(Picture Source: Google)
സിംഹം മടയിൽ നിന്ന് ഇരതേടിയിറങ്ങുന്നത് പോലെ, ഭക്ഷണ സാമഗ്രികൾ വാങ്ങാൻ പതുക്കെ ഇന്ന് പുറത്തിറങ്ങി. Social Distancing ന്റെ കാലമാണല്ലോ. പെരുമഴക്കാലം എന്നൊക്കെ പറയുംപോലെ ഒരു കൊറോണാക്കാലം ! ആരും കാര്യമായി പുറത്തിറങ്ങുന്നില്ല, നിരത്തുകളിൽ വണ്ടികൾ തീരെ കുറവ്, മാളുകൾ അടച്ചിരിട്ടിരിക്കുന്നു, റെസ്റ്റാറന്റുകൾ മിക്കതും നിശ്ചലം. കൊറോണയെ പേടിച്ച് ആരും പുറത്തിറങ്ങുന്നില്ല. അതുകൊണ്ട് കുടുംബത്തെ കൂട്ടാൻ ഒരു തരത്തിലും പറ്റില്ല. സിംഹക്കുട്ടികൾ വീട്ടിലിരുന്ന് മാത്രമാണ് കളി. അതുകൊണ്ട് തന്നെ വീട്ടിൽ മുരൾച്ച പതിവിലധികം കൂടുതലാണ്. ഒരാഴ്‌ച മുന്നേ രണ്ടാഴ്ചത്തേക്ക് വേണ്ടി ഇരതേടിക്കൊണ്ടുവന്ന സാധങ്ങൾ മിക്കതും, സിംഹക്കുട്ടികൾ വീട്ടിൽ നിന്ന് തന്നെ മോങ്ങിക്കളിക്കുന്നതിനാൽ, ഒരാഴ്ച കൊണ്ട് തന്നെ തീർന്നുപോയി. അതുകൊണ്ട് സിംഹിണിക്കും കുട്ടികൾക്കും വേണ്ടി വീണ്ടും ഭക്ഷണം തേടി ഇറങ്ങിയതാണ്. പ്രതികൂല സാഹചര്യത്തിൽ, എല്ലാവരും ഒരുമിച്ച് ഇരതേടാൻ ഇറങ്ങേണ്ടെന്ന് തീരുമാനിച്ചതിനാലാണ്, കുടുംബനാഥൻ എന്ന നിലയിൽ എനിക്ക് ഈ നറുക്ക് വീണത്. എന്നെ കൊറോണ ചുംബിക്കുന്നതിൽ സ്വന്തം സിംഹിണിക്ക് പോലും പരിഭവമുണ്ടെന്ന് തോന്നിയില്ല, ആദ്യമായിട്ടാണ് അവളിങ്ങനെ. വിശപ്പിന്റെ വിളിയുടെ ശക്തി കൂടി നിൽക്കുന്ന സമയത്ത് സദാചാരങ്ങൾക്ക് വലിയ വിലയില്ലെന്നല്ലേ കഴിഞ്ഞ കാലങ്ങൾ പറഞ്ഞ് തന്നത്. ആയതിനാൽ, എന്തെങ്കിലും ഭക്ഷണ സാധനം പരതിപ്പിടിച്ച്, തിരിച്ച് വീട്ടിൽ കയറുമ്പോൾ ചില ചിട്ടകൾ നിർദ്ദേശിച്ചിട്ടുണ്ട്, അത് പാലിച്ചാൽ മാത്രം മതി.
ഒരു വലിയ പഞ്ഞക്കാലമാണ് വരുന്നതെന്ന രീതിയിൽ ആളുകൾ, മിക്ക ഭക്ഷണ സാധനങ്ങളും വാങ്ങിക്കൂട്ടിയിരിക്കുന്നതിനാൽ, ഗ്രോസറി സ്റ്റോറുകളിൽ മിക്ക ഷെൽഫുകളും പൂർണ്ണമായും കാലി. ബാക്കിയുള്ള പച്ചക്കറികൾക്കും പരിപ്പുകൾക്കും ഇരട്ടിയോ അതിൽ കൂടുതലോ വില. സ്റ്റോറുകളിൽ വന്ന ആളുകൾ, ഗ്ലൗസും, ചിലയാളുകൾ മാസ്കുകളും ഇട്ടിട്ടുണ്ട്. അവരോട് ഇടിച്ച് നിൽക്കാൻ, ഞാനും കൈകളിൽ ഗ്ലൗസ് ഇട്ടിരുന്നു. വന്നവർ വന്നവർ പരക്കം പായുകയാണ്. പേപ്പർ ഉൽപ്പന്നങ്ങൾ, സാനിറ്ററി ഉൽപ്പന്നങ്ങൾ, പാൽ, മുട്ട, ബ്രെഡ്, ഇത്യാദി നിത്യോപയോഗ സാധനങ്ങൾ ഞാൻ കയറിയ മൂന്ന് കടകളിലും കണ്ടില്ല. ഞങ്ങൾ മാത്രം ജീവിച്ചാൽ മതിയെന്ന ധാരണയിൽ, പല സാധനങ്ങളും മറ്റ് സിംഹങ്ങൾ അപ്പഴേക്കും കടത്തിക്കഴിഞ്ഞിരുന്നു. എങ്ങനെയൊക്കെയോ ഒരാഴ്ചത്തേക്ക് കുശാലായി കഴിയാൻ, കുറച്ച് പച്ചക്കറികളും പഴങ്ങളും (ഗതികെട്ടാൽ പുലി പുല്ലും തിന്നുമെന്നല്ലേ ചൊല്ല്!) Tinned Items ഉം മീനും മറ്റും വാങ്ങി ഞാൻ വീട്ടിലെത്തി. പ്രത്യേക ട്രീറ്റ്മെന്റിന് ശേഷം എന്നെയും സാധനങ്ങളെയും ഉള്ളിലേക്ക് കടത്തിവിട്ടു. കൊറോണയും ഞാനും ഒരുമിച്ച് ശയിച്ചെന്ന സംശയത്തിൽ, ഞാനിട്ടിരുന്ന വസ്ത്രങ്ങൾ നേരെ അലക്ക് യന്ത്രത്തിലേക്ക് എടുത്തെറിഞ്ഞ് കുളിച്ച് മാത്രം അടുത്ത് പെരുമാറിയാൽ മതിയെന്ന പുതിയ നിയമത്തിനും ഞാനിന്നിരയായി.
എന്റെ തൊട്ട് മുൻ തലമുറ പോലും അഭിമുഖീകരിക്കാത്ത ഒരുതരം പ്രത്യേക സാഹചര്യത്തിലൂടെയാണ് നമ്മളുടെ ഇന്നത്തെ പോക്ക്. അതുകൊണ്ട്, കുളിച്ച് വന്നതിന് ശേഷം, ഈ പ്രത്യേക സാഹചര്യം വിലയിരുത്താൻ ഞങ്ങൾ തീന്മേശക്ക് ചുറ്റും ഒരു മീറ്റിങ് കൂടി. പ്ലേഗ് മഹാമാരിയും വസൂരി മഹാമാരിയും മറ്റും ലോകത്തിനുണ്ടാക്കിയ മാറ്റങ്ങളും അറിവുകളും ചർച്ചക്കെടുത്ത് മീറ്റിങ് ആരംഭിച്ചു. ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ അറിവുണ്ടോയെന്ന് പരിശോധിക്കണമല്ലോ. അല്ലെങ്കിൽ ഒരാഴ്ചത്തേക്ക് വാങ്ങിയ സാധനങ്ങൾ രണ്ട് ദിവസങ്ങൾ കൊണ്ട് സിംഹക്കുട്ടികൾ കളിച്ച് ചിരിച്ച് തീർത്തുകളഞ്ഞാൽ വീണ്ടും ഞാൻ ജടയും തടവി പുറത്തിറങ്ങേണ്ടി വരില്ലേ? അന്നും സിംഹിണിയും കുഞ്ഞുങ്ങളും എനിക്ക് കൂട്ട് വരില്ലല്ലോ. മാത്രവുമല്ല, ഇരതേടി പുറത്തിറങ്ങിയാലും ഇര കിട്ടുമെന്ന ഉറപ്പുമില്ലല്ലോ. ഇരതേടലിനിടയിൽ മറ്റ് സിംഹങ്ങൾ ആക്രമിച്ചെന്നും വരാം. അതുകൊണ്ട്, ഇത്തരം സാഹചര്യങ്ങളിൽ സിംഹക്കുട്ടികൾ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാൻ പറ്റിയ സമയമല്ലേ. ലാവിഷ് ലോകത്ത് മാത്രം ജീവിച്ച് ശീലിച്ച മാർജ്ജാരശിശുക്കൾ സാഹചര്യത്തിന്റെ സമ്മർദ്ദങ്ങൾ മനസ്സിലാക്കണമല്ലോ.
ചുരുങ്ങി ജീവിക്കേണ്ട സാഹചര്യത്തിൽ എങ്ങനെ ചുരുങ്ങി ജീവിക്കാമെന്ന് എന്റെ ബാല്യകാലത്തിന്റെ സാഹചര്യങ്ങൾ വിശദീകരിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ഒരു ശ്രമം നടത്തി. ദൈവങ്ങളും ദൈവങ്ങളുടെ ഇടനിലക്കാരും, ഈ കലികാലത്ത് പ്രവർത്തനം നിർത്തിയെന്നത് വിശദീകരിക്കാൻ കുറച്ച് സമയമെടുത്തു. കുട്ടികളുടെ ചോദ്യങ്ങൾ പലതും മീറ്റിങ്ങിന്റെ അജണ്ടക്ക് പുറത്തായിരുന്നതിനാൽ എനിക്ക് കൂടുതൽ ഗർജ്ജിക്കേണ്ടി വരുമോ എന്ന് ഞാൻ ഭയന്നു. എന്നാലും , സിംഹിണി തഞ്ചത്തിന് തഞ്ചത്തിന് ഇടപെട്ട് രംഗം ശാന്തമാക്കിക്കൊണ്ടിരുന്നു. ചുരുങ്ങിയ റിസോഴ്സുകൾ കൊണ്ട് കൂടുതൽക്കാലം എങ്ങനെ ഉപയോഗിക്കാമെന്ന ചർച്ചയിൽ ടോയ്‌ലറ്റ് പേപ്പറെടുത്തും എടുക്കാതെയും എങ്ങനെ കാര്യങ്ങൾ ചെയ്യാമെന്നതിന്റെ പ്രാക്ടിക്കൽ നടത്തിക്കാണിക്കേണ്ടി വന്നു. പണത്തിന്റെ യഥാർത്ഥ വില മനസ്സിലാക്കാൻ ചില മുത്തശ്ശിക്കഥകൾ പറയേണ്ടി വന്നു. ഒരു മാസം കൂടി സാഹചര്യം ഇത് പോലെ നിലനിന്നാൽ ജോലിയടക്കം ഇല്ലാതാകുന്ന അവസ്ഥയെക്കുറിച്ചും വീട് പോലും നഷ്ടമാകുന്ന അവസ്ഥയുണ്ടാകാമെന്നതിനെക്കുറിച്ചും പണമുണ്ടായിട്ടും കടകളിൽ ഭക്ഷണസാധനം കിട്ടാത്ത അവസ്ഥയുണ്ടായാൽ പട്ടിണി കിടക്കേണ്ടി വരുമെന്നതിനെക്കുറിച്ചും പറഞ്ഞപ്പോൾ, സിംഹക്കുട്ടികൾ വെറും കഴുതക്കുട്ടികളാണെന്ന ഭാവത്തിൽ വീര്യം തീരെ നഷ്ടപ്പെട്ട് കരയാൻ തുടങ്ങി. അപ്പോഴാണ് ശരിക്കും എനിക്ക് ഒന്നാശ്വസിക്കാൻ കഴിഞ്ഞത്, മീറ്റിങ് successful ആയല്ലോ. ചുരുങ്ങിയത് കാര്യത്തിന്റെ ഗൗരവം സിംഹക്കുട്ടികൾ, മീശ വിറച്ചെങ്കിലും മനസ്സിലാക്കിയല്ലോ, അത് മതി, അത് മാത്രം മതി. സിംഹമായാലും കഴുതയായാലും എല്ലാ സാഹചര്യങ്ങളിലും ജീവിക്കാൻ പഠിക്കണം; അങ്ങനെ പഠിച്ചെങ്കിലേ മുന്നോട്ട് പോവാൻ പറ്റുള്ളൂ... അല്ലെങ്കിൽ ഇങ്ങനെയൊരു സാഹചര്യം കുഞ്ഞുങ്ങൾക്ക് ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവന്നാൽ, ചിലപ്പോൾ കയറുകൾ അന്വേഷിച്ച് നടന്നെന്ന് വരും !
വാലറ്റം: നാട്ടിലായിരുന്നെങ്കിൽ, ഇത്തരം സാഹചര്യങ്ങളിൽ, ചക്കയായും മാങ്ങയായും ചേനയായും, ചുരുങ്ങിയത് കാട്ട് കിഴങ്ങായെങ്കിലും ഭക്ഷണത്തിന് പഞ്ഞമില്ലാതെ ജീവിക്കാൻ പറ്റിയേനെ. മോർട്ഗേജ് അടക്കേണ്ട ടെൻഷൻ ഇല്ലാതെ കിടന്നുറങ്ങാൻ പറ്റിയേനേ.... എന്നിട്ടും സിംഹത്തിനുണ്ടോ മാനിറച്ചിയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് എന്തെങ്കിലും കുറവ്....
***
Facebook Comments:
മറുപടിഇല്ലാതാക്കൂAnaz Cm നമ്മുക്ക് പുറത്തു പോകാൻ പരിമിതി ഉള്ളത് കൊണ്ട് ഇദൊക്കെ ആയിരിക്കയും നേരംപോക്ക്.
Venugopalan Kokkodan Anaz Cm, അതെയതെ... നേരമ്പോക്കിലിടക്ക് കാര്യം കാണാൻ കഴിഞ്ഞില്ലെങ്കിൽ പിള്ളേര് നമ്മുടെ തല തന്നെ കാർന്ന് തിന്നുകളയും !😊
Rejeesh Nair Malayath Ethrakalam ?
Venugopalan Kokkodan Rejeesh Nair Malayath, ഈ സംഘർഷകാലം നീളാതിരുന്നാൽ മതിയായിരുന്നു. അല്ലെങ്കിൽ ഞാൻ പരാമർശിച്ച കാര്യങ്ങളൊക്കെ, കാലം തന്നെ കുട്ടികളെ പഠിപ്പിക്കും 😄
Whatsapp Comment:
മറുപടിഇല്ലാതാക്കൂSaju Kumar: സിംഹകുട്ടികൾ ഈ ബ്ലൊഗ് വായിക്കാൻ ഇടയില്ലെ ?😁
Venugopalan Kokkodan: അവരിപ്പോ മാനസിക സംഘർഷത്തിലാണ്. വീട്ടിൽ റേഷൻ സമ്പ്രദായം ആരംഭിച്ചതിനാൽ രാത്രി മോഷണശ്രമങ്ങളുണ്ടാകുമോ എന്നാണെന്റെ പേടി. 😂അവർക്ക് വാട്സാപ്പും ഫേസ്‌ബുക്കും സർവ്വോപരി എന്റെ ബ്ലോഗ് ലിങ്കും ഇല്ലാത്തതിനാൽ സ്വപ്നത്തിൽപ്പോലും വായിച്ചുകളയുമെന്ന പേടിയില്ല 😄
Sreenaja: 👍👍 😀
Same situation here.