menstruation എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
menstruation എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2024 ജനുവരി 15, തിങ്കളാഴ്‌ച

പ്രഭാവതിയുടെ ഭാർഗ്ഗവീനിലയം (പ്രേതാത്മസമ്പർക്കങ്ങൾ - 2)

(Picture Courtesy: Google)

ഈ പരമ്പരയിലെ ആദ്യഭാഗം വായിക്കാൻ ഇവിടെ അമർത്തുക: ഡ്രാക്കുളയും ഓജോ ബോർഡും (പ്രേതാത്മസമ്പർക്കങ്ങൾ - 1)

വ്യക്തിപരമായ ജാമ്യമെടുപ്പ്: ഈ കഥക്കോ കഥാപാത്രങ്ങൾക്കോ ഏതെങ്കിലും തരത്തിലുള്ള സാമ്യങ്ങളോ താരതമ്യങ്ങളോ തോന്നിയെങ്കിൽ അത് യാദൃശ്ചികം മാത്രമാണ് 🙏🙂

ഇരുപത്തിരണ്ടാമത്തെ വയസ്സിൽ പ്രവാസജീവിതം തുടങ്ങിയ ആളാണ് ഞാൻ. അന്ന് മുതലേ, ഓരോ തവണത്തെ നാട്ടിലേക്കുള്ള യാത്രയും മനസ്സിൽ എന്തെന്നില്ലാത്ത ആവേശം നിറക്കുന്ന അനുഭവങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. പഴയ ഓർമ്മകൾ, മനസ്സിലേക്ക് തള്ളിക്കയറിവരുന്ന നിമിഷങ്ങൾ. മുപ്പത് വർഷങ്ങൾക്കിടയിലെ പ്രവാസജീവിതത്തിന്നിടയിൽ, താമസസ്ഥലങ്ങൾ മാറി മാറി ഇരുപത് വർഷങ്ങൾക്ക് മുന്നേ അമേരിക്കയിൽ എത്തിയതിന് ശേഷമാണ്, അത്തരം നിമിഷങ്ങൾക്ക് കൂടുതൽ ചാരുതയുണ്ടാകാൻ തുടങ്ങിയത്. നാട്ടിലേക്ക് പോകുന്നതിന്റെ ഇടവേളകൾ, മൂന്ന് വർഷങ്ങളിൽനിന്ന് രണ്ട് വർഷങ്ങളായും രണ്ട് വർഷങ്ങളിൽ നിന്ന് എല്ലാവർഷങ്ങളിലുമായി മാറി വന്നപ്പോഴാണ്, കൊറോണയുഗം ആരംഭിക്കുന്നത്. കൊറോണാഭീതിയൊക്കെ മാറി, ദൂരയാത്രകളൊക്ക തരപ്പെട്ട്, വീണ്ടും നാട്ടിലേക്ക് യാത്ര തിരിക്കുമ്പഴേക്കും, ആ ഇടവേള വീണ്ടും മൂന്ന് വർഷങ്ങളായി വളർന്നിരുന്നു.

അങ്ങനെ, കൊറോണക്ക് ശേഷം ആദ്യമായി നാട്ടിലെത്തിയ ഉടനെത്തന്നെ, മാസ്കിട്ടെന്നും ഇല്ലെന്നും വരുത്തി, സുഹൃദ് സന്ദർശനങ്ങളും കുടുംബസന്ദർശനങ്ങളുമൊക്കെയായി, പണ്ട് നടന്നിരുന്ന ഇടവഴികളിലൂടെയൊക്കെ മനസ്സ് മേഞ്ഞ് കൊണ്ടിരിക്കുന്ന സമയത്താണ്, അളിയന്റെ വീട്ടിലൊരു മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടാൻ നേർച്ചയുണ്ടായത്. 

അളിയന്റെ ഗൃഹപ്രവേശം കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷമായിരുന്നു. ഞാൻ പോകുന്നതോ പോകട്ടെ, അവന്റെ പെങ്ങൾക്കും ആ ചടങ്ങിൽ പങ്കെടുക്കാൻ കൊറോണ സമ്മതിച്ചിരുന്നില്ല. ഏതായാലും ബാങ്കോക്കിലും വാഷിംഗ്ടണിലുമൊക്കെയുള്ള പെങ്ങന്മാരും അളിയന്മാരുമൊക്കെ അവധിക്ക് വരുന്ന നേരം നോക്കിയിട്ടാണ്, ഗൃഹപ്രവേശത്തോടനുബന്ധിച്ച് നേർന്ന മുത്തപ്പൻ വെള്ളാട്ടം ക്രമീകരിക്കപ്പെട്ടത്. 

ബാങ്കളൂരിൽ വിമാനമിറങ്ങി, ഒൻപത് മണിക്കൂറോളം ടാക്സിയിൽ യാത്ര ചെയ്ത്  കണ്ണൂരിലെ വീട്ടിലെത്തുമ്പഴേക്കും പുലർച്ചെ രണ്ട് മണിയായി. അതേ ദിവസം ഉച്ചക്ക് തന്നെ അളിയന്റെ വീട്ടിലെത്തിച്ചേർന്നു. വെള്ളാട്ടം പ്രമാണിച്ച്, കുറേ ബന്ധുക്കളും പരിസരക്കാരുമൊക്കെ അതിനകം തന്നെ അവിടെ ഭക്തിനിർഭരതയോടെ തമ്പടിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് അമ്മയുടെ നിർബന്ധത്തിന് ഉച്ചഭക്ഷണം കഴിച്ചിരുന്നെങ്കിലും, ഭാര്യാമാതാവിന്റെ നിർബന്ധപ്രകാരം, അളിയന്റെ വീട്ടിൽ വച്ച്, മൂന്ന് മണിയോടെ വീണ്ടും ഊണ് കഴിച്ചു. 

പുറത്ത് വന്നിരുന്ന് എല്ലാവരോടും കുശലം പറയുന്നതിന്റെ ഇടയിലാണ്, ഒരമ്മാവൻ, അവരുടെ വീട്ടിലൊരു പട്ടിയെ പുതിയൊരു അംഗമാക്കി ചേർത്തതിനെക്കുറിച്ചും അതിനോടനുബന്ധിച്ച് ലക്ഷങ്ങൾ ചിലവായതിനെക്കുറിച്ചും അഭിമാനത്തോടെ വാചാലനായത്. പട്ടിക്കൂടുണ്ടാക്കാനും പട്ടി പുറത്തേക്ക് ചാടിപ്പോവാതിരിക്കാൻ ഫെൻസിംഗിനും വേണ്ടിയൊക്കെയാണ് ലക്ഷങ്ങൾ ചിലവായത്. പണം പോയ സങ്കടമാണോ അതോ പട്ടിയോടുള്ള സ്നേഹമാണോ അതൊന്നുമല്ല ഒരു പട്ടിയുടെ 'പ്രൗഡ് ഓണറാ'ണെന്നുള്ള ഭാവമാണോ അദ്ദേഹത്തിന്റെ മുഖത്ത് അപ്പോൾ നിഴലിച്ചതെന്ന് എനിക്ക് തീർത്ത് മനസ്സിലാക്കാനായില്ല. ഏതായാലും, സ്വന്തം മക്കളുടെ പഠനത്തിന് പോലും ആ പട്ടിക്ക് ചിലവാക്കിയത്ര പണം ചിലവാക്കിയിട്ടുണ്ടാവാൻ സാധ്യതയില്ലെന്ന് ഞാനൊരാഭിപ്രായം പറഞ്ഞപ്പോൾ വർത്തമാനം വേറെ വിഷയത്തിലേക്ക് അറിയാതെ മാറിപ്പോയി. പക്ഷേ, അദ്ധേഹത്തിന്റെ പെങ്ങൾ, പട്ടിമൂത്രത്തിൽ ചവിട്ടി മാർബിൾ തറയിൽ മലർന്നടിച്ച് വീണ്, രണ്ട് മൂന്ന് മാസക്കാലം ദുരിതം തെണ്ടിയതിന്, പെങ്ങളുടെ മക്കളോട് അദ്ദേഹത്തിന് മനസ്സിലിത്തിരി കെറുവുണ്ട്. അവധിക്ക് വന്ന പെങ്ങളുടെ മക്കൾ, ആഗ്രഹം മൂത്ത് ഒരു പട്ടിയെ വാങ്ങിയെങ്കിലും, അവധി കഴിഞ്ഞ് തിരിച്ച് അറബി നാട്ടിലേക്ക് പോയതോടെ പട്ടിഭാരം പെങ്ങളുടെ തലയിലായത്രെ!

അപ്പഴേക്കും വെള്ളാട്ടത്തിന്റെ ഭാഗമായി ചെണ്ടകൊട്ട് തുടങ്ങി. അതിനിടയിൽ ഭാര്യയുടെ കുഞ്ഞമ്മാവൻ എന്നെ ഇടത്തേ കണ്ണിറുക്കി അകത്തേക്ക് വിളിച്ചു. അദ്ദേഹമെന്നെ നേരെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നേക്കാൾ പ്രായത്തിൽ കുറവാണെങ്കിലും കുഞ്ഞമ്മാമൻ നമ്മുടെ പ്രിയപ്പെട്ട അമ്മാമനാണ്. ഫ്രിഡ്ജ് തുറന്ന് ഒരു അടച്ച തൂക്ക്പാത്രം അദ്ദേഹം പുറത്തെടുത്തു. അത് തുറന്ന് കഞ്ഞിവെള്ളം പോലുള്ള ദ്രാവകം ഒരു ഗ്ളാസ്സിലൊഴിച്ചപ്പോഴാണ് അമ്മാവൻ വാക്ക് പാലിച്ചെന്ന ബോദ്ധ്യം എനിക്കുണ്ടായത്. വെള്ളാട്ടം പ്രമാണിച്ച് കള്ള് വാങ്ങിക്കുമ്പോൾ, ഒന്നുരണ്ട് ഗ്ലാസ്സ് കള്ള് എനിക്ക് വേണ്ടി മാറ്റിവെക്കാൻ നേരത്തേ അദ്ദേഹത്തോട് സ്വകാര്യമായി അഭ്യർത്ഥിച്ചിരുന്നു. ഞണ്ടിന്റെ മാളത്തിൽ വെള്ളമൊഴിക്കുന്നത് പോലെ രണ്ട് ഗ്ലാസ് കള്ള് അന്നനാളത്തിലൂടെ, ചുണ്ട് തൊടുവിക്കാതെ അതിവേഗത്തിൽ താഴോട്ടിറങ്ങി. തുടർന്ന് ഒന്നും സംഭവിക്കാത്തത് പോലെ, വീടിന്റെ മുൻഭാഗത്തെ ഒരു മൂലയിൽ വീണ്ടും വന്നിരുന്നു.  

അവിടെ സന്നിഹിതരായിരുന്ന കുറച്ച് ബന്ധുക്കൾ അടുത്ത് വന്ന് പരിചയം പുതുക്കി. അളിയന്റെ വീട്ടിൽ എത്തിയതിന് ശേഷം, അത്രയും നേരത്തിനിടയിൽ, ഒരാൾ എന്റെ ശ്രദ്ധ ആകർഷിച്ചതായി ഞാനപ്പോഴാണ് തിരിച്ചറിഞ്ഞത്. അദ്ദേഹം അവിടെ പല കാര്യങ്ങൾക്കായി അകത്തോട്ടും പുറത്തോട്ടുമൊക്കെയായി ഓടിനടക്കുകയാണ്. മുത്തപ്പൻ സംഘക്കാർക്ക് വേണ്ട എല്ലാ കാര്യങ്ങളും അദ്ദേഹമാണ് ഏകോപിപ്പിക്കുന്നതെന്ന തോന്നൽ എനിക്കുണ്ടായി. മുത്തപ്പന്റെ പാനീയപാനസംബന്ധമായ ചില താളങ്ങൾ  അദ്ദേഹത്തിൻറെ ചലനങ്ങളിൽ കുറച്ചൊക്കെ പ്രകടമാണ്. പക്ഷേ, എന്റെ കല്യാണം കഴിഞ്ഞ് ഇരുപതോളം വർഷങ്ങൾ ആയെങ്കിലും ഇങ്ങനെയൊരു കഥാപാത്രത്തെ ഞാനെന്റെ ഭാര്യാഗൃഹത്തിലോ ഭാര്യാസംബന്ധിയായ മറ്റവസരങ്ങളിലോ കണ്ടിട്ടുള്ളതായി ഒരോർമ്മയും എനിക്ക് വന്നില്ല. അദ്ദേഹത്തെ ഞാൻ വീക്ഷിച്ച് കൊണ്ടേയിരുന്നു. അദ്ദേഹം ആരാണെന്നറിയാനുള്ള ആകാംക്ഷ നിയന്ത്രണാതീതമായപ്പോൾ, അടുത്തിരുന്ന ഭാര്യാസഹോദരീഭർത്താവിന്റെ കാതിലേക്ക് 'അദ്ദേഹം ആരാണെന്നറിയാമോ' എന്ന ചോദ്യം ഞാനെറിഞ്ഞു.

"ഓ... നിങ്ങൾക്ക് ആളെ മനസ്സിലായില്ലാ... ഇതല്ലേ നമ്മുടെ രാകേശമ്മാമൻ... ങ്ങള് ഇവരെ ഇതുവരെ കണ്ടിട്ടേയില്ല അല്ലേ..."

"ഓ... അദ്ദേഹമാണോ ഇദ്ദേഹം... ഇല്ല... ഞാനിതുവരെ കണ്ടിട്ടില്ല..." ഭാര്യാഗൃഹത്തിൽ എന്നേക്കാൾ രണ്ട് വർഷം ജൂനിയറായ എന്റെ കോബ്രദർ, ഇദ്ദേഹത്തെ എങ്ങനെ പരിചയപ്പെട്ടു എന്നത് എന്നിൽ അത്ഭുതമുളവാക്കി. 

"നീ അദ്ദേഹത്തെ എങ്ങനെ പരിചയപ്പെട്ടു...?"

"രശ്മിയുടെ തറവാട്ടിലെ ഏതോ ഒരു വർഷത്തെ തെയ്യത്തിന് പരിചയപ്പെട്ടതാണ്... പിന്നെ കാണുന്നത് ഇന്നാണ്..." 

ഭാര്യയുടെ അമ്മാവന്മാരിൽ, രണ്ടമ്മാവന്മാരെ നേരത്തെ നല്ലപോലെ അറിയാമെങ്കിലും, ഇങ്ങനെയൊരു മൂത്തമ്മാവൻ ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അദ്ദേഹത്തെ ഞാനാദ്യായിട്ട് കാണുകയാണ്. ഞാനറിയാത്ത, എന്തോ ഏതോ ചെറിയ വലിയ കാരണങ്ങളാൽ എന്റെ കല്യാണത്തിനും കുറച്ച് വർഷങ്ങൾക്ക് മുന്നേ ബന്ധങ്ങളിലെ ചില ഗ്യാപ്പുകൾക്കിടയിൽ അവിടവിടെയായി തിരശ്ശീലകൾ തൂക്കിയ ആളാണ് കക്ഷി. എന്റെ കല്യാണത്തിന് ശേഷം നടന്ന ഭാര്യാസഹോദരിയുടെയോ, അളിയന്റെയോ, മറ്റ് ബന്ധുക്കളുടെയോ കല്യാണത്തിന്, ക്ഷണമുണ്ടായിട്ടും അദ്ദേഹം സന്നിഹിതനായിരുന്നില്ലെന്ന കാര്യം എനിക്കറിയാം. അതുകൊണ്ട് അദ്ദേഹത്തെ പരിചയപ്പെടാൻ ഒരു സാഹചര്യവും എനിക്ക് തുറന്ന് കിട്ടിയിരുന്നില്ല. 

നാലഞ്ച് വർഷങ്ങൾ മുന്നേ നടന്ന അദ്ദേഹത്തിൻറെ മകളുടെ കല്യാണത്തിനടുപ്പിച്ചാണ്, ബന്ധുത്വത്തിന്റെ, രക്തബന്ധത്തിന്റെ വേരുകളിൽ പിടിച്ചിരുന്ന പായലുകൾ കുറച്ചെങ്കിലും അഴുകിയില്ലാതായത്. എന്തായാലും, അദ്ദേഹത്തന്റെ മുഖസൗകുമാര്യം എന്റെ കണ്ണുകളിൽ പതിയാൻ, ഇങ്ങനെയൊരു സന്ദർഭം ഉണ്ടാകേണ്ടി വന്നു.

അങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ്,  പുഴുങ്ങിയ പയറും, കുറച്ച് വാഴയിലകളും  മൂന്ന്-നാല് ഉടച്ച നാളികേരങ്ങളുമായി  ഞാനിരിക്കുന്നിടത്തേക്ക് അദ്ദേഹം വന്നത്. പയറും തേങ്ങയും ഒരു മേശയിൽ വച്ച്, അദ്ദേഹം ഒരു പീച്ചാത്തിയുമെടുത്ത്, കഷണങ്ങളായി തേങ്ങാ പൂളിയെടുക്കാനുള്ള ശ്രമമാരംഭിച്ചു. എന്തോ, ശ്രമിക്കുന്നുണ്ടെങ്കിലും തേങ്ങാപ്പൂളുകൾ ശരിയായ രീതിയിൽ ആ പ്രവർത്തിയിൽ നിന്ന് പിറന്ന് വീഴുന്നുണ്ടായിരുന്നില്ല. 

"ഇതാരെങ്കിലും ഒന്ന് വേഗം ഒന്ന് ശരിയാക്കിയാട്ടെ... വരുന്നയാളുകൾക്ക് പ്രസാദമായി കൊടുക്കാനുള്ളതാണ്... ഈ വാഴയിലകൾ ചെറുതായി ചീന്തി വെക്കണം..." ആരോടെന്നില്ലാതെ ഈ കാര്യങ്ങളൊക്കെ പറഞ്ഞ് അദ്ദേഹം എഴുന്നേറ്റ് പോയി. 

വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ടും, എന്തെങ്കിലുമൊക്കെ ചെയ്ത് എൻഗേജ്‌ഡ്‌ ആയിരിക്കാമെന്നുളത് കൊണ്ടും, ഞാനാ ശ്രമം ഏറ്റെടുത്തു. അവിടെയുണ്ടായിരുന്ന ചെറുപ്പക്കാര് പിള്ളേരെയൊക്കെ കൂട്ടി, അവിടെയുണ്ടായിരുന്നവർക്കും വരുന്നവർക്കുമൊക്കെ പ്രസാദം കൊടുക്കേണ്ട ഏർപ്പാടുകൾ തുടങ്ങി. അദ്ദേഹം അറിഞ്ഞുകൊണ്ട് എന്റെ തലയിൽ ചാർത്തിയതാണോ എന്നറിയില്ലെങ്കിലും അദ്ദേഹം എന്നോടൊന്നും മിണ്ടിയിരുന്നില്ല. എന്തായാലും ചിരട്ടയിൽ നിന്ന് തേങ്ങാപ്പൂളുകൾ ചുരുണ്ട് ചുരുണ്ട് സ്പ്രിങ് രൂപത്തിൽ അടർന്ന് വീഴുന്നത് കണ്ട് ഞാൻ തന്നെ അതിശയിച്ചുപോയി. തേങ്ങാ പൂളിയിട്ട് കാലങ്ങൾ കഴിഞ്ഞെങ്കിലും എന്റെ ആ കഴിവ് നശിച്ച് പോയിട്ടില്ല എന്ന് തിരിച്ചറിഞ്ഞ സമയമായിരുന്നു അത്.

ഇതിനിടയിൽ വെള്ളാട്ടം ചടങ്ങുകൾ പുരോഗമിക്കുന്നുണ്ട്. ചെണ്ടകൊട്ടും മുത്തപ്പന്റെ നൃത്തങ്ങളും തകൃതിയായി നടക്കുണ്ട്. മുത്തപ്പന്റെ വീത്തും, മറ്റുള്ളവർക്ക് മുത്തപ്പൻ കനിഞ്ഞരുളുന്ന വീത്തും ഒളിഞ്ഞ് നടക്കുന്ന വീത്തും ചടങ്ങുകൾക്ക് കൊഴുപ്പേകുന്നുണ്ട്. തുടക്കത്തിലെ ചടങ്ങുകൾക്കൊടുവിൽ മുറ്റത്ത് ആരൂഡ്ഢനായ മുത്തപ്പന് മുന്നിൽ, വന്നവർ വന്നവർ അനുഗ്രഹം വാങ്ങാൻ ക്യൂ നിൽപ്പ് തുടങ്ങി. ഓരോരും അവരവരുടെ വിഷമങ്ങൾ മുത്തപ്പനോട് പറയുന്നതും, മുത്തപ്പൻ ഭക്തരുടെ വിഷമങ്ങൾ സ്വയമറിഞ്ഞ് പ്രവചിക്കുന്നതും പ്രശ്നങ്ങൾക്ക് ചില പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതും കേൾക്കാൻ നല്ല രസമാണ്. ആടയാഭരണങ്ങളണിഞ്ഞ മുത്തപ്പനെയും മുത്തപ്പന്റെ പ്രകടനത്തെയും ആദ്യമായി വീക്ഷിക്കുന്ന എന്റെ കുട്ടികളുടെ മുഖത്ത്, ഭക്തിയും ഭീതിയും അമ്പരപ്പും ഒരുമിച്ച് വിളയാടുന്നത് ഞാൻ ശ്രദ്ധിച്ചു. 

ദൈവഭക്തി, ദൈവഭീതി എന്നൊക്കെയുള്ള രസങ്ങളും വികാരങ്ങളും എനിക്ക് നശിച്ചുപോയെങ്കിലും ഇത്തരം വിഷയങ്ങളെക്കുറിച്ചും അതിന്റെ യുക്തിയാഥാർഥ്യങ്ങളെക്കുറിച്ചുമൊക്കെ ഞാനെന്റെ മക്കളുമായി ചർച്ചകൾ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, നാട്ടിൽ നടക്കുന്ന ഇത്തരം ആചാരങ്ങളും ആട്ടങ്ങളും വേഷം കെട്ടലുമൊക്കെ അവരും നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യണമല്ലോ. പോരാത്തതിന് ഇത്തരം കുടുംബസംഭവങ്ങളിൽ നിന്ന് യുക്തിയുടെ പേരും പറഞ്ഞ് മാറി നിൽക്കുന്നതും ഉചിതമാണെന്ന അഭിപ്രായം എനിക്കില്ല. അതുകൊണ്ട് തന്നെ  ഒരമ്പത് രൂപായുടെ ഒരു നോട്ട് എന്റെ മൂത്ത മകളുടെ കയ്യിൽ കൊടുത്ത്, കൈ പിടിച്ചുകൊണ്ടുള്ള മുത്തപ്പന്റെ പ്രവചനാനുഭവം അനുഭവിക്കാൻ അവളെ ക്യൂവിൽ നിർത്തിച്ചു.

സാധാരണ വെള്ളാട്ടം ചടങ്ങിന്, വീട്ടുമുറ്റത്ത് നടക്കുന്ന മുത്തപ്പൻ ദർശനം, ആ ആവീട്ടിലെ താമസക്കാർക്ക് പുറമെയുള്ളവർക്കാണ്. വീട്ടിലുള്ളവർക്കായി വേറെത്തന്നെ സെഷൻ ഉണ്ടായിരിക്കും. അത് നടക്കുന്നത് വീടിന്റെ ഉമ്മറത്ത് നിന്നും അകത്തേക്ക് കടക്കുന്ന വാതിൽപ്പടി തൊട്ടുരുമ്മിക്കൊണ്ട് പീഠം വച്ച്, അതിന്മേൽ ഇരുന്നുകൊണ്ടാണ്. അങ്ങനെ മുത്തപ്പൻ ഉമ്മറത്തും വീട്ടുകാരും അടുത്ത ബന്ധുക്കളും അകത്തുമായി നിന്നുകൊണ്ടാണ് ആ ദർശനം നടക്കുന്നത്. ഈ ചടങ്ങ് ദൂരെ നിന്ന് വീക്ഷിക്കാൻ നല്ല രസമാണ്. ഭയഭക്തിയാകാംക്ഷകൾ പലരുടെയും മുഖത്തിലായി സ്പുരിച്ച് വിടരുന്ന നിമിഷങ്ങൾ... മുത്തപ്പന്റേതായ ശൈലിയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും.

ചിലർ ഒറ്റക്കും മറ്റുചിലർ അവരുടെ കുടുംബങ്ങൾ ഒരുമിച്ചുമൊക്കെയായി ദർശനം തുടരവെയാണ് എന്റെ കെട്ട്യോൾടെ ഊഴം വന്നത്. അവൾ മക്കളെയും കൂട്ടി നേരെ മുത്തപ്പന്റെ മുന്നിൽ നിന്നു. അവരോട് മുത്തപ്പൻ എന്താണ് മൊഴിയുന്നതെന്ന് കേൾക്കാൻ ആകാംക്ഷയോടെ ദൂരെ മാറിയിരിക്കുകയായിരുന്നു ഞാൻ. ആ സമയത്താണ് നേരത്തെ പറഞ്ഞ നമ്മുടെ രാകേശമ്മാമൻ പെട്ടന്ന് അട്ടഹസിച്ചത്...

"വിധു എവിടെ...? ഏയ്.. നിക്ക് നിക്ക്... ഓനും കൂടി വരട്ടെ...' 

എന്റെ കെട്ട്യോൾക്ക് അറിയാം.. ഞാനീ കാര്യത്തിൽ തല്പരൻ അല്ല എന്നുള്ള കാര്യം. അതുകൊണ്ടാണ് എന്നോടൊന്നും ചോദിക്കാൻ നിൽക്കാതെ അവൾ നേരെ മുത്തപ്പന്റെ അടുത്തേക്ക് പോയത്. 

"അതാരാ ഈ വിധു..." മുത്തപ്പൻ എന്റെ കെട്ട്യോളോട് ചോദിച്ചു. 

"എന്റെ ഭർത്താവാ..." ഭാര്യാമണി മുത്തപ്പനോട് ഭക്തിപൂർവ്വം മൊഴിഞ്ഞു. 

"എന്നിട്ട് അദ്ദേഹമെന്താ എന്റെ മുന്നിൽ വരാത്തെ...?" ഭാര്യ ഒന്നുംപറഞ്ഞില്ല. അവൾ തല താഴ്ത്തി നിന്നതേയുള്ളൂ. മുത്തപ്പൻ ചുറ്റും നോക്കുന്നുണ്ട്. അപ്പഴേക്കും രാകേശമ്മാമൻ എന്റെ അടുത്തെത്തി.

"നീയെന്താ ഇവിടെത്തന്നെ ഇരുന്ന് കളഞ്ഞത്...?" അപ്പോ അദ്ദേഹത്തിന് ഞാൻ ആരാണെന്നറിയാം എന്ന കാര്യം എനിക്ക് വ്യക്തമായി. പിന്നെ ഞാനും ഒട്ടും അമാന്തിച്ചില്ല. അദ്ദേഹത്തെ കുറേക്കാലമായി അറിയുന്നത് പോലെത്തന്നെ ഞാനും പെരുമാറി.

"ഇല്ല മാമാ... എനിക്ക് ഈ പരിപാടിയിൽ വല്യ താല്പര്യമില്ല..." അമ്മാമൻ ഒന്ന് ഞെട്ടി. 

"ഉയ്യന്റപ്പാ... ഞീയെന്നാ പറേന്ന്... പത്ക്കെ പറ... മുത്തപ്പൻ കേക്കണ്ട..." ഞാൻ മുത്തപ്പനെയും അമ്മാമനെയും മാറി മാറി നോക്കി. 

"ഞീ ബന്നേ പറ്റൂ... ഞീ നോക്ക്യാ... നിഷേം കുട്ട്യോളും നിന്നെ കാത്തിരിക്ക്യാ..."

"അല്ല മാമാ ഓർക്കറിയാം... ഞാൻ വരൂല്ലാന്ന്..."

"അതൊന്നും ശര്യാകൂല്ല... ഞീ വന്നേ പറ്റൂ..." ആകപ്പാടെ രംഗമൊന്ന് മോശമായിരിക്കുകയാണ്. അളിയന്റെ വീട്... ആ വീട്ടിലെ ഭക്തിനിർഭരമായ ചടങ്ങ്... ഭാര്യാപിതാവും മാതാവും അളിയനും മറ്റ് ബന്ധുക്കളും ഈ രംഗം നോക്കി നിൽക്കുകയാണ്. കൂടാതെ മറ്റുള്ള ബന്ധുക്കളും. അവരിൽ ചിലർക്കൊക്കെ എന്റെ നയമാറ്റം കുറച്ചൊക്കെ അറിയാം. രാകേശമ്മാമന് ഇതൊന്നും അറിയാൻ വഴിയില്ലല്ലോ. എന്നെ ആദ്യമായി കാണുകയല്ലേ? അദ്ദേഹം ബലം പ്രയോഗിക്കുകയാണ്.

"വാ..." അദ്ദേഹം എന്നെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഞാൻ വഴങ്ങുന്നില്ല. ഞാനെന്തെങ്കിലും പറഞ്ഞ് പൊട്ടിത്തെറിച്ച് പോയാൽ, അത് ആ ചടങ്ങിനേൽക്കുന്ന വലിയ ആഘാതമായി മാറും. എഴുന്നേറ്റ് മുത്തപ്പന്റെ അടുത്ത് പോകാനാണെങ്കിൽ എനിക്ക് ഒട്ടുമേ താല്പര്യവുമില്ല. നമ്മുടെ ആവശ്യങ്ങൾക്കോ സങ്കടങ്ങൾക്കോ ദൈവത്തിനെ ഉപദ്രവിക്കേണ്ട എന്ന ഒരു ലൈനിൽ മനസ്സെത്തിയിട്ട് കാലമേറെ ആയെങ്കിലും, അത്തരത്തിലൊരു ഉറച്ച തീരുമാനം പരസ്യമായയെടുക്കാൻ തുടങ്ങിയിട്ട് ഏകദേശം എട്ട് വർഷങ്ങൾ ആയതേയുള്ളൂ. ആ തീരുമാനം ഒരു പത്രപ്പരസ്യമാക്കാത്തത് കൊണ്ട് പലർക്കും അറിയില്ലെന്ന് മാത്രം.

ഈ മുത്തപ്പൻ വെള്ളാട്ടത്തിൽ പണ്ട് പല തവണ ഞാൻ പങ്ക് കൊണ്ടിട്ടുള്ളതാണ്. എന്റെ വീട്ടിൽ പോലും വെള്ളാട്ടം നടന്നിട്ടുണ്ട്. അന്ന് മുത്തപ്പന്റെ അനുഗ്രഹവും വാങ്ങിയിട്ടുണ്ട്. ഇനി 'വെള്ളാട്ടം' പോരാ 'നായനാർ' തന്നെ വീട്ടിൽ കെട്ടിയാടിക്കണമെന്ന് എന്നെ ഉപദേശിച്ചതാണ്. പിന്നീട് എന്റെ വിശ്വാസങ്ങൾ മാറിപ്പോയത് കൊണ്ട് അതൊന്നും നടന്നില്ലെന്ന് മാത്രം.

എന്റെ ഭാര്യാപിതാവ് ഒരു തികഞ്ഞ സാത്വികനാണ്. അദ്ദേഹത്തിന്റെവിധ ഭാവങ്ങളിലുള്ള ഒരു നോട്ടം എന്റെ മേലെ പതിച്ചപ്പോ, പിന്നെയധികം എതിർക്കാൻ നിന്നില്ല. എന്നാലും മനസ്സിനൊട്ട് താല്പര്യവുമില്ലതാനും. രാകേശമ്മാവൻ എന്റെ കൈ പിടിച്ച് മുത്തപ്പന്റെ അടുത്തെത്തിച്ചു. ഈ രംഗമൊക്കെ സാകൂതം കേൾക്കുകയും വീക്ഷിക്കുകയും ചെയ്തിരുന്ന മുത്തപ്പൻ എന്റെ ഭാര്യയുടെ കൈ വിട്ട് എന്റെ കയ്യിൽ കേറിപ്പിടിച്ചു.

"ഹാഹാ... ഇദ്ദേഹത്തിന് എന്താ ഒരു മടി... ന്താ എന്നെ ഷ്ടല്ലാന്നുണ്ടോ...?" ഞാനെന്റെ മറുപടി ഒരു പുഞ്ചിരിയിൽ മാത്രമായി ഒതുക്കി.

"ന്താ... മറുപടിയൊന്നും ല്ലേ...? ഈ മുത്തപ്പനൊരു മിഥ്യയാണെന്ന ധാരണയുണ്ടോ..." അതിലും ഞാൻ മറുപടി പറഞ്ഞില്ല... ചുറ്റുമുള്ളവർ എന്നെ ആകാംക്ഷയോടെയും ഞാൻ ചുറ്റുമുള്ളവരെ ചിരിച്ചുകൊണ്ടും നോക്കുകയായിരുന്നു.

"ന്താ... അമേരിക്കയിലൊക്കെ പോയപ്പോ എന്നെയൊന്നും വേണ്ടാതായോ..." ഞാൻ ചുണ്ടടച്ചിരുന്നു. അപ്പോ മുത്തപ്പനും ഞാൻ അമേരിക്കയിലാണെന്നുള്ള കാര്യം അറിയാം. ദീർഘദർശിയാണ്.

"എല്ലാം തികഞ്ഞു എന്ന ഭാവമായിരിക്കും അല്ലേ...?" 

"അങ്ങനെയൊന്നുമില്ല മുത്തപ്പാ..."

"പിന്നെന്താ വിളിച്ചപ്പോ വരാനൊരു മടി...?" 

"വരാൻ തോന്നിയില്ല... അതാ...."

"ഹ ഹ ഹാ... ഭേഷ്.. ഭേഷ്... ന്റെ അനുഗ്രഹത്തിന് വേണ്ടി  ഇത്രയധികം ആൾക്കാര് ഇവിടെ കൂടിയിരിക്കുമ്പോ... കണ്ടില്ലേ ഇദ്ദേഹത്തിന്റെ അഹംഭാവം..." മുത്തപ്പൻ ചുറ്റും കണ്ണോടിച്ചുകൊണ്ട് ഒടുവിൽ അദ്ദേഹത്തിന്റെ കൈക്കാരോടായി പറഞ്ഞു.

"ഇതൊക്കെ നല്ലതിനാണെന്ന് തോന്നുന്നുണ്ടോ...?"

"വെറുതെ സമയം കളയണ്ടാന്ന് കരുതീട്ടാ..."

"ഇപ്പൊ ങ്ങനെയും ആൾക്കാരുണ്ട്.... ഇങ്ങനെയൊക്കെ ധിക്കരിക്കുന്നതാ ഇവരുടെയൊരു രീതി... ഇതൊന്നും താങ്കളെ ഉയരത്തിലെത്തിക്കൂല്ല..."

"അത് സാരല്യ മുത്തപ്പാ..."

"കൈക്കാരേ ഇദ്ദേഹത്തിനെ മുത്തപ്പൻ എന്താ... എങ്ങനെയാ പെരുമാറേണ്ടത്...?" മുത്തപ്പൻ, അദ്ദെഅഹത്തിന്റെ ഇടംവലങ്ങളിലുള്ള സഹായികളെ നോക്കി ദേഷ്യഭാവത്തിൽ ചോദ്യമെയ്തു.

മുത്തപ്പന്റെ ചോദ്യങ്ങൾക്കുത്തരമായി എന്റെ വായിൽ നിന്ന് ഇനി എന്തൊക്കെയാ വീഴുക എന്ന് എനിക്ക് തന്നെ നിശ്ചയമില്ലാതെ പോകുന്ന ഒരവസ്ഥ. എല്ലാവരും എന്നെത്തന്നെ തുറിച്ച്‌നോക്കുന്നതായി എനിക്ക് തോന്നി. സംഗതി വഷളാകാതെ നോക്കിയേ പറ്റൂ... ഞാൻ മുത്തപ്പന്റെ കൈ വിടുവിച്ച് തിരികെ നടന്നു. 

മുത്തപ്പൻ എന്നെക്കുറിച്ച് പിന്നെയൊന്നും സംസാരിച്ചില്ല. വേദനിപ്പിക്കണ്ട എന്ന് കരുതിയായിരിക്കണം, ഭാര്യയോടും എന്നെക്കുറിച്ചൊന്നും പറഞ്ഞില്ല. ഒന്നും സംഭവിക്കാത്തപോലെ മുത്തപ്പനടക്കം എല്ലാരും പെരുമാറിയപ്പോൾ  അവിടത്തെ താളം തെറ്റാതെ നിന്നു. പിന്നെയും ആരൊക്കെയോ ദർശനം തേടി. ആരുമാരും എന്നോടൊന്നും ചോദിക്കാത്തത് കൊണ്ട്, ഞാനും ചില തർക്കുത്തരങ്ങൾ കൊടുക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടു. പക്ഷേ ചിലരുടെയെങ്കിലും മനസ്സിൽ ചില ചോദ്യങ്ങൾ ഉണ്ടെന്ന് അവരുടെ നീക്കങ്ങളിൽ നിന്ന് മനസ്സിലാവാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല താനും, പ്രത്യേകിച്ച് വളരെയടുത്ത കുടുംബാംഗങ്ങളിൽ നിന്ന്. 

പിറ്റേന്ന് രാവിലെ വിളക്കിന് മുന്നിൽ പ്രാർത്ഥിച്ച് വരുമ്പോൾ ഒരാളുടെ വക ഒരു കമന്റ് കേട്ടു:

"ഇപ്പോൾ ഇതൊരു ഫാഷനാ... ദൈവം ഒന്നും ഇല്ലാന്ന് പറയുന്നത്... ഇതൊക്കെ എന്തോ വല്യ കാര്യമാണെന്നാ അവർടെയൊക്കെ ഒരു വിചാരം... എന്നാലോ.. ഉള്ളിലെല്ലാം ഉണ്ടാവും..." പ്രാതൽ കഴിക്കുകയായിരുന്നെങ്കിലും ഞാനതിലൊന്നും കൊത്താതെ പിടിച്ച് നിന്നു. അങ്ങനെയൊരു യുദ്ധം ജയിച്ചിട്ട് നമുക്കൊന്നും നേടാനില്ലല്ലോ.

"മുത്തപ്പൻ അങ്ങനെയൊക്കെ പറഞ്ഞപ്പോ പേടിച്ച് പോയാ...?" എന്തോ ഒരു സാധനമെടുത്ത് അടുക്കളയിലേക്ക് പോകവേ, വേറൊരു സ്ത്രീബന്ധുവിന്റെ ചോദ്യം.

"ഒണങ്ങിയ പുല്ല് മൊളപ്പിക്കാൻ പറ്റാത്ത മുത്തപ്പനെ ഞാനെന്തിനാ പേടിക്ക്ന്ന്...?" ഞാനെന്റെ വഴിക്ക് പോയി.

ഒരാഴ്ച്ച കഴിഞ്ഞതേയുള്ളൂ. കുഞ്ഞമ്മാമന്റെ കണ്ണൂർ പട്ടണത്തിലുള്ള വീട്ടിൽ ഞങ്ങൾ ഒത്തുകൂടി. ഒരു ഫ്‌ളാറ്റിൽ, നാലാമത്തെ നിലയിലാണ് അദ്ദേഹത്തിന്റെ വീട്. എന്റെ കുടുംബവും ഭാര്യാസഹോദരിയും ഒക്കെയുണ്ട്. ഒന്ന് കൂടിയിരിക്കുന്നതിന്റെ ഭാഗമായി, വല്യ ബഹളമൊന്നും ഇല്ലാതിരിക്കാൻ വേണ്ടി, കുഞ്ഞമ്മാമൻ എല്ലാവരെയും അടുത്തുള്ള മാളിൽ പറഞ്ഞയച്ചു. ആ ഗ്യാപ്പിൽ പണ്ട് മുംബൈയിൽ ഒരുമിച്ച് താമസിച്ചപ്പോൾ മുതലുള്ള രസകരമായ കഥകൾ മുതൽ കപ്പൽ വഴിയുള്ള ചരക്ക് വ്യാപാരം വരെ ഞങ്ങൾ ചർച്ച ചെയ്തു. മർച്ചന്റ് നേവിക്കാരനാണല്ലോ നമ്മുടെ കുഞ്ഞമ്മാമൻ.

രണ്ടുമൂന്ന് മണിക്കൂറുകൾ കഴിയുമ്പഴേക്കും ഏകദേശം രാത്രി ഒൻപത് മണിക്കടുപ്പിച്ച്, മാളിൽ പോയവർ തിരിച്ചെത്തി. ഞാനും മാമനും ഏകദേശം നല്ല മൂഡിലായിരുന്നെങ്കിലും ഒന്നും സംഭവിക്കാത്ത രീതിയിൽ പെരുമാറേണ്ടതുണ്ടായിരുന്നു. മാമൻറ് ഭാര്യാമാതാവിനൊന്നും ഈ കാര്യം അറിയില്ലെന്നാണ് നമ്മുടെ വിചാരം. അവർ വരുമ്പഴേക്കും മീൻ മുള്ളുകളും മിക്സ്ചറിന്റെ ഒഴിഞ്ഞ പാക്കറ്റുകളും അച്ചാറിന്റെ കുപ്പികളുമൊക്കെ മാറ്റി വച്ച് മാന്യന്മാരായി ഞങ്ങളിരുവരും ഇരുന്നു.

കുടുംബാംഗങ്ങളൊക്കെ മാളിൽ നിന്ന് തിരിച്ച് വന്നതിന് ശേഷം, എല്ലാവരും അത്താഴത്തിനിരുന്നു. രസകരമായ ചർച്ചകളും സംഭാഷണങ്ങളും കുട്ടികളുടെ ബഹളവുമൊക്കെയായി അത്താഴം കൊഴുകൊഴുത്തു. വർത്തമാനങ്ങൾക്കിടയിൽ, ഉള്ളിൽ കയറിക്കൂടിയ രസികൻ, ഇടക്കിടെ അറിയാതെ തുളുമ്പിപ്പോകുന്നുണ്ടോയെന്ന് എനിക്ക് തോന്നാതിരുന്നുമില്ല.

അത്താഴത്തിന് ശേഷം, കുട്ടികളെല്ലാവരും ഒരു മുറിയിൽ ഒത്തുകൂടി എന്തൊക്കെയോ ചിരിച്ച് മറിഞ്ഞപ്പോൾ, പ്രായപൂർത്തിയായവർ ലിവിങ് ഏരിയയിൽ വട്ടം കൂടിയിരുന്ന് വെടിവട്ടങ്ങൾക്ക് വട്ടം കൂട്ടി. തുടക്കത്തിലെ ചെറിയ ചെറിയ നുറുങ്ങുകൾ, നിരുപദ്രവങ്ങളായ കുറ്റം പറച്ചിലുകളിലേക്കും ചില കുടുംബാംഗങ്ങളുടെ വ്യത്യസ്തങ്ങളായ സ്വഭാവസവിശേഷതകളിലേക്കും പടർന്നു. പക്ഷേ അതൊടുവിൽ എന്റെ പിരടിയിന്മേലുള്ള ഒരു പിടുത്തമാവുമെന്ന് ഞാനും കരുതിയില്ല.

"ങ്ങളുടെ ബാക്കിയെല്ലാ വർത്താനോം കൊള്ളാം... പക്ഷേ നിങ്ങളെങ്ങനെയാ ഒരു നിരീശ്വരവാദിയായത് എന്നാണ് ഞമ്മക്ക് മനസ്സിലാവാത്തെ... അതാ ഞമ്മക്ക് ങ്ങളോടുള്ള ഒരേയൊരെതിർപ്പ്..." എന്തൊക്കെയോ പറയുന്നതിനിടയിൽ എന്റെ വീട്ടിൽ നടക്കുന്ന ചില പ്രാകൃത ആർത്തവാചാരങ്ങളിൽന്മേൽ വർത്തമാനമെത്തിയപ്പോഴാണ് ഭാര്യാസഹോദരി ഇത്തരത്തിൽ മൊഴിഞ്ഞത്. 

മതവും ദൈവവുമൊക്കെ എനിക്ക് ഇഷ്ടപ്പെട്ട സംസാരവിഷയങ്ങളാണ്. പ്രത്യേകിച്ച്, വ്യത്യസ്‌ത അഭിപ്രായക്കാരാണെങ്കിലും, ഒരേ തരംഗദൈർഘ്യത്തിൽ പരസ്പരം മനസ്സിലാക്കിയുള്ള ചർച്ചകൾ ഇഷ്ടമാണ്. പക്ഷെ, ഇവിടെ അങ്ങനെയാകാൻ തരമില്ലല്ലോ. ആചാരങ്ങൾ എല്ലാം പാലിക്കണമെന്ന് പറയുമ്പോഴും, ഏതാചാരമായാലും, അവനവന് വിഷമങ്ങളുണ്ടാക്കുന്ന ആചാരങ്ങൾ പാലിക്കാൻ എല്ലാവർക്കും വിഷമമാണ്. അവനവൻ പാലിക്കുന്നിലെങ്കിലും, അത് മറ്റുള്ളവർ പാലിക്കണമെന്ന് ശഠിക്കുന്നവരാണ് ഏറെക്കുറെ നമ്മുടെ ഇടയിലുള്ള എല്ലാവരും. 

ശബരിമലയിൽ സ്ത്രീകൾ കയറുന്നതിനെ ആചാരപ്രകാരം എല്ലാവരും ശക്തിയുക്തം എതിർക്കും. പക്ഷേ എന്റെ വീട്ടിലെ ചില പ്രതിഷ്ഠകളുടെ പേരിൽ, അവിടെയുള്ള ആചാരമായ സ്ത്രീകളുടെ വിട്ടുനിൽക്കലിന്, അവിടേക്ക് ഞാനടക്കം കെട്ടിക്കൊണ്ട് വന്ന പെൺകുട്ടികൾക്ക് എതിർപ്പാണെങ്കിലും എന്റെ വീട്ടിൽ താമസിക്കാത്ത പലർക്കും ആ ആചാരത്തോട് യോജിപ്പാണ്! 

ശരിയാണ്, എന്റെ ചെറുപ്പത്തിൽ ഞാനീ ആചാരങ്ങളുടെയൊക്കെ ഭാഗമായിരുന്നു. അതൊക്കെ ശരിയാണെന്ന് വിശ്വസിച്ചിരുന്നു. തീണ്ടാരി ആയാൽ, വീടിന്റെ കിഴക്കും തെക്കും ഭാഗങ്ങളിൽ പോകരുത്, കിണറ്റിൽ നിന്ന് വെള്ളമെടുക്കരുത്, പശുവിനെ കറക്കരുത്, ഭക്ഷണം പാകം ചെയ്യരുത് എന്നൊക്കെയുള്ള കുറെ അരുതുകൾ. തീണ്ടാരിയായവരെ തൊടുന്നവർ വീണ്ടും കുളിച്ചിട്ട് വേണം, വീട്ടിലെ കാര്യങ്ങൾ ചെയ്യാൻ. അവർ,  നാലാം ദിവസം, കിടന്ന പായയും അതുവരെ ഉപയോഗിച്ച വസ്ത്രങ്ങളുമടക്കം, അതിരാവിലെ സൂര്യോദയത്തിന് മുന്നേ ഏതെങ്കിലും കുളത്തിൽ പോയി മുങ്ങിവരണം, രാത്രി വീട്ടിൽ നിന്ന് മാറി അന്തിയുറങ്ങണം എന്നൊക്കെയുള്ള ചടങ്ങുകൾ വേറെയും. (ഇന്ന് ഈ ആചാരങ്ങൾ കുറേയേറെ മാറിയെങ്കിലും, ഇപ്പഴും രൂപഭാവവ്യത്യാസങ്ങളോടെ  ഉപദ്രവകാരിയായിത്തന്നെ നിലനിൽക്കുന്നുണ്ട്. അത് മാത്രമായിത്തന്നെ വലിയ കഥയാണ്.) തീണ്ടാരി സംബന്ധിച്ച് എന്റെ വീട്ടിലും മറ്റുള്ള വീടുകളിലുമൊക്കെ ആചരിക്കപ്പെട്ടിരുന്ന ആചാര  വൈവിധ്യങ്ങളാണ് ദൈവിക-മത-ആചാര കാര്യങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടക്കത്തിൽ എന്നെ പ്രേരിപ്പിത്. ഒടുവിൽ  മറ്റുപല നിരീക്ഷണങ്ങളും അനുഭവങ്ങളും വായനയുടെ കൂടെ മനസ്സിൽ കുത്തിമറിഞ്ഞപ്പോഴാണ്, ഈ ലോകത്ത് പല രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ദൈവത്തിന്റെ പേരിൽ നടമാടുന്ന നാടകങ്ങളുടെ ഭാഗമാകാതിരിക്കാൻ ഞാൻ നിരീശ്വരനായത്. എന്നോട് ദൈവം നേരിട്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്ന സമയത്ത് മാത്രമേ മറിച്ചാലോചിക്കാൻ ഇനി താല്പര്യമുള്ളൂ!

ഈ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും ഒരാഴ്ച മുന്നേ അളിയന്റെ വീട്ടിൽ നടന്ന മുത്തപ്പൻ സംഭവത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് പറഞ്ഞ് സംവാദം കാട് കയറി. ജീവിതത്തിലെ ഭാഗ്യങ്ങളൊക്കെ നേടിയതിന് ശേഷം ദൈവത്തെ തള്ളിപ്പറയുന്നത് അഹങ്കാരമാണെന്നുവരെയായി കാര്യങ്ങൾ. അത് തന്നെയാണല്ലോ മുത്തപ്പനും എന്നോട് പറഞ്ഞത്.

"ഇതൊന്നും നല്ലതിനല്ല കേട്ടാ... എല്ലാം തന്ന ദൈവം... ഇതിനെങ്ങനെയാ മറുപടി തര്വാന്ന് പറയാൻ പറ്റൂല്ല..."

"അതിന് ദൈവത്തിനെ ഞാൻ ഉപദ്രവിക്കാനൊന്നും പോയിട്ടില്ലല്ലോ... ദൈവത്തിനെ മണിയടിച്ചില്ലാന്നും പറഞ്ഞ് ഉപദ്രവിക്കാൻ വരുന്ന ദൈവം ഒരു ദൈവമാണോ..."

"ഇങ്ങനെ കുറേയാൾക്കാരെ ഞമ്മള് കണ്ടിറ്റ്ണ്ട്... വയസ്സാവുമ്പോ അവരൊക്കെ ഗീത വായിക്കാൻ തുടങ്ങും..."

"ഞാൻ ഇതിനകം തന്നെ ഗീതയും ബൈബിളും ഹദീസുകളുമൊക്കെ കുറച്ചൊക്കെ വായിച്ചിട്ടുണ്ട്... അപ്പോഴാണ് യഥാർത്ഥ കാര്യങ്ങൾ പിടി കിട്ടിയത്..."

"ങ്ങളോട് പറഞ്ഞട്ടൊന്നും കാര്യമില്ല... കിട്ടിയാലേ പഠിക്കൂന്ന് തീരുമാനിച്ചാപ്പിന്നെ വേറെന്താ പറയാ..."

"അതാണ്... പ്രാർത്ഥിച്ചില്ലെങ്കിൽ പണി തരുന്ന ദൈവം ദൈവമാണോ? ഒരാളെ ഞാൻ ബഹുമാനിച്ചില്ല എന്നതിന്റെ പേരിൽ അയാൾ എന്നെ തല്ലുന്നത് നീതിയാണോ..."

"ഞമ്മളൊന്നും പറേന്നില്ലപ്പാ... ങ്ങളോടൊന്നും പറഞ്ഞാൽ ഞമ്മക്ക് ജയിക്കാൻ പറ്റൂല്ല...  ഞമ്മക്കിതെല്ലാം പേടിയാ... എന്തായാലും മുത്തപ്പനോട് തട്ടിക്കേറിയത് ഒട്ടും ശരിയായില്ല..."

"അത് സാരല്ല... എനിക്ക് പേടിയൊന്നും ഇല്ല...."

"പേടിക്കേണ്ട സമയം വെരും... എങ്ങനെയാന്നൊന്നും പറയാൻ പറ്റൂല്ല..."

"അവര് പേടിപ്പിക്കാൻ വരട്ടെ... അപ്പോ വേണ്ടപോലെ ചെയ്യാം..." 

അങ്ങനെ എല്ലാവരും കൂടെ എന്നെ പേടിപ്പിക്കുകയായിരുന്നു! ഉള്ളിലൊരാൾ ദ്രാവകരൂപത്തിൽ നല്ല കട്ടക്ക് സപ്പോർട്ടുള്ളപ്പോൾ ഇങ്ങനെയൊക്കെ വർത്തമാനം പറയാൻ വളരെ രസമായിരുന്നു. ഏകദേശം അർദ്ധരാത്രിക്കടുപ്പിച്ച് എല്ലാവരും കിടന്നുറങ്ങാൻ തയ്യാറെടുത്തു. കുഞ്ഞമ്മാമന്റെ വീട്ടിൽ, സ്ഥലപരിമിതിയുള്ളത് കാരണം, ഞാനും കുഞ്ഞമ്മാമനും അദ്ദേഹത്തിന്റെ പതിനെട്ടുകാരനായ മകനും അതിന് തൊട്ടപ്പുറത്തെ ഒരു ഫ്‌ളാറ്റിലാണ് ഉറങ്ങാൻ പോയത്. ആ അയല്പക്കത്തെ ഫ്‌ളാറ്റിൽ ഒന്നൊന്നര വർഷങ്ങളായി ആൾതാമസമുണ്ടായിരുന്നില്ല.

ആ ഫ്‌ളാറ്റിനെക്കുറിച്ച് നേരത്തെത്തന്നെ അമ്മാമനും അമ്മായിയും ഒരു മുഖവുര തന്നിരുന്നു: അവിടെ പ്രായമായൊരു അങ്കിളും ആന്റിയുമായിരുന്നത്രേ താമസിച്ചിരുന്നത്.ഒരു സർക്കാർ ഏജൻസിയുടെ ജനറൽ മാനേജരായി റിട്ടയർ ചെയ്ത ആളായിരുന്നു ആ അങ്കിൾ. ആന്റിയും അഭ്യസ്തവിദ്യ ആയിരുന്നു. അവരുടെ ഒരു മകൻ ചെന്നൈയിൽ ഡോക്ടറാണ്. മറ്റൊരാൾ ഹൈദരാബാദിലും. മക്കൾ രണ്ടുപേരും വലിയ സെറ്റപ്പിലാണെങ്കിലും മാതാപിതാക്കൾക്ക് കണ്ണൂർ വിട്ടുപോകാൻ ഒട്ടുമേ താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഗ്രാമത്തിൽ താമസിച്ചിരുന്ന മാതാപിതാക്കൾക്ക് യാത്രാ സൗകര്യാർത്ഥം പട്ടണത്തിൽത്തന്നെ ഒരു ഫ്‌ളാറ്റെടുത്ത് കൊടുത്തത്. യാത്രക്കായി ഒരു കാറും വാങ്ങിച്ചു കൊടുത്തു. 

അങ്ങനെ കാലം പോകവേ, ഒരു ദിവസം സുപ്രഭാതത്തിൽ, ആ അങ്കിൾ ചോര വാർന്ന് കുളിമുറിയിൽ കമഴ്ന്ന് കിടന്ന് മരിച്ചതായാണ് കാണപ്പെട്ടത്. മൂത്രമൊഴിക്കാൻ പോയപ്പോൾ വീണ് മരിച്ചതായിരിക്കണം. ആ അങ്കിൾ മരിച്ചതിന് ശേഷവും ആന്റി മക്കളോടൊപ്പം പോകാൻ തയ്യാറായില്ല. അവരുടെ ഭർത്താവിന്റെ ഓർമയിൽ സ്വന്തം കാര്യങ്ങളൊക്കെ ചെയ്ത്, അവിടെത്തന്നെ കഴിഞ്ഞു കൂടി. പുറത്ത് പോകണമെങ്കിൽ  കുഞ്ഞമ്മായിയുടെ ഒപ്പം പോകും; കുഞ്ഞമ്മായി അവരുടെ ഓഫീസിൽ പോയിരിക്കുകയാണെങ്കിൽ, വാടകക്ക് ഡ്രൈവറെ വിളിക്കും. 

എല്ലാ ദിവസവും രാത്രി, കുഞ്ഞമ്മായിയുടെ അമ്മയും ആന്റിയും പത്ത്-പത്തര വരെ അവരുടെ ഫ്‌ളാറ്റിലിരുന്ന് ടിവി സീരിയലുകൾ കാണും. പ്രവർത്തി ദിവസങ്ങളിൽ, കുഞ്ഞമ്മായിയുടെ അമ്മ ഭക്ഷണമുണ്ടാക്കി അവർക്കെത്തിച്ച് കൊടുക്കും. വാരാന്ത്യങ്ങളിൽ അവരൊരുമിച്ചാണ് ഭക്ഷണത്തിനിരിക്കാറുള്ളത്. അത്രക്ക് ബന്ധമായിരുന്നു അവരും നമ്മുടെ കുഞ്ഞമ്മാമന്റെ കുടുംബവും തമ്മിൽ. അതുകൊണ്ട് തന്നെ ആന്റിയുടെ മക്കൾക്ക് വലിയ ആശ്വാസമായിരുന്നു. 

"എച്ചീ... വാതില് തൊറക്ക്.... വേഗം വാ... ഞാനാ ഖാദർ...." ഏതോ ഒരു ശനിയാഴ്‌ച, വീടൊക്കെ വൃത്തിയാക്കവേ, ആരോ ബഹളം വച്ചുകൊണ്ട് വാതിലിന്മേലുള്ള മുട്ട് കേട്ടപ്പോൾ കുഞ്ഞമ്മായി പരിഭ്രാന്തയായി. വാതില് തുറന്നപ്പോൾ അത് വാച്ച്മാൻ ഖാദറായിരുന്നു. 

"ഏച്ചീ... നമ്മുടെ പ്രഭയേച്ചി... അവര് താഴേക്ക് വീണു... ങ്ങള് വേഗം വാ..." കുഞ്ഞമ്മായിയും അവരുടെ അമ്മയും കേട്ടപാതി, താഴേക്കോടി. ലിഫ്റ്റ് ഉണ്ടായിരുന്നിട്ടും.. അതൊന്നും അവർ ഓർത്തില്ല. താഴെ എത്തിയപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് അവർക്ക് മനസ്സിലായത്. പ്രഭാവതിയാന്റി അവിടെ തറയിൽ ചോര വാർന്ന് കിടക്കുകയാണ്. മരിച്ചെന്നറിഞ്ഞിട്ടും, എല്ലാവരും കൂടെ അവരെ വാരിയെടുത്ത്, തൊട്ടപ്പുറത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, പെട്ടന്ന് തന്നെ മൃതശരീരമായി തിരിച്ച് കൊണ്ടുവന്നു. പ്രഭയാന്റിക്കും ഭർത്താവിനും വീണുമരിക്കാനായിരുന്നു യോഗം. ഭർത്താവ് കുളിമുറിയിൽ വീണ് മരിച്ചപ്പോൾ, പ്രഭയാന്റി, നാലാം നിലയിൽ നിന്ന് താഴെ വീണു മരിച്ചു എന്ന വ്യത്യാസം മാത്രം. നാടൻ ഭാഷയിൽ പറഞ്ഞാൽ, അപമൃത്യുകൾ!

വാഷിങ് മെഷീനിൽ അലക്കിയ തുണികൾ, താഴേക്കിറങ്ങുന്ന കോണിപ്പടിയുടെ പുറത്തേക്ക് തള്ളിയ ഭാഗത്തായി കെട്ടിയിരുന്ന അയലിൽ ആറിയിടാൻ വന്നതായിരുന്നു പ്രഭയാന്റി. അരപ്പൊക്കത്തിലും മേലെ ഉയരത്തിൽ കൈവരിയുണ്ടെങ്കിലും വിശാലമായ വേഷ്ടിയും മുണ്ടും നിവർത്തി ആറിയിടാൻ ഏന്തിവലിഞ്ഞ് ശ്രമിച്ചതായിരിക്കണം, അവർ വീഴാനുണ്ടായ കാരണം. ആ കൈവരികൾ പഴയതും അവിടവിടെ പൊട്ടിപ്പൊളിഞ്ഞതുമായിരുന്നു. ആന്റിയുടെ വീടിന്റെ ഭാഗത്തുള്ള staircase ൽ അവരുടെ തുണികളൊക്ക ഒരു ബക്കറ്റിൽ കിടപ്പുണ്ടായിരുന്നു. വേഷ്ടി പകുതി നിവർത്തിയ രീതിയിൽ അയലിൽ കിടപ്പുണ്ടായിരുന്നു.  ബലപ്രയോഗം നടന്നതിനോ വേറെ ആരെങ്കിലും അവിടേക്ക് വന്നതിനോ ഒരു തെളിവുകളും ഉണ്ടായിരുന്നില്ല. അങ്ങനെ പ്രഭാവതിയാന്റിയും കാലയവനികക്കുള്ളിൽ മറഞ്ഞു. ഈ സംഭവത്തിന് ശേഷം, കുഞ്ഞമ്മായിക്കും അവരുടെ അമ്മക്കും ആ ഫ്‌ളാറ്റിൽ പോകാൻ ഭയമായിരുന്നു. 

പ്രഭയാന്റിയുടെ അന്ത്യകർമ്മങ്ങൾക്ക് ശേഷം, മക്കൾ ആ ഫ്‌ളാറ്റിന്റെ താക്കോലും അവരുടെ കാറിന്റെ താക്കോലും കുഞ്ഞമ്മാമന്റെ വീട്ടിൽ ഏല്പിച്ചു. ആകെ ഒരേയൊരു ആവശ്യമേ അവർക്കുണ്ടായിരുന്നുള്ളൂ. എന്ത് ആവശ്യത്തിനും അവരുടെ കാറ് ഉപയോഗിക്കണം. എപ്പഴെങ്കിലും ആരെയെങ്കിലും വിളിച്ച് വീട് ഒന്ന് വൃത്തിയാക്കിവെക്കണം. ആ ഫ്ലാറ്റ് വിൽക്കാൻ മക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. മാതാപിതാക്കൾ അവസാനകാലം താമസിച്ച വാസസ്ഥലം പെട്ടന്ന് തന്നെ കൈയ്യൊഴിയാൻ അവർക്ക് താല്പര്യമുണ്ടായിക്കാണില്ല. അവരുടെ അമ്മ മരിച്ചിട്ട് ഒന്നര വർഷങ്ങൾ  കഴിഞ്ഞിട്ടും ആ വീടിന്റെ കസ്റ്റോഡിയനായി നമ്മുടെ കുഞ്ഞമ്മാമനും കുഞ്ഞമ്മായിയും തുടരുകയാണ്. ആ വീട്ടിലാണ് ഞാൻ കിടക്കാൻ പോകുന്നത്.

"നിങ്ങൾക്കവിടെ ഉറങ്ങാൻ പേടിയൊന്നും ഇല്ലല്ലോ...?" കുഞ്ഞമ്മായി വെറുതെ എന്നോണം ചോദിച്ചു. 

"ഏയ്... എനിക്ക് പ്രത്യേകിച്ച് ഇങ്ങനെയുള്ള സ്ഥലങ്ങൾ വലിയ താല്പര്യമാണ്... ആത്മാക്കളുമായി വർത്താനം പറയാലോ..."

"വെർതെ തമാശ പറയണ്ട... ചിലപ്പോൾ ങ്ങളെപ്പോലെയുള്ള ആൾക്കാരെ അവര് പേടിപ്പിക്കും സൂക്ഷിച്ചോ..."

"ഓ... അഥവാ പ്രഭയാന്റി വന്നാ... ഞാനവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തോളാം... പ്രേതത്തിനേം പിശാചിനേം എനക്ക് വല്യ ഇഷ്ടാ..."

"ഒറപ്പല്ലേ..."

"ഒറപ്പ്...  അപ്പൊ good night"

ഞങ്ങൾ പ്രഭയാന്റിയുടെ ഫ്‌ളാറ്റിലേക്ക് കടന്ന് വാതിലടച്ചു. കുഞ്ഞമ്മാമൻ ഒരു മുറിയിലും ഞാനും അദ്ദേത്തിന്റെ മകൻ അപ്പുവും വേറൊരു മുറിയിലുമാണ് കിടന്നത്. ഞങ്ങൾ കിടന്ന മുറിയിൽ മാത്രമായിരുന്നു അറ്റാച്ച്ഡ് ബാത്റൂം ഉണ്ടായിരുന്നത് എന്നതാണ് എന്നെ ആ മുറിയിൽ കിടത്താൻ കാരണം. കുറേക്കാലമായി ആരും ഉപയോഗിക്കാഞ്ഞതിനാൽ ഒരു പൂപ്പൽ മണം അവിടെ ഉണ്ടായിരുന്നു. പെട്ടന്ന് തന്നെ ഞങ്ങൾ ഉറങ്ങാൻ കിടന്നു. രണ്ട് മിനുട്ടുകൾക്കുള്ളിൽത്തന്നെ കുഞ്ഞമ്മാമൻറെ കൂർക്കം വലി ഉയരാൻ തുടങ്ങി. അപ്പുവും പെട്ടന്ന് തന്നെ ഉറങ്ങി. ഉറക്കം വരാൻ സമയമെടുക്കാറുള്ള ഞാൻ, എപ്പഴോ ഉറങ്ങിപ്പോയി.

പുലർച്ചെക്കെപ്പഴോ ആണ് എനിക്ക് മൂത്രമൊഴിക്കാൻ തോന്നിയത്. പരിസരം പരിചയമില്ലാതിരുന്നത് കൊണ്ട് മൂത്രശങ്ക കുറച്ച് നേരം അടക്കിവെക്കാൻ ശ്രമിച്ചെങ്കിലും അത് ഉറക്കിനെ ബാധിക്കാൻ തുടങ്ങിയപ്പോൾ എഴുന്നേറ്റു. മുറിക്ക് പുറത്ത് ഒരു zero watt bulb കത്തുന്നത് കൊണ്ട് അകത്ത് കുറച്ചൊക്കെ വെളിച്ചം എത്തുന്നുണ്ട്. അപ്പു ഉണരും എന്നുള്ളത് കൊണ്ട് മുറിക്കുള്ളിലെ light bulb ഞാൻ ഓണാക്കിയില്ല. കിടക്കുന്നതിന് മുന്നേ കണ്ട പരിസരത്തിന്റെ ഒരോർമ്മ വച്ച് പതുക്കെ ബാത്റൂം ലക്ഷ്യമാക്കി നടന്നു.  ബാത്റൂം വാതിൽ തുറന്ന്, അതിനകത്തെ ലൈറ്റിട്ടു. ലൈറ്റ് അധികമായതിനാൽ, കണ്ണ് പാതിയടച്ചാണ് എന്റെ അനക്കങ്ങൾ.

പതുക്കെ toilet closet നടുത്തേക്ക് നീങ്ങി, കാലുകൾ അകത്തിവച്ച് കാര്യം സാധിക്കാൻ തുടങ്ങവേ ആയിരുന്നു അത് സംഭവിച്ചത്. നിന്ന നിൽപ്പിൽ മൂത്രമൊഴിപ്പ് തുടങ്ങാൻ വേണ്ടി വലത് കാൽ ഒന്ന് വലത്തോട്ട് നീക്കി ക്രമീകരിക്കാൻ തുടങ്ങിയതേയുള്ളൂ; ഞാനെന്റെ വലത് ഭാഗത്തോട്ട് ചെരിഞ്ഞ് മറിഞ്ഞ് തലയടിച്ച് വീണു. 'ത്ഥപ്പോ...' എന്ന ശബ്ദം എന്റെ കാതിൽ മുഴങ്ങി. കണ്ണിലൂടെ ഒരായിരം നക്ഷത്രങ്ങൾ പറന്നുപോയി. എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും ഇല്ല. ആകെയൊരു തരിപ്പ്. എന്റെ തല പൊട്ടിത്തെറിച്ച് പോയെന്നാണ് ഞാൻ കരുതിയത്. ആ കിടപ്പിൽത്തന്നെ ഞാൻ ഒന്നുരണ്ട് മിനുട്ടുകൾ കിടന്നു. മുന്നിൽ പ്രഭയാന്റി വന്ന് ചിരിക്കുന്നതായി എനിക്ക് തോന്നി. അവർ എന്നെ നോക്കി പൊട്ടിച്ചിരിക്കുകയാണ്. അവർ എന്നെ തള്ളയിട്ടതാണത്രേ. എന്റെ അഹങ്കാരത്തിനുള്ള ശിക്ഷ.

"ഷിജി ഇന്നലെ നിനക്ക് വാണിങ് തന്നതല്ലേ..." അവരുടെ കണ്ണ് കൂടുതൽ ചെമന്ന് വന്നു. തലേന്ന് രാത്രി നടന്ന ചർച്ചകൾ മുഴുവൻ ഒരു ഫ്ലാഷ്ബാക്ക് പോലെ എന്റെ മുന്നിലൂടെ കടന്നുപോയി. 

"മുത്തപ്പനാണ് എന്നെ ഇങ്ങോട്ട് വിട്ടിരിക്കുന്നത്... നീ മാപ്പ് പറയുന്നോ ഇല്ലയോ...?" എന്റെ തൊണ്ടയിൽ നിന്ന് ഒന്നും പുറത്ത് വന്നില്ല. മുത്തപ്പനും പ്രഭയാന്റിയും മാറിമാറി എന്റെ മുന്നിൽ ഉറഞ്ഞ് തുള്ളി.

"ദൈവങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് നിനക്ക് മനസ്സിലായോ...? നിനക്കിനി എന്റെ കൂടെയിരിക്കാം.... വാ..." 

പ്രഭാവതിയാന്റി എന്റെ കഴുത്ത് ഞെരിക്കാൻ വന്നപ്പോഴാണ് ഞാൻ പിടഞ്ഞെഴുന്നേറ്റത്. അപ്പോൾ മാത്രമേ എനിക്ക് ബോധമുണ്ടെന്നും ഞാൻ മരിച്ചിട്ടില്ലെന്നും എനിക്ക് മനസ്സിലായത്. എന്റെ വലത് കയ്യും, തലയുടെ വലത് ഭാഗവും വല്ലാതെ വേദനിക്കുന്നുണ്ട്. ആ സമയത്താണ് ഞാനെന്റെ കണ്ണുകൾ പൂർണ്ണമായും തുറന്ന് പിടിച്ചത്. എഴുന്നേറ്റ് നിന്നപ്പോൾ മുന്നിൽ കണ്ണാടിയുണ്ടായിരുന്നു. എന്റെ പ്രതിബിംബത്തിന് പകരം, എനിക്കൊട്ടുമേ അറിയാത്ത, ഞാൻ സങ്കല്പിച്ച പ്രഭാവതിയാന്റിയുടെ മുഖമാണോ കണ്ണാടിയിൽ കാണുന്നതെന്ന് ഞാൻ സംശയിച്ചു. തലയും കയ്യുമൊക്കെ നോക്കിയപ്പോൾ പൊട്ടലൊന്നും കണ്ടില്ല. ചോരയും ഇല്ല. ഇത്തിരി സമാധാനമായി.

പിന്നെയാണ് എന്താണ് സംഭവിച്ചതെന്ന് നോക്കാൻ ഞാൻ തുനിഞ്ഞത്. മൂത്രമൊഴിക്കാൻ തുടങ്ങുന്നതിന് മുന്നേ വലതുകാൽ വലത്തോട്ടൊന്ന് നീക്കിയ സമയത്താണ് ഞാൻ വീണത്. കാൽ നീക്കുമ്പോൾ മാത്രം എങ്ങനെയാണ് വീണത് എന്നറിയാൻ toilet ന്റെ താഴെ, തറയിൽ നോക്കിയപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്. 

Toilet ന് മുന്നിൽ എന്റെ വലത് ഭാഗത്തായി കുളിക്കുന്ന ഭാഗമാണ്. ആ ഭാഗം, toilet നിന്നിരുന്ന നിരപ്പിൽ നിന്നും രണ്ട് ഇഞ്ചുകൾക്ക് മേൽ താഴെ ആയിരുന്നു. കുളിക്കുന്ന സ്ഥലത്ത് വീഴുന്ന വെള്ളം, മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാനാണ് ആ ഭാഗം കുറച്ച് താഴ്ത്തി വച്ചിട്ടുണ്ടാവുക. ഉറക്കച്ചടവിലായിരുന്നതിനാലും, ലൈറ്റ് അധികമായതിനാൽ കണ്ണ് മുഴുവൻ തുറക്കാത്തത് കൊണ്ടും, തറയിലെ ടൈലുകൾ toilet ന്റെ താഴ്ചയുള്ള ഭാഗത്ത് നിന്നും ഇടതും വലതുമായി കൃത്യമായ അകലം പാലിച്ചതിനാലും ആ താഴ്ച, എന്റെ പെട്ടന്നുള്ള ശ്രദ്ധയിൽ പെട്ടിരുന്നില്ല. വലത് കാൽ, ആ താഴ്ചയിൽ വെച്ചപ്പോഴായിരുന്നു, ഒരു പടുകുഴിയിൽ വീഴുന്നത് പോലെ പിടികിട്ടാതെ ഞാൻ വീണുപോയത്. ഭാഗ്യത്തിന്, വലത് ഭാഗത്തെ ചുമരിൽ ശക്തിയായി ഇടിക്കാതെ, തല ചുമരിൽ ഒന്നുരഞ്ഞ് മാത്രം താഴെ വീണത് ഒരനുഗ്രഹമായി. അല്ലെങ്കിൽ മുത്തപ്പനും പ്രഭാവതി ആന്റിയും ഒരുമിച്ച് എന്നെ മേൽപ്പോട്ടേക്ക് എടുത്തേനെ! പ്രഭാവതിയാന്റിയുടെ ഭർത്താവ് മരിച്ചുകിടന്ന അതേ സ്ഥലത്തായിരുന്നു ഞാനും വീണുകിടന്നത്!

മൂത്രമൊഴിക്കാൻ മുട്ടി നിൽക്കുന്ന സന്ദർഭത്തിൽ തലയിടിച്ച് വീണുപോയെങ്കിലും, അറിയാതെപോലും ആ വീഴ്ചയുടെ ആഘാതത്തിൽ എന്റെ മൂത്രം പുറത്ത് വന്നിരുന്നില്ല. അതുകൊണ്ട്, ശ്രദ്ധിച്ച് നിന്ന് മൂത്രമൊഴിച്ചതിന് ശേഷം, ഞാൻ പതുക്കെ പുറത്തേക്ക് കടന്നു. അപ്പോഴും കുഞ്ഞമ്മാമനും അപ്പുവും കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്നു; വെടി കൊണ്ടാലും ഞെട്ടാത്ത ഉറക്കം!

പിറ്റേന്ന് കാലത്ത് എഴുന്നേറ്റ് ഞാനീ കഥ മറ്റുള്ളവരോട് വിവരിക്കുമ്പോൾ എല്ലാവരും ഒരുമിച്ച് വിളിച്ചു: "ന്റെ മുത്തപ്പാ...!"

ഞാനും കൂടി ആ വീട്ടിൽ വീണുമരിച്ചിരുന്നെങ്കിൽ, കുഞ്ഞമ്മാമനും അമ്മായിയും ആ ഭാർഗ്ഗവീനിലയത്തിന്റെ പരിസരത്ത് നിന്നും ഫ്‌ളാറ്റും വിറ്റ്, തിരിഞ്ഞ് നോക്കാതെ വേറെ എവിടേക്കെങ്കിലും ഓടിപ്പോയെനെ!

***

ഈ പരമ്പരയിലെ ആദ്യഭാഗം വായിക്കാൻ ഇവിടെ അമർത്തുക: ഡ്രാക്കുളയും ഓജോ ബോർഡും (പ്രേതാത്മസമ്പർക്കങ്ങൾ - 1)


2020 ഫെബ്രുവരി 16, ഞായറാഴ്‌ച

ആർത്തവത്തിനും അടയാളങ്ങൾ വേണം!


പത്രങ്ങളൊക്കെ വായിക്കാൻ ചെറുപ്പത്തിലേ പ്രേരിപ്പിച്ചത് അച്ഛനാണ്. അത് വന്നു വന്ന്, ഒരു തരം addiction ആയി മാറിയത് ഞാൻ തന്നെ മനസ്സിലാക്കുന്നത് വളരെ വൈകിയാണ്. സുഹൃത്തുക്കളുടെ പ്രേരണയാൽ കള്ള് കുടിക്കാൻ പഠിച്ചത് പോലെ, അച്ഛൻറെ പ്രേരണയാൽ പത്രം വായിക്കാൻ പഠിച്ചത് ഇന്ന് കള്ള് കുടിയേക്കാൾ വലിയ തലവേദനയായിരിക്കുന്നു എന്ന നഗ്നസത്യം (വസ്ത്രങ്ങൾ കട്ട് പോയത് കൊണ്ട് നഗ്നനായി പുഴ നീന്തിയ സത്യമല്ല !) ഇന്ന് ഞാൻ ശരിയായി മനസ്സിലാക്കുന്നു. എനിക്ക് ഈ വലിയ addiction സമ്മാനിച്ച സ്വന്തം അച്ഛനോട്, ഈയ്യൊരറ്റ കാരണം കൊണ്ട് തന്നെ ദേഷ്യവും തോന്നുന്നുണ്ട്.

പത്രത്താളുകൾ ഓരോന്ന് മറിക്കുന്തോറും, നാട്ടിലെ സർക്കാർ സ്ഥാപനങ്ങളിൽ എന്തെങ്കിലും കാര്യത്തിന് പോയാലുണ്ടാകുന്ന അവസ്ഥയാണ് മനസ്സിലുണ്ടാകുന്നത്. ഒരു കാര്യം സാധിക്കാൻ, നാട്ടിലെ  ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ പോയാൽ, ആ കാര്യാലയത്തിലുള്ള ഒരുവിധം സകലരെയും ശപിച്ചിട്ടോ  അല്ലെങ്കിൽ അത്രമേൽ സഹിക്കാൻ പറ്റാഞ്ഞ് അവരിലാർക്കെതിരെയെങ്കിലും തീഷ്ണമായി പ്രതികരിച്ചോ മാത്രമേ പുറത്തിറങ്ങാൻ പറ്റൂ. അതുപോലെ പത്രം വായിച്ചാൽ, വിവരം കൂടിയ രാഷ്ട്രീയക്കാരെയും മതമേലദ്ധ്യക്ഷന്മാരെയും ബലാത്സംഗികളെയും പീഡകരെയും കൈയ്യൂക്കുള്ളവന്മാരെയും മനസ്സിലെങ്കിലും പുലഭ്യം പറയാതെ ഒരൊറ്റ ദിനവും കടന്ന് പോകാറില്ല.

അങ്ങനെ വായിക്കുന്നതിനിടയിൽ, മനസ്സിനെ കുടയുന്ന ചില സംഭവങ്ങളുണ്ടാകുമ്പോൾ മനസ്സിന്റെ പ്രേരണയാൽ അറിയാതെ സംഭവിക്കുന്നതാണ് എന്റെ കുറിപ്പുകളിൽ കൂടുതലും. 

ആർത്തവത്തിനെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റിയുള്ള സമീപനങ്ങളെക്കുറിച്ചും, മുൻപ് വേറെ സന്ദർഭങ്ങളിൽ ഞാനെഴുതിയിട്ടുണ്ട്. 'നാപ്കിൻ സമരവും ചില ആർത്തവാചാരങ്ങളും', 'ആചാരങ്ങളെ ആലിംഗനബദ്ധരാക്കി അഭിനയിക്കുന്നവർ' (വായിക്കാൻ ലിങ്കുകളിൽ അമർത്തുക - ഈ വായനകൾ നിങ്ങളെ ചിന്തിപ്പിക്കും, തീർച്ച.) എന്നീ കുറിപ്പുകളിൽ (മറ്റ് പല ശബരിമല വിഷയങ്ങളിലും - ലേഖനങ്ങൾ) ആർത്തവസംബന്ധിയായ പല കാര്യങ്ങളെയും അനുഭവവെളിച്ചത്തിലൂടെ വിശകലനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് അന്നെഴുതിയ പല കാര്യങ്ങളും ഞാനിവിടെ ആവർത്തിക്കുന്നില്ല. ഈ എഴുത്തുകൾക്ക് ശേഷവും ചെറിയ ചെറിയ പ്രകോപനങ്ങൾ ഉണ്ടായെങ്കിലും, മൂന്നാല് ദിവസങ്ങൾ മുന്നേ ഗുജറാത്തിലെ ഭുജ് എന്ന സ്ഥലത്തുള്ള ഒരു പള്ളിക്കൂടത്തിൽ സംഭവിച്ച ചില കൊള്ളരുതായ്മകളാണ് ഈയ്യൊരു കുറിപ്പും കൂടെ എഴുതാൻ മനസ്സ് നിർബന്ധിച്ചത്.

ഭുജിലെ സ്വാമിനാരായൺ ക്ഷേത്ര സമിതിക്ക് കീഴിലുള്ള സഹജാനന്ദ് ഇൻസ്റ്റിട്യൂട്ടിലെ 68 ഓളം വിദ്യാർത്ഥിനികളെ അവിടത്തെ വനിതയായ പ്രിൻസിപ്പാളാണ്, അടുത്തുള്ള ഏതോ അമ്പലത്തിലും പള്ളിക്കൂടത്തിലെ ഭക്ഷണശാലയിലും  ആർത്തവ സമയത്ത് കയറി എന്നാരോപിച്ച്, ആരാണ് കയറിയത് എന്ന് ഉറപ്പിക്കാൻ വസ്ത്രമഴിച്ചുള്ള പരിശോധനകൾ, മറ്റ് അദ്ധ്യാപികമാരുടെ സഹായത്താൽ നടത്തിയത് ! പരാതിപ്പെട്ടാൽ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിയുമുണ്ട്. സ്ത്രീകൾക്ക് പാര സ്ത്രീകൾ തന്നെ !! ആചാരങ്ങൾക്ക് അടിമപ്പെട്ട് മസ്തിഷ്‌കം മതങ്ങൾക്കടിയറ വെച്ചാൽ ഇതും സംഭവിക്കും ചിലപ്പോൾ ഇതിനപ്പുറവും.

ശബരിമലയിലെ ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം ആർത്തവമാണ്. കുറച്ച് വർഷങ്ങൾക്ക് മുന്നേ കേരളത്തിലെ ഒരു വ്യവസായ സ്ഥാപനത്തിലെ ശുചിമുറിയിൽ നാപ്കിൻ നിക്ഷേപിച്ചെന്നും പറഞ്ഞ്, ആ നാപ്കിൻ ധരിച്ച സ്ത്രീയെ കണ്ടെത്താൻ ഇത് മാതിരി വസ്ത്രാക്ഷേപ പരിപാടികൾ നടന്നിരുന്നു. അതിനെതിരേ ഒരു കൂട്ടം സ്ത്രീകൾ സമരങ്ങൾ നടത്തിയെങ്കിലും, ആ സമരങ്ങൾ അറബിക്കടലിലെ അലകൾക്കുള്ളിൽ ഒതുങ്ങിപ്പോവുകയാണുണ്ടായത്! അത്രക്ക് രൂക്ഷമാണ് ആർത്തവത്തെ സംബന്ധിച്ച്, സാമാന്യ മനസ്സുകളിലെ തികട്ടലുകൾ. ആർത്തവം.. ആർത്തവം എന്ന് വിളിച്ച് കൂവി നടന്നില്ലെങ്കിലും, കെട്ട മനസ്സിലുണ്ടാവുന്ന ആ തികട്ടലുകളാണ് ഈ രീതികളിൽ പുറത്ത് വരുന്നത്. 

പള്ളിക്കൂടം എന്നത് സരസ്വതീ ക്ഷേത്രമാണെന്ന് കരുതുന്ന അതേ കൂട്ടം ആൾക്കാരാണ്, ആർത്തവമുള്ള സ്ത്രീ അമ്പലങ്ങളിൽ കയറിയാൽ ഒച്ചവെക്കുന്നത്. സരസ്വതീക്ഷേത്രമായ പള്ളിക്കൂടത്തിൽ ആർത്തവമുള്ള സ്ത്രീക്ക് കയറിപ്പഠിക്കാമെങ്കിൽ, എന്തുകൊണ്ട്, മറ്റമ്പലങ്ങളിൽ കയറിക്കൂടാ എന്ന് ചോദിച്ചുകൂടെന്നെനിക്കറിയാം. വേദാന്തവും തന്ത്രസമുച്ഛയവും പഠിക്കാത്ത എനിക്ക് അതൊന്നും മനസ്സിലാവില്ലെന്ന് എന്നോട് ഇതിനകം തന്നെ ജ്ഞാനികൾ പറഞ്ഞു തന്നിട്ടുണ്ട്. ആർത്തവം ദൃഷ്ടിയിൽ പെട്ടാൽത്തന്നെ ഉരുകിപ്പോകുന്ന ദൈവങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. അതിന് പുറമേ ദൈവപ്പേടിയിൽ പൊതിഞ്ഞ് സ്ത്രീകളെ ചെറുപ്പത്തിലേ മസ്തിഷ്കമസാജുകൾ നടത്തുന്നത് കൊണ്ട് കാര്യങ്ങൾ കൂടുതലെളുപ്പവുമാകുന്നു. 
   
ആർത്തവം സംബന്ധിച്ച പ്രശ്നങ്ങൾ ഇവിടം കൊണ്ടൊന്നും തീരില്ലെന്ന് ഇപ്പോൾ കൃത്യമായും തോന്നുന്നുണ്ട്. ചിലപ്പോൾ ഭാവിയിൽ ഇനിയും കൂടുതൽ പറയേണ്ടി വന്നേക്കുകയും ചെയ്യാം.ആയതിനാൽ, ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ കുറച്ചെങ്കിലും കുറയ്ക്കാൻ, എനിക്കൊരു ഉപായം നിർദ്ദേശിക്കാനുണ്ട്. ഹിന്ദുസ്ത്രീകളുടെ ഇടയിലാണ് ആർത്തവം സംബന്ധിച്ച് ഈ വസ്ത്രമുരിയൽ ഇപ്പോൾ കാര്യമായി നടക്കുന്നത്. കല്യാണം കഴിഞ്ഞ, ഹിന്ദുമത വിശ്വാസികളായ സ്ത്രീകൾ, കല്യാണം കഴിഞ്ഞതാണെന്ന അടയാളമെന്ന നിലയിൽ നെറ്റിയിലെ സിന്ദൂരരേഖയിൽ സിന്ദൂരം ചാർത്തുന്നത് ഇന്നും വളരെ സാധാരണമാണ്. അത് പോലെ ആർത്തവമുള്ള സ്ത്രീകൾ (പെൺകുട്ടികളടക്കം) ഇതുപോലുള്ള എന്തെങ്കിലും അടയാളം, മറ്റുള്ളവർക്ക് കാണത്തക്ക രീതിയിൽ അണിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകില്ലേ? ഉദാഹരണത്തിന്, ആർത്തവമുള്ളവർ, നെറ്റിയിൽ പച്ചച്ചാണകത്തിന്റെ നേരിയ ഒരു വര വരക്കട്ടെ. അപ്പോൾ ആർക്കാണ് അസുഖമുള്ളതെന്ന്, പള്ളിക്കൂടത്തിലെ അദ്ധ്യാപികക്കും, സ്ഥാപനങ്ങളിലെ സെക്യൂരിറ്റിക്കും മാത്രമല്ല, അവരെകാണുന്ന എല്ലാവർക്കും മനസ്സിലാകും. ശബരിമല പോലുള്ള സ്ഥലങ്ങളിൽ പത്തിനും അമ്പതിനും ഇടക്കുള്ള സ്ത്രീകൾ എന്ന പ്രശ്നവും മുഴുവനായും ഒഴിവാക്കാം. ഈ വയസ്സിനിടയ്ക്കല്ലാത്ത സ്ത്രീജനങ്ങൾ വന്നാൽ അടയാളം നോക്കി തിരിച്ചറിയാമല്ലോ ! ദൈവത്തിന് പഴുതില്ലാത്ത  full security വാഗ്ദാനം ചെയ്യാനും പറ്റും!! ഈയ്യൊരു പുതിയ ആചാരം, ദൈവത്തിന്റെ കല്പനയാണെന്ന പേരിൽത്തന്നെ, പുരോഹിതർ ഏതെങ്കിലും ശ്ലോകങ്ങളുടെ അകമ്പടിയോടെ സ്ത്രീകളോട്   ഉദ്‌ഘോഷിക്കണം. ആർക്കും നാണക്കേടില്ലാതെ, ആർത്തവ പ്രശ്നങ്ങൾ പകുതിയെങ്കിലും പരിഹരിക്കപ്പെടും !! കാലഭൈരവന്റെ ഉപ്പിൽ കൈവച്ച  ഉറപ്പ് guarantee !!!

കുറിപ്പ്: ഇനി ഈ നിർദ്ദേശത്തിന്റെ പേരിൽ, ഈ നിർദ്ദേശത്തിന്റെ ഉദ്ഘാടനം എന്റെ ഭാര്യയുടേയോ മക്കളുടെയോ മുകളിൽ നടത്തണമെന്ന് താല്പര്യപ്പെടുന്നവർ, കുറച്ച് ചാണകം തിന്നതിന് ശേഷം മാത്രം താല്പര്യപ്പെടാനപേക്ഷ.

***

2015 ജനുവരി 10, ശനിയാഴ്‌ച

നാപ്കിൻ സമരവും ചില ആർത്തവാചാരങ്ങളും



നമ്മുടെ നാട്ടിലിപ്പോൾ പുതുതലമുറ സമരങ്ങളുടെ ഒരു വേലിയേറ്റം തന്നെയാണല്ലോ ഇപ്പോൾ നടക്കുന്നത്? എന്റെയൊക്കെ കുട്ടിക്കാലത്തും ഈയ്യടുത്ത കാലം വരെയും എറിഞ്ഞുപൊളി സമരവും, പിക്കറ്റിംഗും ഘെരാവോയും നിരാഹാര സമരവും  മനുഷ്യച്ചങ്ങലയും കരിയോയിൽ പ്രയോഗവും മറ്റുമൊക്കെയായിരുന്നു പ്രധാന സമരരീതികളെങ്കിൽ, ഇന്ന്, അതൊക്കെ മാറി സമരം പുതുതലമുറയായിരിക്കുന്നു. ചുംബന സമരം, നിൽപ്പ് സമരം, ഇരിപ്പ് സമരം, പുകവലി സമരം എന്നിങ്ങനെ പോകുന്നു പുതിയ സമര രീതികൾ. ആ സമരങ്ങളിൽ മാവോവാദികളും കയറിപ്പറ്റുന്നു എന്ന ആക്ഷേപമുണ്ടെങ്കിലും ഏറ്റവും ഒടുവിലായി വന്ന 'നാപ്കിൻ സമരം', മാവോവാദികൾ കയറിക്കൂടിയിട്ടുണ്ടെങ്കിൽത്തന്നെയും, അങ്ങനെയങ്ങ് തള്ളിക്കളയാൻ പറ്റാവുന്ന ഒന്നാണോ എന്ന്, എന്റെ കുബുദ്ധി സ്വയം ചോദിച്ചതാണ് ഈ കുറിപ്പ് എഴുതാനുള്ള പ്രചോദനം.



നാപ്കിൻ സമരം ഒരു സ്ത്രീ സംബന്ധവിഷയമായാതിനാൽ, ഒരു പുരുഷനായ ഞാനെന്തിനാണ് ഈ പോല്ലാപ്പെടുത്ത് തലയിൽ വെക്കുന്നതെന്ന് വിവേകശാലികൾ ചോദിച്ചേക്കാം. അതും ഈ വിഷയത്തെപ്പറ്റിപ്പറയുമ്പോൾ ചില കാര്യങ്ങൾ ഇത്തിരി പച്ചയായി പറയേണ്ടിവരുന്നതിനാൽ ഇവനൊന്നും ഇതൊക്കെപ്പറയാൻ ഒരുളുപ്പുമില്ലേ എന്നും ചില ശുദ്ധമനസ്കർ ചോദിച്ചേക്കാം. എന്നാലും സാരല്ല്യ, ഞാനെന്തായാലും  ഒരുമ്പെട്ടുപോയി. 'ആർത്തവം' എന്ന വാക്ക് കൂടുതലായി ഉപയോഗിക്കേണ്ടി വന്നതിൽ ക്ഷോഭം തോന്നുന്നവർ ദയവായി ക്ഷമിക്കുക.

'നാപ്കിൻ സമര'ത്തിനെക്കുറിച്ച് ഒരു ആമുഖം പറയാതെപോയാൽ അതിനെക്കുറിച്ച് അറിയാത്തവർക്ക് ഈയൊരു കുറിപ്പ് ഒരുതരം വട്ടായിത്തോന്നുമെന്നതിനാൽ കുറച്ച് കാര്യങ്ങൾ മുഖവുരയായിപ്പറയാം.

രണ്ടാഴ്ച മുന്നേ ഏറണാകുളത്തിനടുത്ത് കാക്കനാട്ട്, അസ്മ റബ്ബർ കമ്പനിയിൽ, നാപ്കിൻ കക്കൂസിൽ നിക്ഷേപിച്ചതിന്റെ പേരിൽ, ആർക്കാണ് ആർത്തവം എന്ന് കണ്ടുപിടിക്കാൻ ചില ജീവനക്കാരികളെ തുണിയുരിഞ്ഞ് പരിശോധിച്ചു. വേറൊരു സംഭവം, ശബരിമല അയ്യപ്പന്മാർ ഭൂരിപക്ഷം ഉണ്ടായിരുന്ന ഒരു ബസ്സിൽ കയറിയ ചില സ്ത്രീകൾക്കെതിരെയും ആർത്തവാരോപണം നടത്തി ബസ്സിൽ നിന്നിറക്കിവിട്ടു എന്ന വാർത്തയാണ്. ഈത്തരം സംഭവങ്ങൾക്കെതിരെ സ്ത്രീകൾ സംഘടിപ്പിക്കുന്ന ഒരു സമരമുറയാണ് 'നാപ്കിൻ സമരം'.

നമ്മളെല്ലാവരും സമയാസമയം, അതാതിന്റെ സമയമാകുമ്പോൾ അപ്പിയിടുന്നവരും മൂത്രമൊഴിക്കുന്നവരുമാണ്‌. ചിലയാളുകൾ ചിലപ്പോൾ അറിയാതെയും ഈ കാര്യങ്ങൾ ചെയ്തുപോകാറുണ്ട്. എന്ന് വച്ച് അപ്പിയിടുന്നവനും മൂത്രമൊഴിക്കുന്നവളും മോശക്കാരാണെന്നോ മറ്റോ ആരും പറയുന്നത് ഒരിക്കലും  കേട്ടിട്ടില്ല. അതിൽ ആണ്‍ പെണ്‍ വ്യത്യാസമുണ്ടെന്ന്  ആരും പറയുമെന്ന് തോന്നുന്നില്ല. ആണിന് ആണിന്റേതായ രൂപവും ചില ആന്തരിക പ്രവർത്തനരീതികളും, പെണ്ണിന് പെണ്ണിന്റേതായ രൂപവും ചില ആന്തരിക പ്രവർത്തനരീതികളുമുണ്ടെന്നും എല്ലാവർക്കും അറിയാം. അതിൽ സ്ത്രീകൾക്ക് മാത്രമുള്ള ഒരു ആന്തരിക പ്രവർത്തനമാണ് ആർത്തവം. മേൽപ്പറഞ്ഞ സംഭവങ്ങൾ ദഹനപ്രക്രിയാമാലിന്യങ്ങൾ പുറന്തള്ളുന്ന ഒരു പ്രക്രിയകളാണെങ്കിൽ, ആർത്തവം, പ്രത്യുല്പാദനപ്രക്രിയാപരമായുണ്ടാകുന്ന മലിന്യങ്ങൾ പുറന്തള്ളുന്നൂയെന്ന വ്യത്യാസമേയുള്ളൂ. It is just a cleaning process with respect to the reproductive system. പക്ഷേ എന്തുകൊണ്ടോ നമ്മിൽ ചിലയാളുകൾ അതിനെ പല സന്ദർഭങ്ങളിലും ഒരുതരം അസാധാരണ രീതിയിൽകാണുന്നു. ചില ആണുങ്ങൾ ആ സംഭവത്തെ കളിയാക്കുകയും, ആർത്തവസമയത്ത് സ്ത്രീകളെ ഒരുതരം തൊട്ടുകൂടാത്ത രീതിയിൽ കാണുകയും ചെയ്യുന്നു. ഈയ്യൊരു കാരണം കൊണ്ട് അവരെ പല സന്ദർഭങ്ങളിലും മാറ്റി നിർത്തുന്നു. സത്യത്തിൽ ഒരു തരം അയിത്തം കൽപ്പിക്കുന്നു.

ഈ കാര്യങ്ങളിലേക്ക് എന്റെ ചില അനുഭവങ്ങളിലൂടെ കുറച്ച് യാത്ര ചെയ്യാം. എന്റെ 8 ആം വയസ്സ് വരെ എനിക്ക് ഈ ആർത്തവത്തിനെപ്പറ്റി ഒരു ചുക്കും അറിയുമായിരുന്നില്ല. 8 വയസ്സ് കഴിഞ്ഞ ഉടനെ എന്റെ കുടുംബം എന്റെ അമ്മയുടെ തറവാടിന്റെ ആരൂഡ്ഡത്തിലേക്ക് താമസം മാറി. ആ വീട് വളരെപ്പഴക്കം ചെന്നതും ചില പുരാതന ചിട്ടകൾ പാലിക്കപ്പെടുന്നതുമായ വീടായിരുന്നു. വീട്ടിന്നുള്ളിൽ തെക്ക് കിഴക്കേ ഭാഗത്ത് ഗുരുകാരണവന്മാരുടെയും കുലപരദേവതയുടെയും സങ്കൽപം, വീടിന് പുറത്ത് തെക്ക് കിഴക്കേ പറമ്പിൽ കാഞ്ഞിരത്തിന് ചുവട്ടിലായി ഗുളികൻ, വീടിന്ന് തൊട്ടടുത്ത തെക്കേ പറമ്പിൽ മുത്തപ്പൻ മടപ്പുര, തൊട്ടടുത്ത പടിഞ്ഞാറേ പറമ്പിൽ ഭഗവതീ ക്ഷേത്രം, തൊട്ടടുത്ത വടക്കേ പറമ്പിൽ ആറാട്ട്‌ തറ എന്നിങ്ങനെ ഉള്ളിലും ചുറ്റുപാടും ദൈവീക സങ്കല്പങ്ങൾ, രണ്ടേക്ര വീട്ട് പറമ്പ് മൊത്തം ഒരു മാതിരിപ്പെട്ട കാട്.

അങ്ങനെയുള്ള വീട്ടിൽ താമസം മാറി ഒരു പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം അമ്മ അച്ഛനോട് പറഞ്ഞു:
"ഒന്ന് നിങ്ങളുടെ അമ്മയോട് (എന്റെ അച്ഛമ്മയോട്) ഒരു മൂന്ന് ദിവസത്തേക്ക് വരാൻ പറയൂ, ഇനി ഞാൻ മൂന്നു ദിവസത്തേക്ക് അടുക്കളയിൽ കയറില്ല, മാത്രവുമല്ല, പശുവിനെ കറക്കില്ല, കിണറ്റിൽ നിന്ന് വെള്ളം കോരില്ല, കിഴക്ക് ഭാഗത്തും തെക്ക് ഭാഗത്തും വരില്ല. എന്നെ നിങ്ങളാരും തൊടുവാൻ പാടില്ല, അവിടെയൊക്കെയുള്ള വിറകും മറ്റും നിങ്ങളും കുട്ടികളും കൂടെ എടുത്തു വെക്കണം......"

അങ്ങനെ അച്ഛമ്മ വന്നു. അന്നത്തെ രാത്രി, അമ്മ, വീട്ടിൽ നിന്ന് കുറച്ചു മാറി കിണറിന്റെ അടുത്തായിട്ടുള്ള ഒരു കുഞ്ഞ് പുരയിലായിരുന്നു (തീണ്ടാരിപ്പുര) കിടന്നത്. ഞാനമ്മക്ക് കാവൽക്കാരനായി കിടന്നു. അതിനു ശേഷം ഞങ്ങൾ കുട്ടികൾക്കും പിടിപ്പത് പണിയായിരുന്നു. എന്നാലും അമ്മ, അമ്മക്ക് പോവാൻ പറ്റുന്ന ഭാഗത്തൊക്കെ പോയി ജോലികളൊക്കെ ചെയ്യും, പശുവിനെ മേക്കുകയും ചെയ്യും. അങ്ങനെ മൂന്നാം ദിവസം  രാത്രി അമ്മ പറഞ്ഞു, നാളെ രാവിലെ 5 മണിക്ക് എഴുന്നേക്കണം. അതിരാവിലെത്തന്നെ വീടിനടുത്തുള്ള ഒരു കുളത്തിൽപോയി മുങ്ങിക്കുളിക്കണം എന്നൊക്കെ. എന്തായാലും ശരി, നാലാം ദിവസം അതിരാവിലെ 5 മണിക്ക് ഞാനും അമ്മയും കുളം ലക്ഷ്യമാക്കി പുറപ്പെട്ടു. അമ്മ കിടന്നിരുന്ന പായയും വിരിപ്പുകളും കുറച്ച് തുണികളും ഒക്കെ കൂട്ടിക്കെട്ടി, ഒരു ഓലച്ചൂട്ടുമെടുത്താണ് പോക്ക്. പായടക്കം മുക്കി, വിരിപ്പുകളും വസ്ത്രങ്ങളും മുക്കിയലക്കി, മുങ്ങിക്കുളിച്ചതിനു ശേഷം നമ്മൾ വീട്ടിലെത്തി, പിന്നെ സാധാരണപോലെ പണികൾ ചെയ്യാൻ തുടങ്ങി. ഇതെന്താണ് സംഭവമെന്ന അന്വേഷണത്തിലാണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്. അങ്ങനെ കുറച്ചു കാലത്തിന് ശേഷം അച്ഛമ്മക്ക്‌ വരാൻ പറ്റാതായി. വീട്ടിലെ ഒരേയൊരു പെണ്‍പ്രജ അമ്മമാത്രമായതിനാൽ, അതിനു ശേഷം എല്ലാ മാസവും മാസത്തിൽ മൂന്ന് ദിവസം ഒരു സാധാരണ വീട്ടിലുണ്ടാവുന്ന എല്ലാ പണികളും നമുക്ക് ചെയ്യേണ്ടി വന്നു. അങ്ങനെ ഈയ്യൊരു കാരണം കൊണ്ട് ഞങ്ങൾ ഒരു വീട്ടിലെ എല്ലാ പണികളും പഠിച്ചു എന്നത് ചില്ലറക്കാര്യമല്ലല്ലോ.

പക്ഷേ കാലം കഴിയുന്തോറും ഇതിലൊക്കെ മാറ്റങ്ങൾ വന്നു തുടങ്ങി. തീരെ വിട്ടുവീഴ്ച്ചയില്ലാതെ ആചരിച്ചിരുന്ന കാര്യങ്ങൾ ഓരോന്നായി കുറച്ച് കുറച്ച് മാറാൻ തുടങ്ങി. സാഹചര്യങ്ങൾ, ആചാരങ്ങൾ മാറ്റാൻ നിർബന്ധിതമാക്കി എന്ന് പറയുന്നതാവും ശരി. ആദ്യമാദ്യം രാത്രി പുറത്തെ പുരയിൽ കിടന്നിരുന്ന അമ്മ, ആ പുര കെട്ടിപ്പുതക്കാഞ്ഞതിനാൽ അടുക്കളയിലേക്ക് കിടത്തം മാറ്റി. പിന്നെപ്പിന്നെ കറികൾക്കൊക്കെ അരിഞ്ഞിട്ട് തരാൻ തുടങ്ങി വയലൊക്കെ നികത്തി വരുന്ന സമയമായതിനാൽ കുളങ്ങളിലെ വെള്ളത്തിനും കുറവ് വരാൻ തുടങ്ങിയകാലത്ത്, ഏതു കുളത്തിലാണ് വെള്ളം എന്ന് നോക്കിനടക്കാനുള്ള ബുദ്ധിമുട്ട് കാരണം മുങ്ങിക്കുളി ഒഴിവാക്കി. അങ്ങനെ മുറുങ്ങിക്കിടന്ന പല രീതികളും അയഞ്ഞയഞ്ഞ്, ഒരവസരത്തിൽ ഞങ്ങൾ കുട്ടികളൊക്കെ ഇത്തിരി ധിക്കാരികളായപ്പോൾ, അമ്മതന്നെ അടുക്കളയിൽ കയറി പാചകം തുടങ്ങി, പശുവിനെ കറക്കാനും തുടങ്ങി. നിവൃത്തികെട്ട ചില സാഹചര്യങ്ങൾ ആചാരത്തിന് വരുത്തുന്ന മാറ്റങ്ങളേയ്!

ഈ കാരണങ്ങൾ കൊണ്ട് ആദ്യമാദ്യം ഈ സംഭവത്തെ വളരെ 'സീരിയസ്' ആയിക്കണ്ടിരുന്ന ഞാനും പതുക്കെ 'ഈസി'യാവാൻ തുടങ്ങി. പണ്ടത്തെ ആചരണവും പിന്നെ അതിൽ വന്ന മാറ്റങ്ങളും കണ്ട്, ഞാൻ സ്വയം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഇങ്ങനെയുള്ള ആചാരങ്ങൾ കൊണ്ട് വല്ല കാര്യവും ഉണ്ടോ? ഉണ്ടെങ്കിൽ പിന്നെ എന്തിന് നമ്മളതിൽ മാറ്റം വരുത്തുന്നു? മാറ്റം വരുത്തിയാൽ ദൈവകോപം ഉണ്ടാകുമോ? അവരെന്തിനു എല്ലാവരിൽ നിന്നും ദൂരെ മാറി വേറൊരു സ്ഥലത്ത് കിടക്കുന്നു? (പണ്ട് ഇതിനെന്തെങ്കിലും പീഡന കഥകളുടെ പിൻബലം ഉണ്ടായിരുന്നിരിക്കാം) ആർത്തവമുള്ള സ്ത്രീകൾക്ക് പശുവിനെ തീറ്റാമെങ്കിൽ, പശുവിനെ കറന്നാൽ എന്താണ് കുഴപ്പം? അവർ കിണറ്റിൽ നിന്ന് വെള്ളം കോരിയാൽ എന്താണ് കുഴപ്പം? അവർ പാചകം ചെയ്ത ഭക്ഷണം കഴിച്ചാൽ എന്താണ് കുഴപ്പം? ആർത്തവസമയത്ത് വിളക്ക് വച്ചാൽ, കുലം മുടിഞ്ഞുപോകുമോ? ആർത്തവസമയത്ത്  സ്ത്രീകൾക്ക് 'നെഗറ്റീവ്' ശക്തിയാണോ? നെഗറ്റീവ് ശക്തിയാണെങ്കിൽ, അപ്പിയിടുമ്പോഴും മൂത്രമൊഴിക്കുമ്പോഴും എന്ത് ശക്തിയാണ് ഉണ്ടാവുക? അങ്ങനെയാണെങ്കിൽ, സ്വപ്നസ്ഖലനം നടക്കുന്ന ആണുങ്ങളെ ഏത് ഗണത്തിൽ പെടുത്തും? ഇങ്ങനെ പല പല ചോദ്യങ്ങൾ എന്നെക്കുഴക്കി.

ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്റെ ജീവിതാനുഭവം തന്നെ തന്നു എന്ന് പറയാം. ആർത്തവ സമയത്ത് അമ്മ കറന്ന പശുവിൻപാൽ കുടിച്ചിട്ട് നമ്മൾക്കാർക്കും ഒരപകടവും പറ്റിയില്ല. പാൽ, പാൽ തന്നെയായിരുന്നു. ആ സമയത്ത് അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചതുകൊണ്ട് നമുക്ക് ദഹനക്കേടൊന്നും ഉണ്ടായില്ല. ആ സമയത്ത് അമ്മ രാത്രി വീട്ടിന്നകത്ത് ഉറങ്ങിയത് കൊണ്ട് അവിടെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല. ആ സമയത്ത് അമ്മ അലക്കിത്തന്ന വസ്ത്രങ്ങളിട്ടത് കൊണ്ട് നമുക്കാർക്കും ചൊറിഞ്ഞ് പൊട്ടിയിട്ടില്ല. അങ്ങനെ ഒരേ സംഭവത്തിൽ, രണ്ട് ധ്രുവങ്ങളിലൂടെ ജീവിച്ചിട്ടും വ്യത്യാസങ്ങളൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ല. പണ്ടത്തെ രീതിയിലുള്ള ആചാരം കൊണ്ട് ഒരു നന്മ മാത്രമാണ് ഞാൻ കണ്ടത് - ആ സമയത്തെങ്കിലും സ്ത്രീകൾക്ക് വിശ്രമം കിട്ടുമല്ലോ (അന്നും വിശ്രമം കിട്ടിയിരുന്നില്ലെങ്കിലും).

ഇന്ന്, എന്റെ തറവാട്ട്  വീട്ടിലെ സ്ഥിതി കൂടുതൽ പുരോഗമിച്ചിരിക്കുന്നു. പണ്ട്, ഒറ്റ പെണ്‍പ്രജയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഞങ്ങൾ എട്ടാനിയന്മാരുടെ നാല് ഭാര്യമാരും കൂടിയെത്തി. ഇപ്പോൾ കിഴക്ക് ഭാഗത്ത് കൂടെ വഴി നടക്കാം എന്നു കൂടി ആയിരിക്കുന്നു. ഭാവിയിൽ ഇനിയും കൂടുതൽ പുരോഗമിച്ചേക്കാം.

ഇന്നും എന്റെ ഭാര്യ ആർത്തവസമയത്ത് വിളക്ക് കത്തിക്കാറില്ല. ചെറുപ്പത്തിൽ പറഞ്ഞ് പേടിപ്പിച്ചത് കൊണ്ടാവാം. പക്ഷേ നേരത്തേ വിവരിച്ചത് പോലെയുള്ള ഒരു സംഗതികളും നമ്മളെ ആകുലരാക്കാറില്ല. അല്ലാതെ ആ ഒരു സമയത്ത് വിളക്ക് വച്ചാൽ എന്തെങ്കിലും ഇടിഞ്ഞ് വീഴുമെന്ന് എനിക്ക് തോന്നുന്നില്ല. കരുണാമയനായ ദൈവം, അദ്ദേഹത്തെ ആരാധിച്ചതിന്റെ പേരിൽ നമ്മെ ക്രൂശിക്കുമോ? സ്ത്രീകൾക്ക് ഇങ്ങനെയുള്ള ചില സംഗതികൾ ഉണ്ടെന്ന് തമ്പുരാനും അറിയാവുന്നതല്ലേ?  വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ, പടച്ചതമ്പുരാൻ തന്നെയല്ലേ ഈ സംഗതികൾ സ്ത്രീകൾക്ക് ഒപ്പിച്ചു കൊടുത്തത്? ആർത്തവ സമയത്ത് അമ്പലങ്ങളിലും പള്ളികളിലും മറ്റ് ദേവാലയങ്ങളിലും കയറണമെന്ന് പറയുന്നില്ല. പക്ഷേ കയറിയാലും കുഴപ്പങ്ങളുണ്ടെന്ന് എന്റെ അനുഭവത്തിൽ തോന്നുന്നില്ല. വീട്ടിൽ ദേവാലയങ്ങളുള്ളവർ, പൂജാമുറികളുള്ളവർ (ദൈവം സർവ്വവ്യാപിയാണെങ്കിലും) ദൈവം പൂജാമുറിയിലേ ഉണ്ടാകൂ എന്ന ധൈര്യത്തിലാണോ ആർത്തവ സമയങ്ങളിൽ ജീവിക്കുന്നത്?

ഒരു സ്ത്രീക്ക് ഒരു അമ്പലത്തിൽ വച്ച് ആർത്തവം ഉണ്ടായാൽ എന്ത് ചെയ്യും? മിണ്ടാതെ പോയാൽ ഒരു പ്രശ്നവുമില്ല, പക്ഷേ മിണ്ടിയാൽ കുഴപ്പമായി. ദൈവത്തിന് കുഴപ്പമില്ലെങ്കിലും ദൈവത്തിന്റെ 'നടത്തിപ്പു'കാർക്ക് പ്രശ്നമാണ്. പിന്നെ പ്രശ്നം വെപ്പായി, പുണ്യാഹമായി, ദുരന്തനിവാരണക്രിയകളായി. ഇത് പോലെത്തന്നെയാണ് 'പുല'യും 'വാലായ്മ' യും. കുടുംബത്തിൽ ആരെങ്കിലും മരിച്ചാലാണ് പുല, പ്രസവിച്ചാൽ വാലായ്മ. ഇങ്ങനെ പുലയും വാലായ്മയും ഉള്ളവരെ എങ്ങനെ തിരിച്ചറിയും? അങ്ങനെയുള്ളവർ അമ്പലത്തിൽ കയറിയാൽ എന്ത് സംഭവിക്കും? ഒന്നും സംഭവിക്കില്ല. ഞാൻ തന്നെ ഉദാഹരണം. ഞാൻ എന്റെ അടുത്ത കുടുംബക്കാര് മരിച്ചപ്പോഴും പ്രസവിച്ചപ്പോഴും (വീട്ടിൽ നിന്ന് സ്വതന്ത്രനായത്തിന് ശേഷം) അമ്പലത്തിൽ പോയിട്ടുണ്ട്, വിളക്ക് വച്ചിട്ടുണ്ട്. ഇനി, എനിക്ക് വല്ല പ്രശ്നവും വന്നാൽ ഇതുകൊണ്ടാണെന്ന് ഞാൻ കരുതുകയുമില്ല. എന്ന് വച്ച് പുലയുള്ള സമയത്ത് നിങ്ങളൊക്കെ അമ്പലത്തിൽ പോകണം എന്നൊന്നും പറയാൻ ഞാനാളല്ല. വേറൊരു സംഭവം, കുട്ടികൾ അമ്പലത്തിൽ വച്ച് മൂത്രമൊഴിച്ചാലും, അപ്പിയിട്ടാലും നടക്കുന്നതാണ്. പക്ഷേ, ഇന്ന് 'ഡയപ്പർ' ധരിപ്പിച്ച്, കുട്ടികളെ അമ്പലത്തിൽ കൊണ്ടുപോയാൽ കുഴപ്പവുമില്ല. അതാവുമ്പോ, നിറഞ്ഞ് കവിഞ്ഞാൽ മാത്രമല്ലേ സംഭവം പുറത്തറിയൂ. വൃത്തികേടായത് ശരീരമായാലും സ്ഥലമായാലും ശരിയായ രീതിയിൽ വൃത്തിയാക്കിയാൽ പോരേ? സത്യത്തിൽ എല്ലാ അമ്പലങ്ങളിലും ശുചിത്വസൌകര്യങ്ങൾ വേണ്ടുവോളം ഒരുക്കിക്കൊടുക്കുകയല്ലേ വേണ്ടത്?

എന്റെ ചെറുപ്പത്തിൽ, ഒരു ശബരിമല അയ്യപ്പനെ കണ്ടപ്പോൾ എന്റെ ചെറിയമ്മ ഓടിയൊളിച്ച സംഭവം എനിക്കിന്നും ഓർമ്മയുണ്ട്. അതും ആർത്തവം കാരണമായിരുന്നു. ഈ ശബരിമല അയ്യപ്പന്മാർ മാലയിട്ടാൽ ഒരു സ്ത്രീക്ക് ആർത്തവമുണ്ടോ എന്നറിഞ്ഞതിന് ശേഷമേ ആ ഭാഗത്തേക്ക് അടുക്കുകയുള്ളോ? ശബരിമല അയ്യപ്പന്മാരെ ആർത്തവമുള്ള സ്ത്രീകൾ കയറിത്തൊടണം എന്നൊന്നും പറയുന്നില്ല. എന്നാലും അവർ തൊട്ടാൽ വല്ലതും സംഭവിക്കുമോ? ഈ അണുകുടുംബകാലത്ത് മാലയിട്ടാൽ, ഈ സ്വാമിമാർ വീട് വിട്ട് വേറെ വല്ലയിടത്തും പോയി താമസിക്കുമോ? ആർത്തവം അറിയുവാനുള്ള 'മീറ്ററു'മായിട്ടായിരിക്കുമോ ഈ സ്വാമിമാർ പൊതു ജനമദ്ധ്യത്തിലും ബസ്സിലും വണ്ടിയിലും മറ്റും കയറുന്നത്? ഇതൊക്കെ നടപ്പുള്ള കാര്യമാണോ? ഇങ്ങനെയുള്ള സാഹചര്യത്തിൽ, അയ്യപ്പന്മാരുണ്ടായിരുന്ന ബസ്സിൽ കയറിയ അമ്മയെയും മകളെയും ഇറക്കിവിടേണ്ട കാര്യം എന്തായിരുന്നു? ആ ബസ്സിൽ സ്വാമിമാർക്കായിരുന്നില്ല പ്രശ്നം എന്നാണ്‌ കേട്ടത്, പക്ഷേ കണ്ടക്ടർക്കായിരുന്നു പ്രശ്നം. 'വിവേകവും' 'വിവര'വും 'പക്വത'യുമുള്ള (ഉണ്ടാകേണ്ട) സ്വാമിമാർ, ആ കണ്ടക്ടറുടെ പ്രവൃത്തിയെ തടഞ്ഞതുമില്ല.

അതേപോലെ അസ്മ റബ്ബർ തൊഴിൽ ശാലയിൽ കക്കൂസിൽ നാപ്കിൻ നിക്ഷേപിച്ചതിന് ആരാണ് ആർത്തവക്കാരി എന്ന് കണ്ടു പിടിക്കാൻ വസ്ത്രമുരിഞ്ഞ്‌ പരിശോധിക്കാൻ മാത്രം അധഃപതിച്ചുപോയോ, നാം കേരളീയർ ? കക്കൂസിൽ നാപ്കിൻ ഇട്ടത് എന്തായാലും ശരിയായ നടപടിയല്ല. അങ്ങനെ ഇടാതിരിക്കാൻ തീർച്ചയായും ഉദ്ബോധന പരിപാടികൾ ആവശ്യമാണ്‌. പണ്ടത്തെകാലത്ത്, സ്ത്രീകൾ നാപ്കിന് പകരം പരുത്തിത്തുണികളായിരുന്നു ഉപയോഗിച്ചിരുന്നത്. അതേ തുണികൾ തന്നെ വീണ്ടും കഴുകി പുനരുപയോഗിച്ചിരുന്നു. എന്നാലിന്ന് 'യൂസ് ആൻഡ് ത്രോ' സൌകര്യമുള്ള നാപ്കിൻ, പകരം വന്നിരിക്കുന്നു.  വേസ്റ്റ് കൈകാര്യം ചെയ്യാനറിയാതെയുള്ള നാപ്കിൻ ഉപയോഗം ഒരു പാരിസ്ഥിതിക പ്രശ്നം തന്നെയാണ്. നാപ്കിൻ ഉണ്ടാക്കുന്ന ഗൗരവതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഗണിച്ചാൽ, പുനരുപയോഗം ചെയ്യാവുന്ന പണ്ടത്തെ പരുത്തിത്തുണി ഉപയോഗം തന്നെയാണ് നല്ലത് എന്ന അഭിപ്രായം തള്ളിക്കളയാൻ പറ്റില്ല. എന്ത് തന്നെയായാലും തുണിയുരിഞ്ഞുള്ള പരിശോധന തീർച്ചയായും ശക്തിയുക്തം ചെറുക്കപ്പെടേണ്ടാതാണ്, നിരോധിക്കപ്പെടേണ്ടതാണ്, അധാർമ്മികമാണ്. അങ്ങനെ ചെയ്തവരെ ശിക്ഷിക്കേണ്ടതാണ്. ഇനി, ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ല എന്ന് നാം ഉറപ്പ് വരുത്തേണ്ടതുണ്ട്.  ഈത്തരുണത്തിൽ, ഒരു ഉദ്ബോധനത്തിനു വേണ്ടിയെങ്കിലും 'നാപ്കിൻ' സമരം തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യമാണ് എന്ന് തന്നെ ഞാൻ കരുതുന്നു.

സ്ത്രീക്ക് സ്ത്രീയുടെയും പുരുഷന് പുരുഷന്റെതുമായുള്ള ശാരീരികമായ കാര്യങ്ങളുണ്ട്. അതിൽ ജാതിയോ മതമോ ഒന്നുമില്ല. ആ വ്യത്യാസം പരസ്പരം ബഹുമാനത്തോടെ മനസ്സിലാക്കണം. ആ ശാരീരികമായ പ്രവർത്തനവ്യത്യാസം ആദ്ധ്യാത്മികതലത്തിൽ വ്യത്യാസങ്ങളുണ്ടാക്കേണ്ടതുണ്ടോ? ശരീരം വൃത്തിയായി സൂക്ഷിച്ചാൽ പോരേ ? ആർത്തവം ഒരു 'വലിയ സംഭവം'  ഒന്നുമല്ല. ആർത്തവം പാപമോ ശാപമോ അല്ല. ആർത്തവത്തിൽ നാണിക്കേണ്ടതായിട്ടൊന്നുമില്ല. ആർത്തവത്തെ ഒരു സാധാരണ സംഭവമായി മാത്രം കരുതിയാൽ മതി. ആ സമയത്ത് ശാസ്ത്രീയമായി ചെയ്യാൻ പാടില്ലാത്തതായിട്ടുള്ള ചുരുക്കം ചില കാര്യങ്ങളൊഴിച്ച് സാധാരണ പോലെ ജീവിക്കാൻ പറ്റണം. ആർത്തവസമയത്ത് ശാരീരികാസ്വാസ്ഥ്യങ്ങളുള്ളവർ വിശ്രമിക്കട്ടെ.  മറ്റ് മതങ്ങളിലും ഇതര സ്ഥലങ്ങളിലും ആർത്തവത്തെ സംബന്ധിച്ച് പല പല രീതികളിലുള്ള  ആചാരങ്ങൾ നിലവിലുണ്ട്. എന്തായിരുന്നാലും, ആരോ ഏതോ സാഹചര്യത്തിൽ നടത്തി എന്ന് പറയുന്ന എന്തെങ്കിലും കാര്യങ്ങൾ, കണ്ണും പൂട്ടി, ഇന്നത്തെക്കാലത്ത് ആചരങ്ങളായി മാറുമ്പോൾ, ആ ആചാരങ്ങളിൽ കഴമ്പില്ലെങ്കിൽ അവ മാറിയേ പറ്റൂ... അല്ലെങ്കിൽ വിശ്വാസം കപടമായിപ്പോവും... ഭഗവാനും മനുഷ്യനും എല്ലാ സമയത്തും ഏത് സാഹചര്യത്തിലും ഭയപ്പാടില്ലാതെ, സ്നേഹത്തോടെ ഇടപഴകി ജീവിക്കാൻ കഴിയട്ടെ !


*****