2023 സെപ്റ്റംബർ 26, ചൊവ്വാഴ്ച
റാക്കൂൺ ഹണ്ടിങ്
2022 ഓഗസ്റ്റ് 21, ഞായറാഴ്‌ച
ഉറഞ്ഞ് തുള്ളിയ കുടലുമാലകൾ (അലാക്കിന്റെ യാത്ര - 1)
"എന്റെ ഇതുവരെയുള്ള ജീവിതത്തില് ഇത് പോലൊരു നശിച്ച യാത്ര ഞാൻ നടത്തീട്ടില്ല" എന്റെ അമ്മായിയമ്മ, വീട്ടിനകത്തോട്ട് കയറുന്നതിനിടയിൽ, അങ്ങേയറ്റം ശാപധ്വനിയോടെയായിരുന്നു അത്രയും പറഞ്ഞത്.
"പണ്ടാരമടക്കാനായിട്ടുള്ള നാറിയ യാത്ര... അലാക്കിന്റെ യാത്ര..." ഞാനകത്ത് നിന്നും കമഴ്ന്ന് കിടക്കുന്നതിനിടയിൽ പ്രതിവചിച്ചു.
"അല്ല, നീയിതെപ്പാണ് ഉള്ളീ കേറിയത്? നീ അകത്തോട്ട് കേറുന്നതൊന്നും ആരും കണ്ടില്ലല്ലോ..." അതെ, ശരിയാണ്, നീണ്ടൊരു യാത്രക്ക് ശേഷം വണ്ടിയിൽ നിന്നിറങ്ങി, ആർക്കും പിടികൊടുക്കാൻ നിൽക്കാതെ ഞാനെന്റെ അളിയന്റെ ബാങ്കളൂരിലെ വീടിന്റെ ഒരു മുറിക്കകത്ത് കയറിക്കിടക്കാൻ തുടങ്ങിയത് ആരും കണ്ടിരുന്നില്ല. അസഹ്യമായ വയറ്റിലെ പ്രശ്നങ്ങളായിരുന്നു കാരണം.ഞങ്ങളൊരു കൂട്ടം ആളുകൾ ഒരു വലിയ ട്രാവലറിൽ വന്നിറങ്ങിയപ്പോൾ, സ്വീകരണ വർത്തമാനങ്ങൾക്കിടയിൽ ഞാൻ പതുക്കെ വഴുതിമാറിയത് ആരും കണ്ടിരുന്നില്ല. തമാശ കലർന്ന ഒരന്ത്യത്തിലേക്ക് ആ വയറുവേദന എത്തുമെന്നും ആരും പ്രതീക്ഷിച്ചില്ല!
അതെ, അതൊരു വല്ലാത്ത യാത്രയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം, യുഎസ്സിൽ നിന്ന് നാട്ടിലേക്ക് പോയതാണ്. വെക്കേഷന് നാട്ടിൽ പോവുക എന്നാണ് സന്തോഷത്തോടെ പറയാറുള്ളതെങ്കിലും, ഈ നാട്ടിൽ പോക്ക്, ഒരിക്കലും വളരെ റിലാക്സ്ഡ് ആയി ആഘോഷിക്കപ്പെടുന്ന ഒന്നല്ല. സത്യത്തിൽ, വളരെ ഹെക്ടിക് ആണ് ഈ നാട്ടിൽ പോക്ക് എന്നുള്ളത്. നാട്ടിലേക്കും തിരിച്ചുമുള്ള നീണ്ട യാത്ര മാത്രമല്ല, നാട്ടിൽ പോയാൽ നടത്തപ്പെടുന്ന നിരന്തരമായ ബന്ധുമിത്രാദിസന്ദർശനങ്ങളും ഒടുക്കമൊടുക്കം, വല്ലാത്ത മടുപ്പാണ് ഉണ്ടാക്കുക. ഇഷ്ടപ്പെട്ട് ചെയ്യുന്നതാണെങ്കിലും, മടക്ക ദിവസമാവുമ്പഴേക്കും, മനുഷ്യന് യാത്രകൾ മടുത്തിട്ടുണ്ടാവും. എന്തായാലും, ഇത്തവണയും നാട്ടിൽ കറക്കങ്ങൾക്ക് കുറവൊന്നും ഇല്ലായിരുന്നെങ്കിലും, പെരുമഴമൂലം, മുൻ വെക്കേഷനുകളെക്കാൾ യാത്രകൾ കുറവായിരുന്നു എന്ന് തന്നെ പറയാം.
കുറേക്കാലങ്ങളായുള്ള പതിവിന് വിപരീതമായി, ഇത്തവണ, ജൂലൈ മാസത്തിൽ അതിഗംഭീരമായ മഴയായിരുന്നു വടക്കൻ കേരളത്തിൽ പെയ്തത്. നിന്ന് പെയ്യുന്ന മഴ, പുറത്തിറങ്ങാൻ എല്ലാത്തരത്തിലും മടി തോന്നിക്കുന്ന മഴ. എന്റെ ചെറുപ്പകാലത്തെ ഓർമ്മിപ്പിക്കുംവിധം, വീടിന് ചുറ്റും നല്ല രീതിയിൽ തന്നെ ഉറവകൾ പൊട്ടിയൊലിക്കാൻ തുടങ്ങിയിരുന്നു. വഴികളിൽ കാലുകൾ അമർത്തി വെക്കുമ്പോൾ, സൂക്ഷിച്ചില്ലെങ്കിൽ ആഴ്ന്ന് പോവുന്ന അവസ്ഥ!
ഈ പെരുമഴക്കാലം കാരണമാവണം, നാട്ടിൽ മുഴുവൻ പനിയുടെ വാർത്തകളാണ്. കൊറോണ കൂടടങ്ങിയിട്ടില്ലെങ്കിലും, കൊറോണയെ ആരും വകവെക്കുന്നതായി തോന്നിയില്ല. പക്ഷേ, എല്ലാ വീടുകളിലും പലർക്കും പനിയാണ്, പക്ഷേ കൊറോണയല്ല!
എന്തായാലും, കഴിഞ്ഞ പത്തിരുപത് വർഷങ്ങളുടെ ഇടയിൽ നാട്ടിൽ നടത്തിയിട്ടുള്ള സന്ദർശനങ്ങളൊക്കെ ഞങ്ങളെ സംബന്ധിച്ചടുത്തോളം പനിരഹിതമായിരുന്നു. കുട്ടികൾക്ക് ഇടക്ക് ചെറിയ ജലദോഷവും ജലദോഷപ്പനിയും വരുമെന്നല്ലാതെ മറ്റ് പൊല്ലാപ്പുകൾ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ, പനിയൊന്നും വരില്ല എന്ന ആത്മവിശ്വാസത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല.
ജൂലൈ 28 നാണ് തിരിച്ച് യുഎസ്സിലേക്ക് പുറപ്പെടുന്നത്. ബാങ്കളൂരിൽ നിന്നാണ് വിമാനയാത്ര തുടങ്ങുന്നത്. പല കാരണങ്ങളാലും ബാങ്കളൂരിലാണ് ഞങ്ങൾ സാധാരണയായി നാട്ടിലേക്കുള്ള യാത്രയിൽ വിമാനമിറങ്ങുന്നത്. ബാങ്കളൂരിൽ നിന്ന് കണ്ണൂരുള്ള വീട്ടിലേക്ക് പിന്നെയും ഏഴ് മണിക്കൂറോളം യാത്രയുണ്ട്. വിമാന നിരക്ക് കുറവായിരിക്കുമെന്നതിനാലും, അളിയന്റെ വീട്ടിലേക്കുള്ള യാത്ര യുഎസ്സിൽ നിന്നുമുള്ള യാത്രയുടെ കൂടെത്തന്നെ club ചെയ്യാമെന്നതിനാലുമാണ് ബാങ്കളൂർ തിരഞ്ഞെടുക്കുന്നത്. ഈ വർഷത്തെ യാത്രയിൽ, പക്ഷേ അളിയൻ ബാങ്കളൂരിൽ ഇല്ലായിരുന്നു. നാട്ടിൽ ചില ചടങ്ങുകൾ ഉണ്ടായിരുന്നതിനാൽ അളിയനും കുടുംബവും നാട്ടിലായിരുന്നു. അതുകൊണ്ട്, ബാങ്കളൂരിൽ വിമാനമിറങ്ങിയ ഉടനെത്തന്നെ, നേരത്തെ തീരുമാനിച്ച പ്രകാരം നാട്ടിൽ നിന്ന് വന്ന ഒരു ടാക്സിയിലാണ്, ഞങ്ങൾ നാട്ടിലേക്ക് യാത്ര പുറപ്പെട്ടത്. വൈകുന്നേരം നാലരക്കടുപ്പിച്ച് തന്നെ താവളത്തിന് പുറത്ത് കടന്നെങ്കിലും, ഇളയമ്മയുടെ മകൻ ശ്രീജുവും ഭാര്യ സിത്താരയും ഞങ്ങളെ കാണാൻ വന്നതിനാൽ അരമണിക്കൂറോളം അവരുമായി കുശലം പറഞ്ഞു. ഒടുവിൽ, വൈകുന്നേരം അഞ്ച് മണിക്കാണ് യാത്ര തുടങ്ങിയതെന്നതിനാൽ, ബാങ്കളൂരിലെ വൈകുന്നേരത്തെ ഗതികെട്ട ട്രാഫിക് മറികടക്കാൻ കുറെ സമയമെടുത്തു. മാക്കൂട്ടത്തിലെ ചുരത്തിൽ എത്തുമ്പഴേക്കും അർദ്ധരാത്രിയെന്നതിന് പുറമേ, കോരിച്ചൊരിയുന്ന മഴയുമായിരുന്നു. ഒടുവിൽ വീട്ടിലെത്തുമ്പഴേക്കും പുലർച്ചെ രണ്ട് മണിയായി. ഒൻപത് മണിക്കൂറോളം എടുത്ത ആ രാത്രിയാത്ര തന്നെ ഞങ്ങളെ സംബന്ധിച്ചടുത്തോളം, വളരെ മടുപ്പുളവാക്കാക്കിയിരുന്നു. ഇനിയൊരിക്കലും ഇങ്ങനെയൊരു യാത്ര ചെയ്യില്ലെന്ന് അപ്പോൾത്തന്നെ ചിന്തിച്ച് പോയതാണ്.
പത്താം ക്ലാസ്സിൽ ഒരുമിച്ച് പഠിച്ചിരുന്ന ഞങ്ങളുടെ കൂട്ടുകാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ഒരു മീറ്റിങ്ങിൽ പങ്കെടുക്കുക എന്നുള്ളതായിരുന്നു എന്നെ സംബന്ധിച്ച് ഇത്തവണത്തെ നാട്ടിലേക്കുള്ള യാത്രയുടെ മുഖ്യ ഉദ്ദേശ്യവും, യാത്രയുടെ മുഖ്യ ആകർഷണവും. അതിൽ പങ്കെടുക്കുന്ന 90 ശതമാനം പേരെയും, ഏകദേശം മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കാണാൻ പോകുന്നത്.
നാട്ടിലെത്തിയതിന്റെ പിറ്റേന്ന് തന്നെ, അളിയൻ നാട്ടിൽ വച്ച പുതിയവീട്ടിൽ മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരുന്നു. ഞങ്ങളും അതിൽ പങ്ക് കൊള്ളാൻ പോയി. അവിടെയെത്തിയ ഉടനെത്തന്നെ, ഭാര്യയുടെ കുഞ്ഞമ്മാവൻ, ഫ്രിഡ്ജിൽ സൂക്ഷിച്ച് വച്ച തെങ്ങിൻ കള്ള് എനിക്കെടുത്ത് തന്ന് സൽക്കരിച്ചത് മാമനോടുള്ള എന്റെ ഇഷ്ടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. അതിന്റെ പിറ്റേന്നായിരുന്നു കോട്ടയത്തുള്ള ഡിസിബുക്സിലേക്കുള്ള യാത്ര. ആദ്യമായി എഴുതിയ നോവൽ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഉടമ്പടി ഒപ്പിടാനാണ് കോട്ടയത്തേക്ക് പോകുന്നത്. തലശ്ശേരിയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചുമുള്ള സെക്കന്റ് എസി ടിക്കറ്റ് മലബാർ എക്സ്പ്രസിന് നേരത്തെയേ ബുക്ക് ചെയ്തിരുന്നു. രണ്ട് യാത്രകളും മുഴുവൻ സമയ രാത്രിയാത്രയായിരുന്നു. മാസ്ക് ധരിച്ച് കൊണ്ട് തന്നെയായിരുന്നു യാത്രയിലെ ഉറക്കം. ഞാൻ കോട്ടയത്തെത്തുന്നത് പ്രമാണിച്ച്, അഞ്ചാറ് കൂട്ടുകാരും പല സ്ഥലങ്ങളിൽ നിന്നായി അവിടെ എത്തിയിട്ടുണ്ട്. ഡിസി ബുക്സുമായുള്ള ഉടമ്പടി ഒപ്പിട്ടതിന് ശേഷം, കോട്ടയത്തുണ്ടായിരുന്ന ജൂൺ 27 പകൽ മുഴുവൻ കുമരകത്തുള്ള ഒരു റിസോർട്ടിൽ ഗംഭീരമായി ആഘോഷിച്ചു. നീന്തൽകുളത്തിലെ നീരാട്ടും, കുപ്പികളുടെ ആറാട്ടും അവിടെ നടത്തപ്പെട്ടു.
കോട്ടയത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷമായിരുന്നു, നാട്ടിൽ പെരുമഴ തുടങ്ങിയത്. പെരുമഴ ഒന്നവസാനിച്ചപ്പോൾ, ആവുന്നത് പോലെ, ബന്ധുമിത്രാദികളുടെയൊക്കെ വീട്ടിൽ പോയി അവരെയൊക്കെ സന്ദർശിച്ചു. ചെല്ലുന്ന വീടുകളിൽ നിന്നെല്ലാം പലഹാരങ്ങളും ചായയും ഹോർലിക്‌സും തരം പോലെ കഴിച്ചു. എത്ര വേണ്ടാ എന്ന് പറഞ്ഞാലും, ഇങ്ങനെ പലഹാരം തീറ്റിക്കുക എന്നുള്ളതാണ് സ്നേഹവായ്പ്പ് അറിയിക്കാനുള്ള ഏക മാർഗ്ഗം എന്ന് വിശ്വസിക്കുന്ന ബന്ധുമിത്രങ്ങളുടെ സ്‌നേഹനിർഭരമായ നിർബന്ധങ്ങൾക്ക് വഴിപ്പെടുക എന്നതാണ്, മുഖം കറുപ്പിക്കാതെ പുറത്ത് കടക്കാനുള്ള ഏക എളുപ്പവഴി. വീട്ടിൽ തിരിച്ചെത്തുമ്പഴേക്കും വയറൊരു പരുവത്തിലായിട്ടുണ്ടാവും, എന്നിരുന്നാലും അടുത്തദിവസവും ഇതുപോലെ തുടരും. എന്ത് പറഞ്ഞാലും അവരെയൊക്കെ കാണാതെ തിരിച്ച് വന്നാൽ, മനസ്സിനൊരു വിഷമമാണ്. അങ്ങനെ പല യാത്രകളിലും തിരക്കുകളാൽ കാണാൻ കഴിയാഞ്ഞ ചില ആളുകളെ പിന്നീടൊരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല.
കണ്ണൂർ ഐടിഐയിൽ ഒരു മിച്ച് പഠിച്ചവരായ ചിലർ കുവൈത്തിൽ നിന്നും സൗത്താഫ്രിക്കയിൽ നിന്നുമൊക്കെയായി അതേ സമയം നാട്ടിൽ ഉണ്ടായിരുന്നു. ഒരുമിച്ച് കൂടാനുള്ള ശ്രമങ്ങൾ ഒടുവിൽ ഞങ്ങളെ എത്തിച്ചത് എറണാകുളത്തായിരുന്നു. അതും പത്താം ക്ലാസ്സുകാരുടെ മീറ്റിങ്ങിന്റെ തലേ ദിവസം. തലശ്ശേരിയിൽ നിന്ന് രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് ഒൻപതരക്ക് എറണാകുളത്തെത്തി. പെട്ടന്ന് തല്ലിക്കൂട്ടിയ പരിപാടിയായതിനാൽ, പന്ത്രണ്ടോളം ആൺ കൂട്ടുകാർ മാത്രമേ എറണാകുളത്ത് വന്നിരുന്നുള്ളൂ. ഒരിക്കലും യുവത്വം മരിക്കാത്ത ആ കൂട്ടുകാർ കുറച്ച് നേരത്തേക്ക്, അവിടെയൊരു റിസോർട്ടിൽ ഒത്തുകൂടി. എന്നിട്ട് അന്ന് വൈകുന്നേരം നാലുമണിക്ക് തന്നെയുള്ള ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിന് തിരിച്ച് പോന്നു. പിറ്റേന്ന്, ജൂലൈ പതിനേഴിന് പത്താം ക്ലാസ്സുകാരുടെ കൂട്ടായ്മ തലശ്ശേരിയിൽ വച്ച് തന്നെ വളരെ ഗംഭീരമായി കഴിഞ്ഞു. കൂട്ടുകാരോടൊത്ത്, ഒരു പതിനഞ്ച് കാരനായി ആ ദിവസം മുഴുവൻ മനസാ വ്യാപരിക്കാൻ സാധിച്ചു.
ഈ എറണാകുളം യാത്രയിലാണ് ആദ്യമായി എനിക്കൊരു അസുഖത്തിന്റെ ലക്ഷണം അനുഭവപ്പെടാൻ തുടങ്ങിയത്. മധുപാനസമേതമായി ഒരു മീൻ കഷണം വായിലേക്കിടാൻ തുടങ്ങിയപ്പോൾ, വാ ശരിക്കും തുറക്കാൻ കഴിയുന്നില്ല. മേൽത്താടിയും കീഴ്താടിയും, വിരലുകൾ കൊണ്ട് ബലം പ്രയോഗിച്ച് കുറച്ച് വിടർത്തിയാൽ ഭക്ഷണം കഴിക്കാം. പക്ഷേ സംസാരിക്കുന്നതിനൊന്നും കുഴപ്പമില്ല. 'നീരിറക്ക'മായിരിക്കും, പെട്ടന്ന് മാറിക്കോളും എന്നൊക്കെയാണ് കരുതിയത്. അതുകൊണ്ട് മധുപാനത്തിന് കുറവൊന്നും വരുത്തിയില്ല. ഒരേയൊരു ആഗ്രഹം മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളൂ; അടുത്ത ദിവസത്തെ പത്താം ക്ലാസ്സ് കൂട്ടായ്മയിൽ പങ്കെടുക്കാനാവാതെ പോകരുത്!
ഇതേ സമയത്ത്, വീട്ടിൽ അനുജന്റെ മകന് പനി വന്നിരുന്നു. വീടിന്റെ ചുറ്റുവട്ടത്തും പനി ഏറിയും കുറഞ്ഞുമൊക്കെയുണ്ട്. ഇക്കാരണം കൊണ്ട് തന്നെ, ഇത്തിരി അധികപ്രസംഗമായാലും ശരി, ഇത്തിരി പൊങ്ങച്ചമായാലും ശരി എന്നൊക്കെ ചിന്തിച്ച്, കഴിയുന്നത്രയും വീട്ടിൽ പോലും മാസ്ക് ധരിച്ചാണ് എന്റെ നടപ്പ്. മക്കളോടും ഭാര്യയോടും കഴിയുമെങ്കിൽ മാസ്ക് വെക്കാനുള്ള ഒരുപദേശവും കൊടുത്തു. പക്ഷേ എന്റെ നിർദ്ദേശങ്ങളൊക്കെ അവർ നിഷ്കരുണം തള്ളിക്കളഞ്ഞു. ഇതിനിടയിൽ ഭാര്യക്കും മക്കൾക്കും ചെറിയ പനിയും ജലദോഷവും ഒന്നുരണ്ട് തവണയായിട്ട് വന്നുപോവുകയും ചെയ്തിരുന്നു. ആ സമയത്ത്, അവൾ അവളുടെ അച്ഛന്റെ വീട്ടിലായിരുന്നത് കാരണം അവർ വീട്ടിൽ മാസ്കിടുന്നതിനെക്കുറിച്ച് ഞാനധികം വേവലാതിപ്പെട്ടിരുന്നില്ല. എന്നാലും അവർ എന്നെക്കാൾ കൂടുതൽ ശ്രദ്ധിക്കണമായിരുന്നെന്ന് തോന്നിയിരുന്നു. എന്തെങ്കിലും കാരണവശാൽ ഞങ്ങളുടെ മടക്കയാത്രയിൽ പ്രശ്നങ്ങളുണ്ടാവരുതല്ലോ! 97F എന്ന ശരീരോഷ്മാവ് 98F ആയാൽത്തന്നെ വിമാനയാത്ര തടയുന്ന സമയമാണ്. അതുകൊണ്ട്,ഞാൻ എന്റേതായ രീതിയിൽ മുൻകരുതലുകൾ എടുത്തുകൊണ്ടിരുന്നു. ആ എനിക്കാണ് ഇപ്പോൾ വാ തുറക്കാൻ പറ്റാത്തത്. വാ ശരിക്ക് തുറന്ന്, പല്ല് പോലും തേക്കാൻ പറ്റാത്ത അവസ്ഥ!
എറണാകുളത്ത് നിന്ന് ജൂലൈ 16 ന് രാത്രി 11:30 ക്ക് തിരിച്ചെത്തി, പിറ്റേന്ന് സ്‌കൂൾ കൂട്ടായ്മയിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തുമ്പഴേക്കും ആകെ മൊത്തം തളർന്നത് പോലെ തോന്നിയിരുന്നു. നിർത്താതെയുള്ള യാത്രകളും നിർത്താതെയുള്ള മഴയും, ഈർപ്പം ഒട്ടും വിട്ടുമാറാതെയുമുള്ള കാലാവസ്ഥയും മറ്റുമായിരിക്കാം കാരണമെന്ന് ഞാൻ വെറുതെ ഊഹിച്ചു. ഒന്ന് ശരിക്ക് വിശ്രമിച്ചാൽ എല്ലാം ശരിയാവുമെന്നും കരുതി. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ശരീരത്തിനൊരു ഉത്സാഹം തോന്നിയെങ്കിലും, വാ തുറക്കാൻ പറ്റാത്ത പ്രശ്നം അതേപോലെ തുടരുന്നതോടൊപ്പം, എന്റെ കൈകളിലെ സന്ധികളിലും വേദന തോന്നാൻ തുടങ്ങി. കൈ പൊക്കാൻ ശരിക്കും വിഷമിച്ചു. എന്നാലും അതൊന്നും വക വെക്കാതെ പിറ്റേ ദിവസവും എന്റെ അച്ഛന്റെ ഭാഷയിൽ, അലയാൻ പോയി. ഏകദേശം പന്ത്രണ്ടോളം ബന്ധു വീടുകളിൽ സന്ദർശനം നടത്തിയിട്ട് രാത്രി വൈകി വീട്ടിലെത്തുമ്പഴേക്കും എനിക്കൊരു പനിക്കോള് തോന്നിത്തുടങ്ങി.
പിറ്റേന്ന് എഴുന്നേൽക്കുമ്പോഴേക്കും പനി വണ്ണത്തിൽ കേറിത്തുടങ്ങിയിരുന്നു. അതേ സമയത്ത്, എന്റെ വേറൊരനുജന്റെ മകൾക്കും പനി തുടങ്ങി. അനുജൻ തന്നെ മുൻകൈയെടുത്ത് വീടിനത്ത് തന്നെയുള്ള പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ടോക്കണെടുത്തു. ഇനി എന്നെ സംബന്ധിച്ചടുത്തോളം കൂടുതൽ ജാഗരൂകനായിരിക്കേണ്ടതാണ്. തിരിച്ച് പോകേണ്ടുന്ന ദിവസം അടുത്തെത്താറായിരിക്കുന്നു. യാത്ര മാറ്റിവെക്കുക എന്നൊക്കെ പറഞ്ഞാൽ അത് ഭയങ്കര ചിലവുള്ള കാര്യമാണ്. മാത്രവുമല്ല ജോലിയെയും ബാധിക്കും.
ഇത്തവണ ബാങ്കളൂരുള്ള അളിയന്റെ വീട്ടിൽ പോയി രണ്ട് ദിവസം താമസിക്കാൻ സാധിച്ചിരുന്നില്ല. അളിയൻ താമസിക്കുന്ന അതേ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ എന്റെ ഇളയമ്മയുടെ മോളും കുടുംബവും കഴിഞ്ഞ ഒരു വർഷമായിട്ട് താമസിക്കുന്നുണ്ട്. അവരുടെ മക്കളൊക്കെ വലിയ ക്ളാസ്സുകളിലായതിനാൽ, പ്രവർത്തിദിവസങ്ങളിൽ അവിടെ പോയി അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നായിരുന്നു എന്റെ തീരുമാനം, ആയതിനാൽ, ഏതെങ്കിലും ഒരു വീക്കെൻഡിൽ അവിടെ പോയി വീണ്ടും നാട്ടിൽ തിരിച്ച് വന്ന്, യുഎസ്സിലേക്ക് തിരിച്ചുള്ള യാത്രാ സമയത്ത് നേരെ ബാങ്കളൂർ വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു എന്റെ പദ്ധതി. അതൊരു മിനക്കെട്ട പരിപാടിയാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് അങ്ങനെ തീരുമാനിച്ചത്. ബാങ്കളൂരിലേക്ക് രണ്ട് തവണ യാത്ര ചെയ്യുന്നത് മണ്ടത്തരം തന്നെയാണല്ലോ. എന്നാലും പിള്ളേരുടെ പഠിപ്പ്, ഞങ്ങളെക്കൊണ്ട് പൊയ്പ്പോകരുതെന്ന നിർബന്ധബുദ്ധി കാരണം മാത്രമായിരുന്നു അങ്ങനെയൊരു തീരുമാനം എടുത്തത്.
പക്ഷേ, അളിയനോ, ഇളയമ്മയുടെ മോൾക്കോ ഒന്നും അതൊരു പ്രശ്നമല്ലായിരുന്നു. മക്കളൊക്കെ ഇതിനകം തന്നെ ഒന്നുരണ്ട് ദിവസങ്ങൾ അവധിയെടുക്കാനും തയ്യാറായിട്ട് തന്നെയാണ് ഇരിപ്പ് എന്നാണ് അവർ അറിയിച്ചത്. പോരാഞ്ഞതിന് പഠിപ്പിന്റെ കാര്യത്തിൽ അവരൊക്കെ self drivers ആണെന്നും പറഞ്ഞപ്പോൾ, ഞാനെന്റെ യാത്ര ഒറ്റ യാത്രയാക്കി മാറ്റി. യുഎസ്സിലേക്ക് പോകുന്ന സമയത്ത്, മൂന്നോ നാലോ ദിവസങ്ങൾ മുന്നേ ബാങ്കളൂരുവിൽ പോവുക, അളിയന്റെയും പെങ്ങളുടെയും കുടുംബത്തിന്റെ കൂടെ കുറച്ച് ദിവസം ചിലവിടുക,പിന്നെ അവിടെ നിന്ന് നേരിട്ട് യുഎസ്സിലേക്ക് പറക്കുക, സമയം ലാഭം, മിനക്കേട് ലാഭം!
ആദ്യം ഒരു ഇന്നോവ വാനിലാണ് പോകാൻ തീരുമാനിച്ചതെങ്കിലും, ഇത്തവണ ബാങ്കളൂരുവിലേക്ക് ഭാര്യയുടെ അനുജത്തിയും മകളും വരുന്നുണ്ടെന്നതിനാൽ ഒരുമിച്ച് യാത്ര ചെയ്യുന്നതിനായി,ഒരു ട്രാവലർ ബുക്ക് ചെയ്തു. ഭാര്യയുടെ അനുജത്തിയും മകളും ബാങ്കോക്കിലാണ്. നാട്ടിൽ പുതുതായി പണിഞ്ഞ വീട്ടിലെ ഗൃഹപ്രവേശനത്തിന് വന്ന് തിരിച്ച് പോവുകയാണ്. അനുജത്തിയുടെ ഭർത്താവ് നേരത്തേ തന്നെ ബാങ്കോക്കിലേക്ക് തിരിച്ച് പോയിരുന്നു. സ്വന്തം വീട്ടിൽ കുറച്ച് ദിവസം കൂടി അധികം താമസിച്ചിട്ട്, തിരിച്ചു പോവുകയാണ് അനുജത്തിയും മകളും. ഞങ്ങൾ യുഎസ്സിലേക്ക് തിരിക്കുന്ന അതേ ദിവസം തന്നെയാണ് അവരുടെ ബാങ്കോക്കിലേക്കുള്ള വിമാനവും. ഫ്‌ളൈറ്റുകളുടെ സമയത്തിനിടയിൽ വെറും അര മണിക്കൂർ മാത്രം.അങ്ങനെയാകുമ്പോൾ, ബാങ്കളൂരിലേക്കുള്ള യാത്രയും അവിടെയുള്ള താമസവും ഒരുമിച്ചാകാമല്ലോ. എന്റെ ഭാര്യക്കും അനുജത്തിക്കും അവരുടെ ഒരേയൊരു പൊന്നാങ്ങളക്കും കുറേക്കാലം കൂടി ഒരുമിച്ച് താമസിച്ച് തമാശകൾ പറഞ്ഞ് ചിരിച്ച് രസിക്കാനൊരവസരം! എനിക്കും എന്റെ ബാങ്കളൂരിലുള്ള കൂട്ടുകാരെ കാണാനൊരവസരം!
ഞാനും അനിയന്റെ മകളും ഹെൽത്ത് സെന്ററിൽ പോയി ഡോക്ടറെ കാണിച്ചു. നല്ല ക്ഷീണമുണ്ടായിരുന്നു എനിക്ക്. ജലദോഷവും മൂക്കൊലിപ്പും ചുമയും ഇതുവരെ തുടങ്ങിയിട്ടില്ല. പക്ഷേ എനിക്കെത്രയും പെട്ടന്ന് രോഗവിമുക്തി നേടേണ്ടിയിരുന്നു. ജൂലൈ 23 നാണ് ബാങ്കളൂരുവിലേക്ക് പോകുന്നത്. അവിടെ നിന്ന് ജൂലൈ 28 നാണ് അമേരിക്കയിലേക്ക് പോകേണ്ടത്. കുറച്ച് പുസ്തകങ്ങളും ബേക്കറികളും അല്ലറചില്ലറ സാധനങ്ങളുമൊക്കെ വരുന്നതിന് മുന്നോടിയായി വാങ്ങിക്കേണ്ടതുണ്ട്. കുറച്ച് സാധനങ്ങൾ ഇതിനിടയിൽ തന്നെ വാങ്ങിച്ചിരുന്നു. പനി പിടിച്ചതോട് കൂടി, പട്ടണത്തിൽ പോയി സാധനങ്ങൾ വാങ്ങിക്കാൻ എനിക്ക് പറ്റാതായി. കുറച്ച് വിശ്രമിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ഭാഗ്യത്തിന് ഭാര്യ ജിഷയുടെ ജലദോഷമൊക്കെ അപ്പഴേക്കും മാറിയതിനാൽ, എന്റെ അനുജന്റെ കൂടെ പോയിട്ടാണ്, അവൾ എനിക്ക് വേണ്ടുന്ന പുസ്തകങ്ങളും മറ്റ് സാധനങ്ങളും വാങ്ങിച്ചത്.
ഹെൽത്ത് സെന്ററിൽ നിന്ന് തന്നെ മരുന്നുകൾ കിട്ടി. എല്ലാം ഫ്രീയാണ്. ഞാനാദ്യമായിട്ടായിരുന്നു ആ ഹെൽത്ത് സെന്ററിൽ പോകുന്നത്. അവിടത്തെ സെറ്റപ്പുകളും ചിട്ടവട്ടങ്ങളും എന്നെ ശരിക്കും ആകർഷിച്ചു. ഒരു സർക്കാർ സ്ഥാപനമാണെന്ന തരത്തിലുള്ള വൃത്തികേടുകളോ അഭംഗിയോ അവിടെയുണ്ടായിരുന്നില്ല. ഒരു ഡോസ് മരുന്ന് കഴിച്ചപ്പോൾ തന്നെ എന്റെ സന്ധിവേദനകളും പനിയും പമ്പ കടന്നിരുന്നു. എന്നാലും ക്ഷീണം മാറുന്നുണ്ടായിരുന്നില്ല.
ഇതിനിടയിൽ എന്റെ മൂത്തമകളുടെയും, എന്റെ നേരെ താഴെയുള്ള അനുജന്റെ മൂത്ത മകളുടെയും പിറന്നാൾ ദിവസങ്ങളെത്തി. ജൂലൈ പത്തൊൻപത്തിന് അനുജന്റെ മകളുടെയും ജൂലൈ 21 ന് എന്റെ മകളുടേയും പിറന്നാളുകളാണ്. അങ്ങനെ ജൂലൈ 19 ന് എന്റെ നേരേതാഴയുള്ള അനുജൻ ബാലചന്ദ്രന്റെ വീട്ടിൽ ചെറിയൊരു 'കേക്ക് മുറി' ചടങ്ങ് നടത്താൻ പരിപാടിയായി. ആ സമയമാവുമ്പഴേക്കും ചെറിയ തോതിൽ പനിയും തലക്കനവും കാരണം, എന്റെ അമ്മ മൂടിപ്പുതച്ച് കിടപ്പായി. ജൂലൈ 19 ന് ശേഷം, ജൂലൈ 21 ന് എന്റെ വേറൊരനുജന്റെ വീട്ടിലും ഒരു പിറന്നാൾ പാർട്ടി നടത്താൻ ധാരണയായി. അവൻ അവന്റെ പുതിയ വീട്ടിൽ താമസമായിട്ട് ഒരു വർഷം ആവുന്നതേയുള്ളൂ. ആ വീട്ടിൽ, ഞങ്ങൾ എല്ലാ ജ്യേഷ്ഠാനുജന്മാരും നാട്ടിലുള്ളതിനാൽ ഒരു കേക്ക് മുറിയും, അത് കഴിഞ്ഞ് അവിടെത്തന്നെ എല്ലാവരും ഒരുമിച്ച് കിടന്നുറങ്ങാനായിരുന്നു പ്ലാൻ. ഈ രണ്ട് പരിപാടികളിലും അമ്മക്ക് പങ്കെടുക്കാൻ പറ്റിയില്ല. മരുന്നുകൾ കഴിച്ച് കൊണ്ടാണ് ഞാൻ നടക്കുന്നത്. ഒരു ഉഷാറുമില്ലെങ്കിലും, എല്ലാവരുടെയും കൂടെ ഒരുമിച്ച് കൂടാൻ വേണ്ടിയുള്ള ആഗ്രഹമായിരുന്നു ഉള്ളിൽ.
പനി മാറിയെങ്കിലും, ഈ സമയമാവുമ്പഴേക്കും എനിക്ക് ജലദോഷവും മൂക്കൊലിപ്പും ചുമയും തുടങ്ങിയിരുന്നു. മാസ്ക് വച്ചിട്ട് വലിയ കാര്യമൊന്നും ഇല്ല എന്ന് തോന്നിയെങ്കിലും, ആളുകൾ കൂടുമ്പോഴൊക്കെ മാസ്ക് ഇട്ടിട്ട് തന്നെയായിരുന്നു എന്റെ നടപ്പ്.
വാങ്ങിയ സാധനങ്ങൾ പാക്ക് ചെയ്യുന്നത് വേറൊരു മിനക്കെട്ട ജോലിയാണ്. ഞങ്ങൾക്കെല്ലാവർക്കും കൂടി ആറ് വലിയ പെട്ടികൾ തന്നെയുണ്ട്. മഞ്ഞൾ പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവ നാട്ടിൽ നിന്ന് തന്നെ പൊടിച്ച് കൊണ്ടുവരികയാണ് സാധാരണ പതിവ്. അവയൊക്കെ പതിവായി ഞാനാണ് പായ്ക്ക് ചെയ്തിരുന്നത്. പക്ഷേ ഇത്തവണ എനിക്കൊന്നിനും ഒരു ഉഷാറില്ല. ഒടുവിൽ ആ ജോലിയും ജിഷ ഏറ്റെടുത്തു. എന്നാലും എനിക്ക് തൃപ്തി ആവുന്നുണ്ടായിരുന്നില്ല. ഞാൻ ചെയ്താലേ എല്ലാം ശരിയാകൂ എന്ന ധാരണയാണ് എന്നെ ഭരിച്ചുകൊണ്ടിരുന്നത്. എല്ലാ പെട്ടികളും തൂക്കം നോക്കി ഒതുക്കി വെക്കേണ്ടതുണ്ടല്ലോ. ഒടുക്കം ബാങ്കളൂരിലേക്ക് പോവുന്നതിന്റെ തലേ ദിവസം ഉച്ചയാവുമ്പഴേക്കും ഞാനും കൂടി ഇടപെട്ട് പെട്ടികളൊക്കെ തയ്യാറാക്കി. കൊണ്ടുപോകേണ്ട സാധനങ്ങളൊക്കെ എടുത്തു വച്ചു.
പക്ഷേ മാരികൾ എന്നെ വിടാൻ തയ്യാറായിരുന്നില്ല. ഉച്ച കഴിയുമ്പഴേക്കും എനിക്ക് വയറ്റിൽ ചില വൈക്ളബ്യങ്ങൾ ആരംഭിച്ചു. വേദനയില്ല, പക്ഷെ നിരന്തരമായ ഒരുതരം ഉരുണ്ടു കൂടലും വായു നിറയുന്നത് മാതിരിയുള്ള പ്രതീതിയും. ആകപ്പാടെ ഒരു വല്ലായ്മ. ഇരിക്കാനും നിൽക്കാനും പറ്റാത്തത് പോലെയുള്ള വൃത്തികെട്ട അവസ്ഥ. അകത്ത് പതുങ്ങി, അടങ്ങിയൊതുങ്ങി, കിട്ടിയ ആഹാര ദഹപ്പിച്ച് അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന എന്റെ കുടലുമാലകൾ, പാമ്പുകൾ കെട്ടുപിണഞ്ഞ് നൃത്തം വെക്കുന്നത് പോലെ എന്റെ വയറ്റിനുള്ളിൽ കിടന്ന് പുളയുകയാണ്. ഇതിനിടയിൽ, എന്റെ മടക്കയാത്ര പ്രമാണിച്ച്, ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവരൊക്കെ വരുമ്പോൾ സാധാരണ സന്തോഷിക്കാറുള്ള എനിക്ക് ഇത്തവണ ഒരു തരത്തിലും സന്തോഷിക്കാൻ പറ്റുന്നില്ല. അവരോട് സമാധാനത്തിൽ ഒന്ന് സംസാരിക്കാൻ പോലും എനിക്ക് പറ്റുന്നില്ല. അവർ വീട്ടിൽ വരുന്നത് പോലും എനിക്ക് വെറുപ്പായി തുടങ്ങിയിരുന്നു. വരാതിരുന്നാൽ അത്രയും സമയം എനിക്ക് ചുരുണ്ട് കൂടി കിടക്കാമല്ലോ.
രാത്രിയായപ്പോൾ, എന്റെ പരവേശം പിന്നെയും കൂടി വന്നു. പിറ്റേന്നുള്ള ബാങ്കളൂർ യാത്ര ഒഴിവാക്കിയാലോ എന്ന് ഒരു മാത്ര ഞാൻ ചിന്തിച്ചു. ഇത്തരം സാഹചര്യത്തിൽ നീണ്ട യാത്ര ചെയ്യുന്നത് കൂടുതൽ അപകടമാണെന്ന ചിന്ത എന്നെ പിടികൂടി. എന്നാലും ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. എന്റെ കാര്യം ഒഴിച്ചാൽ ബാക്കി എല്ലാവരും വളരെയധികം തയ്യാറെടുപ്പുകളിലാണ്. ബാങ്കളൂരിലെത്തി ചെയ്യണ്ട കാര്യങ്ങളുടെ പട്ടിക എന്റെ മക്കളും അവിടെയുള്ള കുട്ടികളും എന്തൊക്കെയോ പരിപാടികളിട്ടിരുന്നു. മാത്രവുമല്ല, ഭാര്യയുടെ അനുജത്തിയും മകളും കൂടെ വരുന്നുണ്ട്. ഇനി ഈ അവസാന നിമിഷത്തിൽ, ഈ യാത്ര ക്യാൻസൽ ചെയ്യണമെന്ന് ഞാൻ പറഞ്ഞാൽ, അതിന്റെ പ്രതിധ്വനികൾ എങ്ങനെയാവും എന്നതിനെക്കുറിച്ച് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. അതുകൊണ്ട് തന്നെ, ഞാനാരോടും ഒന്നും പറഞ്ഞില്ല. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ, കുഴപ്പമില്ലെന്ന് മാത്രം പറയും.
ഒരുവിധം, ആരെയും ഒന്നും കാര്യമായി അറിയിക്കാതെ ഞങ്ങൾ ഉറങ്ങാൻ കിടന്നു. ഭാര്യയും മക്കളുമൊക്കെ സ്ഥല പരിമിതികൾ കാരണം പലയിടങ്ങളിലായാണ് കിടന്നിരുന്നത്. കൂടെ ആരും കിടക്കാഞ്ഞതിനാൽ എന്റെ പരവേശം ആരും അധികം അറിഞ്ഞില്ല. അതെനിക്കും സൗകര്യമായി.
രാത്രി എനിക്ക് ഉറക്കം ഒട്ടും വന്നില്ല. കുടലുമാലകളെ എങ്ങനെ ഒതുക്കിക്കിടത്താം എന്ന ചിന്ത മാത്രം. വെറുതെ കമഴ്ന്നും ചെരിഞ്ഞും മലർന്നും കിടന്ന്, എങ്ങനെ കിടന്നാലാണ് ഉറങ്ങാൻ പറ്റുക എന്ന പരീക്ഷണത്തിലായിരുന്നു ഞാൻ. അലാറം വച്ചിരുന്നെങ്കിലും, ഉറങ്ങാൻ പറ്റാത്തത് കൊണ്ട്, നാല് മണിക്ക് തന്നെ ഞാൻ എഴുന്നേറ്റു. രാവിലെ ഏഴരക്ക് പുറപ്പെടാനാണ് പരിപാടി. ഏഴ് മണിക്ക് വണ്ടി വീട്ടിലെത്തും.
എഴുന്നേറ്റ് പല്ലൊക്കെ തേച്ചു. കുളിക്കാനായി വെള്ളം ചൂടാക്കാൻ അടുപ്പത്ത് വച്ചു. ചൂട് വെള്ളം കുടിച്ച് വയറ്റിലെ പ്രശനം തീരുമോ എന്ന് നോക്കാൻ, ഒന്ന് രണ്ട് ഗ്ളാസ് ചൂടുവെള്ളം കുടിച്ചു. പക്ഷേ പ്രശനം അതേപോലെ തന്നെ തുടർന്നു. ശ്വാസോച്ഛ്വാസത്തിന്റെ കൂടെ ഇടക്കിടക്ക് മൂളിയാൽ ആശ്വാസം കിട്ടുന്നുണ്ട്. ആരും അടുത്തില്ലാത്തപ്പോൾ ഞാൻ മൂളിക്കൊണ്ടിരുന്നു. കുളിച്ച് വരുമ്പഴേക്കും മണി അഞ്ചരയായി. അപ്പഴേക്കും മറ്റുള്ളവരും ഉണർന്നിരുന്നു. ആരും അറിയാതെ മൂളാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു.
എന്റെ പ്രശ്നത്തിന്റെ ഗാമഭീര്യം ആരെയും അറിയിക്കാൻ എനിക്ക് മനസ്സ് വന്നില്ല. മാത്രവുമല്ല, അത് ചിലപ്പോൾ സ്വാഭാവികമായോ അല്ലെങ്കിൽ ബാങ്കളൂരിൽ എത്തിയായാലുടനെ ഡോക്ടറെ കാണിച്ചോ മാറിക്കോളുമെന്ന ചിന്തയായിരുന്നു മനസ്സിൽ. കൂടുതൽ പരവേശം പുറത്ത് കാണിച്ച് മറ്റുള്ളവരുടെ ഉന്മേഷം കെടുത്തേണ്ടെന്ന് ഞാൻ കരുതി. എങ്കിലും, എന്റെ ആ നിലയിലുള്ള അവസ്ഥ കണ്ടിട്ട് തന്നെ അവരുടെ ഉന്മേഷം പകുതിയും നഷ്ടപ്പെട്ടിരുന്നു.
ഏഴ് മണിക്ക് തന്നെ ട്രാവലർ വീട്ടിലെത്തി. അനുജന്മാരും അവരുടെ ഭാര്യമാരും മക്കളും വീട്ടിലെത്തി. ആകപ്പാടെ ബഹളം. അതിനിടയിൽ, എന്റെ നേരനുജന്റെ ഭാര്യക്കും കലശലായ പനിയായത് കാരണം അവൾ രാവിലെ വീട്ടിൽ വന്നിരുന്നില്ല. എന്റെ വീട്ടിലും അനുജന്മാരുടെ വീട്ടിലും എല്ലാം പനിക്കാരാണ്. അമ്മയ്ക്കും ഇപ്പോൾ വയറ്റിൽ പ്രശ്നങ്ങൾ ഉണ്ട്. ശോധനക്കുറവും കരണ്ടുള്ള വേദനയും. എന്നാലും പാവം അമ്മയും രാവിലെത്തന്നെ എഴുന്നേറ്റിരുന്നു.
പെട്ടികൾ അനുജന്മാരും വണ്ടിയുടെ ഡ്രൈവറും കൂടിയെടുത്ത് വണ്ടിക്കകത്ത് വച്ചു. അധികമൊന്നും സംസാരിക്കാതെ അച്ഛനമ്മമാരുടെ കാലുകൾ തൊട്ട് വന്ദിച്ച്, ഞാൻ നേരെ വണ്ടിക്കകത്ത് കയറിയിരുന്നു. അധികം നിൽക്കാൻ പറ്റുന്നില്ലെന്ന ക്ഷമാപണത്തോടെയായിരുന്നു ഞാൻ വണ്ടിയിൽ കയറി ഇരുന്നത്. അധികം വൈകാതെ ഭാര്യയും മക്കളും കയറി. എല്ലാവരോടും ഒന്നുകൂടി കൈ വീശി, ഞങ്ങൾ വീട്ടിൽ നിന്ന് പുറപ്പെട്ടു.
വണ്ടിയുടെ ഡ്രൈവറെ ഞാൻ ആദ്യമായി കാണുകയാണ്. എന്റെ ഭാര്യയുടെ നാട്ടുകാരനാണ് അദ്ദേഹം. എന്നിരുന്നാലും ഞാൻ ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തോടും എന്റെ പ്രശം വളരെ ചുരുക്കി ഞാൻ പറഞ്ഞതിനാൽ അദ്ദേഹവും കുറേ നേരം മൗനം ഭജിച്ചു. എന്നിരുന്നാലും സാഹചര്യത്തിന്റെ സമ്മർദ്ദം മാനിച്ച്, ജിഷ ഡ്രൈവറുമായി ചില നാട്ടുകാര്യങ്ങൾ സംസാരിച്ചതുകൊണ്ട് എനിക്കും സമാധാനമായി.
ഇനി നമുക്ക് പോകേണ്ടത്, മട്ടന്നൂർക്കാണ്. അവിടെ എയർപോർട്ടിനടുത്താണ് ഭാര്യയുടെ അനുജത്തി സ്മിതയുടെ വീട്. അവിടെച്ചെന്ന് അവരെയും കൂട്ടണം. ഞങ്ങളവിടെ എത്തുമ്പഴേക്കും കാലത്ത് എട്ട് മണിയായിരുന്നു. സ്മിതയും മകളും വീടൊക്കെ പൂട്ടി, താഴെയുള്ള അവളുടെ ഭർത്താവിന്റെ അച്ഛൻ താമസിക്കുന്ന വീട്ടിൽ താക്കോൽ ഏൽപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അപ്പോഴാണ് ജിഷയുടെ അച്ഛനും അമ്മയും അവിടെ എത്തിയത്. അവരും ബാങ്കളൂർക്ക് വരുന്നുണ്ട്. പക്ഷേ അവർ അവരുടെ തന്നെ വാഗൺ-ആർ കാറിലാണ് വരുന്നത്. അളിയൻ ജിതേഷിന്റെ വീട്ടിലേക്കുള്ള തേങ്ങയും ചില പച്ചക്കറികളും ഒക്കെ അതിലാണുള്ളത്.
വണ്ടി അവിടെ എത്തിയ ഉടനെത്തന്നെ, സ്മിതയുടെയും മോളുടെയും പെട്ടികൾ എടുത്ത് വണ്ടിയിൽ കയറ്റി. ട്രാവലറിന്റെ ഡ്രൈവറും ജിഷയുടെ അച്ഛനമ്മമാർ പോകുന്ന വണ്ടിയുടെ ഡ്രൈവറുമാണ് അതൊക്കെ ചെയ്തത്. എനിക്ക് വലിയ കുഴപ്പമില്ല എന്ന് ഞാൻ അഭിനയിച്ചുകൊണ്ടിരുന്നെങ്കിലും, കിട്ടുന്ന സമയത്ത് ഞാൻ അവിടെയുള്ള സോഫയിൽ കമഴ്ന്ന് കിടന്നു. സ്മിതയുടെ ഭർത്താവിന്റെ പ്രായമായ അച്ഛനെ അവരുടെ വീട്ടിൽ പോയി കാണണമെന്നുണ്ടെങ്കിലും വയറ്റിലെ ആകുലത കാരണം അതിന് തുനിഞ്ഞില്ല. ഈ അവസ്ഥയിൽ അവിടെപ്പോയാൽ, എനിക്ക് എന്റെ അവസ്ഥയെക്കുറിച്ച് അവരോടും വിശദീകരിക്കേണ്ടിവരും. എന്തായാലും ഒരാഴ്ച മുന്നേ അവിടെ പോയപ്പോൾ അദ്ദേഹത്തെ കണ്ടതല്ലേ എന്ന് സ്വയം സമാധാനിച്ചിരുന്നു. ഇനി വൈകാതെ പോകാം എന്നും പറഞ്ഞ് എഴുന്നേറ്റപ്പോഴാണ്, സ്മിതക്കൊരു ഫോൺ വന്നത്. സ്മിതയുടെ ഭർത്താവിന്റെ മൂത്ത ജ്യേഷ്ഠനായിരുന്നു. അവർ കണ്ണൂർ സിറ്റിയിലാണ് താമസം. സ്മിത പോകുന്നത് പ്രമാണിച്ച് ഏട്ടനും കുടുംബവും വരുന്നുണ്ടത്രേ.വരുന്ന വഴിയ്ക്ക് വിളിക്കുകയാണെന്നും, ഇരുപത് മിനുട്ടിൽ എത്തുമെന്നും പറഞ്ഞപ്പോൾ, അവൾ ഓക്കേ പറഞ്ഞു.
സ്മിതയെയും ഏകമകളെയും യാത്രയാക്കാൻ ആരെയും അവിടെ കണ്ടില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. തൊട്ടു താഴെ, അവളുടെ ഭർത്താവിന്റെ പഴയവീടുണ്ട്. ഭർത്താവിന്റെ അച്ഛൻ വയ്യാതെ കിടപ്പിലാണെങ്കിലും, ഭർത്താവിന്റെ പെങ്ങളും അവരുടെ കുടുംബവും അവിടെത്തന്നെയുണ്ട്. പക്ഷേ ആരെയും സ്മിതയുടെ വീട്ടിൽ കണ്ടില്ല. എന്റെ വീട്ടിൽ നിന്ന് ഞങ്ങൾ പുറപ്പെടുമ്പോഴുള്ള രംഗം ഞാൻ അറിയാതെ ഓർത്തുപോയി. ഒരേ കാര്യങ്ങൾ തന്നെ, പലയിടങ്ങളിലും പലതരത്തിലായിരിക്കുമെന്ന കാര്യം, പണ്ടാരോ പറഞ്ഞത് പോലെ ഞാനോർത്തു. മാത്രവുമല്ല, എന്റെ വീട്ടിലെ വരുംദിവസങ്ങളിലുള്ള അവസ്ഥ, ഇന്ന് കണ്ടത് പോലെത്തന്നെ ആയിരിക്കണമെന്നില്ലല്ലോ. ഓരോരുത്തർക്കും ഓരോരോ മുൻഗണനകളും അവരുടേതായ അവസ്ഥകളും, കാലം വരുത്തിവെക്കുന്ന മാറ്റങ്ങളും കാണുമല്ലോ. ഒരേ കാര്യത്തിനെ അവലംബിച്ച്, ഒരു സ്ഥലത്ത് കണ്ടത് പോലെത്തന്നെ വേറൊരു സ്ഥലത്ത് കാണണം എന്ന് ചിന്തിക്കുന്നത് അർത്ഥശൂന്യമാണെന്ന തത്വചിന്ത, ഉടനെത്തന്നെ ആരോ എന്റെ മസ്തിഷ്കത്തിൽ കുത്തിവച്ചത് ഉടനെത്തന്നെ ഞാനറിഞ്ഞു. എന്തായാലും, മറ്റാരും വന്നില്ലെങ്കിലും, അവളുടെ ഭർത്താവിന്റെ മൂത്ത ഏട്ടൻ വരുന്നുണ്ടല്ലോ! വരാൻ ഇത്തിരി നേരം വൈകിയത്, ക്രിമിനൽ കുറ്റമൊന്നും അല്ലെന്നതിനാൽ, ഞാനത്തരം 'വേണ്ടാത്ത' ചിന്തകൾ, അവിടെത്തന്നെ അടുപ്പ് കൂട്ടി കത്തിച്ച് ചാരമാക്കിക്കളഞ്ഞു.
എനിക്കാണെങ്കിൽ എങ്ങനെയെങ്കിലും അവിടെ നിന്ന് ഒന്ന് പുറപ്പെട്ടാൽ മതിയെന്നായിരുന്നു. വയറ്റിലെ ഉരുണ്ടു കൂടൽ കാരണം, കുടലുമാലകളുടെ താണ്ഡവം കാരണം, ഛർദ്ദിക്കാൻ വരുന്നില്ലെങ്കിലും ഒന്ന് വിരലിട്ട് ഛർദ്ദിച്ചാലോ എന്ന് ചിന്തിച്ചിരിക്കുന്ന സമയമാണ്. സ്മിത പോകുന്നതിനെക്കുറിച്ച് സ്മിതയുടെ ഭർത്താവിന്റെ ഏട്ടന് നേരത്തേ അറിവുള്ളതാണ്. എട്ട് മണിക്ക് പുറപ്പെടും എന്ന കാര്യവും അറിയാം. അവർക്ക് ബൈ ബൈ പറയണം എന്നുണ്ടെങ്കിൽ നേരത്തെ തന്നെ വരാമായിരുന്നല്ലോ എന്ന് ഞാൻ ചിന്തിച്ചു. കാരണം ബാഗ്ലൂർ യാത്ര അങ്ങനെയാണ്. രാവിലെ എത്ര നേരത്തെ പോകുന്നോ അത്രയും നല്ലതാണ്. വൈകുന്നേരത്തെ സിറ്റി ട്രാഫിക്കിൽ പെടാതെ വീട് എത്തിയാൽ രക്ഷപ്പെട്ടു. പക്ഷേ, ഇവിടെ യാത്ര അനന്തമായി വൈകുകയാണ്. ഓരോ മണിക്കൂർ നാട്ടിൽ നിന്നും വൈകുന്നത്, അതിന്റെ മൂന്നിരട്ടി സിറ്റി ട്രാഫിക്കിൽ പെടുവാൻ സാധ്യത കൂട്ടും! എന്തായാലും ഇരുപത് മിനുട്ടുകളല്ലേ കാത്തിരിക്കേണ്ടതുള്ളൂ. കൂടാതെ, വരുന്നത് സ്മിതയുടെ ഭർത്താവിന്റെ ഏട്ടനുമാണല്ലോ. എന്ത് തിരക്കുണ്ടായിരുന്നാലും, അദ്ദേഹത്തെ അവഗണിച്ചത് പോലെ പൊയ്ക്കളയുന്നത്, നല്ലതല്ലെന്ന് തന്നെ ഞാൻ കരുതി. പോരാഞ്ഞതിന്, എന്റെ ഈ വരവിൽ അദ്ദേഹത്തെ കണ്ടിട്ടുമില്ല. അദ്ദേഹത്തെ ഒന്ന് കാണുക കൂടി ചെയ്യാലോ.
പക്ഷേ ഏകദേശം ഒരു മണിക്കൂർ കാത്തിരുന്നിട്ടും അദ്ദേഹം വരുന്നത് കാണുന്നില്ല. ഞാനറിയാതെ തന്നെ മനസ്സിൽ ദേഷ്യം ഇരച്ച് കയറുന്നുണ്ടായിരുന്നു. വയറ്റിലെ പ്രശ്നങ്ങളാണ് അതിന് എരുവ് കൂട്ടുന്നത്. ഇയാൾക്ക് കുറച്ച് നേരത്തെ പുറപ്പെട്ടുകൂടായിരുന്നോ എന്ന് വെറുതെ ചിന്തിച്ചു. ഇതിനിടയിൽ, ഭാര്യാപിതാവും മാതാവും അവരുടെ വണ്ടിയിൽ അവിടെ നിന്ന് പുറപ്പെട്ടു. അവർക്ക്, അവരുടെ കൂടെ സഹായത്തിന് വീട്ടിൽ നിൽക്കുന്ന കമലയെ ഇരിട്ടിയിൽ ഇറക്കേണ്ടതുണ്ടായിരുന്നു. ജിഷയുടെ അമ്മയും അച്ഛനും പോയിക്കഴിഞ്ഞപ്പോൾ സ്മിതയുടെ ഭർത്താവിന്റെ അളിയൻ, അവരുടെ ഓഫീസിൽ പോകുന്ന പോക്കിൽ, കൈയ്യൊന്ന് പൊക്കിക്കാണിച്ച് വേഗത്തിൽ നടന്നകന്നു.
ഒരു സ്പ്രൈറ്റോ അല്ലെങ്കിൽ ഏതെങ്കിലുമൊരു കാർബണേറ്റഡ് ഡ്രിങ്കോ കുടിക്കാൻ ഞാൻ മനസാ ആഗ്രഹിച്ചു. ഇതിനിടയിൽ, സ്മിത, വീട് പൂട്ടി താഴെയുള്ള അവരുടെ തറവാട് വീട്ടിൽ പോയി താക്കോൽ കൊടുത്തു. ഇനിയും കാത്തു നിൽക്കാതെ വണ്ടി പുറപ്പെടാം എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ പിന്നെയും മനസ്സ് മാറ്റി. ഏകദേശം ഒരു മണിക്കൂറിന് മുകളിലായി കാത്തിരുന്നത് വെറുതെയാകുമല്ലോ. എന്തായാലും വണ്ടി വീടിന്റെ മുന്നിൽ നിന്നും എടുത്ത്, അവർ വരുന്ന വഴിയിൽ പാർക്ക് ചെയ്യാൻ തീരുമാനിച്ചു. അവിടെ നിർത്തുന്ന സമയത്ത്, അടുത്തുള്ള ഏതെങ്കിലും കടയിൽ പോയി സ്പ്രൈറ്റ് വാങ്ങാനായിരുന്നു എന്റെ പദ്ധതി. അത്രയും സമയം ലാഭിക്കാലോ.
വണ്ടി സ്മിതയുടെ വീട്ടിൽ നിന്നും അവരുടെ മുന്നിലുള്ള ഇടുങ്ങിയ വഴിയിൽ ഇറങ്ങിയപ്പോൾ, സ്മിതയുടെ ഭർത്താവിന്റെ അനുജൻ, അവരുടെ ഗേറ്റ് വരെ വന്ന് കൈ വീശി. അപ്പോഴാണ്, അവനും അവിടെയുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. ഒടുവിൽ, അടുത്ത് തന്നെയുള്ള, മട്ടന്നൂർ-കണ്ണൂർ റോഡിൽ, വിമാനത്താവളത്തിലേക്ക് പോകുന്ന ഭാഗത്തായി വണ്ടി നിർത്തിയിട്ടു. ഞാൻ അടുത്തുള്ള കടയിൽ പോയി സ്പ്രൈറ്റ് വാങ്ങിവരുമ്പഴേക്കും, സ്മിതയുടെ ഭർത്താവിന്റെ ഏട്ടനും കുടുംബവും വണ്ടിക്കരികിൽ എത്തിയിരുന്നു. അവർ സ്മിതയോടും മകളോടും കുശലങ്ങൾ ചെയ്യുന്ന തിരക്കിലാണ്. വയറ്റിലെ പ്രശ്നം കാരണം, അവരോട് ചെറിയ തോതിൽ ക്ഷമാപണം നടത്തി, അധികമൊന്നും സംസാരിക്കാതെ, സ്പ്രൈറ്റും പിടിച്ച് ഞാൻ നേരെ വണ്ടിക്കകത്ത് കയറിയിരുന്നു. അദ്ദേഹം, എന്തെങ്കിലും തെറ്റിദ്ധരിച്ച് കാണുമോ?
അധികം വൈകാതെ സ്മിതയും മോളും വണ്ടിയിൽ കയറിയപ്പോൾ, നമ്മൾ അവിടെ നിന്നും പുറപ്പെട്ടു. അപ്പഴേക്കും ഏകദേശം സമയം ഒൻപതേ മുക്കാൽ ആയിരുന്നു. ഒന്നര മണിക്കൂറോളം വേസ്റ്റ്! രാവിലെ, പുറപ്പെടുന്നതിന് കുറച്ച് മുൻപായി മാത്രം എന്തുകൊണ്ടാണ് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അനുജന്റെ ഭാര്യ പോകുന്നതിനെക്കുറിച്ച് ബോധോദയമുണ്ടായത് എന്നത് എനിക്കൊട്ടും മനസ്സിലാകുന്നുണ്ടായിരുന്നില്ല. യഥാർത്ഥത്തിൽ സ്മിതയെ ഫോണിൽ വിളിച്ച സമയത്ത്, അവർ അവിടെ നിന്ന് പുറപ്പെട്ടിട്ട് പോലുമുണ്ടാകില്ല! അല്ലാതെ, രാവിലത്തെ സമയത്ത്, ഇരുപത് മിനുട്ടെന്നും പറഞ്ഞിട്ട്, ഒന്നര മണിക്കൂറെടുക്കാൻ മാത്രമുള്ള ട്രാഫിക് ജാമൊന്നും കണ്ണൂരിൽ ഉണ്ടാകില്ലല്ലോ!
ഞാനെന്ന ആൾ വണ്ടിയിൽ ഉണ്ടെന്ന തോന്നൽ പോലും കൊടുക്കാതെയായിരുന്നു എന്റെ ഇരുപ്പ്. ഇടക്ക് ചുമക്കുകയോ, മൂക്ക് ചീറ്റുമ്പഴോ മാത്രമേ എന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നുള്ളൂ. വണ്ടിയിൽ സ്മിതയും മറ്റും ഉണ്ടായിരുന്നത് കൊണ്ട്, എന്റെ 'ആശ്വാസമൂളൽ' പ്രക്രിയ ഞാൻ നിർത്തിയിരുന്നു. വയറ്റിലെ പ്രശ്നത്തിന്റെ തീവ്രതക്ക് മുന്നിൽ, നല്ല തോതിലുള്ള ജലദോഷം പോലും നാണിച്ച് നിൽക്കുകയാണെന്ന് എനിക്ക് തോന്നി.
വണ്ടിയിൽ നിവർന്ന് കിടക്കാൻ ശ്രമിച്ചും, ഇരിക്കാൻ ശ്രമിച്ചും ഞാൻ എങ്ങനെയൊക്കെയോ സമയം കളഞ്ഞുകൊണ്ടിരുന്നു. സ്മിതയും മകളും കൂടി വണ്ടിയിൽ കയറിയപ്പോൾ മുതൽ വണ്ടിയിൽ ആളനക്കങ്ങൾ കാര്യമായി കൂടി. ജിഷയും സ്മിതയും തമ്മിലും, അവരും ഡ്രൈവറും തമ്മിലും, കുട്ടികൾ തമ്മിലും വിവിധ ഭാഷണങ്ങൾ. അവ കേട്ടും കേൾക്കാതെയും, ഞാൻ വണ്ടിയുടെ പിന്നിൽ മനസ്സിലും വയറ്റിലും ഞരങ്ങിക്കൊണ്ടിരുന്നു. ഇരിട്ടിയിലെത്തിയപ്പോൾ ഭാര്യാപിതാവിന്റെ വണ്ടി അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. അവിടെ നിന്ന് ഒരുമിച്ചായിരുന്നു പിന്നെയുള്ള യാത്ര. പരിചയമുള്ള ചന്ദ്രേട്ടനായിരുന്നു അവരുടെ വണ്ടി ഓടിച്ചിരുന്നതെങ്കിലും, ഇത്തവണ ആരോടും സംസാരിക്കാൻ ഞാൻ പോയില്ല.
ചുരം കയറി, വിരാജ്പേട്ടയിലേക്ക് തെറ്റുന്ന കവലയിൽ വണ്ടിയെത്തിയപ്പോൾ, എല്ലാവരും അവിടെയുള്ള 'കൂർഗ് ഗേറ്റ്' എന്ന റെസ്റ്റാറന്റിൽ ചായ കുടിക്കാൻ കയറി. ഞാൻ വണ്ടിയിൽ തന്നെയിരുന്നു. സത്യത്തിൽ ഒന്നെഴുന്നേറ്റ് നടക്കാൻ പോലും ഞാൻ മടിച്ചു. വണ്ടിയിൽ ഒറ്റക്കായപ്പോൾ ഞാൻ വീണ്ടും സ്വയം മൂളാൻ തുടങ്ങി. ഒരാശ്വാസം കിട്ടുമല്ലോ. അങ്ങനെ മൂളിക്കൊണ്ടിരിക്കുമ്പോഴാണ്, ഒന്ന് ഛർദ്ദിച്ച് നോക്കിയാലെന്താ എന്ന തോന്നൽ എനിക്കുണ്ടായത്. നല്ല കാലത്തിന് നാലഞ്ച് പ്ലാസ്റ്റിക് സഞ്ചികൾ കൈയ്യിൽ കരുതിയിരുന്നു. ലഘുഭക്ഷണവും ചായയും വയറ്റിൽ നിറയ്ക്കാൻ പോയവർ തിരിച്ച് വരുമ്പഴേക്കും ഞാൻ വിരലിട്ട് ഛർദ്ദിച്ച്, വയറ്റിൽ ഉണ്ടായിരുന്നതൊക്കെ പുറത്തെടുത്തിരുന്നു. ഛർദ്ദിച്ചപ്പോൾ ശരിക്കും നല്ലൊരാശ്വാസം തോന്നി. ഉള്ളിലെ കുറച്ച് സ്രവങ്ങൾ പുറത്തേക്ക് കളഞ്ഞപ്പോൾ കുടലുമാലകൾ ഒന്നടങ്ങിയത് പോലെ.
വണ്ടി വീണ്ടും പുറപ്പെട്ടു. പിന്നിലത്തെ സീറ്റിൽ കിടക്കാമെന്ന് വച്ചാൽ, വണ്ടിയുടെ ആട്ടത്തിനനുസരിച്ച് കുടൽമാല തലയിലേക്കും അവിടെ നിന്ന് കാലിലേക്കും പോകുന്ന അവസ്ഥയുണ്ടായി. അതുകൊണ്ട് കിടക്കുന്നത് കൂടുതൽ പ്രശ്നമുള്ളതായി തോന്നുമെങ്കിലും കുറെ നേരം ഇരിക്കുമ്പോൾ, കുറച്ച് പിന്നെയും കിടക്കാൻ തോന്നും. പെട്ടന്ന് എഴുന്നേൽക്കുമെങ്കിലും. ഇടയ്ക്കിടെ ഒന്നുഷാർ കിട്ടാൻ വേണ്ടി സഞ്ചിയിൽ ഛർദ്ദിക്കുന്ന പരിപാടി തുടർന്ന് കൊണ്ടിരുന്നു. ഞാൻ പിൻസീറ്റിൽ നിന്ന് ഛർദ്ദിക്കുമ്പോൾ, പിള്ളാര് മുന്നിൽ ഇരുന്നു കൊണ്ട് എന്തൊക്കെയോ സാധനങ്ങൾ തിന്നുന്നുണ്ടായിരുന്നു. ഒരാൾ വയറ്റിലുള്ളത് പുറത്തെടുക്കാൻ ശ്രമിക്കുന്നു, കുട്ടികൾ വയറ്റിലേക്ക് സാധനങ്ങൾ തള്ളിക്കയറ്റിക്കൊണ്ടിരിക്കുന്നു!
ഇതിനിടയിൽ, എന്റെ മൂത്ത മകൾ പാറുവിനും വയറ്റിൽ എന്തോ പ്രശ്നങ്ങൾ തോന്നാൻ തുടങ്ങി. ഇത് കുടലുമാലകളുടെ സംഘനൃത്തത്തിന്റെ ആരംഭമാണോ എന്ന് ഞാൻ സംശയിച്ചു. പാറുവും ഒടുവിൽ ഒരു സഞ്ചിയെടുത്ത്, അതിൽ ഛർദ്ദിച്ചു. പക്ഷേ ആ ഒരു ഛർദ്ദിയോടെ അവൾക്ക് വലിയ കുഴപ്പമില്ലായിരുന്നു. ഉച്ചക്ക് ഊണ് കഴിക്കാൻ എല്ലാവരും ഇറങ്ങിയപ്പോഴും, ഞാൻ വണ്ടിയിൽ നിന്ന് അനങ്ങിയില്ല. എന്റെയും പാറുവിന്റെയും ഛർദ്ദിൽ സഞ്ചിയും പിടിച്ചായിരുന്നു ജിഷ ഊണ് കഴിക്കാൻ ഇറങ്ങിയത്. പാറു ഛർദ്ദിച്ചെങ്കിലും ഭക്ഷണം കഴിക്കാതിരിക്കാനൊന്നും അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല. അവൾ ഊണൊക്കെ നന്നായി കഴിച്ചെന്നാണ് റിപ്പോർട്ട് കിട്ടിയത്. എല്ലാവരുടെയും ശാപ്പാട് കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ, വെറുതെയൊന്ന് മൂത്രമൊഴിക്കാൻ തോന്നിയത് കൊണ്ട് മാത്രം, റെസ്റ്റ് റൂമിലേക്ക് പോയി. നിർജ്ജലീകരണം കാരണമായിരിക്കാം, മൂന്ന് നാല് മഞ്ഞത്തുള്ളികൾ മാത്രമേ പുറത്തേക്ക് വന്നുള്ളൂ.
വഴിയിൽ വച്ച് ഇളനീർ കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ഡ്രൈവർ വഴിയരികിൽ നിർത്തി ഒരു ഇളനീർ കൊണ്ടുവന്നു തന്നു. കുറച്ച് നേരത്തേക്ക് അത് വയറ്റിൽ കിടന്നെങ്കിലും പെട്ടന്ന് തന്നെ, അത് കൈയ്യിലിരുന്ന പുതിയ സഞ്ചി പെട്ടന്ന് നിറയ്ക്കാൻ ഉപകരിച്ചു.
വൈകുന്നേരം അഞ്ച് മണിക്ക് മുന്നേയായിത്തന്നെ ഞങ്ങൾ ബാങ്കളൂർ സിറ്റി ട്രാഫിക്കിൽ കയറി. ഒടുക്കത്തെ ട്രാഫിക്കായിരുന്നു. കൂട്ടത്തിൽ രണ്ട് ഡ്രൈവർമാർക്കും പോകുന്ന വഴിയെക്കുറിച്ച് സന്ദേഹമായി. ചന്ദ്രേട്ടൻ ഇടയ്ക്കിടെ ജിഷയുടെ അച്ഛനമ്മമാരോടൊപ്പം ബാങ്കളൂരിൽ വരുന്നയാളാണെങ്കിലും, അദ്ദേഹത്തിന് പൊതുവെ വഴികളെക്കുറിച്ച് വലിയ നിശ്ചയമില്ലായിരുന്നു. കൊറോണാ സമയം ആയത് കൊണ്ട്, ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ജിഷയുടെ അച്ഛനും അമ്മയും ചന്ദ്രേട്ടനും ബാങ്കളൂരിലേക്ക് വരുന്നത്. വഴിയിൽ മുഴുവനായും എന്ന് പറഞ്ഞത് പോലെ മരാമത്ത് പണികൾ നടക്കുന്നുണ്ടായിരുന്നത് ട്രാഫിക്ക് കുടുക്ക് കൂടുതൽ മുറുക്കിക്കൊണ്ടിരുന്നു. പോരാത്തതിന് ഞങ്ങൾ പുറപ്പെട്ടതും വൈകിയായിരുന്നല്ലോ.
എന്തിനധികം പറയുന്നു, നിരങ്ങിനിരങ്ങിയുള്ള ആ യാത്ര അവസാനിച്ച്, ജിതേഷിന്റെ അപ്പാർട്ട്മെന്റ് കോംപ്ലക്‌സിന്റെ മുൻവശത്തെ പാർക്കിങ് ലോട്ടിലെത്തുമ്പഴേക്കും സമയം രാത്രി ഒൻപത് മണിയായിരുന്നു. ഏഴ് മണിക്കൂറിന് പകരം, ഏകദേശം പന്ത്രണ്ട് മണിക്കൂറോളമെടുത്ത യാത്ര!
വണ്ടി അവിടെ എത്തുമ്പഴേക്കും അളിയനും കുടുംബവും, ഇളയമ്മയുടെ മകൾ ഷൈനിയും അവളുടെ ഭർത്താവ് സനൂപും മക്കളും ഞങ്ങളെ പുറത്ത് നിന്ന് തന്നെ സ്വീകരിക്കാൻ എത്തിയിരുന്നു. എനിക്കാണെങ്കിൽ, എങ്ങനെയെങ്കിലും അകത്ത് പോയി ഒന്ന് കിടന്നാൽ മതിയെന്നായിരുന്നു. എന്റെ സ്വന്തം സാധനങ്ങളോ പെട്ടിയോ ഒന്നും എടുക്കാൻ മിനക്കെടാത്തതെ, ഞാൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി. കൈയ്യിൽ ഛർദ്ദിലുള്ള സഞ്ചിയും ഉണ്ടായിരുന്നു. അത് അവിടെ എവിടേക്കെങ്കിലും ചുഴറ്റി എറിഞ്ഞാലോ എന്ന് ആദ്യം ചിന്തിച്ചെങ്കിലും, പിന്നീട് അതിൽ നിന്ന് പിന്മാറി. ആരും കാണാതെ ആ സഞ്ചി ജിഷയെ ഏല്പിച്ചു. അവൾ ആ സഞ്ചിയിലുള്ളത് എന്താണെന്ന് നോക്കുന്നതിനിടയിൽ, ജിതേഷിനോടും അവന്റെ ഭാര്യ മായയോടും ഷൈനിയോടും മക്കളോടും ഒക്കെ ചിരിച്ചെന്ന് വരുത്തി, ഞാൻ പതുക്കെ വീട്ടിനകത്തേക്ക് നടന്നു. ഒട്ടും വൈകാതെ, ഒരു മുറിക്കകത്തെ കട്ടിലിൽ കയറി, കമഴ്ന്ന് കിടപ്പായി. ഉറഞ്ഞ് തുള്ളുന്ന കുടലുമാലകളെ ഒന്നു മെരുക്കണമല്ലോ.
അങ്ങനെ കിടക്കുമ്പോഴാണ് എല്ലാവരും പതുക്കെ അകത്തേക്ക് കയറി വന്നത്. പെട്ടികളൊക്ക ജിതേഷും സനൂപും ഷൈനിയും മായയും ഒക്കെ ചേർന്ന് ഉള്ളിലെത്തിച്ചു കാണും. അതൊന്നും നോക്കാനോ ഞങ്ങളുടെ പാസ്സ്‌പോർട്ടുകൾ പോലും വച്ചിരുന്ന ബാഗ് ഉള്ളിലെത്തിയോ എന്ന് പോലും നോക്കാനോ ഞാൻ മിനക്കെട്ടില്ല. അങ്ങനെ ചിന്തിക്കാനൊന്നുമുള്ള ചിന്താശേഷി ആ സമയത്തുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ഒരാശ്വാസം കിട്ടാൻ വേണ്ടി അത്യാഗ്രഹിക്കുകയായിരുന്നു ഞാൻ. ആ രാത്രി തന്നെ ഒരു ഡോക്ടറെ കണ്ട്, കുടലുമാലകളുടെ തോന്ന്യാസം അവസാനിപ്പിച്ച് കളയാമെന്ന ചിന്ത, എന്റെ ആരോഗ്യപരമായ ഈഗോയിസത്തിൽ കുടുങ്ങി മരിച്ചുപോയി.
***
2022 ജൂൺ 16, വ്യാഴാഴ്‌ച
പക്ഷിശാപം
'നീ തുലഞ്ഞ് പോകട്ടെ' എന്ന് ആരെങ്കിലും നമ്മളെ ഗതികെട്ട് ശപിക്കുമ്പോൾ, ഒരു വേളയെങ്കിലും പകച്ച് പോകാതെയിരിക്കുന്നവർ, എത്ര ധൈര്യവാന്മാരായിരുന്നാലും, വളരെ ചുരുക്കമായിരിക്കും. ഒരു നന്മ ചെയ്യാനാണ് പോയതെങ്കിലും, ആശീർവാദത്തിന് പകരം ശാപം കിട്ടുകയെന്നൊക്കെപ്പറഞ്ഞാൽ എങ്ങനെ സങ്കടപ്പെടാതിരിക്കും?
നന്മകൾ ചെയ്ത് മനഃശ്ശാന്തി നേടുന്നതിന് പകരം, അംഗബലം കൂട്ടി സ്വർഗ്ഗം നേടാൻ ശ്രമിക്കുന്ന ഈ ലോകത്തിന്റെ ഗതിക്ക് വിപരീതമായി, ചില നല്ല കാര്യങ്ങൾ, പരപ്രേരണ കൂടാതെ ചെയ്യാൻ ശ്രമിക്കുന്നയാളാണ് നമ്മുടെ കക്ഷി. നിങ്ങൾക്കായാളെ ഇഷ്ടമുള്ള പേര് വിളിക്കാം.
പ്രവർത്തി ദിവസങ്ങളിലെ എല്ലാ പ്രഭാതങ്ങളിലും, മകളെ പള്ളിക്കൂടത്തിലേക്ക് യാത്രയാക്കാൻ, അയാൾ വാതിൽക്കലേക്ക് വന്നു നിൽക്കും. ബാക്ക്പാക്കും പുറത്ത് തൂക്കി, മകൾ ഒരു വളവ് തിരിഞ്ഞ് കണ്ണിൽ നിന്നും മറയുന്നത് വരെ, അയാൾ വാതിലും തുറന്ന് വച്ച്, വീടിന്റെ മുൻ വാതിലിന്റെ മുന്നിലായിത്തന്നെ നിൽക്കും. മകൾ വളവ് തിരിയുമ്പോൾ രണ്ടു പേരും കൈ വീശും, പിന്നെ മുൻവാതിലടച്ച് തിരിച്ച് അകത്തേക്ക് കയറും; അതൊരു ശീലമാണ്.
അങ്ങനെയൊരു ദിവസം പതിവ് പോലെ, ഏപ്രിൽ മാസാവസാനത്തിലെ ഒരു പ്രഭാതത്തിൽ, മകളെ യാത്രയാക്കി അകത്തേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ്, തോട്ടത്തിലെ ചില ഇളകിയ അതിരുകല്ലുകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. അവ വീണ്ടും യഥാസ്ഥാനത്ത് വെച്ചുകൊണ്ടിരിക്കേ, പൂന്തോട്ടത്തിലെ ചില കളകൾ പൂച്ചെടികളുടെ സ്ഥാനം അപഹരിച്ചേക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. അതിരുകല്ലുകൾ അവയവയുടെ സ്ഥാനങ്ങളിൽ വീണ്ടും പ്രതിഷ്ഠിച്ച ശേഷം, കള പറിക്കുന്നതിലായി പിന്നെ അദ്ദേഹത്തിന്റെ ശ്രദ്ധ. അത്തരം അവിചാരിതമായുണ്ടായ ചില പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കേ, നേർ എതിർവശത്തുള്ള വീട്ടിന്റെ മേൽക്കൂരയിൽ നിന്ന് രണ്ട് കിളികളുടെ നിർത്താതെയുള്ള ശബ്ദം അദ്ദേഹത്തിനെ ഒന്നലോസരപ്പെടുത്താതിരുന്നില്ല. അത് കിളിക്കൊഞ്ചലൊന്നും ആയിരുന്നില്ലെന്നും, അത് കിളികളുടെ ഭാഷയിലെ തെറികളാണെന്നും, ഇക്കാലയളവിൽ കിളികളുടെ ഭാഷ ഇത്തിരിയെങ്കിലും മനസ്സിലാക്കിയതിൽ നിന്ന് അദ്ദേഹത്തിന് മനസ്സിലായി. അപ്പോഴാണ്, കുറച്ച് നേരം മുന്നേ നടന്ന ആ കിളികളുടെ ചില ശ്രമങ്ങൾ അദ്ദേഹത്തിന് ഓർമ്മ വന്നത്. മകളെ യാത്രയാക്കാനുള്ള, കൈ വീശി സ്നേഹാധിക്യം കാണിക്കാനുള്ള ബദ്ധപ്പാടിനിടയിൽ കിളികളെ ശ്രദ്ധിച്ചില്ലെന്ന് മാത്രം. സ്വന്തം മക്കളുടെ ക്ഷേമം നോക്കുന്നതിനിടയിൽ, മറ്റുള്ളവരുടെ മക്കൾ നമ്മളാൽ കഷ്ടപ്പെടുന്നുണ്ടോയെന്നെങ്കിലും നോക്കാൻ ആർക്കാണ് നേരം?
കക്ഷിയുടെ വീടിന്റെ മുൻവശത്തെ വാതിലിന് മുന്നിൽ ഇരുവശങ്ങളിലുമായി 'ലെയ്‌ലാൻഡ് സൈപ്രസ്' ഇനത്തിൽ പെട്ട രണ്ട് ക്രിസ്മസ് മരങ്ങൾ ഉണ്ട്. അതിൽ ഇടത് ഭാഗത്തുള്ള മരത്തിൽ, എല്ലാ വർഷവും ഒരു കിളി ദമ്പതികൾ കൂട് കെട്ടി, മുട്ടയിട്ട്, അതിന് കാവലിരുന്ന്, മുട്ട വിരിയിച്ച്, കിളിക്കുഞ്ഞുങ്ങളെ വളർത്തി, കുഞ്ഞുങ്ങളെ നീലാകാശത്തിലേക്ക് പറത്തിവിടുന്ന നിമിഷം വരെ താമസിക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു. ഏകദേശം, ഫെബ്രുവരി-മാർച്ച് മാസത്തിൽ തുടങ്ങുന്ന ആ യജ്‌ഞം, തീരുന്നത് മെയ് മാസത്തിലാണ്.
ആ കിളിദമ്പതികളാണ്, അപ്പുറത്തെ വീടിന്റെ മേൽക്കൂരയിൽ കിടന്ന് ക്ഷോഭിക്കുന്നത്. ഒരു കൂട് കുറേ വർഷങ്ങളായി ആ മരത്തിൽ ഇരിക്കുന്നത് കൊണ്ട്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആ കൂടിന്റെ അറ്റകുറ്റപ്പണികൾ മാത്രമാണ് മുട്ടയിടുന്നതിന് മുന്നേ ഇപ്പോൾ നടക്കാറുള്ളത്. എല്ലാ വർഷവും പുതിയ കൂട് വേണമെന്ന ശാഠ്യമൊന്നും ആ ദമ്പതികൾക്ക് ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ആ സ്ഥിരം കൂട്ടിൽ, ഇത്തവണയും അറ്റകുറ്റപ്പണികൾക്ക് ശേഷം മുട്ടയിട്ട് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനിടയിലെ ഒരു സുപ്രഭാതത്തിലാണ്, കക്ഷി ഇപ്പോൾ ആ മരച്ചുവട്ടിൽ നിൽക്കുന്നത്.
കുറച്ച് ദിവസങ്ങളായി, മകളെ പള്ളിക്കൂടത്തിലേക്ക് യാത്രയാക്കുന്ന സമയത്ത്, ഈ കിളികൾ ഇങ്ങനെ ശബ്ദിക്കുന്നുണ്ട്. ഇടയ്ക്കിടെ മരത്തിന് തൊട്ടപ്പുറത്തെ ചെറി മരത്തിൽ വരികയും, 'കേറി വീട്ടിന്റെ അകത്തോട്ട് പോടാ' എന്ന് ക്ഷോഭിച്ചതിന് ശേഷം, പേടിയോടെ വീണ്ടും അപ്പുറത്തെ വീടിന്റെ മേൽക്കൂരയിലേക്ക് പറക്കുകയും ചെയ്യുന്നത്, അയാൾ വാതിലടച്ച് അകത്തോട്ട് പോകുന്നത് വരെ തുടരുകയും ചെയ്യും. അദ്ദേഹം, അകത്തോട്ട് കയറിയാൽ മാത്രമേ, കിളികൾ പേടികൂടാതെ സ്വന്തം കൂട്ടിലേക്ക് കയറുകയുള്ളൂ. ഈ കാര്യം കക്ഷിക്ക് അറിയാമെങ്കിലും, സ്വന്തം മകളോടുള്ള സ്നേഹം കൂടുതലായതിനാൽ, പക്ഷികൾ ഒരു പത്ത് മിനുട്ടോളം വിഷമിച്ചാലും കുഴപ്പമില്ലെന്ന ചിന്തയാണ് അദ്ദേഹത്തെ നയിക്കാറുള്ളത്. പക്ഷികളെ അദ്ദേഹം ഉപദ്രവിക്കുന്നൊന്നുമില്ലല്ലോ. പക്ഷിക്ക് മക്കളുള്ളത് പോലെ തന്നെയല്ലേ അദ്ദേഹത്തിനും ഒരു മകളുള്ളത്. പക്ഷിമനഃശ്ശാസ്ത്രവും മനുഷ്യമനഃശ്ശാസ്ത്രവും ഒരേപോലെയല്ലെന്ന് അദ്ദേഹത്തിന് അറിയാമെങ്കിലും കുറച്ച് നേരത്തേക്കെങ്കിലും പക്ഷിക്ക് ഒന്ന് സഹിച്ചൂടേയെന്നാണ് അദ്ദേഹം ചിന്തിച്ചിരുന്നത്. അതിന് ശേഷമുള്ള സമയം മുഴുവനും ആ പക്ഷികളെ ആരും ഉപ്ടദ്രവിക്കാൻ പോകുന്നില്ലല്ലോ. വെറും ഒരഞ്ചോ പത്തോ മിനുട്ട് നേരത്തേക്ക് പക്ഷിക്കും സഹകരിക്കാം.
പക്ഷികളുടെ കൊക്കിൽ എന്തോ ഉണ്ട്. നോക്കിയപ്പോൾ കൂടുണ്ടാക്കാനുള്ള നാരുകളൊന്നുമല്ല. എന്തോ, മണ്ണിര പോലെയുള്ള ജീവിയാണ്, ഒരു കിളിയുടെ ചുണ്ടിൽ ഉള്ളത്. മറ്റേതിന്റെ ചുണ്ടിൽ, വേറെന്തോ ഒരു സാധനമാണ് ഇരിക്കുന്നത്. അന്നേ ദിവസം വരെ കുഞ്ഞുങ്ങളുടെ കരച്ചിലൊന്നും കേട്ടിട്ടില്ലാത്തത് കാരണം, മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായെന്ന് അപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്. എന്ന് വച്ചാൽ, സ്വന്തം കുഞ്ഞുങ്ങൾക്ക് പ്രാതൽ കൊടുക്കാനുള്ള കിളികളുടെ ശ്രമമാണ് അദ്ദേഹം ആ മരത്തിന് നേരെ താഴെ നിന്ന്, മകളെ യാത്രയാക്കാനെന്ന പേരിൽ, മുടക്കിക്കൊണ്ടിരിക്കുന്നത്.
ഇനിയും പക്ഷികളെ ഉപദ്രവിക്കേണ്ടെന്ന് അദ്ദേഹംതീരുമാനിച്ചു, വീടിനകത്തേക്ക് കയറി വാതിലടച്ച്, പക്ഷികൾക്ക് അവയുടെ സ്വൈരവിഹാരം നടത്താൻ പശ്ചാത്തലം തയ്യാറാക്കാൻ തയ്യാറെടുക്കുമ്പോഴാണ്, അവിചാരിതമായി അയാളൊരു ശബ്ദം കേട്ടത്. വെള്ളം നിറച്ച എന്തോ കനമുള്ള ഒന്ന്, താഴെ വീണ് ഉടയുന്നത് പോലുള്ള ഒരു ശബ്ദം. ശബ്ദം കേട്ട ഭാഗത്തേക്ക്, ഡ്രൈവ് വേയുടെ ഒരറ്റത്തുള്ള ഉറച്ച തറയിൽ നോക്കിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ഒരു പറക്കമുറ്റാത്ത, കണ്ണ് പോലും തുറക്കാത്ത ഒരു കിളിക്കുഞ്ഞ് താഴെ വീണിരിക്കുന്നു. ഒന്ന് ഇളകാൻ പോലും വയ്യാത്ത തരത്തിൽ അതിന്റെ തല ഉടഞ്ഞ് പോയത് പോലെ അദ്ദേഹത്തിന് തോന്നിച്ചു.
ധൃതിയിൽ ആ കിളിക്കുഞ്ഞിനെ അദ്ദേഹം സ്വന്തം കൈയ്യിൽ കോരിയെടുത്തു. തികഞ്ഞ അവധാനതയോടെ അതിനെ തിരിച്ചും മറിച്ചും നോക്കി. ഹൃദയമിടിപ്പ് ഉണ്ടോയെന്ന് നോക്കാൻ കാതോർത്തു. ആ കുഞ്ഞ് ശരീരത്തിന് നല്ല ചൂടുണ്ടെന്നുള്ളതല്ലാതെ മറ്റ് അനക്കങ്ങളൊന്നും തന്നെ അദ്ദേഹത്തിന് ഗ്രഹിക്കാൻ കഴിഞ്ഞില്ല. ചലനമറ്റ ഹൃദയത്തെ ചലിപ്പിക്കാൻ CPR കൊടുക്കുന്നത് പോലെ, വിരൽ കൊണ്ട്, ഒരു വിരൽത്തുമ്പ് പോലും വെക്കാൻ വലുപ്പമില്ലാത്ത അതിന്റെ നെഞ്ചത്ത് സാവധാനം അദ്ദേഹം തടവി. അങ്ങനെ തടവിയത് കൊണ്ടാണോ എന്നറിയില്ല, ആ കുഞ്ഞ് കിളി, പതുക്കെ അതിന്റെ ശരീരം ഒന്നിളക്കി. എന്ത് ചെയ്യണമെന്ന് കുറച്ച് നേരം അദ്ദേഹം ശങ്കിച്ച് നിന്നെങ്കിലും, കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്ന യാഥാർത്ഥ്യം അദ്ദേഹം പതുക്കെ മനസ്സിലാക്കിയിരുന്നു. ഇനി ആകെ ചെയ്യാനുള്ളത് ആ കുഞ്ഞിനെ വീണ്ടും തിരിച്ച് കൂട്ടിലേക്ക് വെക്കുക എന്നുള്ളതാണ്.
ഇതിനിടയിൽ, ഈ രംഗങ്ങൾ കണ്ട പക്ഷിദമ്പതികൾ, ബഹളത്തിന്റെ തീവ്രത കൂട്ടിയിരുന്നു. അവ കൂടുതൽ ധൈര്യം സംഭരിച്ചത് പോലെ അദ്ദേഹത്തിന്റെയടുത്തേക്ക് കൂടുതലായി പറന്നടുക്കാൻ ശ്രമിക്കുകയും, ഭയത്താൽ തിരിച്ച് പറക്കുകയും ചെയ്തുകൊണ്ടിരുന്നു. അവയുടെ ശബ്ദത്തിന്റെ നിലവാരം, ഭയത്തിൽ നിന്ന് സങ്കടം കലർന്ന ആക്ഷേപത്തിലേക്ക് പോകുന്നത് പോലെ അദ്ദേഹത്തിന് തോന്നി.
അദ്ദേഹം ആ പക്ഷിക്കുഞ്ഞിനെ ഒരു കൈയ്യിൽ പിടിച്ച് കൊണ്ട്, മറ്റേക്കൈ കൊണ്ട്, ക്രിസ്മസ് മരത്തിന്റെ ശാഖകലും ഇലകളും വകഞ്ഞ് മാറ്റി കൂട് കണ്ടുപിടിക്കാനുള്ള ഒരു ശ്രമം നടത്തി. ഒരു ഏണിയുടെ സഹായമില്ലാതെ ആ കുഞ്ഞിനെ കൂട്ടിലേക്ക് കരുതലോടെ തിരിച്ച് വെക്കാൻ സാധിക്കില്ല എന്ന കാര്യം അപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്.
കുഞ്ഞിനെ നിലത്ത് വെക്കാതെ, ഒരു കൈയ്യിൽ പിടിച്ച് കൊണ്ട് തന്നെ അദ്ദേഹം ഗരാജ് വാതിൽ തുറന്നു. ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഒരു 5 step ഏണി ഒരു കൈ കൊണ്ട് തൂക്കി പുറത്ത് കൊണ്ടുവന്ന്, കൂടിരിക്കുന്ന മരത്തിന്റെ അടിവശത്ത് നിവർത്തി വച്ചു. ഒരു കൈയ്യിൽ കുഞ്ഞിനേയും പിടിച്ച് കൊണ്ട്, അദ്ദേഹം പതുക്കെ ആ ഏണിയിൽ കയറാൻ തുടങ്ങി.
ഏണി കൊണ്ടുവെക്കുന്നത് കണ്ടതും അദ്ദേഹം മരത്തിൽ കയറാൻ തുടങ്ങിയത് കണ്ടതുമൊക്കെയായപ്പോൾ, അലമുറയിട്ട് കൊണ്ടിരുന്ന പക്ഷി ദമ്പതികൾ, അവയുടെ കൊക്കിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ കളഞ്ഞ്, വലിയ വായിൽ കരയാൻ തുടങ്ങി. ചെറിയ പക്ഷികളാണെങ്കിലും, അവ അദ്ദേഹത്തെ ആക്രമിച്ചേക്കുമോ എന്ന ഭയപ്പാട് അദ്ദേഹത്തിനുണ്ടായി. വീണുകിടന്നിരുന്ന കുഞ്ഞിനെ രക്ഷിക്കാനാണ് അദ്ദേഹം പാടുപെടുന്നതെങ്കിലും, എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ അദ്ദേഹം തന്നെയാണെന്നാണ് അവ പരസ്പരം വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായി. അതാലോചിച്ച് അദ്ദേഹത്തിന് സങ്കടവും വന്നു. ഒരു തെറ്റും ചെയ്യാതെ, സഹായിക്കുന്നതിനാണോ ഈ ബഹളം വെക്കുന്നതെന്ന് പക്ഷികളുടെ ഭാഷയിൽ തിരിച്ച് പറയാൻ അദ്ദേഹം ശ്രമിച്ചു.
പക്ഷികളുണ്ടാക്കുന്ന ബഹളമൊന്നും വകവെക്കാതെ, അദ്ദേഹം ഏണിയിൽ കയറി, മരത്തിന്റെ ചില്ലയുടെ അറ്റം വകഞ്ഞ് മാറ്റി കൂട്ടിലേക്ക് കൈയ്യിലിരുന്ന പക്ഷികുഞ്ഞിനെ പതുക്കെ തിരിച്ച് വെക്കാൻ ശ്രമിച്ചു. അപ്പോഴാണ് അദ്ദേഹം വീണ്ടുമൊന്ന് ഞെട്ടിയത്. അതിലുണ്ടായിരുന്ന വേറൊരു കിളിക്കുഞ്ഞ്, നീങ്ങി നിരങ്ങി കൂടിന്റെ വശങ്ങളിലെ ചെറിയ ഉയർച്ച താണ്ടി ഏകദേശം വീഴാറായ അവസ്ഥയിലെങ്ങനെ നിൽക്കുകയാണ്.
അദ്ദേഹത്തിന്റെ കൈ കൂട്ടിലേക്ക് നീങ്ങിയപ്പോഴേക്കും, അമ്മപ്പക്ഷിയും അച്ഛൻ പക്ഷിയും അദ്ദേഹത്തിന്റെ തലക്ക് മുകളിലൂടെ വട്ടമിട്ട് ഊഴം വച്ച് പറക്കാൻ തുടങ്ങി. അവയുടെ ശബ്ദത്തിന് ആക്രമണ വിളംബരത്തിന്റെ സ്വരമുണ്ടായിരുന്നു. 'കേറിക്കേറി മുറത്തിൽ കേറി കൊത്താൻ തുടങ്ങിയോ' എന്നൊക്കെയായിരിന്നു അവ വിളിച്ച് കരഞ്ഞുകൊണ്ടിരുന്നത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ ശരീര വലുപ്പവും, അവയുടെ ശരീരവലുപ്പവും തുലനം ചെയ്ത് ഭയപ്പെട്ടത് കൊണ്ടാവാം അവ ആക്രമണത്തിന് തുനിഞ്ഞില്ല.
എന്നാലും, ഒരു ജീവൻ രക്ഷിക്കാനുള്ള ഒരു യജ്‌ഞം നടത്തേണ്ടതുള്ളതിനാൽ, അദ്ദേഹം മറ്റ് കാര്യങ്ങളൊന്നും ചിന്തിക്കാതെ, കൈയ്യിലുള്ള പക്ഷിക്കുഞ്ഞിനെ പതുക്കെ കൂട്ടിനകത്തേക്ക് വച്ചു. ആ കുഞ്ഞ് ഇനി ജീവിക്കുമോ എന്നൊന്നും അറിയില്ലെങ്കിലും, അദ്ദേഹം മനസാ ആ കുഞ്ഞ് ജീവനോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ആഗ്രഹിച്ചു. തുടർന്ന്, ഒട്ടും സമയം വൈകാതെ, താഴേക്ക് വീഴാൻ പോയ കുഞ്ഞിനേയും പതുക്കെ കൂട്ടിനുള്ളിലേക്ക്, അതിന്റെ മദ്ധ്യത്തിലായി എടുത്ത് വച്ചു. വീഴാൻ പോയ കുഞ്ഞിനെ ഒരു പോറലുമില്ലാതെ രക്ഷിച്ച സന്തോഷത്തോടെ, വീണ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞേക്കുമെന്ന വിശ്വാസത്തോടെ, ഒരു ദീർഘമായ നെടുവീർപ്പ് പുറപ്പെടുവിച്ച് കൊണ്ട്, അദ്ദേഹം ഏണിയിൽ നിന്ന് പതുക്കെ താഴേക്കിറങ്ങി. മാതാപിതാക്കളായ പക്ഷികൾ അദ്ദേഹത്തിന്റെ തലയിൽ ആഞ്ഞ് കൊത്തിയേക്കുമോ എന്ന ഭയപ്പാട് അപ്പോഴും സൃഷ്ടിച്ച് കൊണ്ടിരിക്കുന്നുണ്ട്.
എന്തായാലും, പരിപൂർണ്ണമായ സംതൃപ്തിയോടെ, ഏണി തിരിച്ച് ഗാരേജിനുള്ളിലെ ചുവരിൽ വീണ്ടും തൂക്കിയിട്ടിട്ട്, അദ്ദേഹം ഗാരേജ് അടച്ചു. പിന്നെ, ഒട്ടും സമയം കളയാതെ, വേഗത്തിൽത്തന്നെ അകത്ത് കയറി മുൻവാതിലടച്ചു. വീടിനുള്ളിലേക്ക് കയറുമ്പോഴും, താഴെ വീണ പക്ഷിക്കുഞ്ഞിന് അപായമൊന്നും സംഭവിക്കരുതേ എന്ന ആഗ്രഹം മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
അടുക്കളയിലെത്തിയ ശേഷം, ഒരു ചായയും ഉണ്ടാക്കി, കുടിക്കാനായി അദ്ദേഹം ഒരു സോഫായിലിരുന്നു. കഴിഞ്ഞ കുറേ നിമിഷങ്ങളിൽ നടന്ന കാര്യങ്ങൾ, പ്രത്യേകം പ്രത്യേകം ഫ്രെയിമുകളായി അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. കിളികളായ മക്കൾക്ക് ഭക്ഷണം കൊണ്ടുവന്ന മാതാപിതാക്കളുടെ കരച്ചിലും, താഴെ വീണ് ചലനം നിലച്ച കിളിക്കുഞ്ഞിന്റെ കിടപ്പും, വീഴാൻ പോയ കുഞ്ഞിനെ വീഴാതെ രക്ഷിച്ചതും എല്ലാം അദ്ദേഹത്തിന്റെ മനസ്സിൽക്കൂടെ വീണ്ടുമൊരു കാഴ്ചാപ്രവാഹം തന്നെയുണ്ടാക്കി. എങ്ങനെയായിരിക്കാം ആ കിളിക്കുഞ്ഞ് താഴെ വീണത്? മറ്റേ കിളിക്കുഞ്ഞും ആ കൂടിന്റെ വക്കത്ത് വീഴാറായത് പോലെ വന്നു നിൽക്കാൻ കാരണമെന്താണ്? അദ്ദേഹം ഗഹനമായ ചിന്തയിലാണ്ടു.
വീടിന്റെ മുൻവശത്ത് നടന്ന ഓരോ കാര്യങ്ങളും, ഒരു ടിവിയിൽ വീഡിയോ കാണുന്നതിനിടെ കൂടുതൽ മനസ്സിലാക്കാനെന്നത് പോലെ, അദ്ദേഹം, അദ്ദേഹത്തിന്റെ മനസ്സിൽ ഫോർവേഡും റിവേഴ്സും ചെയ്ത് കണ്ടു കൊണ്ടിരുന്നു. ആ കാഴ്ചക്കിടയിലാണ് അദ്ദേഹത്തിന് ചില കാര്യങ്ങളെ സംബന്ധിച്ച് ബോധോദയമുണ്ടായത്.
ആ പക്ഷിക്കുഞ്ഞ് താഴെ വീഴാനുള്ള ഒരേയൊരു കാരണക്കാരൻ അദ്ദേഹം മാത്രമാണ്. ആ പക്ഷികൾ വിളിച്ച് പറഞ്ഞിരുന്നത് സത്യമാണ്. ആ സ്വയം മനസ്സിലാക്കൽ, അദ്ദേഹത്തിന്റെയുള്ളിൽ വല്ലാത്തൊരു ഞെട്ടലുണ്ടാക്കി. ആ പാപഭാരം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെയുലച്ചു കളഞ്ഞു.
അദ്ദേഹം ആലോചിച്ചത് ഇങ്ങനെയായിരുന്നു. മകളെ സ്‌കൂളിലേക്ക് യാത്രയാക്കാനും, പൂന്തോട്ടത്തിലെ കള പറിക്കാനും, പൂന്തോട്ടത്തിന്റെ ഇളകിയ അതിരുകല്ലുകൾ ശരിക്ക് എടുത്തുവെക്കാനുമൊക്കെയായി ഏകദേശം കാൽ മണിക്കൂറോളം അദ്ദേഹം ആ കിളിക്കൂടിന് താഴെ ആ ദിവസം ചിലവഴിച്ച് കാണും. അത്രയും നേരം ആ കിളിക്കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് അവയുടെ മക്കളെ പരിചരിക്കാനും ഭക്ഷണം കൊടുക്കാനുമായിട്ടില്ല. സാധാരണ രാവിലെകളിൽ മകളെ യാത്രയാക്കുന്നു സമയങ്ങളിൽ, അത്രയും സമയം ആ മരത്തിന് ചുവട്ടിൽ ചിലവഴിക്കുക പതിവുള്ളതല്ല. ഏറിയാൽ മൂന്നോ നാലോ മിനുട്ട്. അത്രമാത്രം. അവിചാരിതമായി, കള പറിക്കാനും, പൂന്തോട്ടത്തിന്റെ ഇളകിയ അതിരുകല്ലുകൾ ശരിക്ക് എടുത്തുവെക്കാനുമൊക്കെയായിതുനിഞ്ഞ് പോയതുകൊണ്ടാണ് ഇത്തവണ സമയം കൂടിപ്പോയത്.
പതിനഞ്ചോളം മിനുട്ടുകൾ, അദ്ദേഹം ആ മരത്തിന് കീഴെ ഉണ്ടായതിനാൽ, കിളികൾക്ക്, അവയുടെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് ഭക്ഷണവുമായി പോകാൻ പേടിയായിരുന്നു. പല തവണ അവ ശ്രമിച്ചതാണ്. പക്ഷേ കാര്യം നടന്നില്ല. അവ ബഹളം വച്ചതാണ്. പക്ഷേ, അയാൾ ഗൗനിച്ചില്ല. ഉദ്ദേശിച്ച സ്വന്തം കാര്യങ്ങളെല്ലാം ഉദ്ദേശിച്ച സമയത്ത് തന്നെ ഭംഗിയായി നടത്തുന്ന കാര്യത്തിൽ അദ്ദേഹം എല്ലായ്‌പോഴും ബദ്ധശ്രദ്ധനാണ്. ആർക്കും ഒരു തരത്തിലുമുള്ള ഉപദ്രവങ്ങൾ ഉണ്ടാക്കരുതെന്ന് മാത്രം. പക്ഷേ ഈയൊരു കാര്യത്തിൽ, അദ്ദേഹത്തിന്റെ കണക്ക് കൂട്ടൽ പിഴച്ചിരിക്കുന്നു.
അമ്മക്കിളിയുടെയും അച്ഛൻ കിളിയുടെയും ശബ്ദം കേട്ടിരുന്ന കുഞ്ഞുകിളികൾ ആദ്യം സന്തോഷിച്ചിരിക്കണം. പക്ഷേ, കുറേ നേരമായിട്ടും അവരുടെ ശബ്ദം കേൾക്കുന്നതല്ലാതെ, കൂടിനകത്തേക്ക് അവർ വരുന്നത് കാണാത്തത് കൊണ്ട്, ആ കുഞ്ഞുങ്ങളും പേടിച്ച് കാണണം. പക്ഷിക്കുഞ്ഞുങ്ങൾക്ക് ഭയങ്കര വിശപ്പാണെന്ന് കേട്ടിട്ടുണ്ട്. ഓരോ മൂന്ന് നാല് മിനുട്ടിലും അവയ്ക്ക് ഭക്ഷണം കിട്ടിക്കൊണ്ടിരിക്കണം. അതേ വേഗതയിൽ അവ സ്വന്തം കൂട്ടിൽ വിസർജ്ജനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ അവസ്ഥയിൽ, മാതാപിതാക്കളായ വലിയ കിളികൾക്ക് ഉത്തരവാദിത്തം വളരെയേറെയാണ്. ഇടക്കിടക്ക് ഭക്ഷണം എത്തിക്കണം, ഇടയ്ക്കിടെ കൂട്ടിലെ മാലിന്യങ്ങൾ പുറത്തേക്ക് തട്ടിയിട്ട് വൃത്തിയാക്കണം. ഇത്തരം കാര്യങ്ങളൊന്നും നേരത്തേ ഓർമ്മ വരാത്തതിൽ, അദ്ദേഹം സ്വയം കുണ്ഠിതപ്പെട്ടു.
ശബ്ദം കേൾക്കുന്നതല്ലാതെ, കുറേനേരമായിട്ടും മാതാപിതാക്കൾ വരാതായപ്പോൾ, കണ്ണ് പോലും തുറക്കാൻ പ്രായമാകാത്ത ആ പക്ഷിക്കുഞ്ഞുങ്ങൾ, ശബ്ദം കേട്ട ദിശയിലേക്ക് കൂട്ടിൽ നിന്ന് നിരങ്ങി നീങ്ങിക്കാണും. ആ നിരങ്ങലിനിടയിലായിരിക്കണം, അതിലൊരു കുഞ്ഞ് താഴേക്ക് നിലം പതിച്ചത്. രണ്ടാമത്തെ കുഞ്ഞും അതുപോലെ വീണുപോകാൻ മാത്രം പാകത്തിലായിരുന്നല്ലോ നിന്നിരുന്നത്. ചിലപ്പോൾ ഇത്തരത്തിൽ നിരങ്ങുന്ന കുഞ്ഞുങ്ങളെ, അമ്മക്കിളികൾ ഇടയ്ക്കിടെ വന്ന് വീണ്ടും അവയുടെ യഥാസ്ഥാനങ്ങളിൽ നീക്കി വച്ച് അവയെ അപായത്തിൽ നിന്നും രക്ഷിക്കുന്നുമുണ്ടാകാം. എന്നാൽ, ഇന്നേ ദിവസം, മനപ്പൂർവ്വമല്ലെങ്കിലും, അമ്മക്കിളികളെ പതിനഞ്ച് മിനുട്ടുകളോളം ഒന്നിനും അദ്ദേഹം അനുവദിച്ചിരുന്നില്ലല്ലോ.
ചെയ്തുപോയ കുറ്റത്തെക്കുറിച്ച് അദ്ദേഹത്തിന് തികച്ചുംബോദ്ധ്യമുണ്ടായി. താഴെ വീണ കിളിക്കുഞ്ഞ് ഇനി ജീവിച്ചിരിക്കുമോ എന്ന കാര്യത്ത്തിൽ അദ്ദേഹത്തിന് ആധിയായി. ആ കുഞ്ഞിന്റെ ആരോഗ്യം എങ്ങനെയുണ്ടെന്ന് നോക്കാൻ, വീണ്ടും ഏണി വച്ച് ആ കൂട്ടിലേക്ക് എത്തി നോക്കണമെന്നുണ്ടെങ്കിലും, ആ സാഹസത്തിന് മുതിരാൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. അമ്മക്കിളികളെ ഇനിയും വേദനിപ്പിച്ച് കൂടാ.
സോഫയിൽ നിന്ന് എഴുന്നേറ്റ്, അദ്ദേഹം ജനാലയിലൂടെ പുറത്തേക്ക് വീക്ഷിച്ചു. അച്ഛനമ്മമാരായ സ്നേഹനിധികളായ കിളികൾ, അവയുടെ കൂട്ടിലേക്ക് വരികയും പോവുകയും ചെയ്യുന്നത് സാധാരണ പോലെത്തന്നെയാണോ എന്നദ്ദേഹം നിരീക്ഷിച്ചു. അതെ, അവ ഇടക്കിടെയെന്നോണം, വരുന്നുണ്ട്, പിന്നെ പോകുന്നുണ്ട്. കൂട്ടിലെ സാഹചര്യങ്ങൾ പഴയത് പോലെ സതോഷപ്രദമായിക്കാണുമെന്ന് അദ്ദേഹത്തിന് തോന്നി, അഥവാ അങ്ങനെയാവണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.
പിറ്റേന്ന്, മകൾ സ്‌കൂളിലേക്ക് പോകാൻ സമയമായപ്പോൾ, അദ്ദേഹം വാതിൽ തുറന്ന് പുറത്തേക്ക് കടക്കാൻ തയ്യാറായില്ല. പുറത്ത് കടന്ന് കൈ വീശിക്കാണിക്കുന്നത് മകൾക്കൊരു ശീലമായിപ്പോയതിനാൽ, മകൾക്ക് ആദ്യം അതൊരത്ഭുതമായിത്തോന്നി. പിന്നെ അതൊരു സങ്കടമായി, പിന്നെ അതദ്ദേഹത്തിന്റെ സ്നേഹക്കുറവായി അവൾ കാണാൻ തുടങ്ങിയപ്പോൾ, തലേന്ന് കാലത്ത് മുൻവശത്തെ മരച്ചുവട്ടിൽ നടന്ന കാര്യങ്ങൾ അദ്ദേഹം മകളോട് ചുരുക്കി വിവരിച്ചു കൊടുത്തു.
കാര്യങ്ങൾ സശ്രദ്ധം കേട്ട മകൾ, അവളുടെ പരിഭവങ്ങൾ അവൾ തന്നെയറിയാതെ നീങ്ങിയെന്നോണം, വാതിൽ പതുക്കെത്തുറന്ന്, മരത്തിന്റെ മുകളിലേക്ക്, കൂടിരിക്കുന്ന ഭാഗത്തേക്ക് നോക്കി. കിളികളോടുള്ള അവളുടെ സ്നേഹം അവളുടെ കണ്ണുകളിൽ മുഴുവനായി ആവാഹിച്ചെടുത്തത് പോലെ തോന്നിച്ചു.
വാതിൽ തുറന്നുപിടിച്ച് കിളികളെ ശല്യപ്പെടുത്തേണ്ടെന്ന് പറഞ്ഞപ്പോൾ, അവൾ അക്ഷരം പ്രതി അനുസരിച്ചു. കാര്യങ്ങളുടെ കിടപ്പ് അവൾക്ക് പെട്ടന്ന് മനസ്സിലായിരിക്കുന്നു. ഇനി സ്‌കൂളിലേക്ക് പോകാൻ വാതിൽ തുറന്നാൽ, വേഗത്തിൽ നടന്ന് പോകണമെന്ന് മകളോട് പറഞ്ഞപ്പോൾ, അവൾ തലയാട്ടി.
അങ്ങനെ അന്ന് ആദ്യമായി, മകൾ അകത്ത് നിന്ന അച്ഛന് കൈ വീശി, സ്‌കൂളിലേക്ക് യാത്രയായി. മരത്തിന്റെ ചുവട്ടിൽ നിന്ന് വേഗം മാറാൻ അവൾ ശ്രമിച്ചത് ആ അച്ഛനെ സന്തോഷിപ്പിച്ചു.
തുടർന്നുള്ള രണ്ട് മൂന്ന് ദിവസങ്ങൾ അങ്ങനെത്തന്നെ കടന്നു പോയി. കിളികളെ ഒരു തരത്തിലും ഉപദ്രവിക്കാൻ ആരും തുനിഞ്ഞില്ല. താഴെ വീണ കിളിക്കുഞ്ഞിന്റെ ആരോഗ്യം എങ്ങനെയുണ്ടായിരിക്കുമെന്ന എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും, ഒരു നുഴഞ്ഞ് കയറ്റക്കാരനെപ്പോലെ കൂട്ടിലേക്ക് എത്തിനോക്കാൻ അദ്ദേഹം താല്പര്യപ്പെട്ടില്ല.
അങ്ങനെ ഒരു വെള്ളിയാഴ്ച എത്തി. ആരോ 'വാതിൽമണി' അടിക്കുന്ന ശബ്ദം കേട്ട്, ടിയാൻ വാതിൽ തുറന്നു. പോസ്റ്റുമാനാണ്. ഒരു പാർസൽ വന്നിരിക്കുന്നു. ആ പാർസൽ ഒപ്പിട്ട് സ്വീകരിച്ച് പോസ്റ്റ്മാനെ ,യാത്രയാക്കുന്ന സമയത്ത്, അദ്ദേഹം വെറുതെ, പുറത്തുള്ള മരത്തിന്റെ കൂടിരിക്കുന്ന ഭാഗത്തേക്ക് നോക്കി. അപ്പോഴത്തെ കാഴ്ച വീണ്ടും ഹൃദയഭേദകമായിരുന്നു. മുൻ ദിവസം താഴെ വീണ കിളിക്കുഞ്ഞാവണം, കൂടിന്റെ താഴെയുള്ള ഒരു ശിഖരത്തിൽ തലകീഴായി തൂങ്ങി തങ്ങിക്കിടക്കുന്നു. തല മരവിക്കുന്നത് പോലെ തോന്നിയതിനാൽ, അറിയാതെ കൈകൾ രണ്ടും അദ്ദേഹത്തിന്റെ തലയിലേറിയിരുന്നു.
മറ്റൊന്നും ചിന്തിക്കാതെ, പാഴ്സലും താഴെ വച്ച്, അദ്ദേഹം നേരെ മരത്തിന്റെ കീഴെച്ചെന്നു. അതെ, ആ കിളിക്കുഞ്ഞ് മരിച്ചിരിക്കുന്നു. അതിന്റെ മേലെ ചില പ്രാണികൾ വന്നിരിക്കുന്നുണ്ട്. ഈ മരണത്തിന് അദ്ദേഹം മാത്രമാണ് ഉത്തരവാദിയെന്ന ചിന്ത അദ്ദേഹത്തെ വല്ലാതെയലട്ടി. മരിച്ചെന്ന് ഉറപ്പായതിന് ശേഷം, അതിന്റെ അച്ഛനമ്മമാർ തന്നെ അതിനെ കൂട്ടിൽ നിന്ന് താഴെ തള്ളിയിട്ടതായിരിക്കണം. മറ്റേ കുഞ്ഞിന്റെ അവസ്ഥ എന്തായിരിക്കുമെന്നറിയാൻ അദ്ദേഹത്തിന് വല്ലാത്ത ആകാംക്ഷയായി. വേഗത്തിൽ ഗരാജ് വാതിൽ തുറന്ന് പഴയ ഏണി എടുത്ത് കൊണ്ട് വന്ന് വളരെ വേഗത്തിൽ ഏണി കയറി കൂട്ടിലേക്ക് നോക്കി. ഭാഗ്യം, രണ്ടാമത്തേക്കുഞ്ഞ് ജീവിച്ചിരിപ്പുണ്ട്. അതിന്റെ കണ്ണ് തുറന്നിരിക്കുന്നു. അമ്മക്കിളിയാണ് വന്നതെന്ന് വിചാരിച്ച്, അത് അതിന്റെ വാ വലിയ വായിൽ തുറന്ന് പിടിച്ചിരിക്കുന്നു.
അപ്പഴേക്കും കിളിദമ്പതികൾ വലിയ ശബ്ദമുണ്ടാക്കി അദ്ദേഹത്തിന്റെ തലക്ക് മുകളിലൂടെ വട്ടമിട്ട് പറക്കാൻ തുടങ്ങിയിരുന്നു. ഇനിയും പണ്ടത്തെപ്പോലെ അവിടെക്കിടന്ന് കൂടുതൽ സമയം ചിലവഴിച്ച്, കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാൻ അദ്ദേഹത്തിന് ഒരു താല്പര്യവുമുണ്ടായിരുന്നില്ല. എന്തായാലും ഒരു കുഞ്ഞ് മരിച്ചു. ഇനി അടുത്ത കുഞ്ഞിനേയും അതുപോലെ അറിയാതെ ബലി കൊടുത്തു പോകുമോ എന്ന ഭയം അദ്ദേഹത്തെ പേടിപ്പെടുത്തി.
പിന്നെ ഒട്ടും അമാന്തിച്ചില്ല. താഴേക്ക് വേഗം ഇറങ്ങി ഏണി ഉള്ളിലെടുത്ത് വച്ച് വാതിലടക്കണം. അതിനിടയിൽ, തൂങ്ങി നിൽക്കുന്ന കുഞ്ഞിനെ എല്ലാ ബഹുമാനത്തോടെയും സംസ്കരിക്കണം. ഇതൊക്കെ ചിന്തിച്ച്, അദ്ദേഹം വേഗത്തിൽ താഴേക്ക് ഇറങ്ങുകയായിരുന്നു. ആ വേഗത്തിന് കുറച്ച് വേഗം കൂടിപ്പോയിക്കാണണം, അദ്ദേഹത്തിന് ഏണിയുടെ ഒരു സ്റ്റെപ്പ് മിസ്സായി. പക്ഷിദമ്പതികളുടെ 'നീ തുലഞ്ഞ് പോകട്ടെ' എന്ന പക്ഷിശാപം കൊണ്ടായിരിക്കണം, കുറച്ച് നേരത്തേക്ക്, ആ പകൽ നേരത്തിലും, കുറേ നക്ഷത്രങ്ങൾ മാത്രമേ അദ്ദേഹത്തിന് കാണുന്നുണ്ടായിരുന്നുള്ളൂ.
അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത്, കാക്കകൾ ആക്രമിച്ചതിന്റെ ഫലമായി തെങ്ങിൻ മുകളിലെ കൂട്ടിൽ നിന്ന് താഴെ വീണ അണ്ണാൻ കുഞ്ഞിനെ രക്ഷിച്ചതും, വീടിന് മുൻവശത്തെ ഇലഞ്ഞിമരത്തിലെ പൊത്തിലുണ്ടായിരുന്ന തത്തക്കൂട്ടിലേക്ക് മുട്ടകൾ തിന്നാൻ കയറിയ ചേരപ്പാമ്പിനെ ഓടിച്ച് വിട്ടതുമെല്ലാം അദ്ദേഹത്തിന് ഓരോന്നായി ഓർമ്മ വന്നു.
സ്ഥലകാലബോധം വന്ന മാത്രയിൽത്തന്നെ, ചോര വരുന്ന കാലുമായാണെങ്കിലും, പെട്ടന്ന് തന്നെ അകത്ത് കയറി വാതിലടച്ചത് കൊണ്ട്, രണ്ടാമത്തെ കിളിക്കുഞ്ഞിന് വേഗത്തിൽത്തന്നെ ഭക്ഷണം കിട്ടി എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആശ്വാസം. വീണ്ടുമൊരു പക്ഷിശാപം താങ്ങാൻ അദ്ദേഹത്തിന് പറ്റില്ലായിരുന്നു. അപ്പോൾ ചിലച്ച് കൊണ്ടിരുന്ന പക്ഷി ദമ്പതികൾ പറയുന്നത്, താഴെ പറയും പ്രകാരമാണെന്നായിരുന്നു അദ്ദേഹത്തിന് മനസ്സിലായത്:
"അവനവനാത്മസുഖത്തിനാചരിക്കു-ന്നവയപരന്നസുഖമായൊരിക്കലും വരാ!" ജാഗ്രതൈ !!
***
2021 നവംബർ 27, ശനിയാഴ്‌ച
മാറിപ്പോകുന്ന രോഗം (ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം - 2)
ഒന്നാം ഭാഗം: ആദ്യമായ് രണ്ടുപേരോടൊപ്പം (ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം - 1)
കാലങ്ങൾ വീണ്ടും ഉരുണ്ടുകൊണ്ടിരുന്നു. ആദ്യമായി ചാരിത്യം നഷ്ടപ്പെട്ട പ്രിയപ്പെട്ട ബ്രഷ്, അതിന്റെ ജീവിതം ജീവിച്ച് തീർന്നതിന് ശേഷം, സ്വാഭാവികമായുള്ള അതിന്റെ കാലയവനികാന്തരപ്രവേശനം നടത്തി. പിന്നീട്, ഏകനായി നിൽക്കുമ്പോഴൊക്കെ, പഴയ ബ്രഷ് പുനർജ്ജനിച്ചെന്നോണം, പലവിധ രൂപത്തിലും നിറത്തിലും, പുതിയ ബ്രഷുകളായി എന്റെ കൂടെ കാലങ്ങളായി വന്നുകൊണ്ടേയിരുന്നു.
എന്റെ ജീവിതചക്രവും കാലത്തിന്റെ കൂടെ കറങ്ങിക്കൊണ്ടിരുന്നു. എന്റെ താവളങ്ങൾ മാറി. കൂടെ സുഖിച്ച് ജീവിക്കാനായി ഒരു സഖി കൂടെ വന്നു. ആ സഖിയും അവളുടെ പ്രിയപ്പെട്ട ബ്രഷിനെ കൂടെക്കൂട്ടിയിരുന്നു. ആ ബ്രഷും മാസങ്ങളെടുത്ത് രൂപാന്തരം നടത്തിക്കൊണ്ടിരുന്നു. ഞങ്ങളുടെ സുഖങ്ങൾക്ക് നുര പകർന്ന് കൊണ്ട്, ഞങ്ങൾക്ക് മക്കൾ പിറന്നു. അവരുടെ കൂട്ടിനായി, ചെറുപ്പത്തിലേ അവർക്കും പുതിയ ബ്രഷുകളെ പരിചയപ്പെടുത്തി, കൂടെ കൂട്ടിക്കോളാൻ അനുമതി കൊടുത്തു. കുഞ്ഞ് ബ്രഷുകളാണെങ്കിലും കാലാന്തരത്തിൽ അവയും വളർന്നു. ബ്രഷുകളുടെ എണ്ണം വീട്ടിൽ കൂടി വന്നപ്പോൾ, പഴയ അനുഭവത്തിന്റെ വെളിച്ചത്തിൽ, ഞാനെന്റെ സ്വന്തം ബ്രഷിന്റെ കാര്യത്തിൽ കൂടുതൽ ജാഗരൂകനായി.
പണ്ട്, നാട്ടിലായിരുന്നപ്പോൾ, ബ്രഷിന്റെ കാര്യത്തിൽ, ശ്രദ്ധ പുലർത്തേണ്ട കാര്യമേ ഇല്ലായിരുന്നു. കാരണം, ഉമിക്കരിയായിരുന്നു ഞങ്ങളുടെ മുഖ്യമായ പല്ല് വൃത്തിയാക്കൽ ദ്രവ്യമായി ഉപയോഗിച്ചിരുന്നത്. ചില അവസരങ്ങളിൽ, മാവില ചുരുട്ടിയും, വേപ്പിൻ തണ്ട് ചതച്ചും അതുമല്ലെങ്കിൽ, തേങ്ങകൾ കുലയിൽ തൂങ്ങിനിൽക്കുന്ന കുലച്ചിൽതണ്ട് ചതച്ചുമാണ് ചെറുപ്പത്തിലൊക്കെ പല്ല് തേച്ചിരുന്നത്. ഒരു ബ്രഷ് ഉണ്ടായിരുന്നത്, വല്ലപ്പോഴും നടത്തുന്ന ഏതെങ്കിലും യാത്രയിൽ ഉപയോഗിക്കാനായി മാത്രം ഭദ്രമായി മാറ്റിവച്ചിട്ടാണ് ഉണ്ടായിരുന്നത്. അമ്മ മാത്രമാണ്, ചില പല്ലുകൾ അടർത്തിമാറ്റേണ്ടി വന്നതിന് ശേഷം, സ്ഥിരമായി ബ്രഷ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ, അക്കാലത്ത്, ബ്രഷിന്റെ കാര്യത്തിൽ ഒരു വേവലാതിയും ഇല്ലായിരുന്നു.
ബോംബെയിലായിരുന്നപ്പോൾ, കുളിമുറിയിലെ ജനാലയുടെ കീഴ്ഭാഗത്തുള്ള ചെറിയ പ്രതലത്തിലും, കണ്ണാടിയുടെ കീഴെയുമൊക്കെയായട്ട്, വളരെ അലസമായിട്ടായിരുന്നു ബ്രഷ് സൂക്ഷിച്ച് വച്ചിരുന്നത്. കാലം കഴിഞ്ഞ്, അഞ്ചും ആറും യുവാക്കളുടെ കൂടെ സഹമുറിയാനായി കഴിയേണ്ടി വന്നപ്പോൾ, ബ്രഷിനെ, അന്യ സമ്പർക്കം ഇല്ലാതിരിക്കാൻ, പ്രത്യേകം മാറ്റി വെക്കേണ്ടി വന്നു. സമ്പർക്കത്തിൽ നിന്നാണല്ലോ, ബന്ധങ്ങളിലെ താളങ്ങൾ മറ്റ് തലങ്ങളിലേക്ക് വളർന്ന് തുടങ്ങുന്നത്.
ഇരുപത് കൊല്ലങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി.എന്റെ ജീവിതനിലവാരം ഉയർന്ന് തുടങ്ങി. സ്വന്തമായി വീട് വാങ്ങി. അതിന്റെ ചുവട് പിടിച്ച്, ബ്രഷുകൾക്ക് വിശ്രമിക്കാനും അതിന്റേതായ രീതിയിലുള്ള ചില വസ്തുക്കൾ വീട്ടിൽ സ്ഥാനം പിടിച്ചു. അവിടെയുമിവിടെയുമൊക്കെയായി തൻറേതായ സ്ഥിരം വിശ്രമസ്ഥാനമില്ലാതിരുന്ന എന്റെ ബ്രഷ്, ഭാര്യയുടെ ബ്രഷിനോടൊപ്പം അതിനൊരുക്കിക്കൊടുത്ത കളിത്തട്ടിൽ സല്ലപിച്ചിരിക്കാൻ തുടങ്ങി. ഞങ്ങൾ ഏഴാം കടലും കടന്ന് അമേരിക്കയിലെത്തി. ബ്രഷ് ഹോൾഡറിന്റെ രൂപങ്ങൾക്കും ആഢ്യത്തം കൂടി. ഞങ്ങളുടെ ബ്രഷുകളോടൊപ്പം മക്കളുടെ ബ്രഷുകളും ഒരുമിച്ച് വിശ്രമിക്കാൻ തുടങ്ങി. മക്കളുടെ ബ്രഷുകൾ സ്ഥിരം കൂടെയുണ്ടാവുന്നത്, ഞങ്ങളുടെ ബ്രഷുകളുടെ സ്വകാര്യത നശിപ്പിക്കുന്നു എന്ന പരാതി ഉണ്ടായപ്പോൾ, മക്കളുടെ കിടപ്പറ തന്നെ ഞങ്ങൾ മാറ്റിക്കളഞ്ഞു. കൂടെ അവർക്കായി, അവരുടേതായ കുളിമുറിയും ഒരുക്കിക്കൊടുത്തു. ആ തഞ്ചത്തിൽ, അവരുടെ ബ്രഷുകളെ, വേറൊരു മനോഹരമായ ബ്രഷ് ഹോൾഡറിലേക്ക് മാറ്റി, അവരുടെ കുളിമുറിയിലേക്ക് മാറ്റി കുടിയിരുത്തി. ഇതൊക്കെ കണ്ട്, എന്റെയും ഭാര്യയുടെയും ബ്രഷുകൾ, അവരുടെ ഹോൾഡറിൽ കിടന്ന് മതിമറന്ന് കെട്ടിപ്പിടിച്ചു. നഷ്ടപ്പെട്ട സ്വകാര്യത വീണ്ടുകിട്ടിയല്ലോ!
പിന്നെയും ഞങ്ങളെല്ലാവരും ദിവസേനയുള്ള പല്ല് തേപ്പ് തുടരുകയും, കൂടുതൽ പ്രകാശത്തോടെ നിത്യേന വെളുക്കെ ചിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്തു. ടൂത്ത്പേസ്റ്റുകൾ കലങ്ങിയ വെള്ളം, രാവിലെയും രാത്രിയും പതിവായി മണ്ണിലേക്കുള്ള ഊർന്നിറക്കം തുടർന്നു.
ആപ്പീസിൽ ജോലിക്ക് പോയിരുന്ന കാലത്ത്, ഞാനായിരുന്നു വീട്ടിൽ ആദ്യം എഴുന്നേറ്റിരുന്നത്. പല്ലുതേപ്പടക്കമുള്ള പ്രഭാതകർമ്മങ്ങൾക്ക് ശേഷം, ചില കായികാഭ്യാസങ്ങളും കഴിഞ്ഞ് വേണം ആപ്പീസിൽ പോകാൻ. അങ്ങനെയൊരു ശീലം, അറിയാതെ തന്നെ എന്നെ പിടികൂടിയിരുന്നു. ഇതിനിടയിൽ, ഭാര്യക്ക്, സ്‌കൂൾ ടീച്ചറായി ജോലി കിട്ടി.തുടർന്ന്, അവളും ഏകദേശം എന്നോടൊപ്പം എഴുന്നേക്കാൻ തുടങ്ങി. പിന്നെ കൊറോണ വന്നു. എന്റെ ജോലി വീട്ടിൽ നിന്ന് തന്നെ ചെയ്യാമെന്നായി. സ്‌കൂളടച്ചത് കൊണ്ട് അവളും വീട്ടിലിരിപ്പായി. പിന്നെ സ്‌കൂൾ തുറന്നു. പാവം, അവൾക്ക് വീണ്ടും സ്‌കൂളിലേക്ക് പോയിത്തുടങ്ങേണ്ടി വന്നു. എന്റെ ജോലി സ്ഥിരമായെന്ന പോലെ വീട്ടിൽ നിന്ന് തന്നെയായി. അവൾ എന്നെക്കാൾ മുന്നേ എഴുന്നേക്കാൻ തുടങ്ങി. ഭാര്യ കാറിൽ കയറി പോവുമ്പോൾ ടാറ്റാ പറയേണ്ടത് കൊണ്ട്, ആ സമയത്തിനടുപ്പിച്ച് മാത്രമായി എന്റെ എഴുന്നേൽപ്പ്.
അങ്ങനെ ഒരു ദിവസം കാലത്ത് എഴുന്നേറ്റ്, പല്ല് തേക്കാനായി ഞാൻ ബ്രഷെടുത്തു. ബ്രഷ് കയ്യിലെടുത്ത ഉടനെ, അതിന്റെ നാരുകളുള്ള ഭാഗം തടവുന്നത് എന്റെ വെറുതേയുള്ള ശീലമാണ്. ആ ശീലം വച്ച്, അന്നും ഞാനാ ബ്രഷിന്റെ വായിലേക്ക് കടത്തുന്ന, നാരുകളുള്ള ഭാഗത്ത് കൂടെ വെറുതെ വിരലുകളോടിച്ചു. വിരലുകളോടിച്ചതും, പൊടുന്നനെ എന്റെ വിരലുകൾ നാരുകളിൽ നിന്നും അടർന്ന് മാറി. വിരലുകൾക്ക് വല്ലാത്ത അറപ്പും വെറുപ്പും തോന്നിയിരുന്നു. അപ്പഴാണ് എനിക്കും കാര്യം മനസ്സിലായത്; എന്റെ ബ്രഷിലെ നാരുകൾ നനഞ്ഞിരിക്കുന്നു. സാധാരണ ഗതിക്ക് വളരെ ഉണങ്ങിക്കിടക്കേണ്ടുന്ന എന്റെ ബ്രഷ്, എങ്ങനെ നനഞ്ഞു എന്നാലോചിച്ച് എനിക്ക് വല്ലായ്മയുണ്ടായി.
ഇതുവരെ ഇങ്ങനെ അനുഭവപ്പെട്ടിട്ടില്ല. ഭാര്യ അറിയാതെ എന്റെ ബ്രഷെടുത്ത് പല്ല് തേച്ചോ? അതുമല്ലെങ്കിൽ പഴയ ബ്രഷാണെന്ന് കരുതി, ഏതെങ്കിലും പ്രതലം വൃത്തിയാക്കാൻ ഉപയോഗിച്ചോ? എനിക്ക് സംശയമായി. സംശയം തീർക്കാനായി, ഞാനവളുടെ ബ്രഷ്, സാദരം കൈയ്യിലെടുത്തു. അതിന്റെ നാരുകളുള്ള ഭാഗം വളരെ ലോലമായി തലോടി. അത് നന്നായി ഉണങ്ങിയിരിക്കുന്നു.
'ഹമ്പടി... കേമീ... നീ ആള് കൊള്ളാലോ...' ഞാനെന്റെ മനസ്സിൽ പറഞ്ഞു.
പിന്നെ അധികമൊന്നും ആലോചിച്ചില്ല. ഞാൻ രണ്ട് ബ്രഷുകളുമെടുത്ത് താഴേക്കോടി. സ്‌കൂളിലേക്ക് യാത്രപുറപ്പെടാനുള്ള അവസാനത്തെ ഒരുക്കത്തിനിടയിൽ കണ്ണാടിക്ക് മുന്നിലായിരുന്നു അവൾ.
"നിനക്ക് ബോധമില്ലേ... മാഡം..."
"എന്താ മനുഷ്യാ... ഇന്നും രാവിലത്തെ പതിവൊന്നും തെറ്റിച്ചില്ലല്ലോ... എന്തെങ്കിലും ഉണ്ടാവ്വല്ലോ എലാ ദിവസോം... ഏതെങ്കിലും ഒരു ദിവസം നിങ്ങള് ചിരിച്ചോണ്ട് എഴുന്നേറ്റ് വന്നിട്ടുണ്ടോ...?"
അതെന്തോ അങ്ങനെയാണ്, ചിരിക്കാൻ ശ്രമിച്ചാലും എന്റെ മുഖം ഇരുണ്ടിരിക്കും. എന്റെ ആ ജന്മവൈകല്യം ഭാര്യ ഇതുവരെ മനസ്സിലാക്കിയിട്ടുമില്ല. എന്നാലും, മനസ്സിലൊന്നുമില്ലെങ്കിലും, നല്ലതൊന്നും ഒരിക്കലും പറയാതെ, കുറ്റം മാത്രം എടുത്ത് പറയുന്ന ഒരു വൈകല്യം എനിക്കുണ്ട് എന്നത് അവൾക്ക് ഇതിനകം എന്നെക്കുറിച്ച് മനസ്സിലായിരുന്നു. അതുകൊണ്ട്, ഇത്തരം ഒച്ചവെക്കലുകളൊന്നും അവളെ കാര്യമായി ബാധിക്കാറുണ്ടായിരുന്നില്ല.
"ഒരു കാരണോം ഇല്ലാണ്ട് ഞാൻ ഒച്ച വെക്കാറില്ല..."
"ഓ... കേക്കട്ടെ... ഇന്നത്തെ പ്രശ്നം എന്താണ്...?"
"നീ എന്തിനാ എന്റെ ബ്രഷെടുത്ത് പല്ല് തേച്ചത്...?"
"ങ്ഹേ... എന്ത്..? ഞാൻ നിങ്ങളുടെ ബ്രഷെടുത്ത് പല്ല് തേച്ചെന്നോ...? അസംഭവ്യം... നിങ്ങൾക്ക് രാവിലെത്തന്നെ പ്രാന്തായോ മനുഷ്യാ...?"
"നോക്ക് ... നീ ഇത് തൊട്ട് നോക്ക്... എന്റെ ബ്രഷ് നനഞ്ഞിരിക്കുന്നു... നിന്റെ ബ്രഷ് ഒട്ടും നനഞ്ഞിട്ടില്ല..."
"അത് പിന്നെ പല്ല് തേച്ചാൽ ബ്രഷ് നനയൂല്ലേ...?"
"നീ തമാശ കള... "
"നിങ്ങളുടെ ബ്രഷെടുത്ത് നിങ്ങള് തേച്ചാൽ നിങ്ങളുടെ ബ്രഷ് നനയൂല്ലേ?"
"അപ്പൊ നീ ഇന്ന് പല്ല് തേച്ചില്ലേ? നിന്റെ ബ്രഷെന്താ ഇങ്ങനെ ഉണങ്ങിയിരിക്കുന്നത്?"
"ഞാൻ പല്ല് തേച്ചിട്ട് ഒന്നൊന്നര മണിക്കൂറായില്ലേ... അത്രേം നേരം കൊണ്ട് ഉണങ്ങിപ്പോയതായിരിക്കും..."
"ഹ... ഇതെന്താ ഹീറ്ററ് വച്ചിട്ടല്ലേ നിന്റെ ബ്രഷ് ഉണക്കുന്നത്... ഒന്നര മണിക്കൂർ കൊണ്ട് അവളുടെ ബ്രഷ് ഉണങ്ങി പോലും... മാഡം... ഞാൻ ഇതുവരെ എന്റെ പല്ല് തേച്ചിട്ടില്ല... ദാ വേണേ മണപ്പിച്ച് നോക്ക്..."
എന്നിട്ട് ഞാനവളുടെ മുഖത്തേക്ക് ശക്തിയായി ഊതി.
"ഇത് നട്ട പ്രാന്ത് തന്നെ... പിച്ചും പേയും പറയാതെ, നിങ്ങള് പോയി വേണേ വീണ്ടും കെടന്നുറങ്ങിക്കോ... ഞാൻ ഓർടെ ബ്രഷെടുത്ത് തേച്ചു പോലും... എനക്ക് നിങ്ങളെപ്പോലെ പിരാന്തൊന്നുമില്ല..." അതും പറഞ്ഞ് കെട്ട്യോളങ്ങ് ഇറങ്ങിപ്പോയി. ദേഷ്യം വന്നത് കൊണ്ട്, ടാറ്റ പറയാൻ ഞാൻ താഴെ ഗരാജിലേക്ക് പോയില്ല.
എന്തായാലും ഇനി നനഞ്ഞ ബ്രഷ് കൊണ്ട് പല്ല് തേക്കാൻ ഞാനില്ല. ഫ്രഞ്ച് കിസ്സ് കൊടുത്താലും ശരി, കെട്ടിപ്പിടിച്ചാലും ശരി, ഭാര്യ തേച്ച ബ്രഷ് കൊണ്ട് പല്ല് തേക്കാൻ എനിക്ക് മനസ്സ് വന്നില്ല.
ജീവിതത്തിന്റെ സ്റ്റാറ്റസ് മാറിയത് കൊണ്ട്, പുതിയ ബ്രഷുകളുടെ ഒരു കെട്ട് വീട്ടിലുണ്ടായിരുന്നതിനാൽ, വേറൊരു ബ്രഷെടുത്ത് അന്നത്തെ പല്ല് തേപ്പ് നടത്തി. ദുഃഖമുണ്ടായിരുന്നെങ്കിലും, ക്രൂരതയാണെന്ന് അറിയാമെങ്കിലും, ചാരിത്ര്യം നഷ്ടപ്പെട്ട ബ്രഷ് അശുദ്ധമായത് കൊണ്ട്, അതിനെ ദൂരെയൊരിടത്ത് മാറ്റി വച്ചു. പിന്നീടെപ്പഴെങ്കിലും വാഷ്ബേസിനോ മറ്റോ കഴുകുമ്പോൾ, ചെറിയതും ഇടുങ്ങിയതുമായ അരികുകൾ വൃത്തിയാക്കാൻ ഉപയോഗിക്കാലോ?
പക്ഷേ, ഈയൊരു സംഭവം, പണ്ടെങ്ങോ ഉറങ്ങിക്കിടന്ന, അല്ലെങ്കിൽ, കാലം കൊണ്ട് സ്വയം ഉണക്കാൻ ശ്രമിച്ച പഴയ മനോവേദനകളെ വീണ്ടും പൊടിതട്ടിയുണർത്തി. മനസ്സിൽ വീണ്ടും ശങ്കകളും ആശങ്കകളും നിറഞ്ഞു. ഒരു തവണ നടന്ന പീഡനം വീണ്ടും ആവർത്തിക്കുമ്പോൾ, ആരുടെ മനസ്സായാലും വല്ലാതെ പതറിപ്പോകും. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച് പോകും.
ചിന്തകൾ കാട് കയറി. ആത്മഹത്യയും ഒളിച്ചോട്ടവുമെല്ലാം ഒരു തരം ഭീരുത്വമാണെന്നാണല്ലോ പൊതുവേയുള്ള ധാരണകൾ. തീർത്തും പൊരുതാതെ തോറ്റുകൊടുക്കുന്നത് പീഡകർക്ക് വളവുമാകുമല്ലോ. ഒരു തവണ അറിയാതെ വഴങ്ങിപ്പോയിടത്ത് നിന്ന് ഇരുപത് വർഷക്കാലം തുടർച്ചായി സുരക്ഷിതമായി നിൽക്കാൻ കഴിഞ്ഞത് തന്നെ ഒരു തരത്തിൽ നോക്കിയാൽ പൊരുതി നേടിയ വിജയം തന്നെയാണല്ലോ. അതുകൊണ്ട് ഇത്തവണയും തോറ്റുകൊടുക്കില്ലെന്ന് തന്നെ മനസ്സ് പ്രഖ്യാപിച്ചു. ഇനി ഇതിന്റെ പേരിൽ, ബാക്കിയുള്ള ജീവിതം കളഞ്ഞ് കുളിക്കുന്നത് മൂഢതയാണ്. പണ്ട് ലഭിച്ച സൈക്കോളജി പാഠങ്ങൾ വീണ്ടും ഉപയോഗിക്കേണ്ട സമയമാണ്. പോരാടുക തന്നെ.
ഈ സംഭവത്തോടെ, ഇരുപത് കൊല്ലം മുന്നേ ആർജ്ജിച്ച ജാഗരൂകത വീണ്ടും പരിപോഷിപ്പിച്ച്, സ്വന്തം ബ്രഷിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്റെ ബ്രഷ് വെക്കാൻ ഞാൻ വേറൊരു ബ്രഷ് ഹോൾഡർ വാങ്ങിച്ചു. ആ ബ്രഷിന് കൂട്ടായി ഓർഗാനിക് ഹെർബൽ ടൂത്ത്പേസ്റ്റും വാങ്ങി വച്ചു. ദിവസവും രാവിലെ സഹധർമ്മിണി എഴുന്നേറ്റ് പല്ല് തേക്കാൻ പോകുന്നേരം, മൂത്രമൊഴിക്കാൻ പോകുന്നെന്ന വ്യാജേന, അവളുടെ പിന്നാലെ മാസ്റ്റർ ബാത്റൂമിലേക്ക്, ഞാനും എഴുന്നേറ്റ് പോകാൻ തുടങ്ങി. എന്റെ ബ്രഷ് അവൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക മാത്രമാണ് ഉദ്ദേശം. കഷ്ടകാലത്തിന് അവളെടുത്ത് ഉപയോഗിച്ച് കഴിഞ്ഞിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. മാത്രവുമല്ല, ദൃക്‌സാക്ഷികളില്ലെങ്കിൽ, അറിയാതെ ഉപയോഗിച്ച് പോയതാണെന്ന് പോലും അവൾ ഒരിക്കലും സമ്മതിച്ച് തരികയുമില്ല! തമ്മിൽ ഭേദം, കഷ്ടപ്പെട്ടാണെങ്കിലും സ്വയം ജാഗരൂകനാവുക തന്നെ.
ദിവസങ്ങൾ പിന്നെയും കടന്ന് പോയി. ഓരോ ദിവസവും ബ്രഷിന്റെ ചാരിത്ര്യം സംരക്ഷിക്കുന്നതിൽ ഞാൻ വിജയിച്ച് പോന്നു. ആത്മധൈര്യം വർദ്ധിച്ച് വന്നു. പക്ഷേ എത്ര സംരക്ഷിക്കപ്പെട്ടാലും സംഭവിക്കേണ്ടത് സംഭവിക്കുമല്ലോ. ലോകത്ത് ലഭ്യമായിട്ടുള്ള സകല സുരക്ഷയും കൊടുത്തിട്ടും, പരീക്ഷിത്ത് മഹാരാജാവിന് പോലും രക്ഷപ്പെടാൻ സാധിച്ചിട്ടില്ലല്ലോ. എത്ര ശ്രമിച്ചിട്ടും, ശർമ്മിഷ്ഠക്ക് പോലും സർപ്പദംശനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞിട്ടില്ലല്ലോ. പിന്നെയാണോ എന്റെ വെറുമൊരു ബ്രഷ്? വരേണ്ടത് വഴിയിൽ തങ്ങില്ലെന്നത് കാട്ടായം. അങ്ങനെ ഒരു ദിവസം, ആ ശപിക്കപ്പെട്ട നിമിഷം വന്നു ചേർന്നു.
അന്നത്തെ ദിവസം രാവിലെ പതിവ് പോലെ സഹധർമ്മിണി എഴുന്നേറ്റു. കുളിമുറിയിലെ ലൈറ്റ് ഓൺ ചെയ്തു. CFL ബൾബാണ്; ആദ്യം കുറച്ച് നേരം വീര്യം കുറഞ്ഞ് കത്തിയതിന് ശേഷമാണ് പൂർണ്ണമായ പ്രകാശം നൽകുക. എഴുന്നേറ്റയുടനെ കണ്ണിലേക്ക് ഭീതിദപ്രകാശം വീഴുന്നത് കണ്ണിന് മോശമാണല്ലോ. കണ്ണും മുഖവുമൊക്കെ കഴുകിയതിന് ശേഷം, അവൾ ബ്രഷെടുത്ത്, പേസ്റ്റും പുരട്ടി, പല്ല് തേക്കാൻ തുടങ്ങി. പിന്നാലെ ഞാനും, മൂത്രമൊഴിക്കാൻ ഉള്ളിലേക്ക് കയറി. ഞങ്ങൾ ഭാര്യയും ഭർത്താവുമാണല്ലോ; പ്രസവം വരെ കണ്ടിട്ടുള്ളതിനാൽ, പല്ലു തേക്കുന്നിടത്ത് കയറുന്നത് കൊണ്ട് ഔചിത്യക്കേടൊന്നും വരാൻ സാധ്യതയൊന്നുമില്ലെന്ന് എനിക്ക് നന്നായറിയാം.
ഉള്ളിലേക്ക് കടന്നയുടനെ, കണ്ണാടിയിൽ കണ്ട കാഴ്ച കണ്ട് എന്റെ ബോധം മങ്ങി, കണ്ണിലിരുട്ട് കയറാൻ തുടങ്ങി. എന്റെ ബ്രഷാണ് അവളുടെ വായിൽ കിടന്ന് ഉള്ളിലോട്ടും പുറത്തോട്ടും കയറിയിറങ്ങി ഞെരിഞ്ഞമരുന്നത്!
"ഡീ..." എന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട് വാമഭാഗം വല്ലാതങ്ങ് ഞെട്ടി. അവളുടെ വായിലുണ്ടായിരുന്ന പേസ്റ്റ് കുഴമ്പ്, അവളുടെ വായിൽ നിന്നും അറിയാതെ തെറിച്ച് പോയി.
"എന്താ... മനുഷ്യാ... ഈ ഏഴരപ്പുലർച്ചക്ക് ഇങ്ങനെ അലറുന്നത്...?"
"നിനക്കറിയില്ല അല്ലേ... നീ നിന്റെ അണ്ണാക്കിലുരച്ച് കളിക്കുന്ന ബ്രഷ്, ആരുടേയാ... ഒന്ന് നോക്ക്..."
"എന്റേതല്ലാതെ പിന്നെ ആരുടേയാ..."
"നീ നിന്റെ ഉണ്ടക്കണ്ണ് തുറന്ന് നോക്ക്..." ഞാൻ കിതക്കുകയായിരുന്നു.
അപ്പഴാണ് അവളുടെ കണ്ണുകൾ അവളുടെ കൈയ്യിലുള്ള ബ്രഷിലേക്ക് വീണത്.
"ഇതെന്റെ ബ്രഷല്ലാതെ നിങ്ങളുടെ ബ്രഷാണോ... കണ്ണ് തുറന്ന് നോക്ക് മനുഷ്യാ... രാവിലെത്തന്നെ പിച്ചും പേയും പറഞ്ഞ് വന്നേക്കുന്നു... വേറൊന്നും കിട്ടീല്ലേ ഇന്ന് അടി കൂടാൻ?" നാരുകളുള്ള ഭാഗം നോക്കി അവളെന്നെ നോക്കി അലറി. ആ അലർച്ചയിൽ ഞാനും ഒന്ന് ഞെട്ടി.
"നീ അതിന്റെ മറുപുറം കൂടി നോക്കീട്ട് അലറ്..."
അവൾ ബ്രഷ് തിരിച്ച്, അതിന്റെ പിൻഭാഗം നോക്കി. അപ്പോഴാണ് അവൾക്ക് ബോധോദയം ഉണ്ടായത്. അത് അവളുടെ ബ്രഷല്ല!!
സ്വന്തം ബ്രഷ് അല്ലെന്ന് തിരിച്ചറിഞ്ഞ മാത്രയിൽ, അവളുടെ കൈയ്യിലുള്ള ബ്രഷ്, അറിയാതെ വാഷ് ബേസിനിലേക്ക് വീണു. അവളുടെ ഇടത് കൈ നെറ്റിയിലേക്ക് ഒന്ന് രണ്ട് തവണ ഇടിച്ച് അവളുടെ നീരസം പ്രകടിപ്പിച്ചു. 'പറ്റിപ്പോയി' എന്നർത്ഥത്തിൽ, എന്നെ ദയനീയമായി നോക്കി. എന്റെ ബ്രഷിനെ പീഡിപ്പിക്കുന്നത് നേരിൽ കണ്ട അവളുടെ ബ്രഷിന്റെ ബോധം അപ്പോഴും തെളിഞ്ഞിരുന്നില്ല.
പിന്നെയെല്ലാം വളരെപ്പെട്ടെന്നായിരുന്നു. അധികം സംസാരമൊന്നും ഉണ്ടായില്ല. ദുഃഖഭാരം കൊണ്ടെന്നപോലെ വീർത്ത് പിടിച്ച മുഖവുമായി, എന്നെ നേരിട്ട് നോക്കാൻ പറ്റാതെ, സ്വന്തം ബ്രഷും അവളുടെ ടൂത്ത് പേസ്റ്റും എടുത്ത്, പുറത്തോട്ടേക്ക് ഒറ്റ നടത്തമായിരുന്നു. അവളുടെ മെലിഞ്ഞ കാലുകളിലെ ബലമേറിയ കാലടികൾ പതിഞ്ഞ്, ടൗൺ ഹോമിന്റെ മൂന്നാം നിലയിലെ നിലവും, ഗോവണിപ്പടികളും കുലുങ്ങിയിളകി.
ഇതെങ്ങനെ സംഭവിച്ചു എന്ന്, എനിക്കൊരു പിടിയും കിട്ടിയില്ല. എന്നാലും, പണ്ട് ഷെർലക് ഹോംസ് കഥകൾ വായിച്ചതിന്റെ വെളിച്ചത്തിൽ, ചെറിയൊരന്വേഷണം നടത്താൻ തന്നെ ഞാൻ തീരുമാനിച്ചു. അരമണിക്കൂറിനകം തന്നെ ഈ 'മാറിപ്പോകൽ പീഡനം' എങ്ങനെയാണ് സംഭവിച്ചത് എന്നതിന് വ്യക്തമായ ഉത്തരം കിട്ടുകയും ചെയ്തു.
വളരെ സൂക്ഷ്മമായ നിരീക്ഷണത്തിലാണ്, എനിക്കൊരു കാര്യം മനസ്സിലായത്; ഞാൻ പുതുതായി വാങ്ങിച്ച എന്റെ ബ്രഷിന്റേത് മാത്രമായ ബ്രഷ് ഹോൾഡർ, എന്റെ കുളിമുറിയിൽ കാണാനില്ല. ഞാനും സഹധർമ്മിണിയും ഒരുമിച്ച് ഉപയോഗിച്ചിരുന്ന പഴയ ബ്രഷ് ഹോൾഡർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
എന്റെ ബ്രഷ് ഹോൾഡർ എവിടെപ്പോയി എന്ന അന്വേഷണം എന്നെക്കൊണ്ടെത്തിച്ചത്, കുട്ടികളുടെ ബാത്റൂമിലായിരുന്നു.കുട്ടികളുടെ ചില്ലിന്റെതായ ബ്രഷ് ഹോൾഡർ, തലേന്ന് രാത്രിയിലെ അവരുടെ സ്ഥിരം രാത്രി കലാപരിപാടിയായ ബാത്റൂം അടിപിടിയിൽ എങ്ങനെയോ പൊട്ടിപ്പോയിരുന്നു. അത് പക്ഷേ ഞാനറിഞ്ഞിരുന്നില്ല. ബ്രഷ് ഹോൾഡർ പൊട്ടിപ്പോയതിൽ പരിഭ്രമിച്ച കുട്ടികൾ, ഞാനറിയാതെ, എന്റെ ബാത്‌റൂമിൽ നിന്നും, എന്റെ ബ്രഷ് ഹോൾഡർ എടുത്ത് കൊണ്ട്പോയി അവരുടെ ബാത്റൂമിൽ വച്ചതാണ്. എന്റെ ബ്രഷും ഓർഗാനിക് പേസ്റ്റും, ഞങ്ങളുടെ പണ്ടത്തെ ബ്രഷ് ഹോൾഡറിൽ എടുത്ത് വച്ചതിന് ശേഷമാണ് അതിനെ സ്ഥലം മാറ്റിയത്. വൈകുന്നേരം നേരത്തെ അത്താഴം കഴിച്ച്, ഏഴ് മണിയോടെ പല്ല് തേച്ച ഞാൻ ഈ വിവരം അറിഞ്ഞിരുന്നുമില്ല. പക്ഷേ, നല്ലപാതിക്ക് ഈ വിവരമൊക്കെ അറിയാമായിരുന്നു.
എന്തായാലും, രാവിലെ എഴുന്നേറ്റ്, 'ഡിം' വെളിച്ചത്തിൽ, തലേന്ന് നടന്ന കഥയൊന്നുമോർക്കാതെയാണ്, സോഫ്റ്റ്‌വേർ പ്രോഗ്രാം ചെയ്ത് നീങ്ങുന്നത് പോലെ, അവളുടെ കൈകൾ ബ്രഷ് ഹോൾഡറിൽ പോവുകയും, നോക്കുന്നുണ്ടെങ്കിലും, അവളുടേതാണെന്ന ഭാവത്തിൽ, എന്റെ ബ്രഷെടുത്ത്, പല്ല് തേപ്പ് ആരംഭിച്ചത്. അവളുടെ കണ്ണിന് എന്റെ ബ്രഷും അവളുടെ ബ്രഷും തമ്മിൽ തിരിച്ചറിയാതെ പോവാൻ വേറൊരു കാര്യമായ കാരണവും ഉണ്ടായിരുന്നു.
അവളുടെ ബ്രഷ്, മുഴുവനായും പിങ്ക് നിരത്തിലുള്ളതായിരുന്നു. എന്റെ ബ്രഷും പിങ്ക് നിരത്തിലുള്ളതായിരുന്നെങ്കിലും, അതിന്റെ പിൻഭാഗത്ത് വാലറ്റത്തായി, ഏകദേശം പകുതിയോളം നീളത്തിൽ പച്ച നിറമായിരുന്നു. ആ പച്ച നിറമായിരുന്നു, ഏക വ്യത്യാസം. ഒരു പാക്കറ്റ് ബ്രഷ് വാങ്ങുമ്പോൾ, ബ്രഷിന്റെ കളർ കോഡുകൾ തമ്മിൽ ചിലപ്പോൾ വലിയ വ്യത്യാസം കാണാറില്ല. അങ്ങനെ സംഭവിച്ചതാണ്; അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
കഷ്ടകാലത്തിന്, അവളുടെ രാവിലെയുള്ള മങ്ങിയ നോട്ടത്തിൽ, എല്ലാം പിങ്ക് മയമായിരുന്നു. അങ്ങനെയാണ് അന്നത്തെ ദിവസം, ഭാര്യയുടെ കണ്ണ് മഞ്ഞളിച്ച് പോയതും, ബ്രഷുകൾ തമ്മിൽ മാറിപ്പോയതും. പക്ഷേ, ഇതിന് മുന്നിലത്തെ തവണ, വ്യക്തമായ നിറവ്യത്യാസങ്ങളുണ്ടായിട്ടും, എങ്ങനെയാണ് മാറിപ്പോയതെന്ന് ഇതുവരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല, മാറിപ്പോയ കാര്യം, അവളൊട്ട് സമ്മതിച്ചിട്ടുമില്ല!
ഇരട്ടകളിൽ, ഒരേയൊരു തവണ, ആര് ആരാണെന്ന് മനസ്സിലാക്കിയാൽ, പിന്നീട് ഒരിക്കലും തമ്മിൽ തമ്മിൽ വളരെപ്പെട്ടന്ന് തിരിച്ചറിയുന്ന ആളാണ് എന്റെ സഹധർമ്മിണി. അത്, identical twins ആയാലും ശരി, അല്ലെങ്കിലും ശരി. പക്ഷേ നേരെ മറിച്ചാണ് എന്റെ കാര്യം. ഇരട്ടകളാണെന്ന് ഒരിക്കൽ മനസ്സിലായാൽ, identical twins അല്ലെങ്കിൽ പോലും, എനിക്ക് പരസ്പരം തിരിച്ചറിയാൻ സാധിക്കാറില്ല. എന്തോ എന്റെ മനസ്സിന്റെ പ്രോഗ്രാം അങ്ങനെയാണ്. ഇരട്ടകളിൽ ഒരാളെ കല്യാണം കഴിച്ച ആളിന്റെ അവസ്ഥ ആലോചിച്ച് എനിക്ക് ചിലപ്പോൾ തല ചുറ്റിപ്പോവാറുണ്ട്. ഇരട്ടകൾ, ഇരട്ടകളെത്തന്നെ കല്യാണം കഴിച്ചതിന് ശേഷം, പരസ്പരം മാറിപ്പോവുന്നത് സ്വപ്നം കണ്ട്, ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടിയുണരാറുണ്ട്. എന്നിട്ടും, ഇരട്ടകളെ സംബന്ധിച്ച്, എനിക്കുള്ളത് പോലുള്ള പ്രശ്നമില്ലാത്ത എന്റെ വാമഭാഗത്തിന്, ഇരട്ടകളെപ്പോലുള്ള ബ്രഷുകൾ തമ്മിൽ, പരസ്പരം മാറിപ്പോയത് എങ്ങനെയെന്ന് ആലോചിച്ച് എനിക്കൊരു പിടിയും കിട്ടിയില്ല. പ്രത്യേകിച്ച്, എന്റെ ബ്രഷിന്റെ വാൾ ഭാഗത്ത് പകുതിയോളം നീളത്തിൽ പച്ചനിറമായിരുന്നിട്ട് കൂടി! അറിയാതെ മാറിപ്പോയി എന്ന വ്യാജേന, എന്റെ ബ്രഷിനെ കടന്നാക്രമിച്ച് പീഡിപ്പിച്ചത് കരുതിക്കൂട്ടിത്തന്നെയായിരുന്നോ എന്നാണ് ഇപ്പോഴത്തെ എന്റെ സംശയം.
ഭൂമിയും വീടും കുലുക്കി താഴോട്ടേക്കിറങ്ങിപ്പോയ സഹധർമ്മിണി, ബേസ്മെന്റിലെ ബാത്റൂമിലാണ് അഭയം പ്രാപിച്ചത്. എന്റെ ബ്രഷിനോട് നടത്തിയ അതിക്രമം പച്ചയായി കണ്ടുപിടിക്കപ്പെട്ടതിലുള്ള അഭിമാനക്ഷതം കൊണ്ടാണോ എന്നറിയില്ല, ഇനിമുതൽ അവളുടെ പല്ല് തേപ്പ്, അവിടെ നിന്നായിരിക്കുമത്രേ! ശപഥമാണ് പോലും! എന്തായാലും, ആതീരുമാനം, എന്റെ ബ്രഷിന്റെ ചാരിത്യ്രത്തിന് കാവലിരിക്കേണ്ട അവസ്ഥയിൽ നിന്ന് എനിക്ക് മോചനം തരുമല്ലോ എന്നതായിരുന്നു എന്റെ ആശ്വാസം.
അന്വേഷണം കഴിഞ്ഞ്, തിരിച്ച് സ്വന്തം കുളിമുറിയിലേക്ക് വരാനെടുത്ത നേരമത്രയും, എന്റെ പ്രിയപ്പെട്ട ബ്രഷ്, ഭാര്യയുടെ പേസ്റ്റ് വെള്ളത്തിൽ കുളിച്ച്, വാഷ്ബേസിനിൽ മലർന്ന് നഗ്നയായി കിടക്കുകയായിരുന്നു.എന്റെ ഭാര്യയാണ് പീഡിപ്പിച്ചതെന്നുളത് കൊണ്ട്, കേസ് കൊടുക്കാൻ പോലും ഞാൻ അശക്തനായിരുന്നു. എന്റെ ബ്രഷിന് ആ വികാരം മനസ്സിലാവുമെന്ന അന്ധധാരണയിൽ, ഞാനെന്റെ ബ്രഷിനെ പതുക്കെ താങ്ങിയെടുത്ത് കുളിപ്പിച്ച് ശുദ്ധമാക്കി, ഇനി എന്ത് ചെയ്യുമെന്നറിയാതെ കുറച്ച് നേരം, അതിനെ പിടിച്ച് നോക്കിയിരുന്നു! ഇത്തരത്തിൽ മാറിപ്പോകുന്ന രോഗം ആർക്കും ഉണ്ടാവരുതേ എന്ന കണ്ണടച്ചുള്ള, ആത്മാർത്ഥമായ പ്രാർത്ഥന മാത്രം ബാക്കി!!
കുറിപ്പ്: ഈ സംഭവത്തിന് ശേഷം, ഇന്നുവരെ എന്റെ ബ്രഷിന് സല്ലപിക്കാൻ വേറൊരു ബ്രഷ് കൂടെയുണ്ടായിട്ടില്ല. എന്റെ വിശാലമായ കുളിമുറിയിൽ കൂട്ടില്ലാതെ വെറും ഒറ്റയാനായി ഇരിപ്പാണ്. വെറുതെ കിട്ടുന്ന WiFi മുഖാന്തിരം, താഴെ ബേസ്മെന്റിൽ കിടക്കുന്ന ഭാര്യയുടെ ബ്രഷുമായി അനാവശ്യമായി സംവദിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കാൻ ഞാനിതുവരെ തുനിഞ്ഞിട്ടില്ല!
***
2021 ഒക്‌ടോബർ 25, തിങ്കളാഴ്‌ച
ആദ്യമായ് രണ്ടുപേരോടൊപ്പം (ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം - 1)
2021 ജൂൺ 12, ശനിയാഴ്‌ച
കാർ വാഷ്
കോവിഡ് പ്രശ്നങ്ങൾ മൂലം വീട്ടിലിരിപ്പ് തുടങ്ങിയിട്ട് മാസങ്ങൾ പതിനഞ്ച് കഴിഞ്ഞിരിക്കുന്നു. വീട്ടിലിരുന്നാലും, വട്ടൻ ചിന്തകളുടെ സഹായത്താൽ സമയം കളയാനറിയാവുന്നത് കൊണ്ട്, എന്നെ സംബന്ധിച്ചടുത്തോളം, കോവിഡ് ഒരുതരത്തിലുള്ള മടുപ്പും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. പക്ഷേ സഹധർമ്മിണിയുടെയും കുട്ടികളുടെയും കാര്യങ്ങൾ അങ്ങനെയല്ലല്ലോ. അവരൊക്കെ മനുഷ്യഗണമായത് കൊണ്ട്, കുറേക്കാലമായി അവർക്കൊക്കെ ഒരു തരം മടുപ്പാണ്. എവിടെയെങ്കിലും ഒരു യാത്ര പോയി, ഒന്ന് relax ചെയ്യണം - ഇതായിരുന്നു കുറച്ച് കാലങ്ങളായിട്ട് വീട്ടിൽ നിന്ന് രാവിലെ മുതൽ ഉയരുന്ന പല്ലവി.





