2020, ഫെബ്രുവരി 18, ചൊവ്വാഴ്ച

ഡൽഹിയിലെ വികസിക്കാത്ത മന്ദബുദ്ധികൾ !

(Picture Courtesy: Google)

അങ്ങനെ, ഡൽഹിയിലെ 2020 ലെ തിരഞ്ഞെടുപ്പ് കോലാഹലങ്ങൾ ഒരുവിധം കെട്ടടങ്ങി. പക്ഷേ ഈ തിരഞ്ഞെടുപ്പുണ്ടാക്കിയ ദഹനക്കേടുകൾ, അഥവാ  മന്ദബുദ്ധികളായ ഡൽഹിയിലെ സമ്മതിദായകരുണ്ടാക്കിയ ജനാധിപത്യമുറിവുകൾ പെട്ടന്ന് മാറുന്നതാണോ? സത്യത്തിൽ ഡൽഹിക്കാർ ഇത്ര മണ്ടന്മാരാണോ ? യഥാർത്ഥത്തിൽ, ഡൽഹി തിരഞ്ഞെടുപ്പ് ഫലം വിശദീകരിക്കുന്ന ചാനലുകളും പത്രങ്ങളും നോക്കാൻ തന്നെ നാണം തോന്നിപ്പോയി. ഇങ്ങനെ പോയാൽ ഇന്ത്യൻ രാഷ്ട്രീയം എവിടെച്ചെന്ന് നിൽക്കും?

ഇന്നത്തെ ഒരവസ്ഥ വച്ച് ബിജെപി തന്നെയായിരുന്നു നമ്മുടെ രാജ്യവും ഡൽഹിയും ഭരിക്കാൻ ഒന്നാംതരം യോഗ്യതയുള്ളവർ. രാജ്യസ്നേഹത്തിനെക്കുറിച്ചും പാകിസ്ഥാൻ ഭീഷണികളെക്കുറിച്ചും ചൈനയുടെ ചുവപ്പിന്റെയുള്ളിലെ മർദ്ദങ്ങളെക്കുറിച്ചും ഹിന്ദുമതത്തിന്റെ യഥാർത്ഥ വികാരങ്ങളെക്കുറിച്ചും രാഷ്ട്രപുരോഗതിയെക്കുറിച്ചും, അക്രമരാഹിത്യത്തെക്കുറിച്ചും, മതം, മതേതരത്തം, പാരമ്പര്യം, പുകൾപെറ്റ സംസ്കാരം  എന്നിവയേക്കുറിച്ചും  ബിജെപിയോളം അവഗാഹമുള്ള ഒരു കക്ഷി ഭാരതത്തിൽ ഇന്ന് നിലവിലില്ല. ആംഗലേയ രാജവംശത്തിന്റെ താവഴി കാത്ത് സൂക്ഷിക്കുന്ന കോൺഗ്രസ്സ് ജനങ്ങളിൽ നിന്ന് എന്നേ അകന്നു കഴിഞ്ഞു. ജവഹർലാൽ നെഹ്രുവിനെയും ഗാന്ധിജിയെയും മാത്രം വിറ്റ് എത്രകാലം മുന്നോട്ട് പോവ്വാൻ പറ്റും? അതിലിടക്ക്, തരൂർ എന്ന ബുദ്ധിശൂന്യൻ കളമറിയാതെ കയറുകയും ചെയ്തു. സമത്വവും സാഹോദര്യവും രാജ്യാന്തരതലത്തിൽ തന്നെ വാരിക്കോരിവിതറി എങ്ങുമെത്താതെ പോയ കമ്മ്യൂണിസ്റ്റുകാരെ അരിയിലെ കല്ല് മുറത്തിലിട്ട് ഒരു മൂലക്ക് കൂട്ടിയത് പോലെ, ഏതെങ്കിലും മൂലകളിൽ തപ്പി നോക്കണം. പിന്നെയുള്ളത്, ചില പ്രാദേശിക വികാരങ്ങൾ മാത്രം. കുഞ്ഞ് കുഞ്ഞ് വികാരങ്ങൾ മല പോലെ പെരുപ്പിച്ച് വികാരങ്ങളിളക്കുന്ന വെറും  പ്രാദേശികർ, അവർക്ക് ദേശീയബോധം എന്നത് തീരെയില്ലതാനും. അവശേഷിക്കുന്നത് അല്ലറച്ചില്ലറ ജാതിമത കക്ഷികൾ, അവരെയാര് ഗൗനിക്കുന്നു! ജാതിമതകക്ഷികളൊക്കെ ജനങ്ങൾക്ക് നല്ല ബുദ്ധി തോന്നാനുള്ള വൈറ്റമിൻ കൊടുക്കുന്ന തിരക്കിലുമാണ്.

പിന്നെ ആപ്പാണുള്ളത്. അവരെന്ത് തോന്ന്യാസികളാണ്. ദേശീയബോധമോ എന്തെങ്കിലും ഒരു ആശയസംഹിതയോ ആദർശമോ അവർക്കില്ല. ഭരണ പരിചയങ്ങൾ കാര്യമായി ഒട്ടും ഇല്ല. ഒരു രാഷ്ട്രീയകക്ഷി എങ്ങനെ ആവാതിരിക്കാൻ പാടില്ല എന്നതിന്റെ മകുടോദാഹരണമാണ് ആപ്പ്. ഏതൊക്കെയോ കക്ഷികളിൽ നിന്ന് അധികാരമോഹികളായി ചേക്കേറിയവരും, എവിടുന്നൊക്കെയോ വിദ്യാഭ്യാസം നേടിയ പൊട്ടന്മാരും, ഇന്ത്യയിലെ സദാചാരരാഷ്ട്രീയത്തെ മുഴുവൻ വെല്ലുവിളിക്കുന്നവരുമായ ആളുകളാണ് ആപ്പിനെ നിയന്ത്രിക്കുന്നത്. കെജ്രിവാൾ എന്ന അതിന്റെ അധിപനാണെങ്കിൽ മറ്റുള്ളവരെ വളരാനനുവദിക്കാത്ത ക്രൂരനായ സ്വേച്ഛാധിപതിയുമാണ്. എന്നിട്ടും തോന്ന്യാസികളായ, വിവരമില്ലാത്ത ജനങ്ങൾ എന്തിന് നിയമസഭയിലേക്ക് ആപ്പിനെ വീണ്ടും ഒരഞ്ച് കൊല്ലത്തേക്ക് കൂടി അവരെ ഭരിക്കാൻ തിരഞ്ഞെടുത്തു എന്നത് ഒട്ടും മനസ്സിലാവുന്നില്ല.

അഴിമതി ഇല്ലാതാക്കുക അഥവാ കുറയ്ക്കുക എന്നത് രാഷ്ട്രീയപ്പാർട്ടികളുടെയോ രാഷ്ട്രീയ കക്ഷികൾ നയിക്കുന്ന സർക്കാരിന്റെയോ പണിയാണോ? അല്ലേയല്ല. പദ്ധതികൾക്ക് കാലങ്ങളായി പണം കൂട്ടിക്കൊടുക്കുക എന്നല്ലാതെ, പദ്ധതികൾ നേരത്തേ പൂർത്തിയാക്കി, അതിൽ നിന്ന് ലാഭം കൊയ്യാമോ? ഇതൊന്നും നല്ല ഒരു ഭരണത്തിന്റെ ലക്ഷണമല്ല.

വെള്ളവും വൈദ്യുതിയും ജനങ്ങൾക്ക് സുലഭമാക്കുകയോ കുറഞ്ഞ പൈസക്ക് കൊടുക്കുകയോ ചെയ്യുന്നത് എവിടത്തെ ഏർപ്പാടാണ്? മഴയെയോ പുഴയെയോ അല്ലേ വെള്ളത്തിന് വേണ്ടി ആശ്രയിക്കേണ്ടത്? കുറഞ്ഞത് പത്ത് മണിക്കൂറെങ്കിലും ലോഡ് ഷെഡിങ് ഇല്ലാത്ത സംസ്ഥാനം എന്ത് സംസ്ഥാനമാണ്? ഓരോ മനുഷ്യനും സ്വയം തെണ്ടിയുണ്ടാക്കുന്ന രോഗങ്ങൾ സൗജന്യനിരക്കിലോ കുറഞ്ഞ നിരക്കിലോ ചികിൽസിക്കാൻ ഏർപ്പാടുണ്ടാക്കാമോ? അതൊക്കെ എണ്ണപ്പണം കൂടുതലുള്ള ഗൾഫ് രാജ്യങ്ങളിലെ മാത്രം ഏർപ്പാടല്ലേ? ആ പരിപാടി ഡൽഹിക്കാർക്കെങ്ങനെ ഗുണം ചെയ്യും? അതും പോകട്ടെ, വിദ്യാഭ്യാസം ഒരു അവകാശമാക്കി ഒരു വലിയ പരിധി വരെ സൗജന്യമാക്കികൊടുക്കുന്നത് താന്തോന്നിത്തരമല്ലേ? വിദ്യാഭ്യാസം പോലുള്ള കച്ചവടങ്ങളെ ഒരു സർക്കാർ മൊത്തത്തിലങ്ങ് നിർജ്ജീവമാക്കാമോ?

രാഷ്ട്രീയക്കളികൾ എന്നത്, ആപ്പൊഴിച്ചുള്ള രാഷ്ട്രീയകക്ഷികൾക്ക് മാത്രം ബാധകമാകുമ്പോൾ ആപ്പെങ്ങനെയാണ്  തനി രാഷ്ട്രീയം കളിക്കുക? ബിജെപിക്കാർ 'ജയ് ശ്രീരാം' എന്ന് വിളിക്കുമ്പോൾ ആപ്പിനെങ്ങനെ 'ജയ് ഹനുമാൻ' എന്ന് വിളിക്കാൻ തോന്നുന്നു? പെണ്ണുങ്ങളുടെ വോട്ട് കൈയ്യിലാക്കാൻ മെട്രോ പോലുള്ള സേവനങ്ങൾ അവർക്ക് ഫ്രീ കൊടുക്കുന്നത്, മത പ്രീണനത്തിന് സമാനമായ ലിംഗപ്രീണനമല്ലേ? ഇങ്ങനെയുള്ള പ്രീണനങ്ങൾ ഭാരതത്തിന്റെ ഭരണഘടന മനസ്സിലാക്കുന്ന കക്ഷികൾ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നത് ആപ്പ് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?

കിട്ടുന്ന നികുതിപ്പണം സ്വന്തം കീശയിലാക്കുക എന്ന രാഷ്ട്രീയ ധർമ്മം മൊത്തത്തിൽ നശിപ്പിച്ച് കളഞ്ഞ്, ചിലവ് കഴിഞ്ഞ് ബാക്കി വരുന്ന പണത്തിൽ നിന്ന് ഒരു ഭാഗം ജനങ്ങൾക്ക് തന്നെ പല സേവനങ്ങളും FREE ആയി നൽകിക്കൊണ്ട് കെജ്രിവാൾ നടത്തുന്ന വാൾപ്രയോഗം ശരിക്കുമൊരു യുദ്ധപ്രഖ്യാപനം തന്നെയല്ലേ? FREE ആയി സേവനങ്ങൾ നൽകുക വഴി ഒരു ജനതയെ ആകപ്പാടെത്തന്നെ മടിയന്മാരാക്കുകയല്ലേ ചെയ്യുന്നത്? അഥവാ അങ്ങനെ എന്തെങ്കിലും നക്കാപ്പിച്ച ജനങ്ങൾക്ക് കൊടുക്കണമെങ്കിൽത്തന്നെ FREE എന്നതിന് പകരം DISCOUNT അല്ലെങ്കിൽ SUBSIDY അല്ലെങ്കിൽ REBATE എന്നിങ്ങനെയുള്ള പേരുകളിലല്ലേ കൊടുക്കേണ്ടത്? ഇതൊന്നും എന്തുകൊണ്ട് ആപ്പന്മാർക്ക് മനസ്സിലാവുന്നില്ല എന്ന് മനസ്സിലാവുന്നില്ല.

സർക്കാർ ആപ്പീസുകളിലും വഴികളിലെ മുക്കിലും മൂലക്കും CCTV ക്യാമറകൾ സ്ഥാപിച്ച് സംസ്ഥാനവാസികളുടെ സ്വകാര്യജീവിതം മുഴുവൻ തകരാറിലാക്കിയ മഹാനാണ് കെജ്രിവാൾ. മാത്രവുമല്ല FREE WIFI സിഗ്നലുകൾ സംസ്ഥാനമൊട്ടാകെ കെട്ടഴിച്ച് വിട്ടത് കാരണം പക്ഷികളും പൂമ്പാറ്റകളും കുരങ്ങന്മാരും ഡൽഹി വിട്ട് പോയത് ജനങ്ങൾ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?

600 കോടി അടങ്കൽ ചിലവ് പ്രതീക്ഷിക്കുന്ന സംരഭങ്ങൾ 400 കോടിക്ക് തീർത്ത് 200 കോടി ഖജനാവിൽ നിക്ഷേപിക്കുന്ന തെറ്റായ കീഴ്വഴക്കം ഉണ്ടായത്, കെജ്രിവാൾ എന്ന ഒരൊറ്റ മനുഷ്യന്റെ കഴിവ് കേട് ഒന്നുകൊണ്ട് മാത്രമാണ്. ഇതൊക്കെ പോകട്ടെ, മേല്പറഞ്ഞ നെറികേടുകളെല്ലാം ചെയ്തിട്ടും 100 കോടിയിലധികം മിച്ചം വരുന്ന ബഡ്ജറ്റ് അവതരിപ്പിക്കുക എന്ന ക്രിമിനൽ കുറ്റം കൂടി ചെയ്തയാളാണ് കെജ്രിവാൾ . ഇതുപോലെ കാക്കത്തൊള്ളായിരം കുറ്റങ്ങൾ ജനങ്ങളോട് ചെയ്തയാളാണ് ആപ്പും കെജ്രിവാളും. എന്നിട്ടും....

മാത്രവുമല്ല, കെജ്രിവാൾ പാക്കിസ്ഥാൻ അനുഭാവിയായ ഒരു തീവ്രവാദിയാണെന്ന് ഒരു കേന്ദ്രമന്ത്രി തന്നെ സ്വന്തം വീട്ടിലെ intelligence പ്രകാരം ജനങ്ങളോട് തുറന്ന് പറഞ്ഞിട്ടും ഈ ജനങ്ങളെന്തേ ഇങ്ങനെ പ്രതികരിക്കുന്നു? ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യന് മിനിമം ആരോഗ്യമെങ്കിലും വേണ്ടേ? മിനുട്ടിന് മിനുട്ടിന് ചുമക്കുകയും പ്രകൃതി ചികിത്സക്ക് സംസ്ഥാനം വിട്ട് ബംഗളൂരുവിൽ പോകുന്ന ആരോഗ്യമില്ലാത്ത കെജ്രിവാളിനെങ്ങനെ ഒരു നല്ല മുഖ്യമന്ത്രിയാവാനാവും? നല്ല ആരോഗ്യമുള്ള പ്രഗ്യാസിങ്ങും പതിനഞ്ച് കൊല്ലത്തെ അനുഭവജ്ഞാനവും പ്രായത്തെവെല്ലുന്ന ആരോഗ്യവുമുള്ള ദീക്ഷിതുമൊക്കെ ഉണ്ടാവുമ്പോൾ ഈ മാറാരോഗിയെ വീണ്ടും അധികാരത്തിലേറ്റേണ്ടതുണ്ടായിരുന്നോ?

ദില്ലിയെ ലണ്ടന് സമാനമാക്കുമെന്ന് പറഞ്ഞിട്ടും 80 ശതമാനം ഹിന്ദുക്കളുള്ളിടത്ത് എങ്ങനെ തോറ്റെന്ന് ബിജെപിയും, 60 വർഷങ്ങൾ രാജ്യം ഭരിക്കുകയും 15 വർഷങ്ങൾ ദൽഹി ഭരിക്കുകയും ചെയ്തിട്ട് എങ്ങനെ തോറ്റു എന്ന് കോൺഗ്രസ്സും, JNU വർഷാവർഷം കൈയ്യിലൊതുക്കിയിട്ടും ജയിച്ചില്ലല്ലോ എന്ന് സിപിഎമ്മും സങ്കടപ്പെട്ടിരിക്കുമ്പോൾ, ആകെയുള്ള സന്തോഷം, ബിജെപിയെ സംബന്ധിച്ചടുത്തോളം കോൺഗ്രസ്സ് തോറ്റു എന്നതും, കോൺഗ്രസ്സിനെ സംബന്ധിച്ചടുത്തോളം ബിജെപി തോറ്റു എന്നതും സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം കോൺഗ്രസ്സും ബിജെപിയും തോറ്റു എന്നത് മാത്രമാണ്. ആപ്പ് ജയിച്ചു എന്ന മഹാദുഃഖത്തിനിടയ്ക്കും ഇത്തരത്തിലുള്ള കൊച്ച് കൊച്ച് സന്തോഷങ്ങളിലാണ് രാഷ്ട്രത്തിന്റെ ഭാവി തുടിപ്പുകളിരിക്കുന്നത് എന്നതാണ് ഒരേയൊരാശ്വാസം !!

***

2 അഭിപ്രായങ്ങൾ:

  1. Facebook Comment:
    James Prathish കുറച്ചു കൂടി സിമ്പിൾ ആയിട്ടു പറയാമോ... എന്തുകൊണ്ട് bjp യും കോൺഗ്രസ് പാർട്ടിയും ഡൽഹിയിൽ തോറ്റു😩

    Venugopalan Kokkodan James Prathish, ആപ്പിനെ ഇകഴ്ത്താനെന്ന ഭാവേന, ഞാനുന്നയിച്ച പ്രശ്നങ്ങളെല്ലാം വിപരീത ദിശയിലെടുത്താൽ, എന്ത് കൊണ്ട് INC യും BJP യും CPIM ഉം അവിടെ തോറ്റു എന്ന് മനസ്സിലാകുമെന്നാണ് എന്റെ ഒരു തോന്നൽ. നവലിബറൽ കൊളോണലിയിസവും ആഗോളതാപനവും പ്രതിക്രിയാവാതകവുമൊന്നും വിശദീകരിക്കേണ്ടതായിട്ടുണ്ടെന്ന് തോന്നുന്നില്ല 😃

    Venugopalan Kokkodan Few of my friends used to discuss about my public postings separately in Whatsapp, privately. I used encourage them to discuss the same in public as there is nothing to hide and it will help persons to understand better who are interested on the topic. Here there is a discussion going in private and I think it would be better to copy and post the same here without naming the person as I like the content of the discussion.
    Friend: തുടർഭരണം കിട്ടുന്നത് ജനങ്ങൾ തൃപ്‌തരായതുകൊണ്ട് … ഉറപ്പിക്കട്ടെ ??? 😁അതോ 2014 and 2018 കേന്ദ്രസർക്കാർ 4 പ്രാവശ്യം ഭരിക്കുന്ന ഗുജറാത്ത് സർക്കാരിന്റെ കാര്യം വരുമ്പോൾ ചിലർക്കുണ്ടാകുന്ന സെലെക്ടിവ് ആമേനിഷ്യ ഉണ്ടാവുമോ 😂😂
    Me: താങ്കൾ തുടർഭരണം എന്ന ഉമ്മാക്കിയിൽ മാത്രം ഉടക്കി എനിക്ക് സെലക്ടീവ് അംനേഷ്യ യാണെന്ന നിഗമനത്തിലെത്തിച്ചേർന്നതിൽ ഞാനെന്ത് പറയാൻ! ആ തിലകം ഞാൻ അണിഞ്ഞോളാം.
    നല്ലതായാലും മോശമായാലും തുടർഭരണത്തിനു പല കാരങ്ങളുണ്ടാകാമെങ്കിലും, പല പല തിരഞ്ഞെടുപ്പുകൾ മുൻപ് നടന്നിട്ടുണ്ടെങ്കിലും, ഇവിടെ ഞാനുയർത്തിക്കാട്ടാൻ ശ്രമിച്ചത്, ആ തിരഞ്ഞെടുപ്പിലെ വിഷയങ്ങളും പുനർഭരണം കിട്ടാനുണ്ടാകുന്ന നല്ല കാരണങ്ങളും താരതമ്യേന ഒരുവിധം നല്ല രീതിയിലുള്ള അഴിമതിരാഹിത്യവുമാണ്. ഇന്ന്, ഭാരതത്തിലെ സംസ്ഥാനങ്ങളിൽ തീർച്ചയായും നല്ല രീതിയിൽ അഴിമതി ഇല്ലാതാക്കി ഭരിക്കുന്നത് aap ആണെന്ന് സമ്മതിക്കാൻ ചിലയാളുകൾക്ക് തിമിരശസ്ത്രക്രിയ തന്നെ വേണ്ടിവരും. 😊
    Friend: ചിലയാളുകൾക്ക് തിമിരശസ്ത്രക്രിയ തന്നെ വേണ്ടിവരും. That is exactly what I meant by Selective amnesia .
    Me: 😀 പലതരം രാഷ്ട്രീയങ്ങൾ മുന്നിലുണ്ടാവുമ്പോൾ ചീത്തയിൽ മേത്തരത്തിനെയോ ഉള്ളതിൽ നല്ലതിനെയോ തിരിച്ചറിയാൻ പറ്റാതെ അഥവാ അതിന്‌ ശ്രമിക്കാതെ അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടും അറിഞ്ഞെന്ന് ഭാവിക്കാതെ പോകുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ, അവരിൽ ചിന്തിക്കാനുള്ള ഒരു കാറ്റ് വീശുമ്പോൾ മൂടുപടമണിയുന്നതിനെ സൂര്യപ്രകാശം തട്ടുമ്പോൾ കണ്ണടയ്ക്കുന്ന ഈനാംപേച്ചിയെ ഓർമ്മ വന്നുപോകുന്നു!
    aap എല്ലാ അർത്ഥത്തിലും ഒന്നാമനാണെന്നൊന്നും ഞാൻ വാദിക്കുന്നില്ല. there is no saints in politics എന്നതിനെ ഞാനും അനുകൂലിക്കുന്നു. aap യുടെ ജയ് ഹനുമാൻ വിളിയെയും കേജ്രിവാളിന്റെ ഏകാധിപത്യമനോഭാവത്തെയും അതുകൊണ്ട് തന്നെയാണ് പരാമർശിച്ചത്.
    ആക്ഷേപഹാസ്യമാവുമ്പോൾ ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് പറയാൻ ശ്രമിക്കുമ്പോൾ അതിന്റെ ചുറ്റിലൂടെ സഞ്ചരിച്ചെന്ന് വരും. എന്നിരുന്നാലും പരിധിവിട്ട് കാലങ്ങൾ കടന്ന് പോവ്വാനും പറ്റില്ല. സഹിഷ്ണുത എന്ന് പറയുന്നത്, വിമർശനങ്ങളെ ആരോഗ്യപരമായി സമീപിക്കുക എന്നതാണ്. സഹിഷ്ണുത ഇല്ലാത്തത് കൊണ്ടാണ് എതിരാളിയെപ്പറ്റി പറയുമ്പോൾ മിണ്ടാതിരിക്കുന്നതും, അവനവനെപ്പറ്റി പറയുമ്പോൾ സടകുടഞ്ഞെഴുന്നേറ്റ് വന്ന് selective amnesia എന്ന് വാവിട്ട് പറയുന്നതും. ഉദാഹരണങ്ങൾ കൂടുതൽ പറഞ്ഞാൽ അതുതന്നെയെടുത്ത് തിരിച്ചിങ്ങോട്ടും പറയുമെന്നുള്ളതുകൊണ്ട് കൂടുതൽ വിശദീകരിക്കുന്നില്ല.😃

    മറുപടിഇല്ലാതാക്കൂ
  2. Facebook / whatsapp comments:
    Venugopalan Kokkodan Continuation of my friends conversation as there are limits of 800 characters 🙂
    Friend: താങ്കളുടെ ഒരു തെറ്റിദ്ധാരണ ഞാൻ ഇവിടെ തിരുത്തട്ടെ . ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന പാർട്ടിക്കാരൻ അല്ല, അനുഭാവി മാത്രം , അതിന്റ്റെ വിത്യാസം അറിയാം എന്ന് ധാരണയോടു പറയട്ടെ , വിമർശകരെ തിരിച്ചു വിമർശിക്കുമ്പോൾ അസഹിഷ്ണുത എന്ന് മുറവിളികൂട്ടുന്നതും ഒരു സഹിഷ്ണുത ഇല്ലായ്മ തന്നെ ആണ് . അതുകൊണ്ടു ആരുടെ സഹിഷ്ണുത ആണ് ഉത്തമം എന്നുള്ളത് അവിടെ നിൽക്കട്ടെ . 😁 നിഷ്പക്ഷം എന്ന് പറയുന്നവർ ചിലർ ചില രാഷ്ട്രീയ വിജയങ്ങൾ മാത്രം ഉയർത്തിക്കാട്ടുമ്പോൾ ഉണ്ടാകുന്ന ഒരു സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു എന്റ്റെത് ., അല്ലാതെ നിങ്ങൾ പറയുന്നതുപോലെ "എന്നെപ്പറ്റി" പറഞ്ഞതുകൊണ്ട് സടകുടഞ്ഞെഴുന്നേറ്റതല്ലാ . നിങ്ങളുടെ ആഗ്രഹം പോലെ അടുത്ത പ്രാവശ്യം തുറന്ന മൈതാനത്ത് തന്നെ ആകാം , ഗോദായിൽ കാണാം 😜😂
    Me: വിമർശനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. താങ്കൾ എല്ലാ പുനർവിജയങ്ങളും ഒരുപോലെ കാണണ്ടേ, അല്ലെങ്കിൽ മോദിയുടെ പുനർവിജയവും കെജ്‌രിവാളിന്റെ പുനർവിജയവും ഒരു പോലെ കാണുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് ഞാൻ മറുപടി പറഞ്ഞത്. ഞാൻ തീർച്ചയായും അങ്ങനെയല്ല കാണുന്നത്, അതുകൊണ്ട് തന്നെയാണ്, ലോകത്തു മറ്റുപല വിജയങ്ങളുണ്ടായിട്ടും തറ രാഷ്ട്രീയം കളിക്കാതെ അഴിമതിരഹിതഭരണം വേറിട്ട രീതിയിൽ കാഴ്ചവച്ച് താരതമ്യേന മാതൃകയായ കെജ്‌രിവാളിന്റെ പുനർവിജയത്തെക്കുറിച്ച് എഴുതിയത്. അല്ലാതെ നിങ്ങൾ ‘നിഷ്പക്ഷൻ’ എന്ന് വിളിച്ച് കളിയാക്കപ്പെടുന്ന ഞാൻ നിങ്ങളുടെ അനുഭാവം ഉള്ള മോദിയുടെ വിജയത്തെ മറന്ന് കെജ്‌രിവാളിനെ പ്രകീർത്തിച്ചതല്ല. പലയാളുകളും പലസ്ഥലങ്ങളിൽ പല രീതികളിൽ വിജയിക്കുകയും തുടർന്ന് വിജയിക്കുകയും പിന്നീട് വലിയ കാരണങ്ങൾ ഉണ്ടായിട്ടും ഇല്ലാതെയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. ഹിറ്റ്ലറും മുസ്സോളിനിയും സ്റ്റാലിനും ഒക്കെ തുടർച്ചയായി വിജയിച്ചിട്ടുണ്ട്. പക്ഷെ ഈ വിജയം ജനസാമാന്യം പ്രതീക്ഷിച്ചതായിരുന്നു. ജാതിയും മതവും ദേശഭക്തിയും ചേർന്ന കാർഡുകൾ ഇറക്കിക്കളിച്ചിട്ടും സംഭവിച്ച വിജയം, കെട്ട രാഷ്ട്രീയക്കളികളിൽ നിന്നുള്ള കുറച്ച് കാലത്തേക്കെങ്കിലുമുള്ള മോചനം. നാളെ aap പരാജയപ്പെട്ടേക്കാം. അവരും തനി അധികാരമത്ത് പൂണ്ട് തറ രാഷ്ട്രീയം മറ്റ് പാർട്ടികളെ പോലെ കളിച്ചേക്കാം. എന്നാലും ഈ വിജയം വേറിട്ട വിജയമായിരുന്നു. മറ്റ് പാർട്ടികൾ കണ്ട് പേടിക്കേണ്ട പാഠമായിരുന്നു. ആ വിജയത്തിനെക്കുറിച്ചാണ് ഈ ‘നിഷ്പക്ഷൻ‘ എഴുതിയത്. അതുകൊണ്ടാണ് അനുഭാവിയെന്ന് പറയുന്ന താങ്കൾക്ക് രണ്ട് വിജയങ്ങളുടെയും വ്യത്യാസം മനസ്സിലാവാതെ പോയത്!

    Venugopalan Kokkodan For the above friend again:
    നിഷ്പക്ഷതയെക്കുറിച്ച് ഒരു കാര്യം കൂടി: അനുഭാവികൾക്കും താങ്ങികൾക്കും ഒരിക്കലും നിഷ്പക്ഷത എന്താണെന്ന് മനസ്സിലാവില്ല. താങ്ങികളെക്കാൾ കുറച്ചെങ്കിലും കൂടുതലായിട്ട് അനുഭാവികൾക്ക് മനസ്സിലായെന്നേ വരൂ. അനുഭാവികളും താങ്ങികളും, അവർ അനുഭാവം പുലർത്തുന്നതിനെ കുറച്ചെങ്കിലും വിമർശിച്ച് കണ്ടാൽ ഉടനെ, അതേപോലെയെന്തെകിലും മറ്റവന്റെ തലയിൽ ചാർത്താനുണ്ടോ എന്നാണ് നോക്കുക. അല്ലെങ്കിൽ selective criticism ത്തിന് scope ഉണ്ടോ എന്ന് നോക്കും. അവർ സാധാരണയായി ചോദിക്കുന്ന ചോദ്യം ഇതാണ്: “മറ്റവരും കട്ടിട്ടില്ലേ, പിന്നെ നമ്മുടെ കളവിനെ മാത്രമെന്തിന് വിമർശിക്കുന്നു” - അവർ ഒരിക്കലും ‘കളവ്’ എന്ന സംജ്ഞയെ അവിടെ കാണില്ല. തിരിച്ചടിക്കാൻ എന്തെങ്കിലും ഉണ്ടോ എന്നെ നോക്കൂ. അഥവാ selective criticism ആണെന്ന് തോന്നുന്നെങ്കിൽത്തന്നെ, ആ criticism ത്തിൽ വല്ല കാര്യവുമുണ്ടോയെന്ന് നോക്കാൻ ശ്രമിക്കൂ...

    മറുപടിഇല്ലാതാക്കൂ