Corona എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Corona എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 ഡിസംബർ 13, ഞായറാഴ്‌ച

നന്ദി പ്രകാശനം - At WMC DC Chapters Covid event

(കോവിഡ് എന്ന മഹാമാരിലോകത്താകമാനം താണ്ഡവമാടുന്ന സമയത്ത്, ആ മഹാമാരിയുണ്ടാക്കുന്ന മാനസിക ശാരീരിക സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനെക്കുറിച്ച് പ്രമുഖ ഭിഷഗ്വരന്മാരിലൂടെ മാലോകരോട് സംവദിക്കാൻ വേൾഡ് മലയാളി കൗൺസിൽ വാഷിംഗ്ടൺ ഡിസി ചാപ്റ്റർ ഒരുക്കിയ Educate & Empower, Stay Physically Fit and Mentally Healthy During The Pandemic ചടങ്ങാണ് പശ്ചാത്തലം)

ഈ ചടങ്ങിൽ നന്ദി പ്രകാശനം എന്ന കടമ നിർവ്വഹിക്കാൻ കിട്ടിയ ഭാഗ്യത്തിന് വളരെ നന്ദി ! സാമൂഹ്യജീവനത്തിന്റെ ഇന്നത്തെ ഭീതിദമായ അവസ്ഥക്ക് ഔഷധമാകുന്ന രീതിയിൽ വളരെ വിജ്ഞാനപ്രദമായ അറിവുകൾ പകരുന്നതായിരുന്നു ഇന്നത്തെ Educate & Empower, Stay Physically Fit and Mentally Healthy During The Pandemic എന്ന ചടങ്ങിലൂടെ വേൾഡ് മലയാളി കൗൺസിൽ മലയാളികൾക്കായി സമർപ്പിച്ചത്. കോവിഡ് എന്ന സാംക്രമികരോഗത്തിന്റെ പടർച്ചയിൽ, തകർച്ചയില്ലാതെ, ഒട്ടും പകച്ച് പോകാതെ പിടിച്ച് നിൽക്കാൻ, ഓരോരുത്തരുടെയും മനസ്സിനെ പ്രാപ്തമാക്കാൻ ഇന്നത്തെ ഈ പരിപാടി നമ്മളെല്ലാവരെയും സഹായിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. 

ഇന്നത്തെ ഈ ചടങ്ങിന് മുഖ്യാതിഥിയായി വന്ന് മുഖ്യഭാഷണം നടത്തിയ ഡോക്ടർ എസ് എസ് ലാലിന് ഈയവസരത്തിൽ WMC DC Chapter ന്റെ പേരിൽ നമ്മുടെ എല്ലാവരുടെയും നന്ദി അറിയിക്കുന്നു. ഡോക്ടർ ലാൽ, എനിക്ക് വളരെ വ്യക്തിപരമായി അറിയുന്നയാളാണ്. സമൂഹമാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും ആരോഗ്യമേഖലയിലെ അറിവുകൾ, അനുഭവ കഥകളിലൂടെ പറഞ്ഞ് നമ്മെ നിരന്തരം ചിന്തിപ്പിക്കുന്ന വ്യക്തിയാണ് എഴുത്തുകാരൻ കൂടിയായ പ്രിയപ്പെട്ട ഡോക്ടർ ലാൽ.

കോവിഡിന്റെ കരാള ഹസ്തങ്ങളിൽ നിന്ന് വഴുതി നടക്കാനും, അഥവാ കോവിഡിന്റെ പിടുത്തത്തിൽ അകപ്പെട്ടുപോയാൽ, അതിനെ കബളിപ്പിച്ച് രക്ഷപ്പെട്ട് വരാൻ, നമ്മുടെ മാനസിക-ശാരീരിക മുന്നൊരുക്കത്തിന് ഉതകുന്ന മൂലമന്ത്രങ്ങൾ നമുക്ക് നൽകിയ ഡോക്ടർ ഹനീഷ് ബാബുവിനും, ഡോക്ടർ നിഷാ നിജിലിനും, ഡോക്ടർ വിഷ്ണു നമ്പൂതിരിക്കും WMC DC Chapter ന്റെ അകൈതവമായ നന്ദി. നിങ്ങളുടെ പ്രഭാഷണങ്ങൾ തീർച്ചയായും ഇന്നത്തെ ചടങ്ങിനെ വളരെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് നമ്മുടെ മനസ്സിനെ കൂടുതൽ കരുത്തുറ്റതാക്കാൻ നിങ്ങളുടെ ഭാഷണങ്ങൾ തീർച്ചയായും ഉപകരിക്കും.

കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ച് 'രണ്ട് മുഖങ്ങൾ' എന്ന ഹ്രസ്വചിത്രം ഒരുക്കി, ആ മഹാമാരി സമൂഹത്തിനേൽപ്പിച്ച ആഘാതത്തെക്കുറിച്ചും അതിനെ സമൂഹം എങ്ങനെ നേരിടണമെന്ന സന്ദേശവും, വളരെ വസ്തുതാപരമായ ദൃശ്യവിസ്മയത്തിലൂടെ നമുക്ക് നൽകിയ ശ്രീമാൻ ജേക്കബ് പൗലോസിനും ശ്രീമാൻ ലെൻജി ജേക്കബ്ബിനും ശ്രീമതി ലീല ജേക്കബ്ബിനും  ഞങ്ങളുടെ പ്രത്യേകം നന്ദി. ചിന്തിപ്പിക്കുന്ന ഈ ദൃശ്യവിസ്മയം ഒരുക്കാനെടുത്ത മനസ്സിനും പ്രയത്നത്തിനും അഭിനന്ദനങ്ങൾ.

നിർഭാഗ്യവശാൽ, കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ വീണുപോയെങ്കിലും, അതിനോട് മാനസികമായും ശാരീരികമായും പടപൊരുതി, രോഗത്തിൽ നിന്നും മുക്തി നേടിയ ശേഷം, അവരുടെ അനുഭവങ്ങൾ നമ്മോട് പങ്ക് വച്ച ബാൾട്ടിമോർകാരിയായ ഷൈനി അഗസ്റ്റിനും ഡിസി സ്വദേശികളായ ശ്രീ ശ്യാം മേനോനും  ശ്രീ ടൈസൺ തോമസിനും ന്യൂയോർക്ക് സ്വദേശിയായ ശ്രീമാൻ സജിക്കും വളരെ നന്ദി. അവരുടെ മനോധൈര്യത്തിനും ആ അനുഭവങ്ങൾ നമ്മോട് പങ്ക് വച്ച് നമ്മെ കൂടുതൽ ബോധവാന്മാരാക്കിയതിനും പ്രത്യേകം നന്ദി.

ഇന്ന്, ഈ ചടങ്ങിൽ, ഉപസംഹാരഭാഷണം നടത്തിയത് ശ്രീമാൻ വിൻസൻ പാലത്തിങ്കലാണ്. ഡിസി ഏരിയായിൽ, മലയാളികളുടെ സമൂഹത്തിൽ നിന്ന് അമേരിക്കയിലെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തിലേക്കിറങ്ങിച്ചെന്ന്, നമ്മെ, ഇവിടത്തെ സാഹചര്യത്തിൽ പ്രതിനിധാനം ചെയ്യാൻ വിൻസൻ നടത്തുന്ന ശ്രമങ്ങൾ നമുക്കെല്ലാം അറിവുള്ളതാണ്. അദ്ദേഹത്തിനും പ്രത്യേകം നന്ദി.

പിന്നെ, ഈ ചടങ്ങിന് ആശംസയേകിയ WMC Global Chairman, Dr. A.V. Anoop നും നല്ല ഭാവുകങ്ങൾ നേർന്ന  WMC America Region Chair, ഡോക്ടർ ഹരി നമ്പൂതിരിക്കും, പ്രസിഡന്റ് ശ്രീമതി തങ്കം അരവിന്ദിനും പ്രത്യേകം നന്ദി.

ഒടുവിലായി, ഈ ചടങ്ങ് ഭംഗിയായി നടത്താൻ നേതൃത്വം വഹിക്കുകയും ഇന്ന് നമുക്ക് കിട്ടിയത് പോലെയുള്ള അനിവാര്യമായ അറിവുകൾ സ്വായത്തമാക്കാൻ നമുക്ക് അവസരം ഒരുക്കിയതിനും  WMC DC Chapter ന്റെ മോഹന്കുമാറും മധു നമ്പ്യാരും അടങ്ങിയ നേതൃത്വത്തിനും ഇന്നത്തെ ചടങ്ങ്, നല്ല രീതിയിൽ കോർത്തിണക്കി അവതരിപ്പിച്ച ശ്രീമതി കലാഷാഹിക്കും, പ്രാർത്ഥനാഗാനം പാടിയവർക്കും, കലാപരിപാടികൾ അവതരിപ്പിച്ച് എല്ലാവരെയും രസിപ്പിച്ചവർക്കും, പിന്നെ സർവ്വോപരി, തുടക്കം മുതൽ ഒടുക്കം വരെ, ഈ ചടങ്ങിൽ പങ്ക് കൊണ്ട് സദസ്സിനെ പ്രൗഡ്ഢമാക്കിയ എല്ലാ കാണികളായ പങ്കാളികൾക്കും ചോദ്യങ്ങൾ ചോദിച്ചവർക്കും നമ്മുടെ എല്ലാവരുടെയും പ്രത്യേകം നന്ദി.

നന്ദി പറയാൻ വേണ്ടി ഇനി ആരെയെങ്കിലും വിട്ടുപോയെങ്കിൽ ക്ഷമ ചോദിച്ച് കൊണ്ട്, അവരോടും നന്ദി പറയുന്നു! 

***

2020 സെപ്റ്റംബർ 2, ബുധനാഴ്‌ച

മഹാബലിയുടെ കൊറോണം സന്ദേശം


An Onam message, got directly from Mahabali during his visit to my home. On Mahabali's behalf, herewith, I'm presenting that message for the public :

കേരള മഹാരാജ്യത്തിലെ എന്റെ പ്രിയപ്പെട്ട പ്രജാരത്‌നങ്ങളേ... അവരുടെ സന്തതി പരമ്പരകളേ... നിങ്ങളും ഞാനും മാസ്ക് ഇട്ടിരിക്കുന്നു എന്നതൊഴിച്ചാൽ... എല്ലാ വർഷത്തേയും പോലെ ഈ വർഷവും നിങ്ങളെല്ലാവരേയും കൂടിക്കാണാൻ കഴിഞ്ഞതിൽ എന്റെയുള്ളം അത്യധികം സന്തോഷിക്കുന്നു...
എന്റെ രാജ്യത്തിന്റെ രാജ്യഭാരം നിങ്ങളെത്തന്നെ ഏല്പിച്ച് സുതലത്തിലേക്ക് പോകും നേരം, ഞാനും നിങ്ങളും തുല്യദുഃഖിതരായിരുന്നു. നിങ്ങളുടെ സന്തോഷമായിരുന്നു എന്റെയും സന്തോഷം... ദാനധർമ്മത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം, നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ ആഴത്തിൽ പതിപ്പിച്ചതിന് ശേഷമായിരുന്നു ദുഃഖത്തോടെയാണെങ്കിലും... വാമനന്റെ നിർദ്ദേശപ്രകാരം സുതലത്തിലേക്ക് ഞാൻ പോയത്... കള്ളവും ചതിവുമില്ലാത്ത ആ കാലം എല്ലാ കാലത്തും നിലനിൽക്കുമെന്ന് ഞാൻ കരുതി... പക്ഷേ കാലം കടന്ന് പോകുന്തോറും മേല്പറഞ്ഞ മൂല്യങ്ങളിൽ കുറേയേധികം സുഷിരങ്ങൾ വീണുകിടക്കുന്നത് എനിക്ക് കാണാൻ കഴിയുന്നുണ്ട്...
മൂല്യച്യുതിയുടെ കുഴപ്പം കൊണ്ടാണോ അതോ കൈയ്യിലിരിപ്പ് കൊണ്ടാണോ എന്നറിയില്ല... പ്രളയങ്ങളും സാംക്രമികരോഗങ്ങളും നിങ്ങളെ വല്ലാതെ വലയ്ക്കുന്നത് ഞാൻ കാണുന്നു. അതിന്റെ മൂർദ്ധന്യത്തിലെന്നോണം.... രാക്ഷസകുലത്തിന് തന്നെ അപമാനമായ കൊറോണ രാക്ഷസി ഇന്ന് എന്റെ ജനങ്ങളെ ഭീതിദമാം വിധം ഗ്രസിച്ചിരിക്കുന്നു... ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ഭയക്കുന്നു. ഇതിനെല്ലാം പുറമേ... നിങ്ങൾ... പ്രജകളെ വിഡ്ഢികളാക്കി... ഭംഗിയുള്ള വാഗ്ദാനങ്ങൾ നൽകി രാഷ്ട്രീയക്കാർ സ്വന്തം കീശ വീർപ്പിച്ച് നിങ്ങളെ ഭരിച്ച് മുടിക്കുന്നു... മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് നിങ്ങളെ തമ്മിൽ വേർതിരിക്കാൻ ജാതിമതക്കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നു...
ഈ ജാതിമതക്കോമരങ്ങളെയും കപടരാഷ്ട്രീയക്കാരേയും നിങ്ങളുടെ നാലയലത്ത് മാത്രമല്ല നിങ്ങളുടെ മനസ്സിലും കയറ്റില്ലെന്ന് നിങ്ങൾ ഈ ഓണത്തിന് പ്രതിജ്ഞ എടുക്കേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ താളം തെറ്റിക്കാത്ത വികസനങ്ങൾ മാത്രമേ ഇനിമുതൽ നിങ്ങൾ ചെയ്യാവൂ... സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും ദാനധർമ്മങ്ങളുടെയും പൊരുൾ ഈ ഓണം മുതൽ നിങ്ങളുടെ ജീവിതവ്രതമായിരിക്കട്ടെ. നിങ്ങളുടെ അടുത്ത തലമുറകളോരോന്നും ഈ മൂല്യങ്ങളെ വാഴ്ത്തിപ്പാടട്ടെ...
ഈ പറഞ്ഞ പ്രകാരം നിങ്ങളോരോരുത്തരും തീരുമാനമെടുത്താൽ... നിങ്ങൾ അധികകാലം ഭയപ്പെടേണ്ടതില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു. ഈ ഓണം മുതൽ പതിനൊന്ന് ഞാറ്റുവേലകൾ കഴിയുമ്പഴേക്കും കൊറോണ രാക്ഷസിയെ പിടിച്ച് കെട്ടി സുതലത്തിൽ കൊണ്ടുപോയി കഴുവിലേറ്റുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു.
ഭരണഘടനയിലെ സോഷ്യലിസത്തിന് ഉപരിയായി... മാവേലിയുടെ സോഷ്യലിസമാകട്ടെ ഇനി മുതൽ നിങ്ങളുടെ മുദ്രാവാക്യം... മാസ്ക് ഇല്ലാതെ... നമുക്ക് അടുത്ത വർഷം വീണ്ടും കാണാം... ജയ് കേരളം !
Note: This message was scripted for Mahabali's message as part of
KeralaAssociation GreaterWashington
's 2020 online Onam program called 'Onavarnangal' as requested by KAGW's entertainment head, Sunanda Gopakumar. This message was delivered by Mr Praveen Kumar who appeared as Mahabali during the Online Onam festival (In the above image).

2020 ഏപ്രിൽ 25, ശനിയാഴ്‌ച

കൊറോണയും കഴുകലുകളും

(Picture Courtesy: Google)

കൊറോണക്കാലത്ത്, പലതും കഴുകുന്നതിനെക്കുറിച്ചാണല്ലോ നാം അധികമായി കേട്ടിട്ടുള്ളത്, പ്രത്യേകിച്ചും കൈ കഴുകലുകൾ!

ശരീരത്തിനെ സംബന്ധിച്ചടുത്തോളം, പലതരം കഴുകലുകളുണ്ടല്ലോ... കാൽ കഴുകൽ, കൈ കഴുകൽ, വാ കഴുകൽ, മുഖം കഴുകൽ, ചന്തി കഴുകൽ, മൂത്രമൊഴിച്ച് കഴുകൽ, പിന്നെ എല്ലാ കഴുകലുകളും കൂടിച്ചേർന്ന തേവാരക്കുളിയും! (ചില കഴുകലുകളെ പച്ചയായി പരാമർശിച്ചത്, തെറ്റായ രീതിയിൽ എടുക്കാതിരിക്കുക!)

സത്യം പറഞ്ഞാൽ, എന്നെ സംബന്ധിച്ചടുത്തോളം, എല്ലാമല്ലെങ്കിലും, പല കഴുകലുകളും ഒരു തരം ഒപ്പീര് പരിപാടികളായിരുന്നു; കൊറോണയുടെ വരവ് വരെ. ചുരുങ്ങിയത്, കൈ എങ്ങനെ കഴുകണമെന്ന് കൃത്യമായും ശരിയായും പഠിച്ചത്, ഈ കൊറോണക്കാലത്താണ്. അല്ലെന്ന് പറഞ്ഞാൽ, അത് സ്വന്തം മനസ്സാക്ഷിക്ക് എതിരാണ്.

ചെറുപ്പത്തിൽ, ശരീരത്തിന്റെ പല ഭാഗങ്ങളും  എങ്ങനെയൊക്കെ  കഴുകണമെന്ന് പഠിപ്പിച്ച് തന്നിട്ടുണ്ടാകാമെങ്കിലും, പഠിപ്പിച്ചത് പോലെ എല്ലാം ചെയ്യുന്ന ശീലങ്ങളൊന്നും നമുക്കാർക്കുമില്ലല്ലോ. എല്ലാത്തരം കഴുകലുകളും, മറ്റാർക്കോ വേണ്ടി ചെയ്യുന്ന കഴുകലുകളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ചെറുപ്പത്തിലൊക്കെ, രാവിലെയെഴുന്നേറ്റ് പല്ല് തേച്ച് വാ കഴുകുന്നത് തന്നെ ഒരു തരം മടുപ്പുള്ള ഏർപ്പാടായിരുന്നു. ഉമിക്കരിയെടുക്കണം, അത് ഉരച്ച് പൊടിക്കണം, പിന്നെ ഈർക്കിൽ കീറി നാക്ക് വാടിക്കണം... എന്തൊക്കെ പാടാണ് ഒന്ന് പല്ലും വായും രാവിലെ വൃത്തിയായിക്കിട്ടാൻ? വെറുത്ത് പോയിരുന്നു. പല ദിവസങ്ങളിലും, ആരും കാണാതെ ഉമിക്കരി വാഴയുടെ ചുവട്ടിൽ കളഞ്ഞ്, ആരും കാണാതെ, വെറുതെ വെള്ളം കൊണ്ട് മുഖം കഴുകി രക്ഷപ്പെടാറുണ്ടായിരുന്നു. ഉമിക്കരി ഉപയോഗിച്ചാലും പല്ലിടകൾ  വൃത്തിയാവാൻ ബുദ്ധിമുട്ടായിരുന്നു. ഇടവേളകളിൽ, മാവിലയും വേപ്പിൻ തണ്ടും, തേങ്ങയുടെ കൊളുന്തും മറ്റും ഉപയോഗിക്കാറുണ്ടെങ്കിലും, ടൂത്ത് ബ്രഷ് ഉപയോഗം ഞങ്ങളുടെ ജീവിതത്തിൽ വന്നത് വളരെ വൈകിയാണ്. നാക്ക് വൃത്തിയാക്കാൻ, ടങ് ക്ളീനർ വേണ്ടാ, ബ്രഷ് തന്നെ മതി എന്നത് മനസ്സിലാക്കാൻ പിന്നെയും സമയമെടുത്തു. ടൂത്ത് പേസ്റ്റിന് പകരം പൊടിച്ച ഉമിക്കരിയും, അതിന്റെ കൂടെ ബ്രഷുമാണ് നല്ല കോമ്പിനേഷൻ എന്ന്, ഇന്നെനിക്ക് തോന്നാറുണ്ട്.

എന്റെയൊന്നും ചെറുപ്പത്തിൽ, നമുക്ക് ആധുനിക കക്കൂസോ കുളിമുറിയോ, വാഷ് ബേസിനുകളോ ഒന്നും ഉണ്ടായിരുന്നില്ല. അച്ഛാച്ഛന്റെ വീട്ടിലും അമ്മമ്മയുടെ വീട്ടിലും മാത്രം അടുക്കളയോട് ചേർന്ന് കുളിമുറിയുണ്ടായിരുന്നു. സോപ്പ് എന്നത് കുളിമുറിയിൽ മാത്രമാണ് വച്ചിരുന്നത്. പ്രത്യേകിച്ച് ഒരു ചുമരിലെ ചെങ്കല്ലിന്റെ വലുപ്പമുണ്ടായിരുന്ന ലൈഫ്ബോയ് സോപ്പ്.

വീടിന് ദൂരത്തുള്ള കുഴിക്കക്കൂസിലോ, അല്ലെങ്കിൽ വെളിമ്പറമ്പിൽ കുഴികുത്തിയോ കാര്യം സാധിച്ച് വന്നതിന് ശേഷം, കിണറ്റിൽ നിന്ന് വെള്ളം കോരി ഒരു പാട്ടയിലാക്കി, വല്ല വാഴയുടെ മറവിലോ മറ്റോ പോയാണ് ഞങ്ങൾ ചന്തി കഴുകിയിരുന്നത്. ചന്തി, തീർച്ചയായും വൃത്തിയിൽ കഴുകുമെങ്കിലും, അതിന് ശേഷം കൈ സോപ്പിട്ട് കഴുകുന്ന ഏർപ്പാടൊന്നും എന്റെ കുട്ടിക്കാലത്ത് മാത്രമല്ല, മുതിരുന്നത് വരെ, ഒരു വീട്ടിലും ഞാൻ കണ്ടിരുന്നില്ല. അത് ബാത് അറ്റാച്ച്ഡ് വീടുകളിൽ ആയാലും അങ്ങനെത്തന്നെ ആയിരുന്നു. സോപ്പ് എടുത്തിരുന്നത് കുളിക്കുമ്പോൾ മാത്രം; അതും പയർപ്പൊടി ഇല്ലെങ്കിൽ മാത്രം!

അങ്ങനെയുള്ള ശീലങ്ങളുമായി മുംബൈയിലെത്തിയതിന് ശേഷമാണ്, ആദ്യമായി, അപ്പിയിട്ടാലും കൈ സോപ്പ് ഉപയോഗിച്ച് കഴുകുന്ന  ആരോഗ്യകരമായ ശീലം ആദ്യമായി ഞാൻ കാണുന്നത്. വൃത്തിയിൽ എല്ലാവരേക്കാളും മുമ്പന്മാരാണ് മലയാളികൾ എന്ന അഹങ്കാരവും പൊളിഞ്ഞത്, അവിടെ വച്ചാണ്. അതും പ്രത്യേകിച്ച്, 'ഒരു ബോധവുമില്ലാത്തവർ' എന്നൊക്കെ നമ്മൾ ആരും കാണാതെ അപമാനിക്കുന്ന ബീഹാറിയുടെ അടുത്ത് നിന്നാവുമ്പോൾ, നമ്മുടെ ചില കണക്ക് കൂട്ടലുകളൊക്കെ തെറ്റും.  ഇന്ന്, പല വീടുകളിലും ശൗചകർമ്മത്തിന് ശേഷം, സോപ്പ് ഉപയോഗിക്കുന്നത് ശീലമായിട്ടുണ്ടെങ്കിലും, എല്ലായിടത്തും എല്ലാവരും അങ്ങനെ ചെയ്യുന്നുണ്ടെന്ന് ഇന്നും ഞാൻ കരുതുന്നില്ല.

വന്ന് വന്ന് ഇങ്ങ്, അമേരിക്കയിലെത്തിയപ്പോൾ, ശൗചകർമ്മം നടത്തുമ്പോൾ കൈയ്യുടെ നേരിട്ടുള്ള ഇടപെടൽ ഇല്ലാത്തത് കൊണ്ട്, എന്തിന് സോപ്പിട്ട് കഴുകണം എന്ന ആശയമുള്ളവരെയും എനിക്കറിയാം. കടലാസ് ഉപയോഗിച്ചാലും ജലം കൊണ്ട് ചെയ്യുന്ന ശൗചകർമ്മത്തിന്റെ വൃത്തി ഉണ്ടാവില്ലെന്ന്, ഈ കടലാസ് കിട്ടാത്ത, കൊറോണക്കാലത്തെങ്കിലും സായിപ്പന്മാരും സായിപ്പന്മാരെപ്പോലെ അഭിനയിക്കുന്നവരും മനസ്സിലാക്കിക്കാണുമോ, ആവോ...

മൂത്രമൊഴിച്ചാൽ കഴുകണമെന്നത് പെണ്ണുങ്ങൾ മാത്രം ചെയ്യേണ്ട കാര്യമാണെന്നാണ് ഞാൻ ചെറുപ്പത്തിൽ ധരിച്ച് വച്ചിരുന്നത്. അതിന് കാരണവുമുണ്ട്. മൂത്രമൊഴിക്കാൻ പോവുമ്പോൾ, വീട്ടിലെ മുതിർന്ന സ്ത്രീകൾ, ഒരു കപ്പിൽ വെള്ളവുമെടുത്തിട്ടാണ് പോവുക. എന്റെ അമ്മമ്മയുടെ അച്ഛൻ, വല്യപ്പൂപ്പൻ ഒഴിച്ച്, വേറെ ഒരാണുങ്ങളും മൂത്രമൊഴിക്കാൻ പോവുമ്പോൾ വെള്ളമെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. നമ്മുടെ തലമുറയിൽ, ആൺ കുട്ടികൾക്ക്, മൂത്രമൊഴിച്ചാൽ കഴുകുന്ന ഒരേർപ്പാടും അന്നും ഇന്നും ഇല്ല, ഉണ്ടായിട്ടില്ല.  നിന്ന നിപ്പിൽ നിന്ന് ഒഴിച്ച്, കണ്ണും പൂട്ടി തിരിച്ച് നടക്കുക, അതാണ് നമ്മൾ ആണുങ്ങൾ!

എങ്ങനെ കഴുകാനാണ്? ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത്, ആൺ കുട്ടികൾക്ക് മൂത്രപ്പുര പോലും ഉണ്ടായിട്ടില്ല, എന്നിട്ടല്ലേ കഴുകൽ? ആൺ കുട്ടികൾ മാത്രമല്ല, പെൺകുട്ടികളും കഴുകാറുണ്ടായിരുന്നില്ല. ഒളിച്ച് നോക്കി കണ്ട് പിടിച്ചതൊന്നുമല്ല കേട്ടോ. ഇതൊന്നും കണ്ടുപിടിക്കാൻ ആർക്കമിഡീസിനെപ്പോലെ ചിന്തിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. കാരണം, പെൺകുട്ടികളുടെ ശൗചാലയത്തിൽ, വെള്ളമെത്തിക്കാനുള്ള ഏർപ്പാടുകളൊന്നും ഉണ്ടായിരുന്നില്ല എന്നത് തന്നെ. ചില വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, ചുരുക്കത്തിൽ, ഞങ്ങളുടെ തലമുറ മുതൽ, മൂത്രമൊഴിച്ചാൽ വൃത്തിയാക്കുന്ന ഏർപ്പാടുകൾ, ആൺ പെൺ വ്യത്യാസമില്ലാതെ ആർക്കും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. കുളിക്കുമ്പോൾ മാത്രം ഗ്ലോബലായി വൃത്തിയാക്കുന്ന ഏർപ്പാടുകൾ മാത്രമേ ഉണ്ടാവുള്ളൂ. കടലാസ് ഉപയോഗിക്കുന്ന നാടുകളിൽ, കടലാസ് കൊണ്ട് ആഗിരണം ചെയ്യുന്ന ഏർപ്പാടുകൾ ഉണ്ടെങ്കിലും, ആണുങ്ങളിൽ ഭൂരിഭാഗവും ഇന്നും നിന്ന നിൽപ്പിലെ കാര്യസാദ്ധ്യത്തിൽ മാത്രം ആനന്ദം കണ്ടെത്തി കഴുകലുകളിൽ നിന്ന് മാറി നിൽപ്പാണ്. ഇക്കാര്യത്തിൽ, പെണ്ണുങ്ങളുടെ കാര്യം പറയാൻ ഞാൻ ആളല്ലേയല്ല!

ഒരു വീട്ടിലേക്ക് വിരുന്ന് പോയാൽ, ഷൂസും ചെരിപ്പുമിടുന്നത് കൊണ്ട്, ആ വീട്ടിലേക്ക് കയറുന്നതിന് മുന്നേ കാൽ കഴുകുന്ന സ്വഭാവവും ഇല്ലാതായി. അഥവാ ഷൂസ് ഇട്ടില്ലെങ്കിലും കാൽ കഴുകേണ്ട എന്ന നിലയിലാണ് കാര്യങ്ങൾ. പണ്ട് ചെറുപ്പത്തിൽ, വീടിന് മുന്നിൽ ഒരു വലിയ കിണ്ടിയിൽ വെള്ളം വയ്ക്കുന്നത് ഒരു ആചാരം പോലെയായിരുന്നു. ഇന്ന് പലകാരണങ്ങളാലും വീട്ടിൽ കയറുന്നതിന് മുന്നേ കാൽ കഴുകൽ ആവശ്യമില്ലെങ്കിലും ആവശ്യമുള്ള സ്ഥലത്ത് പോലും അത് ചെയ്യാത്തത്, ചെരിപ്പുമിട്ട് കൊണ്ട് കിടക്കയിൽ പോലും കിടക്കുന്നത്, ഉത്തരാധുനികതയുടെ ഭാഗമായിരിക്കാം!

ഭക്ഷണം കഴിക്കാൻ തുനിയുന്നതിന് മുന്നേ കൈ കഴുകുന്ന ശീലം, ഇന്നത്തെ സ്പൂൺ/ഫോർക് സംസ്കാരത്തിൽ ആവശ്യമില്ല. റെസ്റ്റാറന്റുകളിൽ പോലും ഭക്ഷണത്തിന് മുൻപോ പിൻപോ, കയ്യോ, വായോ വെള്ളം ഉപയോഗിച്ച് കഴുകുന്ന ആളുകൾ തുലോം കുറവാണ്. കടലാസ് കൊണ്ട് തുടച്ച്, വൃത്തിയായി എന്ന് കരുതുന്ന ഒരു വൃത്തി സംസ്കാരത്തിലൂടെയാണ് ഇന്ന് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിലാണെങ്കിൽ, പല ഹോട്ടലുകളും റെസ്റ്റാറന്റുകളും, വെള്ളത്തിൽ നിന്ന് കടലാസ് സംസ്കാരത്തിലേക്കുള്ള പ്രയാണത്തിലുമാണ്.

അഥവാ, ഭക്ഷണത്തിനോടനുബന്ധിച്ചോ അല്ലാതെയോ നമ്മൾ കൈ കഴുകുന്നുണ്ടെങ്കിൽത്തന്നെ, ഇന്ന് കൊറോണക്കാലത്ത് കൈ കഴുകുന്നത് പോലെ ആരെങ്കിലും കൈ കഴുകാറുണ്ടായിരുന്നോ? പ്രത്യേകിച്ച്  ഭക്ഷണത്തിന് മുൻപായി കൈ കഴുകുകയാണെങ്കിൽ, വെറുതെ ഒന്ന് കൈ നനച്ചു എന്ന് വരുത്തുക മാത്രമേ ഭൂരിപക്ഷം ആളുകളും ചെയ്യുന്നുണ്ടായിരുന്നുള്ളൂ.

കുളി എന്ന മുഴുവൻ ശരീരം കഴുകുന്ന ഏർപ്പാടുകളും പലവിധത്തിലാണ്. കേരളീയർ, ഒരു ദിവസം തന്നെ, രണ്ട് വട്ടം ചുരുങ്ങിയത് കുളിക്കുമെന്നൊക്കെയാണ് കേൾവി. അത്തരം കുളികളൊക്കെ ഇന്ന് എല്ലായിടത്തും എല്ലാവരും ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്. ജലത്തിന്റെ ലഭ്യതക്കനുസരിച്ചും, ആളുകളുടെ മാനസികാവസ്ഥക്കനുസരിച്ചും, തലയൊഴിച്ചുള്ള ശരീരം മാത്രം കുളിക്കുന്ന എത്രയോ ആളുകളെ എനിക്കറിയാം. തലകൂടി കുളിക്കുന്ന ദിവസം, അവർക്ക് തേവാരോത്സവമാണ്. അന്തരീക്ഷമലിനീകരണമില്ലാത്ത പാശ്ചാത്യ നാടുകളിൽ, വിയർത്തില്ലെങ്കിൽ, കുളികൾ തന്നെ ആഴ്‌ച്ചക്കൊരിക്കലോ രണ്ടാഴ്ചക്കൊരിക്കലോ മറ്റോ ആയി ചുരുക്കി ജലം സംരക്ഷിക്കാൻ എത്രയോ ആളുകൾ ഇന്ന് ശ്രമിക്കുന്നുണ്ട്. ഞാനും കുറച്ച് കാലമായി, വീട്ടീന്ന് ജോലിയായതിനാൽ, ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായി കുളി ചുരുക്കിയിട്ടുണ്ട്. എന്തിനാ വെറുതെ കുളിച്ച് സമയവും ജലവും  പാഴാക്കുന്നത്!

കാലം എത്രയോ കഴിഞ്ഞു. കൊറോണ നമ്മുടെ നാട്ടിൽ വിരുന്ന് വന്നു. കഴുകുക എന്ന ഏർപ്പാട് തന്നെ മറന്നുപോയ നമ്മളിന്ന് പലതും ആവർത്തിച്ചാവർത്തിച്ച് കഴുകിക്കൊണ്ടേയിരിക്കുന്നു. കഴുകിയിട്ടും തൃപ്തിയാവാതെ വീണ്ടും വീണ്ടും കഴുകിക്കൊണ്ടിരിക്കുന്നു. പുറത്ത് നിന്ന് വാങ്ങിയതോ ആരെങ്കിലും കൊണ്ടു വന്നതോ സാധനങ്ങൾ, കൈ കൊണ്ട് പോലും തൊടാതെ, രണ്ട് മൂന്ന് ദിവസം ഒരു മൂലക്ക് വെക്കുന്നു. സാനിറ്റൈസ് ചെയ്ത് മാത്രം ഉപയോഗിക്കുന്നു. കുതിർന്ന് പോകാത്ത എന്തും കഴുകി മാത്രം ഉപയോഗിക്കുന്നു. കൈ, ഒരു ദിവസത്തിൽ, വെറും സംശയം കൊണ്ട് മാത്രം പല തവണ, ശാസ്ത്രീയ രൂപത്തിൽ കഴുകുന്നു. ദിവസവും കുളിക്കുന്നു. പലതവണ പുറത്ത് പോയാൽ, പലതവണ കുളിക്കുന്നു. കുളിക്കുന്ന സമയത്ത്, സോപ്പിന് പകരം ഡെറ്റോളോ, മറ്റ് കീടനാശിനികളോ ഉപയോഗിച്ചാലോ എന്ന് പോലും ചിന്തിക്കുന്നു. അടുക്കളയും നിലവും കുളിമുറിയും കക്കൂസുംമെല്ലാം കീടനാശിനിയുപയോഗിച്ച് പലതവണ തുടക്കുകയും വൃത്തിയാക്കുകായും ചെയ്യുന്നു. കടലാസില്ലാത്തതിനാൽ,  ശൗചകർമ്മത്തിന് ജലം കൂടുതലായുപയോഗിക്കുന്നു. നാം വൃത്തിയിലേക്ക് കാലെടുത്ത് വെക്കാൻ പഠിച്ചിരിക്കുന്നു. മലിനീകരങ്ങൾ കുറഞ്ഞ് പ്രകൃതിയും ചിരിക്കാൻ തുടങ്ങിയിരിക്കുന്നു, പക്ഷേ, എത്ര കാലത്തേക്ക്?

അറബിക്കടലിൽ മാത്രമല്ല, എല്ലാ കടലിലും, കാലം വെള്ളത്തിന്റെ അളവ് ഇത്തിരി കൂട്ടി. ഒഴുകുന്ന പുഴകളിൽ മാത്രം വെള്ളത്തിന്റെ അളവ് കുറഞ്ഞു. എവിടുന്നോ വന്ന, താടക പോലൊരു രാക്ഷസ വൈറസ്, ഇന്ന് നമ്മുടെ കഴുകൽ ശീലങ്ങളെ മാറ്റി മറിച്ചിരിക്കുന്നു. വെറും കഴുകലല്ല  കഴുകലോട് കഴുകൽ തന്നെയായി പരിണമിച്ചിരിക്കുന്നു. നമ്മളിൽ ഒരുതരം 'കഴുകൽ മാനിയ' പടർന്ന് പിടിച്ചിരിക്കുന്നു !!

***

2020 മാർച്ച് 26, വ്യാഴാഴ്‌ച

മൂട്ടക്കഥയും കൊറോണ ക്വാരന്‍റൈനും

(Picture Courtesy: Google)

ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിങ്ങനെയൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇന്നസെന്റ് പറഞ്ഞത് പോലെ... കേട്ടിട്ടുണ്ട്.. കുറേ കേട്ടിട്ടുണ്ട്... ഇതിൽ ബാക്റ്റീരിയ കാര്യമായിട്ട് എന്റെ ജീവിതത്തിൽ പണി തന്നിട്ടില്ലെങ്കിലും ഫംഗസ് നല്ല പണി തന്നിട്ടുണ്ട്. എന്റെ അഞ്ചാം വയസ്സ് മുതൽ പതിനാറാം വയസ്സ് വരെ എനിക്കുണ്ടായിരുന്ന പല പല അസുഖങ്ങൾക്കും കാരണക്കാരൻ ഫംഗസ് ആണെന്ന് മനസ്സിലാക്കാൻ പത്ത് പന്ത്രണ്ട് വർഷങ്ങളോളം എടുത്തതെന്ന് മാത്രം. പക്ഷേ ചികിത്സക്കിടയിൽ, പരീക്ഷണാർത്ഥമോ തെറ്റായി ചികിൽസിച്ചോ മറ്റോ ,ബാക്ടീരിയാ ഘാതകനായ പെനിസിലിൻ കുത്തിവെപ്പ്, നൂറ്റമ്പതോളം തവണ എനിക്കെടുക്കേണ്ടി വന്നിരുന്നു.

വൈറസ്സ് എന്ന സംജ്ഞയെക്കുറിച്ച് സയൻസ് ക്ലാസ്സുകളിൽ കുറച്ചൊക്കെ പഠിച്ചിരുന്നെങ്കിലും, ബയോളജി അധികം പഠിക്കാത്തത് കൊണ്ട്,  അതിനെക്കുറിച്ച് ദിനേന സംസാരിക്കാൻ തുടങ്ങിയത്, കമ്പ്യൂട്ടറിന്  പഠിക്കുന്ന സമയത്താണ്. സയൻസിൽ വൈറസ് എന്നത്, സ്വയം എണ്ണം വർദ്ധിപ്പിക്കാൻ കഴിയുന്ന പ്രോട്ടീൻ വലയത്തിലുള്ള ഒരു DNA / RNA ഘടകമാണെങ്കിൽ, കംപ്യൂട്ടറിൽ, ഒരു പ്രോഗ്രാം ആയി മാറി; സയൻസിലെ വൈറസിന്റെ ചില സ്വഭാവവിശേഷങ്ങളുള്ള പ്രോഗ്രാം. അതിന്റെ കൂടെയാണ് ആന്റിവൈറസ്സിനെക്കുറിച്ചും (വൈറസ്സിനെ തുരത്തുന്ന പരിപാടി) ക്വാരന്‍റൈനിങ്ങിനെക്കുറിച്ചും (വൈറസ്സ് ബാധിച്ച ഫയലിനെ മറ്റുള്ള ഫയലുകൾക്ക് ഉപദ്രവമുണ്ടാകാത്ത രീതിയിൽ ഒരു പ്രത്യേക സ്ഥലത്തേക്ക് മാറ്റുന്ന പരിപാടി)  ആദ്യമായി കേൾക്കുന്നത്. അങ്ങനെ വന്ന് വന്ന് ഈ  കൊറോണാക്കാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കായി  ക്വാരന്‍റൈൻ എന്ന പദം മാറി. വന്നു വന്ന്, കൊറോണ കാരണം, എന്റെ കുടുംബത്തിലും അധികം സന്തോഷമില്ലാത്ത ഒരു ക്വാരന്‍റൈൻ നടന്നു.

എന്റെ ഏറ്റവും ഇളയ അനുജൻ, കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളായി ദുബായിയിൽ ആയിരുന്നു ജോലി ചെയ്ത് കൊണ്ടിരുന്നത്. ദുബായി കച്ചവടമൊക്കെ മതിയാക്കി, നാട്ടിലെ സ്വന്തം സ്ഥലത്ത് ആധുനിക രീതിയിൽ കൃഷി നടത്തി, ഭാവിയിലേക്ക് മുന്നേറാമെന്ന്, 2019 ന്റെ അവസാനകാലത്ത് തന്നെ, അവനൊരു തീരുമാനമെടുത്തു. അതിന്റെ ഭാഗമായി 2020 മാർച്ച് പകുതിയോടെ നാട്ടിലേക്ക് തിരിച്ചെത്താനുള്ള പ്ലാനും തയ്യാറാക്കി. അപ്പഴാണ് കൊറോണച്ചേച്ചിയുടെ കുലുക്കിയുള്ള വരവ്. ആ കുലുക്കത്തിൽ രാജ്യങ്ങൾ വിറച്ചപ്പോൾ, തകർന്നത് എന്റെ അച്ഛന്റെയും അമ്മയുടെയും ദുബായ് കാണാമെന്നുള്ള സ്വപ്നമായിരുന്നു. അനുജൻ വരുന്നതിന്റെ ഭാഗമായി പത്ത് ദിവസത്തെ ദുബായ് സന്ദർശനം പ്ലാൻ ചെയ്തിരിക്കുകയായിരുന്നു എന്റെ അച്ഛനമ്മമാർ. പക്ഷേ കൊറോണാ വരവിൽ നമ്മളത് നിർദ്ദയം റദ്ദ് ചെയ്തു.

മാർച്ച് 15 ന് അനുജൻ അവന്റെ സ്ഥാപനത്തിൽ നിന്നും രാജി വച്ചു. ഒരു മാസം കൂടി അവന് അവിടെ നിൽക്കാം. പക്ഷേ, കൊറോണച്ചേച്ചി നാട്ടിലേക്ക് വരുന്നത് ദുബായിക്കാരുടെയും ഇറ്റലിക്കാരുടെയും കുപ്പായത്തിൽ പിടിച്ചാണെന്നുള്ള വാർത്തകൾ കാരണം, നാട്ടിലേക്ക് വരുന്നത് റിസ്കാണെന്ന കണക്ക് കൂട്ടലിൽ, മാർച്ച് അവസാനമോ, അല്ലെങ്കിൽ ഏപ്രിൽ പകുതിക്ക് മുൻപായോ നാട്ടിലേക്ക് പോകാമെന്ന് കണക്ക് കൂട്ടി ദുബായിൽ തന്നെ ഇരിക്കുകയായിരുന്നു അവൻ. പൊടുന്നനെയാണ്, ദുബായിയും ഇന്ത്യയും വിമാന സർവ്വീസുകൾ കുറച്ച് കാലത്തേക്ക് നിർത്തുകയാണെന്ന് അറിയിപ്പ് വന്നത്. വേറെ നിവൃത്തിയില്ലാതായതിനാൽ, ഉടനെത്തന്നെ കിട്ടിയ വിമാനത്തിന് ടിക്കറ്റെടുത്ത് നാട്ടിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു.

അങ്ങനെ മാർച്ച് 20 വെള്ളിയാഴ്ച രാവിലെ കോഴിക്കോട് എത്തുന്ന തരത്തിൽ അവൻ ടിക്കറ്റെടുത്തു. ഈ സമയമായിക്കഴിഞ്ഞപ്പഴേക്കും ദുബായിയിൽ നിന്ന് വരുന്നവരിൽ ഒട്ടു മിക്കവരും കൊറോണാ പോസിറ്റിവ് ആവുന്നതിനാൽ, വരുന്നവരൊക്കെ, മറ്റ് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ ചുരുങ്ങിയത് 14 ദിവസം self isolation അല്ലെങ്കിൽ quarantine ലേക്ക് പോകണമെന്ന് സർക്കാർ നിർദ്ദേശം വന്നിരിക്കുന്ന സമയംമാണ്.

എന്റെ വീട്ടിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് 130 കിലോമീറ്റർ ദൂരമുണ്ട്. അനുജൻ ദുബായിൽ നിന്ന് വരുന്നു എന്ന് അറിയിപ്പ് കിട്ടിയപ്പോഴേക്കും നാട്ടിൽ കൺഫ്യൂഷനായി. അവനെ കൂട്ടാൻ ആര് പോകും? മനസ്സിലെങ്കിലും പലർക്കും ധൈര്യക്കുറവ്. കൺഫ്യൂഷനങ്ങനെ അധികരിച്ച് നിൽക്കുന്ന സമയത്ത് അനുജൻ തന്നെ വിളിച്ചു പറഞ്ഞു: "ആരും എന്നെ കൂട്ടാൻ എയർപോർട്ടിൽ വരണ്ട... അതിന് ഏർപ്പാടാക്കിയിട്ടുണ്ട്.... നിങ്ങളാരും പേടിക്കേണ്ട..." എങ്ങനെയാണ് വരാൻ പോകുന്നത് എന്നതിന് വ്യക്തമായ മറുപടിയൊന്നും പറഞ്ഞതുമില്ല. നമ്മുടേത് ഒരു തനി ഗ്രാമമായതിനാൽ വാർത്തകളൊക്ക നാട്ടിൽ പെട്ടന്ന് പരക്കും. അതുകൊണ്ട് തന്നെ വീട്ടിലും നാട്ടിലും പിന്നെയും കൺഫ്യൂഷൻ. അവൻ പബ്ലിക് ട്രാൻസ്പോർട്ടുകളായ ബസ്സോ തീവണ്ടിയോ പിടിച്ചാണോ വരിക... അവന് വല്ല വൈറസ് ബാധയുമുണ്ടെങ്കിൽ ബസ്സിലെയോ തീവണ്ടിയിലെയോ ആളുകളെയും ബാധിക്കില്ലേ... അനുജനുമായി ആർക്കും പിന്നെ ബന്ധപ്പെടാൻ പറ്റിയില്ല. പുറപ്പെട്ട് കാണണം.

എന്തായാലും അനുജൻ വരുന്നത് പ്രമാണിച്ച്, വീട്ടിൽ അടിയന്തിര ചർച്ചകൾ നടന്നു. അകലെ നിന്ന് ചില ചർച്ചകളിൽ, ഫോണിലൂടെ ഞാനും പങ്കാളിയായി. അവൻ എത്തിയാൽ എവിടെ താമസിക്കും? വീട്ടിലാണെങ്കിൽ 90 നോട് അടുത്ത എന്റെ അമ്മമ്മയുണ്ട്, 80 നോട് അടുത്ത എന്റെ അച്ഛനുണ്ട്, 70 നോട് അടുത്ത എന്റെ അമ്മയുണ്ട്... അനുജന്റെ തന്നെ മൂന്ന് വയസ്സുകാരനായ മകൻ കിട്ടനുണ്ട്. പട്ടാളക്കാരനായ വേറൊരനുജന്റെ ചെറിയ കുട്ടികളുണ്ട്. അപ്പോൾ, സ്വന്തം വീട്ടിൽ അനുജൻ വരുന്നത് റിസ്കാണ്. ഒടുവിൽ, എന്റെ വീട്ടിൽ നിന്ന് കുറച്ചപ്പുറമുള്ള നമ്മുടെ തന്നെ ഉടമസ്ഥതയിലുള്ള ഒരു പറമ്പിലെ പൊട്ടിപ്പൊളിഞ്ഞ് വീഴാറായ ഒരു പഴയ വീട്ടിൽ അവനെ താമസിപ്പിക്കാം എന്ന തീരുമാനമായി.

പക്ഷേ, അവിടെ വേറൊരു പ്രശ്നം. ആ പഴയ വീടുള്ള പറമ്പിൽ, പട്ടാളക്കാരനായ അനുജന്‌ പുതിയ വീട് പണിയുന്നുണ്ട്. ആ വീട്ടിലേക്കുള്ള  ആശാരിപ്പണികൾ നടക്കുന്നത് ഈ പറഞ്ഞ പഴയ വീട്ടിലാണ്. പുതിയ വീടെടുപ്പിക്കുന്ന പട്ടാളക്കാരൻ, വീട്ടുപണി മുഴുമിപ്പിക്കാൻ മാത്രം അവധിയെടുത്ത് നാട്ടിൽ വന്നിരിക്കയാണ്. ആശാരിപ്പണി  ഇപ്പോഴും നടക്കുന്നുണ്ട്. അതുകൊണ്ട് ഇങ്ങനെയൊരു മാരണം ദുബായിയിൽ നിന്ന് വരുന്നുണ്ടെന്ന് അവരെയും അറിയിക്കേണ്ടി വരും. അങ്ങനെ അറിയിച്ച് കഴിഞ്ഞാൽ ആശാരിമാർ പിന്നെ വരുമോ എന്ന് പട്ടാളക്കാരനായ അനുജന് പേടിയായി... കാരണം വീട്ടിന്റെ പണി തീർക്കാനാണല്ലോ അവൻ വന്നിരിക്കുന്നത്. എന്തായാലും ആശാരിമാരെ വിവരം അറിയിക്കാൻ തീരുമാനിച്ചു.

ആശാരിമാരോട് വിവരം പറഞ്ഞപ്പോൾ, അവർക്ക് 100 ശതമാനം ധൈര്യം. അവർക്കൊരു പ്രശ്നവുമില്ല. ദുബായിക്കാരൻ വീട്ടിന്റെ ഉള്ളിൽ മാത്രം നിന്നാൽ പുറത്ത് നിന്ന് അവർക്ക് ജോലിയെടുക്കുന്നതിന് ഒരു കുഴപ്പവുമില്ല. പട്ടാളക്കാരന് സന്തോഷായി. അങ്ങനെ ആ പഴയ വീട് ക്വാരന്‍റൈൻ ഹോം ആയി പെട്ടെന്ന് മാറി. ആ വീട്ടിലെ മാറാലകളും പൊടിപടലങ്ങളും പെട്ടന്ന് ചൂല് കൊണ്ട് വൃത്തിയാക്കി. കത്താത്ത ബൾബുകളൊക്കെ മാറ്റിയിട്ടു. കക്കൂസ് പുതിയ രീതിയിൽ സാനിറ്റൈസ് ചെയ്തു. ദുബായിക്കാരൻ വന്നാൽ അതിനുള്ളിൽ കിടക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി.

വെള്ളിയാഴ്ച്ച രാവിലെ ഇന്ത്യൻ സമയം ഒരൊമ്പതു മണിക്ക് ഞാൻ വീണ്ടും അമ്മയെ വിളിച്ചു. ദുബായിക്കാരൻ എത്തിയാൽ, എന്തൊക്കെ ചെയ്യാമെന്നും ചെയ്യരുതെന്നുമുള്ള ചില നിർദ്ദേശങ്ങൾ കൊടുത്തു. പ്രായമുള്ള ചെറിയ കുട്ടികളും അച്ഛനുമൊന്നും കഴിയുന്നതും അവിടെ പോയി ഇരിക്കുകയോ അവൻ തൊട്ട സാധനങ്ങൾ തൊടുകയോ ചെയ്യരുത്, അവന് പ്രത്യേക പിഞ്ഞാണവും ഗ്ലാസും കൊടുക്കണം, ഖരരൂപത്തിലുള്ള ഭക്ഷണമാണെങ്കിൽ കഴിയുന്നതും വാട്ടിയ വാഴയിലയിൽ കൊടുത്താൽ മതി, അവന്റെ പെട്ടിയിൽ നിന്നും ഒരു സാധനവും എടുത്ത് വീട്ടിലേക്ക് കൊണ്ടു പോകരുത്, അവന്റെ തുണികൾ അവൻ തന്നെ കഴുകണം എന്നൊക്കെ അമ്മയോട് പറഞ്ഞപ്പോൾ, അമ്മക്ക് ഗദ്ഗദം കൊണ്ട് കുറച്ച് നേരത്തേക്ക് ശബ്ദം പുറത്ത് വന്നില്ല. അമ്മയെ ചിരിപ്പിക്കാൻ വേണ്ടി, അടുത്ത ഒരു മാസത്തേക്ക് അവൻ അയല്പക്കത്തെ ദുബായിലാണെന്ന് മാത്രം കരുതിയാൽ മതിയെന്ന് പറഞ്ഞപ്പോൾ അമ്മ ചിരിച്ചതായി നടിച്ചു.

ഇതിനിടയിൽ ദുബായിക്കാരന്റെ വിളി വീണ്ടും എത്തി. കോഴിക്കോട്ട് നിന്നാണ് വിളിക്കുന്നത്. അവന്റെ അതേ വിമാനത്തിലുണ്ടായിരുന്ന  വേറെ രണ്ട് പേരുടെ കൂടെ ചേർന്ന് ഒരു ടാക്സിയിലാണ് അവൻ വരുന്നത്.  ഉച്ചക്ക് ഒരു മണിയോടെ വീട്ടിൽ എത്തുമെന്ന് പറഞ്ഞു. ക്വാരന്‍റൈൻ ഹോം തയ്യാറാണെന്ന് പറഞ്ഞപ്പോൾ അവനും നൂറ് ശതമാനം തയ്യാർ.  വണ്ടി നേരെ ക്വാരന്‍റൈൻ ഹോമിലോട്ട് വന്നാൽ മതിയെന്ന് ചട്ടം കെട്ടി.

ആശാരിമാർ രാവിലെത്തന്നെ പണി തുടങ്ങിയിരുന്നു. ഒരു പതിനൊന്ന് മണിയോടടുപ്പിച്ച് ആശാരിമാർക്ക് ചായയും കടിയുമായി പോയ പട്ടാളം അനുജൻ ഞെട്ടി. ആശാരിമാരെ കാണാനില്ല. ദുബായിക്കാരൻ വന്നാൽ ഞങ്ങൾക്കൊരു പ്രശ്നവുമില്ല എന്ന് നേരത്തെ പറഞ്ഞിരുന്ന ആശാരിമാർ അപ്പഴേക്കും ആരോടും ഒന്നും പറയാതെ സ്ഥലം വിട്ടിരുന്നു. ദേഷ്യം കേറിയ പട്ടാളം അനുജൻ കൈയ്യിലിരുന്ന ചായപ്പാത്രം പട്ടാളസ്റ്റൈലിൽ ദൂരെക്കൊരേറ് കൊടുത്തു. ഇനി അവൻ പോകുന്നതിന് മുന്നേ വീട്ടുപണി തീരുന്ന പ്രശ്നമില്ല. കൊറോണ കടത്തിക്കൊണ്ട് വരുന്നു എന്ന് സംശയമുള്ള ദുബായിക്കാരൻ വന്നാൽ , ആ വീട്ടിൽ ഇനി ആര് വരും? വേറൊരു രീതിയിൽ ചിന്തിച്ചാൽ, ആശാരിമാർ പണിക്ക് വരാഞ്ഞത് നന്നായി എന്ന് തന്നെ പറയാം. ഓരോരുത്തരും സ്വന്തം ജീവന്റെ മേലെ സ്വയം ഉത്തരവാദിത്തം എടുക്കുന്നതല്ലേ നല്ലത് !

ഉച്ചക്ക് ഒന്നര മണിയോടടുപ്പിച്ച്, ദുബായിക്കാരൻ അനുജൻ വിളിച്ചു. അവൻ എത്താറായി. ആറാം മൈൽസിൽ നിന്ന് പാനുണ്ട റോഡിലേക്ക് കയറിക്കഴിഞ്ഞു. ഇനി അഞ്ച് മിനിറ്റിനുള്ളിൽ ആൾ ഈ പറഞ്ഞ ക്വാറന്റൈൻ ഹോമിലെത്തും. സാധാരണയായി ഒരു ദുബായിക്കാരൻ വീട്ടിൽ വരുമ്പോൾ കാണുന്ന ഒരു തരത്തിലുള്ള സന്തോഷവും ആരിലും ഇല്ല. ദുബായിക്കാരന്റെ ടീച്ചറായ ഭാര്യ, മൂന്ന് വയസ്സുള്ള മകൻ എന്നിവരടക്കം എല്ലാവരും ക്വാരന്‍റൈൻ ഹോമിലെത്തി, വീടും തുറന്ന് വച്ച്, വണ്ടി വരാൻ കാത്ത്, വീടിന്റെ മുറ്റത്തിന് പുറത്ത് നിന്നു. സാധാരണ അവൻ നാട്ടിൽ വരുമ്പോഴൊക്കെ ഉണ്ടാകുമായിരുന്ന ഒരാൾ പോലും അവിടെ എത്തിയില്ല.

കുറച്ച് കഴിയുമ്പഴേക്കും വണ്ടി ക്വാരന്‍റൈൻ ഹോമിന് മുന്നിലെത്തി. ദുബായിക്കാരൻ ടാക്‌സിക്കാരന് പണം ഒരു ഡബ്ബയിൽ ഇട്ടു കൊടുത്തു. പിന്നെ അവൻ തന്നെ അവന്റെ പെട്ടികളും ചുമന്ന് ക്വാരന്‍റൈൻ ഹോമിലേക്ക് കയറി. അമ്മയുടെയും ഭാര്യയുടെയും കണ്ണുകൾ നനഞ്ഞിരുന്നു. ആകെയുള്ള മൂന്നു വയസ്സുകാരൻ കിട്ടാൻ, അച്ഛന്റെയടുത്തേക്ക് ചോക്കലേറ്റിന് വേണ്ടി ഓടാനായി ഒരു ശ്രമം നടത്തി. ആ ശ്രമം വിഫലമാക്കിയപ്പോൾ അവൻ അലറിക്കൂവി.

ദൂരെ നിന്നുള്ള കുറച്ച് നേരത്തെ കുശലത്തിന് ശേഷം, പട്ടാളം അനുജനൊഴിച്ച് എല്ലാവരും തിരിച്ച് പോയി. പട്ടാളത്തിന്റെ നിർദ്ദേശപ്രകാരം, വീടിന്റെ കുറച്ചപ്പുറത്തുള്ള ഹെൽത്ത് സെന്ററിൽ വിളിച്ച്, ദുബായിക്കാരൻ അവന്റെ വരവറിയിച്ചു. മറ്റ് കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ 28 ദിവസം സ്വയം ക്വാരന്‍റൈൻ ചെയ്യാനും ഇടവിട്ട ദിവസങ്ങളിൽ ആരോഗ്യസ്ഥിതി വിളിച്ചറിയിക്കാനും അവർ നിർദ്ദേശിച്ചു.  അതിന് ശേഷം ദുബായിക്കാരൻ കുളിക്കാനായി പോയപ്പോൾ പട്ടാളം, അവന്റെ പുതിയ വീടിന്റെ ഭംഗി ആസ്വദിച്ച് അവന്റെ വീട് ചുറ്റിപ്പറ്റി നിന്നു. ദുബായിക്കാരൻ കുളിച്ച് വരുമ്പഴേക്കും അമ്മയും ഭാര്യയും അവനുള്ള ഊണുമായി എത്തി. അവനുള്ള ഊണും കറികളും അവന്റെതായ പാത്രത്തിലേക്ക് പാത്രങ്ങൾ തമ്മിൽ തൊടാതെ വിളമ്പിയതിന് ശേഷം എല്ലാവരും വീണ്ടും മുറ്റത്തിനപ്പുറത്തേക്ക് മാറി നിന്നു. മേശയും കസേരകളൊന്നുമില്ലാത്തതിനാൽ നിലത്തിരുന്ന് തന്നെ അവൻ ഊണ് കഴിച്ചു. കുറച്ച് നേരത്തിന് ശേഷം, ബാക്കിയുള്ളവർ തിരിച്ച് പോയപ്പോൾ, ദുബായിക്കാരൻ ക്വാരന്‍റൈൻ ഹോമിന്റെ ഉമ്മറത്ത് പുൽപ്പായ വിരിച്ച് കിടന്നുറങ്ങി.

വൈകുന്നേരത്തെ ശാപ്പാടുമായി പോയത് അച്ഛനായിരുന്നു. നേരത്തെ ചട്ടം കെട്ടിയ restrictions ഒക്കെ നാടൻ ഭാഷയിൽ വെറും പായ്യാരമെന്ന് പറഞ്ഞ് അച്ഛൻ ക്വാരന്‍റൈൻ ഹോമിന്റെ ഉമ്മറത്ത് കേറിയിരുന്ന് അനുജനോട് കുശലം പറഞ്ഞു. അനുജൻ വിലക്കിയിട്ടും അച്ഛൻ ചെവിക്കൊണ്ടില്ല. ഭക്ഷണത്തിന് ശേഷം അനുജൻ ഒറ്റക്ക് ഉറങ്ങാനായി ഉള്ളിലേക്കും അച്ഛൻ വീട്ടിലേക്കും മടങ്ങി.

അച്ഛൻ restrictions കാര്യമാക്കുന്നില്ലെന്ന വിവരം അന്ന് രാത്രിയിലെ ഫോൺ വിളിയിൽ നിന്ന് എനിക്ക് മനസ്സിലായി. അച്ഛനോട് ചില കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞപ്പോൾ 'ഓ എന്നാലങ്ങനെയായിക്കോട്ടെ...' എന്ന ഉറപ്പ് എനിക്ക് തന്നു. അതിന് ശേഷം അച്ഛൻ പിന്നെ അവിടേക്ക് പോയിട്ടില്ലത്രേ! ബാക്കിയുള്ളവർ ഇടക്ക് സന്ദർശിക്കാൻ വരുമ്പോൾ, കാഴ്ചബംഗ്ളാവിലെ ചിമ്പാൻസി ഗുഹയിൽ നിന്ന് പുറത്ത് വരുന്നത് പോലെ ദുബായിക്കാരൻ വീടിന്റെ ഉമ്മറത്തെത്തും. ക്വാരന്‍റൈൻ ഹോമിന്റെ മുറ്റത്തിനപ്പുറമുള്ള പുതിയ വീടിന്റെ കിണറും ചാരി മറ്റുള്ളവർ സംസാരിക്കും, തിരിച്ച് പോകും. അതിപ്പോഴും തുടരുന്നു. കിട്ടനും മറ്റ് കുട്ടികൾക്കും വേണ്ടി കൊണ്ടുവന്ന ചോക്കലേറ്റ് അകത്ത് പെട്ടിയിൽ കിടന്ന് ഉരുകിപ്പോയിക്കാണും. ചോക്കലേറ്റിന്റെ കാര്യം പറയുമ്പോൾ "അച്ഛൻ അങ്ങട്ടേലെ (അയല്പക്കത്തെ) ദുബായീന്ന് നാളെ വരുമ്പോ കൊണ്ടേരും..." എന്നാണ് കിട്ടൻ ഇപ്പോൾ പറയുന്നത്. ഈ 'നാളെ' കഴിയാൻ ഇനിയും ദിവസങ്ങളും ആഴ്ചകളും ബാക്കിയുണ്ടെന്ന് മാത്രം.

ദുബായിക്കാരൻ, ക്വാരന്‍റൈൻ ഹോമിന്റെ മുറ്റത്തും പറമ്പിലും ഇടക്കിടെ  ഉലാത്തും. എത്ര നേരമെന്ന് വച്ചാണ് ഉള്ളിൽ തന്നെയിരിക്കുക. മറ്റ് ആൾ താമസമുള്ള വീടുകളൊന്നും തൊട്ടടുത്തില്ല. അതുകൊണ്ട് കോണകമുടുത്തില്ലെങ്കിലും ആരും കാണില്ല എന്നായിരുന്നു എല്ലാരും കരുതിയിരുന്നത്. പക്ഷേ ഈ ഉലാത്താൽ കണ്ട നാട്ടുകാരിലാരോ പഞ്ചായത്തിൽ പരാതി പറഞ്ഞു. മഠത്തിലെ ദുബായിൽ നിന്ന് വന്നയാൾ, പുറത്തൊക്കെ ഇറങ്ങി നടക്കുന്നുണ്ടെന്നായിരുന്നു പരാതി. പഞ്ചായത്തിൽ നിന്നും നാട്ടിലെ ചില മുഖ്യ പാർട്ടി പ്രവർത്തകരുടെ അടുത്തു നിന്നും വീട്ടിലേക്ക് ഫോൺ വിളികളെത്തി. ദുബായിക്കാരൻ, എന്റെ വീടായ മഠത്തിലല്ല ഇപ്പോൾ നിൽക്കുന്നതെന്നും 28 ദിവസത്തേക്ക് അവൻ ഇപ്പോൾ കറങ്ങുന്നുണ്ട് എന്ന് പറയുന്ന വീട്ടിൽ മാത്രമായിരിക്കും ഉണ്ടാവുക എന്നും വീട്ടിൽ നിന്നും വിശദീകരണം ഉണ്ടായപ്പോൾ മാത്രമാണ് നാട്ടുകാർക്ക് സമാധാനമായത്. ഇപ്പോഴാണെങ്കിൽ ദുബായിക്കാരൻ മാത്രമല്ല എല്ലാ വീട്ടുകാരും നാട്ടുകാരും ലോക്ക് ഡൗൺ ആയി, സർക്കാർ വക! അനിയന്റെ ക്വാരന്‍റൈൻ കഥയെഴുതി രസിക്കുന്ന ഈ ഞാനും എന്റെ കുടുംബവും Self Lock down ആഘോഷിച്ച് വീട്ടിനുള്ളിൽത്തന്നെ കഴിഞ്ഞു കൂടുന്നു.  ദുബായിൽ നിന്ന് വന്നതിന് ശേഷം, 200 മീറ്റർ അപ്പുറത്തുള്ള സ്വന്തം ഭാര്യയേയും കുഞ്ഞിനേയും അച്ഛനമ്മമാരെയും സുഹൃത്തുക്കളെയും ഒട്ടുമേയെന്നപോലെ കാണാൻ പറ്റാതെ,  28 ദിവസത്തേക്ക്, ആ പഴയ വീട്ടിൽ, ഒറ്റക്ക്, അധികമാരാലും സമ്പർക്കമില്ലാതെ, ചിതലരിച്ച മച്ചും നോക്കി, രാത്രിയിൽ എലികളുടെയും വവ്വാലുകളുടെയും കീർത്തനങ്ങൾക്കിടയിൽ, രാത്രി ഒറ്റക്കുറങ്ങേണ്ടിവരുന്നആളിന്റെ സുഖവിവരമന്വേഷിച്ച് ഫോണിൽ ബന്ധപ്പെടുന്നവരോട് ഉത്തരം പറഞ്ഞ് പറഞ്ഞ് മടുത്ത ദുബായിക്കാരൻ, ഇപ്പോൾ അവനെ ഫോൺ വിളിക്കുന്നവരോട് കയർക്കാൻ തുടങ്ങിയെന്നാണ് പുതിയ അറിവ്!

ഈ പുതിയ ക്വാരന്‍റൈൻ നടക്കുന്നതിനും വളരെ വളരെ മുന്നേ എന്റെ വീട്ടിൽ വേറൊരു ക്വാരന്‍റൈൻ, നമ്മളാരാലും അറിയാതെ നടന്നിരുന്നു. പക്ഷേ അത് മനുഷ്യനെതിരെ ആയിരുന്നില്ല, മൂട്ടകൾക്കെതിരെ ആയിരുന്നു, ഒട്ടുമേ പ്ലാൻ ചെയ്യാതെ!

1989 ന്റെ അവസാനം മുതൽ എന്റെ വീട്ടിൽ അതിഭയങ്കരമായ മൂട്ട ശല്യം തുടങ്ങി. രാവിലെ എഴുന്നേറ്റാൽ എല്ലാവരുടെയും ശരീരത്തിൽ ആകമാനം മൂട്ടകടിയുടെ ചിണർപ്പുകൾ കാണും. പരസ്പരം ചൊറിഞ്ഞു കൊടുക്കൽ സ്ഥിരം ഏർപ്പാടായി. രാത്രി കിടക്കുന്നതിന് മുന്നേ മുട്ടവിളക്കും കത്തിച്ച് കട്ടിലിന്റെയും പത്തായത്തിന്റെയും പലകകൾക്കിടയിലും വിടവുകൾക്കിടയിലും  ഒളിച്ചിരിക്കുന്ന മൂട്ടകളെയും മൂട്ടകളുടെ മുട്ടകളെയും പുകച്ചും കത്തിച്ചും തോണ്ടിയെടുത്ത് മുട്ടവിളക്കിനകത്തിട്ടും കൊല്ലുക നമ്മുടെ ഒരു ദിനചര്യ ആയിരുന്നു. കൈതോലപ്പായകളും പുൽപ്പായകളും വെയിലത്തിട്ട് ഉണക്കും. പായകൾ ചൂടാകുമ്പോൾ മൂട്ടകൾ പുറത്തേക്ക് വരും. ഓരോന്നിനെയും പിടിച്ച് രണ്ട് കല്ലുകളുടെ ഇടയിൽ വച്ച് ഇറുക്കിക്കൊല്ലും. അച്ഛനാണ് എവിടെ നിന്നോ മൂട്ടയെ വീട്ടിൽ കൊണ്ടുവന്നത് എന്ന് അമ്മയുടെ അന്വേഷണത്തിൽ തെളിഞ്ഞെങ്കിലും അച്ഛൻ അത് തീർത്തും നിരാകരിച്ചിരുന്നു. അങ്ങനെ മൂട്ടകടി നമുക്കൊരു ശീലമായിരിക്കുന്ന കാലം.

അങ്ങനെയിരിക്കേ, 1990 ഫെബ്രുവരിയിൽ, എന്റെ അച്ഛാച്ഛൻ ദിവംഗതനായി. അച്ഛാച്ഛൻ മരിച്ച ദിവസം മുതൽ തന്നെ നമ്മളെല്ലാവരും അച്ഛാച്ഛന്റെ വീട്ടിൽ താമസമായി.  പിറ്റേന്ന് തന്നെ, നമ്മൾ പശുക്കളെയും വീട്ടിലുള്ള കോഴികളെയും  കൂടി രണ്ട് കിലോമീറ്റർ ദൂരത്തുള്ള അച്ഛാച്ഛന്റെ വീട്ടിലേക്ക് മാറ്റി. അല്ലെങ്കിൽ ആരെങ്കിലും ഇവറ്റകളുടെ തീറ്റ നോക്കാൻ ഇടക്കിടക്ക് വരികയോ, അല്ലെങ്കിൽ അവിടെ താമസിക്കുകയോ വേണമല്ലോ. അതൊഴിവാക്കാനാണ് എല്ലാത്തിനെയും കൂട്ടി അച്ഛാച്ഛന്റെ വീട്ടിലേക്ക് പോയത്. പതിനാറാം ദിവസത്തെ പുലകുളി അടിയന്തിരത്തിന് ശേഷമാണ് നമ്മൾ പിന്നെ വീട്ടിലേക്ക് തിരിച്ച് വരുന്നത്.

അച്ഛാച്ഛന്റെ വീട്ടിൽ നിന്ന് തിരിച്ച് വന്ന ദിവസം രാത്രി ഉറങ്ങാൻ കിടന്ന നമ്മൾ, പിറ്റേന്ന് എഴുന്നേറ്റപ്പോൾ, ആർക്കും ഒരു മൂട്ടകടിയും കിട്ടാത്തതിൽ അതുഭുതം കൂറി. അച്ഛാച്ഛൻ പോകുന്ന പോക്കിൽ,  മൂട്ടകളെയും കൊണ്ട് നാട് വിട്ടതാണോയെന്ന് ചോദിച്ച്, അനിയൻ തമാശ പൊട്ടിച്ചു.  പത്തായത്തിന്റെ മുകളിലുള്ള ഉന്നക്കിടക്കയും കട്ടിലിന് മുകളിലുള്ള പായയും മറ്റും പൊക്കി നോക്കിയപ്പഴാണ് നമ്മൾ ശരിക്കും അത്ഭുതപ്പെട്ട് പോയത്. രക്തം കിട്ടാതെ മരിച്ച മൂട്ടകളുടെ, ഉണങ്ങിപ്പോയ ശരീരങ്ങളുടെ കൂമ്പാരം! മൂട്ട മുട്ടകളും താരൻ പോലെ വെറും ഉണക്കശല്ക്കങ്ങളായി മാറിയിരുന്നു. നമ്മളിങ്ങനെ മൂട്ടകളെ ക്വാരന്‍റൈൻ ചെയ്ത് പട്ടിണിക്കിട്ട് കാലപുരിക്കയച്ച് അവറ്റകളുടെ കുലം തന്നെ നശിപ്പിച്ച് കളയുമെന്ന്, മൂട്ടകൾ അവറ്റകളുടെ സ്വപ്നത്തിൽ പോലും കണ്ടുകാണില്ല. നമ്മളും അങ്ങനെ സ്വപ്നം കണ്ടിരുന്നില്ലെന്നുള്ളതാണ് സത്യം. പാവങ്ങൾ! കിടക്കകളും പായകളും എല്ലാം വീണ്ടും വെയിലത്തിട്ട് ഉണക്കി. പുതപ്പുകൾ വീണ്ടും കഴുകി. അതോടെ നമ്മൾ വീണ്ടും സാനിറ്റയ്സ്ഡ് ആയി !

അതുകൊണ്ട് സൂർത്തുക്കളേ, എന്നെ വിശ്വസിക്കൂ...  ക്വാരന്‍റൈൻ, ചില മൂശേട്ടകളെ തുരത്താൻ നല്ല ഒന്നാം തരം പരിപാടിയാണ്. അനുഭവത്തിൽ നിന്നാണ് പറയുന്നത്. നമുക്ക്, ഈ കൊറോണാക്കാലത്ത് സ്വയം ക്വാരന്‍റൈൻ ചെയ്ത്, കൊറോണാമൂട്ടകളെ പട്ടിണിക്കിട്ട് കൊല്ലാം. പരസ്പരം സഹകരിക്കുക!

***

2020 മാർച്ച് 17, ചൊവ്വാഴ്ച

ടീച്ചറും കൊറോണയും

(Picture Courtesy: Google)

നല്ലവണ്ണം കർമ്മം ചെയ്യുന്ന ടീച്ചറെ
വല്ലാതെ പൊക്കീട്ടൊ'രമ്മ'യായ്‌ വീഴ്‌ത്തൊലാ! 

അമൃതാനന്ദമയിയും മെക്കയും പോപ്പും മറ്റ് ദൈവിക / വൈദിക ശുശ്രൂഷകരും അത്യാപത്ത് സമയത്ത്, നിത്യേന ജനങ്ങൾക്ക് ആശ്വാസം കർമ്മങ്ങൾ നിർത്തിയെങ്കിലും സുഖവാസത്തിന് പോയത് പോലെ ഇങ്ങനെ വെറുതെയിരുന്ന് കളയുമെന്ന് കരുതിയില്ല. പ്രാർത്ഥന കൊണ്ട് മാറാരോഗങ്ങൾ മാറ്റുന്ന ദൈവത്തിന്റെ പല മദ്ധ്യവർത്തികൾക്കും ആശുപത്രികളും ചാനലുകളും  ഉണ്ടെങ്കിലും (എന്തിനാണെന്ന് ചോദിക്കരുത്) Social Distancing എന്ന് കേട്ടയുടനെ നിത്യ ശുശ്രൂഷകൾ നിർത്തി relax ചെയ്യുന്നതിന് പകരം, സ്ഥിരം ചെയ്യുന്ന കണ്ണിൽ പൊടിയിടൽ പരിപാടി നടത്താനെങ്കിലും, തങ്ങളുടെ കോടിക്കണക്കിന് ഫണ്ടുകളോ അവരുടെ ആശുപത്രികളോ ഉപയോഗിച്ച് സർക്കാർ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുമെന്ന് ആരൊക്കെയോ സ്വപ്നം കണ്ടു. പക്ഷേ സ്വന്തം നിലനിൽപ്പാണ് എല്ലാത്തിലും വലുതെന്ന മഹദ്‌വാക്യം അന്വർത്ഥമാക്കിക്കൊണ്ട് മാളങ്ങളിലേക്ക് വലിയുകയാണ് സാന്ത്വനക്കാർ ചെയ്തത്.

അവിടെയാണ് ചെന്നിത്തല സാർജി മീഡിയാ മാനിക് എന്ന് വിളിച്ചാക്ഷേപിച്ച് കൊണ്ടിരിക്കുന്ന എന്റെ സ്വന്തം നാട്ടുകാരിയായ ശൈലജ ടീച്ചർ വ്യത്യസ്തയാവുന്നത്. എല്ലാ രാഷ്ട്രീയക്കാരും കിട്ടിയ സാധ്യതകളെ നന്നായി ഉപയോഗിക്കുന്നവരാണ്. സ്വയം മറന്ന് ആക്ഷേപിക്കുമ്പോൾ, പരിസരം മറക്കുന്നത് കൊണ്ടാണ് ചെന്നിത്തല സാറ് പഴി കേട്ടത്. പിന്നെ ടീച്ചറെ പൊക്കിപ്പിടിച്ച് നടക്കുന്ന അതേ ആളുകൾ നാളെ വേറെ ആരെങ്കിലും നല്ലത് ചെയ്യുമ്പോൾ രാഷ്ട്രീയം മറന്ന് കൊണ്ട് കട്ട സപ്പോർട്ട് കൊടുക്കുമോ എന്ന്, വെറുതേ മൂത്രമൊഴിക്കിന്ന സമയത്തെങ്കിലും ഒന്നാലോചിച്ചാൽ നന്നായിരിക്കും.

എന്തായാലും, നല്ലത് കാണുമ്പോൾ നല്ലതെന്ന് പറയാൻ, ഈ പറഞ്ഞ പല കളികൾക്കിടയിലും, രാഷ്ട്രീയവും മതബോധങ്ങളും മറന്ന്, കാണിക്കുന്ന ആർജ്ജവമാണ് നമുക്ക് വേണ്ടത്. ശൈലജ ടീച്ചർ തീർച്ചയായും അവരുടെ കസേരയിലിരുന്ന് കൊണ്ട് അമൃതാനന്ദമയിയെക്കാളും പോപ്പിനേക്കാളും മറ്റ് സാന്ത്വനക്കാരെക്കാളും, ആപത്ത് കാലത്ത് ആളുകൾക്ക് സാന്ത്വനം നൽകുന്നുണ്ട്. അവരെ ഏല്പിച്ച കർമ്മം നന്നായി അവർ ചെയ്യുന്നുണ്ട്. അവരെ പൊക്കിപ്പൊക്കി നാളെ വേറൊരു 'അമ്മ'യായി മാറ്റാതിരുന്നാൽ മാത്രം മതി. കൊറോണക്കെതിരെയുള്ള കാമ്പെയിൻ, ടീച്ചറെ പൊക്കിപ്രതിഷ്ഠിക്കാനുള്ള കാമ്പെയിനാക്കരുത്. പോസ്റ്ററുകളും മുദ്രാവാക്യങ്ങളും കാണുമ്പോൾ അങ്ങനെയും തോന്നുന്നുണ്ട്. ടീച്ചറുടെ കർമ്മം സഫലമായാലേ ഇനി പോട്ടയിലും അമൃതപുരിയിലും വിളക്ക് തെളിയുകയുള്ളൂ... അതുവരേക്കും ദൈവവും ഇടനിലക്കാരും തീർത്തും വിശ്രമിക്കട്ടെ. അവർക്കും വിശ്രമം വേണ്ടേ? അല്ലെങ്കിൽ പൊങ്കാലക്കും ശബരിമലക്കും കുരിശ് മലക്കും വേണ്ടി പ്രവർത്തിക്കാൻ ആശ്വാസകാലത്ത് ഊർജ്ജമുണ്ടാകുമോ? നിലനിൽപ്പിനും സാന്ത്വനത്തിനും ശരിക്കുമെന്താണ് വേണ്ടതെന്ന് കുറച്ചധികം പേർക്ക് കൂടി മനസ്സിലാക്കിക്കൊടുക്കാൻ ടീച്ചർക്കും കൊറോണക്കും സാധിച്ചു. ദൈവജ്ഞർക്ക് സാധിക്കാഞ്ഞതും അതായിരുന്നു !

***

2020 മാർച്ച് 15, ഞായറാഴ്‌ച

കൊറോണക്കാലജീവിതം

(Picture Source: Google)

സിംഹം മടയിൽ നിന്ന് ഇരതേടിയിറങ്ങുന്നത് പോലെ, ഭക്ഷണ സാമഗ്രികൾ വാങ്ങാൻ പതുക്കെ ഇന്ന് പുറത്തിറങ്ങി. Social Distancing  ന്റെ കാലമാണല്ലോ. പെരുമഴക്കാലം എന്നൊക്കെ പറയുംപോലെ ഒരു കൊറോണാക്കാലം ! ആരും കാര്യമായി പുറത്തിറങ്ങുന്നില്ല, നിരത്തുകളിൽ വണ്ടികൾ തീരെ കുറവ്, മാളുകൾ അടച്ചിരിട്ടിരിക്കുന്നു, റെസ്റ്റാറന്റുകൾ മിക്കതും നിശ്ചലം. കൊറോണയെ പേടിച്ച് ആരും പുറത്തിറങ്ങുന്നില്ല. അതുകൊണ്ട് കുടുംബത്തെ കൂട്ടാൻ ഒരു തരത്തിലും പറ്റില്ല. സിംഹക്കുട്ടികൾ വീട്ടിലിരുന്ന് മാത്രമാണ് കളി. അതുകൊണ്ട് തന്നെ വീട്ടിൽ മുരൾച്ച പതിവിലധികം കൂടുതലാണ്. ഒരാഴ്‌ച മുന്നേ രണ്ടാഴ്ചത്തേക്ക് വേണ്ടി ഇരതേടിക്കൊണ്ടുവന്ന സാധങ്ങൾ മിക്കതും, സിംഹക്കുട്ടികൾ വീട്ടിൽ നിന്ന് തന്നെ മോങ്ങിക്കളിക്കുന്നതിനാൽ, ഒരാഴ്ച കൊണ്ട് തന്നെ തീർന്നുപോയി. അതുകൊണ്ട്  സിംഹിണിക്കും കുട്ടികൾക്കും വേണ്ടി വീണ്ടും ഭക്ഷണം തേടി ഇറങ്ങിയതാണ്. പ്രതികൂല സാഹചര്യത്തിൽ, എല്ലാവരും ഒരുമിച്ച് ഇരതേടാൻ ഇറങ്ങേണ്ടെന്ന് തീരുമാനിച്ചതിനാലാണ്, കുടുംബനാഥൻ എന്ന നിലയിൽ എനിക്ക് ഈ നറുക്ക് വീണത്. എന്നെ കൊറോണ ചുംബിക്കുന്നതിൽ സ്വന്തം സിംഹിണിക്ക് പോലും പരിഭവമുണ്ടെന്ന് തോന്നിയില്ല, ആദ്യമായിട്ടാണ് അവളിങ്ങനെ. വിശപ്പിന്റെ വിളിയുടെ ശക്തി കൂടി നിൽക്കുന്ന സമയത്ത് സദാചാരങ്ങൾക്ക് വലിയ വിലയില്ലെന്നല്ലേ കഴിഞ്ഞ കാലങ്ങൾ പറഞ്ഞ് തന്നത്. ആയതിനാൽ,  എന്തെങ്കിലും ഭക്ഷണ സാധനം പരതിപ്പിടിച്ച്, തിരിച്ച് വീട്ടിൽ കയറുമ്പോൾ ചില ചിട്ടകൾ നിർദ്ദേശിച്ചിട്ടുണ്ട്, അത് പാലിച്ചാൽ മാത്രം മതി.

ഒരു വലിയ പഞ്ഞക്കാലമാണ് വരുന്നതെന്ന രീതിയിൽ ആളുകൾ, മിക്ക ഭക്ഷണ സാധനങ്ങളും വാങ്ങിക്കൂട്ടിയിരിക്കുന്നതിനാൽ, ഗ്രോസറി സ്റ്റോറുകളിൽ മിക്ക ഷെൽഫുകളും പൂർണ്ണമായും കാലി. ബാക്കിയുള്ള പച്ചക്കറികൾക്കും പരിപ്പുകൾക്കും ഇരട്ടിയോ അതിൽ കൂടുതലോ വില. സ്റ്റോറുകളിൽ വന്ന ആളുകൾ, ഗ്ലൗസും, ചിലയാളുകൾ മാസ്കുകളും ഇട്ടിട്ടുണ്ട്. അവരോട് ഇടിച്ച് നിൽക്കാൻ, ഞാനും കൈകളിൽ ഗ്ലൗസ് ഇട്ടിരുന്നു. വന്നവർ വന്നവർ പരക്കം പായുകയാണ്. പേപ്പർ ഉൽപ്പന്നങ്ങൾ, സാനിറ്ററി ഉൽപ്പന്നങ്ങൾ, പാൽ, മുട്ട, ബ്രെഡ്, ഇത്യാദി നിത്യോപയോഗ സാധനങ്ങൾ ഞാൻ കയറിയ മൂന്ന് കടകളിലും കണ്ടില്ല. ഞങ്ങൾ മാത്രം ജീവിച്ചാൽ മതിയെന്ന ധാരണയിൽ, പല സാധനങ്ങളും മറ്റ് സിംഹങ്ങൾ അപ്പഴേക്കും കടത്തിക്കഴിഞ്ഞിരുന്നു. എങ്ങനെയൊക്കെയോ ഒരാഴ്ചത്തേക്ക് കുശാലായി കഴിയാൻ, കുറച്ച് പച്ചക്കറികളും പഴങ്ങളും (ഗതികെട്ടാൽ പുലി പുല്ലും തിന്നുമെന്നല്ലേ ചൊല്ല്!)  Tinned Items  ഉം മീനും മറ്റും വാങ്ങി ഞാൻ വീട്ടിലെത്തി. പ്രത്യേക ട്രീറ്റ്മെന്റിന് ശേഷം എന്നെയും സാധനങ്ങളെയും ഉള്ളിലേക്ക് കടത്തിവിട്ടു. കൊറോണയും ഞാനും ഒരുമിച്ച് ശയിച്ചെന്ന സംശയത്തിൽ, ഞാനിട്ടിരുന്ന വസ്ത്രങ്ങൾ നേരെ അലക്ക് യന്ത്രത്തിലേക്ക് എടുത്തെറിഞ്ഞ് കുളിച്ച് മാത്രം അടുത്ത് പെരുമാറിയാൽ മതിയെന്ന പുതിയ നിയമത്തിനും ഞാനിന്നിരയായി.

എന്റെ തൊട്ട് മുൻ തലമുറ പോലും അഭിമുഖീകരിക്കാത്ത ഒരുതരം പ്രത്യേക സാഹചര്യത്തിലൂടെയാണ് നമ്മളുടെ ഇന്നത്തെ പോക്ക്. അതുകൊണ്ട്, കുളിച്ച് വന്നതിന് ശേഷം, ഈ പ്രത്യേക സാഹചര്യം വിലയിരുത്താൻ ഞങ്ങൾ തീന്മേശക്ക് ചുറ്റും ഒരു മീറ്റിങ് കൂടി. പ്ലേഗ് മഹാമാരിയും വസൂരി മഹാമാരിയും മറ്റും ലോകത്തിനുണ്ടാക്കിയ മാറ്റങ്ങളും അറിവുകളും ചർച്ചക്കെടുത്ത് മീറ്റിങ് ആരംഭിച്ചു. ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ അറിവുണ്ടോയെന്ന് പരിശോധിക്കണമല്ലോ. അല്ലെങ്കിൽ ഒരാഴ്ചത്തേക്ക് വാങ്ങിയ സാധനങ്ങൾ രണ്ട് ദിവസങ്ങൾ കൊണ്ട് സിംഹക്കുട്ടികൾ കളിച്ച് ചിരിച്ച് തീർത്തുകളഞ്ഞാൽ വീണ്ടും ഞാൻ ജടയും തടവി പുറത്തിറങ്ങേണ്ടി വരില്ലേ? അന്നും സിംഹിണിയും കുഞ്ഞുങ്ങളും എനിക്ക് കൂട്ട് വരില്ലല്ലോ. മാത്രവുമല്ല, ഇരതേടി പുറത്തിറങ്ങിയാലും ഇര കിട്ടുമെന്ന ഉറപ്പുമില്ലല്ലോ. ഇരതേടലിനിടയിൽ മറ്റ് സിംഹങ്ങൾ ആക്രമിച്ചെന്നും വരാം. അതുകൊണ്ട്, ഇത്തരം സാഹചര്യങ്ങളിൽ സിംഹക്കുട്ടികൾ എങ്ങനെ  പെരുമാറണമെന്ന് പഠിപ്പിക്കാൻ പറ്റിയ സമയമല്ലേ. ലാവിഷ് ലോകത്ത് മാത്രം ജീവിച്ച് ശീലിച്ച മാർജ്ജാരശിശുക്കൾ സാഹചര്യത്തിന്റെ സമ്മർദ്ദങ്ങൾ മനസ്സിലാക്കണമല്ലോ.

ചുരുങ്ങി ജീവിക്കേണ്ട സാഹചര്യത്തിൽ എങ്ങനെ ചുരുങ്ങി ജീവിക്കാമെന്ന് എന്റെ ബാല്യകാലത്തിന്റെ സാഹചര്യങ്ങൾ വിശദീകരിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ഒരു ശ്രമം നടത്തി. ദൈവങ്ങളും ദൈവങ്ങളുടെ ഇടനിലക്കാരും, ഈ കലികാലത്ത് പ്രവർത്തനം നിർത്തിയെന്നത് വിശദീകരിക്കാൻ കുറച്ച് സമയമെടുത്തു. കുട്ടികളുടെ ചോദ്യങ്ങൾ പലതും മീറ്റിങ്ങിന്റെ അജണ്ടക്ക് പുറത്തായിരുന്നതിനാൽ എനിക്ക് കൂടുതൽ ഗർജ്ജിക്കേണ്ടി വരുമോ എന്ന് ഞാൻ ഭയന്നു. എന്നാലും , സിംഹിണി തഞ്ചത്തിന്‌ തഞ്ചത്തിന് ഇടപെട്ട് രംഗം ശാന്തമാക്കിക്കൊണ്ടിരുന്നു. ചുരുങ്ങിയ റിസോഴ്സുകൾ കൊണ്ട് കൂടുതൽക്കാലം എങ്ങനെ ഉപയോഗിക്കാമെന്ന ചർച്ചയിൽ ടോയ്‌ലറ്റ് പേപ്പറെടുത്തും എടുക്കാതെയും എങ്ങനെ കാര്യങ്ങൾ ചെയ്യാമെന്നതിന്റെ പ്രാക്ടിക്കൽ നടത്തിക്കാണിക്കേണ്ടി വന്നു. പണത്തിന്റെ യഥാർത്ഥ വില മനസ്സിലാക്കാൻ ചില മുത്തശ്ശിക്കഥകൾ പറയേണ്ടി വന്നു. ഒരു മാസം കൂടി സാഹചര്യം ഇത് പോലെ നിലനിന്നാൽ ജോലിയടക്കം ഇല്ലാതാകുന്ന അവസ്ഥയെക്കുറിച്ചും വീട് പോലും നഷ്ടമാകുന്ന അവസ്ഥയുണ്ടാകാമെന്നതിനെക്കുറിച്ചും പണമുണ്ടായിട്ടും കടകളിൽ ഭക്ഷണസാധനം കിട്ടാത്ത അവസ്ഥയുണ്ടായാൽ പട്ടിണി കിടക്കേണ്ടി വരുമെന്നതിനെക്കുറിച്ചും പറഞ്ഞപ്പോൾ, സിംഹക്കുട്ടികൾ വെറും കഴുതക്കുട്ടികളാണെന്ന ഭാവത്തിൽ വീര്യം തീരെ നഷ്ടപ്പെട്ട് കരയാൻ തുടങ്ങി. അപ്പോഴാണ് ശരിക്കും എനിക്ക് ഒന്നാശ്വസിക്കാൻ കഴിഞ്ഞത്, മീറ്റിങ് successful  ആയല്ലോ. ചുരുങ്ങിയത് കാര്യത്തിന്റെ ഗൗരവം സിംഹക്കുട്ടികൾ, മീശ വിറച്ചെങ്കിലും മനസ്സിലാക്കിയല്ലോ, അത് മതി, അത് മാത്രം മതി. സിംഹമായാലും കഴുതയായാലും എല്ലാ സാഹചര്യങ്ങളിലും ജീവിക്കാൻ പഠിക്കണം; അങ്ങനെ പഠിച്ചെങ്കിലേ മുന്നോട്ട് പോവാൻ പറ്റുള്ളൂ... അല്ലെങ്കിൽ ഇങ്ങനെയൊരു സാഹചര്യം കുഞ്ഞുങ്ങൾക്ക് ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവന്നാൽ,  ചിലപ്പോൾ കയറുകൾ അന്വേഷിച്ച് നടന്നെന്ന് വരും !

വാലറ്റം: നാട്ടിലായിരുന്നെങ്കിൽ, ഇത്തരം സാഹചര്യങ്ങളിൽ, ചക്കയായും മാങ്ങയായും ചേനയായും, ചുരുങ്ങിയത് കാട്ട് കിഴങ്ങായെങ്കിലും ഭക്ഷണത്തിന് പഞ്ഞമില്ലാതെ ജീവിക്കാൻ പറ്റിയേനെ. മോർട്ഗേജ് അടക്കേണ്ട ടെൻഷൻ ഇല്ലാതെ കിടന്നുറങ്ങാൻ പറ്റിയേനേ.... എന്നിട്ടും സിംഹത്തിനുണ്ടോ മാനിറച്ചിയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് എന്തെങ്കിലും കുറവ്....

***

2020 മാർച്ച് 12, വ്യാഴാഴ്‌ച

കൊറോണാ മന്ത്രം

(Picture Courtesy: Google)

കൊറോണസ്യ കുൽസിതം ലോകം
ഭീതിദം സാമാന്യജനസാഗരം!
‘ഗ്വാഗ്വാ’ ശബ്ദശ്ച താപവൃദ്ധിശ്ച
ഗോമൂത്രശ്ച ഗോകൃതശ്ച
കൊറോണാ ഗതി അധോഗതി !!

ഇതൊരു മന്ത്രമാണ്. അപൂർവ്വ പൗരാണിക മന്ത്രം. ഇതിന്റെ ശക്തി ഉപയോഗിച്ച് തന്നെയറിയണം. സംസ്‌കൃതത്തിൽ അഗാധപാണ്ഡിത്യമുള്ളവർക്ക് ഇതിനകം തന്നെ ഇതിന്റെ പൊരുൾ മനസ്സിലായിക്കാണും. പക്ഷേ ഈ മന്ത്രത്തിന്റെ കഥ നിങ്ങൾക്കറിയണ്ടേ ? വഴിയേ മനസ്സിലാകും.

ഡോക്ടറാണെങ്കിലും, ഒരിക്കലും രോഗത്തിന് പാറാവ് നിന്നിട്ടില്ലാത്ത, നാട്ടിലെ പാറാവുകാരുടെ തലവനായിരുന്ന മാന്യദേഹം, ചില ലോകവലാലിങ്കുകൾ ഉദ്ധരിച്ച് 27 ഡിഗ്രീ താപമാനത്തിനപ്പുറം കൊറോണാപ്പക്ഷി പൊങ്ങില്ല എന്ന് അർത്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചതും, അതിൽ പിടിച്ച് തൂങ്ങുന്നതും, ചോദ്യം ചെയ്തവരെ പേടിപ്പിച്ച് കളിയാക്കുന്നതും കണ്ടു.

അങ്ങനെയല്ലേയല്ല, കൊറോണാപ്പക്ഷി 3 ഡിഗ്രി കൂടുതൽ കൂടി (മൊത്തത്തിൽ 30 ഡിഗ്രി) ഉയരത്തിൽ പറക്കുമെന്നും, ആരോഗ്യമന്ത്രിയും ഭിഷഗ്വരസമൂഹവും ചെയ്യുന്ന പ്രവർത്തികൾക്ക് ഒരടിസ്ഥാനവുമില്ലെന്നും, ഉഷ്ണമേഖലാ ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള, ചേകവരുടെ നാട്ടിലെ ജനപ്രതിനിധി, ബഹുമുഖപരീക്ഷണങ്ങളിലൂടെ ചാനലുകളിൽ തെളിയിച്ചതും നമ്മൾ കണ്ടു.

ഇങ്ങനെയുള്ള പരീക്ഷണങ്ങൾ തെക്കേ ഇന്ത്യയിൽ നടന്ന് വരുമ്പോഴാണ്, അങ്ങ് ഉത്തരേന്ത്യയിൽ ഭാരതത്തിന്റെ മൊത്തം ചാർജ്ജുള്ള ഒരു മന്ത്രിപുംഗവൻ വേറൊരു കണ്ടുപിടുത്തം നടത്തിക്കളഞ്ഞത്. കൊറോണ വൈറസിനെ തടയാൻ,  'ഗോ കൊറോണാ' എന്ന് കൊറോണയുടെ മുഖത്ത് നോക്കി മൂന്ന് വട്ടം പറഞ്ഞാൽ മതിയത്രെ ! അതേറ്റ് പറയാൻ കുറച്ച് ബൗദ്ധികനിലവാരം കൂടിയ ബുദ്ധമതാനുയായികളും കൂട്ടത്തിൽ, ഇന്ത്യയിലെ ചൈനീസ് കോൺസുലേറ്റ് ജനറലും ഉണ്ടായിരുന്നു എന്നത് 'ഗോ കൊറോണാ' വിളിയുടെ ശക്തിയുടെ ആഴം തുറന്ന് കാട്ടുന്നുണ്ട്.

ഭാരതീയ പാരമ്പര്യത്തിൽ എന്തിനും ഏതിനും കണ്ണടച്ച് ഭയരഹിതമായി ഉപയോഗിക്കാൻ കഴിവുള്ള രണ്ട് മരുന്നുകളാണ് ഗോമൂത്രവും ചാണകവും. ഇവ രണ്ടും കൊറോണയുടെ സാഹചര്യത്തിൽ ഉപയോഗിച്ച് പരീക്ഷിച്ച് തെളിയിച്ച സന്യാസിവര്യന്മാരെയും നേതാക്കളെയും തെക്ക് വടക്കായി കാണുന്നുണ്ട്. പിന്നെ നമ്മളെന്തിന് സംശയിക്കണം?

സത്യത്തിൽ, ഗാന്ധർവ്വവേദത്തിൽ നിന്നടർത്തിയെടുത്ത, ശക്തിയേറിയ, മേൽപ്രസ്താവിച്ച മന്ത്രത്തിന്റെ ചുവട് പിടിച്ചാണ് എല്ലാവരും  പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്. ആ മന്ത്രം അവർ നേരത്തെ പറഞ്ഞില്ലെന്നേ ഉള്ളൂ. ഉപയോഗിക്കേണ്ട വിധം ചുവടെ.

ഊഷ്മാവ് കൂടുതലാണെങ്കിലും 'ഗ്വാഗ്വാ' വിളിച്ചാലും കൊറോണ അസ്തമിച്ച് പോകുമെന്ന് തെളിയിച്ചത് നമ്മൾ കണ്ടു. അതു കൊണ്ട്, പകലാണെങ്കിൽ വെയിലത്ത് സൂര്യന് അഭിമുഖമായി മുഖം പിടിച്ചും, രാത്രിയാണെങ്കിൽ ഹവനസാമഗ്രികൾ ഇട്ട് കത്തിച്ചുണ്ടാക്കിയ അഗ്നികുണ്ഡത്തിന് അഭിമുഖമായി നിന്നും, കുളിച്ച് ശുദ്ധമായി, മേല്പറഞ്ഞ ജനപ്രതിനിധികളുടെ ചിത്രം ആലേഖനം ചെയ്ത മോതിരങ്ങൾ ഇരുകൈകളിലെയും നടുവിരലിലണിഞ്ഞ്, സയന്റിസ്റ്റായ പാറാവ് തലവന്റെ ചിത്രം ആലേഖനം ചെയ്ത 3" x 3" തുണി കൊണ്ട് മുൻഭാഗത്തെ നഗ്നത മറച്ചും, ജ്ഞാനികളായ രണ്ട് ജനപ്രതിനിധികളുടെ ചിത്രം ആലേഖനം ചെയ്ത 3" x 3" തുണി കൊണ്ട് പിൻഭാഗത്തെ നഗ്നത മറച്ചും (മുൻഭാഗം മറയ്ക്കാൻ സ്ത്രീകൾക്ക് ഈ തുണി എക്സ്ട്രാ എടുക്കണം), കൈകൂപ്പിനിന്ന് കൊണ്ട്, മേല്പറഞ്ഞ മന്ത്രം, ഒരൗൺസ് ഗോമൂത്രത്തിൽ മൂന്ന് ഗ്രാം ഉണക്കച്ചാണകം പൊടിച്ച് കലക്കി, അത് കുടിച്ചതിന് ശേഷം,  ഇരുപത്തിനാല് മണിക്കൂർ ചൊല്ലിയാൽ, കൊറോണ, ഇരുപത്തിനാല് നാഴിക ദൂരത്തിലേക്കായി എല്ലാ ദിശകളിൽ നിന്നും മാറിപ്പോകുന്നതാണ്. ഈ പറഞ്ഞ പ്രതിവിധി പരിശോധിക്കാൻ മേല്പറഞ്ഞ പാറാവ് തലവനെയും, ജനപ്രതിനിധിയെയും മന്ത്രിപുംഗവനെയും ഞാനൊരിക്കലും വെല്ലുവിളിക്കില്ല ! ഈ മന്ത്രം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത് മാത്രമാണ് എന്റെ കർത്തവ്യം. ഈ മന്ത്രത്തിന് മുന്നിൽ കൊറോണ വെറും പുല്ലാണ് !!

***

കൊറോണയും ചിന്തകളും

(Picture Courtesy: Google)
കൊറോണയെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചില ചിന്തകൾ 

On March 4, 2020
യുക്തിചിന്താശേഷി ഇല്ലാതാക്കാനും ചോദ്യം ചെയ്യലുകളില്ലാതാക്കാനും, ചെറുപ്പത്തിൽ ബുദ്ധിയുറക്കുന്നതിന് മുന്നേ അത്യന്തം വ്യഗ്രതയോടെയും അഭിമാനത്തോടെയും കൊടുക്കുന്ന വിശ്വാസവാക്‌സിനോളം ശക്തിയുണ്ടാവുമോ, ഇനി വരാൻ പോകുന്ന കൊറോണ വാക്സിന്?

On March 5, 2020
ആമ്പലോത്സവങ്ങളും പള്ളി ഉറൂസുകളും പള്ളിപ്പെരുന്നാളുകളും പൊങ്കാലകളും കൊറോണയെ തടയുന്നതിന്റെയും പിടിച്ച് കെട്ടുന്നതിന്റെയും ഭാഗമായി ഒഴിവാക്കാൻ പറഞ്ഞാൽ, അത്, വിശ്വാസങ്ങളുടെ മേലുള്ള കടന്ന് കയറ്റവും ആചാരങ്ങളുടെ നേർക്കുള്ള കുതിര കയറ്റവുമാകുമോ ? പകർച്ചവ്യാധികളുണ്ടാവുമ്പോൾ, മനുഷ്യനേക്കാൾ മുന്നേ ഓടിയൊളിക്കുന്ന ദൈവത്തിന്റെയും പുരോഹിതന്മാരുടെയും പിന്നാലെ തന്നെയോടുക... കാരണം സത്യമെന്താണെന്നവർക്കറിയാം !

On March 6, 2020
ജനസംഖ്യയിലെ ജാതിമതസമവാക്യങ്ങൾക്ക് ആനുപാതികമായിട്ടാണോ, ഭരണഘടനയിലെ ജാതിമതസംവരണശതമാനങ്ങൾക്ക് ആനുപാതികമായിട്ടാണോ പകർച്ചവ്യാധികൾ പിടിപെടപ്പെടുന്നത് എന്നന്വേഷിക്കാൻ വേണ്ടി, അമിക്കസ്‌ക്യൂറിയെ നിയമിക്കണമെന്ന്, ഗർവ്വുള്ള ജാതിമത സംഘടനകളും അവരെ താങ്ങുന്ന രാഷ്ട്രീയകക്ഷികളും ആവശ്യപ്പെടാൻ സാദ്ധ്യതയുണ്ടോ?

On March 8, 2020
ഇത്തവണത്തെ പൊങ്കാലയായിരിക്കും യഥാർത്ഥത്തിൽ കേരളീയരുടെ നെഞ്ചത്തിടുന്ന ആദ്യത്തെ പൊങ്കാല.

On March 9, 2020
ആക്രാന്തത്തോടെ കണ്ണിൽക്കണ്ട സാനിറ്റൈസറുകളും സോപ്പുകളും വാങ്ങിക്കൂട്ടി കടയിലെ സ്റ്റോക്ക് തീർക്കുന്ന മാന്യദേഹങ്ങൾ ഒന്നോർക്കുക: സ്വന്തം കൈകൾ കഴുകുന്നതോടൊപ്പം മറ്റുള്ളവരുടെ കൈകൾ കൂടി കഴുകപ്പെട്ടാലേ വ്യാധീപടർച്ചകൾ നിയന്ത്രിക്കാൻ പറ്റുള്ളൂ. കഴുകിയ കൈകൾ തന്നെ വീണ്ടും കഴുകി സായൂജ്യമടഞ്ഞിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ട് നല്ല രീതിയിൽ സ്വാർത്ഥനായിക്കൊണ്ട് തന്നെ, അത്യാവശ്യത്തിന് മാത്രമുള്ളതെടുത്ത് ബാക്കി മറ്റുള്ളവർക്കും കൂടി കരുതിവെക്കുക !!

On March 10, 2020
എവിടെയോ എന്തോ ശരിക്കും പ്രശ്നമുണ്ട്. ആശയറ്റ് കിടക്കുന്ന സമയത്ത് ആശ്വാസം നൽകുമെന്ന കാട്ടായം വിശ്വസിച്ചാണ്, വിശ്വാസികൾ ദൈവങ്ങളെയും ദൈവങ്ങളുടെ പ്രവാചകരെയും പ്രവാചകരുണ്ടാക്കിയ ചര്യകളെയും വിഭിന്നചര്യകളുൾക്കൊള്ളുന്ന മതങ്ങളെയും വിശ്വസിക്കാൻ തുടങ്ങിയത്. പക്ഷേ, പ്രളയം വരുമ്പോഴും മഹാമാരികൾ വരുമ്പോഴും, ജനനന്മക്കെന്നോണം, വശം കെട്ട് എന്ത് ചെയ്യണമെന്നറിയാതെ അന്ധമായി വിശ്വസിച്ച ജനങ്ങൾക്ക് മുന്നിൽ, അമ്പലങ്ങളടച്ചും സത്സംഗങ്ങൾ നിർത്തിയും കുർബ്ബാനകൾ നിർത്തിയും ജുമകൾ നിർത്തിയും പള്ളിപ്പരിപാടികൾ നിർത്തിയും അത്യധികം ആശ്വാസമേകുന്ന കൂട്ടപ്രാർത്ഥനകൾ ഒഴിവാക്കിയും മതമേലദ്ധ്യക്ഷർ നടത്തുന്നത് ശുദ്ധ വഞ്ചനയാണ്. കൂട്ടപ്രാർത്ഥനയാൽ ഇല്ലാത്ത ഹൃദയം പോലുമുണ്ടാക്കുന്ന ടെക്നിക്കുകളറിയുന്ന സിദ്ധന്മാരുള്ള ഈ നാട്ടിൽ ഇങ്ങനെ ഓടിയൊളിക്കുന്നത് പോഴത്തരമാണ്. ആശ്വാസവും സന്തോഷങ്ങളുമുള്ള സമയത്ത് അത്യാഗ്രഹങ്ങൾ സഫലീകരിക്കാൻ മാത്രമാണോ ദൈവങ്ങളും പ്രവാചകരും ആൾദൈവങ്ങളും?
സയൻസിന്റെ സഹായത്താൽ മനുഷ്യജന്മങ്ങൾ എങ്ങനെയെങ്കിലും നിലനിർത്തിക്കിട്ടിയാൽ, വീണ്ടും പ്രാർത്ഥനകൾ തുടങ്ങാനായിരിക്കും പരിപാടി. മനുഷ്യൻ ഉണ്ടെങ്കിലല്ലേ ദൈവങ്ങളും മതങ്ങളും പ്രാർത്ഥനാലയങ്ങളും ദേവാലയങ്ങളും പ്രവാചകരും ആൾദൈവങ്ങളുമൊക്കെ ഉണ്ടാവുള്ളൂ അല്ലേ? അണികളില്ലെങ്കിൽ നേതാവെങ്ങനെയുണ്ടാകും??ഭക്തരില്ലെങ്കിൽ ദൈവവും !!

***