(Picture Courtesy: Google)
കൊറോണയെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചില ചിന്തകൾ
On March 4, 2020
യുക്തിചിന്താശേഷി ഇല്ലാതാക്കാനും ചോദ്യം ചെയ്യലുകളില്ലാതാക്കാനും, ചെറുപ്പത്തിൽ ബുദ്ധിയുറക്കുന്നതിന് മുന്നേ അത്യന്തം വ്യഗ്രതയോടെയും അഭിമാനത്തോടെയും കൊടുക്കുന്ന വിശ്വാസവാക്‌സിനോളം ശക്തിയുണ്ടാവുമോ, ഇനി വരാൻ പോകുന്ന കൊറോണ വാക്സിന്?
On March 5, 2020
ആമ്പലോത്സവങ്ങളും പള്ളി ഉറൂസുകളും പള്ളിപ്പെരുന്നാളുകളും പൊങ്കാലകളും കൊറോണയെ തടയുന്നതിന്റെയും പിടിച്ച് കെട്ടുന്നതിന്റെയും ഭാഗമായി ഒഴിവാക്കാൻ പറഞ്ഞാൽ, അത്, വിശ്വാസങ്ങളുടെ മേലുള്ള കടന്ന് കയറ്റവും ആചാരങ്ങളുടെ നേർക്കുള്ള കുതിര കയറ്റവുമാകുമോ ? പകർച്ചവ്യാധികളുണ്ടാവുമ്പോൾ, മനുഷ്യനേക്കാൾ മുന്നേ ഓടിയൊളിക്കുന്ന ദൈവത്തിന്റെയും പുരോഹിതന്മാരുടെയും പിന്നാലെ തന്നെയോടുക... കാരണം സത്യമെന്താണെന്നവർക്കറിയാം !
On March 6, 2020
ജനസംഖ്യയിലെ ജാതിമതസമവാക്യങ്ങൾക്ക് ആനുപാതികമായിട്ടാണോ, ഭരണഘടനയിലെ ജാതിമതസംവരണശതമാനങ്ങൾക്ക് ആനുപാതികമായിട്ടാണോ പകർച്ചവ്യാധികൾ പിടിപെടപ്പെടുന്നത് എന്നന്വേഷിക്കാൻ വേണ്ടി, അമിക്കസ്‌ക്യൂറിയെ നിയമിക്കണമെന്ന്, ഗർവ്വുള്ള ജാതിമത സംഘടനകളും അവരെ താങ്ങുന്ന രാഷ്ട്രീയകക്ഷികളും ആവശ്യപ്പെടാൻ സാദ്ധ്യതയുണ്ടോ?
On March 8, 2020
ഇത്തവണത്തെ പൊങ്കാലയായിരിക്കും യഥാർത്ഥത്തിൽ കേരളീയരുടെ നെഞ്ചത്തിടുന്ന ആദ്യത്തെ പൊങ്കാല.
On March 9, 2020
ആക്രാന്തത്തോടെ കണ്ണിൽക്കണ്ട സാനിറ്റൈസറുകളും സോപ്പുകളും വാങ്ങിക്കൂട്ടി കടയിലെ സ്റ്റോക്ക് തീർക്കുന്ന മാന്യദേഹങ്ങൾ ഒന്നോർക്കുക: സ്വന്തം കൈകൾ കഴുകുന്നതോടൊപ്പം മറ്റുള്ളവരുടെ കൈകൾ കൂടി കഴുകപ്പെട്ടാലേ വ്യാധീപടർച്ചകൾ നിയന്ത്രിക്കാൻ പറ്റുള്ളൂ. കഴുകിയ കൈകൾ തന്നെ വീണ്ടും കഴുകി സായൂജ്യമടഞ്ഞിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ട് നല്ല രീതിയിൽ സ്വാർത്ഥനായിക്കൊണ്ട് തന്നെ, അത്യാവശ്യത്തിന് മാത്രമുള്ളതെടുത്ത് ബാക്കി മറ്റുള്ളവർക്കും കൂടി കരുതിവെക്കുക !!
On March 10, 2020
എവിടെയോ എന്തോ ശരിക്കും പ്രശ്നമുണ്ട്. ആശയറ്റ് കിടക്കുന്ന സമയത്ത് ആശ്വാസം നൽകുമെന്ന കാട്ടായം വിശ്വസിച്ചാണ്, വിശ്വാസികൾ ദൈവങ്ങളെയും ദൈവങ്ങളുടെ പ്രവാചകരെയും പ്രവാചകരുണ്ടാക്കിയ ചര്യകളെയും വിഭിന്നചര്യകളുൾക്കൊള്ളുന്ന മതങ്ങളെയും വിശ്വസിക്കാൻ തുടങ്ങിയത്. പക്ഷേ, പ്രളയം വരുമ്പോഴും മഹാമാരികൾ വരുമ്പോഴും, ജനനന്മക്കെന്നോണം, വശം കെട്ട് എന്ത് ചെയ്യണമെന്നറിയാതെ അന്ധമായി വിശ്വസിച്ച ജനങ്ങൾക്ക് മുന്നിൽ, അമ്പലങ്ങളടച്ചും സത്സംഗങ്ങൾ നിർത്തിയും കുർബ്ബാനകൾ നിർത്തിയും ജുമകൾ നിർത്തിയും പള്ളിപ്പരിപാടികൾ നിർത്തിയും അത്യധികം ആശ്വാസമേകുന്ന കൂട്ടപ്രാർത്ഥനകൾ ഒഴിവാക്കിയും മതമേലദ്ധ്യക്ഷർ നടത്തുന്നത് ശുദ്ധ വഞ്ചനയാണ്. കൂട്ടപ്രാർത്ഥനയാൽ ഇല്ലാത്ത ഹൃദയം പോലുമുണ്ടാക്കുന്ന ടെക്നിക്കുകളറിയുന്ന സിദ്ധന്മാരുള്ള ഈ നാട്ടിൽ ഇങ്ങനെ ഓടിയൊളിക്കുന്നത് പോഴത്തരമാണ്. ആശ്വാസവും സന്തോഷങ്ങളുമുള്ള സമയത്ത് അത്യാഗ്രഹങ്ങൾ സഫലീകരിക്കാൻ മാത്രമാണോ ദൈവങ്ങളും പ്രവാചകരും ആൾദൈവങ്ങളും?
സയൻസിന്റെ സഹായത്താൽ മനുഷ്യജന്മങ്ങൾ എങ്ങനെയെങ്കിലും നിലനിർത്തിക്കിട്ടിയാൽ, വീണ്ടും പ്രാർത്ഥനകൾ തുടങ്ങാനായിരിക്കും പരിപാടി. മനുഷ്യൻ ഉണ്ടെങ്കിലല്ലേ ദൈവങ്ങളും മതങ്ങളും പ്രാർത്ഥനാലയങ്ങളും ദേവാലയങ്ങളും പ്രവാചകരും ആൾദൈവങ്ങളുമൊക്കെ ഉണ്ടാവുള്ളൂ അല്ലേ? അണികളില്ലെങ്കിൽ നേതാവെങ്ങനെയുണ്ടാകും??ഭക്തരില്ലെങ്കിൽ ദൈവവും !!
***
