2020, മാർച്ച് 20, വെള്ളിയാഴ്‌ച

അമ്മായിഅച്ഛന്റെ ഓട്ടം (കൃസ്തീയകാന്തവികർഷണങ്ങൾ - 4)

(Picture Courtesy: Google)

നാല് ഭാഗങ്ങളുള്ള ഒരു പരമ്പരയാണ് കൃസ്തീയകാന്തവികർഷണങ്ങൾ. അതിലെ അവസാനത്തെ ഭാഗമാണ് ഇവിടെ എഴുതുന്നത്.

ആമുഖം & ആദ്യഭാഗം: ഠാക്കൂറിന്റെ ചെരുപ്പേറ് (കൃസ്തീയകാന്തവികർഷണങ്ങൾ - 1)
മൂന്നാം ഭാഗം: ബിരിയാണി ദഹനം (കൃസ്തീയകാന്തവികർഷണങ്ങൾ - 3)

വറ്റുകൈ കൊണ്ടാട്ടിയകറ്റിയ കോഴികൾ വീണ്ടും
വറ്റെന്നയാകർഷണത്താൽ  തിരികെ വന്ന് കൊത്തിടും
വചനഘോഷണം നടത്തും പ്രഭൃതികളെ സദയം നിരാകരിച്ചാൽ
നീചരായ് വീണ്ടും വരും തൻ മസ്തിഷ്‌കം തുടയ്ക്കുവാൻ !

കഥയിലേക്ക്:
2007 ൽ ഞങ്ങൾ മേരിലാന്റിലെ ബൂവി എന്ന് പറയുന്ന പട്ടണത്തിലേക്ക് താമസം മാറി. 2009 ൽ എന്റെ ഭാര്യയുടെ മാതാപിതാക്കൾ ഞങ്ങളെ സന്ദർശിക്കാൻ വന്നു. എനിക്കും കെട്ട്യോൾക്കും രണ്ടാമത്തെ കുഞ്ഞ് ഭൂജാതയായ സമയമാണ്. നാട്ടുകാരോട് നല്ല പച്ച മലയാളത്തിൽ മാത്രം സംസാരിച്ചിരുന്ന അവർക്ക്, ഇവിടെയെത്തിയപ്പോൾ മിണ്ടാനും പറയാനും ഞങ്ങൾ മാത്രമായി. സത്യത്തിൽ അവർക്ക് ഒരു തരം മടുപ്പായിരുന്നു ഇവിടെ. എല്ലാത്തിനും ഞങ്ങളുടെ സഹായം വേണം.

അങ്ങനെയിരിക്കേ ഒരു ദിവസം വൈകുന്നേരം, ഞാൻ ആപ്പീസ് ജോലിയും കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി. സ്വാഭാവികമായും മറ്റുള്ളവർ വീട്ടിലുണ്ട് എന്ന ധാരണയിൽ വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ ഉള്ളിൽ മറ്റുള്ളവരെ കൂടാതെ പരിചയമില്ലാത്ത രണ്ട് പേര് കൂടിയുണ്ടായിരുന്നു.

"ഇതാണ് അച്ഛനും അമ്മയ്ക്കും കിട്ടിയ പുതിയ ചങ്ങാതിമാർ." ഭാര്യ ഭവ്യതയോടെ മൊഴിഞ്ഞു.

ഭാര്യയുടെ അച്ഛനമ്മമാർക്ക് ഇങ്ങനെ രണ്ട് ചങ്ങാതിമാരെ കിട്ടിയത് ഇതിന് മുന്നേ ഒരു ദിവസം ഭാര്യ പറഞ്ഞിരുന്നു. വീട്ടിൽ കൂനിക്കൂടിയിരുന്നുള്ള മടുപ്പ് മാറ്റാൻ, അവർ വൈകുന്നേരങ്ങളിൽ നടക്കാൻ പോകും. അങ്ങനെ ഒരു ദിവസം അവർ നടക്കാൻ പോയി തിരിച്ചു വരുമ്പോൾ വളരെ സന്തോഷത്തോടെയായിരുന്നു വന്നത്. അവരുടെ കൂടെ അവരുടെ പ്രായത്തിൽത്തന്നെയുള്ള മലയാളികളായ ഭാര്യാഭർത്താക്കന്മാരായ വേറെ രണ്ടുപേരും കൂടി ഉണ്ടായിരുന്നു. അതായിരുന്നു അവരുടെ സന്തോഷത്തിന്റെ കാരണം. ആ ദമ്പതികളും അവരുടെ മകനെ കാണാൻ നാട്ടിൽ നിന്ന് വന്നതായിരുന്നു. തോമസ്സെന്നോ മറ്റോ ആയിരുന്നു ആ ദമ്പതിമാരിലെ ആണ്‍ പ്രജയുടെ പേര്. ഒരു വിരമിച്ച പോലീസുകാരൻ, തൃശ്ശൂരുകാരൻ.

ഞാൻ അവരോട് കുശലം പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞിട്ടും ഭാര്യാപിതാവിനെ പുറത്ത് കാണുന്നില്ല.

"ഓർക്ക്‌ തലവേദനയാണ്. കിടക്ക്വായിരിക്കും. നേരത്തേ ഉണ്ടായിരുന്നു." ഞാൻ ചോദിച്ചപ്പോൾ ഭാര്യാമാതാവ് പറഞ്ഞു

"അങ്ങനെയാണോ? ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ. ഓ.. എന്നാൽ ഞങ്ങളിറങ്ങാം. നിങ്ങളെ നടക്കാനിറങ്ങുന്ന സമയത്തൊന്നും കാണാത്തതു കൊണ്ടാണ് ഞങ്ങൾ വന്നത്." അവര് എഴുന്നേറ്റു.

"എന്നാൽ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം"

എന്റെ ഭാര്യയും ഭാര്യാ മാതാവും പരസ്പരം നോക്കി. ഞാൻ അവരെയും നോക്കി. എനിക്കെന്തൊക്കെയോ പറയാൻ വന്നു. ഇതേ പോലെ ഒന്നിലധികം തവണ ഇതുപോലുള്ള സാഹചര്യങ്ങൾ അഭിമുഖീകരിച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രഹസനങ്ങൾക്ക് ഒരു തരത്തിലും തല വച്ച് കൊടുക്കരുതെന്ന് തീരുമാനിക്കുകയും ചെയ്താണ്. മുളയിലേ നുള്ളിക്കളയണം. പക്ഷേ, എന്റെ ഭാര്യയുടെ അച്ഛനമ്മമാരുടെ മുന്നിൽ വച്ച് മനസ്സിലുള്ളതൊക്കെ എങ്ങനെ പറയും? മാത്രവുമല്ല അവരുടെ സുഹൃത്തുക്കൾ കൂടിയാണ് ഈ കഥാപാത്രങ്ങൾ. അതും ഞാൻ പറയുന്ന രീതി അവർക്ക് ദഹിച്ചില്ലെങ്കിലോ? എന്റെ വായിൽ വന്നത്, ഞാൻ കടിച്ചുപിടിച്ചങ്ങ് വിഴുങ്ങി. അവർ പ്രാർത്ഥന തുടങ്ങി. എല്ലാവരും പ്രതിമ നിന്നത് പോലെ നിൽക്കുകയാണ്. ഭാര്യയും അമ്മയും എന്നെ ഇടംകണ്ണ് കൊണ്ട് ഇടയ്ക്കിടെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്. ഞാൻ പല്ല് ഇറുക്കിക്കടിച്ച് കൊണ്ട് അങ്ങനെ നിന്നു. ഒടുവിൽ പ്രാർത്ഥന കഴിഞ്ഞു.

"നാളെ നടക്കാൻ നേരം കാണുമല്ലോ.. അല്ലേ" തോമസ് ചേട്ടൻ അമ്മായി അമ്മയെ നോക്കി ചോദിച്ചു.

അമ്മായിഅമ്മ 'അതെ' എന്നോ 'അല്ല' എന്നറിയാത്തമട്ടിൽ പുഞ്ചിരിച്ചെന്നോണം തലയാട്ടി.

"അപ്പോ നാളെ കാണാം...." അതങ്ങ് ഉറപ്പിച്ചത് പോലെ അവർ നടന്നകന്നു.

അവർ പോയതിന് ശേഷം, അതാ വരുന്നു, "പോയോ" എന്ന് ചോദിച്ചു കൊണ്ട്, തലവേദന കൊണ്ട് പുളഞ്ഞ് കിടന്നിരുന്ന എന്റെ ഭാര്യാപിതാവ്. അദ്ദേഹത്തിന് ആകെയൊരു ചമ്മലുള്ളത് പോലെ.

"പെട്ട് പോയതാ മോനെ.... നീയൊന്നും തെറ്റിദ്ധരിക്കരുത്...." അദ്ദേഹം അന്തഃർമുഖതയോടെ പറഞ്ഞു.

"ഓ അത് നിങ്ങള് കാര്യമാക്കണ്ട... ഞാനിങ്ങനെ കുറേ കണ്ടതാ..." ഞാനും അദ്ദേഹത്തെ സമാധാനിപ്പിക്കാൻ പറഞ്ഞു.

" ഇങ്ങനെ ഇവര് വീട്ടിൽ കേറി പ്രാർത്ഥിച്ച് കളയൂന്നൊന്നും ഞമ്മള് വിചാരിച്ചിരുന്നില്ല.

"നിങ്ങളാ കാര്യം വിട്ടേക്കച്ഛാ.... ഇയാളെയേക്കാളും വെല്യ പുള്ളികളെ നമ്മള് നേരിട്ടിട്ടുണ്ട്." ഞാൻ വീണ്ടും അദ്ദേഹത്തെ സമാധാനിപ്പിച്ചു. ഇതുപോലെ ഞങ്ങളുടെ ജീവിതത്തിൽ മുന്നേ സംഭവിച്ച പല കഥകളും പറഞ്ഞ് അദ്ദേഹത്തെ ഒന്നുഷാറാക്കി. കഥകളൊക്കെ കേട്ടപ്പോൾ എല്ലാവർക്കും ചിരിയടക്കാൻ പറ്റാതായി.

പ്രശ്നമെന്താണെന്ന് വച്ചാൽ തോമസ്സ് ചേട്ടൻ വീട്ടിൽ ആദ്യത്തെ തവണ വന്നപ്പോഴും എന്റെ വീട്ടിൽ പ്രാർത്ഥന നടന്നിരുന്നു. ചായയൊക്കെ കുടിച്ച് പിരിയാൻ നേരം ഇത് പോലെ തന്നെ അവര് പ്രാർത്ഥന തുടങ്ങി. വഴിവക്കിൽ വെച്ച് കിട്ടിയത് 'പാമ്പാ'യോ എന്ന മട്ടിൽ, ഒന്നും മിണ്ടാതെ, പെട്ടന്നുണ്ടായ പകച്ചലിൽ എല്ലാവരും പ്രാർത്ഥന കേട്ടിരുന്നു. വേറെന്ത് പറയാൻ. ഈ സംഭവം ഞാൻ അറിയരുതെന്ന് ഭാര്യാ പിതാവ് എല്ലാരേയും ചട്ടം കെട്ടിയിരുന്നു. അത് കൊണ്ട് മാത്രം ഞാൻ പ്രാർത്ഥനാക്കഥ അറിഞ്ഞിരുന്നില്ല. ആ സസ്പെൻസാണ് ഇന്ന് പൊളിഞ്ഞ് പോയത്. ആ നാണക്കേടിലായിരുന്നു ഭാര്യാപിതാവ്. അതുകൊണ്ടാണ് ഞാൻ വരുന്ന സമയം, ഈപ്പറഞ്ഞ ദമ്പതികൾ വീട്ടിലുള്ളത് കൊണ്ട് അദ്ദേഹം തലവേദനയുടെ കഥ പറഞ്ഞ് ഉള്ളിൽ കേറി വാതിലടച്ച് കിടന്ന് കളഞ്ഞത് !

അന്യമതസ്ഥരായ ഒട്ടേറെ സുഹൃത്തുക്കൾ ഉള്ളയാളാണ് എന്റെ ഭാര്യാപിതാവ്. മലബാറിലെ ഒരു കുടിയേറ്റ മേഖലയിലാണ് വീട്. ആ നാട്ടിലെ പേരെടുത്ത ഒരു രാഷ്ട്രീയപ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. സ്വന്തം നാട്ടിലെ കോൺഗ്രസ്സിന്റെ ഒരുകാലത്തെ കിരീടം വെക്കാത്ത രാജാവ്. രാഷ്ട്രീയത്തിലെ പുഴുക്കുത്തുകൾ കാരണം സജീവരാഷ്ട്രീയം ഉപേക്ഷിച്ച മനുഷ്യൻ.  രാഷ്ട്രീയം കൊണ്ട് നഷ്ടങ്ങൾ ഉണ്ടായെങ്കിലും ഇന്നും നാട്ടുകാർക്ക് ആവുന്നപോലെ സഹായങ്ങൾ ചെയ്യുന്ന നല്ല മനുഷ്യൻ. പത്തിരുപത് വർഷങ്ങൾക്ക് മുന്നേ അദ്ദേഹത്തിന് അർബുദരോഗം വന്ന് വിഷമിച്ചപ്പോൾ, അദ്ദേഹത്തിന്റെ അന്യമതസ്തരായ സുഹൃത്തുക്കളും അദ്ദേഹത്തിന് വേണ്ടി പല നേർച്ചകളും പ്രാർത്ഥനകളും നേർന്നിരുന്നു. ഒരു ഉൽപതിഷ്ണുവായ അദ്ദേഹം, അവരെയൊന്നും നിരാശപ്പെടുത്തിയിരുന്നില്ല. ക്രിസ്ത്യാനികളുടെ ആഗ്രഹപ്രകാരം പള്ളികളിൽ ധ്യാനമിരുന്നിട്ടുണ്ട്. പോട്ടയിൽ ധ്യാനം കൂടിയിട്ടുണ്ട്. മുസ്ലീം സഹോദരങ്ങളുടെ ആഗ്രഹപ്രകാരം ഉറൂസിൽ പങ്കു കൊണ്ടിട്ടുണ്ട്. ഓരോരുത്തർക്കും അവരവരുടെ പ്രാർത്ഥനകളിൽ പങ്കെടുപ്പിക്കുവാൻ വളരെ ഉത്സാഹമായിരുന്നു. അതിൽ പല സുഹൃത്തുക്കളും സ്നേഹം കൊണ്ട് മാത്രമായിരുന്നു അങ്ങനെയൊക്കെ ചെയ്തത്. അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാനായിരുന്നു എന്റെ ഭാര്യാപിതാവിനിഷ്ടം. എന്നിരുന്നാലും ചില ആളുകളുടെ ഉദ്ദേശശുദ്ധി സംശയാസ്പദമായിരുന്നു. പോട്ടയിലെ വചനാമൃതം മാസിക അദ്ദേഹത്തിന്, അദ്ദേഹം പോലും അറിയാതെ 'ഫ്രീ'യായി വരാൻ തുടങ്ങിയത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. നാട്ടിലെ ചില സഹോദരങ്ങൾ അദ്ദേഹം മതം മാറിയെന്ന് വരെ നാട്ടിൽ പ്രചരിപ്പിക്കാൻ തുടങ്ങി. പക്ഷേ ഈ പറഞ്ഞ കാര്യങ്ങളൊന്നും അദ്ദേഹം ഒട്ടും കാര്യമാക്കിയില്ല. എന്റെ ഭാര്യയും, ഇതുപോലെ നമുക്കുണ്ടായ, പഴയ ചില കഥകൾ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിക്കാണണം. അതുകൊണ്ടായിരിക്കാം, അദ്ദേഹത്തിന് എന്റെ മുന്നിൽ ഉരുണ്ട് കളിക്കേണ്ടി വന്നത്.

ഈ ദമ്പതികൾ മതം മാറ്റാനുള്ള തരത്തിൽ, അതുവരെ സംസാരിച്ചിരുന്നില്ല. എന്നിരുന്നാലും അങ്ങനെയുണ്ടാവാതിരിക്കാനുള്ള മുൻകരുതൽ നമ്മളെടുക്കണമല്ലോ. പിറ്റേന്ന് മുതൽ തന്നെ, എന്റെ ഭാര്യാമാതാപിതാക്കന്മാർ, മറ്റേ ദമ്പതികളെ കാണാതിരിക്കാൻ വേണ്ടി, അവർ സാധാരണ നടക്കാറുള്ള സമയക്രമം മാറ്റി. മാത്രവുമല്ല, ഇനിയെങ്ങാനും അവർ വീട്ടിൽ വന്ന് കതകിന് മുട്ടുകയാണെങ്കിൽ, വാതിൽ  തുറക്കേണ്ട എന്ന നിയമവും പാസ്സാക്കി.

അങ്ങനെയിരിക്കേ, ഒരു ദിവസം വൈകുന്നേരം ഞാൻ ആപ്പീസ് വിട്ടു വരുന്ന വഴിക്ക്, ഈ ദമ്പതികളെ വഴിക്ക് കണ്ടു. ഞാൻ അവരോട് കുശലം പറഞ്ഞ ശേഷം ഞങ്ങൾക്ക് ഈത്തരം പരിപാടികളിലും ഇതുപോലെയുള്ള പ്രാർത്ഥനകളിലും താല്പര്യമില്ലെന്നറിയിച്ചു. അവർ കുറച്ചൊക്കെ അവർ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും എന്റെ താല്പര്യമില്ലായ്മ വ്യക്തമായി ഞാൻ പ്രകടമാക്കി. നീരസത്തോടെയാണെങ്കിലും അവർ 'ശരി' എന്ന രീതിയിൽ തല കുലുക്കി നടന്നകന്നു.

ആഴ്ചകൾ രണ്ടോ മൂന്നോ കഴിഞ്ഞുകാണും. ഒരു ദിവസം വൈകുന്നേരം, സാധാരണയിൽ നിന്ന് ഇത്തിരി നേരത്തേ, ഞാൻ ജോലിയും കഴിഞ്ഞ് വീട്ടിലെത്തി. വാതിൽക്കൽ നിൽക്കുമ്പോൾത്തന്നെ അകത്ത് നിന്ന് എനിക്ക് പ്രാർത്ഥന കേൾക്കാം. എന്റെ പ്രഷർ കൂടാൻ അധികസമയമൊന്നും എടുത്തില്ല. സാധാരണ കൊട്ടുന്നതിന്റെ പത്തിരട്ടി ശബ്ദത്തിൽ ഞാൻ കതകിന് കൊട്ടി. വാതിൽ തുറന്നു. ഭാര്യയുടെ ഭയപ്പാട് മുഖത്ത് നിന്നും വായിച്ചെടുക്കാം. ഉള്ളിലേക്ക് രംഗപ്രവേശനം ചെയ്ത സമയത്ത് തന്നെ പ്രാർത്ഥന പകുതിക്ക് നിന്ന് പോയിരുന്നു. നമ്മുടെ തോമ്മാച്ചേട്ടനും ഭാര്യയും പകച്ച് നിൽപ്പുണ്ട്. ഭാര്യാമാതാവ്, ചെറിയ മോളെയും തൂക്കി അടുക്കളയിലേക്ക് ധൃതിയിൽ പോകുന്നത് കണ്ടു. എല്ലാത്തിലും രസമായിത്തോന്നിയത് വേറൊരു കാഴ്ചയായിരുന്നു.

എന്നെക്കണ്ടയുടനെ, എന്റെ ഭാര്യാപിതാവ്, മുഖ്യവാതിലിന് മറുവശത്തുള്ള ബാൽക്കണിയുടെ 'സ്ലൈഡ് ഡോർ' വലിച്ച് തുറന്ന് ഒരു കയ്യിൽ മുണ്ടും പൊക്കിപ്പിടിച്ച് പുറത്തേക്കൊരു നടത്തം. അത് നടത്തമൊന്നുമായിരുന്നില്ല, അദ്ദേഹത്തിൻറെ രീതിക്ക്, ഒരു തരം ഓട്ടം തന്നെയായിരുന്നു. വീടുപണിക്കിടയിൽ ടെറസ്സിൽ നിന്ന് വീണത് മുതൽ അദ്ദേഹത്തിൻറെ കാലിന് അത്ര ബലമുണ്ടായിരുന്നില്ല. അതുകൊണ്ട് ഏന്തിവലിച്ചുള്ള ഒരോട്ടം തന്നെയായിരുന്നു. ഇത്തരത്തിലുള്ള ഒരന്തരീക്ഷം വീണ്ടും ഉണ്ടായ  സാഹചര്യത്തിൽ, എന്നെ അഭിമുഖീകരിക്കാനുള്ള വിമുഖത; അതായിരുന്നു കാരണം. നേരെ തൊട്ടപ്പുറത്തുള്ള തടാകക്കരയിലേക്കുള്ള യാത്രയാണെന്ന് എനിക്ക് മനസ്സിലായി. ആ കാഴ്ച കണ്ടപ്പോൾ ചിരി വന്നെങ്കിലും തോമാച്ചന്റെയും ഭാര്യയുടെയും സാന്നിദ്ധ്യത്തിൽ, ചിരിയൊക്കെ പോയി ദേഷ്യം തിളച്ച് വന്നു.

"തോമാച്ചനോട് ഞാൻ പറഞ്ഞതല്ലേ, ഈ പണ്ടാര ബിസിനസ്സും കൊണ്ട് ഇനി വന്നേക്കരുതെന്ന്... മര്യാദക്ക് പറഞ്ഞാലൊന്നും നിങ്ങൾക്ക് മനസ്സിലാവൂല്ലേ... ഞങ്ങളെ വിൽക്കാൻ വച്ചിട്ടുണ്ടെന്നാണോ നിങ്ങളുടെ വിചാരം?... "

"ഇല്ല വേണൂ... പറ്റിപ്പോയതാ... കഴിഞ്ഞു... ഇനിയുണ്ടാകത്തില്ല.... കഴിഞ്ഞു...Sorry... ഞങ്ങളിറങ്ങുവാ...." ഞാൻ തുടരുന്നതിനിടെ തോമാച്ചൻ ഇടപെട്ടു. അദ്ദേഹം പിന്നെയവിടെ നിന്നില്ല... നേരെ വാതിലിനടുത്തേക്ക് വേഗത്തിൽ നീങ്ങി.
"വാടീ.. പോവ്വാം..." അദ്ദേഹത്തിൻറെ ഭാര്യയും തോമാച്ചന്റെ പിന്നാലെ വച്ചുപിടിച്ചു. രണ്ടു പേരും വാതിലും തുറന്ന് പുറത്തേക്ക് ധൃതിയിൽ നടന്നകന്നു. എനിക്ക് കൂടുതലൊന്നും പറയേണ്ടി വന്നില്ല.

ഞാൻ ഇത്തിരി കിതപ്പോടെ സോഫായിലേക്കിരുന്നു.

"നിങ്ങക്ക് എവിടുന്ന് കിട്ടി ഈ മാരണങ്ങളെ പിന്നേം...?" തോമാച്ചനെ ഒഴിവാക്കാൻ പ്രോട്ടോക്കോൾ ഉണ്ടാക്കിയിട്ടും എങ്ങനെ വീണ്ടും വലയിൽ കുടുങ്ങി എന്നതിനെക്കുറിച്ച് എനിക്ക് സംശയം തീരുന്നില്ല...

അപ്പഴാണ് അമ്മായിഅമ്മ കഥ ചുരുക്കി വിവരിച്ചത്. തോമാച്ചനെ പേടിച്ച്, രണ്ടു പേരും അവർ പുറത്ത് നടക്കാൻ പോകുന്ന സമയക്രമം മാറ്റിയിരുന്നു. പക്ഷേ ഇന്ന് പോയപ്പോ യഥാവിൽ തോമ്മാച്ചനെയും ഭാര്യയേം വീണ്ടും കണ്ട് മുട്ടി. കണ്ടപ്പോൾ, അവർക്ക് സംസാരിക്കാതിരിക്കാൻ പറ്റിയില്ല. തോമാച്ചനും ഞാനവരെ വിലക്കിയതിന്റെ പങ്കപ്പാടൊന്നും കാണിച്ചില്ല. അവർ ഒന്ന് രണ്ട് വട്ടം തടാകത്തിന് ചുറ്റും നടന്നു. തിരിച്ച് പോകുന്ന വരവിൽ എന്റെ വീടിനടുത്ത് എത്തിയപ്പോൾ പിന്നെ കാണാം എന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിഞ്ഞെങ്കിലും, തോമാച്ചനും ഭാര്യയും അവരുടെ പിന്നാലെ വരികയായിരുന്നത്രേ ! അമ്മായിഅച്ഛനമ്മമാർക്ക് അവരെയൊട്ട് വിലക്കാനും പറ്റിയില്ല. ഞാനെത്താൻ വൈകുമെന്ന തോന്നലുള്ളത് കൊണ്ട് വേഗം പ്രാർത്ഥിച്ച് പോയിക്കൊള്ളുമെന്ന് കരുതിയത്രേ.. പക്ഷേ ഞാൻ അവിചാരിതമായി നേരത്തേയെത്തിയത് എല്ലാം കുളമാക്കി !

അപ്പഴേക്കും എന്റെ കിതപ്പൊക്കെ തീർന്നിരുന്നു. എനിക്ക് ചിരി പൊട്ടി.  പതുക്കെ എല്ലാവരും ആവോളം ചിരിച്ചു. പിന്നെയൊട്ടും അമാന്തിക്കാതെ, ചെറുതിനെ സ്‌ട്രോളറിൽ ഇരുത്തി, മൂത്തവളുടെ കയ്യും പിടിച്ച്, നമ്മളെല്ലാവരും അമ്മായിഅച്ഛനെ തേടി തടാകക്കരയിലേക്ക്  വച്ച് പിടിച്ചു.

ഉപസംഹാരം:
എനിക്ക് മനസ്സിലാവാത്തത്, ഞങ്ങളെ കണ്ടാൽ, ഞങ്ങൾ മതം മാറുവാനോ മറ്റോ അതീവ തല്പരരാണെന്നോ മറ്റോ തോന്നുമോ എന്നുള്ളതാണ്. ഇവരെന്തിന് ആളുകളെ മതം മാറ്റാൻ നടക്കുന്നു? നാളെ, എന്റെ ഇന്നത്തെ ചിന്തകളൊക്കെ തെറ്റാണെന്നും, നന്നായി ജീവിക്കാൻ ഒരു മതം ആവശ്യമാണെന്നും ആ മതത്തിലെ ദൈവം മാത്രമാണ് ശരിയായ ദൈവമെന്നും  മറ്റും എനിക്ക് തോന്നിയാൽ, അന്ന് ഞാൻ സ്വയം എടുക്കേണ്ട തീരുമാനമല്ലേ അത്? ഓരോരുത്തരും എല്ലാം അറിയട്ടെ. എല്ലാ മതങ്ങളെപ്പറ്റിയും അറിയട്ടെ. മതമേലദ്ധ്യക്ഷൻമാരെപ്പറ്റി അറിയട്ടെ. രാഷ്ട്രീയക്കാർ അവരുടെ അണികളെ ഉണ്ടാക്കുന്നത് പോലെ ഭക്തരെ ഉണ്ടാക്കി ജീവിക്കുന്നവരെപ്പറ്റി അറിയട്ടെ. ആചാരങ്ങളിലെ പൊള്ളത്തരങ്ങളെ കുറിച്ചറിയട്ടെ.

അവനവന്റെ വീട്ടിൽ പ്രാർത്ഥനയൊക്കെ കൊള്ളാം. പക്ഷേ അതിന് പിന്നിലെ ആകർഷണ ചേതോവികാരമാണ് മനസ്സിലാവാത്തത്.  ദൈവം ഉണ്ടെന്ന് കരുതുന്നത് ഉത്തരം കിട്ടാത്ത പല വിടവുകളും അടയ്ക്കാനുള്ള അതിവേഗപരിഹാരമാണ്. മിഥ്യയായ ദൈവത്തെ ഓരോരുത്തരും അവരവരുടേത് മാത്രമാണെന്ന്  പറഞ്ഞ് നടക്കുന്നതിലെ യുക്തി എന്താണ്? വിശ്വാസിയായ ഒരാൾ, അവന്റെ മകനെ മാർക്കില്ലെങ്കിലും വിദേശത്തയച്ച് പഠിപ്പിക്കുമ്പോൾ, നല്ലവണ്ണം പഠിക്കുന്ന ദരിദ്രനായ അവന്റെ അയൽവാസിക്കുട്ടിയെ കാണാതെ പോകുമ്പോൾ, ഏത് ദൈവമാണ് പ്രസാദിക്കുക? പുരോഹിതന്മാർക്കും ആൾദൈവങ്ങൾക്കും കോടികളുടെ സ്വത്തും ആർഭാട ജീവിതവും എന്തിനാണ്? പാവങ്ങൾക്ക് വസിക്കുവാൻ ഒരു കൂര പോലുമില്ലാത്തപ്പോൾ, കോടികൾ മുടക്കി ഇല്ലാത്ത ദൈവങ്ങൾക്ക് ആലയങ്ങൾ പണിയുന്നതെന്തിനാണ്?

ക്രിസ്തുമതം മിഷനറി പ്രവർത്തനത്തിലൂടെ സാമ്രാജ്യങ്ങളുണ്ടാക്കിയപ്പോൾ ഇസ്ലാം മതം യുദ്ധങ്ങളിലൂടെ സാമ്രാജ്യങ്ങളുണ്ടാക്കി. പതിനാറാം നൂറ്റാണ്ടിലെ reformation movement ലൂടെ ക്രിസ്തുമതം കുറച്ചെങ്കിലും ശാസ്ത്രത്തോടടുത്തെങ്കിലും ഇന്നും പുരാതന ഗോത്രനിയമങ്ങൾ നടപ്പിലാക്കുന്ന ഇസ്ലാം മതം, ഒരു renovation ന് പാത്രമാകുന്നത്, പ്രവാചകനായ മുഹമ്മദ്‌ നബി അവസാന പ്രവാചകനാകുന്നതിലൂടെ ഇല്ലാതാവുകയാണ്. അദ്വൈതവും വസുദൈവ കുടുംബകവും മറ്റുമാണ് പ്രമാണങ്ങളെങ്കിലും, 'ഹിന്ദു'മതത്തിൽ (ഭാരതീയ ആചാരങ്ങളിൽ) ഇനിയും എത്രയോ പുരോഗമനപരമായ മാറ്റങ്ങൾ ആവശ്യമായിട്ടുണ്ട്. വീണ്ടുമൊരു നവോത്ഥാനത്തിന്, വിവേകാനന്ദനെ പോലെയുള്ള ആളുകൾ ഇനിയും ഭാരതത്തിൽ ജനിക്കേണ്ടിയിരിക്കുന്നു. രാജഭരണം പോയി ജനായത്തഭരണം വന്നത് പോലെ, ഇന്നത്തെ മതങ്ങളെ മുഴുവൻ പൊളിച്ചെഴുതി, ആഗോളതലത്തിൽ, മാനുഷിക തലത്തിൽ മാത്രമുള്ള ഒരു ജനായത്ത സംവിധാനം ഉണ്ടാകട്ടെ.

എല്ലാ മനുഷ്യരുടെയും ഘടന ഒന്ന് തന്നെയാണ്. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോഴാണ്, അല്ലെങ്കിൽ ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് ചോദ്യം ചോദിച്ചയാളിന്റെ 'ഘടന' മതത്തിന്റെ പേരിൽ മാറ്റുന്നത്.  മതം മാറ്റുന്നതിന് പകരം മനുഷ്യരെ നന്നാക്കാൻ മാത്രം ശ്രമിക്കുക. തെറ്റുകളെ ചൂണ്ടിക്കാണിക്കാനെങ്കിലും മനുഷ്യർക്ക് അനുവാദം നല്കുക. ഏത് മതമായാലും, പെറ്റുകൂട്ടിയും ആളുകളെ പ്രലോഭിപ്പിച്ചും മതം വളർത്താതിരിക്കുക. മതം മാറ്റാൻ ശ്രമിച്ച് സ്വയം അപമാനിതരാകാതിരിക്കാൻ ശ്രമിക്കുക. മതത്തെ ഉപയോഗിച്ച് ജീവിക്കാതിരിക്കുക. ജാതിമതവികാരങ്ങളില്ലാതെ മാനവികത മാത്രം തുളുമ്പുന്ന മാനവപാരമ്പര്യം ഉണ്ടാവുമെന്ന അത്യാഗ്രഹമൊന്നുമില്ലെങ്കിലും അങ്ങനെ ആഗ്രഹിച്ചെങ്കിലും എനിക്കീ ജന്മം മുന്നോട്ട് തള്ളണം !!

വയലാറിനെ ഓർക്കാം:
"മനുഷ്യൻ മതങ്ങളെ സൃഷിടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
ഈ മണ്ണ് പങ്ക് വച്ചൂ....."

***

4 അഭിപ്രായങ്ങൾ:

  1. Facebook Comments:

    Rejive Joseph അടിപൊളി. വെറുതെയല്ല എന്നെ വേണുവിന്റെ വീട്ടിൽ കേറ്റാത്തത്‌ അല്ലേ.....

    Venugopalan Kokkodan Rejive Joseph, അയ്യോ അങ്ങനെയൊന്നും പറയല്ലേ... ആരെയും ഒന്നിനെയും അടച്ചാക്ഷേപിച്ചതല്ല...😄 ചില പ്രത്യേക സാഹചര്യങ്ങളിൽ പുറത്ത് പറയേണ്ടി വന്നെന്ന് മാത്രം.
    എനിക്ക് ചുറ്റും ഞാനറിയാതെ ആരോ തീർത്ത അദൃശ്യ മതിലുകൾ ഞാൻ ഇടിച്ച് കളഞ്ഞിട്ടുണ്ട്. ഇനി വീട്ടിലേക്ക് വരാം 😃

    Rejive Joseph Venugopalan Kokkodan ദാ... അപ്പോഴേക്കും കൊറോണ പുതിയ മതിൽ തീർത്തു. വേണൂ എഴുതിയത്‌ തീർത്തും ശരിയാണു. രസകരമായ സംഭവങ്ങൾ. എന്നേയും ചിലർ "convert" ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്‌.

    Venugopalan Kokkodan Rejive Joseph, കടുവയെ പിടിക്കാൻ നടക്കുന്ന കിടുവകളോ ? 🤔😃

    Rejive Joseph Jobin Kuruvilla Correct. എന്തൊക്കെയാണൂ miss ചെയ്തത്‌ എന്ന് ഇപ്പോഴും ആ പാവത്തിനു മനസിലായിട്ടില്ല. 4 ചാൻസ്‌ ആണു മിസ്‌ ആക്കിയത്‌.

    Venugopalan Kokkodan Jobin Kuruvilla, ആ ഓട്ടം ഇന്നും മറക്കാൻ പറ്റില്ല... അബദ്ധം പറ്റിയിട്ട് നെടുമുടി സ്വതവേ ചെയുന്ന സ്റ്റൈൽ ! 😜

    Rejive Joseph എന്നാലും Bowie യിൽ താമസിക്കുന്ന Trichur കാരൻ ആരാണു. 🤔

    Venugopalan Kokkodan Rejive Joseph, അന്ന് അപ്പാർമെന്റിൽ ആയിരുന്നു. ഞാൻ ഇതുവരെ അവരുടെ വീട്ടിൽ പോയിട്ടില്ല. തോമസ് ചേട്ടന്റെ മകന്റെ പേരും ഓർക്കുന്നില്ല. അമ്മായി അച്ഛൻ വഴിയുള്ള ബന്ധം മാത്രം. അതിങ്ങനെയും ആയി!

    Rejive Joseph വേണുവിനെ കാണുമ്പോൾ മുഖം തിരിച്ച്‌ നടക്കുന്ന അച്ചായൻ മാരുടെ ഒരു ലിസ്റ്റ്‌ എടുക്ക്‌. 😀

    മറുപടിഇല്ലാതാക്കൂ
  2. Facebook Comments:
    Saju Kumar Why does they feel Venu is right candidate for the process, surely Venu you need to think seriously on that 😁

    Venugopalan Kokkodan Saju Kumar, ചെറുപ്പത്തിൽ കശുമാവിൻ തോട്ടത്തിലും കാട്ട് പറമ്പുകളിലുമൊക്കെ പശുവിനെ മേയ്ക്കാനും കൃഷിപ്പണിക്കും മറ്റും പോയാൽ, വേറാരൊക്കെ കൂടെയുണ്ടായിരുന്നാലും എന്നെ മാത്രമേ കൊതുകുകൾ സ്നേഹത്തോടെ ശരീരത്തിൽ ഉമ്മ വെക്കാൻ വരാറുണ്ടായിരുന്നുള്ളൂ... 😜😃

    Saju Kumar
    🤓😂😝

    മറുപടിഇല്ലാതാക്കൂ
  3. Facebook Comments:
    Prasanth Karayi വളരെ നന്നായിട്ടുണ്ട്..ഒരാളുടെ മതം മാറ്റിയാൽ മറ്റയാൾക്കു എന്താണ് മെച്ചം എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.പലപ്പോഴും മതം മാറി പോയ ആളുകൾ കടുത്ത വിശ്വാസിയും വർഗീയ വാദിയും ആവാറുണ്ട്..പല മതങ്ങളും അത് ജനിച്ച സ്ഥലത്തു തന്നെ നിൽക്കുകയാണ്.ഇസ്ലാം മതത്തെ സംബന്ധിച്ച് ഇനി കാലഘട്ടത്തിനനുസരിച്ചുള്ള ഒരു കൂട്ടിച്ചേർക്കലുകൾ സാധ്യമല്ല.കാലഘട്ടത്തിനസരിച്ചുള്ള മാറ്റം ആ മതത്തിൽ വന്നിട്ടുണ്ടോ എന്ന് സംശയം ആണ് .വിശ്വാസി ആയാലും ഹിന്ദു അല്ലെങ്കിലും ഹിന്ദു അമ്പലത്തിൽ പോയാലും ഹിന്ദു അല്ലെങ്കിലും ഹിന്ദു എന്ന നിലപാടിൽ നിന്നും ഹിന്ദു മതം ഒത്തിരി പിന്നിലോട്ട് പോയി.അതിൽ ഗ്വാ ഗ്വാ വിളികൾ മാത്രം.ജയ് ശ്രീറാം വിളിച്ചാൽ എന്ത് പോക്രിത്തരവും ആവാം എന്നുള്ള നിലയിലേക്ക് അധഃപതിച്ചു.ക്രിസ്തുമതം എന്റെ അറിവ് വച്ച് ഈ തരത്തിൽ ഉള്ള fanatic mentality കാണിക്കാറില്ല..ഈ അമിത മത വിശ്വാസം ഒഴിച്ചാൽ കാലഘട്ടത്തിന്റെ മാറ്റങ്ങൾ കുറെ ഒക്കെ ഇത് ഉൾക്കൊള്ളുന്നുണ്ട് . അത് ചെയ്യുന്നത് ഒരു പ്രവർത്തനം മതം മാറ്റം ആണ്..മറ്റുള്ള സ്ഥലങ്ങളിൽ വ്യത്യാസം ഉണ്ടാവാം.ഒരു scientific temper ഉള്ള സമൂഹം എപ്പോൾ ആണ് ഉണ്ടാവുക എന്നത് ഒരു വലിയ ചോദ്യം ആണ്..

    Venugopalan Kokkodan Prasanth Karayi, വളരെ ശരിയാണ്. കാലത്തിനൊത്ത് പരിഷ്കരിക്കാത്തതാണ് മതങ്ങളുടെ വലിയ പോരായ്മ.. ‘ഹിന്ദു’ മതം ഒരു മറ്റ് സെമിറ്റിക് മതങ്ങളുടേത് പോലെ ഗൗരവമായ ചട്ടക്കൂടുള്ള ചട്ടക്കൂടുള്ള ഒന്നല്ല. എന്റെയൊക്കെ ചെറുപ്പത്തിൽ ഞാനൊക്കെ അനുഭവിച്ച ഒരു സ്വാതന്ത്ര്യം പതുക്കെപ്പതുക്കെ ചില ചട്ടക്കൂടുകളിലേക്ക് ഒതുക്കാനുള്ള ശ്രമങ്ങൾ കൊണ്ട് ഇന്ന് നഷ്ടമാകുന്നുണ്ട്. ഇസ്‌ലാം തീർച്ചയായും പുരോഗമിക്കുന്നേയില്ല. ക്രിസ്തുമതം പഴയ ഒരു കാലഘട്ടത്തിന് ശേഷം, ഈയടുത്തകാലത്ത് ശാസ്ത്രവിമുഖത കാര്യമായൊന്നും കാണിക്കുന്നില്ല.
    എന്നിരുന്നാലും ദൈവമെങ്ങനെയാണ് പല നാടുകളിലായ് തീർത്തും വ്യത്യസ്തമായ കാര്യങ്ങൾ പല പല പ്രവാചകരിലൂടെയും പറയുന്നത്? ഒരേപോലെയാണ് എല്ലാവരോടും പറഞ്ഞിരുന്നതെങ്കിൽ ഒരു മതമേ ഉണ്ടാകുമായിരുന്നുള്ളൂ... ഇതിപ്പോ എന്റെ കള്ള് കുടിയൻ അമ്മാവൻ പണ്ട് പറഞ്ഞതുപോലെയാ കാര്യങ്ങൾ.... ഇന്ത്യയിൽ എന്താണോ ദൈവം പറഞ്ഞത്, അതിന് വിപരീതമായി അറേബിയയിൽ പറഞ്ഞു... അതിൽ നിന്നും വിഭിന്നമായി ഇസ്രായേലിൽ പറഞ്ഞു... ദൈവത്തിനു തന്നെ നിശ്ചയമില്ല താനെന്താണ് പറയുന്നതെന്ന് !

    മറുപടിഇല്ലാതാക്കൂ
  4. Facebook Comments:
    Francis Kunnumpuram Bore !
    Venugopalan Kokkodan Francis Kunnumpuram, ദയവായി ക്ഷമിക്കുക !

    മറുപടിഇല്ലാതാക്കൂ