AAP എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
AAP എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 മാർച്ച് 19, വ്യാഴാഴ്‌ച

ജനപരീക്ഷണം

(Picture Courtesy: Google)

ചങ്കുവും മങ്കുവും തങ്കുവും പങ്കുവും ആറാം തരം മുതൽ പത്താം തരം വരെ ഒരേ ക്ലാസ്സിൽ ഒരുമിച്ചായിരുന്നു പഠിച്ചത്. നാല് പേരും എല്ലാവർക്കും പരിചിതർ. ആറാം ക്ലാസ്സിൽ, ക്ലാസ്സ് ലീഡർ മത്സരത്തിൽ ചങ്കുവും മങ്കുവും സ്ഥാനാർത്ഥികളായി. ചങ്കു ജയിച്ചു. പക്ഷേ ജഗ്ഗുവിന്റെ പേന മോഷണക്കേസിൽ ചങ്കു പിടിക്കപ്പെട്ടു. ഏഴാം ക്ലാസ്സിൽ ചങ്കുവും മങ്കുവും വീണ്ടും സ്ഥാനാർഥികളായി. പണ്ടത്തെ പേനാമോഷണം തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമായി. തങ്കുവിന് പേനാമോഷണം ഇഷ്ടപ്പെടാഞ്ഞത് കൊണ്ട്, തങ്കു മങ്കുവിന് വേണ്ടി വോട്ട് പിടിച്ചു.ആ മത്സരത്തിൽ ചങ്കു തോറ്റു. പക്ഷേ നന്നായി പഠിച്ച് റാങ്ക് വാങ്ങിക്കുന്ന പങ്കുവിന്റെ രണ്ട് രൂപാ മോഷണക്കേസിൽ മങ്കു പിടിക്കപ്പെട്ടു.

എട്ടാം തരത്തിൽ വീണ്ടും ചങ്കുവും മങ്കുവും ഏറ്റുമുട്ടി. അപ്പഴേക്കും പേനാമോഷണം എല്ലാവരും മറന്നിരുന്നു. രണ്ട് പേരുടെയും കട്ട സപ്പോർട്ടുകാർ തമ്മിലടിച്ചു. രണ്ട് രൂപാ മോഷണക്കേസ് കാരണം തങ്കു ഇത്തവണ ചങ്കുവിനെ സപ്പോർട്ട് ചെയ്തു. ചങ്കു ജയിച്ചു. ആ വർഷം പങ്കുവിന് അഖിലേന്ത്യാ സയൻസ് പ്രൊജക്ടിൽ ഒന്നാം സ്ഥാനം കിട്ടി. പക്ഷേ ചിന്തയുടെ പാവാട പൊക്കിയെന്ന കേസിൽ ചങ്കു പിടിക്കപ്പെട്ടു. നാണക്കേടായി. ഒമ്പതാം തരത്തിൽ വീണ്ടും ചങ്കുവും മങ്കുവും ഏറ്റുമുട്ടി. ചിന്താക്കേസ് കാരണം ഇത്തവണ തങ്കു മങ്കുവിന് വേണ്ടി വോട്ട് പിടിച്ചു, മങ്കു ജയിച്ചു. പങ്കു ആ വർഷം കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ മൂത്രപ്പുരയിലുള്ളപ്പോൾ പിങ്കിയെ എത്തിനോക്കിയെന്ന കേസിൽ മങ്കു പിടിക്കപ്പെട്ടു.

പത്താം തരത്തിൽ വീണ്ടും ഇതേ സ്ഥാനാർത്ഥികൾ! പിങ്കിക്കേസ് കാരണം ചിന്താക്കേസ് ആരുടേയും ചിന്തയിൽ അത്രയ്ക്കങ്ങട് ഉണ്ടായിരുന്നില്ല. പിങ്കിക്കേസാണ് മുഖ്യം. പരസ്പരം ആരോപണങ്ങൾ. ഞാൻ പാവാട മാത്രമേ പൊക്കിയിട്ടുള്ളൂ എന്നും അതിനേക്കാൾ വലുതാണ് എത്തിനോക്കലെന്നും ചങ്കു. പാവാട പൊക്കിയതാണ് കൂടുതൽ പ്രശ്നമെന്ന് മങ്കു. തങ്കു ഇത്തവണ തിരിച്ച് ചങ്കുവിനെ സപ്പോർട്ട് ചെയ്തു. പിങ്കിയും ചിന്തയും ജഗ്ഗുവും മറ്റ് കുട്ടികളും കൂടെ ചേർന്ന് പങ്കുവിനെക്കൂടി സ്ഥാനാർത്ഥിയാക്കി. തിരഞ്ഞെടുപ്പ് നടന്നു. പങ്കു ജയിച്ചു. ചങ്കുവും മങ്കുവും കൂടിച്ചേർന്ന് പങ്കുവിന്റെ കുപ്പായം വലിച്ച് കീറി. തങ്കു നോക്കി നിന്നു ! ചങ്കുവിന്റെയും മങ്കുവിന്റെയും കട്ട സപ്പോർട്ടർമാർ പരസ്പരം ചെളി കൊണ്ട് ഹോളി കളിച്ചു.

'ബോധോദയം' മാസികയിലെ 'ജനാധിപത്യം' എന്ന കഥ ഇത്രയുമായപ്പോഴേക്കും, ഞാൻ കയറിയിരുന്ന തീവണ്ടി ഡൽഹിയിലെ നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തിയിരുന്നു. അതുവരെയുള്ള സ്റ്റേഷനുകളിൽ മാസികയിലെ തങ്കുവിന്റെ രേഖാചിത്രത്തിന് സാമ്യമുള്ളവരെ കണ്ടിരുന്ന ഞാൻ, നിസാമുദ്ദീനിലെത്തിയപ്പോൾ പിങ്കിയുടെയും ചിന്തയുടെയും ജഗ്ഗുവിന്റെയും രേഖാചിത്രത്തിന് സാമ്യമുള്ളവരെ കണ്ടു. ട്രാക്കിനരികിൽ നിന്ന് ലഗ്ഗേജ് സംബന്ധമായി തല്ല് കൂടിയിരുന്ന രണ്ട് പോർട്ടർമാർ ചങ്കുവും മങ്കുവുമാണോ എന്ന് സംശയം തോന്നി. അപ്പഴേക്കും പങ്കുവിനെപ്പോലെ  തോന്നിക്കുന്ന ഒരാൾ പച്ചക്കൊടിയുമായി പുറത്ത് വന്ന് വീശാൻ തുടങ്ങി. അത് സ്റ്റേഷൻ മാസ്റ്ററായിരുന്നു. വണ്ടി വീണ്ടും നീങ്ങിത്തുടങ്ങി.  ലക്ഷ്യസ്ഥാനമായ മഞ്ഞുമലയിൽ നിന്ന് വരുന്ന കുളിർകാറ്റേൽക്കാൻ ഇനിയും ബഹുദൂരം പോകാനുണ്ട്.

***

2020 ഫെബ്രുവരി 18, ചൊവ്വാഴ്ച

ഡൽഹിയിലെ വികസിക്കാത്ത മന്ദബുദ്ധികൾ !

(Picture Courtesy: Google)

അങ്ങനെ, ഡൽഹിയിലെ 2020 ലെ തിരഞ്ഞെടുപ്പ് കോലാഹലങ്ങൾ ഒരുവിധം കെട്ടടങ്ങി. പക്ഷേ ഈ തിരഞ്ഞെടുപ്പുണ്ടാക്കിയ ദഹനക്കേടുകൾ, അഥവാ  മന്ദബുദ്ധികളായ ഡൽഹിയിലെ സമ്മതിദായകരുണ്ടാക്കിയ ജനാധിപത്യമുറിവുകൾ പെട്ടന്ന് മാറുന്നതാണോ? സത്യത്തിൽ ഡൽഹിക്കാർ ഇത്ര മണ്ടന്മാരാണോ ? യഥാർത്ഥത്തിൽ, ഡൽഹി തിരഞ്ഞെടുപ്പ് ഫലം വിശദീകരിക്കുന്ന ചാനലുകളും പത്രങ്ങളും നോക്കാൻ തന്നെ നാണം തോന്നിപ്പോയി. ഇങ്ങനെ പോയാൽ ഇന്ത്യൻ രാഷ്ട്രീയം എവിടെച്ചെന്ന് നിൽക്കും?

ഇന്നത്തെ ഒരവസ്ഥ വച്ച് ബിജെപി തന്നെയായിരുന്നു നമ്മുടെ രാജ്യവും ഡൽഹിയും ഭരിക്കാൻ ഒന്നാംതരം യോഗ്യതയുള്ളവർ. രാജ്യസ്നേഹത്തിനെക്കുറിച്ചും പാകിസ്ഥാൻ ഭീഷണികളെക്കുറിച്ചും ചൈനയുടെ ചുവപ്പിന്റെയുള്ളിലെ മർദ്ദങ്ങളെക്കുറിച്ചും ഹിന്ദുമതത്തിന്റെ യഥാർത്ഥ വികാരങ്ങളെക്കുറിച്ചും രാഷ്ട്രപുരോഗതിയെക്കുറിച്ചും, അക്രമരാഹിത്യത്തെക്കുറിച്ചും, മതം, മതേതരത്തം, പാരമ്പര്യം, പുകൾപെറ്റ സംസ്കാരം  എന്നിവയേക്കുറിച്ചും  ബിജെപിയോളം അവഗാഹമുള്ള ഒരു കക്ഷി ഭാരതത്തിൽ ഇന്ന് നിലവിലില്ല. ആംഗലേയ രാജവംശത്തിന്റെ താവഴി കാത്ത് സൂക്ഷിക്കുന്ന കോൺഗ്രസ്സ് ജനങ്ങളിൽ നിന്ന് എന്നേ അകന്നു കഴിഞ്ഞു. ജവഹർലാൽ നെഹ്രുവിനെയും ഗാന്ധിജിയെയും മാത്രം വിറ്റ് എത്രകാലം മുന്നോട്ട് പോവ്വാൻ പറ്റും? അതിലിടക്ക്, തരൂർ എന്ന ബുദ്ധിശൂന്യൻ കളമറിയാതെ കയറുകയും ചെയ്തു. സമത്വവും സാഹോദര്യവും രാജ്യാന്തരതലത്തിൽ തന്നെ വാരിക്കോരിവിതറി എങ്ങുമെത്താതെ പോയ കമ്മ്യൂണിസ്റ്റുകാരെ അരിയിലെ കല്ല് മുറത്തിലിട്ട് ഒരു മൂലക്ക് കൂട്ടിയത് പോലെ, ഏതെങ്കിലും മൂലകളിൽ തപ്പി നോക്കണം. പിന്നെയുള്ളത്, ചില പ്രാദേശിക വികാരങ്ങൾ മാത്രം. കുഞ്ഞ് കുഞ്ഞ് വികാരങ്ങൾ മല പോലെ പെരുപ്പിച്ച് വികാരങ്ങളിളക്കുന്ന വെറും  പ്രാദേശികർ, അവർക്ക് ദേശീയബോധം എന്നത് തീരെയില്ലതാനും. അവശേഷിക്കുന്നത് അല്ലറച്ചില്ലറ ജാതിമത കക്ഷികൾ, അവരെയാര് ഗൗനിക്കുന്നു! ജാതിമതകക്ഷികളൊക്കെ ജനങ്ങൾക്ക് നല്ല ബുദ്ധി തോന്നാനുള്ള വൈറ്റമിൻ കൊടുക്കുന്ന തിരക്കിലുമാണ്.

പിന്നെ ആപ്പാണുള്ളത്. അവരെന്ത് തോന്ന്യാസികളാണ്. ദേശീയബോധമോ എന്തെങ്കിലും ഒരു ആശയസംഹിതയോ ആദർശമോ അവർക്കില്ല. ഭരണ പരിചയങ്ങൾ കാര്യമായി ഒട്ടും ഇല്ല. ഒരു രാഷ്ട്രീയകക്ഷി എങ്ങനെ ആവാതിരിക്കാൻ പാടില്ല എന്നതിന്റെ മകുടോദാഹരണമാണ് ആപ്പ്. ഏതൊക്കെയോ കക്ഷികളിൽ നിന്ന് അധികാരമോഹികളായി ചേക്കേറിയവരും, എവിടുന്നൊക്കെയോ വിദ്യാഭ്യാസം നേടിയ പൊട്ടന്മാരും, ഇന്ത്യയിലെ സദാചാരരാഷ്ട്രീയത്തെ മുഴുവൻ വെല്ലുവിളിക്കുന്നവരുമായ ആളുകളാണ് ആപ്പിനെ നിയന്ത്രിക്കുന്നത്. കെജ്രിവാൾ എന്ന അതിന്റെ അധിപനാണെങ്കിൽ മറ്റുള്ളവരെ വളരാനനുവദിക്കാത്ത ക്രൂരനായ സ്വേച്ഛാധിപതിയുമാണ്. എന്നിട്ടും തോന്ന്യാസികളായ, വിവരമില്ലാത്ത ജനങ്ങൾ എന്തിന് നിയമസഭയിലേക്ക് ആപ്പിനെ വീണ്ടും ഒരഞ്ച് കൊല്ലത്തേക്ക് കൂടി അവരെ ഭരിക്കാൻ തിരഞ്ഞെടുത്തു എന്നത് ഒട്ടും മനസ്സിലാവുന്നില്ല.

അഴിമതി ഇല്ലാതാക്കുക അഥവാ കുറയ്ക്കുക എന്നത് രാഷ്ട്രീയപ്പാർട്ടികളുടെയോ രാഷ്ട്രീയ കക്ഷികൾ നയിക്കുന്ന സർക്കാരിന്റെയോ പണിയാണോ? അല്ലേയല്ല. പദ്ധതികൾക്ക് കാലങ്ങളായി പണം കൂട്ടിക്കൊടുക്കുക എന്നല്ലാതെ, പദ്ധതികൾ നേരത്തേ പൂർത്തിയാക്കി, അതിൽ നിന്ന് ലാഭം കൊയ്യാമോ? ഇതൊന്നും നല്ല ഒരു ഭരണത്തിന്റെ ലക്ഷണമല്ല.

വെള്ളവും വൈദ്യുതിയും ജനങ്ങൾക്ക് സുലഭമാക്കുകയോ കുറഞ്ഞ പൈസക്ക് കൊടുക്കുകയോ ചെയ്യുന്നത് എവിടത്തെ ഏർപ്പാടാണ്? മഴയെയോ പുഴയെയോ അല്ലേ വെള്ളത്തിന് വേണ്ടി ആശ്രയിക്കേണ്ടത്? കുറഞ്ഞത് പത്ത് മണിക്കൂറെങ്കിലും ലോഡ് ഷെഡിങ് ഇല്ലാത്ത സംസ്ഥാനം എന്ത് സംസ്ഥാനമാണ്? ഓരോ മനുഷ്യനും സ്വയം തെണ്ടിയുണ്ടാക്കുന്ന രോഗങ്ങൾ സൗജന്യനിരക്കിലോ കുറഞ്ഞ നിരക്കിലോ ചികിൽസിക്കാൻ ഏർപ്പാടുണ്ടാക്കാമോ? അതൊക്കെ എണ്ണപ്പണം കൂടുതലുള്ള ഗൾഫ് രാജ്യങ്ങളിലെ മാത്രം ഏർപ്പാടല്ലേ? ആ പരിപാടി ഡൽഹിക്കാർക്കെങ്ങനെ ഗുണം ചെയ്യും? അതും പോകട്ടെ, വിദ്യാഭ്യാസം ഒരു അവകാശമാക്കി ഒരു വലിയ പരിധി വരെ സൗജന്യമാക്കികൊടുക്കുന്നത് താന്തോന്നിത്തരമല്ലേ? വിദ്യാഭ്യാസം പോലുള്ള കച്ചവടങ്ങളെ ഒരു സർക്കാർ മൊത്തത്തിലങ്ങ് നിർജ്ജീവമാക്കാമോ?

രാഷ്ട്രീയക്കളികൾ എന്നത്, ആപ്പൊഴിച്ചുള്ള രാഷ്ട്രീയകക്ഷികൾക്ക് മാത്രം ബാധകമാകുമ്പോൾ ആപ്പെങ്ങനെയാണ്  തനി രാഷ്ട്രീയം കളിക്കുക? ബിജെപിക്കാർ 'ജയ് ശ്രീരാം' എന്ന് വിളിക്കുമ്പോൾ ആപ്പിനെങ്ങനെ 'ജയ് ഹനുമാൻ' എന്ന് വിളിക്കാൻ തോന്നുന്നു? പെണ്ണുങ്ങളുടെ വോട്ട് കൈയ്യിലാക്കാൻ മെട്രോ പോലുള്ള സേവനങ്ങൾ അവർക്ക് ഫ്രീ കൊടുക്കുന്നത്, മത പ്രീണനത്തിന് സമാനമായ ലിംഗപ്രീണനമല്ലേ? ഇങ്ങനെയുള്ള പ്രീണനങ്ങൾ ഭാരതത്തിന്റെ ഭരണഘടന മനസ്സിലാക്കുന്ന കക്ഷികൾ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നത് ആപ്പ് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?

കിട്ടുന്ന നികുതിപ്പണം സ്വന്തം കീശയിലാക്കുക എന്ന രാഷ്ട്രീയ ധർമ്മം മൊത്തത്തിൽ നശിപ്പിച്ച് കളഞ്ഞ്, ചിലവ് കഴിഞ്ഞ് ബാക്കി വരുന്ന പണത്തിൽ നിന്ന് ഒരു ഭാഗം ജനങ്ങൾക്ക് തന്നെ പല സേവനങ്ങളും FREE ആയി നൽകിക്കൊണ്ട് കെജ്രിവാൾ നടത്തുന്ന വാൾപ്രയോഗം ശരിക്കുമൊരു യുദ്ധപ്രഖ്യാപനം തന്നെയല്ലേ? FREE ആയി സേവനങ്ങൾ നൽകുക വഴി ഒരു ജനതയെ ആകപ്പാടെത്തന്നെ മടിയന്മാരാക്കുകയല്ലേ ചെയ്യുന്നത്? അഥവാ അങ്ങനെ എന്തെങ്കിലും നക്കാപ്പിച്ച ജനങ്ങൾക്ക് കൊടുക്കണമെങ്കിൽത്തന്നെ FREE എന്നതിന് പകരം DISCOUNT അല്ലെങ്കിൽ SUBSIDY അല്ലെങ്കിൽ REBATE എന്നിങ്ങനെയുള്ള പേരുകളിലല്ലേ കൊടുക്കേണ്ടത്? ഇതൊന്നും എന്തുകൊണ്ട് ആപ്പന്മാർക്ക് മനസ്സിലാവുന്നില്ല എന്ന് മനസ്സിലാവുന്നില്ല.

സർക്കാർ ആപ്പീസുകളിലും വഴികളിലെ മുക്കിലും മൂലക്കും CCTV ക്യാമറകൾ സ്ഥാപിച്ച് സംസ്ഥാനവാസികളുടെ സ്വകാര്യജീവിതം മുഴുവൻ തകരാറിലാക്കിയ മഹാനാണ് കെജ്രിവാൾ. മാത്രവുമല്ല FREE WIFI സിഗ്നലുകൾ സംസ്ഥാനമൊട്ടാകെ കെട്ടഴിച്ച് വിട്ടത് കാരണം പക്ഷികളും പൂമ്പാറ്റകളും കുരങ്ങന്മാരും ഡൽഹി വിട്ട് പോയത് ജനങ്ങൾ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?

600 കോടി അടങ്കൽ ചിലവ് പ്രതീക്ഷിക്കുന്ന സംരഭങ്ങൾ 400 കോടിക്ക് തീർത്ത് 200 കോടി ഖജനാവിൽ നിക്ഷേപിക്കുന്ന തെറ്റായ കീഴ്വഴക്കം ഉണ്ടായത്, കെജ്രിവാൾ എന്ന ഒരൊറ്റ മനുഷ്യന്റെ കഴിവ് കേട് ഒന്നുകൊണ്ട് മാത്രമാണ്. ഇതൊക്കെ പോകട്ടെ, മേല്പറഞ്ഞ നെറികേടുകളെല്ലാം ചെയ്തിട്ടും 100 കോടിയിലധികം മിച്ചം വരുന്ന ബഡ്ജറ്റ് അവതരിപ്പിക്കുക എന്ന ക്രിമിനൽ കുറ്റം കൂടി ചെയ്തയാളാണ് കെജ്രിവാൾ . ഇതുപോലെ കാക്കത്തൊള്ളായിരം കുറ്റങ്ങൾ ജനങ്ങളോട് ചെയ്തയാളാണ് ആപ്പും കെജ്രിവാളും. എന്നിട്ടും....

മാത്രവുമല്ല, കെജ്രിവാൾ പാക്കിസ്ഥാൻ അനുഭാവിയായ ഒരു തീവ്രവാദിയാണെന്ന് ഒരു കേന്ദ്രമന്ത്രി തന്നെ സ്വന്തം വീട്ടിലെ intelligence പ്രകാരം ജനങ്ങളോട് തുറന്ന് പറഞ്ഞിട്ടും ഈ ജനങ്ങളെന്തേ ഇങ്ങനെ പ്രതികരിക്കുന്നു? ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യന് മിനിമം ആരോഗ്യമെങ്കിലും വേണ്ടേ? മിനുട്ടിന് മിനുട്ടിന് ചുമക്കുകയും പ്രകൃതി ചികിത്സക്ക് സംസ്ഥാനം വിട്ട് ബംഗളൂരുവിൽ പോകുന്ന ആരോഗ്യമില്ലാത്ത കെജ്രിവാളിനെങ്ങനെ ഒരു നല്ല മുഖ്യമന്ത്രിയാവാനാവും? നല്ല ആരോഗ്യമുള്ള പ്രഗ്യാസിങ്ങും പതിനഞ്ച് കൊല്ലത്തെ അനുഭവജ്ഞാനവും പ്രായത്തെവെല്ലുന്ന ആരോഗ്യവുമുള്ള ദീക്ഷിതുമൊക്കെ ഉണ്ടാവുമ്പോൾ ഈ മാറാരോഗിയെ വീണ്ടും അധികാരത്തിലേറ്റേണ്ടതുണ്ടായിരുന്നോ?

ദില്ലിയെ ലണ്ടന് സമാനമാക്കുമെന്ന് പറഞ്ഞിട്ടും 80 ശതമാനം ഹിന്ദുക്കളുള്ളിടത്ത് എങ്ങനെ തോറ്റെന്ന് ബിജെപിയും, 60 വർഷങ്ങൾ രാജ്യം ഭരിക്കുകയും 15 വർഷങ്ങൾ ദൽഹി ഭരിക്കുകയും ചെയ്തിട്ട് എങ്ങനെ തോറ്റു എന്ന് കോൺഗ്രസ്സും, JNU വർഷാവർഷം കൈയ്യിലൊതുക്കിയിട്ടും ജയിച്ചില്ലല്ലോ എന്ന് സിപിഎമ്മും സങ്കടപ്പെട്ടിരിക്കുമ്പോൾ, ആകെയുള്ള സന്തോഷം, ബിജെപിയെ സംബന്ധിച്ചടുത്തോളം കോൺഗ്രസ്സ് തോറ്റു എന്നതും, കോൺഗ്രസ്സിനെ സംബന്ധിച്ചടുത്തോളം ബിജെപി തോറ്റു എന്നതും സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം കോൺഗ്രസ്സും ബിജെപിയും തോറ്റു എന്നത് മാത്രമാണ്. ആപ്പ് ജയിച്ചു എന്ന മഹാദുഃഖത്തിനിടയ്ക്കും ഇത്തരത്തിലുള്ള കൊച്ച് കൊച്ച് സന്തോഷങ്ങളിലാണ് രാഷ്ട്രത്തിന്റെ ഭാവി തുടിപ്പുകളിരിക്കുന്നത് എന്നതാണ് ഒരേയൊരാശ്വാസം !!

***