Christianity എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Christianity എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 ജൂലൈ 29, വ്യാഴാഴ്‌ച

മീൻചട്ടിയിൽ വീഴ്ത്തിയ രൂപതാവാഗ്ദാനം


കാലങ്ങളായി അംബുജാക്ഷന് ഒരു വിഷമം ഉണ്ടായിരുന്നു. മറ്റൊന്നുമല്ല, ഭാര്യയുടെ ഒരാഗ്രഹം സാധിച്ച് കൊടുക്കാൻ ഇക്കാലമത്രയും പറ്റിയിരുന്നില്ല. ആഗ്രഹം അത്ര വലിയതൊന്നുമല്ല. കാര്യമായൊയൊന്നും അദ്ധ്വാനിക്കാതെ നടത്തിക്കൊടുക്കാൻ പറ്റിയ ആഗ്രഹമായിരുന്നു അംബുജാക്ഷന്റെ ഭാര്യയുടേത്. പോരാഞ്ഞതിന്, ആ ആഗ്രഹം നടത്തിക്കൊടുക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, ആ പ്രക്രിയയുടെ കൂടെ ആഗ്രഹസഫലീകരണത്തോടൊപ്പം കുറച്ചേറെ സന്തോഷവും അംബുജാക്ഷന് ഉണ്ടായേനെ! പക്ഷേ പറഞ്ഞിട്ടെന്താ; വരുംകാലഭാവിയെക്കുറിച്ചോർത്തപ്പോൾ ആ ചെറിയ സന്തോഷം ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് അംബുജാക്ഷന് തോന്നി. അതുകൊണ്ട് തന്നെ ഭാര്യയുടെ ആഗ്രഹമൊട്ട് നടന്നതുമില്ല.

അംബുജാക്ഷന്റെ കെട്ട്യോൾടെ അങ്ങനെയുള്ള ആഗ്രഹമെന്തായിരുന്നെന്നല്ലേ...? ചുരുങ്ങിയത് അഞ്ച് കുട്ടികളെയെങ്കിലും പ്രസവിച്ച്, ആ കുഞ്ഞുങ്ങൾ പുറപ്പെടുവിക്കുന്ന സംഗീതത്തോടൊപ്പം, ഉണ്ടായിരുന്ന സൗകര്യത്തിൽ ഒതുങ്ങി ജീവിക്കണമെന്ന വളരെ ചെറിയൊരു ആഗ്രഹം മാത്രമായിരുന്നു അത്. പക്ഷേ അംബുജാക്ഷന്റെ നിസ്സഹകരണം മൂലം, വെറും രണ്ട് കുട്ടികളിൽ ആ ആഗ്രഹം ഒതുങ്ങിപ്പോയി!

നൂറ്റിമുപ്പത് കോടി ജനങ്ങളുള്ള ഒരു രാജ്യത്ത്, കൂടുതലും ദരിദ്രന്മാരുള്ള ഒരു രാജ്യത്ത്, പ്രത്യേകിച്ച് നേതാക്കന്മാരുടെയും മതമേലധ്യക്ഷന്മാരുടെയും ഗുണ്ടകളുടെയും കൈക്കൂലി കൊടുക്കുന്നവന്റെയും കൈക്കൂലി വാങ്ങുന്നവന്റെയും മാത്രം സമ്പത്ത് വർദ്ധിച്ച് വരുന്ന ഒരു രാജ്യത്ത്, കൂടുതൽ ഉൽപാദനം നടത്തി കൂടുതൽ വിഷമതകൾ കുടുംബത്തിനും രാജ്യത്തിനും സൃഷ്ടിക്കേണ്ടതില്ല എന്ന നളന്ദ തത്വശാസ്ത്രം മുറുകെ പിടിച്ചത് കൊണ്ട് മാത്രമാണ്, അംബുജാക്ഷൻ ഭാര്യയുടെ നിർവ്യാജമായ ഒരാഗ്രഹത്തിനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ചത് ! നാം രണ്ടും നമുക്ക് രണ്ടായാലും, നാം രണ്ടും നമുക്ക് ഒന്നായാലും, നാം ഒന്നും നമുക്ക് പത്തായാലും, സ്വന്തം സാഹചര്യങ്ങളും രാജ്യ സാഹചര്യങ്ങളും ലോക സാഹചര്യങ്ങളും സാർവ്വജനികാടിസ്ഥാനത്തിൽ മതജാതിവർണ്ണഭേദമെന്യേ പരിഗണിക്കേണ്ടതുണ്ടെന്നാണ് അംബുജാക്ഷൻ പഠിച്ച പള്ളിക്കൂടത്തിൽ പഠിപ്പിച്ചിട്ടുള്ളത്!

ആഗ്രഹം പൂർത്തീകരിക്കാതെ വിഷണ്ണയായി നിൽക്കുമ്പോഴാണ്, ഒരു സുപ്രഭാതത്തിൽ, വീടിന് മുൻപിൽ മലർന്ന് വീണ പത്രക്കടലാസിൽ ഒരു പരസ്യം കണ്ടത് - നാലോ അഞ്ചോ അതുക്കും മേലെയോ കുട്ടികളെയുണ്ടാക്കി രാജ്യത്തിന്റെ മാനവവിഭവശേഷി വർദ്ധിപ്പിക്കുന്ന കുഞ്ഞാടുകൾക്ക്, കുഞ്ഞാടുകൾക്ക് മാത്രം, ഒത്തിരിയൊത്തിരി ആനുകൂല്യങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുന്നതാണെന്ന പാലാ രൂപതയുടെ ഒരു പരസ്യം! ടീവി തുറന്ന് നോക്കിയപ്പോൾ പാത്രത്തിൽ കണ്ട അതേ കാര്യത്തെക്കുറിച്ച് ഘോരഘോരം ചർച്ചയും നടക്കുന്നു!

രാജ്യത്തെ മാനവവിഭവശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ കൂടുതൽ ഉയരത്തിലെത്തിക്കുക എന്നത് മാത്രമായിരുന്നു രൂപതയുടെ ഉദ്ദേശ്യം. എന്നാലും ഈ ഉദ്ദേശശുദ്ധിയെ ചില സാമുദായികവർഗ്ഗീയവാദികൾ വെറുതെ തെറ്റിദ്ധരിച്ചു. മതത്തിലെ അംഗസംഖ്യ കൂടാനാണത്രേ രൂപത ഒരു രൂപാ പോലും പ്രതിഫലം ഇച്ഛിക്കാതെ, പകരം രൂപാ അങ്ങോട്ട് കൊടുത്ത് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. വാദപ്രതിവാദങ്ങൾ കഠോരാമായി തുടർന്നു.

സത്യത്തിൽ എന്തൊരു ക്രൂരമാണീ ആരോപണം? ആ വാഗ്ദാനത്തിൽ എന്താണിത്ര വർഗ്ഗീയത? പറ്റുമെങ്കിൽ, ഒന്നിന് പത്ത്, പത്തിന് നൂറ് എന്ന കണക്കിൽ, അവരും മിനക്കെട്ടിരുന്ന് അവരുടെ സ്വന്തം സംഖ്യ വർധിപ്പിച്ചാൽ പോരേ? ഭൂമിയിൽ ആളുകളില്ലെങ്കിൽ എങ്ങനെയാണ് നവോത്ഥാനത്തിനും മറ്റും മതിലുകൾ ഉണ്ടാക്കുക? അംബുജാക്ഷപത്നി രോഷം കൊണ്ടു.

സാമ്പത്തികശാസ്ത്രവും ഭൂമിശാസ്ത്രവും നീതിശാസ്ത്രവും ജീവശാസ്ത്രവും മറ്റും ഉയർത്തിപ്പിടിച്ച്, രൂപതയുടെ ആൾക്കാർ, എതിരാളികളെ ചർച്ചയിൽ മുട്ടുകുത്തിക്കുന്നത് കണ്ടപ്പോൾ അംബുജാക്ഷന്റെ ഭാര്യക്ക് ഉൾപ്പുളകമുണ്ടായി. കൂടുതൽ കുട്ടികളെയുണ്ടാക്കുന്നവർക്ക്, അവരുടെ കുട്ടികളെ നോക്കാനും പഠിപ്പിക്കാനും പ്രൊഫഷണൽ കോളജിലേയ്ക്കാനും സർവ്വോപരി ജോലി കിട്ടാനും സഹായിക്കുന്നത് കുറ്റമാണോ? കുഞ്ഞാടുകൾക്ക് മാത്രമാണ് സഹായം കിട്ടുന്നതെങ്കിൽ, കുഞ്ഞാടുകളെങ്കിലും നന്നായിക്കോട്ടെ എന്ന് ചിന്തിക്കുന്നതല്ലേ നല്ലത്? പ്രത്യേകിച്ച് പരീക്ഷ എഴുതാതെ തന്നെ ഫുൾ ഡിസ്റ്റിങ്ക്ഷനിൽ കുട്ടികൾ പാസാകുന്ന ഈ കാലത്ത്, ഇത്തിരി ലച്ചം മുടക്കിയാൽ പിഎച്ച്ഡി പോലും കിട്ടുന്ന ഇക്കാലത്ത്, കുറച്ച് പരസഹായം കൂടി കിട്ടുന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയല്ലേ ചെയ്യുക?

അപ്പോഴാണ് ഞാനൊരു കുഞ്ഞാടല്ല, വെറും മനുഷ്യസ്ത്രീയാണെന്ന് അംബുജാക്ഷന്റെ ഭാര്യക്ക് ബോധോദയമുണ്ടായത്. പരസ്യം കണ്ട്, സ്വന്തം ആഗ്രഹപൂർത്തീകരണത്തിന് ഒരു വഴി തുറന്ന് കിട്ടാനുള്ള ഒരു വഴി തുറന്ന് കിട്ടിയെന്ന് ആശ്വസിച്ചിരിക്കുമ്പോഴായിരുന്നു ഈ ബോധോദയം! ഇനി എന്ത് ചെയ്യും?

മനുഷ്യകുലം വിട്ട് ഒരു കുഞ്ഞാടായാലോ? കുഞ്ഞാടായാൽ മാത്രം മതിയോ? ഈ പാലാ രൂപതയിൽ തന്നെ എത്തിപ്പെട്ടാലല്ലേ ഈ സൗകര്യങ്ങൾ ലഭിക്കുള്ളൂ... കുഞ്ഞാടായി മാറിയാൽ, ഇനി വേറെ വല്ലവർക്കും വല്ല പ്രശ്നങ്ങളും ഉണ്ടാകുമോ? എന്തായാലും ഇത്തരത്തിലുള്ള ഓഫറുകൾ അധികം വന്നെന്ന് വരില്ല... കിട്ടിയ സന്ദർഭം ഉപയോഗപ്പെടുത്തുക തന്നെ... എന്തായാലും പാലായിൽ പോയി കുഞ്ഞാടുകളാകുന്നത് തന്നെയാണ് ഒരു പോംവഴി. ചേലാകർമ്മം നടത്തിച്ച്, അംബുജൻ ചേട്ടനെക്കൊണ്ട് നാല് കെട്ടിച്ച് കുട്ടികളെ വർദ്ധിപ്പിക്കാൻ അംബുജപത്നിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എന്തായാലും അംബുജൻ ചേട്ടൻ വന്നാലുടൻ കാര്യം അവതരിപ്പിക്കണം. ഇനി കുട്ടികൾ കൂടുതലായാലും ചേട്ടന് ചിലവ് കൂടുതലാകുമെന്ന ആശങ്ക വേണ്ടതില്ലല്ലോ... ചേട്ടനെ ആരുമില്ലാത്തപ്പോൾ ഒന്ന് സന്തോഷിപ്പിച്ചാൽ മാത്രം മതിയല്ലോ!

അതിരാവിലെ ജോലിക്കായി പുറത്ത് പോയ അംബുജാക്ഷൻ വരുമ്പഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. വരുമ്പോൾ കുറച്ച് മത്തിയും കൊണ്ടുവന്നിട്ടുണ്ട്. ഇനി ഭാര്യയെ വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി, നേരെ വടക്കേപ്പുറത്ത് പോയി, വീടിന് വെളിയിൽ, ഒരു പലക മേലിരുന്ന് സ്വയം മീൻ മുറിക്കാനിരുന്നു. മീൻ മുറിച്ച് കൊണ്ടിരിക്കുമ്പോഴാണ് സഹായിക്കുന്ന കെട്ട്യോനോട് സ്നേഹം മൂത്ത ഭാര്യ ഒരു പലകയുമെടുത്ത് ചെന്ന്, ഭർത്താവിന്റെ എതിർവശത്ത് പലകമേലെ ഇരിപ്പുറപ്പിച്ചത്...

സ്നേഹഭാഷണങ്ങൾ കൊണ്ട് വീർപ്പ് മുട്ടിക്കുന്ന ഭാര്യയുടെ സാമീപ്യം കാരണം, മീന്മുറിച്ച് നനഞ്ഞതാണെങ്കിലും, അംബുജാക്ഷന്റെ കൈവെള്ളയിൽ പോലും രോമാഞ്ചമുണ്ടായി. ആ ഇരുന്ന ഇരുപ്പിൽ തന്നെ അംബുജാക്ഷന് കിടപ്പറ പൂകിയാലോ എന്ന ചിന്തയുണ്ടായി. അപ്പോഴാണ് രാവിലെ കണ്ട പരസ്യത്തെക്കുറിച്ചും അത് പൂർത്തീകരിക്കാൻ സ്വയം കണ്ടെത്തിയ വഴിയെക്കുറിച്ചും, പത്രത്തിൽ നിന്ന് മുറിച്ചെടുത്ത പരസ്യം അംബുജാക്ഷന്റെ മുന്നിലേക്ക് നീട്ടിപ്പിടിച്ച് കൊണ്ട് സഹധർമ്മിണി വിവരിക്കാൻ തുടങ്ങിയത്.

വീട്ടിലേക്ക് വരുന്ന വഴിയിൽ, പഞ്ചാരപ്പൊയിലെ അനന്തേട്ടന്റെ ചായപ്പീടികയിൽ വച്ച് തന്നെ ഈ വാർത്ത അറിഞ്ഞതാണ്. പക്ഷേ, ആ വാർത്തക്ക് സ്വന്തം ജീവിതത്തിൽ ഇങ്ങനെയൊരു അർത്ഥം ഉണ്ടാകുമെന്ന് അംബുജാക്ഷൻ ഒരിക്കലും നിരീച്ചിരുന്നില്ല.

"... ... എന്റെ ആഗ്രഹം നടക്കാൻ.... നമുക്കും പാലായിലെ ഒരു കുഞ്ഞാടായിക്കൂടെ അംബുജേട്ടാ..."

പൊടുന്നനേ തല കറങ്ങിയ അംബുജാക്ഷന്റെ തല നേരെ വീണത്, മീനും വെള്ളവും നിറച്ച് മുന്നിൽ വച്ചിരുന്ന മീൻ ചട്ടിയിലേക്കായിരുന്നു. മീൻ മുറിക്കാൻ, കാൽ വിരൽ കൊണ്ട് അമർത്തിപ്പിടിച്ച്, വളഞ്ഞ് മുകളിലേക്ക് കൂർത്ത് നിന്നിരുന്ന കത്തിയുടെ മേലെ തല തട്ടാതിരുന്നത് കൊണ്ട്, ചട്ടിയിലെ മീനിന്റെ ചോരയിൽ മനുഷ്യരക്തം കലർന്നില്ല!

***

2020 മാർച്ച് 20, വെള്ളിയാഴ്‌ച

അമ്മായിഅച്ഛന്റെ ഓട്ടം (കൃസ്തീയകാന്തവികർഷണങ്ങൾ - 4)

(Picture Courtesy: Google)

നാല് ഭാഗങ്ങളുള്ള ഒരു പരമ്പരയാണ് കൃസ്തീയകാന്തവികർഷണങ്ങൾ. അതിലെ അവസാനത്തെ ഭാഗമാണ് ഇവിടെ എഴുതുന്നത്.

ആമുഖം & ആദ്യഭാഗം: ഠാക്കൂറിന്റെ ചെരുപ്പേറ് (കൃസ്തീയകാന്തവികർഷണങ്ങൾ - 1)
മൂന്നാം ഭാഗം: ബിരിയാണി ദഹനം (കൃസ്തീയകാന്തവികർഷണങ്ങൾ - 3)

വറ്റുകൈ കൊണ്ടാട്ടിയകറ്റിയ കോഴികൾ വീണ്ടും
വറ്റെന്നയാകർഷണത്താൽ  തിരികെ വന്ന് കൊത്തിടും
വചനഘോഷണം നടത്തും പ്രഭൃതികളെ സദയം നിരാകരിച്ചാൽ
നീചരായ് വീണ്ടും വരും തൻ മസ്തിഷ്‌കം തുടയ്ക്കുവാൻ !

കഥയിലേക്ക്:
2007 ൽ ഞങ്ങൾ മേരിലാന്റിലെ ബൂവി എന്ന് പറയുന്ന പട്ടണത്തിലേക്ക് താമസം മാറി. 2009 ൽ എന്റെ ഭാര്യയുടെ മാതാപിതാക്കൾ ഞങ്ങളെ സന്ദർശിക്കാൻ വന്നു. എനിക്കും കെട്ട്യോൾക്കും രണ്ടാമത്തെ കുഞ്ഞ് ഭൂജാതയായ സമയമാണ്. നാട്ടുകാരോട് നല്ല പച്ച മലയാളത്തിൽ മാത്രം സംസാരിച്ചിരുന്ന അവർക്ക്, ഇവിടെയെത്തിയപ്പോൾ മിണ്ടാനും പറയാനും ഞങ്ങൾ മാത്രമായി. സത്യത്തിൽ അവർക്ക് ഒരു തരം മടുപ്പായിരുന്നു ഇവിടെ. എല്ലാത്തിനും ഞങ്ങളുടെ സഹായം വേണം.

അങ്ങനെയിരിക്കേ ഒരു ദിവസം വൈകുന്നേരം, ഞാൻ ആപ്പീസ് ജോലിയും കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി. സ്വാഭാവികമായും മറ്റുള്ളവർ വീട്ടിലുണ്ട് എന്ന ധാരണയിൽ വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ ഉള്ളിൽ മറ്റുള്ളവരെ കൂടാതെ പരിചയമില്ലാത്ത രണ്ട് പേര് കൂടിയുണ്ടായിരുന്നു.

"ഇതാണ് അച്ഛനും അമ്മയ്ക്കും കിട്ടിയ പുതിയ ചങ്ങാതിമാർ." ഭാര്യ ഭവ്യതയോടെ മൊഴിഞ്ഞു.

ഭാര്യയുടെ അച്ഛനമ്മമാർക്ക് ഇങ്ങനെ രണ്ട് ചങ്ങാതിമാരെ കിട്ടിയത് ഇതിന് മുന്നേ ഒരു ദിവസം ഭാര്യ പറഞ്ഞിരുന്നു. വീട്ടിൽ കൂനിക്കൂടിയിരുന്നുള്ള മടുപ്പ് മാറ്റാൻ, അവർ വൈകുന്നേരങ്ങളിൽ നടക്കാൻ പോകും. അങ്ങനെ ഒരു ദിവസം അവർ നടക്കാൻ പോയി തിരിച്ചു വരുമ്പോൾ വളരെ സന്തോഷത്തോടെയായിരുന്നു വന്നത്. അവരുടെ കൂടെ അവരുടെ പ്രായത്തിൽത്തന്നെയുള്ള മലയാളികളായ ഭാര്യാഭർത്താക്കന്മാരായ വേറെ രണ്ടുപേരും കൂടി ഉണ്ടായിരുന്നു. അതായിരുന്നു അവരുടെ സന്തോഷത്തിന്റെ കാരണം. ആ ദമ്പതികളും അവരുടെ മകനെ കാണാൻ നാട്ടിൽ നിന്ന് വന്നതായിരുന്നു. തോമസ്സെന്നോ മറ്റോ ആയിരുന്നു ആ ദമ്പതിമാരിലെ ആണ്‍ പ്രജയുടെ പേര്. ഒരു വിരമിച്ച പോലീസുകാരൻ, തൃശ്ശൂരുകാരൻ.

ഞാൻ അവരോട് കുശലം പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞിട്ടും ഭാര്യാപിതാവിനെ പുറത്ത് കാണുന്നില്ല.

"ഓർക്ക്‌ തലവേദനയാണ്. കിടക്ക്വായിരിക്കും. നേരത്തേ ഉണ്ടായിരുന്നു." ഞാൻ ചോദിച്ചപ്പോൾ ഭാര്യാമാതാവ് പറഞ്ഞു

"അങ്ങനെയാണോ? ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ. ഓ.. എന്നാൽ ഞങ്ങളിറങ്ങാം. നിങ്ങളെ നടക്കാനിറങ്ങുന്ന സമയത്തൊന്നും കാണാത്തതു കൊണ്ടാണ് ഞങ്ങൾ വന്നത്." അവര് എഴുന്നേറ്റു.

"എന്നാൽ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം"

എന്റെ ഭാര്യയും ഭാര്യാ മാതാവും പരസ്പരം നോക്കി. ഞാൻ അവരെയും നോക്കി. എനിക്കെന്തൊക്കെയോ പറയാൻ വന്നു. ഇതേ പോലെ ഒന്നിലധികം തവണ ഇതുപോലുള്ള സാഹചര്യങ്ങൾ അഭിമുഖീകരിച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രഹസനങ്ങൾക്ക് ഒരു തരത്തിലും തല വച്ച് കൊടുക്കരുതെന്ന് തീരുമാനിക്കുകയും ചെയ്താണ്. മുളയിലേ നുള്ളിക്കളയണം. പക്ഷേ, എന്റെ ഭാര്യയുടെ അച്ഛനമ്മമാരുടെ മുന്നിൽ വച്ച് മനസ്സിലുള്ളതൊക്കെ എങ്ങനെ പറയും? മാത്രവുമല്ല അവരുടെ സുഹൃത്തുക്കൾ കൂടിയാണ് ഈ കഥാപാത്രങ്ങൾ. അതും ഞാൻ പറയുന്ന രീതി അവർക്ക് ദഹിച്ചില്ലെങ്കിലോ? എന്റെ വായിൽ വന്നത്, ഞാൻ കടിച്ചുപിടിച്ചങ്ങ് വിഴുങ്ങി. അവർ പ്രാർത്ഥന തുടങ്ങി. എല്ലാവരും പ്രതിമ നിന്നത് പോലെ നിൽക്കുകയാണ്. ഭാര്യയും അമ്മയും എന്നെ ഇടംകണ്ണ് കൊണ്ട് ഇടയ്ക്കിടെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്. ഞാൻ പല്ല് ഇറുക്കിക്കടിച്ച് കൊണ്ട് അങ്ങനെ നിന്നു. ഒടുവിൽ പ്രാർത്ഥന കഴിഞ്ഞു.

"നാളെ നടക്കാൻ നേരം കാണുമല്ലോ.. അല്ലേ" തോമസ് ചേട്ടൻ അമ്മായി അമ്മയെ നോക്കി ചോദിച്ചു.

അമ്മായിഅമ്മ 'അതെ' എന്നോ 'അല്ല' എന്നറിയാത്തമട്ടിൽ പുഞ്ചിരിച്ചെന്നോണം തലയാട്ടി.

"അപ്പോ നാളെ കാണാം...." അതങ്ങ് ഉറപ്പിച്ചത് പോലെ അവർ നടന്നകന്നു.

അവർ പോയതിന് ശേഷം, അതാ വരുന്നു, "പോയോ" എന്ന് ചോദിച്ചു കൊണ്ട്, തലവേദന കൊണ്ട് പുളഞ്ഞ് കിടന്നിരുന്ന എന്റെ ഭാര്യാപിതാവ്. അദ്ദേഹത്തിന് ആകെയൊരു ചമ്മലുള്ളത് പോലെ.

"പെട്ട് പോയതാ മോനെ.... നീയൊന്നും തെറ്റിദ്ധരിക്കരുത്...." അദ്ദേഹം അന്തഃർമുഖതയോടെ പറഞ്ഞു.

"ഓ അത് നിങ്ങള് കാര്യമാക്കണ്ട... ഞാനിങ്ങനെ കുറേ കണ്ടതാ..." ഞാനും അദ്ദേഹത്തെ സമാധാനിപ്പിക്കാൻ പറഞ്ഞു.

" ഇങ്ങനെ ഇവര് വീട്ടിൽ കേറി പ്രാർത്ഥിച്ച് കളയൂന്നൊന്നും ഞമ്മള് വിചാരിച്ചിരുന്നില്ല.

"നിങ്ങളാ കാര്യം വിട്ടേക്കച്ഛാ.... ഇയാളെയേക്കാളും വെല്യ പുള്ളികളെ നമ്മള് നേരിട്ടിട്ടുണ്ട്." ഞാൻ വീണ്ടും അദ്ദേഹത്തെ സമാധാനിപ്പിച്ചു. ഇതുപോലെ ഞങ്ങളുടെ ജീവിതത്തിൽ മുന്നേ സംഭവിച്ച പല കഥകളും പറഞ്ഞ് അദ്ദേഹത്തെ ഒന്നുഷാറാക്കി. കഥകളൊക്കെ കേട്ടപ്പോൾ എല്ലാവർക്കും ചിരിയടക്കാൻ പറ്റാതായി.

പ്രശ്നമെന്താണെന്ന് വച്ചാൽ തോമസ്സ് ചേട്ടൻ വീട്ടിൽ ആദ്യത്തെ തവണ വന്നപ്പോഴും എന്റെ വീട്ടിൽ പ്രാർത്ഥന നടന്നിരുന്നു. ചായയൊക്കെ കുടിച്ച് പിരിയാൻ നേരം ഇത് പോലെ തന്നെ അവര് പ്രാർത്ഥന തുടങ്ങി. വഴിവക്കിൽ വെച്ച് കിട്ടിയത് 'പാമ്പാ'യോ എന്ന മട്ടിൽ, ഒന്നും മിണ്ടാതെ, പെട്ടന്നുണ്ടായ പകച്ചലിൽ എല്ലാവരും പ്രാർത്ഥന കേട്ടിരുന്നു. വേറെന്ത് പറയാൻ. ഈ സംഭവം ഞാൻ അറിയരുതെന്ന് ഭാര്യാ പിതാവ് എല്ലാരേയും ചട്ടം കെട്ടിയിരുന്നു. അത് കൊണ്ട് മാത്രം ഞാൻ പ്രാർത്ഥനാക്കഥ അറിഞ്ഞിരുന്നില്ല. ആ സസ്പെൻസാണ് ഇന്ന് പൊളിഞ്ഞ് പോയത്. ആ നാണക്കേടിലായിരുന്നു ഭാര്യാപിതാവ്. അതുകൊണ്ടാണ് ഞാൻ വരുന്ന സമയം, ഈപ്പറഞ്ഞ ദമ്പതികൾ വീട്ടിലുള്ളത് കൊണ്ട് അദ്ദേഹം തലവേദനയുടെ കഥ പറഞ്ഞ് ഉള്ളിൽ കേറി വാതിലടച്ച് കിടന്ന് കളഞ്ഞത് !

അന്യമതസ്ഥരായ ഒട്ടേറെ സുഹൃത്തുക്കൾ ഉള്ളയാളാണ് എന്റെ ഭാര്യാപിതാവ്. മലബാറിലെ ഒരു കുടിയേറ്റ മേഖലയിലാണ് വീട്. ആ നാട്ടിലെ പേരെടുത്ത ഒരു രാഷ്ട്രീയപ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. സ്വന്തം നാട്ടിലെ കോൺഗ്രസ്സിന്റെ ഒരുകാലത്തെ കിരീടം വെക്കാത്ത രാജാവ്. രാഷ്ട്രീയത്തിലെ പുഴുക്കുത്തുകൾ കാരണം സജീവരാഷ്ട്രീയം ഉപേക്ഷിച്ച മനുഷ്യൻ.  രാഷ്ട്രീയം കൊണ്ട് നഷ്ടങ്ങൾ ഉണ്ടായെങ്കിലും ഇന്നും നാട്ടുകാർക്ക് ആവുന്നപോലെ സഹായങ്ങൾ ചെയ്യുന്ന നല്ല മനുഷ്യൻ. പത്തിരുപത് വർഷങ്ങൾക്ക് മുന്നേ അദ്ദേഹത്തിന് അർബുദരോഗം വന്ന് വിഷമിച്ചപ്പോൾ, അദ്ദേഹത്തിന്റെ അന്യമതസ്തരായ സുഹൃത്തുക്കളും അദ്ദേഹത്തിന് വേണ്ടി പല നേർച്ചകളും പ്രാർത്ഥനകളും നേർന്നിരുന്നു. ഒരു ഉൽപതിഷ്ണുവായ അദ്ദേഹം, അവരെയൊന്നും നിരാശപ്പെടുത്തിയിരുന്നില്ല. ക്രിസ്ത്യാനികളുടെ ആഗ്രഹപ്രകാരം പള്ളികളിൽ ധ്യാനമിരുന്നിട്ടുണ്ട്. പോട്ടയിൽ ധ്യാനം കൂടിയിട്ടുണ്ട്. മുസ്ലീം സഹോദരങ്ങളുടെ ആഗ്രഹപ്രകാരം ഉറൂസിൽ പങ്കു കൊണ്ടിട്ടുണ്ട്. ഓരോരുത്തർക്കും അവരവരുടെ പ്രാർത്ഥനകളിൽ പങ്കെടുപ്പിക്കുവാൻ വളരെ ഉത്സാഹമായിരുന്നു. അതിൽ പല സുഹൃത്തുക്കളും സ്നേഹം കൊണ്ട് മാത്രമായിരുന്നു അങ്ങനെയൊക്കെ ചെയ്തത്. അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാനായിരുന്നു എന്റെ ഭാര്യാപിതാവിനിഷ്ടം. എന്നിരുന്നാലും ചില ആളുകളുടെ ഉദ്ദേശശുദ്ധി സംശയാസ്പദമായിരുന്നു. പോട്ടയിലെ വചനാമൃതം മാസിക അദ്ദേഹത്തിന്, അദ്ദേഹം പോലും അറിയാതെ 'ഫ്രീ'യായി വരാൻ തുടങ്ങിയത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. നാട്ടിലെ ചില സഹോദരങ്ങൾ അദ്ദേഹം മതം മാറിയെന്ന് വരെ നാട്ടിൽ പ്രചരിപ്പിക്കാൻ തുടങ്ങി. പക്ഷേ ഈ പറഞ്ഞ കാര്യങ്ങളൊന്നും അദ്ദേഹം ഒട്ടും കാര്യമാക്കിയില്ല. എന്റെ ഭാര്യയും, ഇതുപോലെ നമുക്കുണ്ടായ, പഴയ ചില കഥകൾ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിക്കാണണം. അതുകൊണ്ടായിരിക്കാം, അദ്ദേഹത്തിന് എന്റെ മുന്നിൽ ഉരുണ്ട് കളിക്കേണ്ടി വന്നത്.

ഈ ദമ്പതികൾ മതം മാറ്റാനുള്ള തരത്തിൽ, അതുവരെ സംസാരിച്ചിരുന്നില്ല. എന്നിരുന്നാലും അങ്ങനെയുണ്ടാവാതിരിക്കാനുള്ള മുൻകരുതൽ നമ്മളെടുക്കണമല്ലോ. പിറ്റേന്ന് മുതൽ തന്നെ, എന്റെ ഭാര്യാമാതാപിതാക്കന്മാർ, മറ്റേ ദമ്പതികളെ കാണാതിരിക്കാൻ വേണ്ടി, അവർ സാധാരണ നടക്കാറുള്ള സമയക്രമം മാറ്റി. മാത്രവുമല്ല, ഇനിയെങ്ങാനും അവർ വീട്ടിൽ വന്ന് കതകിന് മുട്ടുകയാണെങ്കിൽ, വാതിൽ  തുറക്കേണ്ട എന്ന നിയമവും പാസ്സാക്കി.

അങ്ങനെയിരിക്കേ, ഒരു ദിവസം വൈകുന്നേരം ഞാൻ ആപ്പീസ് വിട്ടു വരുന്ന വഴിക്ക്, ഈ ദമ്പതികളെ വഴിക്ക് കണ്ടു. ഞാൻ അവരോട് കുശലം പറഞ്ഞ ശേഷം ഞങ്ങൾക്ക് ഈത്തരം പരിപാടികളിലും ഇതുപോലെയുള്ള പ്രാർത്ഥനകളിലും താല്പര്യമില്ലെന്നറിയിച്ചു. അവർ കുറച്ചൊക്കെ അവർ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും എന്റെ താല്പര്യമില്ലായ്മ വ്യക്തമായി ഞാൻ പ്രകടമാക്കി. നീരസത്തോടെയാണെങ്കിലും അവർ 'ശരി' എന്ന രീതിയിൽ തല കുലുക്കി നടന്നകന്നു.

ആഴ്ചകൾ രണ്ടോ മൂന്നോ കഴിഞ്ഞുകാണും. ഒരു ദിവസം വൈകുന്നേരം, സാധാരണയിൽ നിന്ന് ഇത്തിരി നേരത്തേ, ഞാൻ ജോലിയും കഴിഞ്ഞ് വീട്ടിലെത്തി. വാതിൽക്കൽ നിൽക്കുമ്പോൾത്തന്നെ അകത്ത് നിന്ന് എനിക്ക് പ്രാർത്ഥന കേൾക്കാം. എന്റെ പ്രഷർ കൂടാൻ അധികസമയമൊന്നും എടുത്തില്ല. സാധാരണ കൊട്ടുന്നതിന്റെ പത്തിരട്ടി ശബ്ദത്തിൽ ഞാൻ കതകിന് കൊട്ടി. വാതിൽ തുറന്നു. ഭാര്യയുടെ ഭയപ്പാട് മുഖത്ത് നിന്നും വായിച്ചെടുക്കാം. ഉള്ളിലേക്ക് രംഗപ്രവേശനം ചെയ്ത സമയത്ത് തന്നെ പ്രാർത്ഥന പകുതിക്ക് നിന്ന് പോയിരുന്നു. നമ്മുടെ തോമ്മാച്ചേട്ടനും ഭാര്യയും പകച്ച് നിൽപ്പുണ്ട്. ഭാര്യാമാതാവ്, ചെറിയ മോളെയും തൂക്കി അടുക്കളയിലേക്ക് ധൃതിയിൽ പോകുന്നത് കണ്ടു. എല്ലാത്തിലും രസമായിത്തോന്നിയത് വേറൊരു കാഴ്ചയായിരുന്നു.

എന്നെക്കണ്ടയുടനെ, എന്റെ ഭാര്യാപിതാവ്, മുഖ്യവാതിലിന് മറുവശത്തുള്ള ബാൽക്കണിയുടെ 'സ്ലൈഡ് ഡോർ' വലിച്ച് തുറന്ന് ഒരു കയ്യിൽ മുണ്ടും പൊക്കിപ്പിടിച്ച് പുറത്തേക്കൊരു നടത്തം. അത് നടത്തമൊന്നുമായിരുന്നില്ല, അദ്ദേഹത്തിൻറെ രീതിക്ക്, ഒരു തരം ഓട്ടം തന്നെയായിരുന്നു. വീടുപണിക്കിടയിൽ ടെറസ്സിൽ നിന്ന് വീണത് മുതൽ അദ്ദേഹത്തിൻറെ കാലിന് അത്ര ബലമുണ്ടായിരുന്നില്ല. അതുകൊണ്ട് ഏന്തിവലിച്ചുള്ള ഒരോട്ടം തന്നെയായിരുന്നു. ഇത്തരത്തിലുള്ള ഒരന്തരീക്ഷം വീണ്ടും ഉണ്ടായ  സാഹചര്യത്തിൽ, എന്നെ അഭിമുഖീകരിക്കാനുള്ള വിമുഖത; അതായിരുന്നു കാരണം. നേരെ തൊട്ടപ്പുറത്തുള്ള തടാകക്കരയിലേക്കുള്ള യാത്രയാണെന്ന് എനിക്ക് മനസ്സിലായി. ആ കാഴ്ച കണ്ടപ്പോൾ ചിരി വന്നെങ്കിലും തോമാച്ചന്റെയും ഭാര്യയുടെയും സാന്നിദ്ധ്യത്തിൽ, ചിരിയൊക്കെ പോയി ദേഷ്യം തിളച്ച് വന്നു.

"തോമാച്ചനോട് ഞാൻ പറഞ്ഞതല്ലേ, ഈ പണ്ടാര ബിസിനസ്സും കൊണ്ട് ഇനി വന്നേക്കരുതെന്ന്... മര്യാദക്ക് പറഞ്ഞാലൊന്നും നിങ്ങൾക്ക് മനസ്സിലാവൂല്ലേ... ഞങ്ങളെ വിൽക്കാൻ വച്ചിട്ടുണ്ടെന്നാണോ നിങ്ങളുടെ വിചാരം?... "

"ഇല്ല വേണൂ... പറ്റിപ്പോയതാ... കഴിഞ്ഞു... ഇനിയുണ്ടാകത്തില്ല.... കഴിഞ്ഞു...Sorry... ഞങ്ങളിറങ്ങുവാ...." ഞാൻ തുടരുന്നതിനിടെ തോമാച്ചൻ ഇടപെട്ടു. അദ്ദേഹം പിന്നെയവിടെ നിന്നില്ല... നേരെ വാതിലിനടുത്തേക്ക് വേഗത്തിൽ നീങ്ങി.
"വാടീ.. പോവ്വാം..." അദ്ദേഹത്തിൻറെ ഭാര്യയും തോമാച്ചന്റെ പിന്നാലെ വച്ചുപിടിച്ചു. രണ്ടു പേരും വാതിലും തുറന്ന് പുറത്തേക്ക് ധൃതിയിൽ നടന്നകന്നു. എനിക്ക് കൂടുതലൊന്നും പറയേണ്ടി വന്നില്ല.

ഞാൻ ഇത്തിരി കിതപ്പോടെ സോഫായിലേക്കിരുന്നു.

"നിങ്ങക്ക് എവിടുന്ന് കിട്ടി ഈ മാരണങ്ങളെ പിന്നേം...?" തോമാച്ചനെ ഒഴിവാക്കാൻ പ്രോട്ടോക്കോൾ ഉണ്ടാക്കിയിട്ടും എങ്ങനെ വീണ്ടും വലയിൽ കുടുങ്ങി എന്നതിനെക്കുറിച്ച് എനിക്ക് സംശയം തീരുന്നില്ല...

അപ്പഴാണ് അമ്മായിഅമ്മ കഥ ചുരുക്കി വിവരിച്ചത്. തോമാച്ചനെ പേടിച്ച്, രണ്ടു പേരും അവർ പുറത്ത് നടക്കാൻ പോകുന്ന സമയക്രമം മാറ്റിയിരുന്നു. പക്ഷേ ഇന്ന് പോയപ്പോ യഥാവിൽ തോമ്മാച്ചനെയും ഭാര്യയേം വീണ്ടും കണ്ട് മുട്ടി. കണ്ടപ്പോൾ, അവർക്ക് സംസാരിക്കാതിരിക്കാൻ പറ്റിയില്ല. തോമാച്ചനും ഞാനവരെ വിലക്കിയതിന്റെ പങ്കപ്പാടൊന്നും കാണിച്ചില്ല. അവർ ഒന്ന് രണ്ട് വട്ടം തടാകത്തിന് ചുറ്റും നടന്നു. തിരിച്ച് പോകുന്ന വരവിൽ എന്റെ വീടിനടുത്ത് എത്തിയപ്പോൾ പിന്നെ കാണാം എന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിഞ്ഞെങ്കിലും, തോമാച്ചനും ഭാര്യയും അവരുടെ പിന്നാലെ വരികയായിരുന്നത്രേ ! അമ്മായിഅച്ഛനമ്മമാർക്ക് അവരെയൊട്ട് വിലക്കാനും പറ്റിയില്ല. ഞാനെത്താൻ വൈകുമെന്ന തോന്നലുള്ളത് കൊണ്ട് വേഗം പ്രാർത്ഥിച്ച് പോയിക്കൊള്ളുമെന്ന് കരുതിയത്രേ.. പക്ഷേ ഞാൻ അവിചാരിതമായി നേരത്തേയെത്തിയത് എല്ലാം കുളമാക്കി !

അപ്പഴേക്കും എന്റെ കിതപ്പൊക്കെ തീർന്നിരുന്നു. എനിക്ക് ചിരി പൊട്ടി.  പതുക്കെ എല്ലാവരും ആവോളം ചിരിച്ചു. പിന്നെയൊട്ടും അമാന്തിക്കാതെ, ചെറുതിനെ സ്‌ട്രോളറിൽ ഇരുത്തി, മൂത്തവളുടെ കയ്യും പിടിച്ച്, നമ്മളെല്ലാവരും അമ്മായിഅച്ഛനെ തേടി തടാകക്കരയിലേക്ക്  വച്ച് പിടിച്ചു.

ഉപസംഹാരം:
എനിക്ക് മനസ്സിലാവാത്തത്, ഞങ്ങളെ കണ്ടാൽ, ഞങ്ങൾ മതം മാറുവാനോ മറ്റോ അതീവ തല്പരരാണെന്നോ മറ്റോ തോന്നുമോ എന്നുള്ളതാണ്. ഇവരെന്തിന് ആളുകളെ മതം മാറ്റാൻ നടക്കുന്നു? നാളെ, എന്റെ ഇന്നത്തെ ചിന്തകളൊക്കെ തെറ്റാണെന്നും, നന്നായി ജീവിക്കാൻ ഒരു മതം ആവശ്യമാണെന്നും ആ മതത്തിലെ ദൈവം മാത്രമാണ് ശരിയായ ദൈവമെന്നും  മറ്റും എനിക്ക് തോന്നിയാൽ, അന്ന് ഞാൻ സ്വയം എടുക്കേണ്ട തീരുമാനമല്ലേ അത്? ഓരോരുത്തരും എല്ലാം അറിയട്ടെ. എല്ലാ മതങ്ങളെപ്പറ്റിയും അറിയട്ടെ. മതമേലദ്ധ്യക്ഷൻമാരെപ്പറ്റി അറിയട്ടെ. രാഷ്ട്രീയക്കാർ അവരുടെ അണികളെ ഉണ്ടാക്കുന്നത് പോലെ ഭക്തരെ ഉണ്ടാക്കി ജീവിക്കുന്നവരെപ്പറ്റി അറിയട്ടെ. ആചാരങ്ങളിലെ പൊള്ളത്തരങ്ങളെ കുറിച്ചറിയട്ടെ.

അവനവന്റെ വീട്ടിൽ പ്രാർത്ഥനയൊക്കെ കൊള്ളാം. പക്ഷേ അതിന് പിന്നിലെ ആകർഷണ ചേതോവികാരമാണ് മനസ്സിലാവാത്തത്.  ദൈവം ഉണ്ടെന്ന് കരുതുന്നത് ഉത്തരം കിട്ടാത്ത പല വിടവുകളും അടയ്ക്കാനുള്ള അതിവേഗപരിഹാരമാണ്. മിഥ്യയായ ദൈവത്തെ ഓരോരുത്തരും അവരവരുടേത് മാത്രമാണെന്ന്  പറഞ്ഞ് നടക്കുന്നതിലെ യുക്തി എന്താണ്? വിശ്വാസിയായ ഒരാൾ, അവന്റെ മകനെ മാർക്കില്ലെങ്കിലും വിദേശത്തയച്ച് പഠിപ്പിക്കുമ്പോൾ, നല്ലവണ്ണം പഠിക്കുന്ന ദരിദ്രനായ അവന്റെ അയൽവാസിക്കുട്ടിയെ കാണാതെ പോകുമ്പോൾ, ഏത് ദൈവമാണ് പ്രസാദിക്കുക? പുരോഹിതന്മാർക്കും ആൾദൈവങ്ങൾക്കും കോടികളുടെ സ്വത്തും ആർഭാട ജീവിതവും എന്തിനാണ്? പാവങ്ങൾക്ക് വസിക്കുവാൻ ഒരു കൂര പോലുമില്ലാത്തപ്പോൾ, കോടികൾ മുടക്കി ഇല്ലാത്ത ദൈവങ്ങൾക്ക് ആലയങ്ങൾ പണിയുന്നതെന്തിനാണ്?

ക്രിസ്തുമതം മിഷനറി പ്രവർത്തനത്തിലൂടെ സാമ്രാജ്യങ്ങളുണ്ടാക്കിയപ്പോൾ ഇസ്ലാം മതം യുദ്ധങ്ങളിലൂടെ സാമ്രാജ്യങ്ങളുണ്ടാക്കി. പതിനാറാം നൂറ്റാണ്ടിലെ reformation movement ലൂടെ ക്രിസ്തുമതം കുറച്ചെങ്കിലും ശാസ്ത്രത്തോടടുത്തെങ്കിലും ഇന്നും പുരാതന ഗോത്രനിയമങ്ങൾ നടപ്പിലാക്കുന്ന ഇസ്ലാം മതം, ഒരു renovation ന് പാത്രമാകുന്നത്, പ്രവാചകനായ മുഹമ്മദ്‌ നബി അവസാന പ്രവാചകനാകുന്നതിലൂടെ ഇല്ലാതാവുകയാണ്. അദ്വൈതവും വസുദൈവ കുടുംബകവും മറ്റുമാണ് പ്രമാണങ്ങളെങ്കിലും, 'ഹിന്ദു'മതത്തിൽ (ഭാരതീയ ആചാരങ്ങളിൽ) ഇനിയും എത്രയോ പുരോഗമനപരമായ മാറ്റങ്ങൾ ആവശ്യമായിട്ടുണ്ട്. വീണ്ടുമൊരു നവോത്ഥാനത്തിന്, വിവേകാനന്ദനെ പോലെയുള്ള ആളുകൾ ഇനിയും ഭാരതത്തിൽ ജനിക്കേണ്ടിയിരിക്കുന്നു. രാജഭരണം പോയി ജനായത്തഭരണം വന്നത് പോലെ, ഇന്നത്തെ മതങ്ങളെ മുഴുവൻ പൊളിച്ചെഴുതി, ആഗോളതലത്തിൽ, മാനുഷിക തലത്തിൽ മാത്രമുള്ള ഒരു ജനായത്ത സംവിധാനം ഉണ്ടാകട്ടെ.

എല്ലാ മനുഷ്യരുടെയും ഘടന ഒന്ന് തന്നെയാണ്. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോഴാണ്, അല്ലെങ്കിൽ ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് ചോദ്യം ചോദിച്ചയാളിന്റെ 'ഘടന' മതത്തിന്റെ പേരിൽ മാറ്റുന്നത്.  മതം മാറ്റുന്നതിന് പകരം മനുഷ്യരെ നന്നാക്കാൻ മാത്രം ശ്രമിക്കുക. തെറ്റുകളെ ചൂണ്ടിക്കാണിക്കാനെങ്കിലും മനുഷ്യർക്ക് അനുവാദം നല്കുക. ഏത് മതമായാലും, പെറ്റുകൂട്ടിയും ആളുകളെ പ്രലോഭിപ്പിച്ചും മതം വളർത്താതിരിക്കുക. മതം മാറ്റാൻ ശ്രമിച്ച് സ്വയം അപമാനിതരാകാതിരിക്കാൻ ശ്രമിക്കുക. മതത്തെ ഉപയോഗിച്ച് ജീവിക്കാതിരിക്കുക. ജാതിമതവികാരങ്ങളില്ലാതെ മാനവികത മാത്രം തുളുമ്പുന്ന മാനവപാരമ്പര്യം ഉണ്ടാവുമെന്ന അത്യാഗ്രഹമൊന്നുമില്ലെങ്കിലും അങ്ങനെ ആഗ്രഹിച്ചെങ്കിലും എനിക്കീ ജന്മം മുന്നോട്ട് തള്ളണം !!

വയലാറിനെ ഓർക്കാം:
"മനുഷ്യൻ മതങ്ങളെ സൃഷിടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
ഈ മണ്ണ് പങ്ക് വച്ചൂ....."

***

2020 മാർച്ച് 13, വെള്ളിയാഴ്‌ച

ബിരിയാണി ദഹനം (കൃസ്തീയകാന്തവികർഷണങ്ങൾ - 3)

(Picture Courtesy: Google)

നാല് ഭാഗങ്ങളുള്ള ഒരു പരമ്പരയാണ് കൃസ്തീയകാന്തവികർഷണങ്ങൾ. അതിലെ മൂന്നാം ഭാഗമാണ് ഇവിടെ എഴുതുന്നത്.

ആമുഖം & ആദ്യഭാഗം: ഠാക്കൂറിന്റെ ചെരുപ്പേറ് (കൃസ്തീയകാന്തവികർഷണങ്ങൾ - 1)
രണ്ടാം ഭാഗം: വിർജിനിറ്റിയിൽ വീണ ഡാൻ (കൃസ്തീയകാന്തവികർഷണങ്ങൾ - 2)

പാവം പിടിച്ചുള്ള മനിതന് പിന്നാലെ
വചനപ്രഘോഷണം കൊട്ടിഘോഷിക്കയാൽ
ദാനസമ്മാനങ്ങൾ ശാന്തിശുശ്രൂഷകൾ
സ്വർഗ്ഗപ്രവേശനം വാഗ്ദാനമാകവേ
മതം പറഞ്ഞ് മയക്കി നീ മനിതരിൽ
മതിലുകൾ തീർക്കുന്നതെന്തിനീ ഭൂമിയിൽ?

കഥയിലേക്ക്...
ഈ കഥയും നടക്കുന്നത് ഫ്ലോറിഡയിൽ വച്ചാണ്. 2006 ൽ. ഇതിനകം എന്റെ ഭാര്യയും മകളും നാട്ടിൽ നിന്ന് ടാലാഹാസിയിലെത്തിയിരുന്നു. ഓൾഡ് സെയിന്റ് അഗസ്റ്റിൻ റോഡിലുള്ള സെയിന്റ് അഗസ്റ്റിൻ ഹിൽസ് അപ്പാർട്ട്മെൻറ്സിലെ ഒരു അപ്പാർട്ട്മെന്റിലാണ് ഞങ്ങളുടെ താമസം. ഞങ്ങളുടെ ആപ്പീസിലുള്ളവരും അല്ലാത്തവരുമായ കുറച്ച് ഇന്ത്യൻ കുടുംബങ്ങളും അവിടെ താമസിക്കുന്നുണ്ട്. അവിടെയുള്ള ഒരുവിധം എല്ലാ ഇന്ത്യാക്കാരുമായി ഞങ്ങൾ നല്ല ബന്ധത്തിലാണ്. ഒരു ദിവസം, ജോർജ്ജ് എന്ന ഒരു സുഹൃത്തിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ മകന്റെ പിറന്നാളിന് ഞങ്ങൾ കുടുംബ സമേതം പോയി. രണ്ട് മൂന്ന് പുതിയ കുടുംബങ്ങളെ അവിടെ വച്ച് പരിചയപ്പെട്ടു. അതിലൊരു കുടുംബമായിരുന്നു എല്ലാവരും സ്നേഹത്തോടെ സണ്ണിച്ചൻ എന്ന് വിളിക്കുന്ന സണ്ണിയും ലൂസിച്ചേച്ചിയും. അവർക്ക് മക്കളില്ല. സണ്ണിച്ചനായിരുന്നു അവിടെയുള്ള ചടങ്ങുകൾക്കും  പ്രാർത്ഥനയ്ക്കുമൊക്കെ നേതൃത്വം കൊടുത്തത്. ഞങ്ങൾ പരസ്പരം ഫോൺ നമ്പറുകളൊക്ക കൈമാറി. പിറന്നാൾ ചടങ്ങുകൾക്ക് സാധാരണ കാണുന്നത് പോലെയുള്ള മറ്റ് പരിപാടികൾക്ക് ശേഷം, പരസ്പരം ഹസ്തദാനങ്ങളൊക്കെ നിർവ്വഹിച്ച് ഞങ്ങൾ പിരിഞ്ഞു.

അങ്ങനെയിരിക്കേ ഒരു ഞായറാഴ്ച സുപ്രഭാതം. ഒരൊൻപത് മണിയായിക്കാണും, ഞങ്ങളുടെ വാതിലിന്, ആരോ കൊട്ടുന്ന ഒച്ച കേട്ടു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ എന്ന വ്യത്യാസങ്ങളൊന്നും നമുക്ക് ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും രാവിലെ ആറ് മണിക്കടുപ്പിച്ച് ഞങ്ങൾ എഴുന്നേൽക്കും. പക്ഷേ ഞങ്ങളുടെ എല്ലാ അടുത്ത സുഹൃത്തുക്കളും അവധി ദിവസങ്ങളിൽ ഒൻപത് മണി കഴിയാതെ എഴുന്നേക്കാറില്ല. അപ്പോ ആരായിരിക്കും വാതിലിൽ കൊട്ടുന്നതെന്ന് ഞങ്ങൾക്ക് സംശയമായി. അത്യാവശ്യം വല്ലതുമുണ്ടെങ്കിൽ സുഹൃത്തുക്കൾ ഫോണിൽ വിളിക്കേണ്ടതാണ്. വാതിലിൽ വീണ്ടും കൊട്ട് കേട്ടു. ഞാൻ 'പീപ് ഹോളി'ലൂടെ എത്തിനോക്കി. ആരെയും ശരിക്ക് കാണുന്നില്ല. ഒരാണുങ്ങളുടേതെന്ന് തോന്നുന്ന ഒരാളുടെ ചന്തി ഭാഗം (പാന്റ്സ് ഇട്ടിട്ടുണ്ട്) മാത്രം കുറച്ച് കാണാം. തറ നിരപ്പിൽ നിന്ന് നേരെ മുകളിലുള്ള നിലയിലാണ് ഞങ്ങളുടെ വീട്. അതിന്റെ കോണിപ്പടിയിലെ ബാൽക്കണിയിൽ കുറച്ച് മാറി നിന്നാൽ വന്നയാളെ പീപ് ഹോളിലൂടെ കാണില്ല. വന്നയാൾ വാതിലിൽ കൊട്ടിയിട്ട് മാറി നിൽക്കുകയാണ്. അത് എന്റെ സംശയം കൂട്ടി. കൃത്യം ഒരാഴ്ചമുൻപാണ് തൊട്ടപ്പുറത്തെ യൂണിറ്റിൽ ഭവനഭേദനം നടന്നത്. അതുകൊണ്ട് ആകപ്പാടെയൊരു കൺഫ്യൂഷൻ. എന്റെ പെമ്പ്രന്നോത്തിയാണെങ്കിൽ ആകെ പകച്ചിരിക്കയാണ്... "ആളെ കാണാൻ പറ്റുന്നില്ലെങ്കില് നിങ്ങള് വാതില് തുറക്കാൻ നിക്കണ്ട കേട്ടാ..." അവളെനിക്ക് പതുങ്ങിയ ശബ്ദത്തിൽ വാണിങ് തന്നു. അവൾ മോളെയുമെടുത്ത് ജനവാതിലിലൂടെ ചാടാനെന്നോണം തയ്യാറെടുത്ത് നിന്നു. ഞാൻ പെട്ടന്ന് അടുക്കളയിൽ പോയി ചപ്പാത്തിക്കോൽ കൈയ്യിലെടുത്തു. എന്നിട്ട് വാതിൽ തുറക്കാനായി വീണ്ടും വന്നു.

"നിങ്ങക്കെന്താ പ്രാന്താ.. അവര്ടെ അട്ത്ത് തോക്ക്ണ്ടാവും... തോക്കിന്റെ മുമ്പിലേക്കാ.. ചപ്പാത്തിക്കോല്.." അവള് പിന്നെയും പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞ് എന്നെ ഒന്ന് കളിയാക്കി.
"എന്നാ പിന്നെ കത്തിയെടുക്കാം അല്ലേ..." ഞാനും പതുക്കെ പറഞ്ഞു....
"മനുഷ്യാ.. നിങ്ങളൊന്ന് മിണ്ടാതിരി.. വാതില് തുറക്കാണ്ടിരുന്നാ വന്നയാള് പോവും..."
"ഏയ് കള്ളന്മാരും കൊള്ളക്കാരൊന്നും ആവൂല്ല.... ന്നാലും...." എനിക്ക് ഒരു ഉറപ്പില്ല...
"ഒരെന്നാലുമില്ല... നിങ്ങള് തുറക്കേണ്ട...." ഭാര്യ ഉറപ്പിച്ചു.

ഞാൻ ഒന്ന് കൂടി പീപ് ഹോളിലൂടെ പുറത്തേക്ക് നോക്കി.... അപ്പോഴതാ വന്നയാൾ മൂന്നാമത് കൂടി വാതിലിൽ കൊട്ടാനായി ഓങ്ങുന്നു. ആളെ കൃത്യമായി കണ്ടു. അത് സണ്ണിച്ചനായിരുന്നു. കൂടെ ലൂസിച്ചേച്ചിയും ഉണ്ട്. ഞങ്ങൾക്ക് അത്ഭുതമായി. സണ്ണിച്ചനെന്താ ഇത്ര രാവിലെ ഞങ്ങളുടെ അടുത്തേക്ക്... ഞാൻ വാതിൽ തുറന്നു. സണ്ണിച്ചനും ലൂസിച്ചേച്ചിയും അകത്തേക്ക് കടന്നു.

"ഒന്ന് കൂടി കൊട്ടിയിട്ട് വാതിൽ തുറന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ തിരിച്ച് പോയേനെ" സണ്ണിച്ചൻ പറഞ്ഞു.
"ഞങ്ങൾ പീപ് ഹോളിലൂടെ നോക്കിയപ്പോ ആളെ കണ്ടില്ല... അതാ തുറക്കാൻ വൈകിയേ...." ഞാൻ സത്യം പറഞ്ഞു.
"ഏയ് അത്  കൊഴപ്പോല്ല... അങ്ങനെയേ ചെയ്യാവൂ... " സണ്ണിച്ചൻ എന്നെ സമാധാനിപ്പിച്ചു.
"ഫോൺ വിളിക്കാൻ പാടില്ലായിരുന്നോ...."
"ഞാൻ ഫോണെടുക്കാൻ മറന്നു.." സണ്ണിച്ചൻ പരിഭവിച്ചു.

രണ്ടു പേരും സോഫയിൽ ഇരുന്നു. ലൂസിച്ചേച്ചി ഒരു സാമാന്യം വലിയ ഒരു ഗിഫ്റ്റ് സഞ്ചി കൊണ്ടുവന്നിട്ടുണ്ട്. ഇരുന്നയുടനെ എന്റെ മോളെ അടുത്തേക്ക് വിളിച്ചു... അവൾ അതിനും മുന്നേ ഓടിച്ചെന്ന് ആ സഞ്ചിയിൽ കൈ വച്ചിരുന്നു. "ഇത് മോൾക്കുള്ളതാ.." എന്നും പറഞ്ഞ് ആ സഞ്ചി മോൾടെ കയ്യിൽ കൊടുത്തു. മോൾ മോളെക്കാളും വലിയ സഞ്ചിയ്യും വലിച്ച് അമ്മയുടെ അടുത്തേക്കോടി...

"എന്താ സണ്ണിച്ചാ, രാവിലെത്തന്നെ? എന്തെങ്കിലും വിശേഷം?"
"ഏയ്‌, വെറുതെ ഒന്നിറങ്ങിയതാണ്."
"ജോർജ്ജിന്റെ വീട്ടിൽ പോയോ?"
"ഇല്ല, പള്ളീൽ പോകുന്ന വഴി നേരെ ഇവിടെ കേറിയതാ"
"പ്രാതൽ കഴിഞ്ഞില്ലെങ്കിൽ പുട്ടും പഴോം കഴിക്കാം. കുടിക്കാനെന്താ വേണ്ടത്?"
"അയ്യോ.. പ്രാതലൊക്കെ കഴിഞ്ഞു."
"എന്നാ ഓറഞ്ച് ജ്യൂസെടുക്കട്ടെ?"
"ഓ.. ഓറഞ്ച് ജ്യൂസ്... ശരി... കുടിക്കാം..."

ഓറഞ്ച് ജ്യൂസ് രണ്ട് ഗ്ളാസ്സുകളിൽ അവരുടെ മുന്നിലെത്തി... ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിനിടയിൽ മകളുടെ കാര്യങ്ങളും ജോലിയുടെ കാര്യങ്ങളൊക്കെയായി ചില്ലറ കാര്യങ്ങൾ സംസാരിച്ചു.... സിപ് സിപ്പായി  ജ്യൂസ് കുടിച്ച് കഴിഞ്ഞപ്പഴേക്കും സണ്ണിച്ചൻ എഴുന്നേറ്റു. ഉടനെ ലൂസിച്ചേച്ചിയും. ഞങ്ങളും എഴുന്നേറ്റു.

"ഇത്ര പെട്ടന്ന് പോവ്വാണോ?.." ഞാൻ ഇത്തിരി ആതിഥ്യമര്യാദക്കാരനായി.
"എന്നാൽ നമുക്ക് പ്രാർത്ഥിക്കാം?" സണ്ണിച്ചൻ ആദ്യം ലൂസിച്ചേച്ചിയേയും പിന്നെ എന്നെയും നോക്കിപ്പറഞ്ഞു.

ശെടാ... ഇതെന്ത് പണ്ടാരമാണ്... ഞങ്ങൾ കരുതി രണ്ടു പേരും തിരിച്ച് പോകാനൊരുങ്ങുകയാണെന്ന്.. ഞാനും ഭാര്യയും പരസ്പരം നോക്കി. എന്ത് പ്രാർത്ഥിക്കാൻ ? രാവിലെ വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചതാണല്ലോ. 'ലോകാഃ സമസ്താഃ...' ചൊല്ലിയതാണല്ലോ. ഇനിയും എന്ത് പ്രാർത്ഥന? അപ്പഴേക്കും സണ്ണിച്ചൻ തുടങ്ങിക്കഴിഞ്ഞിരുന്നു.

"സ്വർഗ്ഗസ്ഥനായ പിതാവേ......നിന്റെ സ്വർഗ്ഗരാജ്യം വന്നീടണേ... ഈ വേണുവിന്റെയും ജിഷയുടെയും... എന്താ മോൾടെ പേര്.. ആ.. പാറു.. പാറുവിന്റെയും ഭവനത്തിൽ......"

സത്യത്തിൽ, നേരത്തെ വാതിൽ തുറക്കുന്നതിന് മുന്നേയെടുത്ത ചപ്പാത്തിക്കോലെടുത്ത് സണ്ണിച്ചന്റെ തലക്കിട്ട് രണ്ട് പെടച്ചാലോ എന്ന് തോന്നി.... പിന്നെ ജോർജ്ജിനെ നാളെയും കാണേണ്ടതല്ലേ എന്നാലോചിച്ചു... പണ്ടാരം...  ആ... പ്രാർത്ഥനയല്ലേ... നമ്മളും അവര് നിന്നപോലെ നിന്നു കേട്ടു. എന്റെ ഭാര്യ വടക്കൻ മലബാറിലെ ഒരു കുടിയേറ്റ മേഖലയിൽ നിന്നായത് കൊണ്ട് അവൾക്ക് ചില പള്ളി രീതികളൊക്കെ വശമായിരുന്നു... അവരുടെ കൂടെ അവളും അറിയാതെ ചില വരികൾ ചൊല്ലിപ്പോയി..  പണ്ടത്തെ ശീലം കൊണ്ടാവണം... മൂന്ന് നാല് മിനുട്ടോളം പ്രാർത്ഥന നീണ്ടു നിന്നു. രണ്ടു പേരും വീണ്ടും ഇരുന്നു. പ്രാർത്ഥനക്ക് ശേഷം സത്യത്തിൽ അവരെങ്ങനെയെങ്കിലും വീട്ടീന്ന് ഇറങ്ങിയാ മതിയെന്നായിരുന്നു എനിക്ക്... പക്ഷേ അവരിരുന്ന് കളഞ്ഞല്ലോ... ചവിട്ടി പുറത്താക്കാനും പറ്റില്ല... നമ്മളും ഇരുന്നു. സണ്ണിച്ചൻ തുടർന്നു:

"ഞങ്ങൾ എല്ലാ ഞായറാഴ്ചയും വരാം, പ്രാർത്ഥിക്കാം. നിങ്ങൾ രണ്ടു പേരും പള്ളീലും വരണം. ഞങ്ങൾ പുതിയൊരു പള്ളി ഉണ്ടാക്കുന്നുണ്ട്. ഇപ്പൊ... ഞായറാഴ്ചപ്പള്ളി വാടകയ്ക്കാണ്..."

കടുപ്പിച്ചെന്തോ പറയാൻ വേണ്ടി എന്തോ വായിൽ വന്നു. പക്ഷേ ജോർജ്ജിനെ ആലോചിച്ചപ്പോ വേണ്ടാന്നു വച്ചു.

"അതൊന്നും വേണ്ട സണ്ണിച്ചാ... ശരിയാവൂല... വെറുതെയെന്തിനാ..." അല്ലെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളിൽ, തുടക്കത്തിൽ ഞാൻ വളരെ പതുക്കെയാണ്...
"അങ്ങനെയല്ല വേണൂ.. വേണൂനും ജിഷക്കും ക്രിസ്തു മാർഗ്ഗം സ്വീകരിച്ചൂടെ..." അധികം ഉരുണ്ട് കളിക്കാതെ, സണ്ണിച്ചൻ നയം വ്യക്തമാക്കി...
"ഞങ്ങൾ മതം മാറിയത് കൊണ്ട് നിങ്ങൾക്കെന്താണ് ഗുണം സണ്ണിച്ചാ..." എനിക്ക് ചിരി വന്നു...

ഈ മതപരിവർത്തനസംസാരം തുടങ്ങിയപ്പോ, ഭാര്യ പതുക്കെ മോളെയുമെടുത്ത്, അവളെ ഉറക്കാനെന്ന ഭാവേന രംഗം കാലിയാക്കി. കാളയെ ഒറ്റക്ക് വയലിൽ വിടുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നിക്കാണണം. അതുകൊണ്ട് ലൂസിച്ചേച്ചിക്ക് സംസാരിക്കാൻ ആളെ നഷ്ടമായി.

"നിങ്ങളുടെ ഇപ്പോഴത്തെ ജീവിതരീതി കൊണ്ട് നിങ്ങൾക്ക് സ്വർഗ്ഗം പ്രാപിക്കാൻ കഴിയില്ല വേണൂ..."
"എനിക്ക് സ്വർഗ്ഗം വേണ്ട സണ്ണിച്ചാ..."
"അങ്ങനെ പറയാൻ പറ്റുവോ...വേണൂ.., മനുഷ്യൻ ദൈവത്തിന്റെ ഉത്കൃഷ്ടസൃഷ്ടിയാണ്. അവന് സന്തോഷിക്കാൻ വേണ്ടിയാണ് ദൈവം ബാക്കിയെല്ലാം ഉണ്ടാക്കി വച്ചിരിക്കുന്നത്. സ്വർഗ്ഗം മനുഷ്യന് മാത്രമുള്ളതാണ്...പക്ഷേ ക്രിസ്തുവിൽ വിശ്വസിച്ചില്ലെങ്കിൽ ആ സ്വർഗ്ഗം മനുഷ്യന് കിട്ടില്ല"
"എനിക്കിപ്പോ സന്തോഷത്തിന് വല്യ കുറവൊന്നുമില്ല സണ്ണിച്ചാ.." വാക്കുകൾ കുറച്ച്, ഒരു കളിയാക്കൽ രീതിയിൽ ഞാൻ നിന്നു... അങ്ങനെയെങ്കിലും പോയിക്കിട്ടിയാൽ നല്ലതല്ലേ... പക്ഷെ എന്നിട്ടും പോകുന്നില്ല...
"വേണൂന് ക്രിസ്തുമതത്തെക്കുറിച്ച് അറിയാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്..."
"ഞാനും ബൈബിളൊക്കെ വായിച്ചിട്ടുണ്ട് സണ്ണിച്ചാ.... ക്രിസ്തു ജീവിച്ചിരുന്നു എന്നത് സത്യമാണെങ്കിലും ക്രിസ്തു സ്ഥാപിക്കാനൊന്നും പറയാത്ത സഭയുണ്ടാക്കി ആൾക്കാരെപ്പറ്റിക്കുന്ന പരിപാടി ശരിയല്ല സണ്ണിച്ചാ..." അധികം നീണ്ടുപോകേണ്ടെന്ന് കരുതി ഞാനും കടുപ്പമുള്ള അസ്ത്രങ്ങൾ പുറത്തെടുക്കാൻ തുടങ്ങി. ഞാനിതൊക്കെ പറയുമ്പോൾ ലൂസിച്ചേച്ചി ഒരു മാഗസിൻ വായിക്കുന്നത് പോലെ അഭിനയിച്ച് അവിടെ ഇരിക്കുകയായിരുന്നു. ഞാനിങ്ങനെയൊക്കെ പറഞ്ഞിട്ടും സണ്ണിച്ചൻ നിർത്തുന്നില്ല.

"വേണൂനറിയോ.. ഞാൻ ബോംബെയിലുണ്ടായിരുന്നപ്പോ നടന്ന കഥ..."
"സണ്ണിച്ചൻ പറയാതെ ഞാനെങ്ങനെയാ സണ്ണിച്ചാ അറിയുന്നത്..." കഥ കേൾക്കാൻ ഇഷ്ടമായിരുന്നത് കൊണ്ട് അങ്ങനെ പറഞ്ഞു പോയി.

"ആ.. ഞാൻ ആ കഥ പറയാം.... എന്റെ അയൽക്കാരനായിരുന്നു ഒരു പളനി ദുരൈ... അവന്റെ ജീവിതത്തിലാണെങ്കിൽ മുഴുവൻ പ്രശ്നങ്ങൾ... ഭാര്യക്ക് അണ്ഡാശയരോഗം, മകന് ജന്മനാ ഹൃദയത്തിൽ ദ്വാരം..... ദുരൈ ഓരോ ആറ് മാസം കൂടുമ്പോഴും പളനിയിൽ പോയി തല മൊട്ടയടിച്ച് വരും. ചികിത്സ വേറെയും...."

പണ്ടാരം... കഥ കേൾക്കണ്ടാ എന്ന് പറഞ്ഞാ മതിയായിരുന്നു.... ഭാഗ്യത്തിനെന്നപോലെ  എനിക്കൊരു ഫോണ്‍ വന്നു, സംഭാഷണം മുറിഞ്ഞു. ഞാനൊരു അഞ്ച് മിനുട്ടോളം ഫോണ്‍ താഴെ വെക്കാതെ സംസാരിച്ചു. ഞാൻ ഫോണിൽ സംസാരിക്കുന്നതിനിടയിൽ തന്നെ, പള്ളിയിൽ പോകാൻ സമയമായെന്ന്, ലൂസിച്ചേച്ചി സണ്ണിച്ചനോട് പതുക്കെപ്പറഞ്ഞു. സണ്ണിച്ചനും ലൂസിച്ചേച്ചിയും എഴുന്നേറ്റു. 'എന്നാൽ ഞങ്ങളിറങ്ങട്ടെ...' എന്ന് ആംഗ്യഭാഷയിലും പതുക്കെയുമായി എന്നെ അറിയിച്ചു. അത് തന്നെയായിരുന്നു എനിക്കും വേണ്ടത്. 'വൺ മിനുട്ട് ഹോൾഡ് ഓൺ..' എന്ന പറഞ്ഞ് ഫോൺ ഞാൻ മ്യൂട്ട് ചെയ്തു. ഭാര്യയെ വിളിച്ചു.

"പള്ളീൽ പോകാൻ സമയമായി അതാ...."
"എന്നാ അങ്ങനെയാവട്ടെ സണ്ണിച്ചാ... കാണാം..." അപ്പഴേക്കും ഭാര്യ മോളെ ഉറക്കിയതിന് ശേഷം പുറത്ത് വന്നു. സത്യത്തിൽ മോൾ ഇറങ്ങിയതിന് ശേഷവും അവൾ ഒളിച്ചിരിക്കയായിരുന്നു.
"ഞങ്ങൾ അടുത്തയാഴ്ച വരാം..."
"ഈ കാര്യത്തിനാണെങ്കിൽ വേണമെന്നില്ല സണ്ണിച്ചാ..."
"ഏയ് അതൊന്നും സാരമില്ല..." പോകുന്നതിനിടയിൽ ചിരിച്ച് കൊണ്ട് സണ്ണിച്ചൻ പറഞ്ഞു... ലൂസിച്ചേച്ചി ചിരിച്ച് കൊണ്ട് 'ബൈ' പറഞ്ഞു.

ഹോ ആശ്വാസം.. മനസ്സിനാണെങ്കിൽ, ഭൂതം പടിയിറങ്ങിയത് പോലുള്ള  ശാന്തത. ദുരൈയുടെ കെട്ടുകഥ കേൾക്കാൻ പറ്റിയില്ലെന്നേയുള്ളൂ...

കൃത്യം അടുത്ത ഞായറാഴ്ച, സണ്ണിച്ചേട്ടൻ വാതിലിൽ മുട്ടി... രണ്ട് മൂന്ന് തവണ മുട്ടിയിട്ടും ഞങ്ങൾ വാതിൽ തുറന്നില്ല. അവിടെ നിന്ന് കൊണ്ട് തന്നെ അദ്ദേഹം ഫോൺ വിളിച്ചു, ഞങ്ങൾ എടുത്തില്ല. അദ്ദേഹം തിരിച്ച് പോയി. അന്ന് വൈകീട്ട് അദ്ദേഹം വീണ്ടും ഫോണിൽ വിളിച്ചു; ഞങ്ങൾ എടുത്തില്ല. പിറ്റേന്ന് രാവിലെയും വിളിച്ചു. ഞങ്ങൾ എടുത്തില്ല. എന്തിനാ വെറുതേ... ദുരൈയുടെ കഥ കേട്ടില്ലെന്നല്ലേയുള്ളൂ... അത് കുഴപ്പമില്ല..

അന്ന് വൈകുന്നേരം ജോർജ്ജ് വിളിച്ചു. സണ്ണിച്ചൻ  എന്നെ വിളിക്കാൻ കുറേ ശ്രമിച്ചെന്ന് ജോർജ്ജ് പറഞ്ഞു. 'അങ്ങനെ സണ്ണിച്ചൻ എന്നെ വിളിച്ചതായി കണ്ടില്ല' എന്നാണ് ആദ്യം പറയാൻ തോന്നിയത്. പക്ഷേ, ഞാൻ സത്യം പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന കാര്യത്തെക്കുറിച്ച് ഞാൻ ജോർജ്ജിനോട് വിശദമായി പറഞ്ഞു. എനിക്കിഷ്ടമല്ലാത്ത കാര്യത്തിനായത് കൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കാൻ ശ്രമിച്ചതെന്ന് ജോർജ്ജോട് പറഞ്ഞു.

"വേണു അതൊന്നും കാര്യമാക്കണ്ട... അതൊക്കെ തമാശ പറയുന്നതായിരിക്കും.."
"എനിക്ക് ഇതൊന്നും തമാശയല്ല ജോർജ്ജേ.."
"സണ്ണിച്ചന് എന്തോ വേണൂനെ വലിയ കാര്യമാണ്.. അതോണ്ട് പറയുന്നതാവും..."
" ഇഷ്ടമൊക്കെയായിക്കോട്ടെ.. പക്ഷേ ഈ പരിപാടി ശരിയല്ല ജോർജ്ജേ..."
"അതൊക്കെയിരിക്കട്ടെ വേണൂ.. സണ്ണിച്ചന്റെ പിറന്നാളാണ് അടുത്തയാഴ്ച... അതിനാണ് അദ്ദേഹം വേണൂനെ വിളിക്കാൻ ശ്രമിക്കുന്നത്. ചുരുക്കം ആളുകളെ മാത്രമേ വിളിക്കുന്നുള്ളൂ.."
"സണ്ണിച്ചനുമായി എനിക്കടുത്ത ബന്ധമൊന്നും ഇല്ലല്ലോ ജോർജ്ജേ.. മാത്രോഅല്ല ഇനി പിറന്നാളിന് പോയിട്ട് അടുത്ത സുവിശേഷം കേൾക്കാനും എനിക്ക് താല്പര്യമില്ല..."
"ഏയ് അങ്ങനെയൊന്നും ഉണ്ടാവൂന്ന് തോന്നുന്നില്ല.... ഞാനും കാണും അവിടെ... വേണു വാ.. അധികമൊന്നും ആലോചിക്കണ്ട..."

ഞാൻ പിന്നെ അധികമൊന്നും പറഞ്ഞില്ല. ജോർജ്ജ് ഫോൺ വച്ച് അരമണിക്കൂറിനകം സണ്ണിച്ചൻ വിളിച്ചു. മൂന്നുനാല് റിങ്ങുകൾക്ക് ശേഷം മടിച്ച് മടിച്ച് ഫോൺ എടുത്തു. ജോർജ്ജ് സണ്ണിച്ചനെ ഉടൻ കണക്ട് ചെയ്തു എന്ന് മനസ്സിലായി.

"ഹലോ സണ്ണിച്ചാ..."
"വേണൂ... ഞാൻ കുറേ വിളിക്കാൻ നോക്കിയിരുന്നു...  അടുത്ത ഞായറാഴ്ച ഉച്ചക്ക് എന്റെ വീട്ടിൽ ഒരു പാർടിയുണ്ട്, തീർച്ചയായും വരണം. ജോർജ്ജും ഉണ്ടാകും. എന്റെ പിറന്നാളാണ്.. എല്ലാവരും വരണം..."
"സണ്ണിച്ചാ, പ്രാർത്ഥനയും കുരിശുമൊക്കെയാണ് പരിപാടിയെങ്കിൽ ഞാനില്ല..."
"ഏയ് അങ്ങനെയൊന്നും ഉണ്ടാവില്ല, വെറും ഫണ്‍ പാർടിയാണ്.. വേണു ഒരു പതിനൊന്നാവുമ്പം തെന്നെ പോരേ.."
"എന്നാ ശരി സണ്ണിച്ചാ.. ഞങ്ങൾ വരാം..."

അടുത്ത ഞായറാഴ്ച, ഉച്ചക്ക് പന്ത്രണ്ട് മാനിക്കടുപ്പിച്ച് ഞങ്ങൾ സണ്ണിച്ചന്റെ വീട്ടിലെത്തി. സണ്ണിച്ചന് ഹാപ്പി ബർത്ത് ഡേ വിഷ് ചെയ്തു. മേസീസിൽ നിന്ന് വാങ്ങിയ ഒരു ടൈ അദ്ദേഹത്തിന് സമ്മാനിച്ചു.  ഞങ്ങളവിടെയെത്തുമ്പോൾ, സണ്ണിച്ചനെയും ലൂസിച്ചേച്ചിയേയും കൂടാതെ അവിടെ ആകെയുണ്ടായിരുന്നത്‌  ബങ്കലൂരുവിൽ നിന്ന് വന്ന ഒരു പാതിരി മാത്രമായിരുന്നു. എനിക്കാകെ വല്ലാതായി. ജോർജ്ജ് ചിലപ്പോൾ വൈകിയതായിരിക്കും. കുറച്ച് നേരം ഇരുന്ന് കുശലം പറഞ്ഞിട്ടും വേറെ ആരെയും കാണുന്നില്ല. ജോർജ്ജ് ഉണ്ടെങ്കിൽ ഒരു ധൈര്യമാണ്. ഞാൻ ജോർജ്ജിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു, പക്ഷേ എടുക്കിന്നില്ല... രണ്ട് തവണ കൂടി ശ്രമിച്ച് ഞാൻ സണ്ണിച്ചനോട് ചോദിച്ചു.

"ജോർജ്ജ് വരുന്നില്ലേ സണ്ണിച്ചാ...."
"അയ്യോ... ജോർജ്ജിന് പെട്ടന്ന് എന്തോ എമർജൻസി വന്നു... എന്താണെന്നറിയില്ല.. വരില്ലാന്ന് കുറച്ച് മുന്നേ വിളിച്ച് പറഞ്ഞു..."

ശെടാ... ഇത് വല്ല ട്രാപ്പോ മറ്റോ ആണോ... ഇതൊക്കെ ജോർജ്ജും കൂടെ അറിഞ്ഞുകൊണ്ടുള്ള വല്ല പണിയുമായിരിക്കുമോ... എനിക്ക് ഒരു വല്ലായ്ക തോന്നാൻ തുടങ്ങി.. എന്നാലും ഒന്നും പുറത്ത് കാണിച്ചില്ല. സഹധർമ്മിണി എന്നെ കണ്ണുകൊണ്ടൊന്നു കോണിച്ച് നോക്കി...  മോളവിടെയും ഇവിടെയുമൊക്കെയായി ഓടിക്കളിക്ക്യാണ്. സണ്ണിച്ചേട്ടൻ ഇടക്കിടെ അടുക്കളയിലും ലിവിങ് റൂമിലുമൊക്കെയായി പല കാര്യങ്ങൾക്കായി ഓടി നടക്കുന്നു.  ലൂസിച്ചേച്ചി അടുക്കളയിൽ തിരക്കിലും...

"വേറെ ആരൊക്കെ വരുന്നുണ്ട് സണ്ണിച്ചാ..."
"ഓ.. വേറെ ആരും ഇനി വരാനില്ല... വേണൂനേം ജോർജ്ജിനേം മാത്രേ ഞാൻ വിളിച്ചിട്ടുള്ളൂ... പിന്നെ ഇദ്ദേഹം മൂന്ന് നാല് ദിവസങ്ങളായി ഇവിടുണ്ട്..."

അപ്പോ അങ്ങനെയൊക്കെയാണ് സ്ഥിതിഗതികൾ. എന്തായാലും ശരി. വന്നുപോയില്ലേ. നല്ല കോഴിബിരിയാണിയുടെ മണവും അന്തരീക്ഷത്തിൽ അലയടിച്ച് നിന്നിരുന്നു.

"എന്നാ നമുക്ക് കേക്ക് മുറിക്കാം അല്ലേ..." പാതിരി പറഞ്ഞു.

സണ്ണിച്ചേട്ടൻ കേക്ക് മുറിച്ചു. ലൂസിച്ചേച്ചി സണ്ണിച്ചേട്ടന്റെ വായിൽ കേക്ക് കഷ്ണം വച്ചുകൊടുത്തു. അതിലിടക്ക് തന്നെ മോൾ കേക്കിൽ നിന്ന് ഒരു ചെറിയ കഷ്ണം മോഷ്ടിച്ചിരുന്നു. ബർത്ത് ഡേ പാട്ടൊക്കെ എല്ലാരും പാടി.

ചിപ്സും വൈനും വിസ്കിയും ഒക്കെ വേറൊരു മേശയിൽ ഒരുക്കിയിട്ടുണ്ട്. എന്റെ മധുപാനം കൂടുന്നുണ്ടോ എന്ന് നോക്കാൻ, വാമഭാഗം ഇടയ്ക്കിടെ എന്നെ അടുക്കളയിൽ നിന്ന് എത്തിനോക്കുന്നുണ്ട്. ഡ്രിങ്ക്‌സൊക്കെ കുടിച്ചിരിക്കുമ്പോൾ പാതിരി ആദ്ദേഹത്തിന്റെ കഥ പറയുവാൻ തുടങ്ങി.

അദ്ദേഹത്തിന്റെ പേര് രാജേന്ദ്രൻ എന്നാണ്. തമിഴ്നാട്ടിൽ തൂത്തുക്കുടി സ്വദേശി. ഇപ്പോൾ ബാങ്കളൂരുവിലാണ്. അദ്ദേഹം അവിടെ നടത്തുന്ന ഒരു ചാരിറ്റിക്ക് വേണ്ടി പണസമാഹരണത്തിന് വന്നതാണ്. അമേരിക്കയിൽ മൊത്തമായി അദ്ദേഹത്തിന് ഈ ട്രിപ്പിൽ പ്ലാനുകളുണ്ട്. അതിലെ ഫ്ലോറിഡ ചാപ്റ്ററിലെ ആദ്യത്തെ സ്ഥലമാണ് ടാലാഹാസി. രണ്ട് ലക്ഷം ഡോളറാണ് ലക്‌ഷ്യം. പണമില്ലാത്തവരെ പഠിപ്പിക്കുന്നുണ്ട്, ചികിത്സയുണ്ട്, ആശുപത്രിയുണ്ട്, ദരിദ്രരായ പെൺകുട്ടികളുടെ കല്യാണം കഴിച്ച് കൊടുക്കുന്നുണ്ട്. അങ്ങനെ വിവിധ മേഖലകളിലാണ് ചാരിറ്റി. സണ്ണിച്ചേട്ടൻ, അദ്ദേത്തിന്റെ ആതിഥേയ സെറ്റപ്പിനിടയിൽ ഇതെല്ലാം കേൾക്കുന്നുണ്ട്.

ഇതിനിടയിൽ ലൂസിച്ചേച്ചിയും എന്റെ പൊണ്ടാട്ടിയും കൂടി തീന്മേശമേലെ ബിരിയാണി പ്ലേറ്റുകൾ, ഒരു ഹോട്ടലിനെ വെല്ലുന്ന തരത്തിൽ ബിരിയാണി അലങ്കരിച്ച് നിറച്ച് വെക്കാൻ തുടങ്ങി.

"എന്നാ ബാക്കി നമുക്ക് ബിരിയാണി കഴിച്ചിട്ടാവാം.. അല്ലേ...." ലൂസിച്ചേച്ചി പറഞ്ഞു.

വൈനൊക്കെ കുടിച്ചത് കൊണ്ട് നല്ല വിശപ്പുമുണ്ട്.. ഒട്ടും വൈകിയില്ല.. എല്ലാവരും തീന്മേശക്ക് ചുറ്റുമിരുന്നു. മോൾക്ക് ലൂസിച്ചേച്ചിയാണ് വാരിക്കൊടുക്കുന്നത്. കോഴിമുട്ടയും ചിക്കൻ കാലുകളും മസാലയിൽ പൊതിഞ്ഞ്, നെയ്പശയും നിറങ്ങളും ചേർത്ത ചോറനുള്ളിൽ ഒളിപ്പിച്ച് വച്ചിട്ടുള്ള നല്ല ഉഗ്രൻ ബിരിയാണി. ആസ്വദിച്ച് കഴിക്കാൻ തുടങ്ങി. കുരിശ് കഥ കേട്ടാലെന്താ.. ഇത്ര നല്ല ബിരിയാണി കഴിച്ചിട്ട് കാലം കുറേയായി.

ബിരിയാണി തീറ്റയ്ക്കിടയിലും പാതിരി കഥകൾ തുടർന്നു. മുപ്പത്തിരണ്ട് വർഷം മുന്നേ ഹിന്ദുക്കളിലെ ജാതീയ ചിന്തകളിൽ മനം മടുത്ത്,  ഉൾവിളിയാൽ മതം മാറിയതാണ് പാതിരി. പിന്നെ സെമിനാരിയിൽ പഠിച്ചു, പാതിരിയായി, അദ്ധ്യാപകനായി. പിന്നെയാണ് മുഴുവൻ സമയം ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്. സണ്ണിച്ചേട്ടൻ പുതിയ പള്ളി പണിയുന്ന കാര്യങ്ങൾ വിവരിച്ചു. പതുക്കെപ്പതുക്കെ വർത്തമാനം മതത്തിലേക്കും മറ്റു മതങ്ങളുടെ കൊള്ളരുതായ്മകളിലേക്കും എത്തി. എനിക്ക് ഉള്ളിൽ ചില ഭയപ്പാടുകൾ വന്നു. ഈ കഥകളൊക്കെ കേൾക്കുമ്പോൾ മാക്സിമം ഒരു മൂളലിലായിരുന്നു എന്റെ ഉത്തരങ്ങൾ. അവര് പറയുന്നു, ഞാൻ കേൾക്കുന്നു.

ബിരിയാണിയൊക്കെ എല്ലാവരും നല്ലവണ്ണം ശാപ്പിട്ടു. കൈയ്യൊക്കെ കഴുകി വീണ്ടും വന്നിരുന്നു. ബിരിയാണി മണം പോകുന്നത് കൊണ്ട് സോപ്പിട്ട് കഴുകിയിരുന്നില്ല. ചർച്ച ക്രിസ്തുമതത്തെ പുകഴ്ത്തലിലെത്തിയപ്പോൾ  എങ്ങനെയെങ്കിലും പോയാൽ മതിയെന്നായിരുന്നു എന്റെ ചിന്ത. ഭാര്യയും 'പൊയ്ക്കൂടേ' എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. ഭക്ഷണം കഴിഞ്ഞയുടനെ പോകുന്നതും ശരിയല്ലല്ലോ. കുറച്ച് കഴിഞ്ഞ് ഇറങ്ങാമെന്ന് ഞാനും അവളോട് ആംഗ്യം കാട്ടി. എല്ലാവരും വീണ്ടും ഇരുന്നു...

പൊടുന്നനെ സണ്ണിച്ചേട്ടൻ നേരെ ചൊവ്വേ വിഷയത്തിലേക്ക് കടന്നു.

"വേണൂ, അച്ചൻ പറഞ്ഞതൊക്കെ കേട്ടല്ലോ. വളരെ സത്യമായ കാര്യമാണ്. വേണുവിനും ഒന്ന് ചിന്തിച്ച് കൂടെ? എന്താ ജിഷ (എന്റെ ഭാര്യ) യുടെ അഭിപ്രായം?  നമ്മൾ പണിയുന്ന പള്ളിയിലേക്ക് ഒരു നല്ല സംഭാവന കൊടുത്തൂടെ.. കൂടാതെ ഇദ്ദേഹം നടത്തുന്ന ചാരിറ്റിക്കും ഒരു സംഖ്യ കൊടുക്കണം. ദൈവത്തിന് വേണ്ടിയുള്ള കാര്യമല്ലേ? ഇനി വേണുവും കുടുംബവും നമ്മുടെ പള്ളിയിൽ അംഗങ്ങളാകണം. മതമൊന്നും മാറേണ്ട... " സണ്ണിച്ചേട്ടൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

പാതിരി എങ്ങും നോക്കാതെ പുഞ്ചിരിച്ചു. ലൂസിച്ചേച്ചി ജിഷയെയും മോളെയും കൂട്ടി അകത്തേക്ക് പോയി. എനിക്ക് പ്രഷർ കൂടുന്നുണ്ടോ എന്ന് സംശയമായി... കുടിച്ച വൈൻ പ്രഷറിന് ആക്കം കൂട്ടി... എന്നിട്ടും  ഞാനൊന്നും മിണ്ടിയില്ല... ഇങ്ങനെയൊക്കെ പറയാൻ ബിരിയാണി തരേണ്ടതുണ്ടോ... ഞാൻ ചിന്തിച്ചു.... ഞാൻ തല കുനിച്ചിരുന്നു...

"നിങ്ങളെപ്പോലുള്ളവരൊക്ക എന്തെങ്കിലും നല്ല രീതിയിൽ തന്നാലേ ചാരിറ്റിയൊക്കെ ഭംഗിയായി നടക്കൂ.. ക്രിസ്തീയത എന്നാൽ ഒരു തരം ചാരിറ്റി പ്രവർത്തനം തന്നെയാണ്..." പാതിരി സണ്ണിച്ചന് കട്ട സപ്പോർട്ട്..

പിന്നെയും ഞാനൊന്നും മിണ്ടിയില്ല. വൈനും കുടിച്ചിട്ട് എന്തെങ്കിലും കയർത്ത് പറയാനൊരു മടി.

"എന്താ അപ്പോ വേണുവിന്റെ അഭിപ്രായം? ചാരിറ്റിക്കും പള്ളിയിലേക്കും ആയിരത്തഞ്ഞൂറ്  വീതം എഴുതട്ടെ?"

പടച്ചോനെ? ആയിരത്തഞ്ഞൂറോ? എനിക്കന്ന് ഒരു മാസം ആകെ മൊത്തം  കയ്യിൽ  കിട്ടുന്ന ശമ്പളം പോലും 2800 മാത്രമേയുള്ളൂ. ഇനിയും ഞാൻ മിണ്ടിയില്ലെങ്കിൽ എനിക്കെന്റെ സ്വത്വം നഷ്ടപ്പെടുമെന്നൊരു തോന്നലുണ്ടായി, മാത്രവുമല്ല, ദൈവത്തിന്റെ പേരിൽ ഞാൻ പണമില്ലാതെ തെണ്ടിപ്പോകുമോ എന്നൊരു ചിന്തയും. എനിക്ക് പറഞ്ഞേ പറ്റൂ. എന്റെ ചെവികൾ ചുവന്ന് തുടിച്ച് കാണണം... തലക്കിരുവശവും ഹൃദയതാളം എനിക്ക് വ്യക്തമായി കേൾക്കാൻ തുടങ്ങി... ഏത് പ്രഷർ കുക്കറിനും അടിയിൽ നിന്ന് തീ കത്തിക്കൊണ്ടിരുന്നാൽ വിസില് മുഴക്കാതെ പറ്റില്ലല്ലോ... മാത്രവുമല്ല വൈനിന്റെ പ്രവർത്തനവും പ്രഷർകുക്കറിന്റെ പ്രവർത്തനത്തിന് ഉൽപ്രേരകമായിയിരുന്നിരിക്കണം.  ഞാൻ അറിയാതെ എഴുന്നേറ്റു...

"സണ്ണിച്ചാ, നിങ്ങളുടെ സൂക്കേട് എനിക്ക് നന്നായി മനസ്സിലായി. ഈ പരിപാടിക്കാണ് വിളിക്കുന്നതെങ്കിൽ വേണ്ട എന്ന് ഞാൻ നേരത്തേ പറഞ്ഞിരുന്നതല്ലേ...എന്നിട്ടും... പിറന്നാള്.. മണ്ണാങ്കട്ട എന്നൊക്കെപ്പറഞ്ഞ് ഇതിനായിരുന്നോ നിങ്ങളെന്നെ ഇവിടെ വിളിച്ചത്? കുറച്ച് കാലായി നിങ്ങളെന്റെ പിന്നാലെ കൂടീട്ട്.. കുറച്ച് നാണം വേണ്ടേ മനുഷ്യാ... ഞാനെന്താ, എന്നെ മതം മാറ്റൂ.. എന്നെ മതം മാറ്റൂ എന്നോ മറ്റോ എന്റെ നെറ്റീല് എഴുതി വച്ചിട്ടുണ്ടോ...?  ഞാനിപ്പോ മതം മാറിയാൽ നിങ്ങൾക്കെന്താണ് ലാഭം? ക്രിസ്ത്യാനികൾക്കെന്താണ് ലാഭം? എനിക്ക് വല്ല കുഴപ്പവുമുണ്ടെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല,. നിങ്ങൾ പറയുന്നു, ഞാൻ സ്വർഗ്ഗരാജ്യം പൂകില്ല എന്ന്. എനിക്ക് ആ രാജ്യം വേണ്ട. നിങ്ങൾ എന്ത് കണ്ടിട്ടാണ് എന്റെ പിന്നാലെ കൂടിയിരിക്കുന്നത്? ഞാൻ മതത്തിലൊന്നും വിശ്വസിക്കാത്ത ആളാണ്‌. എന്നാലും നന്നായി ജീവിക്കണോന്നുണ്ട്. പക്ഷേ അതിന് മതം ആവശ്യമാണെന്ന് കരുതുന്നില്ല. ഞാൻ നിങ്ങളുടെ വീട്ടിൽ വന്ന് രണ്ട് ശ്ലോകങ്ങൾ ഉച്ചത്തിൽ ചൊല്ലിയാൽ നിങ്ങൾക്ക് ദഹിച്ചു കിട്ടുമോ? നിങ്ങളോട് മതം മാറാൻ പറഞ്ഞാൽ നിങ്ങൾ മാറുമോ? ഞാൻ ചാരിറ്റിക്കൊക്കെ മതം നോക്കാതെ എന്നാലാവും വിധം കൊടുക്കാറുണ്ട്. അത് എന്റെ ഇഷ്ടമാണ്. അല്ലാതെ നിങ്ങൾ ആയിരം പയിനായിരം  എന്നൊക്കെ പറയുമ്പോൾ എടുത്ത് തരാൻ എനിക്ക് പറ്റില്ല. പള്ളി പണിയാൻ തീരെ തരില്ല.... അങ്ങനെയൊക്കെ എന്ത് പൊട്ടത്തരത്തിനും കാശെറിഞ്ഞ് തരാൻ നിങ്ങളെപ്പോലെ വേറെ ആളുണ്ടാകും അവരെപ്പോയി പിടിക്ക്... അല്ലാതെ എന്റെ പിന്നാലെ മണപ്പിച്ച് നടക്കരുത്... പറ്റുമായിരുന്നെങ്കിൽ ഇവിടെ നിന്ന് കഴിച്ച ബിരിയാണി ഞാനിവിടെ തുപ്പിത്തന്നേനെ..."

പിന്നെ തിരിഞ്ഞ് അച്ചനോടായി പറഞ്ഞു:

"നിങ്ങൾക്ക് എന്ത് ദൈവവിളിയാണച്ചോ ഉണ്ടായത്? വിളിച്ചതേ കേട്ടുള്ളൊ? കണ്ടില്ലേ? നിങ്ങൾ പറയുന്നു... ജാതി ചിന്തയാണ് നിങ്ങളെ മതം മാറാൻ പ്രേരിപ്പിച്ചതെന്ന്. നിങ്ങളിപ്പോഴും ഒരു ദളിത ക്രിസ്ത്യായനിയെന്നല്ലേ നേരത്തേ പറഞ്ഞത്?... എന്നിട്ടും ഒരു മതത്തിന്റെ പേരും പറഞ്ഞ് ആ മതമാണ് നല്ലത് എന്നും പറഞ്ഞ് ആൾക്കാരെ പറ്റിച്ച് നടക്കാൻ നല്ല കട്ടി വേണം. എന്താ സുഖം.. കാശിന് കാശ്.. കാറിന് കാറ്... വീടിന് കൊട്ടാരം.. പേരിന്, മതത്തിന്റെ പേരിൽ ചാരിറ്റിയും. ഏതോ ജാംബവാന്റെ കാലത്തുണ്ടാക്കിയ എന്തൊക്കെയോ പൊട്ടത്തരങ്ങളുമായി പണവും ബിരിയായണിയും കൊടുത്ത് ആളെ മയക്കാൻ നടക്ക്വല്ലേ നിങ്ങൾ? ഇന്ന് നമ്മുടെ കൊച്ച് കേരളത്തിൽ പോലും മിനിമം പത്ത്‌മുപ്പത് ക്രിസ്തീയ വിഭാഗങ്ങളില്ലേ? എന്ത് കൊണ്ടാണ് അങ്ങനെ? പ്രസംഗിക്കുമ്പോൾ ഇതൊന്നും ചിന്തിക്കാറില്ലേ? വിഗ്രഹാരാധന എതിർക്കുന്ന നിങ്ങളുടെ ഏത് പള്ളികളിലാണ് ഇന്ന് വിഗ്രഹം ഇല്ലാത്തത്? മുക്കിന് മുക്കിന് ആളുകളെ വാഴ്ത്തപ്പെട്ടവരാക്കി പള്ളിയും ഭണ്ടാരങ്ങളും വച്ച്, രോഗശാന്തി പറഞ്ഞ്, കാശടിക്കലല്ലേ നിങ്ങളുടെയൊക്കെ പണി? ഞാനും ചാരിറ്റി നടത്തുണ്ട്. പക്ഷേ എന്റെ സ്വന്തം പണം കൊണ്ടാണ് അത് ചെയ്യുന്നത്.. നിങ്ങളെപ്പോലെ മതം പറഞ്ഞ് ബോർഡ് വെച്ചിട്ടല്ല.... നിങ്ങൾക്കൊന്നും ഞാനഞ്ച് പൈസ തരില്ല... നിങ്ങൾക്കാള് തെറ്റിപ്പോയി....."

"എന്റെ ഉച്ചത്തിലുള്ള ആക്രോശവും ശകാരവും കേട്ട് ലൂസിച്ചേച്ചിയും ജിഷയും അപ്പഴേക്കും അവിടേക്ക് ഓടിയെത്തി. ജിഷ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. മോളും പേടിച്ചരണ്ട് ജിഷയെ കെട്ടിപ്പിടിച്ച് നിൽപ്പുണ്ട്. ലൂസിച്ചേച്ചി കൈ രണ്ടും കൂട്ടിപ്പിടിച്ച് കിടപ്പ് മുറിയുടെ വാതിൽക്കൽത്തന്നെ നിന്നു.

"മതി.. മതി.. നിർത്ത്... നിങ്ങളവിടെയിരുന്നാട്ടെ..... " ജിഷ എന്റെ കൈ പിടിച്ച് കൊണ്ട് അവളുടെ ചില അധികാരങ്ങൾ പുറത്തെടുത്തു.

അപ്പഴേക്കും ഞാൻ ശരിക്കും ഒന്ന് വിയർത്തിരുന്നു. എന്നെ ആകാശത്തേക്കെടുത്തുയർത്തിയ വൈനിന്റെ മത്തൊക്കെ എങ്ങടോ പമ്പ കടന്നു. ഞാനെന്താണ് പറഞ്ഞതെന്നതിനെപ്പറ്റി ഒരു പുനരാലോചനയുണ്ടായത് ജിഷ വന്നപ്പോഴാണ്. അതും അവരുടെ വീട്ടിൽ വച്ചാണ് അവർക്കെതിരേ എന്റെ ആക്രോശിച്ചുള്ള പ്രഭാഷണം. അടി കിട്ടാൻ വേറെ വല്ലതും വേണോ? ഞാൻ സണ്ണിച്ചേട്ടനേയും അച്ചനെയും മാറി മാറി നോക്കി. അവരൊന്നും മിണ്ടുന്നില്ല. സോഫയിൽ തലയും താഴ്ത്തിക്കൊണ്ട് ഇരുപ്പാണ്. രംഗം ശാന്തമാണെന്ന് മനസ്സിലായി. ലൂസിച്ചേച്ചിയെ നോക്കാൻ എന്തോ എനിക്ക് മടി തോന്നി. ഒരു തരം ചമ്മൽ എനിക്കനുഭവപ്പെട്ടു. ഞാൻ പതുക്കെ സോഫയിൽ ഇരുന്നു.

"ഓകെ വേണൂ, ഞങ്ങളങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല. ക്രിസ്തുവിന്റെ നാമത്തിൽ ഒരു നല്ല കാര്യം ചെയ്യുന്നു. അത്ര മാത്രം. വേണുവിന് പൈസയില്ലെങ്കിൽ വേണ്ട."

ഞാൻ പിന്നെ വളരെ ശാന്തനായി പറഞ്ഞു

"അതിനിങ്ങനെ വളഞ്ഞിട്ട് പിടിക്കണോ സണ്ണിച്ചാ, എനിക്ക് കുറെ ക്രിസ്ത്യൻ ചങ്ങാതിമാരൊക്കെയുണ്ട്. ഇതിനും മുന്നേ ഇതേപോലെ എനിക്കനുഭവങ്ങളുമുണ്ടായിട്ടുണ്ട്. എങ്കിലും  അവരൊന്നും എന്നോടിങ്ങനെ ഇത് വരെ പറഞ്ഞിട്ടില്ല. പണത്തിന്റെ പേരിലല്ല...  ഞങ്ങൾക്കെന്തായാലും ഇതിൽ താല്പര്യമില്ല. ഈക്കാര്യം സണ്ണിച്ചനിനി  പറയുകയും വേണ്ട. ഞാൻ ഇത് നേരത്തേയെ പറഞ്ഞതല്ലേ.... എന്നിട്ടും.."

പിന്നെ ആർക്കും അവിടെ സംസാരത്തിൽ താല്പര്യം ഉണ്ടായില്ല. എല്ലാവരും മ്ലാനവദനരായിരുന്നു. അപ്പഴേക്കും ജിഷ അവളുടെ ഹാൻഡ് ബാഗും തൂക്കി, മോളെയും ചുമലിലിട്ട്, ലൂസിച്ചേച്ചിയോട് വിട പറഞ്ഞ് ഇറങ്ങാൻ തുടങ്ങിയിരുന്നു.

"വാ... ഇപ്പൊ നമുക്ക് പോവ്വാം.... ബാക്കി പിന്നെപ്പറയാം... " ജിഷ എന്നോട് എഴുന്നേറ്റ് പുറത്തിറങ്ങാനുള്ള സിഗ്നലുകൾ പുറപ്പെടുവിച്ചു.

എങ്ങനെയൊക്കെയോ മുഖത്ത് ചിരി വരുത്തിക്കൊണ്ട് പാതിരിയോടും സണ്ണിച്ചേട്ടനോടും ഞങ്ങൾ വിട പറഞ്ഞു. പിന്നെയും ലൂസിച്ചേച്ചിയെ നോക്കാനൊരു മടി... ഒടുവിൽ അവരോടും 'ബൈ' പറഞ്ഞിറങ്ങി. തിരിഞ്ഞു നോക്കാതെ വേഗം കാറിൽ കയറി... ഹാവൂ... രക്ഷപ്പെട്ടു. രണ്ട് പ്ളേറ്റിലധികം ബിരിയാണിയും അഞ്ചാറ് കോഴിക്കലുകളും രണ്ടു മുട്ടയുംഅരമണിക്കൂറിന് മുന്നേ കഴിച്ചിട്ടും, എനിക്ക് വീണ്ടും നല്ല വിശപ്പ് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. ഇട്ടിരുന്ന ടീഷർട്ട് ഒന്നരമണിക്കൂർ സോക്കർ കളിച്ചെന്ന പോലെ ദേഹത്ത് വിയർത്തൊട്ടിയിട്ടുണ്ട്. വൈനിന്റെ ബലത്തിൽ കത്തിക്കയറിയ സമ്മർദ്ദത്തിൽ പത്ത് മിനുട്ട് കൊണ്ട് ശരീരത്തിലെ ജലം ആവിയാക്കി, മുഴുവൻ ബിരിയാണിയും ദഹിച്ച് പോയിക്കാണണം.

ഈ സംഭവത്തിന് ഒന്നുരണ്ടാഴ്ചക്ക് ശേഷം, സണ്ണിച്ചനെ ഞങ്ങൾ വേറൊരാളുടെ കൂടെ  സാംസ് ക്ലബ്ബിൽ കണ്ടെങ്കിലും, അദ്ദേഹം ഞങ്ങളെ കണ്ട ഭാവം നടിച്ചില്ല. സത്യത്തിൽ ഞങ്ങളെ സംബന്ധിച്ചടുത്തോളം, ആ ബന്ധം ഇതിനകം തന്നെ അവസാനിച്ചിരുന്നു.

***

2020 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ഠാക്കൂറിന്റെ ചെരുപ്പേറ് (കൃസ്തീയകാന്തവികർഷണങ്ങൾ - 1)

(Picture Courtesy: Google)

മനുഷ്യരായ് ജനിച്ചോരു ഞങ്ങളെ
നൂല് കെട്ടിയും നീരിൽ മുക്കിയും
അഗ്രചർമ്മം മുറിച്ചും തലപ്പാവുകൾ കെട്ടിയും
പല നാടുകളിൽ, കാലഘട്ടങ്ങളിൽ പല പ്രവാചകരിലൂടെ
വേർതിരിച്ച് കാണാൻ പറഞ്ഞെന്ന് പറയുന്നോരു
ദൈവത്തിനെ ഞാനിത്തിരി നേരമെന്റെ
ശുചിമുറിക്ക് നടുവിലായ് കെട്ടിയിട്ടോട്ടെ....

ഞാനൊരു ക്രിസ്ത്യനായാൽ ക്രിസ്റ്റ്യാനിറ്റിക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമോ? എന്നെ ഇപ്പോൾ ഹിന്ദു എന്ന് വിളിക്കുന്നവർക്ക് വല്ല നഷ്ടവുമുണ്ടാകുമോ? ഞാൻ പോലുമറിയാതെ എന്നെ ഉൾപ്പെടുത്തിയ, ഹിന്ദു എന്ന് വിളിക്കുന്ന സമൂഹത്തിന് വല്ല നഷ്ടവുമുണ്ടാകുമോ? എന്റെ ആത്മാവോ ശരീരമോ രക്തമോ ചിന്തകളോ വല്ലതും മാറിപ്പോകുമോ? ഞാൻ ഈ പറഞ്ഞ മതാലങ്കാരങ്ങളില്ലാത്ത വെറും മനുഷ്യനാണ് എന്ന് വിളിച്ച് പറഞ്ഞാൽ, ഈ മതങ്ങളിലേതെങ്കിലും മതത്തിന്റെ സൃഷ്ടിയായ ദൈവം കോപിക്കുമോ? എന്നെയൊരു ക്രിസ്ത്യാനിയാക്കാൻ നടന്ന മൂന്ന് നാല് (വേറെയും ഇഷ്ടം പോലെ ഉദ്യമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, സംഭവബഹുലമായവ മാത്രം പങ്ക് വെക്കുന്നു) രസകരമായ  സംഭവങ്ങളെക്കുറിച്ച് പറയാൻ  ഇവിടെ തുടക്കം കുറിക്കുന്നു.

ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് എഴുതണോ എഴുതേണ്ടയോ, അഥവാ എഴുതിയാലും പങ്ക് വെക്കണോ എന്നൊക്കെയുള്ള കാര്യങ്ങളിൽ  ഞാനും എന്റെ ബോധവും തമ്മിൽ ചില കശപിശ ഉണ്ടായതാണ്. ബോധം പറഞ്ഞു എഴുതിവച്ചോളൂ... ഞാൻ അനുസരിച്ചു... പിന്നെയും മനസ്സിൽ അടിപിടി... ഈ സംഭവങ്ങൾ മറ്റുള്ളവരെ അറിയിക്കണോ.... എഴുതിയിട്ടും ആരുമായും പങ്ക് വെക്കാതിരുന്നാൽ പിന്നെ എന്തിനാണ് എഴുതിയത്....  മനസ്സിലെ സംഘർഷം അവസാനിപ്പിക്കാൻ ഒടുവിൽ ഒരു തീരുമാനം എടുത്തു: എഴുതി പൂർത്തിയായതിന് ശേഷം അഞ്ച് തവണ കൂടി ക്രിസ്ത്യാനി-സുവിശേഷ-പ്രകീർത്തന-പരിവർത്തന-ശ്രമങ്ങൾക്ക് വിധേയനായെങ്കിൽ ഓരോന്നോരോന്നായി എല്ലാം പുറത്തിറക്കും. അതാണ്... ഒരൊന്നന്നര ശപഥം! എന്റെ ശപഥം ഇങ്ങനെയൊക്കെയാണ് !!

അങ്ങനെ ഈ പറഞ്ഞ കാര്യങ്ങൾ എഴുതിയിട്ട് ആറ് വർഷങ്ങളായി.  കാത്തിരിപ്പുകൾക്കൊടുവിൽ, കഴിഞ്ഞ ഞായറാഴ്ച അഞ്ചാമത്തെ (എഴുതി വച്ചതിന് ശേഷം) സുവിശേഷ മീറ്റിങ് എൻ്റെ ഗാരേജിൽ നടന്നു (പുറത്ത് കാലാവസ്ഥ നല്ലതായത് ഭാഗ്യം). ഇങ്ങനെയുള്ള വർഗ്ഗീയ കാന്തങ്ങളാൽ, ഇങ്ങനെ നിരന്തരം ആകർഷിക്കപ്പെടാൻ, ഞാനീ കൺവെർഷൻ മാർക്കറ്റിൽ തുറന്ന് വച്ച, പഴുത്ത ചക്കയല്ലേ... എനിക്ക് ഇത്തിരി ദേഷ്യം വന്നു.  തർക്കങ്ങൾക്കൊടുവിൽ, എന്നെ മനസ്സിൽ പ്രാകി അവർ തിരിച്ചു നടന്നു. ചില നോട്ടീസുകളുമായി കയറി വന്ന സ്ത്രീകൾ, ക്രിസ്തുമതത്തെ പ്രകീർത്തിക്കാനും പ്രചരിപ്പിക്കാനും വേണ്ടി വീട് വീടാന്തരം കയറുന്നതിനിടയിൽ എന്നോടും കൂടിയാവാമെന്ന് കരുതിക്കാണും. ഇങ്ങനെയുള്ള കാര്യങ്ങളിൽ കുറേയേറെ പൂർവ്വപരിചയം ഉണ്ടായതിനാൽ അവരോട് കാര്യങ്ങൾ വളരെ സ്നേഹത്തോടെയും  മാന്യമായും പറയുകയും അവർ ഇത്തിരി വിഷണ്ണതയോടെ തിരിച്ചു പോവുകയും ചെയ്തു. അറിയാതെ ചാർത്തിക്കിട്ടിയ മതം തന്നെ ഒരു 'കുരിശാ'യിത്തോന്നുമ്പോഴാണ് യഥാർത്ഥ കുരിശ് അടിച്ചേൽപ്പിക്കാൻ വരുന്നത് !

എന്റെ പതിനഞ്ചാം വയസ്സ് വരെ ഒരു ക്രിസ്ത്യാനിയുമായും സമ്പർക്കം പുലർത്താനുള്ള 'ഭാഗ്യം' എനിക്കുണ്ടായിട്ടില്ല. പത്താം തരത്തിൽ പഠിക്കുമ്പോൾ രോഗപീഡകൾ കാരണം വലഞ്ഞിരുന്ന എനിക്ക്, കൂടുതൽ മെച്ചപ്പെട്ട പരിശോധനകൾക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലേക്ക് തലശ്ശേരി സർക്കാർ ആശുപത്രി ഭിഷഗ്വരൻ ചീട്ട് തന്ന പ്രകാരം, അവിടേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കാൻ, എന്റെ ബന്ധുവായ ഒരു മദ്യ നിരോധനസമിതി പ്രവർത്തകൻ, അന്നത്തെ തലശ്ശേരി രൂപതാദ്ധ്യക്ഷനും മദ്യ നിരോധനസമിതി പ്രവർത്തകനുമായ റവ: മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ അടുത്തേക്ക്‌ എന്നെ കൊണ്ടുപോയി. അങ്ങനെ, അദ്ദേഹമായിരുന്നു ഞാനാദ്യമായി സംസാരിച്ച ക്രിസ്ത്യാനി. സൌമ്യനും മൃദുഭാഷിയും സന്യാസ ലക്ഷണങ്ങളുമുള്ള ഒരു നല്ല മനുഷ്യൻ. അരമനയിലാണെങ്കിലും അദ്ദേഹത്തിൽ ഒരു ലാളിത്യം പ്രകടമായിരുന്നു. പക്ഷേ അരമനയിലെ ആർഭാടപൂർണ്ണമായ ഒരു തരം കോർപ്പറേറ്റ്  'സെറ്റപ്പ്' കണ്ടപ്പോൾ, ഈ ക്രിസ്ത്യൻ പരിപാടി എന്തോ ഒരു വലിയ സംഭവമാണെന്ന് അറിയാതെയെങ്കിലും എനിക്കന്ന് തോന്നിപ്പോയി.

ഇനി പറയാൻ പോകുന്നതൊക്കെ ആരെയും ദോഷം പറയാൻ വേണ്ടി  പറഞ്ഞതല്ല. വെറുതെ ചിന്തിപ്പിക്കാൻ വേണ്ടി, ചില അനുഭവ കഥകൾ! ഇത്തിരി നീളം കൂടുതലുള്ളത് കൊണ്ട് നാല് ഭാഗങ്ങളായി തിരിക്കുന്നു. വിരസമാകില്ല എന്ന തോന്നലോടെ.. ആദ്യത്തെ ഭാഗം.

...........

പ്രീ ഡിഗ്രിക്ക് ക്രിസ്ത്യൻ മാനേജ്മെന്റ് കോളജിലാണ് പഠിച്ചത്. അവിടുന്ന് മുതലാണ് എനിക്ക് ക്രിസ്ത്യൻ ചങ്ങാതിമാരുണ്ടാകാൻ തുടങ്ങിയത്. അതൊക്കെ കഴിഞ്ഞ്, എന്റെ ഇരുപത്തിരണ്ടാം വയസ്സിൽ, ഇനി വീട്ടിൽ നിന്ന് കഞ്ഞി കുടിക്കുന്നത് ശുഭാകരമാവില്ല എന്ന അനുമാനത്തിൽ, ജോലി അന്വേഷിച്ച് മുംബൈ പട്ടണത്തിലെത്തി. എന്റെ മനസ്സിൽ മതങ്ങളുടെ അസ്തിത്ത്വത്തിനെ ചൊല്ലി സംഘർഷങ്ങൾ നടക്കുന്ന കാലമാണ്. അവിടെ ഒരു കുഞ്ഞുജോലിയുമായി കൂട്ടുകാരുടെകൂടെ ഒരു കുഞ്ഞു മുറിയിൽ താമസിച്ചിരുന്ന കാലത്താണ് എന്നെ (ഞങ്ങളെ) 'മതം' മാറ്റുവാനുള്ള ആദ്യ ഉദ്യമം നടന്നത്.

കാലം 1996 -97 ഓ മറ്റോ ആണ്. ഞങ്ങൾ അഞ്ച് പേർ, പല നാട്ടുകാർ, നവി മുംബൈയിലെ വാഷി എന്ന സ്ഥലത്ത് ഒരു കുടുസ്സ് മുറിയിൽ ഒരുമിച്ച് താമസിക്കുകയാണ്. ഒരു ഞായറാഴ്ച കാലത്ത്, രാവിലത്തെ ചായയൊക്കെ കഴിഞ്ഞ് മുറിക്ക് പുറത്തുള്ള ഗോവണിപ്പടികളിൽ സൊറകൾ പറഞ്ഞിരിക്കുകയായിരുന്നു. ഒന്ന് രണ്ട് പേര് പത്രം വായിക്കുന്നു. തൊട്ടപ്പുറത്തുള്ള വീട്ടിലെ കോളജ് കുമാരിയെ അവരുടെ ജനാലയിൽ കൂടെ കാണാമെന്നതായിരുന്നു അവിടെത്തന്നെയിരിക്കാനുള്ള പ്രധാന കാരണം. അവിടെയിരുന്ന് പഴംപുരാണവും വൈകുന്നേരം ഏത് ബ്രാൻഡ് വേണമെന്നൊക്കെയുള്ള ചർച്ചകളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു മൂവർ സംഘം "മലയാളികളല്ലേ..." എന്ന മുഖവുരയോടെ കേറിവന്നത്.

ബർമുഡയും ടി ഷർട്ടുകളുമാണ് ഞങ്ങളുടെ വേഷങ്ങളെങ്കിലും, ഞങ്ങൾക്കാർക്കും മീശയില്ലാതിരുന്നിട്ടും, ഒരു പരിചയവുമില്ലാത്ത ഇവർക്ക് ഞങ്ങളിൽ മലയാളികളുണ്ടെന്ന് എങ്ങനെ മനസ്സിലായി എന്ന് ഞങ്ങൾ ശങ്കിച്ചു. 'സെൻസസ് ഡാറ്റ ലീക്കായിക്കാണും' - ഞാൻ മനസ്സിൽ മന്ത്രിച്ചു.

"അല്ല, എല്ലാവരും മലയാളികളല്ല" കൂടെയുള്ള മനോജ് പറഞ്ഞു.
"ഒരു ബീഹാറിയും ഉണ്ട്.. അവനുറക്കാ... വിളിക്കണോ..." വിനോദ് വന്നവരെ ഒന്ന് തോണ്ടി. ബാച്ചലേഴ്‌സ് അല്ലേ... ഇത്തരത്തിലെങ്കിലും പെരുമാറുന്നത് തന്നെ ഭാഗ്യം.
"അയ്യോ.. വേണ്ട വേണ്ട..." വന്നവർ എളിമയുള്ളവരായി.

"എന്നാ വരൂ ഉള്ളിലിരിക്കാം... " ഞങ്ങൾ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു. ഉള്ള രണ്ട് കസേരകളിൽ അതിഥികളിൽ രണ്ട് പേര് ഇരുന്നു. ഒരാൾ അവർക്കരികിൽ നിലത്തിരുന്നു. ഒരു വശത്തെ ചുമരും ചാരി ഞങ്ങളിരുന്നു. മറ്റേ വശത്തെ ചുമരിനരികിൽ നമ്മുടെ ബീഹാറി കിടക്കുകയല്ലേ. ബീഹാറി അങ്ങനെയാണ്... ഞായറാഴ്ചകളിൽ പതിനൊന്ന് മണിയാവും എഴുന്നേൽക്കാൻ.

സുസ്മേരവദനരായി ഞങ്ങളോരോരുത്തരെയും പരസ്പരം വന്നുകയറിയവർ  പരിചയപ്പെട്ടു.  ഞങ്ങളുടെ തറവാട് മുതലുള്ള തായ് വേരുകളെക്കുറിച്ച് വന്നവർ ആരായാൻ തുടങ്ങി. അതിൽ വ്യതിചലിച്ച് കൊണ്ട്  മുഖ്യനെന്ന് തോന്നിക്കുന്നയാളാണ് ചോദിച്ചത്:

"നിങ്ങളുടെ പ്രശ്നങ്ങൾ / സങ്കടങ്ങൾ എന്തൊക്കെയാണ് ?"

ശമ്പളം ആയിരത്തഞ്ഞൂറ് രൂപയേഉള്ളൂ എന്നൊരു സങ്കടം ഒഴിച്ചാൽ എന്റെ ജീവിതം സന്തോഷപ്രദമായിരുന്നു. ഞങ്ങൾ പരസ്പരം കണ്ണുകൾ ചലിപ്പിച്ച് കൊണ്ട് നോക്കി...

"ഞങ്ങൾക്ക് വിഷമങ്ങളൊന്നുമില്ല"
"അല്ല, നിങ്ങളുടെ എല്ലാവരുടെയും മുഖത്ത് എന്തോ ഒരു വിഷമം നിഴലിക്കുന്നു"
"അത് രാവിലെ കുളിക്കാത്തത് കൊണ്ടായിരിക്കും"
"നിങ്ങളുടെ എല്ലാ വിഷമങ്ങൾക്കും പരിഹാരമുണ്ട്"

ശെടാ... ഇതെന്ത് ചോദ്യമാണ്...എന്റെ നാട്ടിലെ പണ്ടത്തെ ലൈനിനെ കോൺടാക്ട് ചെയ്യാൻ പറ്റാത്ത വിഷമം ഇയാളറിഞ്ഞ് കാണുമോ... മനോജിനെ ലോക്കൽ ട്രെയിനിൽ പോക്കറ്റടിച്ച് 250 രൂഫാ പോയതും ഇവരറിഞ്ഞ് കാണുമോ? വിനോദിന്റെ ഗൾഫ് യാത്ര ഒരുവിധം ഓക്കേ ആയിടത്ത് നിന്ന് ക്യാൻസലായിപ്പോയതും അറിഞ്ഞ് കാണുമോ? ജോർജ്ജ് നാട്ടിൽ പണയം വച്ച മോതിരം പണം അയച്ച് കൊടുത്തിട്ടും, അവന്റെ അമ്മച്ചി തിരിച്ചെടുക്കാതിരിക്കുന്നതും ചിലപ്പോൾ അറിഞ്ഞു കാണുമോ? ഇതൊന്നുമല്ല, ഈ ഉറങ്ങിക്കിടക്കുന്ന ബീഹാറിയും ഫലക്കുമായുള്ള ബന്ധം താറുമാറായത് അറിഞ്ഞുകാണുമോ...ഏയ്.. അതിനൊന്നും സാദ്ധ്യതയില്ല.

പിന്നെ ആരായിരിക്കും... ഇവർ വല്ല 'ആംവേ'ക്കാരോ മറ്റോ ആയിരിക്കുമോ?

അപ്പോഴാണ്‌ മുഖ്യൻ, അദ്ദേഹത്തിന്റെ സഞ്ചിയിൽ നിന്ന് കുറച്ച് നോട്ടീസുകൾ എടുത്ത് പുറത്തിട്ടത്. ആ ലഘുലേഖകളൊക്കെ ക്രിസ്തീയ പ്രചരണക്കുറിപ്പുകളായിരുന്നു.

"യേശുവാണ് നമ്മുടെ രക്ഷകൻ, യേശുവിൽ വിശ്വസിക്കൂ, നിങ്ങളുടെ ദുരിതങ്ങളെല്ലാം മാറിക്കിട്ടും. നിങ്ങളുടെയെല്ലാം പാപപരിഹാരത്തിനാണ് അദ്ദേഹം രണ്ടായിരം ആണ്ടുകൾക്ക് മുന്നേ കുരിശിലേറിയത്"

ഞങ്ങളുടെ കൂട്ടത്തിൽ ജോർജ്ജ് എന്ന് പേരുള്ള ഒരു ക്രിസ്ത്യാനി ഉണ്ടായിരുന്നു. അവൻ ഈ സംഭാഷണങ്ങളൊക്കെ കേട്ടപ്പോൾ 'ഇതെന്നെ ബാധിക്കുന്ന വിഷയമല്ല' എന്ന ഭാവത്തിൽ ദൂരെ മാറിയിരുപ്പായി. അത് കണ്ടപ്പോൾ നമുക്ക് വീണ്ടും സംശയം, ഇതൊക്കെ ഇവൻ ഒപ്പിച്ചെടുത്ത കാര്യങ്ങളാണോ ? ഞങ്ങളവനെ തുറിച്ചൊന്നു നോക്കി. അവൻ ഒരു വല്ലാത്ത മുഖഭാവത്തോടെ 'അല്ല' എന്ന് തലയാട്ടി.

ജോർജ്ജ് ഒഴിച്ച് ഞാനും മനോജും വിനോദും സന്ദർശകരായ മൂവർ സംഘവും പല കാര്യങ്ങളിലും തർക്കങ്ങളിലേർപ്പെട്ടു. ജോർജ്ജ് ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ട് പത്രം വായന തുടർന്നു. ജോർജ്ജിന്റെ കഴുത്തിലെ കുരിശ് മാല കണ്ടത് കൊണ്ടാകാം, വന്നവർ ജോർജ്ജിനെ തിരിഞ്ഞ് നോക്കിയത് പോലുമില്ല.

"യേശുവിൽ വിശ്വസിക്കാത്തവരൊന്നും സ്വർഗ്ഗത്തിൽ പോകില്ല. അവരുടെ ആത്മാവ് എല്ലായ്പോഴും ഗതി കിട്ടാതെ അലഞ്ഞു  നടക്കും"

ക്രിസ്തുവിൽ വിശ്വസിച്ചതിന് ശേഷം സംഭവിച്ചത് പോലുള്ള ചില അനുഭവങ്ങൾ അദ്ദേഹം വളരെ ആവേശത്തോടെ പറഞ്ഞു. അദ്ദേഹം ആദ്യം ഹിന്ദു ആയിരുന്നത്രേ. ഭാര്യക്ക്, ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത അസുഖം വന്നു. കുഞ്ഞിനാണെങ്കിൽ സംസാരശേഷിയും ഇല്ല. ക്രിസ്ത്യാനിയായതിന് ശേഷം, ഇങ്ങനെയുള്ള സാഹചര്യത്തിൽ നിന്ന് അവര് പൂർണ്ണമായും മോചിതരായത്രേ! ഭാര്യ പൂർണ്ണ ആരോഗ്യവതി... ഊമയായിരുന്ന കുട്ടി, ഇപ്പോൾ ദിവസവും സ്തോത്രങ്ങൾ ചൊല്ലുന്നുണ്ടത്രേ.... "ദൈവത്തിനും പരിശുദ്ധാത്മാവിനും സ്തുതി.." അദ്ദേഹം നെഞ്ചിൽ കുരിശ് വരച്ചു. കഴുത്തിലെ മാലയിൽ തൂങ്ങുന്ന കുരിശിൽ ചുംബിച്ചു.

അപ്പോൾ ഞാനൊന്നിളകിയിരുന്നു കൊണ്ട് ചോദിച്ചു :

"ചേട്ടൻ സ്വർഗ്ഗം കണ്ടിട്ടുണ്ടോ?"
"അതിന് ഞാൻ മരിച്ചിട്ടില്ലല്ലോ"
"മരിച്ചു കഴിഞ്ഞാൽ കാണുന്ന സ്വർഗ്ഗത്തിനെപ്പറ്റി മരിക്കാത്തയാളെങ്ങനെയാണ് പറയുന്നത്?"
"ബൈബിളിൽ പറഞ്ഞിട്ടുണ്ടല്ലോ  "
"ചേട്ടൻ സ്വർഗ്ഗത്തിൽത്തന്നെ പോകുമെന്ന് ഉറപ്പുണ്ടോ?"
"തീർച്ചയായും. ഞാൻ ബൈബിളിലും ക്രിസ്തുവിലും വിശ്വസിക്കുന്നു. "
"ഞങ്ങളിലാരെങ്കിലും ചേട്ടന്റെ വീട്ടിൽ വന്ന് ഗണപതിയിൽ വിശ്വസിക്കണമെന്ന് പറഞ്ഞാൽ, ചേട്ടൻ അതെങ്ങനെ കാണും?" മനോജ് അതിലൊരാളോട് ചോദിച്ചു...

"അത്... യേശുവിൽ മാത്രമേ ഞാൻ വിശ്വസിക്കൂ..."
"താങ്കളുടെ മകളെ ഞാൻ കെട്ടിയാൽ യേശു കോപിക്കുമോ..."  ആളുകളെ തോണ്ടാൻ മിടുക്കനായ വിനോദിന്റെ അടുത്ത വെടി. മകളുണ്ടെന്ന് കരുതി ചോദിച്ചതൊന്നുമല്ല. വെറുതെ തോണ്ടാൻ മാത്രം.

"അതെങ്ങനെയാണ്... അതൊട്ടും ശരിയാവില്ല. നീയൊരു ഹിന്ദു അല്ലേ..." അദ്ദേഹത്തിൻറെ മറുപടിയിൽ നിന്നാണ് അദേഹത്തിന് മകളുണ്ടെന്ന് മനസ്സിലായത്.
"എന്നാപ്പിന്നെ ഒരു കാര്യം ചെയ്യാം... ഞാൻ ക്രിസ്ത്യാനി ആയാൽ താങ്കളുടെ മകളെ കെട്ടിത്തരുമോ?" വിനോദ് വിടുന്നില്ല.

"അത്.. അത്.. ഏയ്... നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്... ഞങ്ങൾ ഈശോയെക്കുറിച്ച് പറയാനാണ് വന്നത്"

"അല്ല.. ഇതൊന്നും പോരെങ്കിൽ ഞാനീ രണ്ട് പേരെയും കൂടി ക്രിസ്ത്യാനികളാക്കിത്തരാം.. ഞാനും മതം മാറാം... എനിക്ക് മോളെ കെട്ടിത്തരുമോ?" വിനോദിന്റേത് ഒരു കൈവിട്ട ഓഫറായിരുന്നു.

ഞങ്ങളുടെ ചർച്ചകൾ അങ്ങനെ നീളുന്നതിനിടെ, ഞങ്ങളുടെ ഒരുവിധം ഉച്ചത്തിലുള്ള വർത്തമാനങ്ങൾ കാരണം, അർദ്ധമയക്കത്തിലായിരുന്ന ബീഹാറി, ഉറക്കം വിട്ടെഴുന്നേറ്റു. അപരിചിതരെ കണ്ടപ്പോൾ ആരാണെന്ന് ചോദിച്ചു. അവന്  മലയാളത്തിലുള്ള സംഭാഷണങ്ങളൊന്നും പിടികിട്ടിയിരുന്നില്ല.

"കോൻ ഹേ ഇൻ ലോഗ് ..." ബീഹാറി ഞങ്ങളോട് ചോദിച്ചു.

ബീഹാറി, പേര് വിജയകുമാർ ഠാക്കൂർ.  നല്ല തിളപ്പുള്ള ഉത്തരേന്ത്യൻ ഹിന്ദു ആണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ട് ഒന്നും വിട്ടു പറയണ്ട എന്ന് ഞങ്ങൾ വിചാരിച്ചു. വെറുതെ എന്തിനാണ് പ്രശ്നം. മാത്രവുമല്ല, കുറച്ച് നേരം കൂടി വന്നവരോട് തർക്കിക്കാനുള്ള മൂഡിലായിരുന്നു ഞങ്ങൾ. ഠാക്കൂർ കേറി ഇടപെട്ടാൽ എല്ലാം പൊളിയും.

"യെ ഇസ്‌കാ പൂനാ കാ മാമാ ഔർ ഉൻകാ ദോസ്ത് ലോഗ് ഹേ..." - വിനോദ് എന്നെ ചൂണ്ടി കള്ളം പറഞ്ഞു. എനിക്കൊരു മാമൻ പൂനെയിലുണ്ടായിരുന്നു.

ഠാക്കൂർ, പായയിൽ കാലും നീട്ടി ചുമരും ചാരിയിരുന്നു. പക്ഷേ അവൻ ചുറ്റുപാടും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അവന്റെ കണ്ണിൽ ആ കാര്യം പെട്ടത്. എന്റെ മാമ ആണെന്ന് പറഞ്ഞയാളുടെ കഴുത്തിൽ കുരിശ് മാല!

"അരേ സച്ച് ബോൽ... യെ ഇസ്കാ മാമാ യാ ഓർ കോയി ഹേ..?

അപ്പഴേക്കും അവന്റെ നോട്ടം താഴെയുള്ള നോട്ടീസുകളിൽ പതിഞ്ഞിരുന്നു. അവന് കാര്യങ്ങൾ മനസ്സിലായി...

"അരേ  തേരി കി...." ഠാക്കൂർ ചൂടായി.

സംഭവങ്ങൾ ഇത്രയായപ്പഴേക്കും ജോർജ്ജ് കക്കൂസിൽ കയറി കുറ്റിയിട്ടു.

"അരേ ഉസ്കോ ബോൽ, ഹം രാം ഓർ കൃഷ്ണാ മൈം വിശ്വാസ് കർതെ ഹൈ. ഹം ഹിന്ദൂ ഹേ...  ഉൾട്ടാ, ഉസ്കോ ഗീതാ കി ബാരെ മേ സമഝാഓ."

ഇത് കേട്ടപ്പോൾ മൂവർ സംഘം ഇത്തിരി അടങ്ങി. ഠാക്കൂർ പിന്നെ നേരിട്ട് അവരോടായി:

"അരെ തും ലോഗോം കോ ഓർ കുച്ച് കാം നഹി ഹൈ ക്യാ? ഭാരത്‌ മേ തും ലോഗോം കോ ക്യാ തക്ലീഫ്‌ ഹേ? തേരാ വിശ്വാസ് തേരാ മൻ പേ രഖ്നാ, ഹം കോ ക്യോം തക്ലീഫ്‌ ദേതേ ഹേ?"
"നഹി ഭായ് സാബ്, ഹം ഈശോ കി ഭാലായി കേ ബാരെ മേ ബാത്ത് കർ രഹേ ഥെ"
"അരേ തേരി മാകി..., തേരി ഭാലായി മേ കർകേ ദിഖാതാ ഹൂ" ഠാക്കൂർ പായയിൽ നിന്നെഴുന്നേറ്റു.

ഠാക്കൂർ അവന്റെ കൈ ഒന്നോങ്ങി. ഞാനും മനോജും കൂടെ അവനെ തടഞ്ഞു. അപ്പോഴേക്കും മൂവർ സംഘം പുറത്തെത്തിക്കഴിഞ്ഞിരുന്നു. അവർ പോകുന്ന പോക്കിൽ ഠാക്കൂർ അവന്റെ ഒരു പഴയ വള്ളിച്ചെരുപ്പ് അവർക്ക് നേരെ എറിഞ്ഞു. ഇതെന്താണ് സംഭവിക്കുന്നതെന്ന മട്ടിൽ, അപ്പുറത്തെ വീട്ടിലെ കോളജ് കുമാരി പുറത്തേക്കെത്തി നോക്കി.

അവര് പോകുമ്പോൾ ഞാൻ പറഞ്ഞു: "ചേട്ടന്മാരേ, വേറെ വല്ല നല്ല പണിക്കും പോയ്ക്കൂടെ? എന്നിട്ട് സ്വർഗ്ഗത്തിൽ പോയാൽ പോരേ? നമ്മളെയും കൂട്ടിത്തന്നെ പോകണമെന്നെന്തിനാണ് വാശി? "

ആ കുരിശുകൾ ഒഴിവായ സന്തോഷത്തിൽ അന്നത്തെ ഞായറാഴ്ചയാഘോഷം ഉച്ചക്ക് മുന്നേ തന്നെ തുടങ്ങി! യഥാർത്ഥ സ്വർഗ്ഗം കാണണമെങ്കിൽ ബീഹാറുകാരന്റെ ഒറിജിനൽ ഭാംഗും കൂടെ വേണം. ഇതൊന്നും ഈ പുസ്തകമെടുത്ത് നടക്കുന്ന പാർട്ടികൾക്കറിയില്ലല്ലോ, മാത്രവുമല്ല, ഞങ്ങൾ കാണുന്ന സ്വർഗ്ഗം മറ്റുള്ളവരെ കാണിച്ചേ അടങ്ങൂ എന്ന വാശിയും ഞങ്ങൾക്കില്ലല്ലോ 😜😀

മുംബൈയിലെ താമസത്തിനിടയ്ക്ക് രണ്ടു മൂന്നു തവണ കൂടി ഇത്തരം ആളുകൾ വന്നിരുന്നെങ്കിലും, അവരെ കാണുമ്പോൾ മനസ്സിലാകുന്നത്‌ കൊണ്ട്, താല്പര്യമില്ലെന്നറിയിച്ച ശേഷം മടക്കും. അതുകൊണ്ട് പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

കുറിപ്പ്: ഇതിലും രസകരമായ അടുത്ത കഥ രണ്ടാം ഭാഗത്തിൽ പറയാം.

***