2020, ഫെബ്രുവരി 3, തിങ്കളാഴ്‌ച

മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം

(Picture Source: Google)
Published in Naaraayam Facebook Page on 29th Jan 2020

വിശ്വാസിയാണോ അല്ലയോ എന്നുള്ളതോ തെളിവുകളില്ലാത്തത് കൊണ്ടും ഒരുതരത്തിലും മനസ്സിലാക്കാൻ, ബോധമനസ്സിന് യാതൊരുതരത്തിലുമുള്ള ഉപാധികളില്ലാത്തതുകൊണ്ടുമാണ് ‘ചില കാര്യങ്ങൾ’ ‘വിശ്വസി’ക്കേണ്ടിവരുന്നതെന്നതുകൊണ്ട്, ‘വിശ്വാസം’ തന്നെ ഒരുതരം അന്ധവിശ്വാസമല്ലേ എന്നുള്ളതോ ഒന്നുമല്ല ഇന്നത്തെ നമ്മുടെ വിഷയം 😊

ഒരു ബല്യ മാറ്റത്തിന് കൂടി നമ്മുടെ ‘മഹാ’ഭാരതത്തിൽ തുടക്കമായിരിക്കുന്നു. സ്ത്രീകളെയും മുസ്‌ലീം പള്ളികളിൽ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്നുള്ള പൂനെ സ്വദേശികളുടെ അപേക്ഷയിൽ, സ്ത്രീകൾക്ക് പള്ളികളിൽ കയറാനും പ്രാർത്ഥിക്കാനും ഒരു തടസ്സവുമില്ലെന്നും ഞങ്ങളതിന് അനുകൂലമാണെന്നും പറഞ്ഞുകൊണ്ട് മുസ്‌ലീം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം കൊടുത്തിരിക്കുന്നു. മുഴുവനായും പുരോഗമിച്ചില്ലെങ്കിലും പുരോഗമനത്തിലേക്കുള്ള പുരോഗമനപരമായ മാറ്റം!!

സ്ത്രീകൾ ദൃഷ്ടിയിൽ വന്നാൽ കലിയുഗവരദന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമ്പോലെ, ആരുടെയൊക്കെ പള്ളികളിൽ (പള്ളികൾ ദേവാലയമല്ല, മറിച്ച് പ്രാർത്ഥനാലയമാണെന്നൊക്കെ പറഞ്ഞ് എന്നെ മലർത്തിയടിച്ചേക്കാം 🤔) ഏതൊക്കെ ദൈവത്തിന്റെ (മുസ്ലീമികൾക്ക് ഒരു ദൈവമേയുള്ളൂവെന്ന് പണ്ഡിതന്മാർ പറഞ്ഞുവച്ചിട്ടുള്ളത് മറക്കുന്നില്ല. പക്ഷേ, ഒരു ദൈവമേയുള്ളൂവെങ്കിലും ഒരേ ഒരു ദൈവവും ഒരേയൊരു പുസ്തകവും വച്ച് നൂറായിരം വകതിരിവുകൾ ദൈവം തന്നെയുണ്ടാക്കിയിട്ടുണ്ടല്ലോ 😄)ബ്രഹ്മചര്യമാണ് ഇനി നഷ്ടപ്പെടാൻ പോകുന്നതെന്ന് ദൈവത്തിന് പോലും നിശ്ചയമില്ലാത്ത അവസ്ഥയിൽ, ചുരുങ്ങിയത്, ആരുടെയോ ‘കത്തിച്ചാൽ കത്താത്ത’ നീളൻ മുടിയുമെടുത്ത്, ശുദ്ധജലം ദിവ്യജലമാക്കി വിതരണം ചെയ്ത്, നാല്പത് കോടിയുടെ പള്ളിയുണ്ടാക്കി നാട്ടുകാരെ അനുഗ്രഹീതരാക്കാൻ നടക്കുന്ന, സ്ത്രീകൾ മുഷ്ടി ചുരുട്ടുന്നതിൽ കുണ്ഠിതമുള്ള നമ്മുടെ കാന്തപുരത്തിനെങ്കിലും നിശ്ചയമുണ്ടാവുമെന്ന് നമുക്ക് ‘വിശ്വസി’ക്കാം 😀!!


***

5 അഭിപ്രായങ്ങൾ:

  1. Facebook Comments:
    Jobin Kuruvilla മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം!

    Babu Pkd വിശ്വാസവും അന്ധവിശ്വാസവും ഒരു വിശ്വാസം മാത്രം ഇന്ന് നാണംകെട്ടവന്റെ ആസനത്തിൽ ആല്കിളിർത്താലും അതും തണലാക്കി അനുയായികളെ വിലക്ക് വാങ്ങി സധാരണ ജനങ്ങളെ ചൂഷണം ച്ചെയ്ത് ജീവിക്കുന്ന നേതാക്കളുടെ കാലമാണ്.

    Venugopalan Kokkodan Babu Pkd , കണ്ണുമടച്ച് വിശ്വസിക്കുന്ന അണികളും വിശ്വാസികളുമുള്ളിടത്തോളം നേതാക്കന്മാർക്കും മതപുരോഹിതന്മാർക്കും കുശാലാണ് !��

    Abubacker V Backer Moideen ദൈവമുണ്ടോ, ഇല്ലയോ എന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട ഒരു കാര്യവുമില്ല. എല്ലാ ഓരോ മനുഷ്യനും സ്വന്തം ഹൃദയത്തിൽ ഉണ്ടാകേണ്ട ഒരു വികാരമാണ് അത്. തനിക്കു താൻ തന്നെ മതിയോ എന്നും തനിക്കു മുമ്പ് താനെവിടെയായിരുന്നെന്നും ഉള്ള ഒരു ചിന്ത. ആഹാരവും, ഉറക്കവും, ഭോഗവും, എന്നും അനുവർത്തിച്ചു കൊണ്ട് ജീവിക്കുമ്പോൾ ജീവിതത്തിനു വല്ല അർത്ഥവും ഉണ്ടോ? ആവർത്തനം തന്നെയാണോ ജീവിതം? മതങ്ങൾ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ട്. താൻ എന്നെപോലെയാകണം, അല്ലെങ്കിൽ അപരനെപ്പോലെ താനാകണം എന്ന വാശിയാണ് പ്രശ്നം.എന്തിനെയും ഏതിനെയും വിമർശിക്കുവാൻ സ്വാതന്ത്ര്യം ഉണ്ടെന്നു വെച്ച് യാതൊരു നേട്ടവും ആർക്കും നൽകാത്ത ഗ്രഹണി(ദഹിക്കാത്ത)പിടിച്ച വിമർശനം ഒട്ടും ആശാസ്യമല്ല.

    Venugopalan Kokkodan Abubacker V Backer Moideen, അബുബക്കറിക്കാ, അസ്സലാമു അലൈക്കും!
    ദൈവവിശ്വാസിയൊന്നുമല്ലെങ്കിലും അടയാളങ്ങളൊന്നുമണിയാതെ അവനവന് ഇഷ്ടമുള്ള മതവിശ്വാസമോ ദൈവവിശ്വാസമോ മറ്റുള്ളവരെ വിഷമിപ്പിക്കാതെ, അവനവന്റെ സ്വകാര്യതയിൽ അനുഷ്ഠിക്കുന്നതിനോട് എനിക്കെതിർപ്പൊന്നുമില്ല. പക്ഷേ, ഇങ്ങനെയേ പാടുള്ളൂ അങ്ങനെയേ പാടുള്ളൂ എന്നൊക്കെപ്പറഞ്ഞ് മറ്റ് മതക്കാരുടെയും സ്വന്തം മതത്തിലെ പെണ്ണുങ്ങളുടെ മേലേയും, തന്നെക്കാൾ താഴ്ന്ന ജാതിയെന്ന് തോന്നിക്കുന്നവരുടെ മേലേയും അടിച്ചേൽപ്പിക്കുന്നത് ഒരു നല്ല പരിപാടിയല്ല, ഏത് ദൈവത്തിന്റെയും മതത്തിന്റെയും പേര് പറഞ്ഞിട്ടായാലും ശരി. ഏത് വസ്ത്രം എങ്ങനെ ഉടുക്കണമെന്നും, എവിടെയൊക്കെ ആർക്കൊക്കെ പോകാമെന്നുമുള്ളതൊക്കെ മനുഷ്യന്റെ നിയമങ്ങളാണ്, അല്ലാതെ ദൈവത്തിന്റെയല്ല. നേതാവോ പുരോഹിതനോ പറയുന്നതെല്ലാം കണ്ണുമടച്ച് തൊണ്ട തൊടാതെ വിഴുങ്ങുന്നത്, ഒരു നല്ല മനുഷ്യന്റെ ലക്ഷണവുമല്ല. നന്നായി ജീവിക്കാൻ ഒരു ദൈവത്തിന്റെയും ആവശ്യമില്ല. ദൈവത്തിന്റെ പേരിൽ കൂട്ടക്കൊലകളും, കൊള്ളകളും മാത്രമേ ലോകത്ത് നടക്കുന്നുള്ളൂ...
    എന്തായിരുന്നാലും, ഇവിടെ വിഷയം ദൈവമോ വിശ്വാസമോ ആയിരുന്നില്ല, മറിച്ച്, സ്ത്രീകളോടുള്ള വിവേചനമായിരുന്നു. പക്ഷേ, താങ്കൾ തൂങ്ങിയത് വിശ്വാസത്തിന്റെ മേലേയും!

    മറുപടിഇല്ലാതാക്കൂ
  2. Facebook Comments:
    Abubacker V Backer Moideen Venugopalan Kokkodan താങ്കൾക്ക് സമാധാനം ഉണ്ടായിരിക്കട്ടെ, നല്ലൊരു തോട്ടം ചുറ്റും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. പക്ഷെ കന്നുകാലികൾ വേലിക്കു പുറത്തു ചുറ്റും മേഞ്ഞു നടന്നു കൊണ്ട് വേലി പൊളിച്ചോ ഏതെങ്കിലും പഴുതിലൂടെയോ തോട്ടത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ വിളകളെല്ലാം അവ നശിപ്പിച്ചു കളയും. അത് പോലെ മനുഷ്യരും വളരെ നിസ്സാര തെറ്റുകൾ ചെയ്തു കൊണ്ട് വലിയ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള മാനസിക അവസ്ഥയിൽ എത്തിച്ചേരും.അവിടെയാണ് മതപണ്ഡിന്മാർ ഇതേ കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ ആരെയും നിർബന്ധിക്കുന്നില്ല. അത് പാടുമില്ല. മതത്തിൽ ആരെയും നിർബന്ധിക്കരുതെന്നു ഖുർആനിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. സ്ത്രീകൾ അപമാനിക്കപ്പെടാനോ, അവഹേളിക്കപ്പെടാനോ സാധ്യതയുള്ള കാര്യങ്ങൾ ഉപേക്ഷിക്കണം എന്നേ വിവക്ഷിക്കുന്നുള്ളു. അത് വഴി പുരുഷന്മാരും അപമാനിതരാവും. സ്ത്രീകളുടെ സുരക്ഷ അവരുടെ രക്ത ബന്ധുക്കളിലും, ഭർത്താക്കന്മാരിലും മാത്രം നിക്ഷിപ്‌തമാണ്. അല്ലാതെ മതപണ്ഡിതന്മാരിൽ അല്ല. അവർക്കു ഉപദേശിക്കാനുള്ള കടമയുണ്ട്. തിന്മക്കെതിരെ നന്മ ഉപദേശിക്കുക. കേൾക്കുന്നവർക്ക് തള്ളാം, കൊള്ളാം. എന്നാൽ സ്ഥാനത്തും അസ്ഥാനത്തും ഉപദേശിക്കുകയും അതു വഴി വിമർശനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്യുന്നവരും ഇല്ലാതില്ല. താങ്കൾ പറഞ്ഞത് പോലെ വിശ്വാസം ഒരാളുടെ സ്വകാര്യ സ്വത്താണ്. എന്നാൽ വിശാല മനസ്സും, ആത്‌മാർത്ഥയും ഉള്ളവർക്ക് മാത്രമേ വിശ്വാസം ഗുണം ചെയ്യുന്നുള്ളൂ.അങ്ങനെയുള്ളവർ വിരളവും, അല്ലാത്തവർ മഹാഭൂരിഭാഗവുമാണ്. മതത്തെ കച്ചവടമാക്കിയവർ അതിൽ MBA ബിരുദം എടുത്തവരാണ്.നമ്മുടെ നിത്യ ജീവിതത്തിൽ ഒരല്പം നിരീക്ഷണ പാടവം ഉപയോഗിച്ചാൽ നെല്ലും പതിരും തിരിച്ചറിയാൻ പ്രയാസമില്ല.WISH YOU ALL THE BEST.

    Abubacker V Backer Moideen Naaraayam പ്രിയ സുഹൃത്തെ, ദൈവം ദീക്ഷണശാലിയാണ്. ദൈവത്തിനു പകരം താങ്കൾക്ക് പ്രകൃതി എന്നോ പ്രപഞ്ചശക്തി എന്നോ വിവക്ഷിക്കാം. ഈ പ്രപഞ്ചത്തിൽ എല്ലാം വ്യത്യസ്തസ്വഭാവത്തിലും, മാറ്റങ്ങൾ ഉൾക്കൊള്ളുന്നതും ആണെന്ന് കണ്ടെത്താൻ വലിയ പ്രയാസമില്ല. എല്ലാം ഒരു പോലെ ആയാലും, എല്ലാവർക്കും തുല്യത വന്നാലും ഈ ലോകം ഒരിഞ്ചു പോലും ചലിക്കില്ല. ഒരു ഉദാഹരണം പറയാം. ഒരു ഗ്രാമം എന്നു സങ്കൽപ്പിക്കുക. അവിടെയുള്ള മനുഷ്യർക്കെല്ലാം ഒരേ നിലയിലുള്ള ജീവിത നിലവാരം. ആരും ആരെയും ആശ്രയിക്കുന്നില്ല. എല്ലാവർക്കും ഒരേ സൗകര്യങ്ങൾ. അവിടെ ഇന്ന്‌ കാണുന്ന ജീവിതം താളം തെറ്റുന്നത് കാണാം. ഒരാൾ മരിച്ചാൽ പോലും ആരും തിരിഞ്ഞു നോക്കിയെന്നു വരില്ല. പെട്ടെന്ന് മനസ്സിലാവാൻ വലിയ കെട്ടിടസമുഛയങ്ങളിലെ ഫ്ലാറ്റിൽ ഏറെക്കുറെ ഇത് സംഭവിക്കുന്നുണ്ട്. ഒരു തോട്ടത്തിന്റെ വേലിക്കു ചുറ്റുമുള്ള പുൽക്കൊടികൾ തിന്നു കൊണ്ടായിരിക്കും മൃഗങ്ങൾ തോട്ടത്തിൽ പ്രവേശിക്കുക. അതുപോലെയാണ് മനുഷ്യൻ ആണായാലും, പെണ്ണായാലും ചെറിയ നിസ്സാരതെറ്റുകൾ ചെയ്തു കൊണ്ട് വലിയ തെറ്റിലേക്ക്‌ പ്രവേശിക്കുന്നു.വിളകളെ സ്ത്രീകളോടല്ല നന്മകളോടാണ് ഉപമിച്ചത് മൃഗങ്ങൾ തിന്മയും. തിന്മകൾ നന്മകളെ നശിപ്പിക്കുമെന്ന് സാരം. പിന്നെ ഞാൻ നമ്മുടെ സംസ്കാരം അനുവദിക്കുന്ന ഏതു കാര്യവും ബഹുമാനിക്കുന്നു. ഏതു മതമായാലും അതിലെ ശാസനകൾ എല്ലാവർക്കും ഒരു പോലെയല്ല.നമുക്ക് എപ്പോഴെങ്കിലും വല്ല വിപത്തും വന്നാൽ അതിനു കാരണമായ കാര്യത്തിൽ നിന്നും ഒഴിവായിരുന്നെങ്കിൽ നന്നായിരുന്നു അഥവാ അങ്ങിനെ വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ ഉണ്ടാവാറില്ലേ. സൂക്ഷ്മത പാലിച്ചു ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്തായാലും നമുക്ക് സ്വാഗതം ചെയ്യാം. ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കുന്നത് പോലെ.

    Venugopalan Kokkodan Abubacker V Backer Moideen , �� എല്ലാവരും തുല്യമായ കാലമൊന്നും ഒരിക്കലും വരില്ല. ബുദ്ധി കുറഞ്ഞും കൂടിയും ഉയരം കുറഞ്ഞും കൂടിയും ഒക്കെത്തന്നെയായിരിക്കും മനുഷ്യർ ഭാവിയിലും ജനിക്കാൻ പോകുന്നത്. എന്നിരുന്നാലും ബുദ്ധി കൂടിയവർ ബുദ്ധി കുറഞ്ഞവരെയും, ശക്തി കൂടിയവർ ശക്തി കുറഞ്ഞവരെയും അടിമപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ഏത് പ്രപഞ്ച ശക്തി പറഞ്ഞിട്ടാണെങ്കിലും സ്ത്രീകളെ മൂലക്കിരുത്തേണ്ട കാര്യമൊന്നുമില്ലല്ലോ. സ്ത്രീകൾക്ക് സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലും മതങ്ങളിലും അവർ ആയുധങ്ങളെടുത്ത് ആണുങ്ങൾക്ക് നേരെ വന്നിട്ടൊന്നുമില്ലല്ലോ. നിങ്ങളുടെ മുന്നിൽക്കൂടിപ്പോകുന്ന അന്യമതക്കാരായ സ്ത്രീകൾ പർദ്ദയിടുന്നില്ലെന്നത് കൊണ്ട് / മുസ്‌ലിം സ്ത്രീകളെക്കാൾ സ്വാതന്ത്ര്യം ഉണ്ടെന്നുള്ളത് കൊണ്ട് മോശക്കാരാകുന്നില്ലല്ലോ. പിന്നെയെന്താണ് പ്രശനം. പിന്നെ, ട്രാഫിക് നിയമങ്ങളെയും മതനിയമങ്ങളെയും താരതമ്യപ്പെടുത്തുന്നതിൽ ഒരർത്ഥവും ഇല്ല. ട്രാഫിക് നിയമം ശാസ്ത്രീയവും ജനകീയവുമാണെങ്കിൽ മതനിയമങ്ങൾ പ്രാകൃതമാണ്. പ്രപഞ്ച ശക്തിയെ അംഗീകരിക്കാമെങ്കിലും അതിന്റെ പേരും പറഞ്ഞ് അടക്കി ഭരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല.

    മറുപടിഇല്ലാതാക്കൂ
  3. Facebook Comments:
    Abubacker V Backer Moideen Venugopalan Kokkodan അങ്ങിനെയൊന്നും ഉദ്ദേശിച്ചില്ല, സ്ത്രീകളെ ആരു മൂലക്കിരുത്തുന്നു.ഒരു വീടിന്റെ സർവ്വ അധികാരവും സ്ത്രീകൾക്കല്ലേ, ഞാൻ എന്റെ കാര്യം പറയട്ടെ, മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. ഓർമ്മ വെച്ച നാൾ മുതൽ എന്റെ മാതാവിന്റെ ശിക്ഷണത്തിലാണ് ഞാനും എന്റെ സഹോദരങ്ങളും വളർന്നത്.നാളിതുവരെ വരെ അവരെ മൂലക്കിരുത്തിയതായി കണ്ടിട്ടില്ല. പിന്നെ സഹോദരിമാർ അവർക്കും മുഖ്യ റോൾ ആണുണ്ടായിരുന്നത്. പിന്നെ ഭാര്യ അവൾ ആണ് എന്നെ നിയന്ത്രിക്കുന്നത്.ഇന്നും ഈ അറുപതാം വയസ്സിലും ഞാൻ എന്റെ വീട്ടിൽ നടക്കുന്ന ഏതു പ്രധാന കാര്യങ്ങളും ജീവിച്ചിരിക്കുന്ന എൺപത് വയസ്സായ എന്റെ മാതാവിനോട് ചോദിക്കാതെയും, അഭിപ്രായം ചോദിക്കാതെയും ചെയ്യുകയില്ല. അതു ചോദിച്ചാൽ അവർ ഉടനെ പറയും പെങ്ങമാരോട് കൂടെ ഒന്നു പറഞ്ഞേക്ക്. അവരുടെ ചിന്തയിൽ മക്കളോടുള്ള കരുതൽ ഇന്നും നില നിൽക്കുന്നു. പ്രാർത്ഥിക്കുന്നു, അപ്പോൾ പിന്നെ മക്കളും അങ്ങിനെയാവാതെ തരമില്ലല്ലോ. പൊതു രംഗത്ത് ഇവർ ചെയ്യുന്ന ഏറ്റവും വലിയ സേവനമാണ് മക്കളായ ഞങ്ങളെ എവിടെ പോയാലും മാനം കെടാതെ തിരിച്ചു വരാനുള്ള കഴിവ് നൽകി വളർത്തി എന്നത്. അതു പോലെ സമൂഹത്തിൽ ആർക്കും ഛെ എന്നു പറയിപ്പിക്കാതെ ഇന്നും ജീവിക്കുന്നു എന്നതും. മാന്യമായി ജീവിച്ചു മരിക്കാനുള്ള ഉൾകാഴ്ച നൽകിയതും എന്റെ അറിവിലുള്ള സ്ത്രീകൾ തന്നെ. പിന്നെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രധിഷേധങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകളെ കുറിച്ചും എനിക്കെതിർപ്പില്ല. കാരണം ഓരോ പുരുഷനെയും ജന്മം കൊടുക്കാൻ സഹിച്ച പ്രസവവേദന അവർക്കേ അറിയൂ. തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ മാതാവിനോളം മനോധൈര്യം മറ്റാർക്കുണ്ടാവും? ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കും കൂടിയാവണം അവരുടെ പോരാട്ടം. എന്നാൽ അതിനും മതത്തെ പ്രതി ചേർക്കരുത്. തന്റെ പുരുഷനും, കുഞ്ഞുങ്ങൾക്കും വേണ്ടി തന്നെയാണ് അവരും രംഗത്തിറങ്ങുന്നതെങ്കിൽ ആർക്കു തടയാനാവും? ഇതൊക്കെ ഓരോ മനുഷ്യന്റെയും മനോധർമ്മം പോലെയായിക്കും നിർവചിക്കപ്പെടുക. ആദ്യം ജീവിക്കാനുള്ള സാഹചര്യം വേണം, ആഹാരം, വസ്ത്രം, പാർപ്പിടം ഇത് കഴിഞ്ഞേ ഏതു പ്രത്യയശാസ്ത്രവും ഉള്ളു. മതനിയമങ്ങൾക്കു മനുഷ്യനെ എല്ലാ അവസ്ഥയിലും കൂടുതൽ ഉന്നതിയിൽ എത്തിക്കാനുള്ള കഴിവുണ്ട്. എന്നാൽ അത് അനുസരിക്കാൻ മനുഷ്യൻ തയാറല്ല. മുറിവൈദ്യൻ ആളെകൊല്ലും എന്നു കേട്ടിട്ടില്ലേ. ശരിയായി അതു പഠിക്കാതെ സ്വന്തം ഇഷ്ടാനുസരണം ഉപയോഗിച്ചാൽ നേട്ടമില്ലെന്നു മാത്രമല്ല കോട്ടവും കൂടിയാണ്. ഇന്ന് സ്ത്രീകളെ ഏറ്റവും കൂടുതൽ ഉപദ്രവിക്കുന്നത് പുരുഷന്മാർ ആണ്. കൂടാതെ അവരെ ചൂഷണം ചെയ്താണ് ലോക കമ്പോളത്തിൽ പരസ്യത്തിനും, ഉപഭോഗസംസ്കാരത്തിനും വിത്ത് പാകിയത്. അറിഞ്ഞും അറിയാതെയും പുരുഷന്മാരുടെ വഞ്ചനക്ക് പാത്രമായത് സ്ത്രീകൾ തന്നെ. അവർക്ക് മാന്യ പദവി ലഭിക്കണമെങ്കിൽ ആദ്യം നന്നാവേണ്ടത് പുരുഷന്മാർ ആണ്. നമുക്കും അതിനു വേണ്ടി യത്നിക്കാം.

    Venugopalan Kokkodan Abubacker V Backer Moideen, You are surely a humble man 🙏

    Abubacker V Backer Moideen Venugopalan Kokkodan thank you

    Naaraayam Abubacker V Backer Moideen, അബുബക്കറിക്കാ... മറുപടിയിൽ സന്തോഷം. താങ്കളുടെ സമീപനം മൃദുവാണെന്ന് മനസ്സിലായതിൽ ഇത്തിരി കൂടുതൽ സന്തോഷം.
    ശരിയാണ്, വിളകൾ വേലികെട്ടി സംരക്ഷിച്ച് നിർത്തണം. പക്ഷേ സ്ത്രീകളെ വിളകളോട് വിദൂരമായെങ്കിലും ഉപമിക്കാമോ? ശരി, താങ്കൾ പറഞ്ഞ പ്രകാരമാണെങ്കിൽത്തന്നെ, പിന്നെയും സംശയം. സ്ത്രീകളെ മറ്റ് പുരുഷന്മാർ ആക്രമിക്കുമെന്ന് കരുതി സ്ത്രീകളെയാണോ തളച്ചിടേണ്ടത്? പുരുഷന്മാരെയല്ലേ നിയന്ത്രിക്കേണ്ടത്? അങ്ങനെയാണെങ്കിൽ നാട്ടിൽ പ്രാന്തൻ പട്ടിയിറങ്ങിയെങ്കിൽ, നാട്ടുകാരെ കൊന്നിട്ട് പ്രാന്തൻ പട്ടിയെ വെറുതെ വിട്ടാൽ മതിയോ? ഭൂമിയിൽ ഒരിക്കലും കാണിക്കാൻ പറ്റാഞ്ഞിട്ട് ഒരിക്കലും കാണാൻ പറ്റാത്ത സ്വർഗ്ഗത്തിലാണ് ദൈവമെന്നും അദ്ദേഹമാണ് ഇങ്ങനൊക്കെ അരുളിചെയ്തതെന്നും കരുതാൻ പറ്റുമോ? അങ്ങനെയെങ്കിൽ പർദ്ദകളിടാത്ത (സംരക്ഷിക്കപ്പെടാത്ത) മറ്റ് മതസ്ഥരുടെ ഇടയിലുള്ള പെണ്ണുങ്ങളെല്ലാം ആക്രമിക്കപ്പെട്ട് കിടക്കുകയാണോ? ദൈവത്തിലും മതത്തിലും വിശ്വസിക്കുന്ന, അനുശാസനകൾ അനുസരിക്കുന്ന ഈ ഭൂമുഖത്തെ എല്ലാവരും നല്ലവരായെങ്കിൽ ഇത്രയും കൂട്ടക്കുരുതികളും കള്ളത്തരങ്ങളും എങ്ങനെയുണ്ടാകുന്നു? ഇതൊക്കെ ഉണ്ടാക്കുന്നത് വിരലിലെണ്ണാവുന്ന നാസ്തികന്മാരാണോ? എവിടെയോ എന്തോ കുഴപ്പമില്ലേ? അബുബക്കറിക്കാ, നമ്മളെ സ്വയം പ്രക്ഷാളനം ചെയ്ത് അടിമകളാക്കി വെക്കാതെ എന്തെങ്കിലും സംശയങ്ങൾ തോന്നുന്നുവെങ്കിൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുക. ആരാലും പറ്റിക്കപ്പെട്ടില്ല എന്ന സമാധാനമെങ്കിലും ഉണ്ടാകും. ഭാവുകങ്ങൾ !

    മറുപടിഇല്ലാതാക്കൂ
  4. Facebook Comments:
    Babu Kaithokkunnumal ഇതൊന്നും സത്രീസമൂഹത്തിനുളളിൽ ഉയർന്നുവരുന്ന ശക്തമായ ആവശ്യങ്ങളല്ല എന്നത് ദൗർഭാഗ്യകരമാണ്.പെൺ പളളിക്കൂടങ്ങൾ ആൺ പളളിക്കൂടങ്ങൾ എന്നിവയെ നിരോധിക്കണം.നഴസറിക്ലാസുകൾ മുതൽ പത്ത് വരെ നിർബന്ധമായും കുട്ടികളെ മിക്സഡായി ഇരുത്തി അവരെ പഠിപ്പിക്കുകയും ആ ഇടപെടുലുകളിലൂടെ അവർ പരസ്പരം മനസിലാക്കുകയും വേണം.അതിലൂടെ സ്വന്തം ആവശ്യങ്ങളും അവകാശങ്ങളും തിരിച്ചറിയുന്ന സ്ത്രീസമൂഹത്തെ ഉയർത്തികൊണ്ടുവരാൻ കഴിഞ്ഞേക്കും.അതോടെ ആരാധനയടക്കമുളള വിഷയങ്ങൾ അവർ തന്നെ ഉയർത്തുകയും നടപ്പാക്കുകയും ചെയ്യും

    Roy Shyni Babu Kaithokkunnumal Yeah confirm good for next generation

    Venugopalan Kokkodan Babu, തീർച്ചയായും. വളരെ ശരിയാണ്. അതിന്റെ കൂട്ടത്തിൽ, മതം / ജാതി തിരിച്ചുള്ള പള്ളിക്കൂടങ്ങളും മതപഠനപാഠശാലകളും ഒഴിവാക്കിയാൽ കൂടുതൽ നന്നായിരിക്കും. ചരിത്രവും മിത്തും പഠിക്കാമെങ്കിലും, മതം ഓരോരുത്തരുടെയും സ്വകാര്യതയിൽ മാത്രം, സ്വയം പഠിച്ച്, വേണേണമെങ്കിൽ മാത്രം, സ്വയം, അവനവന്റെ സ്വകാര്യതയിൽ ആചരിച്ചാൽ മതിയാകും. 😊

    മറുപടിഇല്ലാതാക്കൂ
  5. Facebook Comments:
    Sudhakaran Mn കലക്കി

    Sukumaran Raman Nice

    മറുപടിഇല്ലാതാക്കൂ