനം"  - സമർത്ഥിച്ച് സമർത്ഥിച്ച് വളത്തിൽ നിന്ന് അമൃതിലേക്ക് സമർത്ഥിച്ചിരിക്കുന്നു !!

***

7 അഭിപ്രായങ്ങൾ:

  1. Facebook Comments:

    Prasanth Karayi വളരെ നന്നായിട്ടുണ്ട്.ഒരു ഗൃഹാതുരത്വം അനുഭവപ്പെടുന്നു...
    Venugopalan Kokkodan Prasanth, അതെ. പക്ഷേ ഈ പറഞ്ഞ ചില സംഭവങ്ങൾ, ആ കാലത്ത് ആസ്വദിക്കാൻ തീർത്തും പറ്റുമായിരുന്നില്ല �� കടുപ്പമേറിയ അനുഭവങ്ങൾ ആസ്വാദ്യകരമാവുന്നത് വളരെക്കഴിഞ്ഞായിരിക്കും, അല്ലേ ?��

    Madhu Uchmbally വേണൂ വീണ്ടും പഴയകാലത്തേക്ക് തിരിച്ചു പോക്ക് നിന്റെ അത്രയും ഇല്ലെങ്കിലും കുറച്ചൊക്കെ ഞാനും അനുഭവം പക്ഷേ ഞാൻ ഇതിനൊന്നും നിന്ന് കൊടുത്തില്ല കുടുംബം വലിയ കുടുംബം ആയത് കൊണ്ടായിരിക്കാം പിന്നെ നിന്റെ നാട്ടിലേക്ക് ആറാം മൈലിൽ (ഞാൻ ആമ്പിലാട് കാരനാണ്) മനോഹരമായി എഴുതി അത് കൊണ്ട് ഒരിക്കൽ കൂടി പഴയ കാലം ഓർമ്മ വന്നു
    Venugopalan Kokkodan Madhu Uchmbally, രക്ഷപ്പെടാൻ ഒരു വകുപ്പും ഉണ്ടായിരുന്നില്ല മധൂ�� പക്ഷേ ഇത്തരം വേറിട്ട അനുഭവങ്ങളെ കുറേക്കാലം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ ഒരു പ്രത്യേക സുഖമുണ്ട്!

    Manjusha Sreeram Teji Manalel: Wow! That was a lot of good information! Thank you for sharing ��
    Venugopalan Kokkodan: Manjusha Sreeram Teji Manalel, �� Tried to explain one era through the experiences, but multi edged ��
    Manjusha Sreeram Teji Manalel: I could see that :))
    But those experiences are amazing!

    Dilip Nambiar വേണു, വളരെ ഇഷ്ടമായി.. ബാല്യത്തിലേക്ക് ഒരു തിരിച്ചുപോക്ക്... ഇനിയും എഴുത്തു തുടരുക.. ഞാൻ ബാലേട്ടനെ കാണും അടുത്ത ആഴ്ച ഒരു കല്യാണത്തിന്.. നീ വേണ്ടാത്തതൊക്കെ എഴുതുന്നുണ്ട് എന്ന് പറഞ്ഞു കൊടുത്തേക്കാം ����
    Renitha R Nair: Dilip Nambiar pavam undu ketto, venu ettan pavam alle.. Thallanda upadesicha Madi nannayikolum. Paavalle
    Venugopalan Kokkodan Dilip etta, ������ അച്ഛൻ എന്റെ മനസ്സിലുള്ള പല കഥകളിലെയും ഒരു വല്യ കഥാപാത്രമാണ്, ആഴം മനസ്സിലാക്കാൻ ഇതുവരെ കഴിയാത്ത കഥാപാത്രം. ചെറുപ്പത്തിലെ പല കഥകളിലും ക്രൂരനായ വില്ലനായി വരുമെങ്കിലും, ഇന്നതിന്, സാത്വികഭാവം ഏറെയാണ്.
    എന്നാലും കുത്തിത്തിരിപ്പ് ഉണ്ടാക്കരുത് കേട്ടോ ��
    Venugopalan Kokkodan: Renitha, ദിലീപേട്ടൻ എന്ന ഇതുവരെ കാണാത്ത പുലിയുടെ മുൻപിൽ ഒരു പാവം എലിതന്നെയായിരിക്കും ഞാൻ��
    Dilip Nambiar Venugopalan Kokkodan വേണു പല അച്ചന്മാരും ക്രൂരന്മാർ ആകുന്നതു മനസ്സിലെ കരുതൽ കൂടുമ്പോൾ ആണ് നമുക്ക് അത് മനസ്സിലാക്കണമെങ്കിൽ നമ്മൾ അച്ഛൻ ആകണം.. ഞാൻ കുത്തിത്തിരുപ്പു ഉണ്ടാക്കില്ല മോനെ ����
    Dilip Nambiar: Venugopalan Kokkodan i am flattered ����

    മറുപടിഇല്ലാതാക്കൂ
  2. Facebook Comment 2:

    Gemini Premkumar Hmmm... ഞാനും പഴയ ആ കാലങ്ങൾ ഓർത്തു.. ഇപ്പോഴും പശു ഉണ്ട്..
    Venugopalan Kokkodan: Gemini Premkumar, നാട്ടിലുള്ള വീട്ടിൽ ഇപ്പഴും പശുക്കളുണ്ടെന്നുള്ളത് ഇന്നത്തെക്കാലത്ത് അതിശയത്തിനോടടുത്ത്‌ നിൽക്കുന്ന ഒന്നാണ്. ആധുനികനഗരവൽകൃതർ ചിലപ്പോൾ കളിയാക്കിയേക്കും �� നമുക്കൊരിക്കലും പഴമയേയും ആധുനികതയെയും സമ്മേളിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അഥവാ കഴിഞ്ഞെങ്കിൽ, അതൊരു അനുഭവം തന്നെയായിരിക്കും!��

    Uma Surendran venu gambeeramayirikkunnu. athyavasyam venda nattarivukalum thannathil sandosham. Panjagavyam undakkunnathu chanakavum, gomootravum okke vechalle. athil endengilum karyam ullathu kondalle ambalangalil ithundakkunnathu. Pinne bhasmam athum chanakathil ninnu thanneyalle. bhasmathinu nammude sareerathile neerkettu kuraykkanulla kazhivundennalle parayunnathu. athupole pandu kalathu garbhinikalkku nammude nattil neyseva enna oru sambhavamundayirunnu moonnam masathil athilum ithe cheruvakal cherthanu koduthirunnathu. appo chanakavum pashuvum nissarakkaranalla. Nannayirikkunnu venu athyavasyam narmavum, nattarivukalum niranja ninte chanaka kkadhaykku bhavukangal nerunnu

    Venugopalan Kokkodan Uma Eachi, ചാണകത്തിന് തീർച്ചയായും ചാണകത്തിന്റെ ഗുണഗണങ്ങളുണ്ട്. ഓരോന്നിനും അതിന്റേതായ പൊതുവായ ഉപയോഗങ്ങളുള്ളപ്പോൾ, ചിലയാളുകൾ സ്വകാര്യമായി, അതിനെ നമുക്കറിയാത്ത കാര്യങ്ങൾക്കും വിനിയോഗിച്ചേക്കാം; ചിലപ്പോളവർക്ക് നമുക്കറിയാത്ത ഗുണാനുഭവങ്ങളും ഉണ്ടായേക്കാം. എന്നിരുന്നാലും, ദഹനക്കേടുണ്ടാവുമെന്നറിഞ്ഞുകൊണ്ട് തന്നെ ചില കാര്യങ്ങൾ പൊതുജനസമക്ഷം അവതരിപ്പിക്കുമ്പോൾ, തെളിവുകളുടെയോ, അനുഭവങ്ങളുടെയോ, ചുരുങ്ങിയത് സാമാന്യയുക്തിയുടെയോ അകമ്പടിയെങ്കിലും വേണ്ടേ?
    എന്തായാലും നമ്മുടെ പുതുതലമുറക്കില്ലാത്ത, ഒരിക്കലും കിട്ടില്ലാത്ത ചില അനുഭവങ്ങളെ, ഒരു കാലഘട്ടത്തിന്റെ അറിവുകളായി, ചിന്തോദ്ദീപകമായി, ചാണകത്തിൽ കുഴച്ച് എഴുതാൻ ശ്രമിച്ചെന്നേയുള്ളൂ ��

    Jobin Kuruvilla ഗംഭീര എഴുത്ത് ��
    ചാണകം അമൃതാണോ എന്നറിയില്ല. പക്ഷേ വേണുവിന്റെ ചാണക അനുഭവങ്ങൾക്ക് ഒരു സ്പാർക്ക് ഉണ്ട്. അതങ്ങനെ കത്തി നിൽക്കട്ടെ. തീയിൽ കുരുത്തത് വെയിലത്തു വാടില്ലെന്നാണ്!

    Venugopalan Kokkodan Jobin Kuruvilla, ചാണകത്തെ അമൃതാക്കിയതല്ല �� അനുഭവങ്ങളുടെ വെളിച്ചത്തിൽ, ചാണകത്തെ ചാണകം തന്നെയാക്കി സംരക്ഷിക്കാനായിരുന്നു ശ്രമം ��

    മറുപടിഇല്ലാതാക്കൂ
  3. My gosh...this write up matched so much to me and my sis used to do. Pashuvine Ambala parambil pullu thettan konduva, thozhuthu kazhukal etc..Olichu kalikumbol chanaka kuzhiyil olikarundu...avide arum varilla :-)…mooku pothi irikkum... Pinne "chanapatta" undakal. Venal kalathu chanakum arakkapodiyum (powder from wood carving) kootti parathy onakki kayaril ketti maala pole sookshichu vaykkum. Mazhakalathu kathikkan…
    It brought a very good nostalgic feeling. thank you.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Everyone will have their own unique experiences. Once we start to look back, and roll our eyes into minute things, there will be huge chances for unnoticed items, when we really gone thru it originally :) Thank you for reading replying !

      ഇല്ലാതാക്കൂ
  4. പണ്ട് സ്കൂൾ അവധിക്കു നാട്ടിലെ തറവാട്ടിൽ പോകുമ്പോ വല്യച്ചനും, ചിലപ്പോ അവരുടെ മക്കളും ഇതിൽ പറഞ്ഞ പല ചാണകപ്രവർത്തികളും ചെയ്യുന്നത് കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.

    കൊഴിഞ്ഞാമ്പാറയിൽ ഉണ്ടായിരുന്നപ്പോൾ തമിഴ് വീടുകളിൽ ചാണക അച്ചുകൾ ഉണക്കാൻ വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്.. എന്തിനായിരുന്നോ എന്തോ...

    ചാണകാനുഭവങ്ങൾ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരാൾ അനുഭവിച്ചത്, മറ്റുള്ളവർ ഏതെങ്കിലും രീതിയിൽ അറിയുമ്പോൾ, അവതരിപ്പിക്കുന്ന അനുഭവങ്ങളിലൂടെ വായനക്കാരനെ വേറൊരു ലോകത്ത് അറിയാതെ പോൽ എത്തിക്കാൻ സാധിച്ചാൽ ആ അവതരണം അതിന്റെ കാര്യസാധനത്തിനടുത്തെത്തിയിരിക്കുന്നു എന്ന് പറയാം... ഓർമ്മകളെ ഇടവേളകളിൽ ഇടക്കെങ്കിലും തലോടുന്നത്, സുഖമുള്ള കാര്യമാണ്. വായിച്ചതിനും അഭിപ്രായം പങ്ക് വെച്ചതിനും ഒരുപാട് നന്ദി !

      ഇല്ലാതാക്കൂ
  5. Facebook Comments:
    Facebook Comments:
    Reeja Rejith: ചാണക വിശേഷങ്ങൾ കലക്കി
    ശരിക്കും ഓരോ രംഗവും മുന്നിൽ കാണുന്ന പോലെ തോന്നി അങ്ങനെ തോന്നുന്ന രീതിയിൽ ആ ഭാഷ Picture Source Google വേണ്ടായിരുന്നു
    ഓർമ്മകളൊക്കെ നാടൻ style പക്ഷെ ചിത്രം Google style. അങ്ങനെ വന്നപ്പോൾ കുരച്ച് കുരച്ച് മലയാളമറിയുന്ന ശരിക്കും മറുനാടൻ മലയാലി
    തന്നെ ആയിപ്പോയോ ?

    Naaraayam: 😊 ചിത്രം വരക്കാനറിയില്ല... പിന്നെ അമേരിക്കേലിരുന്നിട്ട് കഥയെഴുതുമ്പോ നാട്ടീന്നെങ്ങനെ ചിത്രം കിട്ടാനാണ്... പിന്നെ ചിത്രം വെക്കുന്നത് അലങ്കാരത്തിന് മാത്രം. അങ്ങനെ ഇംഗ്ലീഷിൽ വെക്കുന്നത്, അത് കണ്ട മറ്റ് ഭാഷക്കാരും മനസ്സിലാക്കാനാണ് 😊

    Reeja Rejith: ശരിക്കും പഴയ കാലം ഓർമ്മ വന്നു പല വാക്കുകളും ഇന്ന് വായിക്കുമ്പോൾ രസം പക്ഷെ അന്ന് ഇതൊന്നും രസകരമായ അനുഭവമായിരിക്കില്ലല്ലോ..

    Naaraayam: തീർച്ചയായും അന്നൊന്നും ഈ അനുഭവങ്ങൾ രസമുള്ളതായിരുന്നില്ല.

    Reeja Rejith: അച്ഛനെ പേടിച്ച് നാടുവിട്ട് പോയത് ഒക്കെ ഇന്ന് പറയുമ്പോൾ എന്തോ ഒരു അഭിമാനം ഒക്കെ തോന്നുന്നുണ്ടോ? വാക്കുകളിലും പറച്ചിലിലും എവിടെയോ ഒരു...... പക്ഷെ അച്ഛനെക്കുറിച്ച് എന്തു പറഞ്ഞാലും എനിക്ക് സങ്കടമാ അത് ആരുടെ അച്ഛനായാലും എത്ര രാക്ഷസനായാലും

    Naaraayam: അഭിമാനമാണ്... ഒരു അനിവാര്യതയാണ്. അച്ഛനെ സ്നേഹിക്കുന്നെങ്കിലും ഒളിച്ചു വെക്കാൻ പറ്റാത്ത അനിവാര്യത .. അച്ഛന്റെ കാര്യങ്ങൾ പലതും ഇനീം എഴുതീട്ടില്ല,... എല്ലാവരുടെയും അനുഭവങ്ങൾ ഒരേപോലെ ആയിരിക്കില്ലല്ലോ... സ്വന്തം അനുഭവം വച്ച് മറ്റുള്ള അനുഭവങ്ങളെ വിലയിരുത്തുന്നതും ശരിയല്ലല്ലോ 😊

    Reeja Rejith: അനുഭവങ്ങളെ തീവ്രതയോടെ തീക്ഷ്ണതയോടെ അവതരിപ്പിക്കാൻ നിങ്ങളുടെ ഭാഷക്ക് കഴിയുന്നുണ്ട് സത്യം

    എന്റെ അനുഭവം വെച്ച് വിലയിരുത്തിയതല്ലടാ ....
    എല്ലാവരുടെയും അനുഭവം വ്യത്യസ്തമാകാം
    അതെനിക്കറിയാം

    അങ്ങനെ ഒക്കെ പറയുമ്പോൾ എന്തോ ഉള്ളിലൊരു
    അഹങ്കാരം അഹന്ത പറ്റിയ വാക്ക് ഇതൊന്നുമല്ല
    എന്നാലും എന്തോ ഒരു ബോധം ഉള്ളതായി feel ചെയ്യുന്നു. നീ ചെയ്തത് തന്നെയാവാം ഒരു പക്ഷേ ശരി

    പിന്നെ ഇന്നലെ എന്നോട് പറഞ്ഞ ഒരു വാക്യം
    അന്നങ്ങനെ നാടുവിട്ടിലെങ്കിൽ നാട്ടിൽ കിടന്ന് നശിച്ചേനെ എന്ന്... നിങ്ങളുടെ തീക്ഷ്ണതയേറിയ അനുഭവമാകാം അങ്ങനെ പറയിക്കുന്നത്
    ഓകൈ സമ്മതിച്ചു പക്ഷെ എനിക്കെന്തോ,,,,,

    മറുപടിഇല്ലാതാക്കൂ